ദീർഘകാലമായി ഒരുമിച്ച് കഴിയുന്ന ഭാര്യാഭർത്താക്കന്മാരായാലും പങ്കാളികളായി ജീവിക്കുന്നവരായാലും പരസ്പരം അശ്രദ്ധയോടെ പെരുമാറുന്നത് കാണാൻ കഴിയും. ഇത് ക്രമേണ ഒരു ശീലമായി മാറി ബന്ധത്തിന്‍റെ ഊഷ്മളത നഷ്ടപ്പെടുത്തുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ വിവേകപൂർവ്വം പ്രവർത്തിച്ചില്ലെങ്കിൽ ദാമ്പത്യ ബന്ധത്തിന്‍റെ അടിത്തറയ്ക്ക് തന്നെ ഇളക്കം സൃഷ്ടിക്കും. അതിനാൽ ദമ്പതികൾ പരസ്പരം സ്പെഷ്യൽ ആണെന്ന് തോന്നൽ സൃഷ്ടിക്കേണ്ടതാവശ്യമാണ്. ഇത് പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിപ്പിക്കും.

തിരക്കേറിയ ജീവിത സാഹചര്യത്തിൽ മിക്കവരും ഏറിയ സമയവും ഓഫീസിലോ അല്ലെങ്കിൽ വർക്ക് ഫ്രം ഹോം വ്യവസ്‌ഥയിലൊ ജോലി ചെയ്യുന്നവരോ ആകാം. ചിലപ്പോൾ ഇരുവരുടെയും ജോലി സമയം വ്യത്യസ്തവുമായിരിക്കാം. അതിനാൽ അവർക്ക് ടൈം ഉണ്ടാകണമെന്നില്ല. ഈയൊരു സമയക്കുറവ് ചിലപ്പോൾ ദമ്പതികൾക്കിടയിൽ അകലം സൃഷ്ടിക്കാൻ കാരണമാകും. ഇത് പിന്നീട് അവരുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കും.

ഓർക്കുക, ഏതൊരു ബന്ധവും വിജയകരവും ശക്തവുമായി നിലനിർത്താൻ ഇരുവരും ശരിയായ സമയം വിനിയോഗിക്കണം. നിങ്ങൾ വളരെ തിരക്കിലാണെങ്കിൽ തീർച്ചയായും പങ്കാളിയുമായി കുറച്ച് സമയം ചെലവഴിക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ നിന്നുള്ള ജോലിയിൽ പോലും രണ്ടുപേർക്കും അവധിയെടുത്ത് ഇരുവർക്കും അവിസ്മരണീയമായ സമയം ചെലവഴിക്കാം. അവരുടെ മനസിൽ ഉയരുന്ന നിഷേധാത്മകതചിന്ത മാത്രമല്ല ഏകാന്തതയും ഇല്ലാതാക്കാൻ ഇത് സഹായിക്കും.

ദാമ്പത്യത്തിൽ മധുരം നിറയ്ക്കുക

ദാമ്പത്യത്തിൽ മാധുര്യം നിലനിർത്താൻ പ്രത്യേകമായ എന്തെങ്കിലും ചെയ്യുക. പരസ്പരം സ്പെഷ്യലാണെന്ന് തോന്നിപ്പിക്കാൻ പുറത്ത് പോകുന്നതിന് പകരം വീട്ടിൽ പങ്കാളിയോടൊപ്പം ചേർന്ന് ആരോഗ്യകരവും രുചികരവുമായ വിഭവങ്ങൾ തയ്യാറാക്കാം. രണ്ടുപേർക്കും ഒരുമിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം തെരഞ്ഞെടുക്കാം. അതുവഴി നിങ്ങൾക്ക് പരസ്പരം സഹായിക്കാനും പരസ്പരം കൂടുതൽ സമയം ഫലപ്രദമായി ചെലവഴിക്കാനും കഴിയും. ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം. ഏതെങ്കിലും ദിവസങ്ങളിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് പാചകം ചെയ്യുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിലൂടെ ഇരുവർക്കുമിടയിലെ ബന്ധം കൂടുതൽ ഊഷ്മളമാകും.

ഭക്ഷണം പാകം ചെയ്യാൻ അറിയാത്ത ഭർത്താവാണെങ്കിൽ പച്ചക്കറികൾ മുറിക്കാനും ഡൈനിംഗ് ടേബിൾ അലങ്കരിക്കാനുമൊക്കെ പങ്കാളിയാകാം. ഒപ്പം പാത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കുകയും ചെയ്യാം. ഇത്തരം സന്ദർഭങ്ങളിൽ വർത്തമാനം പറയുകയും പരസ്പരം തമാശകൾ പറയുന്നതുമൊക്കെ ബന്ധം കൂടുതൽ ആരോഗ്യകരമാക്കും. ഒപ്പം പരസ്പര സ്നേഹവും വർദ്ധിക്കും. ബന്ധം ഊഷ്മളമാക്കി നിലനിർത്തുന്നതിന് ഒരുമിച്ച് പാചകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്നതിനൊപ്പം ചില കാര്യങ്ങൾ കൂടി ചെയ്യുക.

നന്ദി പറയൂ

അടുക്കളയിൽ ചെയ്യുന്ന എല്ലാ സഹായങ്ങൾക്കും പങ്കാളിയെ അഭിനന്ദിക്കാൻ മറക്കരുത്. അത്തരം നല്ല വാക്കുകൾ പങ്കാളികളിൽ സന്തുഷ്ടി നിറയ്ക്കുകയും ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും.

അഭിനന്ദിക്കാം

പങ്കാളിയ്ക്ക് നൽകുന്ന ഒരു അഭിനന്ദനം പോലും വലിയ അദ്ഭുതങ്ങൾ സൃഷ്ടിക്കാം. ഇത്തരം അഭിനന്ദനങ്ങൾ പങ്കാളിയുടെ ആത്മവിശ്വാസം ഉയർത്തും. ലോകത്തിലെ എല്ലാ ബന്ധങ്ങൾക്കും ശക്തി പകരുന്ന ഒന്നാണ് സ്തുതി വാക്കുകൾ. പങ്കാളിയുടെ നല്ല ശീലങ്ങൾ, നല്ല ജോലി, കരുതലുള്ള സ്വഭാവം, പോസിറ്റീവ് മനോഭാവം എന്നിവയെ മനസ് തുറന്ന് പ്രശംസിക്കാം. പങ്കാളി ക്രിയേറ്റിവായിട്ട് ചെയ്യുന്ന കാര്യങ്ങളെ വിലമതിക്കാൻ മറക്കരുത്.

സംസാരത്തിന്‍റെ ടോൺ മാറ്റുക

ഏതെങ്കിലും ജോലിയുടെ പേരിൽ പങ്കാളിയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലോ നിങ്ങൾക്ക് എന്തെങ്കിലും ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്താലോ പങ്കാളിയ്ക്ക് വിഷമമുണ്ടാക്കാത്ത രീതിയിൽ പറയാം. നല്ല വാക്കുകൾ പറയാം. അടുത്ത തവണ എങ്ങനെയാണ് ആ ജോലി ചെയ്യുന്നതെന്ന് സ്നേഹപൂർവ്വം കാട്ടിക്കൊടുക്കാം.

പങ്കാളിയുടെ മനസ് നിറയാൻ സഹായിക്കുന്ന ഒരു കാര്യമുണ്ട്. ഇരുവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവം തയ്യാറാക്കി അത് ഭംഗിയായി കഴിച്ച് ആസ്വദിക്കുകയെന്നത്. ഇത്തരം പ്രവർത്തികൾ ഇരുവരേയും സംബന്ധിച്ച് ആസ്വാദ്യകരമായ ഒന്നായി മാറാം. അല്ലെങ്കിൽ പുതിയ പാചക പരീക്ഷണങ്ങൾ കണ്ടുപിടിച്ച് ട്രൈ ചെയ്ത് നോക്കാം. ഇത് മന:ശാസ്ത്ര പരമായി മികച്ചൊരു മാർഗ്ഗമാണ് ഇഷ്ടയിടങ്ങളിലേക്കുള്ള യാത്രകളും ബന്ധത്തെ ഊഷ്മളമാക്കും. ഇത്തരത്തിൽ പങ്കാളികൾ പരസ്പരം ഇഷ്ടപ്പെടുന്ന കുഞ്ഞ് കാര്യങ്ങൾ വരെ മനസിലാക്കി അതിനുവേണ്ടി പ്രവർത്തിക്കുന്നത് ദാമ്പത്യബന്ധത്തെ അടിയുറച്ചതാക്കും.

और कहानियां पढ़ने के लिए क्लिक करें...