ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ലാസ്റ്റ് ഇംപ്രഷൻ. മലയാളത്തിൽ ഇങ്ങനെയും പറയും. പുത്തനച്ചി പുരപ്പുറം തൂക്കും. രണ്ടും ഒരേയൊരു കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്വയം നല്ലത് പറയിക്കുക. അതിനുള്ള കാര്യങ്ങൾ തുടക്കത്തിലേ ചെയ്യുക. അത് ഓഫീസിലായാലും വീട്ടിലായാലും…
നല്ല പെരുമാറ്റവും നല്ല ശീലങ്ങളും എവിടെയായാലും മാനിക്കപ്പെടും. അത് നിങ്ങളുടെ ജീവിതം കൂടുതൽ എളുപ്പവും മനോഹരവുമാക്കും. പ്ലീസ്, സോറി, ഹലോ തുടങ്ങിയ ഔപചാരിക വാക്കുകൾ ഉപയോഗിക്കുന്നതിലുപരി, പലതുമുണ്ട് ഒരു ഓഫീസിൽ ഒരാളുടെ വ്യക്‌തിത്വം തിളങ്ങാൻ. സഹപ്രവർത്തകരോട് വിനയത്തോടും ലാളിത്യത്തോടും കൂടി സംസാരിക്കുന്നതാണ് ഇതിൽ പ്രധാനം. മേലധികാരിക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയാകാൻ ഉള്ള വഴികൾ കരിയർ കൗൺസലർ ഡോ. സഞ്‌ജീവ് കുമാർ ആചാര്യയിൽ നിന്ന് കേൾക്കാം.
മറക്കാതെ, ഓഫീസ് സമയം
പുതിയ ഓഫീസിൽ ജോയിൻ ചെയ്ത സമയമാണെങ്കിൽ കൃത്യനിഷ്ഠ പാലിക്കാൻ ഒട്ടും മടിപാടില്ല. രാവിലെ കൃത്യസമയത്തെത്താം. എന്നാൽ വൈകിട്ട് ആ കൃത്യതയ്ക്കു പകരം അൽപം വൈകി ഇറങ്ങാം. പുതിയ സ്റ്റാഫിന്‍റെ ശീലങ്ങൾ ബോസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടാവുമെന്നുറപ്പ്. ഓഫീസ് ജോലിയിൽ ഒരു വ്യക്‌തിയ്ക്ക് എത്രത്തോളം താൽപര്യമുണ്ടെന്ന് മനസ്സിലാക്കാനുള്ള ഒരു മാർഗ്ഗമാണിത്. ഓഫീസിൽ വൈകിയെത്തുന്നത് ഓഫീസ് ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്. ഒരു വ്യക്‌തിയെക്കുറിച്ചുള്ള ആദ്യത്തെ ഇംപ്രഷൻ അയാളുടെ സമയ പാലനത്തിൽ നിന്ന് തുടങ്ങുന്നു.
അസഹ്യമെന്ന് പറയിപ്പിക്കാതെ
ചെരിപ്പും ഷൂസും ഒക്കെ എല്ലാവരും ധരിക്കും. പക്ഷേ ചിലർ അത് ധരിച്ചിട്ടുണ്ടെന്ന് പെട്ടെന്നറിയിക്കും. ഷൂ, ചെരിപ്പ് ഇവ ഉരച്ചും ശബ്ദമുണ്ടാക്കിയും നടക്കുന്നത് നല്ല ശീലമല്ല. പലർക്കും അത്തരം സ്വരം കേൾക്കുന്നത് അസഹ്യമായിത്തോന്നും. പേന, പെൻസിൽ, കസേര ഇവകൊണ്ട് ശബ്ദമുണ്ടാക്കുക, പാട്ടുപാടുക, ഉറക്കെ സംസാരിക്കുക, ച്യൂയിംഗം ചവയ്ക്കുക തുടങ്ങിയ ശീലങ്ങൾ സ്വയം ഉണ്ടോയെന്ന് ഇടയ്ക്ക് പരിശോധിക്കാം.
സന്ദർശകരാവാം പക്ഷേ
ഓഫീസിൽ ജോലി ചെയ്യുന്ന വേളയിൽ സന്ദർശകർ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ സംഗതി വ്യക്‌തിപരമാണെങ്കിൽ അൽപം ശ്രദ്ധിച്ചേ പറ്റൂ. ഒരു സ്ഥലത്ത് ജോലിയിൽ പ്രവേശിച്ച ഉടൻ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ വരവ് കഴിവതും ഒഴിവാക്കുക. അനിവാര്യമാണെങ്കിൽ അവരോട് റിസ്പഷനിൽ കാത്തിരിക്കാൻ പറയാം. സ്വന്തം ഇരിപ്പിടത്തിനടുത്തേക്ക് വിളിക്കരുത്. നിങ്ങൾക്കിടയിലുള്ള സംസാരം മറ്റുള്ളവർക്ക് അരോചകമാവാം.
ടീം വർക്കിലൂടെ കയ്യിലെടുക്കൂ
സ്വന്തം കരിയറിന് തിളക്കം കൂട്ടണമെങ്കിൽ ടീം വർക്കിന്‍റെ പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം പ്രോജക്‌ടിലായാലും ജോലിയായാലും സഹപ്രവർത്തകരുടെ അഭിപ്രായം മാനിക്കുകയും സഹകരണം തേടുകയുമാവാം. തുടക്കത്തിൽ തന്നെ പരസ്പരവിശ്വാസം നേടാനും ബന്ധം കൂടുതൽ ഊഷ്മളമാകാനും ഇത് സഹായിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങളും അവർ ജോലി ചെയ്യുന്ന രീതിയും അതേപടി പകർത്തണമെന്നല്ല, പക്ഷേ അവർ എന്ത് എങ്ങനെ ചെയ്യുന്നു എന്നറിഞ്ഞിരിക്കേണ്ടത് ഓരോരുത്തരുടേയും ആവശ്യമാണ്. എത്ര പ്രയാസമുള്ള ജോലിയും ഡെഡ് ലൈൻ വച്ച് ചെയ്യാം.
ഓഫീസ് ഡസ്കിൽ മേക്കപ്പ് വേണ്ട
എപ്പോഴും സ്മാർട്ടായിരിക്കണം. പക്ഷേ ഓഫീസ് ജോലിക്കിടയിൽ കണ്ണാടി നോക്കുന്നതും പൗഡറിടുന്നതും തല ചീകുന്നതും സാരി പിൻ ചെയ്യുന്നതുമൊക്കെ അൽപം ബോറാണേ. ഓഫീസിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ സ്വന്തം ലുക്ക് സ്മാർട്ട് ആണെന്ന് ഉറപ്പിച്ചു വയ്ക്കുക. ഇനി നിർബന്ധമാണെങ്കിൽ ലഞ്ച് ബ്രേക്കിൽ അഞ്ചു മിനിറ്റ് വിനിയോഗിക്കാം.
പോസിറ്റീവ് ബോഡി ലാംഗ്വേജ്
മറ്റു വ്യക്‌തികൾക്ക് നിങ്ങളിൽ മതിപ്പ് ഉണ്ടാക്കുന്ന പ്രധാനഘടകമാണ് ശരിയായ ശരീരഭാഷ. ഉത്സാഹവും വ്യക്‌തിത്വവുമുള്ള ഒരാളായി കാണുന്നവർ നിങ്ങളെ വിലമതിക്കും. ഒരു കാര്യം പറയുമ്പോൾ കൃത്യമായി അത് കേട്ടിരിക്കുക. നിങ്ങൾമിണ്ടുന്നില്ലെങ്കിൽ പോലും സ്വന്തം ഭാവവും കണ്ണുകളും അദ്ദേഹത്തോട് സംസാരിക്കുന്നുണ്ട്. കൈകൾ കൂടുതൽ ചലിപ്പിച്ചും ഉയർത്തിയും സംസാരിക്കുന്നത് ഹിതകരമല്ല. ചിരിയിലും നടപ്പിലും ഇരിപ്പിലും എന്തിന് എഴുന്നേൽപ്പിൽ പോലുമുണ്ട് ഒരു ഭാഷ.
കൊടുക്കാം വാങ്ങാം ബഹുമാനം
മേലധികാരിയോടും സഹപ്രവർത്തകരോടും ബഹുമാനത്തോടെ പെരുമാറുന്നവരാണോ നിങ്ങൾ? എങ്കിൽ വിജയം നിങ്ങളുടെ കൂടെത്തന്നെയുണ്ട്. സീനിയർ ആയാലും ജൂനിയർ ആയാലും കീഴ്ജീവനക്കാരനായാലും അവരോട് ലളിതവും പക്വവുമായ പെരുമാറ്റശൈലി സ്വീകരിക്കുന്നവരോട് എല്ലാവർക്കും ബഹുമാനമേ തോന്നൂ. ഞാനാണ് വലിയവൻ എന്ന മട്ടിലുള്ള പെരുമാറ്റം വിപരീതഫലമേ ഉളവാക്കൂ. ഗുഡ്മോണിംഗ് തുടങ്ങിയ അഭിവാദ്യങ്ങൾ വലിപ്പച്ചെറുപ്പം നോക്കാതെ സമ്മാനിക്കാം. തന്നെക്കാൾ ജൂനിയറോ, പദവിയിൽ താഴെയുള്ള ആളോ ആണെങ്കിൽ തന്നെ, ആ മാനോഭാവത്തോടെ അവരെ സമീപിക്കാതിരിക.
വേണം ഡ്രസ് സെൻസ്
ഓഫീസിൽ ഫോർമൽ ഡ്രസ് ആണ് ഉപയോഗിക്കേണ്ടത്. വീട്ടിൽ ഉപയോഗിക്കുന്നതുപോലെയോ പാർട്ടിയിൽ ധരിക്കുന്നതു പോലെയോ വസ്ത്രധാരണം ചെയ്യുന്നത് നിങ്ങളുടെ ഇമേജ് തകർക്കും. വസ്ത്രം തെരഞ്ഞെടുക്കുമ്പോൾ നിറവും കണക്കിലെടുക്കണം. മറ്റുള്ളവർ വേഗം നോക്കുന്ന തരത്തിലുള്ള കടും നിറവും ഡിസൈനുകളും ഒഴിവാക്കാം. കടുത്ത പെർഫ്യൂം, ഓവർ മേക്കപ്പ്, സ്ലീവ്ലെസ് വസ്ത്രങ്ങൾ ഇവ ഓഫീസ് അന്തരീക്ഷത്തിന് അനുയോജ്യമല്ല.
ഫോണിനും വേണം ലിമിറ്റ്
മൊബൈൽ ഫോൺ മേശപ്പുറത്ത് വച്ച് ജോലി ചെയ്യുന്നവരാണധികവും. ഇടയ്ക്കിടെ കോളും വരും. ഇത് ഔദ്യോഗികമോ വ്യക്‌തിപരമോ ആകാം. പക്ഷേ റിംഗ്ടോൺ മോഡ് ശ്രദ്ധിക്കുക. ഓഫീസിൽ സൈലന്‍റ്, വൈബ്രേറ്റ് മോഡ് ആണ് കൂടുതൽ അനുയോജ്യം. പക്ഷേ ഇത് ഇഷ്ടമല്ലെങ്കിൽ ലഘുവായ, ശല്യപ്പെടുത്താത്ത റിംഗ്ടോണുകൾ ഉപയോഗിക്കാം. സിനിമാപ്പാട്ടുകൾ ഒഴിവാക്കുക. മീറ്റിംഗുകളിൽ സൈലന്‍റ് ടോൺ മാത്രം ഉപയോഗിക്കുക.
ബോസ് സംസാരിക്കുമ്പോൾ നിങ്ങളുടെ ഫോൺ ഉച്ചത്തിൽ ബെല്ലടിച്ചാൽ അദ്ദേഹത്തിന് അനിഷ്ടം തോന്നും ഉറപ്പ്. ഓഫീസിലെ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കുന്നതിലും വേണം ശ്രദ്ധ. പ്രത്യേകിച്ച് ഇന്‍റർനെറ്റ്, ടെലിഫോൺ തുടങ്ങിയവ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടാൽ നിങ്ങൾ മാനേജ്മെന്‍റിനു മുന്നിൽ മോശക്കാരനാകും. സ്വന്തം സമയവും കമ്പനിയുടെ പണവും നശിപ്പിക്കുന്നു എന്നാണ് അവർ ധരിക്കുക.
കേൾക്കൂ, കാതു നിറയേ.
കൂടുതൽ സംസാരിക്കുന്നതിനു പകരം മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ശ്രമിക്കുക. ഇത് രണ്ട് ഗുണമാണ് നിങ്ങൾക്ക് നൽകുക. സംസാരിക്കുന്നവർക്ക് നിങ്ങളോട് വിശ്വാസവും അടുപ്പവും തോന്നും. മറ്റൊന്ന് അനാവശ്യ വിവാദങ്ങളിൽ ചെന്ന് പെടാതിരിക്കാനും സാധിക്കും. സീനിയറുമൊത്തുള്ള മീറ്റിംഗിലും എടുത്തുചാടി സംസാരം ഒഴിവാക്കാം. സീനിയർ സംസാരിച്ചതിനുശേഷം അഭിപ്രായം രേഖപ്പെടുത്താം. ഇത്തരം സന്ദർഭങ്ങളിൽ ചെറുകുറിപ്പുകൾ എഴുതിയെടുക്കാം.
വിട്ടേക്കൂ ഗോസിപ്പ്
ഓഫീസിൽ ഗോസിപ്പ് പറയുന്നത്, വളരെ അൺപ്രൊഫഷണൽ ആയ സംഗതിയാണ്. ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാം, അതും പറയേണ്ടവരോട് മാത്രം. മറ്റൊരാളുടെ വ്യക്‌തിപരമായ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കുകയാണ് ഉത്തമം. ഒരു കാര്യം സംസാരിച്ചാൽ അതിന്‍റെ ഗൗരവം മനസ്സിലാക്കാതെ കേവലം ഗോസിപ്പായി പ്രചരിപ്പിക്കുന്നവരോട് അകലം പാലിക്കുന്നതാണ് ഉചിതം. ഗോസിപ്പിൽ നിന്ന് ഒഴിഞ്ഞു നിന്നാൽ, മറ്റുള്ളവർ നിങ്ങളെ കൂടുതൽ വിശ്വസിക്കും.
വിമർശനങ്ങൾക്ക് മുഖം തിരിക്കാതെ
നിങ്ങൾ ചെയ്യുന്ന ജോലി കൃത്യമായിരിക്കാം. അത് ബെസ്റ്റ് ആണെന്ന വിശ്വാസവും ഉണ്ടായിരിക്കാം. പക്ഷേ സീനിയർ നിങ്ങൾ ചെയ്ത ജോലിയെ വിമർശിച്ചാൽ ശ്രദ്ധയോടെ കേൾക്കുക. അതിനുള്ള പരിഹാരവും ആവശ്യമെങ്കിൽ ചോദിച്ചറിയുക. ഓരോ ഓഫീസിലേയും വർക്കിംഗ് സാഹചര്യം വ്യത്യസ്തമാണ്.
നിങ്ങൾ പുതിയ വ്യക്‌തിയാണെങ്കിൽ അതുവരെ അവിടെ തുടർന്നു വരുന്ന രീതികൾ കൂടുതൽ മനസ്സിലാക്കാനും ഇതു സഹായിക്കും. വിമർശനങ്ങളെ പോസിറ്റീവായി സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ കർമ്മശേഷി മെച്ചപ്പെടും, കരിയർ ഗ്രാഫ് ഉയരും.