ചില കാര്യങ്ങൾ അങ്ങനെയാണ്. അൽപം മിസ്‌റ്ററി അതിൽ ഉണ്ടാകും. അല്ലെങ്കിൽ ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് ഉള്ള കാർ യാത്രക്കിടയിൽ ബാങ്ക് ഉദ്യോഗസ്‌ഥനായ അമിത് കുമാറിന്‍റെ മനസ്സിൽ ഏകെ എന്ന കുറ്റാന്വേഷകൻ ജനിക്കില്ലായിരുന്നു. നടനെ മറികടന്നു ജനഹൃദയങ്ങളിൽ ജീവിക്കുന്ന സിനിമ കഥാപാത്രം പോലെ ഏകെ വളർന്നതും മറ്റൊരു മിസ്‌റ്ററി.
മലയാളത്തിൽ ഇറങ്ങിയ മികച്ച രണ്ടു ബാങ്കിംഗ് ക്രൈം ത്രില്ലറുകളുടെ ഉടമയാണ് ബാങ്കുദ്യോഗസ്‌ഥനായ അമിത് കുമാർ, ഏകെ, മിസ്‌റ്ററി @ മാമംഗലം എന്നിവയാണവ. ഫെഡറൽ ബാങ്കിന്‍റെ മാർക്കറ്റിംഗ് ഡിപ്പാർട്ട്‌മെന്‍റിൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റാണ് അമിത്.
ആലുവയിൽ വെച്ച് കാണുമ്പോൾ ബാങ്കിംഗ് ക്രൈം ത്രില്ലർ നോവൽ ഏകെയുടെ നാലാമത്തെ എഡിഷൻ ഇറങ്ങാൻ പോകുന്ന സന്തോഷത്തിലായിരുന്നു അമിത്.
സസന്തോഷം ഏകെ
“ആദ്യ നോവലിന്‍റെ നാലാമത്തെ എഡിഷൻ എന്നൊക്കെ പറഞ്ഞാൽ വലിയ സന്തോഷം തരുന്ന കാര്യമല്ലേ. അതും ഈ രംഗത്ത് പുതുമുഖം എന്ന് പറയാവുന്ന എന്‍റെ പുസ്‌തകം. 2022 ഒക്ടോബറിലാണ് ഏകെയുടെ മൂന്നാം പതിപ്പ് ഇറങ്ങിയത്. അതുകഴിഞ്ഞ് വർഷം രണ്ടായി. നാലാം പതിപ്പെന്നത് എന്‍റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നു. വായിക്കേണ്ടവരെല്ലാം ഏകെ വായിച്ചു എന്നൊരു ചിന്തയിലായിരുന്നു ഞാൻ."
"എന്നാൽ അടുത്തിടെ ഇറങ്ങിയ മിസ്‌റ്ററി @ മാമംഗലം വായിച്ച പലരും ഏകെ എന്നൊരു ത്രില്ലർ കൂടി ഞാനെഴുതിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഫോണിൽ ബന്ധപ്പെടാൻ തുടങ്ങി. ചിലർക്ക് ആമസോൺ ലിങ്ക് അയച്ചു കൊടുത്തു. കോപ്പി ഒപ്പിട്ടു വേണമെന്നു പറഞ്ഞവർക്ക് കൊടുക്കാൻ എന്‍റെ പക്കൽ കുറച്ചു കോപ്പി ബാക്കിയുണ്ടായിരുന്നു.
പക്ഷേ നവംബർ ആദ്യമായപ്പോഴേക്കും എന്നെ സംബന്ധിച്ച് കാര്യങ്ങൾ കൈവിട്ടുപോയി. ഏകെയ്ക്ക് ഭയങ്കര ഡിമാൻഡ്. എന്നാലോ ഒറ്റക്കോപ്പി പോലും കയ്യിലില്ല. വായിക്കാൻ ആളുണ്ട്, പക്ഷേ പുസ്‌തകം കിട്ടാനില്ല എന്ന അവസ്‌ഥ. ഈ സാഹചര്യത്തിലാണ് ലോഗോസ് നാലാം പതിപ്പ് ഇറക്കിയത്. ഒരെഴുത്തുകാരന് കൂടുതൽ വായനക്കാരുണ്ടാകുക പുതിയ പതിപ്പുകൾ ഇറങ്ങുക ഇതിലും സന്തോഷം മറ്റൊന്നില്ല."
“എന്‍റെ പരിചയത്തിലുള്ള ഒരു നോർത്തിന്ത്യൻ സുഹൃത്ത് പറയാറുണ്ട് അവിടെ പുതിയ പുസ്‌തകം ഹിന്ദിയിൽ ഇറങ്ങിയാൽ 1500 കോപ്പി ഒക്കെ പോകാറുള്ളു എന്ന്. പക്ഷേ മലയാളത്തിൽ വലിയ സാഹിത്യകാരന്മാർക്കൊപ്പം തന്നെ ചെറിയ എഴുത്തുകാരുടെയും പുസ്‌തകങ്ങൾ ഇറങ്ങുന്നുണ്ട്. അത്യാവശ്യം മൂവ് ചെയ്യുന്നുമുണ്ട്. യഥാർത്ഥത്തിൽ സോഷ്യൽ മീഡിയ വന്നതോടെ സംഗതി കുറച്ചൊക്കെ എളുപ്പം ആയി എന്ന് പറയാം. ഇങ്ങനെ ഒരു പുസ്‌തകം ഉണ്ടെന്ന് കുറഞ്ഞത് ഫേസ്ബുക് ഫ്രണ്ട്സിനെ എങ്കിലും അറിയിക്കാൻ ഒരു വഴിയുണ്ടല്ലോ.”
ചെറുപ്പം മുതൽ അമിത്തിന് കഥ എഴുതാൻ താൽപര്യം ഉണ്ടായിരുന്നു. സ്‌കൂൾ കോളേജ് മത്സരങ്ങൾക്ക് സമ്മാനങ്ങൾ കിട്ടാറുമുണ്ടായിരുന്നു. ഡിഗ്രിയും പിജിയും ചേർത്തല എസ്എന്നിലും എറണാകുളം മഹാരാജാസിലും ആയിരുന്നു. തുടർന്ന് ഫെഡറൽ ബാങ്കിൽ കർണാടകയിൽ ജോലിയിൽ പ്രവേശിച്ചു. അപ്പോഴും എഴുത്ത് കൈവിട്ടിരുന്നില്ല.
ബ്ലോഗെഴുത്തിന്‍റെ തുടക്കം
"ആ കാലത്ത് ഓൺലൈൻ ബ്ലോഗ് എഴുത്തൊക്കെ പോപ്പുലർ ആയി വരുന്നതെയുള്ളു. അതിൽ എന്തെങ്കിലുമൊക്കെ കുറിക്കും. വായനക്കാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും തുടർന്ന് എഴുതാൻ ഒരു സന്തോഷം ലഭിച്ചത് ബ്ലോഗെഴുത്ത് വഴിയാണ്. 2015 വരെ അങ്ങനെ ഒക്കെ മുന്നോട്ട് പോയി. പിന്നെ പലരും പറഞ്ഞു തുടങ്ങി ഇങ്ങനെ ബ്ലോഗിൽ മാത്രം ഒതുങ്ങാതെ പ്രിന്‍റ് മാധ്യമത്തിൽ എഴുത്ത് വേണം. അങ്ങനെ സമകാലിക മലയാളം, പ്രസാധകൻ ഇതിലൊക്കെ കഥ എഴുതി തുടങ്ങി. ‘സ്വപ്നലോകത്തെ രാജകുമാരൻ’ എന്ന കുട്ടികൾക്കുള്ള നോവലാണ് ആദ്യ കൃതി. ചെറുകഥാസമാഹാരമായ ‘ഒരു ജാതി ആൾക്കാർ’, കന്നഡ ഭാഷാ പഠനസഹായിയായ ‘മലയാളികൾക്ക് ഈസി കന്നഡ’ എന്നിവയും എഴുതിയിട്ടുണ്ട്.