സ്‌ഥിര നിക്ഷേപം
കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണത്തിൻ മേൽ റിസ്ക‌് എടുക്കാൻ താൽപര്യം ഇല്ലാത്ത നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ രീതിയാണ് ഫിക്സഡ് ഡിപ്പോസിറ്റ്. ഡിപ്പോസിറ്റിൽ സുരക്ഷിതമായ റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നു. ഒരു നല്ല ബാങ്കിൽ നടത്തുന്ന ഡിപ്പോസിറ്റ് ഫിനാൻസ് മാർക്കറ്റിലെ ഒരു ചലനങ്ങളെയും ബാധിക്കില്ല. മാസം തോറും പലിശ പിൻവലിക്കാവുന്ന രീതിയിലും ഡിപ്പോസിറ്റ് ചെയ്യാം.
ഓഹരികൾ
ഒരു കമ്പനിയുടെയോ സ്ഥാപനത്തിന്‍റെയോ ഉടമസ്‌ഥതയുടെ ഒരു വിഹിതമാണ് സ്റ്റോക്ക് അഥവാ ഷെയർ. ദീർഘകാല നിക്ഷേപകർക്ക് ആണ് കൂടുതൽ നേട്ടം ലഭിക്കുന്നത്. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കുന്ന നിക്ഷേപരീതി ആയതിനാൽ റിസ്ക് ഫാക്ടർ ഉണ്ട്.
മ്യൂച്വൽ ഫണ്ടുകൾ
ധനകാര്യ സ്ഥാപനങ്ങൾ ആളുകളുടെ പണം ശേഖരിച്ച് റിട്ടേൺ നൽകുന്നതിനായി വിവിധ കമ്പനികളുടെ സ്റ്റോക്കുകളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്നു. ഒരു ചെറിയ നിക്ഷേപ തുകയിൽ നിന്ന് ആരംഭിച്ചാൽ പോലും നല്ല വരുമാനം നേടാൻ കഴിയും.
സീനിയർ സിറ്റിസൺ സേവിംഗ്സ്
ജോലിയിൽ നിന്ന് വിരമിച്ചവർക്കുള്ള ദീർഘകാല സേവിംഗ് ഓപ്ഷനാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. വിരമിക്കലിന് ശേഷം സ്ഥിരവും സുരക്ഷിതവുമായ വരുമാനമാർഗം ലക്ഷ്യമിടുന്നവർക്ക് ഈ ഓപ്ഷൻ അനുയോജ്യമാണ്.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
ഇന്ത്യയിൽ ഏറ്റവും വിശ്വസനീയമായ നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. ഏറ്റവും കുറഞ്ഞ തുക വരെ തവണകളായി നിക്ഷേപിക്കാം. നിക്ഷേപതുക, പലിശ, മെച്യൂരിറ്റി തുക എന്നിവയെല്ലാം നികുതി മുക്തമാണ്. 15 വർഷത്തെ ലോക്ക്- ഇൻ കാലയളവ് ഉണ്ട്. കാലാവധിക്ക് മുമ്പ് ഭാഗികമായ പിൻവലിക്കലുകൾ അനുവദനീയമാണ്.
ദേശീയ പെൻഷൻ പദ്ധതി
സർക്കാർ പിന്തുണയുള്ള നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് എൻപിഎസ് അഥവാ ദേശീയ നിക്ഷേപ പദ്ധതി. ഉപഭോക്താവിന്‍റെ പണം ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ, ഓഹരികൾ, മറ്റ് നിക്ഷേപ ഓപ്‌ഷനുകൾ എന്നിവയിൽ നിക്ഷേപിക്കുകയും നിക്ഷേപകന് 60 വയസ്സ് പൂർത്തിയാവുമ്പോൾ നിശ്ചിത തുക പെൻഷൻ ആയി ലഭിക്കുകയും ചെയ്യും.
ഗോൾഡ് ബോണ്ടുകൾ
സ്വർണം ഗ്രാം കണക്കിൽ വിർച്ചുൽ ആയി നൽകുന്ന സർക്കാർ സെക്യൂരിറ്റികളാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. സ്വർണ്ണ കൈവശം വയ്ക്കുന്നതിന് പകരമായി ഇന്ത്യാ ഗവൺമെന്‍റിന് വേണ്ടി റിസർവ് ബാങ്ക് ബോണ്ട് ഇഷ്യൂ ചെയ്യുന്നു. നിക്ഷേപകർക്ക് ബോണ്ട് വാങ്ങാം. കാലാവധി പൂർത്തിയാകുമ്പോൾ ഒരാൾക്ക് ബോണ്ടുകൾ റിഡീം ചെയ്യാം.
ഗവൺമെന്‍റ് ബോണ്ട്
വിവിധ ആവശ്യങ്ങൾക്കായി മൂലധനം സ്വരൂപിക്കുന്നതിനായി സർക്കാർ പുറപ്പെടുവിക്കുന്ന ഡെബ്റ്റ് സെക്യൂരിറ്റി ആണ് ഗവൺമെന്‍റ് ബോണ്ട്. അടിസ്‌ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകുക, നിലവിലുള്ള കടം വീട്ടുക, സാമൂഹിക പരിപാടികൾക്ക് ധനസഹായം നൽകുക എന്നിവയാണ് ഉദ്ദേശ്യങ്ങൾ.
ഒരു നിക്ഷേപകൻ സർക്കാർ ബോണ്ട് വാങ്ങുമ്പോൾ അവർ സർക്കാരിന് പണം കടം കൊടുക്കുകയാണ്. ഈ വായ്പയ്ക്ക് പകരമായി നിശ്ചിത സമയത്തേക്ക് പലിശ നൽകുന്നു. സാധാരണമായി മാസങ്ങൾ മുതൽ വർഷങ്ങൾ വരെ ബോണ്ട് നിക്ഷേപം നടത്താം. ബോണ്ടിന്‍റെ കാലാവധി അവസാനിക്കുമ്പോൾ സർക്കാർ നിക്ഷേപകന് പണം പലിശയടക്കം തിരിച്ചടയ്ക്കുന്നു. ഗവൺമെന്‍റ് ബോണ്ടുകൾ റിസ്‌ക് കുറഞ്ഞ നിക്ഷേപമായി കണക്കാക്കപ്പെടുന്നു.