റംസാൻ നാളുകളിൽ ആദ്യമായി ഒരു മുസ്ലിം രാജ്യം സന്ദർശിക്കാനെത്തിയതാണ്. പകൽ മുഴുവനും റെസ്റ്റോറന്‍റുകൾ അടഞ്ഞു കിടക്കുമെന്നും എന്തിന് കുടിക്കാൻ വെള്ളം പോലും കിട്ടില്ലെന്ന കാര്യവും ഞങ്ങൾക്കറിയില്ലായിരുന്നു. വിശ്വാസത്തിന്‍റെ ഈ നാളുകളിൽ വ്രതകാഠിന്യത്തെക്കുറിച്ച് അറിയാതെയെത്തുന്ന സന്ദർശകർ ശരിക്കും കുടുങ്ങും. ഞങ്ങൾക്കുണ്ടായ അനുഭവവും മറിച്ചല്ല.

മൊറോക്കോയിലെ കാസാബ്ലാങ്കയാണിത്. ആദ്യദിവസം തന്നെ ഞങ്ങൾ കൊളോണിയൽ കാസാബ്ലാങ്കയിലെ വിശാല മുറ്റമുള്ള പാലസ് മുഹമ്മദ് ശഷ്ഠ സന്ദർശിച്ചു. പൊരിവെയിലും നല്ല ചൂടും. എനിക്ക് വല്ലാത്ത ദാഹം തോന്നി. ഞാൻ ഒരു ഓരത്തേക്ക് മാറി നിന്ന് ബാഗിൽ കരുതിയിരുന്ന വെള്ളമെടുത്ത് കുടിക്കാൻ തുനിഞ്ഞു. പെട്ടെന്ന് ഒരു സ്ത്രീ അറബി ഭാഷയിൽ എന്നെ വിലക്കി.

റമദാൻ എന്ന വാക്കും അവരുടെ ശരീരഭാഷ്യവും കണ്ട് വ്രതനാളുകളിൽ വെള്ളംപോലും കുടിക്കരുതെന്നാണ് പറഞ്ഞതെന്ന് ഞാൻ ഊഹിച്ചു. പിന്നീട് അവർ മുന്നോട്ട് നടന്ന് മുന്നിൽ നിൽക്കുന്ന രണ്ട് സ്ത്രീകളോടായി എന്നെ നോക്കി എന്തൊക്കെയോ പറഞ്ഞു. ഇവിടുത്തെ കടകളും ഫാക്ടറികളുമൊക്കെ പ്രവർത്തിക്കുന്നുണ്ട്. ശരീരാധ്വാനം വേണ്ടിവരുന്ന ജോലി ചെയ്യുന്നവരുമുണ്ട്. ഇവർക്കൊന്നും ദാഹം തോന്നാറില്ലേ? എനിക്ക് ആശ്ചര്യം തോന്നി.

പാലസ് സന്ദർശനത്തിനുശേഷം ഞങ്ങൾ 35, അവന്യുമുലെഹസൻ ലെ കാസാബ്ലാങ്ക ഹോട്ടലിൽ മടങ്ങിയെത്തി. ലണ്ടൻ യാത്രയ്ക്കിടയിൽ വാങ്ങിക്കൂട്ടിയ ഭക്ഷണപായ്ക്കറ്റുകൾ ഉണ്ടായിരുന്നതുകൊണ്ട് ഉച്ചഭക്ഷണം മുടങ്ങിയില്ല.

ഇന്നലെ രാത്രി ഹീബ്രുവിൽ നിന്നും റോയൽഎയർ മൊറോക്കോ ഫ്ളൈറ്റിലാണ് ഞങ്ങൾ കാസാബ്ലാങ്കയിലെത്തിയത്. വിമാനയാത്രയ്ക്കിടയിലും ഭക്ഷണകാര്യത്തിൽ കുറേ അഡ്ജസ്റ്റുമെന്‍റുകളൊക്കെ വേണ്ടി വന്നു. വെജിറ്റേറിയനായതുകൊണ്ട് ചോറും ഉപ്പ് ചേർക്കാത്ത കറികളുമാണ് സെർവ് ചെയ്തത്. കലശലായ വിശപ്പുണ്ടായിരുന്നതുകൊണ്ട് കഴിക്കുക മാത്രമായിരുന്നു ഏക പോംവഴി. ഒപ്പം നാല് ഇന്തപ്പഴമടങ്ങിയ ഒരു പായ്ക്കറ്റും നൽകി.

സകലവിധ സുഖസൗകര്യങ്ങളുമുള്ള ഹോട്ടലിലാണ് ഞങ്ങൾ താമസിച്ചത്. പ്രാതലിന് ചായ, പാൽ, കാപ്പി, ജ്യൂസ്, ഫ്രൂട്ട്സ്, ഈന്തപ്പഴം, വെണ്ണ, പലവിധം ജാമുകൾ, തേൻ പലതരം ബ്രഡ്, കേക്ക്, മുട്ട, ഇറച്ചി വിഭവങ്ങൾ… ശരിക്കുമൊരു ഫോർ സ്റ്റാർ ഹോട്ടൽ ഭക്ഷണം.

കാസാബ്ലാങ്ക എന്ന പേര് കേട്ടപ്പോൾ തന്നെ ആദ്യം മനസ്സിലേക്കോടിയെത്തിയത് ബോളിവുഡ് ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തിൽ 40 ദശകങ്ങളിലെ വേഷഭൂഷാദികൾക്ക് ജീവൻ നൽകിയ ഹംഫ്രേ ബോഗാർട്ട് ഇൻഗ്രിസ് ബർഗ്മാൻ ജോഡികളെയാണ്. എന്നാൽ ഇന്നിത് ഒരു ഡിജിറ്റൽ നഗരമാണ്. വികസന കുതിപ്പുകളിലേക്കുയരുന്ന ലോകരാജ്യങ്ങളിൽ ഒന്ന്.

ഈന്തപ്പനകാടുകൾ

തിങ്ങി നിറഞ്ഞ് വരിവരിയായി നിൽക്കുന്ന ഈന്തപ്പനകൾ… പുസ്തകങ്ങളിൽ മാത്രം കണ്ടിട്ടുള്ള ദൃശ്യം നേരിട്ടു കണ്ടപ്പോൾ എന്നെന്നില്ലാത്ത സന്തോഷം. പരേഡിനു നിൽക്കുന്ന പട്ടാളക്കാരെ പോലെ ഇരുവശത്തും നിരന്നു നിൽക്കുന്നു… അംബര ചുംബികളായ സൗധങ്ങൾ നഗരത്തിന്‍റെ രൂപം തന്നെ മാറ്റിമറിച്ചിട്ടുണ്ട്. അത്യാധുനിക ഡിസൈനിൽ തീർത്ത ഷോപ്പുകളും പച്ചവെൽവെറ്റ് പുൽതകിടി പതിച്ച ധനാഢ്യരുടെ വലിയ ബംഗ്ലാവുകളും…

സമ്പന്നതയിലേക്ക് കൈ പിടിച്ച് ഉയരുന്ന മിഡിൽക്ലാസ് ജനത… പുരോഗതിയിലേക്ക് കുതിക്കുന്ന വ്യവസായങ്ങൾ… കാസാബ്ലാങ്ക ആഫ്രിക്കയിൽ തന്നെയാണോ? ഒരു നിമിഷം മനസൊന്ന് ശങ്കിച്ചു. കാലിഫോർണിയ തീരത്തോട് ഏറെ സാദൃശ്യം തോന്നുന്ന പ്രദേശമാണ് കാസാബ്ലാങ്ക. മൊറോക്കോയുടെ വാണിജ്യ തലസ്ഥാനമാണിത്. മുമ്പ് വായിച്ചും പറഞ്ഞും കേട്ട മുഖഛായയല്ല നഗരത്തിന്.

18-ാം നൂറ്റാണ്ടിന്‍റെ അവസാന നാളുകളിൽ ഇവിടുത്തെ ജനസംഖ്യ കേവലം 2000ത്തോളമായിരുന്നു. എന്നാൽ മൊറോക്കോയുടെ വാണിജ്യ തലസ്ഥാനമായി മാറിയതിന് ശേഷം ജനസംഖ്യ 3 കോടിയിലധികമെത്തിയതായി ഔദ്യോഗിക കണക്കുകളും 5 കോടിയിലധികമാണെന്ന് അനൗദ്യോഗിക വൃത്തങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. കാഹിര കഴിഞ്ഞാൽ വടക്കൻ ആഫ്രിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് കാസബ്ലാങ്ക.

എണ്ണ പുരട്ടിയ കറുപ്പുനിറം… കറുത്ത ഇരുണ്ട മുടി, കരുത്തുറ്റ ശരീരം, മൃഗക്കൊമ്പുകൾ ആഭരണമാക്കിയവർ, വർണ്ണവൈവിധ്യമുള്ള ടവലുകൾ കെട്ടിയവർ… ആഫ്രിക്കയെന്ന് കേൾക്കുമ്പോൾ ടൂറിസ്റ്റുകളുടെ മനസ്സിൽ ഈയൊരു ദൃശ്യമാകും ഓടിയെത്തുക… ഇതുമാത്രമല്ല അറ്റം കാണാത്ത കടൽത്തീരങ്ങൾ, പറ്റംപറ്റമായി നീങ്ങുന്ന കാട്ടുമൃഗങ്ങൾ… നാഷണൽ ജിയോഗ്രാഫിക്കൽ ചാനലിൽ പലവട്ടം കണ്ടതല്ലേ… ഇങ്ങനെയുള്ള മുൻധാരണകളൊന്നും വേണ്ട.

ആധുനിക വാസ്തുകല

സമ്മിശ്ര സംസ്കാരങ്ങൾ ഇഴചേർത്ത വടക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ് മൊറോക്കോ. ഇവിടെ ആഫ്രിക്കൻ, യൂറോപ്യൻ എന്നിങ്ങനെ വ്യത്യസമൊന്നുമില്ല. റോമൻ, അറബ്, പോർച്ചുഗീസ്, ഫ്രഞ്ച്, അധിനിവേശത്തിന്‍റെ ചരിത്രവശേഷിപ്പുകൾ മൊറോക്കോയിൽ അനുഭവപ്പെടും. എന്നാൽ മൊറോക്കോയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കാസാബ്ലാങ്കയിലാണ് ഫ്രഞ്ച് സ്വാധീനം ഏറെ അനുഭവപ്പെട്ടത്. ആധുനിക ഇസ്ലാമിക വാസ്തുകലയിൽ പലയിടത്തും മൊറോക്കൻ രാജാവ് ഹസൻ രണ്ടാമൻ നിർമ്മിച്ച മസ്ജിദിലുമൊക്കെ സമ്മിശ്ര സംസ്കാരം ദൃശ്യമാണ്. ജനങ്ങൾ ഏറ്റവും അധികം സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ ഫ്രഞ്ചാണെന്നതിൽ ഒട്ടും അതിശയം തോന്നേണ്ടതുമില്ല. അറബിയും ഫ്രഞ്ചും നന്നായി സംസാരിക്കാനറിയുന്നവരാണ് ഒട്ടു മിക്കവരും തന്നെ. നഗരത്തിൽ പലയിടത്തുമായി ഫ്രഞ്ചു ബോർഡുകളും കാണാൻ സാധിക്കും.

കാസാബ്ലാങ്കയിലെ ഏറ്റവും പ്രശസ്തമായ മറ്റൊരിടമാണ് ഷാ ഹസൻ 2 മസ്ജിദ്. മസ്ജിദിന്‍റെ വിസ്തീർണ്ണം, ഉയരം, വാസ്തുകല എല്ലാം വർണ്ണനാതീതം തന്നെ. എണ്ണൂറു കോടി ഡോളർ മുടക്കി ഷായുടെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് 1993ലാണ് നിർമ്മാണം തുടങ്ങിയത്. ഇതേ വർഷം ആഗസ്റ്റ് മുപ്പതിന് ഉദ്ഘാടനവും നടന്നു. മൊറോക്കോയിലെ നമ്പർ വൺ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണിത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പള്ളിയാണ്. പച്ച നിറത്തിലുള്ള ഗോപുരത്തിന് 213 മീറ്റർ ഉയരമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗോപുരം. 30 കിലോമീറ്റർ അകലെ നിന്നാലും കാണാനാകും. രാത്രി മക്കയുടെ ദിശയിലേക്ക് ഇതിലെ ലേസർ കിരണങ്ങൾ പ്രകാശം വിതറാറുണ്ട്.

വിശാലമായ പള്ളിമുറ്റം

പള്ളിയുടെ പ്രൗഢിക്കും അലങ്കാര കൊത്തുപണികൾക്കുമായി ഭീമമായ തുക ചെലവായിട്ടുണ്ടെന്നറിഞ്ഞ് ആശ്ചര്യം വിട്ടുമാറാതെ നിൽക്കുകയായിരുന്നു ഞങ്ങൾ. എൺപതിനായിരത്തോളം പേർക്ക് ഒത്തുകൂടാവുന്ന വിശാലമായ പള്ളിമുറ്റത്താണ് നിൽക്കുന്നതെന്ന് മനസ്സിലായപ്പോൾ കൂടുതൽ ആശ്ചര്യം തോന്നി. ഞങ്ങൾ ഇരുമ്പ് ഗാർഡറും ഇലക്ട്രിക് വാതിലും കടന്ന് അകത്തെത്തി. ഇരുപതിനായിരം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള വിശാലമായ അകത്തളം. ആറായിരം പണിക്കാരുടെ കരവിരുത്.

ഫ്രഞ്ച് വാസ്തുശിൽപി മിഷേൽ പിനസോ ആണ് മസ്ജിദ് രൂപകൽപന ചെയ്തിരിക്കുന്നത്. പുറമേ നിന്ന് നേക്കിയാൽ ഫ്രഞ്ച് ശൈലിയൽ നിർമ്മിച്ചതെന്ന് തോന്നിക്കുമെങ്കിലും ഉൾവശം തനി മൊറോക്കൻ ശൈലിയിലാണ് പണിതിരിക്കുന്നത്. മിഡിൽ അറ്റ്ലസിൽ നിന്നും ഇറക്കുമതി ചെയ്ത ദേവദാരു മരം, അഗഡറിൽ നിന്നും കൊണ്ടുവന്ന മാർബിൾ, ടെഫരാപുട്ടിൽ നിന്നും ഇറക്കുമതി ചെയ്ത ഗ്രാനൈറ്റ് എന്നിവയിലൊക്കെയാണ് നിലം തീർത്തിരിക്കുന്നത്. മിടുക്കരായ പണിക്കാരുടെ വർഷങ്ങളുടെ ശ്രമഫലമാണ് ഈ മസ്ജിദ്.

ഉത്സവ സീസണൊഴികെയുള്ള സമയങ്ങളിൽ നമാസിനെത്തുന്നവരേക്കാൾ കൂടുതൽ ടൂറിസ്റ്റുകളാണെത്താറുള്ളതെന്ന് പറഞ്ഞാൽ ആശ്ചര്യം തോന്നേണ്ടതില്ല. പള്ളി നിൽക്കുന്ന സ്ഥലം മുമ്പ് ചേരിപ്രദേശമായിരുന്നത്രേ… പണമോ മറ്റ് ആനുകൂല്യങ്ങളോ നൽകാതെയാണ് സ്ഥലവാസികളെ അന്ന് കുടിയൊഴിപ്പിച്ചതെന്നും പറയപ്പെടുന്നു. മസ്ജിദിന്‍റെ നിലവറയിൽ രണ്ട് വിശാലമായ ഹമാമുകളും (കുളിമുറി) തീർത്തിട്ടുണ്ട്. ഒരെണ്ണം തുർക്കി ശൈലിയിലും മറ്റത് മൊറോക്കൻ ശൈലിയിലും.

മസ്ജിദിന്‍റെ ഗോപുരം ന്യൂയോർക്കിലെ ലിബർട്ടി പ്രതിമയെക്കാൾ മൂന്നടി ഉയരം കൂടുതലുണ്ട്. ഇതിന്‍റെ വിസ്തീർണ്ണം കബോഡിയയിലെ അങ്കോറിലും അധികമാണ്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബർഗിന് മസ്ജിദിന്‍റെ പ്രധാന കെട്ടിടത്തോളം മാത്രമേ വലുപ്പം കാണൂ. ഇവിടുത്തെ പ്രാർത്ഥനാ മന്ദിരം ലണ്ടനിലെ സെന്‍റ് പോൾ കത്തീഡ്രലിനേക്കാൾ മൂന്ന് മടങ്ങ് വലുതുമാണ്.

മസ്ജിദിന്‍റെ കുറച്ചുഭാഗം അറ്റ്ലാന്‍റിക് സമുദ്രവുമായി തൊട്ടുരുമി കിടക്കുംവിധം നിർമ്മിക്കാമെന്ന് ഷാഹസൻ ആഗ്രഹിച്ചിരുന്നു. ഈയൊരു രീതി അവലംബിച്ചാണ് മസ്ജിദ് തീർത്തിരിക്കുന്നത്. റൂഫിംഗിൽ അമ്പതോളം അലങ്കാര വിളക്കുകൾ തൂക്കിയിട്ടിട്ടുണ്ട്. ഓരോന്നിനും ഒരു ടണ്ണോളം ഭാരം വരും. ലൈറ്റുകളുടെ ഡിസൈനും കരവിരുതും രാജകീയ പ്രൗഢി നൽകുന്നുണ്ട്.

രാത്രി എട്ട് മണിയോടെ ഞങ്ങൾ കാസാബ്ലാങ്കയിലെ ഇന്ത്യൻ റെസ്റ്റോറന്‍റ് ഇന്ത്യാപാലസിലെത്തി. തനി രാജസ്ഥാനി കെട്ടും ഭാവവുമാണ് റെസ്റ്റോറന്‍റിന്. ഭിത്തിയിൽ ലോഹത്തിൽ തീർത്ത വലിയൊരു മയിൽ, കൂടാതെ ഒട്ടകവും മരപ്പാവകളും. ചുവരിൽ തവയും പാനും ഭംഗിയായി സജ്ജീകരിച്ച് വച്ചിട്ടുണ്ട്. റെസ്റ്റോറന്‍റിന് പുറത്ത് ഇന്ത്യൻ വേഷധാരികളായ രണ്ട് മരത്തിൽ തീർത്ത കാവൽക്കാർ, പ്രവേശനകവാടത്തിന് പിന്നിൽ ഇന്ത്യൻ തലപ്പാവോടു കൂടിയ മൊറോക്കൻ ദർബാൻ. ഇളം തെന്നൽ പോലെ ഇന്ത്യൻ സംഗീതം അലയൊഴുകുന്നു. വടക്കൻ ആഫ്രിക്കയിലെ കാസാബ്ലാങ്കയിൽ ഇന്ത്യൻ ഭക്ഷണം ഞങ്ങൾ ആസ്വദിച്ചു.

और कहानियां पढ़ने के लिए क्लिक करें...