വീട് അലങ്കരിക്കാൻ മിക്കവരും കലാരൂപങ്ങളും പെയ്ന്‍റിഗുകളും മറ്റ് അലങ്കാരങ്ങളുമൊക്കെ ഉപയോഗിക്കുമെങ്കിലും പ്ലാന്‍റ് ഡെക്കറേറ്റിംഗിനെക്കുറിച്ച് പലരും കണക്കിലെടുത്ത് കാണാറില്ല. വീടിനകത്തളത്തിന് ഹൃദ്യവും പ്രശാന്തവുമായ അന്തരീക്ഷമൊരുക്കാൻ പ്ലാന്‍റ് ഡെക്കറേഷനുള്ള പങ്ക് വളരെ വലുതാണ്. അത് മാത്രമല്ല സൗന്ദര്യാത്മകമായ കാഴ്ചയ്ക്ക് അപ്പുറമായി ഇൻഡോർ പ്ലാന്‍റുകൾ നമുക്ക് ധാരാളം ഗുണങ്ങളും നൽകുന്നുണ്ട്. ചുറ്റുമുള്ള പച്ചപ്പ്, അതും ജീവസുറ്റതായത് നമ്മുടെ മനസിനും ശരീരത്തിനും അപാരമായ ഗുണങ്ങളാണ് നൽകുന്നത്.
അന്തരീക്ഷം ശുചിയാക്കുന്നു
വായുവിലുള്ള വിഷവസ്തുക്കളെ ഇല്ലാതാക്കാൻ ഇൻഡോർ സസ്യങ്ങൾക്ക് കഴിയും. നമ്മുടെ വീട്ടിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. അതുവഴി നമ്മുടെ മാനസിക പിരിമുറുക്കം കുറയ്ക്കുകയും ആഴത്തിലുള്ള ഉറക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം മനസ് ഊർജ്ജസ്വലവുമാകുന്നു. “ചെടികൾ നമ്മെ സന്തോഷിപ്പിക്കുന്നു” അപ്പോൾ എന്തുകൊണ്ട് പ്ലാന്‍റ് ഡെക്കറേഷന് കൂടി പ്രാധാന്യം നൽകി കൂടാ.
പ്ലാന്‍റ് ഡെക്കറേഷൻ കൊണ്ട് ഗൃഹാന്തരീക്ഷത്തിൽ ഏറെ പുതുമയും ഊർജ്ജവും നിറയ്ക്കാം. ഇൻഡോർ പ്ലാന്‍റുകൾ കൊണ്ട് വീടിനകത്തളം അദ്ഭുതകരമായ രീതികളിൽ അലങ്കരിക്കാനാവും. ഇൻഡോർ പ്ലാന്‍റുകളെക്കുറിച്ച് ഒരു തെറ്റിദ്ധാരണ ആളുകൾക്കിടയിലുണ്ട്. ഇൻഡോർ ചെടികൾക്ക് വളരെയധികം സമയവും പരിപാലനവും ആവശ്യമാണെന്നതാണ്. എന്നാൽ കുറഞ്ഞ പരിപാലനം മാത്രം ആവശ്യമുള്ള ഇൻഡോർ പ്ലാന്‍റുകളുമുണ്ട്. അവയുടെ പരിചരണം എളുപ്പത്തിൽ ചെയ്യാനാവും. അതുപോലെ വളരെ വേഗത്തിൽ അലങ്കരിക്കാനും പറ്റും. അതിന് ധാരാളം ഓപ്ഷനുകളുമുണ്ട്.
പ്ലാന്‍റ് ഡെക്കറേഷൻ
സമയപരിമിതിയുള്ളവർക്ക് കുറഞ്ഞ പരിപാലനം ആവശ്യമുള്ള സസ്യങ്ങൾ തെരഞ്ഞെടുക്കാം. അതിന് അനുയോജ്യമായ ധാരാളം പ്ലാന്‍റുകൾ ഉണ്ട്. ഒപ്പം ഗൃഹാന്തരീക്ഷത്തിന് സൗന്ദര്യാത്മകത പകരുന്നവയുമാണവ.
കാക്റ്റസ് - നീരുള്ള സസ്യങ്ങൾ (സക്യുലന്‍റുകൾ) താരതമ്യേന വലിയ ഇൻഡോർ കള്ളിമുൾച്ചെടികളും (കാക്റ്റസ്) നീരുള്ള സസ്യങ്ങളും ഉപയോഗിച്ച് പ്ലാന്‍റ് ഡെക്കറേഷൻ ചെയ്യാനുള്ള ചില വഴികളുണ്ട്. ഇവയ്ക്ക് വളരെ കുറച്ച് പരിപാലനം മാത്രം മതി.
സ്നേക്ക് പ്ലാന്‍റും സിസി പ്ലാന്‍റും പെയറായി സ്റ്റാന്‍റിൽ അലങ്കരിച്ച് മുറിയുടെ കോർണർ ഏരിയയിൽ വയ്ക്കാം. താൽപര്യമെങ്കിൽ അവയെ വെവ്വേറെയായും ഡിസ്പ്ലേ ചെയ്യാം.
യുഫോർബിയ കാക്റ്റസ് പ്രകാശം കടക്കുന്നയിടത്ത് വയ്ക്കുകയാണെങ്കിൽ മുറിയിലാകെ ഹൃദ്യമായ ഭംഗി നിറയും.
ട്രോപ്പിക്കൽ പ്ലാന്‍റുകൾ (ഉഷ്ണ മേഖല സസ്യങ്ങൾ)
ഇവ വീടിനകത്ത് അനുയോജ്യമായ ഇടങ്ങളിൽ വച്ചാൽ അവ വേഗത്തിൽ വളരും. ചിലതിന് മറ്റുള്ളവയേക്കാൾ ഉയർന്ന അളവിലുള്ള ഈർപ്പം ആവശ്യമാണ്. അതിനാൽ ഇത്തരം ചെടികളെക്കുറിച്ചുള്ള കാര്യങ്ങൾ മുൻക്കൂട്ടിയറിയുന്നത് നല്ലതാണ്. അവയുടെ പരിചരണം എളുപ്പം ചെയ്യാനുമാവും.
ഫിഡൽ ലീഫ് ഫിഗ് പ്ലാന്‍റ്
ഒരുമിച്ചല്ലാതെ ഒറ്റയ്ക്ക് കോർണർ ഏരിയയിൽ അറേഞ്ച് ചെയ്യാവുന്ന ട്രോപ്പിക്കൽ പ്ലാന്‍റാണിത്. അതിന്‍റെ സൗന്ദര്യവും ഉയരവും സ്ട്രക്ച്ചറും ആ ചെടിയ്ക്ക് തനതായ ഭംഗി പകരുന്നു. ഒന്നിലധികം തണ്ടുകളും വയലിൻ ഷേപ്പുള്ള ഇലകളും ഉള്ള ഈ ട്രോപ്പിക്കൽ പ്ലാന്‍റ് സ്റ്റാൻഡിലോ മേശയുടെ മുകളിലോ ആയി കാഷെ പോട്ട്, ബോഹോ സ്റ്റൈൽ ബാസ്ക്കറ്റിലോ അറേഞ്ച് ചെയ്‌ത് വയ്ക്കാം.
കൗതുകകരമായ വെളുത്ത പോട്ടുകളിൽ വ്യത്യസ്ത ആകൃതിയിലും അനുപാതത്തിലും ഉള്ള സക്യുലന്‍റുകൾ അലങ്കരിച്ച് വയ്ക്കാം. ഇപ്രകാരം കാക്റ്റി, എയർ പ്ലാന്‍റുകൾ എന്നിവയും അലങ്കരിക്കാം. മിനിയേച്ചർ ഗ്ലാസ് ജാറുകളിൽ പെരുകുന്ന ബേബി പ്ലാന്‍റുകൾ വളർത്തിയെടുക്കുന്ന രീതിയുമുണ്ട്.