കാലൊടിഞ്ഞ് ചികിത്സ കഴിഞ്ഞെത്തിയ അധ്യാപികയെ മൂന്നാം നിലയിൽ ക്ലാസെടുക്കാൻ പ്രേരിപ്പിച്ച സംഭവം വാർത്ത സൃഷ്ടിച്ചിരുന്നുവല്ലോ. കോണിപ്പടികൾ കയറാൻ ബുദ്ധിമുട്ടായതുകൊണ്ട് തനിക്ക് അവിടെ ക്ലാസെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും അധ്യാപികയെ സ്‌കൂളധികൃതർ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഔദ്യോഗിക മേഖലയിൽ ഇത്തരം പീഡനങ്ങൾ നടക്കുന്നുണ്ടെന്നതിനുള്ള തെളിവാണ് ഈ സംഭവം. വർക്ക്‌പ്ലേസ് ബുള്ളിയിംഗിന് കൂടുതൽ ഇരകളാവുന്നത് സ്ത്രീകളാണ്. കോർപ്പറേറ്റ് സെക്‌ടർ, മീഡിയ ഹൗസ്, സർക്കാർ, ഡിഫൻസ്, മൾട്ടി നാഷണൽ കമ്പനികൾ എന്നിവിടങ്ങളാണ് ബുള്ളിയിംഗിന്‍റെ അരങ്ങുകളാവുന്നത്.
എന്താണ് ബുള്ളിയിംഗ്
'പരിഹസിക്കുക' എന്നതാണ് ബുള്ളിയിംഗിന്‍റെ ലളിതമായ അർത്ഥം. സഹപ്രവർത്തകർക്കിടയിലെ സ്പർധയാണ് ഇതിനു പിന്നിലെ പ്രധാന വില്ലൻ. അന്തർമുഖ സ്വഭാവമുള്ള സ്ത്രീകളാണ് സഹപ്രവർത്തകരുടെ ബുള്ളിയിംഗിന്‍റെ പ്രധാന ഇരകൾ. ചിലപ്പോൾ ഒരു വ്യക്‌തി മാത്രമായിട്ടോ ഗ്രൂപ്പായിട്ടോ ആവാം ബുള്ളിയിംഗ്. വാക്പ്രയോഗം, ശാരീരികം, സാമൂഹികം, മാനസികം എന്നിങ്ങനെ ബുള്ളിയിംഗിനെ തരം തിരിക്കാം.
മാനസികവും സാമൂഹികവുമായ ബുള്ളിയിംഗിന്‍റെ സ്വഭാവം
- നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനാവാത്ത കഠിനമായ ജോലി നല്‌കുക.
- ജോലിക്കാരനെ വാക്കിലൂടെ അവഹേളിക്കുക. എല്ലാവർക്കും മുന്നിൽവെച്ച് ഒരു പരിഹാസപാത്രമാക്കി ചിത്രീകരിക്കുക. അയാളുടെ കുടുംബം, വിദ്യാഭ്യാസം, സാമ്പത്തികസ്‌ഥിതി, വ്യക്തിത്വം എന്നിവയെ പരിഹസിക്കുക.
- മാനസികമായി തകർക്കുക.
- അയാളുടെ യോഗ്യതയ്ക്ക് താഴെയുള്ളതോ അല്ലെങ്കിൽ കുറഞ്ഞതോ ആയ ജോലി ഏല്പിക്കുക.
- ജോലിയുമായി ബന്ധപ്പെട്ട അധികാരങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും അയാളെ അകറ്റി നിർത്തുക.
- ജോലി നഷ്‌ടപ്പെടുമെന്ന് പറഞ്ഞ് സ്ത്രീകളെ ഭീഷണിപ്പെടുത്തുക.
ശാരീരികവും ഹിംസാത്മകവുമായ ബുള്ളിയിംഗുകൾ
- തള്ളുക, കയ്യിൽ പിടിക്കുക.
- ചവിട്ടുക, മാന്തുക. കടിക്കുക, തുപ്പുക, നേരിട്ട് ശാരീരികമായി ആക്രമിക്കുക.
- ശാരീരിക ചൂഷണം.
പൊതുവെ മത്സരബുദ്ധി നിറഞ്ഞ ഒരന്തരീക്ഷമാണ് തൊഴിൽരംഗം. കീഴുദ്യോഗസ്‌ഥന്‍റെ ടാലന്‍റും ജോലിയിലുള്ള മികവുമൊക്കെ മേലുദ്യോഗസ്‌ഥന് ഭീഷണിയായി തോന്നാം. ജോലിയിൽ അയാൾ തന്നെ മറികടക്കുമെന്ന ഭയത്തിൽ നിന്നോ അസൂയയിൽ നിന്നോ ബുള്ളിയിംഗ് ചെയ്യാൻ മുതിരാം. സ്വന്തം അപകർഷതാബോധം മായ്ക്കാനാണ് ഇത്തരക്കാർ ബുള്ളിയിംഗിന് തയ്യാറാവുന്നത്. മറ്റുള്ളവരെ നാണം കെടുത്തുകയെന്നുള്ളത് ഇവരെ സംബന്ധിച്ച് സന്തോഷപ്രദമായിരിക്കും.
ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ 'സട്ടിസട്ടിക് പേഴ്സൺ' എന്നാണ് വിശേഷിപ്പിക്കുന്നത്. വാക്കിലൂടെയും അല്ലാതെയും കീഴ്ജീവനക്കാരെ ബുള്ളിയിംഗ് ചെയ്യുന്നവരാണിവർ.
"ബുള്ളിയിംഗിന് ഇരകളാവുന്ന സ്ത്രീകൾ മാനസികമായി തകർന്നു പോകുന്നു. അവരുടെ വ്യക്‌തി ജീവിതത്തേയും പ്രൊഫഷണൽ ജീവിതത്തേയും അത് ബാധിക്കും. സ്വന്തം യോഗ്യതകളെക്കുറിച്ച് അവർക്ക് സംശയങ്ങൾ തോന്നിത്തുടങ്ങാം. ജോലിയിൽ നിന്നും രക്ഷപ്പെടാനുള്ള ഒഴികഴിവുകൾ കണ്ടെത്താൻ ഇത്തരക്കാർ ശ്രമിച്ചുകൊണ്ടിരിക്കും. അപകർഷതാബോധം മൂലം ഇവർ സ്വന്തം സഹപ്രവർത്തകരേയും സുഹൃത്തുക്കളേയും സംശയിച്ചുവെന്നിരിക്കും. ശാരീരികമായ അസ്വസ്‌ഥതകളും ഇത്തരക്കാരെ വേട്ടയാടും." ജയ്‌പൂർ ഗോൾഡൻ ആശുപ ത്രിയിലെ മനഃശാസ്ത്രജ്‌ഞനായ ഡോ. ഹിമാംശു പറയുന്നു.
നിസ്സഹായതയാവാം പലപ്പോഴും ഇരകളുടെ നിശ്ശബ്ദതയ്ക്ക് കാരണം. മോശമായ സാമ്പത്തിക സ്‌ഥിതി, മറ്റൊരു ജോലി അനായാസം ലഭിക്കാതിരിക്കുക. മറ്റൊരു ജോലി അനുയോജ്യമാകാതിരിക്കുക, തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്നും ഒഴിവാകാൻ ചിലർ ബുള്ളിയിംഗിനെ കണ്ടില്ലെന്നു നടിക്കുന്നു.
ഐ.ടി പ്രൊഫഷണലായ അനില (പേര് സാങ്കൽപികം)യുടെ അഭിപ്രായത്തിൽ, "വർക്ക്‌സ്‌റ്റേഷനിൽ കൂടുതലും സഹപ്രവർത്തകരിൽ നിന്നും മാനേജർമാരിൽ നിന്നുമാവും ഇത്തരത്തിലുള്ള ശല്യങ്ങളുണ്ടാവുക. മാനസിക നിലയെത്തന്നെ തകർക്കുന്ന വിധത്തിലുള്ള ബുള്ളിയിംഗുകൾ ഇവിടെയുണ്ടാവും. പ്രൊമോഷൻ, ശമ്പള വർദ്ധനവ്, വിലയേറിയ സമ്മാനം തുടങ്ങിയ വാഗ്ദാനങ്ങൾ നല്‌കി വനിതകളെ പ്രലോഭിപ്പിക്കുകയാണ് പതിവ്. ചിലർ ഇത്തരം ചതിക്കുഴികളിൽ വീണുപോകാറുണ്ട്. ചിലർ മനം നൊന്ത് ജോലിയുപേക്ഷിച്ച് പോകുകയോ മറ്റൊരു ജോലിയിൽ പ്രവേശിക്കുകയോ ചെയ്യും"