അന്നാദ്യമായിട്ടാണ് നന്ദിത ട്രെയിനൽ തനിച്ച് യാത്ര ചെയ്യുന്നത്. അമ്മാവന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പൂനെയിൽ നിന്നും മുംബൈയിലേക്ക്. നന്ദിതയെ ട്രയിനിൽ കയറ്റി ഇരുത്തിയപ്പോൾ മുതൽ തുടങ്ങിയതാണ് കാർത്തിക്കിന്‍റെ ഉപദേശങ്ങൾ... “സൂക്ഷിച്ച് പോകണം. ഫോൺ വിളിക്കാൻ മറക്കരുത്. തിരിച്ചു വരാനുള്ള ടിക്കറ്റ് കഴിവതും വേഗം റിസർവ് ചെയ്യണം.” നന്ദിത ഒറ്റയ്ക്ക് പോകുന്നതിന്‍റെ ടെൻഷനായിരുന്നു അയാൾക്ക്.
“ഞാനത്ര പേടിത്തൊണ്ടിയൊന്നുമല്ല. പിന്നെ അത്ര ദൂരത്തേക്കൊന്നുമല്ലല്ലോ?” നന്ദിത പറഞ്ഞു.
“അറിയാം. എങ്കിലും സൂക്ഷിക്കണം. കഴിവതും വേഗം നീ മടങ്ങി വരില്ലേ? വീട്ടിൽ പോയാൽ നീയെന്നെ മറക്കുമോ?” പാതി കളിയായിട്ടാണ് അയാൾ അങ്ങനെ പറഞ്ഞത്. എങ്കിലും കുറച്ച് ദിവസങ്ങൾക്കു വേണ്ടിയാണെങ്കിൽ പോലും നന്ദിതയെ പിരിയാൻ അയാൾക്ക് വിഷമമുണ്ടായിരുന്നു.
“ഇല്ല... ഞാൻ വേഗം മടങ്ങി വരാം. ചേട്ടൻ ട്രെയിനിൽ നിന്നിറിങ്ങി നിൽക്ക്. വണ്ടി വിടാറായെന്നാ തോന്നുന്നത്.”
കാർത്തിക് പ്ലാറ്റ്ഫോമിലേക്കിറങ്ങി. ട്രെയിൻ പതുക്കെ നീങ്ങിത്തുടങ്ങി. കാർത്തിക് കൈ വീശിക്കൊണ്ടേയിരുന്നു. ട്രെയിൻ ഒരുപാട് ദൂരെയെത്തുവോളം നന്ദിത ജനലഴികളിലൂടെ കാർത്തിക്കിനെത്തന്നെ നോക്കിയിരുന്നു. ഏത് വേർപാടും വേദനാജനകം തന്നെ അവൾ ഓർത്തു.
നെടുവീർപ്പോടെ അവൾ നോട്ടം പിൻവലിച്ച് കമ്പാർട്ടുമെന്‍റിനകത്തേക്ക് നോക്കി. എതിർ സീറ്റിൽ ഒരു യുവാവും യുവതിയും മുട്ടിയുരുമിയിരിക്കുന്നു. കാഴ്ചയിൽ നവദമ്പതികളെന്ന് തോന്നിക്കും. ഇടയ്ക്കിടയ്ക്ക് പിറുപിറുക്കലും പൊട്ടിച്ചിരിയും കേൾക്കാമായിരുന്നു. ഇടയ്ക്കവർ പരസ്പരം പിച്ചുകയും തമാശയ്ക്ക് അടിക്കുകയും ചെയ്യുന്നു. അവരുടെ പ്രണയചേഷ്ടകൾ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അവൾ അവരെ ശ്രദ്ധിക്കാതെ ജാലക്കാഴ്ചകളിലേക്ക് നോക്കിയിരുന്നു. എങ്കിലും അവരുടെ സംസാരം ശ്രദ്ധിക്കാതിരിക്കാൻ അവൾക്കായില്ല.
“രാജു, രണ്ട് ദിവസം എത്ര പെട്ടാണ് കടന്നുപോയത്. ഇനി നാളെ മുതൽ നീയെന്‍റെ ബോസും ഞാൻ നിന്‍റെ അസിസ്റ്റന്‍റുമാകും.” പതിഞ്ഞ സ്വരത്തിലായിരുന്നു ആ യുവതി സംസാരിച്ചിരുന്നത്.
അപ്പോൾ ഇവർ ഭാര്യാഭർത്താക്കന്മാരല്ലേ? തൊട്ടുരുമിയിരിക്കലും പെരുമാറ്റവുമൊക്കെ കണ്ടാൽ ദമ്പതികളാണെന്നേ തോന്നൂ. പ്രണയവും അടുപ്പവുമൊക്കെ ശരി പക്ഷേ, പരിസരബോധമില്ലാതെ... നന്ദിത മനസ്സിലോർത്തു.
“നിന്‍റെ വൈഫും എന്‍റെ ഹസ്ബന്‍റും കരുതിയിരിക്കുന്നത് നമ്മൾ ഒഫീഷ്യൽ ടൂറിന് പോയിരിക്കുകയാണെന്നാണ്.”
“ഇതും ജോലിയുടെ ഭാഗമല്ലേ...” അയാൾ പൊട്ടിച്ചിരിച്ചു.
“തമാശ മതിയാക്ക് രാജൂ...” ആ സ്ത്രീയുടെ സ്വരത്തിൽ ദേഷ്യം നിഴലിച്ചിരുന്നു. അവർ സഹയാത്രക്കാരെ ശ്രദ്ധിക്കാതെ നിർലജ്ജം ചിരിച്ചും കളിച്ചും തമാശകൾ പറഞ്ഞുകൊണ്ടിരുന്നു.
നന്ദിത ചുറ്റും നോക്കി. എല്ലാവരും അവരവരുടെതായ തിരക്കുകളിലായിരുന്നു. മുൻസീറ്റിലുള്ള ഒരു സ്ത്രീ കുഞ്ഞിന്‍റെ കരച്ചിൽ നിറുത്താനുള്ള ശ്രമത്തിലാണ്. അവർ ഈ പ്രണയ ചാപല്യങ്ങളൊന്നും ശ്രദ്ധിക്കുന്നേയില്ല. വയോവൃദ്ധനായ ഒരു യാത്രികൻ വിൻഡോസീറ്റിലിരുന്ന് പുറം കാഴ്ചകളിൽ കണ്ണും നട്ടിരിക്കുന്നു. മറ്റൊരാൾ തീരാചുമ കൊണ്ട് കഷ്ടപ്പെടുകയാണ്. ചിലർ നല്ല ഉറക്കത്തിൽ ഒന്നു സംസാരിച്ചിരിക്കാൻ കൂടി ആരുമില്ല. മടുപ്പോടെ നന്ദിത വീണ്ടും അവരുടെ സംസാരം ശ്രദ്ധിച്ചു.
അരുതെന്ന് പറയുന്ന കാര്യം ചെയ്യുകയെന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന ആകാംഷയാണ് അതിന് പ്രേരിപ്പിക്കുന്നത്. നന്ദിതയുടെ മനസ്സും അപ്പോൾ അങ്ങനെ ഒരു അവസ്ഥയിലായിരുന്നു.