ഞങ്ങളുടെ ഫ്ളൈറ്റ് ഡൽഹിയിലെത്തുമ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു. കേരളത്തിൽ നിന്നും ഡൽഹിയിലെത്തുമ്പോഴുള്ള കാലാവസ്‌ഥാ വ്യതിയാനം ഫ്ളൈറ്റ് ഇറങ്ങിയയുടനെ ശരീരം തൊട്ടറിഞ്ഞു.

കേരളത്തിൽ മനുഷ്യ ഹൃദയത്തിലെന്ന പോലെ കാലാവസ്‌ഥയിലും മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. മഴ പ്രതീക്ഷിച്ചിരിക്കുന്ന അവസ്‌ഥയിൽ കനത്ത വേനൽച്ചൂടാവും അനുഭവപ്പെടുക.

സ്നേഹത്തിന്‍റേയും ആത്മാർത്ഥതയുടേയും അഭാവം മൂലം മനുഷ്യഹൃദയം വരണ്ടുണങ്ങിയതു പോലെ പ്രകൃതിയും മഴയുടെ അഭാവത്തിൽ വരണ്ടു തുടങ്ങിയിരിക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴയാകട്ടെ ഒരു പ്രയോജനവും ചെയ്യുന്നുമില്ല. സമ്പത്തിലും, സ്വാർത്ഥ താൽപര്യങ്ങൾക്കും വേണ്ടി പാപങ്ങൾ ചെയ്‌തു കൂട്ടുന്ന മനുഷ്യരെ നോക്കി പ്രകൃതി പൊട്ടിച്ചിരിക്കുകയാണെന്നു തോന്നി. ഇടയ്ക്കിടയ്ക്കു പെയ്യുന്ന മഴയിൽ പോലും ചൂടു കനത്തു കണ്ടപ്പോൾ.

കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ അമ്പലങ്ങളിൽ പോലും ഇന്നിപ്പോൾ ദൈവമുണ്ടോ എന്നു സംശയമാണ്.

നാം പരിപാവനത നൽകി ദൈവത്തെ ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ പലതും പണത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നവയായി മാറിക്കഴിഞ്ഞു. ആരാധനാലയങ്ങളെല്ലാം കച്ചവട സ്‌ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ദൈവത്തെ വിറ്റഴിക്കുന്ന ജനങ്ങൾ.

“മീരാ, താനെന്താ ഗൗരവമായി ആലോചിച്ചു കൊണ്ടു നടക്കുന്നത്. ഡൽഹിയിലെത്തിയിട്ടും തനിക്കൊരു സന്തോഷമില്ലല്ലോ.”

“ഞാൻ… ഞാൻ വെറുതെ എന്തൊക്കെയോ ആലോചിച്ചു പോയി നരേട്ടാ. പൊതുവായ ചില കാര്യങ്ങൾ.”

“നമുക്ക് എന്തെങ്കിലും ആഹാരം കഴിച്ചശേഷം വീട്ടിലേയ്ക്കു മടങ്ങാം. അതായിരിക്കും നല്ലത് അല്ലേ. നരേട്ടന്‍റെ തീരുമാനത്തെ കൃഷ്ണമോളും പിന്താങ്ങി.

“അതു ശരിയാണച്ഛാ. നല്ല വിശപ്പുണ്ട്. ടുട്ടുമോനും വിശക്കുന്നുണ്ടാവും. അവന് പാലു കൊടുക്കണം.”

എയ്റോ ഡ്രോമിനടുത്തുള്ള ഒരു നല്ല ഹോട്ടലിൽ ഞങ്ങൾ കയറി. വിദേശിയരായ ചിലരേയും അവിടെ കണ്ടു. സിമ്മിംഗ് പൂളും മറ്റുമുള്ള അവിടെ വിദേശിയരിൽ പലരും സുഖവാസത്തിനെത്താറുണ്ട്. ഓർഡർ ചെയ്‌ത് മിനിട്ടുകൾ പിന്നിട്ടിട്ടും വിഭവങ്ങളെത്താതിരുന്നപ്പോൾ ഞാൻ പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണുകൾ പായിച്ചു. സ്വദേശീയരും, വിദേശീയരുമായ അനേകം പേർ വർണ്ണ വസ്ത്രങ്ങളണിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പെട്ടെന്ന് എന്‍റെ മുന്നിലേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാർ എന്നെ നോക്കി അഭിവാദ്യം ചെയ്‌തു. “ഗുഡ്നൈറ്റ് മാഡം… ആപ് യഹാം…” എന്‍റെ വിദ്യാർത്ഥികളാണവരെന്നു തിരിച്ചറിഞ്ഞപ്പോൾ പറഞ്ഞു.

“ഞാൻ കുടുംബത്തോടൊപ്പം കേരളത്തിൽ പോയിട്ട് മടങ്ങുന്ന വഴിയാണ്.”

“ഓ… ആപ് അകേലേ ഹൈ…”

അപ്പോഴാണ് ഞാനൊറ്റയ്ക്കാണെന്നറിഞ്ഞത്. ദേവാനന്ദും, കൃഷ്ണമോളും നേരത്തെ തന്നെ മോന് പാലുകൊടുക്കേണ്ട ആവശ്യത്തിനായി എങ്ങോട്ടോ മാറിയിരുന്നു. നരേട്ടൻ അൽപം മാറി നിന്ന് കാഴ്ചകൾ കാണുകയായിരുന്നു.

വിദ്യാർത്ഥികളുടെ സംസാരം കേട്ടപ്പോൾ അത് ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹം അടുത്തെത്തി.

“ഓ… ആപ് കെ സാഥ് വിഷ്ണുനാരായണൻ സാർ ഹെ. ഹം ആപ്കോ ദേഖാ നഹിം…” തുടർന്നദ്ദേഹം അവരെ പരിചയപ്പെട്ടു. ഒരേ കോളേജിൽ പ്രവർത്തിച്ചിരുന്നവരാണെങ്കിലും അവർ എന്‍റെ മാത്രം വിദ്യാർത്ഥികളായിരുന്നതിനാലാണ് നരേട്ടൻ അവരെ തിരിച്ചറിയാതിരുന്നത്.

“നരേട്ടാ ഇത് അരുൺ. പാതി മലയാളിയാണ്. പിന്നെ ഇത് വിവേക്. അവർ നമ്മുടെ കോളേജിലെ റിസേർച്ച് സ്ക്കോളേഴ്സ് ആണ്. ഇവർ നമ്മുടെ രാഹുൽ മോനോടൊപ്പം സ്ക്കൂളിൽ പഠിച്ചിട്ടുണ്ട്.”

ഞാനവരെ നരേട്ടന് പരിചയപ്പെടുത്തി. രാഹുൽ മോന്‍റെ കൂട്ടുകാരാണെന്നറിഞ്ഞപ്പോൾ നരേട്ടന് അവരോടുള്ള താൽപര്യം വർദ്ധിച്ചു. അവരുടെ വീടും, നാടും മറ്റു വിശേഷങ്ങളും അദ്ദേഹം ചോദിക്കാൻ തുടങ്ങി. പെട്ടെന്ന് ഞാൻ പറഞ്ഞു. “നരേട്ടാ അരുണിന്‍റെ അമ്മ മലയാളിയും അച്‌ഛൻ പഞ്ചാബിയുമാണ്. അരുണിന് മലയാളം പറഞ്ഞാൽ മനസ്സിലാകും. പിന്നെ സംസാരിക്കുകയും ചെയ്യും.”

“ഓഹോ അതു നന്നായി. ഏതായാലും നിങ്ങളെക്കണ്ടതിൽ സന്തോഷം. നിങ്ങൾ എന്തെങ്കിലും ആഹാരം കഴിച്ചോ? ഇല്ലെങ്കിൽ നമുക്കൊരുമിച്ചിരിക്കാം.” നരേട്ടൻ അവരെ ക്ഷണിച്ചു കൊണ്ടു പറഞ്ഞു.

നരേട്ടൻ ക്ഷണിച്ചതനുസരിച്ച് അവർ രണ്ടുപേരും ഞങ്ങൾക്കരികിലിരുന്നു. അപ്പോഴേയ്ക്കും വെയിറ്റർ ആഹാര സാധനങ്ങളുമായി ഞങ്ങളുടെ മേശയ്ക്കരികിലെത്തി. മുന്നിൽ വച്ച പ്ലേറ്റുകളിലേയ്ക്ക് ഞങ്ങൾ ആഹാരം വിളമ്പിത്തുടങ്ങിയപ്പോൾ കൃഷ്ണമോളും, ദേവാനന്ദും മോനേയും കൊണ്ട് മടങ്ങി വന്നു. പാലു കുടിച്ച് വയർ നിറഞ്ഞ അവൻ ആഹ്ലാദപൂർവ്വം ഞങ്ങളെ നോക്കി ചിരിച്ചു.

കൃഷ്ണമോളിൽ നിന്നും നരേട്ടൻ അവനെ കയ്യിൽ വാങ്ങി മടിയിൽ വച്ചു. കൊഞ്ചിക്കാൻ തുടങ്ങി. പാലു കുടിച്ചോ കുട്ടാ. നമുക്കിനി അൽപം “പാപ്പം” കൂടി കഴിച്ചാലോ?

നരേട്ടൻ അവന്‍റെ വായിലേയ്ക്ക് ചപ്പാത്തിയുടെ ഒരു നുറുങ്ങു വച്ചു കൊടുത്തു. അപ്പോൾ കൃഷ്ണമോൾ നരേട്ടനെ തടഞ്ഞു കൊണ്ട് പറഞ്ഞു.

“വേണ്ടച്ഛാ… അവന് പെട്ടെന്ന് ശീലമില്ലാത്തവ നൽകിയാൽ വയറിന് വല്ല അസുഖവും പിടിക്കും.” അതുകേട്ട് നരേട്ടൻ അൽപം വിഷമത്തോടെ കൈ പിൻവലിച്ച് മിണ്ടാതിരുന്നു.

“ഹലോ കൃഷ്ണ ഹൗ ആർ യൂ…?”

അതുവരെ മോനെയും തന്‍റെ പപ്പായെയും മാത്രം ശ്രദ്ധിച്ച് നരേട്ടന്‍റെ അടുത്തു നിന്ന കൃഷ്ണമോൾ ആ സംബോധന കേട്ട് തിരിഞ്ഞു നോക്കി.

“ഹലോ അരുൺ. തും യഹാം” കൃഷ്ണമോൾ അൽപം അദ്ഭുതത്തോടെ ചോദിച്ചു.

“നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ?” നരേട്ടൻ പെട്ടെന്ന് തലയുയർത്തി നോക്കി ചോദിച്ചു.

“ങ്ഹാ പപ്പാ… അരുണിനെ എനിക്ക് നേരത്തെ അറിയാം. രാഹുലിന്‍റെ ഫ്രണ്ടാണിവൻ. രാഹുലിന്‍റെ ബെസ്റ്റ് ഫ്രണ്ട്.”

രാഹുലിന്‍റെ പേരു കേട്ടയുടനെ നരേട്ടന്‍റെ മുഖം ശോകമൂകമായിത്തീർന്നു. ആ നെറ്റിയിലെ ചുളിവുകൾക്ക് ആക്കം കൂടി.

“ജീ ഹാം… സാർ… രാഹുൽ സ്ക്കൂളിൽ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് പന്ത്രണ്ടാം ക്ലാസ്സു വരെ പഠിച്ചത്.”

“അതെ അച്ഛാ… ഇവർ ഒരുമിച്ചാണ് സ്കൂളിൽ പഠിച്ചത്. രാഹുൽ മരിച്ച സമയത്ത് ഇവൻ വീട്ടിൽ വന്നിരുന്നു.

രാഹുൽമോന്‍റെ ഓർമ്മകൾ ഞങ്ങളുടെ ഉള്ളിലും ഇരച്ചെത്തുകയായിരുന്നു. വർഷങ്ങൾക്കുശേഷം അവന്‍റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഇതാ ഞങ്ങളുടെ മുമ്പിൽ. ഒരു പക്ഷെ ഇന്ന് രാഹുൽ മോനും ഞങ്ങളടെ കൂടെ ഈ യാത്രയിൽ ഉണ്ടാകേണ്ടതായിരുന്നില്ലെ? പക്ഷെ ഈശ്വരൻ തനിക്കേറ്റവും പ്രിയപ്പെട്ട അവനെ തന്‍റെ അരികിൽ ചേർത്തു നിർത്തിയിരിക്കുന്നു.

അരുണിനോട് കൃഷ്ണമോൾ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. അവരുടെ സ്കൂൾ ദിനങ്ങൾ അയവിറക്കുകയാണെന്നു തോന്നി. ചെറുപ്പത്തിൽ രാഹുലും, കൃഷ്ണമോളും ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നതും തിരികെ വന്നിരുന്നതും. അവർ ഇണപിരിയാത്ത കൂട്ടുകാരെപ്പോലെയായിരുന്നു. തന്നെക്കാൾ മൂന്നു വയസിനിളപ്പമുണ്ടെങ്കിലും കൃഷ്ണമോളോട് അവൻ പറയാത്ത കാര്യങ്ങളുണ്ടായിരുന്നില്ല. കൂട്ടുകാരെപ്പോലെയായിരുന്നതിനാൽ കൃഷ്ണമോൾ പലപ്പോഴും ചേട്ട എന്നു വിളിക്കുന്നതിനു പകരം അവരെ രാഹുൽ എന്നു തന്നെ വിളിച്ചു. എനിക്കും നരേട്ടനും ഒരു കാലത്ത് അവർക്ക് നൽകാൻ കഴിയാതിരുന്ന സ്നേഹത്തിനു പകരം അവർ പരസ്പരം ആവേശത്തോടെ സ്നേഹിച്ച് സഹോദര സ്നേഹം പങ്കിട്ടു.

“ങാ… പപ്പാ… പപ്പായ്ക്കറിയുമോ? ചെറുപ്പത്തിൽ ഇവനും, രാഹുലും കൂടി ബെറ്റുവയ്ക്കുമായിരുന്നു. പഠിത്തത്തിലും, സ്പോർട്സിലുമെല്ലാം. പക്ഷെ എല്ലായ്പ്പോഴും ഫസ്റ്റാകുന്നത് രാഹുൽ തന്നെയായിരുന്നു. ഇവനക്കാര്യത്തിൽ രാഹുലിനോട് അൽപം അസൂയയായിരുന്നു.”

കൃഷ്ണമോൾ പറഞ്ഞതു കേട്ട് അരുൺ പറഞ്ഞു. “അതെ സാർ… എവിടെയും രാഹുൽ തന്നെയായിരുന്നു ഒന്നാമൻ.”

എനിക്കവന്‍റെ ഒപ്പമെത്താൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല. മെഡിസിനു പോകുവാനും ഞങ്ങൾ ഒരുമിച്ചാണ് മത്സരിച്ചത്. പക്ഷെ അവൻ തന്നെ ജയിച്ചു. ഒടുവിൽ പരലോകത്തേയ്ക്കുള്ള യാത്രയിലും അവൻ ഒന്നാമനായി. ഞാൻ മാത്രം ഇവിടെ ഒറ്റയ്ക്കായി. അതുപറയുമ്പോൾ അരുണിന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു. അരുൺ പറഞ്ഞതു കേട്ട് ഞങ്ങളുടേയും കണ്ണുകൾ നിറഞ്ഞു. അന്ന് പിന്നെ ആഹാരം കഴിച്ചെന്നു വരുത്തി ഞങ്ങൾ എഴുന്നേറ്റു. നരേട്ടൻ ദുഃഖം താങ്ങാനാവാതെ നെഞ്ചമർത്തിപ്പിടിച്ചു കൊണ്ടിരുന്നു. എഴുന്നേൽക്കാൻ തുടങ്ങിയ അദ്ദേഹം കുഴഞ്ഞു വീഴാൻ പോകുന്നതു കണ്ട് ഞാൻ ഓടിച്ചെന്നു പിടിച്ചു.

“എന്താ നരേട്ടാ… എന്തുപറ്റി?” എന്‍റെ ചോദ്യം കേട്ട് അദ്ദേഹം ഒന്നുമില്ലായെന്ന് കൈകൊണ്ട് വിലക്കി. കൃഷ്ണമോൾ അതിനകം കുഞ്ഞിനെ കൈയ്യിൽ വാങ്ങിയിരുന്നു.

“അൽപ നേരം കൂടി ഇരുന്നിട്ട് എഴുന്നേറ്റാൽ മതി പപ്പാ…” കൃഷ്ണമോൾ നരേട്ടനെ തടഞ്ഞു കൊണ്ടു പറഞ്ഞു.

അരുണും വിവേകും എന്തു സഹായവും നൽകാനായി തയ്യാറായി നിന്നു. അൽപ സമയം കൂടി വിശ്രമിച്ച ശേഷം നരേട്ടൻ എഴുന്നേറ്റ് കൈകഴുകി. ഞങ്ങളുടെയെല്ലാം ഭയചകിതമായ കണ്ണുകൾ കണ്ടിട്ടാകാം നരേട്ടൻ ചോദിച്ചത്.

“എന്താ എല്ലാവരും പേടിച്ചു പോയോ? എനിക്കൊന്നുമില്ലെന്ന് ഞാൻ പറഞ്ഞില്ലെ? പെട്ടെന്ന് രാഹുൽമോന്‍റെ കാര്യങ്ങൾ കേട്ടപ്പോൾ ഒരു വിഷമം.” നരേട്ടൻ ഞങ്ങളെ സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

ദേവാനന്ദ് അതിനകം ബിൽ പേ ചെയ്‌തു കഴിഞ്ഞിരുന്നു. ഇറങ്ങാൻ നേരം നരേട്ടന്‍റെ കൈയ്യിൽ പിടിച്ച എന്നോട്, “താനെന്താ എന്നെ രോഗിയാക്കുവാനുള്ള ശ്രമമാണോ.” എന്ന് ചോദിച്ച് നരേട്ടൻ കളിയാക്കി.

പിന്നെ എന്‍റെ കൈവിടുവിച്ച് നരേട്ടൻ മുന്നേ നടന്നു. കാറിനടുത്തെത്തിയപ്പോൾ അടുത്തെത്തിയ അരുണിനോട് നരേട്ടൻ ചോദിച്ചു.

“നിങ്ങളെങ്ങിനെയാ വന്നത്?”

ഞങ്ങൾ ബൈക്കിലാണ് വന്നതെന്ന അരുണിന്‍റേയും വിവേകിന്‍റേയും മറുപടി കേട്ട് നരേട്ടൻ വീണ്ടും പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും ഇടയ്ക്കൊക്കെ വീട്ടിൽ വരണം. രാഹുൽമോനെ കാണുന്നതു പോലെയാണ് നിങ്ങളെക്കാണുമ്പോഴെനിക്ക് തോന്നുന്നത്.”

“വരാം സാർ… രാഹുലിന്‍റെ ഓർമ്മകൾ ഞങ്ങളെയും വിട്ടു പിരിയുകയില്ല. മരിക്കുന്നതുവരെ അവൻ ഞങ്ങളോടൊപ്പമുണ്ടാകും. അത്രയ്ക്കു സ്നേഹമുള്ളവനായിരുന്നു അവൻ.” അരുണിന്‍റെ കണ്ണുകൾ അതു പറയുമ്പോൾ നിറഞ്ഞു വന്നു.

ശരിയാണ്, കൂട്ടുകാരെന്നു വച്ചാൽ അവനു ജീവനായിരുന്നു. മറ്റുള്ളവരെ സ്നേഹിക്കാനും തനിക്കു സ്നേഹം പകർന്നു നൽകുന്നവർക്ക് ജീവൻ വരെ പകരം നൽകാനും അവൻ എല്ലായ്പ്പോഴും തയ്യാറായിരുന്നു. പെട്ടെന്ന് അരുൺ പറഞ്ഞു.

“നിങ്ങൾക്കറിയുമോ… അവന് ഒരു പ്രണയമുണ്ടായിരുന്നു. സംഗീത എന്നു പേരുള്ള ഒരു പെൺകുട്ടി. സ്കൂളിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന അവൾ രാഹുലിനൊപ്പം മെഡിസിനു പഠിക്കുകയായിരുന്നു. സ്വപ്നങ്ങൾ പങ്കു വച്ച് വിവാഹിതരാകാൻ തീരുമാനിച്ചവരായിരുന്നു അവർ. രാഹുൽ മരിച്ചപ്പോൾ അവൾ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും പിന്നീട് രക്ഷപ്പെട്ടു. ഞങ്ങൾ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിട്ട് പരസ്പരം പിരിഞ്ഞുവെങ്കിലും രാഹുൽ എല്ലാക്കാര്യങ്ങളും എന്നോട് പറയുമായിരുന്നു.” മുഴുവൻ പറയുന്നതിനു മുമ്പുതന്നെ അരുൺ വിങ്ങിക്കരഞ്ഞു തുടങ്ങി. ഇപ്പോൾ അവനെ സമാധാനിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതെ ഞങ്ങൾ കുഴങ്ങി.

അൽപം കരഞ്ഞ ശേഷം സ്വയം നിയന്ത്രിച്ചവൻ പറഞ്ഞു.

“സോറി… ഞാൻ കരഞ്ഞ് നിങ്ങളെക്കൂടി വിഷമിപ്പിച്ചുവല്ലേ. ഇന്നവന്‍റെ ഓർമ്മകൾ എന്നെ വല്ലാതെ ഹാണ്ട് ചെയ്യുന്നു. ഒറ്റയ്ക്കിരിക്കുമ്പോൾ അവൻ മുമ്പിൽ വന്നു നിൽക്കുന്നതു പോലെ തോന്നാറുണ്ട്. അരുൺ എന്നെ മറന്നുവോ എന്നു ചോദിച്ച്.”

അവൻ തൂവാലയെടുത്ത് മുഖം തുടച്ചു കൊണ്ട് പറഞ്ഞു. അൽപനേരം നിശബ്ദനായിരുന്ന ശേഷം ദുഃഖനിമഗ്നമായ മിഴികളുയർത്തി അവൻ ഞങ്ങളോട് പറഞ്ഞു.

ഒരു മരണം എത്രമാത്രം നമ്മെ ബാധിക്കുന്നുവെന്ന് രാഹുലിന്‍റെ മരണശേഷമാണ് ഞാൻ അറിഞ്ഞത്. അവൻ എനിക്ക് സഹോദരതുല്യനായിരുന്നു. ഒരാത്മാവും രണ്ടുടലുമെന്നതു പോലെ. അതുകൊണ്ടു തന്നെ അവൻ മരിച്ചപ്പോൾ എനിക്കതേറ്റവും വേദനാജനകമായിത്തീർന്നു. പലപ്പോഴും അവൻ മുമ്പിൽ വന്നു നിന്നു പറയുന്നതു പോലെ തോന്നാറുണ്ട്.

അരുൺ, എന്‍റെ അച്ഛനമ്മമാർക്ക് നീ തുണയായുണ്ടാകണം. ഒരു മകനെപ്പോലെ അവർക്ക് മറ്റാരും തുണയായില്ല എന്ന്.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...