തെളിഞ്ഞ സ്ലേറ്റു പോലെയാണ് കുഞ്ഞിന്‍റെ മനസ്. ആ സ്ലേറ്റിൽ എന്ത് കോറിയിട്ടാലും കുട്ടിയത് മനസ്സിലാക്കും. എപ്പോഴും ചോദ്യങ്ങളും സംശയങ്ങളുമായെത്തുന്ന കുട്ടികൾ വളരെയെളുപ്പം കാര്യങ്ങൾ ഗ്രഹിച്ചെടുക്കുമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. അതുകൊണ്ട് ചോദ്യങ്ങളുമായെത്തുന്ന കുട്ടിയോട് മനസ്സിലാകും വിധം മറുപടി പറയുവാൻ മനസ് വെയ്ക്കണം. കുട്ടി സംതൃപ്തനാവുന്നതോടൊപ്പം അവന്‍റെ അറിവിന്‍റെ ലോകം വികസിക്കുകയും ചെയ്യും.
കുഞ്ഞുനാൾ തൊട്ടേ അവരിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ അമ്മമാർ ശ്രമിക്കും. ശാരീരികമായ ആരോഗ്യവും മാനസികമായ ആരോഗ്യവും കുഞ്ഞിന്‍റെ ശരിയായ വളർച്ചയ്ക്ക് ആവശ്യമാണ്. വീടാണ് കുഞ്ഞിന്‍റെ ആദ്യത്തെ വിദ്യാലയം. അതുകൊണ്ട് നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രദ്ധിക്കണം. ബാഹ്യ ലോകവുമായി ഇടപഴകിത്തുടങ്ങുമ്പോൾ തന്നെ കുഞ്ഞിന്‍റെ ആരോഗ്യകരമായ ജീവിതത്തിന് അടിത്തറയൊരുക്കാൻ മാതാപിതാക്കൾക്ക് കഴിയണം.
കളിയിലൂടെ പഠിപ്പിക്കാം
കുട്ടിയുടെ മാനസികവും ബുദ്ധിപരവുമായ വികാസത്തിന് എങ്ങനെ വഴിയൊരുക്കാമെന്നത് പല അമ്മമാരേയും കുഴക്കുന്ന പ്രശ്നമാണ്. രസകരമായ കളികളിലൂടെയും വിനോദങ്ങളിലൂടെയും ഇത് സാധ്യമാക്കാവുന്നതേയുള്ളൂ.
കുട്ടികളിലെ ഏകാഗ്രത വളർത്താൻ അവരെ ടംഗ് ട്വിസ്റ്റേഴ്സ് പരിശീലിപ്പിക്കുക. അതൊരു മികച്ച രീതിയാണ്. എ ഫോർ ആപ്പിൾ, ബി ഫോർ ബോൾ എന്ന് ചൊല്ലി പഠിക്കുന്നതിനേക്കാൾ നല്ലത് അതാണ്.
പുതിയ തലമുറയിലെ കുഞ്ഞുങ്ങൾ ഏറെയിഷ്ടപ്പെടുന്ന ഒന്നാണ് പരസ്യങ്ങളിലെ രസകരങ്ങളായ ജിംഗിൾ സോംഗുകളും മറ്റും. കുഞ്ഞിനൊപ്പമിരുന്ന് പേപ്പർ ബോട്ട് തയ്യാറാക്കി വെള്ളത്തിൽ ഒഴുക്കി രസിച്ചും മണൽത്തരി കൊണ്ട് വീടുണ്ടാക്കിയും കുട്ടിയുടെ ബെസ്റ്റ് ഫ്രണ്ടാവാൻ അമ്മയ്ക്കാവും. ഒപ്പം നിങ്ങളുടെ പിഞ്ചോമന എത്രമാത്രം ബുദ്ധിമാനും കഴിവുള്ളവനുമാണെന്നും വിലയിരുത്താനുള്ള അവസരം കൂടിയാണത്. പാട്ടുകൾ പാടിയുള്ള ഇത്തരം വിനോദങ്ങൾ കുട്ടിയുടെ മനസ്സിനെ എളുപ്പം സ്വാധീനിക്കും.
ഉദ്യോഗസ്‌ഥരായ അമ്മമാരെ സംബന്ധിച്ച് സമയക്കുറവ് കുട്ടിയൊടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവർക്ക് സാധ്യമായെന്ന് വരില്ല. എങ്കിലും കുട്ടിയൊടൊപ്പമുള്ള സമയങ്ങളിൽ, വാഹനത്തിലാണെങ്കിൽ പോലും കുട്ടിക്ക് കൗതുകം പകരുന്ന പസ്സിൽ ഗെയിമുകളിൽ ഏർപ്പെടാം. കുട്ടിയുടെ മനസ്സിനെ ചിന്തയുടെ ലോകത്തേക്ക് പറത്തിവിടാൻ ഇത് സഹായിക്കും.
കുട്ടിയുടെ ആക്റ്റിവിറ്റി
കുട്ടിയെ നല്ല പാട്ടുകൾ കേൾപ്പിക്കുക. അതോടൊപ്പം ഡാൻസ് ചെയ്യാൻ കുട്ടിയെ പ്രേരിപ്പിക്കണം. ഡാൻസ് ചെയ്യുന്നത് കൈകാലുകൾക്കും ചുമലുകൾക്കും അരക്കെട്ടിനും നല്ല വ്യായാമമാണ്.
നിറപ്പകിട്ടാർന്ന ബ്ലോക്ക് ഗെയിമും നല്ലൊരു വിനോദമാണ്. ബ്ലോക്കുകൾ വച്ച് ഇഷ്ടമുള്ള രീതിയിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് നിറങ്ങൾ തിരിച്ചറിയാനും കൗണ്ടിംഗ് പഠിക്കാനും സഹായിക്കും.
അടുക്കളയിലെ തിരക്കിട്ട ജോലിക്കിടയിൽ പോലും അമ്മയ്ക്ക് കുട്ടിയുടെ കളിക്കൂട്ടുകാരിയാകാനാവും. കറിക്കരിയുമ്പോൾ പഴങ്ങളും പച്ചക്കറികളും കാട്ടി അവയെ വർണ്ണിച്ചു കൊണ്ട് രസകരമായ കുട്ടിപ്പാട്ടുകൾ പാടിക്കേൾപ്പിക്കുക.
ഒഴിവുവേളകളിൽ സ്വിമ്മിംഗ്, സ്കേറ്റിംഗ് തുടങ്ങിയവ പരിശീലിപ്പിക്കുക, ഗെയിംസ് പാർലറുകളിൽ കൊണ്ടു പോകുക എന്നിങ്ങനെയുള്ള ആക്റ്റിവിറ്റികൾ കുട്ടികളെ കൂടുതൽ ഊർജ്ജസ്വലരാക്കും.
കുട്ടി മിടുക്കനാകാൻ
- കുട്ടിയുമായി സൗഹൃദത്തിലാകാൻ മാതാപിതാക്കൾ വൈകാരികമായ അടുപ്പം കാട്ടണം.
- ചുറ്റുമുള്ള കാര്യങ്ങൾ അറിയാനും പഠിക്കാനും നല്ല ശീലങ്ങൾ വളർത്തിയെടുക്കുക.
- പോഷകസമ്പന്നമായ ഭക്ഷണം കഴിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുക.
- പ്രകൃതിയിലെ മാറ്റങ്ങൾ അറിയാനും പ്രകൃതിയെ അറിയാനും കുട്ടിയെ പരിശീലിപ്പിക്കണം.
- കായികമായ പ്രവൃത്തിയിൽ ഏർപ്പെടാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കാം. മറ്റ് കുട്ടികളോടൊപ്പം ഓടി തിമിർത്ത് രസിക്കട്ടെ. ഇത്തരം പ്രവൃത്തികൾ കുട്ടികൾക്കിടയിൽ സൗഹൃദപരമായ അന്തരീക്ഷമൊരുക്കുന്നു.
- എത്രയൊക്കെ ജോലിത്തിരക്കുകൾ ഉണ്ടായാലും കുട്ടികളോടൊപ്പം പരമാവധി സമയം ചെലവഴിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. വീട്ടിൽ ഒറ്റപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.
- ചെറിയ ഉത്തരവാദിത്തങ്ങൾ ഏൽപിക്കുക. ബെഡ് ഷീറ്റ് വിരിക്കാനും കളിപ്പാട്ടങ്ങൾ അടുക്കി വയ്ക്കാനും കുട്ടിയോടാവശ്യപ്പെടുക.
- കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയ്ക്ക് ഉറക്കം ആവശ്യമാണ്.
- സമയനിബദ്ധമായി കാര്യങ്ങൾ ചെയ്തു ശീലിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുക.