എന്നുമെന്നുമുള്ള ഈ തിരക്കുകൾ... ഒരേ റൂട്ടിലൂടെയുള്ള പതിവു യാത്രകൾ... ഉഫ്! മടുത്തു എന്ന് മനസ്സ് മന്ത്രിക്കും മുമ്പ് ഒരു വിനോദയാത്രയ്‌ക്ക് തയ്യാറെടുത്തോളൂ. മനസ്സിനെയും ശരീരത്തെയും തരളിതമാക്കാൻ നഗരത്തിരക്കുകളിൽ നിന്നും മാറി ഘോര വനാന്തരങ്ങളിലൂടെ ഒരു യാത്ര തന്നെയാവാം. പ്രകൃതിരമണീയമായ മദ്ധ്യപ്രദേശ് നാഷണൽ പാർക്ക് സന്ദർശിക്കാം.
കാൻഹാ നാഷണൽ പാർക്ക്
സാല വൃക്ഷങ്ങളും മുളങ്കാടുകളും കൊണ്ട് സമൃദ്ധമായതും 940 സ്‌ക്വയർ കിലോ മീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്നതമായ ഭൂപ്രദേശമാണിത്. കടുവകളുടെ സംരക്ഷണത്തിനായി തയ്യാറാക്കിയ പ്രൊജക്‌റ്റ് ടൈഗർ പദ്ധതിയിൽ 1974ലാണ് കാൻഹാ പ്രദേശത്തെ ഉൾപ്പെടുത്തിയത്.
സന്ദർശന യോഗ്യമായ സ്‌ഥലങ്ങൾ
ബാമനി ദാദർ: സൂര്യോദയത്തിന്‍റെയും സൂര്യാസ്‌തമയത്തിന്‍റെയും കാഴ്‌ചകൾ എത്ര കണ്ടാലും മതിവരാത്തതാണ്. മദ്ധ്യപ്രദേശിലെ ബാമനി ദാദറിൽ നിന്നുള്ള സൂര്യാസ്തമയം ഒരിക്കലും മറക്കാനാവാത്ത ദൃശ്യ വിസ്‌മയമാണ് സമ്മാനിക്കുക.
പലതരം സസ്‌തനികൾ
കാൻഹാ വനാന്തരങ്ങളിൽ 22ൽ പരം സസ്‌തനികളുണ്ടത്രെ. ഇവയിൽ മുതുകിൽ വരയുള്ള അണ്ണാൻ, കുരങ്ങ്, കുറുനരി, കാട്ടുപന്നി, പുള്ളിമാൻ, കൃഷ്ണമൃഗം എന്നിവയുമുണ്ട്. കൂടാതെ കാട്ടുപൂച്ച, ആര്യമാൻ, മുള്ളൻപന്നി, ചെന്നായ, നീർനായ എന്നിവയെ വിരലിലെണ്ണാൻ പാകത്തിനെങ്കിലും ഇവിടെ കാണാനാവും.
കാൻഹായിലെ പക്ഷിലോകം
കാൻഹായിലെ വനാന്തരങ്ങളിൽ 200ൽ പരം പക്ഷികളുടെ ഇനങ്ങളുണ്ട്. കുന്നിൻ ചരിവുകളും വനാന്തരങ്ങളിലെ ഉയർന്ന ഭാഗങ്ങളുമൊക്കെ പക്ഷി നിരീക്ഷണത്തിന് അനുയോജ്യമാണ്. അതിരാവിലെയോ സന്ധ്യയ്‌ക്കൊ ബൈനോക്കുലറിലൂടെ ഇവയെ നിരീക്ഷിക്കാനാവും. ശ്രവണ തടാകത്തിലും ചെറിയ കുളങ്ങളിലും വിവിധയിനം പക്ഷികൾ വന്നെത്താറുണ്ട്. കൊക്ക്, കാട്ടുകോഴി, ഡ്രോഗോ പക്ഷി, വൈറ്റ് ക്രൗൺ സ്‌നേക്ക്, പരുന്ത്, മരംകൊത്തി, പ്രാവ്, തത്ത, മൈന, ജലപക്ഷികൾ എന്നിവയെ കാൻഹാ വനാന്തരങ്ങളിൽ സുലഭമായി കാണാനാവും. പക്ഷി പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ടയിടം കൂടിയാണിത്.
ആന സവാരിയും തുറന്ന ജീപ്പും
മദ്ധ്യപ്രദേശ് ടൂറിസം വകുപ്പിന്‍റെ ജീപ്പ്/ ജിപ്‌സിയിൽ സഞ്ചരിച്ചാൽ പാർക്ക് ഉടനീളം ചുറ്റിക്കാണാനാവും. കടുവകളെ കാണണമെന്നുണ്ടോ? എങ്കിൽ ഒരു ആന സവാരി തരപ്പെടുത്തിയാൽ മതിയാവും.
യാത്രാ മാർഗ്ഗം
രണ്ടു പ്രധാന വഴികളിലൂടെ സഞ്ചരിച്ച് കാൻഹാ നാഷണൽ പാർക്കിൽ എത്തി ച്ചേരാനാവും. ഒന്ന് ഖട്ടിയ വഴി (കിസലിയിൽ നിന്നും 3 കി.മീ). മറ്റൊന്ന് മുക്കി വഴി. ജബൽപുരിൽ നിന്നും ചിരയി ഡോംഗരി വഴി 165 കി.മീ ദൂരം താണ്ടിയാൽ കിസലിയിൽ എത്തിച്ചേരാനാവും. മോത്തി നാലാ- ഗാർഹി വഴിയിലാണ് യാത്രയെങ്കിൽ മുക്കിയിലെത്താൻ 203 കി.മീ താണ്ടേണ്ടി വരും. നാഷണൽ ഹൈവേ 26 ഇതുവഴി കടന്നു പോകുന്നുവെന്നതും യാത്രാക്ലേശം കുറയ്‌ക്കും. നാഗ്‌പുർ, നൈൻ പുർ, ചിരയി സോംഗരി വഴി കിസലിയിലേക്കുള്ള ദൂരം 159 കി.മീറ്ററും ബാലാഘട്ടിൽ നിന്നും 289 കി.മീറ്ററും ആണ്.
വിമാന യാത്ര: രായ്‌പുർ (240 കി.മീ), നാഗ്‌പുർ (335 കി.മീ) ജബൽപുർ (160 കി.മീ).
ട്രെയിൻ യാത്ര: ജബൽപുർ, വിലാസ് പുർ വരെ ട്രെയിൻ സൗകര്യമുണ്ട്.
റോഡ് യാത്ര: ജബൽപുരിൽ നിന്നും കിസലി, മുക്കി എന്നിവിടങ്ങളിലേക്ക് ഡെയ്‌ലി ബസ്സ് സർവ്വീസുണ്ട്. ജബൽപുർ, വിലാസ്‌പുർ, രായ്‌പുർ എന്നിവിടങ്ങളിൽ നിന്ന് ടാക്‌സി സൗകര്യവും ലഭ്യമാണ്.