നിർത്താതെ പെയ്‌ത മഴയുടെ ആലസ്യത്തിൽ നിന്നും പ്രകൃതി ഉണർന്നു വരുന്നതേയുള്ളൂ. ഉദിച്ചുയരുന്ന സൂര്യനെ ഗ്രസിക്കാൻ ആർത്തി കൂട്ടുന്നതുപോൽ ആകാശത്ത് അങ്ങിങ്ങായി മഴ മേഘങ്ങൾ ചിതറി കിടക്കുന്നുണ്ട്.
അപ്രതീക്ഷിതമായ മഴ പെയ്‌തതിൽ തണുത്തു വിറങ്ങലിച്ചു നിൽക്കുകയാണ് പ്രകൃതി. മഴയുടെ വരവറിയിച്ചെത്തിയ ആദ്യ മഴയാണ്. റോഡും പരിസരവും വെള്ളം പുതച്ചിട്ടുണ്ട്. അവിടവിടെയായി വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്.
ഒന്നും പ്രശ്നമാക്കാതെ കുട്ടികൾ കൂട്ടം കൂട്ടമായി ഓടിയെത്തുന്നുണ്ട്. വെള്ളം ചവിട്ടിത്തെറിപ്പിച്ചും കൈകളിൽ കോരി എറിഞ്ഞും ആർപ്പുവിളിച്ചും കടലാസു തോണികൾ തീർത്തും മഴ അവർ ആഘോഷിക്കുകയാണ്. ബാൽക്കണിയിലേക്കിറങ്ങി നിന്നാൽ പുറത്തെ കാഴ്‌ചകളത്രയും കാണാം…
മനം കുളിർപ്പിക്കുന്ന മനോഹര ദൃശ്യങ്ങൾ കാണാമല്ലോ, അർച്ചനയും ബാൽക്കണിയിലേക്കിറങ്ങി വന്നു.
മണ്ണിന്‍റെ ഗന്ധം പേറിയെത്തിയ ഇളം കാറ്റ്… അർച്ചനയ്‌ക്ക് തന്‍റെ ബാല്യമാണ് ഓർമ്മ വന്നത്. കൂട്ടുകാരോരോരുത്തരും വീട്ടു കോലായിൽ മഴ തീരാൻ കാത്തു നിൽക്കും. പിന്നെ മാവിൻചുവട്ടിലേയ്‌ക്ക് ഒറ്റയോട്ടമാണ്. നിലത്തു വീണു കിടക്കുന്ന മാമ്പഴം എടുക്കാൻ മത്സരിക്കും.
കളിയും തീറ്റയും കഴിഞ്ഞാൽ പിന്നെ മണ്ണിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചുവന്ന അട്ടകളെ നിരീക്ഷിക്കലാണ് പ്രധാന ജോലി. പച്ച പുൽനാമ്പുകളിൽ ചുവന്ന പട്ടിൽ പൊതിഞ്ഞ സുന്ദര അട്ടകൾ… എന്തു ഭംഗിയാണിവയ്‌ക്ക്…
ഒന്നിനെപ്പോലും വേദനിപ്പിക്കാതെ തീപ്പെട്ടിക്കൂടിനുള്ളിലാക്കി വീട്ടിലെത്തിക്കും. തീപ്പെട്ടിക്കൂടു തുറന്ന് പുറത്തേക്കെറിയും. ചുവന്ന ചെറു പാമ്പുകളെ പോലെ അവ മുറ്റത്തു കൂടി തലങ്ങും വിലങ്ങും ഇഴഞ്ഞു നീങ്ങുന്നത് തനിക്കന്ന് കൗതുകക്കാഴ്‌ചയാണ്.
“ചേച്ചീ, ചായയെടുത്തു വച്ചിട്ടുണ്ട്.” ജോലിക്കാരിയുടെ ശബ്‌ദമാണ്. അർച്ചന തിരിഞ്ഞു നോക്കി. മിഥില ജോലി തീർത്ത് മടങ്ങാൻ തിടുക്കം കൂട്ടുകയാണ്.
പഴയ ഓർമ്മകൾ കുടഞ്ഞെറിഞ്ഞ് അർച്ചന അകത്തേക്കു നടന്നു. ഭർത്താവിന്‍റെ അച്‌ഛനും അമ്മയും ഡൈനിംഗ് ടേബിളിനരികിൽ തനിക്കായി കാത്തിരിക്കുകയാണ്. അവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
വിവാഹം കഴിഞ്ഞ് കഷ്‌ടിച്ച് പത്ത് നാളാവുന്നതേയുള്ളൂ. എന്നാൽ വിവാഹനാളിൽ വധു അണിയുന്ന സന്തോഷവും സംതൃപ്‌തിയുമൊന്നും ആ മുഖത്ത് പ്രകടമായിരുന്നില്ല. കടന്നുപോയ ദിനങ്ങൾ വിരസതയുടെ കയ്‌പ്പ് അനുഭവങ്ങൾ സമ്മാനിക്കുന്നവയായിരുന്നല്ലോ. ധനഞ്‌ജയ്… ഒരായുസ്സ് മുഴുവനും തനിക്കൊപ്പമുണ്ടാവും. തന്നെ പാണിഗ്രഹണം ചെയ്‌ത് അഗ്നി സാക്ഷിയാക്കിയപ്പോൾ പറഞ്ഞതാണ്.
പക്ഷേ ആദ്യ രാത്രിയിലെ അനുഭവം മറിച്ചായിരുന്നുവല്ലോ? “അർച്ചനാ, നിന്നിൽ നിന്നും ഒന്നും മറയ്‌ക്കുന്നില്ല. ഡാഡിയുടേയും മമ്മിയുടേയും നിർബന്ധം കൊണ്ടുമാത്രമാണ് എനിക്ക് ഈ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നത്. വിവാഹം ഉടൻ വേണ്ടെന്ന അഭിപ്രായമായിരുന്നു എന്‍റേത്. കമ്പനി പ്രോജക്‌റ്റ് തീർക്കാൻ കുറഞ്ഞതു മൂന്നു വർഷമെങ്കിലും അമേരിക്കയിൽ തന്നെ നിൽക്കേണ്ടി വരും. വെള്ളക്കാരിയെ കെട്ടി വീട്ടിൽ കൊണ്ടു വന്നാലോ എന്ന് ഭയന്നു വീട്ടുകാർ വിവാഹത്തിനു തിടുക്കം കാട്ടുകയായിരുന്നു. ഐ ആം ഹെൽപ്പ് ലെസ്സ്… നോ പറയാനാവാത്ത അവസ്‌ഥ.” ധനഞ്‌ജയ് സംസാരം മതിയാക്കി. പറയാതെ പലതും വായിപ്പിക്കുന്ന മുഖഭാവം.
“സോറി… അടുത്തയാഴ്‌ച ഞാൻ അമേരിക്കയ്‌ക്ക് തിരിക്കും, അർച്ചനയെ കൊണ്ടുപോകാനാവില്ല.” ധനഞ്‌ജയ് മുഖമുയർത്താതെ പറഞ്ഞു.
കടുത്ത അപമാനം. തന്നെ ഒഴിവാക്കുകയാണ്. പിന്നെ എന്തിനായിരുന്നു ഈ വിവാഹവും പ്രഹസനവുമൊക്കെ… അർച്ചന അടിമുടി വിറച്ചു. ഹൃദയം വരളുന്നു, കവിളുകൾ തലോടി കണ്ണുനീരായി സങ്കടം പൊഴിക്കുകയാണ്. പലതും പറയണമെന്നുണ്ട്. വാക്കുകൾ അണ തീർക്കുകയാണ്.
“ബലിയാടാക്കാൻ എന്നെ മാത്രമേ കിട്ടിയുള്ളോ, ഞാൻ എന്തു തെറ്റാണ് ചെയ്‌തത്?” അർച്ചന വാചാലയായി.
“അർച്ചനയെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. ഒക്കെ വിധിയുടെ കളിയെന്നേ പറയൂ. വിവാഹത്തിനു നിർബന്ധം കാണിച്ചപ്പോൾ ആ തീരുമാനം ഞാൻ പാരന്‍റ്സിനു വിട്ടുകൊടുക്കുകയായിരുന്നു. അർച്ചനയുടെ സ്‌ഥാനത്ത് മറ്റൊരു പെൺകുട്ടിയായിരുന്നെങ്കിലും ഞാനിതേ ചെയ്യുമായിരുന്നുള്ളൂ. ആഹ്! മറ്റൊന്നു കൂടിയുണ്ട്. ആറ് മാസത്തിനകം അർച്ചനയെയും അമേരിക്കയിലേക്ക് കൊണ്ടു പോകുമെന്ന് ഞാൻ വീട്ടുകാർക്ക് വാക്ക് കൊടുത്തിട്ടുണ്ട്. പക്ഷേ സോറി… മൂന്നു വർഷം കഴിഞ്ഞേ ഞാൻ മടങ്ങൂ… ഇനിയെന്തു വേണമെന്ന് അർച്ചനയ്‌ക്ക് സ്വയം തീരുമാനിക്കാം…”
ധനഞ്‌ജയന്‍റെ ഓരോ വാക്കുകളും ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുന്ന പ്രതീതിയുളവാക്കുന്നതായിരുന്നു. പക്ഷേ ധനഞ്‌ജയന്‍റെ രക്ഷിതാക്കൾ തനിക്കു നൽകിയ സ്‌നേഹവും ആദരവും അടുപ്പവുമൊന്നുകൊണ്ടു മാത്രം അർച്ചന എല്ലാം സഹിക്കുകയായിരുന്നു. എന്നിരുന്നാലും ഭാവിയെച്ചൊല്ലി മനസ്സും മസ്‌തിഷ്‌കവുമായുള്ള ദ്വന്ദം മുറുകി. സ്വന്തം അച്‌ഛനമ്മമാരെ വിഷമിപ്പിക്കണ്ടെന്നു കരുതി ഇക്കാര്യമൊന്നും അവൾ അവരോട് പറഞ്ഞതുമില്ല.
ധനഞ്‌ജയനെ യാത്രയാക്കാൻ രക്ഷിതാക്കൾക്കൊപ്പം അർച്ചനയും എയർപോർട്ടിലേയ്‌ക്ക് തിരിച്ചു. യാത്രാവേളയിൽ തങ്ങളുടെ മുഖത്ത് വിഷാദമായിരുന്നുവെങ്കിലും ധനഞ്‌ജയ് വലിയ ഉത്സാഹത്തിലായിരുന്നു.
മടങ്ങിയെത്തിയ ശേഷം നടന്നതത്രയും ധനഞ്‌ജയന്‍റെ രക്ഷിതാക്കളെ ധരിപ്പിക്കണമെന്നുണ്ടായിരുന്നു. എന്‍റെ ജീവിതം കൊണ്ട് പന്താടാൻ ആരാണ് നിങ്ങൾക്ക് അധികാരം നൽകിയത് എന്ന് പലവുരു ചോദിക്കാൻ മുതിർന്നതുമാണ്. എന്നാൽ ജീവിച്ച സാഹചര്യങ്ങളും സംസ്‌കാരവും ധനഞ്‌ജയന്‍റെ രക്ഷിതാക്കൾ നൽകിയ സ്‌നേഹവും പരിഗണനയും… അർച്ചനയുടെ മനസ്സ് മടിച്ചു. സമയമെത്തുമ്പോൾ എല്ലാം പറയാം, അവൾ മനസ്സിനെ സ്വയം മെരുക്കി. പിറ്റേന്നു തന്നെ സ്വന്തം വീട്ടിലേയ്‌ക്കു മടങ്ങണമെന്നു അർച്ചന ആഗ്രഹം പ്രകടിപ്പിച്ചു. തൊട്ടടുത്ത ദിവസം സഹോദരനോടൊപ്പം അവൾ വീട്ടിലേയ്‌ക്ക് മടങ്ങി.
അർച്ചന നടന്നതൊക്കെ അമ്മയോടു പറഞ്ഞു. ചതി! മകളുടെ ഭാവിയെക്കുറിച്ചോർത്ത് സാവിത്രിയ്‌ക്ക് ആശങ്കയായി. അച്‌ഛനാകട്ടെ ദേഷ്യമടക്കാനാവാതെ ആരെയൊക്കെയോ ശകാരിക്കുന്നുണ്ടായിരുന്നു. ഹാർട്ട് പേഷ്യന്‍റായ അച്‌ഛനെ കൂടുതൽ വിഷമിപ്പിക്കരുതെന്ന് കരുതി അർച്ചന ദുഃഖം കടിച്ചമർത്തുകയായിരുന്നു.
നിരാശയുടേയും വിഷാദത്തിന്‍റേയും നിഴൽ വീടിനെ വരിഞ്ഞു മുറുക്കി. സന്തോഷവും ഒച്ചപ്പാടും നിറഞ്ഞ വീട് ഇന്ന് ശ്മശാനമൂകമായിരിക്കുന്നു. ഈ ദുർഘടാവസ്‌ഥയിൽ നിന്ന് എങ്ങനെ കരകയറുമെന്നു മാത്രം ആർക്കുമറിയില്ലായിരുന്നു. ഭാവിയിലെന്തായിത്തീരുമെന്ന ഭയവും ആശങ്കയും മാത്രമായിരുന്നു അർച്ചനയുടെ മനസ്സിൽ. തെന്നുന്ന പാറയിൽ കാൽവച്ചതുപോൽ മനസ്സൊരിടത്ത് ഉറയ്ക്കുന്നില്ല. ഏറെ നാൾ നീണ്ടുനിന്ന മനസ്സിന്‍റെ പിടിവലിയ്‌ക്കൊടുവിൽ അർച്ചന ഒരുറച്ച തീരുമാനം കൈക്കൊണ്ടു. ഇനി മുന്നോട്ടുള്ള ജീവിതം സ്വന്തം ഇഷ്‌ടപ്രകാരമേ ജീവിക്കൂ. ഭാവി സ്വന്തം കൈകളിലാണ്. ധനഞ്‌ജയനെക്കുറിച്ച് ഒരു പ്രതീക്ഷയും വേണ്ട.
ഡിഗ്രി പൂർത്തിയായ ശേഷമാണ് അർച്ചനയുടെ വിവാഹം നടന്നത്. ചെറുപ്പം മുതൽക്കെ കഥകും ഭരതനാട്യവും പരിശീലിച്ചിരുന്നു. നൃത്തത്തിൽ പ്രാവീണ്യം നേടി ഈ രംഗത്ത് അടിയുറച്ചു നിൽക്കണം. അർച്ചന ഉറച്ച തീരുമാനമെടുത്തു.
അർച്ചനയുടെ അഭിപ്രായം രക്ഷിതാക്കളും ശരിവച്ചു. ധനഞ്‌ജയ് മടങ്ങി വരുന്നതു വരെ മകൾ തങ്ങൾക്കൊപ്പം തങ്ങുമെന്ന് അർച്ചനയുടെ രക്ഷിതാക്കൾ ധനഞ്‌ജയന്‍റെ പാരന്‍റ്സിനെ അറിയിച്ചിരുന്നു. ഔപചാരികമെന്നോണം വിദേശത്തു നിന്നും ഒന്നോ രണ്ടോ തവണ ധനഞ്‌ജയ് അർച്ചനയെ വിളിച്ചു സംസാരിച്ചു. സ്‌നേഹം തൊട്ടുതീണ്ടാത്ത പൊള്ളയായ വാക്കുകൾ.
അർച്ചനയ്‌ക്ക് പെട്ടെന്ന് തന്നെ നൃത്തത്തിൽ തന്‍റെ മികവു കാട്ടാൻ സാധിച്ചു. നൃത്തം കരിയറാക്കി തെരഞ്ഞെടുത്തതോടെ നൃത്തകലാ അക്കാദമി എന്ന സ്വപ്‌നം മാത്രമായി മനസ്സിൽ. അധികം വൈകാതെ ഈ സ്വപ്‌നവും സാക്ഷാത്ക്കരിക്കാൻ സാധിച്ചു. മകൾ കൈവരിച്ച മാനസിക പക്വതയും സാമ്പത്തിക നേട്ടവും കണ്ട് രക്ഷിതാക്കളും സന്തോഷിച്ചു. മൂന്നു വർഷം കടന്നുപോയി. ധനഞ്‌ജയ് മടങ്ങി വരുമെന്നും മരുമകൾക്കൊപ്പം സംതൃപ്‌ത ജീവിതം നയിക്കുമെന്നും രക്ഷിതാക്കൾ ആശിച്ചു.
നൃത്തകലാ അക്കാദമി ഉദ്‌ഘാടന ദിവസം അർച്ചനയുടെ പേരിൽ ധനഞ്‌ജയ് അയച്ച കത്ത് പോസ്‌റ്റ്‌മാൻ വീട്ടിലെത്തിച്ചു. ഉദ്വേഗത്തോടെ അവൾ കത്ത് പൊട്ടിച്ചു. ധനഞ്‌ജയ് ഒപ്പിട്ട ഡിവോഴ്‌സ് പേപ്പർ. ഒപ്പം ഒരു ചെറിയ കത്തും. “സോറി അർച്ചന, എന്‍റെ വിവാഹം കഴിഞ്ഞു. ഇന്നാട്ടുകാരി മരിയയാണ് വധു. ഇനി നാട്ടിലേക്ക് ഒരു മടക്കം ഒരിയ്‌ക്കലുമുണ്ടാവില്ല. ഡിവോഴ്‌സ് പേപ്പർ സൈൻ ചെയ്‌താൽ യു ആർ ഫ്രീ. അർച്ചനയ്‌ക്ക് പുതിയൊരു ജീവിതം തുടങ്ങാം” ധനഞ്‌ജയ്.
ഉള്ളിൽ കത്തി നിന്ന ഒരു തരി പ്രകാശം പെട്ടെന്ന് കെട്ടടഞ്ഞതുപോലെ. അർച്ചനയുടെ കണ്ണുകളിൽ ഇരുൾ നിറഞ്ഞു. വീടും ശോകമൂകമായി. ജീവിതമേൽപ്പിച്ച കനത്ത ആഘാതത്തിൽ ഇനിയൊരു വിവാഹമേ വേണ്ട എന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്‌തു. പിന്നീട് കേവലം നൃത്ത ഉപാസന മാത്രമായിരുന്നു ജീവിത ലക്ഷ്യം.
നൃത്തകലാ അക്കാദമിയിൽ തിരക്കു കൂടിക്കൊണ്ടിരുന്നു. സ്‌കൂൾ – കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾ സംഘമായി നൃത്തം അഭ്യസിക്കാനെത്തി. ചിലർ വെറുമൊരു ഹോബിയെന്നോണം നൃത്തം അഭ്യസിച്ചു. മറ്റൊരു കൂട്ടരാകട്ടെ കരിയർ എന്ന ലക്ഷ്യം മുന്നിൽ കണ്ടും പഠനം നടത്തി. തികഞ്ഞ ആത്മാർത്ഥതയോടെ അർച്ചന അവർക്ക് നൃത്തത്തിന്‍റെ ബാല പാഠങ്ങൾ പകർന്നു നൽകി.
നൃത്ത ചുവടുകൾ തെറ്റുമ്പോൾ ശകാരത്തിനു പകരം സ്‌നേഹ വാക്കുകൾ കൊണ്ടു തിരുത്തും. അദ്ധ്യാപികയെന്നതിലുപരി ശിഷ്യർക്ക് അർച്ചന നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു. കുറച്ചു സമയംകൊണ്ട് തന്നെ അവൾ സകലർക്കും പ്രിയപ്പെട്ടവളായി മാറി.
കാലത്തിനു ദുഃഖങ്ങളും വേദനകളും മായ്‌ക്കാനും മറക്കാനുമുള്ള അപാര കഴിവുണ്ട്. വേനൽച്ചൂടിനെ മറക്കാൻ തണുത്ത ഒരു മഴ മതിയല്ലോ? വർഷങ്ങൾ കൊഴിഞ്ഞു വീണു. അർച്ചനയുടെ ശരീരവും മനസ്സും നൃത്ത തപസ്യയിലലിഞ്ഞു ചേർന്നിരുന്നു. സങ്കടങ്ങൾ എല്ലാം അവൾ മറന്നു.
അഞ്ചു വർഷം കടന്നുപോയി. തന്‍റെ ശിഷ്യ നീലിമയുടെ സഹോദരൻ ജതിൻ തന്നോട് ഒരു പ്രത്യേക അടുപ്പം കാട്ടാൻ ശ്രമിക്കുന്നുണ്ട്… തന്‍റെ തോന്നലായിരിക്കാം എന്നാണ് അർച്ചന ആദ്യം കരുതിയത്. അവസരത്തിലും അനവസരത്തിലുമൊക്കെ ജതിൻ തന്നോട് സംസാരിക്കാൻ കൂടുതൽ താൽപര്യം കാട്ടുന്നുണ്ട്. മനസ്സിനെ നൃത്തത്തിൽ അടക്കി നിർത്താൻ ശ്രമിച്ചപ്പോഴൊക്കെ കടിഞ്ഞാൺ വിട്ട മനസ്സ്, ജതിനിലേക്ക് അടുക്കുന്നുണ്ടോ?
ജതിനിന്‍റെ സൗമ്യമായ പെരുമാറ്റവും സ്വഭാവവും അർച്ചനയ്‌ക്കും ഇഷ്‌ടമായിരുന്നു. പെട്ടെന്നൊരു ദിവസം ജതിൻ അർച്ചനയോട് മുഖവുര കൂടാതെ വിവാഹാഭ്യർത്ഥന നടത്തി. അർച്ചനയ്‌ക്ക് എതിർപ്പൊന്നുമില്ലായിരുന്നെങ്കിലും ജതിൻ തന്‍റെ ഭൂതകാലം അറിയണമെന്നു ശഠിച്ചു.
എല്ലാം ക്ഷമയോടെ കേട്ട ശേഷം ജതിൻ അല്പ സമയം സ്‌തബ്‌ധനായി. “അത് അർച്ചനയുടെ പാസ്‌റ്റാണ്, എനിക്കതൊന്നും അറിയണ്ട. ഇനിയുള്ള ജീവിതമാണ് പ്രധാനം. അർച്ചനയ്‌ക്കൊപ്പം ഒരു ജീവിതം അതുമാത്രമാണ് ഞാനിന്ന് ആഗ്രഹിക്കുന്നത്.”
അർച്ചന ഇക്കാര്യം തന്‍റെ രക്ഷിതാക്കളെ അറിയിച്ചു. വിവാഹ മോചിതയായ മകളെ സ്‌ത്രീധനമോ മറ്റു നിബന്ധനകളോ കൂടാതെ വിവാഹം നടന്നു കാണുക… രക്ഷിതാക്കൾക്ക് സന്തോഷവും അതിലേറെ മനസമാധാനവും തോന്നി.
അധികം വൈകാതെ ലളിതമായ ചടങ്ങുകളോടു കൂടി അവരുടെ വിവാഹം നടന്നു. വിവാഹശേഷവും നൃത്തകലാ അക്കാദമി പ്രവർത്തിപ്പിക്കും എന്ന ഒരൊറ്റ നിബന്ധന മാത്രമാണ് അർച്ചന മുന്നോട്ടു വച്ചത്. ജതിൻ ഇതിനു പൂർണ്ണസമ്മതം നൽകിയെന്നു മാത്രമല്ല തന്നാലാവുന്ന സഹായം നൽകുമെന്ന് വാക്കും നൽകി.
പിന്നീട് ജീവിതം സ്‌നേഹനിർഭരമായി ഒഴുകുകയായിരുന്നു. വർഷങ്ങൾ കടന്നുപോയി. 10 വയസ്സുകാരി മകളും അർച്ചനയുടെ കീഴിൽ നൃത്തപഠനം തുടർന്നു. അർച്ചന കുടുംബവും നൃത്ത അക്കാദമിയും ഉത്തരവാദിത്വത്തോടെ നോക്കി നടത്തി.
അർച്ചനയുടെ വിജയച്ചുവടുകൾക്കൊപ്പം ജതിൻ ഒരു കൈത്താങ്ങായി നിന്നു. ധാരാളം പെൺകുട്ടികൾ നൃത്തവിദ്യാലയത്തിൽ നിന്നും പരിശീലനം നേടിയിരുന്നു. ഒട്ടനവധി പേർ നൃത്തം ഒരു പ്രൊഫഷനാക്കി തീർത്തിരുന്നു. ജീവിതത്തിലും കരിയറിലുമുള്ള വളർച്ച കണ്ട് അർച്ചന സംതൃപ്‌തയായി.
ചെറുപ്പക്കാരനായ പോലീസുകാരൻ മുറ്റത്ത് ഫോൺ ചെയ്‌ത് കൊണ്ട് നിൽക്കുന്നു. അയാൾ കോളിംഗ് ബെല്ലിൽ വിരലമർത്തും മുമ്പേ അവൾ വാതിൽ തുറന്നു.
വനിതാ ദിനത്തിൽ അതാതു പ്രദേശത്തെ മികവുറ്റ കലാകാരികളെ തെരഞ്ഞെടുത്ത് ആദരിക്കാൻ മേഖലാ കമ്മറ്റികൾ തീരുമാനിച്ചു. മുഖ്യമന്ത്രി മുഖ്യ അതിഥിയാവുന്ന ചടങ്ങിൽ വച്ച് വിശിഷ്‌ട വ്യക്‌തികൾക്ക് സമ്മാനദാനം നടത്താനും തീരുമാനിച്ചു. നൃത്ത കലാരംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്ത് അർച്ചനയ്‌ക്ക് ആ വർഷത്തെ കലാശ്രീ പുരസ്‌കാരം നൽകി. പുരസ്‌കാരം ഏറ്റുവാങ്ങാൻ ഭർത്താവിനൊപ്പം അർച്ചന തലസ്‌ഥാന നഗരിയിലെത്തി.
വലിയൊരു ഹാളിലാണ് പരിപാടി. സമ്മാനദാനത്തിനു ശേഷം അർച്ചനയോടു രണ്ട് വാക്ക് പറയാൻ ആവശ്യപ്പെട്ടു. വിടർന്ന കണ്ണുകളോടെ അവൾ മൈക്ക് കൈയിലെടുത്തു. ഹാളിനു പുറത്ത് നല്ല വെയിൽ ഉണ്ടായിരുന്നു.
“നൃത്തം ഒരു തപസ്യയാണ്. മനസ്സും ശരീരവും ഏകാഗ്രമാക്കുന്ന കല… ഭർത്താവ് ജതിന്‍റെ സഹായവും സഹകരണവും ഒന്നുകൊണ്ട് മാത്രമാണ് എനിക്ക് ഈ രംഗത്ത് ചുവടുറപ്പിച്ചു നിൽക്കാൻ സാധിക്കുന്നത്. ഇന്നും വീടിന്‍റെ നാലു ചുവരുകൾക്കുള്ളിൽ സ്‌ത്രീകൾ ഒതുങ്ങി ജീവിക്കുന്നുണ്ട്. ഭാര്യയുടെ കഴിവും ഗുണങ്ങളും തിരിച്ചറിഞ്ഞ് വേണ്ട പ്രോത്സാഹനവും സഹകരണവും മാർഗ്ഗനിർദ്ദേശവും നൽകിയാൽ വിജയം നേടാൻ പ്രയാസമുണ്ടാവില്ല.” കരഘോഷങ്ങൾക്കിടയിൽ മതി മറന്ന് അർച്ചന സ്‌റ്റേജിൽ നിന്നിറങ്ങി ജതിന്‍റെയും മകളുടെയും അടുത്ത് വന്നിരുന്നു. തോൽപ്പിക്കാൻ വന്നവരുടെ മുന്നിൽ തളരാതെ നിന്ന മനസ്സിനോട് അർച്ചന നന്ദി പറഞ്ഞു.
സൂര്യനെ ഗ്രസിക്കാൻ വെമ്പി നിന്ന മഴമേഘങ്ങളെ കാറ്റ് എങ്ങോട്ടേയ്‌ക്കോ കൂട്ടിക്കൊണ്ടു പോകുന്നു.