സ്വന്തം ജീവിതത്തോടും വിവാഹത്തോടുമുള്ള സ്ത്രീയുടെ കാഴ്ച്ചപ്പാടുകളിൽ വലിയ മാറ്റങ്ങളാണ് അടുത്തകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് വിദ്യാഭ്യാസം പൂർത്തിയായാൽ അടുത്ത ഘട്ടമായി കണ്ടിരുന്നത് വിവാഹമായിരുന്നെങ്കിൽ ഇന്ന് ഭൂരിഭാഗം പെൺകുട്ടികൾക്കും സ്വന്തം കരിയറും സാമ്പത്തിക സ്വാതന്ത്ര്യവുമാണ് പ്രധാനം. മാറുന്ന സാമൂഹിക അന്തരീക്ഷത്തിൽ വിവാഹം ഒരു അനിവാര്യത എന്നതിൽ നിന്ന് വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പ് മാത്രമായി മാറിയിരിക്കുന്നു.
മാറുന്ന സ്ത്രീ മാറുന്ന സമൂഹം
പെൺകുട്ടികൾ ഇന്ന് വിദ്യാഭ്യാസത്തിലും തൊഴിൽരംഗത്തും സാമ്പത്തിക സ്വാതന്ത്ര്യത്തിലും വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സാഹചര്യത്തിൽ വിവാഹം ജീവിതത്തിന്റെ അനിവാര്യ ഘടകമാണെന്ന കാഴ്ചപ്പാടിൽ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. വേൾഡ് ഇക്കണോമിക് ഫോറം നടത്തിയ പഠനം വെളിപ്പെടുത്തുന്നത്, ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നാണ്. സ്വന്തം ഇഷ്ടപ്രകാരം ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക് ജീവിതം കൂടുതൽ സംതൃപ്തിയുള്ളതാകുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്നവർ അവരുടെ സുഹൃത്തുക്കളേക്കാൾ കരിയറിൽ പുരോഗതി കൈവരിക്കുന്നുണ്ടെന്നാണ് മറ്റൊരു പഠനം പറയുന്നത്. വിവാഹം വേണ്ടന്നല്ല തങ്ങൾക്ക് അനുയോജ്യമായതും തുല്യരുമായ പങ്കാളിയെയാണ് അവർ ആഗ്രഹിക്കുന്നത്. അങ്ങനെ അല്ലെങ്കിൽ ഒറ്റയ്ക്ക് ജീവിക്കുക. അതാണ് പുതിയ തലമുറ നൽകുന്ന സന്ദേശം.
കരിയറിന് മുൻഗണന
ഉന്നതവിദ്യാഭ്യാസം, ഗവേഷണം, വിദേശ ജോലി, സംരംഭകത്വം ഇവയാണ് ഭൂരിഭാഗം പെൺകുട്ടികളുടേയും സ്വപ്നങ്ങളും ലക്ഷ്യങ്ങളും. കരിയറിന്റെ നിർണായക ഘട്ടത്തിൽ വിവാഹജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളും കുടുംബപരമായ സമ്മർദ്ദങ്ങളും ഏറ്റെടുക്കാൻ പലരും തയ്യാറാകുന്നില്ല. “ആദ്യം എന്റെ സ്വപ്നങ്ങൾ പൂർത്തിയാകട്ടെ വിവാഹം പിന്നീട് ആലോചിക്കാം.” എന്ന ചിന്ത ഇന്ന് സാധാരണമായിരിക്കുന്നു.
സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്ന ആത്മവിശ്വാസം
ഒരുകാലത്ത് സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ വിവാഹവുമായാണ് ബന്ധിക്കപ്പെട്ടിരുന്നത്. ഇന്ന് സ്വന്തമായി വരുമാനമുള്ള സ്ത്രീകൾക്ക് ജീവിത തീരുമാനങ്ങൾ സ്വതന്ത്രമായി എടുക്കാൻ കഴിയുന്നു എന്നത് വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സ്വാതന്ത്ര്യമാണ് വിവാഹത്തെ ഒരു ആവശ്യകതയല്ല, വ്യക്തിപരമായ തിരഞ്ഞെടുപ്പായി അവരെ കാണാൻ പ്രേരിപ്പിക്കുന്നത്.
അനുഭവ പാഠങ്ങൾ
കുടുംബകലഹം, ഗാർഹിക പീഡനങ്ങൾ, അസമത്വം, സ്ത്രീധനം, നിയന്ത്രണങ്ങൾ, വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾ തുടങ്ങി ചുറ്റുപാടുകളിൽ നടക്കുന്ന സംഭവങ്ങൾ പലരേയും വിവാഹത്തെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു എന്നാണ് നിലവിലെ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം, സന്തുഷ്ടിയും സംതൃപ്തിയും നിറഞ്ഞ വിവാഹജീവിതം നയിക്കുന്ന അനേകം ദമ്പതികളുമുണ്ട്. വിവാഹമെന്ന പ്രസ്ഥാനമല്ല മറിച്ച് ആരോഗ്യകരമല്ലാത്ത ബന്ധങ്ങളാണ് ഇവിടെ പ്രശ്നമാകുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. ഭാര്യയും അമ്മയുമാകാതെ ഒരു സ്ത്രീ അപൂർണ്ണയാണ് എന്ന ആപ്തവാക്യം വെറുമൊരു ക്ലീഷേ മാത്രമാണെന്നാണ് ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രശസ്ത നടി പ്രാചി അധികാരി അഭിപ്രായപ്പെടുന്നത്. വിവാഹം സന്തോഷം നൽകുന്ന ഒരു ഉപാധിയാണെങ്കിൽ പിന്നെന്തുകൊണ്ടാണ് ഇത്രയധികം വിവാഹമോചനങ്ങളും വേർപിരിയലുകളും സംഭവിക്കുന്നത്? ഉള്ളിലെ ശൂന്യത നികത്താൻ ആ വ്യക്തിയ്ക്ക് മാത്രമേ കഴിയൂ. മറ്റാർക്കും കഴിയില്ല. എന്റെ കരിയറിലും എന്റെ ഇഷ്ടങ്ങളിലും ഞാൻ വളരെയധികം സന്തുഷ്ടയാണ്” എന്നാണ് പ്രാചി പറയുന്നത്.
“കുട്ടിക്കാലം മുതൽക്കെ പഠനത്തെയും യാത്രകളെയും ഏറെ ഇഷ്ടപ്പെട്ടിരുന്നയാളാണ് ഞാൻ. വിവാഹം കഴിക്കാൻ എനിക്കൊരിക്കലും പ്ലാൻ ഉണ്ടായിരുന്നില്ല. കരിയറിൽ മാത്രമായിരുന്നു ശ്രദ്ധ. എനിക്ക് ഇപ്പോൾ 42 വയസ്സായി. എന്റെ ലോകത്ത് ഞാൻ വളരെയേറെ സന്തുഷ്ടയാണ്.” എന്നാണ് എൻജിഒ പ്രവർത്തകയായ ആരാധന മുക്തി പറയുന്നത്.
സമൂഹം എന്ത് ചിന്തിക്കും എന്നോർത്ത് സ്ത്രീകൾ ഇന്ന് വ്യാകുലപ്പെടാറില്ലായെന്നാണ് വിവാഹ കൗൺസിലറായ പിയൂഷ് ഭാട്ടിയ പറയുന്നത്. വിവാഹം എന്നത് എല്ലാറ്റിനുമുപരിയായി വ്യക്തിപരമായ ഒരു കാര്യമാണ്. എന്നിരുന്നാലും അടുത്ത വീട്ടിലെ പെൺകുട്ടി എന്തുകൊണ്ട് ഇതുവരെ വിവാഹിതയായില്ല എന്നോർത്ത് കൗതുകം കൊള്ളുന്നവർ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. 35 വയസ്സുള്ള ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്നത് കാണുമ്പോൾ അസ്വസ്ഥപ്പെടുന്ന സമൂഹത്തേയും നമുക്ക് കാണാൻ കഴിയും.
സ്വാതന്ത്ര്യത്തിന്റെ പുതിയ നിർവചനം
ഇന്നത്തെ പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം എന്നത് സാമ്പത്തിക സ്വാതന്ത്ര്യം മാത്രമല്ല സ്വന്തം സമയം, യാത്രകൾ, സൗഹൃദങ്ങൾ, ഹോബികൾ, ജീവിതശൈലി, തീരുമാനങ്ങൾ എന്നിവയെല്ലാം സ്വയം തെരഞ്ഞെടുക്കാനുള്ള അവകാശമാണ് അവർക്ക് സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന തോന്നലാണ് മിക്കവരേയും വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. വിവാഹശേഷവും സ്വന്തം വ്യക്തിത്വവും സ്വപ്നങ്ങളും നിലനിർത്താൻ കഴിയുന്ന ബന്ധമാണ് ഇന്നത്തെ പെൺകുട്ടികളിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. വസ്ത്രധാരണം, ജോലി, സൗഹൃദങ്ങൾ, യാത്രകൾ, ജീവിതലക്ഷ്യങ്ങൾ എന്നിവയിൽ ഉണ്ടായേക്കാവുന്ന അനാവശ്യ നിയന്ത്രണങ്ങൾ അംഗീകരിക്കാൻ അവർ തയ്യാറല്ല.
മാനസികാരോഗ്യത്തിനും പ്രാധാന്യം
മുമ്പത്തെ തലമുറകളെ അപേക്ഷിച്ച് ഇന്നത്തെ തലമുറ മാനസികാരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവതികളാണ്. സന്തോഷവും ആത്മാഭിമാനവും നഷ്ടപ്പെടുത്തുന്ന ബന്ധത്തേക്കാൾ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്ന് അവർ വിശ്വസിക്കുന്നു.
“ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കാൻ കഴിയുന്ന ഒരാൾക്കേ മറ്റൊരാളോടൊപ്പം ആരോഗ്യകരമായ ജീവിതം പങ്കിടാൻ കഴിയൂ.” എന്ന ആശയം കൂടുതൽ സ്വീകാര്യമായി വരുന്നു.
സമൂഹവും മാറുന്നു
മുപ്പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത പെൺകുട്ടിയെ തികച്ചും അത്ഭുതത്തോടെയോ സഹതാപത്തോടെയോ സമൂഹം നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ കാഴ്ചപ്പാടിൽ കാതലായ മാറ്റം വന്നിട്ടുണ്ട്. സ്വന്തം കരിയറും സ്വപ്നങ്ങളും ജീവിതശൈലിയും സ്വതന്ത്രമായി തിരഞ്ഞെടുക്കുന്ന പെൺകുട്ടികളെ സമൂഹം അംഗീകരിക്കാനും ബഹുമാനിക്കാനും തുടങ്ങിയിരിക്കുന്നു.
എന്നാൽ വിവാഹം അപ്രസ്കതമായോ?
ഒരിക്കലുമില്ല. സ്നേഹവും പരസ്പര ബഹുമാനവും സമത്വവും സ്വാതന്ത്ര്യവുമുള്ള വിവാഹജീവിതം മനോഹരമായ അനുഭവമാണ്. അതെല്ലാം തന്നെ ഉറപ്പാക്കി വിവാഹിതരാകുന്നവരുമുണ്ട്. എന്നാൽ എല്ലാവർക്കുമത് ഒരേ രീതിയിൽ സന്തോഷം നൽകണമെന്നുമില്ല. അതുപോലെ വിവാഹം കഴിക്കാതെ സ്വന്തമായി ജീവിതം തിരഞ്ഞെടുക്കുന്നതും ഒരാളുടെ വ്യക്തിപരമായ അവ കാശമാണ്. നല്ല സുഹൃത്തുക്കളും കുടുംബവും മികച്ച ജോലിയും വ്യക്തിപരമായ ലക്ഷ്യങ്ങളുമുള്ള ജീവിതവും ഒരുപോലെ സംതൃപ്തി നൽകാം.
വിവാഹിതരായ പെൺകുട്ടിയും വിവാഹം കഴിക്കാതിരിക്കുന്ന പെൺകുട്ടിയും ഒരുപോലെ ബഹുമാനിക്കപ്പെടേണ്ടവരാണ്. രണ്ടും ശരിയായതും വ്യക്തിപരവുമായ ജീവിതം തിരഞ്ഞടുപ്പുകളാണ്. സ്വന്തം മൂല്യങ്ങൾക്കും സ്വപ്നങ്ങൾക്കും അനുയോജ്യമായ ജീവിതം തിരഞ്ഞെടുക്കുകയാണ് അവർ. ഒരു സ്ത്രീയുടെ ജീവിതവിജയത്തെ വിവാഹം കൊണ്ടോ മാതൃത്വം കൊണ്ടോ മാത്രം അളക്കാനാവില്ല. സ്ത്രീ ഭാര്യയും അമ്മയുമായാൽ മാത്രമേ പൂർണമാകൂ എന്ന പഴയ ധാരണ ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. അതേസമയം വിവാഹവും മാതൃത്വവും തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ ജീവിതവും അത്രതന്നെ മൂല്യമുള്ളതാണ്.
സ്ത്രീയുടെ പൂർണത നിർണയിക്കുന്നത് അവളുടെ വിവാഹപദവിയല്ല. അവളുടെ സ്വപ്നങ്ങളും സ്വാതന്ത്ര്യവും ആത്മാഭിമാനവും സന്തോഷവുമാണ്. അവൾ ശാസ്ത്രജ്ഞയാകാം, സംരംഭകയാകാം, കലാകാരിയാകാം, സാമൂ ഹികപ്രവർത്തകയാകാം, ഭാര്യയാകാം, അമ്മയാകാം അല്ലെങ്കിൽ ഇതൊന്നുമല്ലാതെ സന്തോഷത്തോടെ ജീവിതം നയിക്കുന്നവളുമാകാം. സ്ത്രീയുടെ ജീവിതത്തെ നിർവചിക്കേണ്ടത് സമൂഹത്തിന്റെ പ്രതീക്ഷകൾ കൊണ്ടല്ല മറിച്ച് അവരുടെ സ്വപ്നങ്ങളും തിരഞ്ഞെടുപ്പുകളും കൊണ്ടാകണം. കാരണം വിവാഹമെന്നത് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നാണത്. തികച്ചും വ്യക്തിപരമായ ഒന്ന്.





