അലങ്കാരച്ചെടി തലകളെ ബാധിച്ച വെളുത്ത ഫംഗസ് ബാധയെ സ്പ്രേ കൊണ്ടു തൂത്തെടുക്കുകയായിരുന്നു വില്ലിയങ്കിൾ.
എന്നെ കണ്ടതും ചെയ്തിരുന്ന പ്രവൃത്തി മുഴുമിക്കാതെ സ്പ്രേയും മറ്റും അടുത്തു നിന്നിരുന്ന ആളെ ഏൽപ്പിച്ച് അടുത്തേക്കു വന്നു അഭിവാദ്യം ചെയ്തു.
കൈപിടിച്ച് ചെടിത്തോട്ടത്തിന്‍റെ ഇടതു വശത്തു പണികഴിപ്പിച്ച ഗസീബോയിലേക്കു ക്ഷണിച്ചു. മുളന്തടി കൊണ്ടു ഉണ്ടാക്കിയ മനോഹരമായ ഗസീബോ. ചെറിയ മുളഞ്ചില്ലകൾ മെടഞ്ഞുണ്ടാക്കിയ ഈയൊരു പ്രത്യേക നിർമ്മിതി ഞാൻ കഴിഞ്ഞ തവണ ശ്രദ്ധിച്ചിരുന്നില്ലെന്ന് ഓർത്തു.
ഇളം തണുപ്പ് പടർന്ന അവിടിരുന്ന് നേരിയ തണുപ്പുള്ള മുന്തിരി വീഞ്ഞ് അല്പാൽപ്പം മൊത്തിക്കുടിച്ച് ഞാൻ വില്ലിയങ്കിളിനെ വിവരങ്ങൾ എല്ലാം ധരിപ്പിച്ചു.
ഇത്രയും കാലം തന്‍റെ ഉറക്കം കെടുത്തിയത് എന്തെന്ന് അറിഞ്ഞ നിമിഷം അയാളുടെ കണ്ണുകൾ ചുവന്നു തൊടുത്തു. ഈ സാമൂഹിക ദ്രോഹികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു ഉറപ്പിച്ചു പറഞ്ഞു.
പതുക്കെ പതുക്കെ അയാൾ ശാന്തനാവാൻ തുടങ്ങി. അയാളുടെ കണ്ണുകൾ ഉത്കണ്ഠാപൂർവ്വം എന്‍റെ കണ്ണുകളിൽ തറഞ്ഞുനിന്നു. മകന്‍റെ വിഷയത്തിലുള്ള ഒരു സമീകരണമാണു അയാൾ കാംക്ഷിക്കുന്നതെന്നു എനിക്ക് മനസ്സിലായി. പരിചാരകൻ കൊണ്ടുവച്ച കട്ലറ്റ് ഒരു കഷണം മുറിച്ചെടുത്ത് ചുവന്ന മധുരിച്ച സോസ്സിൽ മുക്കി കഴിച്ചശേഷം ഞാൻ പറഞ്ഞുതുടങ്ങി.
“തുറന്നു പറയുന്നതിൽ പ്രയാസം തോന്നരുത്. ഈ വിഷയത്തിൽ നിങ്ങളുടെ മകൻ ശ്രദ്ധക്കുറവുണ്ടായിയെന്നു പറയാതെ വയ്യ. ഇത്തരം സന്ദർഭങ്ങളിൽ ഒരു ഓഫീസറുടെ ഫേസ് മൂല്യം പരിഗണിക്കാതെ എന്ത് സേവനം ആവശ്യപ്പെടുന്നു എന്നതിൽ ജാഗ്രത കാണിക്കേണ്ടിയിരുന്നു. ഉന്നതമായ സ്ഥാനത്ത് ഇരിക്കുന്നവരിൽ നിന്നു ആ സ്ഥാനത്തെ സാധൂകരിക്കുന്ന പ്രവൃത്തികളും നിലപാടുകളും വാക്കുകളും നമ്മൾ പ്രതീക്ഷിക്കുന്നു.”
എന്നാൽ നമ്മെ ഹതാശരാക്കുന്ന നിലവാരമില്ലാത്ത പ്രവർത്തികളാണ് ചിലപ്പോൾ അവരിൽ നിന്നുമുണ്ടാകാറ്. താങ്കളുടെ മകന്‍റെ കാര്യത്തിലും അത്തരം പ്രവർത്തികൾ ഉണ്ടായിട്ടുണ്ട്.
ആ ഉന്നത ഉദ്യോഗസ്ഥൻ അറ്റസ്റ്റ് ചെയ്യാൻ ഏൽപ്പിച്ച, അതായത് അമ്മയുടെ മെഡിക്കൽ ബില്ലുകളുടെ ക്ലെയിം ലഭിക്കുന്നതിനായി നൽകിയ രേഖകൾക്കുള്ളിൽ നിയമവിധേയമല്ലാത്ത ഏതെങ്കിലും ഡോക്യുമെന്‍റ് വച്ചിട്ടുണ്ടാകാം. ആ രേഖക്ക് ഒറിജിനൽ ഉണ്ടായിരിക്കുകയില്ല. അതായത് അത് ഒരു ഫേക്ക് രേഖയാണ്.
ആ രേഖയിലാണ് താങ്കളുടെ മകൻ ഒറിജിനൽ കണ്ടു എന്ന സത്യവാങ്മൂലം നൽകിയിരിക്കുന്നത്. അപ്പോൾ ഇല്ലാത്ത ഒന്നുണ്ടാക്കുവാൻ ശ്രമിക്കുമെങ്കിൽ തെറ്റുകളുടെ ഒരു ശൃംഖല തന്നെയാണ് അതുമായി ബന്ധപ്പെടുത്തി തീർക്കേണ്ടിവരും.
ആ ശൃംഖലയിലെ ഒരു കണ്ണിയായ ഐസക്ക് മാറി എന്നുവേണം കരുതാൻ. അതെത്തുടർന്ന് ഉണ്ടായ കോടതി നടപടികളിൽ നിർഭാഗ്യവശാൽ ഐസക്കും ഭാഗഭാക്കാകുകയായിരുന്നു.
തുടർന്ന് നടന്ന തെളിവു നൽകൽ വേളയിൽ ഒറിജിനൽ കണ്ടാണ് ഡോകുമെന്‍റ് അറ്റസ്റ്റ്ചെയ്ത് നൽകിയതെന്ന് ഐസക്ക് എഴുതി ഒപ്പിട്ടു നൽകുകയും ചെയ്തു. അപ്പോഴെല്ലാം തന്‍റെ കഴുത്തിൽ വീണ കുടുക്ക് താൻ തന്നെ കൂടുതൽ മുറുക്കുകയാണെന്ന് ഐസക് അറിഞ്ഞില്ല.
ഇനി കോടതിയിൽ ലഭ്യമായ തെളിവുകൾ വിലയിരുത്തിയും സാക്ഷിമൊഴികൾ കേട്ടും അന്തിമ ശിക്ഷ തീർപ്പാക്കും — അടുത്ത ഘട്ടം അതാണ്. ഇതിൽ ബന്ധപ്പെട്ട എല്ലാ കണ്ണികൾക്കും അതാതിന്‍റെ ഗൗരവം കണക്കാക്കി ശിക്ഷിക്കാനുള്ള സാധ്യതയാണ് ഇനി മുന്നിലുള്ളത്.





