സ്വന്തം കുഞ്ഞുങ്ങൾ നല്ല ചിട്ടയോടെയും അനുസരണയോടെയും മിടുക്കരായും വളരുകയെന്നത് ഏത് മാതാപിതാക്കളുടെയും വലിയ പ്രതീക്ഷയാണ്. അതിനുള്ള മികച്ച ചില പേരന്‍റിംഗ് രീതികൾ…
കുട്ടിയുടെ ആത്മാഭിമാനം ഉയർത്തുക
മാതാപിതാക്കൾ തങ്ങളെ എങ്ങനെ പരിഗണിക്കുന്നു എങ്ങനെ പരിപാലിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിഞ്ഞു തുടങ്ങുന്നതു മുതൽ അവരുടെ ആത്മാഭിമാനം വികസിച്ചു തുടങ്ങുന്നു. മാതാപിതാക്കളുടെ ശരീരഭാഷ, പദപ്രയോഗങ്ങൾ, ശാരീരിക ചലന രീതികൾ, സ്വരം എന്നിവയെല്ലാം തന്നെ കുട്ടികൾ തങ്ങളിലേക്ക് സ്വാംശീകരിക്കുന്നു. ഒരു രക്ഷാകർത്താവെന്ന നിലയിലുള്ള നിങ്ങളുടെ വാക്കുകളും പ്രവർത്തികളും മറ്റെന്തിനെക്കാളും അവരുടെ ആത്മാഭിമാനത്തെ വളർത്തിയെടുക്കുന്നു.
കുട്ടികളുടെ നേട്ടങ്ങളെ പ്രശംസിക്കുന്നത് അതെത്ര ചെറുതാണെങ്കിലും അവർക്ക് അഭിമാനം പകരും. സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ അനുവദിക്കുന്നത് അവർക്ക് കഴിവും കരുത്തും നൽകും. ഇതിന് വിപരീതമായി അവരുടെ അഭിപ്രായങ്ങളെ മാനിക്കാതിരിക്കുകയോ സ്വന്തം കുട്ടികളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുകയോ ചെയ്യുന്നത് അവരിലെ ആത്മവിശ്വാസത്തെ തകർക്കും. കുട്ടികളെ ശകാരിക്കാനായി കടുത്ത പദപ്രയോഗങ്ങൾ നടത്തുന്നത് തീർത്തും ഒഴിവാക്കാം. അതുപോലെ ശാരീരികമായി ശിക്ഷിക്കുന്നതുമൊക്കെ വിപരീതഫലമുളവാക്കും. വാക്കുകൾ വളരെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത് കുട്ടികളെ ഉപദേശിക്കാം. തെറ്റുകൾ എല്ലാവരും ചെയ്യാറുണ്ടെന്നും ആരും അത് ഇഷ്ടപ്പെടുകയില്ലെന്നും നിങ്ങൾ എത്രമാത്രം സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുവെന്നും അവരെ ബോധിപ്പിക്കുകയാണ് വേണ്ടത്.
കുട്ടികളുടെ മതിപ്പ്
ഒരു ദിവസത്തിൽ നിങ്ങൾ കുട്ടികളോട് എത്ര തവണ മോശമായി പ്രതികരിച്ചുവെന്ന് എന്നതിനെക്കുറിച്ച് ഓർത്തു നോക്കൂ. കുട്ടിയെ അഭിനന്ദിച്ചതിനെക്കാളിലും കൂടുതൽ തവണ ശകാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തായി കണ്ടെത്തിയേക്കാം. ലക്ഷ്യം നല്ലതിനാണെങ്കിലും തെരഞ്ഞെടുത്ത രീതി ചിലപ്പോൾ കൂടുതൽ കുഴപ്പത്തിലെത്തിക്കാം.
കുഞ്ഞുങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തികളെ എടുത്ത് പറഞ്ഞ് അവരെ പ്രശംസിക്കുക. “ങ്ഹാ, മോൻ പുസ്തകങ്ങളും പേപ്പറുമൊക്കെ അടുക്കി വച്ചല്ലോ മിടുക്കൻ.”
“മോൻ, എത്ര ക്ഷമയോടെയാണ് കുഞ്ഞനുജത്തിയെ കളിപ്പിച്ചത്” എന്നിങ്ങനെയുള്ള അഭിനന്ദനങ്ങൾ കുട്ടികളെ ഭയപ്പെടുത്തി ശകാരിക്കുന്നതിനേക്കാൾ ദീർഘകാലാടിസ്‌ഥാനത്തിൽ നല്ല ഫലങ്ങൾ സൃഷ്ടിക്കും. അവനിൽ മികച്ചൊരു വ്യക്‌തിത്വത്തെ നിങ്ങൾ വളർത്തിയെടുക്കുകയാണ് അതിലൂടെ ചെയ്യുന്നത്.
എല്ലാ ദിവസം കുട്ടികൾ ചെയ്യുന്ന നല്ല പ്രവർത്തികളെ കണ്ടെത്തി നിർലോഭം പ്രശംസിക്കുക. പ്രശംസാ നിർഭരമായ നിങ്ങളുടെ ആലിംഗനം, സ്നേഹം നിറഞ്ഞ ഒരു മുത്തം, അഭിനന്ദനങ്ങൾ എന്നിവയ്ക്ക് കുട്ടികളിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാവും.
പരിധി നിശ്ചയിക്കുക, അച്ചടക്കപാലനത്തിൽ ഉറച്ചു നിൽക്കുക
അച്ചടക്കം ഏറ്റവും ആവശ്യമായത് തന്നെയാണ്. സ്വീകാര്യമായ പെരുമാറ്റങ്ങൾ തെരഞ്ഞെടുക്കാനും ആത്മനിയന്ത്രണം ശീലിക്കാനും കുട്ടികളെ സഹായിക്കുകയെന്നതാണ് അച്ചടക്കത്തിന്‍റെ ലക്ഷ്യം. മാതാപിതാക്കൾ സെറ്റ് ചെയ്‌തിരിക്കുന്ന പരിധികൾ മനസിലാക്കാനും ഉൾക്കൊള്ളാനും അവർക്ക് അതോടെ കഴിയും. നല്ല ഉത്തരവാദിത്തമുള്ള വ്യക്‌തിയായി വളരാൻ അവർക്ക് മാതാപിതാക്കൾ നിശ്ചയിച്ചിരിക്കുന്ന പരിധികൾ ആവശ്യമാണ്.
വീട്ടു നിയമങ്ങൾ പാലിക്കുന്നതിലൂടെ മാതാപിതാക്കളുടെ പ്രതീക്ഷകൾ മനസിലാക്കാനും ആത്മനിയന്ത്രണം വികസിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കും. പഠനം കഴിഞ്ഞ് മാത്രമേ ടിവി കാണാവൂ, ഭക്ഷണം കൃത്യസമയത്ത് കഴിക്കുക, വൈകുന്നേരം കളി കഴിഞ്ഞ് നിശ്ചിത സമയത്തിനുള്ളിൽ വീട്ടിൽ തിരിച്ചെത്തണം എന്നിങ്ങനെയുള്ള നിയമങ്ങളും ഇതിൽ ഉൾപ്പെടും. എന്നാൽ ഇത്തരം ചിട്ടകൾ പാലിച്ചു പോകാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണ്. ആ സിസ്റ്റത്തിൽ സ്‌ഥിരത പുലർത്തുന്നതിൽ വീഴ്ചയുണ്ടാവരുത്.
കുട്ടികൾക്കൊപ്പം സമയം ചെലവിടുക
ഇപ്പോഴത്തെ തിരക്കു പിടിച്ച ജീവിത സാഹചര്യത്തിൽ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുകയെന്നത് മാതാപിതാക്കൾക്ക് എപ്പോഴും കഴിഞ്ഞെന്നും വരില്ല. പ്രത്യേകിച്ചും ഉദ്യോഗസ്‌ഥരായ മാതാപിതാക്കൾക്ക്. അതിനാൽ കിട്ടുന്ന സമയം ഗുണപ്രദമായി അവർക്കൊപ്പം ചെലവഴിക്കുകയെന്നതാണ് പ്രധാനം. മാതാപിതാക്കൾക്ക് രാവിലെ ഒരൽപ്പം നേരത്തെ എഴുന്നേൽക്കാമെങ്കിൽ കുട്ടികൾക്കൊപ്പം കളിക്കാനോ അവർക്കൊപ്പമിരുന്ന് പ്രഭാത ഭക്ഷണം കഴിക്കാനോ നല്ലൊരു സമയം മാറ്റി വയ്ക്കാനാവും. അല്ലെങ്കിൽ രാത്രി അത്താഴം കഴിഞ്ഞ ശേഷം കുട്ടികളെയും കൂട്ടി ഒരു ചെറു നടത്തം ആവാം. തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മാതാപിതാക്കളുടെ ശ്രദ്ധയും പരിഗണനയും കിട്ടാത്ത കുട്ടികൾ പലപ്പോഴും മോശമായി പ്രവർത്തിക്കുകയോ പെരുമാറുകയോ ചെയ്യാം. മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള അവരുടെ തന്ത്രമാണിത്.
കുട്ടികളുമായി ചേർന്ന് ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള ടൈം ഷെഡ്യൂൾ ചെയ്യാം. കിട്ടുന്ന സമയം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം കുട്ടികൾക്ക് നൽകാം. ഇക്കാര്യത്തിൽ മാതാപിതാക്കൾ അവരെ സഹായിക്കുകയും വേണം. കുട്ടികളുമായി ഹൃദ്യമായ ഒരു ബന്ധം ഊട്ടിയുറപ്പിക്കാൻ ഇത്തരത്തിൽ കഴിയും.
ഇളയ കുട്ടികളെക്കാൾ കൗമാരപ്രായക്കാരായ മുതിർന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ സ്നേഹ നിർഭരമായ ശ്രദ്ധയും സാമീപ്യവും കൂടുതൽ ആവശ്യമാണ്. കൗമാരപ്രായക്കാരായ കുട്ടികളുമായി നിരന്തരം സംസാരിക്കുകയും വീട്ടിലെ ചില ചുമതലകൾ അവരെ ഏൽപ്പിക്കുകയും ചെയ്യുന്നതിലൂടെയും മാതാപിതാക്കൾക്ക് അവരുമായി ഊഷ്മളമായ ബന്ധം സൃഷ്ടിച്ചെടുക്കാൻ പറ്റും. കൗമാരപ്രായക്കാരായ കുട്ടികൾക്കൊപ്പം ഗെയിം കളിക്കുകയും അവരുടെ കലാപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവരുമായുള്ള ആശയവിനിമയം വളരെ കരുതലോടെയുള്ളതാവണം.
മാതാപിതാക്കൾ റോൾ മോഡലുകൾ
മാതാപിതാക്കളിൽ നിന്നും ചെറിയ കുട്ടികൾ ധാരാളം കാര്യങ്ങൾ പഠിക്കുന്നുണ്ട്. മാതാപിതാക്കൾ ചെയ്യുന്ന?എല്ലാ പ്രവർത്തികളും അവർ അനുകരിച്ചേക്കാം. കുട്ടികളുടെ സാന്നിധ്യത്തിൽ അടിക്കുകയോ ദേഷ്യം പ്രകടിപ്പിക്കുകയോ മോശപ്പെട്ട പദപ്രയോഗങ്ങൾ നടത്തുകയോ ചെയ്യുന്നതിന് മുമ്പായി ഓർക്കുക, ഇത്തരത്തിലുള്ള മോശം രീതികൾ അവരും അനുകരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? കുട്ടികൾ നിങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കുക. അക്രമ സ്വഭാവം കാട്ടുന്ന കുട്ടികൾ വീട്ടിൽ ഇപ്രകാരമുള്ള മാതൃകകൾ കണ്ടിട്ടാണ് മോശപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങളിൽ മാതാപിതാക്കൾ കാണാൻ ആഗ്രഹിക്കുന്ന സ്വഭാവ സവിശേഷതകൾ മാതാപിതാക്കൾ സ്വായത്തമാക്കുക. ബഹുമാനം, സൗഹൃദം, സത്യസന്ധത, ദയ, സഹിഷ്ണുത, നിസ്വാർത്ഥ മനോഭാവം എന്നിവ പ്രകടിപ്പിക്കുക. മറ്റുള്ളവരെ സഹായിക്കുക, മറ്റുള്ളവരിൽ നിന്നും ലഭിച്ച സഹായത്തിന് നന്ദി പ്രകടിപ്പിക്കാം. അന്യരെ സഹായിക്കാൻ കുട്ടികളെയും പ്രേരിപ്പിക്കുക. അവരുടെ നല്ല പ്രവർത്തികളെ അഭിനന്ദിക്കുക. തീർച്ചയായും അവനിൽ/ അവളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വലുതായിരിക്കും. അതവരുടെ ജീവിതത്തിന് മുതൽക്കൂട്ടാവും.
മികച്ച ആശയവിനിമയം
മാതാപിതാക്കൾ പറയുന്നതെന്തും കുട്ടികൾ അനുസരിച്ചോളണമെന്നില്ല. അങ്ങനെ പ്രതീക്ഷിക്കാനുമാവില്ല. മുതിർന്നവർ ചെയ്യും പോലെ അവർക്കതിന്‍റെ വിശദീകരണങ്ങൾ ആവശ്യമാണ്. മുതിർന്നവർ വിശദീകരണം നൽകാൻ തയ്യാറായില്ലെങ്കിൽ തീർച്ചയായും മാതാപിതാക്കൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും ലക്ഷ്യങ്ങളെപ്പറ്റിയും അവർക്ക് സംശയം തോന്നാം. അതിനാൽ ഏത് കാര്യത്തിലായാൽപ്പോലും കുട്ടികളുമായി മികച്ച?ആശയവിനിമയം പുലർത്തണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് കുട്ടികളോട് വിശദീകരിക്കുക തന്നെ വേണം. ആ പ്രശ്നം പരിഹരിക്കാൻ കുട്ടികളോടും സഹായമാവശ്യപ്പെടാം. കുട്ടികൾ പറയുന്ന നിർദ്ദേശങ്ങളോട് ഉദാരമായ സമീപനം പുലർത്തണം. അക്കാര്യങ്ങളിൽ ചർച്ച നടത്തി മെച്ചപ്പെട്ട തീരുമാനങ്ങളിലെത്താം. ചില തീരുമാനങ്ങൾ എടുക്കുമ്പോൾ കുട്ടികളെ കൂടി അതിൽ അവർ അതിനെ ഫലപ്രാപ്തിയിലെത്തിക്കാൻ ഉത്സാഹം കാട്ടും.
പേരന്‍റിംഗിൽ ചില ക്രമീകരണങ്ങൾ
പേരന്‍റിംഗ് ശൈലിയിൽ ഫ്ളക്സിബിൾ ആക്കാം. കുട്ടിയുടെ പെരുമാറ്റം പലപ്പോഴും നിരാശപ്പെടുത്താം. മാതാപിതാക്കൾ അവരിൽ യാഥാർത്ഥ്യബോധമില്ലാത്ത അമിത പ്രതീക്ഷ വച്ചു പുലർത്തുന്നതു കൊണ്ടാണ്.
“എന്‍റെ കുട്ടി ഇക്കാര്യത്തിൽ പരിശീലനം നേടിയിരിക്കണം” എന്ന് രക്ഷാകർത്താവ് ആഗ്രഹിക്കുന്നുവെങ്കിൽ ആ വിഷയത്തെ സംബന്ധിച്ച് ശിശു വിദഗ്ദ്ധനുമായി സംസാരിക്കുകയോ അത് സംബന്ധിച്ചുള്ള വിഷയങ്ങൾ വായിച്ച് മനസിലാക്കുകയോ ചെയ്യാം.
കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഒന്നാണ് അവരുടെ ചുറ്റുപാട്. അതിനാൽ സ്വഭാവത്തിൽ മാറ്റം വരുത്താൻ ആ സാഹചര്യത്തെ മാറ്റുകയാണ് വേണ്ടത്.
കൗമാരക്കാരോട് രക്ഷിതാക്കൾ സുഹൃത്തുക്കളോടെന്ന രീതിയിൽ പെരുമാറുന്നതാണ് ഉചിതം. എങ്കിലും സ്വതന്ത്രരായി ഇടപഴക്കുന്നതിനൊപ്പം അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും പ്രോത്സാഹിപ്പിക്കാനും അവരെ അച്ചടക്കമുള്ളവരാക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.
നിർലോഭമായ സ്നേഹം
ഒരു രക്ഷാകർത്താവെന്ന നിലയിൽ കുട്ടികളെ തിരുത്താനും നേർവഴിക്ക് നയിക്കാനുമുള്ള ഉത്തരവാദിത്തം മാതാപിതാക്കൾക്കാണ്. കുട്ടിയെ നിരന്തം കുറ്റപ്പെടുത്തുക, വിമർശിക്കുക, തെറ്റു കണ്ടുപിടിക്കുക എന്നിവ ഒഴിവാക്കുക. അത് കുട്ടിയുടെ ആത്മാഭിമാനത്തെ ദുർബലപ്പെടുത്തും. മാതാപിതാക്കളോട് നീരസം സൃഷ്ടിക്കാൻ അതിടയാക്കും. പകരം കുട്ടികളെ ശാസിക്കുമ്പോഴും അവരെ പ്രോത്സാഹിപ്പിക്കാൻ മറക്കരുത്.
സ്വന്തം പരിമിതികളെ അറിയുക.
സ്വന്തം പരിമിതികളെയും ആവശ്യങ്ങളേയും തിരിച്ചറിഞ്ഞ് അവയെ അഭിമുഖീകരിക്കുക. കുടുംബനാഥനാണെങ്കിലും തന്നിൽ ചില ബലഹീനതകളുമുണ്ടാകാം എന്ന് സ്വയം തിരിച്ചറിയുക. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് അതിലൂടെ സ്വന്തം ബലഹീനതകളെ ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. പങ്കാളിക്കും കുട്ടിക്കും വേണ്ടി യാഥാർത്ഥ്യബോധത്തോടെ പ്രവർത്തിക്കാം. ഒപ്പം സ്വന്തം ക്ഷേമത്തിൽ ശ്രദ്ധ നൽകുന്നത് നിങ്ങളെ സ്വാർത്ഥനാക്കില്ല. രക്ഷിതാക്കൾ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നതും കുട്ടികൾക്ക് നൽകുന്ന നല്ലൊരു മാതൃകയാണ്.