“കീർത്തനേ... നിന്നോടല്ലേ അകത്തേക്ക് പോകാൻ പറഞ്ഞത്.” വിജയലക്ഷ്മി മകളോട് ദേഷ്യപ്പെട്ടു. ഭാവിവരൻ മനോജിനോടൊപ്പം പുറത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു കീർത്തന. അവൾ ഒരു നിമിഷം ശരിക്കും പകച്ചുപോയി. അമ്മയെ അവഗണിക്കാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. എന്തു പറയണമെന്നറിയാതെ മനോജും വിഷമിച്ചു. കൂടുതൽ സംസാരിച്ച് രംഗം വഷളാകാതിരിക്കാൻ അയാൾ ആഗ്രഹിച്ചു.
“ആന്‍റി, ഫൈൻ ആർട്സ് ഹാളിൽ നല്ലൊരു പ്രോഗ്രാമുണ്ട്. ഗസൽ സന്ധ്യയാണ്. നാടകവുമുണ്ട്. വളരെ പ്രയാസപ്പെട്ടാണ് രണ്ട് ടിക്കറ്റ് ശരിയാക്കിയത്. ആന്‍റി സമ്മതിക്കുകയാണെങ്കിൽ...” വാക്കുകളിൽ വിനയം നിറയ്ക്കുകയായിരുന്നു മനോജ്.
“മോനേ, ഒന്നും വിചാരിക്കരുത്. പാരമ്പര്യത്തിൽ വിശ്വസിക്കുന്ന കുടുംബമാണിത്. വിവാഹത്തിന് മുമ്പ് ഇവളിങ്ങനെ കറങ്ങി നടക്കുന്നത്... ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ... നമ്മുടെ സമൂഹം ഇതൊന്നും അംഗീകരിക്കില്ല. കീർത്തനയുടെ പപ്പയ്ക്കും ഇഷ്ടമാകില്ല...” ഇനി കൂടുതൽ സംസാരിക്കാനും കേൾക്കാനും താൽപര്യപ്പെടുന്നില്ല എന്ന വിധത്തിലാണ് വിജയലക്ഷ്മി സംസാരിച്ചത്.
“ആന്‍റി... ഈയൊരു ദിവസത്തേക്ക് മാത്രം. വിവാഹം കഴിയുന്നതു വരെ ഇനി ഇങ്ങനെയൊന്നുമുണ്ടാകില്ല.” മനോജ് നയത്തിൽ സംസാരിക്കാൻ ശ്രമിച്ചു.
“മോനേ, പറയാനുള്ളത് പറഞ്ഞല്ലോ. ഇനി ഇതാവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” അവർ നീരസത്തോടെ മുഖം തിരിച്ചു.
അമർഷം കടിച്ചമർത്തിയാണ് മനോജ് പുറത്തിറങ്ങിയത്. എത്ര ബുദ്ധിമുട്ടിയാണ് രണ്ട് ടിക്കറ്റ് തരപ്പെടുത്തിയത്. കീർത്തനയുടെ അമ്മയിൽ നിന്ന് ഇത്തരം പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് മാസങ്ങൾക്ക് മുമ്പാണ് കീർത്തനയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. അതിനുശേഷം അവർ പരസ്പരം കണ്ടുമുട്ടാറുണ്ടായിരുന്നു. ഫോണും ചെയ്യുമായിരുന്നു. ചിലപ്പോഴൊക്കെ ഒന്നിച്ച് പുറത്തൊക്കെ കറങ്ങാനും പോകും. എന്നാൽ അന്നൊന്നും ഈ പാരമ്പര്യത്തെക്കുറിച്ച് ആരുമൊന്നും സംസാരിച്ചിരുന്നില്ല. എന്നിട്ട്.... ഇന്നിപ്പോൾ... കടലിരമ്പുന്ന ദേഷ്യത്തോടെയാണ് മനോജ് വീട്ടിൽ മടങ്ങിയെത്തിയത്.
“എന്താ... രണ്ടാളും കൂടെ നാടകം കാണാൻ പോകുന്നുവെന്ന് പറഞ്ഞിട്ട്...”
“ഇതൊന്നും അവരുടെ സംസ്കാരത്തിന് ചേരില്ലെന്നാണ് പറയുന്നത്.”
“എനിക്ക് നീ പറയുന്നതൊന്നും മനസ്സിലാകുന്നില്ല.”
“വിവാഹത്തിന് മുമ്പ് മകൾ ഭാവിവരനുമായിങ്ങനെ ചുറ്റിക്കറങ്ങുന്നത് മോശമാണത്രേ.”
“അല്ലാ, ഇതൊക്കെ നിന്നോടാരാ പറഞ്ഞത്?”
“കീർത്തനയുടെ അമ്മ, അല്ലാതാരാ.”
“പക്ഷേ, നിങ്ങൾ രണ്ടാളും ഇതിനു മുമ്പ് ഒന്നിച്ച് പുറത്തൊക്കെ പോയിട്ടുണ്ടല്ലോ?”
“ഓഹ്, വലിയ അടക്കവും ഒതുക്കവുമുള്ള കൂട്ടർ. അവരുടെ വിചാരം നമുക്കൊന്നും അറിയില്ലെന്നാണ്. കീർത്തനയുടെ ചേച്ചി ഒളിച്ചോടിയല്ലേ വിവാഹം കഴിച്ചത്. നിനക്ക് കീർത്തനയെ ഇഷ്ടമായതുകൊണ്ട് മാത്രമാ... ഇല്ലെങ്കിൽ ആ വീട്ടിൽ ഒരാലോചനയുമായി ആരെങ്കിലും ചെയ്യുമോ?”
“അതൊക്കെ പോട്ടേ... അവളുടെ ചേച്ചിയുടെ കാര്യമല്ലല്ലോ പ്രധാനം... പിന്നെ എനിക്ക് മാത്രമല്ല അമ്മയ്ക്കും കീർത്തനയെ വലിയ ഇഷ്ടമല്ലേ?” മനോജ് ചിരിച്ചു.
“മോനേ, ഇത് വെറുതെ ചിരിച്ചു തള്ളേണ്ട കാര്യമല്ല. എനിക്കിതിലെന്തൊക്കെയോ പന്തികേട് തോന്നുന്നു. അവളുടെ മനസ്സിൽ മറ്റാരെങ്കിലും...”
“അമ്മേ കീർത്തന തെറ്റുകാരിയല്ല. അവൾ എന്‍റെയൊപ്പം വരാൻ തയ്യാറായിരുന്നു. പക്ഷേ, അവളുടെ അമ്മയുടെ പെരുമാറ്റമാണ് വിഷമിപ്പിച്ചത്.” മനോജ് നിരാശനായി.
“ഇവരുടെയൊക്കെ മനസ്സിൽ എന്താണെന്ന് ആർക്കറിയാം. എപ്പോ എങ്ങനെ പെരുമാറുമെന്ന് പറയാനാവില്ല.”
“അമ്മേ, വെറുതെ ദേഷ്യം പിടിച്ച് ബിപി കൂട്ടേണ്ട. ആദ്യം കാര്യമെന്താണെന്ന് അറിയട്ടെ.”