“രേവു…”
“ഇന്ന് ഓഫീസിൽ വേഗമെത്തണം താനെന്നെയൊന്ന് സഹായിക്കാൻ വന്നാൽ നന്നായി.” പ്രാതൽ കഴിച്ചു കൈകഴുകുന്നതിനിടയിൽ നന്ദൻ വിളിച്ചു പറഞ്ഞു.
അല്ലെങ്കിലുമീ നന്ദേട്ടനിതൊരു പതിവാണ് രേവതിയുള്ളിൽ ചിരിച്ചു. എന്തൊക്കെ തയ്യാറാക്കി വച്ചാലും പോകുന്ന നേരത്ത് വല്ലാത്തൊരു തിരക്കാണ്.
ഉച്ചയൂണിനെത്തുമ്പോഴേക്കും മെഴുക്കുപുരട്ടിയുണ്ടാക്കാനായി കായ അരിഞ്ഞെടുക്കുകയായിരുന്നു രേവതി. ഇന്നലെ ജാനു, അടുക്കള ജോലികൾ തീർത്ത് പോകാനൊരുങ്ങുന്നതിനിടയിലാണ് തറവാടിന്‍റെ പാചകപ്പുരയോട് തൊട്ടുനില്ക്കുന്ന വാഴക്കൂട്ടത്തിൽ നിന്നൊരു കായക്കുല വെട്ടിക്കൊണ്ടു വന്നത്. ഇന്ന് മെഴുക്കുപുരട്ടി ഉണ്ടാക്കണമെന്നപ്പോഴേ തീരുമാനിച്ചതായിരുന്നു.
കായമെഴുക്കുപുരട്ടി കൂട്ടിയുള്ള ഊണിനോളം സംതൃപ്‌തി മറ്റൊന്നിനുമില്ല നന്ദേട്ടന്. ജാനു, കായക്കുലയോടൊപ്പം ഉണ്ണിപ്പിണ്ടി മുറിക്കാൻ മറന്നതാണാവോ!
ഇന്ന് ജാനൂനോടത് ഓർമ്മിപ്പിക്കണം.
“രേവൂ നീയെവിട്യാ…”
ദേ നന്ദേട്ടൻ പിന്നേം വിളിച്ചു. തിടുക്കത്തിലാണു ചെന്നത്
തേച്ചുവെച്ച ഷർട്ടിന്‍റെ ബട്ടൺ തിരക്കിട്ട് വിടൂവിക്കാൻ ശ്രമിച്ചിട്ട് ശരിയാവാത്തതിന്‍റെ ദേഷ്യം മുഴുവൻ മുഖത്തുണ്ട്. ചിരി വന്നു.
സഹായത്തിനുതാനെപ്പോഴും കൂടാറുള്ളതുമാണല്ലോ! എത്താനിത്തിരി വൈകിയതിന്‍റെ പരിഭവവുമുണ്ട്. ഷർട്ടു ധരിക്കാൻ പാകത്തിലാക്കി കയ്യിലേൽപ്പിച്ച് നിന്നപ്പോൾ, പതിവുപോലെ നന്ദേട്ടൻ അഭിമുഖമായി മുന്നിൽ നിന്നു.
തന്‍റെ ഡ്യൂട്ടിയാണല്ലോ അത്. മുകളിൽ നിന്നു താഴെവരെയുള്ള ബട്ടനുകളോരോന്നായി ഇട്ടുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ രാത്രി അദ്ദേഹമുറങ്ങിയ സമയത്ത് ശ്രീത വിളിച്ച കാര്യം പറഞ്ഞില്ലല്ലോ എന്നോർത്തത്
എഴുത്തുകാരനായ നന്ദേട്ടന്‍റെ ആരാധകരിലൊരാളാണ് ശ്രീത എല്ലാവരേയും കുറിച്ചുള്ള ചെറുവിവരണം നന്ദേട്ടൻ നല്കിയിട്ടുള്ളതിനാൽ ശ്രീത വിളിച്ചപ്പോൾ പെട്ടന്നു മനസ്സിലാക്കാൻ സാധിച്ചു.
പക്ഷേ…
ആ ഫോൺ തന്നെ അന്വേഷിച്ചുള്ളതായിരുന്നുവെന്നത് അതിശയമുണ്ടാക്കി, ഇനിയേതായാലും വന്നിട്ടു പറയാം..
നന്ദേട്ടന് കുടിക്കാനുള്ള വെള്ളംബോട്ടിലിൽ നിറച്ചു കവറിലിട്ട് തിടുക്കത്തിൽ ഗെയിറ്റ് തുറക്കുമ്പോഴേക്കും ആളരികിലെത്തി.
“രേവൂ, ഇന്നെന്‍റെ നഖമൊന്നു കട്ടു ചെയ്തു തരണം. വൈകീട്ടു മതി”
“ചെയ്യാലോ… വിളക്ക് കൊളുത്തുന്നതിന് മുമ്പെന്‍റെയരികിൽ വന്നേക്കണം. ഇല്ലെങ്കിലിന്നു നടക്കില്ല പറഞ്ഞേക്കാം..” ഗൗരവം നടിച്ചു.ആ മുഖത്തേക്ക് നോക്കി.
“ഈ നിയമം പതിവുള്ളതല്ലേ? വൈകാതിരിക്കാനടിയൻ ശ്രമിച്ചേക്കാമേ” നന്ദേട്ടന്‍റെ പുതിയ വിനയം കണ്ടു പൊട്ടിച്ചിരിച്ചു പോയി.
യാത്ര പറഞ്ഞുള്ള പോക്ക് മിഴിയനക്കാതെ നോക്കി നിന്നൊടുവിൽ ഗെയ്റ്റ് അടച്ച് അകത്തേയ്ക്കു കയറുമ്പോഴുള്ളിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ തലയുയർത്തി വന്നു. ജാനു വന്നുവെന്നു തോന്നുന്നു.
സിങ്കിലെ പാത്രങ്ങൾ തമ്മിൽതമ്മിൽ കലപിലക്കൂട്ടുന്നതിൽ മത്സരിക്കുന്ന ശബ്ദമുച്ചത്തിൽ കേൾക്കുന്നുണ്ട്.
നെല്ലിക്കക്കൊണ്ടൊരു ചമ്മന്തിയുണ്ടാക്കാൻ ജാനുനോട് പറയുമ്പോഴാണ് മൊബൈലൊച്ചയിട്ടത്.
നന്ദേട്ടന്‍റെ കോളാണല്ലോ! കാതോട് ചേർക്കുമ്പോൾ ആ ശബ്ദം
“രേവൂ… ഇന്നലെ ശ്രീത വിളിച്ചിരുന്നുവല്ലേ?”
അപ്പോഴേക്കും നന്ദേട്ടനറിഞ്ഞുവോ…! അല്ലെങ്കിലും ഓഫീസിലെത്തിയാലാണല്ലോ നന്ദേട്ടനൊന്നാശ്വസിക്കുക. തന്‍റെ ഇരിപ്പിടത്തിലമർന്നു കഴിഞ്ഞാൽ ജോലികൾക്കിടയിൽ ഗ്രൂപ്പൂകളില്‍ ഒക്കെയൊന്ന് കയറിയിറങ്ങുന്ന പണിയുമുണ്ടല്ലോ
“ശരിയാ നന്ദേട്ടാ.. രാവിലത്തെ തിരക്കിനിടയിൽ പറയാൻ വിട്ടു.”
“എന്തു തീരുമാനിച്ചു…?”
“നന്ദേട്ടൻ പറയൂ”
“ശരി രേവൂ… വന്നിട്ടു സംസാരിക്കാം”
“ഉം” നന്ദേട്ടൻ തന്നോടെന്താണിനി പറയുക? എന്തായാലും അദ്ദേഹമെത്തട്ടെ.
ഓഫീസിൽ നിന്നു വന്നൂണും കഴിച്ച് തിരക്കിട്ടു തിരിച്ചു പോകുമ്പോഴും, ഇന്നത്തെയൂണിന്‍റെ മെഴുക്കുപുരട്ടിയും നെല്ലിക്കച്ചമ്മന്തിയും കേമായെന്ന് പറയാൻ നന്ദേട്ടൻ മറന്നില്ല.
അപ്പോഴും ശ്രീതയുടെ കാര്യം വൈകിട്ട് സംസാരിക്കാമെന്ന് വീണ്ടും ഓർമ്മിപ്പിച്ചു.
നന്ദേട്ടന് ചൂടുള്ള പരിപ്പുവടയും ആവി പറക്കുന്ന കാപ്പിയുമായി ഡൈനിംഗ് റൂമിലേക്ക് നടക്കുമ്പോൾ എല്ലാം ദിവസവും ഓഫീസിൽ നിന്നെത്തിയാലുള്ള പതിവ് കുളിയും കഴിഞ്ഞദ്ദേഹം തന്നെ കാത്തിരിപ്പുണ്ടായിരുന്നു.
എന്നുമെല്ലാ വിശേഷങ്ങളും പങ്കുവെക്കുന്ന ഏറ്റവും നല്ല നിമിഷം. തിരക്കുകളില്ലാത ഇങ്ങനെയുള്ളയിരിപ്പെ-ന്തൊരു സുഖമാണെന്നോ!
പടിഞ്ഞാറേ തിണ്ണയിലെന്നും പോക്കുവെയിൽ വന്നീ കാഴ്ച്ചയൊളിഞ്ഞു നിന്നു നോക്കാറുണ്ട്.
ദേ, ഇന്നും പോകാൻ മടിച്ചു നില്ക്കുന്ന പോലെ… ഇന്നിന്‍റെ നികുഞ്ചത്തിൽ കയറി ആഴിയിലേക്കു മടങ്ങാൻ നേരവുമിങ്ങോട്ടെത്തി നോക്കയാണ്. ഇതൊരു സന്തുഷ്ട ദാമ്പത്യത്തിന്‍റെ മനോഹര തീരമാണെന്നവരെന്നേ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
ഡൈനിംഗ് റൂമിന്‍റെ ബാൽക്കണിയുടെ ഡോറിനരികിലുള്ള സെറ്റിയിൽ തന്നോടു ചേർന്നിരിക്കുന്ന നന്ദന്‍റെ ഇടതുകാൽ മടിയിലേക്കെടുത്തു വെച്ചു രേവതി, നഖങ്ങൾ പതിയെ കട്ട് ചെയ്യാനാരംഭിച്ചു.
“ഏയ് രേവൂ, പതുക്കെ…”
“എന്താ നന്ദേട്ടായിത്, ഇത്ര പേടിയോ? കുഞ്ഞുമക്കളെപോലെ.. അല്ലെങ്കിലും നന്ദേട്ടൻ വെണ്ണപ്പുല്ലല്ലേ? കട്ടറുകൊണ്ട് ചെയ്യുമ്പോളെങ്ന്യാ വേദനിക്കാ..”
“ശരിയാണ്. എന്നാലുമൊരു പേടില്ലാതില്ല. ആ.. രേവൂ, ശ്രീത പറഞ്ഞ കാര്യം ആലോചിക്കേണ്ടേ? പെട്ടന്നതു വിട്ടുപോയി ഞാൻ. എന്‍റെ പൂർണ്ണസമ്മതം അറിയിക്കുന്നു.”
രേവതിയോർത്തു അക്ഷരങ്ങളെ നെഞ്ചോട്ച്ചേർത്തൊരു കാലമുണ്ടായിരുന്നു. വീട്ടിൽ പഠനമുറിയിലെ അലമാരയിലടുക്കിയ പുസ്തകളിൽ പലതിലും തന്‍റെ രചനാശകലങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാവാവാമിപ്പോഴും..
സ്ഥായിയായ ജീവിതത്തിന് അടിത്തറയിട്ട കാലത്ത് താനറിയാതെ എല്ലാം അകന്നുപോയി. എന്നാലും നന്ദേട്ടനിലെ എഴുത്തിനെ താലോലിച്ചു പ്രോത്സാഹനമേകുമ്പോഴെല്ലാം തന്‍റെ സൃഷ്‌ടികള്‍ കാണാനുള്ള ആഗ്രഹം മനപൂര്‍വ്വം തല്ലിക്കെടുത്തിയതുമെന്തിനെന്ന് ചിലപ്പോഴൊക്കെ ചിന്തിക്കാതിരുന്നില്ല. ഇന്നിപ്പോൾ.. .
നന്ദേട്ടനിലൂടെ അക്ഷരലോകത്തേയ്ക്കൊരു കാൽവെയ്പ്പിന് സന്ദർഭം കൈവന്നിരിക്കുന്നു.
“അക്ഷരശ്രീ” സാഹിത്യക്കൂട്ടായ്മയുടെ പടിപ്പുരയിൽ തന്നേയും പ്രതീക്ഷിച്ചു നിന്നിരുന്ന ശ്രീതയുടെ കൂപ്പുകരങ്ങൾ തനിക്കു നേരെയാണ്. അകത്തേക്ക് കയറുമ്പോൾ രേവതിയ്ക്കാകെ പകപ്പായിരുന്നു. പരിചിതമല്ലാത്ത പുതിയൊരു ലോകം ഇവിടെ തന്‍റെക്കൂടെ നന്ദേട്ടനില്ല.
ശ്രീതയുടെ പരിചയപ്പെടുത്തലിന്‍റെ കുറിമാനത്തിന് പ്രതികരണങ്ങൾ തനിയ്ക്കുള്ള സ്വാഗതമായി മുന്നിൽ നിരക്കുന്നു. ഇമോജികളുടെ പല രൂപങ്ങൾ.. അക്ഷരക്കളരിയുടെ മാസ്മരികക്കാഴ്‌ച്ച. ഉള്ളിലെ പച്ചത്തുരുത്തില്‍ ഒളിപ്പിച്ചുവെച്ച കുഞ്ഞുകൂടയിൽ താനന്ന് മാറ്റിവെച്ച അക്ഷരങ്ങളെയെല്ലാം പെറുക്കിക്കൂട്ടി യോജിപ്പിക്കാൻ മനം വല്ലാതെ തിടുക്കപ്പെടുന്നത് എന്തിനാണിപ്പോൾ…?
നിറഞ്ഞു കിടക്കുന്ന രചനകൾക്ക് അരികിലൂടെ കണ്ണോടിച്ചു നീങ്ങിയപ്പോഴൊരു കുഞ്ഞെഴുത്തിന്‍റെ ആശയം തന്നിൽവന്നു മൊട്ടിട്ടത് രേവതിയറിഞ്ഞു. നിനച്ചിരിക്കാതെ കിട്ടിയ നിമിഷങ്ങൾ.. നന്ദി പറയേണ്ടതാരോട്?
ഇന്നു മുതൽ താനുമിവിടത്തെ അംഗം. എന്നോ എടുത്തുവെച്ച തൂലിക മുന്നിൽ വന്നു നൃത്തമാടുന്നു. തനിയ്ക്കുമെഴുതണം.. .
കാലങ്ങൾക്കുശേഷം. ഉള്ളിലുറങ്ങിക്കിടന്ന സർഗ്ഗശക്തി സടകുടഞ്ഞെ് എഴുന്നേല്ക്കുന്നു. സൃഷ്ടികർമ്മം നടത്തിയേ പറ്റൂ.
എഴുതിതീർന്നപ്പോൾ… ഒരു കഥയുടെ വേഷവിതാനങ്ങൾ. നവാഗതയുടെ അക്ഷരക്കൂട്ടിന് പ്രതീക്ഷിച്ചതിനേക്കാൾ വരവേൽപ്പ്.
തുടക്കത്തിന്‍റെ തിളക്കം മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തിയപ്പോൾ ഇനിയുമെഴുതാൻ പ്രേരിപ്പിക്കുന്ന അഭിപ്രായങ്ങളിൽ താനങ്ങനെ കുടുങ്ങുകയായിരുന്നു. കൂട്ടായ്മയുടെ ഉന്നമനത്തിനായി ശ്രീതയേല്പ്പിക്കുന്ന കാര്യങ്ങൾ ഏറ്റെടുക്കേണ്ടി വന്നു.
പലപ്പോഴും. മറ്റു പലതും വിസ്‌മൃതിയിലാണ്ട് പോകുന്നു വെന്ന് കുറ്റബോധത്തോടെ തിരിച്ചറിഞ്ഞപ്പോഴാണ് ഒരിയ്ക്കൽ ശ്രീതയോടത് പങ്കുവെച്ചത്.
“നന്ദനതു മനസ്സിലാവും. ഞങ്ങളൊരുമിച്ചുള്ള കൂട്ടായ്മയിൽ പരിപൂർണ്ണ സഹകരണം മറ്റുള്ള അംഗങ്ങളിൽ നിന്നുമുണ്ടാവണമെന്ന് എപ്പോഴും നിർബന്ധം പിടിക്കുന്ന വ്യക്തിയാണ് നന്ദൻ.”
“രചനകളെല്ലാം മറ്റുള്ളവരാൽ വായിക്കപ്പെടണമെന്നും അതോടൊപ്പം ഓരോന്നിനും വായനക്കാരുടെ കൃത്യമായ അഭിപ്രായം കൂടി രേഖപ്പെടുത്തി പോകൂന്നിടത്താണ് ഒരു കൂട്ടായ്മയുടെ വിജയമെന്ന് കൂടെക്കൂടെ ഓർമ്മപ്പെടുത്തുന്ന ആളാണ് നന്ദൻ. അതിനാൽ രേവതി ഒന്നുമാലോചിച്ചു വിഷമിക്കേണ്ട.”
ശ്രീതയുടെ വാക്കുകളാശ്വാസം പകർന്നപ്പോൾ മറിച്ചുള്ള ചിന്തകൾക്കും സ്ഥാനമുണ്ടായിരുന്നില്ല.
നാളുകൾക്കുശേഷം…
ഒരിയ്ക്കൽ, രാവിലെ പതിവുള്ള ഉണർച്ചകള്‍ ഇല്ലാതെയുള്ള അടുക്കള കണ്ടിട്ടാണ് രേവതിയെ തിരഞ്ഞ് അവളുടെ എഴുത്തുമുറിയിൽ നന്ദനെത്തിയത് ഒന്നുമറിയാതെ രചനയിൽ വ്യാപൃതയായി രുന്ന രേവതിയെയുണർത്തിയത് നന്ദന്‍റെ ചോദ്യമായിരുന്നു.
“രേവൂ.. നേരം പുലർന്നതറിഞ്ഞില്ലേ? ഈയ്യിടെയായി പതിവുള്ള കാര്യങ്ങളൊക്കെ നീ മറക്കുന്നു കൂട്ടത്തിലെന്നെയും”
എഴുത്തു നിർത്തി ജനൽ കർട്ടൻ വകഞ്ഞു മാറ്റി പുറത്തേക്കു നോക്കി രേവതി. ശരിയാണ്. സൂര്യമുഖത്തിനിപ്പോൾ തെളിച്ചം കൂടിയിരിക്കുന്നു. മുറ്റത്തെത്താറുള്ള കുഞ്ഞൻ വെയിൽ നാളങ്ങൾക്ക് ശക്തിയാർജ്ജിച്ചിരിക്കുന്നു.
ഉണർന്നാലുടനെ നന്ദേട്ടന് ആവശ്യമുള്ള ബ്ലാക്ക് ടീ താനതു മറക്കുന്നുണ്ടിപ്പോൾ അതുപോലെ പല കാര്യങ്ങളും. എന്നാലും എഴുത്തിന്‍റെ തുടർച്ച നഷ്ടപ്പെടുത്തിയ നന്ദനോടവൾക്ക് ഈര്‍ഷ്യയായിരുന്നു.
“ഈ നേരം വരെ എന്നെ നോക്കിയിരിക്കായിരുന്നോ നന്ദേട്ടൻ? സ്വയമൊരു ചായ നന്ദേട്ടനുണ്ടാക്കി കുടിച്ചാലെന്താ ദോഷം..?”
“രേവൂ… നീ…”
“എന്തേ നന്ദേട്ടാ. ഞാൻ പറഞ്ഞതിൽ വല്ലതെറ്റുമുണ്ടോ? ശ്രീതയെന്നോട് പറഞ്ഞത് വേറെയാണല്ലോ. എല്ലാവരും പരസ്പരം പ്രോത്സാഹനമേകണമെന്ന് നിർബന്ധമുള്ള ആളാണ് നന്ദേട്ടനെന്ന് എന്നിട്ടിപ്പോളിവിടെ…”
ഒരുനിമിഷം അസ്തപ്രജ്ഞനായനന്ദൻ ഒരക്ഷരവും ഉരിയാടാനാവാതെ തിരിഞ്ഞു നടന്നു.