ഏതാനും ദിവസങ്ങളായി സുഷ്‌മിതയുടെ മനസ്സ് ഒരിടത്തും ഉറയ്‌ക്കുന്നില്ല. ആത്മാവിന്‍റെ അടിത്തട്ടിലെവിടേയോ ഉറഞ്ഞുക്കൂടി കിടന്ന ദു:ഖത്തിന്‍റെ മഞ്ഞുമലയിൽ വിള്ളൽ വീണിരിക്കുന്നു. അതിൽ നിന്നൊഴുക്കി വരുന്നതു പോലെ അവളുടെ കണ്ണുകൾ സദാ സജലങ്ങളായി. മൗനത്തിന്‍റെ വാൽമീകത്തിലൊളിപ്പിച്ച മനസ്സിനെ അവൾക്കു തന്നെ മനസ്സിലായില്ല. പക്ഷേ അത് അല്‍പം അപകടകാരിയാണെന്ന് ഡോക്‌ടർ പറഞ്ഞപ്പോൾ മാത്രം വിശ്വസിച്ചു.
സ്വയം വിചാരിച്ചാലേ, ഈ വാൽമീകം തകർത്തു പുറത്തു വരാൻ പറ്റൂ. പക്ഷേ അതിനുള്ളിലെ തപസ് സുഷ്‌മിത ഇഷ്‌ടപ്പെട്ടു പോയി. സ്വയം വേദനിക്കുന്ന മനസ്സിൽ മാത്രമാണ് തന്‍റെ ജീവിതമെന്ന് അവൾ കരുതി. ഉറക്കം നഷ്‌ടപ്പെട്ട മിഴികൾ കൂടെക്കൂടെ ജിമെയിലിലേക്ക് കടന്നു ചെന്നു.
മൂന്നു വർഷമായി തുറക്കാത്ത മെയിൽ അക്കൗണ്ടിൽ വന്നു കുമിഞ്ഞുക്കൂടിയ മെയിലുകൾ. സുഷ്മിതയുടെ ചിന്തകൾ വീണ്ടും പിന്നോക്കം പാഞ്ഞു കൊണ്ടിരുന്നു.
സോഷ്യൽ നെറ്റ് വർക്കിംഗ് സെറ്റുകളിൽ സജീവമായിരുന്ന ആ കാലം ഇന്നലെ കഴിഞ്ഞതു പോലെ. നാലു വർഷം മുമ്പാണ് ഗൗതമിനെ പരിചയപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ ജൂലൈ 16 മുതൽ തന്‍റെ ഓൺലൈൻ സുഹൃത്തായി.
ചാറ്റിംഗിൽ വളരെ മാന്യത പുലർത്തിയ യുവാവ്. മറ്റുള്ളവരിൽ നിന്ന് അവനെ വ്യത്യസ്‌തമാക്കുന്ന എന്തോ ഒന്ന്. ആ പെരുമാറ്റത്തിലുണ്ട് എന്ന് തുടക്കം മുതലേ തോന്നിയിരുന്നു.
“ഹലോ, അയാം ഡോ. ഗൗതം, 29 വയസ്സ്. മൃഗഡോക്ടർ ആണ്. ഐഎഎസ് പരീക്ഷയിൽ പ്രീയും മെയിനും പാസായി. ഇന്‍റർവ്യൂ കടന്നു കിട്ടിയില്ല. ഇപ്പോഴും ട്രൈ ചെയ്യുന്നു.” ഇങ്ങനെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടു വന്ന ആ മെസേജ്, എന്തോ അവഗണിക്കാൻ തോന്നിയില്ല. മെസേജ് കണ്ടു എന്ന് മാർക്ക് ചെയ്യുക മാത്രം ചെയ്‌തു താൻ.
അപ്പോൾ അവിടെ നിന്ന് വീണ്ടും എത്തി ഒരു സന്ദേശം കൂടി.
“തിരുവനന്തപുരത്ത് കോച്ചിംഗ് സെന്‍ററിൽ പഠിപ്പിക്കുന്നുണ്ട്. ഒപ്പം പഠനവും തുടരുന്നു.”
“ഒകെ... അയാം സുഷ്മിത...”
“യെസ്, അതെനിക്ക് അറിയാലോ. ഈ പ്രൊഫൈൽ കണ്ടിട്ടാണല്ലോ ഞാൻ ഫ്രണ്ട് റിക്വസ്‌റ്റ് അയച്ചത്. നല്ല പേര്, ആ പേരിന്‍റെ അർത്ഥം അറിയുമോ?”
“അറിയാം...”
“പേരു പോലെ തന്നെ സുന്ദരമാണ് ആ ചിരിയും. അതാണെന്നെ ഇത്രമേൽ ആകർഷിച്ചത്.”
“ആഹാ... അതു കൊള്ളാം”
“യു ആർ ലിറ്റിൽ ഹെസിറ്റേറ്റഡ്? സാരമില്ല. എന്തൊക്കെയാ ഇഷ്‌ടങ്ങൾ?”
“എന്‍റെ വായന, എഴുത്ത്...”
“എനിക്കും ഇഷ്‌ടമാണ് അതെല്ലാം. പക്ഷേ ഇഷ്‌ടമുള്ളതു വായിക്കാൻ സമയം കിട്ടില്ല. പിള്ളേരെ പഠിപ്പിക്കാൻ വേണ്ടി വായിക്കണമല്ലോ. അതാണ് കൂടുതലും കഞ്ഞി കുടിക്കണ്ടേ ഡിയർ?”
“ഡിയർ? എന്താ അങ്ങനെ. ഇത്ര വേഗം പ്രിയപ്പെട്ടതായോ.”
“സംശയമെന്താ?”
“അതു അത്ര ശരിയല്ലല്ലോ മി. ഗൗതം!” തന്‍റെ മറുപടി ചാറ്റ് ബോക്‌സിൽ തെളിഞ്ഞപ്പോൾ ഉടനെ വന്നു ഇമോജി.
“ഒകെ ഝാൻസി റാണി!” ദേഷ്യപ്പെടാതെ ഉള്ളിൽ ചിരിച്ചു പോയി അന്ന് താൻ.
അതിനു ശേഷം കുറച്ചു ദിവസങ്ങൾ ഗൗതമിനെ കണ്ടില്ല. ഒരാഴ്ച കഴിഞ്ഞ് ഒരു ദിനം എഫ്ബി തുറക്കുമ്പോൾ ഗൗതമിന്‍റെ മെസേജ് ചാറ്റ് ബോക്സിൽ വന്ന് വിളിച്ചു. “ഹേയ്...! ഗൗതം ഹൗ ആർ യു?”