ഇനിയൊരക്ഷരം മിണ്ടരുത് രണ്ടുപേരും. മീനുവക്കൻ രുക്കുവിനെ പരിശോധിച്ചു. ഉറക്കത്തിലും പേടിയോടെ അവൾ ഏങ്ങലടിച്ചു. ശരീരം വെട്ടിവിറച്ചു. കുഞ്ഞിന്‍റെ കിടപ്പുകണ്ടപ്പോൾ മീനുവക്കന് സഹിച്ചില്ല.
കണ്ണുകൾ നിറഞ്ഞു. കുഞ്ഞിന്‍റെ മുഖം മുഴുവനും ചുവന്നു തിണർത്തു കിടക്കുന്നു. കീഴ്ച്ചുണ്ട് ഒരൽപം മുറിഞ്ഞ് വീർത്തിരിക്കുന്നു. കരഞ്ഞപ്പോൾ വാ പൊത്താൻ ശ്രമിച്ചിട്ടോ എന്തോ കവിളിൽ നഖങ്ങൾ കൊണ്ട് ആഴത്തിൽ പാടുണ്ട്.
“ഈശ്വരാ… ദേവീകടാക്ഷം കൊണ്ട് കുഞ്ഞിന്… തക്കസമയത്ത് പുരുഷൂനെ ഇവിടേയ്ക്ക് പറഞ്ഞുവിട്ടത് ദേവി തന്നാ. കുഞ്ഞിനൊന്നും പറ്റീട്ടില്ല. നിങ്ങൾ വിഷമിക്കുകയൊന്നും വേണ്ട.”
“ഈ സംഭവത്തെക്കുറിച്ച് ആരോടും ഒന്നു പറയണ്ട. നിങ്ങളും മറന്നു കളഞ്ഞേക്കുക. വീട്ടിൽ ആരുമില്ലാത്തപ്പോൾ മുതിർന്ന ആൺകുട്ടികളെ വീട്ടിനകത്ത് കേറ്റരുത്. കേട്ടല്ലോ രണ്ടുപേരും. ഇതൊരു പാഠമായിരിക്കട്ടെ.”
മീനുവക്കൻ പോയിക്കഴിഞ്ഞതോടെ ഭാമിനി വീണ്ടും തേങ്ങിക്കരച്ചിൽ തുടങ്ങി. അവളിൽ ദേഷ്യം പതഞ്ഞു പൊങ്ങി വന്നു.
ആ തെണ്ടിച്ചെക്കനെ എനിക്കിനി കാണണ്ട. അവനെ വെറുതെ വിടരുത്. അവളുടെ സമനില വല്ലാതെ തെറ്റിയിരുന്നു.
പുരുഷു പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റ് പുറത്തേയ്ക്ക് പോയി. ഇരുട്ട് അയാൾക്ക് പിന്നിൽ പടിപ്പുര വാതിലടച്ചു.
ക്ഷേത്രനടയടച്ച് വീട്ടിലേയ്ക്ക് മടങ്ങിയ പൂജാരി പുരുഷുവിനെ വഴിയിൽ കണ്ടു.
ഇന്ന് പുരുഷൂനെ അത്താഴപൂജയ്ക്ക് കണ്ടില്ലല്ലോ…
പുരുഷു ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ല. അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു. അന്ന് രാത്രി അയാൾ മടങ്ങി വന്നില്ല.
പിറ്റേന്ന് പുരുഷൂന്‍റെ ജീവനറ്റ ശരീരം കായൽക്കരയിൽ നിന്നും കിട്ടി. ആരോ ചവിട്ടിത്താഴ്ത്തിയതു പോലെ മുഖം കായൽച്ചളിയിൽ ചതഞ്ഞിരുന്നു.
എന്തു സംഭവിച്ചൂന്ന് ആർക്കുമറിയില്ല. പുരുഷൂന് അപസ്മാരത്തിന്‍റെ അസുഖമുണ്ടായിരുന്നത് കൊണ്ട് പോലീസ് ആ വിധത്തിൽ അതെഴുതിത്തള്ളി.
ചോദിക്കാനും പറയാനും അന്വേഷിക്കാനും ആരുമില്ലായിരുന്നു. ജീവിതത്തിൽ ആഘാതങ്ങൾ എവിടന്നൊക്കെ എത്ര പെട്ടെന്നാണ് കടന്നു വരിക. മാനസികനില തെറ്റിയപോലെ ഭാമിനി മന്ദിച്ചിരുന്നു. പകച്ചു പോയ ഒരമ്മ.
മടിയിൽ തിരിച്ചറിവില്ലാത്ത മൂന്നു പെൺകുഞ്ഞുങ്ങൾ.
ഭാമിനിയുടെ ബോധക്കാഴ്ചകളിൽ അവൾക്കറിയാം പുരുഷു മരിച്ചത് അസുഖം കൊണ്ടല്ലാ ആരോ അയാളെ അപായപ്പെടുത്തിയതാണെന്ന്. ഉൾവിളികൾ അവളോട് പറഞ്ഞു.
വിശാഖൻ… അവൻ എന്തെങ്കിലും ചെയ്‌തു കാണുമെന്ന് ഭാമിനി ഉറച്ചു വിശ്വസിച്ചു. കാരണം പിറ്റേന്ന് മുതൽ വിശാഖനെ ആരും കണ്ടിട്ടില്ല.
അവൻ നാടുവിട്ടു പോയെന്ന് പലരും പറഞ്ഞു. കാരണങ്ങൾ ചിക്കിച്ചികയാൻ ആരും താൽപര്യപ്പെട്ടില്ല.
മൂന്നു പെണ്മക്കളുടെ അമ്മ. ഇരുപത്തിയഞ്ചു വയസ്സു മാത്രം പ്രായമുള്ള ഭാമിനി.
അവൾ വിധവയായിരിക്കുന്നു. സമുദായാചാരപ്രകാരം അവൾ മുടി വടിച്ച് തലമുണ്ഡനം ചെയ്‌ത് കാവിയുടുക്കേണ്ടതാണ്. പൂവും കരിവളയും അവൾക്ക് നിഷിദ്ധം. ഭാമിനി കണ്ണീർ തോരാതെ മൗനിയായിരുന്നപ്പോൾ മീനുവക്കൻ അതിന് വിഘ്നം നിന്നു. അവളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം അവർ ഏറ്റെടുത്തു. സ്വജാതിക്കാർ വഴക്കിട്ടു പോയി.
കനിവ്, അതായിരുന്നു മീനുവക്കന്‍റെ കൂട്ടായ്മ. അഭ്യസ്ഥവിദ്യരായ കുറേ പേരുടെ കൂട്ടായ്മ. വിധവകൾ, അനാഥകൾ, ലൈംഗിക തൊഴിലാളികൾ, മക്കളുപേക്ഷിച്ച വൃദ്ധർ, പീഢിതർ, മാനസിക സമനിലതെറ്റിയ ആളുകൾ. അവർക്കൊക്കെ വേണ്ടിയിട്ടുള്ള ഒരു സന്നദ്ധ സംഘടന എന്നു പറയാം.
സമൂഹത്തിന്‍റെ കറുത്ത വശങ്ങളിലേക്കുള്ള ഉൾനോട്ടം. കാരുണ്യം ഇനിയും വറ്റിയിട്ടില്ലാത്ത കുറേ കരുണാമയികളുടെ താങ്ങും തണലും കൂട്ടായ്മയും കനിവിനുണ്ട്.
കനിവിന്‍റെ കീഴിൽ സംരക്ഷണയിൽ, ജീവിതം കരുപ്പിടിപ്പിക്കാനായി ഭാമിനിക്ക്. മീനുവക്കൻ അവർക്കെല്ലാമായി.
കുട്ടികളെല്ലാം പഠിക്കാൻ മിടുക്കരായിരുന്നു. ആലുവയിലെ ആശ്രമങ്ങളോടു ചേർന്നുള്ള അനാഥമന്ദിരങ്ങളിൽ വയറുനിറയെ ഭക്ഷണം കഴിച്ച് ഉറപ്പുള്ള മേൽക്കൂരകൾക്ക് കീഴിൽ അവർ ഉറങ്ങി. മറ്റുള്ള കുട്ടികൾക്കൊപ്പം പഠിക്കാൻ പോയി.
ഭാമിനിയെ ചികിത്സകൾക്കും കൗൺസിലിംഗിനു മൊക്കെ വിധേയയാക്കിയെങ്കിലും സ്വന്തം വീടു വിട്ട് അവളെങ്ങും പോയില്ല.
പഴയതു പോലെ അയൽ വീടുകളിൽ അടിച്ചുതുടയും പാത്രം കഴുകലുമായി കഴിഞ്ഞു കൂടി. അവധി ദിവസങ്ങളിൽ മാത്രം മക്കൾ മൂന്നുപേരും ഭാമിനിയോടൊപ്പം ഉണ്ടാകും.
വർഷങ്ങൾ കടന്നു പോയത് എത്രപെട്ടെന്നാണ്.
രുക്കു നഴ്സിംഗ് പഠിച്ചിറങ്ങി അമ്മയുടെ കൂടെ താമസിച്ച് ജോലിക്ക് പോയിത്തുടങ്ങി.
ശ്യാമ പ്ലസ് ടു കഴിയാറായി. ചാന്ദ്നി പത്താം ക്ലാസിലുമെത്തി. കുഞ്ഞു പൊട്ടിച്ചിരിയലകളുമായി ആത്മവിശ്വാസവും പ്രസരിപ്പുമുള്ള പെൺകുഞ്ഞുങ്ങൾ വളർന്നു.
രുക്കുവാണെങ്കിൽ ആഴത്തിലുള്ള ഒരു തടാകമായി ആഴക്കടലിലെ അഗാധതയിൽ നിന്നുള്ള ചുഴികളെയും ചുഴലിക്കാറ്റിനെയും സ്വന്തം നെഞ്ചിനുള്ളിലേക്ക് അവാഹിച്ച് അടക്കിപ്പിടിച്ചൊരു ശാന്തത പ്രകടിപ്പിച്ചിരുന്നു.
ഭാമിനിയെ കൊണ്ടായിരുന്നു പ്രശ്നങ്ങൾ.
ജീവിതത്തിലെ ആകസ്മികതകളും ക്രൂരമായ നിരന്തരമായ പരീക്ഷണങ്ങളും ഇരയ്ക്ക് വേണ്ടിയുള്ള വേട്ടക്കാരുടെ പീഡനങ്ങളും, അനുഭവം കൊണ്ട് ഭാമിനിയെ വിരക്തയും വികാരരഹിതയും ക്ഷിപ്രകോപിയുമാക്കി.
ഇടയ്ക്കിടെ ഭാമിനിയുടെ താളം തെറ്റുന്ന അവസ്‌ഥകളിൽ ദൃഢചിത്തതയോടെ അമ്മയെ ശുശ്രൂഷിക്കും. ഭാമിനിയുടെ പിറുപിറുക്കലുകളും കയർക്കലുകളും ശാപച്ചൊരിച്ചിലുകളും കണ്ടില്ലെന്നു നടിച്ച് ജീവിതം പ്രസന്നതയോടെ മുന്നോട്ടു നയിക്കുന്ന അവൾക്ക് കൂടെ കൂട്ടാൻ ഒത്തിരിയൊത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു.
മീനുവക്കനോട് അവളുടെ സ്വപ്നങ്ങൾ പങ്കുവയ്ക്കും.
മീനുവക്കൻ സ്വന്തം സ്നേഹിതയുടെ മകന്‍റെ വിവാഹാലോചന കൊണ്ടു വന്നപ്പോൾ ഭാമിനിക്കു സമ്മതമായിരുന്നു. ശ്രീറാമിനെ രുക്കുവിനും ഇഷ്‌ടപ്പെട്ടു.
ശ്രീറാം മിടുക്കനാണ്. ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുത്തിരിക്കുന്നു. ജെസിബി ഓടിക്കാനറിയാം. സർട്ടിഫിക്കറ്റുണ്ട്. പോരാത്തതിന് ബിരുദധാരിയായ ഓട്ടോ ഡ്രൈവർ.
ഗൾഫിലൊരു കമ്പനിയിലെ സ്ഥിരം ഡ്രൈവർ തസ്തികയിൽ ഇന്‍റർവ്യൂ ജയിച്ച് വിസക്ക് കാത്തിരിക്കുന്ന ശ്രീറാമിന് രുക്കു നല്ലൊരു പങ്കാളിയായിരിക്കുമെന്ന് മീനുവക്കൻ കണക്കു കൂട്ടി… പക്ഷേ… അശനിപാതം കണക്ക് വിശാഖന്‍റെ രംഗപ്രവേശം ഓർക്കാപ്പുറത്ത്.
അവന് രുക്കുവിനോടുള്ള പക ഇപ്പോഴും കെടാത്ത കനൽപോലെ…
ഭാമിനിയോടും അവന് പ്രതികാരമുണ്ട്. ഒരു പുഴുത്ത പട്ടിയെപ്പോലെയല്ലേ തന്നെ തല്ലിയിറക്കിയത്? അതും കൂടാതെ കായൽക്കരയിൽ പോയി ഒറ്റക്കിരുന്ന തന്നെ വീണ്ടും ചവിട്ടാൻ വന്നു പുരുഷു. പിടിച്ച് തള്ളി താഴെയിട്ടു. അസുഖത്തിന്‍റെ ലക്ഷണങ്ങൾ തുടങ്ങുന്നതും പുരുഷുവിന്‍റെ വായിൽ നിന്നും നുരയും പതയുമൊക്കെ വരുന്നതു കണ്ടു. മുഖം പൊത്തിയാണയാൾ കായലിലെ ചെളിക്കുണ്ടിലേയ്ക്ക് വീണത്. വേണമെങ്കിൽ തനിക്കയാളെ എടുത്തു പൊക്കാമായിരുന്നു. ആളെക്കൂട്ടി എടുത്തു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാമായിരുന്നു.
വേണ്ടന്നങ്ങ് തീരുമാനിച്ചു. അയാൾ ജീവിച്ചിരുന്നാൽ തന്നെ അയാൾ ഉപദ്രവിക്കും. നടന്നതെല്ലാം നാട്ടുകാരോട് വിളിച്ചു കൂവും. ഇപ്പോൾ തന്നെ അയാളുടെ മർദ്ദനമേറ്റ് ഒരു വിധത്തിലായി.
അന്ന് വിശാഖൻ എഴുന്നേറ്റ് നേരെ റെയിൽവേ സ്റ്റേഷനിലേയ്ക്ക് കാലുകൾ വലിച്ചു വച്ചു നടന്നു. ഒരു ഒളിച്ചോട്ടമായിരുന്നു അത്.
വീണ്ടും മറ്റൊരു ദുർഗ്ഗാഷ്ടമി നാളിൽ താനിവിടെ ആൾക്കൂട്ടത്തിലൊറ്റയ്ക്ക്. നീണ്ട വർഷങ്ങൾക്കു ശേഷം.
ചെണ്ടമേളക്കാരുടെ താളം കൊഴുത്തു തുടങ്ങി. കലാശക്കൊട്ട്. താലപ്പൊലി ഘോഷയാത്ര മടങ്ങി വന്ന് അമ്പലത്തിലേയ്ക്ക് തിരിച്ചു കയറിത്തുടങ്ങി. പിറകിലെ പൂരപ്പറമ്പിൽ വെടിക്കെട്ടും തുടങ്ങി.
ദൂരെ നിന്നേ ദീപാലങ്കാരപ്രഭയിൽ മുങ്ങിയ പുഷ്പാലങ്കാര രഥം വരുന്നത് ശ്രീറാം കണ്ടു. ആടയാഭരണങ്ങളണിഞ്ഞ ദുർഗ്ഗാദേവി. പ്രകാശപൂരിതമായ തിളങ്ങുന്ന മിഴികളിൽ രക്‌താഭ ജ്വലിക്കുന്നു. ചുവന്ന പട്ടുചേല ചുറ്റിയ ദുർഗ്ഗാദേവി. ആയുധമേന്തിയ കൈകൾ. ശ്യാമയും ചാന്ദ്നിയും പ്രദക്ഷിണ വഴിയിൽ അമ്പലത്തിനുള്ളിലേയ്ക്ക് കയറുന്നത് ശ്രീറാം കണ്ടു. പക്ഷേ, രുക്കുവിനെ ശ്രീറാമിന് കാണാൻ കഴിഞ്ഞില്ല. ഉൾക്കിടിലത്തോടെ ശ്രീറാം പെട്ടെന്ന് വിശാഖനെ തിരക്കി. ഈ ആൾക്കൂട്ടത്തിൽ എവിടെ കണ്ടുപിടിക്കുവാനാണ്? അവനെവിടെ?
ദേവിവിഗ്രഹം വർണ്ണക്കുടകൾ മാറ്റി ശ്രീകോവിലിലേക്ക് രഥത്തോടെ വലിച്ചെടുക്കപ്പെടുന്നത് നിറക്കാഴ്ച. വായ്ക്കുരവകൾ ചെണ്ടമേളത്തെ വിഴുങ്ങി. ശ്രീറാമിന്‍റെ മൊബൈലിൽ പൊടുന്നനെ ഒരു മിസ്ഡ് കോൾ തെളിഞ്ഞു.
രുക്കു…ശ്രീറാം തിരിച്ചു വിളിച്ചു.
പാലം ഇറങ്ങി പച്ചാളത്തേയ്ക്ക് വന്ന് നിൽക്കാമോ. ഞാൻ പാലത്തിനടിയിലൂടെ റെയിൽ മുറിച്ച് കടന്ന് വരാം… രുക്കു കോളവസാനിപ്പിച്ചു. അവളാകെ പരിഭ്രമിച്ചിരിക്കുന്നതു പോലെ തോന്നുന്നു.
ശ്രീറാം തിരക്കിലൂടെ വാഹനമോടിക്കുവാൻ ഏറെ ബുദ്ധിമുട്ടി.
ആളുകൾ ആബാലവൃദ്ധം റോഡിലൂടെ പരന്ന് നിറഞ്ഞൊഴുകുന്നു. അവിടവിടെ പടക്കങ്ങൾ പൊട്ടിച്ചിതറുന്ന ശബ്ദം. ആകാശത്ത് അമിട്ടുകളുടെ വർണ്ണശബളിമ.
ഒരു വിധത്തിൽ തിരക്കിലൂടെ ശ്രീറാം പാലമിറങ്ങി. രുക്കു ഓടിക്കിതച്ച് വന്ന് വണ്ടിയുടെ പിറകിൽ കയറി.
വിട്ടോ ശ്രീറാം. എനിക്കിന്ന് ഡ്യൂട്ടി നൈറ്റാണ്… വൈകിപ്പോയി…അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ഹാഫ്സാരിയും പട്ടുപാവാടയും അവളെ അതിസുന്ദരിയാക്കിയിരുന്നു. മുഖത്ത് പ്രസരിപ്പുണ്ട്. പക്ഷേ കണ്ണുകൾ കലങ്ങിയിരിക്കുന്നു.
കൈയിലെന്താണ്…? ശ്രീറാം അത്ഭുതപ്പെട്ടു. രുക്കുവിന്‍റെ കയ്യിൽ താലമുണ്ട്. കൽവിളക്കിൽ എണ്ണയുണ്ട്. തിരിയുണ്ട്. പാത്രത്തിൽ മുറിത്തേങ്ങയുണ്ട്. പൂവും മലരുമെല്ലാമുണ്ട്. തിരി കത്തിച്ചിട്ടില്ല.
ഞാൻ താലപ്പൊലിക്കായി ഒരുങ്ങുകയായിരുന്നു. ശ്യാമയും ചാന്ദ്നിയും നേരത്തെ തന്നെയിറങ്ങി. വളരെ ആഗ്രഹിച്ച് ശ്രീറാം വരുമെന്ന് പറഞ്ഞതു കൊണ്ട് പ്രത്യേകിച്ചും… എന്നെ പെണ്ണു കാണാൻ വന്ന ദിവസം ഞാനുടുത്ത ഹാഫ്സാരിയും പാവാടയും അണിഞ്ഞു.
ശ്രീറാമിന് ആ വാക്കുകൾ കേട്ടപ്പോൾ സന്തോഷം അടക്കാനായില്ല. അവൻ ഹൃദയമിടിപ്പോടെ അവളെ കേട്ടു.
അപ്പോഴാണ് പുറത്ത് തിണ്ണയിൽ ബഹളം കേട്ടത്. അവിടെ വിശാഖൻ വന്ന് അമ്മയുമായി പിടിയും വലിയും.
വിശാഖൻ അമ്മയെ പൂണ്ടടക്കം പിടിച്ചിരിക്കുന്നു.
എടീ ഭ്രാന്തിത്തള്ളെ, എവിടെ നിന്‍റെ സുന്ദരിമോള്. അവളെ ഞാനൊന്നു കാണട്ട്. മൂത്തുപഴുത്ത് ആപ്പിളു പോലിരിക്കുന്നെന്ന് കേട്ടു. എന്നെ ഈ നാട്ടിന്നോടിച്ചത് അവളാണ്, വെള്ളപ്പിശാച്.
ഭാമിനി വിശാഖനെ തുറിച്ചു നോക്കി. പത്തുപതിനഞ്ചു വർഷം മുമ്പ് ഇതു പോലൊരു ദുർഗ്ഗാഷ്ടമിനാളിൽ കയറി വന്ന് എന്‍റെ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ചവൻ. അതേ നാള്. അതേ നേരം. തന്‍റെ പുരുഷൂനെ അപായപ്പെടുത്തിയവൻ. തനിക്ക് അകാല വൈധവ്യം സമ്മാനിച്ചവൻ…
അച്‌ഛനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭ്രാന്തിളക്കങ്ങൾ അമ്മയ്ക്കുള്ളതാണ്.
ബഹളത്തിനിടയിൽ അമ്മയ്ക്ക് കൈയിൽ തടഞ്ഞത് വാക്കത്തിയാണ്. എടാ പട്ടീ… നീയല്ലെ എന്‍റെ പുരുഷൂനെ കൊന്നത്. നീയല്ലേ… ലക്ഷ്യമില്ലാതെ അമ്മ വാക്കത്തി വീശിക്കൊണ്ടിരുന്നു. അമ്മയുടെ ശക്തിയിൽ വിശാഖൻ ദുർബ്ബലനായി. അമ്മ അവനെ മാന്തിക്കീറുകയായിരുന്നു.
എടാ മൃഗമേ. നീയിനി ജീവിക്കണ്ട. എന്‍റെ മക്കൾക്കും എനിക്കും സ്വസ്ഥമായി ജീവിക്കണം. നീയിനി ഈ നാട്ടിൽ വേണ്ട. ചത്തു പോ…
ഭാമിനി ദുർഗ്ഗയായിത്തീർന്ന് ജ്വലിച്ചു. വെറുപ്പിന്‍റെ, അനുഭവിച്ച ദുഃഖങ്ങളുടെ അനാഥത്വത്തിന്‍റെ കാൽച്ചിലമ്പുകൾ കിലുക്കി അമ്മ തുള്ളുകയാണ്. ഉന്മാദിനിയെ പോലെ.
രുക്കു ഓടിവന്നു അമ്മയെ പിടിച്ചു നിർത്തി.
അമ്മേ… രുക്കു അലർച്ചയോടെ വിളിച്ചു. അമ്മ നിലത്ത് തളർച്ചയോടെ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു.
തിണ്ണയിൽ വിളക്കു കൊളുത്തിയിട്ടില്ലായിരുന്നു. ഇരുട്ട്… പുറത്തെയിരുളിൽ വിശാഖന്‍റെ രൂപം നിന്നാടുകയാണ്.
കാറ്റുപിടിച്ച നിഴൽ പോലെ. ചോരയൊലിക്കുന്ന മുറിവുകളും ചതവുകളും. പൊയ്ക്കോ… എവിടെയെങ്കിലും പൊയ്ക്കോ. ഇനിയിവിടെ കണ്ടുപോകരുത്. രുക്കു വിരൽച്ചൂണ്ടി ആജ്ഞാപിച്ചു.
ഇടവഴിയിലെ ഇരുൾ കറുപ്പിലലിഞ്ഞ് അവൻ രക്ഷപ്പെട്ടോടുന്നത് രുക്കു കണ്ടു.
അപ്പോൾ ശ്യാമയും ചാന്ദ്നിയും.
അവർ അമ്പലത്തിൽ നിന്നെത്തിയിട്ടില്ല. അവരുടെ കൂടെ മീനവക്കനുണ്ടാവും. രുക്കു അത് പറഞ്ഞു ചിരിച്ചു. അവൾക്ക് ഭയമില്ല.?അവൾ ചിരിച്ചപ്പോൾ ഒരു വന്യമായ കാറ്റ് വീശിയടിച്ചതു പോലെ ശ്രീറാമിന് അനുഭവപ്പെട്ടു.
താലത്തിലെ കൊച്ചു മൺചിരാതിലെ എണ്ണ മുറിത്തേങ്ങയിലേയ്ക്കൊഴിച്ചു രുക്കു. തെറുത്തെടുത്ത തിരി അതിലിട്ട് മെല്ലെ കൊളുത്തി വച്ചു. അവളുടെ നീണ്ട വിരലുകൾ എണ്ണയിൽ മുങ്ങി നിവർന്നപ്പോൾ നഖങ്ങളിൽ നിന്ന് രക്‌തകണങ്ങൾ കഴുകിയിറ്റു വീഴുന്നത് തിരിഞ്ഞു നോക്കാതെ തന്നെ ശ്രീറാം കണ്ടു. അവനിൽ ഒരു നടുക്കം ഉണ്ടായി.
കനത്ത മൗനം. മൗനം മാത്രം.
ശ്രീറാം ശാന്തനായി ഡ്രൈവിംഗിൽ തന്നെ ശ്രദ്ധിച്ചു.
ഗോശ്രീ നടപ്പാതയിലും നിറയെ ആളുകളാണ്. രാത്രിയിലെ വിളക്കു കാലുകളിലെ മങ്ങിയ വെളിച്ചത്തിൽ നിഴലുകളെ പോലെ… ചലിക്കുന്ന നിഴലുകൾ.
പിറകിൽ രുക്കുവിന്‍റെ അമർത്തിയ തേങ്ങലുകൾ… ഇപ്പോൾ വന്യത നീങ്ങിയിരിക്കുന്നു. പകരം തികച്ചും ശാന്തമായ കായലലകളോടൊപ്പം വീശുന്ന കുളിർക്കാറ്റു പോലെ നേർത്തു നേർത്തു തേങ്ങലുകൾ അലിഞ്ഞു പോവുന്നു.
മുകളിൽ ഉദിച്ചുയർന്ന നീലനിലാവ്. താഴ്ന്നു താഴ്ന്നു വരുന്ന നക്ഷത്രങ്ങളുടെ മിന്നാമിനുങ്ങുകൂട്ടം. ആകാശപ്പന്തൽ പോലെ… ആശുപത്രിയുടെ മുന്നിൽ ഓട്ടോ നിന്നു.
രുക്കു യാത്ര പറഞ്ഞില്ല. ആശുപത്രി വാതായനങ്ങൾക്കപ്പുറത്തെ നിയോൺ വെളിച്ചത്തിലേയ്ക്ക് അവൾ നടന്നു മറഞ്ഞു. ഓട്ടോറിക്ഷയുടെ പിറകിലെ സീറ്റിൽ അവൾ കൊളുത്തി വച്ച എണ്ണത്തിരിയിട്ട പൂത്താലം മടക്ക യാത്രയിൽ ശ്രീറാം അമ്പലനടയിൽ കാണിക്ക വച്ചു.
(അവസാനിച്ചു)