“മണിക്കുട്ടീ”
ഉറക്കം തൂങ്ങുന്ന മിഴികൾ താനേ അടയുന്നു.
“ഉറക്കം വരണുണ്ടെങ്കിൽ പോയി കിടന്നോളൂ. ഏട്ടന് കുറെ ഹോംവർക്ക് ചെയ്യാനുണ്ട്”
“അപ്പൊ കഥയോ?”
“അത് ഏട്ടൻ നാളെ പറഞ്ഞുതരാം.”
“അത് പറ്റില്ല്യ. ഏട്ടന്‍റെ കഥ കേട്ടിട്ടേ ഞാനുറങ്ങണുള്ളു”
കഥ പറയാൻ തുടങ്ങുമ്പോഴേക്കും ആളുറക്കമാകും. എങ്കിലും ഉറങ്ങുന്നതുവരെ അവൾക്ക് ഏട്ടൻ അടുത്തുണ്ടാവണം
എന്തെല്ലാം ഒളിമങ്ങാത്ത ഓർമ്മകൾ. മനസ്സിന്‍റെ കളിത്തട്ടിൽ എത്രയെത്ര നുറുങ്ങുസംഭവങ്ങൾ. സ്ക്കൂളിലെ ഇന്‍റർവെല്ലിന്‍റെ സമയത്ത് എന്നും ഏട്ടനെ തേടിയെത്താറുള്ള തന്‍റെ അനുജത്തി. കൊഞ്ചിക്കുഴഞ്ഞുകൊണ്ടുള്ള സംസാരം. സ്നേഹം വഴിയുന്ന വിടർന്ന കണ്ണുകളുടെ തിളക്കം. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.
“ഞാനിന്ന് ഏട്ടന് ഒരൂട്ടം കൊണ്ടു വന്നിട്ടുണ്ടല്ലോ”
“എന്താ?”
“ദേ, ഇത് കണ്ടോ” ഫ്രോക്കിന്‍റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നിലക്കടലയുടെ പൊതിയെടുത്ത് തുറന്ന് നീട്ടിക്കാണിച്ചുകൊണ്ടാണ് സംസാരം ”ഞാനിന്നേ അമ്മേടെ കയ്യീന്ന് പൈസ വാങ്ങീരുന്നു.”
പാതിമുക്കാലും തന്‍റെ കൈയ്യിലേക്ക് ചൊരിഞ്ഞിട്ടുതരുന്ന, താനത് രുചിയോടെ ചവക്കുന്നത് കണ്ട് സായൂജ്യമടയുന്ന മണിക്കുട്ടി. അവളെപ്പോഴും അങ്ങനെയായിരുന്നല്ലോ. ഏട്ടന്‍റെ സന്തോഷമായിരുന്നു അവൾക്കെല്ലാം.
പതുപതുത്ത കുഞ്ഞുവിരലുകളുടെ മൃദുസ്പർശത്തിന്‍റെ സ്നിഗ്ദ്ധത. അതിപ്പോഴും അനുഭവപ്പെടുന്നതു പോലെ….
ഓട്ടിൻപുറത്തു നിന്ന് ഇറ്റിറ്റ് വീഴുന്ന മഴവെള്ളം മുറ്റത്തുള്ള കൊച്ചുകുഴികളിൽ അപ്രത്യക്ഷമാകുന്നതിലേക്ക് അലസമായി നോക്കിക്കൊണ്ട് ഇറയത്തെ ചാരുകസേരയിലിരിക്കുമ്പോൾ ഒരു സ്വരം അയാളെ മനോരാജ്യത്തിൽ നിന്നുണർത്തി
കയ്യിലൊരു കുപ്പിയുമായി എട്ടൊൻപതുവയസ്സുള്ള ഒരു പെൺകുട്ടി. ”മണിയമ്മേ, ഒരു കുപ്പി മോരു തരാനുണ്ടാവോ”
“ദാ, ഇപ്പോ കൊണ്ടുവരാം” അകത്തുനിന്ന് മറുപടി കേട്ടു.
“ഒരു പാത്രത്തിൽ മോരുമായി ഉമ്മറത്ത് പ്രത്യക്ഷപ്പെട്ട വീട്ടമ്മയെ അയാൾ വേദനയോടെ ശ്രദ്ധിച്ചു.
മണിക്കുട്ടി എത്ര മാറിപ്പോയി. വാരിവലിച്ചുകെട്ടിയ തലമുടി. മുഷിഞ്ഞുലഞ്ഞ വേഷം. വിണ്ടുകീറിയ കാൽമടമ്പുകളിൽ അഴുക്ക് കട്ടപിടിച്ചിരിക്കുന്നു. കൈകളിലുമിപ്പോൾ കഠിനാദ്ധ്വാനത്തിന്‍റെ തയമ്പുകളുണ്ടാകും. അയാൾ അസ്വാസ്ഥ്യത്തോടെ ഓർത്തു.
പഴയ മണിക്കുട്ടിയുടെ ഓർമ്മക്കെന്നപോലെ നീണ്ട് ഇടതൂർന്ന തലമുടി മാത്രം.
അതിനെക്കുറിച്ച് അച്ഛൻ പറയാറുള്ളത് ഓർമ്മവന്നു അപ്പോൾ. ”മണ്ടിപ്പെണ്ണ്.തലേലു വെറും കളിമണ്ണാ. അതാ മുടിയ്ക്കിത്ര കരുത്ത്.”
പഠിക്കാനവൾ പിറകോട്ടായിരുന്നല്ലോ. പത്തിൽ രണ്ടുതവണ തോറ്റപ്പോൾ പഠിത്തവും അവസാനിച്ചു. ജീവിതത്തിലും അവൾ ബുദ്ധിശൂന്യത കാണിച്ചുവെന്ന് അച്ഛൻ പലപ്പോഴും പരാതി പറയാറുണ്ടായിരുന്നു. സ്വന്തം നിലനിൽപ്പിനെക്കുറിച്ച് ഓർക്കാതെ നിലവും പറമ്പും കിട്ടിയ വിലക്ക് വിറ്റത് ബുദ്ധിശൂന്യത എന്നല്ലേ ആരും പറയൂ.
അത്തവണ ലീവിൽ നാട്ടിലെത്തിയ ദിവസം മണിക്കുട്ടിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി. എത്ര മാറിപ്പോയിരിക്കുന്നു അവൾ.
മോരിന്‍റെ കാശും വാങ്ങി അകത്തേക്ക് നടക്കും മുൻപ് അവൾ ചോദിച്ചു ”ഏട്ടനെന്താ ഇവിടിങ്ങനെ ഒറ്റക്ക്? വിമലയെവിടെ?”.
“ആവോ ആർക്കറിയാം.” അയാൾ പറഞ്ഞു. വിമലക്ക് ഇവിടെ വന്നേപ്പിന്നെ വീട്ടിലിരിക്കാൻ സമയമുണ്ടായിട്ടില്ലല്ലൊ. അയല്പക്കത്തെല്ലാം പട്ടണപൊങ്ങച്ചോം പറഞ്ഞ് വിലസി നടക്കലല്ലേ പണി.
“ഏട്ടന് ചായ വേണോ?”
“വേണ്ട”
കാലുകൾ ഏന്തിവലിച്ച് നടന്നകലുന്ന അനുജത്തിയെ പിന്തുടരുന്ന അയാളുടെ കണ്ണുകൾ ഈറനായി.
“കാലിന് വേദനയുണ്ടോ? ഏട്ടൻ തടവിത്തരട്ടെ?” കുട്ടികളായിരുന്ന കാലത്തെപ്പോലെ ചോദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…” അയാൾ ആശിച്ചുപോയി.
പക്ഷെ അങ്ങനെ ചോദിച്ചാൽതന്നെ അവളെന്തെങ്കിലും തുറന്ന് പറയുമോ? ഇല്ലെന്ന് തോന്നി അയാൾക്ക്. എല്ലാ വേദനകളും ഹൃദയത്തിലൊതുക്കാനവൾ പഠിച്ചിരിക്കുന്നു.
കല്യാണം കഴിഞ്ഞകാലത്ത് വിമലക്ക് മണിക്കുട്ടിയോട് അസൂയയായിരുന്നു. തന്‍റെ മേൽവിലാസത്തിൽ കുനുകുനെ എഴുതി നിറച്ചിരിക്കുന്ന അവളുടെ കത്തുകണ്ടാൽ വിമലക്ക് അരിശം വരുമായിരുന്നു. കത്തിൽ പകുതിയും അവളുടെ ഭർത്താവ് വാസുവിനെക്കുറിച്ചുള്ള വിശേഷങ്ങളായിരിക്കും. പിന്നെ മക്കളായപ്പോൾ അവരെ പറ്റിയും. എല്ലാം അവൾ വിസ്തരിച്ചെഴുതും. പിന്നെ നാട്ടുവിശേഷങ്ങൾ, അവൾ കണ്ട സിനിമകളുടെ കഥകൾ തുടങ്ങി പൂച്ച പെറ്റതു വരെ.
“ഈ മണിയേടത്തീടെ ഒരു കാര്യം. വാസുവേട്ടനോ മക്കളോ ഒന്ന് തുമ്മിയാൽ മതി അതും കത്തിലെഴുതും.” വിമല പിറുപിറുക്കും
സാവധാനത്തിൽ കത്തുകളുടെ നീളം കുറഞ്ഞുവന്നു. എങ്കിലും കൃത്യമായി കത്തുകളെത്തും. സ്നേഹം തുളുമ്പുന്ന കത്തുകൾ. “ഏട്ടന് ക്ഷീണമാണെന്ന് അവിടന്നുവന്ന അപ്പേട്ടൻ പറഞ്ഞൂലോ. ശരീരം നല്ലോണം നോക്കണംട്ടോ” അവളൊരിക്കലെഴുതി.
ആ കത്ത് കണ്ടപ്പോൾ വിമല പൊട്ടിത്തെറിച്ചു.” ഇവിടെ ഞാനിട്ട് നരകിപ്പിക്ക്യാന്ന് തോന്നൂലോ. ഒരു മണിക്കുട്ടീം പുന്നാര ഏട്ടനും”
വർഷങ്ങൾ കടന്നുപോയി. അമ്മ മരിച്ചപ്പോഴും മറ്റുമായി മൂന്നാലു തവണ ലീവിൽ നാട്ടിൽ വന്നുപോകുകയും ചെയ്തു.
കഴിഞ്ഞ തവണ ലീവിൽ വന്നപ്പോൾ അച്ഛന്‍റെ പരാതി. ”വാസൂന്‍റെ കള്ളുകുടിക്ക് ഒരു ശമനോല്ല്യാന്നാ കേട്ടത് .കച്ചോടോക്കെ പൊളിഞ്ഞൂത്രെ. അവളുടെ പേരിലുള്ള വസ്തുക്കള് വിക്കണോന്നും പറഞ്ഞ് മണിക്കുട്ടി കുട്ട്യോളേം കൊണ്ട് രണ്ടീസം മുൻപ് ഇവിടെ വന്നിരുന്നു. ഞാനപ്പോൾ അവളോട് പറഞ്ഞു, ഇവിടെ വന്നു നിൽക്കാൻ. ഭാര്യേം മക്കളേം പോറ്റാൻ കഴിയാത്തോന്‍റെ കൂടെ പൊറുത്തിട്ടെന്താ ഫലം. പറഞ്ഞാൽ കേൾക്കണ്ടേ. അവളുടെ കുട്ട്യോൾക്ക് അച്ഛനില്ലാണ്ടാവില്ലേന്ന്. പിന്നെ വാസൂന് തീരെ സുഖല്ല്യാത്രെ. അങ്ങനേക്കെ ഓരോ തട്ടുമുട്ടും പറഞ്ഞ് വന്നതിനേക്കാൾ വേഗത്തില് മടങ്ങിപ്പോവൂം ചെയ്തു.”
അയാളതെല്ലാം കേട്ടുകൊണ്ട് തരിച്ചിരുന്നു പോയി. മണിക്കുട്ടിയോട് അല്പം നീരസവും തോന്നി. യാത്രാക്ഷീണം വകവെക്കാതെ അന്നുതന്നെ അയാൾ അവളെ കാണാൻ പുറപ്പെട്ടു.
“അല്ല, ഇതാരാ! ഏട്ടനോ. മക്കളേ, ദേ അമ്മാമ വന്നേക്ക്ണു.” എന്ന് പറഞ്ഞുകൊണ്ട് അവൾ അരികിലേക്ക് ഓടിയെത്തി.
അടുക്കളക്കരി പുരണ്ട മുണ്ടും വേഷ്ടിയും. കൂടുതൽ നേർത്തു പോയ കഴുത്തിൽ കറുത്ത ചരടിൽ കോർത്ത താലി മാത്രം. കണ്ണിനു ചുറ്റും ഉറക്കച്ചടവിന്‍റെ കാളിമ. പക്ഷെ നിഷ്കളങ്കമായ ആ മുഖത്തപ്പോഴും മങ്ങാത്ത പുഞ്ചിരിയുണ്ടായിരുന്നു. ഏട്ടനെ കുറേനാൾക്കു ശേഷം കണ്ടതിന്‍റെ സന്തോഷവും.
രോഗിയായ ഭർത്താവ്, അഞ്ചും ഏഴും വയസ്സുകാരായ കുട്ടികൾ. ഒപ്പം ഇല്ലായ്മയുടെ പങ്കപ്പാടുകളും. ആ കൊച്ചുലോകത്ത് സ്വർഗ്ഗം പണിയാൻ നെട്ടോട്ടമോടുന്ന വീട്ടമ്മ. അടുക്കളപ്പണി ചെയ്യണം. കുട്ടികൾ തമ്മിലുള്ള വഴക്ക് തീർക്കണം. എങ്കിലും ഇടക്കിടെ അവൾ വാസുവിന്‍റെ മുറിയിലേക്കെത്തും. കഷായം കൊണ്ടുവരട്ടേ, ഇത്തിരിനേരം തലോണയിൽ ചാരി ഇരുത്തട്ടേ എന്നെല്ലാം ചോദിച്ചുകൊണ്ട്.
അവളുടെ വിളർത്തു മെല്ലിച്ച കോലം കണ്ടപ്പോൾ വാസുവിനേക്കാൾ ശുശ്രൂഷ ആവശ്യമുള്ളത് അവൾക്കാണെന്നു തോന്നി അയാൾക്ക്.
ആ കറയില്ലാത്ത സ്നേഹത്തിനു മുൻപിൽ അയാളുടെ നീരസം ആവിയായി. പറയാൻ കരുതി വെച്ചിരുന്ന പരുഷവാക്കുകൾ തൊണ്ടയിൽ കുരുങ്ങി.
അവരിരുവരും തനിച്ചായപ്പോൾ അയാൾ സൗമ്യമായി ചോദിച്ചു. ”നീ നിന്‍റെ വസ്തു വിക്കാൻ പോണൂന്ന് അച്ഛൻ പറഞ്ഞല്ലോ. ശരിയാണോ.”
“എനിക്കെന്തിനാ ഏട്ടാ, നെലോം പറമ്പുമൊക്കെ. ചികിത്സക്ക് പണം വേണം. വാസേട്ടന്‍റെ സൂക്കേടൊന്ന് മാറിക്കിട്ടിയാൽ മത്യായിരുന്നു.”
അയാൾക്കൊന്നും പറയാനായില്ല. ആരുടേയും വേദന കാണാനവൾക്കാവില്ല. പിന്നെയാണോ ഭർത്താവിന്‍റെ?
ലീവു കഴിഞ്ഞ് അയാൾ കുടുംബസമേതം ജോലി സ്ഥലത്തേക്ക് മടങ്ങി. വൈകാതെ അച്ഛന്‍റെ കത്തുവന്നു. മണിക്കുട്ടി വസ്തു വിറ്റു എന്ന വാർത്തയുമായി. രണ്ടുമാസം കഴിയും മുൻപ് വാസുവിന്‍റെ മരണവാർത്തയും.
അന്നു മുതൽ നാട്ടിലൊന്ന് വന്നു പോകാൻ ആഗ്രഹിച്ചതാണ്. പക്ഷെ വരാൻ കഴിഞ്ഞത് ഇപ്പോഴാണ്, അച്ഛൻ മരിച്ചുവെന്ന ഫോൺ എത്തിയപ്പോൾ.
ഒരു മാസത്തെ ലീവ് കഴിഞ്ഞതറിഞ്ഞില്ല. ഇന്ന് വൈകിട്ടത്തെ ട്രേനിൽ മടങ്ങുകയാണ്.
പെട്ടികൾ പാക്കു ചെയ്യണം. ബന്ധുക്കളോടും അയൽക്കാരോടും യാത്ര പറയണം. പക്ഷെ ഒന്നിനും തോന്നുന്നില്ല. ആരും സഹായത്തിനില്ലാത്ത മണിക്കുട്ടിയുടെ ഭാവി ഓർക്കുമ്പോൾ വല്ലാത്ത ആശങ്ക.
“അല്ല, എന്തിരുപ്പാത്. പെട്ടി ഒതുക്കണ്ടേ.” വിമല സാമാന്യം വലിയൊരു ബാഗുമായി ഓടിക്കിതച്ചു കൊണ്ടെത്തി.” ഞാൻ കുട്ട്യോളടെ ഉടുപ്പുകൾ തുന്നാൻ കൊടുത്തത് വാങ്ങാൻ പോയതാ. കുട്ടികളെവിടെ?
”അവരെല്ലാം കൂടി തൊടിയിൽ പന്ത് കളിക്കുന്നു”
പെട്ടി പാക്കു ചെയ്യുന്നതിനിടയിൽ മണിക്കുട്ടി രണ്ട് കുപ്പികളുമായി അങ്ങോട്ട് വന്നു.” ഇത് ഇവിടെ കാച്ചിയ കുറച്ച് നെയ്യാ, ഇതും ബാഗിലേക്ക് വെച്ചോളൂ. കുട്ട്യോൾക്ക് ഇഷ്ടാവും. അപ്പേട്ടൻ ഓണത്തിന് ലീവിൽ വരുമ്പോൾ ഞാൻ വറത്തുപ്പേരി കൊടുത്തു വിടാട്ടോ. അപ്പഴേക്കും കായക്കുല മൂപ്പാകും.”
മണിക്കുട്ടിക്ക് ഇത്രയെങ്കിലും ചെയ്യാനാകുന്നുണ്ടല്ലോ, പക്ഷെ തനിക്കോ. വിമലയുടെ ധാരാളിത്തം കൊണ്ട് തന്‍റെ പോക്കറ്റ് എപ്പോഴും കാലിയായിരിക്കും. അയാളുടെ മനസ്സ് കുറ്റബോധത്താൽ നീറി.
“ദേ, ഇത് മണിയേടത്തീടെ കുട്ടികൾക്ക്.” വിമല മൂന്നാലുടുപ്പുകൾ അവളുടെ നേരെ നീട്ടി. നിറം മങ്ങിയ പഴഞ്ചനുടുപ്പുകൾ ഒട്ടും പരിഭവമില്ലാതെ ഇരുകൈയ്യും നീട്ടി വാങ്ങുന്ന തന്‍റെ അനുജത്തി.
അവൾ നടന്നകന്നപ്പോൾ വിമലയുടെ പതിഞ്ഞ സ്വരത്തിലുള്ള ആത്മപ്രശംസ. ”ആ പിള്ളേര്ടെ ഉടുപ്പുകളൊക്കെ കീറി, അതാ ഞാൻ….”
അയാൾ അസഹ്യതയോടെ പെട്ടെന്നവിടെനിന്ന് എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി. മനസ്സും ശരീരവും ചുട്ടുനീറുമ്പോലെ…
ചാറി നിന്ന മഴയപ്പോൾ കൂടുതൽ ശക്തമായി. മഴത്തുള്ളികളോടൊപ്പം അയാളുടെ കണ്ണുകളും തുളുമ്പിയൊഴുകി.
“ഏട്ടാ, ദേ, കുട” തൊട്ടുപിറകിൽ ഒരു വിളി. മണിക്കുട്ടി കുടയുമായി എത്തിക്കഴിഞ്ഞു
നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവളിൽനിന്നും ഒളിക്കാനുള്ള ശ്രമത്തിലായിരുന്നു അയാൾ.
“ഏട്ടാ, എന്തായിത് കുട്ട്യോളെപ്പോലെ” അയാളുടെ മനസ്സു വായിക്കാൻ കഴിഞ്ഞതുപോലെയായിരുന്നു അപ്പോൾ ആ മുഖത്തെ ഭാവം.
അയാൾ ഒന്നും മറുപടി പറയാനാകാതെ വിഷണ്ണനായി നിന്നു.
നനവൂറുന്ന അവരുടെ കണ്ണുകൾ അന്യോന്യം എന്തെല്ലാമോ മന്ത്രിച്ചു. അവരുടെ ഹൃദയത്തുടിപ്പുകൾക്കപ്പോൾ ഒരേ താളമായിരുന്നു. മനസ്സുകളിൽ ഒരേ വികാരവും വിചാരവുമായിരുന്നു. അവരുടെ ഓർമ്മകളിൽ ബാല്യകാലം വീണ്ടും വിരുന്നിനെത്തിയിരുന്നു.
“വാ ഏട്ടാ, മഴതോർന്നിട്ട് പോയാൽ മതി” അവളയാളുടെ കയ്യിൽ പിടിച്ച് കുടക്കീഴിലേക്ക് ചേർത്തു നിർത്തി.
മഴവെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് ഒരേ കുടക്കീഴിൽ നടന്നു പോകാറുള്ള ആ പഴയ ഏട്ടനും അനുജത്തിയുമാണവരെന്നും തങ്ങൾക്ക് ഒരു മാറ്റവുമില്ലെന്നും അവർക്കു തോന്നി.
അവരുടെ ചുറ്റിനും മഴത്തുള്ളികളപ്പോൾ സ്നേഹമഴയായി പൊഴിഞ്ഞുകൊണ്ടിരുന്നു.