രാവിലെ അലാറം അടിച്ചുത്തുന്നതു മുതൽ രാത്രിയിൽ തളർന്നുറങ്ങുന്നതു വരെ നാമെല്ലാം ഒരു വലിയ ഓട്ടത്തിലാണ്. ഓഫീസ് ഫയലുകൾ, മീറ്റിംഗുകൾ, ട്രാഫിക് കുരുക്കുകൾ, വീട്ടു ജോലികൾ, കുട്ടികളുടെ സ്കൂൾ പഠനം-ഇതിനിടയിലേക്ക് സ്മാർട്ട്ഫോണുകളും സോഷ്യൽ മീഡിയയും കൂടി കടന്നുവരുമ്പോൾ, ഓരോ ദിവസവും ശ്വാസം വിടാൻ പോലും സമയമില്ലാത്ത വിധം നമ്മൾ കുടുങ്ങിപ്പോകുന്നു. ജീവിക്കാൻ വേണ്ടിയുള്ള ഈ പെടാപ്പാടിനിടയിൽ അറിയാതെയാണെങ്കിലും നാം കൈവിട്ടുപോകുന്നത് നമ്മുടെ ഏറ്റവും വലിയ കരുത്തായ കുടുംബ ബന്ധങ്ങളെയാണ്. തിരക്കുകൾക്കിടയിൽ വീണുപോയ പലതിലും വച്ച് നാം നഷ്ട പ്പെടുത്തിയ ഏറ്റവും വലിയ സമ്പത്ത് കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളാണ്.
അവധി ദിവസങ്ങളിൽ തറവാട്ടു മുറ്റത്ത് ചിരിയുടേയും കളികളുടേയും വലിയൊരു ഉത്സവമുണ്ടാകുമായിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. അമ്മാവന്മാരും അമ്മായിമാരും കസിൻസുമെല്ലാം ഒത്തുകൂടി, അടുക്കളയിൽ കൂട്ടത്തോടെ പാചകം ചെയ്തും, വരാന്തയിലിരുന്ന് തമാശകൾ പറഞ്ഞും പങ്കിട്ട ആ സായാഹ്നങ്ങൾ ഇന്നെവിടെയോ മാഞ്ഞുപോയിരിക്കുന്നു. ഇപ്പോൾ ബന്ധുക്കൾ തമ്മിൽ വിളിക്കുന്നതു പോലും ഒരു കടമ പോലെയായി മാറിക്കഴിഞ്ഞു.
എങ്ങനെയുണ്ട്? എന്ന പതിവു ചോദ്യത്തിന്, തിരക്കോട് തിരക്ക് കുട്ടികൾക്ക് പരീക്ഷയാണ് ഉടനെ കാണാം എന്ന മറുപടിയിൽ ആ സംഭാഷണം അവസാനിക്കുന്നു. ആഘോഷങ്ങളും കല്യാണങ്ങളും പോലും ഇന്ന് ഏതാനും മിനിറ്റുകളുടെ വീഡിയോ കോളുകളിലേക്ക് ചുരുങ്ങുമ്പോൾ ഒരു കാലത്ത് മനസ്സുനിറച്ചിരുന്ന ഊഷ്മളമായ സ്നേഹം വെറുമൊരു ഔപചാരികതയായി മാറുകയാണ്. റോട്ടറിയും ലയൺസും പോലുള്ള പ്രൊഫഷണൽ ക്ലബ്ബുകളിലും ഓൺലൈൻ സൗഹൃദക്കൂട്ടായ്മകളിലും ഇടപഴകുന്നത് സാമൂഹിക ജീവിതത്തിന് നല്ലതുതന്നെ. എന്നാൽ അത്തരം കൂട്ടായ്മകൾ ഒരിക്കലും നമ്മുടെ സ്വന്തം വേരുകൾക്ക് പകരമാവില്ല. മിക്ക സോഷ്യൽ നെറ്റ്വർക്കിംഗുകളും സമയത്തെയും ബാഹ്യമായ ആവശ്യങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ രക്തബന്ധങ്ങൾ അങ്ങനെയല്ല. അവർ നമ്മുടെ ഉയർച്ചയിലും താഴ്ചയിലും, പദവികളോ നേട്ടങ്ങളോ നോക്കാതെ കൂടെ നിൽക്കുന്നവരാണ്. ചെറിയ പരിഭവങ്ങളും തർക്കങ്ങളും ഉണ്ടാകാമെങ്കിലും ജീവിതത്തിൽ ഒരു വീഴ്ച്ച വരുമ്പോൾ താങ്ങാൻ ആദ്യം ഓടിയെത്തുന്നത് സ്വന്തം ചോരയിലുള്ളവർ മാത്രമാണ്. പുറംലോകത്തെ വ്യാജമായ ബന്ധങ്ങളുടെ പിന്നാലെ പോകുമ്പോൾ, നിസ്വാർത്ഥമായ ഈ ആഴത്തിലുള്ള ബന്ധങ്ങളെ നാം വിസ്മരിച്ചുകൂടാ. ഈ അകൽച്ചയ്ക്ക് പരിഹാരം കാണാൻ വലിയ ഉത്സവങ്ങളോ ആഡംബരങ്ങളോ ആവശ്യമില്ല. എല്ലാവരേയും ഒരേ മേശയ്ക്ക് ചുറ്റുമിരുത്തുന്ന ലളിതമായ ഒരു വലിയ കുടുംബ അത്താഴം മാത്രം മതിയാകും.
ഇത് വെറുമൊരു ദിവസമോ നേരമ്പോക്കോ അല്ല... വർഷങ്ങളായി മനസ്സിൽ അടിഞ്ഞുകൂടിയ സംഘർഷങ്ങൾ അലിയിച്ചുകളയാനും ഗൃഹാതുരത്വത്തിന്റെ മധുരം വീണ്ടെടുക്കാനുമുള്ള മനോഹരമായ അവസരമാണ്. പഴയ കളിയാക്കലുകളും ബാല്യകാല സ്മരണകളും വീണ്ടും പങ്കുവെക്കപ്പെടുമ്പോൾ പ്രായഭേദമന്യേ എല്ലാവരിലും നഷ്ടപ്പെട്ടുപോയ ആ പഴയ കുട്ടിക്കാലം വീണ്ടും ഉണരും. പരിചയത്തിലുള്ള ഒരു കുടുംബത്തിന്റെ അനുഭവകഥ ഇതിനൊരു മികച്ച ഉദാഹരണമാണ്.
നാലു സഹോദരങ്ങൾ, നാല് വ്യത്യസ്ത ഇടങ്ങളിൽ. ഒരാൾ യുഎസിൽ മറ്റൊരാൾ പൂനെയിൽ, മൂന്നാമൻ ഗുരുഗ്രാമിൽ, സഹോദരി കേരളത്തിലും തിരക്കുകൾ കാരണം വർഷങ്ങളോളം അവർക്ക് ഒരു ദിവസം പോലും ഒരുമിച്ചിരിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ മൂത്ത സഹോദരിയായ സീമ മുന്നിട്ടിറങ്ങി എല്ലാ വർഷവും ജൂൺ മാസത്തിൽ ഒത്തുചേരാൻ ഒരു പദ്ധതിയിട്ടു. ഇപ്പോൾ അവർ എല്ലാം ജോലിയിൽ നിന്ന് ഒരാഴ്ച അവധിയെടുത്ത് ഗോവയിലോ അല്ലെങ്കിൽ ഏതെങ്കിലും ഒരു വീട്ടിലോ ഒത്തുകൂടുന്നു. 15 ഓളം പേരടങ്ങുന്ന ആ വലിയ കൂട്ടായ്മ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും പഴയ ഓർമ്മകൾ അയവിറക്കുകയും ചെയ്യുന്നു.





