നരേട്ടനോടു പറഞ്ഞ അന്നു തന്നെ അവൾ ദേവാനന്ദിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഉടനെ തന്നെ ഡൽഹിയിലെത്തി ചേരുമെന്ന് ദേവാനന്ദ് തിരിച്ചുമറിയിച്ചു. എന്നാൽ അത്ര പെട്ടെന്ന് ദേവാനന്ദ് സമ്മതിക്കുമെന്ന് കൃഷ്ണമോളും ഞങ്ങളും വിചാരിച്ചിരുന്നില്ല. അയാൾക്ക് കുറേശേ മാനസാന്തരം വന്നു തുടങ്ങിയെന്നും, ഞങ്ങളോട് അടുക്കുവാൻ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയെന്നും കൃഷ്ണമോളുടെ വാക്കുകളിൽ നിന്നും ഞങ്ങൾക്ക് വ്യക്‌തമായി. എന്നാലിപ്പോഴും അക്കാര്യത്തിൽ അയാളുടെ വീട്ടുകാർ എതിരാണത്രെ! അവർക്ക് കൃഷ്ണമോൾക്ക് കിട്ടേണ്ടിയിരുന്ന സ്ത്രീധനമാണ് പ്രധാനം. അതു കിട്ടുന്നതു വരെ അവർ കൃഷ്ണമോളോട് അതേപ്പറ്റി പറഞ്ഞ് കലഹം നടത്താറുണ്ടത്രെ.
ദേവാനന്ദിന് രണ്ടു സഹോദരികളുണ്ട്. അവർക്കു നൽകേണ്ടുന്ന സ്ത്രീധനം കൃഷ്ണമോളുടെ പക്കൽ നിന്നും ഈടാക്കാനാണ് അവരുടെ ശ്രമം. എന്നാൽ അവർ പറയുന്നത്രയും തുക ഞങ്ങൾക്ക് നൽകാനാകുമോ എന്ന് സംശയമായിരുന്നു. കാരണം നരേട്ടന്‍റെ ഓപ്പറേഷന് നല്ലൊരു തുക വേണ്ടി വന്നു. അതിനു മുമ്പ് രാഹുൽമോനു വേണ്ടിയും നല്ലൊരു തുക ചിലവാക്കിയിരുന്നു.
നരേട്ടന്‍റെ ഓപ്പറേഷനു വേണ്ടുന്ന തുക നാട്ടിലുള്ള എന്‍റെ പ്രോപ്പർട്ടികൾ വിറ്റാണ് കണ്ടെത്തിയത്. ഭൂമിയ്ക്കൊന്നും അത്ര വില കിട്ടാത്ത കാലമായിരുന്നു അത്. പിന്നെ അച്‌ഛന്‍റെ ബാങ്ക് ബാലൻസ് അനിയത്തിമാരുടെ കല്യാണത്തോടെ ശോഷിച്ചിരുന്നു. ബാക്കി തുക അമ്മയ്ക്ക് ജീവിയ്ക്കാനുള്ളതു മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏതായാലും ഡൽഹിയിലുള്ള വീടിന് അന്നും നല്ല വിലയുണ്ടായിരുന്നു. എന്നാൽ അത് വിറ്റ് മകൾക്ക് സ്ത്രീധനക്കാശ് കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. എങ്കിലും കൃഷ്ണമോൾ ഇടയ്ക്കിടെ അക്കാര്യം ഞങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
ഒരു പുഞ്ചാബി കർഷക ഫാമിലിയിൽപ്പെട്ടവനാണ് ദേവാനന്ദ്. സ്ത്രീധനത്തിന്‍റെ പേരിൽ പെൺകുട്ടികളെ പീഡിപ്പിക്കാനും, കൊല്ലാനും മടിയില്ലാത്തവർ. കൃഷ്ണമോൾ അക്കാര്യം ഓർമ്മിപ്പിച്ചും ഞങ്ങളെ ഇടയ്ക്കിടയ്ക്ക് അലട്ടിയിരുന്നു. ഒരു ദിവസം ഞാനവളോട് അന്വേഷിച്ചു.
“എങ്കിൽ പിന്നെ അന്ന് വിവാഹത്തിന് മുമ്പ് അവർക്കത് ആവശ്യപ്പെട്ടു കൂടായിരുന്നോ?”
“അന്നവർക്ക് എങ്ങിനെയും വിവാഹം നടത്തി കിട്ടിയാൽ മതിയെന്നായിരുന്നു. കാരണം ദേവേട്ടന് എന്നെത്തന്നെ വേണമെന്ന പിടിവാശിയിലായിരുന്നു. പിന്നെ അന്ന് സ്ത്രീധനം ആവശ്യപ്പെടാൻ ദേവേട്ടൻ സമ്മതിച്ചുമില്ല. ഇന്നിപ്പോൾ അക്കാര്യം പറഞ്ഞ് അവർ ദേവേട്ടനോട് ഇടയ്ക്കിടയ്ക്ക് കലഹിക്കാറുണ്ട്.
ദേവേട്ടന്‍റെ ഇളയ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. ഒരു സാധാരണ മിഡിൽ ക്ലാസ്സ് ഫാമിലിയിൽപ്പെട്ടവരാണ് ദേവേട്ടന്‍റെ വീട്ടുകാർ. അവർ വിചാരിച്ചാൽ അത്രത്തോളം സ്ത്രീധനമൊന്നും കൊടുക്കുവാൻ കഴിയുകയില്ല. മൂത്ത സഹോദരിയുടെ വിവാഹം നടത്തിയപ്പോൾ കൊടുക്കേണ്ടിയിരുന്ന തുക മുഴുവൻ അവർ നൽകിയിട്ടുമില്ല. അതിന്‍റെ പേരിൽ ആ സഹോദരിയുടെ വീട്ടുകാരുമായി ദേവേട്ടന്‍റെ വീട്ടുകാർ കലഹത്തിലുമാണ്. ഒരു പക്ഷേ ആ സഹോദരിയുടെ വിവാഹമോചനം വരെ നടന്നേയ്ക്കുമെന്നാണ് പറയുന്നത്.
കൃഷ്ണമോൾ പറഞ്ഞു നിർത്തി ഞങ്ങളെത്തന്നെ ആകാംക്ഷയോടെ നോക്കിയിരുന്നു. ഒരുപക്ഷേ ഏതെങ്കിലും രീതിയിൽ ഞങ്ങളെവളെ സഹായിക്കുമെന്ന് അവൾ കരുതിയതു പോലെ തോന്നി. അതിനുവേണ്ടി കൂടിയാണ് അവൾ ഇപ്രാവശ്യം ഞങ്ങളെക്കാണാൻ വന്നത്. നേരത്തെ ഞാൻ ഊഹിച്ചതു പോലെ തന്നെയാണ് കാര്യങ്ങൾ.