പ്രണയത്തിന്‍റെ പടിവാതിൽ മുട്ടിത്തുറക്കാൻ തീരുമാനിച്ചിരിക്കുന്ന സുന്ദരിമാർക്ക് വേണ്ടിയാണീ കുറിപ്പ്. നിങ്ങൾ കണ്ടുപിടിച്ച സുന്ദരന്‍റെ സ്വഭാവം എങ്ങനെയെന്ന് ആദ്യം വിലയിരുത്തി നോക്കൂ. എന്നിട്ടാകാം മുന്നോട്ടുള്ള പ്രേമപ്രയാണം. താഴെപ്പറയുന്ന കൂട്ടത്തിലാണ് നിങ്ങളുടെ ബോയ്ഫ്രണ്ടെങ്കിൽ സംശയിക്കേണ്ട ജീവിതം പാഴായത് തന്നെ. സോ ബി വെയർ ഓഫ് ദീസ് ഗൈസ്… വീണ്ടും പറഞ്ഞില്ലെന്ന് വേണ്ട, മെല്ലെ അകറ്റി നിർത്താൻ തുടങ്ങിക്കോളൂ… ഇല്ലേൽ പണി പാളും.

പൂവാലൻ

ഇത്തിരി കൂടുതൽ റൊമാന്‍റിക്കായ പെൺകുട്ടികൾ എളുപ്പം വീഴും ഇക്കൂട്ടരുടെ വലയിൽ പൂവാലൻ വിഭാഗത്തിൽ പെട്ട കാമുകന്മാർക്ക് പെൺകുട്ടികൾ പൂക്കളായും ടെഡ്ഡിബിയറുകളുമായൊക്കെ തോന്നുന്നത് സ്വാഭാവികം.

അദ്ദേഹം എല്ലാ ഗിഫ്റ്റ് ഷോപ്പിലും കയറി വളരെ ക്യൂട്ട് ആയ പാവക്കുട്ടികളെ വാങ്ങി സമ്മാനിക്കും. എല്ലാം അവളെ ഇംപ്രസ് ചെയ്യിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ. തന്‍റെ കാമുകിയോട് കാവ്യാത്മകമായി സംസാരിക്കാനും ഇദ്ദേഹം ബഹുമിടുക്കനായിരിക്കും. ഉദാ, ബേബീ, നീ ഒരു ലില്ലിപ്പൂവിനെ പോലിരിക്കുന്നു, ഇന്നത്തെ വേഷത്തിൽ നീയൊരു താമരപ്പൂപോലെ, നി‍ന്‍റെ മുടി കാക്കപ്പൂ പോലെ… ഇങ്ങനെ പൂക്കളെ കൂട്ടുപിടിക്കാതെ ഈ പൂവാലന്മാർക്ക് ദിവസം തള്ളിനീക്കാൻ കഴിഞ്ഞെന്നു വരില്ല.

ട്യൂബ് ലൈറ്റ്

ഇത് കളിയാക്കി വിളിക്കുന്നതല്ല… ചിലരുടെ സ്വഭാവം ട്യൂബ് ലൈറ്റ് പോലെയാണ്. മെല്ലെ മെല്ലെ തെളിഞ്ഞ് പ്രകാശം പരത്തും (നിങ്ങൾ ഭാഗ്യവതിയാണെങ്കിൽ മാത്രം). അങ്ങനെ ഗേൾഫ്രണ്ട് ഒരു നൂറുകൂട്ടം സൂചനകൾ നൽകിയാലും ചൈനയിലെ വന്മതിലിൽ പെട്ടുപോയ പല്ലിയെപ്പോലെ ആശയക്കുഴപ്പത്തിലാകും പാവം. എപ്പോഴും ഗേൾഫ്രണ്ടിന്‍റെ അഭിപ്രായവും നിർദ്ദേശവും തേടും, ശീലിച്ചുപോയ കാര്യം മാറ്റിയെടുക്കാൻ പ്രയാസമാണേ. ചിന്തിച്ചു വശംകെടാൻ ധാരാളം പേർ ചുറ്റിലുമുള്ളപ്പോൾ എന്തിനാ വെറുതേ എനർജി കളയുന്നതെന്ന് ഈ യുവകോമളൻ ചിന്തിച്ചാൽ കുറ്റം പറയാനൊക്കുമോ?

തൊട്ടാവാടി

ഇത്തരം യുവസുന്ദരന്മാരെ കണ്ടാൽ പെൺകുട്ടികൾ ഓടിഒളിക്കും… അബദ്ധത്തിലെങ്ങാനും മുന്നിൽചെന്നുചാടല്ലേ എന്നാവും ഒരിക്കൽപ്പെട്ടുപോയ തരുണീമണകളുടെ പ്രാർത്ഥനയെന്ന് നിങ്ങളറിയുന്നുണ്ടോ… വളരെ സെൻസിറ്റീവായ ഈ കൂട്ടുകാരനൊപ്പം 24 മണിക്കൂർ കഴിയാൻ ത്യാഗമനസ്ഥിതിയുള്ള പെണ്ണിനും കഴിഞ്ഞെന്നു വരില്ല. 10 മിനിട്ട് മുമ്പ് പരിചയപ്പെട്ട പെണ്ണിനേയും ചക്കരേ എന്ന് വിളിച്ചുപോവും ഇക്കൂട്ടർ. തന്‍റെ ആത്മാവിനെ തൊട്ടുണർത്തിയ സുന്ദരിയായി പ്രസ്താവിക്കാനും മണിക്കൂറുകൾ മതി ഇദ്ദേഹത്തിന്. തന്‍റെ ജീവിതം തന്നെ പ്രണയിക്കാൻ മാത്രമുള്ളതാണെന്ന് കരുതുന്നു. ഇന്നലെ കണ്ടപ്പോൾ ചിരിച്ച പെൺകുട്ടി, പിറ്റേന്ന് കണ്ടഭാവം വച്ചില്ലെങ്കിൽ പിന്നെ കണ്ണിൽനിന്ന് നദി പ്രവാഹമാകും. ഇവരോട് തമാശക്കോ സീരിയസായോ ഒന്നും പറയാനും പറ്റില്ല. എന്തു പറഞ്ഞാലും അവർക്ക് കുറ്റമായേ തോന്നൂ. വളർത്താൻ പിടിച്ചാലും കൊല്ലാൻ പിടിച്ചാലും പന്നി കരയും എന്നു പറയുമ്പോലെയാണ് ഇക്കൂട്ടരുടെ സ്വഭാവം.

ഒഴിയാബാധ

ഈ കക്ഷിയുമായി കൂട്ടുകൂടും മുമ്പ് അൽപം ബോക്സിംഗ് പരിശീലിക്കുന്നത് നന്നായിരിക്കും. അമ്മയുടെ ചേച്ചിയുടെ മകന്‍റെ കൂടെപ്പോയാലും സംശയത്തോടെയെ ഇവർ കാണൂ. പ്രണയിനിയുടെ കള്ളത്തരം കൈയോടെ പിടികൂടാൻ കാത്തിരിക്കുകയാണ് ഇയാളെന്ന് തോന്നും മട്ട് കണ്ടാൽ. എപ്പോഴും ഒരു ഡിറ്റക്ടീവിനെപ്പോലെ ചുറ്റിനടക്കും. സമാധാനമായി 10 മിനിട്ട് ജീവിക്കാൻ ഈ പ്രേമഭിക്ഷുകൻ സമ്മതിക്കില്ല. തന്‍റെ ഗേൾഫ്രണ്ട് വിലയേറിയ ഒരു വൈൻ കുപ്പിയാണെന്നും തന്‍റെ കൂട്ടുകാർ കണ്ടാൽ അടിച്ചുമാറ്റുമെന്നും അയാൾ ഭയപ്പെടുന്നു. സ്വന്തമായി ചില്ലിക്കാശുപോലും ഇല്ലെങ്കിലും ഗേൾഫ്രണ്ടിന്‍റെ ഉടമസ്ഥൻ താനാണെന്ന ഭാവമാണ് സദാ. പെണ്ണ് പോകുന്നിടത്തൊക്കെ ഒരു ഭ്രാന്തനെപ്പോലെ പിന്തുടരനാണ് ഇയാൾക്ക് താൽപര്യം. അവൾ പോടാ പുല്ലെയെന്ന് പറഞ്ഞാലും അയാൾ പിടിവിടില്ല (പെണ്ണിന്‍റെ ആങ്ങളമാരോ പുതിയ ബോയ്ഫ്രണ്ടോ കാലുതല്ലിയൊടിക്കും വരെ).

സോപ്പ്

ഈ ലോകത്തിൽ ഏറ്റവും സഹതാപമർഹിക്കുന്ന ഒരു വിഭാഗം. ഈ ജന്മത്തിൽ മാത്രമല്ല മുൻ ജന്മത്തിലും വെണ്ണയും പാലുമില്ലാതെ ജീവിച്ചിട്ടില്ലെന്ന് തോന്നും ഇവരുടെ പ്രവർത്തികൾ കണ്ടാൽ. കഴിഞ്ഞ ജന്മം ഇക്കൂട്ടർ പശുവായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സംസാരത്തിൽപോലും പാല് ഒഴുക്കിക്കൊണ്ടിരിക്കും. “നിനക്കുവേണ്ടി ചന്ദ്രനെയും നക്ഷത്രങ്ങളെയും വരെ ഞാൻ കൊണ്ടുവരും.” “നീ… നീയാണെന്‍റെ ഹൃദയം… എന്‍റെ മനസ്സ്… എന്‍റെ ആത്മാവ് എന്നൊക്കെ പറയും.” പെണ്ണേ വിട്ടേക്ക്, സോപ്പ് വേഗം പതഞ്ഞ് തീരും.

മസിൽമാൻ

അഭ്രപാളികളിൽ കാണുന്ന ഖാൻമാരെപ്പോലെ മസിലുപെരുപ്പിച്ച് നടക്കണമെന്ന് ഒറ്റചിന്തയേ ഇക്കൂട്ടർക്കുള്ളൂ. ജീവിക്കാൻ ബ്രെയിനല്ല മസിലാണ് ആവശ്യം എന്നാണ് ഫിലോസഫി. ജിമ്മിൽ പോകുക അതാണ് പ്രധാന തൊഴിൽ. മസിൽ പെരുപ്പിക്കാനുള്ള ഭക്ഷണം ഏതാണ്? എന്തൊക്കെ പ്രോട്ടീൻ ഷേക്കുകൾ കുടിക്കണം, എപ്പോൾ വ്യായാമം ചെയ്യണം. ഇത്തരം കാര്യങ്ങളെ ചർച്ചയിലുണ്ടാകൂ. എവിടെ ചെന്നാലും ബോഡിബിൽഡിംഗിൽ സൗജന്യ ക്ലാസ് എടുക്കുന്നതാണ് ഹോബി. കുറ്റം പറയരുതല്ലോ, ധാരാളം കേൾവിക്കാരുണ്ടാകും ഇവർക്ക്. സോ… സമയം പാഴാക്കല്ലേ…

ജോലിഭ്രാന്തൻ

ഊണിലും ഉറക്കത്തിലും ശ്വാസത്തിലും ജോലി എന്ന ചിന്തയാണ് ഇദ്ദേഹത്തിന്. പെൺകുട്ടിയെ വഴിയിലെ പോസ്റ്റാക്കി നിർത്തുകയാണ് ഇയാളുടെ സ്ഥിരം ഹോബി. ജോലിത്തിരക്ക് കഴിഞ്ഞിട്ട് ഇദ്ദേഹം വരുമ്പോഴേക്കും ഗേൾഫ്രണ്ട് സ്ഥലം കാലിയാക്കിയിട്ടുണ്ടാകും. സ്ത്രീകളുടെ മനഃശാസ്ത്രം മനസ്സിലാകില്ല ഇവർക്ക്. ജോലിയാണ് ഇവരുടെ ഫസ്റ്റ് ലവ്. കൂടെ ചെലവഴിക്കാൻ സമയം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ടാൽ ഒരു പ്യൂണിന്‍റെ പണി ഒപ്പിച്ചു തരട്ടെ എന്ന ചോദ്യം വരെ പ്രതീക്ഷിക്കാം. എപ്പടി? അതുകൊണ്ട് ജോലി ഭ്രാന്തന്മാരെ കണ്ടാൽ ഓടിക്കോളൂ…

Tags:
COMMENT