മിഴിയൂർ ഗ്രാമത്തിലെ പഴയ തറവാട്ട് വീട്ടിൽ രാജീവനും ഭാര്യ രാധയും മാത്രമാണ് താമസം. മകൻ അഖിൽ കൊച്ചിയിലും മകൾ ആര്യ ബംഗ്ളൂരുവിലുമാണ് ജോലി ചെയ്യുന്നത്. എല്ലാവരും അവരവരുടെ തിരക്കിലായതിനാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരുമിച്ച് ഓണം ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല.

ഓണം അടുത്തെത്തിയപ്പോൾ രാധ വീട്ടുമുറ്റവും പരിസരവും വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.

“ചേട്ടാ… ഈ വർഷമെങ്കിലും മക്കൾ വരുമോ?” അവൾ പ്രതീക്ഷയോടെ ചോദിച്ചു. മുറ്റത്തിനപ്പുറത്തെ വാഴകൾക്ക് വെള്ളം പകരുന്ന രാജീവൻ ഒന്ന് പുഞ്ചിരിച്ചു.

“അറിയില്ല രാധേ… എല്ലാവർക്കും ജോലിത്തിരക്കല്ലേ. പക്ഷേ അവർ വന്നിരുന്നെങ്കിൽ വീണ്ടും ആ പഴയ സന്തോഷം തിരികെ കിട്ടുമായിരുന്നു.”

രാധയുടെ കണ്ണുകൾ നിറഞ്ഞു. “മക്കൾ കൂടെയില്ലാത്ത ഓണം… എന്തോ ഒരു ശൂന്യത പോലെ.”

പൂരാടനാളിലെ ആരവം ആ നാട്ടുമ്പുറത്തെ കലാസമിതിയിൽ നിന്ന് ഉയരുകയായി. അപ്പോൾ രാജീവൻ മകൻ അഖിലിനെ ഓർത്തു. ചെറുപ്പത്തിൽ ഗാന മത്സരത്തിൽ പലപ്പോഴും സമ്മാനവും വാങ്ങി ചിരിച്ചുകൊണ്ട് വരുന്ന അവൻ ആ മുഖം…

ഉച്ചസൂര്യൻ പടിഞ്ഞാറ് ചായുമ്പോൾ പെട്ടെന്ന് വീട്ടുമുറ്റത്ത് ഒരു കാർ വന്നുനിന്നു.

“അമ്മേ… അച്‌ഛാ…”

പരിചിതമായ ശബ്ദം കേട്ടപ്പോൾ രാധ അകത്തുനിന്ന് ഓടിവന്ന് വാതിൽ തുറന്നു.

“ഹായ് അഖിൽ…”

അവന്‍റെ പിന്നാലെ പെങ്ങൾ ആര്യയും ഭർത്താവ് ആനന്ദും കുഞ്ഞുമുണ്ട്.

“സർപ്രൈസ്” ആര്യ ചിരിച്ചു കൊണ്ട് പറഞ്ഞു. രാധ സന്തോഷത്തോടെ ഇരുവരേയും ചേർത്ത് പിടിച്ചു.

“നിങ്ങൾ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.”  രാജീവിന്‍റെ കണ്ണുകളിലും സന്തോഷാശ്രുക്കൾ തിളങ്ങി.

“ഇപ്പോഴാണ് ശരിക്കും ഓണം വന്നത്. ഞങ്ങൾ ഒരു സർപ്രൈസ് സമ്മാനിക്കാമെന്ന് തീരുമാനിച്ചതാ. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ചില്ല.”

പിറ്റേന്ന് രാവിലെ എല്ലാവരും ചേർന്ന് പഴയ ഓർമ്മ പുതുക്കാൻ കുന്നിൻ ചെരുവിലെ പൂപ്പറമ്പിലേക്ക് പോയി. ആ പൂപ്പറമ്പ് ഇപ്പോൾ ഒരു റബ്ബർ തോട്ടമായി മാറി.

മക്കളെ അരികെ കിട്ടിയ ആനന്ദത്താൽ രാധ ടൗണിൽ നിന്ന് വീട്ടുസാധനങ്ങൾക്കൊപ്പം ധാരാളം പൂക്കൾ വാങ്ങി വന്നു.

കൊച്ചുമകൻ കിരൺ ചോദിച്ചു “മുത്തശ്ശീ… ഇത്രയും പൂക്കൾ എന്തിനാ?”

“മാവേലിത്തമ്പുരാനെ വരവേൽക്കാനാണ് മോനെ. മനോഹരമായ പൂക്കളം ഒരുക്കണം.”

അഖിൽ ചിരിച്ചുകൊണ്ട് പറഞ്ഞു. “ചെറുപ്പത്തിൽ ഞാനായിരുന്നു ഏറ്റവും കൂടുതൽ പൂക്കൾ പറിച്ചിരുന്നത്.”

ആര്യ ഉടനെ പറഞ്ഞു

“അതെ പക്ഷേ പൂക്കളേക്കാൾ കൂടുതൽ കളിയാക്കലായിരുന്നു നിന്‍റെ ജോലി.”

എല്ലാവരും ഉള്ളറിഞ്ഞു പൊട്ടിച്ചിരിച്ചു. ഭൂതകാലത്തിലെ തമാശ നാളുകൾ…

മുറ്റത്ത് വലിയ പൂക്കളം ഒരുക്കാൻ തുടങ്ങി.

“ഇവിടെ മഞ്ഞപ്പൂ ഇടൂ.”

“ഇല്ലച്ഛാ ഇവിടെ ചുവന്ന പൂവാണ് ഭംഗി.”

“ശരി നിങ്ങൾ രണ്ടുപേരും ചേർന്ന് തീരുമാനിച്ചോളൂ.” രാജീവൻ ചിരിച്ചു കൊണ്ട് മക്കളോട് പറഞ്ഞു. കൊച്ചു മകൻ പൂക്കൾ വാരി വലിച്ചിട്ടു.

“ഞാനും സഹായിക്കുകയാണ്.”

“അതെ മോനെ… നിന്‍റെ സഹായം കൊണ്ടാണ് പൂക്കളം ഇത്ര മനോഹരമായത്.” രാധ അവനെ സ്നേഹത്തോടെ ചേർത്തുപിടിച്ചു. അടുക്കളയിൽ ഓണ സദ്യയുടെ തിരക്കായിരുന്നു. “അമ്മേ ഇന്നും ആ പഴയ പായസം തന്നെയാണോ” അഖിൽ ചോദിച്ചു.

“നിനക്കിഷ്ടമുള്ള പാലടപ്രഥമൻ.”

“അമ്മയുടെ പായസത്തിന്‍റെ രുചി വേറെ എവിടെയും കിട്ടില്ല.”

“അങ്ങനെ പറഞ്ഞാൽ കുറച്ച് കൂടി വിളമ്പിത്തരും” രാധ ചിരിച്ചുകൊണ്ട് പറഞ്ഞു.

അടുക്കള പുറത്ത് നിന്ന് മുറിച്ചെടുത്ത വാഴയിലയിൽ സദ്യ കഴിക്കാൻ ഇരുന്നു. രാജീവൻ ആത്മഹർഷത്തോടെ പറഞ്ഞു.

“എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചിട്ട് എത്ര നാളായി.”

“ജോലിയുടെ തിരക്കിൽ നമ്മൾ പല നല്ല നിമിഷങ്ങളും നഷ്‌ടപ്പെടുത്തി.”

അഖിൽ അച്ഛന്‍റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“ഇനി എല്ലാ ഓണത്തിനും ഞങ്ങൾ വരുമച്ഛാ.” രാജീവൻ പ്രതീക്ഷ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.

“അതിലും വലിയ സമ്മാനം എനിക്ക് വേറെയില്ല. പിന്നെ നിനക്ക് പ്രായം മുപ്പത് കഴിഞ്ഞു. ഇനിയും വൈകിക്കരുത് മോനെ ഒരാളെ കൂടെക്കൂട്ടാൻ”

വൈകുന്നേരം സ്വീകരണമുറിയിലെ ഷെൽഫിൽ നിന്ന് പഴയ ആ ഫോട്ടോ ആൽബം ആര്യ എടുത്തു തുറന്നു.

“അമ്മേ… ഈ ഫോട്ടോ നോക്കൂ. പൂക്കളത്തിൽ വീണുകിടക്കുന്നത് അഖിൽ അല്ലെ?” ആര്യ ചോദിച്ചു.

“അയ്യോ അതൊന്നും ഇപ്പോൾ പറയണ്ട.” എല്ലാവരും പൊട്ടിച്ചിരിച്ചു.

കൊച്ചുമകൻ ചോദിച്ചു. “അങ്കിൾ നിങ്ങൾക്കും അന്നിത്ര കുസൃതി ഉണ്ടായിരുന്നോ?”

“നിന്നെക്കാൾ കുറച്ച് കൂടുതലായിരുന്നു.” അഖിലിന്‍റെ മറുപടി. രാത്രിയായപ്പോൾ മുറ്റത്ത് കസേരകൾ നിരത്തി എല്ലാവരും ഒരുമിച്ച് ഇരുന്നു. ആവണി നിലാവെളിച്ചം ആ പഴമ നിറഞ്ഞ വീടിനെ മനോഹരമാക്കി. രാജീവൻ മക്കളെ നോക്കി പറഞ്ഞു.

“മക്കളെ ഓണത്തിന്‍റെ യഥാർത്ഥ സന്തോഷം പുതിയ വസ്ത്രങ്ങളിലോ വലിയ സദ്യയിലോ അല്ല. കുടുംബം ഒരുമിച്ച് ഇരിക്കുമ്പോഴും ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും പരസ്പ‌രം സ്നേഹം പങ്കിടുമ്പോഴുമാണ്.” അഖിൽ കുറ്റബോധത്തോടെ അച്ഛനെ നോക്കി.

“അച്ഛാ ഇനി ഒരു ഓണവും നിങ്ങളെ തനിച്ചാക്കി ആഘോഷിക്കില്ല.”

ആര്യയും അതേ വാക്ക് ആവർത്തിച്ചു.

“ഞങ്ങൾ എല്ലാവരും എല്ലാവർഷവും കഴിവതും ഇവിടെ തന്നെ വരും.’ രാധ സന്തോഷത്തോടെ പറഞ്ഞു.

“ഇതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഓണ സമ്മാനം.”

ആ രാത്രിയിൽ ആ വീടിന്‍റെ അങ്കണത്തിലും അകത്തളത്തിലും സ്നേഹബന്ധവും ഒത്തൊരുമയും നിറഞ്ഞുനിന്നു. എല്ലാവരുടേയും മനസ്സിൽ ഒരേയൊരു ചിന്തയായിരുന്നു.

“തിരുവോണം എന്നത് ഒരു ആഘോഷം മാത്രമല്ല കുടുംബങ്ങളെ ഹൃദയങ്ങൾ കൊണ്ട് ഒന്നിപ്പിക്കുന്ന സ്നേഹോത്സവമാണ്.”

और कहानियां पढ़ने के लिए क्लिक करें...