ഒരു മാസത്തിനുള്ളിൽ തുടരെത്തുടരെയുള്ള രണ്ടു വീടുമാറ്റം.ആ വീടുമാറ്റത്തിലെവിടെയോ നഷ്ടപ്പെട്ടു പോയ ഐഫോൺ. രണ്ടും ലക്ഷ്മി റിച്ചാർഡിനെ വല്ലാതെ തളർത്തിക്കളഞ്ഞു. ഫോൺ നഷ്ടപ്പെട്ട വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് സിമ്മും നിശ്ചലമാക്കി. എന്നിട്ടും നിർവ്വചിക്കാനാവാത്ത ഉൾഭയത്തിന്‍റെ കാണാക്കയങ്ങളിലൂടെയാണ് മനസ്സിന്‍റെ സഞ്ചാരം. ഫോൺ നഷ്ടപ്പെടലുമായി ബന്ധപ്പെട്ട വരുംവരായ്കൾ. അത് വലിയ തോതിൽ തന്നെ തങ്ങളെ ബാധിക്കുമെന്നതിൽ സംശയമില്ല.
ഈ ചെറു നഗരത്തിൽ വന്നിട്ട് നാലോളം വർഷത്തോളമാകുന്നു. അനവരതം രൂപം മാറിക്കൊണ്ടിരിക്കുന്ന നഗരവും മനുഷ്യരും. ഇന്നും ഇപ്പോഴും ഈ ദ്വന്ദങ്ങളെ ശരിക്കുൾക്കൊള്ളാനായില്ല. എത്രയോ യാത്രകളിലൂടെ പരിചിതമായ ഇവിടുത്തെ വഴിത്താരകളും പരിസരവും പിന്നീടുള്ള യാത്രകളിൽ അപരിചിതത്വത്തിന്‍റെ ഇരുണ്ട മേലാപ്പ് എടുത്തണിയാനാണ് വ്യഗ്രത കാട്ടുന്നത്.ഈ ചെറു നഗരത്തിലെ ആദ്യ താമസ സ്ഥലത്തെക്കുറിച്ച് ലക്ഷ്മി റിച്ചാർഡ് ഓർക്കുകയായിരുന്നു.
വീടന്വോഷിക്കാൻ പോയതും വീടു കണ്ടെത്തി താമസത്തിനായി ഏർപ്പാടാക്കിയതും റിച്ചാർഡ് തന്നെ. കഷ്ടകാലത്തിന് എംബസിയുമായി ബന്ധപ്പെട്ട ചില നൂലാമാലകളിൽ പെട്ട് ആ സമയം നാട്ടിൽ കുടുങ്ങിപ്പോയി. അതു കൊണ്ട് വീട് നേരിട്ട് കണ്ട് വിലയിരുത്താൻ കഴിഞ്ഞില്ല. വീടിന്‍റെ പല കോണുകളിലുള്ള ചിത്രങ്ങൾ അയച്ചു കിട്ടിയിരുന്നു. ഒപ്പം വിലാസവും. വീട് മനോഹരമായിത്തോന്നി. യാതൊരു അപാകതയും അന്നേരം ദൃശ്യമായില്ല. അപ്പോൾത്തന്നെ വിലാസം ആവശ്യമുള്ളിടത്തെല്ലാം അയച്ചും കൊടുത്തു.
റിച്ചാർഡിന് ഇത്ര മനോഹരമായ ഒരു തിരഞ്ഞെടുക്കലിന് കഴിഞ്ഞല്ലോയെന്ന് വിസ്മയിച്ചു പോയ നിമിഷങ്ങൾ. ഇത്രമേൽ ഹൃദയം തൊട്ട് താൻ ഇതിനു മുൻപ് റിച്ചാർഡിനെ അഭിനന്ദിച്ചതായി ഓർക്കുന്നില്ല. തന്‍റെ ഉള്ളിൽത്തട്ടിയ അഭിനന്ദനം കേട്ട് ഫോണിലൂടെ കേട്ട അഭിമാനത്തോടെയുള്ള ആ ചിരി! അതിപ്പോഴും കാതുകളിൽ മുഴങ്ങുന്നു.
പിന്നെ എത്രയും വേഗം വീടെത്താനായിരുന്നു കൊതി. അങ്ങിനെ വല്ലവിധവും ദീർഘവും മടുപ്പിക്കുന്നതുമായ യാത്രക്കു ശേഷം മക്കളെയും കൂട്ടി വീട്ടിലെത്തി. ചെന്നു കയറിയ അന്നു മുതൽ ആ വീട്ടിലെ പ്രശ്നങ്ങൾ ഒന്നൊന്നായി മറ നീക്കി പുറത്തു വരാൻ തുടങ്ങി. പഴയ യൂറോപ്യൻ ശൈലിയിൽ മിക്ക ഭാഗവും മരം കൊണ്ട് പണി കഴിപ്പിച്ച ഒരു വീട്, മരമോ വലിയ ഗുണമേൻമ ഇല്ലാത്തതും.
ഒരു ചതുപ്പുനിലം തൂർത്ത് നിർമ്മിച്ചതാണാഗൃഹം എന്ന വസ്തുത ഏറെ വൈകിയാണ് അറിഞ്ഞത്. വീടിന്‍റെ ഒരു ഭാഗം എങ്കോണിച്ചു നിൽക്കുന്നതു തന്നെ ഒരൈശ്വര്യക്കുറവായി തോന്നി.
തന്‍റെ തോന്നലുകൾ പിഴക്കാറില്ല. തുടർന്നുള്ള ദിവസങ്ങൾ ആ തോന്നലിനെ ശരിവച്ചു കൊണ്ടിരുന്നു. മരപ്പാളി പാകിയ മേൽത്തട്ടിൽ നിന്നും എപ്പോഴും ഒരു തരം പൂതലിച്ച പൊടി പൊടിഞ്ഞു വീണു കൊണ്ടിരിക്കും. അതു ശരീരത്തിൽ വീണാലോ നാട്ടിലെ ചൊറിത്തുമ്പ ഉരസിയ പോലെ പോലെ ചുവന്നു തടിക്കും. നിലം തുടച്ചും ചൊറിഞ്ഞും വശം കെട്ട മെക്സിക്കോക്കാരി സർവെന്‍റ് പെട്ടന്നു തന്നെ കളമൊഴിഞ്ഞു.
പിന്നീടു വന്നവർ രണ്ടു ദിവസം നിൽക്കും, പിന്നെ വരാതാകും .അതും പോരാഞ്ഞ് കുട്ടികളുടെ സ്കൂൾ വാൻ ആ വഴിക്കു വരുന്നതേ ഇല്ല. കുട്ടികളെ ദൂരെയുള്ള സ്കൂളിൽ കൊണ്ടാക്കലും പിന്നെ ജോലി സ്ഥലത്തേക്കുള്ള യാത്രയും. മനം മടുത്തു പോയ നാലു വർഷങ്ങൾ. ആ നാലു വർഷങ്ങൾ എങ്ങനെയോ പൊയ്പ്പോയി.എന്നാൽ റിച്ചാർഡിനെ ഇതൊന്നും ബാധിച്ചതായി തോന്നിയില്ല. അതോ മന: പൂർവ്വം പുറത്തു കാണിക്കാത്തതോ?