സ്നേഹമർമ്മരങ്ങൾ

സുപ്രിയ താമസിക്കുന്ന കെട്ടിടത്തിന്‍റെ ലീസ് അവസാനിച്ചിരുന്നു. അതിനാൽ കഴിഞ്ഞ ഒരുമാസമായി അവൾ ഭർതൃവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. അതിൽ കുഴപ്പമൊന്നുമില്ല പക്ഷേ അവളുടെ പ്രിയകൂട്ടുകാരി ലത, അവളെ കാണാൻ പഴയ വീട്ടിൽ വരാറുണ്ട്. തങ്ങാറുമുണ്ട്.

ഇപ്പോൾ വീട് മാറിയതു കൊണ്ട് അവൾ വന്നാൽ എവിടെ നിൽക്കും… നാളെ രാവിലെ അവൾ എത്തും!

കോളേജ് കാലത്തെ തീപ്പൊരിയായ സുപ്രിയ കൂട്ടുകുടുംബത്തിൽ കഴിയുന്ന കാര്യം ഓർത്തപ്പോൾ അദ്ഭുതമൊന്നും തോന്നിയില്ല. വീട്ടിലെ പാരമ്പര്യവും നാട്ടുനടപ്പുമൊക്കെ അനുസരിച്ചു ജീവിക്കുന്നതിനാൽ അവൾ സന്തോഷവതിയായിരിക്കുമെന്ന് ലത കരുതി. എന്തൊക്കെയായാലും ശാന്തൻ കൺവെട്ടത്ത് തന്നെയാണല്ലോ. അത് ഒരു സ്ത്രീയെ സംബന്ധിച്ച് ധാരാളമല്ലേ.

രാവിലെ തന്നെ ശാന്തൻ ലതയെ കൂട്ടിക്കൊണ്ടു വരാനായി റെയിൽവേ സ്‌റ്റേഷനിൽ കാറുമായി എത്തിയിരുന്നു. ട്രെയിനിൽ ഉറക്കം ശരിയാകാത്തതിനാൽ വീട്ടിലേക്കുള്ള യാത്രയിൽ അവൾ ശാന്തന്‍റെ തോളിൽ കിടന്നു മയങ്ങിപ്പോയി. ഇങ്ങനെ പോകുമ്പോൾ ഒരു ഉണർവിനിടയിൽ അവൾ ഒരു കാര്യം ആഗ്രഹിച്ചു. ഇനിയും ഇതുപോലെ ശാന്തനുമായി സമയം ചെലവിടാൻ അവസരമുണ്ടാകാതിരിക്കട്ടെ!

വർഷങ്ങൾക്ക് മുൻപ് ശാന്തനുമായി ചിലവഴിച്ച ഒരായിരം നിമിഷങ്ങളുടെ ഓർമ്മകൾ ലതയെ അലട്ടി. അതെല്ലാം ഒരു കാലത്ത് അവളുടെ ജീവശ്വാസം ആയിരുന്നവല്ലോ.

“ഇതു വെറും രണ്ടു ദിവസത്തെ കാര്യമല്ലെയുള്ളൂ. അച്‌ഛനും അമ്മയ്ക്കും യാതൊരു പ്രയാസവും ഉണ്ടാവില്ല.” വീട്ടി ലെത്തിയതും അവളെ സ്നേഹനിർഭരമാ യി കെട്ടിപ്പിടിച്ചു കൊണ്ട് ലതയുടെ ആശങ്കയ്ക്ക് സുപ്രിയ മറുപടി പറഞ്ഞു.

“എടോ നീ എന്‍റെ കൂട്ടുകാരിയല്ലേ ഒരേ മുറിയിൽ കിടന്നു എന്ന് വച്ച് എന്ത് കുഴപ്പമുണ്ടാവാൻ” ഇതു പറഞ്ഞ് ഇരുവരും പൊട്ടിച്ചിരിച്ചു.

“ശാന്തനും പ്രശ്നമൊന്നും ഉണ്ടാവില്ല ചങ്ങാതി.” എന്നാൽ ലത പണ്ടത്തെ മുഴുവൻ കാര്യങ്ങളും സുപ്രിയയോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ കാറിൽ വച്ച് വീട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ സ്വയം നിയന്ത്രിക്കാനാവാതെ വന്നതും. ശാന്തൻ തന്‍റെ കൈവിരലുകളുടെ കുസൃതി തടയാതിരുന്നതും ഒന്നും…

കൂടുതൽ ആളുകൾ ചുറ്റിലും ഉള്ളപ്പോൾ താൻ ശാന്തനുമായി വഴിവിട്ടൊന്നും പെരുമാറില്ലല്ലോ എന്ന് രാവിലെ ബ്രഡിൽ ജാം തേയ്ക്കുമ്പോൾ ലത ഓർത്തു. അതിനേക്കാൾ ഉപരിയായി സുപ്രിയ തന്‍റെ ഉറ്റ ചങ്ങാതിയുമാണല്ലോ. സുപ്രിയയുടെ ഭർത്താവല്ലേ ശാന്തൻ…

അവൾ ശാന്തനെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് കാൽ തടവാൻ തുടങ്ങി. യാത്ര അവളെ വല്ലാതെ ക്ഷീണി തയാക്കിയിരുന്നു. പക്ഷേ പെട്ടെന്നാണ് ഒരു കാര്യം തീരുമാനിക്കപെട്ടത്. ശാന്തന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടാവില്ല. അവർ മകളുടെ വീട്ടിൽ ഒരത്യാവശ്യമായി ഇന്ന് തന്നെ പോവുകയാണ്…

ഒരു പുരുഷനും സ്ത്രീയും തമ്മിൽ സ്പർശനം അനുഭവിച്ചാൽ, ആഗ്രഹിച്ചാൽ, പിന്നെ പ്രകൃതി പോലും അതിനായി അവസരങ്ങൾ ഒരുക്കി തരും. അല്ലെങ്കിൽ ഇതിപ്പോ ഇങ്ങനെ സംഭവിക്കേണ്ടതുണ്ടായിരുന്നോ? ശാന്തൻ വർഷങ്ങളായി സുപ്രിയയുടെതാണ്. അങ്ങനെ ഉള്ള ഒരാളെ രണ്ട് ദിവസം കൊണ്ട് കവർന്നെടുക്കാനൊക്കുമോ?

“എടോ നിന്‍റെ സമയം ഇവിടെ വേഗം ഓടി തീരും. ഞാനുണ്ടാവില്ലെന്ന് കരുതി നിനക്ക് ബോറടിക്കുകയൊന്നും ഇല്ല. ശാന്തന് നൈറ്റ് ഷിഫ്റ്റാണ്. പകൽ സമയം പോകാൻ പുള്ളിയുടെ കത്തി കേട്ടിരിക്കാം.” ചായ പകർന്നു കൊടുക്കുന്നതിനിടയിൽ സുപ്രിയ പറഞ്ഞു.

“എന്‍റെ പ്രിയ ഭർത്താവ് ഭാര്യയ്ക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ടേ.”

“ഇവരുടെ വൈവാഹിക ജീവിതം താറുമാറാകുന്ന യാതൊന്നും ഞാൻ ചെയ്യില്ല.” ലത ഉള്ളിൽ പിറുപിറുത്തു. അവൾക്ക് തന്നെ തന്നെ വിശ്വാസം ഇല്ലാത്തതുപോലെ. മനസ്സിനെ ദൃഢപ്പെടുത്താനായി മന്ത്രിച്ചു കൊണ്ടേയിരുന്നു. “ഇല്ല ഞാൻ വഴി വിടില്ല.”

“എടീ, നീ ദിവസം മുഴുവൻ എന്ത് ചെയ്യുമെന്ന ആശങ്കയൊന്നും എനിക്കില്ല. കാരണം നീയൊരു വലിയ സ്‌ഥാപനത്തിന്‍റെ ക്രീയേറ്റീവ് ഡയറക്‌ടറല്ലേ. ക്രിയാത്മ‌കമായി സമയം ഉപയോഗിച്ചോളും” സുപ്രിയ അവളെ ഇളക്കാനായി തട്ടിവിട്ടു.

“ഞാൻ അഡ്‌ജസ്‌റ്റ് ചെയ്തോളാം” ലത നിസംഗതയോടെ പറഞ്ഞു.

സുപ്രിയ അത്ര പൊട്ടിയൊന്നുമായിരുന്നില്ല. ഭർത്താവിന്‍റെ കുപ്പായത്തിൽ നിന്ന് കിട്ടിയ മുടിനാരിഴകൾ ലതയുടെതാണെന്ന് അവൾ മനസ്സിലാക്കിയിരുന്നു.

“അപ്പോ അടുത്ത അജണ്ട എന്താണ്?” ലത തലകുലുക്കികൊണ്ട് സുപ്രിയയോട് ചോദിച്ചു.

സുപ്രിയ സ്നേഹിതയുടെ കൈ പിടിച്ചു കൊണ്ട് അകത്തെ ഒരു ചെറിയ മുറിയിൽ കൊണ്ടുപോയി. അവിടെ ഒരു മേശയും രണ്ട് കസേരകളും ഉണ്ടായിരുന്നു. എന്നിട്ട് സുപ്രിയ ലതയുടെ തോളിൽ തലവച്ചുകൊണ്ട് കിടന്നു. ലത സുപ്രിയയുടെ നെറ്റി തടവികൊടുത്തു. കുറച്ചു നേരത്തിനു ശേഷം സുപ്രിയ നിർത്താതെ വിതുമ്പാൻ തുടങ്ങി.

“എന്തുപറ്റി. ഞാൻ വന്നതിൽ നിനക്കൊരു സന്തോഷവും ഇല്ലാത്തപോലെ?” സുപ്രിയയുടെ താടി കൈകൊണ്ട് മെല്ലെ ഉയർത്തിക്കൊണ്ട് ലത ചോദിച്ചു.

“നീയെന്‍റെ ഏറ്റവും അടുത്ത ചങ്ങാതിയല്ലേ. നിനക്കതറിയാൻ പറ്റും.” സുപ്രിയ ഇതു പറഞ്ഞ് പുറത്തേയ്ക്ക് പോയി. സുപ്രിയ കൂടുതൽ ഒന്നും പറഞ്ഞില്ലെങ്കിലും വർത്തമാനത്തിൽ നിന്ന് ഒരു കാര്യം വളരെ വ്യക്‌തമായിരുന്നു. സുപ്രിയ ഭർത്താവിനെയും ലതയെയുംആഗ്രഹിക്കുന്നു. രണ്ടുപേരെയും നഷ്ടപ്പെടാൻ അവൾ ആഗ്രഹിക്കുന്നില്ല.

സുപ്രിയ പോയിക്കഴിഞ്ഞാൽ ശാന്തനെ ഇന്ന് മുഴുവനും കാണാതിരിക്കാനായി ലത മനസ്സു കൊണ്ട് നിനച്ചു. ഈ ഉറ്റ ചങ്ങാതിയെ കൂടാതെ തനിക്കാരാണുള്ളത്? ഇവളെ വഞ്ചിക്കുക എന്ന് പറഞ്ഞാൽ സ്വയം വഞ്ചിക്കുന്നതു പോലെയല്ലേ.. രണ്ട് ദിവസം കൊണ്ട് തല്ലിക്കെടുത്തേണ്ട ഒന്നല്ല ഈ ബന്ധം.

“വെള്ളം ചൂടായിട്ടുണ്ട്. വേഗം കുളിച്ച് ഫ്രഷായിക്കോളൂ” സുപ്രിയ അടുക്കളയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

“ആ… ഇതാ വരുന്നു…” ലത ഉത്സാഹം വീണ്ടെടുത്ത് എഴുന്നേറ്റു.

“നീയെന്താണ് ചിന്തിക്കുന്നത്. ഈ പഴയ ചൈനീസ് ക്ലേയുടെ പ്ലേറ്റ് പൊട്ടിയത് എന്‍റെ സമയ ദോഷമാണോ കാണിക്കുന്നത്?” സുപ്രിയ വീണുടഞ്ഞ പ്ലേറ്റ് പെറുക്കിയെടുത്തു കൊണ്ട് ചോദിച്ചു.

“പഴയ പ്ലേറ്റ് അല്ല പൊട്ടിയത്. അതേതായാലും നന്നായി. കൈയൊന്നും മുറിഞ്ഞില്ലല്ലോ ഭാഗ്യം”

ലത തന്‍റെ ബാഗിൽ നിന്ന് ഒരു പുതിയ ഇറ്റാലിയൻ ക്രോക്കറി സെറ്റ് പുറത്തെടുത്തു കൊണ്ട് പറഞ്ഞു. എപ്പോഴും ഇതുപോലെ എന്തെങ്കിലും സമ്മാനവുമായാണ് ലത വരുന്നത്.

“പഴയതിനു പകരം ഇനി ഇത് ഉപയോഗിച്ചോളൂ.”

അന്നേരം ശാന്തൻ വാതിൽ തുറന്ന് അകത്തു വന്നു. ലതയുടെ മുഖം ഒന്നു വിളറി. സുപ്രിയ അടുക്കളയിൽ ഒളിച്ചും പാത്തും ഒറ്റയ്ക്ക് പണിയെടുക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. ഇങ്ങനെ ഒരേ മേൽക്കൂരയിൽ പരസ്പരം കാര്യമായി മിണ്ടാതെയും സ്നേഹം കാണിക്കാതെയും എങ്ങനെയാണ് കഴിയാനാവുക? ലത ഇങ്ങനെ ഓരോന്ന് അവരെപ്പറ്റി ചിന്തിച്ചു.

“ലത നീയൊന്ന് അൽപനേരം ടെറസ്സിൽ പോയി നിൽക്കുമോ. എനിക്ക് ശാന്തനോട് കുറച്ച് സംസാരിക്കാനുണ്ട്.” സുപ്രിയ ലതയോട് പറഞ്ഞു. ലത വിരലുകൾ വാനിലുയർത്തി അവരോട് തണുത്ത ഒരു ബൈ… ബൈ പറഞ്ഞ് ടെറസിലേയ്ക്ക് കയറി. അവിടെ വിശ്രമിക്കാനായി ഒരു കസേര ഉണ്ടായിരുന്നു. അവൾ കാലുനീട്ടി വച്ച് അതിൽ ഇരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ പെട്ടെന്ന് ഉറങ്ങിപ്പോയി.

ഇടയ്ക്ക് ഞെട്ടി ഉണർന്നു. അപ്പോഴാണ് പരിസരബോധമുണ്ടായത്. ലത താഴേയ്ക്ക് വന്നപ്പോൾ സുപ്രിയ ഓഫീസിൽ പോകാൻ ഒരുങ്ങി നിൽക്കുന്നതാണ് കണ്ടത്. ശാന്തൻ എന്തോ ഫയലുകൾ നോക്കുകയാണ്. ഇതിനിടയിൽ ഇടയ്ക്കിടയ്ക്ക് ഇരുവരും നോക്കുന്നുമുണ്ട്. ഇവർക്കിടയിൽ എത്രമാത്രം സ്നേഹം ഒളിഞ്ഞിരിപ്പുണ്ടെന്ന് ലതയ്ക്ക് മനസ്സിലായി.

തന്‍റെ സ്നേഹിതയുടെ പക്കൽ എല്ലാം ഉണ്ട്. വിദ്യാഭ്യാസം, നല്ല പെരുമാറ്റം, നല്ല ജോലി, ഭർത്താവ്, സ്നേഹം… എന്നിട്ടും ഈ സ്നേഹം ഇത്രയും രഹസ്യ സ്വഭാവത്തിലായത് എന്തു കൊണ്ടാണ്? ലത ചിന്തിക്കാതിരുന്നില്ല. ഇവർക്കിടയിലെ പ്രശ്നം ശരിക്കും എന്താണ്?

“നമുക്ക് വൈകിട്ടു കാണാം.” സുപ്രിയ ഇറങ്ങുമ്പോൾ ലതയോട് പറഞ്ഞു. രണ്ടാളും കെട്ടിപ്പിടിച്ചു. ലത സ്നേഹിതയുടെ കവിളിൽ ഒരു മുത്തം കൊടുത്തു.

മെയിൻ ഡോർ അടഞ്ഞപ്പോൾ ലത തന്‍റെ പേഴ്‌സിലെ വിവാഹമോതിരം എടുത്ത് നോക്കി. തന്‍റെ പരാജയപ്പെട്ട വിവാഹത്തിന്‍റെ പ്രതീകം. എടുത്തു പിടിച്ചുള്ള വിവാഹത്തിൻറ ഓർമ്മകൾ പശ്ചാത്താപത്തിനു ഇട നൽകുന്നതായിരുന്നു. ആ ബന്ധത്തിന്‍റെ കയ്പ്പുള്ള ഓർമ്മകൾ പുതിയൊരാളെ സ്വീകരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ്.

“ഐ ആം എ മാൻ, നോട്ട് മെഷീൻ” ഭർത്താവി ന്‍റെ ശബ്ദം അവളുടെ ഓർമ്മകളിൽ മുഴങ്ങി.

തന്നെ രാവും പകലും സ്നേഹിക്കുന്ന ഒരാളെ നോക്കിയിരുന്നിട്ട് കിട്ടിയ ആളാണ്. അതും അന്യ മതത്തിൽപ്പെട്ട ഒരാളെ. പക്ഷേ ഒരു വർഷം പോലും ഒന്നിച്ചു ജീവിക്കാനായില്ല…

“നിന്‍റെ ജോബ് പൊസിഷൻ ഏറെ ഇന്‍ററസ്റ്റിംഗ് ആണ്.” ശാന്തന്‍റെ ഈ ഡയലോഗ് അവളുടെ വിചാരങ്ങളെ മുറിച്ചുകളഞ്ഞു. അയാൾ അടുക്കളയിൽ നിന്ന് രണ്ട് ഗ്ലാസ് കൂൾഡ്രിംഗ്‌സ് എടുത്തു കൊണ്ടു വന്നിരിക്കുകയാണ്. പക്ഷേ മുഖത്ത് പരിഭ്രമം പോലെ…

“നീ നേർവസ് ആണല്ലോ. എന്തുപറ്റി, ഞാൻ അതിഥിയൊന്നുമല്ല കെട്ടോ, വീട്ടുകാരിയാണ്.” ഇതു പറഞ്ഞ് ലത ശാന്തന്‍റെ കൈയിൽ അമർത്തി പിടിച്ചു. തന്‍റെ അടുത്ത് ഇരുത്തി.

മറുപടിയായി ശാന്തൻ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

“നമ്മൾ അധിക സമയം ഒന്നിച്ചുണ്ടാവാതിരിക്കുന്നതാണ് നല്ലത്.” ലത എന്തോ നിശ്ചയിച്ചതു പോലെ പറഞ്ഞു.

ശാന്തൻ വീണ്ടും ചിരിച്ചു. എന്നിട്ട് ചോദിച്ചു. “എന്താ നിനക്ക് സ്വയം നിയന്ത്രിക്കാൻ ആവില്ലെന്നുണ്ടോ?”

“നിനക്ക് എന്നെ കോളേജ് കാലം മുതൽ അറിയാമല്ലോ. എന്നിട്ടും…” ലത ഒന്നു പതറി, പിന്നെ പറഞ്ഞ് തുടങ്ങി.

“ഐ നീഡ് ആ കിസ്സ് അറ്റ്ലീസ്റ്റ്.” എന്നിട്ടവൾ ശാന്തന്‍റെ അടുത്തേയ്ക്ക് വളരെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നു.

ശാന്തന്‍റെ തലോടൽ അവൾക്ക് വലിയ ആശ്വാസം നൽകിയിരുന്നു. പക്ഷേ അയാൾ അവളുടെ ആഗ്രഹം എന്താണ് സ്വീകരിക്കാത്തത്? അതോർത്ത് ലത പരിഭ്രമിക്കാതിരുന്നില്ല.

ശാന്തൻ ലതയുടെ കൈ തന്‍റെ കൈപ്പത്തിക്കുള്ളിലാക്കി കൊണ്ട് പറഞ്ഞു. “ഈ നിലയിൽ തന്നെ ഞാൻ സംതൃപ്തനാണ്.”

“പക്ഷേ ഞാൻ….” ലത മുഴുവിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ കണ്ണുകളിൽ നിന്ന് ധാര ഒഴുകി. ലത വല്ലാതെ ഇമോഷണലായി. കോളേജ് കാലത്ത് ശാന്തനുമൊത്തുള്ള ബന്ധം ഓർത്തു. രണ്ടാളും ഒന്നിച്ച് നാടകം കളിച്ചത്. അത് പ്രണയകാലം കൂടിയായിരുന്നു. മനസ്സും ശരീരവും കെട്ടു പിണഞ്ഞ പൂക്കാലം… ഇന്ന് അതേ സ്നേഹം ശാന്തന്‍റെ കണ്ണുകളിൽ കാണുന്നുണ്ട്. പക്ഷേ….

“ശരിയാണ്. ഞാനാണ് കാമോന്മാദി, അതിന് ശാന്തനെന്തു പിഴച്ചു. തെറ്റ് അയാളുടെതല്ലല്ലോ. നിരന്തരം പ്രലോഭിപ്പിക്കുന്നത് ഞാനല്ലേ…” ലത ഹൃദയത്തിൽ കൈവച്ചു.

“ഓർക്കുന്നുണ്ടോ ശാന്തൻ, നീ കോളേജ് കാലത്ത് എന്നെ ഡയമണ്ട് എന്നാണ് വിളിച്ചിരുന്നത്.” ലത ചുമരിലെ തന്‍റെ നിഴലിനെ നോക്കി കൊണ്ട് ശാന്തനോട് പറഞ്ഞു.

“യസ്, ദാറ്റ് യൂ ആർ ഈവൻ ടുഡേ” ശാന്തൻ പറഞ്ഞു.

“അതെ ഞാൻ വളരെ കഠിനവും തണുപ്പുള്ളതുമാണ്. ഡയമണ്ട് പോലെ….”

“നീ ഹോട്ടാണ്. ആരാണ് പറഞ്ഞത് തണുപ്പുള്ളതാണെന്ന്?” ശാന്തൻ കണ്ണിറുക്കി. കൂടുതൽ എന്തെങ്കിലും പറയും മുമ്പ് ലത ചുണ്ടുകൾ അയാളുടെ ചുണ്ടിൽ അമർത്തി. ശാന്തൻ പുഴയായി ഒഴുകുമെന്ന് അവൾക്കറിയാമായിരുന്നു. തന്‍റെ ഉള്ളിലെ അഗ്നി ശമിപ്പിക്കാൻ ഉള്ള പുഴ… ആ മുറി മുഴുവൻ അവരുടെ ശ്വാസഗതി കൊണ്ട് നിറഞ്ഞു. കുറച്ച് സമയത്തിനു ശേഷം ശാന്തൻ അവളെ തള്ളിമാറ്റി. അയാൾ അവളെ ആശ്ചര്യത്തോടെ നോക്കി. എന്നിട്ട് എന്തോ ഓർത്തശേഷം പറഞ്ഞു.

“നീ എന്നെ എന്തു ചെയ്യാൻ പോവുകയാണ്?”

“നിന്നെ സ്നേഹിച്ചു കൊല്ലാൻ പോകുന്നു” അവൾ ചിരിച്ചു. “ഓഹ്… ഒന്നും അറിയാത്ത പോലെ… ഇതെല്ലാം നമ്മൾ മുമ്പ് ചെയ്തിട്ടുണ്ടല്ലോ.”

അത് കേട്ടപ്പോൾ ശാന്തൻ ഒന്നു പരുങ്ങി. അയാൾ ലതയുടെ കൈപിടിച്ച് അവളെ അടുത്തിരുത്തി. പിന്നെ പതുക്കെ വളരെ പതുക്കെ പറഞ്ഞു തുടങ്ങി.

“എനിക്കൊരു കാര്യം പറയാനുണ്ട്.”

“പറയൂ, ”

“സുപ്രിയ നിന്നെ സ്നേഹിക്കാനും കരുതലോടെ നോക്കാനും എന്നോട് അപേക്ഷിച്ചിരുന്നു. അവൾക്ക് നിന്നെ വലിയ ഇഷ്ടമാണ്. നീ ഡിപ്രക്ഷനുള്ള മരുന്ന് കഴിച്ച് വീണ്ടും അസുഖം വരുത്തി വയ്ക്കരുതെന്ന് അവൾക്ക് നിർബന്ധമുണ്ട്. മുമ്പ് ഉണ്ടായതു പോലെ ആരോഗ്യപ്രശ്ന‌ം നിനക്കുണ്ടാവരുതെന്ന് അവൾ അതിയായി ആഗ്രഹിക്കുന്നു.”

ഇത് കേട്ടതും ലതയുടെ മുഖം വാടിപ്പോയി. സുപ്രിയ പിറകിൽ വന്ന് തോളിൽ കൈയിട്ട് പിടിച്ചു തൂങ്ങുന്നതു പോലെ അവൾക്ക് തോന്നി. സ്നേഹിതയോട് വല്ലാത്ത അടുപ്പവും ദേഷ്യവും തോന്നി.

“കുറച്ച് നേരം എന്നെ വെറുതെ ഇരിക്കാൻ അനുവദിക്കുമോ?” ശാന്തനോട് ലത ഉറക്കെ പറഞ്ഞു. അത് കേട്ട് ശാന്തൻ മുറി വിട്ടു പോയി.

വൈകുന്നേരം സുപ്രിയ വീട്ടിൽ എത്തിയപ്പോൾ ലത ഏതോ അർജന്‍റ് മീറ്റിംഗിന് പോയതായി മനസ്സിലാക്കി. ലത ഉറ്റ ചങ്ങാതിക്കായി ഒരു കുറിപ്പ് എഴുതി വച്ചിരുന്നു.

“എല്ലാത്തിനും നന്ദി.”

സുപ്രിയ ബെഡിൽ കണ്ണോടിച്ചു. പോകുന്നതിനു മുമ്പ് വിരി തട്ടിവിരിച്ചതു പോലെ തന്നെയുണ്ട്. യാതൊരു ചുളിവും വീണിട്ടില്ല. മനപൂർവ്വം കിടക്കയിൽ വച്ച വലിയ ചീർപ്പും സ്ഥാനം തെറ്റാതെ അവിടെ തന്നെയുണ്ടായിരുന്നു.

Story- എന്നും അരികെ

സർ, എനിക്ക് പിന്നേയും അറേഞ്ച്മെന്‍റ് പിരീയഡ് വച്ചല്ലോ? എട്ടാം ക്ലാസിൽ എനിക്ക് ഇംഗ്ലീഷ് ക്ലാസ് ഉള്ളതാണ്.” അനുജ അൽപം പ്രയാസത്തോടെ രാജേന്ദ്രൻ മാഷിനോട് പറഞ്ഞു.

“മാഡം, ഇന്ന് സീനിയർ ക്ലാസുകളിലെ മൂന്ന് ടീച്ചേഴ്സ് അവധിയിലാ, അതു കൊണ്ടാണ് അറേഞ്ച്‌മെന്‍റ് പിരീയഡ് വേണ്ടി വന്നത്.”

“അഡ്ജസ്റ്റ് ചെയ്യാനാണെങ്കിൽ ഇന്‍റർസെക്‌ഷനിൽ പോവാം. രണ്ട് പിരീയഡ് എടുക്കാം. എന്നാൽ എനിക്ക് പ്ലസ് ‌വൺ ക്ലാസിൽ പോകാൻ ഇഷ്ടമില്ല.

“ശരി മാഡം, പക്ഷേ ഇന്‍റർക്ലാസിലെ കുട്ടികൾ മഹാവികൃതികളാണ്. വർമ്മസാറിനോട് ചോദിക്കൂ ക്ലാസ് എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ എന്ന്.” ആകെ അസ്വസ്ഥയായി, അനുജ സ്റ്റാഫ് റൂമിലേക്ക് നടന്നു.

“എന്തുപറ്റി അനുജ?”

“ഒന്നുമില്ല ടീച്ചർ, എനിക്ക് പ്ലസൺ ക്ലാസിൽ പോകാൻ താൽപര്യമില്ല. എന്നിട്ടും കൂടെക്കൂടെ അവിടേക്ക് അറേഞ്ച്മെന്‍റ് ക്ലാസ് തരുന്നു.”

“അവിടെ എന്താ പ്രശ്നം?”

“പ്ലസ്‌ വൺ ക്ലാസിൽ ഒരു പുതിയ കുട്ടി വന്നിട്ടുണ്ട്. അലോക്, അവൻ എപ്പോഴും ഒരു തരം തുറിച്ചു നോട്ടമാണ്. ആദ്യം കുറച്ചു ദിവസം ഞാൻ അവനെ വഴക്കു പറഞ്ഞു. എന്നാൽ അവൻ തിരിച്ചു മിണ്ടുന്നുമില്ല. പക്ഷേ തുറിച്ചു നോട്ടത്തിന് ഒരു കുറവുമില്ല. ഞാൻ അവനോട് എന്തെ ങ്കിലും ചോദിച്ചാൽ മറ്റ് ആൺകുട്ടികൾ വാ പൊത്തി ചിരിക്കാൻ തുടങ്ങും. എന്തോ എനിക്കാകെ പ്രയാസം തോന്നുന്നു. ഞാൻ ടീച്ചറല്ലേ, കുറഞ്ഞത് അവനേക്കാൾ 10 വയസ്സ് കൂടുതലുണ്ട് എനിക്ക്. ബാച്ചിലർ ആണെന്നും കരുതീട്ടാണോ ഈ പെരുമാറ്റം?”

“പക്ഷേ അലോക് ക്ലാസിൽ സ്മാർട്ട് ആണല്ലോ. ഇതുവരെ എന്‍റെ അടുത്ത് അങ്ങനെ പെരുമാറിയിട്ടില്ല.” ഷിനു ടീച്ചർ പുഞ്ചിരിച്ചു.

“അനുജ മിസ് സുന്ദരിയായിട്ടായിരിക്കും.”

“എന്തോ? എനിക്ക് അവന്‍റെ നോട്ടം അത്ര ശരിയായിട്ട് തോന്നുന്നില്ല.” സ്‌റ്റാഫ് റൂമിലെ ചർച്ചയ്ക്ക് വിരാമമിട്ട് അനുജ ക്ലാസിലേക്ക് നടന്നു.

പാലക്കാട്ടെ ഉൾനാടൻ ഗ്രാമത്തിലെ ഒരു സ്ക്കൂളിൽ ജോലിക്ക് കയറിയിട്ട് രണ്ട് വർഷമാകുന്നു. നന്നായി പഠിപ്പിക്കാനുള്ള കഴിവും സഹകരണ മനോഭാവവും കൊണ്ട് സ്‌കൂളിൽ എല്ലാവർക്കും പ്രിയങ്കരിയാണ് അനുജ ടീച്ചർ. പക്ഷേ കഴിഞ്ഞ 2- 3 മാസമായി അലോകിന്‍റെ പ്രശ്നത്തിൽ അനുജ കുറച്ചു പ്രയാസത്തിലാണ്.

ക്രിസ്മസ് അവധി തുടങ്ങാറായി. അധ്യാപകരിൽ പലരും ദൂരെ സ്‌ഥലങ്ങളിൽ നിന്ന് വന്നു ജോലി ചെയ്യുന്നവരാണ്. അവർ വീട്ടിൽ അവധിക്ക് പോകാനുള്ള തിരക്കിലാണ്. ഹാഫ് ഡേ കഴിഞ്ഞപ്പോൾ പല കുട്ടികളും ക്ലാസ് വിട്ട് നേരത്തേയിറങ്ങി. അനുജ സ്റ്റ‌ാഫ് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. പുറത്ത് ആ കുട്ടി അലോക്, അവൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ ഷീന മിസ് ചോദിച്ചു.

“എന്താ, നിനക്ക് വീട്ടിലൊന്നും പോകണ്ടേ?”

“അനുജ മിസിനെ കാണാൻ നിന്നതാ.”

“എന്തിന്?”

“ക്രിസ്മസ് ആശംസ…” അലോക് നാണത്തോടെ തല കുനിച്ചു നിന്നു.

“ആഹാ! അതു കൊള്ളാം അനുജ മിസിന് മാത്രം?”

“ഏയ് എല്ലാർക്കും…” അലോകിന്‍റെ മറുപടി കേട്ട് വർമ്മസാർ അമർത്തിയ ചിരിയോടെ അവന്‍റെ തോളത്തു തട്ടി.

“ശരി, ഞങ്ങൾ സ്വീകരിച്ചു. എന്നാൽ പൊയ്ക്കോ?”

“പക്ഷേ അനുജ മിസ് ഒന്നും പറഞ്ഞില്ലല്ലോ.”

“താങ്ക്യു ആന്‍റ് ഹാപ്പി ക്രിസ്മസ്” അനുജ മറുപടി പറഞ്ഞപ്പോൾ അലോക് സന്തോഷത്തോടെ വേഗം നടന്നു പോയി.

എന്തൊരു കുട്ടിയാണിത്? ഇതിനെയാണ് ടീനേജ് എന്നു വിളിക്കുന്നത്. എന്താണ് ചിന്തിക്കുന്നത് എന്താണ് പറയുന്നത് പ്രവർത്തിക്കുന്നത് ഒന്നിനും വ്യക്തതയുണ്ടാവില്ല. പ്രേമം എന്നാൽ ചിരിക്കുക സംസാരിക്കുക കുറെ ദിവസം ഒരുമിച്ച് ചുറ്റിക്കറങ്ങുക ഇതൊക്കെയാ ണെന്നാണ് ചിന്ത. അനുജ എന്തൊക്കെയോ ആലോചിച്ചു പോയി.

“ചായ തണുത്തു.” ആ ശബ്ദമാണ് അനുജയെ ചിന്തയിൽ നിന്ന് ഉണർത്തിയത്.

അരുൺ എത്തിക്കഴിഞ്ഞു. വീട്ടിൽ അനുജയ്ക്കൊപ്പം അമ്മയും സഹോദരൻ അരുണും ആണ് താമസം. ഒരു വർഷത്തെ ഇളപ്പമുണ്ട് അരുണിന്. ഐടി കമ്പനിയിലാണ് അവന് ജോലി. ആഴ്ചയിലൊരിക്കൽ വീട്ടിൽ വരും. അവധി ദിനങ്ങളിലാണ് സഹോദരിയും സഹോദരനും തമ്മിൽ കാണാൻ സമയം കിട്ടുന്നത്. അവരുടെ അമ്മയും സ്കൂൾ അദ്ധ്യാപികയാണ്. അതിനാൽ വീട്ടിൽ എല്ലാവർക്കും അവരവരുടേതായ വരുമാനവുമുണ്ട്.

രണ്ടു പേർക്കും വിവാഹപ്രായമായി എങ്കിലും ആദ്യം ആര് എന്ന തർക്കമാണ് രണ്ടുപേർക്കും. ബന്ധുക്കൾ മുറയ്ക്ക് ആലോചനകൾ കൊണ്ടു വരുന്നുണ്ട്. എങ്കിലും എന്തെങ്കിലും തടസ്സങ്ങൾ പറഞ്ഞ് രണ്ടുപേരും വിവാഹം നീട്ടിക്കൊണ്ടു പോവുകയാണ്. ഇവരുടെ പപ്പ കുട്ടിക്കാലത്തെ ഉപേക്ഷിച്ചു പോയി. അമേരിക്കയിൽ ജോലി തേടി പോയതാണ്. എന്നാൽ അയാൾ അവിടെ മറ്റൊരു വിവാഹം ചെയ്തു. പിന്നെ ഇന്ത്യയിലേയ്ക്ക് മടങ്ങി വന്നിട്ടില്ല.

വിവാഹ ബന്ധത്തെക്കുറിച്ച് പറയുമ്പോഴൊക്കെ അമ്മയുടെ അനുഭവമാണ് അവരെ പിന്നോട്ട് വലിക്കുന്നത്. ബന്ധങ്ങളിൽ വിശ്വാസമില്ലാതായി.

അങ്ങനെ കല്യാണ ആലോചനകൾ വന്നും പോയുമിരിക്കെ, ഒരു പെൺകുട്ടിയുടെ വിവാഹാലോചനയോട് അരുൺ താൽപര്യം കാണിച്ചു. കാണാൻ ചന്തമുണ്ട്, പഠിത്തമുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പം ഡൽഹിയിലാണ്. ക്രിസ്മസ് അവധി കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് നിശ്ചയം. അതിന്‍റെ തയ്യാറെടുപ്പിനായി അനുജ ഒരാഴ്ച്‌ച കൂടി അവധി നീട്ടി. നിശ്ചയത്തിന്‍റെ തലേന്നാണ് ആ ഫോൺ കോൾ വന്നത്.

“അനു നിനക്ക് കോൾ ഉണ്ട്. പാലക്കാട് നിന്നാണെന്നാ പറഞ്ഞത്” അമ്മ ഫോൺ നീട്ടിക്കൊണ്ടു പറഞ്ഞു.

“ഹലോ…”

“മിസ്, ഇത് ഞാനാ അലോക്, മിസ് എന്താ സ്‌കൂളിൽ വരാത്തേ?” അലോകിന്‍റെ ശബ്ദം കേട്ട് അനുജ ഞെട്ടിത്തരിച്ചു പോയി.

“നിന്നോട് ചോദിച്ചിട്ടു വേണമായിരുന്നോ അവധി എടുക്കാൻ? എന്‍റെ നമ്പർ എവിടുന്ന് കിട്ടി.”

അനുജ ഇത്രയും പറഞ്ഞ് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്‌തു. ഈ സംഭവത്തിനു ശേഷം ആ ദിവസം മുഴുവൻ അനുജ അസ്വസ്‌ഥയായിരുന്നു. അവൻ സോറി പറഞ്ഞു കൊണ്ട് പിന്നേ യും ഫോൺ ചെയ്തപ്പോൾ അനുജ തിരിച്ച് ഒരുപാടു ശകാരിച്ചു. അവൻ മറുത്തൊന്നും പറയാതെ കേട്ടു കൊണ്ടേയിരുന്നു. എല്ലാം കഴിഞ്ഞ് പതുക്കെ പറഞ്ഞു.

“ടീച്ചറെ കാണാതെ വന്നപ്പോൾ ടെൻഷനായി അതാ.”

അനുജയ്ക്ക് പിന്നേയും ദേഷ്യം വന്നു. “നീ എന്നെക്കുറിച്ച് ഒട്ടും ടെൻഷനാ കണ്ട! സ്വന്തം പഠനത്തിൽ ശ്രദ്ധിക്കൂ. എന്‍റെ കാര്യമൊക്കെ വിട്ടേക്ക്.”

അങ്ങനെ രണ്ടു വർഷം പിന്നിട്ടിരിക്കുന്നു. പ്ലസ് ടു സെക്‌ഷന്‍റെ ഫെയർ വെൽ ഡേ ആണ്. അലോക് ഒരു മൂലയിൽ നിശ്‌ശബ്ദനായി ഇരിക്കുന്നുണ്ടായിരുന്നു. അവൻ ആരോടും ഒന്നും സംസാരിക്കുന്നില്ല. എന്നാൽ പോകാൻ നേരം അനുജയ്ക്ക് ഒരു ഗിഫ്റ്റ് നൽകാൻ അവൻ മറന്നില്ല. അനുജയ്ക്ക് അത് കണ്ടപ്പോൾ വിഷമം തോന്നാതിരുന്നില്ല.

നിന്നെ ഞാൻ ഒത്തിരി വഴക്കു പറഞ്ഞിട്ടുണ്ട്. പക്ഷേ നീ നന്നായി പഠിക്കണം. നല്ല നിലയിൽ എത്തണം.

“യെസ് മാഡം. കാത്തിരുന്നോളൂ.” അലോകിന്‍റെ മറുപടി കേട്ടപ്പോൾ അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. എങ്കിലും പുഞ്ചിരിയോടെ ബൈ പറഞ്ഞു. വീട്ടിൽ എത്തിയ ശേഷം അനുജ ഗിഫ്റ്റ് എന്താണെന്ന് തുറന്നു നോക്കി.

20 വർഷത്തേക്കുള്ള മ്യൂസിക്കൽ കലണ്ടർ. അത് ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങുന്ന രീതിയിൽ സെറ്റ് ചെയ്‌തിരിക്കുന്നു. ആ കലണ്ടർ അനുജയ്ക്ക് ഇഷ്ടപ്പെട്ടു. അവൾ അത് മേശപ്പുറത്ത് തന്നെ വച്ചു.

അരുൺ വിവാഹശേഷം ഭാര്യയുമൊത്ത് ഡൽഹിയിലേക്ക് താമസം മാറ്റി. വീട്ടിൽ അമ്മയെ തനിച്ചാക്കി നിർത്താൻ വിഷമം തോന്നിയതിനാൽ അവൾ അമ്മയേയും പാലക്കാട്ടേയ്ക്ക് കൂട്ടി. അമ്മ ഇടയ്ക്ക് ഡൽഹിയിലും, കൂടുതൽ സമയം പാലക്കാട്ടുമായി ജീവിക്കാൻ തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ അനുജയ്ക്ക് സ്ഥലം മാറ്റമായി. കൊച്ചിയിലേക്കാണ്. ഒരു ദിവസം അനുജയുടെ വീട്ടിലേയ്ക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തി.

“നമസ്തേ മാഡം, ഞാൻ ലഫ്റ്റനന്‍റ് അലോക്.” അനുജ വിസ്‌മയത്തോടെ നോക്കി. അലോക്! അവൻ കുട്ടിത്തമൊക്കെ വിട്ട് യുവാവായിക്കഴിഞ്ഞു.

“വരൂ, അകത്തേക്കു വരൂ…” അനുജ അവനെ ക്ഷണിച്ചു.. എന്നിട്ട് കൂൾഡ്രിങ്ക്‌സ് എടുത്തു കൊണ്ടു വന്നു.

“മാഡം, ഈ വീട്ടിൽ തനിച്ചാണോ?”

“അല്ല, അമ്മയുണ്ട്. ഇക്കഴിഞ്ഞ ദിവസം സഹോദരന്‍റെ വീട്ടിൽ പോയി.”

“എനിക്ക് അമ്മയെയും കാണണമെന്നുണ്ടായിരുന്നു.” അലോക് പറയുന്നതു കേട്ട് അനുജ വീണ്ടും അതിശയത്തോടെ അവനെ നോക്കി.

“എന്തിനാണ് അമ്മയെ കാണുന്നത്?”

“നമ്മുടെ കാര്യം സംസാരിക്കാൻ.”

“വാട്ട്! നമ്മുടെ കാര്യമോ?”

“അതേ, നമ്മുടെ വിവാഹക്കാര്യം.” അലോക് ആത്മവിശ്വാസത്തോടെ ചിരിച്ചു.

“മാഡം അല്ലേ പറഞ്ഞത്, പഠിച്ച് എന്തെങ്കിലും ജോലിയൊക്കെ നേടി വരൂ, എന്നിട്ടാകാം പ്രണയമെന്നൊക്കെ.”

“അതെ, ശരിയാണ്. പക്ഷേ എന്നെ പ്രണയിക്കുന്ന കാര്യമല്ല ഞാൻ പറഞ്ഞത്. എനിക്ക് നിന്നേക്കാൾ 10 വയസ്സെങ്കിലും കൂടുതലുണ്ടെന്ന് അറിയാമോ?”

“ഉണ്ടായിക്കോട്ടേ! ബന്ധത്തിൽ വയസ്സിനെന്താ കാര്യം?” അതു കേട്ടപ്പോൾ അനുജയ്ക്ക് ചിരിക്കാനാണ് തോന്നിയത്.

“ഈ ഇമോഷനൊക്കെ താൽക്കാലികമാണ് അലോക്. കുറച്ചു കഴിയുമ്പോൾ എല്ലാം ഫിനിഷ് ആകും, എനിക്ക് വയസ്സാകുമ്പോൾ പ്രത്യേകിച്ചും.”

“അതൊക്കെ വെറുതെ പറയുന്നതാ… സ്നേഹം ഉണ്ടെങ്കിൽ എന്നും സ്നേഹം ഉണ്ടാകും.”

അലോകിന്‍റെ നിലപാടിൽ മാറ്റമില്ല. “ബന്ധങ്ങളെക്കുറിച്ച് അലോകിന്  ഒന്നുമറിയില്ല. ഭാര്യയേയും മക്കളേയും മറക്കുന്നവർ, ഭർത്താവിനെ മറക്കുന്നവർ, ഇങ്ങനെ നമുക്കു ചുറ്റും എത്രയോ ശിഥില ബന്ധങ്ങളാണ് ദിനവും കാണേണ്ടി വരുന്നത്. അനുജയ്ക്ക് സ്വന്തം ജീവിതം തന്നെ മുന്നിലുണ്ടല്ലോ അതിന് തെളിവായി. അച്‌ഛൻ അമ്മയെ ഉപേക്ഷിച്ച് പോയത് എന്തു കൊണ്ടായിരിക്കും?

“ഏയ് അങ്ങനെയല്ല, കുറച്ചു ബന്ധങ്ങൾ അങ്ങനെയൊക്കെ ഉണ്ടാകാം. എന്നാൽ എല്ലാവരും അതുപോലെയാണെന്ന ചിന്ത ഉപേക്ഷിക്കണം. അലോകിന്‍റെ വാദങ്ങൾക്കൊന്നും അനുജയുടെ മനം മാറ്റാനായില്ല.

“ഞാൻ വിവാഹം ഇഷ്ടപ്പെടുന്നില്ല അലോക്. എനിക്ക് ആ ലൈഫ് വേണ്ട.”

“ശരി, എന്നെങ്കിലും വിവാഹം കഴി ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ മറക്കരുത്.”

അതുകേട്ടപ്പോൾ അനുജയ്ക്ക് ഇങ്ങനെ പറയാനാണ് തോന്നിയത്. “വെറുതെ ജീവിതം തുലയ്ക്കല്ലേ…” അലോക് മറുപടി ഒരു ചിരിയിലൊതുക്കി നടന്നകലുന്നത് അവൾ നോക്കി നിന്നു.

ഈ സംഭവം കഴിഞ്ഞിട്ട് 4 വർഷമായി. ഇപ്പോൾ അനുജയ്ക്ക് കേന്ദ്രീയ വിദ്യാലയത്തിൽ പ്രിൻസിപ്പാൾ ആയി ജോലി ലഭിച്ചു. അതും ശ്രീനഗറിലെ സ്കൂളിലേക്ക്.

ജോയിൻ ചെയ്യാൻ പറഞ്ഞ തീയതിയിൽ തന്നെ അവിടെ ചെന്നുവെങ്കിലും ക്വാർട്ടേഴ്സ് ഒന്നും തന്നെ ഒഴിവില്ലായിരുന്നു. അമ്മയുണ്ട് കൂടെ, അവിടെ ആർമി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ തൽക്കാലത്തേക്ക് ഗസ്റ്റ്ഹൗസ് റെഡിയാക്കാം, ക്വാർട്ടേഴ്സ് കിട്ടുന്ന മുറയ്ക്ക് മാറാം എന്നായിരുന്നു മറുപടി. അതല്ലാതെ വേറെ വഴിയില്ല. അനുജ ഗസ്റ്റ് ഹൗസ് അനുവദിക്കുന്ന ആർമി ഓഫീസറെ കാണാനായി ഓഫീസിലേക്ക് ചെന്നു. ഓഫീസറുടെ കസേരയിൽ ഇരിക്കുന്ന ആളെ അനുജ ശ്രദ്ധിച്ചില്ലായിരുന്നു. അലോകാണ് വാതിക്കൽ കാത്തുനിന്ന അനുജയെ ആദ്യം കണ്ടത്.

“മാഡം, പ്ലീസ് കം ഇൻ.” അലോകിനെ അവിടെ കണ്ട് അനു ജയ്ക്ക് അത്ഭുതം ഒതുക്കാനായില്ല.

“മാഡം, എന്തിനാ ഗസ്റ്റ് ഹൗസിൽ താമസിക്കുന്നത്. എന്‍റെ വീട്ടിൽ ആരുമില്ല. ക്വാർട്ടേഴ്സ് കിട്ടും വരെ അമ്മയ്ക്കും മാഡത്തിനും അവിടെ കഴിയാമല്ലോ.”

“അയ്യോ! അതൊന്നും വേണ്ട, ഗസ്റ്റ് ഹൗസ് ശരിയാക്കിയാൽ മതി.”

“അതു വേണ്ട മാഡം, ഗസ്റ്റ‌് ഹൗസി ൽ നിങ്ങൾക്ക് താമസം പ്രയാസമായിരിക്കും. പലതരം ആളുകളാണല്ലോ, മദ്യപാനവും ബഹളവും ഒക്കെ ഉണ്ടാകും. അവിടെ ഒട്ടും കംഫർട്ടബിൾ ആവില്ല.”

അതു കേട്ടതോടെ അനുജ നിസ്സഹായയായി. അലോകിനൊപ്പം പോകാതെ നിർവാഹമില്ല. അവൾ അമ്മയേയും കൂട്ടി അലോകിന്‍റെ വണ്ടിയിൽ കയറിയിരുന്നു. വീട്ടിലെത്തിയപ്പോൾ അലോക് വാതിൽ തുറന്നു കൊടുത്തു. അയാൾ അകത്തേക്ക് കയറിയതുപോലുമില്ല.

“അടുക്കളയിൽ ചായ വയ്ക്കാനുള്ള സൗകര്യം ഉണ്ട്. ചായ വച്ചു കുടിച്ചോളൂ. വൈകിട്ടത്തേക്കുള്ള ഭക്ഷണം കൊണ്ടു വരാം. ഇപ്പോൾ ഞാൻ പോകുന്നു.”  അലോക് വണ്ടിയെടുത്ത് വേഗം ഓഫീസിലേക്ക് മടങ്ങി.

അനുജ അകത്തെ സൗകര്യങ്ങൾ നോക്കി. അടുക്കളയിൽ കാര്യമായൊന്നുമില്ല. ചായ കെറ്റിൽ, പഞ്ചസാര, തേയില ഇത്രമാത്രം. ഭക്ഷണം എല്ലാം കാന്‍റീനിൽ നിന്നായതു കൊണ്ടാവാം. അലോകിന്‍റെ ബെഡ് റൂമിലെ ടേബിളിൽ സ്‌കൂൾ ഫെയർവെൽ ഫോട്ടോ! അന്ന് അനുജയ്ക്കൊപ്പം അലോക് കാപ്പി കുടിക്കുന്ന ഫോട്ടോയും സൂക്ഷിച്ചിരിക്കുന്നു.

“എന്തൊരു ഭ്രാന്താണ് ഈ കുട്ടിക്ക്” അനുജയുടെ ചുണ്ടിൽ അവളറിയാതെ ഒരു പുഞ്ചിരി വിടർന്നു.

15 ദിവസത്തോളം അനുജയ്ക്ക് ആ വീട്ടിൽ കഴിയേണ്ടി വന്നു. ക്വാർട്ടേഴ്സ് കിട്ടിയ ശേഷം സാധനങ്ങളെല്ലാം അവിടേക്ക് മാറ്റി. പക്ഷേ ശ്രീനഗറിലെ കാലാവസ്‌ഥ അമ്മയ്ക്ക് അത്ര സുഖകരമായിരുന്നില്ല. പ്രായത്തിന്‍റെ അവശതകൾ ഏറെയുണ്ടല്ലോ. തണുപ്പ് താങ്ങാൻ പറ്റുന്നില്ല. ഒരു ദിവസം അനുജ സ്‌കൂളിൽ പോയ ശേഷം അമ്മയുടെ ആരോഗ്യനില മോശമായി. കടുത്ത പനിയും ശ്വാസംമുട്ടലും. സ്‌കൂളിലേക്ക് ഫോൺ വന്നപ്പോൾ അനുജയ്ക്ക് അലോകിന്‍റെ സഹായം തേടാതെ നിവൃത്തിയില്ലാതായി. ക്ലാസിൽ നിന്ന് ഉടനെ ഇറങ്ങേണ്ട, അമ്മയെ ആശുപത്രിയിലാക്കാം എന്നു പറഞ്ഞപ്പോൾ അനുജയ്ക്ക് ആശ്വാസമായി. എങ്കിലും അവൾ ആ പിരീഡ് കഴിഞ്ഞപ്പോൾ ഇറങ്ങി.

അലോകിനെ ഫോൺ ചെയ്‌തപ്പോഴാണ് അക്കാര്യം അറിഞ്ഞത്. അമ്മയെ താമസിയാതെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകണം.

“മാഡം, റെഡിയായിരിക്കൂ, ഞാൻ വണ്ടി കൊണ്ടു വരാം. നമുക്ക് രാത്രി ഡെറാഡൂൺ പോയി അമ്മയെ അഡ്‌മിറ്റ് ചെയ്യാം ”

അലോകിന്‍റ സഹായം സ്വീകരിക്കുകയല്ലാതെ അനുജയ്ക്ക് മുന്നിൽ മറ്റൊരു വഴിയും തെളിഞ്ഞില്ല. അവൾ തയ്യാറായിരുന്നു. ബാഗിൽ കുറച്ച് ബിസ്ക്കറ്റും ഒരു ജോടി ഡ്രസും കരുതി വച്ചു. അലോകിന്‍റെ വണ്ടി ഗേറ്റിൽ വന്ന ശബ്ദം കേട്ടപ്പോൾ അനുജ വീട് പൂട്ടി ഇറങ്ങി. അവൾ പരിഭ്രാന്തയായിരുന്നു.

“ഇത്രയും രാത്രിയിൽ ഡെറാഡൂണി ലെങ്ങനെയെത്തും.”

“വിഷമിക്കാതെ, ഞാനില്ലേ കൂടെ…” അനുജയ്ക്ക് ആ മറുപടി ആശ്വാസമായി. ശരിയല്ലേ, അലോക് പറഞ്ഞത്. തനിക്കിപ്പോൾ എന്തിനും ഏതിനും സഹായം ലഭിക്കുന്നത് അലോകിൽ നിന്നാണല്ലോ.ആശുപത്രിയിൽ അമ്മയെ അഡ്‌മിറ്റ് ചെയ്യാനുള്ള ഏർപ്പാടുകളെല്ലാം അലോക് ഓടി നടന്നു ചെയ്തു. ഡോക്ട‌റെ കണ്ടു സംസാരിച്ചു. എല്ലാം കഴിഞ്ഞ് രാത്രി വൈകി അനുജയുടെ സമീപം വന്നിരുന്നു.

“മാഡം, നിങ്ങളുടെ പ്രാർത്ഥനയുടെ ബലം കൊണ്ടാ അമ്മ രക്ഷപ്പെട്ടത്.” “ഏയ്… അതല്ല അലോക്, പ്രാർത്ഥന കൊണ്ടു മാത്രം എന്തു കാര്യം. അലോക് ഇത്രയേറെ കഷ്‌ടപ്പെട്ടു. സമയത്ത് ആശു പത്രിയിലെത്തിച്ചതു കൊണ്ടാണ് അമ്മ രക്ഷപ്പെട്ടത്.”

“എങ്കിൽ ഒരു കാര്യം ചെയ്യു. മോളു പോയി എന്തേലും കഴിക്ക്.” അലോക് തമാശയായി പറഞ്ഞു.

“എന്‍റെ ബാഗിൽ ബിസ്ക്കറ്റുണ്ട്. നമുക്ക് അത് കഴിക്കാം.”

“അയ്യോ! ബിസ്‌കറ്റ്, അതൊക്കെ നിങ്ങൾ പെൺകുട്ടികൾക്ക്. എന്നെപ്പോലുള്ള ഒത്ത ഒരു സൈനികന് ഇതൊന്നും മതിയാവില്ല.” അലോക് ഉറക്കെ ചിരിച്ചു.

“പെൺകുട്ടി…”

അലോകിന്‍റെ സംബോധന കേട്ടപ്പോൾ അനുജയ്ക്ക് അതിരറ്റ ജാള്യത തോന്നി. മാഡം എന്നു വിളിച്ചു കൊണ്ടിരുന്ന ആളാണ്. ഇപ്പോൾ മോൾ, പെൺകുട്ടി എന്നൊക്കെയായി സംബോധന.

സ്വയമറിയാതെ അനുജ മുറിയിലെ കണ്ണാടിക്കു മുന്നിൽ വന്നു നിന്നു തന്നെത്തന്നെ ഉറ്റു നോക്കി. സ്വയം ഒരു ഇരുപതികാരിയായി അവൾ മനസ്സിൽ സങ്കൽപിക്കാൻ തുടങ്ങിയപ്പോഴാണ് നഴ്‌സ് വന്ന് വിളിച്ചത്.

“പേഷ്യന്‍റ് വിളിക്കുന്നു. ശേഖർ എന്നൊക്കെ പറയുന്നുണ്ട്.” അതു കേട്ടപ്പോൾ അനുജ ഒരു ക്ഷണം സ്‌തംഭിച്ചു പോയി.

അമ്മയുടെ മനസ്സിൽ ഇപ്പോഴും അച്‌ഛനെ കാണണമെന്ന മോഹം ഉണ്ട്. പക്ഷേ അച്ഛ‌ൻ എന്താണ് ചെയ്ത‌ത്. ആലോചിച്ചു നിൽക്കവേ അലോക് പിന്നിലൂടെ വന്ന് തോളത്തു തട്ടി, ഭക്ഷണപ്പൊതി നീട്ടി.

“ആരാ ശേഖർ?” അവൾ അയാളെ ഉദാസീനമായി നോക്കി.

“ഒരു പുരുഷൻ സ്നേഹത്തിന്‍റ പേരു പറഞ്ഞ് വഞ്ചിച്ചിട്ടും അത് വഞ്ചനയാണെന്ന് കണക്കാക്കാതെ ആ പുരുഷനെ കുങ്കുമപ്പൊട്ടാക്കി നെറ്റിയിൽ അണിയുന്ന സ്ത്രീ” അവൾ ക്ഷുഭിതയായിരുന്നു.

അലോക് ഒന്നും മിണ്ടിയില്ല.

ഇവിടെ തർക്കിച്ചു നിൽക്കേണ്ട സമയമില്ല. അമ്മയെ കണ്ട് ആശ്വസിപ്പിക്കണം. അച്ഛന്‍റെ പേരുകേട്ടതോടെ അനുജയ്ക്ക് ഇപ്പോൾ അതിനു കഴിയില്ലെന്ന് അലോകിന് മനസ്സിലായി. അയാൾ അകത്തേക്ക് ചെന്ന് അമ്മയെ സമാധാനിപ്പിച്ചു. അലോക് അമ്മയെ സാന്ത്വനിപ്പിക്കുന്നത് നോക്കി നിന്നപ്പോൾ അനുജയ് ക്ക് അയാളോട് അതിശക്‌തമായൊരു സ്നേഹം ഉള്ളിൽ നിന്ന് വന്നു നിറഞ്ഞു.

“അലോക്, നിങ്ങൾ എത്ര ഭംഗിയായിട്ടാണ് ഓരോ പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നത്.” അലോക് തല ചെരിച്ച് അവളെ നോക്കി പുഞ്ചിരിച്ചു.

“ഞാൻ ഒരു കാര്യം പറയട്ടെ! അലോകിന് എന്‍റെ പ്രായമായിരുന്നെങ്കിൽ ഞാൻ തീർച്ചയായും യെസ് പറഞ്ഞേനെ.”

“ആഹാ! അത്രയെങ്കിലും തോന്നിയല്ലോ… എനിക്ക് സ്നേഹം എന്നു വച്ചാൽ പൂജ പോലെയാണ്. അത് കാമമല്ല.” അലോക് നേർത്ത സ്വരത്തിൽ അതു പറഞ്ഞപ്പോൾ എന്തു മറുപടി നൽകണമെന്ന് അനുജ ശങ്കിച്ചു. “അത് അലോകിന്‍റെ മതിഭ്രമം മാത്രം. യാഥാർത്ഥ്യം അതിൽ നിന്നെല്ലാം വിഭിന്നമായിരിക്കും.”

“അതെ, ശരിയായിരിക്കാം, പക്ഷേ എന്തെങ്കിലും ഒക്കെ നേടാൻ ഇത്തരം മതി ഭ്രമം ഇല്ലാതെ പറ്റില്ല.”

“മതിഭ്രമം തീർന്നാലോ?”

“യഥാർത്ഥ സ്നേഹത്തിന്‍റ മതിഭ്രമം ഒരിക്കലും അവസാനിക്കില്ല.” “രത്നസേനന്‍റെ കഥ കേട്ടിട്ടില്ലേ, നാഗമതിക്ക് പ്രായം കൂടിയെന്നു തോന്നിയപ്പോൾ പത്മാവതിയെ കല്യാണം ചെയ്‌തു.”

“അങ്ങനെ ചിന്തിക്കുന്നവർ വെറും ഭോഗികളായിരിക്കും. യോഗികളല്ല. ഞാൻ ഈ ജീവിതം മുഴുവൻ നിങ്ങളെ കാത്തിരിക്കാൻ തയ്യാറാണ്.” അനുജ അതും ചിരിച്ചു തള്ളി.

“അതെ ഇങ്ങനെ എല്ലാം ചിരിച്ചു തള്ളിക്കോളൂ. എന്നാൽ ചില ബന്ധങ്ങളെ അങ്ങനെ തള്ളാൻ പറ്റില്ല. അത് കാലം തെളിയിക്കും.”

“സോറി അലോക്, എനിക്ക് എന്‍റെ അച്‌ഛനിൽ നിന്ന് കിട്ടിയ അനുഭവപാഠം അതായിരുന്നു.” അവളുടെ കണ്ണുകൾ നിറഞ്ഞു. എന്‍റെ മനസ്സിന്‍റെ വാതിൽ ഞാൻ കൊട്ടിയടച്ചത് അതു കൊണ്ടാണ്.”

“ശരി, ഒരു ദിവസം ആ വാതിൽ തുറക്കുമെന്ന് എനിക്ക് ഉറപ്പാണ്. ഞാൻ കാത്തിരിക്കാം.”

അമ്മയ്ക്ക് ഏറെക്കുറെ സുഖമായി. ഇപ്പോൾ എഴുന്നേറ്റു നടക്കാൻ പ്രയാസമില്ല. അലോക് ഇല്ലായിരുന്നുവെങ്കിൽ താൻ ഈ അപരിചിതമായ സ്‌ഥലത്ത് എങ്ങനെ ജീവിക്കുമായിരുന്നു. അനുജ തന്‍റെ മുറിയിൽ ഇരുന്ന മ്യൂസിക്കൽ കലണ്ടറിലേക്ക് ഉറ്റു നോക്കി. അത് നാലുമണി അടിക്കുന്ന ശബ്ദം കേട്ട് അലോകും മുറിയിലെത്തി.

“അലോക്, നീ എന്നെ ശരിക്കും മാറ്റി മറിച്ചു. അഞ്ചു വിരലുകൾ ഒരിക്കലും ഒരേ പോലെ ആവില്ല. അതു സത്യമാണ്. ബന്ധങ്ങളുടെ കാര്യവും അങ്ങനെ തന്നെ.”

അവൾ മ്യൂസിക്കൽ കലണ്ടറിന്‍റെ അലാറം ഓഫ് ചെയ്‌തു. എന്നിട്ട് അലോകിന്‍റെ വിരലുകളിലേക്ക് സ്വന്തം വിരലുകൾ കോർത്തു പിടിച്ചു.

ഹോട്ടൽ എവറസ്റ്റ്

ചിത്രയുമായുള്ള 9 വർഷത്തെ ദാമ്പത്യം ഏകദേശം ഇങ്ങനെയായിരുന്നു. ലിവ് ഇൻ റിലേഷൻഷിപ്പിലെ തുടക്കത്തിലെ നാല് വർഷങ്ങൾ തങ്ങൾ കാമുകികാമുകന്മാരല്ലെന്ന് തിരിച്ചറിയാൻ വേണ്ടിവന്നു. പിന്നീടുള്ള ഒരു വർഷം ദാമ്പത്യം മധുരിക്കുന്ന പലഹാരമല്ലെന്ന് മനസ്സിലാക്കി ജീവിച്ചു. അതു കഴിഞ്ഞുള്ള നാല് വർഷങ്ങൾ ദാമ്പത്യത്തിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ഞാനും ചിത്രയുമായുള്ള ബന്ധത്തിൽ അടിപിടിയോ വഴക്കോ ഒന്നും ഇല്ലായിരുന്നു. ആഗ്രഹം ഇരുവർക്കും ഉണ്ടായിരുന്നു. പക്ഷേ അത് ഒറ്റയ്ക്കുള്ള വഴിയിലൂടെ സഞ്ചരിക്കാൻ ആയിരുന്നെന്നുമാത്രം.

വിവാഹമോചനം നേടിയ ശേഷം മൂന്ന് മാസം കൂടുമ്പോൾ ഒരു ആഴ്‌ച മോനെ എന്‍റെ കൂടെ താമസിപ്പിക്കണം എന്നായിരുന്നു ധാരണ. അത് നിയമപരമായി അനുവദിച്ചു കിട്ടിയതായിരുന്നു. ഇതുപ്രകാരം ചിത്ര ലണ്ടനിൽ ഒരു കോൺഫറൻസിന് പോകും മുമ്പ് മോനെ എന്‍റെ വീട്ടിൽ കൊണ്ടുവിട്ടു. ശിവം എന്നാണ് അവന്‍റെ പേര്. ഞാനിട്ട പേര് അന്നേ അവൾക്ക് പിടിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ വേർപിരിഞ്ഞ ശേഷം അവൾ മോന്‍റെ പേര് ഓദ്യോഗികമായി മാറ്റാനൊന്നും പോയില്ല.

“അച്ഛനെ നന്നായി നോക്കണമെന്നാണ് അമ്മ പറഞ്ഞത്” മോൻ എന്നോട് പറഞ്ഞു. അവന്‍റെ നീളത്തേക്കാൾ നീളമുള്ള ഒരു ബാഗ് അവന്‍റെ തോളിൽ ഉണ്ടായിരുന്നു.

“നമ്മൾ പരസ്പ്‌പരം നന്നായി നോക്കും പോരെ” ഞാൻ ചിരിച്ചുകൊണ്ട് എന്‍റെ പൊന്നുമോനോട് പറഞ്ഞു. ഇത് ആദ്യമായിട്ടൊന്നുമല്ല അവൻ എന്‍റൊപ്പം വരുന്നത്. പക്ഷേ അന്നൊക്കെ ചിത്രയും കൂട്ടിനുണ്ടായിരുന്നു. ഇന്ന് എന്‍റെ ഉള്ളിൽ കുറച്ചുകൂടി ഉത്തരവാദിത്വം വേണമെന്ന തോന്നലുണ്ടായിരിക്കുന്നു. സിംഗിൾ പേരന്‍റിംഗിന്‍റെ ഗുണങ്ങൾ ഉണ്ടെങ്കിലും ഒറ്റയ്ക്ക് എല്ലാം നോക്കേണ്ടത് അത്ര എളുപ്പമുള്ള കാര്യമല്ല ഞാൻ സെക്രട്ടറിയോട് പറഞ്ഞ് ഗോവയിൽ മുമ്പേ തന്നെ ഒരു ഹോട്ടൽ ബുക്ക് ചെയ്തിരുന്നു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ കൗണ്ടറിൽ നിൽക്കുകയായിരുന്ന റിസപ്ഷനിസ്‌റ്റ് സ്യൂട്ടിന്‍റെ താക്കോൽ തരുന്നതിനിടയിൽ പറഞ്ഞു “സർ, ക്ഷമിക്കണം നിങ്ങൾക്കിപ്പോൾ പൂളിൽ പോകാൻ കഴിയില്ല. അവിടെ ഷൂട്ടിംഗ് നടക്കുകയാണ്” മനസ്സിൽ സന്തോഷം തോന്നിയെങ്കിലും മുഖത്ത് അസംതൃപ്തതി വരുത്തിക്കൊണ്ട് ചോദിച്ചു. “അല്ല, ഈ ഷൂട്ടിംഗ് എത്ര സമയം കാണും. ” “സർ, ഈ ആഴ്‌ച മുഴുവനും ഉണ്ടാവും. പക്ഷേ രാവിലെ 2 മണിക്കൂർ സ്വിമ്മിംഗ് പൂളിൽ പോകുന്നതിനേ വിലക്കുള്ളൂ. ” അപ്പോൾ ഗൗൺ ധരിച്ച ഒരു മോഡൽ റിസപ്ഷനിലേക്ക് വന്നു. ഫ്ളൈറ്റിൽ നിന്ന് ലഭിച്ച മാഗസിനിലെ കവർ ചിത്രം ഈ മോഡൽ ആയിരുന്ന കാര്യം ഞാനപ്പോൾ ഓർത്തെടുത്തു. അവൾ എന്‍റെ അരികിൽ വന്നു നിന്നപ്പോൾ എനിക്ക് സന്തോഷവും ആശ്‌ചര്യവും ഇടകലർന്ന ഒരു വികാരം ഉണ്ടായി. കളർ ചെയ്‌ത മുടി, തിളങ്ങുന്ന ചർമ്മവും വിടർന്ന കണ്ണുകളും എല്ലാം അവരുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നുണ്ടായിരുന്നു. അവർ ശിവയുടെ തലയിൽ തലോടിക്കൊണ്ട് ഹലോ പറഞ്ഞു. മകന് അവരുടെ പെരുമാറ്റത്തിൽ വലിയ ആഹ്ളാദമൊന്നും കണ്ടില്ല. ഞാൻ ഒരു ചെറിയ കുട്ടിയായാൽ മതിയായിരുന്നു, എനിക്കപ്പോൾ തോന്നി.

“ഡാഡി എനിക്ക് പൂളിൽ പോകണം” ശിവം പറഞ്ഞു.

“പുളിലെ വെള്ളം വളരെ നല്ലതാണ്. കാണുമ്പോൾ തന്നെ വസ്ത്രമെല്ലാം മാറ്റി വെള്ളത്തിലേക്ക് ഡൈവ് ചെയ്യാൻ തോന്നും” മോഡൽ പറഞ്ഞു. എന്നിട്ട് കൗണ്ടറിൽ നിന്ന് തന്‍റെ മുറിയുടെ ചാവി വാങ്ങിയ ശേഷം നടന്നകന്നു പോകുന്ന പോക്കിൽ എനിക്ക് ഒരു നോട്ടി സ്മൈൽ തരാനും അവൾ മറന്നില്ല. കുറച്ചുനേരം ഞാനും ശിവയും പൂളിൽ ചെലവഴിച്ചു. എന്നിട്ട് ഡിന്നർ കഴിച്ച ശേഷം ഞങ്ങളുടെ സ്യൂട്ടിൽ പോയി വിശ്രമിച്ചു.

അടുത്തദിവസം രാവിലെ ശിവം നേരത്തെ എഴുന്നേറ്റു. ഞങ്ങൾ പുളിൽ ഇറങ്ങിയപ്പോൾ അവൻ കസർത്ത് കാണിക്കാൻ തുടങ്ങി. വെള്ളത്തിൽ അവൻ ഊളിയിടുകയും ഓടിവന്ന് ചാടുകയും ചെയ്‌തു. അവൻ ഇത്രയും കലാപരമായി പുളിൽ തകർക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. മകന്‍റെ വാട്ടർ സ്‌ട്രോക്സ് കണ്ട ഞാൻ തന്നെ ആൾചര്യപ്പെട്ടുപോയി അവൻ ഇതെല്ലാം എവിടുന്നാണ് പഠിച്ചത്? ബ്രേക്ക്ഫാസറ്റിന് കോൺ ഫ്ളെക്സ്‌സാണ് ഓർഡർ ചെയ്തത്. കൂടെ കോഫിയും. ശിവം ചോക്ലേറ്റ് സാൻവിച്ചാണ് ഓർഡർ ചെയ്തത്.

പത്ത് മണിയായപ്പോഴേക്കും എല്ലാ മോഡലുകളും പൂൾ ഏരിയയിൽ വന്നെത്തി ഞാൻ വിവിഐപി പാസ് വാങ്ങി ഷൂട്ട് കാണാനായി ചെന്നു. മോഡലുകൾ പൂളിൽ ഇറങ്ങുന്നതിനു മുമ്പ് വരെ അവരെ ആകർഷിക്കാനായി ഞാൻ വിവിധതരം സ്‌റ്റൈലിൽ നീന്തൽ പ്രകടനം നടത്തി. ഞാൻ ശരീരത്തിന്‍റെ അഴകളവ് പ്രദർശിപ്പിക്കും വിധം നീന്തിത്തുടിച്ചു.

പുളിൽ ഞാൻ തകർപ്പൻ പ്രകടനം കാഴ്‌ചവച്ചുവെങ്കിലും ശിവം ആയിരുന്നു എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചത്. 4-5 മോഡലുകൾ അവനോട് കുശലം പറയുകപോലും ചെയ്തു. കാർട്ടൂൺ കഥാപാത്രങ്ങളെക്കുറിച്ചുള്ള അവന്‍റെ അറിവിൽ അവർ അദ്‌ഭുതപ്പെടുകയും ചെയ്‌തു. കാരണം അവൻ ചില കഥാപാത്രങ്ങളുടെ സ്‌റ്റൈലാണ് നീന്തലിൽ അനുകരിച്ചതത്രേ. എനിക്കിതേപ്പറ്റി യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അടുത്ത രണ്ടു ദിവസം ഞാൻ ഒഴിവു ദിനത്തിന്‍റെ ആലസ്യത്തിൽ അമർന്നെങ്കിലും ശിവം പുളിൽ പിന്നെയും മോഡലുകളുടെ ഇഷ്ട്‌ടം കവർന്നു കൊണ്ടിരുന്നു. എനിക്കും എന്തെങ്കിലും ചെയ്തതേ പറ്റൂ. ഞാൻ ചില നമ്പറുകളൊക്കെയിട്ടു. ഞാനും മോഡലുകളോട് കുശലം പറയാൻ തുടങ്ങി. മുമ്പ് റിസപ്ഷനിൽ വച്ച് കണ്ട മോഡൽ ശിവയുമായി നല്ല കൂട്ടായി. ആ കാര്യം ഞാൻ മനസ്സിലാക്കി. അവൾ ശിവയുടെ ഫ്രണ്ടായി തീർന്നിരുന്നു. കാമ്യ എന്നായിരുന്നു അവരുടെ പേര് എന്ന് പോലും ശിവം പറഞ്ഞാണ് ഞാനറിഞ്ഞത്.

സ്വയം ധൈര്യം സംഭരിച്ചുകൊണ്ട് ഒരു ദിവസം ഞാൻ കാമ്യയെ വൈകുന്നേരം കാപ്പി കുടിക്കാൻ ക്ഷണിച്ചു.

“തീർച്ചയായും” അവൾ പുഞ്ചിരിച്ചു കൊണ്ട് തന്‍റെ തലമുടി പിന്നിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു.

“എനിക്കും ഇവിടെ ഒരു നല്ല കമ്പനി ആവശ്യമുണ്ടായിരുന്നു” ഞാൻ പറഞ്ഞു.

8 മണിയ്ക്ക് മെൻ ബാറിൽ കണ്ടുമുട്ടാമെന്ന് നിശ്ചയിച്ചു. വിവാഹജീവിതം വേർപെടുത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയുമായി ഞാൻ ചങ്ങാത്തത്തിലാവുന്നത്. അതിനാൽ തന്നെ രോമാഞ്ചവും ജാള്യതയും ഒന്നിച്ചുള്ള വല്ലാത്തൊരു മാനസികാവസ്‌ഥയിലൂടെയാണ് ഞാൻ കടന്നു പോയിക്കൊണ്ടിരുന്നത്.

“മോനെ ശിവം, ഒരു രാത്രി നീ തനിച്ച്‌ കിടന്നുറങ്ങേണ്ടി വരും” ഞാൻ ശിവത്തോട് പറഞ്ഞു. “ഞാൻ ഹോട്ടലിൽ നിന്ന് ബേബിസിറ്ററെ ഏർപ്പാടാക്കിയിട്ടുണ്ട്. അവർ നിനക്ക് മുഴുവൻ കോമിക്‌സും വായിച്ചു കേൾപ്പിക്കും. ആ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്.”

ഹോട്ടലിലെ ബേബി സിറ്റർ 16 വയസ്സുള്ള പെൺകുട്ടിയായിരുന്നു. ഈ ജോലിയിൽ ആഹ്‌ളാദം കണ്ടെത്തുന്ന കുട്ടിയായിരുന്നു അവൾ. കാരണം രാത്രി കുട്ടികൾക്കൊപ്പം കാർട്ടൂൺ കാണുന്നതിനും കോമിക്‌സ് വായിക്കുന്നതിനും അയ്യായിരം രൂപ അവൾക്ക് ലഭിച്ചിരുന്നു. കാമ്യയുമായി ഞാൻ സമയം ചെലവിടുന്നതിൽ ഞാൻ എത്രമാത്രം ആഹ്ളാദിച്ചിരുന്നോ അത്ര തന്നെ സന്തോഷം ബേബി സിറ്റർക്ക് ശിവയ്ക്കൊപ്പം ചെലവിടുന്നതിലും ഉണ്ടായിരുന്നു. ഞാൻ പോകാൻ നേരം ശിവയെ നോക്കിയപ്പോൾ അവൻ സങ്കടത്തോടെ പറഞ്ഞു “ബൈ, ഡാഡി വേഗം വരണേ.”

പാവം അവനെ ഒറ്റയ്ക്കിട്ട് പോകാൻ എനിക്കും സങ്കടമുണ്ടായിരുന്നു. എന്‍റെ ഉത്തരവാദിത്വം കാണിക്കാനായി ഞാൻ ബേബി സിറ്ററോട് ഒരിക്കൽ കൂടി അവനെ നന്നായി ശ്രദ്ധിക്കണമെന്ന് ശട്ടം കെട്ടി. പിന്നെ ധൃതിയിൽ സ്യൂട്ടിൽ നിന്ന് പുറത്തു കടന്നു. റസ്‌റ്റോറന്‍റിൽ എത്തുമ്പോഴേക്കും സമയം 8 കഴിഞ്ഞിരുന്നു. കാമ്യ റ‌സ്റ്റോറന്‍റിലെ ലോണിൽ ഒരു കസേര വലിച്ചിട്ടിരുന്ന് ആകാശ നക്ഷത്രങ്ങൾ നോക്കുകയായിരുന്നു. സമുദ്ര ഭാഗത്തു നിന്ന് ഒഴുകിവരുന്ന കാറ്റ് അവളുടെ മുടിയെ തഴുകുന്നുണ്ടായിരുന്നു. ഗ്ലാസിൽ ബാക്കിവന്ന പെപ്സി വെറുതെ ഇളക്കിക്കൊണ്ടിരിക്കുന്ന അവളെ നിലാവിൽ കാണാൻ നല്ല ചന്തം തോന്നി. ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ എന്‍റെ മനസ്സ് വെമ്പൽ കൊണ്ടു. പിന്നെ ഞാൻ സ്വയം നിയന്ത്രിച്ചു.

ഞാൻ മന്ദം മന്ദം അവളുടെ അരികിൽ ചെന്നു, “സോറി അയാം ലേറ്റ്” എന്‍റെ ശബ്ദം കേട്ട് അവൾ പുളകിതയായോ. “നോ ,ഇറ്റ്സ് ഫൈൻ. ഞാൻ ആസ്വദിച്ചിരിക്കുകയായിരുന്നു. നോക്കൂ, കടലിൽ എത്ര ബോട്ടുകളാണ്. മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അവയിൽ വെളിച്ചം എത്ര മനോഹരമായാണ് പ്രകാശിക്കുന്നത്. അവ നീങ്ങുന്ന നക്ഷത്രങ്ങൾ ആണെന്ന് തോന്നും.” അവൾ കൈ ചൂണ്ടിയയിടത്തേക്ക് നോക്കി ഞാൻ വെറുതെ തട്ടിവിട്ടു, “ബോട്ടാണോ അതോ കപ്പലോ?” അപ്പോഴേക്കും വെയ്റ്റർ ഓർഡർ എടുക്കാൻ വന്നു. ഞാനും കസേരയിൽ ഇരുന്നു “ഒരു പെപ്‌സി കൂടി പറയട്ടേ?” ഞാൻ ചോദിച്ചു.

“വെർജിൻ മോജീറ്റോ” അവൾ പറഞ്ഞു. ഞാൻ വെയ്റ്ററോട് രണ്ട് ജ്യൂസും വെർജിൻ മോജിറ്റോയും കൊണ്ടു വരാൻ പറഞ്ഞു.

“ശിവം എവിടെപ്പോയി, ഉറങ്ങിയോ?” എന്‍റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് കാമ്യ ചോദിച്ചു.

“സോറി, അതുകാരണമാണ് ഞാൻ ലേറ്റ് ആയത്. അവന് ഒറ്റയ്ക്ക് കഴിയാൻ ഇഷ്ടമല്ല. പക്ഷേ അവൻ ഇപ്പോൾ ഒറ്റയ്‌ക്കല്ല. അടുത്ത് ബേബി സിറ്റർ ഉണ്ട്. ഞാൻ തീരെ ഉത്തരവാദിത്വമില്ലാത്ത അച്ഛഛനാണെന്ന് അവൻ കരുതാൻ പാടില്ലല്ലോ.

“അവനുവേണ്ടി അവൾ കോമിക്ക് വായിക്കുമോ? അവനെ അവൾ ബോറടിപ്പിക്കില്ലല്ലോ? നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഒരുവട്ടം നമുക്ക് അവനെ നോക്കിയിട്ടുവരാം. ”

“വേണ്ട.” ഞാൻ വേഗം തന്നെ മനസ്സ് തുറന്നു.

“അവൻ ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാവും. വെറുതെ ടെൻഷൻ അടിക്കണ്ട” എന്നിട്ട് ഞാൻ സംസാരം വഴിതിരിച്ചുവിട്ടു.

“നിന്‍റെ ഷൂട്ട് എങ്ങനെ പോകുന്നു?”

“അവർക്ക് ആവശ്യമുള്ളത്രയും നല്ല ഫോട്ടോകൾ കിട്ടിയെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ ദിവസം ബോറിംഗ് ആയിരുന്നു. ഞാൻ ഒരു പുസ്‌തകം മുഴുവൻ വായിച്ചു തീർത്തു.” അവളുടെ കയ്യിൽ ഷേക്സ്‌പിയറിന്‍റെ ഹാംലെറ്റ് ഉണ്ടായിരുന്നു. ഒരു മോഡലിന്‍റെ കയ്യിൽ ഹാർഡ് കോർ ലിറ്ററേച്ചർ പുസ്‌തകം കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയി.

“ഞാൻ ഓണേഴ്‌സ് ഫൈനൽ ഇയർ സ്‌റ്റുഡന്‍റ് കൂടിയാണ്” അവൾ പൂഞ്ചരിച്ചു. വെയ്റ്റർ ഡ്രിംഗ്‌സ് കൊണ്ടുവന്നു.

“ഞാൻ അവധി ദിവസങ്ങളിൽ മാത്രമേ മോഡലിംഗ് ചെയ്യാറുള്ളൂ.”

ഞാൻ എന്തെങ്കിലും പറയാനായി ശ്രമിച്ചു “ഞാൻ കരുതി നിങ്ങൾ ഫുൾടൈം മോഡലായിരിക്കുമെന്ന്.”

“ഒഴിവു സമയത്ത് എന്തെങ്കിലുമൊക്കെ ചെയ്‌തു കൊണ്ടിരിക്കും.” അവൾ ജ്യൂസ് സിപ്പ് ചെയ്തു‌കൊണ്ട് പറഞ്ഞു. “കുറച്ചുകാലം തിയറ്റർ ചെയ്തിരുന്നു. കൂടാതെ ജർമ്മനിയിൽ നഴ്സ‌സറി കുട്ടികളെ പഠിപ്പിച്ചിരുന്നു.”

“വെറുതെയല്ല. നിന്‍റെ പേഴ്സണാലിറ്റി അപാരമാണ്.”

അവൾ ചിരിച്ച ശേഷം ഗ്ലാസ് കാലിയാക്കിക്കൊണ്ട് പറഞ്ഞു. “നിങ്ങൾ എന്താണ് ചെയ്യുന്നത്. ഐ മീൻ വർക്ക്?”

“ഞാനൊരു ബാങ്കർ ആണ്, ബാങ്കിംഗ് സെക്ട‌റിൽ ലാഭം ഉണ്ടാക്കാനുള്ള സൂത്രങ്ങൾ പറഞ്ഞുകൊടുക്കുന്നു.”

“ഇന്‍ററസ്റ്റിംഗ്” അവൾ എന്‍റെ കണ്ണുകളിലേക്ക് നോക്കി.

“ഇക്കണോമിക്സിൽ എനിക്ക് അതീവ താൽപര്യമുണ്ട്.” ഞാനപ്പോൾ അവളുടെ ബയോളജിയെപ്പറ്റി ചിന്തിക്കുകയായിരുന്നു. മോഹിപ്പിക്കുന്ന അഴകളവ്!

“നിങ്ങൾക്ക് വിശക്കുന്നുണ്ടോ?” അവൾ ചോദിച്ചു. എന്‍റെ ആലോചന മുറിഞ്ഞു.

ഞാൻ സീ ഫുഡ് ഓർഡർ ചെയ്തു‌. ഡിന്നറിന് ശേഷം നിലാവിൽ ബീച്ചിൽ നടക്കാമെന്ന നിർദ്ദേശം വച്ചു. ഞങ്ങൾ ചെരിപ്പുകൾ കയ്യിൽ ഊരിപ്പിടിച്ച് നടക്കാൻ തുടങ്ങി. അവൾ ഒരു കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവളുടെ തോളിൽ സ്നേഹപൂർവ്വം കൈ വച്ചു കൊണ്ട് നടന്നു. ചെറിയ തിരകൾ ഞങ്ങളുടെ കാലുകളെ നനച്ചു കൊണ്ടിരുന്നു. ഞങ്ങൾ നിശ്ശബ്ദം കുറേദൂരം നടന്നു. അപ്പോൾ ഒരു പാറമേൽ അപായ ബോർഡ് കണ്ടു. ഇനി മുന്നോട്ട് പോകരുത്!

നേരം വെളുക്കും വരെ ഇങ്ങനെ നടക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. ഞാൻ കൈകൊണ്ട് അവളുടെ മുഖം കോരിയെടുത്ത് ചുംബിച്ചു. അവൾ എന്‍റെ കൈപിടിച്ച് പാറമേൽ കൊണ്ടു പോയി ഇരുത്തി. അവളും എന്‍റെ ചുണ്ടുകളെ ചുണ്ട് കൊണ്ട് സ്‌പർശിച്ചു. പൊടുന്നനെ എന്തൊ ഓർത്തിട്ടെന്ന പോലെ അവൾ എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു. “എനിക്ക് ശിവയെ ഓർമ്മ വരുന്നൂ.” ഞാൻ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും അവളെ ആവേശപൂർവ്വം കെട്ടിപ്പിടിച്ച് ചുംബിച്ചു.

“സോറി” ചിരിച്ചുകൊണ്ട് അവൾ എന്നെ തള്ളിമാറ്റി.“ ഞാൻ ചുംബിക്കുമ്പോൾ നിങ്ങളുടെ മുഖം ശിവയെ പ്പോലെ എനിക്ക് തോന്നിയിരുന്നു. അവൻ കടൽക്കരയിൽ കളിക്കുന്നതുപോലെ തോന്നുന്നു എനിക്കിപ്പോൾ. പ്രണയിക്കുമ്പോൾ മോനെപറ്റി പറയാൻ ഇടയായതിൽ എന്‍റെ വികാരത്തിന് ക്ഷതം പറ്റി. എനിക്ക് ഒരേ സമയം രണ്ട് വികാരങ്ങൾ പറ്റില്ല.

“എന്താ വിജയ് നിങ്ങൾക്ക് വല്ല ടെൻഷനുമുണ്ടോ? മുഖം വല്ലാതിരിക്കുന്നു” അവൾ പൊടുന്നനെ ചോദിച്ചു.

“വിജയ്. നിങ്ങൾ ടെൻഷനിലാണോ? നമ്മൾ ഇവിടെ ആഹ്ളാദിക്കുന്നു. അതേ സമയം ശിവം റൂമിൽ ഒറ്റയ്ക്ക്. അതോർത്തപ്പോൾ അസ്വസ്ഥത തോന്നി.”

“ശരിയാണ്. പക്ഷേ അവിടെ ബേബി സിറ്റർ ഉണ്ടല്ലോ”

“പക്ഷേ അവന് ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമല്ലെന്ന് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്” കാമ്യ ഇടയ്ക്കുകയറി പറഞ്ഞു. “നമുക്ക് ഒരു വട്ടം അവനെ നോക്കി വന്നാലോ. ”

“ബേബി സിറ്റർ നന്നായി നോക്കും. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ അവൾ എന്നെ വിളിച്ചോളും. എന്‍റെ മൊബൈൽ നമ്പർ അവരുടെ കയ്യിൽ ഉണ്ടല്ലോ.”

ഇതു പറഞ്ഞശേഷം ഒന്ന് അവിടേക്ക് വിളിച്ചു നോക്കാം എന്നു കരുതി പോക്കറ്റിൽ കയ്യിട്ടപ്പോൾ മൊബൈൽ ഇല്ല. അത് ഞാൻ റൂമിൽ മറന്ന് വച്ചിട്ടാണ് പോന്നത്.

“വരു നമുക്ക് പോയി നോക്കാം” കാമ്യ പറഞ്ഞു.

എന്‍റെ സമയം ശരിയല്ല. ഒന്നും ഞാൻ വിചാരിച്ചപോലെ നടക്കുന്നില്ല. ഒരു വശത്ത് സുന്ദരിയായ മോഡൽ, മറ്റൊരു വശത്ത് ഏകനായ മകൻ. അവനെക്കുറിച്ച് എന്നെക്കാൾ ചിന്ത മോഡലിനാണ്. ഇനി അവളുടെ കൂടെ ഈ റൊമാന്‍റിക് മൂഡിൽ നിന്ന് റൂമിലേക്ക് പോകേണ്ടി വരും.

“വേഗം പോകാം” അവൾ ധൃതി വച്ചു. ഞങ്ങൾ ഹോട്ടലിൽ എത്തിയപ്പോൾ ഞാൻ കാമ്യയോട് ലോണിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു. എന്നിട്ട് ഞാൻ റൂമിലേക്ക് നടന്നു. ശിവം ഉറങ്ങുകയായിരുന്നു. ബേബി സിറ്റർ ടിവി കാണുന്നു. വളരെ ശബ്ദം കുറച്ച് സിനിമ ആസ്വദിക്കുകയാണ് ആ പെൺകുട്ടി.

“കുഴപ്പമൊന്നുമില്ലല്ലോ? എന്‍റെ മൊബൈൽ ഇവിടെ വച്ചു മറന്നു പോയി അതാ വന്നേ.” ഞാൻ വാതിൽ തുറന്നു കൊണ്ട് പറഞ്ഞു.

ബേബി സിറ്റർ ടേബിളിൽ നിന്ന് എന്‍റെ മെബൈൽ എടുത്ത് തന്നു. ഞാൻ വേഗം ലിഫ്റ്റിൽ ഓടിക്കയറി. ലോണിൽ ഇരിക്കുകയായിരുന്ന കാമ്യ വീണ്ടും ആകാശക്കാഴ്‌ചയിൽ മുഴുകിയിരിക്കുകയായിരുന്നു. സുന്ദരിയായിരുന്നെങ്കിലും എന്തോ വിഷാദം അവളെ പിടികൂടിയിരുന്നു.

“വല്ലാത്ത ക്ഷീണം കിടന്നോട്ടെ” അവൾ ഇതു പറഞ്ഞതും എന്‍റെ ആഹ്ളാദമെല്ലാം ഒലിച്ചുപോയി.

“ഇന്നത്തെ രാത്രി… എനിക്ക്…” വാക്കുകൾക്ക് വേണ്ടി പരതുമ്പോൾ അവൾ ഇടയ്ക്ക് കയറി പറഞ്ഞു. “എന്നെ സ്നേഹിക്കണമായിരുന്നു അല്ലേ?” കാമ്യ പുഞ്ചിരിച്ചു.
“അല്ല… അത്…” ഞാൻ പതറി.

“പിന്നെ ഷേക്‌സ്‌പിയറിന്‍റെ ഹാം ലെറ്റ് ചർച്ച ചെയ്യാനോ?” അവൾ ഉറക്കെ ചിരിച്ചു. തണുത്ത കാറ്റിന് വല്ലാത്ത ചൂട് എനിക്കനുഭവപ്പെട്ടു!

“മകൻ കൂടെയുള്ളപ്പോൾ പ്രണയിക്കാൻ വലിയ പാടാണ്. മാത്രമല്ല നിങ്ങൾ നല്ലൊരു അച്ഛനുമാണല്ലോ.” കാമ്യ മറ്റെങ്ങോ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അല്ല… അല്ല… ഞാൻ അതൊന്നുമല്ല” പെട്ടന്ന് ഞാൻ മറുപടി പറഞ്ഞു.

“ഇന്ന് സംഭവിച്ചതോർത്ത് ടെൻഷൻ വേണ്ട. നിങ്ങൾ ശിവക്കൊപ്പം പൂളിൽ നീന്തിക്കളിക്കുമ്പോഴും അവനെ പരിപാലിക്കുമ്പോഴും ഞാൻ ഒരു അച്ഛന്‍റെ വാത്സല്യം കണ്ടതാണ്. അത് അധികം അച്ഛന്മാരിൽ ഞാൻ കണ്ടിട്ടില്ല. നിങ്ങൾ വിലപ്പെട്ട സമയം മകന് നൽകുന്നു. അത് വളരെ വലിയ കാര്യമാണ്. പലരും മക്കൾക്ക് പണം കൊടുക്കുന്നു. വലിയ ഗിഫ്റ്റുകൾ കൊടുക്കുന്നു. അതോടെ തീർന്നു. കുട്ടികൾക്കൊപ്പം സമയം ചെലവിടുന്നവരാണ് നല്ല രക്ഷിതാക്കൾ.” കാമ്യ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

“എനിക്ക് നിങ്ങളുടെ സൗഹൃദം ഇഷ്ടമാണ്. പക്ഷേ മകന്‍റെയും അച്ഛന്‍റെയും ഇടയിൽ വരാൻ ഞാനാഗ്രഹിക്കുന്നില്ല.” കാമ്യ പറഞ്ഞു.

“പക്ഷേ നീ…” ഞാൻ എന്തോ പറയാൻ ശ്രമിച്ചു. അവൾ എന്‍റെ ചുണ്ടിൽ വിരൽ വച്ച് അത് തടഞ്ഞു.

“നാളെ ഞാൻ തിരിച്ചുപോവുകയാണ്. പക്ഷേ ലഞ്ച് ‌വരെ ഇവിടെ കാണും. ”

“ഞാനും ശിവയും നാളെ നിന്നെ കാണാൻ വരാം.”

“നിങ്ങൾ വളരെ ലക്കിയാണ്. എത്ര നല്ല പുത്രനെയാണ് നിങ്ങൾക്ക് ലഭിച്ചത്” കാമ്യ പറഞ്ഞു. എനിക്കൊന്നും പറയാൻ തോന്നിയില്ല. ലിഫ്റ്റിന്‍റെ ചില്ല് ജാലകത്തിലൂടെ നോക്കിയപ്പോൾ അവൾ ഞാൻ പോകുന്നത് നോക്കി അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. എന്‍റെ മനസ്സിലും അവളുടെ മനസ്സിലും ഒരേ കടൽ ഇരമ്പുന്നത് ഞാനറിഞ്ഞു.

നളിനാക്ഷന്‍റെ കാര്യം

നളിനാക്ഷൻ നിർദോഷവാനായ ഒരാളായിരുന്നു. നഗരത്തിലെ ഹെഡ് പോസ്റ്റ് ഓഫീസിലായിരുന്നു അയാൾക്ക് ജോലി. ഒരു ഹൗസിംഗ് കോളനിയിലാണ് അയാൾ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം സുഖമായി കഴിയുന്നത്. സർക്കാർ ജീവനക്കാർ മാത്രം താമസിക്കുന്ന കോളനി ആയിരുന്നു അത്. അയൽക്കാരുമായി നളിനാക്ഷന് നല്ല ബന്ധമാണ് ഉള്ളത്. ഒരു നിർഗുണപരബ്രഹ്മം എന്നാണ് അടുത്തറിയാവുന്നവർ നളിനാക്ഷനെപ്പറ്റി പറയാറ്.

അയാൾക്ക് പക്ഷേ പക്കവട വലിയ ഇഷ്ടമായിരുന്നു. പക്കവട ഭ്രാന്തൻ എന്നുതന്നെ പറയാം. ഞായറാഴ്ച രാവിലെ പക്കവട നിർബന്ധമാണ് കക്ഷിക്ക്. ശനിയാഴ്ച രാത്രി തന്നെ അടുത്ത ദിവസം പക്കാവട ഉണ്ടാക്കാനായി ഭാര്യയെ അയാൾ ചട്ടം കെട്ടും. അത്രയ്ക്ക് കൊതിയാണ് അയാൾക്ക്. നിക്ക പൊറുതിയില്ലാതെ അയാൾ ചോദിക്കും നാളെ എന്ത് പക്കവടയാണ് ഉണ്ടാക്കുന്നത്. ഉരുളക്കിഴങ്ങ് ആണോ കോളിഫ്ലവറോ. അതോ സാദാ നാടൻ പക്കവടയാണോ? ഭാര്യക്ക് പറയേണ്ടതായി വരും. അത്രയ്ക്ക് ആകാംക്ഷയാണ് നളിനാക്ഷന്. ഇങ്ങനെയുണ്ടോ, ഒരു കൊതിയൻ എന്ന് ഭാര്യ ഇടയ്ക്ക് ആലോചിക്കാറുണ്ട്. കുട്ടികൾക്ക് പോലും ഇത്ര കൊതിയില്ല. നളിനാക്ഷൻ അങ്ങനെയാണ്. അയാളുടെ മുഖത്ത് ശിശു സഹജമായ ഒരു നിഷ്കളങ്കത ഉണ്ട്.

സ്വപ്നത്തിൽ പോലും പക്കവട തിന്നുന്ന കാര്യമാണ് അയാൾ അധികവും കാണാറ്. പക്ഷേ എല്ലാ ഞായറാഴ്ചയും ഒരേ തരത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കുട്ടികൾക്ക് കുട്ടികൾ മടുത്തിരിക്കുന്നു. അതിനാൽ പക്കവട തിന്നാൻ കുട്ടികൾ ഒരിക്കലും കൂട്ടാക്കിയിരുന്നില്ല. ഞങ്ങൾക്ക് വേറെ എന്തെങ്കിലും മതി. പുട്ടോ ദോശയോ… അങ്ങനെ എന്തെങ്കിലും. പപ്പയ്ക്ക് വേണമെങ്കിൽ അമ്മ പക്കവട ഉണ്ടാക്കിക്കൊടുത്തോ… ഞങ്ങൾക്ക് വേണ്ട…. കുട്ടികൾ പറയും.

ഞായറാഴ്ച ഭർത്താവിനും കുട്ടികൾക്കും അവധിയായതിനാൽ വീട്ടിൽ ആഘോഷമാണ്. എല്ലാവരും ഉള്ള ദിവസം വച്ച് വിളമ്പാനും നളിനാക്ഷന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്. അനഘേ… തൊട്ടതിനും പിടിച്ചതിനും ഒക്കെ നളിനാക്ഷൻ ഭാര്യയെ വിളിക്കും. വീട്ടിൽ പിടിപ്പത് പണിയുണ്ടാവും. അനഘ പക്ഷേ മുഷിച്ചിലൊന്നും പ്രകടിപ്പിക്കാതെ എല്ലാം മാനേജ് ചെയ്യും. പക്ഷേ അനഘയ്ക്ക് ഒരു കാര്യത്തിലെ നീരസം ഉണ്ടായിരുന്നുള്ളൂ. നളിനാക്ഷൻ ഒരിക്കലും പക്കാവട ഉണ്ടാക്കിയാൽ അനഘയെ അഭിനന്ദിക്കില്ല. നന്നായി എന്നുപോലും പറയില്ല. എല്ലാം തിന്നതിനുശേഷം ഏമ്പക്കം വിട്ട് എഴുന്നേൽക്കുമ്പോൾ അനഘ സ്നേഹപൂർവ്വം ചോദിക്കും. എങ്ങനെയുണ്ട്? ആ കുഴപ്പമില്ല… ഇതിനേക്കാൾ നന്നായി ഞാൻ ഉണ്ടാക്കും. ഇങ്ങനെയാവും നളിനാക്ഷന്‍റെ മറുപടി.

ഇത് കേൾക്കുമ്പോൾ അനഘയ്ക്ക് മനോവിഷമം തോന്നാറുണ്ട്. എന്നിട്ട് പ്ലേറ്റ് എടുത്തിട്ട് പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോകും. പക്ഷേ ഭാര്യ പിറുപിറുക്കുന്നതൊന്നും നളിനാക്ഷനെ അലട്ടാറില്ല. ടിവിയുടെ വോള്യം കൂട്ടിക്കൊണ്ട് അയാൾ ഇതൊക്കെ മറികടക്കും.

രാമേട്ടൻ ഫലിതപ്രിയനാണ്. നളിനാക്ഷന്‍റെ അയൽവാസി മാത്രമല്ല അയാൾ സഹപ്രവർത്തകൻ കൂടിയാണ്. പല ഞായറാഴ്ചകളിലും ഭാര്യസമേതം രാമേട്ടൻ നളിനാക്ഷന്‍റെ വീട്ടിൽ പക്കവട കഴിക്കാൻ വരാറുണ്ട്. ഇരു കുടുംബങ്ങളും തമ്മിൽ വലിയ കൂട്ടാണ്. ഇന്ന് ഞായറാഴ്ചയാണ് രാമേട്ടൻ ഭാര്യയെയും കൂട്ടി നളിനാക്ഷന്‍റെ വീട്ടിൽ ഹാജർ ഉണ്ട്. ഡൈനിംഗ് ടേബിളിൽ പക്കവട ഹാജരായിട്ടുണ്ട്.

അനഘേ, ഇന്നത്തെ പക്കാവട കൊള്ളാലോ അപാരസ്വാദ് ഒരു വലിയ കഷണം വായിൽ വെച്ചുകൊണ്ട് രാമേട്ടൻ പറഞ്ഞു.

ഇതൊക്കെ ഇത്ര വലിയ കാര്യമാണോ. ഇതിനേക്കാൾ നന്നായി ഞാൻ ഉണ്ടാക്കും. നളിനാക്ഷൻ ഇടയ്ക്ക് കയറി പറഞ്ഞു.

അത് ശരി, എന്നാൽ അടുത്ത ഞായറാഴ്ച നളിനാക്ഷന്‍റെ വകയായിക്കോട്ടെ പക്കവട. അതിന്‍റെ രുചി ഒന്ന് അറിയണമല്ലോ രാമേട്ടന്‍റെ ഭാര്യ പറഞ്ഞു.

അതിനെന്താ, അടുത്ത ഞായറാഴ്ച പക്കവട എന്‍റെ വക. നളിനാക്ഷൻ ചിരിച്ചുകൊണ്ട് ഏറ്റു.

നിങ്ങൾ ഉണ്ടാക്കുന്ന പക്കവട ഞാൻ ഉണ്ടാക്കുന്ന പക്കവടയേക്കാൾ നല്ലതാണെങ്കിൽ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ അത് ഞാൻ ഉണ്ടാക്കുന്നതിനേക്കാൾ മോശമാണെങ്കിൽ പിന്നെ എന്‍റെ പാചകത്തെ എന്തായാലും അഭിനന്ദിച്ചേക്കണം. അനഘ ചിരിച്ചു കൊണ്ടാണെങ്കിലും കുറച്ച് ഉറക്കെയാണ് സംസാരിച്ചത്.

സംഗതി അഭിമാന പ്രശ്നമാണ്. വെല്ലുവിളി ഏറ്റെടുത്ത സ്ഥിതിക്ക് യെസ് പറഞ്ഞോളൂ രാമേട്ടൻ പറഞ്ഞു.

ശരി, ശരി… നളിനാക്ഷൻ മനസ്സില്ലാ മനസ്സോടെ ആണ് പറഞ്ഞത്. താൻ വെട്ടിലായതാണെന്ന കാര്യം പക്ഷേ നളിനാക്ഷന്‍റെ ബോധത്തിൽ ഉണ്ടായിരുന്നില്ല.

സംസാരത്തിനിടയിൽ അയാൾ അതങ്ങ് പറഞ്ഞുപോയതായിരുന്നു. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും മുന്നിൽ ആളാവാൻ വേണ്ടി തട്ടിവിട്ടതായിരുന്നു പാവം. അല്ലാതെ വെല്ലുവിളി ഏറ്റെടുത്തതൊന്നുമല്ല.

ശരി ചങ്ങാതി. ഇനി അടുത്ത ഞായറാഴ്ച നിന്‍റെ കൈപ്പുണ്യത്തിന് മാർക്കിടാൻ വരാം. രാമേട്ടൻ നളിനാക്ഷന്‍റെ തോളിൽ തട്ടി അവിടെ നിന്ന് ഇറങ്ങി. കൂടെ ഭാര്യയും.

അതിനെന്താ നേരത്തെ തന്നെ പോന്നോളൂ. നളിനാക്ഷൻ വീണ്ടും കയറി ഹെഡ് ചെയ്തു. അനഘ ചിരിച്ചുകൊണ്ട് അവരെ യാത്രയാക്കി.

വളരെ വൈകിയാണ് രാമേട്ടൻ വിവാഹം കഴിച്ചത്. ഭാര്യക്കും അയാൾക്കും തമ്മിൽ 12 വയസ്സിന്‍റെ വ്യത്യാസമുണ്ടായിരുന്നു. എങ്കിലും രാമേട്ടനെ കണ്ടാൽ പ്രായം തോന്നുകയേയില്ല. നർമ്മപ്രിയനായ അയാളെ കോളനിയിലുള്ളവർക്കും വളരെ ഇഷ്ടമായിരുന്നു. നളിനാക്ഷന് ജേഷ്ഠ സഹോദരനെ പോലെയാണ് അയാൾ.

തിങ്കൾ മുതൽ ശനി വരെ എല്ലാവരും ഓഫീസ് കാര്യങ്ങളിലും സ്കൂൾ കാര്യങ്ങളിലും മുഴുകി. ശനിയാഴ്ച രാത്രി അനഘ നളിനാക്ഷനെ അക്കാര്യം ഓർമിപ്പിച്ചു.

നാളെ ഞായറാഴ്ചയാണ്. ഓർമ്മയുണ്ടോ? ശനി കഴിഞ്ഞാൽ ഞായറാഴ്ച ആണല്ലോ അതിപ്പോ പ്രത്യേകിച്ച് ഓർക്കാൻ ഉണ്ടോ? നളിനാക്ഷൻ കുറച്ച് നീരസത്തോടെയാണ് മറുപടി പറഞ്ഞത്.

നാളെയാണ് നിങ്ങൾക്ക് പക്കാവട ഉണ്ടാക്കാനുള്ളത്. അത് മറന്നു പോയോ?

എന്ത് ഞാനോ? നളിനാക്ഷൻ സത്യത്തിൽ ആ കാര്യം മറന്നു പോയിരുന്നു.

നാളെ രാവിലെ കുറച്ചു നേരത്തെ എഴുന്നേറ്റോളൂ. പുതിനയുടെ ചമ്മന്തി ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾക്ക് എന്‍റെ സഹായം പ്രതീക്ഷിക്കരുത്.

നളിനാക്ഷന്‍റെ ഉറക്കം നഷ്ടപ്പെട്ടുപോയി. ചക്കിന് വച്ചത് കൊക്കിന് കൊണ്ട പോലെയുള്ള അവസ്ഥ. താൻ എന്ത് പുലിവാലാണ് കയറിപ്പിടിച്ചതെന്ന് അപ്പോഴാണ് നളിനാക്ഷന് തോന്നിയത്. കുറച്ച് അഭിനന്ദനം കൊടുത്തിരുന്നുവെങ്കിൽ… ഈ ചതി പറ്റില്ലായിരുന്നു. അയാൾ ലൈറ്റ് ഓഫ് ആക്കി ഉറക്കം വരാൻ കാത്തു കിടന്നു.

ഞായറാഴ്ച 8 മണിയായി. നളിനാക്ഷൻ കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്നു.

അല്ല എഴുന്നേൽക്കുന്നില്ലേ, നേരം ഒരുപാടായി. പക്കവട ഉണ്ടാക്കണ്ടേ? പത്തുമണിക്ക് നിങ്ങളുടെ ചങ്ങാതി രാമേട്ടൻ വരൂട്ടോ. അനഘ ഭർത്താവിനെ കുലുക്കി വിളിച്ചു.

നളിനാക്ഷൻ തട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് 9 മണിയാവും മുമ്പ് തന്നെ അടുക്കളയിൽ കയറി.

എല്ലാ സാധനങ്ങളും മേശമേൽ വച്ചിട്ടുണ്ട്. ഇതും പറഞ്ഞ് അനഘ അടുക്കളയിൽ നിന്ന് വലിഞ്ഞു.

ഓ ശരി. നിന്‍റെ കൂടുതൽ സഹായം ഒന്നും വേണ്ട. കാര്യങ്ങൾ ഞാൻ ശരിയാക്കി കൊള്ളാം എന്ന് പറഞ്ഞ് ഭാര്യയെ ദയ അർഹിക്കുന്ന വിധം നോക്കി. ഞാൻ ചെയ്തോളാം. നിങ്ങൾ ടിവി കണ്ടോ എന്ന് ഭാര്യ പറയും എന്നാണ് അയാൾ കരുതിയത്. പക്ഷേ അത് ഉണ്ടായില്ല.

അത് ശരി, കൂടെ നിൽക്കേണ്ട ഒരു സന്ദർഭം വന്നപ്പോൾ ഒറ്റപ്പെടുത്തുന്നോ? ഏഴ് ജന്മം കൂടെയുണ്ടാവും എന്നൊക്കെയാണല്ലോ വീമ്പ് പറയാറ്. എന്നിട്ടിപ്പോ… മനസ്സിൽ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് നളിയാക്ഷൻ ഗ്യാസ് ഓൺ ചെയ്തു.

ഭാര്യ പക്കവട ഉണ്ടാക്കുന്നത് അയാൾ പലവട്ടം കണ്ടതാണ്. ആ ഓർമ്മയിൽ അടുപ്പത്ത് ചീനച്ചട്ടി വച്ചിട്ട് അയാൾ എണ്ണയൊഴിച്ച് ചൂടാക്കാൻ തുടങ്ങി. പക്കവട ഉണ്ടാക്കാനുള്ള ചേരുവകൾ എല്ലാം ഉണ്ടായിരുന്നു. അയാൾ ഒരു ബേയ്സനിൽ മാവ് എടുത്ത് അതിൽ ഉപ്പും മുളകും സവാളയും മറ്റു ചേരുവകളും ഇട്ടു. എന്നിട്ട് വെള്ളത്തിൽ കുഴച്ചെടുത്തു. വെള്ളം കൂടി പോയതിനാൽ വീണ്ടും കടലപ്പൊടി വിതറി കുഴമ്പ് ശരിയായ പരിവത്തിൽ ആക്കി. എന്നിട്ട് അടുപ്പിനടുത്തേക്ക് നീങ്ങി. തീ ആളിക്കത്തുന്നുണ്ടായിരുന്നു. അതിനാൽ തന്നെ എണ്ണ നന്നായി തിളച്ചു മറിയുന്നുണ്ടായിരുന്നു. അതിലേക്ക് കടലമാവ് മിശ്രിതം കുറച്ച് ഇടാൻ തുടങ്ങി. എണ്ണ അയാളുടെ കയ്യിലേക്ക് തെറിച്ചു.

അയ്യോ… നളിനാക്ഷൻ ഉറക്കെ ശബ്ദിച്ചു.

എന്തുപറ്റി അനഘ വിളിച്ചു ചോദിച്ചു.

എണ്ണ തിളയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ അവർ വിളിച്ചുപറഞ്ഞു.

ഗ്യാസ് സിമിൽ ഇടൂ.

അയാൾ തീ കുറച്ചുവെച്ചു. എണ്ണയിലേക്ക് മാവ് ഇടാൻ തുടങ്ങി. നളിനാക്ഷന്‍റെ വിരൽ പൊള്ളി നീറുന്നുണ്ടായിരുന്നു. അയാൾ സിങ്കിനടുത്തുപോയി ടാപ്പ് തുറന്ന് വിരൽ വെള്ളത്തിൽ മുക്കി കൊണ്ടിരുന്നു. അപ്പോൾ നളിനാക്ഷന് കുറച്ച് ആശ്വാസം തോന്നി. ഉടനെ നളിനാക്ഷന്‍റെ മൊബൈൽ ശബ്ദിച്ചു. രാമേട്ടന്‍റെ കോൾ ആണ്. ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി. 10 മണിക്ക് എത്തുന്ന കാര്യം പറഞ്ഞ ശേഷം നാട്ടുവർത്തമാനത്തിലേക്ക് കടന്നു.

അയ്യോ നിങ്ങൾ അവിടെ എന്താണ് ചെയ്യുന്നത്. കരിഞ്ഞ മണം വരുന്നുണ്ടല്ലോ. അനഘ അടുക്കളയിലേക്ക് വിളിച്ചു ചോദിച്ചു. നളിനാക്ഷൻ വേഗം തന്നെ ഫോൺ കട്ട് ചെയ്തു. രാമേട്ടനോട് സംസാരിച്ച് സംസാരിച്ച് അടുപ്പിൽ പക്കാവട വച്ച കാര്യം നളിനാക്ഷൻ മറന്നു പോയിരുന്നു. അനഘ ഓടിവന്ന് ഗ്യാസ് ഓഫ് ചെയ്തു. നളിനാക്ഷനും അടുപ്പിനടുത്തെത്തി. പക്കവട ശരിക്കും കരിഞ്ഞു പോയിരുന്നു. എല്ലാം കറുപ്പ് നിറമായിരുന്നു. അനഘ കലിപൂണ്ട് അയാളെ നോക്കിയപ്പോൾ കൊച്ചുകുട്ടികൾ പേടിച്ചു നിൽക്കുന്ന മുഖഭാവത്തോടെ നളിനാക്ഷൻ പറഞ്ഞു. അത് രാമേട്ടന്‍റെ ഫോൺ ആയിരുന്നു. അമ്മേ രാമേട്ടനും ആന്‍റിയും വന്നിട്ടുണ്ട്. അനഘയുടെ മോൻ അടുക്കളയിൽ വന്നു പറഞ്ഞു.

നളിനാക്ഷാ പക്കാവട റെഡിയായോ?

രാമേട്ടൻ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് വന്നു. കരിഞ്ഞ മണവും ചട്ടിയിലെ കറുത്ത പക്കവടയും കണ്ട് രാമേട്ടന് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി.

ഭാര്യയെ അഭിനന്ദിച്ചിരുന്നുവെങ്കിൽ ഈ ഞായറാഴ്ച കരിദിനം ആകുമായിരുന്നില്ലല്ലോ നളിനാക്ഷാ… രാമേട്ടൻ തമാശ പൊട്ടിച്ചു. എല്ലാവരും കോലായിൽ പോയി ഇരുന്നോളൂ. ഞാനിപ്പോൾ തന്നെ വേറെ പക്കാവട ഉണ്ടാക്കിത്തരാം. മോനേ അച്ഛന്‍റെ വിരലിൽ ക്രീം പുരട്ടി കൊടുക്കൂ. അനഘ സൗമ്യമായി എന്നാൽ എല്ലാവരും കേൾക്കെ മകനോട് പറഞ്ഞു.

നളിനാക്ഷന്‍റെ മുഖം അപ്പോൾ ഒന്ന് കാണേണ്ടതായിരുന്നു. അനഘ പക്കാവട ഉണ്ടാക്കുമ്പോഴേക്കും രാമേട്ടന്‍റെ ഭാര്യ ചായയും ഇട്ടു. അരമണിക്കൂറിനകം അവരെല്ലാവരും ഡൈനിംഗ് ടേബിളിൽ ഒത്തുകൂടിയിരുന്നു പക്കാവടയും ചായയും കഴിക്കാൻ തുടങ്ങി.

ഇന്നത്തെ പക്കാവട എങ്ങനെയുണ്ട്. അനഘ ആരോടെനില്ലാതെ ചോദിച്ചപ്പോഴേക്കും നളിനാക്ഷൻ ചാടി കയറി ഇങ്ങനെ പറഞ്ഞു.

എന്‍റെ ഭാര്യയെ നിനക്ക് അപാര കൈപ്പുണ്യം അല്ലേ. ഇത്രയും രുചികരമായ പക്കാവട ഞാൻ ഇന്നേവരെ കഴിച്ചിട്ടില്ല?

ഇത് കേട്ട് എല്ലാവരും ചിരിച്ചു. ആ സന്തോഷത്തിനിടയിൽ അനഘ പ്രിയ ഭർത്താവിന്‍റെ വായിൽ ഒരു വലിയ പക്കാവട വച്ചുകൊടുത്തു. അതൊരു നല്ല ഞായറാഴ്ചയായിരുന്നു.

ഭാര്യയും റിയാലിറ്റി ഷോയും ഞാനും

റിയാലിറ്റി ഷോകളുടെ കാലമാണിത്. നൃത്തം, പാട്ട്, ഫാറ്റ് ഫ്രീ, കോമഡി എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ചാനലിൽ ഒക്കെ റിയാലിറ്റി ഷോ പൊടിപൊടിക്കുകയാണ്.

പരിപാടിയിലെ ഡയലോഗ് കേട്ട് പബ്ലിക്കിനേക്കാൾ കൂടുതൽ ചിരിക്കുന്നത് ഒരുപക്ഷേ, ജഡ്ജസ് ആയിരിക്കും. അല്ല, അതിനല്ലേ അവരെ അവിടെ ഇരുത്തിയിരിക്കുന്നതും.

റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ തമ്മിലുള്ള കലഹം, പരസ്പരം ചെളി വാരിയെറിയൽ, ജഡ്ജസിന്‍റെ പിണക്കം, ആങ്കേഴ്സിന്‍റെ കമന്‍റ്, മത്സരാർത്ഥിയുടെ ബന്ധുവുമായി വ്യക്തിപരമായ സംവാദം ഒക്കെ പൊതുജനത്തെ കഴുതയാക്കാനുള്ള ഇവരുടെ തന്ത്രമാണെന്ന് ആരറിയുന്നു?

റിയാലിറ്റി ഷോകൾ കണ്ടു കണ്ട് എങ്ങനെയെങ്കിലും ഇത്തരമൊരണ്ണത്തിൽ പങ്കെടുത്താൽ കൊള്ളാമെന്നായി ശ്രീമതി. അതിനിടക്കാണ് ഒരു പ്രമുഖ ചാനലിലെ ഭർത്താവിനോട് പിണങ്ങാമോ? റിയാലിറ്റി ഷോയിലേക്ക് എൻട്രി ലഭിക്കുന്നതിന് വിവാഹിതകൾ എസ്എംഎസ് അയക്കുക എന്ന നിർദ്ദേശം കാണുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ശ്രീമതിയുടെ ആഗ്രഹം സഫലമാവാൻ പോകുന്നു.

അവൾ എന്‍റെ മൊബൈൽ ബാലൻസ് തീർക്കുന്ന തരത്തിലുള്ള ഒരു പെർഫോമൻസ് തന്നെ നടത്തി. റിയാലിറ്റി ഷോയിൽ ചാൻസ് കിട്ടുന്നതിനായി ശ്രീമതിയുടെ വക വഴിപാടും പ്രാർത്ഥനയും വേറെയും നടന്നു. പൂജയും വഴിപാടും ഒക്കെ കഴിയുമ്പോൾ ഞാൻ വഴിയാധാരമാവുമോ എന്നായി എന്‍റെ ഭയം.

കാത്തിരിപ്പ് അവസാനിച്ചു. ഭർത്താവിനോട് പിണങ്ങാമോ? റിയാലിറ്റി ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് എന്നറിഞ്ഞപ്പോൾ സീരിയലിലെ രാക്ഷസ കഥാപാത്രങ്ങളെ പോലെ അവൾ അട്ടഹസിച്ചു. സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതായിട്ട് അവൾ ഒരു പാക്ക്റ്റ് ലഡു വാങ്ങി കോളനിയിൽ വിതരണം ചെയ്തു.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ ശ്രീമതിയുടെ ഫോട്ടോ അയക്കണമെന്ന് ആവശ്യപ്പെട്ട് ചാനലിൽ നിന്നും അറിയിപ്പ് ഉണ്ടായി. അടുത്തുതന്നെ അവരുടെ മറുപടിക്കത്തും കിട്ടി. വഴക്കാളി, കുശുമ്പത്തി മുഖമുള്ള നിങ്ങളുടെ ശ്രീമതി ഭർത്താവിനോട് പിണങ്ങാമോ? പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ഇത്രയും നാൾ ഞാൻ മനസ്സിൽ ഒളിപ്പിച്ച സത്യം റിയാലിറ്റി ഷോ സംഘാടകർ ഇങ്ങനെ വെട്ടിത്തുറന്ന് പറയേണ്ടിയിരുന്നില്ല. ഇതുവരെ മിസ്സ് ഇന്ത്യയെക്കാൾ ഒട്ടും മോശമല്ലെന്ന മട്ടായിരുന്നു ശ്രീമതിയുടേത്. എന്തായാലും സെലക്ഷൻ ആയല്ലോ? ശ്രീമതിക്ക് ആശ്വാസമായി.

ഒരാഴ്ചയ്ക്കുശേഷം റിയാലിറ്റി ഷോ സംഘാടകരുടെ മറ്റൊരു മിസൈൽ കത്ത് ലഭിച്ചു. അടുത്തമാസം ഏഴാം തീയതി ചാനൽ ഷോ ലൈവ് ആയി സംപ്രേഷണം ചെയ്യും. അതുകൊണ്ട് നിങ്ങൾ രണ്ടു ദിവസം മുൻപേ തിരുവനന്തപുരം സ്റ്റുഡിയോയിലേക്ക് വരിക.

ആകെ കൂടിയുള്ള ഒരു ശ്രീമതിയാ. അവളെ ഒറ്റയ്ക്ക് അയക്കാനോ? വേണ്ട ഞാനും അവളെ അനുഗമിക്കാൻ തീരുമാനിച്ചു.

ഇതേ പരിപാടിയിലേക്ക് മറ്റു ചിലരുടെ ഭാര്യമാരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്രീമതിക്കൊപ്പം ഭർത്താവായി അഭിനയിക്കാനുള്ള നടനും എത്തി. ഹോ! ഇപ്പോഴാണ് മനസ്സൊന്നു തണുത്തത്. മോനേ, 23 കൊല്ലമായി ഞാൻ ഇതിനെ സഹിക്കുന്നു. ഇനി ഇത് നിനക്ക് ഇരിക്കട്ടെ.

റിയാലിറ്റി ഷോ ലൈവ് സംപ്രേഷണം ചെയ്യുന്നതിനുമുമ്പായി പ്രാക്ടീസ് ചെയ്യുന്നതിനായി ഡയറക്ടർ നിർദേശം നൽകി. നടൻ ഭർത്താവും എന്‍റെ ശ്രീമതിയും തമ്മിൽ ഡയലോഗ് യുദ്ധം ആരംഭിച്ചു. എന്നോടൊപ്പം ഉള്ള പെർഫോമൻസിന്‍റെ ഏഴയലത്ത് പോലും എത്താത്ത തണുപ്പൻ ഡയലോഗ്സ്. പരിപാടിയിൽ കുറച്ചു സ്ട്രെയിൻ അനുഭവപ്പെടാൻ തുടങ്ങി.

കട്ട് കട്ട്…. ഡയറക്ടർ ആവർത്തിച്ച് ആവർത്തിച്ചു പറഞ്ഞു. ജഡ്ജസ് ഉറക്കം തൂങ്ങാൻ തുടങ്ങി. ആളുകൾക്ക് ബോറടിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ഉഗ്രൻ വഴക്കടിക്കുന്ന ശ്രീമതിക്ക് ഇതെന്തുപറ്റി? ഇവൾ എന്താണ് ഡൗൺ ആയോ? ശ്രീമതിയുടെ ദേഷ്യാഭിനയം അഭിനയം കണ്ട് നടൻ ഭർത്താവിന് ചിരിക്കാനാണ് തോന്നിയത്. ഒരു രസവുമില്ല എന്ന് പ്രേക്ഷകരുടെ മുഖഭാവം വ്യക്തമാക്കി. ഇനി എന്ത് ചെയ്യും. ഞാനും ശരിക്കും കുഴഞ്ഞു. ശ്രീമതിയുടെ കണ്ണുനിറഞ്ഞു. നോമ്പ് നോറ്റ് കിട്ടിയ ഒരു ചാൻസാ ഇനിയെന്താവും?

അവസാന പ്രതീക്ഷയും അവസാനിക്കും എന്ന് ആയപ്പോൾ ഞാൻ അടുത്തുനിന്ന് മറ്റൊരു ഭർത്താവ് നടനോടായി അല്പം ഉറക്കെ പറഞ്ഞു.

ഇതൊന്നുമില്ല ഇവളുടെ വീട്ടിലെ മട്ട്. തനി രാക്ഷസിയാ ഇവൾ. ഇപ്പൊ കണ്ടോ പാവം പൂച്ചയെ പോലെ…

മതി, ശ്രീമതി ശരിക്കും ചാർജ് ആയി. ദേ മനുഷ്യ, ഞാൻ അങ്ങനെ പാവം പൂച്ച ഒന്നുമല്ല. എന്‍റെ ശരിക്കുമുള്ള സ്വഭാവം നിങ്ങൾക്കറിയാമല്ലോ…

ശ്രീമതിയുടെ പ്രകടനം ഗംഭീരമായി. നിർത്താതെയുള്ള ഡയലോഗുകൾ. ഒപ്പം ആക്ഷനും. ഡയറക്ടർ ക്യാമറ ഓൺ ചെയ്തു ഡയറക്ട് ടെലികാസ്റ്റ് തുടങ്ങി. ശ്രീമതിയുടെ ഓരോ ഡയലോഗിനെയും പ്രശംസിച്ചുകൊണ്ട് ഹാളിൽ കരഘോഷം മുഴങ്ങി.

പ്രകടനത്തിനൊടുവിൽ പബ്ലിക്കിനോട് വോട്ട് ആവശ്യപ്പെടേണ്ട ഘട്ടം വന്നു. ഞാൻ ഭർത്താവിന് സ്വസ്ഥത കൊടുക്കാത്തവൾ ആണ്. ഉറക്കത്തിൽ പോലും ഭർത്താവിനെ ഭയപ്പെടുത്താൻ കെൽപ്പുള്ളവളാണ് ഞാൻ. ദയവായി നിങ്ങൾ എനിക്ക് വോട്ട് ചെയ്യുക.

ജനങ്ങളുടെ വോട്ടിന്‍റെയും ജഡ്ജസിന്‍റെ തീരുമാനത്തിന്‍റെയും അടിസ്ഥാനത്തിൽ ശ്രീമതി തന്നെ വിജയിച്ചു. അതോടെ ചാനലുകളിൽ അമ്മായിയമ്മപ്പോര്, മരുമകൾ പാവം, ഭർത്താവിന് തല്ല് തുടങ്ങിയ റിയാലിറ്റി ഷോകളുടെ ഒരു ഘോഷയാത്ര തന്നെ അരങ്ങേറി.

ഇപ്പോൾ റിമോട്ട് കാണുമ്പോൾ എനിക്ക് പേടിയാണ്. അറിയാതെ എങ്ങാനും വിരൽ തൊട്ടാൽ വല്ല ഹണിമൂൺ റിയാലിറ്റി ഷോയും പ്രത്യക്ഷപ്പെട്ടാലോ? ഒന്നും പറയാൻ ഒക്കുകയില്ല. നാട് നമ്മുടെ പ്രബുദ്ധ കേരളം അല്ലേ!

സംശയം

മിസ്സിസ്സ് നിരഞ്ജനയെക്കുറിച്ച് ഭർത്താവ് വീണ്ടും പറയുന്നത് കേട്ടപ്പോൾ മാധുരി അനിഷ്ടത്തോടെ മുഖം തിരിച്ചു. അവൾ ഒന്നും മിണ്ടാതെ കമ്പാർട്ടുമെന്‍റിന്‍റെ വിൻഡോയിലൂടെ പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു. ഇപ്പോൾ നിരഞ്ജനയെന്ന് കേൾക്കുമ്പോഴേ മാധുരിയുടെ മനസ്സ് പിടയുന്നു.

സ്ത്രീ സഹജമായ ഒരു അസ്വസ്ഥത. ഭർത്താവ് പരസ്ത്രീയെ പ്രശംസിക്കുമ്പോൾ അത് പുറത്തുകാട്ടാതിരിക്കുന്നതെങ്ങനെ? മാധുരി തീവണ്ടിയുടെ ചലനങ്ങൾ കാതോർത്തിരുന്നു.

രണ്ടുദിവസം മുമ്പായിരുന്നു മാധുരിയുടെയും സുധീഷിന്‍റെയും വിവാഹം. നിരഞ്ജനക്ക് സുധീഷിനോടുള്ള സമീപനം എന്താണെന്ന് മാധുരിക്ക് അറിയില്ലെങ്കിലും സുധീഷ് നിരഞ്ജനയെ അടുത്തറിയുന്നുണ്ടെന്ന് മാധുരി മനസ്സിലാക്കിയിരുന്നു. ഭർത്താവിന്‍റെ മനസ്സ് പഠിക്കാൻ ഭാര്യയ്ക്ക് അധികം സമയമൊന്നും വേണ്ടല്ലോ. വിവാഹപരസ്യമാണ് ഇരുവരെയും കൂട്ടിയിണക്കിയത്. സുധീഷ് സർക്കാർ ഓഫീസിൽ അസിസ്റ്റന്‍റ് ഓഫീസറാണ്. യാതൊരു സാമ്പത്തിക ബുദ്ധിമുട്ടുകളുമില്ലാത്ത ഒരാൾ. കൂടാതെ മൂന്ന് ഷൂ മാർട്ടുകളുടെ ഉടമ. സുധീഷിന് ബന്ധുവെന്ന് പറയാൻ ഒരു സഹോദരി മാത്രമേ ഉണ്ടായിരുന്നുള്ളൂ, സജിത. മാധുരി താമസിക്കുന്ന അതേ പട്ടണത്തിലാണ് സജിതയെയും വിവാഹം കഴിച്ചുകൊണ്ടുവന്നത്. സജിതയാണ് പത്രത്തിലെ വിവാഹപരസ്യത്തെക്കുറിച്ച് സുധീഷിനോട് സൂചിപ്പിച്ചത്. അഞ്ചുവർഷം മുമ്പാണ് അത്യാഹിതം സംഭവിച്ചത്.

സജിതയെ സന്ദർശിച്ച് മടങ്ങും വഴി അവരുടെ അച്ഛനമ്മമാർ ഒരപകടത്തിൽപ്പെട്ട് മരണമടഞ്ഞു. മാതാപിതാക്കളുടെ പെട്ടെന്നുള്ള വേർപാട് തീരാദുഃഖമായി. സുധീഷ് അന്ന് എംഎ ഫൈനൽ പരീക്ഷ എഴുതിയിരിക്കുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷ എഴുതണമെന്നതായിരുന്നു സുധീഷിന്‍റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ തന്‍റെ സാഹചര്യം അനുകൂലമല്ലെന്ന് അയാൾ കരുതി. കുടുംബത്തിന്‍റെ ചുമതല ഏറ്റെടുക്കേണ്ടി വന്നതിനാൽ ഒരു ജോലിക്ക് ശ്രമിക്കുന്നതാണ് നല്ലതെന്ന് സുധീഷിന് തോന്നി. സിവിൽ സർവീസ് പരീക്ഷിയ്ക്കുള്ള പരിശീലനം തുടരുവാൻ ഏട്ടനും ഏടത്തിയും നിരന്തരം പ്രേരിപ്പിച്ചുവെങ്കിലും അയാൾ അതിൽ യാതൊരു താൽപര്യവും കാണിച്ചില്ല.

സുധീഷിന്‍റെ ശ്രമഫലമായി ഒരു ജോലി ശരിയായി. സുധീഷിന്‍റെ ഓഫീസിൽ തന്നെയായിരുന്നു നിരഞ്ജനയും ജോലി ചെയ്തിരുന്നത്. തന്നെയുമല്ല അവരുടെ താമസസ്ഥലത്തിന് അടുത്തായിരുന്നു സുധീഷിന് കമ്പനി നൽകിയ ഫ്ലാറ്റും.

ചിന്തയിൽ മുഴുകിയിരുന്ന മാധുരിക്ക് പെട്ടെന്നാണ് സ്ഥലകാലബോധമുണ്ടായത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു. നിരഞ്ജന തനിക്കൊരു തലവേദന ആയിരിക്കുമെന്നോർത്ത് അവൾ ആകെ അസ്വസ്ഥയായി. നിരഞ്ജനയെ താനിതുവരെ പരിചയപ്പെട്ടിട്ടില്ല. ഇനി തമ്മിൽ കാണുമ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അറിയില്ല. അവളുടെ ഉള്ളിൽ അമർഷം നിറഞ്ഞു.

നവവധുവായ തന്‍റെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഭർത്താവ് യാതൊരു വിലയും കൽപ്പിക്കുന്നില്ല. പകരം ഒരു അന്യസ്ത്രീയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടും ഇരിക്കുന്നു. ഇത് ഏതൊരാളാണ് ഇഷ്ടപ്പെടുക? ഓരോന്ന് വിചാരിച്ച് മാധുരിയുടെ കണ്ണ് നിറഞ്ഞു.

റെയിൽവേ സ്റ്റേഷനിൽ നിന്നും സുധീഷിനോടൊപ്പം മാധുരിയും പുറത്തിറങ്ങി. പൂക്കൾക്കൊണ്ട് മനോഹരമായി അലങ്കരിച്ച ഒരു കാർ അവിടെ പാർക്ക് ചെയ്തിരുന്നു. മാധുരി ഒരു നിമിഷം ചിന്തിച്ചു, തന്നെയും ഇതുപോലെ സ്നേഹാദരങ്ങളോടെ സ്വീകരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ… പക്ഷേ, ഈ നഗരം തനിക്കപരിചതമാണല്ലോ?

മാധുരി സാവധാനം നടന്ന് കാറിന് സമീപത്തെത്തി, അതിന്‍റെ മുൻവശത്തും പിൻവശത്തുമുള്ള ഗ്ലാസുകളിൽ എഴുതിയിരിക്കുന്ന പേരുകൾ പെട്ടെന്ന് അവളുടെ ശ്രദ്ധയിൽ പതിഞ്ഞു. തന്‍റെയും സുധീഷിന്‍റെയും പേരാണല്ലോ. ഭർത്താവിന്‍റെ സംസാരത്തിൽ നിന്നും നിരഞ്ജനയാണ് ഈ ഒരുക്കങ്ങൾ നടത്തിയതെന്ന് അവൾക്ക് മനസ്സിലായി. തങ്ങളെ റിസീവ് ചെയ്യുന്നതിനായി ഈവിധം തയ്യാറെടുപ്പുകൾ നടത്തിയ നിരഞ്ജനയെക്കുറിച്ചോർത്ത് മാധുരിക്കേറെ ആശ്ചര്യം തോന്നി.

ഡോർ തുറന്ന് ഇരുവരും കാറിൽ കയറിയിരുന്നു. കുറേദൂരം പിന്നിട്ടപ്പോൾ വഴിവിളക്കുകളും അലങ്കാരദീപങ്ങളും കൊണ്ട് റോഡ് വളരെ ആകർഷകമായിരുന്നു. “ഇവിടെ പാർട്ടി വല്ലതും നടക്കുന്നുണ്ടോ?” സുധീഷിന്‍റെ ചോദ്യം കേട്ട് ഡ്രൈവർ പുഞ്ചിരിച്ചു. പിന്നെ അയാൾ പറഞ്ഞു, “സാർ, ഇവിടെ പാർട്ടിയൊന്നുമില്ല. നിങ്ങളെ സ്വീകരിക്കാൻ വേണ്ടിയുള്ളതാണ് ഇതൊക്കെ.”

“നിരഞ്ജന ആരുമായും എളുപ്പത്തിൽ സൗഹൃദത്തിലാകും. ബന്ധങ്ങളെന്തെന്ന് ശരിക്കുമറിയണമെങ്കിൽ നിരഞ്ജനയെ കണ്ട് മനസ്സിലാക്കണം.” സുധീഷ് വികാരാധീനനായി.

കാർ കെട്ടിടത്തിന് മുന്നിൽ നിന്നു. ഈ സമയം വിളക്കും താലവുമായി വാതിൽക്കൽതന്നെ ചെറുപുഞ്ചിയോടെ പ്രൗഢയായ ഒരു സ്ത്രീ കാത്തുനിൽപ്പുണ്ടായിരുന്നു. സുധീഷ് സൂചിപ്പിച്ചതനുസരിച്ച് 50 വയസ്സിനുമീതെ പ്രായം ഉണ്ടായിരുന്നു. പക്ഷേ, കാഴ്ചയിൽ 40- 42 വയസ്സേ തോന്നിക്കൂ. ആദ്യ കാഴ്ചയിൽ നിരഞ്ജനയുടെ പെരുമാറ്റത്തിൽ മാധുരിക്ക് അനിഷ്ടമൊന്നും തോന്നിയിരുന്നില്ല. എന്നാൽ പിന്നീട് നിരഞ്ജനയുമായി അധികം ഇടപഴകാതെ അകലം പാലിച്ചു. അടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല.

ഒരു ഫുട്‍വെയർ മാർട്ട് തുടങ്ങുക എന്ന ആശയം നിരഞ്ജനയാണ് സുധീഷിന് പറഞ്ഞുകൊടുത്തത്. മാർട്ട് തുടങ്ങുന്നതിനുള്ള പണം അവർ പ്രവിഡന്‍റ് ഫണ്ടിൽ നിന്നുമെടുത്ത് കൊടുത്തു. വളരെപ്പെട്ടന്നുതന്നെ സുധീഷ് പണം നിരഞ്ജനക്ക് മടക്കിക്കൊടുക്കുകയും ചെയ്തു. വീഴ്ചയിൽ സഹായിച്ചവരെ ആജീവനാന്തം മറക്കാൻ പാടില്ലെന്നാണ് സുധീഷ് പറയുന്നത്. ഈ ഇടപെടൽ പിന്നീട് അവരെ കൂടുതൽ അടുപ്പിച്ചു. ഇവരുടെ ബന്ധം മാധുരിയുടെ മനസ്സിൽ സംശയത്തിന്‍റെ വിഷവിത്തുകളായി മുളച്ച് തുടങ്ങിയിരുന്നു.

ഒരുദിവസം ഓഫീസിൽ നിന്നും മഴ നനഞ്ഞാണ് സുധീഷ് വീട്ടിലേക്ക് പുറപ്പെട്ടത്. അന്ന് സുഖമില്ലെന്ന കാരണത്താൽ നിരഞ്ജനയും അവധിയിലായിരുന്നു. ഒരു ദിവസം മുഴുവനും മുറിയിലിരുന്ന് മടുത്ത നിരഞ്ജന വൈകുന്നേരമായപ്പോൾ മാധുരിയെ കാണാനായി വീട്ടിലെത്തി. ഈ സമയം സുധീഷ് മഴയിൽ നനഞ്ഞ് അവിടേക്ക് കയറിച്ചെന്നു. പെട്ടെന്ന് മാധുരി ടവലെടുക്കാനായി അകത്തേക്കുപോയി, തിരിച്ചെത്തിയപ്പോൾ നിരഞ്ജന സാരിത്തലപ്പുകൊണ്ട് സുധീഷിന്‍റെ മുടി തുടയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. “ഇങ്ങനെ മഴ നനയരുതെന്ന് ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട് സൂധീ, നിനക്കെന്തെങ്കിലും സംഭവിച്ചാൽ എന്‍റെ കാര്യമെന്താകും?”

ഇത് മാധുരിക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. മാധുരി ദേഷ്യവും സങ്കടവു കലർന്ന ദൃഷ്ടിയോടെ നിരഞ്ജനയെ തുറിച്ചുനോക്കി. അവൾ ടവൽ സോഫയിലേക്കെറിഞ്ഞ് അകത്തെ മുറിയിൽ കയറി കതകടച്ചിരുന്ന് കരഞ്ഞു. നിരഞ്ജന ഒരക്ഷരം ഉരിയാടാതെ അവിടെ നിന്നും ഇറങ്ങിപ്പോയി.

“മാധുരി, ഇതെന്ത് ധിക്കാരമാണ്? നീയെന്തിനാണ് നിരഞ്ജനയോട് ഇത്രയും മോശമായി പെരുമാറിയത്. ഇന്ന് മാത്രമല്ല ഒരു മാസത്തോളമായി ഞാൻ ശ്രദ്ധിക്കുന്നു. നിരഞ്ജനെയന്ന് കേൾക്കുമ്പോഴേ നിന്‍റെ മുഖം ദേഷ്യംകൊണ്ട് ചുവക്കും. അവരെന്തോ പിടിച്ചുപറിക്കാൻ വരുന്നുവെന്ന രീതിയിലാണ് നിന്‍റെ പെരുമാറ്റം.” സൂധീഷിന്‍റെ സംസാരം കേട്ടയുടൻ മാധുരി ചാടിയെണീറ്റു.

“അഭിനയിച്ചിടത്തോളം ധാരാളം. അമ്മയും മകനുമെന്ന പവിത്രബന്ധത്തിന്‍റെ പേരും പറഞ്ഞ് നീചമായ പ്രവൃത്തികൾ എന്നിൽനിന്നും ഒളിപ്പിക്കാൻ ശ്രമിക്കണ്ട. ഇത്രയും ദിവസം ഞാനിതൊക്കെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.”

“മാധുരീ, നീയെന്താണ് പറയുന്നതെന്ന വല്ല നിശ്ചയവുമുണ്ടോ? ഛെ… നിനക്കെങ്ങനെ ഇത്ര തരംതാണ രീതിയിൽ ചിന്തിക്കാൻ സാധിക്കുന്നു. ഞാൻ മോശക്കാരനാണെന്ന് നീ എത്ര ലാഘവത്തോടെയാണ് പറയുന്നത്. വാസ്തവം എന്താണെന്നറിയുമ്പോൾ നീ പശ്ചാത്തപിക്കും. നിനക്ക് കുറ്റബോധവും തോന്നും.” സുധീഷിന് നിയന്ത്രണം നഷ്ടപ്പെട്ടു.

“കാരണമില്ലാതെ ഞാനൊരിക്കലും കുറ്റപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ഞാൻ നിങ്ങളുടെ ഓഫീസിൽ ഫോൺ വിളിക്കുമ്പോഴൊക്കെ നിങ്ങൾ നിരഞ്ജനയോടൊപ്പം പുറത്ത് പോയിരിക്കുകയാണെന്നാണ് മറുപടി ലഭിക്കുന്നത്. നമുക്കൊന്നിച്ച് പുറത്തുപോകാമെന്ന് പറയുമ്പോഴൊന്നും നിങ്ങൾക്ക് തീരെ സമയമില്ല. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ എത്രമാത്രം ശുഷ്കാന്തിയാണുള്ളത്. മാഡത്തിന്‍റെ ഫോൺ ഒന്നുവന്നാൽ മതി, രാത്രിയോ പകലെന്നോയില്ലാതെ ഉടനെ ഡ്യൂട്ടിക്ക് ജോയിൻ ചെയ്യും. എന്താണ് ഇതിന്‍റെയൊക്കെ അർത്ഥം? ശരി, നിങ്ങളവർക്ക് അമ്മ സ്ഥാനമാണ് നൽകിയിരിക്കുന്നതെങ്കിൽ അവരെ അമ്മയെന്നോ ആന്‍റിയെന്നോ വിളിച്ചുകൂടെ? എപ്പോ നോക്കിയാലും നിരഞ്ജനയെന്ന ഒറ്റവിചാരമേയുള്ളൂ.” മാധുരിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.

ഇതൊക്കെ കണ്ടപ്പോൾ സുധീഷിന് മാധുരിയോട് ദയയാണ് തോന്നിയത്. “തൽക്കാലം ഞാനൊന്നും പറയുന്നില്ല. നിന്‍റെ മനസ്സിൽ സംശയമുള്ളിടത്തോളം കാലം ഞാനെന്തു പറഞ്ഞാലും നിനക്കത് മനസ്സിലാകില്ല. പക്ഷേ, ഒന്നുമാത്രം ഞാൻ പറയാം. അവരെ അമ്മ, ആന്‍റി എന്നൊന്നും വിളിച്ചില്ലെങ്കിലും അവരെനിക്ക് അമ്മയെപ്പോലെയാണ്. ഇന്നല്ലെങ്കിൽ നാളെ നിനക്കത് ബോധ്യമാകും.” സുധീഷ് മുറിയിൽ നിന്നിറങ്ങി മഴയിലേക്ക് നടന്നു.

പിന്നീട് ഒരാഴ്ചയോളം സുധീഷ് നിരഞ്ജനയെ കാണാൻ ശ്രമിച്ചതേയില്ല. നിരഞ്ജന അവരുടെ അടുത്തേക്കും വന്നില്ല. കുറച്ചുദിവസങ്ങൾക്കൊണ്ട് സുധീഷും മാധുരിയും പിണക്കമെല്ലാം മറന്നു. വീട്ടിൽ വീണ്ടും സന്തോഷം അലതല്ലി. സുധീഷിന്‍റെ ഉദാസീനമായ മുഖം കാണുമ്പോൾ താനെത്ര വലിയ തെറ്റാണ് ചെയ്തതെന്ന് മാധുരി ഒരു നിമിഷമാലോചിക്കും. തൊട്ടടുത്ത നിമിഷം താന്‍റെ തീരുമാനം ശരിയാണെന്ന് മനസ്സിനെ ഉറപ്പിക്കും.

ഒരു ദിവസം ഓഫീസിൽ നിന്നും വലിയ സന്തോഷത്തിലാണ് സുധീഷ് മടങ്ങിയെത്തിയത്, “മധു, വേഗം റെഡിയാക്. നമ്മൾ കുറച്ച് ദിവസത്തേക്ക് മുംബൈ, ഗോവ, മഹാബലേശ്വർ… ഹണിമൂണിന്  നമുക്ക് ഒരിടത്തും പോകാൻ സാധിച്ചില്ലല്ലോ?”

“സത്യായും…” മാധുരിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.

അടുത്ത ദിവസം യാത്ര തിരിക്കുന്നതിന് മുമ്പായി അവർ നിരഞ്ജനയെ കാണാൻ പോയി. കസേരയിൽ തല ചായ്ച് ആകെ ക്ഷീണിതയായി ഇരിക്കുകയായിരുന്നു അവർ. അന്നേരം സുധീഷിനെയും മാധുരിയെയും അവർ പ്രതീക്ഷിച്ചിരുന്നില്ല. നിരഞ്ജനയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. വിനോദയാത്രയ്ക്ക് പോകുന്നുവെന്നറിഞ്ഞ് അവർ ആഹ്ളാദിച്ചു. അവരുടെ അഭാവത്തിൽ വീട് സംരക്ഷിക്കാമെന്ന് വാക്കും നൽകി.

അവർ ടാക്സിയിൽ കയറിയിരുന്നു. എന്തോ എടുക്കാൻ മറന്നുവെന്നപോലെ മാധുരി ടാക്സിയിൽ നിന്നിറങ്ങി നിരഞ്ജനയുടെ അടുത്തെത്തി, “ആന്‍റീ, ഞാനെപ്പോഴെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം.”

യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ തന്നെ നിരഞ്ജനയെ കാണാനായി പുറപ്പെട്ടു. കാനസർ രോഗിയായിരുന്ന നിരഞ്ജന മരിച്ചുവെന്ന വിവരമാണവരെ ഏതിരേറ്റത്. അവർ രോഗിയായിരുന്നുവെന്ന് മാധുരിക്ക് ഒരിക്കൽപ്പോലും തോന്നിയിട്ടില്ല. എന്നാൽ മാധുരിയെ ആശ്ടര്യപ്പെടുത്തിയത് അതൊന്നുമല്ല. അവർക്കുവേണ്ട എല്ലാ സഹായങ്ങൾ നൽകുകയും താൽപര്യത്തോടെ ഇടപെഴകുകയും ചെയ്തിരുന്നു. സുധീഷ് അവർ മരിച്ചുവെന്നറിഞ്ഞിട്ടും യാതൊരു ഭാവമാറ്റവും കൂടാതെ നിൽക്കുന്നു. ഇതൊക്കെ തനിക്ക് നേരത്തേ അറിയാമായിരുന്നു എന്ന ഭാവമായിരുന്നു സുധീഷിന്. അയാൾ വിവരങ്ങളെല്ലാം അവളെ പറഞ്ഞു മനസ്സിലാക്കി.

നിരഞ്ജനയുടെ അവസാനത്തെ ആഗ്രഹപ്രകാരം സുധീഷ് തന്നെ ഒരു മകന്‍റെ സ്ഥാനത്തുനിന്ന് മരണാനന്തരക്രിയകൾ എല്ലാം ചെയ്തു.

മാധുരിക്ക് തന്‍റെ അറിവില്ലായ്മകൊണ്ട് ചെയ്ത പ്രവർത്തിയോർത്ത് കുറ്റബോധം തോന്നി. അപ്രതീക്ഷിതമായ ഈ സംഭവം മാധുരിയെ വല്ലാതെ അലോസരപ്പെടുത്തി. നിരഞ്ജന നിഷ്കളങ്കയായിരുന്നുവെന്ന് മാധുരിയുടെ മനസ്സ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. “മരിച്ച് മണ്ണടിയുമ്പോഴാണ് ഒരാളുടെ യഥാർത്ഥവില പലപ്പോഴും നാം മനസ്സിലാക്കുന്നത്. അവർ എത്ര വേണ്ടപ്പെട്ടവരായിരുന്നുവെന്ന് ആ വ്യക്തിയുടെ അസാന്നിധ്യം നമ്മളെ നിരന്തരം ഓർമ്മപ്പെടുത്തും.” മാധുരി സെന്‍റിമെന്‍റലായി.

ബലി ചടങ്ങുകളൊക്കെ കഴിഞ്ഞ് അതിഥികളൊക്കെ യാത്രയായി, അവർ സ്വസ്ഥമായിരിക്കുമ്പോഴാണ് വക്കീലവിടെയെത്തിയത്. നിരഞ്ജനയുടെ വിൽപ്പത്രം നൽകാൻ വന്നതായിരുന്നു വക്കീൽ. തനിക്ക് സ്വന്തബന്ധമെന്ന് പറയാൻ ആരുമില്ലെന്ന് വിൽപ്പത്രത്തിൽ വ്യക്തമായിയെഴുതിരിക്കുന്നു. താൻ സുധീഷിനെ സ്വന്തം മകനെപ്പോലെയാണ് കരുതിയത്. താൻ നല്ലവണ്ണം ആലോചിച്ച് തീരുമാനിച്ച ശേഷമാണ് സ്വത്തൊക്കെ സുധീഷിന്‍റെയും മാധുരിയുടെയും പേരിൽ എഴുതി വയ്ക്കുന്നതെന്നും വിൽപ്പത്രത്തിൽ വ്യക്തമായിട്ടുണ്ടായിരുന്നു.

“തന്‍റെ മരണശേഷം മാത്രമേ ഏൽപ്പിക്കാൻ പാടുള്ളുവെന്ന് നിരഞ്ജന പ്രത്യേകം താൽപര്യപ്പെട്ടിരുന്നു.” വക്കീൽ അവരോട് പറഞ്ഞു.

മാധുരിക്ക് ഒരു കത്ത് കൊടുത്തു.

പ്രിയ മാധുരി,

ദീർഘ സുമംഗലീ ഭവഃ

ഈ കത്ത് നിന്‍റെ കൈയിൽ കിട്ടുമ്പോൾ ഞാൻ ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കും. ഞാനും സുധീഷുമായുള്ള ബന്ധത്തെ നീ സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്ന് എനിക്കറിയാം. അങ്ങനെല്ലെന്ന് സ്ഥാപിക്കാൻ ഇനിയെനിക്ക് സമയമില്ല. മരണശേഷവും എന്‍റെ പേരിൽ ഇങ്ങനെയൊരു കളങ്കം കേൾക്കാൻ ഞാനാഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് സ്വന്തം മകനെന്നപോൽ സ്നേഹിക്കുന്ന സുധീഷിനെക്കുറിച്ചാകുമ്പോൾ. എന്‍റെ ആത്മാവിന് ഗതികിട്ടില്ല. ഒരമ്മയുടെ വാത്സല്യമാണ് എനിക്ക് സുധീഷിനോടുള്ളത്. ഒരു മകന്‍റെ സ്നേഹമാണ് അവനെനിക്ക് നൽകുന്നത്.

കാൻസർ രോഗത്തിന്‍റെ ലാസ്റ്റ് സ്റ്റേജിലായിരുന്നു ഞാൻ. മാധുരിയാകട്ടെ പുതുതായി കുടുംബജീവിതം തുടങ്ങിയതേയുള്ളൂ. എന്‍റെ രോഗത്തെക്കുറിച്ച് സൂചിപ്പിച്ച് ആഹ്ളാദഭരിതമായ നിങ്ങളുടെ ജീവിതം ദുഃഖത്തിലാഴ്ത്താൻ ഞാനാഗ്രഹിച്ചില്ല. അതുകൊണ്ട് ഇതേക്കുറിച്ച് നിന്നോട് പറയരുതെന്ന് ഞാൻ ശഠിച്ചിരുന്നു. ഒരുപക്ഷേ ഇതാവും ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റും. ഭാര്യയ്ക്കാണ് ഭർത്താവിൽ പൂർണ്ണ അവകാശമെന്ന യാഥാർത്ഥ്യം ഞാൻ മറന്നു. ഭർത്താവ് മറ്റേതെഭ്കിലും സ്ത്രീക്ക് പ്രാധാന്യം നൽകുന്നത് ഭാര്യയ്ക്ക് സഹിക്കാനാകുമോ? അതിനാൽ നിന്നെ കുറ്റപ്പെടുത്തുന്നില്ല. ഞാൻ നിന്നെ വിഷമിപ്പിച്ചതിൽ എനിക്ക് വേദനയുണ്ട്.

മാധുരിയിതൊന്നും അറിയാതിരിക്കാൻ വേണ്ടിയാണ് സുധീഷ് ഓഫീസ് ടൈമിൽ എന്നെയുംകൂട്ടി ആശുപത്രിയിൽ പോയത്. പക്ഷേ ഞങ്ങൾ ഓഫീസ് സമയത്ത് പുറത്തെവിടെയോ ചുറ്റിക്കറങ്ങാൻ പോകുന്നുവെന്നല്ലേ മാധുരി കരുതിയത്. അതോടെ മാധുരിയുടെ സംശയം ദൃഢപ്പെട്ടു. സൗന്ദര്യം വാസ്തവത്തിലെനിക്കൊരു ശാപമായിത്തീരുകയായിരുന്നു. ആ സൗന്ദര്യമാണ് ഭർത്താവ് ചാരിത്ര്യമില്ലാത്തവളായി പ്രഖ്യാപിക്കാനും കാരണം.

ഇത് എന്‍റെ മാത്രമല്ല സുന്ദരികളായ എല്ലാ സ്ത്രീകളുടെയും ജീവിത ദുരന്തമാണ്. പരസ്പരവിശ്വാസവും ആശ്രയവുമാണ് ഭദ്രമായ ദാമ്പത്യജീവിതത്തിന്‍റെ അടിത്തറ. ഉറപ്പില്ലാത്ത അടിത്തറയാണെങ്കിൽ സ്നേഹത്തിന്‍റെ സ്വപ്നഗൃഹം തകർന്നടിഞ്ഞ് വീഴുകയേയുള്ളൂ. അതിനാൽ സന്തുഷ്ട ലോകത്തിൽ സംശയത്തെ കുടിയേറ്റരുത്. സംശയത്തിന്‍റെ വിഷവിത്ത് സ്നേഹക്കൂടാരത്തെ ഇല്ലാതാക്കും. ഞാനെന്നും മാധുരിയോട് കടപ്പെട്ടിരിക്കും. യാത്ര തിരിക്കുംമുമ്പ് മരണാസന്നനിലയിലായിരുന്ന എന്‍റെയടുത്തുവന്ന് മാപ്പ് ചോദിച്ചത് എന്നെ ആഹ്ളാദിപ്പിക്കുന്നു. മനസ്സിന്‍റെ ഭാരം ഇറക്കിവച്ചതുപോലെ തോന്നുന്നു. എന്നെ അവിശ്വസിക്കില്ലെന്ന് കരുതട്ടെ. നിങ്ങൾക്ക് സന്തോഷപ്രദമായ ഭാവി കാംഷിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.

നിങ്ങളുടെ പ്രിയ ആന്‍റി

നിരഞ്ജന

കത്തിലെ വാചകങ്ങൾ മാധുരിയുടെ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു. സന്തോഷത്താലും സങ്കടത്താലും അവൾ തളർന്നുപോയി.

ഒരമ്മയെ സംശയിച്ചതിന്‍റെ കുറ്റബോധം കഴുകികളയാനെന്നോണം അവൾ ഭർത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

ഹാപ്പി ഹോം

മമ്മി…. ഈ മമ്മി എവിടെ പോയി? മകൾ രേണുകയുടെ ശബ്ദം കേട്ട് ഗോമതിയമ്മ തിരിഞ്ഞുനോക്കി.

ആഹാ… ഇവിടെ ഇരിക്കുകയായിരുന്നോ? വീട് മുഴുവനും തിരഞ്ഞു. ഈ ഇരുട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് എന്തിനാ? ഇതുവരെ ഒരുങ്ങിയില്ലേ? ഈ ഒരു ദിവസം എത്തുമ്പോൾ മമ്മി എന്തിനാ ഇത്രമാത്രം വിഷമിക്കുന്നത്?

ഏപ്രിൽ ഒന്ന്. ഈ ദിവസം തനിക്ക് എങ്ങനെ സന്തോഷമായിരിക്കാൻ പറ്റും. വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് മകൾ മൃദുല മരണത്തിലേക്ക് നടന്നകന്നത്. അവളുടെ ഓർമ്മയ്ക്കായി ആണ് 25 കൊല്ലം മുമ്പ് മൃദുലാസ് ഹാപ്പി ഹോം സ്ഥാപിച്ചത്. ഇന്ന് അതിന്‍റെ രജത ജൂബിലി ആഘോഷമാണ്. ഗോമതിയമ്മ ഓർമ്മകളുടെ ലോകത്തിലൂടെയുള്ള യാത്ര മതിയാക്കി മകളെ നോക്കി.

മമ്മി, വേഗം റെഡിയാവ്. പപ്പാ നേരിട്ട് പ്രോഗ്രാമിന് എത്തിച്ചേരാമെന്ന് പറഞ്ഞിട്ടുണ്ട്. നമ്മൾ വീട്ടിൽ നിന്നും തിരിച്ചിട്ടുണ്ടോ എന്നറിയാൻ അനാഥാലയത്തിൽ നിന്നും വിളിച്ചിരുന്നു.

അനാഥാലയം എന്ന് പറയരുത് എന്ന് നിന്നോട് നൂറാവർത്തി പറഞ്ഞിട്ടില്ലേ. അതും നമ്മുടെ വീട് തന്നെയാണ്. നമ്മുടെ മൃദുല മോളുടെ ഓർമ്മയ്ക്കായി കരുതിവെച്ച നമ്മുടെ വീടാണ് അത്. ഗോമതിയമ്മ മകളെ തിരുത്താൻ ശ്രമിച്ചു.

സോറി മമ്മി, വേഗം തയ്യാറാവ്. അരുൺ ചേട്ടൻ ഇപ്പോൾ ഇങ്ങെത്തും.

മുഖ്യഅതിഥി ദീപം തെളിച്ചതോടെ പരിപാടി തുടങ്ങി. ചുവരിൽ ഉള്ള മകളുടെ വലിയ ചിത്രത്തിൽ ഹാരം അർപ്പിക്കുമ്പോൾ ഗോമതി അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.

പരിപാടിയുടെ സമാപനത്തിനു മുമ്പായി ഗോമതിയമ്മയ്ക്ക് രണ്ടു വാക്ക് പറയേണ്ടതായി വന്നു. അവർ വികാരാധീനയായി. ബഹുമാന്യ സുഹൃത്തുക്കളെ, 25 വർഷങ്ങൾക്കു മുമ്പ് ഞാനും ഭർത്താവും ചേർന്നാണ് ഈ സ്ഥാപനം തുടങ്ങിയത്. ഞങ്ങളുടെ ഈ ചെറിയ സംരംഭം വളർന്ന് പന്തലിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത്രയേറെ പേരുടെ സഹായസഹകരണം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന് പല പ്രായത്തിലുള്ള 500 അധികം കുട്ടികൾ ഇവിടെയുണ്ട്. മൂന്ന്പേർ സ്കോളർഷിപ്പ് പാസായി ഡോക്ടറായിട്ടുണ്ട്. പത്തിലധികം പേർ എൻജിനീയർമാരായി. കൂടാതെ ഉയർന്ന പദവികളിൽ ജോലി ചെയ്യുന്നവരും അനവധിയാണ്. ഇതിലും അധികം അഭിമാനിക്കാൻ എന്തുവേണം. ഇവിടത്തെ കുട്ടികളുടെ മുഖത്ത് എന്നെന്നും സന്തോഷം നിറഞ്ഞ നിൽക്കട്ടെ നന്ദി.

സദസ്സിൽ നിന്നും വലിയൊരു കരഘോഷമുണ്ടായി. ഈ അഭിനന്ദനത്തിന് യാഥാർത്ഥ്യത്തിൽ താൻ അർഹയാണോ? ഗോമതിയമ്മ ചിന്തിച്ചു. ഇന്ന് ഹാപ്പി ഹോമിലെ കുട്ടികൾക്ക് നൽകിയ വാത്സല്യത്തിന്‍റെ ചെറിയൊരു അംശമെങ്കിലും താൻ മൃദുല മോൾക്ക് നൽകിയിരുന്നോ?

മനസ്സിന്‍റെ കോണിൽ നിന്നും ചിന്തകൾ പതുക്കെ തലയുയർത്തി. സ്വന്തം ചെയ്തികളിലേക്കെത്തി നോക്കിയപ്പോൾ എന്തെന്നില്ലാത്ത മനസ്സാക്ഷിക്കുത്ത് തോന്നി. ഗോമതിയമ്മ മനസ്സ് എന്ന കണ്ണാടിക്ക് അഭിമുഖമായി നിൽക്കാൻ പോലും ഭയന്നു.

ഗോമതിയുടെ മനസ്സ് ഗതകാല സ്മരണകളുടെ ചുവടു പറ്റി അലഞ്ഞു നടന്നു. മൃദുലയെ ആദ്യമായി കണ്ടുമുട്ടിയതും നഷ്ടമായതും… വർഷങ്ങൾക്കു മുമ്പ് അച്ഛൻ രാജീവിനും മുത്തശ്ശിക്കും ഒപ്പം താമസിക്കാൻ എത്തിയതായിരുന്നു മൂന്നുവയസ്സുകാരി മൃദുല.

അയൽപക്കത്ത് പുതിയ താമസക്കാരെത്തുമ്പോൾ അവരെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംഷ ആരിലും ഉണ്ടാകും. അമ്മയും ഈ കാര്യത്തിൽ വ്യത്യസ്ത ആയിരുന്നില്ല.

ഗോമതിയുടെ അമ്മയും അച്ഛനും പുതിയ അയൽക്കാരെ പോയി പരിചയപ്പെട്ടു. അവരെ വീട്ടിലേക്ക് ക്ഷണിച്ചു. അമ്മ അവർക്ക് ചായയും പലഹാരങ്ങളും തയ്യാറാക്കി കൊടുത്തു.

നല്ല മനുഷ്യരാ. ഒരു കൊച്ചുമോൾ ഉണ്ട്. മൃദുല. അമ്മയില്ലാത്ത കുട്ടിയാ അത്. മൂന്നുമാസമേയായുള്ളൂ അവളുടെ അമ്മ മരിച്ചിട്ട്.

ഇത്ര ചെറുപ്രായത്തിൽ അവർക്ക് എന്തു പറ്റി? ഗോമതി ആശ്ചര്യത്തോടെ ചോദിച്ചു.

ഗർഭാശയ ക്യാൻസർ. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം യൂട്രസ് നീക്കം ചെയ്തു. അപ്പോഴേക്കും ക്യാൻസർ പടർന്നു കഴിഞ്ഞിരുന്നു. മുത്തശ്ശിയിൽ നിന്ന് കേട്ട കാര്യങ്ങൾ അമ്മ വിവരിച്ചു.

മൃദുലയുടെ കരച്ചിൽ കേട്ട് ഗോമതി പുറത്തേക്കിറങ്ങി. മുത്തശ്ശി കൊച്ചുമകളെ മടിയിൽ ഇരുത്തി കാക്കയെയും പക്ഷികളെയും കാണിച്ച് കരച്ചിൽ നിർത്താൻ ശ്രമിക്കുകയായിരുന്നു. പക്ഷേ മൃദുല കരച്ചിൽ നിർത്തുന്ന മട്ടേയില്ല.

റോസ് നിറത്തിൽ കൊച്ചു പൂക്കളോട് കൂടിയ ഫ്രോക്ക് അവൾക്ക് ഏറെ ഇണങ്ങുന്നുണ്ടായിരുന്നു. അവളുടെ മുഖത്തേക്ക് വീണുകൊണ്ടിരുന്ന ചുരുണ്ട മുടി മുത്തശ്ശി ഇടയ്ക്കിടയ്ക്ക് വകഞ്ഞു മാറ്റിക്കൊണ്ടിരുന്നു. ഗോമതി മുറ്റത്തുനിന്നിരുന്ന ഒരു റോസാപ്പൂവ് ഇറുത്തു റോഡ് മുറിച്ച് കടന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് മുത്തശ്ശി പുറകോട്ട് തിരിഞ്ഞു നോക്കി.

നമസ്തേ ആന്‍റി. ഗോമതി മുത്തശ്ശിയെ നോക്കി കൈകൂപ്പി. ഗോമതിയുടെ പിന്നാലെ അമ്മയും അവിടെ എത്തിച്ചേർന്നിരുന്നു.

മോളെ, എന്തിനാ കരയുന്നത്? പുതിയ വീട് ഇഷ്ടമായില്ലേ? ഗോമതിയുടെ അമ്മ വാത്സല്യത്തോടെ മൃദുലയുടെ കവിളിൽ തടവി.

മൃദുല കരച്ചിൽ നിർത്തി. അത്ഭുതത്തോടെ അവരെ തന്നെ ഉറ്റുനോക്കി. അടുത്തു വരാനായി ഗോമതി കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ തലകുലുക്കി അവൾ ആ ക്ഷണം നിരസിച്ചു. ഗോമതി റോസാപ്പൂവ് അവൾക്ക് നേരെ നീട്ടിയപ്പോൾ മൃദുല അടുത്തേക്ക് വന്നു. ഗോമതി അവളെയും എടുത്ത് വീട്ടുമുറ്റത്തെ കൊച്ചു പൂന്തോട്ടത്തിൽ എത്തി. പല വർണ്ണത്തിൽ ഉള്ള പൂക്കൾ കണ്ട് മൃദുല കൈകൊട്ടി ചിരിച്ചു.

മൂന്നുമാസത്തിനിടയിൽ കൊച്ച് ഇന്നാണൊന്ന് തുറന്നു ചിരിക്കുന്നത്. മുത്തശ്ശി നിർമ്മലാദേവി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. മുത്തശ്ശി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വേണ്ടെന്ന അർത്ഥത്തിൽ അവൾ ഗോമതിയുടെ തോളിൽ ഇറുകിയെ പിടിച്ചു.

ഗോമതി മുത്തശ്ശിയുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി. ഗോമതി കോരി കൊടുത്തപ്പോൾ അവൾ യാതൊരു അപരിചിതത്വവും കൂടാതെ കഴിച്ചു. ഗോമതിയുമായി ഏറെ അടുത്തിഴപഴകിയതോടെ അവൾ വീട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. രാജീവ് മടങ്ങിയെത്തി ഒരുപാട് നേരത്തെ ശ്രമത്തിനൊടുവിൽ ആണ് അവൾക്ക് വീട്ടിലേക്ക് വരാനായത്. കുട്ടി അവളെ വിടുന്നില്ല.

ഒരു രാത്രി മൃദുലയ്ക്ക് കടുത്ത പനി ഉണ്ടായി. പിറ്റേന്നാണ് ഗോമതി ഇതേക്കുറിച്ച് അറിയുന്നത്.

ആന്‍റി, എന്തേ എന്നെ വിളിക്കാതിരുന്നത്?

മോളെ, ഇത് ഒറ്റ രാത്രിയുടെ കാര്യമല്ലല്ലോ? ആ ജീവനാന്തം വേണ്ടതല്ലേ. അമ്മയില്ലാത്ത ഈ കുഞ്ഞിനെ നീ സ്നേഹിച്ച ലാളിച്ച് പൊന്നുപോലെ ഒരു വർഷം നോക്കി. മോൾക്ക് രാജീവിനെ വിവാഹം കഴിച്ച് എന്നെന്നേക്കുമായി ഈ വീടിന്‍റെ മരുമകളായി കൂടെ?

നിർമ്മലാ ദേവി അവളുടെ കയ്യിൽ പിടിച്ചു. അവരുടെ കണ്ണുനിറഞ്ഞു. അമ്മ പറയുന്നത് കേട്ട് രാജീവിന്‍റെ മുഖം മാറി.

ഈ അമ്മയുടെ ഒരു കാര്യം. അമ്മയ്ക്ക് ആരോട് എങ്ങനെ സംസാരിക്കണം എന്നൊരു നിശ്ചയവും ഇല്ലേ?

രാജീവ് കോപാകുലനായി. മകന്‍റെ മുഖത്ത് ഇതുപോലെ ദേഷ്യം നിർമ്മല ദേവി ആദ്യമായാണ് കാണുന്നത്. അവിവാഹിതയായ പെൺകുട്ടിയാണ് ഗോമതി. ഒരു വിഭാര്യന്‍റെ പങ്കാളിയാവാൻ ക്ഷണിച്ചാൽ ഇഷ്ടം ആകുമോ?

ഗോമതി, അമ്മ പറയുന്നത് കാര്യമാക്കല്ലേ. പ്രായം ഒരുപാട് ആയില്ലേ അതാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. രാത്രി നിങ്ങളെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി. മൃദുലയുടെ മനസ്സിൽ അമ്മയുടെ സ്ഥാനമാണ് നിങ്ങൾക്ക്. ഒരുപക്ഷേ നാളെ നിങ്ങൾ വിവാഹിതയായി പോയാൽ ഇവളെ പറഞ്ഞു മനസ്സിലാക്കുക പ്രയാസകരമാകും. രാജീവ് ജാള്യത മാറ്റാൻ എന്നോണം പറഞ്ഞു.

രാജീവിനോട് യാത്ര പറഞ്ഞു ഗോമതി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയിട്ടും യാതൊന്നും ചെയ്യാൻ മനസ്സു വന്നില്ല. ഗോമതി അമ്മയോട് നടന്നതൊക്കെ വിവരിച്ചു.

ഒരു ദിവസം മുഖവുര കൂടാതെ അച്ഛൻ അവളുടെ വിവാഹക്കാര്യം സംസാരിച്ചു. മോളെ, നിന്‍റെ വിവാഹം നടന്നു കാണണമെന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുവെന്ന് നിനക്കറിയാമോ? ആ ജീവനാന്തം സ്വന്തം വീട്ടിൽ തങ്ങുന്നതിനേക്കാൾ നല്ലത് ഭർത്താവും കുടുംബവും ഒക്കെയായി താമസിക്കുകയല്ലേ. രാജീവ് വിവാഹിതൻ ആണെങ്കിൽ പ്രായം കൊണ്ടും സ്വഭാവം കൊണ്ടും നിനക്ക് അനുയോജ്യനായിരിക്കും. നിനക്ക് രാജീവിനെ വിവാഹം കഴിക്കാൻ ഇഷ്ടമാണെങ്കിൽ ഞാൻ അവരോട് സംസാരിക്കാം. മോള് നല്ലപോലെ ആലോചിച്ചു തീരുമാനത്തിലെത്തിയാൽ മതി.

രാത്രിയിൽ അവൾക്ക് ഒരു പോള കണ്ണടയ്ക്കാൻ ആയില്ല. ശാന്ത സ്വഭാവവും മിതമായ സംസാരവും ഉള്ള രാജീവിനെ പോലെ ഒരാളെ തന്നെയാണ് അവൾ ഭർത്താവായി ആഗ്രഹിച്ചത്. വിവാഹത്തിന് സമ്മതമാണെന്ന് കാര്യം രാവിലെ തന്നെ ഗോമതി അമ്മയെ ധരിപ്പിച്ചു.

15 ദിവസത്തിനകം ഗോമതിയും രാജീവുമായുള്ള രജിസ്റ്റർ വിവാഹം നടന്നു. മൃദുലയ്ക്കായിരുന്നു ഏറ്റവും സന്തോഷം. ഇനി മുതൽ ആന്‍റി ഞങ്ങളോടൊപ്പം താമസിക്കുമല്ലോ.

മോളെ, ഇനി മുതൽ ആന്‍റി എന്ന് വിളിക്കരുത്. മമ്മി എന്ന് വിളിക്കണം. കേട്ടോ. മുത്തശ്ശി കൊച്ചുമകളെ ഉപദേശിച്ചു.

ശരി, ഇനി മുതൽ ഞാൻ മമ്മി എന്ന് വിളിക്കാം. എന്തു സുന്ദരിയാ എന്‍റെ മമ്മി. മൂന്നു വയസ്സുകാരി മൃദുല ഗോമതിയുടെ തോളിലൂടെ കൈചുറ്റി.

സന്തോഷം നിറഞ്ഞ ഒരു വർഷം. ഇതിനിടെ രാജീവിന് ചെന്നൈയിലേക്ക് ട്രാൻസ്ഫറായി. മൃദുല സ്കൂളിൽ പോകാൻ തുടങ്ങി. ഗോമതി ഒരു കുഞ്ഞിനു ജന്മം നൽകാൻ പോകുന്നു എന്നറിഞ്ഞ് വീട്ടിൽ സന്തോഷം നിറഞ്ഞു.

മോളേ, നീ ഇനി ഒറ്റയ്ക്കിരുന്ന് ബോറടിക്കേണ്ട. നിനക്ക് കളിക്കാൻ ഒരു കൂട്ടു വരുന്നു.

പ്രസവശേഷവും ഗോമതി സ്വന്തം വീട്ടിൽ തന്നെ തങ്ങി. പരീക്ഷ കഴിഞ്ഞതോടെ രാജീവ് മൃദുലയെ ഗോമതിയുടെ അടുത്ത് കൊണ്ടാക്കി.

ഒരു ദിവസം ഗോമതി മൃദുലയുടെ മുടി ചീകി കൊടുക്കുകയായിരുന്നു. അതിനിടയ്ക്ക് രണ്ടുമാസം മാത്രം പ്രായമായ അരുൺ ഉറക്കെ കരഞ്ഞു.

അമ്മേ, അരുണിനെ ഒന്ന് എടുക്കൂ. ഞാൻ അപ്പോഴേക്കും ഇവൾക്ക് മുടി കെട്ടി കൊടുത്തിട്ട് വരാം.

അടുക്കളയിലെ തിരക്കൊതുക്കി അമ്മയെത്തി അരുണിനെ എടുത്തപ്പോഴേക്കും അവൻ കരഞ്ഞ അവശനായിരുന്നു. അമ്മ അരുണിന്‍റെ പുറത്തുതട്ടി അവന്‍റെ കരച്ചിൽ നിർത്താൻ ശ്രമിച്ചു. ആദ്യം സ്വന്തം കൊച്ചിനെ നന്നായി നോക്ക്. നീ എന്താ ഇതിനെ ജീവിതാന്ത്യം വരെ തലയിൽ കേറ്റി വയ്ക്കാൻ പോവുകയാണോ?

മൃദുലയ്ക്ക് അപ്പറഞ്ഞതിന്‍റെ അർത്ഥം മനസ്സിലായാലും ഇല്ലെങ്കിലും ഗോമതി ഉടനെ പ്രതികരിച്ചു, അമ്മയെന്തൊക്കെ വിഡ്ഢിത്തമാണ് പറയുന്നത്. മൃദുലയും അരുണും എനിക്കൊരു പോലെയല്ലേ.

ഇനി ഇതൊക്കെ ഞാൻ നിന്നെ പറഞ്ഞു മനസ്സിലാക്കണോ. സ്വന്തം കുഞ്ഞ് എന്നും സ്വന്തമായിരിക്കും. ദാ, കരഞ്ഞു കരഞ്ഞ് ഇവൻ കോലം കെട്ടു. കുഞ്ഞിന് പാല് കൊടുക്ക്.

ഗോമതി കുഞ്ഞിനെ കൈയിലെടുത്തതും അവൻ കരച്ചിൽ നിർത്തി.

മൃദുലയുടെ സ്കൂൾ തുറന്നു. ഗോമതി അരുണിനെയും മൃദുലയേയും കൂട്ടി ചെന്നൈയ്ക്ക് തിരിച്ചു. അരുണിനെ താലോലിച്ചും പരിപാലിച്ചും തുടങ്ങിയ ഗോമതിക്ക് മൃദുലയുടെ കാര്യത്തിലുള്ള ശ്രദ്ധ കുറഞ്ഞുവന്നു. തന്‍റെയൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു വന്ന് ഒന്നും മൃദുലയെ അവൾ നിർദ്ദാക്ഷിണ്യം തിരുത്തി.

ഒരു ദിവസം അടുക്കളയിൽ ജോലി തിരക്കിലായിരുന്നു ഗോമതി. 9 മാസം പ്രായമായ അരുണിനെ തൊട്ടിലിൽ പാട്ടുപാടി ഉറക്കുകയായിരുന്നു മൃദുല. പെട്ടെന്ന് വലിയൊരു വീഴ്ചയും അരുണിന്‍റെ ഉച്ചത്തിലുള്ള കരച്ചിലും… കയ്യിലുള്ള പാത്രം വലിച്ചെറിഞ്ഞ് ഗോമതി മുറിയിലേക്ക് ഓടിയെത്തി. അരുൺ നിലത്തു കിടന്ന് നിർത്താതെ കരയുന്നു. മൃദുല ഞെട്ടിത്തരിച്ച് മാറി നിൽക്കുന്നു.

എടി നീ എങ്ങനെയാ ഇവനെ താഴെ ഇട്ടത്? ഗോമതി അരുണിനെ വാരിയെടുത്ത് മൃദുലയെ നോക്കി അലറി.

മമ്മി, ഞാൻ തൊട്ടിലാട്ടുകയായിരുന്നു. പക്ഷേ അരുൺ എങ്ങിനെയോ തെറിച്ചുവീണു. മൃദുല വിറച്ചു കൊണ്ടു പറഞ്ഞു.

നുണ. നീ ശക്തിയായി തൊട്ടിലാട്ടിയപ്പോൾ അവൻ തെറിച്ചു വീണതാവും. നിനക്ക് പതുക്കെ തൊട്ടിലാട്ടിയാൽ പോരായിരുന്നോ? ഇനി അരുണിനെ തൊട്ടുപോകരുത്. കോപമടക്കാൻ ആവാതെ ഗോമതി മൃദുലയെ കുറെ അടിച്ചു.

അതോടെ അവർക്കിടയിൽ അകൽച്ച വളർന്നു. ഗോമതിയുടെ അനാവശ്യ ശകാരവും തിരസ്കാരവും കാരണം മൃദുല ഉൾവലിയാൻ തുടങ്ങി. സദാ ദുഃഖഭാവം ആയിരുന്നു അവളുടെ മുഖത്ത്. മുത്തശ്ശിക്ക് മൃദുലയുടെ അവസ്ഥ കണ്ട് സങ്കടം തോന്നി. അവളുടെ കണ്ണുകളിലെ വിവശതയും മൗനവും ഒരു നൂറായിരം പരിഭവങ്ങൾ ഒളിപ്പിച്ചു. ഗോമതി എല്ലാം അറിഞ്ഞുകൊണ്ടും അറിയാത്ത ഭാവം നടിച്ചു.

ഒറ്റപ്പെടലും തിരസ്കാരവും അടിക്കടി ആയതോടെ മൃദുല നാലാം ക്ലാസിൽ എത്തിയപ്പോഴേക്കും പഠനത്തിൽ ഒരുപാട് പിന്നിലായി കഴിഞ്ഞിരുന്നു.

ഗോമതി വീണ്ടും ഗർഭിണിയായി. രാജീവിനത് ഒട്ടും ഉൾക്കൊള്ളാൻ ആയില്ലെങ്കിലും ഗോമതിയുടെ ആഗ്രഹത്തിന് എതിരു നിന്നില്ലെന്ന് മാത്രം. ചെന്നൈയിലായിരുന്നു രേണുകയുടെ ജനനം.

ഏഴ് വയസ്സുകാരൻ അരുണിനെയും രണ്ടര വയസ്സുകാരി രേണുകയെയും ശ്രദ്ധിക്കുന്നതിനിടയ്ക്ക് ഗോമതിക്ക് 12- 13 വയസ്സുള്ള മൃദുലയെ ശ്രദ്ധിക്കാനേ സാധിച്ചില്ല.

മൃദുലയോടുള്ള ഗോമതിയുടെ പെരുമാറ്റം ദിനംപ്രതി മോശമാകുന്നത് കണ്ട് മുത്തശ്ശി ഒരു ദിവസം പ്രതികരിച്ചു. മോളെ, മൂന്നു വയസ്സുള്ളപ്പോൾ തൊട്ട് നീ മൃദുലയെ വളർത്തുന്നതല്ലേ. നീ അവളോട് ഇത്ര കടുത്ത് പെരുമാറുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അവളോട് ഒരല്പം സ്നേഹത്തോടെ പെരുമാറരുതോ. മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞു.

മുത്തശ്ശിയുടെ ഈ പരിവേദനം എരിത്തീയിൽ എണ്ണയൊഴിക്കും വിധം എരിഞ്ഞതേയുള്ളൂ. കൊള്ളാം മുത്തശ്ശി. ഞാൻ ഇത്രയും നാൾ ചെയ്തതൊക്കെ വെറുതെയായല്ലോ. ഞാനെന്താ രണ്ടാനമ്മയെ പോലെയാണോ ഇവളോട് പെരുമാറുന്നത്? മൃദുലയെ വല്ലപ്പോഴും ഒന്ന് ശകാരിക്കുന്നതിനാണോ എനിക്കീ രണ്ടാനമ്മ പരിവേശം നൽകിയിരിക്കുന്നത്. എത്രയൊക്കെ നല്ലവൾ ആണെങ്കിലും രണ്ടാനമ്മ എന്നും രണ്ടാനമ്മ തന്നെയായിരിക്കും. ഗോമതി പിറുപിറുത്തുകൊണ്ട് അകത്തേക്ക് നടന്നു.

ഒരു ദിവസം മുത്തശ്ശിക്ക് കടുത്ത നെഞ്ചുവേദന തോന്നി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. മൂന്നു മക്കളിലും മൃദുലേക്കായിരുന്നു മുത്തശ്ശിയോട് കൂടുതൽ ഇഷ്ടം. മുത്തശ്ശിയുടെ വിയോഗത്തോടെ മൃദുല തീർത്തും ഒറ്റപ്പെട്ടു. ഇടയ്ക്കൊക്കെ അവൾ മുത്തശ്ശിയുടെ ഫോട്ടോയിൽ നോക്കി കരയും. രാജീവ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കും.

ഗോമതിക്ക് ഒരിക്കലും മറക്കാനാവാത്ത ദിനം. അരുണും രേണവും ടെറസിൽ കളിക്കുകയായിരുന്നു. രേണുവിന്‍റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് ഗോമതി ടെറസിൽ എത്തിയത്. രേണുവിന്‍റെ കൈയിലെ പട്ടം അരുൺ തട്ടിപറിച്ച് പറത്താൻ ശ്രമിക്കുന്നു. മൃദുല നിശബ്ദതയായി ദൂരെ മാറിനിൽക്കുന്നു. ഗോമതി വേഗം രേണുവിനെ എടുത്ത് മൃദുലയോട് കയർത്തു. കൊച്ചനിയത്തി കരയുന്നത് കണ്ടിട്ടും നീ ഇങ്ങനെ മിണ്ടാതെ നിൽക്കുവാണോ, മൂത്തവളാണ് പോലും…

അരുണിന്‍റെ കൈയിൽ നിന്നും പട്ടം പറന്ന് മൂന്നുനാല് വീടുകൾക്ക് അപ്പുറമുള്ള കുറ്റിക്കാട്ടിൽ ചെന്നു വീണു. പട്ടം എടുക്കാനായി അരുൺ വേഗം പടികൾ ഇറങ്ങുന്നത് കണ്ട് ഗോമതി തടഞ്ഞു. നീ ഇവിടെ നിൽക്ക് ഇവൾ പോയി പട്ടം എടുത്തു കൊണ്ടുവരും.

മമ്മി, എപ്പോഴും ഞാനല്ലേ താഴെ പോയി പട്ടം എടുത്തു കൊണ്ടുവരുന്നത്. പടികൾ കയറി ഇറങ്ങി എന്‍റെ കാൽ വേദനിക്കുന്നു. ഞാൻ എടുക്കില്ല. മൃദുല വാശിപിടിച്ചു.

ആദ്യമായാണ് മൃദുല അമ്മയോട് പറ്റില്ലെന്ന് പറയുന്നത്. ഗോമതി ദേഷ്യം കൊണ്ടുവിറച്ചു. നീ അത്രയ്ക്കായോ. തർക്കുത്തരം പറയുന്നോ. നിന്‍റെ സഹോദരങ്ങളും ഇത് കണ്ടല്ലേ പഠിക്കുന്നത്. ഇന്ന് വൈകിട്ട് പപ്പ വരട്ടെ. വേഗം പോയി പട്ടം എടുത്തു കൊണ്ടുവാ.

ഗോമതി മൃദുലയെ തുടരെ നാലഞ്ചുവട്ടം അടിച്ചു. അവൾ ഏങ്ങിയേങ്ങി കരഞ്ഞ് ഗേറ്റ് തുറന്ന് ചെരിപ്പിടാതെ പുറത്തേക്ക് നടന്നു.

തലേന്ന് കനത്ത മഴ പെയ്തിരുന്നു. പതിവുപോലെ കാനകളിൽ മഴവെള്ളം കെട്ടിക്കിടന്നു. ഓടിപ്പോകുന്നതിനിടയിൽ മൃദുല കാൽ തെറ്റി കുഴിയിലേക്ക് വീണു.

ഇത് കണ്ട് ടെറസിൽ നിന്ന് ഗോമതി കുട്ടികളുമായി താഴേക്ക് ഓടി വന്നു. ഇലക്ട്രിക് വയർ മുറിഞ്ഞ് വെള്ളത്തിലേക്ക് വീണു കിടക്കുകയാണ്. ആ വെള്ളത്തിലേക്കാണ് മൃദുല വീണത്. ഓടിക്കൂടിയ ആളുകൾ മരക്കമ്പിന്‍റെ സഹായത്തോടെ പുറത്തെടുത്തപ്പോഴേക്കും മൃദുല മരിച്ചിരുന്നു.

മൃദുലയുടെ മൃതദേഹം കണ്ട് രാജീവ് ശരിക്കും പകച്ചു പോയി. ഗോമതി എന്തുചെയ്യണമെന്നറിയാതെ സ്തബ്ധയായി നിന്നു. മൃദുലയുടെ മരണം ഗോമതിയേയും രാജീവിനെയും രണ്ട് ധ്രുവങ്ങളിൽ എത്തിച്ചു. മറ്റു രണ്ടു മക്കൾ ഉണ്ടായിട്ടും അവർക്കിടയിൽ ശൂന്യത നിറഞ്ഞുനിന്നു.

ഒരു ദിവസം അരുൺ മൃദുലയുടെ കോപ്പി ബുക്ക് എടുത്ത് ഗോമതിക്ക് നൽകി. ഗോമതി പുസ്തകത്താളുകൾ മറിച്ച് തിരികെ വയ്ക്കാൻ ഒരുങ്ങുന്നതിനിടയിൽ മൃദുലയുടെ അക്ഷരം കണ്ട് വീണ്ടും പുസ്തകം എടുത്ത് വായിക്കാൻ തുടങ്ങി. ഓരോ താളുകളും മറിക്കുമ്പോഴും ഗോമതിയുടെ കണ്ണ് നിറഞ്ഞു.

ഓരോ താളിലും മൃദുലയുടെ മനസ്സിന്‍റെ വേദന നിറഞ്ഞു നിന്നിരുന്നു. തന്‍റെ നിർദ്ദയമായ പെരുമാറ്റം കാരണം അവൾക്ക് അനുഭവിക്കേണ്ടിവന്ന വിഷമങ്ങൾ, അവളുടെ നിഷ്കളങ്ക മനസ്സിനോട് താൻ കാണിച്ച അനീതി, ഒറ്റപ്പെടൽ, ഏകാന്തത, അമ്മയുടെ സ്നേഹം കൊതിക്കുന്ന മനസ്സ്… മൃദുലയുടെ മനസ്സ് ആ പുസ്തകത്താളുകളിലൂടെ ഗോമതി വായിച്ചറിഞ്ഞു. അവളുടെ പിഞ്ചു മനസ്സ് എന്തുമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും. കല്ലിനേക്കാൾ കഠിനമായിരുന്നു തന്‍റെ മനസ്സ്. ഗോമതിക്ക് കുറ്റബോധം തോന്നി.

വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തിയ രാജീവിനെ ആ പുസ്തകം ഏൽപ്പിച്ച് അവൾ ഏങ്ങിയേങ്ങി കരയാൻ തുടങ്ങി. രാജീവ് ഓരോ താളുകളും മറിച്ച് ചേതനയറ്റതു പോലെ ഇരുന്നു. കുറെ നേരമായിട്ടും രാജീവ് മിണ്ടാതിരിക്കുന്നത് കണ്ട് ഗോമതിക്ക് ക്ഷമയറ്റു.

മൃദുല കാരണമാണ് എനിക്ക് താങ്കളെപ്പോലെ നല്ലൊരു ഭർത്താവും സന്തുഷ്ട കുടുംബജീവിതവും ലഭിച്ചത്. അതൊക്കെ മറന്നു ഞാൻ സ്വാർത്ഥതയോടെ സ്വന്തം സുഖത്തിന് പിന്നാലെ പായുകയായിരുന്നു. ഞാൻ മൃദുലയെ ഉപദ്രവിച്ചതിന് കയ്യും കണക്കുമില്ല. എന്‍റെ തെറ്റുകളെ ശിക്ഷ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്… ഗോമതി ഏങ്ങിയേങ്ങി കരഞ്ഞു.

കുറേ നേരത്തെ മൗനത്തിനുശേഷം രാജീവ് ഇടറിയ സ്വരത്തിൽ പറഞ്ഞു, നീ ചെയ്തത് തെറ്റാണ്. അതിലും വലിയ തെറ്റാണ് ഞാൻ ചെയ്തത്. ഞാൻ അവളുടെ കാര്യങ്ങൾ തീരെ ശ്രദ്ധിക്കാറില്ലായിരുന്നു. അവൾ ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു. അവൾക്ക് അർഹമായ സ്നേഹവും നൽകിയില്ല. ഇതിനുള്ള ശിക്ഷയായിരിക്കും ഇത്. ഇനി ഒരായിരം വട്ടം പശ്ചാത്തപിച്ചിട്ടും ഒരു കാര്യവുമില്ല. അവൾ മടങ്ങി വരില്ല. ഒരിക്കലും. ഇനിയുള്ള ജീവിതം ഈ കുറ്റബോധത്തിന്‍റെ വലിയ ഭാരവും പേറി തള്ളിനീക്കേണ്ടതായി വരും. അതാണ് നമുക്കുള്ള ശിക്ഷ, രാജീവ് വിതുമ്പി കരഞ്ഞു.

കാലത്തിന് ഏതു മുറിവും മായ്ക്കാൻ ആവുമെന്ന് പറയാറില്ലേ. മൃദുല മരിച്ചിട്ട് 27 വർഷമാകുന്നു. എന്നാൽ ഇന്നേവരെ ആ കുറ്റബോധത്തിൽ നിന്നും മോചിതയാവാൻ സാധിച്ചിട്ടില്ല.

മൃദുലയുടെ മരണത്തിനുശേഷം ഗോമതിയുടെ മനസ്സ് പശ്ചാത്താപത്തിന്‍റെ തീക്കുണ്ഡത്തിൽ എരിയുവാൻ തുടങ്ങി.

വീട്ടുജോലിക്കാരി വാസ്ന്തിക്ക് ചേരി പ്രദേശത്തെ വഴിയരികിൽ നിന്നും തുണിയിൽ പൊതിഞ്ഞ ഒരു പിഞ്ചു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ചു. ഉറുമ്പരിച്ച നിലയിലായതിനാൽ ആദ്യം കുഞ്ഞിന് വേണ്ട പ്രാഥമിക ശുശ്രൂഷ നൽകി. ഒരാഴ്ചയായിട്ടും കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും വരാതായപ്പോൾ ഗോമതി തന്നെ കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചു. ഓട്ടോക്കാരൻ മുരുകേശൻ അനാഥരായ രണ്ടു കുഞ്ഞുങ്ങളെ കൂടി ഗോമതിയുടെ പക്കൽ കൊണ്ട് ചെന്നാക്കി.

നോക്കിനിൽക്കെ ഒരു വർഷത്തിനുള്ളിൽ അനാഥരായ കുട്ടികളുടെ എണ്ണം 15 ഓളം ആയി. ഗോമതിയമ്മ സഹായത്തിനായി 2 ആയമാരെ നിയോഗിച്ചു. വീടിനു പുറത്ത് മൃദുലാസ് ഹാപ്പി ഹോം എന്ന ബോർഡ് സ്ഥാപിച്ചു. അതോടെ ഉപേക്ഷിക്കപ്പെട്ട അനേകം കുഞ്ഞുങ്ങൾക്ക് അഭയകേന്ദ്രമായി ആ ഭവനം. കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്ഥാപനത്തിനുള്ള ഡോണേഷനും സഹായവും ഏറെ വന്നു. ഇത് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആക്കിയിരുന്നു. സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിൽ രാജീവിന്‍റെ സജീവ പിന്തുണയും ലഭിച്ചു. ഓരോ കുഞ്ഞിലും ഗോമതി മൃദുലയെ തേടുകയായിരുന്നു.

നിങ്ങൾ വിളിക്കുന്ന നമ്പർ ബിസിയാണ്…

വിവാഹശേഷം വീട്ടിൽ നിന്നിറങ്ങുന്ന വധു ദൂഃഖിതയായി കണ്ണീരൊഴുക്കുക പതിവാണ്. ഈ സമയത്തുതന്നെ ഹർഷാരവങ്ങളോടെ ബന്ധുജനങ്ങളുടെ ആർപ്പുവിളിയും കുരവയിടലും മുഴങ്ങും. കരച്ചിലുമായി ഇറങ്ങാൻ തുടങ്ങവേ പെട്ടെന്ന് അമ്മ ഒരു ബോക്സ് അവളുടെ കൈയിൽ കൊടുത്തു. അവൾ മൂക്കുപിഴിച്ചിൽ നിറുത്തി ബോക്സ് തുറന്നപ്പോൾ അതിനുള്ളിൽ ഒരു മൊബൈലായിരുന്നു. “മോളേ, ഇടയ്ക്കിടെ നീ എന്നെ വിളിച്ച് വിശേഷങ്ങൾ അറിയിക്കണം. വിഷമിക്കാതെ യാത്രയാകൂ…” ഇത് പറയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.

ഇതൊക്കെ ഏവരുടെയും ജീവിതത്തിൽ ഉണ്ടാകാനിടയുള്ള ഒരു സാധാരണ സംഭവമായേ ഞാൻ കണ്ടുള്ളൂ. എന്നാൽ മൊബൈൽ വില്ലനാണെന്ന് തിരിച്ചറിവ് ഗൃഹപ്രവേശത്തിന് ഒരുങ്ങുമ്പോഴാണെനിക്ക് മനസ്സിലായത്. ആദ്യമായി എന്‍റെ വീട്ടുമുറ്റത്ത് അവളുടെ മൊബൈൽ ശബ്ദിച്ചു. ആരെങ്കിലും വിളിക്കുന്നതാകുമെന്ന് കരുതി എടുക്കാൻ ഒരുങ്ങിയതും “ഹായ് മമ്മീ… ഞാനാ…” ശ്രീമതിയുടെ ഉച്ചത്തിലുള്ള സ്വരമധുരിമ കേട്ട് ആദ്യം ഞാനൊന്ന് ഞെട്ടി. “മമ്മിയുടെ ഫോണാ…” അവൾ സ്വയം പിറുപിറുത്തു. “ദേ, അഞ്ചുമിനിറ്റ്, ഞാൻ ഒന്ന് സംസാരിക്കട്ടെ…” അവൾ എന്നോട് പറഞ്ഞു. അവളുടെ നിർദ്ദേശമനുസരിച്ച് അൽപനേരത്തേക്ക് ഗൃഹപ്രവേശ ചടങ്ങ് നിറുത്തിവെച്ചു.

“മമ്മീ, ഇപ്പോഴെത്തിയതേയുള്ളൂ.” ശ്രീമതി എന്‍റെ അമ്മായിയമ്മക്ക് ഉടനടി റിപ്പോർട്ട് നൽകി.

“ഇല്ല മമ്മീ, നോ പ്രോബ്ലം. വൊമിറ്റിംഗ് ഒഴിവാക്കുന്നതിനായി ഞാൻ ആദ്യം തന്നെ ഗുളിക കഴിച്ചിരുന്നു. അതുകൊണ്ട് യാത്രയിൽ വലിയ കുഴപ്പമുണ്ടായില്ല. മമ്മിക്കറിയാല്ലോ വൊമിറ്റിംഗ് എന്നെ സംബന്ധിച്ച് ശരിക്കുമൊരു അക്യൂട്ട് പ്രോബ്ലം തന്നെയാണ്.” അവൾ ഉറക്കെ പറയുകയാണ്.

“ഇല്ല മമ്മീ, ഒരു ഡിസ്റ്റർബൻസുമില്ല. ഞങ്ങൾ ഇപ്പോൾ ഇവിടെ എത്തിയതേയുള്ളൂ.” വലതുകാൽ വെച്ച് കയറാൻ ഒരുങ്ങിയപ്പോഴേക്കുമാണ് അവൾ ഫോൺ ചെയ്യാൻ പോയത്.

“ശരി മമ്മീ… പിന്നീട് വിളിച്ച് വിശദമായി പറയാം. താങ്ക്യൂ മമ്മീ.” ശ്രീമതി ഫോൺ ഡിസ്കണക്ട് ചെയ്തു.  (ഞങ്ങളുടെ കുടുംബത്തിനോട് കനിവ് കാണിച്ചു എന്ന് പറയാം.)

ഗൃഹപ്രവേശ ചടങ്ങ് ഗംഭീരമായി നടന്നു.

കഷ്ടം മൊബൈൽ ആദ്യമായി കൈയിൽ കിട്ടിയപ്പോൾ തന്നെ ഇതാണവസ്ഥ. വരാൻ പോകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ഞാൻ ബോധവാനായി. ശരിക്കും പറഞ്ഞാൽ അതൊരു തുടക്കം മാത്രമായിരുന്നു. പിറ്റേന്ന് നടന്നത് അതിലും ഭീകരമായിരുന്നു.

ആദ്യ രാത്രിയിലെ മധുരസ്മരണകളുമായി ഞാൻ കട്ടിലിൽ കിടക്കുകയാണ്. പെട്ടെന്ന് “കോലക്കുഴൽ വിളി കേട്ടോ….” എന്ന ശ്രുതി മധുര ഗാനം എന്‍റെ ചെവിയിൽ തുളഞ്ഞുകയറി. ഉറക്കച്ചടവോടെ കിടക്കുന്ന എനിക്ക് ഇതേതോ സുന്ദരസ്വപ്നമായാണ് തോന്നിയത്.

ഉറക്കം വിട്ടുമാറാതെ കിടന്ന ഞാൻ പെട്ടെന്ന് ചാടിയെഴുന്നേറ്റ് കണ്ണുകൾ തിരുമ്മി എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലായി. ശബ്ദം എവിടെ നിന്നാണ് കേട്ടതെന്നറിയാൻ ചുറ്റുപാടും നിരീക്ഷിക്കുന്നതിനിടയിൽ ശ്രീമതി ബാത്ത്റൂമിൽ നിന്നിറങ്ങി വന്നു. അവൾ എന്‍റെ നേർക്ക് നടന്നു വരുന്നത്കണ്ട് ഹൃദയമൊന്ന് കാളി. അവൾ കട്ടിലിനരികിലെത്തി മൊബൈൽ എടുത്ത് ചെവിയോട് ചേർത്തു. അമ്മക്ക് മകളോടുള്ള സ്നേഹമെന്താണെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയിരുന്നു.

“മമ്മീ ഞാനാ… ഇവിടെ കുഴപ്പമൊന്നുമില്ല. മമ്മി വെറുതേ ടെൻഷനടിക്കണ്ട. ഞാൻ ബാത്ത്റൂമിലായിരുന്നു. ഇങ്ങേരാണെങ്കിൽ നല്ല ഉറക്കത്തിലും. അതാ ഫോണെടുക്കാൻ വൈകിയത്.” അവൾ വിശേഷങ്ങളെല്ലാം വിസ്തരിച്ച് വിവരിക്കാൻ തുടങ്ങി. ഞാൻ കുളിച്ചൊരുങ്ങി വന്നപ്പോഴും മമ്മിയും മകളും തമ്മിലുള്ള നോൺസ്റ്റോപ്പ് സംസാരം തുടരുകയായിരുന്നു.

“കണ്ടോ, നിങ്ങളുടെ ചെറിയൊരു അശ്രദ്ധ കൊണ്ട് മമ്മി എന്തുമാത്രം ടെൻഷനടിച്ചെന്നറിയാമോ, ഓന്ന് ഫോണെടുത്ത് കൂടായിരുന്നില്ലേ? അല്ലെങ്കിൽ ബാത്ത്റൂമിൽ കൊണ്ടുത്തരമായിരുന്നില്ല. മമ്മിക്ക് ഇത്ര ടെൻഷനുണ്ടാകില്ലായിരുന്നു.”

അന്നായാലും ഇന്നായാലും എനിക്കെപ്പോഴും രണ്ടാം സ്ഥാനമേയുള്ളൂ. ശ്രീമതിക്കുവേണ്ടി മൊബൈലും മൊബൈലിനുവേണ്ടി ശ്രീമിതിയും ജീവിക്കുകയാണെന്ന് തോന്നും. ശ്രീമതിക്ക് പിരിഞ്ഞിരിക്കാനാകും പക്ഷേ, മൊബൈലില്ലാതെ ഒരു നിമിഷം പോലും വയ്യ. അവളൊരിക്കൽ പോലും മൊബൈൽ ഓഫാക്കി വച്ചിട്ടേയില്ല.

രാത്രി ശ്രീമതി ഉറങ്ങുമ്പോഴല്ലാതെ അതിനൊരു വിശ്രമവുമില്ല. പകലന്തിയോളം മമ്മി, പപ്പ, ഏട്ടൻ, ഏടത്തി, സുഹൃത്തുക്കൾ തുടങ്ങിയവരുടെയെല്ലാം ഫോൺകോളുകളുടെ കലപില ശബ്ദം. ഇൻകമിംഗ്, ഔട്ട്ഗോയിംഗ് കോൾസിന് ഒരു കുറവുമില്ല. ഫോൺബിൽ ഓരോ മാസവും കുത്തനെ ഉയർന്നു.

എല്ലാ സുപ്രധാന വിവരങ്ങളും അപ്പപ്പോൾ തന്നെ വീട്ടിലേക്ക് അറിയിക്കാനും അവൾ ഉത്സുകയായിരുന്നു. രാവിലെയും വൈകുന്നേരവും തയ്യാറാക്കേണ്ട ഭക്ഷണത്തേക്കുറിച്ചുമൊക്കെ മമ്മിയുമായി അവൾ ഡിസ്കസ് ചെയ്യുക പതിവാണ്. ടിവി പമ്പരകളിലെ ഓരോ കഥാപാത്രങ്ങളും ചർച്ചാവിഷയങ്ങളായി. വീട്ടിലെല്ലാവർക്കും സുഖമല്ലെയെന്ന ചോദ്യം മുതൽ അയൽപക്കത്തുകാരുടെ വിശേഷങ്ങളും നാട്ടുകാര്യങ്ങളും കഴിഞ്ഞ് അയൽ രാജ്യത്തിന്‍റെ അതിർത്തി കടന്ന് ചർച്ച നീളും.

മൂന്നുനാല് ദിവസത്തിനുള്ളിൽ ഈ മൊബൈൽ ക്രേസിനൊരു അറുതി വരുമെന്നാണ് ഞാൻ കരുതിയത്. വീടും കുടുംബവും ഉത്തരവാദിത്തങ്ങളും ഒക്കെയാകുമ്പോൾ ശ്രീമതിയുടെ മൊബൈൽ ക്രേസ് കുറയുമല്ലോ. പക്ഷേ, ഒക്കെ വ്യർത്ഥമെന്ന് പറഞ്ഞാൽ മതിയല്ലോ…. ദിവസത്തിൽ ചുരുങ്ങിയത് ആറേഴ് തവണയെങ്കിലും മമ്മിയുടെ ഫോൺ കോൾ എത്തും. “മമ്മീ, എന്തെടുക്കുവാ? മമ്മി വിഷമിക്കണ്ട, മമ്മി എപ്പോഴും വിളിക്കണേ, വിശേഷങ്ങളറിയാൻ കാത്ത് ഞാനിവിടെ കാത്തിരിക്കുകയാണ്.” എന്നിങ്ങനെ പല്ലവി മുഴങ്ങും.

വിവാഹനാൾ മുതൽ അമ്മയ്ക്ക് മകളോടുള്ള അടക്കാനാകാത്ത സ്നേഹപ്രകടനം മൊബൈലിലൂടെയാണ്. എന്നോട് അവൾക്കൽപം അടുപ്പമുണ്ടാകുന്നത് രണ്ട് അവസരങ്ങളിൽ മാത്രമാണ്. റീചാർജിനും ടോപ്- അപ് വേളയിലും.

ശാന്തിപുരം

ശാന്തിപുരത്തിലേക്കുള്ള യാത്ര ഒരു മോഹം മാത്രമായിരുന്നില്ല. മറിച്ച് ഒരു ആവശ്യം കൂടിയായിരുന്നു. നാഴികയ്ക്ക് നാല്പതുവട്ടം സുനന്ദ ഈ കാര്യം ഓർമിപ്പിക്കുമായിരുന്നു. ഓഫീസിൽ നിന്ന് എത്തിയുള്ള വിശ്രമത്തിനിടയിൽ അവൾ തരുന്ന ചുടു ചായയുടെ രുചി നുകരുന്നതിനിടയിൽ അവൾ അടുത്തെത്തും. മോളുടെ സ്കൂൾ വിഷയത്തിൽ നിന്നും തുടങ്ങി വിശേഷങ്ങൾ ചെന്നെത്തുക ശാന്തിപുരത്തിൽ ആയിരിക്കും. ശാന്തിപുരത്തിന്‍റെ പ്രസക്തിയെ പറ്റി എനിക്കുണ്ടായിരുന്ന അറിവ് വളരെ പരിമിതമായിരുന്നു. എന്നാൽ സുനന്ദയ്ക്ക് എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാമായിരുന്നു. അങ്ങനെ അവൾ തന്ന അറിവിലൂടെ ഞാൻ പോലും അറിയാതെ ശാന്തിപുരം എന്‍റെ മനസ്സിൽ ഇടം നേടി.

കഷ്ട നഷ്ടങ്ങളുടെ കണക്കുകൾ ശനിയുടെ മറയിൽ പഴിചാരി ജീവിതത്തിന്‍റെ നല്ല നാളുകൾ ഏറെ നഷ്ടപ്പെടുത്തിയിരുന്നു. വീട്ടാകടങ്ങളുടെയും ജീവിത പ്രാരാബ്ധങ്ങളുടെയും നടുവിൽ വരുംവരായികളെ ചൊല്ലി പതം പറഞ്ഞ് അർത്ഥശൂന്യമായ നാളെയെ സ്വപ്നം കാണുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞുതന്നത് അവളായിരുന്നു. അതിനുള്ള ഒരു പരിഹാര നിവൃത്തിയായിരുന്നു ശാന്തിപുരത്തേക്കുള്ള യാത്ര.

മനസ്സും ശരീരവും ശുദ്ധിയോടെ സ്വാമിയിൽ അർപ്പിച്ച് പാപപരിഹാരത്തിനായി അപേക്ഷിച്ചാൽ സ്വാമി കടാക്ഷിക്കും, തീർച്ച. സ്വാമിയുടെ അനുഗ്രഹത്തോടെ പാപമുക്തിയും ജീവിതമുക്തിയും നേടിയവരുടെ കഥകൾ അനവധി പറയാനുണ്ട് അവൾക്ക്. ഓരോ ദിവസവും ഓരോ കഥകളും അനുഭവങ്ങളും അവൾ ഉദാഹരണസഹിതം നിരത്തി. അതിൽ സ്വാമിയുടെ പങ്കിനെപ്പറ്റി യുക്തിയോടെ സംസാരിക്കുമ്പോൾ ആദ്യമെല്ലാം അവളോട് യോജിക്കുവാൻ മനസ്സ് മടിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഓഫീസിലെ അക്കൗണ്ടന്‍റ് ജോസഫ് സാറടക്കം സ്വാമിയുടെ ഭക്തരാണെന്ന് അറിഞ്ഞപ്പോൾ പിന്നെ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.

വർഷാവസാനം അടുത്തു മേശമേൽ ഫയലുകളുടെ കനം വർദ്ധിക്കാൻ തുടങ്ങിയതോടെ ശാന്തിപുരത്തിലേക്കുള്ള യാത്ര ഒരു ചോദ്യചിഹ്നമായി മാറി. എന്നാൽ കഴിഞ്ഞ ദിവസം സൂപ്രണ്ട് യാതൊരു മുന്നറിയിപ്പും ഇല്ലാതെ അവധിയിൽ പ്രവേശിച്ചപ്പോൾ വെറും സാധാരണ സെക്ഷൻ ക്ലർക്കായ തന്‍റെ മുന്നിൽ ശാന്തിപുരത്തിലേക്കുള്ള പാത തെളിയുകയായിരുന്നു. ഓഫീസിൽ നിന്നും തിരിക്കുമ്പോൾ ജോസഫ് സാറിനോട് ഈ യാത്രയുടെ കാര്യം സൂചിപ്പിക്കാൻ മറന്നില്ല. കാരണം എപ്പോഴും ഒരു പ്രൊട്ടക്ഷൻ ആവശ്യമാണല്ലോ. മകളുടെ ട്യൂഷൻ നഷ്ടപ്പെടുമെന്ന് വേവലാതിയിൽ സുനന്ദ സ്വയം പിന്മാറുകയായിരുന്നു. മാത്രവുമല്ല അവളുടെ ശരീരശുദ്ധിയിൽ അവൾക്ക് വിശ്വാസം കുറവായിരുന്നു.

സ്റ്റേഷനിൽ സാമാന്യം തിരക്കുണ്ടായിരുന്നു. കാവിയണിഞ്ഞവരുടെ ഒരു വൻനിര തന്നെ കവാടത്തിലൂടെ രൂപപ്പെട്ടു. എല്ലാവരും ശാന്തിപുരത്തേക്കു തന്നെ. അവരിൽ വൃദ്ധരും കുട്ടികളും ഒപ്പം അശരണരായ സ്ത്രീകളും ഉണ്ടായിരുന്നു. സ്വാമിയുടെ മഹത്വത്തെ വാഴ്ത്തി പാടിക്കൊണ്ട് ഒരു കൂട്ടം ആളുകൾ മുന്നേറിക്കൊണ്ടിരുന്നു.

മുൻകൂട്ടി റിസർവേഷൻ ഉണ്ടായിരുന്നതിനാൽ സീറ്റിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സീറ്റ് നമ്പർ ഒത്തു നോക്കി ജനലരികിലെ ഈ ഇരിപ്പിടം ഒഴിച്ച് ബാക്കിയെല്ലാം തന്നെ നിറഞ്ഞിരുന്നു. ഇനിയുള്ള യാത്രയിൽ എങ്ങനെ സമയം കൊല്ലും എന്ന ചിന്തയിൽ സ്വയം നഷ്ടപ്പെട്ട് ഇരിക്കുമ്പോഴാണ് മുന്നിലെ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്. തന്നെക്കാൾ പ്രായം കുറഞ്ഞ അയാൾ മറ്റുള്ളവരേക്കാൾ വ്യത്യസ്തനായി തോന്നിച്ചു. ഞാനും അദ്ദേഹവും മാത്രമേ വേഷവിധാനത്തിൽ വ്യത്യസ്തത പുലർത്തിയിരുന്നുള്ളൂ. അയാളുടെ കറുത്ത കണ്ണട ആ മുഖത്തിന് ഒട്ടും യോജിച്ചതായിരുന്നില്ല. ചുളിവ് വീണ ദോത്തിയും തൂവെള്ള ജുബ്ബയും അയാളുടെ കറുപ്പിൽ നിന്ന് വേറിട്ട് നിന്നിരുന്നു. ആരെയോ തിരയുന്ന മുഖഭാവത്തോടെ അയാളുടെ കണ്ണുകൾ ചുറ്റിലും പരതുകയായിരുന്നു. യാത്ര അയക്കുവാൻ വരാമെന്ന് ഏറ്റിരുന്ന ഏതെങ്കിലും സുഹൃത്തുക്കൾ, അല്ലെങ്കിൽ ഒപ്പം വരാനിരിക്കുന്ന ഏതെങ്കിലും സഹയാത്രികൻ….

ഈ രാത്രി യാത്രയിൽ ആരെയെങ്കിലും കൂട്ടിന് കിട്ടിയിരുന്നെങ്കിൽ എന്ന് മനസ്സ് കൊതിച്ചു. തലേദിവസം ഒറ്റയ്ക്കുള്ള ഈ യാത്രയെ പറ്റി സുനന്ദയോട് സൂചിപ്പിച്ചിരുന്നു. അപ്പോൾ ഒരു അമ്പരപ്പിന്‍റെ നോട്ടം സമ്മാനിച്ചുകൊണ്ട് അവൾ പറഞ്ഞു.

വേണ്ട! യാത്രയിൽ പരിചയം പുതുക്കാൻ പലരും വരും. ആരെയും വിശ്വസിക്കരുത്. ഏട്ടൻ ആണെങ്കിൽ പാവവും. കള്ളന്മാരും കൊലപാതകികളും ഏത് രൂപത്തിലാണ് വരിക എന്ന് പറയാൻ വയ്യ. അവൾ എപ്പോഴും അങ്ങനെയാണ്. നിസ്സാര കാര്യങ്ങളിൽ പോലും മനസ്സ് അർപ്പിച്ച് അതിന്‍റെ വരുംവരായികളെ പറ്റി ചിന്തിച്ച് ഉറക്കം നഷ്ടപ്പെടുത്തിയ എത്രയോ രാവുകൾ… തന്‍റെ സാന്ത്വനങ്ങൾക്കൊന്നും അവളുടെ മനസ്സിന്‍റെ വീർപ്പുമുട്ടലുകളെ സമാശ്വസിപ്പിക്കുവാൻ കഴിയാറുമില്ല.

തീവണ്ടി പുറപ്പെടുന്നതിനുള്ള സമയം അറിയിച്ചുകൊണ്ട് വിസിൽ മുഴങ്ങി. അതോടെ ആളുകൾ അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി. പുറത്ത് എരിഞ്ഞടങ്ങാൻ തുടങ്ങുന്ന പകലിന്‍റെ ആരവത്തിന്‍റെ നേർത്തലകൾ. അപ്പോഴാണ് അയാൾ തനിക്കെതിരെ മുഖം തിരിച്ചത്. അയാളുടെ കറുത്ത കണ്ണടയുടെ തിളക്കം ഏറെ ശ്രദ്ധിച്ചു. അതിന്‍റെ കറുപ്പ് ഏതോ ഗൂഢ രഹസ്യത്തിന്‍റെ പ്രതീകം പോലെ തോന്നിച്ചു. കൗതുകത്തോടെ അയാളുടെ മുഖത്ത് നോക്കിയപ്പോൾ അയാളുടെ മുഖത്തും അറിയാതെ വന്നു പരിചിതഭാവം. ശാന്തിപുരത്തേക്ക് ആയിരിക്കും അല്ലേ? അയാൾ സംസാരത്തിന് തുടക്കമിട്ടു.

അതെ. ഒരു സൗഹൃദബന്ധം അവിടെ തുടങ്ങുകയായിരുന്നു. മണിക്കൂറുകൾ യാത്ര ചെയ്യേണ്ടതല്ലേ. എന്തെങ്കിലും സംസാരിച്ചിരിക്കാൻ ഒരാൾ കൂടെയുള്ളത് നല്ലതാണ് ബോറടി ഒഴിവാക്കാമല്ലോ.

അപ്പോൾ തന്നെ സുനന്ദയുടെ അമ്പരപ്പാർന്ന മുഖം ഓർമ്മയിൽ വന്നു. അതോടെ ഉള്ളിൽ അറിയാതെ ചിരി പൊട്ടി.

വിവാഹിതനാണ് അല്ലേ? അയാളുടെ തുടർന്നുള്ള ചോദ്യം അമ്പരിപ്പിക്കാതിരുന്നില്ല.

അതെ… ഒരു കുട്ടിയും ഉണ്ട്. നിസ്സാരമട്ടിൽ മറുപടി പറഞ്ഞു.

ആണോ… പെണ്ണോ? അയാൾ വിടാൻ ഒരുക്കമില്ല.

ഒരു നിമിഷം അയാളുടെ മുഖത്തേക്ക് വെറുതെ നോക്കി. തന്‍റെ സംശയനിവാരണത്തിനെന്ന വണ്ണം അയാൾ തുടർന്നു.

സംശയിക്കേണ്ട, വെറുതെ ചോദിച്ചതാണ്.

അതിനുള്ള മറുപടിയായി വെറുതെ പുഞ്ചിരിച്ചു.

കാരണം, നിങ്ങളുടെ ശരീരം മാത്രമേ ഇവിടെയുള്ളൂ. മനസ്സ് ഭാര്യയുടെ അടുത്താണ്. ശരിയല്ലേ? എന്തോ വലിയ സത്യം കണ്ടുപിടിച്ച ജേതാവിന്‍റെ മട്ടിൽ അയാൾ നിവർന്നിരുന്നു. ഒരു നിമിഷം അത്ഭുതം തോന്നാതിരുന്നില്ല. എത്ര കൃത്യമായി അയാൾ കാര്യങ്ങൾ ഊഹിക്കുന്നു. ഇയാൾ വല്ല ദിവ്യനോ മറ്റോ ആണോ? അതോ, സുനന്ദ പറഞ്ഞത് പോലെ…

മാഷേ… ആരെയും വിശ്വസിക്കരുത്. സ്വന്തം രക്തബന്ധത്തെ പോലും.

ഇത് കണ്ടോ? അയാൾ തന്‍റെ മുഖത്തെ കണ്ണട എടുത്തു.

ഈശ്വരാ… അറിയാതെ മനസ്സിൽ വിളിച്ചു പോയി. സുനന്ദ ഇപ്പോൾ കൂടിയില്ലാഞ്ഞത് വളരെ നന്നായെന്ന് ഓർത്തു. അല്ലെങ്കിൽ അവൾ ഈ നിമിഷം തളർന്നുവീണേനെ.

സാരമില്ല, ആ നായിന്‍റെ മോനെയും അവന്‍റെ ആളുകളെയും ഞങ്ങൾ വെറുതെ വിടുമെന്ന് കരുതുന്നുണ്ടോ? എന്‍റെ ഒരു കണ്ണേ അവൻ എടുത്തുള്ളൂ. പകരത്തിന് അവന്‍റെ രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്ത് സ്വാമിക്ക് ദക്ഷിണ വയ്ക്കാനാണ് എന്‍റെ ഉദ്ദേശ്യം. അയാൾ ഒന്നു നിർത്തി.

എന്‍റെ അനുയായികൾക്ക് ഞാൻ കൊടുത്ത വാക്കാണ് ഇത്. ചോരയ്ക്ക് ചോര, പകരത്തിനു പകരം. അതാണല്ലോ ഞങ്ങളുടെ മുദ്രാവാക്യം. മാഷ്ക്ക് അറിയാമല്ലോ… അയാൾ പറഞ്ഞു നിർത്തി. അതിനുശേഷം സീറ്റിനടിയിൽ നിന്ന് തന്‍റെ എയർബാഗ് പുറത്തെടുത്ത് മടിയിൽ വച്ച് തുറന്ന് വളരെ സൂക്ഷ്മതയോടെ ഒരു പ്ലാസ്റ്റിക് കവർ പുറത്തെടുത്തു. പിന്നീട് അതിൽ നിന്ന് ഒരു ചെറിയ സ്ഫടിക ഭരണിയും. ഭരണിയിൽ പകുതി വരെ എന്തോ ലായനി നിറഞ്ഞിരുന്നു. പെട്ടെന്ന് അയാൾ ഭരണി എന്‍റെ കണ്ണുകൾക്ക് നേരെ ഉയർത്തി. ഒരു ഞെട്ടലോടെ ഞാൻ ആ വസ്തു കണ്ടു. മറ്റൊന്നായിരുന്നില്ല ഒരു കണ്ണിന്‍റെ തകർന്ന അവശിഷ്ടമായിരുന്നു അത്. നെടുകെ പിളർന്ന് ചുവപ്പ് ഞരമ്പുകൾ പിണഞ്ഞ്, കറുപ്പ് രാശി കലർന്ന അവശിഷ്ടത്തിൽ ഒരു ലോകത്തിന്‍റെ മുഴുവൻ രഹസ്യവും ഒളിഞ്ഞു കിടക്കുന്നതായി തോന്നി. രക്തം തണുത്തുറഞ്ഞ് തന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചേക്കുമോ എന്ന് പോലും തോന്നിയ നിമിഷം. അറിയാതെ മുഖം തിരിച്ചപ്പോൾ ഒരു ഗുഹാമുഖത്തിൽ നിന്നെന്ന പോലെ അയാളുടെ ചിരി മുഴങ്ങി.

മാഷേ പേടിച്ചോ? സാരമില്ല മാഷേ… ആരെയും പേടിപ്പിക്കാൻ അല്ല ഇത് കാട്ടിയത്. നമ്മുടെ നാടിന്‍റെ ഗതിയെ പറ്റി മനസ്സിലാക്കിത്തരാൻ വേണ്ടി മാത്രം. അത്രയേ എനിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നുള്ളൂ.

ഇതെല്ലാം തെറ്റല്ലേ… എന്‍റെ ഹൃദയശുദ്ധിയിൽ നിന്നും അറിയാതെ ശബ്ദം പുറത്തേക്ക് വന്നു.

എന്താണ് തെറ്റും ശരിയും? അയാൾ എനിക്കെതിരെ ഒരു മറു ചോദ്യം എറിഞ്ഞു.

പകരത്തിനു പകരം അതാണ് ഞങ്ങളുടെ തത്വം. ആ തത്വം പാലിക്കേണ്ടത് ഞങ്ങൾ ഓരോരുത്തരുടെയും കടമയാണ്. ആ കടമ നിറവേറ്റാതെ വരുമ്പോൾ അത് ഞങ്ങളുടെ തത്ത്വശാസ്ത്രത്തിനോട് തന്നെ ചെയ്യുന്ന ഒരു മഹാ അപരാധമായി മാറുന്നു. അയാൾ ഒരു ജ്ഞാനിയെപ്പോലെ പറഞ്ഞു നിർത്തി. അപ്പോൾ അയാൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ഒരു നിമിഷത്തെ ആലോചനക്ക് ശേഷം അയാൾ തുടർന്നു.

അവന്‍റെ ആളുകൾ തന്നെ അവനെ മാറ്റിയതാണ്. അവനാണല്ലോ അവരുടെ നേതാവ്. ആ നായിന്‍റെ മോൻ അവിടേക്ക് തന്നെ കടന്നിട്ടുണ്ടാവും. അയാൾ മന്ത്രിച്ചു. ശാന്തിപുരത്തേക്ക്, പുണ്യം തേടി. അതാണല്ലോ എല്ലാവരുടെയും അഭയ കേന്ദ്രം.

നിങ്ങൾക്ക് തെറ്റ് പറ്റിയതാണെങ്കിലോ? അയാൾ അറിയാതെ ചോദിച്ചു പോയി.

അതോടെ അമ്പരിപ്പിക്കും വിധം അയാളുടെ മുഖഭാവം മാറി. കനത്ത അന്ധകാരം വന്നു മൂടിയ പോലെ അയാളുടെ മുഖം പിന്നെയും കറുത്തു. എന്നാൽ കണ്ണുകളിൽ അഗ്നിയുടെ ജ്വലനം. അതിന്‍റെ ചൂടിൽ സ്വയം വെന്തുരുകും എന്ന് തോന്നിയ നിമിഷം. കൈവിരലുകൾ സ്വയം ഞെരിച്ചമർത്തിക്കൊണ്ട് അമർഷത്തോടെ അയാൾ മുരണ്ടു. പിന്നെ ഒരു നിമിഷം മുന്നോട്ടാഞ്ഞു.

വേണ്ടാ… ആരും ഞങ്ങളെ പിന്തിരിപ്പിക്കാൻ നോക്കണ്ടാ… ഇതൊരു മഹാസമരത്തിന്‍റെ തുടക്കം മാത്രം. അയാൾ പുറത്തേക്ക് കാർക്കിച്ചു തുപ്പി.

12 പേരാണ് ഞങ്ങളുടെ പോയത്. പിന്നെ എന്‍റെ ഈ കണ്ണും. മരണത്തിന് മുഖമുഖം കണ്ട നിമിഷങ്ങൾ. സഹോദരങ്ങളെപ്പോലെ കഴിഞ്ഞവരാണ് ഞങ്ങൾ. എന്നിട്ടും അവൻ എന്നെ ചതിച്ചു. അവന്‍റെ വെളിച്ചവും ഇതോടെ അസ്തമിക്കാൻ പോവുകയാണ്. അയാൾ ഒരു കിതപ്പോടെ പറഞ്ഞു നിർത്തി. നെറ്റിയിലെ വിയർപ്പ് കണങ്ങൾ വിരലുകൾ കൊണ്ട് വടിച്ചെടുത്ത് അയാൾ പുറത്തേക്ക് തെറിപ്പിച്ചു.

ഞങ്ങളുടെ ഈ തീരുമാനം അവസാനത്തേതാണ്.

ഞങ്ങൾ എന്നു പറഞ്ഞാൽ? എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഒരു നിമിഷം അയാൾ എന്‍റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. അയാളുടെ ചുണ്ടിന്‍റെ ഓരത്ത് നേർത്തു വന്ന ഒരു പുഞ്ചിരി. പിന്നീട് അയാൾ ചുറ്റും നോക്കി. ഒരു ജേതാവിനെ പോലെ.

അപ്പോഴാണ് ചുറ്റിലും കണ്ട അസംഖ്യം മുഖങ്ങൾ എനിക്ക് നേരെ തിരിഞ്ഞത്. അതോടെ അവരുടെയെല്ലാം ലക്ഷ്യം ഒന്നാണെന്ന് അറിഞ്ഞു. അവരുടെ മുഖങ്ങളെ നേരിടാൻ ആവാതെ ഞാൻ മുഖം തിരിച്ചു.

പുറത്ത് മരങ്ങളും സമതലങ്ങളും പിന്നോക്കം പാഞ്ഞുകൊണ്ടിരുന്നു. ആകാശച്ചെരുവിൽ നേർത്ത പകലിനെ മറച്ചുകൊണ്ട് ചുവപ്പ് ജ്വലിച്ചുയർന്നു. ജീവന്‍റെ ഗതിവിഗതികളിൽ എന്നപോലെ താളം തെറ്റിയ ഇരുമ്പുചക്രങ്ങൾ അതിന്‍റെ ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നു. അപ്പോൾ ശാന്തിപുരത്തിന്‍റെ വരാനിരിക്കുന്ന നാളുകളെ ഓർത്ത് വിലപിക്കാൻ ഒരുക്കം കൂട്ടുകയായിരുന്നു മനസ്സ്.

സ്നേഹിതയുടെ ഭർത്താവ്

അന്നാദ്യമായിട്ടാണ് നന്ദിത ട്രെയിനൽ തനിച്ച് യാത്ര ചെയ്യുന്നത്. അമ്മാവന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പൂനെയിൽ നിന്നും മുംബൈയിലേക്ക്. നന്ദിതയെ ട്രയിനിൽ കയറ്റി ഇരുത്തിയപ്പോൾ മുതൽ തുടങ്ങിയതാണ് കാർത്തിക്കിന്‍റെ ഉപദേശങ്ങൾ… “സൂക്ഷിച്ച് പോകണം. ഫോൺ വിളിക്കാൻ മറക്കരുത്. തിരിച്ചു വരാനുള്ള ടിക്കറ്റ് കഴിവതും വേഗം റിസർവ് ചെയ്യണം.” നന്ദിത ഒറ്റയ്ക്ക് പോകുന്നതിന്‍റെ ടെൻഷനായിരുന്നു അയാൾക്ക്.

“ഞാനത്ര പേടിത്തൊണ്ടിയൊന്നുമല്ല. പിന്നെ അത്ര ദൂരത്തേക്കൊന്നുമല്ലല്ലോ?” നന്ദിത പറഞ്ഞു.

“അറിയാം. എങ്കിലും സൂക്ഷിക്കണം. കഴിവതും വേഗം നീ മടങ്ങി വരില്ലേ? വീട്ടിൽ പോയാൽ നീയെന്നെ മറക്കുമോ?” പാതി കളിയായിട്ടാണ് അയാൾ അങ്ങനെ പറഞ്ഞത്. എങ്കിലും കുറച്ച് ദിവസങ്ങൾക്കു വേണ്ടിയാണെങ്കിൽ പോലും നന്ദിതയെ പിരിയാൻ അയാൾക്ക് വിഷമമുണ്ടായിരുന്നു.

“ഇല്ല… ഞാൻ വേഗം മടങ്ങി വരാം. ചേട്ടൻ ട്രെയിനിൽ നിന്നിറിങ്ങി നിൽക്ക്. വണ്ടി വിടാറായെന്നാ തോന്നുന്നത്.”

കാർത്തിക് പ്ലാറ്റ്ഫോമിലേക്കിറങ്ങി. ട്രെയിൻ പതുക്കെ നീങ്ങിത്തുടങ്ങി. കാർത്തിക് കൈ വീശിക്കൊണ്ടേയിരുന്നു. ട്രെയിൻ ഒരുപാട് ദൂരെയെത്തുവോളം നന്ദിത ജനലഴികളിലൂടെ കാർത്തിക്കിനെത്തന്നെ നോക്കിയിരുന്നു. ഏത് വേർപാടും വേദനാജനകം തന്നെ അവൾ ഓർത്തു.

നെടുവീർപ്പോടെ അവൾ നോട്ടം പിൻവലിച്ച് കമ്പാർട്ടുമെന്‍റിനകത്തേക്ക് നോക്കി. എതിർ സീറ്റിൽ ഒരു യുവാവും യുവതിയും മുട്ടിയുരുമിയിരിക്കുന്നു. കാഴ്ചയിൽ നവദമ്പതികളെന്ന് തോന്നിക്കും. ഇടയ്ക്കിടയ്ക്ക് പിറുപിറുക്കലും പൊട്ടിച്ചിരിയും കേൾക്കാമായിരുന്നു. ഇടയ്ക്കവർ പരസ്പരം പിച്ചുകയും തമാശയ്ക്ക് അടിക്കുകയും ചെയ്യുന്നു. അവരുടെ പ്രണയചേഷ്ടകൾ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അവൾ അവരെ ശ്രദ്ധിക്കാതെ ജാലക്കാഴ്ചകളിലേക്ക് നോക്കിയിരുന്നു. എങ്കിലും അവരുടെ സംസാരം ശ്രദ്ധിക്കാതിരിക്കാൻ അവൾക്കായില്ല.

“രാജു, രണ്ട് ദിവസം എത്ര പെട്ടാണ് കടന്നുപോയത്. ഇനി നാളെ മുതൽ നീയെന്‍റെ ബോസും ഞാൻ നിന്‍റെ അസിസ്റ്റന്‍റുമാകും.” പതിഞ്ഞ സ്വരത്തിലായിരുന്നു ആ യുവതി സംസാരിച്ചിരുന്നത്.

അപ്പോൾ ഇവർ ഭാര്യാഭർത്താക്കന്മാരല്ലേ? തൊട്ടുരുമിയിരിക്കലും പെരുമാറ്റവുമൊക്കെ കണ്ടാൽ ദമ്പതികളാണെന്നേ തോന്നൂ. പ്രണയവും അടുപ്പവുമൊക്കെ ശരി പക്ഷേ, പരിസരബോധമില്ലാതെ… നന്ദിത മനസ്സിലോർത്തു.

“നിന്‍റെ വൈഫും എന്‍റെ ഹസ്ബന്‍റും കരുതിയിരിക്കുന്നത് നമ്മൾ ഒഫീഷ്യൽ ടൂറിന് പോയിരിക്കുകയാണെന്നാണ്.”

“ഇതും ജോലിയുടെ ഭാഗമല്ലേ…” അയാൾ പൊട്ടിച്ചിരിച്ചു.

“തമാശ മതിയാക്ക് രാജൂ…” ആ സ്ത്രീയുടെ സ്വരത്തിൽ ദേഷ്യം നിഴലിച്ചിരുന്നു. അവർ സഹയാത്രക്കാരെ ശ്രദ്ധിക്കാതെ നിർലജ്ജം ചിരിച്ചും കളിച്ചും തമാശകൾ പറഞ്ഞുകൊണ്ടിരുന്നു.

നന്ദിത ചുറ്റും നോക്കി. എല്ലാവരും അവരവരുടെതായ തിരക്കുകളിലായിരുന്നു. മുൻസീറ്റിലുള്ള ഒരു സ്ത്രീ കുഞ്ഞിന്‍റെ കരച്ചിൽ നിറുത്താനുള്ള ശ്രമത്തിലാണ്. അവർ ഈ പ്രണയ ചാപല്യങ്ങളൊന്നും ശ്രദ്ധിക്കുന്നേയില്ല. വയോവൃദ്ധനായ ഒരു യാത്രികൻ വിൻഡോസീറ്റിലിരുന്ന് പുറം കാഴ്ചകളിൽ കണ്ണും നട്ടിരിക്കുന്നു. മറ്റൊരാൾ തീരാചുമ കൊണ്ട് കഷ്ടപ്പെടുകയാണ്. ചിലർ നല്ല ഉറക്കത്തിൽ ഒന്നു സംസാരിച്ചിരിക്കാൻ കൂടി ആരുമില്ല. മടുപ്പോടെ നന്ദിത വീണ്ടും അവരുടെ സംസാരം ശ്രദ്ധിച്ചു.

അരുതെന്ന് പറയുന്ന കാര്യം ചെയ്യുകയെന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന ആകാംഷയാണ് അതിന് പ്രേരിപ്പിക്കുന്നത്. നന്ദിതയുടെ മനസ്സും അപ്പോൾ അങ്ങനെ ഒരു അവസ്ഥയിലായിരുന്നു.

വിവാഹത്തിന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുകയല്ലേ ഇവർ? പങ്കാളിയെ തെറ്റിദ്ധരിപ്പിച്ച് സത്യത്തിൽ ഇവർ വ്യഭിചരിക്കുകയല്ലേ? ഒരുപക്ഷേ ഇവർക്ക് ദാമ്പത്യ സുഖം ലഭിച്ചിട്ടുണ്ടാവില്ലേ? സ്ത്രീയെന്നത് പുരുഷന്‍റെ വീക്ക്‌നെസ്സ് ആണെന്ന് പറയാം. പക്ഷേ, സ്ത്രീ വിവാഹിതയായിരുന്നിട്ടു കൂടി ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്തുകൊണ്ടാണ്? സ്വന്തം നേട്ടങ്ങൾക്കുവേണ്ടി ബോസിന് സർവ്വവും സമർപ്പിക്കുന്ന ഇവൾ എത്ര ചീത്തയാണ്. ഇതും ഒരുതരത്തിൽ ലൈംഗികവൃത്തി തന്നെ.

നന്ദിതയുടെ മനസ്സ് വല്ലാതെ കലുഷമായി. അവരിൽ നിന്നും ശ്രദ്ധ മാറ്റുന്നതിനായി നന്ദിത ഒരു പുസ്തകമെടുത്ത് താളുകൾ വേഗത്തിൽ മറിച്ചു. പക്ഷേ, വീണ്ടും അവരെ കേൾക്കാനായിരുന്നു ചെവികൾക്ക് താൽപര്യം. “വേഗം അടുത്ത ടൂർ പ്രോഗ്രാം തീരുമാനിച്ചോ. പുള്ളിക്കാരൻ നിങ്ങളുടെയത്ര റൊമാന്‍റിക്കല്ല.” രണ്ടുപേരും പൊട്ടിച്ചിരിച്ചു. അയാൾ യുവതിയുടെ തോളിൽ കൈയിട്ട് തന്നോട് ചേർത്തു. സമയം കടന്നുപോയി.

ട്രെയിൻ ദാദർ സ്റ്റേഷനിലെത്തി. അയാൾ യുവതിയുടെ തോളിൽ കൈയിട്ട് ട്രെയിനിൽ നിന്നുമിറങ്ങി. അയാൾക്ക് ഏകദേശം ആറടി പൊക്കമുണ്ടായിരുന്നു. യുവതിക്ക് അത്രയും പൊക്കമില്ല എങ്കിലും അവർ കാഴ്ചയിൽ ഏറെ ചേർച്ച തോന്നിച്ചു.

“ഹൊ… ഞാനെന്തിനാ അവരെക്കുറിച്ച് ഇത്ര തലപുകഞ്ഞാലോചിക്കുന്നത്.” നന്ദിത അവരെ അവഗണിക്കാൻ ശ്രമിക്കുന്തോറും ശക്തമായി അവർ അവളുടെ ഉള്ളിൽ നിറഞ്ഞു.

“അവർ ടാക്സിയിൽ അവരവരുടെ വീടുകളിലേക്ക് മടങ്ങും. അയാൾ ഭാര്യയോട് സ്നേഹത്തോടെ പെരുമാറും. ആ സ്ത്രീ ഭർത്താവിനോടും സ്നേഹം നടിക്കും. ഇതൊന്നുമറിയാതെ അയാളുടെ ഭാര്യയും അവളുടെ ഭർത്താവും…” നന്ദിതയ്ക്ക് ആലോചിക്കുന്തോറും ഉള്ളിൽ ഒരു നീറ്റൽ…

നന്ദിത സ്റ്റേഷനിലിറങ്ങി. കുറച്ച് നേരത്തേ യാത്രയ്ക്കുശേഷം അമ്മാവന്‍റെ വീട്ടിലെത്തി. പിറ്റേന്നായിരുന്നു അമ്മാവന്‍റെ മകളുടെ വിവാഹം. രണ്ട് ദിവസം അമ്മാവനോടൊപ്പം താമസിച്ചിട്ടാകാം തിരിച്ചുപോക്ക് എന്നവൾ തീരുമാനിച്ചു.

തന്‍റെ കൂട്ടകാരി മീര മുംബൈയിൽ താമസിക്കുന്ന കാര്യം അവൾക്ക് ഓർമ്മ വന്നു. ഒരിക്കൽ മീരയായിരുന്നു തന്‍റെ ഉറ്റസുഹൃത്ത്. സ്കൂൾ- കോളേജ് കാലമത്രയും ഒന്നിച്ച്. പഠനം കഴിഞ്ഞ ഉടനെ മീരയുടെ വിവാഹം നടന്നു. ധാരാളം സ്ഥാപനങ്ങളും സ്വത്തുമുള്ള ഒരു ധനികനായിരുന്നു വരൻ. മകൾക്ക് അനുയോജ്യനായ ഭർത്താവിനെ കിട്ടിയ സന്തോഷത്തിനിടയിലും ദൂരെയാണെന്ന സങ്കടം മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. പരീക്ഷയായതിനാൽ നന്ദിതയ്ക്ക് മീരയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പകരം ഭംഗിയുള്ള ഒരു ഗിഫ്റ്റ് കൊടുത്തയച്ച് തന്‍റെ സാന്നിധ്യം മീരെയെ അറിയിച്ചു. വിവാഹത്തിനുശേഷം ഒരിക്കൽ കണ്ടപ്പോൾ മീര വളരെ സന്തോഷവതിയായിരുന്നു. സ്നേഹസമ്പന്നനായ ഭർത്താവിനെക്കുറിച്ച് പറയാനേ അവൾക്ക് നേരമുണ്ടായിരുന്നുള്ളൂ.

“ഞാൻ ഭാഗ്യവതിയാ നന്ദൂ… അല്ലെങ്കിൽ എന്നെപ്പോലൊരു സാധാരണക്കാരിക്ക് മോഹനെപ്പോലെ സമ്പന്നനും സുന്ദരനുമായ ഭർത്താവിനെ കിട്ടുമോ?” സന്തോഷം കൊണ്ട് അവളുടെ സ്വരം ഇടറുമായിരുന്നു അപ്പോഴൊക്കെ.

“ഒന്നു പോടീ, പറയണത് കേട്ടാൽ തോന്നും നീ മോശക്കാരിയാണെന്ന്. നീ ഒരു അപ്സരസ്സല്ലേ? പിന്നെ നിന്‍റെ സാമ്പത്തികവും അത്ര തെറ്റില്ലല്ലോ.”

“ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവിനെ ലഭിച്ചത് എന്‍റെ ഭാഗ്യം. ഞാനൊരു ദിവസം വീട്ടിൽപോയി താമസിക്കട്ടെയെന്ന് ചോദിച്ചാൽ മോഹനേട്ടൻ അസ്വസ്ഥനാകാൻ തുടങ്ങും…”

ഒരിക്കലും മോഹനനെ നേരിൽ കാണാൻ ആയില്ലെങ്കിലും മീരയുടെ വർണ്ണനകളിൽ നിന്നും നന്ദിത അയാളുടെ രൂപം വരച്ചെടുത്തു. നല്ല ഉയരം, വെളുത്ത നിറം, ആകർഷകമായ പേഴ്സണാലിറ്റി….

മീരയുടെ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷമായിരുന്നു നന്ദിതയുടെ വിവാഹം. ഭർത്താവ് കാർത്തിക് ഒരു മിഡിൽക്ലാസ് ഫാമിലിയിൽ നിന്നുള്ള ആളായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥൻ, ശാന്തപ്രകൃതൻ, സ്നേഹമുള്ളയാൾ, സുഖവും സംതൃപ്തിയും നിറഞ്ഞ 5 വർഷം. ഒരിക്കലും ഒന്നിനും വഴക്ക് കൂടിയിട്ടില്ല കാർത്തിക്. നന്ദിത സംഗീത പഠനം തുടർന്നു. കമ്പ്യൂട്ടർ വാങ്ങി, വീട്ടിലിരുന്ന് ജോലി ചെയ്യാനും തുടങ്ങി.

“നന്ദൂ… നീ എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് എനിക്കിഷ്ടം. നിന്‍റെ കഴിവുകൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്. അഞ്ചുവർഷത്തേക്ക് ഏതായാലും നമുക്ക് മക്കൾ വേണ്ട. ഈ അഞ്ചു വർഷം നമുക്ക് ജീവിതം ശരിക്കുമൊരു ആഘോഷമാക്കണം.”

നന്ദിതയും കാർത്തിക്കും കുറെ പട്ടണങ്ങൾ സന്ദർശിച്ചു. ഹിൽസ്റ്റേഷനിൽ താമസിച്ചു. സിനിമയും പാർക്കും ടൂറുകളുമായി സന്തോഷത്തിന്‍റെ നാളുകൾ…

മുംബൈ വരെ വന്നിട്ട് മീരയെ കാണാതെ പോകുന്നതെങ്ങനെ? അതായിരുന്നു നന്ദിതയുടെ ചിന്ത. ഒടുവിൽ അവൾ അഡ്രസ്സ് തപ്പിയെടുത്ത് മീരയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. അവൾ അമ്മവനോട് മീര താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ചോദിച്ചു. കൊണ്ടാക്കാമെന്ന് അമ്മാവൻ പറഞ്ഞെങ്കിലും അവൾ തിനച്ച് പോകാൻ തീരുമാനിച്ചു.

ഡോർബെൽ മുഴങ്ങിയപ്പോൾ മീര വാതിൽ തുറന്നു. വർഷങ്ങൾക്കുശേഷമുള്ള കൂടിക്കാഴ്ചയയാതിനാൽ മീര സ്തംഭിച്ചു നിന്നു.

“നന്ദൂ… നീ ഇവിടെ?” മീര സന്തോഷത്തിലായിരുന്നു. “മതി നിന്‍റെ സ്നേഹപ്രകടനം.” നന്ദിത തമാശയെന്നോണം പറഞ്ഞു.

“അങ്ങനെ നീ പെട്ടെന്ന് പോകാമെന്ന് കരുതണ്ട. കുറഞ്ഞത് രണ്ട് ദിവസമെങ്കിലും നീ ഇവിടെ താമസിക്കേണ്ടി വരും.”

“അയ്യോ… അത് പറ്റില്ല. അമ്മാവന്‍റെ മകളുടെ വിവാഹമായതുകൊണ്ട് വന്നതാണ്. എനിക്കെന്തായാലും ഇന്ന് മടങ്ങിപ്പോയേതീരൂ…”

“ശരി, പക്ഷേ ഇന്നൊരു ദിവസം നീയെന്‍റെയൊപ്പം താമസിക്ക്. നാളെ രാവിലെ പോകാം.”

“നിന്‍റെ ആഗ്രഹമല്ലേ. ശരി.”

“ഓഹ്… എത്ര നാളായി നമ്മളൊന്ന് കൂടിയിട്ട്. നമ്മുക്കിന്ന് അടിച്ചുപൊളിക്കണം. നിനക്കെന്താ കഴിക്കാൻ വേണ്ടത്? എന്തുവേണേലും ഉണ്ടാക്കിത്തരാം…” മീര പറഞ്ഞു.

“ഒക്കെ നിന്‍റെ ഇഷ്ടംപോലെ… എനിക്ക് നിന്നോട് കുറേ സംസാരിക്കാനുണ്ട്. നിനക്കെത്ര കുട്ടികളുണ്ട്?”

“ഇതുവരെ കുട്ടികളൊന്നുമില്ല. 5 വർഷം വരെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. ഇപ്പോ വേണം എന്ന് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതൊക്കെ പോട്ടെ, നിനക്കോ?” നന്ദിത തിരക്കി.

“ഞങ്ങളുടെ കാര്യവും ഇതൊക്കെത്തന്നെ.” സംസാരത്തിനിടെ വേലക്കാരി രണ്ട് ഗ്ലാസ് ജ്യൂസുമായി വന്നു.

“ദാ… നന്ദൂ” മീര ഒരു ഗ്ലാസ്സ് ജ്യൂസെടുത്ത് നന്ദിതയുടെ നേർക്ക് നീട്ടി. നന്ദിത ഗ്ലാസ്സ് വാങ്ങി ജ്യൂസ് കുടിക്കുന്നതിനിടെ ഹാളിലൂടെ കണ്ണോടിച്ചു. വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടലങ്കരിച്ച ഹാൾ സമ്പന്നഗൃഹത്തിന്‍റെ പ്രൗഢി വിളിച്ചോതുന്നുണ്ടായിരുന്നു.

മീരയുടെ സംസാരമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്. “സത്യം പറയാമല്ലോ നന്ദൂ, എന്‍റെ അച്ഛനമ്മമാർ എന്നെ നല്ലൊരു വീട്ടിലേക്ക് തന്നെയാണ് വിവാഹം കഴിപ്പിച്ചയച്ചത്. എല്ലാവിധ സുഖസൗകര്യങ്ങളുമുണ്ട്. അതിനുമപ്പുറം മോഹൻ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നു. ഒരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ല ഇവിടെ. എന്‍റെ ഇൻലോസ് ബാന്ദ്രയിലാണ് താമസിക്കുന്നത്.” മീര കൂടുതൽ വാചാലയായി. മീര സന്തുഷട ജീവിതമാണ് നയിക്കുന്നതെന്നറിഞ്ഞപ്പോൾ നന്ദിതയ്ക്കും സന്തോഷം തോന്നി.

“ഇതെന്താ? ഇത്രയും നേരം ഞാനല്ലെ സംസാരിച്ചത്. നിനക്കൊന്നും പറയാനില്ലേ?” മീര ചോദിച്ചു.

“ഞാനെന്തു പറയാനാ? കാർത്തിക് ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മായിയച്ഛനും അമ്മായിയമ്മയും ഗ്രാമത്തിലാണ്. പൂനെയിൽ ഒരു ഫ്ളാറ്റ് വാങ്ങിയിട്ടുണ്ട്. ജീവിതത്തിൽ യാതൊരു തരത്തിലുമുള്ള പ്രഷറുമില്ല. സ്വതന്ത്രമായി ജീവിക്കുന്നു. കാർത്തിക്കും ഞാനും ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നു. അത്രയൊക്കെ തന്നെ.” നന്ദിത മറുപടി പറഞ്ഞു.

മീര സ്നേഹത്തോടെ നന്ദിതയുടെ കൈ ചേർത്തുപിടിച്ചു, “നീ പറഞ്ഞില്ലെങ്കിലും എനിക്കറിയാം, നീ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന്. നിന്നെ കണ്ടാലറിയാം കാർത്തിക് നിന്നെ ഉള്ളംകൈയിൽ വച്ചാണ് നോക്കുന്നതെന്ന്.”

മനസ്സിനെ ആഴത്തിൽ സ്പർശിച്ച മീരയുടെ സംസാരം നന്ദിതയെ ആഹ്ളാദിപ്പിച്ചു.

“നിന്‍റെ മോഹനേട്ടൻ എപ്പോഴാ വരിക?” നന്ദിത ചോദിച്ചു

“ഏഴുമണിക്കെത്തും. നീ ഭക്ഷണം കഴിക്ക്. പിന്നെ ഞാൻ ആൽബത്തിൽ ഫോട്ടോ കാണിക്കാം.”

മോഹനെക്കുറിച്ച് എത്ര സംസാരിച്ചാലും മതിവരാത്തതുപോലെ മീര സംസാരം തുടർന്നു. “മോഹനെപ്പോലെ സുന്ദരനായ ഒരാൾ എന്നെ എങ്ങനെ ഇഷ്ടപ്പെട്ടന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. നിന്‍റെ സ്നേഹാർദ്രമായ കണ്ണുകൾ കണ്ടാൽ ആരാ സ്നേഹിച്ചു പോകാത്തതെന്ന് അദ്ദേഹം പറയാറുണ്ട്.” മീരയുടെ മുഖം നാണംകൊണ്ട് ചുവന്ന് തുടുത്തു. നന്ദിത അവളുടെ മുഖഭാവം നിരീക്ഷിക്കുകയായിരുന്നു. തന്‍റെ സ്നേഹിത അജീവനാന്തം സുഖമായും സന്തോഷമായും ജീവിക്കുന്നത് കാണാനാണ് നന്ദിത ആഗ്രഹിച്ചതും.

ഭക്ഷണശേഷം മീര ആൽബം കാണിക്കാനായി നന്ദിതയെയും കൂട്ടി ബെഡറൂമിലേക്ക് നടന്നു. ബെഡറൂം ആഡംബരവസ്തുക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വെൽവെറ്റ് കിടക്കവിരിയും മങ്ങിയ ലൈറ്റ് അറേഞ്ച്മെന്‍റ്സും ഭംഗിയുള്ള കർട്ടനും… ഒരു കൊച്ചുസ്വർഗ്ഗമാണ് ആ മുറി.

“വാ, ഇവിടിരുന്ന് കുറച്ചുനേരം വിശ്രമിക്ക്. ഉറക്കം നിന്‍റെ ഹോബിയാണെന്നെനിക്കറിയാം.” മീര നന്ദിതയെ കളിയാക്കി.

“ഓഹോ, അപ്പോ നീയതും മറന്നില്ലല്ലേ?”

“നമുക്കിഷ്ടപ്പെട്ടവരെയും അവരുടെ ഇഷ്ടാനിഷ്ടങ്ങളെയും നമുക്കത്രപ്പെട്ടെന്ന് മറക്കാൻ സാധിക്കുമോ?”

മീര വിവാഹ ആൽബം കൊണ്ടുവന്നു.

“ദാ ഇതാണ് മോഹനേട്ടൻ.” ഫോട്ടോ കണ്ട് നന്ദിതയുടെ മുഖം വിളറി വെളുത്തു. ട്രെയിനിൽ കണ്ട അതേയാൾ… അസിസ്റ്റന്‍റിനൊപ്പം… നന്ദിതയ്ക്ക് തലചുറ്റുന്നതുപോലെ. ആ സ്ത്രീ അയാളെ രാജു എന്നാണല്ലോ വിളിച്ചിരുന്നത്. മീരയുടെ ഭർത്താവ് മോഹനൻ… അപ്പോൾ….

നന്ദിത മുഖത്ത് ചെറുപുഞ്ചിരി വരുത്തി, “നിന്‍റെ ഭർത്താവ് എത്ര ഹാൻസമാണ്. എന്താണദ്ദേഹത്തിന്‍റെ പേര്?”

“രാജ്മോഹൻ. എല്ലാവരും അദ്ദേഹത്തെ രാജു എന്നാണ് വിളിക്കുന്നത്.”

“ഒഫീഷ്യൽ ടൂറിനൊക്കെ പോകേണ്ടി വരാറുണ്ടല്ലേ?”

“പിന്നില്ലേ? പലപ്പോഴും കമ്പനി ആവശ്യങ്ങൾക്കായി പുറത്തുപോകേണ്ടി വരാറുണ്ട്. ദാ ഇപ്പോത്തന്നെ രണ്ട് ദിവസമായി പൂനെയ്ക്ക് പോയിരിക്കുകയാണ്. ദിവസവും ഒരു നൂറ്റിയമ്പത് തവണയെങ്കിലും ഫോൺ വിളിക്കും. എവിടെപ്പോയി വരുമ്പോഴും എനിക്ക് സാരിയൊക്കെ കൊണ്ടുവരും.” മീരയുടെ കണ്ണുകൾ തിളങ്ങി.

വലിയൊരു കുന്നിൽ നിന്നും താഴേക്ക് തള്ളിയിട്ടതുപോലെയായിരുന്നു നന്ദിതയുടെ അവസ്ഥ. മീരയുടെ കുടുംബജീവിതം തകർച്ചയുടെ വക്കിലാണെന്ന് നന്ദിതയ്ക്ക് തോന്നി.

“നന്ദിതേ, നീയെന്താ ഒന്നും മിണ്ടാത്തത്?” അവളുടെ മുഖം വാടിയിരിക്കുന്നത് കണ്ടപ്പോൾ മീര തിരക്കി.

“തലവേദനയെടുക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്.” നന്ദിത നെറ്റി തടവിക്കൊണ്ട് ഒഴിഞ്ഞുമാറി.

“നീ കുറച്ചുനേരം വിശ്രമിക്ക്.”

“വേണ്ട.”

മീര വിവാഹ ആൽബത്തിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും നന്ദിതയ്ക്ക് പരിചയപ്പെടുത്തി. ഈയൊരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത അവസ്ഥയിലായിരുന്നു നന്ദിത. കാറ്റിൽ ആടിയുലയുന്ന നൗകപോലെ അസ്ഥിരമായിരിക്കുന്നു മീരയുടെ ജീവിതം. മുഖംമൂടി വലിച്ചെറിഞ്ഞ് അയാളുടെ യഥാർത്ഥ സ്വഭാവമെന്തെന്ന് മീരയോട് പറഞ്ഞാലോ? നന്ദിത തെല്ലൊന്നാലോചിച്ചു. പക്ഷേ വേണ്ട…

മീര ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ…. അവൾ അയാളുടെ സ്നേഹത്തിൽ മതിമറന്ന് ജീവിക്കുകയല്ലേ… അവളെ സംബന്ധിച്ച് സന്തുഷ്ടമായ കുടുംബജീവിതമാണ് അവരുടേത്. രാജ്മോഹനെ പോലൊരാളെ ഭർത്താവായി ലഭിച്ചത് തന്‍റെ സൗഭാഗ്യമാണെന്നവൾ കരുതുന്നത്. തന്‍റെ ഒരു വാക്ക് അവളുടെ ജീവിതത്തെ എന്നെന്നേക്കുമായി നരകതുല്യമാക്കും. നന്ദിത ചിന്താക്കുഴപ്പത്തിലായി. അവസാനം അവളൊരു തീരുമാനത്തിലെത്തി.

“മീര, ഇനി, വൈകിക്കുന്നില്ല. ഞാനിറങ്ങട്ടെ….”

“പക്ഷേ, നീയിന്നിവിടെ താമസിക്കാമെന്ന് പറഞ്ഞിട്ട്…”

“ഞാനിപ്പോഴാ ഓർത്തത്. കാർത്തിക്കിന്‍റെ അമ്മാവന്‍റെ മകളുടെ വീടും ഇവിടെ അടുത്ത് ബാന്ദ്രയിൽ തന്നെയാണ്. അവളെ കാണാതെ മടങ്ങാൻ പറ്റില്ല. കാർത്തിക് എന്നോട് പിണങ്ങും. ഞാൻ രാവിലത്തെ തിരക്കിലതങ്ങ് മറന്നു.”

“കുറച്ചുനേരം കൂടിയിരിക്ക്. അദ്ദേഹമിപ്പോഴെത്തും. ഒന്ന് പരിചയപ്പെട്ടിട്ട് പോകാം.” മീര അഭ്യർത്ഥിച്ചു.

“എനിക്ക് അയാളുടെ മുഖം കാണുകയേ വേണ്ട…” നന്ദിത മനസ്സിൽ മന്ത്രിച്ചു.

“വേണ്ട, എനിക്കുടനെ പോകണം. മുംബൈ എനിക്കത്ര പരിചയം പോരാ. അതുകൊണ്ട് വൈകിക്കുന്നില്ല.”

“ശരി, ഇനി വരുമ്പോൾ കുറച്ചുദിവസം താമസിച്ചിട്ട് പോയാ. മതി.” മീര സ്നേഹത്തോടെ നന്ദിതയ്ക്ക് പുതിയൊരു സിൽക്ക് സാരി നൽകി.

നിഷ്കളങ്കയായ മീരയോട് കൂടുതൽ സംസാരിക്കാൻ നന്ദിതയ്ക്ക് മനസ്സ് വന്നില്ല. “എത്ര സന്തോഷമായിരുന്നു രാവിലെ. ഇപ്പോൾ മുഖമാകെ വാടിയ പോലെ…” അവൾ നന്ദിതയെ നോക്കി പറഞ്ഞു.

“നന്ദിതേ നിനക്ക് എന്തുപറ്റി? വീണ്ടും തലവേദന തുടങ്ങിയോ?” നന്ദിത അതെ എന്നർത്ഥത്തിൽ തലകുലുക്കി. പിന്നെ ഇറങ്ങി നടന്നു. ഇനിയെങ്കിലും ഇതുപോലൊരു കൂടിക്കാഴ്ചയുണ്ടാകുമോ? നന്ദിതയുടെ കണ്ണ് നിറഞ്ഞു. തന്‍റെ കൂട്ടുകാരിയുടെ ജീവിതം… ഉള്ളിലെ കൊടുങ്കാറ്റും പേറി അവൾ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें