ചോദ്യം
25 വയസുള്ള വിവാഹിതയാണ്. ഭർത്താവ് വീട്ടിലെ ഏകമകനാണ്. ബാങ്ക് ഉദ്യോഗസ്‌ഥനാണ്. വീട്ടിൽ ഒന്നിനും കുറവില്ല. പക്ഷേ അമ്മായിയമ്മയാണ് ഏറ്റവും വലിയ പ്രശ്നം. ഭർത്താവിന്‍റെ അമ്മയ്ക്ക് എന്‍റെ വസ്ത്രധാരണം, ടിവി കാണൽ, മൊബൈൽ ഉപയോഗിക്കുന്നതൊന്നും ഇഷ്‌ടമല്ല. എന്തിന് ഉറങ്ങുന്ന കാര്യത്തിലും നിയന്ത്രണമുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ വീർപ്പുമുട്ടിക്കുകയാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്?
ഉത്തരം
നിങ്ങൾ ഭർതൃവീട്ടിലെ ഒരേയൊരു മരുമകളാണ്. നിങ്ങൾക്ക് ധാരാളം ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുണ്ട്. ഇക്കാര്യം അമ്മായിയമ്മയ്ക്ക് ബോധ്യമുള്ളതിനാലാവാം ഇത്രമാത്രം കർക്കശമായി പെരുമാറുന്നതെന്ന് തോന്നുന്നു. വിഷമിക്കാതിരിക്കുക. പകരം തുറന്ന മനസ്സോടെ പോസിറ്റീവായി ചിന്തിക്കുക. അവർക്ക് വേണ്ട ആദരവും സ്‌ഥാനവും നൽകുക. കുറച്ച് കഴിഞ്ഞ് കുഞ്ഞുങ്ങളൊക്കെ ആകുന്നതോടെ അവരുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകും. നിങ്ങളുടെ ഹൃദ്യമായ പെരുമാറ്റം അമ്മായിയമ്മയുടെ മനസ്സുമാറ്റും. അവരിലും മാറ്റങ്ങൾ സൃഷ്ടിക്കും. നിങ്ങൾക്കറിയാവുന്ന വീട്ടു ജോലികൾ ചെയ്‌ത് തീർത്ത് ബാക്കി സമയം ടിവി കാണുകയോ മറ്റ് കാര്യങ്ങൾ ചെയ്യുകയോ ആവാം. അമ്മായിയമ്മക്കൊപ്പം അധിക സമയം ചെലവഴിക്കുക. ഷോപ്പിംഗിന് പോകുമ്പോൾ ഒപ്പം കൂട്ടുക. അവർക്കിഷ്ടപ്പെട്ടത് വാങ്ങി നൽകുക. കുറച്ച് കഴിയുന്നതോടെ അവരുടെ സമീപനത്തിൽ മാറ്റം വരും.