ഡിസംബർ 2020 ൽ ഗൃഹശോഭയിൽ എഴുതിയ ആനന്ദത്തിൽ ഞാൻ വിവാഹ മുക്ത ജീവിതം നയിക്കുന്ന, നയിക്കാന്‍ ആഗ്രഹിക്കുന്നവരെക്കുറിച്ച് എഴുതിയിരുന്നു. വിവാഹം ഒരു പാട്രിയാർക്കൽ വ്യവസ്ഥാപിത ഉപകരണമാണെന്നു അതിൽ ഞാൻ പരാമർശിച്ചിരുന്നു. ഈ കഴിഞ്ഞ മാസം വിസ്മയയുടെ ആത്മഹത്യ തുറന്നു കാട്ടിയത് അത്തരം ഒരു യാഥാർത്ഥ്യമാണ്. സ്ത്രീധനം എന്ന വൈവാഹിക വിപത്തിനെക്കുറിച്ച്…
1988 ൽ കാൺപൂരിൽ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്‌തു. സ്ത്രീധനം നൽകി തങ്ങളെ വിവാഹം കഴിപ്പിച്ചയക്കാൻ തങ്ങളുടെ മാതാപിതാക്കൾക്ക് ആവില്ല എന്ന തിരിച്ചറിവിൽ മനം നൊന്താണ് അവർ ആത്മഹത്യ ചെയ്‌തത്. സ്ത്രീധനം നൽകാനില്ലാതത്തിനാൽ വിവാഹം കഴിയില്ലെന്നോർത്തു, കൊടുത്ത സ്ത്രീധനം പോരാ എന്ന് പറഞ്ഞു ഭർതൃവീട്ടിലെ പീഡനം സഹിക്കാൻ വയ്യാതെ ജീവത്യാഗം ചെയ്യുന്ന സ്ത്രീകളുടെ നിര തുടങ്ങുന്നത് 1988 ൽ ഒന്നുമല്ല.
കഴിഞ്ഞ മൂന്ന് ദശാബ്ദത്തിന്‍റെ കണക്കെടുത്താൽ അനവധി സ്ത്രീധന പീഡന മരണങ്ങൾ ഇന്ത്യയിൽ നടന്നതായി കാണാം. ഇതിനേക്കാൾ ഒക്കെ എത്രയോ മടങ്ങധികമാണ് സ്ത്രീധനത്തിന്‍റെ പേരിൽ ചൂഷണം ചെയ്യപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടുന്നവരിൽ നിന്ന് തന്നെ ദുരനുഭവങ്ങളിലൂടെ ദിവസവും കടന്നു പോവേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണം. അർച്ചന, ധന്യ, പ്രിയങ്ക, ശാരി, ഉത്ര ഇപ്പോൾ വിസ്മയ. സ്ത്രീധന പീഡനത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സമ്പൂർണ്ണ സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ മാത്രം പൊലിഞ്ഞ ജീവനുകളാണിവ.
“സ്ത്രീ തന്നെ ആണ് ധനം. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്.” എന്ന് എത്ര തവണ കേട്ടാലും പുരുഷൻ- വ്യക്‌തി- കുടുംബം- ജാതി- മതം- സമൂഹം സ്ത്രീധനത്തിന് ചൂട്ടുപിടിക്കും.
കന്യാദാനം
വേദ കാലഘട്ടത്തിലെ പുരാതന വിവാഹ ചടങ്ങുകൾ കന്യാദാനമായി ബന്ധപ്പെട്ടിരിക്കുന്നു. മണവാളന് ഒരു ദക്ഷിണ നൽകപ്പെടുന്നതു വരെ കന്യാദാനത്തിന്‍റെ പുണ്യകർമ്മം പൂർത്തിയാകില്ലെന്ന് ധർമ്മശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നു. അതിനാൽ, വധുവിനെ മണവാളന് വിട്ടുകൊടുക്കുമ്പോൾ അയാൾക്ക് വരദക്ഷിണയായി പണമോ പൊരുളോ നൽകണം. അങ്ങനെ കന്യാദാനം വരദക്ഷിണയുമായി ബന്ധപ്പെട്ടു. അതായത് വധുവിന്‍റെ മാതാപിതാക്കളോ രക്ഷിതാവോ മണവാളന് നൽകുന്ന പണമോ സമ്മാനങ്ങളോ. വരദക്ഷിണ വാത്സല്യത്തോടെയാണ് വാഗ്ദാനം ചെയ്തത്. നിർബന്ധിത പരാമർശങ്ങളൊന്നുമില്ലാതെ സ്വമേധയാ ഉള്ള ഒരു ശീലമായിരുന്നു അത്. കാലക്രമേണ, സ്ത്രീധനത്തിലെ സ്വമേധയാ ഉള്ള ഘടകം അപ്രത്യക്ഷമാവുകയും നിർബന്ധിത ഘടകം കടന്നു കയറുകയും ചെയ്‌തു. ഇത് വിവാഹച്ചടങ്ങിൽ മാത്രമല്ല, വിവാഹാനന്തര ബന്ധത്തിലും ആഴത്തിലുള്ള വേരുകൾ രൂപപ്പെട്ടിട്ടുണ്ട്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീധനം ഒരു സാമൂഹിക അന്യായമായി തുടരുന്നു. “വിവാഹത്തിന് സ്ത്രീധനം ആവശ്യപ്പെടുന്ന ഏതൊരു ചെറുപ്പക്കാരനും തന്‍റെ വിദ്യാഭ്യാസത്തെയും രാജ്യത്തെയും അപമാനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്നു എന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെടുകയുണ്ടായി. വിദ്യാസമ്പന്നരെന്നോ നിരക്ഷരരെന്നോ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ജാതി മത ഉച്ചനീചത്വങ്ങൾ എന്നോ നോക്കാതെ ഈ സമ്പ്രദായം നിലനിന്ന് പോരുന്നു എന്നത് ലജ്ജാവഹം തന്നെയാണ്.
സ്ത്രീധന നിരോധന നിയമം
സ്ത്രീധന നിരോധന നിയമം 1961 മെയ് 1 ന് പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം ഏതെങ്കിലും തരത്തിൽ സ്ത്രീധനം കൊടുക്കുന്നതോ വാങ്ങുന്നതോ ശിക്ഷാർഹമാണ്. അത് വസ്തുവായാലും പണമായാലും സ്‌ഥലമായാലും ശിക്ഷാർഹമാണ്. സ്ത്രീധന നിരോധന നിയമം ഇന്ത്യയിലെ എല്ലാ മതങ്ങളിലെയും ആളുകൾക്ക് ഒരുപോലെ ബാധകമാണ്.
കാലക്രമേണ സ്ത്രീധന നിരോധന നിയമം അതിന്‍റേതായ പല ന്യൂനതകളും പരിഹരിച്ചു പലവുരു ഭേദഗതികൾക്ക് വിധേയമായി. സ്ത്രീധനവുമായി ബന്ധപ്പെട്ട അക്രമങ്ങൾക്ക് ഇരയായ സ്ത്രീകളെ സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ പീനൽ കോഡിലെ നിയമവും പ്രസക്തമായ വിഭാഗങ്ങളും കൂടുതൽ ഭേദഗതി ചെയ്‌തു. ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം 2005 ൽ നിയമ പരിരക്ഷയുടെ മറ്റൊരു തലം നൽകി.
സ്ത്രീധനം നിരോധന നിയമത്തിലെ ഭേദഗതികൾ സ്ത്രീധനം നൽകുന്നതിനും സ്വീകരിക്കുന്നതിനും കുറഞ്ഞതും കൂടിയതുമായ ശിക്ഷകൾ സ്‌ഥാപിക്കുകയും വിവാഹവുമായി ബന്ധപ്പെട്ട് പണത്തിന്‍റെയോ സ്വത്തിന്‍റെയോ സ്ത്രീധനം അല്ലെങ്കിൽ പരസ്യ ഓഫറുകൾ ആവശ്യപ്പെടുന്നതിന് പിഴ ഈടാക്കുകയും ചെയ്‌തു. സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരത, സ്ത്രീധന മരണം, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾ സ്ഥാപിക്കുന്നതിനായി 1983 ൽ ഇന്ത്യൻ പീനൽ കോഡ് പരിഷ്കരിച്ചു. ഇതിലൂടെ സ്ത്രീധന ആവശ്യങ്ങൾക്കോ സ്ത്രീധന പീഡനത്തിനോ തെളിവ് ലഭ്യമെങ്കിൽ ഈ നിയമങ്ങൾ സ്ത്രീകൾക്കെതിരായ അക്രമത്തിനു നേതൃത്വം കൊടുത്ത അവരുടെ ഭർത്താവിനെയോ ബന്ധുക്കളെയോ ശിക്ഷിച്ചു. എന്നിരിക്കലും ഇന്നും സ്ത്രീധന നിരോധനം സാധ്യമാക്കാൻ ഇപ്പോഴും ഈ നിയമങ്ങൾക്ക് പൂർണ്ണമായി സാധിച്ചിട്ടില്ല.
സിനിമകളും സ്ത്രീധനവും
സാമൂഹ്യ പ്രശ്നങ്ങളുടെ ചിത്രീകരണവും നാം ജീവിക്കുന്ന സമൂഹത്തിൽ അത് ചെലുത്തുന്ന സ്വാധീനവും തമ്മിലുള്ള ബന്ധം എല്ലായ്പ്പോഴും സങ്കീർണ്ണമാണ്. മിക്കപ്പോഴും മുഖ്യധാര സിനിമകൾ മറ്റെന്തിനെയും എന്ന പോലെ സ്ത്രീധനം എന്ന വിപത്തിനെയും സാധാരണ പോലെ അവതരിപ്പിച്ച് വെള്ളപൂശാറുണ്ട്.
സത്യൻ അന്തികാട്ടിന്‍റെ പൊന്മുട്ടയിടുന്ന താറാവ്, സിബി മലയിലിന്‍റെ മാലയോഗം, അനിൽ-ബാബുവിന്‍റെ സ്ത്രീധനം, സത്യൻ അന്തികാട്ടിന്‍റെ തന്നെ ഭാഗ്യദേവത, ശംബുവിന്‍റെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നീ ചലച്ചിത്രങ്ങളിലൊക്കെ ഇത്തരത്തിൽ സ്ത്രീധന വിഷയം കൈകാര്യം ചെയ്‌തിരിക്കുന്നതായ് കാണാം.
ഉദാഹരണത്തിന് ഭാഗ്യദേവത എന്ന ചിത്രത്തിൽ അവസാനം അനീതിക്ക് വിധേയയായ സ്ത്രീ (കനിഹ), സ്ത്രീധന പീഡനത്തിന് ഇരയായ നായകനോട് (ജയറാം) ക്ഷമിക്കുക മാത്രമല്ല, സഹോദരിയുടെ സ്ത്രീധന പണം നല്കാൻ സമ്മതിച്ച് സ്ത്രീധനത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ശംബു പുരുഷോത്തമൻ സംവിധാനം ചെയ്‌ത പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങുന്നത് ഒരു സ്ത്രീധന ഇടപാടോടു കൂടിയാണ്. ഒരു സമ്പന്ന കുടുംബത്തിൽ പെട്ടവരാണെന്ന ധാരണ നൽകുന്ന ആൺകുട്ടിയുടെ കുടുംബത്തിന്, ഇത് അവരുടെ അവസാനത്തെ ആശ്രയമാണ്. ഭീമമായ ഈ തുക അവരുടെ വർദ്ധിച്ചു വരുന്ന കടങ്ങളിൽ നിന്നും അവരെ രക്ഷപ്പെടുത്തും. വിവാഹ നിശ്ചയ സമയത്ത്, വധുവിന് ചില മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കുമ്പോൾ, പിതാവ് അവർക്ക് കൂടുതൽ സ്ത്രീധനം വാഗ്ദാനം നൽകുമ്പോൾ ആ കുറവുകൾ അവഗണിക്കാൻ അവർ തയ്യാറാണ്.
ഇത്തരത്തിൽ മിക്ക സിനിമകളും ഇതിനെ നോർമലൈസ് ചെയ്യുന്നു. ഒടുവിൽ എങ്ങാനും വിമർശനമുയർന്നാൽ “ഇത് വെറും സിനിമയല്ലേ” എന്ന ലാഘവ വാക്യത്തിൽ അതിനെ പുച്ചിച്ചു തള്ളും.
പ്രത്യാശയുടെ പുൽനാമ്പുകൾ
ആലപ്പുഴയിൽ നിന്നാണ് കഴിഞ്ഞ ആഴ്ച മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ടു ചെയ്തത്. സതീഷ് സത്യൻ എന്ന ചെറുപ്പകാരന്‍റെയും ശ്രുതിരാജ് എന്ന യുവതിയുടെയും വിവാഹ വേദി, മാതാപിതാക്കൾ ശ്രുതിക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ സതീഷ് തിരികെ നൽകി. ഇത് ഏൽപ്പിച്ചു കൊണ്ട് സതീഷ് പറഞ്ഞു “എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം.” വൻ കരഘോഷത്തോടെയാണ് വരന്‍റെ തീരുമാനത്തെ കല്യാണത്തിന് ഒത്തുകൂടിയവർ സ്വീകരിച്ചത്.
ഞാൻ ഇത് എഴുതിക്കൊണ്ടിരിക്കുന്ന വേളയിൽ കേരള ഗവർണറായ ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിഭവനിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കവേ എല്ലാ വിദ്യാർത്ഥികളും അവരുടെ ബിരുദമോ ഡിപ്ലോമ സർട്ടിഫിക്കറ്റോ ലഭിക്കുന്നതിന് മുമ്പായി തങ്ങൾ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യില്ല എന്ന് ഒപ്പു വച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താൻ എല്ലാ വൈസ്ചാൻസലർമാർക്കും കത്തെഴുതുമെന്ന് പറഞ്ഞു. എന്നെങ്കിലും അവർ അത് ലംഘിച്ചതായി കണ്ടെത്തിയാൽ സർവകലാശാലയ്ക്ക് അവരുടെ ബിരുദം റദ്ദാക്കാമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നടപ്പിലായാൽ തീർച്ചയായും ഇത് ഒരു നാഴികക്കല്ലായി മാറും, തീർച്ച!
അല്ലെങ്കിലും ഇത്തരം മാറ്റങ്ങൾക്കൊക്കെ ചുക്കാൻ പിടിക്കേണ്ടത് യുവ തലമുറ തന്നെയാണല്ലോ! വിവാഹം (അഥവാ ഒരുമിച്ചുള്ള ജീവിതം) സന്തോഷ നിർഭരമായിരിക്കേണ്ട ഒന്നാണ്, അതിനെ പണത്തിൽ തൂക്കി വിൽക്കാതിരിക്കാം. മാറ്റങ്ങൾ ഉണ്ടാകുമാറാവട്ടെ!