എന്‍റെ ഭാര്യ നല്ല സാമ്പത്തിക ശേഷിയുള്ള തറവാട്ടിലേതാണ്. അതിനാൽ എനിക്ക് പലപ്പോഴും അവൾ പറയുന്ന കാര്യങ്ങൾ അനുസരിക്കേണ്ടതായി വരാറുണ്ട്. അതെനിക്ക് ഒട്ടും ഇഷ്‌ടമില്ലാത്ത കാര്യമാണെങ്കിലും, എനിക്ക് വേറെ വഴിയില്ലല്ലോ.
കുറെ വാദപ്രതിവാദങ്ങൾക്കും ആലോചനകൾക്കും ശേഷമാണ്, ഞങ്ങൾ രണ്ട് മുറിയുള്ള ഒരു വീട് നഗരത്തിനു പുറത്ത് വാങ്ങിയത്. വില കുറച്ച് കിട്ടിയതുകൊണ്ടാണ് അവിടെ വാങ്ങാൻ കാരണം. ചുളുവിലയ്‌ക്ക് കിട്ടിയതു കൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിൽ എന്‍റെ വരുമാനം വച്ച് ജീവിതകാലം മുഴുവൻ വാടകയ്‌ക്ക് താമസിക്കേണ്ടി വരുമായിരുന്നു.
ഇവിടെ താമസിക്കാൻ തീരുമാനിച്ചപ്പോൾ അമ്മായിഅമ്മയും വന്നെത്തി. അവർക്കും വീട് കാണണം. അവരുടെ നിർദ്ദേശ പ്രകാരം അടുത്തുള്ളവരെ കൂടി പാല് കാച്ചലിന് വിളിക്കാൻ തീരുമാനിച്ചു.
പരിചയപ്പെടാനാണ് ചടങ്ങു വച്ചതെങ്കിലും കീശ കാലിയാകുന്ന ഏർപ്പാടായി പോയി. പത്ത് മുപ്പത് പേർക്ക് സദ്യ നൽകേണ്ടേ. അമ്മായിഅമ്മ അഞ്ച് പൈസ നൽകിയില്ലെങ്കിലും എനിക്ക് എഴുപത്തയ്യായിരം ഈസിയായി പോയി കിട്ടി. ആ കാശുണ്ടായിരുന്നെങ്കിൽ വേറെ എന്തെല്ലാം അത്യാവശ്യം നിറവേറ്റാമായിരുന്നു.
ചടങ്ങിനെത്തിയ അയൽക്കാരും കുടുംബങ്ങളും അമ്മായിഅമ്മയുടെ കത്തിയ്‌ക്ക് ഇരയായി. തറവാട്ട് മഹിമയും അവർ അതിഥികൾക്ക് ഭക്ഷണത്തോടൊപ്പം വിളമ്പി. എനിക്ക് അതെല്ലാം കേട്ട് തല കുലുക്കാനും അതൊക്കെ പറയാനുമേ നേരമുണ്ടായിരുന്നുള്ളൂ.
എന്‍റെ ഭാര്യയും മോശമാക്കിയില്ല. അവൾ പറയുകയാണ്. “എന്‍റെ കല്യാണത്തിന് താലിമാലയോടൊപ്പം അഞ്ച് പവന്‍റെ അഞ്ച് മാലകളാണ് അമ്മ തന്നത്. അതും ഡയമണ്ട് പിടിപ്പിച്ചത്. മൊത്തം നൂറ്റിപ്പത്ത് പവൻ ഉണ്ടായിരുന്നു.”
അയ്യോ.. അതെപ്പോ? ഞാനും വാപൊളിച്ചു പോയി. സ്വർണ്ണം പോയിട്ട് ബഹുമാനം പോലും തരാത്ത അമ്മായിഅമ്മയാണ്. എനിക്ക് ഇതെല്ലാം കേട്ടിട്ട് നല്ല കലി വന്നു. പക്ഷേ നാട്ടുകാർ എന്തു കരുതും എന്നതിനാൽ ചിരിച്ചുകളിച്ച് അവരുടെ ആഹ്ലാദത്തിന്‍റെ ഭാഗമായി. ഈ രണ്ട് മുറി വീട്ടിൽ ഞാനും ഭാര്യയും സന്തോഷിച്ചിരുന്നു. പക്ഷേ അമ്മായിഅമ്മ വന്നതോടെയാണ് എല്ലാം കുളമായത്.
പാർട്ടി കഴിഞ്ഞ് രാത്രി ശ്രീമതിയുടെ വായിൽ നിന്ന് തന്നെ അത് പുറത്തു വന്നു. “ഇന്ന് ഞാനാകെ നാണം കെട്ടുപോയി...”
“എന്താ, എന്തുപറ്റി ഭാനു?” ഞാൻ ചോദിച്ചു.
“എല്ലാവരും ചോദിക്കുകയാ ഈ പഴയ ഡിസൈനിലുള്ള ആഭരണങ്ങൾ എവിടെ നിന്ന് കിട്ടിയെന്ന്. നിവൃത്തിയില്ലാതെ അമ്മ തന്നതാണെന്ന് എനിക്ക് പറയേണ്ടി വന്നു. ആകെ നാണക്കേടായി.”
“അല്ലാ നീയെന്താ പറയാൻ ഉദ്ദേശിക്കുന്നത്?” ഞാൻ നിരാശനായി.
“ഞാനൊരു കാര്യം പറഞ്ഞാൽ വിഷമിക്കുമോ?”
“ഇല്ല പറയൂ”
“നിങ്ങൾ വിചാരിച്ചാൽ...”
“വിചാരിച്ചാൽ...”
“എനിക്ക് കുറച്ച് പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ വാങ്ങി തരാൻ പറ്റില്ലേ. അതണിഞ്ഞിട്ട് വേണം എനിക്ക് അയൽക്കാരുടെ മുന്നിൽ നിവർന്ന് നിന്ന്, എന്‍റെ ഭർത്താവ് വാങ്ങി തന്നതാണെന്ന് പറയാൻ....”
ഞാൻ ഇരുന്ന കസേര മുറുക്കി പിടിച്ച് കൊണ്ട് സ്വരം മയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. “അതിനെന്താ ചക്കരേ.. ഉടനെ വാങ്ങാല്ലോ... പക്ഷേ വീടിന്‍റെ ലോൺ ആരടയ്‌ക്കും?”
“ആനയെന്ന് പറയുമ്പോൾ നിങ്ങൾ ചേന എന്ന് പറയുകയാണോ?” അവളുടെ ഒച്ച പൊന്താൻ തുടങ്ങി.