മികച്ച ആരോഗ്യത്തിന്‍റെ അടിത്തറയാണ് നല്ല ശീലങ്ങൾ. നമ്മുടെ ശീലങ്ങളെ ആശ്രയിച്ചാണ് നമ്മുടെ ആരോഗ്യം രൂപപ്പെടുന്നത്. ശീലങ്ങൾ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയാം. ഇത്തരത്തിൽ സ്വന്തം വീടിന്‍റെ ഹോം ഹൈജീൻ മെച്ചപ്പെടുത്തണമെന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതായി വരും.
വീടിന്‍റെ ഓരോ കോണും വൃത്തിയുള്ളതായിരിക്കണം, ഫ്ളോർ ക്ലീനിംഗ് മുതൽ അടുക്കളയെ എങ്ങനെ അണുവിമുക്തമാക്കണം, ഭക്ഷ്യവസ്തുക്കൾ ചീത്തയാവാതെ എങ്ങനെ സൂക്ഷിക്കണം, കൈകളുടെ ശുചിത്വം, വസ്ത്രങ്ങളുടെ വൃത്തി എന്നിങ്ങനെ വീടുമായി ബന്ധപ്പെട്ട എല്ലാ ശുചിത്വ കാര്യങ്ങളിലും സൂക്ഷ്മത പുലർത്തിയാൽ മാത്രമേ കോവിഡ് മഹാമാരിയുടെ ഈ സമയത്ത് സ്വന്തം കുടുംബത്തെ അണുക്കളും വൈറസുകളിൽ നിന്നും പരിരക്ഷിക്കാനാവൂ.
ഫ്ളോർ ക്ലീനിംഗ്
പുറത്തു നിന്നും വന്നും പോയുമിരിക്കുന്നതുകൊണ്ട് വീടിന്‍റെ നിലം അതിവേഗം വൃത്തികേടാവും. അതിനാൽ ഏറ്റവുമധികം വൈറസുകളും അണുക്കളും ഫ്ളോറിൽ രൂപം കൊള്ളും. അതിനാൽ നിത്യവും ഫ്ളോർ ക്ലീൻ ചെയ്യേണ്ടത് പ്രധാനമാണ്. കൊച്ച് കുട്ടികൾ ഉള്ള വീടാണെങ്കിൽ പ്രത്യേകിച്ചും. കാരണം കുഞ്ഞുങ്ങൾ നിലത്തു കിടക്കുന്ന വസ്തുക്കളും എടുത്ത് വായിലിടുന്ന സ്വഭാവക്കാരാണ്. ഇത് ആരുടെയും ശ്രദ്ധയിൽ പെടണമെന്നില്ല. കാലാവസ്‌ഥ ഏതുമായ്ക്കൊള്ളട്ടെ ഫ്ളോർ ക്ലീനിംഗിൽ വിട്ടു വീഴ്ച വരാതെ ശ്രദ്ധിക്കാം.
നിത്യവും ഡിസ്ഇൻഫക്റ്റൻന്‍റ് ഉപയോഗിച്ച് ഫ്ളോർ ക്ലീൻ ചെയ്യാം. വൈറസുകളേയും അണുക്കളേയും നശിപ്പിക്കാൻ ഫലവത്താണിത്. ഒപ്പം ഫ്ളോറിൽ അടിഞ്ഞു കൂടിയ അഴുക്കിനെ റിമൂവ് ചെയ്യുന്നതു കൊണ്ട് അലർജി, മറ്റ് അസുഖങ്ങൾ എന്നിവയുണ്ടാകുന്നതിനുള്ള സാധ്യത കുറയും. മാത്രവുമല്ല ക്ലീനറിന്‍റെ നനുത്ത സുഗന്ധം ചുറ്റിലും ഹൃദ്യമായ അന്തരീക്ഷമൊരുക്കും.
അതിനുവേണ്ടി വെള്ളത്തിൽ ഏതാനും തുള്ളി ഡെറ്റോൾ ചേർത്ത് ദിവസവും ഫ്ളോർ ക്ലീൻ ചെയ്യാം. അല്ലെങ്കിൽ വിപണിയിൽ ലഭ്യമായ ഉയർന്ന ഗുണനിലവാരമുള്ള ഡിസ്ഇൻഫക്റ്റൻന്‍റും വാങ്ങി ഉപയോഗിക്കാം.
അടുക്കളയുടെ ആരോഗ്യം
കൊറോണ വൈറസ് ചില കിച്ചൺ സർഫസുകളിൽ ഏതാനും മണിക്കൂർ തുടങ്ങി ഒരു ദിവസം വരെ ജീവിച്ചിരിക്കുമെന്നാണ് പഠനം പറയുന്നത്. അതായത് കാർഡ് ബോർഡിൽ 24 മണിക്കൂറും പ്ലാസ്റ്റിക്കിൽ 3 മണിക്കൂറും വരെ കൊറോണ വൈറസിന് ജീവിച്ചിരിക്കാനാവുമത്രേ. അതുകൊണ്ട് സ്വന്തം ആരോഗ്യം പോലെ പരമ പ്രധാനമാണ് അടുക്കളയുടെ ആരോഗ്യം.
അതിന് ഏറ്റവുമാദ്യം ചെയ്യേണ്ടത് അടുക്കളയിൽ കയറും മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കാം. അതിനു ശേഷമെ അടുക്കളയിലെ ഏതെങ്കിലും വസ്തു സ്പർശിക്കാവൂ. അടുക്കള ജോലിയെല്ലാം കഴിഞ്ഞ ശേഷം കിച്ചൺ സർഫസ് ഡിസ്ഇൻഫക്റ്റൻന്‍റ് ഉപയോഗിച്ച് ക്ലീൻ ചെയ്യാം. ഒപ്പം അടുക്കളയിൽ തുടയ്ക്കാൻ ഉപയോഗിക്കുന്ന തുണികളും സ്പോഞ്ചും നിത്യവും കഴുകി ഉണക്കിയെടുക്കണം.
കട്ടിംഗ് ബോർഡിൽ സാൽമൊണല്ല വൈറസ്, ഇകോളി തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതെല്ലാം രോഗകാരണങ്ങളാകാം. അതുകൊണ്ട് ഓരോ തവണയും ഉപയോഗിച്ച ശേഷം കട്ടിംഗ് ബോർഡ് ചൂട് വെള്ളത്തിൽ കഴുകാൻ മറക്കരുത്. കീബോർഡ് ഹാൻഡിൽസ്, മൈക്രോവേവ് ഹാൻഡിൽ എന്നിവ പുറമെ നിന്ന് ക്ലീൻ ചെയ്‌ത് അണുവിമുക്തമാക്കാം. ബാക്ടീരിയയുടെ വീടെന്ന് വിശേഷിപ്പിക്കാവുന്ന ഡസ്റ്റ്ബിൻ ക്ലീനിംഗാണ് മറ്റൊരു പ്രധാന കാര്യം. ദിവസവും ഡിസ് ഇൻഫക്റ്റൻന്‍റ് ഉപയോഗിച്ച് ഡസ്റ്റ്ബിൻ ക്ലീൻ ചെയ്യുക.
ഡോർ ഹാൻഡിൽസ്
കുടുംബാംഗങ്ങളെല്ലാവരും തന്നെ ഏറ്റവും അധികം സ്പർശിക്കുന്ന ഇടമാണ് ഡോർ ഹാൻഡിലുകൾ. കൊറോണ വൈറസിന്‍റെ വ്യാപന സമയത്ത് ഇക്കാര്യം കൂടി ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഡോർ ഹാൻഡിലുകളിൽ സ്റ്റൈപ് എന്നു പേരുള്ള ബാക്ടീരിയ പെരുകാറുണ്ട്. ഇവ വായയിലോ മൂക്കിലോ പ്രവേശിച്ചാൽ ശ്വാസോഛ്വാസത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇത്തരം അപകടകരമായ സാഹചര്യം ഒഴിവാക്കുന്നതിന് ഡോർ ഹാൻഡിലുകൾ ആന്‍റി ബാക്ടീരിയ ക്ലീനർ ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ മറക്കരുത്. ഇത് ക്ലീൻ ചെയ്‌ത ശേഷം സ്വന്തം കൈകളും സോപ്പ് ഉപയോഗിച്ച് വാഷ് ചെയ്യണം.
ടോയ്‍ലറ്റിൽ റോട്ടാ വൈറസ്
ഏറ്റവുമധികം ഈർപ്പം തങ്ങി നിൽക്കുന്ന ഒരിടമാണ് ടോയ്‍ലറ്റ്. ഈർപ്പത്തിന്‍റെ സാന്നിധ്യം ബാക്ടീരിയ പെരുകാൻ അനുകൂലമായ സാഹചര്യമൊരുക്കുമെന്ന് പറയേണ്ടതില്ലല്ലോ. ടോയ്‍ലറ്റ് ഉപയോഗിച്ച ശേഷം വൈപ്പർ ഉപയോഗിച്ച് വെള്ളം നീക്കം ചെയ്ത് ഡ്രൈയാക്കുന്നത് അണുവിമുക്തമാക്കാൻ സഹായിക്കും. ഓരോ തവണയും ഫ്ളഷ് ബട്ടൻ ഉപയോഗിച്ച ശേഷം കൈകൾ ശുചിയാക്കാൻ മറക്കരുത്. കാരണം ഇത്തരമിടങ്ങൾ റോട്ടാ വൈറസിന്‍റെ കേന്ദ്രമാകാം. ഡയറിയ, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഈ വൈറസ് കാരണമാകാം. അതുപോലെ പ്രധാനമാണ് ടൂത്ത് ബ്രഷ് ഹോൾഡർ പതിവായി കഴുകി വൃത്തിയാക്കുന്നതും. ടൂത്ത് ബ്രഷ് ഉപയോഗിച്ച ശേഷം ക്യാപ് കൊണ്ട് കവർ ചെയ്‌ത് വയ്ക്കണം. ഇത്തരം മുൻകരുതലുകൾ നല്ലൊരു അളവു വരെ അണുക്കളെ നമ്മിൽ നിന്നും അകറ്റി നിർത്താൻ സഹായിക്കും.
കാർപ്പെറ്റിൽ ഒളിഞ്ഞിരിക്കുന്ന വൈറസ്
ഇകോളി നോറോ വൈറസ്, സാൽമൊണല്ല വൈറസ് എന്നിവ ഒളിഞ്ഞിരിക്കുന്ന മറ്റൊരിടമാണ് കാർപ്പെറ്റ്. ഇതിലൂടെ നടക്കുമ്പോൾ മറഞ്ഞിരിക്കുന്ന ഈ വൈറസ് എയർബോൺ ആവുകയും ഉദരസംബന്ധമായ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
കാർപ്പെറ്റ് റെഗുലറായി വാക്യും ക്ലീനർ ഉപയോഗിച്ച് ക്ലീൻ ചെയ്യുകയെന്നതാണ് ഇതിനുള്ള പോംവഴി. കാർപ്പെറ്റ് വാഷ് ചെയ്യുകയാണെങ്കിൽ ഏതെങ്കിലും പ്രൊഫഷണൽ കാർപ്പെറ്റ് ക്ലീനർ സർവീസിന്‍റെ സഹായം തേടാം അല്ലെങ്കിൽ ആന്‍റി ബാക്ടീരിയൽ ക്ലീനർ ഉപയോഗിച്ച് ക്ലീൻ ചെയ്യാം. അഴുക്കും മെഴുക്കും പൊടിയും ബാക്ടീരിയയും നീങ്ങി കിട്ടുന്നതിന് ശരിയായ ക്ലിനിംഗ് ഫലവത്താണ്. അലർജി പോലെയുള്ള പ്രശ്നവും ഒരിക്കലും ഉണ്ടാവുകയുമില്ല.
ബെഡ്റൂം ക്ലീനിംഗ്
ഏറ്റവും സ്വസ്ഥമായി ഇരിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ഒരിടമാണ് ബെഡ്റൂം. എന്നാൽ ബെഡ്റൂമിന്‍റെ കാര്യത്തിൽ അശ്രദ്ധ പുലർത്തിയാൽ നമ്മൾ ഏറെ നേരം ചെലവഴിക്കുന്ന കിടക്കയിലെ ബെഡ് ഷീറ്റും തലയിണയുമൊക്കെ രോഗ കാരണങ്ങളാകാം. ഇതിൽ പൊടി, അണുക്കൾ എന്നിവയുണ്ടാകും. ഇതുകൊണ്ട് അലർജി, ഫംഗൽ ഇൻഫക്ഷൻ, ശ്വാസകോശ സംബന്ധമായ അസ്വസ്ഥകൾ എന്നിവയുണ്ടാകാം. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് തലയിണയും ബെഡ്‌ഡും വെയിൽ കൊള്ളിക്കുന്നത് ഉചിതമായിരിക്കും. ബെഡ്ഷീറ്റും പില്ലോ കവറും ആഴ്ചയിൽ മാറ്റുക. ഇപ്രകാരം ബെഡ്റൂം ക്ലീനായി സൂക്ഷിക്കാം.
ഷൂ റാക്ക്
ഭൂരിഭാഗം വീടുകളിലും ഷൂ റാക്കുകൾ ഉണ്ട്. ചെരുപ്പും ഷൂസും മറ്റും അവിടവിടെ നിരന്നു കിടക്കുന്നത് ഒഴിവാക്കാനാണ് ഷൂ റാക്ക് ഉപയോഗിക്കുന്നത്. ചെരിപ്പിന്‍റെ അടിയിലും അകത്തുമായും വലിയ അളവിൽ ബാക്ടീരിയകളുണ്ടെന്ന് ഇത് സംബന്ധിച്ച് നടന്ന ഒരു പഠനം പറയുന്നുണ്ട്. അതുകൊണ്ട് വീട്ടിലെ മറ്റ് വസ്‌തുക്കൾ വൃത്തിയായി സൂക്ഷിക്കും പോലെ ഇക്കാര്യത്തിലും ശ്രദ്ധ വേണം.
വീടിന് പുറത്തായി ഷൂറാക്ക് വയ്ക്കുന്നതാണ് ഉചിതം. എസ്ചെറികിയ കോളി എന്ന പേരുള്ള ബാക്ടീരിയ പെരുകുന്നയിടമാണിത്. ഇത് വൻക്കുടലിന് ദോഷമുണ്ടാക്കുന്നതിനൊപ്പം യൂറിൻ ഇൻഫക്ഷനും കാരണമാകാം. അതുകൊണ്ട് ആഴ്ചയിലൊരു തവണ ഷൂ റാക്കിനെ ഡിസ്ഇൻഫക്റ്റൻന്‍റ് സ്പ്രേ ഉപയോഗിച്ച് ക്ലീൻ ചെയ്യാം. ഒപ്പം നനഞ്ഞതും ഈർപ്പമുള്ളതുമായ ഷൂസ് ഷൂറാക്കിൽ വയ്ക്കാതിരിക്കുക.
ഫർണ്ണീച്ചർ
ഫർണ്ണീച്ചറിൽ 70% എയർ ബോണും പ്രതലങ്ങളിലും 80% ബാക്ടീരിയകളുമുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. ബാക്ടീരിയയുമായി നിരന്തര സമ്പർക്കം ഉണ്ടാവുന്നതിനാൽ നാം അറിയാതെ പലവിധ അസുഖങ്ങൾ ഉണ്ടാകാം. അതുകൊണ്ട് 15-20 ദിവസം കൂടുമ്പോൾ കുഷ്യൻ കവറുകളും സോഫ കവറുകളും കഴുകി ഉണക്കിയെടുക്കുക. ഒപ്പം വാക്വം ക്ലീനർ ഉപയോഗിച്ച് സോഫയിലെ മറ്റും അഴുക്കുകളും പൊടികളും നീക്കം ചെയ്യുക.
വസ്ത്രങ്ങൾ ഡിസ്ഇൻഫക്റ്റന്‍റാക്കാം
ഈ സമയത്ത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് വസ്ത്രങ്ങളുടെ ശുചിത്വം. അതിനാൽ ഉയർന്ന ക്വാളിറ്റിയിലുള്ള ഡിറ്റർജന്‍റ് ഉപയോഗിച്ച് തുണി വാഷ് ചെയ്യാം. അതുപോലെ വസ്ത്രങ്ങൾ ധാരാളം വെള്ളമുപയോഗിച്ച് കഴുകിയെടുക്കണം.
വാഷിംഗ് മെഷീനിൽ വെള്ളത്തിന്‍റെ ഊഷ്മാവ് കൃത്യമായ നിലയിലാക്കുക. അങ്ങനെയായാൽ ഡിറ്റർജന്‍റ് ശരിയായ രീതിയിൽ വർക്ക് ചെയ്യും. അതുപോലെ പ്രധാനമാണ് മുഷിഞ്ഞ വസ്ത്രങ്ങൾ ലോൺഡ്രി ബാഗിൽ കരുതി വയ്ക്കുന്നതും.
കമ്പ്യൂട്ടർ കീ ബോർഡിൽ ബാക്ടീരിയകൾ
ടോയ്‍ലറ്റ് സീറ്റിനേക്കാളിലും കൂടുതൽ അണുക്കൾ കമ്പ്യൂട്ടർ കീബോർഡിൽ ഉണ്ടാകുമത്രേ. ഇത് മാത്രമല്ല മൊബൈൽ, നിത്യവും ഉപയോഗിക്കുന്ന ഗാഡ്ജറ്റ്സ് എന്നിവയിലും ബാക്ടീരിയ ഒളിഞ്ഞിരിക്കാം. ഇവ നമ്മുടെ കൈകളിലൂടെ ശരീരത്തിനുള്ളിൽ കടന്നു കൂടാം. അതിനാൽ ഗാഡ്ജറ്റ്സും കീബോർഡുകളും തുണിയോ കോട്ടനോ ഉപയോഗിച്ച് ദിവസവും വൃത്തിയാക്കുക.