ചോദ്യം
എനിക്ക് മൂന്ന് പെൺമക്കളാണ്. രണ്ടുപേരുടെ വിവാഹം കഴിഞ്ഞു. ഏറ്റവും ഇലയവൾക്ക് ആലോചനകൾ വരുന്നുണ്ടെങ്കിലും അവൾക്ക് ഒന്നും ഇഷ്ടപ്പെടുന്നില്ല. മകൾ നല്ല സുന്ദരിയാണ്. ബാങ്കിൽ ജോലിയുമുണ്ട്. ഇപ്പോൾ അവൾക്ക് 30 വയസ്സായി. എപ്പോഴും മക്കളുടെ ഇഷ്ടത്തിന് പ്രാധാന്യം നൽകുന്ന ഒരച്ഛനാണ് ഞാൻ. മകൾക്ക് അമിതസ്വാതന്ത്ര്യം കൊടുത്തതിനാലാണ് അവൾ ആരേയും അനുസരിക്കാതെയായതെന്ന് തോന്നുന്നു. ഇതിനെന്താണ് ഒരു പരിഹാരം.
ഉത്തരം
മകളോട് വിവാഹക്കാര്യത്തെപ്പറ്റി തുറന്നു സംസാരിക്കുക. അതാണ് പോംവഴി. മകൾ വേണ്ടായെന്ന് പറയുമ്പോൾ മാതാപിതാക്കൾ നിശബ്ദരായിരിക്കുകയല്ല വേണ്ടത്. വിവാഹപ്രായം ഏറിയിരിക്കുന്ന കാര്യം മകളോട് പറയുക. ഇനി പ്രായമേറുന്തോറും അനുയോജ്യമായ ആലോചന ലഭിക്കാൻ പ്രയാസപ്പെടേണ്ടി വരുമെന്ന് പറയേണ്ടതില്ലല്ലോ.
വരന്‍റെ സൗന്ദര്യം മാത്രമല്ല സ്വഭാവഗുണവും വ്യക്തിത്വവും ജോലിയും പശ്ചാത്തലവുമൊക്കെ പ്രധാനമാണെന്ന് മകളെ പറഞ്ഞ് മനസ്സിലാക്കുക. അല്ലാതെ സൗന്ദര്യം മാത്രം നോക്കി വിവാഹാലോചന പരിഗണിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്? സ്വഭാവഗുണമല്ലേ പ്രധാനം
മാതാപിതാക്കളായ നിങ്ങൾക്ക് നീണ്ട ജീവിതാനുഭവങ്ങൾ കാണുമല്ലോ. അതിനാൽ മകൾക്ക് അനുയോജ്യനായ വരനെ തന്നെയാവുമല്ലോ കണ്ടുപിടിക്കുക. അക്കാര്യം മകളെ ധരിപ്പിക്കുക.
ചോദ്യം
27 വയസ്സുള്ള വിവാഹിതയാണ് ഞാൻ. ഭർത്താവ് വീട്ടിലെ ഏകമകനാണ്. രണട് സഹോദരിമാരുള്ളത് വിവാഹിതരാണ്യ മൂത്ത സഹോദരി കുടുംബവുമൊത്ത് സന്തുഷ്ടജീവിതം നയിക്കുന്നു. ഇടയ്ക്ക് ചേച്ചി വീട്ടിൽ വരുമെങ്കിലും ഞങ്ങളുടെ ഒരു കാര്യത്തിലും ഇടപെടാറില്ല. പക്ഷേ, ഇളയ സഹോദരി അങ്ങനെയല്ല. വീട്ടിൽ വരുമ്പോഴൊക്കെ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയേ മടങ്ങിപ്പോകൂ. ഇളയ സഹോദരി ഉദ്യോഗസ്ഥയാണ്. ചിലപ്പോൾ ഭർത്താവിനോടു പോലും പറയാതെ ഓഫീസിൽ നിന്നും നേരിട്ട് വീട്ടിലെത്തും. 1-2 മണിക്കൂർ ചിലവഴിച്ച് വിശേഷങ്ങൾ ഓരോന്ന് ചോദിച്ചറിയും.
ഭർത്താവിന്‍റെ അച്ഛനും അമ്മയും വളരെ നല്ലവരാണ്. പക്ഷേ, സഹോദരിയുടെ വരവോടു കൂടി അമ്മയ്ക്ക് എന്നോട് ദേഷ്യമാണ്. സഹോദരി ഓരോന്ന് പറഞ്ഞ് കൊടുക്കന്നതിന് അനുസരിച്ച് അമ്മ എന്നോട് വഴക്കിടുന്നത് പതിവായിരിക്കുകയാണ്. മുമ്പ് ഞാൻ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. കുഞ്ഞുണ്ടായ ശേഷം ജോലിക്ക് പോകുന്നത് നിർത്തി. ഇപ്പോൾ മോൻ നേഴ്സറിയിൽ പോയിത്തുടങ്ങി. അവന് മുത്തശ്ശിയും മുത്തച്ഛനുമായി വളരെ അടുപ്പവുമാണ്. വീണ്ടും ജോലിക്ക് പോയാലോയെന്ന് ആലോചിക്കുകയാണ്. വീട്ടിൽ ഇരുന്നുള്ള മുഷിച്ചിലും ഉണ്ടാകില്ല
ഉത്തരം
നിങ്ങൾ ഭർതൃസഹോദരിയെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെടേണ്ടതില്ല. അവരെന്തു വേണമെങ്കിലും ചെയ്തോട്ടെ. അതവരുടെ സ്വഭാവത്തിൽ അലിഞ്ഞുചേർന്ന കാര്യമാണ്. ഉയർന്നു ചിന്തിക്കാനും പക്വമായി പെരുമാറാനും എല്ലാവർക്കും കഴിയണമെന്നില്ലല്ലോ. അതിനാ. അക്കാര്യമോർത്ത് വിഷമിക്കേണ്ടതില്ല. അതിനെ അതിന്‍റെ വഴിക്ക് വിടുക. വീട്ടിൽ എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും ശുഭാപ്തിവിശ്വാസം കൈവെടിയരുത്. വീണ്ടും ജോലിക്ക് പോകാനുള്ള തീരുമാനം ഉചിതമാണ്. ജോലിക്കു പോകുന്നതിനാൽ കുഞ്ഞിന്‍റെ കാര്യത്തിൽ യാതൊരു കുറവും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുക. അമ്മായിയമ്മ കുഞ്ഞിന്‍റെ സംരക്ഷമം ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ ജോലിക്ക് പോകുന്നതിൽ തടസ്സമുണ്ടാവില്ലല്ലോ.
ചോദ്യം
വളരെ വിഷമത്തോടെയാണ് ഞാൻ എഴുതുന്നത്. ഞങ്ങളുടേത് സന്തുഷ്ടകുടുംബമായിരുന്നു. എനിക്ക് 36ഉം ഭർത്താവിന് 40ഉം വയസ്സുണ്ട്. രണ്ടുപേരും ഉദ്യോഗസ്ഥരാണ്. രണ്ട് കുട്ടികളുണ്ട്. ഒരു അല്ലലും അലച്ചിലുമില്ലാത്ത കുടുംബസാഹചര്യം. പക്ഷേ, കഴിഞ്ഞ ഒരു മാസമായി ജീവിതമാകെ താറുമാറായതുപോലെയാണ്. ഭർത്താവിന് ജീവിതത്തോടും എന്നോടുമെല്ലാം മടുപ്പാണത്രേ. ഞാനോട്ടും ആകർഷകയല്ലെന്നും അദ്ദേഹം എന്നെയൊട്ടും സ്നേഹിക്കുന്നില്ലെന്നും തുറന്നു പറഞ്ഞു.
വിവാഹജീവിതം തുടങ്ങിയപ്പോൾ മുതൽ അദ്ദേഹത്തിന്‍റെ മാനസികാവസ്ഥ ഇതായിരുന്നു എന്നാണ് അദ്ദേഹമിപ്പോൾ പറയുന്നത്. ഇതെല്ലാം അറിഞ്ഞപ്പോൾ ഞാനാകെ തകർന്ന അവസ്ഥയിലാണ്. ഇത്രയും നാൾ ഞാൻ മൂഢസ്വർഗ്ഗത്തിൽ ആയിരുന്നല്ലോ എന്നോർത്ത് വിഷമിക്കുകയാണ്. ഇതേപ്പറ്റി ഓർത്തും പറഞ്ഞും കരഞ്ഞിട്ടും ഭർത്താവിന് ഒരു കുലക്കവുമില്ല. അദ്ദേഹം തികച്ചും ശാന്തനാണ്.
ഉത്തരം
നിങ്ങളുടെ ഭർത്താവിന് ജീവിതത്തിലുണ്ടാകുന്ന ഒരു വൈകാരിക പ്രതിസന്ധിയാകാം ഇത്. ഇത്രയും നാളത്തെ ജീവിതം കൊണ്ട് എന്തുനേടി സന്തുഷ്ടയായിരുന്നോ തുടങ്ങിയ ചിന്തയിലൂടെ ആത്മപരിശോധന നടത്തുകയും ഒന്നും നേടിയില്ലല്ലോ എന്ന ചിന്ത അമ്പരിപ്പിക്കുകയും ചെയ്യാം. ചിലപ്പോൾ ഇത് അയാളുടെ ജീവിതത്തിൽ അടിമുടി മാറ്റമുണ്ടാക്കാം. മിക്കപ്പോഴും തുടക്കത്തിൽ ഇത് വലിയ കലഹങ്ങൾ ഒടുവിൽ സൃഷ്ടിക്കുമെങ്കിലും ഒടുവിൽ സ്വജീവിതവുമായി ഇഴുകിച്ചേരുകയോ ഏറെക്കുറേ സമാധാനത്തോടെ ജീവിക്കുകയോ ചെയ്യാം. തുറന്ന് പറച്ചിലിന് ശേഷമുള്ള ഭർത്താവിന്‍റെ മൗനം ഗൗരവമായി കാണണം. അദ്ദേഹത്തിന്‍റെ മനസ്സിലെന്താണെന്നും അടുത്ത പ്ലാൻ എന്താണെന്നും അറിഞ്ഞശേഷം അതിനെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കാം. തുടർന്ന് ഒരു മാര്യേജ് കൗൺസിലറെ കാണുക.