ദളിതരെ അരികുവൽക്കരിക്കാനുള്ള ശ്രമങ്ങൾ എന്നും നില
നിൽക്കുന്നുണ്ട്. ദളിത് ജീവിതാവസ്ഥയെക്കുറിച്ചും വ്യവസ്ഥിതി അവരെ പുറന്തള്ളുന്നതിനെക്കുറിച്ചും വിനീത വിജയൻ സ്വന്തം അനുഭവത്തിലൂടെ വെളിപ്പെടുത്തുന്നു...
വിപരീത പരിതസ്ഥിതികളെ നേരിട്ട് സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്‌ക്ക് ധൈര്യപൂർവ്വം നടന്നു കയറിയ ആളാണ് വിനീത വിജയൻ. വീട്ടിൽ പഠിക്കാനും പഠിപ്പിക്കാനുമുള്ള സാഹചര്യം ഇല്ലാഞ്ഞിട്ടുപോലും സ്വന്തം പ്രതീക്ഷയും ഇച്‌ഛാശക്‌തിയും കൊണ്ട് ബിഎ റാങ്ക് വരെ കരസ്ഥമാക്കി വിനീത. പിജി കഴിഞ്ഞ് നീറ്റ് പാസായി. ഇപ്പോൾ മുഴുവൻ സമയ റിസർച്ചർ ആണ്. ഡോക്‌ടറേറ്റ് എടുക്കണമെന്നാണ് വിനീതയുടെ അതിയായ ആഗ്രഹം. ദളിത് പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന ആക്‌ടിവിസ്‌റ്റ് കൂടിയായ വിനീത വിജയൻ സംസാരിക്കുന്നു...
പഠിക്കുന്ന കാലത്ത് എന്തെങ്കിലും തരത്തിലുള്ള വിവേചനം സ്‌കൂളിലോ കോളേജിലോ അനുഭവപ്പെട്ടിട്ടുണ്ടോ?
ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. വീട്ടിലെ സാഹചര്യം അതിന് അനുകൂലമായിരുന്നില്ലെങ്കിലും. പഠനത്തിൽ മാത്രമല്ല ക്രിയാത്മകമായ മറ്റ് പ്രവർത്തനങ്ങളിലും ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മുന്നിട്ടു നിന്നിരുന്നു. കഥകളും കവിതയുമൊക്കെ എഴുതുമായിരുന്നു. മറ്റ് കുട്ടികൾക്കിടയിൽ ഞാൻ വേറിട്ടു നിന്നു. അതുകൊണ്ട് തന്നെ വിവേചനം എനിക്ക് ഫീൽ ചെയ്‌തിട്ടില്ല. സ്റ്റൈപന്‍റ് വാങ്ങുന്ന സമയത്ത് ചമ്മൽ തോന്നിയതൊഴിച്ചാൽ സ്കൂളിൽ യാതൊരു തരത്തിലുള്ള വേർതിരിവും അധ്യാപകരുടെ ഭാഗത്ത് നിന്നോ സഹപാഠികളിൽ നിന്നോ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.
കോളേജിൽ ചേർന്നപ്പോഴാണ് കഥ മാറിയത്. മനുഷ്യർ പക്വതയാർജ്‌ജിക്കുമ്പോഴാണല്ലോ ജാതി വേർതിരിവ് വരുന്നത്. 18 വയസ്സോടുകൂടി വിവേചനം ഞാൻ അറിഞ്ഞിരുന്നു. വളരുംതോറും ആളുകളുടെ ഉള്ളിൽ ജാതി സ്പിരിറ്റും വളരും. കോളേജ് പഠനകാലത്തൊക്കെ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് രണ്ട് അനിയന്മാരാണ്. അവരും ഇത്തരം വിവേചനത്തിലൂടെ കടന്നു പോയിട്ടുണ്ടാവാം.
വീട്ടിൽ എല്ലാവരും പഠിക്കാൻ മിടുക്കന്മാരായിരുന്നോ?
ഞാനും എന്‍റെ അനിയന്മാരും പഠനത്തിൽ മിടുക്കരായിരുന്നു. മൂത്തയാൾ എൽഎൽബിക്ക് പോയിരുന്നു. പക്ഷേ അനിയനെ പഠിപ്പിക്കാനായി ജോലിക്ക് പോകേണ്ടി വന്നു. ഇളയ അനിയൻ ഇപ്പോൾ ഡോക്‌ടറായി സേവനമനുഷ്ഠിക്കുകയാണ്. ഞങ്ങൾക്ക് സാമ്പത്തിക ഭദ്രതയൊന്നും ഉണ്ടായിരുന്നില്ല. പഞ്ചായത്തിന്‍റെ ചെറിയ സഹായം ലഭിച്ചിരുന്നു. ഞാൻ മെഡിക്കൽ എൻട്രൻസ് നീറ്റ് എഴുതി കിട്ടിയിരുന്നു. ആ കോഴ്സുമായി പൊരുത്തപ്പെടാൻ പറ്റിയിരുന്നില്ല. അതിനാൽ തിരിച്ചു പോന്നു. അച്‌ഛൻ 45-ാം വയസ്സിൽ മരിച്ചു. മദ്യപാനിയായിരുന്നു. പിന്നെ അമ്മയാണ് ഞങ്ങളെ വളർത്തിയത്. കൂലി പണിയെടുത്തും, വീട്ടുജോലി ചെയ്‌തുമാണ് അമ്മ ഞങ്ങളുടെ കാര്യങ്ങൾ നോക്കിയിരുന്നത്.
നിറത്തിന്‍റെ പേരിലും വിവേചനം ഉണ്ട്. ജാതിയും നിറവും ആയുധമാക്കപ്പെടുകയാണോ?
ദളിതരെ അരികുവൽക്കരിക്കാനുള്ള ശ്രമങ്ങൾ എന്നും നില നിൽക്കുന്നുണ്ട്. ഇന്ത്യയിലെ പത്രസ്‌ഥാപനങ്ങളിൽ പോലും 10 ശതമാനം ദളിത് പത്രപ്രവർത്തകർ ഇല്ല. ഇന്‍റർവ്യൂ സമയത്ത് നിറത്തിന്‍റെ പേരിൽ മാത്രം പുറംതള്ളപ്പെടുന്ന എത്രയോ പേരുണ്ട്. ദൃശ്യമാധ്യമ രംഗത്ത് സുന്ദരികളെ മാത്രം മതി. ഇതൊരു അലിഖിത മാനദണ്ഡമാണ്. എത്ര കറുത്ത നിറമുള്ള വാർത്താവായനക്കാരെ നമുക്ക് എടുത്ത് കാണിക്കാൻ പറ്റും? നമ്മുടെ ന്യൂസ് ഡസ്ക്കുകളും സവർണ്ണവൽക്കരിക്കപ്പെട്ട ഒന്നാണ്. ജിഷ, അശ്വതി സംഭവങ്ങൾ എത്ര ദിവസം പുഴ്ത്തി വച്ചതിനു ശേഷമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.