ചോദ്യം
എനിക്ക് 27 വയസുണ്ട്. 8 മാസം മുമ്പായിരുന്നു വിവാഹം. ഭർത്താവിനെ എനിക്കൊട്ടും സ്നേഹിക്കാൻ കഴിയുന്നില്ല. അദ്ദേഹം ഉയർന്ന ഒരു ഉദ്യോഗസ്‌ഥനാണ്. വളരെ നല്ല സ്വഭാവം. ഞാൻ കൊച്ചിയിൽ തന്നെയുള്ള ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. അതിന് മുമ്പ് ഞാൻ മുംബൈയിൽ ജോലി ചെയ്‌തിരുന്നു. അവിടെ ഞാൻ ഒരു സഹപ്രവർത്തകനുമായി പ്രണയത്തിലായിരുന്നു. അവൻ ബംഗാൾ സ്വദേശിയാണ്. ഈ ബന്ധത്തെക്കുറിച്ച് എന്‍റെ രക്ഷിതാക്കൾക്ക് അറിയാമായിരുന്നു. പക്ഷേ അവർ അത് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നെ വിവാഹം കഴിക്കാൻ അവൻ തയ്യാറായിരുന്നു. അവന്‍റെ വീട്ടുകാർക്കും താൽപ്പര്യകുറവുണ്ടായിരുന്നില്ല. പക്ഷേ, എന്‍റെ മാതാപിതാക്കൾ എന്നെ നിർബന്ധപൂർവ്വം മുംബൈയിൽ നിന്നും വീട്ടിലേക്ക് കൂട്ടി കൊണ്ടു വന്നു. എന്‍റെ വീട്ടുകാരും ബന്ധുക്കളും പിന്നെ പ്രിയപ്പെട്ട അധ്യാപിക വരെ എന്നിൽ സമ്മർദ്ദം ചെലുത്തി. ഒടുവിൽ ഞാൻ വിവാഹത്തിന് സമ്മതിച്ചു. വളരെ തുറന്ന മനഃസ്‍ഥിതിയുള്ള ആളാണ് ഭർത്താവ്. വിവാഹശേഷം ഞാൻ മുംബൈയിൽ തിരിച്ചെത്തി. ഭർത്താവ് ദുബായിലേക്ക് മടങ്ങി. ഇക്കാര്യമറിഞ്ഞ് എന്‍റെ കൂട്ടുകാരൻ ഒരുപാട് കരഞ്ഞു. വിവാഹമോചനം നേടാൻ എന്നോട് നിർബന്ധിച്ചു. അവന്‍റെ നിർബന്ധപ്രകാരം ഞാൻ ഒരു ദിവസം ഭർത്താവിന് ഫോൺ ചെയ്‌ത് എല്ലാ സത്യവും പറഞ്ഞു. അദ്ദേഹം കുറച്ചു സമയം നിശബ്ദനായിരുന്നു. “നിന്‍റെ ജീവിതമാണ്. നിനക്ക് തീരുമാനിക്കാം ഞാൻ വിവാഹമോചനത്തിന് മുൻകൈയെടുക്കില്ല.” അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്?
ഉത്തരം
യഥാർത്ഥത്തിൽ വീട്ടുകാരുടെ ഇമോഷണൽ ബ്ലാക്ക് മെയിലിംഗിന്‍റെ ഇരയാണ് നിങ്ങൾ. അതിലൊരു സംശവുമില്ല. ജാതീയമായും സാമൂഹികവുമായും പേരുദോഷമുണ്ടാകുമെന്ന് പറഞ്ഞ് പേടിപ്പിച്ചാണ് നിങ്ങളെ വിവാഹത്തിന് സമ്മതിപ്പിച്ചത്. പോരാത്തതിന് വീട്ടുകാരുടെ ഭാരിച്ച സമ്മർദ്ദവും. നിങ്ങൾ സുഹൃത്തുമായി ഇത്രയധികം ആഴമേറിയ അടുപ്പം ഉണ്ടായ സ്‌ഥിതിക്ക് ഈ വിവാഹത്തിന് മുതിരാൻ പാടില്ലായിരുന്നു. നിങ്ങൾ രണ്ടുപേരും സ്വന്തം കാലിൽ നിന്ന് ജീവിതം നയിക്കാൻ പ്രാപ്തിയുള്ളവരാണ്. വീട്ടുകാർ എതിർത്താലെന്ത് നിങ്ങൾക്ക് രജിസ്റ്റർ മാര്യേജ് ചെയ്യാമായിരുന്നല്ലോ. കുറച്ചു കഴിയുമ്പോൾ വീട്ടുകാർ ഈ ബന്ധത്തെ അംഗീകരിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ നിങ്ങളുടെ വിവാഹം കഴിഞ്ഞ സ്ഥിതിയ്ക്ക് നിങ്ങൾ പറഞ്ഞ പോലെ ഭർത്താവ് നല്ല തുറന്ന മനസ്‍ഥിതിയുള്ള ആളായതിനാൽ അദ്ദേഹത്തിനൊപ്പം ജീവിക്കാൻ ശ്രമിക്കുക. ഇനി സുഹൃത്തുമായുള്ള ബന്ധം തുടരുന്നത് എന്തായാലും ശരിയല്ല. അത് മറന്നേക്കുക. അയാളോടും നിങ്ങളുടെ നിസ്സഹായവസ്‌ഥ അറിയിക്കുക. ബോയ്ഫ്രണ്ടുമായുള്ള ബന്ധത്തെക്കുറിച്ച് ഭർത്താവിനോട് ഇനി പറയാൻ പാടില്ല. പഴയതെല്ലാം മറന്ന് അദ്ദേഹമൊത്തുള്ള പുതിയൊരു ജീവിതം ആരംഭിക്കുക. നിങ്ങൾ എല്ലാ കാര്യവും ഭർത്താവിനോട് തുറന്ന് പറഞ്ഞിട്ടും അദ്ദേഹം അത് വളരെ തുറന്ന മനസ്സോടെയാണ് കണ്ടത്. അതിനർത്ഥം ഭർത്താവ് നല്ലൊരു വ്യക്‌തിയാണെന്നാണ്. മനസ്സുകൊണ്ട് അദ്ദേഹം നിങ്ങളെ ആഴത്തിൽ സ്നേഹിക്കുന്നുണ്ട്. അത് മനസിലാക്കുക. നിങ്ങളും അദ്ദേഹത്തെ കറകളഞ്ഞ് സ്നേഹിക്കുക. പഴയ കാര്യങ്ങൾ ശ്രമിക്കുക. അതിനുള്ള ആൽമാർത്ഥമായ ശ്രമം രണ്ടു പേരിൽ നിന്നും ഉണ്ടായാൽ ഈ പ്രശ്നം എല്ലാവർക്കും പ്രയോജനകരമായി പരിഹരിക്കാം.