'ചാഹുംഗ മെം തുജെ…'
നേർത്ത ഗാനം ശ്രവിച്ചുകൊണ്ട് ഉരുളക്കിഴങ്ങ് കറിയും പൂരിയും കഴിക്കുകയായിരുന്നു ഞാൻ. ഇടക്ക് ഉഴുന്നും കടല പരിപ്പും ചേർത്ത മഞ്ഞച്ച ചാറുള്ള ഉരുളക്കിഴങ്ങ് കറി സ്വർണ്ണനിറമുള്ള പൊള്ളം പൊന്തിയ പൂരിയോടൊപ്പം കഴിക്കുക ഏറെ രുചികരമാണ്.
ഈ കടയിൽ വല്ലപ്പോഴും വരാറുണ്ട്. റാഫി ആരാധകനാണ് ഈ കൊച്ചു കടയുടെ ഉടമ. ഇവിടെ വന്നാൽ റാഫിയുടെ മനോഹര ഗാനങ്ങൾ ശ്രവിച്ച് പൂരി കഴിക്കാം. പൂരിയും കറിയും മാത്രമേ ഇവിടുണ്ടാകാറുള്ളൂ.
കൂട്ടിന് നാരങ്ങനീർ ചേർത്ത കട്ടൻ ചായയും രാവിലെ മുതൽ രാത്രി വരെ എപ്പോൾ ചെന്നാലും അതു ലഭ്യമാണ്.
മെലിത്ത് നേർത്ത വിരലുകളുള്ള, വെളുത്ത വസ്ത്രം മാത്രം ധരിക്കുന്ന, വർഷങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടയാളം പേറുന്ന ബൂരിഭയ്യയുടെ ചരിത്രം നാട്ടുകാർക്കും ഏറെ അറിവില്ല. താമസം ആ കടയിൽ തന്നെയൊറ്റക്ക്. കടയിൽ തിരക്ക് കൂടിയാൽ സഹായത്തിന് ഒരു പയ്യൻ വന്നുനിൽക്കും.
നാട്ടിലെ പഴയ ആളുകൾക്ക് ചൊടിയും ചുണയും ഉള്ള വിശേഷാവസരങ്ങളിൽ ആദ്യാവസാനക്കാരനായ പഴയ ഭയ്യയെ ഓർമ്മയുണ്ട്. അന്നത്തെ അയാളുടെ പഴയ കടയിൽ നിന്നും വ്യത്യസ്തമായി കടയ്ക്ക് മുൻവശം ഒരു ചായ്പ് വന്നതൊഴിച്ചാൽ അന്നും ഇന്നും കാര്യമായ വ്യത്യാസമില്ല.
അവിടെ നിത്യഹരിതനായി ഭയ്യ തുടരുന്നു. പഴമക്കാരുടെ ഓർമ്മയിൽ ഒരിക്കൽ മാത്രമേ ഭയ്യ കട അടച്ചുള്ളൂ. റാഫിയുടെ മരണ ദിവസം… ഒരാഴ്ചയോളം അന്ന് കട അടഞ്ഞുകിടന്നു. അന്ന് മരണച്ചടങ്ങുകൾ കാണാൻ ഭയ്യ ബോംബെയിലേക്ക് വണ്ടി കയറി. ചടങ്ങുകൾ വീക്ഷിക്കാനും റാഫിയെ അവസാനമായി ഒന്നുകാണുവാനും എത്തിയ പതിനായിരങ്ങളിൽ ഒരാളായി ഭയ്യ മാറി.
പിന്നീടുള്ള റാഫിയുടെ ഓർമ്മദിവസങ്ങളിലും ബൂരിഭയ്യയുടെ കട അടഞ്ഞു കിടന്നു... പിന്നീട് ഭയ്യ തന്നെയാണ് പറഞ്ഞത്, റാഫിയുമായി നേരിട്ടുള്ള പരിചയവും ഭയ്യക്കുണ്ടായിരുന്നുവെന്ന്. നിധിപോലെ സൂക്ഷിച്ചിരുന്ന റാഫിയുമൊന്നിച്ചുള്ള ഒരു പഴയ ഫോട്ടോ ഒരിക്കൽ ഭയ്യ കാണിച്ചുതരികയും ചെയ്തു.
പൊള്ളിച്ചെടുത്ത രണ്ട് പൂരി കൂടി പ്ലേറ്റിലാക്കി ബൂരിഭയ്യ കൊണ്ടുവന്നു. കൊണ്ടുവന്നയുടൻ ഞാൻ ആ സ്വർണ്ണ പൊള്ളത്തിൽ കൈത്തലം അമർത്തി. പൊള്ളം അമർന്നു. കൈവിരലുകൾക്കിടയിലൂടെ ചൂട് ഉൾക്കൊണ്ട ആവി പൊന്തി.
പൊള്ളത്തിന്‍റെ അടരുകൾ അടർത്തിയെടുത്ത് കുറുകിയ ചാറിൽ മുക്കിക്കഴിക്കുമ്പോൾ പാട്ട് മാറി. പഴയ ടേപ്പ് റെക്കോർഡിന്‍റെ ടേപ്പിൽ പതിപ്പിച്ച റാഫിയുടെ ശബ്ദം...
'ബഹാരോ ഫൂൽ ബർസാവോ, മേരാ മെഹബൂബ് ആയാ ഹെ…' 'വസന്തമേ പൂക്കൾ വർഷിക്കൂ... എന്‍റെ പ്രിയതമ വന്നിരിക്കുന്നു... എന്‍റെ പ്രിയതമ വന്നിരിക്കുന്നു….'
പരുക്കനല്ലാത്ത പൂരി ആസ്വദിച്ച് കഴിച്ചുതീർത്തു. ഒരു പ്ലേറ്റ് കൂടി കഴിക്കണമെന്നു ആഗ്രഹിച്ചെങ്കിലും പിന്നീടാകമെന്നു നിശ്ചയിച്ചു. റാഫി ആരാധകനു പണം കൊടുത്തു. ഇനി ഉടനെത്തന്നെ വില്ലിയങ്കിളിനെ കാണണം.
വില്ലിയങ്കിളിനെ ഫോൺ ചെയ്ത് വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തി. കണ്ടു സംസാരിക്കാനായി പുറത്തിറങ്ങിയപ്പോൾ റാഫിയുടെ ഗാനവീചികൾ അകന്നകന്നു ശമിച്ചിരുന്നു.
പുറത്ത് നേരിയ വെളിച്ചമുള്ള വെയിലുണ്ട്. ആ വെയിലിന്‍റെ ആലസ്യത്തിൽ മയങ്ങിക്കിടക്കുന്ന വഴിത്താരയും പരിസരവും.





