ശലഭങ്ങൾ ഒഴിഞ്ഞ വീട്

ഒരുപാട് ചിന്തകൾക്കും അവലോകനങ്ങൾക്കും ഒടുവിലായിരുന്നില്ല മീരയുടെ ഈ തീരുമാനം. ഉദ്ദേശ്യം ഒന്ന് മാത്രമായിരുന്നു. ജയിക്കുക, ഒരിക്കലെങ്കിലും മീര വിനയചന്ദ്രനായി തന്നെ.

എനിക്ക് ശേഷം പ്രളയം എന്നൊന്നില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. ഉച്ചിയിൽ അഗ്നി പടർത്തുന്ന സൂര്യവെളിച്ചം ചിന്തകളിലേക്ക് കടന്ന് കയറാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ എല്ലാം അവസാനിപ്പിക്കണം. ഒരു പിൻവിളിക്കു പോലും ഇടം കൊടുക്കാതെ.

മസ്തിഷ്കത്തിൽ ആയിരം കടന്നലുകൾ ഇരമ്പിക്കയറാൻ തുടങ്ങവേ, ഇരുളിന്‍റെ വാതിലുകളെല്ലാം കൊട്ടിയടച്ച് സൂര്യവെളിച്ചത്തിനെതിരെ ശഠിച്ച് നിന്ന മനസ്സിലേക്ക് ആദ്യം കയറി വന്നത് അമ്മയായിരുന്നു. അമ്മയ്ക്ക് പിന്നാലെ പാൽ മണവും തുളുമ്പി വന്നു. തുടർന്ന് ആ വിരൽ തുമ്പിലേയ്ക്ക് ഏന്തിവലിയാനുള്ള ഉദ്യമം പാഴാവുകയും ഒപ്പം കാറ്റിന്‍റെ കൈകളിലേയ്ക്ക് ചാഞ്ചാടുകയും ചെയ്‌തു.

കടൽക്കരയിൽ കാറ്റിനെതിരെ ഏട്ടനെയും തന്നെയും മാറോട് ചേർത്ത് വിതുമ്പി നിന്ന അച്‌ഛന്‍റെ മുഖം ചരമ കോളത്തിലെ ഓർമ്മക്കുറിപ്പായി വീണ്ടും.

പന്ത്രണ്ടിൽ തന്നെ രക്തം പുരണ്ട കന്യകയുടെ യൗവ്വനം പൂഴി മണലിലൂടെ വഴികാട്ടിയായി നടന്ന് അമ്പരപ്പിച്ചതും ഒരേ ദിനം! അച്‌ഛന് ഒരു താക്കീത് പോലെ, ഓളങ്ങളുടെ മടിത്തട്ടിൽ അപ്പോഴേക്കും അമ്മയുടെ ഓർമ്മകൾ അലിയാൻ തുടങ്ങിയിരുന്നു. ഒരു പിടി ചാരമായി ചുവപ്പും മഞ്ഞയും ഇടകലർന്ന പൂക്കളിൽ ഓർമ്മകളെ നിറച്ചു കൊണ്ട് കടലിന്‍റെ നേർത്ത ഇരമ്പൽ.

അന്ന് മൂന്നു ജീവനുകളുടെ പുൻർജന്മം കൂടിയായിരുന്നുവെന്ന് ഏട്ടൻ പറഞ്ഞിട്ടുണ്ട്, അവൾ ഓർത്തു.

ഒരു നിമിഷം, ഒരു ഓർമ്മത്തെറ്റുപോലെ മനസ്സിലേക്ക് അയാൾ ഇറങ്ങി വന്നു. ചന്ദ്രൻ മാഷ്. ഇന്നാണല്ലോ ചന്ദ്രൻ മാഷ് കുടുംബസമേതം തന്‍റെ പ്രിയപ്പെട്ട എഴുത്തുകാരിയെ കാണാൻ വരുന്നത്.

“ആ വിരൽത്തുമ്പിലൂടെ ഊർന്നിറങ്ങിയ അക്ഷരങ്ങൾ. ആ അക്ഷരങ്ങൾ ആണ് ജീവവായുമായി എന്നിൽ നിറഞ്ഞതും നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ തന്നതും. ഒപ്പം കുടുംബവും.” നനവ് പുരണ്ട അവ്യക്‌തമായ അക്ഷരങ്ങൾ ആ മനസ്സിന്‍റെ വിഹ്വലതയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

ജീവിതത്തിൽ ആദ്യമായി കിട്ടിയ പ്രശംസ കത്തിലെ വരികൾ വായിച്ചപ്പോൾ കണ്ണുകളിലെ നനവ് മറച്ച് ചിരിക്കാൻ ശ്രമിച്ചു. ജീവിതത്തിലേയ്ക്ക് കൈപിടിച്ച് തിരികെ കയറ്റിയതിന് നന്ദി സൂചകമായ വരികൾ.

കണ്ണീരിന്‍റെ ഉപ്പ് പുരണ്ട ആ വരികളിൽ കണ്ണാടിച്ചില്ല് പോലെ ആ മുഖവും വ്യക്തമായിരുന്നു. ദിവസങ്ങളോളം സൂക്ഷിച്ച് വച്ചിരുന്ന ആ കത്ത് എവിടെ നഷ്ടപ്പെട്ടുവെന്ന് അറിയില്ല. ആ കത്ത് ആയിരുന്നല്ലോ തനിക്ക് നേരെയുള്ള വിനയന്‍റെ ആയുധങ്ങളിൽ അവസാനത്തേത്.

ചെറുപ്പം മുതലേ പുറംതോടിനുള്ളിലേക്ക് ഉൾവലിഞ്ഞ ജീവിതവും ചിന്തകളും. അമ്മയില്ലാത്ത കുട്ടിയല്ലേ എന്ന പരിഗണന എല്ലാവരിൽ നിന്നും ഏറെ കിട്ടിയിരുന്നു. വിരസതയാർന്ന പകലുകളെ മറികടന്നു വായനയിലൂടെ കോളേജ് ജീവിതം കഴിഞ്ഞപ്പോഴേക്കും പ്രിയപ്പെട്ട കഥാകാരന്മാരുടേയും ചിന്തകരുടേയും അനുഭവങ്ങളും ചിന്തകളും സ്വന്തമാക്കി കഴിഞ്ഞിരുന്നു.

എഴുത്ത് ഒരു ഹോബി മാത്രമായിരുന്നു. നോട്ട് ബുക്കിലെ താളുകളിൽ എഴുതി അവിടെ തന്നെ ഉപേക്ഷിക്കപ്പെടുകയായിരുന്നു പതിവ്. മയിൽപ്പീലി തുണ്ടിന്‍റെ ഓർമ്മ പോലെ അതും വിവാഹം വരെ.

വിനയന്‍റെ എതിർപ്പിനെതിരെ നേടിയെടുത്തതായിരുന്നു കലക്ട്രേറ്റിലെ ജോലി. ഭർത്താവിന്‍റെ കുടുംബമഹിമയ്ക്കും തറവാടിത്തതിനുമെതിരെയുള്ള തീരുമാനം. ശക്തമായി തന്നെ എതിർപ്പുകളെ നേരിട്ടപ്പോൾ വാഗ്വാദങ്ങളുടെ മുനയൊടിഞ്ഞു. അതോടെ മാനസികമായ ഒരു അകൽച്ച വിനയനിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.

അന്ന് ഓഫീസിൽ പുതിയതായി ചാർജ്ജെടുത്ത സെക്ഷൻ സൂപ്രണ്ടിന്‍റെ ഇന്‍റർകോമിലൂടെയുള്ള ക്ഷണം.

കാര്യമറിയാതെ, അന്ന് തീർക്കേണ്ടതായിരുന്ന ട്രെൻഡർ ഫയലുകൾ കൈയിലേന്തി ക്യാമ്പിന്‍റെ ഹാഫ്ഡോർ പതിയെ തുറന്ന് സാന്നിദ്ധ്യമറിയിച്ച് മുന്നിലെത്തിയപ്പോൾ കൈയിലെ തുറന്ന് പിടിച്ച രാവിലെ പ്യൂൺ വശം  കൊടുത്തയച്ച ട്രെൻഡർ ഫയലിലായിരുന്നു അദ്ദേഹത്തിന്‍റെ കണ്ണുകൾ.

ഒരു നിമിഷം സൂപ്രണ്ട് മുഖമുയർത്തി. അപ്പോഴാണ് അദ്ദേഹം കൈയിൽ പിടിച്ചിരുന്ന മടക്കുകൾ നിവർത്തിയ ഫുൾസ് കേപ് പേജുകളിൽ കണ്ണുകൾ ഉടക്കിയത്. അതോടെ ശരീരമാകെ ഒരു വിറയൽ അനുഭവപ്പെട്ടു. തലേന്ന് ഉറക്കം കളഞ്ഞ് എഴുതി തീർത്ത് പുതിയ കഥ! ബലിദാനം.

ഇതെങ്ങനെ ട്രെൻഡർ ഫയലിൽ എത്തിയെന്ന ചിന്തയിൽ മനസ്സ് തളരാൻ തുടങ്ങവേ ആ മുഖം തനിക്ക് നേരെയുയർന്നു. തടിച്ച കണ്ണടക്കുള്ളിലെ ഇറുക്കിയ കണ്ണുകളിൽ ഒരു നിമിശം തിളക്കമേറി. ഒപ്പം ചുണ്ടിന്‍റെ നേർത്ത കോണിൽ ഒരു പുഞ്ചിരിയുടെ തിരിനാളം തെളിഞ്ഞ് വന്നു.

“വെരിഗുഡ്… മനോഹരമായിരിക്കുന്നു. മീരയുടെ ഭാഷ എനിക്കിഷ്ടപ്പെട്ടു. മെസ്സേജ് കൺവേ ചെയ്യാൻ സാധിയ്ക്കുന്നുണ്ട്. ദാറ്റ്സ് ഗ്രേറ്റ്…” പാതി പോയി ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിൽ മെല്ലെ മന്ത്രിച്ചു.

“താങ്ക്യു സർ…”

“എഴുതിയത് ഏതെങ്കിലും ഫയലിൽ ഒളിപ്പിച്ച് വച്ചാൽ മാത്രം പോരാ… ഏതെങ്കിലും മാസികയ്ക്ക് അയച്ച് കൊടുക്കുകയും വേണം കേട്ടോ…” അദ്ദേഹത്തിന്‍റെ പുഞ്ചിരിയും ശബ്ദമില്ലാത്ത ചിരിയും.

“എഴുത്ത് നിർത്തണ്ടാട്ടോ… എഴുതണം… ധാരാളം.”

തിരികെ സീറ്റിൽ വന്നിരിക്കുമ്പോൾ ചുറ്റിലും അടക്കം പറയുന്ന കണ്ണുകൾ. ഒരു പുഞ്ചിരി എല്ലാവർക്കും മറുപടിയായി കൊടുത്തു.

വൈകിട്ട് ബസ് സ്റ്റോപ്പിലേക്കുള്ള മടക്കയാത്രയിലാണ് സൂപ്രണ്ടിനെ പറ്റി ഷെരീഫ് കൂടുതൽ പറഞ്ഞത്. പത്രങ്ങളിലെ വാരാന്ത്യങ്ങളിൽ സ്‌ഥിരമായി കോളം എഴുതാറുണ്ട്. യാത്രാക്കുറിപ്പുകളും തർജ്ജമകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ചിലത് കോളേജ് തലത്തിൽ പഠനവിഷയങ്ങളും.

“സൂപ്രണ്ട് സാറിന്‍റെ സപ്പോർട്ട് മീരയ്ക്ക് എഴുത്തിൽ ഗുണം ചെയ്യും കേട്ടോ” ഷെരീഫ് പറഞ്ഞ് നിർത്തി.

ഷെരീഫിന്‍റെ തന്നെ നിർബന്ധമായിരുന്നു ആ കഥ പ്രസിദ്ധ വാരികയ്ക്ക് അയച്ച് കൊടുക്കണമെന്നത്. എന്നാൽ അയച്ചതിന് ശേഷമുള്ള കാത്തിരിപ്പ് ഏറെ മടുപ്പ് ഉളവാക്കുകയും ചെയ്‌തു.

എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം വാരികയിൽ നിന്നും അറിയിപ്പ് കിട്ടി. എഡിറ്ററുടെ കത്ത് വായിച്ച് ടേബിളിൽ മടക്കി വയ്ക്കുമ്പോൾ മുന്നിൽ വിനയന്‍റെ മുഖം കത്തിലെ കാര്യമെന്തെന്നറിയാനുള്ള ത്വരയോടെ കത്ത് കൈയിൽ നിന്ന് വലിച്ചെടുത്ത് ഒരു കൂർത്ത നോട്ടം സമ്മാനിച്ചു കൊണ്ട് കത്തിലൂടെ കണ്ണുകളോടിച്ചു.

“ഓ… ഇനിയിപ്പോ ഈ ഭ്രാന്തും കൂടി തൊടങ്ങ്യോ?”

“എഴുത്ത് ഭ്രാന്താണെന്ന് ആരാ പറഞ്ഞെ? പ്രസിദ്ധീകരിക്കുമെന്നു കരുതി അയച്ചതല്ല. അഥവാ, പ്രസിദ്ധീകരിച്ചാൽ തന്നെ എന്താ തെറ്റ്?”

അവളുടെ മറുചോദ്യം വിനയനെ ശുണ്ഠി പിടിപ്പിക്കാൻ പാകത്തിനുള്ളതായിരുന്നു. കണ്ണുകളിലൊളിപ്പിച്ച കൂരമ്പുകളുടെ മൂർച്ചയേറിയ നോട്ടം, കഴുത്തിലെ ഞരമ്പുകളുടെ വലിഞ്ഞ് മുറുകിയ അവസ്‌ഥയിൽ കത്ത് അയാളുടെ കൈ വെള്ളയിൽ ചുരുങ്ങുന്നത് കണ്ടു. ഒപ്പം പുറത്തെ മഴയിലേക്ക് അത് എറിഞ്ഞു കളഞ്ഞു അയാൾ.

ജീവിതം എല്ലാറ്റിനേയും ശീലമാക്കി മാറ്റിയിരുന്നതിനാൽ ദുഃഖം തോന്നിയില്ല.

ആരോടും പരിഭവമില്ലാതിരുന്ന ഒരു ജീവിതമായിരുന്നു അവളുടേത്. ആറ് വർഷത്തെ ദാമ്പത്യം അവൾക്ക് നൽകിയത് വേദനകൾ മാത്രമായിരുന്നു. വെറുതെ ഒരു ഉടമ്പടിയുടെ ബലത്തിൽ ഭാര്യയുടെ റോൾ അവൾ വളരെ മനോഹരമായി അഭിനയിച്ച് പോരുകയായിരുന്നു.

രാത്രിയുടെ മടുപ്പിൽ, തിരിഞ്ഞ് കിടന്ന് എല്ലാം മറന്നുറങ്ങുന്ന ഭർത്താവിനെ കാണുമ്പോൾ അവനേൽപിച്ച സ്പർശവും നിശ്വാസങ്ങളും സ്വന്തം ശരീരത്തെ മലിനമാക്കിയെന്ന തോന്നലാണ് അവൾക്ക് ഉണ്ടായിരുന്നത്.

എത്ര കഴുകിയാലും വിട്ടുമാറാത്ത ദുർഗന്ധം ശരീരത്തിലെ ഓരോ അണുവിൽ നിന്നും പുറപ്പെടുന്നുവെന്ന തോന്നൽ.

വിനയന്‍റെ അവഗണന അവളുടെ മനസ്സിനെ അങ്ങനെ രൂപപ്പെടുത്തിയെടുത്തതാണ്. തന്‍റെ നിസ്സഹായതയിൽ അവൾക്ക് ഒട്ടും സങ്കടം തോന്നിയിരുന്നില്ല. മറിച്ച്, അറിയാതെ വീണു കിട്ടുന്ന സ്വകാര്യ നിമിഷങ്ങളെ അവൾ ഗൂഢമായി ആനന്ദിക്കാൻ തുടങ്ങി.

“ദാമ്പത്യത്തിൽ രണ്ട് ചാപിള്ളകളെ സമ്മാനിച്ചതു കൊണ്ട് മാത്രം അമ്മയാകുന്നില്ല” എന്ന ഭർത്താവിന്‍റെ വാക്കുകൾ അവൾക്കെതിരെയുള്ള അവഗണനയാണ്. അയാളുടെ ഓരോ വാക്കുകളും അവളുടെ നെഞ്ചിനെ കോർത്ത് വലിക്കാൻ പാകത്തിൽ രാകി മൂർച്ച കൂട്ടിയതായിരുന്നു.

“പുല്ലും കാടിയും കൊടുത്ത് മച്ചി പശുവിനെ ആരും വളർത്താറില്ല! പകരം കൊല്ലാൻ കൊടുക്കാറാണ് പതിവ്.” രാത്രിയിൽ അയാൾ തുടങ്ങി വച്ച രതിയ്ക്കെതിരെ ശിലാരൂപം പൂണ്ട അവളെ നോക്കി അയാൾ മുറുമുറുത്തു.

ഓഫീസിൽ നിന്നും തിരിച്ചെത്തിയാൽ തടവറയെ മാത്രം ഓർമ്മിപ്പിക്കുന്ന ചുവരുകൾ അവളെ വീർപ്പുമുട്ടിച്ചു കൊണ്ടേയിരുന്നു. ഒപ്പം മനസ്സിലെ സങ്കടങ്ങളെ പഴയ പുസ്തക താളുകളിൽ എഴുതിക്കൊണ്ടിരുന്നു… എന്നാൽ അവയെ കഥയെന്ന് വിളിക്കാൻ അവൾ മെനക്കെട്ടില്ല.

അടുത്തയാഴ്ച തുടങ്ങിയത് മൊബൈലിലേക്കുള്ള മെസ്സേജുകളുടെ നിലയ്ക്കാത്ത പ്രവാഹത്തോടെയായിരുന്നു.

അന്ന് തന്നെ പുറത്തിറങ്ങിയ വാരികയിലെ അവളുടെ കഥയെക്കുറിച്ചുള്ള വായനക്കാരുടെ പ്രതികരണങ്ങൾ!

ഇതെങ്ങനെ സംഭവിച്ചുവെന്ന് അദ്ഭുതപ്പെടുമ്പോൾ ഷെരീഫാണ് പറഞ്ഞത്. കഥകൾക്കൊപ്പം എഴുത്തുകാരുടെ മൊബൈൽ നമ്പർ കഥയുടെ അവസാനം ചേർക്കുന്ന പതിവുണ്ടത്രേ.

പ്രസിദ്ധീകരിച്ച് വന്ന തന്‍റെ ആദ്യ കഥയ്ക്ക് തന്നെ ഇത്രയും പ്രതികരണങ്ങൾ അവൾ പ്രതീക്ഷിച്ചിരുന്നില്ല. പ്രതികരണങ്ങൾ എല്ലാം തന്നെ പ്രോത്സാഹനങ്ങൾ ആയിരുന്നു. തുടർന്നും എഴുതണമെന്നുള്ള നിർദ്ദേശങ്ങളും ചിലർ നേരിട്ട് വിളിച്ച് അറിയിച്ചിരുന്നു.

അന്ന് ഓഫീസിലെ മെയിലിലാണ് വാരിക കിട്ടിയത്. ഒപ്പം നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള എഡിറ്ററുടെ കത്തും. ഉച്ചഭക്ഷണത്തിനിരിക്കുമ്പോൾ ഷെരീഫ് തന്നെയാണ് ഈ വാർത്ത എല്ലാവരിലും എത്തിച്ചത്. ഒപ്പം വാരിക പലരിലൂടെയും കൈമാറിക്കൊണ്ടിരുന്നു.

വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ഗിരിജയുടെ കമന്‍റ് കേട്ടു. “പ്രസിദ്ധ വാരികയിൽ കഥ അച്ചടിച്ച് വന്നതിന് ഇന്ന് വിനയൻ സാറിന്‍റെ വക സ്പെഷ്യൽ സമ്മാനം കാണുമല്ലോ… അല്ലേ… മീരേ…?”

രാത്രി ഭക്ഷണത്തിനിരിക്കുമ്പോൾ വിനയനോട് പലവുര കഥ പ്രസിദ്ധീകരിച്ചു വന്ന കാര്യം പറയാൻ മനസ്സ് വെമ്പിയതാണ്. പ്രതികരണം എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി അറിയാമെന്നതിനാൽ അത് വേണ്ടെന്ന് വച്ചു അവൾ. കിടക്കാൻ നേരം ബെഡിൽ നിന്നും വെറുതെ മൊബൈല്‍ എടുത്തു നോക്കി. അപ്പോഴേക്കും കണ്ടു മൂന്ന് മെസ്സേജുകൾ.

രണ്ട് ദിവസങ്ങൾക്കു ശേഷം അന്നത്തെ പോസ്റ്ററിൽ വന്ന ഇല്ലന്‍റ് കത്ത് കണ്ട് അവൾ അദ്ഭുതം കൂറി. പ്രസിദ്ധികരിച്ച് വന്ന അവളുടെ കഥ വായിച്ച ഒരു ആസ്വാദകന്‍റെ കുറിപ്പായിരുന്നു അത്.

“ജീവിതം വഴിമുട്ടിയ നിമിഷം… ആത്മഹത്യയല്ലാത്തെ മറ്റൊന്നു പോംവഴികളായി ഇല്ലാതിരുന്ന അവസ്‌ഥയിൽ കൈയിൽ കിട്ടിയ വാരികയിൽ വായിക്കാനിടയായ മാഡത്തിന്‍റെ കഥ. അത് തനിക്ക് വഴികാട്ടിയായിരിക്കുന്നു.

ജീവിതം ജീവിക്കാനുള്ളതാണെന്നും മരണം ഒന്നിനും പരിഹാരമല്ലെന്നും അങ്ങ് എത്ര മനോഹരമായി എന്നെ അറിയിച്ചിരിക്കുന്നു. സ്വന്തമായി ഒരു മൊബൈൽ ഇല്ലാത്തതിനാലാണ് ഈ കത്ത്. വാരികയുടെ ഓഫീസിൽ നിന്നും വളരെ പണിപ്പെട്ടാണ് മാഡത്തിന്‍റെ അഡ്രസ്സ് നേടിയെടുത്തത്.”

കത്തിന്‍റെ കാര്യം ഷെരീഫിനോട് പറഞ്ഞില്ല… എന്തോ… അത് മനസ്സിൽ തന്നെ സൂക്ഷിക്കാനാണ് തോന്നിയത്.

രണ്ട് ദിവസത്തിനു ശേഷം മറ്റൊരു കത്ത് കൂടി വന്നു. ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് നന്ദിയായിരുന്നു ആ കത്തിൽ. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ഭാര്യയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നുവെന്ന് അയാൾ അറിയിച്ചിരിക്കുന്നു.

സ്നേഹ സമ്പന്നനായ ഭർത്താവിനെയും കുഞ്ഞിനേയും മറന്ന് ചെയ്‌ത പ്രവൃത്തികൾ തെറ്റായിരുന്നുവെന്ന തിരിച്ചറിവിൽ കണ്ണീരിനാൽ പാപക്കറകൾ കഴുകി കളഞ്ഞ് കുടുംബത്തിലേക്ക് തിരിച്ചെത്തിയ അവൾക്ക് എല്ലാം മറന്ന് മാപ്പ് കൊടുക്കുവാൻ പ്രേരിപ്പിച്ചതും തന്‍റെ കഥയാണത്രേ…!

ഉറങ്ങാൻ കഴിയാതിരുന്ന ഒരു രാത്രിയായിരുന്നു അന്ന് അവളുടേത്. ചിന്തകൾ ഓർമ്മകളുടെ നൂൽപാലത്തിലൂടെ പലവുരു കയറിയിറങ്ങി.

എങ്ങോ നഷ്ടപ്പെട്ട ജീവിതത്തിന്‍റെ വ്യഥയിൽ പകച്ച് നിൽക്കുന്ന താൻ മറ്റൊരാൾക്ക് വഴികാട്ടിയാവുക. ഓർക്കുമ്പോൾ ചിരിയ്ക്കാതിരിക്കാൻ കഴിയുന്നില്ല. “ജീവിതം എല്ലാവർക്കും വിലപ്പെട്ടതാണ്. ഉടച്ച് കളയുവാൻ എളുപ്പമാണ്, എന്നാൽ കൂട്ടിച്ചേർക്കുവാൻ പ്രയാസം.” വായനകളിലെവിടെയോ മറന്ന ഒരു വരി ഓർമ്മ വന്നു.

എന്നാൽ തന്‍റെ ജീവിതം കൈവിട്ട ഒരു നൂൽപട്ടം മാത്രമാണെന്ന് അവൾ ചന്ദ്രൻ മാഷിന് വേണ്ടി മനസ്സിൽ കോറിയിട്ടു.

രാവിലെ എഴുന്നേറ്റപ്പോൾ മുറി ശൂന്യമായിരുന്നു. തലേന്ന് പെയ്തൊഴിഞ്ഞ മഴയുടെ തണുപ്പ് ചുറ്റിലും നിറഞ്ഞ് നിന്നിരുന്നു. കിടക്ക വിട്ടെണീക്കുമ്പോൾ മുന്നിൽ പത്രവുമായി ഗൗരിയെത്തി.

പത്രത്തിനോടൊപ്പം കൈയിലുണ്ടായിരുന്ന ഒരു നീണ്ട കവർ മുന്നിലേക്ക് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.

“ചേച്ചീ… ഞാൻ വരുമ്പോൾ സാറ് പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. ചേച്ചിക്ക് തരാൻ പറഞ്ഞ് തന്നതാണ്.”

അച്ചടി ഭാഷയിലുള്ള ഗൗരിയുടെ സംസാരം ശ്രദ്ധിച്ചു. അവളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിച്ചതും താൻ തന്നെയാണല്ലോ. അവൾ ഓർത്തു.

ആകാംക്ഷയോടെ കവർ വാങ്ങി. തുറന്ന് നോക്കുമ്പോഴേക്കും ഗൗരി തിരിഞ്ഞ് മുറിയിൽ നിന്നും പുറത്ത് കടന്നിരുന്നു. ഒരു നിമിഷം അക്ഷരങ്ങളിലൂടെ കണ്ണുകളോടിച്ചു.

വിവാഹമോചനത്തിനുള്ള അപേക്ഷയായിരുന്നു അത്. വിനയന് വേണ്ടത് തന്‍റെ സമ്മതം. നേരിട്ട് ആവശ്യപ്പെടാനുള്ള ധൈര്യക്കുറവോ, കോടതി മുറിയിൽ വാക്കുകൾ കൊണ്ട് അമ്മാനമാടി ജയിക്കുന്ന അഡ്വക്കേറ്റ് വിനയചന്ദ്രന് ഉൾഭയമോ?

ഒരു നിമിഷം ക്ലോക്കിലെ മണിനാദം അവളെ ചിന്തയിൽ നിന്നുണർത്തി. സമയമേറെയായല്ലോ ഈ ഇരിപ്പ് തുടങ്ങിയിട്ട്?

ഭൂതത്തിനും വർത്തമാനത്തിനുമിടയിലെ നേർത്ത നൂൽപാലത്തിലൂടെയുള്ള തന്‍റെ യാത്രയുടെ അന്ത്യം തിരിച്ചറിഞ്ഞ് അവളുടെ മനസ്സ് ഒരു വേനൽ പക്ഷിയായി പറന്നിറങ്ങി. ഉറച്ച തീരുമാനത്തിലേക്ക്.

“ജയിക്കുക, ഒരിയ്ക്കലെങ്കിലും മീര വിനയചന്ദ്രനായി തന്നെ…”

ഒരു നിമിഷം അവൾ ജാഗരൂകയായി.

“ഗൗരി… ആര് അന്വേഷിച്ചാലും ഇല്ലെന്ന് പറഞ്ഞേക്കണം” പുറത്തേക്ക് നോക്കി അവൾ വിളിച്ച് പറഞ്ഞു.

ധൈര്യം വിടാതെ തന്നെ അവൾ ഷെൽഫ് തുറന്നു കൈയെത്തിച്ച് തന്‍റെ പ്രിയപ്പെട്ട ചെറിയ പ്ലാസ്റ്റിക് ഡപ്പി കൈയിലെടുത്തു. ഉറക്കം വരാത്ത രാത്രികളിൽ മാത്രം കഴിക്കുവാൻ ഡോക്ടർ വിമല മേനോൻ നിർദ്ദേശിച്ചിരുന്നതെല്ലാം കൈവെള്ളയിൽ ചൊരിഞ്ഞു. വീണ്ടുമൊരു ചിന്തയ്ക്കിടം കൊടുക്കാതെ തന്നെ തിരിഞ്ഞ് ടേബിളിലെ ടംബ്ലറിൽ തലേ ദിവസം പകർന്ന് വച്ചിരുന്ന തണുത്ത വെള്ളം വായയിലേക്ക് കമഴ്ത്തി. ഒപ്പം കൈയിലെ അസംഖ്യം വെളുത്ത ഗുളികകളും.

പകുതിയിലേറെ വെള്ളം കഴുത്തിലൂടെയും കൈത്തണ്ടയിലൂടെയും താഴേയ്ക്ക് നീർച്ചാലൊഴുക്കി പടർന്നിറങ്ങി.

തണുത്ത വെള്ളത്തിന്‍റെ സുഖകരമായ സ്പർശം ഒരു അനുഭൂതിയായി ഉടലിലേയ്ക്ക് പടർന്നിറങ്ങി.

ഫാനിന്‍റെ ചിറകുകളിലെ തണുപ്പ് ഉടലിലാകെ പടരാൻ തുടങ്ങവെ, ഫോം ബെഡിന്‍റെ മാർദ്ദവത്തിലേക്ക് അവൾ സ്വയം ചരിഞ്ഞിരുന്നു. കണ്ണുകൾ പുറത്തെ മങ്ങിയ കാഴ്ചകളിലേയ്ക്ക് മേയാൻ വിട്ടു കൊണ്ട്.

അപ്പോൾ അവൾ കണ്ടു. ഉല്ലാസത്തിന്‍റെ പടികൾ കയറി വർണ്ണ ശലഭങ്ങളായി കടന്ന് വരുന്ന ഒരു കുടുംബം. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലേയ്ക്ക് ആ കാഴ്ച ഒരു നിമിഷം പടർന്ന് കയറി… ഒരു മായാജാലം പോലെ.

നീലിമ

നീലിമ സ്വന്തം വീട്ടിൽ പോയി വന്നശേഷം അവളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ മാറ്റം വന്നതുപോലെ ഹർഷന് തോന്നി. മുമ്പൊരിക്കലും അവളങ്ങനെയൊന്നും പെരുമാറിയിരുന്നില്ല. മുമ്പ് ഹർഷന് ഓഫീസിൽ പോകാൻ നേരമാകുമ്പോൾ അവൾ ഹർഷന്‍റെ എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ഒന്നിലും ഒരു കുറവുണ്ടാകരുത് അവൾക്കത് നിർബന്ധമായിരുന്നു.

ഹർഷനുള്ള ടിഫിൻ ഭംഗിയായി ഒരുക്കി വയ്ക്കുക, വാച്ച്, മൊബൈൽ, പേഴ്സ്, പേന, തൂവാലയൊക്കെ അവൾ കൃത്യമായി എടുത്ത് വയ്ക്കും. എന്തെങ്കിലും മറന്നു പോയാലോയെന്ന ആധിയായിരുന്നു അവൾക്ക്. ഹർഷൻ കുളിച്ചിറങ്ങുമ്പോഴേക്കും നീലിമ ഹർഷന്‍റെ ഷർട്ടും പാന്‍റുമൊക്കെ ഒറ്റ ചുളിവുമില്ലാതെ ഭംഗിയായി വടിവൊത്ത് ഇസ്തിരിയിട്ട് തയ്യാറാക്കി വയ്ക്കും.

ഹർഷൻ സ്വയം ചെയ്‌തിരുന്ന ഒരേയൊരു ജോലി ഷൂ പോളിഷ് ചെയ്യുന്നതായിരുന്നു. ഹർഷന്‍റെ ഭക്ഷണകാര്യത്തിലും അവൾക്ക് വലിയ ശ്രദ്ധയായിരുന്നു. ഹർഷന് ഇഷ്‌ടമുള്ള ഭക്ഷണം പാകം ചെയ്‌ത് കൊടുത്തിരുന്നുവെങ്കിലും അയാളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിഭവങ്ങളും നിർബന്ധിച്ച് കഴിപ്പിക്കും. ഞായറാഴ്ച ദിവസങ്ങളിൽ നീലിമ അടുക്കളയിൽ തിരക്കിട്ട പണിയിലായിരിക്കും. അന്ന് ഉച്ചയൂണിന് സ്പെഷ്യൽ വിഭവങ്ങളായിരിക്കും.

വീട് എപ്പോഴും വൃത്തിയായി സൂക്ഷിച്ചു. വീട്ടിലെ ഒരു വസ്തുവും അലക്ഷ്യമായി കിടക്കുന്നത് അവൾക്കിഷ്ടമല്ലായിരുന്നു. ഇതേ നിഷ്ക്കർഷത സ്വന്തം കാര്യത്തിലും അവൾ പുലർത്തിയിരുന്നു.

എന്നും കുളിച്ച് അണിഞ്ഞൊരുങ്ങി നടക്കാനായിരുന്നു നീലിമയ്ക്കിഷ്ടം. മുഖത്ത് സദാ പുഞ്ചിരിയുമായി നടക്കുന്ന നീലിമയെ കാണുമ്പോൾ തന്നെ എല്ലാവർക്കും സന്തോഷമായിരിക്കും. അതുകൊണ്ട് ഹർഷൻ സദാസമയവും സന്തോഷവാനായി നടന്നു.

പക്ഷേ ഇപ്പോൾ എല്ലാം മാറിയിരിക്കുന്നു. വീട് അലങ്കോലപ്പെട്ട് കിടന്നാലും നീലിമ ഒന്നും തന്നെ ശ്രദ്ധിക്കാതെയായി. ഹർഷൻ എന്തെങ്കിലും കാര്യം അന്വേഷിച്ചാൽ എടുത്തടിച്ചതു പോലെയാവും നീലിമയുടെ മറുപടി. കുറച്ചൊക്കെ തന്നെ ചെയ്‌തു കൂടെയെന്ന് ചോദിക്കും. എല്ലാം താൻ തന്നെ ശ്രദ്ധിച്ചാൽ മതിയോ എന്നൊക്കെ അവൾ വിചിത്രമായി പ്രതികരിച്ചു തുടങ്ങി. അവളുടെ അസാധാരണമായ മാറ്റം കണ്ട് ഹർഷന്‍റെ മനസ്സ് പലപ്പോഴും അസ്വസ്ഥമായ ചിന്തകളിൽ മുഴുകിയിരുന്നു.

ഹർഷന് സുഖമില്ലെന്നറിഞ്ഞ് ഒരിക്കൽ ഹർഷന്‍റെ പഴയൊരു സഹപ്രവർത്തക അയാളെ കാണാൻ വീട്ടിൽ വന്നു. സഹപ്രവർത്തക വന്നതിൽ അന്ന് നീലിമയ്ക്ക് പ്രത്യേകിച്ച് വിഷമമൊന്നുമുണ്ടായില്ലെങ്കിലും പിന്നീട് അവൾ അക്കാര്യത്തിലുള്ള നീരസം പ്രകടിപ്പിച്ചു. ഒരു പക്ഷേ നീലിമയുടെ നാത്തൂന്‍റെ ഉപദേശപ്രകാരമായിരിക്കാം നീലിമ അങ്ങനെ പ്രതികരിച്ചതെന്ന് ഹർഷൻ സമാധാനിച്ചു.

ഓഫീസിൽ തിരക്കുപിടിച്ച ജോലിയായതിനാൽ കുറേ നാളായി ഹർഷൻ വീട്ടിൽ വൈകിയാണ് എത്തിയിരുന്നത്. വീട്ടിൽ മുഴുവൻ സമയം ഒറ്റയ്ക്കിരിക്കുന്നതു കൊണ്ട് ഒരു പക്ഷേ നീലിമയ്ക്ക് മടുപ്പു തോന്നുന്നുണ്ടാകും. കുഞ്ഞുങ്ങളുമില്ലല്ലോ, അവർക്കൊപ്പം സമയം ചെലവഴിക്കാൻ കുഞ്ഞുങ്ങൾ ഉടനെ വേണ്ട 2-3 വർഷം കഴിഞ്ഞു മതിയെന്നുള്ള തീരുമാനം നീലിമയുടേതായിരുന്നു. അതേപ്പറ്റി സൂചിപ്പിക്കുമ്പോഴൊക്കെ അവൾ ഈയിടെയായി കൃത്യമായി മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ഹർഷൻ ഓരോന്നും ഓർത്തു കൊണ്ടിരുന്നു.

“ഹർഷൻ ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ട്. എടുത്ത് കഴിച്ചിട്ട് ബാക്കിയുള്ളത് ഫ്രിഡ്ജിൽ വച്ചേക്കണം. ഞാൻ ചിലപ്പോൾ വരാൻ വൈകും. എന്‍റെയൊരു ഫ്രണ്ടിന്‍റെ ബർത്ത്ഡേ പാർട്ടിയുണ്ട്” നീലിമ ഉച്ചത്തിൽ പറഞ്ഞു.

“ഞായറാഴ്ച തന്നെ വേണോ? ഈയൊരു ദിവസം ഭർത്താക്കന്മാർ എല്ലാവരും വീട്ടിലുണ്ടാവില്ലേ?”

“അപ്പോൾ ഞങ്ങൾ ഭാര്യമാർ എല്ലാ ദിവസവും വീട്ടിലിരിക്കുന്നതോ… അതിനൊന്നും പറയാനില്ലേ? ബെഡിൽ ഇന്നലെ മുതൽ നിങ്ങളുടെ ഡ്രസ്സൊക്കെ കിടക്കുവാ, അതൊക്കെ അടുക്കി വയ്ക്കണം. ഞാൻ തന്നെ ചെയ്യണമെന്ന് പറയുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല?” ഇത്രയും പറഞ്ഞു കൊണ്ട് അവൾ വാതിൽ വലിച്ചടച്ച ശേഷം പുറത്തേക്ക് പോയി.

നീലിമ മുമ്പും ഇതുപോലെ പോകുമായിരുന്നുവെങ്കിലും അവൾ വീട്ടിലെ എല്ലാ ജോലിയും സന്തോഷത്തോടെ ചെയ്‌ത് തീർത്ത ശേഷമേ പോയിരുന്നുള്ളൂ. ഹർഷൻ ഓർത്തു. ഇപ്പോഴാകട്ടെ പെരുമാറ്റത്തിലാകെ പാരുഷ്യം.

അകലം കൂടി വരുന്നതു പോലെ ഇനി താനവൾക്ക് ഒരു ഭാരമാകരുത്. സ്വന്തം ജോലികൾ സ്വയം ചെയ്യണം. അയാൾ പുതിയൊരു തീരുമാനമെടുത്തു. ഹർഷൻ മനസ്സില്ലാമനസ്സോടെ എങ്ങിനെയെക്കെയോ ഭക്ഷണം കഴിച്ചു. നീലിമയുണ്ടാക്കി വച്ച ഭക്ഷണത്തിന് രുചിക്കുറവ് ഒന്നുമുണ്ടായിരുന്നില്ല. അവളെന്ത് ഉണ്ടാക്കിയാലും നല്ല രുചിയായിരിക്കും. പക്ഷേ ഇപ്പോൾ അവൾ എന്ത് ഉണ്ടാക്കിയാലും ഒന്നുകിൽ ഉപ്പ് കൂടുതൽ ആയിരിക്കും അല്ലെങ്കിൽ ഒട്ടുമുണ്ടാവില്ല. ചിലപ്പോൾ പച്ചക്കറി നന്നായി വെന്ത് കരിഞ്ഞിരിക്കും. അവൾക്കെന്താണ് സംഭവിച്ചിരിക്കുക?

ഹർഷൻ ആകെ അസ്വസ്ഥനായി. അയാൾക്കൊന്നും മനസ്സിലായില്ല. പക്ഷേ മനസ്സിൽ ഊറിക്കൂടിയ സങ്കടത്തിനിടയിൽ അയാൾക്കൊരാശയം തോന്നി. “മോനെ… ഹോസ്‌റ്റൽ ദിനങ്ങൾ ഓർക്ക്… എന്തെങ്കിലും വിഭവം തയ്യാറാക്കി നീലിമയ്ക്കൊരു ഉഗ്രൻ സർപ്രൈസ് കൊടുക്ക്. അവൾ മടങ്ങിയെത്തുമ്പോഴേക്കും ഉഗ്രനൊരു ഡിന്നറൊരുക്ക്. താനും എപ്പോഴെങ്കിലും എന്തെങ്കിലും അവൾക്കു വേണ്ടി ചെയ്യേണ്ടതല്ലേ.” അയാളുടെ മനസ്സിൽ ആരോയിരുന്ന് മന്ത്രിക്കുന്നതുപോലെ തോന്നി.

മനസ്സിൽ തോന്നിയ ആശയത്തിൽ ഉണർവ്വിൽ അയാൾ ഒരു സിനിമ കാണാനുള്ള ടിക്കറ്റും ബുക്ക് ചെയ്‌തു. അതിനു ശേഷം രണ്ടുപേർക്കും ഏറ്റവുമിഷ്‌ടമുള്ള വിഭവങ്ങൾ തയ്യാറാക്കി നീലിമയെ കാത്തിരുന്നു.

മടങ്ങിയെത്തിയ നീലിമ ഹർഷൻ ജോലിയൊക്കെ ഏറെക്കുറെ ഭംഗിയോടെ ചെയ്ത് തീർത്തിരിക്കുന്നത് ശ്രദ്ധിച്ചു. അവൾ ഉള്ളാലെ സന്തോഷിച്ചു. പക്ഷേ ആ സന്തോഷം അവൾ പുറമെ പ്രകടിപ്പിച്ചില്ല.

ഹർഷൻ തന്നെ ആശ്രയിക്കാതെ സ്വയം എല്ലാം ചെയ്ത് ശീലിക്കണം. അതാണല്ലോ അവൾ ആഗ്രഹിച്ചിരുന്നതും. അതുകൊണ്ട് അവൾ വലിയ സംസാരമൊന്നുമില്ലാതെ ഹർഷനൊപ്പമിരുന്ന് അത്താഴം കഴിച്ചു. അത് കഴിഞ്ഞ് അവർ ഇരുവരും കൂടി സിനിമ കാണാനും പോയി. അപ്പോഴും അവൾ ഏറെക്കുറെ നിശബ്ദത പാലിച്ചു.

അവളുടെ നിശബ്ദത ഹർഷനെ വല്ലാതെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു. “നീലി… എന്തെങ്കിലും വിഷമമുണ്ടോ? എന്നോടത് പറയരുതോ? എന്‍റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതോ എന്‍റെ കൂടെയുള്ള ജീവിതം നിനക്ക് മടുത്തോ?”

“നിങ്ങൾക്ക് ഹിന്ദി സിനിമ ഇഷ്ടമാണെന്ന് എനിക്കറിയാം. പക്ഷേ അക്ഷയ്കുമാറിനെ ഇഷ്‌ടമല്ല. പിന്നെന്തിനാ. അക്ഷയിന്‍റെ സിനിമ കാണാൻ പുറപ്പെട്ടത്. എനിക്കു വേണ്ടിയല്ലേ… ഞാൻ കാരണം നിങ്ങൾ ആ സിനിമ കാണേണ്ട വല്ല കാര്യവുമുണ്ടോ?”

അവളുടെ പ്രതികരണം കേട്ട് ഹർഷൻ അദ്ഭുതപ്പെട്ടു പോയി. ഹർഷൻ കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ തനിക്കൊപ്പം നിർബന്ധിച്ചിരുത്തി രാത്രി മുഴുവനും സിനിമ കാണുന്ന അതേ നീലിമയാണോ ഇങ്ങനെയൊക്കെ പറയുന്നത്. എന്തുകൊണ്ടാണ് നീലിമ തന്നോടിത്ര ദേഷ്യം കാട്ടുന്നത്? ഇനി അവളുടെ മനസ്സിൽ മറ്റാരെങ്കിലും കടന്നു കൂടിയിട്ടുണ്ടാകുമോ? അടുത്ത നിമിഷം നീലിമയെപ്പറ്റി അങ്ങനെ ചിന്തിച്ചതോർത്ത് അയാൾ സ്വയം കുറ്റപ്പെടുത്തി.

തന്നെ ഏറ്റവും സ്നേഹിക്കുന്ന തന്‍റെ സാമീപ്യത്തിനായി കൊതിയോടെ കാത്തിരിക്കുന്ന നീലിമയ്ക്ക് അങ്ങനെയൊരിക്കലും ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല. താൻ സ്വന്തം ജോലി സ്വയം ചെയ്യണമെന്നാണ് നീലിമ ആഗ്രഹിക്കുന്നത്. എന്നാലെ അവൾക്ക് സന്തോഷമുണ്ടാകൂ. അങ്ങനെ ആയാൽ പഴയ നീലിമയെ തനിക്ക് തിരിച്ചു കിട്ടൂവെന്ന് ഹർഷനും വിചാരിച്ചു.

2-3 മാസങ്ങൾ കൊണ്ട് ഹർഷനിൽ കുറേ മാറ്റങ്ങൾ ഉണ്ടായി. ഞായറാഴ്ച ദിവസങ്ങളിൽ അയാൾ സ്വന്തം വസ്ത്രമലക്കി വിരിച്ചു. ഉണങ്ങിയ വസ്ത്രങ്ങളിൽ ചിലത് അയാൾ സ്വയം ഇസ്തിരിയിട്ടു. മറ്റ് ചിലത് പുറമേ കൊടുത്ത് ഇസ്തിരിയിടീച്ച് വെടിപ്പാക്കി.

ഓഫീസിൽ പോകാൻ തയ്യാറാകുന്ന സമയത്ത് സ്വന്തം പേഴ്സും വാച്ചും മൊബൈലും ചാർജ്‌ജറും മറ്റും അയാൾ കൃത്യമായി എടുത്തു വച്ചു. അതിനായി അയാൾ നീലിമയെ വിളിച്ച് വിഷമിപ്പിച്ചതേയില്ല.

ബ്രേക്ക്ഫാസ്റ്റും സ്വയമെടുത്ത് കഴിച്ച് പ്ലെയ്റ്റ് കഴുകി സ്റ്റാൻഡിൽ കൃത്യമായി വച്ചു. ഓഫീസിലേക്ക് പുറപ്പെടും മുമ്പേ സ്വന്തം മുറിയിൽ അലക്ഷ്യമായി കിടക്കുന്ന വസ്തുക്കൾ ഒതുക്കി വയ്‌ക്കുകയും കിടക്കയിലെ വിരിപ്പ് വിരിച്ച് കൃത്യമാക്കുകയും ചെയ്യുന്നത് അയാൾ പതിവാക്കി.

നീലിമ ഇതൊക്കെ കണ്ട് സന്തോഷിച്ചിരിക്കുമോ? അയാൾ അതേപ്പറ്റി അഭിപ്രായമറിയാനായി ജിജ്ഞാസയോടെ ചോദിക്കുമ്പോഴൊക്കെ അവൾ നേരിയ പുഞ്ചിരിയിൽ മറുപടി ഒതുക്കി. പക്ഷേ സ്വന്തം കാര്യങ്ങളൊക്കെ ഹർഷൻ സ്വയം ചെയ്യുന്നത് കണ്ട് അവൾ ഉള്ളിൽ ഏറെ വേദനിച്ചിരുന്നുവെങ്കിലും അവൾ അതൊന്നും പുറമെ പ്രകടിപ്പിച്ചതേയില്ല. സ്വന്തം നിസ്സഹായവസ്‌ഥയിൽ അവൾ മനമുരുകി വേദനിച്ചു.

“ഹർഷാ… പുതിയൊരു ഇംഗ്ലീഷ് മൂവി റിലീസായിട്ടുണ്ട്. കൂട്ടുകാർക്കൊപ്പം പോയി കണ്ടോളൂ.”

“നീലി… നീയെന്തിനാ എന്നെ നിന്നിൽ നിന്നും അകറ്റി നിർത്തുന്നത്. നിനക്കതിൽ സന്തോഷമുണ്ടാകുമോ? എനിക്കൊന്നും മനസ്സിലാകുന്നില്ല. നിനക്ക് യോജിച്ച ആളല്ല ഞാനെന്ന് നിനക്ക് തോന്നി തുടങ്ങിയോ?”

“ഹർഷാ എനിക്ക് യോജിച്ചയാൾ തന്നെയാ… പക്ഷേ നിങ്ങളുടെ ഇളയമ്മ നിങ്ങൾക്കു വേണ്ടി ഒരു പെൺകുട്ടിയെ ആലോചിച്ചിരുന്നില്ലേ. അവളായിരുന്നുവെങ്കിൽ നിങ്ങൾക്ക് പെർഫക്റ്റ് മാച്ചായേനെ. അറിയാമോ… അവളിപ്പോഴും കല്യാണം കഴിച്ചിട്ടില്ല. ഞാൻ കാരണം അവളുമായിട്ടുള്ള വിവാഹം മുടങ്ങി അതിന്‍റെ പേരിലുള്ള ഇളയമ്മയുടെ ദേഷ്യവും മാറിയിട്ടില്ല. ഇളയമ്മയുടെ ദേഷ്യം മാറ്റാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ പറയ്…”

“നീ ഇപ്പോഴും കഴിഞ്ഞ കാര്യവും ഓർത്തിരിക്കുകയാണോ. നമ്മൾ പരസ്പരം ഇഷ്‌ടപ്പെട്ടു. സ്നേഹിച്ചു. ഒടുക്കം കല്യാണവും കഴിച്ചു. ഇപ്പോഴെന്തിനാ കഴിഞ്ഞു പോയ കഥ പറയുന്നത്. ഓഫീസിൽ പോകാൻ നേരമായി. ഞാൻ പോകട്ടെ. വൈകിട്ട് സംസാരിക്കാം. റിലാക്സ്.” അയാൾ എന്നും ചെയ്യുന്നതു പോലെ അവളുടെ നെറ്റിയിൽ സ്നേഹ പൂർവ്വം ചുംബിച്ചു.

“നീ എന്ത് വേണമെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തോ… പക്ഷേ ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും സീ യു ഹണി…”

“അതാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. നിങ്ങളോട് ഒന്നും പറയാൻ എനിക്കാവില്ല.” അയാൾ ഓഫീസിലേക്ക് പുറപ്പെട്ടശേഷം നീലിമ ഏറെ നേരം കരഞ്ഞു കൊണ്ടിരുന്നു.

നാളെയാണ് മുംബൈയിലേക്ക് പുറപ്പെടേണ്ടത്. ഇനിയൊരു മടങ്ങി വരവില്ലാത്ത യാത്ര. അവൾ പാടുപ്പെട്ട് സ്വയം നിയന്ത്രിച്ചു. ചെറിയൊരു ബാഗിൽ അവൾ സ്വന്തം വസ്ത്രങ്ങളും മറ്റും പായ്ക്ക് ചെയ്തു വച്ചു. രാത്രിയിൽ ഉറക്കം വരാതെ അവൾ അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു.

“നിനക്കെന്താ നീലി… സുഖമില്ലേ?” അവളുടെ അസ്വസ്ഥത കണ്ട് ഹർഷൻ ഇടയ്ക്ക് എഴുന്നേറ്റ് ചായ തയ്യാറാക്കി അവൾക്ക് കൊടുത്തു. ചിലപ്പോൾ ചൂട് വെള്ളവുമായി അയാൾ വന്നു. അടുത്തിരുന്ന് അവളുടെ നെറ്റി തടവി കൊടുത്തു.

“ഡോക്ടറെ വിളിക്കണോ?”

“സാരമില്ല. ചെറിയൊരു തലവേദന. രാവിലെയാകുമ്പോൾ ശരിയാവും. ഹർഷൻ കിടന്നോളൂ.”

പക്ഷേ ഹർഷൻ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ തലയിൽ തേക്കാനുള്ള എണ്ണക്കുപ്പിയെടുത്തു കൊണ്ടു വന്നു. എണ്ണക്കുപ്പിയുടെ അടപ്പ് തുറന്നപ്പോൾ അയാൾ എണ്ണ ബെഡിൽ വീഴാതിരിക്കാൻ നിലത്തിരുന്നു. ആ സമയത്ത് കട്ടിലിനടിയിൽ വച്ചിരിക്കുന്ന ബാഗ് കണ്ട് ഹർഷന് അദ്ഭുതം തോന്നി.

“ഈ ബാഗ്! ആരാണ് യാത്ര പോകുന്നത്?”

“അതെ ഹർഷാ, എനിക്ക് നാളെ മുംബൈയ്ക്ക് പോകണം. നാളെ രാവിലെ എന്നെ കൂട്ടി കൊണ്ടുപോകാൻ അഭി വരും. എന്‍റെ കൂട്ടുകാരി രൂപയുടെ അനിയത്തിയുടെ കല്യാണമാണ്. അവർക്കാരുമില്ല. ആകെ ഡിപ്രഷനായിട്ട് അവൾ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. കല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ ചെയ്യണം. അവൾ വീട്ടിൽ അമ്മയെ വിളിച്ച് കുറേ റിക്വസ്റ്റ് ചെയ്തു. അതുകൊണ്ടാ അമ്മ അഭിയെ അയച്ചത്. ഹർഷന് സമ്മതക്കുറവൊന്നുമുണ്ടാകില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു മാസമല്ല 6 മാസം വരെ അവൾക്കൊപ്പം താമസിക്കാനുള്ള അനുവാദമൊക്കെ ഹർഷൻ തരുമെന്ന് ഞാൻ പറഞ്ഞു. മുഴുവൻ കാര്യങ്ങളും ഇപ്പോൾ ഹർഷന് ചെയ്‌ത് ശീലമായിട്ടുണ്ടല്ലോ. അതുകൊണ്ട് ഒറ്റയ്ക്കായാലും വിഷമമുണ്ടാകില്ല.” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷേ… തന്നെ ഇത്രയധികം സ്നേഹിക്കുന്ന ഹർഷനോട് മനസ്സിലുള്ള ആ രഹസ്യം പറയുന്നതെങ്ങനെ.

“പക്ഷേ… എത്ര ദിവസം… ഞാൻ ഒറ്റയ്ക്ക് എങ്ങനെ?”

“ഒറ്റയ്ക്ക് താമസിച്ചുള്ള ശീലം വേണം… സ്വയം പര്യാപ്തനാവണം. എല്ലാ വിധത്തിലും അല്ലാതെ ആരെങ്കിലും പോയാലുടൻ കണ്ണീരൊലിപ്പിക്കുകയല്ല വേണ്ടത്.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇനിയൊന്നും പറയരുത്. നീ എന്തൊക്കെയാ ഈ പറയുന്നത്. നീ പോകുകയാണെങ്കിൽ ഞാൻ നിന്നെ തടയില്ല. പക്ഷേ എന്നാ മടങ്ങി വരിക. വിവാഹത്തിന് 10 ദിവസം നിൽക്കുന്നത് തന്നെ ധാരാളമാണ്. പിന്നെന്തിനാ ഒരു മാസം. പക്ഷേ ആവശ്യമാണെങ്കിൽ പോവുക. എല്ലാ ദിവസവും എനിക്ക് ഫോൺ ചെയ്യണം. ഇപ്പോ നീ ഉറങ്ങ്.”

സമയം 8 മണിയായിരിക്കുന്നു. അഭി അപ്പോഴേക്കും വീട്ടിൽ എത്തി.

“ചേച്ചി എവിടെയാ?”

“അഭി അവൾ എഴുന്നേറ്റില്ല. ഇന്നലെ അവൾക്ക് ഒട്ടും സുഖമില്ലായിരുന്നു. എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് ഉണർത്തിയില്ല.”

“ചേട്ടാ ഒരു മണിക്കാ ഫ്ളൈറ്റ്. ലേറ്റാകരുത്.”

“ങ്ഹും, ഞാൻ എഴുന്നേൽപ്പിക്കാൻ പോവുകയായിരുന്നു. ഇന്നലെ രാത്രിയാ ഞാൻ ഈ യാത്രയെപ്പറ്റി അറിയുന്നത് തന്നെ. ഞാൻ ചായ എടുക്കട്ടെ നീ അവളെ വിളിക്ക്”

“ചേച്ചി എഴുന്നേറ്റെ, ദേ ഞാൻ വന്നു.?എന്താ പോകുന്നില്ലേ…? ലേറ്റാകും.” അഭി മുറിയിൽ ചെന്ന് അവളെ കുലുക്കി വിളിച്ചു.

“ഇപ്പോ തന്നെ കുറേ ലേറ്റായി. ഇനി ലേറ്റായാൽ എന്താ?” ഉറക്കമുണർന്ന നീലിമ കണ്ണുതിരുമ്മി കൊണ്ട് ചോദിച്ചു.

“ചേച്ചി” അഭി സങ്കടപ്പെട്ടു.

“ചേച്ചി അവിടെ ചികിത്സയ്ക്കായ് നിൽക്കുന്നല്ലേ… എന്തുകൊണ്ടാ ചേട്ടനോട് പറയാതിരുന്നത്?” അഭി വാത്സല്യത്തോടെ അവളുടെ അരികിൽ ചേർന്നിരുന്നു. അവന്‍റെ കണ്ണുകൾ നിറഞ്ഞു നിന്നു.

“എനിക്ക് വളരെ കുറച്ച് സമയമല്ലേയുള്ളൂ. എത്ര ചികിത്സിക്കാനാ. നിനക്കറിയാമല്ലോ. ഹർഷന് ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്‌ത് ശീലിക്കേണ്ടിയുമിരുന്നു. ഇപ്പോൾ ഹർഷൻ ഒന്നും അറിയണ്ട.” നീലിമ അഭിയുടെ കണ്ണുകൾ തുടച്ചു.

ഹർഷൻ റൂമിലേക്ക് വരുന്ന ശബ്ദം കേട്ടപ്പോൾ അഭി കണ്ണുകൾ അമർത്തി തുടച്ച് സാധാരണ പോലെയിരിക്കാൻ ശ്രമിച്ചു.

യാത്രയ്ക്കൊരുങ്ങുന്നതിനിടെ നീലിമ ഓരോരോ കാര്യങ്ങൾ ചെയ്യേണ്ടതിനെപ്പറ്റി നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു. “ഒത്തിരി ഫോണൊന്നും ചെയ്യണ്ട. അവിടെ എല്ലാരും എന്നെ കളിയാക്കും. എനിക്ക് ഹർഷൻ ഇല്ലാതെ ജീവിക്കാനാവില്ലെന്ന് പറഞ്ഞ്.”

“ഇനി നീ വിഷമിക്കാതെ. നീയൊരു നീണ്ട പ്രോഗ്രാം തയ്യാറാക്കിയതല്ലേ. കൂട്ടുകാരിയുടെ കല്യാണത്തിന് പോവുകയല്ലേ സന്തോഷത്തോടെ പോയി വാ. എന്നെയോർത്ത് ഒട്ടും വിഷമിക്കണ്ട. ഞാനെല്ലാം മാനേജ് ചെയ്‌തു കൊള്ളാം. എവരിതിങ് വിൽ ബി ഫൈൻ.” ഹർഷൻ അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.

എയർപോർട്ട് ലോഞ്ചിൽ നിന്നും അകത്തേക്ക് പോകാൻ നേരം നീലിമ ഹർഷന്‍റെ കൈവിട്ടപ്പോൾ അവളുടെ ലോകം അവളിൽ നിന്നും എന്നന്നേക്കുമായി നഷ്ടപ്പെടുകയാണെന്ന തോന്നലാണ് ഉണ്ടായത്. അവൾ അവസാനമായി ഹർഷനെ കൺനിറച്ച് കാണാൻ ആഗ്രഹിച്ചു. ഉള്ളിൽ തിങ്ങി കൂടിയ സങ്കടത്തെ നിയന്ത്രിക്കാൻ പാടുപ്പെട്ടു കൊണ്ട് അവൾ ഹർഷനെ നോക്കി കൈവീശി കാണിച്ചു. പെട്ടെന്നവൾ മുഖം തിരിച്ചു. കണ്ണുകളിൽ കാർമേഘങ്ങൾ ഇരുണ്ടു കൂടി മഴയായി പെയ്തിറങ്ങുന്നത് തടയാൻ അവൾക്കാകുമായിരുന്നില്ല.

നീലിമ പോയിട്ട് രണ്ട് ദിവസം ആയപ്പോഴാണ് മുംബൈയിൽ തനിക്കൊരു മീറ്റിംഗ് ഉണ്ടെന്ന അറിയിപ്പ് ഹർഷന് കിട്ടുന്നത്. നീലിമയെ കാണാമല്ലോയെന്ന ചിന്തയിൽ ഹർഷൻ സന്തോഷം കൊണ്ട് മതിമറന്നു. അയാൾ ഉടൻ തന്നെ ഫോണിൽ വിളിച്ച് ഇക്കാര്യം നീലിമയെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അവളെ ലൈനിൽ കിട്ടിയില്ല. അതോടെ ഈ സന്ദർശനം സർപ്രൈസാക്കാൻ ഹർഷൻ തീരുമാനിച്ചു.

“ഫോൺ കിട്ടുന്നില്ലല്ലോ. ഇന്ന് 3 മണിക്കാണ് മീറ്റിംഗ്. അവൾക്കൊരു സർപ്രൈസ് കൊടുക്കണം. അഭി നീ വേഗം രൂപയുടെ അഡ്രസ്സ് തന്നെ.” ഹർഷൻ അഭിയോട് ചോദിച്ചു. അഭി ഹർഷനെ പകപ്പോടെ നോക്കി.

“ചേട്ടാ” അഭി ഹർഷന്‍റെ കൈപിടിച്ച് കുലുക്കി.

“ഞാൻ അവിടേക്ക് പോവുകയാണ്. ചേട്ടനും എന്‍റെ കൂടെ വാ. ഒരു മിനിറ്റ് ഞാനമ്മയോട് പറയട്ടെ.”

“എല്ലാവരും അവിടാ ചേട്ടാ” അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“നിനക്കിതെന്തുപറ്റി. നിന്നെ വേഗം കെട്ടിക്കുന്നതാ നല്ലത്.” ഹർഷൻ പിറുപിറുത്തു.

“അഭി നീയെന്നെ എവിടെയാ കൊണ്ടു വന്നത്. ടാറ്റാ മെമ്മോറിയൽ… ആരാ ഇവിടെയുള്ളത്. എന്തെങ്കിലും പറയ്. അഭി നീലി എവിടെ…” ഹർഷൻ വെപ്രാളത്തോടെ ചോദിച്ചു കൊണ്ടിരുന്നു. അഭി ചോദ്യങ്ങൾക്ക് മറുപടിയൊന്നും പറയാതെ ഹർഷന്‍റെ കയ്യും പിടിച്ച് നീലിമയുടെ അടുത്തേക്ക് കൂട്ടി കൊണ്ടുപോയി.

“സോറി ചേച്ചി… ചേച്ചിക്ക് തന്ന പ്രോമിസ് എനിക്ക് പാലിക്കാൻ കഴിഞ്ഞില്ല.” എന്നു പറഞ്ഞു കൊണ്ട് അഭി പൊട്ടിക്കരഞ്ഞു.

മനസ്സ് ആഗ്രഹിച്ചതല്ലെങ്കിലും നീലിമയുടെ കണ്ണുകളും ഹർഷനെ കാണാൻ കാത്തിരിക്കുകയായിരുന്നു. നിങ്ങളെ കൺകുളിർക്കെ കണ്ടു കൊണ്ട് ആശ്വാസത്തോടെ പോകാമല്ലോയെന്ന് പറയും പോലെയായിരുന്നു ആ കണ്ണുകളിലെ ഭാവം. സന്തോഷം കൊണ്ട് ഹർഷനെ ഇറുക്കി പിടിച്ച ആ കൈകളുടെ പിടിത്തം അയഞ്ഞു തുടങ്ങി. അവൾ ബോധരഹിതയായി.

“നീലി നീലി…. നിനക്കൊന്നും സംഭവിക്കില്ല. നീയെന്താ എന്നോടൊന്നും പറയാതിരുന്നത്? ഡോക്ടർ…? സിസ്റ്റർ?”

“നിങ്ങൾ പുറത്ത് വരൂ പ്ലീസ് ധൈര്യം കൈവെടിയാതിരിക്കൂ. ഞാൻ 2-3 മാസം മുമ്പേ നീലിമയോട് പറഞ്ഞതായിരുന്നു. വളരെ വൈകിയാണ് അവൾ എത്തിയത്. കാൻസറിന്‍റെ ലാസ്റ്റ് സ്റ്റേജ് ആയിരുന്നു. ഇനിയൊന്നും ചെയ്യാനാവില്ല.” ഡോക്ടർ ഹർഷന്‍റെ കൈകൾ ചേർത്തു പിടിച്ചു.

ആ നിസ്സഹായ അവസ്‌ഥയിൽ തോറ്റു പോകാൻ മനസ്സില്ലാതെ അയാൾ പൊട്ടിക്കരഞ്ഞു. “ഡോക്ടർ? നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിൽ ഞാനവളെ അമേരിക്കയിലേക്ക് കൊണ്ടു പോകും. എന്‍റെ നീലിയെ ഞാൻ മരണത്തിന് വിട്ടു കൊടുക്കില്ല. വേഗം ഡിസ്ചാർജ് ചെയ്യൂ. നീലി… നിനക്കൊന്നും സംഭവിക്കില്ല…” ഹർഷൻ ഒരു ഭ്രാന്തനെപ്പോലെ പുറത്തേക്ക് പാഞ്ഞു.

ഞൊടിയിട നേരം കൊണ്ട് സകല ശ്രമങ്ങളുമെടുത്ത് ഹർഷൻ അമേരിക്കയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തി. രണ്ട് ദിവസത്തിനു ശേഷം അയാൾ നീലിമയേയും കൂട്ടി ലുഫ്താൻസ വിമാനത്തിൽ കയറി. പ്രതീക്ഷകൾ പേറിയുള്ള ഒരു യാത്ര.

“നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല നീലി.” അവളുടെ മൂർധാവിൽ ചുംബനങ്ങൾ അർപ്പിച്ചു. പക്ഷേ ആ ചുംബനങ്ങളത്രയും കണ്ണീരിൽ കുതിർന്നിരുന്നു.

ചോക്ലേറ്റ് മുത്തശ്ശൻ

രേണുകയുടെ ഭർത്താവിന് ഡൽഹിയിലേക്കാണ് സ്‌ഥലമാറ്റം കിട്ടിയത്. വൻ നഗരത്തിലേയ്‌ക്ക് ജീവിതം പറിച്ചു നടുന്നതിനെ പറ്റിയായിരുന്നു ആ ദിവസങ്ങളിൽ രേണുകയുടെ ചിന്ത മുഴുവനും. പുതിയ അയൽക്കാർ, പുതിയ വീട്, പുതിയ ജീവിത സാഹചര്യങ്ങൾ. നല്ല സ്‌ഥലത്തായിരുന്നു അവർക്ക് ലഭിച്ച അപാർട്ട്‌മെന്‍റ് അതിൽ കമ്പനി നൽകിയ ഫളാറ്റിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു.

അപാർട്ട്മെന്‍റിന്‍റെ താഴെ വിശാലമായ പാർക്ക് ഉണ്ടായിരുന്നു. വൈകുന്നേരമാകുമ്പോൾ അവിടെ ധാരാളം സ്ത്രീകൾ തങ്ങളുടെ കുട്ടികളുമായി വരുമായിരുന്നു. കുട്ടികൾ ഓടി കളിച്ചു രസിക്കും. അമ്മമാർ കാറ്റ് കൊണ്ടിരിക്കുകയോ ഉലാത്തുകയോ പരസ്‌പരം സംസാരിക്കുകയോ ചെയ്യുന്നത് കാണാം. പച്ചപ്പിൽ വിവിധ വർണ്ണങ്ങളിലുള്ള കുപ്പായങ്ങളണിഞ്ഞ കുട്ടികൾ ഓടി കളിക്കുന്നത് കാണാൻ എന്ത് ചന്തമാണെന്നോ. പ്രത്യേകിച്ചു ഫളാറ്റിലെ ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ…

രേണുകയും പുതിയ സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെട്ടു. വൈകുന്നേരം സമയം കിട്ടുമ്പോഴെല്ലാം തന്‍റെ രണ്ടര വയസ്സുള്ള മകളെയും കൊണ്ട് പാർക്കിൽ പോകാൻ തുടങ്ങി. ഒരു ദിവസം രേണുക മോളെയും കൂട്ടി പാർക്കിലെത്തിയപ്പോൾ ഒരു വൃദ്ധൻ പാർക്കിലേയ്‌ക്ക് വരുന്നതു കണ്ടു. ഉടനെ തന്നെ അവിടെയുണ്ടായിരുന്ന കുട്ടികൾ അയാളുടെ ചുറ്റിലും ഓടി കൂടി.

ചോക്ലേറ്റ് മുത്തശ്ശാ…. ചോക്ലേറ്റ് മുത്തശ്ശാ… എന്ന് വിളിച്ചു കൊണ്ടാണ് കുട്ടികൾ അയാളെ വരവേറ്റത്. വൃദ്ധൻ എല്ലാ കുട്ടികൾക്കും ചോക്ലേറ്റ് നൽകിയ ശേഷം രേണുകയുടെ അരികിലേക്കും വന്നു. എന്നിട്ട് വർത്തമാനം പറയാൻ തുടങ്ങി. അതിനിടയിൽ ഓരോ മിഠായി രേണുകയ്‌ക്കും മോൾക്കും നൽകാനും മറന്നില്ല.

ആദ്യം രേണുക ചോക്ലേറ്റ് വാങ്ങാൻ വിമുഖത കാട്ടിയപ്പോൾ വൃദ്ധൻ പറഞ്ഞു. “കുട്ടികളുടെ മുഖത്ത് സന്തോഷം കാണുമ്പോൾ എനിക്കും വലിയ ആഹ്ലാദമാണ്.” ഇതു കേട്ടപ്പോൾ രേണുകയും മോളും ചോക്ലേറ്റ് വാങ്ങി. മുടി നന്നായി ഒതുക്കി വച്ച അയാൾ മാന്യമായി വേഷം ധരിച്ചിരുന്നു. പുഞ്ചിരിക്കുന്ന പ്രസാദാത്മകമായ മുഖമായിരുന്നു ചോക്ലേറ്റ് മുത്തശ്ശന്…

അപ്പാർട്ട്മെന്‍റിലെ ആൾക്കാർ മുഴുവനും അയാളെ ചോക്ലേറ്റ് മുത്തശ്ശാ എന്നാണ് വിളിക്കുന്നത്. അതിനാൽ രേണുകയുടെ മോളും അയാളെ ചോക്ലേറ്റ് മുത്തശ്ശൻ എന്നാണ് വിളിക്കുന്നത്. മാത്രമല്ല ചോക്ലേറ്റ് മുത്തശ്ശന്‍റെ കൈയ്യിൽ നിന്ന് കാണുമ്പോഴെല്ലാം ചോക്ലേറ്റ് വാങ്ങി തിന്നുകയും ചെയ്യും. മറ്റു കുട്ടികളെപ്പോലെ അവളും അദ്ദേഹത്തെ കാണുമ്പോൾ ഓടി ചെല്ലും.

ഇങ്ങനെ 6 മാസങ്ങൾ കടന്നു പോയി. രേണുകയ്‌ക്ക് അപാർട്ട്‌മെന്‍റിൽ സൗഹൃദങ്ങളും വർദ്ധിച്ചു. ഒരു ദിവസം, 10 വയസ്സുള്ള മകളുള്ള രേണുകയുടെ ഒരു കൂട്ടുകാരി അവളോട് പറഞ്ഞു. “നീ ചോക്ലേറ്റ് മുത്തശ്ശനെ അറിയുമോ?”

“അറിയാം നല്ല മനുഷ്യനാണ്. കുട്ടികളെ അയാൾക്ക് വലിയ കാര്യമാണ്” രേണുക പറഞ്ഞു.

“എന്നാൽ ഞാൻ കേട്ടത് ആൾ അത്ര ശരിയല്ലെന്നാണ്. ചോക്ലേറ്റിനു പകരം കുട്ടികളോട് അയാൾ ഉമ്മ ആവശ്യപ്പെടാറുണ്ട്. അതു കെട്ടിപിടിച്ചുള്ള മുത്തം!”

“പക്ഷേ അങ്ങനെയൊന്നും എന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല” രേണുക പറഞ്ഞു.

“ഇനി പാർക്കിൽ പോകുമ്പോൾ അയാളെ നന്നായൊന്നു ശ്രദ്ധിച്ചോളൂ. സത്യം അറിയാമല്ലോ?” സ്നേഹിത പറഞ്ഞു.

രേണുകയ്‌ക്ക് എന്തു പറയണമെന്ന് നിശ്ചയമില്ലാത്തതിനാൽ ഒന്നു മൂളുക മാത്രം ചെയ്‌തു.

അടുത്ത ദിവസം മോളെയും കൊണ്ട് പാർക്കിൽ ചെന്നപ്പോൾ ചോക്ലേറ്റ് മുത്തശ്ശൻ അവിടെ ഇരിക്കുന്നത് രേണുക കണ്ടു. മോൾ അദ്ദേഹത്തെ കണ്ടതും ഓടി ചെന്നു കെട്ടി പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു. ചോക്ലേറ്റ് ലഭിച്ച മറ്റ് കുട്ടികളും അയാളെ കെട്ടിപ്പിടിച്ച് ഉമ്മ വയ്‌ക്കുന്നത് രേണുക കാണാനിടയായി. അപ്പോൾ അയാൾ കുട്ടികളുടെ നെഞ്ചിലും മുതുകത്തും തലോടുന്നതും രേണുക ശ്രദ്ധിച്ചു. ഇത് രേണുകയെ അലട്ടാൻ തുടങ്ങി.

വലിയ ഷോക്കായിരുന്നു ആ കാഴ്‌ച രേണുകയ്‌ക്ക് നൽകിയത്. തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വയ്‌ക്കാൻ അയാൾ കുട്ടികളെ ട്രെയിനിംഗ് നൽകുന്നതായി രേണുകയ്‌ക്ക് മനസ്സിലായി. തന്‍റെ വാർദ്ധ്യക്യത്തിന്‍റെയും കുട്ടികളുടെ നിഷ്ക്കളങ്കതയുടെയും ആനുകൂല്യമാണയാൾ മുതലെടുക്കുന്നതെന്ന് രേണുകയ്‌ക്ക് പിടികിട്ടി.

ഫളാറ്റിലെത്തിയതും ഭർത്താവിനോട് രേണുക ഈ കാര്യങ്ങൾ പറഞ്ഞു. പിന്നീട് ഭർത്താവുമൊത്ത് രേണുകയും മകളും പാർക്കിൽ പോകുമ്പോഴെല്ലാം ചോക്ലേറ്റ് മുത്തശ്ശൻ മിഠായി നൽകുമ്പോൾ രേണുകയുടെ ഭർത്താവ് വിലക്കി കൊണ്ട് പറയും.

“ഡോക്ടർ അധികം മധുരം കഴിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. ചോക്ലേറ്റ് കുട്ടിയ്‌ക്ക് തീരെ കൊടുക്കരുതെന്നാണ് നിർദ്ദേശം. അതിനാൽ ഇനി എന്‍റെ മോൾക്ക് നിങ്ങൾ ചോക്ലേറ്റ് കൊടുക്കരുത്.”

എന്നിട്ടും പിന്നീട് കാണുമ്പോഴെല്ലാം അയാൾ കുട്ടിയ്‌ക്ക് നേരെ ചോക്ലേറ്റ് നീട്ടും. വിലക്കിയതൊന്നും അയാൾ കൂട്ടാക്കിയിരുന്നില്ല. എങ്ങനെയെങ്കിലും രേണുകയുടെ കണ്ണ് വെട്ടിച്ച് അയാൾ കുട്ടിയ്‌ക്ക് ചോക്ലേറ്റ് കൊടുക്കും.

ഇതു തുടർന്നപ്പോൾ അയാളുടെ നിഴൽ കാണുമ്പോൾ തന്നെ രേണുക മോളെയും കൊണ്ട് കടന്നു കളയും. പാർക്കിന്‍റെ മറ്റെന്തെങ്കിലും കോണിൽ പോയി അയാൾ കാണാതെയിരിക്കും.

എന്നാൽ ചോക്ലേറ്റ് മുത്തശ്ശൻ അപാർട്ട്മെന്‍റ് മുഴുവനും കറങ്ങി നടക്കുന്ന സ്വഭാവക്കാരനായിരുന്നു. ഫളാറ്റിന്‍റെ വരാന്തയിൽ വച്ചോ, ലിഫ്റ്റിൽ വച്ചോ കോണി പടിയിൽ വച്ചോ അയാൾ കുട്ടികൾക്ക് ചോക്ലേറ്റ് നൽകും. ചോക്ലേറ്റിനു പകരം മോൾ അയാളെ കെട്ടിപ്പിടിച്ച് ഉമ്മ വയ്‌ക്കുകയും ചെയ്യും. ഇതു ശീലമാക്കിയാൽ തന്‍റെ മോള് മിഠായിക്ക് വേണ്ടിയോ മറ്റ് ചിലതിനു വേണ്ടിയോ മറ്റുള്ളവരുടെ പിറകെ പോകുമല്ലോ എന്ന് രേണുക ഭയപ്പെട്ടു.

രേണുകയുടെ മാതൃഹൃദയം ഇങ്ങനെ ഓരോന്ന് ഓർത്ത് സങ്കടപ്പെടാനും തുടങ്ങി. പക്ഷേ അയാളെ പേടിച്ച് കുട്ടിയെ വീട്ടിൽ അടച്ചിടാനാവില്ലല്ലോ? കുട്ടിയെ പറഞ്ഞ് മനസ്സിലാക്കാനുള്ള പ്രായവും ആയിട്ടില്ലായിരുന്നു. ആർക്കും പറ്റിക്കാവുന്ന പ്രായമായിരുന്നു അവൾക്ക്. ഇനി ചോക്ലേറ്റ് മുത്തശ്ശന്‍റെ വേഷം കെട്ട് അനുവദിച്ചു കൊടുക്കില്ലെന്ന് രേണുക മനസ്സിൽ കണക്ക് കൂട്ടി. അടുത്ത ദിവസം ചോക്ലേറ്റ് മുത്തശ്ശൻ തന്‍റെ സുഹൃത്തക്കളുമായി പാർക്കിൽ വന്നപ്പോൾ രേണുകയുടെ മോളെ കണ്ടു ഉടനെ കീശയിൽ നിന്ന് അയാൾ ചോക്ലേറ്റ് എടുത്ത് കൊടുക്കാൻ തുടങ്ങിയപ്പോൾ രേണുക ഒച്ച വച്ചു.

“ഞാൻ നിങ്ങളോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്‍റെ മോൾക്ക് ചോക്ലേറ്റ് കൊടുക്കരുതെന്ന്. എന്താ നിങ്ങൾക്കത് മനസ്സിലാവില്ലെന്നുണ്ടോ?”

ഇത്തവണ രേണുകയുടെ മൂഡ് അയാൾക്ക് ശരിക്കും പിടികിട്ടി. രേണുക ദേഷ്യപ്പെട്ട് നിൽക്കുന്നത് കണ്ട് അയാളടെ വൃദ്ധരായ ചങ്ങാതികൾ വേഗം സ്‌ഥലം വിട്ടു. ചോക്ലേറ്റ് മുത്തശ്ശനും ഒന്നും പറയാനാവാതെ തടിതപ്പി.

പ്രായമായ ഒരാളോട് ഇങ്ങനെ സംസാരിക്കേണ്ടി വന്നതിൽ രേണുകയ്‌ക്ക് മനോവിഷമം ഉണ്ടായതിനാൽ അന്നവൾ പതിവിലധികം പാർക്കിൽ ആരോടും മിണ്ടാതെ ഒറ്റക്കിരുന്നു. ചുറ്റിലും ഉണ്ടായിരുന്ന സ്ത്രീകൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അതിൽ പരിചയക്കാരായ ചിലർ അവളുടെ അടുത്തേയ്‌ക്ക് വന്നു.

“നീ ചെയ്‌തത് വളരെ നന്നായി രേണുക. ഞങ്ങളെല്ലാവരും തന്നെ ചോക്ലേറ്റ് മുത്തശ്ശന്‍റെ ഈ സ്വഭാവം കാരണം വിഷമത്തിലായിരുന്നു. ലിഫ്റ്റിൽ കയറുന്ന സ്ത്രീകളെയും ഓരോ നമ്പറുകൾ പറഞ്ഞ് അയാൾ തൊടുകയും പിടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അയാളുടെ പ്രായം കണക്കിലെടുത്ത് ആരും ഒന്നും പറയാറില്ലെന്ന് മാത്രം.” രേണുകയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് കൂട്ടുകാരിലൊരാൾ പറഞ്ഞു.

പിന്നെ ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങൾ പറയാൻ തുടങ്ങി. അതോടെ ചോക്ലേറ്റ് മുത്തശ്ശന്‍റെ പ്രവൃത്തികൾ ആർക്കും ഇഷ്‌ടമല്ലെന്ന് രേണുകയ്‌ക്ക് മനസ്സിലായി. പൂച്ചയ്‌ക്ക് ആര് മണികെട്ടും എന്ന ആശങ്കയിലായിരുന്നു അപാർട്ട്മെന്‍റിലെ സ്ത്രീകൾ. താൻ ചെയ്‌തത് ശരിയാണെന്ന ആശ്വാസം രേണുകയെ വീണ്ടും ഉത്സാഹഭരിതയാക്കി.

മോളുടെ കൈപിടിച്ച് ലിഫ്റ്റിൽ കയറുമ്പോഴും അവളെ ചില ചിന്തകൾ പിടികൂടി. നമ്മുടെ സമൂഹത്തിന്‍റെ സഭ്യത ഇത്രയേയുള്ളോ? സ്വാതന്ത്യ്രം അനുവദിച്ചു കൊടുത്താൽ ചൂഷണം ചെയ്യുന്ന മനസ്സ് ആളകളിൽ രൂപപ്പെട്ട് വരുന്നത് ഭയപ്പെടുത്തുന്ന സംഗതിയാണ്.

പ്രായം കൂടുംതോറും പക്വത കാണിക്കേണ്ടവർ ഇങ്ങനെ പെരുമാറാൻ തുടങ്ങിയാൽ സമൂഹത്തിന്‍റെ അവസ്‌ഥ എന്താവും? നിഷ്ക്കളങ്കരായ കുട്ടികളെപ്പോലും ആളുകൾ വെറുതെ വിടുന്നില്ല.

താൻ ഇന്ന് ചെയ്‌തത് വളരെ ശരിയാണെന്ന് അവൾ കരുതി. ഇനി അയാൾ വേഷം കെട്ട് കാണിച്ചാൽ കരണക്കുറ്റിയ്ക്ക് രണ്ടെണ്ണം കൊടുക്കുമെന്നവൾ മനസ്സിൽ ഓങ്ങി വച്ചു. അന്ന് രാത്രി മകളെ കെട്ടിപിടിച്ച് അവൾ മനസ്സമധാനത്തോടെ ഉറങ്ങി.

കാണാമറയത്ത്…

മഹേഷിന്‍റെ കൈകളിലിരുന്ന് ആ കത്ത് വിറകൊണ്ടു. സുധ തന്നെയാണ് ഇത് എഴുതിയിരിക്കുന്നത്. വലത്തേക്ക് അൽപം ചെരിഞ്ഞ് അത്ര സുന്ദരമല്ലാത്ത കയ്യക്ഷരം. അത് സുധയുടേത് തന്നെ.

“മനുഷ്യ ജീവികൾ ഇല്ലാത്ത വീട്ടിലാണ് ഞാനിപ്പോൾ താമസിക്കുന്നതെന്ന് തോന്നുകയാണ്. മനുഷ്യനു പകരം യന്ത്രോപകരണങ്ങൾ. എനിക്ക് ഇനി എന്‍റെ സഹജീവികൾക്കൊപ്പം കഴിയണം. അതിനായി ഞാൻ ഈ വീട് വിട്ടു പോവുകയാണ്. എന്നെ കുറിച്ചോർത്ത് യാതൊരു ആശങ്കയും വേണ്ട. തൊട്ടടുത്തു തന്നെ ഉണ്ടാകും. വീട്ടിലെ ജോലിക്കാരി ലക്ഷ്മി നിങ്ങളുടെ ഭക്ഷണകാര്യങ്ങൾ വേണ്ടതു പോലെ നടത്തിക്കൊള്ളും. അതിനാൽ എന്നെ മിസ് ചെയ്യുകയേയില്ല. എന്നെ ഫോണിൽ വിളിക്കാനോ, അന്വേഷിക്കാനോ മെനക്കെടേണ്ട. കത്ത് വായിച്ച് മഹേഷ് എന്തു ചെയ്യണമെന്നറിയാതെ അസ്വസ്ഥനായി. പിന്നെ അയാൾ തന്‍റെ രണ്ടു പെൺമക്കളെയും വിളിച്ചു.

“ശ്രേയാ… ശ്രുതി കം…” അവർ രണ്ടു പേരും സ്വന്തം മുറികളിൽ തന്നെയാണ്. വിളിച്ച് അഞ്ചു മിനിട്ടു കഴിഞ്ഞാണ് രണ്ടുപേരും മുറിയിൽ നിന്ന് പുറത്തേക്കു വന്നതു തന്നെ. തങ്ങൾ ചെയ്തിരുന്ന കാര്യത്തിനു തടസം വന്നതിന്‍റെ ഈർഷ്യ രണ്ടു പേരുടെ മുഖത്തും പ്രകടമായിരുന്നു.

“മമ്മി എപ്പോഴാണ് പോയത്? നിങ്ങൾ കണ്ടില്ലേ?”

രണ്ടുപേരും കൈ മലർത്തി.

“അത്…പപ്പ… ഞങ്ങൾ കണ്ടില്ല. ഞാൻ പ്രോജക്‌ടിന്‍റെ ഡീറ്റെയിൽ ഡൗൺലോഡ് ചെയ്യുകയായിരുന്നു.” 16 വയസ്സുള്ള ശ്രേയ പറഞ്ഞു.

“പിന്നെ, ഇടയ്ക്കിടയ്ക്ക് ഫേസ്ബുക്കിൽ ചാറ്റ് ചെയ്യുന്നുമുണ്ടായിരുന്നു.” ശ്രേയയേക്കാൾ 5 വയസ്സ് ഇളപ്പമുള്ള അനുജത്തി ശ്രുതി കിട്ടിയ അവസരം പാഴാക്കിയില്ല.

“ഓ… നീ കൂടുതലൊന്നും പറയണ്ട. ആ ടാബിൽ ടെബിൾ റൺ കളിക്കുകയായിരുന്നില്ലേ.?”

“ഓകെ രണ്ടുപേരും മമ്മി പോയത് അറിഞ്ഞില്ലല്ലോ. മതി തർക്കം നിർത്തിക്കോ.” മഹേഷ് നെറ്റിയിൽ കൈവച്ചു. അവരോട് ദേഷ്യപ്പെട്ടിട്ട് എന്തു കാര്യം. ഇക്കാര്യത്തിൽ താനും തുല്യമായി അതിൽ അധികമോ ഉത്തരവാദിത്തം പേറുന്ന ആളാണല്ലോ.

രാത്രി ഡിന്നർ കഴിക്കേണ്ട സമയവും കഴിഞ്ഞു. താൻ ഇവിടെ വന്നിട്ട് 3 മണിക്കൂറായി. ഈ സമയമത്രയും അവൾ എവിടെയെന്ന് താനും നോക്കിയില്ലല്ലോ. മഹേഷ് ഖിന്നതയോടെ ആലോചിച്ചു. വാതിൽ തുറന്നു കിടക്കുകയായിരുന്നു. താൻ വീട്ടിൽ എത്തുമ്പോൾ ചായയും ലഘു പലഹാരവും പതിവുപോലെ ടേബിളിൽ വച്ചിട്ടുണ്ടായിരുന്നു. ആ സമയത്ത് കൂട്ടുകാരോട് ഓൺലൈനിൽ സംസാരിക്കുക പതിവാണ്. ഒപ്പം എമർജൻസി ആയ ഒഫീഷ്യൽ മെയിലുകൾക്ക് മറുപടി നൽകലും കൂടിയാവുമ്പോൾ സമയം പോകുന്നത് അറിയില്ല. പ്രത്യേകിച്ചും നാളെ ഓഫീസിൽ പ്രോജക്‌ട് പ്രെസന്‍റേഷൻ ഉള്ളതു കൊണ്ട് കുറെ വർക്കുകൾ വേറെയും. ഇതിനിടയിൽ സുധയെ അന്വേഷിക്കാൻ പോലും താൻ മെനക്കെട്ടില്ല.

ചായ കുടിച്ച് ക്ഷീണം മാറിയപ്പോൾ കുറെ വർക്കുകൾ ഇടതടവില്ലാതെ ലാപ്ടോപ്പിൽ ചെയ്‌തു. പിന്നെയും വിശപ്പിന്‍റെ വിളി വന്നു. അപ്പോഴാണ് സുധയുടെ കാര്യം ഓർത്തതു തന്നെ. അവൾ ഇതു വരെ ഡിന്നർ കഴിക്കാൻ വിളിച്ചില്ലല്ലോ? അടുക്കളയിൽ നോക്കിയപ്പോൾ അവൾ ഇല്ല. കിടപ്പുമുറിയിൽ ചെന്നപ്പോഴാണ് ഈ കത്ത്. അയാൾ ഫോൺ വിളിച്ചു നോക്കി. സ്വിച്ച്ഡ്ഓഫ് ആണ്. അവളുടെ അച്ഛനമ്മമാരെ വിളിച്ചാലോ.

ഏയ് ഈ രാത്രിയിൽ, വേണ്ട. അവർ ആകെ വിഷമിക്കും. പിന്നെ തന്നെ കുറ്റപ്പെടുത്തും. പോലീസിന്‍റെ സഹായം തേടാമെന്നു വച്ചാൽ അതും ശരിയാവില്ല. സുധ സ്വന്തം ഇഷ്‌ടത്തിന് പോയതിന് എങ്ങനെ കേസെടുക്കും.

ആ രാത്രി മഹേഷിനും കുട്ടികൾക്കും ഉറക്കം നഷ്‌ടപ്പെട്ടു. ദേഷ്യവും, സങ്കടവും, കുറ്റബോധവും അവരുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. തങ്ങളെ സുധ ഇത്ര നിസാരമായി ഉപേക്ഷിച്ചു പോയല്ലോ എന്ന ദേഷ്യം ആണ് മഹേഷിന് കൂടുതൽ തോന്നിയത്. എങ്കിലും ഉള്ളിന്‍റെ ഉള്ളിൽ ആ വേദന നിറഞ്ഞു. ഈ പ്രശ്നങ്ങളുടെ അടിസ്‌ഥാനം തങ്ങളാണല്ലോ.”

ഏതാനും വർഷങ്ങൾക്കു മുമ്പു വരെ അവരുടേത് സന്തുഷ്ടകുടുംബം ആയിരുന്നു. ഒരു മിച്ച് അത്താഴം കഴിക്കാനും, ബീച്ചിൽ ഔട്ടിംഗ് പോകാനും, റസ്റ്റോറന്‍റിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാനും അവർ സമയം കണ്ടെത്താറുണ്ടായിരുന്നു.

ഒരു ദിവസത്തെ സന്തോഷങ്ങളും സങ്കടങ്ങളും കളിചിരികളും എല്ലാം പങ്കുവയ്‌ക്കുന്നത് രാത്രിയിൽ ഡിന്നർ മേശയ്‌ക്കു ചുറ്റും ഇരുന്നായിരുന്നു.

ഈ പതിവുകളൊക്കെ മഹേഷിന് ആ ലാപ്ടോപ്പ് കമ്പനി സമ്മാനിക്കും വരെ മാത്രമായിരുന്നു. വീട്ടിലെ ഒരു പൊതുമുറിയിൽ വച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്ന അവസരത്തിൽ ഒന്നും ഓരോ തുരുത്തുകൾ ആ വീട്ടിൽ രൂപപ്പെട്ടിരുന്നില്ല. എന്നാൽ ലാപ്ടോപ്പ് വന്നതോടെ കഥ മാറി. അതുമായി ഇഷ്ടമുള്ള സ്ഥലത്ത് ചെന്നിരിക്കാം. ടെക്നോസാവിയാണ് മഹേഷ്. നെറ്റിലൂടെ തന്‍റെ ലോകം വിസ്തൃതമാക്കാൻ അയാൾ വെമ്പൽ കൊണ്ടു. ഫലമോ, ദിവസത്തിൽ മുക്കാൽ സമയവും ലാപ്ടോപ്പിലായി.

സുധയ്‌ക്ക് ഇതൊന്നും അത്രയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും. അവൾ എതിർത്തില്ല. എന്നാൽ രണ്ട് പെൺമക്കൾക്കും ലാപ്ടോപ്പ് വാങ്ങിച്ചു കൊടുത്തപ്പോൾ സുധ മുന്നറിയിപ്പ് നൽകിയതാണ്. പിന്നെ ടാബ്‍ലെറ്റും, ഐഫോണും, ഐപാഡും ഒക്കെ വീട്ടിൽ കളിപ്പാട്ടം പോലെ നിറഞ്ഞപ്പോൾ തികച്ചും ഓരോ തുരുത്തുകൾക്കുള്ളിൽ അച്ഛനും മക്കളും ജീവിക്കാൻ തുടങ്ങി. പാവം സുധ! വീട്ടിലുള്ളവർ ഗാഡ്ജറ്റുകളെ സ്നേഹിച്ചു തുടങ്ങിയപ്പോൾ ഒറ്റപ്പെടലിന്‍റെ ശ്വാസംമുട്ടൽ സുധയെ വിഷമത്തിലാക്കി.

ശ്രേയ തന്‍റെ ഐപാഡും ശ്രുതി ടാബ്‍ലെറ്റും എവിടെപോയാലും കൊണ്ടു നടക്കും. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ പോലും ചുറ്റുമുള്ള വരെ ശ്രദ്ധിക്കാതെ ഐപാഡിലും ടാബിലും കളിച്ചു കൊണ്ടിരിക്കും. ഫെസ്റ്റിവലുകളിലും മറ്റും അവർ ആകെ പങ്കുചേരുന്നത് തങ്ങളുടെ ക്യാമറയിൽ ഫോട്ടോ എടുക്കുന്നതാണ്. അതാകട്ടെ സോഷ്യൽ നെറ്റ്‍വർക്കിൽ പ്രദർശിപ്പിക്കാൻ മാത്രവും!

വാട്ട്സാപ്പിംഗ്, സൈബറിംഗ്, സൈക്പ്പ്, എഫ്ബി ഇതൊക്കെയാണ് വീട്ടിനുള്ളിലെ പ്രിയപ്പെട്ട സംഭാഷണ വിഷയങ്ങൾ. തൊട്ടടുത്ത ഫ്ളാറ്റിൽ താമസിക്കുന്ന ചങ്ങാതിമാരോട് ഫേസ്ബുക്കിലൂടെ മാത്രമാണ് സംസാരം! നേരിട്ടു കാണാനുള്ള അവസരങ്ങൾ ഉണ്ടെങ്കിലും അതുപ്പോലും ഉപയോഗിക്കാറില്ല. ഇതൊക്കെ കാണുമ്പോൾ സുധയ്ക്ക് ദേഷ്യം വരും. അവർ പ്രതിഷേധിക്കുമ്പോൾ അച്ഛനും മക്കളും ചിരിച്ചു തള്ളും. നാടോടുമ്പോൾ നടുവേ ഓടണ്ടേ? അതാണ് മഹേഷിന്‍റെ ചോദ്യം.

ടെക്നോളജിയുമായി ബന്ധമില്ലാത്ത ആളല്ല സുധ. വേണ്ട എന്നല്ല ആവശ്യത്തിനുമാത്രം മതി എന്ന ചിന്തയേ ഉള്ളൂ. മെയിലുകൾ ഇടയ്ക്കിടെ ചെക്ക് ചെയ്യാറുണ്ട്. ഫേസ്ബുക്കിൽ വല്ലപ്പോഴും ലോഗിൻ ചെയ്യും. വിദേശത്തുള്ള ഫ്രണ്ട്സുമായി മാസത്തിലൊരിക്കൽ സൈക്പ്പിലൂടെ സംസാരിക്കും. അതിലപ്പുറം അഡിക്ഷൻ ഇതിനോടൊന്നും സുധയ്‌ക്ക് തോന്നിയതേയില്ല. ആരും മിണ്ടാനോ കൂട്ടുക്കൂടാനോ ഇല്ലാതെ സുധ, ഒറ്റപ്പെടുന്നതായി ഇടയ്ക്കൊക്കെ മഹേഷിനും തോന്നിയിരുന്നു. എങ്കിലും അതിനിത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഓർത്തില്ല. മഹേഷും കുട്ടികളും എങ്ങനെയൊക്കെയോ രാത്രി കഴിച്ചുക്കൂട്ടി.

സുധ എവിടെപ്പോയിരിക്കും? നേരം പുലർന്നപ്പോൾ പതിവുപോലെ വീട്ടുജോലിക്കാരി ലക്ഷ്മി എത്തി. അവർ എല്ലാ ജോലികളും തിരക്കിട്ട് ചെയ്‌തു. കുട്ടികൾ സ്കൂളിൽ പോയശേഷം മഹേഷ് മെയിലുകൾ വീണ്ടും പരിശോധിച്ചു. അത് പതിവു രീതിയാണ്. സുധയുടെ അസാന്നിധ്യത്തിലും ആ സ്വഭാവം ഉപേക്ഷിക്കാൻ മഹേഷിന് ആയില്ല. എന്നാൽ ആ ശീലം ഇന്ന് മനസ്സിന് ആശ്വാസമായി. ഇൻബോക്സിൽ അയാളെ കാത്ത് ഒരു മെയിൽ കൂടി ഉണ്ടായിരുന്നു. സുധയുടെ മെയിൽ!

“ഹായ്, ഗുഡ്മോണിങ്. എല്ലാവർക്കും സുഖമല്ലേ! ഇന്ന് സമയം കിട്ടുമ്പോൾ മുറ്റത്തുള്ള മാവിന്‍റെ ചോട്ടിൽ ഒന്നു പോയി നോക്കു.” അതായിരുന്നു മെയിലിലെ സന്ദേശം.

സുധ അവിടെ വരുമായിരിക്കും. അതു കൊണ്ടാണോ അങ്ങനെ ഒരു സന്ദേശം അവൾ അയച്ചത്!

വൈകിട്ട് കുട്ടികൾ വന്ന ശേഷം മഹേഷ് അവരെയും കൂട്ടി മാവിൻചോട്ടിലേക്ക് നടന്നു. പക്ഷേ സുധ എവിടെ? അവിടെയെങ്ങും സുധ ഇല്ലായിരുന്നു. എങ്കിലും മാവിൻ ചോട്ടിലെ കുളിർമ്മയുള്ള കാറ്റേറ്റ അൽപ സമയം നുകർന്നു കൊണ്ട് അവർ അവിടെ തന്നെ എന്തോ പ്രതീക്ഷിച്ചു നിന്നു. “ഈ മരം വളരെ വലുതായല്ലോ.” ശ്രുതി അതിശയത്തോടെ മുകളിലേക്ക് നോക്കി. അതിൽ നിറയെ മാമ്പഴം, കാറ്റു വീശുമ്പോൾ ഒന്നും രണ്ടും മാമ്പഴങ്ങൾ താഴെയ്‌ക്കു വീഴുന്നുണ്ട്. ഹൗസിംഗ് കോളനിയിലെ പാർക്കിനോടു ചേർന്ന ആ മരത്തിനു ചുറ്റും ധാരാളം കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. അവർ മാമ്പഴം പെറുക്കിക്കൂട്ടുന്ന തിരക്കിലാണ് .ശ്രുതിയെയും ശ്രേയയെയും കണ്ട് അവർ ഓടി വന്നു.

“ഹലോ ശ്രേയചേച്ചി, കുറേ നാളായല്ലോ ചേച്ചിയെ കണ്ടിട്ട്! ഇന്ന് ആന്‍റി എന്ത്യോ? എല്ലാ വ്യാഴാഴ്ചയും ആന്‍റി ഞങ്ങൾക്ക് മിഠായി തരും. മാമ്പഴം പെറുക്കിത്തരും. ഇന്ന് ഞങ്ങൾക്ക് ആന്‍റിയെ മിസ് ചെയ്തു!” കുട്ടികൾ കൂട്ടത്തോടെ പറയുന്നതു കേട്ട് മഹേഷ് അമ്പരന്നു.

അയാൾ കുറ്റബോധത്തോടെ ആണത് കേട്ടത്.

“സുധ ഇതുവരെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലല്ലോ.” ഈ കുട്ടികളുമൊക്കെയായി സുധയ്‌ക്ക് നല്ല ബന്ധമുണ്ടല്ലോ.

“ഈ കുട്ടികൾ നമ്മേക്കാൾ കൂടുതൽ മമ്മിയെ അറിയാമല്ലോ” ശ്രേയയ്ക്കും സങ്കടം തോന്നി.

“ചേച്ചി വാ ഇന്ന് മമ്മിക്കു പകരം ചേച്ചി ഞങ്ങളുടെ കൂടെ കളിക്ക്!” കുട്ടികൾ നിർബന്ധിച്ചപ്പോൾ ശ്രേയ്ക്കും സങ്കടം മാറി സന്തോഷമായി. ശ്രേയയും ശ്രുതിയും കുട്ടികൾക്കൊപ്പം കളിക്കുന്നത് മഹേഷ് നോക്കി നിന്നു. അന്ന് അയാൾ ലാപ്ടോപ്പ് തുറന്നതേയില്ല. പിറ്റേന്ന് രാവിലെ സുധയുടെ മെയിൽ പ്രതീക്ഷിച്ചു മാത്രം അയാൾ ലാപ്ടോപ്പ് തുറന്നു. ഇന്നും ഉണ്ട് സുധയുടെ മെയിൽ. വടക്കു ഭാഗത്തുള്ള വായനശാലയിൽ ഒന്നു പോയി നോക്കൂ എന്നായിരുന്നു ഇന്നത്തെ മെയിൽ. ആ വായനശാലയുടെ ട്രസ്റ്റികളിൽ ഒരാളാണ് സുധയെന്ന് മഹേഷ് അറിയുന്നത് അവിടെ എത്തിയ ശേഷം മാത്രം! കുട്ടികൾക്ക് കവിത ചൊല്ലിക്കൊടുക്കാൻ സുധ സമയം കണ്ടെത്താറുണ്ടന്ന് അറിഞ്ഞപ്പോൾ മഹേഷ് കുറ്റബോധത്തിൽ നീറി.

“എന്നാണ് ചേച്ചി വരുക? എന്തു പറ്റി?” വായനശാലയിലെ സ്‌ഥിരം സന്ദർശകയെ കാണാതായപ്പോൾ ലൈബ്രേറിയൻ എങ്ങനെ ചോദിക്കാതിരിക്കും?

മഹേഷിന് ഒരു ഉത്തരം അവിടെയും നൽകാനായില്ല.

അങ്ങനെ ഓരോ ദിവസവും അച്ഛനും മക്കളം സുധ പറയുന്ന സ്‌ഥലങ്ങൾ സന്ദർശിക്കാൻ തുടങ്ങി.

വീടിന്‍റെ ടെറസിലെ സുന്ദരമായ പൂന്തോട്ടം കാണാൻ പോലും ശ്രേയയും ശ്രുതിയും ശ്രമിച്ചിരുന്നില്ല. എത്ര കഷ്‌ടപ്പെട്ടിട്ടാണ് ഇത്രയും സുന്ദരമായ പൂന്തോട്ടം സുധ ഒരുക്കിയിട്ടുണ്ടാവുക.

വീടിനോടു ചേർന്ന ബാങ്കിലെ ജീവനക്കാർ മുതൽ കോളനിയിൽ നിത്യവും കൂലിവേലയ്‌ക്കു വരുന്നവർ വരെ സുധയെ അന്വേഷിക്കുന്നുണ്ടായിരുന്നു. അവരെല്ലാം മഹേഷിനെയും കുട്ടികളെയും വല്ലപ്പോഴും മാത്രം പുറത്തു കാണാറുള്ളൂ.

ആറു മാസം മുമ്പ് ഭാര്യ മരിച്ച വയോവൃദ്ധനെ കണ്ടപ്പോഴാണ് മഹേഷിന് സ്വയം ലജ്‌ജ തോന്നിയത്. ഭാര്യയുടെ മരണശേഷം സുധ അയാളുടെ വീട്ടിൽ നിത്യവും സന്ദർശിച്ച് ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യാറുണ്ടായിരുന്നത്രേ.

“ഈ കോളനിയിലെ എല്ലാവരും എനിക്ക് ഫോൺ മുഖേനയും സോഷ്യൽ മീഡിയ വഴിയും അനുശോചനം അറിയിച്ചു. പക്ഷേ സുധ മാത്രമാണ് നേരിട്ട് വന്നത്.” അയാൾ പറയുന്നതു കേട്ടപ്പോൾ മഹേഷിന് സ്വയം ചെറുതാകുന്നതായി തോന്നി.

ആ ആഴ്ച അവസാനിക്കുമ്പോൾ ആ വീട്ടിലെ എല്ലാവരും കടുത്ത മനോവിഷമം നേരിട്ടു. അദ്ഭുതകരമായ കാര്യം, ആ ആഴ്ചയിൽ അവരാരും ഫേസ്ബുക്ക് പോലും സന്ദർശിച്ചില്ല എന്നതാണ്. എന്നിട്ടും തങ്ങൾക്കൊന്നും സംഭവിച്ചില്ലല്ലോ. ആരോടും ചാറ്റ് ചെയ്‌തില്ലെങ്കിലും, ദിനരാത്രങ്ങൾ കടന്നുപോയി. “കഴിഞ്ഞ കാലങ്ങളിൽ ചുറ്റുമുള്ള ലോകം എത്രമാത്രമാണ് തങ്ങൾക്ക് നഷ്‌ടമായത്! ആ ചിന്ത മൂന്നുപേരിലും ശക്‌തമായി. അന്ന് ഞായാറാഴ്ച ആയിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ വലിയൊരു അദ്ഭുതം അവരെ കാത്തിരുന്നു. സുധ അടുക്കളയിലുണ്ട്. കുട്ടികൾ ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ചു.

“മമ്മി, വീ മിസ് യൂ. എവിടെയായിരുന്നു ഇതുവരെ?”

“ഞാനെന്‍റെ അച്ഛനമ്മമാർക്കൊപ്പം ആയിരുന്നു. ഗാഡ്ജറ്റ് ഫ്രീ ലോകത്ത്!”

“സുധ പ്ലീസ്” അവൾ കൂടുതൽ പറയാതെ മഹേഷ് തടഞ്ഞു.

നിനക്കിഷ്ടമില്ലാത്ത ഗാഡ്ജറ്റുകളൊക്കെ ഞങ്ങൾ പൊതു മുറിയിൽ വച്ചിട്ടുണ്ട്. പണ്ട് കമ്പ്യൂട്ടർ ഉപയോഗിച്ചതു പോലെ ഇവയൊക്കെ വേണമെന്നു തോന്നുമ്പോൾ അവിടെ പോയിരുന്നു ചെയ്യും.”

“ഞങ്ങൾ പുറത്തെ ലോകം കാണാൻ മറന്നു പോയി മമ്മി. എത്ര നഷ്‌ടമാണ് അതു കൊണ്ട് ഉണ്ടായത്.” ശ്രേയ കണ്ണീർ തുടച്ചു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.

സുധ അവരെ മാറോടു ചേർത്തു. ഇപ്പോൾ ഇത് എന്‍റെ സ്വന്തം വീടായി. ഞാൻ ഇഷ്‌ടപ്പെടുന്ന എന്‍റെ വീട് കണ്ണിൽ നിറഞ്ഞ നീരുറവ ആരും കാണാതെ സുധ തുടച്ചു കളഞ്ഞു.

സാഗരസംഗമം – ഭാഗം 8

“ഇപ്പോൾ മനസ്സിലായില്ലെ?…. ഗോതമ്പു പാടങ്ങൾ നിറഞ്ഞ നിങ്ങളുടെ നാടിനെക്കാൾ എത്ര മനോഹരമാണ് ഞങ്ങളുടെ നാടെന്ന്…”

ഹിന്ദിയിൽ അവൾ പറഞ്ഞതു കേട്ട് ദേവാനന്ദ് തല കുലുക്കി. എന്നിട്ടയാൾ ഹിന്ദിയിൽ തന്നെ ഉത്തരവും നൽകി.

“അതെ, ഞാൻ നിന്‍റെ മുമ്പിൽ തോറ്റു തന്നിരിക്കുന്നു. ഇവിടം ഇത്രയേറെ ഭംഗിയേറിയതാണെന്ന് ഞാൻ വിചാരിച്ചില്ല. പക്ഷേ ഞങ്ങളുടെ നാടിനും അതിന്‍റേതായ ഭംഗിയുണ്ട് കേട്ടോ…”

ദേവാനന്ദ് സ്വന്തം നാടിനെക്കുറിച്ചുള്ള അഭിമാനബോധത്തോടെ പറഞ്ഞു, അതുകേട്ട് കൃഷ്ണ മുഖം വീർപ്പിച്ചു.

“എന്ത് പറഞ്ഞാലും ദേവേട്ടന് സ്വന്തം നാട്. സ്വന്തം ആൾക്കാർ എന്നെയും എന്‍റെ നാടിനേയും വീട്ടുകാരെയും ദേവേട്ടൻ സ്വമനസ്സാലെ അംഗീകരിക്കുന്നില്ല എന്നല്ലെ അതിനർത്ഥം…”

“എന്ന് ഞാൻ പറഞ്ഞില്ലല്ലോ കൃഷ്ണ… നീയെന്തിനാണ് ഇല്ലാത്ത അർത്ഥം കണ്ടെത്തുന്നത്. എല്ലാവർക്കും സ്വന്തം നാടിനോടും വീട്ടുകാരോടും അൽപം മമത കൂടുതലുണ്ടാകും. അത്രയേ ഞാനുദ്ദേശിച്ചുള്ളൂ. ”

അവരുടെ വഴക്കു കേട്ട് നരേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

“നിങ്ങൾ ഇക്കാര്യം പറഞ്ഞ് വഴക്കിടേണ്ട… നമ്മൾ പല നാടുകളിലും സംസ്കാരത്തിലും ജനിച്ചു വളർന്നവരാണെങ്കിലും നാമെല്ലാം ഭാരതീയർ തന്നെയാണ്. ഒരമ്മ പെറ്റമക്കളെപ്പോലെ. അതുനാമെപ്പോഴും ഓർക്കണം. നമ്മുടെ കുഞ്ഞുമക്കളേയും അതു മനസ്സിലാക്കി കൊടുത്ത് തന്നെ വളർത്തണം.” നരേട്ടന്‍റെ ഉപദേശം ചെവിക്കൊണ്ടതു പോലെ അവർ പിന്നീട് മിണ്ടാതിരുന്നു.

അപ്പോൾ ഞാനോർക്കുകയായിരുന്നു. ഇവർ പ്രേമിച്ചിരുന്നപ്പോൾ ആലോചിക്കാതിരുന്ന കാര്യങ്ങളാണല്ലോ കുടുംബ ജീവിതത്തിൽ പ്രവേശിച്ചപ്പോൾ പ്രശ്നമാക്കുന്നതെന്ന്… ഇത്തരം ചിന്തകൾ അവരുടെ കുടുംബ ജീവിത ഭദ്രത തന്നെ തകർത്തേക്കാം… ഞാനോർത്തു.

മൂന്നു നാലു മണിക്കൂർ പിന്നിട്ടപ്പോൾ ഞങ്ങളുടെ വണ്ടി ഗുരുവായൂരെത്തിച്ചേർന്നു. ഇടയ്ക്ക് പല സ്‌ഥലങ്ങളിലും ദേവാനന്ദ് ഫോട്ടോകൾ എടുക്കാനായി വണ്ടി നിർത്തിച്ചിരുന്നു. പിന്നെ ആഹാരം കഴിയ്ക്കാനായി അരമുക്കാൽ മണിക്കൂർ പാഴായിപ്പോയിരുന്നു. പക്ഷേ അവയൊന്നും വെയിസ്റ്റല്ല എന്നായിരുന്നു ദേവാനന്ദിന്‍റെ അഭിപ്രായം. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുവാനായി ഉതകുന്ന നിമിഷങ്ങൾ.

ജീവിതത്തിന്‍റെ ഏടുകളിൽ വർണ്ണപ്പകിട്ടോടെ കുറിച്ചു വയ്ക്കാനാവുന്നവയാണ് അവയെന്ന് ഞങ്ങൾക്കും തോന്നിയിരുന്നു. വിഷാദത്തിന്‍റെ പൂവിതളുകൾ മാത്രം വിരിഞ്ഞിരുന്ന ഞങ്ങളുടെ തോട്ടത്തിലും അത് നിറപ്പകിട്ടാർന്ന ഒരു വസന്തം വിരിയ്ക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു.

ഉറുമ്പുകൾ വരിയിടുമ്പോലെ ഒരറ്റത്തു നിന്നും മറ്റേഅറ്റം വരെ നീണ്ടു കിടക്കുന്ന ക്യൂ കണ്ടപ്പോൾ ഇന്നിനി ദർശനം സാദ്ധ്യമല്ലെന്ന് മനസ്സിലായി. പിറ്റേന്ന് രാവിലെ മോന് ചോറും കൊടുത്ത് മടങ്ങാമെന്ന് ഞങ്ങളുറച്ചു. ഇന്ന് രാത്രിയിൽ തങ്ങുവാനായി പലയിടത്തും മുറിയന്വേഷിച്ചു. എന്നാൽ സീസണായതിനാൽ റൂം എല്ലായിടത്തും ബുക്കു ചെയ്‌തു കഴിഞ്ഞിരുന്നു. ഒടുവിൽ അൽപം ദൂരെ ഒരു സത്രത്തിൽ മുറി ഒഴിവുണ്ടെന്നറിഞ്ഞ് ഞങ്ങൾ അവിടേയ്ക്കു തിരിച്ചു. എന്നാൽ വൃത്തിഹീനമായ ആ പരിസരം കണ്ടപ്പോൾ തന്നെ കൃഷ്ണമോൾ പറഞ്ഞു. “അയ്യോ… വേണ്ട… ഇവിടെ താമസിയ്ക്കാൻ ഞാനില്ല…” പൊട്ടിയൊലിച്ച കാനകളും ദുർഗ്ഗന്ധപൂരിതമായ ആ അന്തരീക്ഷവും വിട്ട് ഞങ്ങൾ എത്രയും വേഗം തന്നെ മടങ്ങിപ്പോന്നു. വീണ്ടുമൊരാൾ പറഞ്ഞ് അൽപമകലെ വാടകയ്ക്ക് കൊടുക്കാനിട്ടിരിക്കുന്ന ഒരു അപാർട്ട്മെന്‍റിൽ മുറി ഒഴിവുണ്ടെന്നറിഞ്ഞ് ഞങ്ങൾ അങ്ങോട്ടേയ്ക്ക് തിരിച്ചു. ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്‍റായിരുന്നു അത്. എങ്കിലും വൃത്തിയുള്ള ആ അന്തരീക്ഷവും ഒരു ദിവസം തങ്ങാനുള്ള താമസസൗകര്യവും ഉള്ള അവിടെത്തന്നെ തങ്ങാൻ ഞങ്ങൾ തീരുമാനിച്ചു.

കൃഷ്ണമോളുടെ മുഖം വിടർന്നത് അപ്പോൾ മാത്രമാണ്. അവൾ സ്വസ്ഥതയോടെ ഒരൊഴിഞ്ഞ മൂലയിലിരുന്ന്, അപ്പോഴെയ്ക്കും വിശന്നു കരഞ്ഞു തുടങ്ങിയിരുന്ന ടുട്ടുമോനെയെടുത്ത് പാലു കൊടുത്തു. കൂടിയ നിരക്കു കൊടുത്തിട്ടാണെങ്കിലും അങ്ങനെയൊരപ്പാർട്ട്മെന്‍റ് താമസിക്കാൻ കിട്ടിയതിൽ ഞങ്ങളെല്ലാം സംതൃപ്തരായിരുന്നു.

ഞാനും, നരേട്ടനും ആ അപ്പാർട്ടമെന്‍റിലെ ഡ്രോയിംഗ് റൂമിലെ സെറ്റിയിലിരുന്നു. പുറത്തേയ്ക്ക് എന്തിനോ പോയിരുന്ന ദേവാനന്ദ് അപ്പോഴേയ്ക്കും തിരിച്ചെത്തി അറിയിച്ചു.

“അൽപം നേരത്തേ എത്തിയിരുന്നുനെങ്കിൽ അമ്മയ്ക്കുമച്ഛനും വേണമെങ്കിൽ സീനിയർ സിറ്റിസൺസിനുള്ള ക്യൂവിലൂടെ അകത്തേയ്ക്ക് കയറാമായിരുന്നു. പിന്നെ അസുഖബാധിതർക്കും പ്രത്യേക ക്യൂ ഉണ്ട്. പക്ഷേ അതിന്‍റെ സമയവും കഴിഞ്ഞു. ഇനിയിപ്പോൾ പൊതുവായി എല്ലാവർക്കുമുള്ള ക്യൂവിൽ നിന്ന് കാൽ കഴയ്ക്കുക മാത്രമാവും മിച്ചം.”

ദേവാനന്ദ് മറ്റൊന്നു കൂടി പറഞ്ഞു. “കനത്ത കൈമടക്കു കൊടുക്കാമെങ്കിൽ ഒരു പക്ഷേ അധികം നിൽക്കാതെ ക്യൂവിൽക്കൂടി കയറിപറ്റാമായിരുന്നു. അതിനു സഹായിക്കുന്ന ചിലർ ആൾക്കൂട്ടത്തിലുണ്ട്.” ഹിന്ദിയിലാണ് ദേവാനന്ദ് അതെല്ലാം അറിയിച്ചത്. ഈശ്വരന്‍റെ തിരുമുമ്പിൽ നടക്കുന്ന അഴിമതിയെക്കുറിച്ചോർത്ത് അയാൾ വ്യസനിക്കുന്നുണ്ടായിരുന്നു.

ഈശ്വരനെക്കാൾ പണത്തിന് പ്രാധാന്യം നൽകുന്ന മനുഷ്യരാണല്ലോ നമ്മുടെ ചുറ്റിനും എന്ന് ദുഃഖത്തോടെ ഓർത്തു പോയി.

“വിദ്യാഭ്യാസവും, മറ്റു പലതും കച്ചവടച്ചരക്കായതു പോലെ ഭക്‌തിയും…” നരേട്ടൻ പറഞ്ഞു.

“അതെ… ഇന്നിപ്പോൾ മനുഷ്യനും ഒരു കച്ചവടച്ചരക്കാണല്ലോ… മനുഷ്യക്കടത്തിലൂടെയും അവയവ ദാനത്തിലൂടെയും മറ്റും കള്ളനാണയങ്ങൾ എവിടെയുമുണ്ടെന്ന് നാമോർക്കണം.” ദേവാനന്ദ് പറഞ്ഞു നിർത്തി.

“അതെ നല്ലവരേയും, ചീത്ത മനുഷ്യരേയും തിരിച്ചറിയാൻ നാം പഠിക്കണം. അങ്ങനെ തന്നെ സ്‌ഥാപനങ്ങളുടെ കാര്യത്തിലും… അൽപം നിർത്തി നരേട്ടൻ തുടർന്നു. പക്ഷേ ഒരിയ്ക്കൽ ഈ സമ്പാദിച്ചു കൂട്ടുന്ന പണത്തെക്കാളെല്ലാം വലുത് മറ്റ് പലതുമൈണെന്നുള്ള ആത്മബോധം ഈ മനുഷ്യർക്കുണ്ടാവും. പക്ഷേ അപ്പോഴേയ്ക്കും ദുരന്തപൂർണ്ണമായ ജീവിതാവസാനമായി കഴിഞ്ഞിരിക്കും. പ്രത്യേകിച്ച് പണത്തിനു വേണ്ടി സ്വന്തം മാതാപിതാക്കളെപ്പോലും തള്ളിപ്പറയുന്ന മക്കളുള്ള ഇക്കാലത്ത്.”

“അതെ നരേട്ടാ… അന്യായമായ പണത്തിനു വേണ്ടി നെട്ടോട്ടമോടുന്നവർ ഒടുവിൽ കുണ്ഠിതപ്പെടേണ്ടി വരിക തന്നെ ചെയ്യും. ബന്ധവും, സ്വന്തവും മറന്ന് അവർ പരക്കം പാഞ്ഞത് എന്തിനു വേണ്ടിയായിരുന്നു എന്നോർത്ത്” ഞാനും നരേട്ടനെ പിന്താങ്ങി.

ഞങ്ങളുടെ വേദാന്ത ചിന്തകൾ അകത്തിരുന്ന് കേട്ടു കൊണ്ടിരുന്ന കൃഷ്ണമോളിൽ അത് വിമ്മിഷ്ടമുളവാക്കി എന്നു തോന്നി. അവൾ വിളിച്ചു പറഞ്ഞു.

“പപ്പയും മമ്മിയും ഇങ്ങനെ വേദാന്തവും പറഞ്ഞോണ്ടിരുന്നോ. നാളെ വെളുപ്പിനെ എഴുന്നേറ്റ് പോകേണ്ടതാ അതു കഴിഞ്ഞ് മോന് ചോറു കൊടുക്കാനും…”

“ശരിയാണ് നമുക്ക് പുറത്തു പോയി വേഗം ആഹാരം കഴിച്ചു വന്ന് കിടക്കാൻ നോക്കാം… അല്ലെങ്കിൽ വെളുപ്പിനെ എഴുന്നേല്‍ക്കാൻ പറ്റുകയില്ല…”

ദേവാനന്ദും ധൃതികൂട്ടി പുറത്തേയ്ക്കിറങ്ങിക്കൊണ്ടു പറഞ്ഞു. ഞങ്ങൾ മുറിപൂട്ടി ദേവാനന്ദിനോടൊപ്പം നടക്കാൻ തുടങ്ങി. നടവഴിയിലെ കച്ചവട സ്‌ഥാപങ്ങൾ കണ്ട് കൃഷ്ണമോൾ പറഞ്ഞു. “ഇവിടെ എന്തെല്ലാം കൗതുക വസ്തുക്കളാണ് നിരത്തി വച്ചിരിക്കുന്നത്. എനിക്ക് ഓഫീസിലുള്ളവർക്കു സമ്മാനിക്കാൻ ചിലതു വാങ്ങണം.”

ദേവാനന്ദും കൃഷ്ണമോളും അടുത്തുള്ള കൗതുക വിൽപനശാലയിലേയ്ക്കു കയറിപ്പോയപ്പോൾ ഞങ്ങൾ നടവഴിയിൽ കാഴ്ചകൾ കണ്ടു നിന്നു. അപ്പോൾ നരേട്ടന്‍റെ കണ്ണ് അടുത്തുള്ള ഒരു കളിപ്പാട്ടക്കടയിലേയ്ക്ക് നീണ്ടു ചെന്നു. അവിടെക്കണ്ട എന്തോ ഒന്ന് അദ്ദേഹത്തെ ആകർഷിച്ചുവെന്ന് തോന്നി.

ടുട്ടുമോനു വേണ്ടി എന്തു വാങ്ങിക്കൊടുക്കുന്നതിലും ഒരു പ്രത്യേക ആനന്ദം തന്നെ നരേട്ടനുണ്ടായിരുന്നു. അവനെ കളിപ്പിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് സ്വർഗ്ഗം കിട്ടിയ പ്രതീതിയാണെന്നു തോന്നിയിട്ടുണ്ട്. അപ്പോൾ അദ്ദേഹം സ്വയം മറക്കുന്നതായും എല്ലാ വേദനകളും അവന്‍റെ കളിചിരികളിൽ ലയിപ്പിച്ച് അദ്ദേഹം ആനന്ദിച്ചിരിക്കുന്നതും എത്രയോ തവണ ഞാൻ കണ്ടിരിക്കുന്നു. അല്ലെങ്കിൽ തന്നെ വാർദ്ധക്യം നമ്മെ പുറകോട്ടു നടത്തിക്കുകയും കുട്ടികളെപ്പോലെയാക്കിത്തീർക്കുകയും അങ്ങനെ അവരുടെ ലോകത്തിൽ നമ്മെക്കൊണ്ടെത്തിക്കുകയും ചെയ്യാറുണ്ടല്ലോ? ഞാനോർത്തു പോയി.

“നമുക്ക് ടുട്ടുമോനു വേണ്ടി എന്തെങ്കിലും വാങ്ങണ്ടേ… വരൂ ആ കളിപ്പാട്ടക്കടയിലേയ്ക്കു പോകാം…” നരേട്ടൻ മുന്നേ നടന്നു കൊണ്ടു പറഞ്ഞു. ഞാൻ വഴിവക്കിലെ പൂക്കടയിൽ നിന്നും പൂക്കൾ വാങ്ങി പുറകേ നടന്നെത്തുമ്പോഴെയ്ക്കും നരേട്ടൻ ചില കളിപ്പാട്ടങ്ങൾ സെലക്ടു ചെയ്‌തു കഴിഞ്ഞിരുന്നു.

ആയിടെ പുറത്തിറങ്ങിയ പുതിയ മോഡൽ കാറുകളുടെ ചെറുരൂപങ്ങൾ, പിന്നെ ചെറുതോക്കുകൾ ചെറുബോളുകൾ അങ്ങിനെ നിരവധി കളിപ്പാട്ടങ്ങൾ നരേട്ടൻ വാരിക്കൂട്ടി.

“ഇതെല്ലാം അവൻ കളിക്കാറാകുന്നതല്ലേയുള്ളൂ നരേട്ടാ… ഇപ്പോഴെ വാങ്ങിക്കൊടുക്കേണ്ട ആവശ്യം ഉണ്ടോ?” ഞാൻ തിരക്കി.

അവൻ സ്വയം കളിച്ചില്ലെങ്കിലും നമുക്ക് അവനെ കളിപ്പിക്കാമല്ലോ… നരേട്ടൻ എന്നെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു.

പിന്നെ അവയെല്ലാം വാങ്ങി പുറത്തിറങ്ങുമ്പോഴേയ്ക്കും കൃഷ്ണമോളും, ദേവാനന്ദും ടുട്ടുമോനേയും കൊണ്ട് ഞങ്ങളുടെ അടുത്തെത്തി.

“പപ്പാ എന്തൊക്കെയാ വാങ്ങിക്കൂട്ടിയിരിക്കുന്നത്? ഇതെല്ലാം ടുട്ടുമോനു വേണ്ടിയാണോ?” കൃഷ്ണമോൾ വിടർന്ന കണ്ണുകളോടെ ചോദിച്ചു.

“അതെ മോളെ… എല്ലാം അവനു വേണ്ടിയാണ്. പക്ഷേ അമ്മ പറയുന്നു ഇതൊന്നും അവൻ കളിയ്ക്കാറായിട്ടില്ലെന്ന്. എങ്കിൽ സൂക്ഷിച്ചു വച്ചോളൂ… കുറച്ചു കൂടി വളരുമ്പോൾ കൊടുക്കാം.”

“എന്തിനാ പപ്പാ വെറുതെ കാശുകളയുന്നത്. എല്ലാം അവൻ കുറച്ചു കൂടി വളരുമ്പോൾ വാങ്ങിയാൽ പ്പോരേ…”

“അന്ന് എനിക്കതിനു പറ്റിയില്ലെങ്കിലോ മോളെ… മനുഷ്യന്‍റെ കാര്യമല്ലെ. നാളെ എന്താണ് സംഭവിക്കുകയെന്ന് ആർക്കറിയാം.”

നരേട്ടന്‍റെ ആ വാക്കുകൾ അറംപറ്റിയതു പോലെയായിരുന്നു. പിന്നീടുള്ള സംഭവവികാസങ്ങൾ. അന്ന് നരേട്ടൻ ആ വാക്കുകൾ ഉരുവിടുമ്പോൾ ഞാൻ നരേട്ടനെ സ്നേഹപൂർവ്വം ശാസിച്ചു കൊണ്ടു പറഞ്ഞു. “എന്തിനാ ഇപ്പോഴിങ്ങനെയൊക്കെ പറയുന്നത്? കുട്ടികൾക്കെന്തു തോന്നും?”

നരേട്ടൻ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു കൊണ്ടു നടന്നു. ഞാൻ അറിയാതെ ഒരു ഉൾക്കിടിലം എന്നിലുണ്ടായി കഴിഞ്ഞിരുന്നു.

ഫ്ളാറ്റിൽ മടങ്ങിയെത്തി ഏതാനും ദിവസങ്ങൾക്കകം അദ്ദേഹം എനിക്കത് ബോദ്ധ്യമാക്കിത്തന്നിരുന്നു.

അന്ന് പിന്നെ അടുത്തുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് ഞങ്ങൾ മടങ്ങി. നരേട്ടൻ ഏറെ ശാന്തചിത്തനും, അതേ സമയം ആഹ്ലാദവാനുമായിരുന്നു. താൻ വാങ്ങിയ കളിപ്പാട്ടങ്ങളുമായി ടുട്ടുമോനെ കളിപ്പിച്ചു കൊണ്ട് അദ്ദേഹം അവന്‍റെ അടുത്തിരുന്നു.

അവൻ അവന്‍റേതായ ഭാഷയിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് മുത്തച്ഛന്‍റെ മടിയിലിരുന്നു. ആ കളിപ്പാട്ടങ്ങൾ അവനെ ഏറെ സന്തോഷിപ്പിച്ചുവെന്ന് അവന്‍റെ സന്തോഷ പ്രകടനങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. മുത്തച്ഛനും അവനും മാത്രമായ ആ ലോകത്തിൽ മറ്റാർക്കും പ്രവേശനമില്ലെന്നു തോന്നി. ഞങ്ങൾ നേരത്തെ ബെഡിൽക്കയറിക്കിടന്ന് ഉറക്കത്തെ പുൽകി.

നരേട്ടൻ സ്വയം മറന്ന് കൊച്ചു മകനുമായി കളികളിൽ മുഴുകി, രാത്രി ഏറെ വൈകും വരെ ഇരുന്നു. അർദ്ധരാത്രിയോടടുത്ത് അവൻ ഉറങ്ങിക്കഴിഞ്ഞപ്പോഴാണെന്നു തോന്നുന്നു നരേട്ടൻ അവനേയും കൊണ്ട് ബെഡ്‌ഡിൽ വന്നു കിടന്നു. അവനെ പിരിയാനാവാത്തവിധം അദ്ദേഹം അവനെ തന്നോടു ചേർത്ത് ഇറുകെപ്പുണർന്നു കിടന്നു. ഉറക്കത്തിൽ എപ്പോഴൊ നരേട്ടൻ ടുട്ടുമോനെ പുൽകിക്കൊണ്ട് രാഹുൽമോനെ എന്ന് അസ്പഷ്ടമായി വിളിക്കുന്നുണ്ടായിരുന്നു. രാവിലും പകലിലും ടുട്ടുമോനിൽ അദ്ദേഹം കാണുന്നത് ഞങ്ങളുടെ രാഹുൽ മോനെയാണെന്ന് അതോടെ എനിക്കുറപ്പായി.

പുലരിയുടെ തുടിപ്പുകൾ കിഴക്ക് പൊട്ടിവിടരാൻ തുടങ്ങുന്നതിനു മുമ്പു തന്നെ ഞങ്ങൾ എഴുന്നേറ്റ് കുളിച്ച് ദേഹ ശുദ്ധിവരുത്തി. ഞാനും കൃഷ്ണമോളും സെറ്റുമുണ്ടുടുത്ത് രൂപവതികളായി അണിഞ്ഞൊരുങ്ങുന്നതു കണ്ടപ്പോൾ നരേട്ടൻ ഒരു ചെറു ചിരിയോടെ കളിയാക്കി…“എന്താ അമ്മയും മോളും കൃഷ്ണന്‍റെ ഗോപികമാരാകാനുള്ള ഭാവമാണെന്നു തോന്നുന്നു.” തുടർന്ന് ഒരു കള്ളച്ചിരിയോടെ നരേട്ടൻ തുടർന്നു.

“അല്ല… കൃഷ്ണമോൾ ചെറുപ്പമായതു കൊണ്ട് ഈ അണിഞ്ഞോരുങ്ങൽ…. പക്ഷേ താനീ വയസ്സുകാലത്ത്…”

നരേട്ടൻ അർദ്ധോക്തിയിൽ നിർത്തി പുഞ്ചിരി തൂകി നിന്നപ്പോൾ ഞാൻ കൃത്രിമ കോപം നടിച്ച് പറഞ്ഞു.

“ഞാൻ അങ്ങിനെ മനഃപൂർവ്വം അണിഞ്ഞൊരുങ്ങിയിട്ടൊന്നുമില്ല. അല്ലെങ്കിലും നരേട്ടന് അസൂയയാ… ഞാൻ സുന്ദരിയായി നിൽക്കാൻ പാടില്ല. ഇങ്ങനെയൊരു സ്വാർത്ഥൻ…”

അതുകേട്ട് നരേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു. “താൻ മനഃപൂർവ്വം അണിഞ്ഞൊരുങ്ങിയതല്ലായിരിക്കാം. പക്ഷേ ഈ സെറ്റുടുത്തു കാണുമ്പോൾ തനിക്ക് ഒരു പ്രത്യേക ഭംഗിയാണെടോ.”

പെട്ടെന്ന് നരേട്ടന്‍റെ മുഖത്ത് ഒരു ചെറുഗൗരവം നിറഞ്ഞു.

“അതേടോ… ഞാൻ തന്നെ വിട്ടു കൊടുക്കുകയില്ല. തന്‍റെ കാര്യത്തിൽ ഞാൻ അത്രയ്ക്കു സ്വാർത്ഥനാണെടോ…”

നരേട്ടന്‍റെ ആ വാക്കുകൾ പൂർണ്ണമായും സത്യമാണെന്ന് എനിക്കറിയാമായിരുന്നു. വിവാഹം കഴിഞ്ഞ നാളുകൾ തൊട്ട് ഞാനതറിയുന്നതാണ്. ഫഹദ് സാറിന്‍റെ കാര്യത്തിൽ ആ സ്വാർത്ഥത ഞാൻ കുറെയൊക്കെ തൊട്ടറിഞ്ഞതാണ്. ഹൃദയം പറിച്ചെറിയുന്ന വേദനയോടെയല്ലാതെ അദ്ദേഹത്തിന് എന്നെ വേർപെടുത്താനാവുകയില്ലെന്ന്. എന്നിട്ടും ചിലപ്പോഴൊക്കെ ഞങ്ങളുടെ കോളേജ് പ്രേമത്തിന്‍റെ അഗാധത മനസ്സിലാക്കി അദ്ദേഹം എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹം മരണത്തോടടുത്തപ്പോൾ, എപ്പോഴെങ്കിലും ഫഹദ്സാറിനെ കണ്ടുമുട്ടിയാൽ ഒന്നിയ്ക്കാനുള്ള പ്രേരണയും അദ്ദേഹം നൽകി. അതിവിശാല മനസ്സിന്‍റെ പ്രത്യേകതയാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. നരേട്ടൻ സ്വന്തം സ്വാർത്ഥത വെളുപ്പെടുത്തിയപ്പോൾ ഞാൻ പരിഭവം നടിച്ച് പറഞ്ഞു.

“അല്ലെങ്കിലും ഭഗവാന് എല്ലാ സ്ത്രീകളും ഒരുപോലെയാണ്. കളങ്കമില്ലാത്ത ഭക്തിയിലാണ് അദ്ദേഹം പ്രേമം കാണുന്നത്…”

എന്‍റെ പരിഭവം തുടിക്കുന്ന വാക്കുകൾ കേട്ട് നരേട്ടൻ എന്നെ സമാശ്വസിപ്പിക്കാനായി പറഞ്ഞു. “ഭഗവാനു പോലും ഇഷ്ടം തോന്നുന്ന വിധത്തിൽ താൻ ഇപ്പോഴും അതിസുന്ദരിയാണെടോ അതാണെനിക്ക് പേടി. പിന്നെ തന്‍റെ ഭക്‌തിയും സാക്ഷാൽ ഭക്‌തമീരയെപ്പോലും തോൽപ്പിക്കുന്നതാണല്ലോ…”

“ഒന്നു പോ നരേട്ടാ… ഈ വയസ്സു കാലത്തല്ലെ ഇത്തരം പേടികൾ മനസ്സിൽ വച്ചോണ്ടിരിക്കുന്നത്. ഒന്നുമറക്കണ്ട. നമ്മൾ അപ്പൂപ്പനും അമ്മൂമ്മയുമായി കഴിഞ്ഞു.”

“ഓ… ശരിയാണ്, അത് ഞാൻ മറന്നു പോയി. അപ്പോൾ പിന്നെ താൻ പറഞ്ഞതു പോലെ പേടിയ്ക്കേണ്ട ആവശ്യമില്ല. അല്ല… നമ്മുടെ ടുട്ടുമോനെവിടെ?… അവനെ ഞാൻ കണ്ടില്ലല്ലോ… “അദ്ദേഹം ടുട്ടുമോനെ തിരഞ്ഞു പോയപ്പോൾ സത്യത്തിൽ ഞാൻ ഏറെ ആഹ്ലാദവതിയായിരുന്നു. ജീവിതത്തിൽ മനസ്സറിഞ്ഞു സന്തോഷിച്ച നിമിഷങ്ങളായിരുന്നു അവ. നരേട്ടന്‍റെ മുമ്പിൽ പരിഭവം നടിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ കളിവാക്കുകൾ മനസ്സിൽ കുളിർമഴ പെയ്യിച്ചിരുന്നു.

ഫഹദ്സാറിനെ പൂർണ്ണമായും മനസ്സിൽ നിന്ന് തുടച്ചു കളഞ്ഞ ആ നാളുകളിൽ നരേട്ടനു മാത്രമായിരുന്നു മനസ്സിൽ സ്‌ഥാനം. നരേട്ടുമൊത്തുള്ള ജീവിതത്തിൽ ഏറെ സന്തോഷിച്ച കാലഘട്ടം. പക്ഷേ ജീവിതം എത്ര പെട്ടെന്നാണ് മാറിമറിയുന്നത്? തെളിഞ്ഞു നിന്ന ഞങ്ങളുടെ ജീവിതത്തിന്‍റെ ആകാശ നീലിമയ്ക്കപ്പുറത്ത് കാറുകൾ വന്നു നിറയുന്നത് ഞങ്ങളാരും കണ്ടിരുന്നില്ല. ഒരു തുലാവർഷത്തിനുള്ള ഒരുക്കങ്ങളുമായി ആ മേഘക്കീറുകൾ വെൺമേഘങ്ങൾക്കപ്പുറത്ത് ഒളിഞ്ഞു നിന്നു.

നരേട്ടൻ ടുട്ടുമോനെ കണ്ടെത്തുമ്പോൾ അവൻ അണിഞ്ഞൊരുങ്ങിയിരുന്നു. അവനെ അണിയിച്ചൊരുക്കിക്കൊണ്ട് കൃഷ്ണമോൾ പറഞ്ഞു.

“കണ്ടോ പപ്പാ… നമ്മുടെ ടുട്ടുമോൻ മറ്റൊരു ഉണ്ണിക്കണ്ണനായില്ലേ? ഒരു ഓടക്കുഴലും കൂടി കിട്ടിയാൽ മതി, അവൻ സാക്ഷാൽ ഉണ്ണിക്കണ്ണൻ. ആ നിഷ്കളങ്കത തുളുമ്പി നിൽക്കുന്ന സന്തോഷപ്പുഞ്ചിരിയിൽ മതിമറന്ന് നരേട്ടൻ പറഞ്ഞു.

“അതെ, കൃഷ്ണമോളെ…” ആ പൂപ്പുഞ്ചിരിയിൽ മതി മറന്ന് അവന്‍റെ ഇരുകവിളുകളിലും ഞങ്ങൾ മാറി മാറി മുത്തം നൽകി.

പിന്നെ അവനേയുമെടുത്ത് നരേട്ടൻ മുന്നേ നടന്നു. നടയിലെത്തിയപ്പോൾ ചോറൂണിനുള്ള റസീപ്റ്റ് കൗണ്ടറിൽ നിന്നുമെടുത്ത് ദേവാനന്ദ് ഞങ്ങളുടെ സമീപമെത്തി നിന്നു.

“നമുക്ക് മാമുണ്ണണ്ടേ മോനേ…” കൃഷ്ണമോൾ മോനെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു. അവിടെ ഞങ്ങളെക്കൂടാതെ ഏതാനും പേർ കൂടി കുഞ്ഞുങ്ങൾക്ക് ചോറൂണു നൽകാനായി ഉണ്ടായിരുന്നു.

അൽപം കഴിഞ്ഞപ്പോൾ ഒരു ഇലക്കീറിൽ ചോറും എത്തി. നരേട്ടൻ മോനെ മടിയിൽ വച്ച് ആ ചോറിൽ അൽപമെടുത്ത് ആ കുഞ്ഞിളം വായിൽ വച്ചു കൊടുത്തു. ഒരു പുതിയ സ്വാദിന്‍റെ എരിവും മധുരവും പുളിയും നുണഞ്ഞിറക്കി അവനിരുന്നു. അവയോരോന്നും ആസ്വദിക്കുന്നതനുസരിച്ച് അവന്‍റെ കുഞ്ഞുമുഖവും ചുളിയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അവൻ അസ്വസ്ഥതയോടെ പുളയുകയും ചെയ്‌തു കൊണ്ടിരുന്നു.

കയ്പും, മധുരവും നിറഞ്ഞ ജീവിതത്തിലേയ്ക്കുള്ള ആദ്യത്തെ കാൽ വയ്പായിരുന്നു അവനത്. അവന്‍റെ ഭാവഹാവാദികൾ കണ്ട് പുഞ്ചിരിയോടെ ഞങ്ങളോരുത്തരായി ആ പിഞ്ചിളം വദനത്തിലേയ്ക്ക് കുറേശേയായി ചോറുരുള വച്ചു കൊടുത്തു. ഒടുവിൽ അസഹ്യത തോന്നി അവൻ കരയുമെന്നായപ്പോൾ നരേട്ടൻ പറഞ്ഞു. “മതി… മതി ഇനിയും കൊടുത്താൻ ചിലപ്പോൾ അവനതിഷ്ടപ്പെടുകയില്ല. മാത്രമല്ല കുഞ്ഞിനു വയറിനു വല്ല അസുഖവും വന്നുവെന്നു വരും.”

നരേട്ടന്‍റെ വിലക്കിനെ മാനിച്ച് ഞങ്ങൾ അവന് ചോറു വാരിക്കൊടുക്കുന്നത് നിർത്തി.

നിങ്ങൾക്കാർക്കെങ്കിലും ക്യൂവിൽ നിൽക്കാനാവാത്ത അസുഖമുണ്ടെങ്കിൽ ദേവസ്വം ഓഫീസിൽ പറഞ്ഞാൽ മതി പാസ്സ് ലഭിക്കും. എല്ലാ വേദനകളും, വ്യഥകളും ആ തിരുമുമ്പിലിറക്കി വച്ച് പ്രാർത്ഥിക്കുമ്പോൾ എന്തുകൊണ്ടോ എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. ഒപ്പം നരേട്ടന്‍റേയും കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

നിറഞ്ഞ മനസ്സോടെ പിന്തിരിഞ്ഞു നടക്കുമ്പോൾ ഒരു ദീർഘനിശ്വാസം നരേട്ടനിൽ നിന്നും അടർന്നു വീഴുന്നതും ഒപ്പം സംതൃപ്തി നിറഞ്ഞ അദ്ദേഹത്തിന്‍റെ വാക്കുകളും ഞാൻ കേട്ടു.

“അങ്ങനെ അതു സാധിച്ചു. അവസാനമായി ഈയൊരു ആഗ്രഹമെ ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് നരേട്ടന്‍റെ വായ് പൊത്തിപിടിച്ച് ഞാൻ വിലക്കി “അരുത് നരേട്ടാ – ഇങ്ങനെ അറം പറ്റുന്ന വാക്കുകൾ പറയരുത്.”

നിറയുന്ന എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി നരേട്ടൻ ഒരു വിഷാദസ്മിതം തൂകിക്കൊണ്ട് പ്രതിവചിച്ചു.

“എന്തുകൊണ്ടോ ഇനി അധികകാലമില്ല എന്നൊരു തോന്നൽ എന്നിൽ ശക്തമാവുകയാണ്. ഇവിടെ വന്ന് ഭഗവാനെ കണ്ടു കഴിഞ്ഞപ്പോൾ ആരോ എന്‍റെ മനസ്സിലിരുന്ന് അതു തന്നെ മന്ത്രിക്കുന്നു.”

ഒരു പക്ഷേ നിഷ്ക്കന്മഷം നിറഞ്ഞ നരേട്ടന്‍റെ മനസ്സിലിരുന്ന് ഭഗവാൻ തന്നെ മന്ത്രിച്ചതാകാം അത്. എന്നാൽ ആ വാക്കുകൾ എന്നെ ഒട്ടൊന്നുമല്ല ദുഃഖിപ്പിച്ചത്. നരേട്ടന്‍റെ വായ്പൊത്തിപ്പിടിച്ച് ഞാൻ പറഞ്ഞു.

“നരേട്ടൻ ഇനി ഇത്തരം വാക്കുകൾ പറയരുത്. അതെന്നെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് നരേട്ടനറിയില്ല. ഒരു പക്ഷേ നരേട്ടനെക്കാൾ മുമ്പേ ഞാനായിരിക്കും കടന്നു പോവുന്നത്. നരേട്ടൻ ഇനിയും ഇതാവർത്തിച്ചാൽ അതായിരിക്കും സംഭവിക്കുക.”

എന്‍റെ വാക്കുകൾ നരേട്ടന്‍റെ ഹൃദയത്തിൽ തറച്ചുവെന്നു തോന്നി. അദ്ദേഹം പിന്നെ ഏതോ ചിന്തയിൽ ലയിച്ച് മൂകനായി നടന്നു നീങ്ങി. തിരികെ ഫ്ളാറ്റിലെത്തുമ്പോൾ എല്ലാവരും മ്ലാനവദനരായിരുന്നു. ടുട്ടുമോൻ മാത്രം അവ്യക്തമായി എന്തോ ശബ്ദിച്ച് ആഹ്ലാദസ്വരം പുറപ്പെടുവിച്ചു കൊണ്ടിരുന്നു.

എറണാകുളത്തേയ്ക്ക് പിന്നീടുള്ള യാത്രയിൽ എല്ലാവരും മൂകരായിരുന്നു. അശുഭ സൂചകമായ അവ്യക്തമായ ഏതോ ഒന്നിന്‍റെ നിഴൽ ഞങ്ങളെ പൊതിയുന്നതു പോലെ തോന്നി.

കാലവും, സമയവും ഒരു പ്രവാചകനെപ്പോലെ ഞങ്ങൾക്കുമന്നേ നടന്നു, ഏതോ ദുരന്തത്തിന്‍റെ ഭാണ്ഡവും പേറി. എന്നാൽ കാലത്തിന്‍റെ ആ പ്രവചനങ്ങളും ഉദ്ഘോഷങ്ങളും നരേട്ടൻ മാത്രം തിരിച്ചറിഞ്ഞിരുന്നു എന്നു തോന്നി. ആറാമിന്ദ്രിയം പ്രവർത്തിച്ചാലെന്ന പോലെ താൻ നടന്നടുക്കുന്നത്. എങ്ങോട്ടാണെന്ന് ഏതോ അജ്ഞാത ശക്തി അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതാണദ്ദേഹം അമ്പലനടയിൽ വച്ച് സ്വയമറിയാതെ ഉരുവിട്ടത്. എന്നാൽ ഈ വാക്കുകളെ ഉൾക്കൊള്ളാനാവാതെ എന്‍റെ ഹൃദയം മാത്രം ആ യാത്രയിലുടനീളം വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു.

ഒടുവിൽ ഓടിത്തളർന്ന സമയഖണ്ഡങ്ങളെ തിരിച്ചറിയാനാവാതെ, ഒരു മന്ദബുദ്ധിയെപ്പോലെ ടാക്സി കാറിൽ നിന്നുമിറങ്ങുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു.

“മമ്മീ… നമ്മൾ കൊച്ചിയിലെത്തി. ഇനി എന്താണ് പ്ലാൻ? പപ്പാ… മമ്മിയുടെ തറവാട്ടിലേയ്ക്ക് പോകുന്നുണ്ടോ? ഇനിയിപ്പോൾ അങ്ങോട്ടു പോയില്ലെങ്കിൽ അതുമതി മമ്മി മൂഢിയായിട്ടിരിയ്ക്കാൻ…”

കൃഷ്ണമോളുടെ കുറ്റപ്പെടുത്തുന്ന വാക്കുകൾ കേട്ട് ഏതോ ഭൂതകാലത്തിൽ നിന്നെന്നപ്പോലെ ഞാൻ ഞെട്ടി ഉണർന്നു. വേരുകൾ ഭൂമിയ്ക്കടിയിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു വൻ വൃക്ഷം കണക്കെ ഞാൻ അനക്കമറ്റിരുന്നു. ഇവിടെ എന്നെ പുറകോട്ടു പിടിച്ചു വലിയ്ക്കുന്ന ഏതോ ശക്തിയുടെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ജന്മാന്തരങ്ങളിലും അലയടിക്കുന്ന ആത്മബന്ധങ്ങളുടെ നേർത്ത കാറ്റ് എന്നെ വലയം ചെയ്യുന്നുണ്ടോ? കടന്നു പോയ ഏതാനും മണിക്കൂറുകൾ ഏതോ ഉഷ്ണപ്രവാഹത്തിലെന്ന പോലെ ഞാൻ ഞെളിപിരിക്കൊള്ളുകയായിരുന്നു എന്നാലിപ്പോൾ ഇവിടെ… എന്‍റെ വേരുകൾ ആഴ്ന്നിറങ്ങിയ ഈ മണ്ണിൽ കാലുകുത്തുമ്പോൾ ഉള്ളിൽ സ്നേഹ പ്രവാഹം ഒളിപ്പിച്ചു വച്ച് ജീവിച്ചിരിക്കുന്ന ഏതാനും ആത്മാക്കളുടെ സാന്നിദ്ധ്യം ഞാനറിയുന്നു. എല്ലാമെല്ലാം എന്‍റെ കാലുകളെ അങ്ങോട്ടു തന്നെ നയിക്കുന്നു.

“മിയ്ക്കവാറും അമ്മ തറവാട്ടിലുണ്ടാകും. അല്ലെങ്കിൽ നമുക്കൊന്നു ഫോൺ വിളിച്ചു നോക്കാം… എന്നിട്ടു പോകാം.” ഞാൻ ഉത്സാഹത്തോടെ പറഞ്ഞു. കൈയ്യിൽ ആയിടെ പുറത്തിറങ്ങിയ പുതിയ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. അതിലൂടെ അമ്മയുടെ ഫോണിലേയ്ക്ക് വിളിച്ചു. അപ്പുറത്തു നിന്നും അമ്മയുടെ നേർത്ത ശബ്ദം ഒഴുകിയെത്തി. ആരാ വിളിക്കുന്നത്?

“ഞാനാണമ്മേ മീര… ഞങ്ങൾ അങ്ങോട്ടു വരികയാണ്. അമ്മയെ ക്കാണാൻ. അമ്മ തറവാട്ടിൽ തന്നെ ഉണ്ടല്ലോ… അപ്പുറത്തു നിന്നും തളർന്നതെങ്കിലും ഉത്സാഹം നിറഞ്ഞ അമ്മയുടെ ശബ്ദം ഒഴുകിയെത്തി.

“മീര മോളെ…. മരിക്കും മുമ്പ് നിന്നെ ഒന്നു കാണാണമെന്നുണ്ടായിരുന്നു. വേഗം വരൂ കുട്ടീ… ഞാൻ നിന്നെ കാത്തിരിയ്ക്കുകയാണ്

“അമ്മേ… അമ്മയ്ക്കെന്തുപറ്റി?”

“എല്ലാം ഇവിടെ വന്നിട്ടു പറയാം കുട്ടീ… ആദ്യം നിന്നെയൊന്നു കാണട്ടെ ഞാൻ…” തളർന്നതെങ്കിലും അമ്മയുടെ തിടുക്കം പൂണ്ട വാക്കുകൾ കേട്ടപ്പോൾ എന്തോ പന്തികേടു തോന്നി. അമ്മ ശയ്യാവലംബിയായിത്തീർന്നുവെന്നോ?? ഒരു പക്ഷേ ഒന്നുമറിയാതെ ഞാൻ ഇത്രനാളും കുടുംബമെന്ന വൃക്ഷത്തണലിൽ കുളിർന്നു നിന്നപ്പോൾ പെറ്റവയറിനെ ഞാൻ മറക്കുകയായിരുന്നുവോ?… ഒരു പക്ഷേ എന്നെ ഒന്നുമറിയിക്കേണ്ടെന്ന് അമ്മയും കരുതിക്കാണും. മനസ്സിന്‍റെ തിടുക്കം കാലുകളുടെ വേഗം കൂട്ടി. മുന്നേ പോയ ഓട്ടോറിക്ഷ കൈകാണിച്ചു നിർത്തി അതിൽ കയറുമ്പോൾ ആരൊക്കെ പിന്നാലെയുണ്ടെന്ന് ഞാൻ നോക്കിയില്ല. എന്നാൽ നരേട്ടൻ എന്നോടൊപ്പം ഓടിയെത്തി ഓട്ടോയിൽ കയറിക്കഴിഞ്ഞിരുന്നു. പിന്നാലെ മറ്റൊരു ഓട്ടോയിൽ കൃഷ്ണമോളും, ദേവാനന്ദും കുഞ്ഞിനേയും കൊണ്ട് വരുന്നുണ്ടായിരുന്നു.

“മുല്ലശേരിയിൽ തറവാട്ടിലേയ്ക്ക്…” ഓട്ടോക്കാരന് നിർദ്ദേശം നൽകുമ്പോൾ മനസ്സ് കൂടുപേക്ഷിച്ചു പോകേണ്ടി വന്ന കുഞ്ഞിക്കിളിയുടെ വേപഥുവാൽ പിടഞ്ഞിരുന്നു. തള്ളക്കിളിയുടെ സാന്നിദ്ധ്യത്തിനായി പിടയുന്ന കുഞ്ഞിക്കിളിയുടെ മനസ്സോടെ ഞാൻ ഓട്ടോയിലിരുന്നു. ഓടുന്ന വണ്ടിയ്ക്ക് വേഗത പോരാ എന്നു തോന്നിയ നിമിഷങ്ങൾ. മനസ്സ് അമ്മയുടെ സമീപമെത്താൻ വെമ്പൽ പൂണ്ടു. ആയുസ്സിന്‍റെ കണക്കു പുസ്തകത്തിലെ അവസാന ദിനങ്ങളെണ്ണിക്കഴിയുകയായിരിക്കുമോ അമ്മ? ജന്മം നൽകിയ മക്കളെ ഒരു നോക്കു കാണുവാനുള്ള ദാഹവും വെമ്പലുമല്ലേ ആ വാക്കുകളിൽ തുടിച്ചു നിന്നത്?

വണ്ടി മുല്ലശേരി തറവാടിന്‍റെ മുറ്റത്തെത്തി നിന്നപ്പോൾ ഹൃദയം അഗാധമായി മിടിയ്ക്കുന്നുണ്ടായിരുന്നു. പൊക്കിൾക്കൊടിയുടെ ആത്മബന്ധം ഒരു ശക്തിയ്ക്കും അറുത്തു മാറ്റാനാവുന്നതല്ലല്ലോ? അതല്ലേ കൃത്യ സമയത്തു തന്നെ ഇവിടെ എത്തിച്ചേരാൻ തനിക്കു കഴിഞ്ഞത്.

(തുടരും)

പൗർണ്ണമി രാത്രി

ഗോവയിലേക്ക് നമ്മൾ എസ്കർഷൻ പോകുന്നു. എത്ര രസമായിരിക്കും അല്ലേ?” – സുനിതയുടെ വാക്കുകളിൽ സന്തോഷം തുളുമ്പിനിന്നു.

“നീ വരില്ലേ? എന്തായാലും വരണം. നമ്മുടെ മീനാക്ഷിമാഡവും കൂടെ വരുന്നുണ്ട്. അതുകൊണ്ട് പേടിക്കാനൊന്നുമില്ല”- രോഹിണി അതു കേട്ട് പുഞ്ചിരിച്ചു.

“ശരി, ഞാൻ അച്ഛനെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിക്കാം, പോരേ? എനിക്ക് ഗോവയിലെ ബീച്ച് കാണാൻ വളരെ ആഗ്രഹമുണ്ട്. അവിടെ കടൽത്തീരത്തിരുന്നു കൊണ്ട് സൂര്യാസ്തമയം കാണണം. പിന്നെ അവിടെ പുരാതനമായ ചില ചർച്ചുകളും മറ്റുമുണ്ടെന്നു കേട്ടിട്ടുണ്ട്. അവയെല്ലാം നമുക്കു കാണാം.”

മംഗലാപുരത്തെ സെന്‍റ് മേരിസ് വിമൻസ് കോളേജിലെ വിദ്യാർത്ഥിനികളാണ് സുനിതയും രോഹിണിയും. കൂട്ടുകാരോടൊപ്പം അവർ ഗോവയിലേക്ക് എസ്കർഷനു പുറപ്പെട്ടു. അദ്ധ്യാപികയായ മീനാക്ഷിയും കൂടെയുണ്ടായിരുന്നു. ബസ്സിൽ പാട്ടും ചിരിയും ബഹളവുമെല്ലാമായി ആഹ്ലാദഭരിതമായ അന്തരീക്ഷം. സുനിതയും രോഹിണിയും തങ്ങൾ ഗോവയിൽ കാണാൻ പോകുന്ന സ്‌ഥലങ്ങളെക്കുറിച്ചും ബീച്ചുകളെക്കുറിച്ചും ആവേശത്തോടെ സംസാരിച്ചു കൊണ്ടിരുന്നു.

തനിക്കറിയാമോ, അഭിഷേക് ബച്ചൻ പോലീസ് ഇൻസ്പെക്ടറായി അഭിനയിച്ച ദം മാരോ ദം എന്ന ഹിന്ദി സിനിമ മുഴുവനും ഗോവയിലാണ് ഷൂട്ട് ചെയ്തത്. എത്ര ഭംഗിയുള്ള സ്‌ഥലമാണ് ഗോവ! പക്ഷേ, ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരെക്കുറിച്ചും ഗുണ്ടകളെക്കുറിച്ചും കാണിച്ചത് കണ്ടപ്പോൾ എനിക്ക് പേടി തോന്നിയിരുന്നു” സുനിത പറഞ്ഞു.

“നമുക്കെന്താ? ഗോവയിൽ അൽപം മോഡേണായ ജീവിതം തന്നെ. അതിന് നമ്മളെന്തിന് വിഷമിക്കുന്നു? ഭംഗിയുള്ള ബീച്ചുകളും പുരാതനമായ പള്ളികളും കണ്ട് അൽപം ഷോപ്പിങ്ങും നടത്തി നമ്മൾ തിരിച്ചുവരും. അല്ലാതെന്താ?” രോഹിണി മറുപടി പറഞ്ഞു.

സന്ധ്യയായപ്പോഴേക്കും അവർ ഗോവയിലെത്തി. അന്നു രാത്രി അവിടെത്തന്നെയുള്ള ഒരു കോളേജിലെ ഹാളിൽ താമസ സൗകര്യം ചെയ്‌തിരുന്നു. അടുത്ത ദിവസം ബ്രേക്ഫാസ്റ്റിനു ശേഷം അവർ സ്‌ഥലങ്ങൾ കാണാൻ പുറപ്പെട്ടു.

ഗോവയിലെ അതിപുരാതനമായ പള്ളികളും അമ്പലങ്ങളും ജയിലും മറ്റു സ്ഥലങ്ങളും കണ്ടതിനു ശേഷം അവർ ചില ബിച്ചുകൾ സന്ദർശിച്ചു. അതിനിടയിൽ ഷോപ്പിങ്ങും നടത്തി. ഗോവ സന്ദർശനത്തിന്‍റെ ഓർമ്മയ്‌ക്കായി ശംഖു കൊണ്ടുള്ള മാലകളും മറ്റു കൗതുക വസ്‌തുക്കളും ഗോവൻ സ്ത്രീകൾ ധരിക്കുന്ന വർണ്ണശബളമായ ഫ്രോക്ക്, പാവാട, ഹാറ്റ് (തൊപ്പി) എന്നിവയും വാങ്ങി.

“ഇവിടത്തെ പ്രസിദ്ധമായ ഒരു ബീച്ചാണ് ഡോണാപൗലാ ബീച്ച്. അവിടെ നമുക്ക് വൈകുന്നേരം പോകാം.” എന്ന് ടൂറിസ്‌റ്റ് ഗൈഡ് പറഞ്ഞു.

രോഹിണിക്കു സന്തോഷമായി. വൈകുന്നേരം ബീച്ചിലിരുന്നു കൊണ്ട് സൂര്യാസ്തമയം കാണാം. തിരമാലകളോടൊപ്പം കളിക്കുകയും ചെയ്യാമല്ലോ.

“സുനീ, നമുക്ക് ഡോണാപൗലാ ബീച്ചിൽ വച്ച് കുറേ ഫോട്ടോകൾ എടുക്കണം, കോട്ടോ” അവൾ സുനിതയോടു പറഞ്ഞു.

സന്ധ്യയായതോടെ അവർ ഡോണാ പൗലാ ബീച്ചിലെത്തി. മനോഹരമായ കടൽത്തീരം. അസ്തമയ സൂര്യൻ കുങ്കുമം വാരിവിതറിയ സന്ധ്യ. തിരമാലകൾ ഓടിയെത്തി തഴുകുന്ന പാറക്കെട്ടുകൾ. കുളിർമ്മയുള്ള കടൽക്കാറ്റ്. രോഹിണിക്ക് ആ ബീച്ചിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി. അവിടെ ടൂറിസ്‌റ്റുകളുടെ നല്ല തിരക്കുണ്ടായിരുന്നു. പടികൾ കയറിച്ചെന്ന് ഏറ്റവും മുകളിലെ മണ്ഡപത്തിൽ നിന്നു കൊണ്ട് അവർ ബീച്ചിന്‍റെ ഭംഗിയാസ്വദിച്ചു. കടൽത്തീരത്ത് ഒരു പുരുഷന്‍റെയും ഒരു സ്ത്രീയുടെയും പ്രതിമകൾ ഉണ്ടാക്കി വച്ചത് അവരുടെ ശ്രദ്ധയാകർഷിച്ചു. പക്ഷേ, രണ്ടു പ്രതിമകളും വിപരീത ദിശയിലാണ് സ്‌ഥാപിച്ചിരിക്കുന്നത്.

“ഈ ബീച്ചിന് ഡോണാപൗലാ ബീച്ച് എന്നു പേരുവരാൻ കാരണം പണ്ടിവിടെ താമസിച്ചിരുന്ന ഡോണാപൗലാ എന്ന പെൺകുട്ടിയാണ്. അവൾക്കിഷ്‌ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചു കൊടുക്കാൻ വീട്ടുകാർ സമ്മതിക്കാതിരുന്നതുകൊണ്ട് ഈ പാറക്കെട്ടിനു മുകളിൽ നിന്ന് കടലിലേക്കു ചാടി അവൾ ആത്മഹത്യ ചെയ്‌തു. ഇന്ന് നിലാവുള്ള രാത്രിയാണല്ലോ. പൗർണ്ണമി രാത്രികളിൽ ഡോണയുടെ പ്രേതത്തിനെ കാണാനാണ് ഇന്നിത്രയും ജനങ്ങൾ ഈ ബീച്ചിൽ വന്നിരിക്കുന്നത്. എത്ര പേർ ഡോണയുടെ പ്രേതത്തിനെ കണ്ടിട്ടുണ്ട് എന്നു പറയാൻ കഴിയില്ല. പക്ഷേ, ഗോവക്കാരുടെ വിശ്വാസം അവൾ തീർച്ചയായും വരുമെന്നാണ്” രോഹിണി ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു. ടൂറിസ്‌റ്റ് ഗൈഡിന്‍റെ വാക്കുകൾ അവളിൽ കൗതുകമുണർത്തി.

“എനിക്കു പേടിയാവുന്നു രോഹിണീ, ശരിക്കും പ്രേതം വന്നാലോ? നമ്മളെന്തു ചെയ്യും?” സുനിത അവളുടെ കൈയിൽ മുറുക്കെപ്പിടിച്ചു.

എന്തിനാ സുനീ പേടിക്കുന്നത്? ശരിക്കും ഡോണ പ്രേതമായി വരുന്നുണ്ടെങ്കിൽത്തന്നെ അവൾ നമ്മളെയൊന്നും ചെയ്യില്ല. അവളും നമ്മളെപ്പോലെ ഒരു പെൺകുട്ടിയായിരുന്നില്ലേ? രോഹിണി സുനിതയുടെ ചെവിയിൽ മന്ത്രിച്ചു.

കുറേനേരം ബീച്ചിൽ കഴിച്ചു കൂട്ടിയശേഷം ടൂറിസ്‌റ്റുകൾ മടങ്ങിപ്പോകാൻ തുടങ്ങി.

“കുട്ടികളേ, നമുക്കു പോകാം. നിങ്ങൾ ഇത്തരം നുണക്കഥകൾ കേട്ടു വിശ്വസിക്കേണ്ട. പ്രേതമൊന്നും വരാൻ പോകുന്നില്ല” അദ്ധ്യാപികയുടെ വാക്കുകളനുസരിച്ച് വിദ്യാർത്ഥിനികൾ തിരിച്ചു പോവാനൊരുങ്ങി.

വത്സലയോടു സംസാരിച്ചു കൊണ്ട് സുനിത മുമ്പിൽ നടന്നപ്പോൾ രോഹിണി അൽപം പുറകിലായി. ഗോവയോടു വിടപറയും മുൻപേ സുന്ദരമായ ഈ ഡോണാപൗലാ ബീച്ച് ഒന്നുകൂടി കാണണമെന്ന് അവൾക്കു തോന്നി. വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ അവള്‍ ആശ്ചര്യചകിതയായി നിന്നു പോയി.

നിലാവിന്‍റെ വെള്ളപ്പട്ടണിഞ്ഞ ശരത്കാലരാത്രി. തിരകളിൽ വെള്ളിക്കൊലുസ്സുകളണിയിക്കുന്ന പൂനിലാവ്. ദൂരെ കടലിലെ തിരമാലകളിൽ നിന്ന് ഉയർന്നു വരുന്ന ഒരു സ്ത്രീരൂപം! അതീവ സുന്ദരിയായ ആ സ്ത്രീരൂപം ഭംഗിയുള്ള ഒരു മുത്തു മാലയണിഞ്ഞിരുന്നു. കുളിർകാറ്റ് ഓടിയെത്തി തഴുകിയപ്പോൾ ആ മാസ്മരദൃശ്യത്തിൽ സ്വയം മറന്നു കൊണ്ട് രോഹിണി നിന്നു. അത്… ഡോണയുടെ ആത്മാവല്ലേ…? അവൾ ഭയവും ഉത്ക്കണഠയും കൊണ്ട് വിയർത്തു കുളിച്ചു. തന്നെ മാടിവിളിക്കുന്ന ആ സ്ത്രീ രൂപം കടൽക്കരയോട് അടുത്തെത്തുന്നത് അവൾ നോക്കി നിന്നു. വശ്യതയുള്ള ആ പുഞ്ചിരിയുടെ മാന്ത്രികമായ ആകർഷണവലയത്തിൽപ്പെട്ട് അവൾ കടൽത്തീരത്തെ കൊച്ചു തിരമാലകളിലേക്കിറങ്ങിച്ചെന്നു.

“രോഹിണി, നിനക്കെന്നെ മനസ്സിലായി അല്ലേ? ഇത് ഞാൻ തന്നെയാണ്, ഡോണ!” അവളുടെ അടുത്തെത്തിയ ആ സ്ത്രീരൂപം പറഞ്ഞു. ഒരു സ്വപ്നാടകയെപ്പോലെ, അജ്ഞാതമായ ഏതോ പ്രേരണയ്‌ക്കു വശം വദയായി ഡോണയുടെ ആത്മാവിന്‍റെ കൈപിടിച്ചു കൊണ്ട് അവൾ പാറക്കെട്ടിലിരുന്നു.

“ഡോണാപൗലാ ഡി മെനിസെസ് എന്നാണെന്‍റെ യഥാർത്ഥ പേര്. എന്‍റെ അച്ഛൻ പണ്ട് ഇവിടത്തെ വൈസ്രോയി ആയിരുന്നു. ഞങ്ങൾ പോർച്ചുഗീസ്സുകാരാണ്. എനിക്കൊരു യുവാവിനോടു പ്രേമം തോന്നി, ഗോവക്കാരനായ ഗാസ്പർ ഡയസ്സ് എന്ന മുക്കുവൻ! ഞങ്ങളുടെ പ്രേമ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ എന്‍റെ അച്ഛൻ ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു. ഞങ്ങളെ ഒരിക്കലും വിവാഹിതരാവാൻ സമ്മതിക്കില്ല എന്നു തീർത്തു പറഞ്ഞു. എന്‍റെ കാമുകനായ ഗാസ്പറിനെ മറക്കാൻ എനിക്കും കഴിയുമായിരുന്നില്ല. അഗാധമായ ദു:ഖവും നിസ്സഹായതയും നിരാശയും കൊണ്ടു വിവശയായ ഞാൻ ആ കാണുന്ന കൂർത്ത പാറക്കെട്ടിനു മുകളിൽക്കയറി താഴെ കടലിലേക്കു ചാടി ആത്മഹത്യ ചെയ്‌തു.

എന്‍റെ ശവശരീരം കടൽത്തീരത്തടിഞ്ഞപ്പോഴാണ് എന്‍റെ അച്ഛനമ്മമാർ തകർന്നു പോയത് ഇവിടെ രാജ്ഭവനിലെ കാബോ ചാപ്പൽ എന്ന പള്ളിയിൽ അവരെന്‍റെ മൃതശരീരം അടക്കം ചെയ്‌തു. പക്ഷേ, രോഹിണീ, എനിക്ക് ഈ കടൽത്തീരം ഒരിക്കലും വിട്ടുപോകാനാവില്ല. ഞാനും എന്‍റെ ഗാസ്പറും കൈകോർത്തുപിടിച്ചു നടന്നിരുന്ന ഈ കടൽത്തീരം. ഇവിടെവച്ചാണ് നിലാവുള്ള രാത്രികളിൽ എന്നെ വാരിപ്പുണർന്നുകൊണ്ട് എന്‍റെ കാമുകൻ പ്രേമം നിറഞ്ഞ മധുരവചനങ്ങള്‍ എന്‍റെ കാതിൽ മന്ത്രിക്കാറുണ്ടായിരുന്നത്. ഈ തിരമാലകൾക്കും കടലിനും പൂർണ്ണ ചന്ദ്രനും എന്തിനേറെ ഓരോ മണൽത്തരികൾക്കും ഞങ്ങളുടെ പ്രേമകഥ അറിയാം. ഒരിക്കലും വേർപിരിയാനാവാത്തവിധം സ്നേഹിച്ചു പോയ ഞങ്ങൾ, ഇനിയൊരിക്കലും ഒന്നാവാൻ കഴിയില്ലെന്നു മനസ്സിലായപ്പോൾ ഞാനെന്‍റെ ജീവിതം അവസാനിപ്പിച്ചു. പാവം ഗാസ്പറാണെങ്കിൽ ഏതോ മാനസികരോഗാശുപത്രിയിലാണ്. കമിതാക്കളെ ഒന്നു ചേരാനൊരിക്കലും ഈ ലോകം അനുവദിക്കാത്തതെന്താണ്?” ഡോണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“പക്ഷേ, രോഹിണീ, നിനക്കറിയുമോ ഈ ബീച്ച് കമിതാക്കളുടെ സ്വർഗ്ഗം എന്നാണ് അറിയപ്പെടുന്നത്. ഞങ്ങളുടെ പ്രേമബന്ധം ഇന്നും അനശ്വരമാണ്. പരസ്പരം ഹൃദയം പങ്കുവയ്‌ക്കുന്ന, പ്രേമബന്ധരായ ഒട്ടേറെ കാമുകീകാമുകന്മാരിലൂടെ ഞങ്ങളിന്നും ജീവിക്കുന്നു. നിലാവൊഴുകുന്ന മാദകരജനികളിൽ ഞാനിങ്ങനെ കടൽത്തീരത്തു വന്നിരിക്കും. വിരഹദു:ഖം കണ്ണുകളെ അശ്രുപൂർണ്ണമാക്കുമ്പോൾ ഞാനെന്‍റെ കാമുകനെക്കുറിച്ചോർക്കും” ഡോണയുടെ തേങ്ങൽ വിജനമായ ആ കടൽത്തീരത്തു മാറ്റൊലികൾ സൃഷ്ടിച്ചു.

“രോഹിണി, നിന്നെ ഞാനെന്‍റെ കൂട്ടുകാരിയായി കരുതുന്നു. എന്നെ മറക്കരുതേ! ഞാൻ പോവുകയാണ്. വീണ്ടും കാണാം!” എന്നു പറഞ്ഞു കൊണ്ട് ഡോണയുടെ ആത്മാവ് മറഞ്ഞു പോയി.

“അയ്യേ മാഡം, രോഹിണിയെവിടെ? അവളെ കാണുന്നില്ലല്ലോ. എന്‍റെ പുറകിൽ നടന്നു വന്നതായിരുന്നു. ഈശ്വരാ, അവൾക്കെന്തുപറ്റി?” – റോഡിലെത്തിയപ്പോൾ തിരിഞ്ഞു നോക്കി സുനിത അമ്പരന്നു കൊണ്ട് ഉറക്കെപ്പറഞ്ഞു. അതുകേട്ട് എല്ലാവരും രോഹിണിയെ തിരയാൻ തുടങ്ങി.

“മാഡം, അവളെവിടെയായിരിക്കും? ഈശ്വരാ, അവളെ രക്ഷിക്കണേ! നമുക്ക് ബീച്ചിലേക്കു തന്നെ തിരിച്ചു പോകാം. ബീച്ച് ഇഷ്ടമാണെന്നു പറഞ്ഞ് അവൾ അവിടെത്തന്നെയിരുന്നിട്ടുണ്ടാവും. പക്ഷേ, രാത്രിയിൽ ഒറ്റയ്‌ക്കു പേടിയാവില്ലേ അളൾക്ക്?” പരിഭ്രമത്തോടെ സുനിത പറഞ്ഞു കൊണ്ടിരുന്നു.

“എന്നാലും നിങ്ങളിത്ര അശ്രദ്ധ കാണിച്ചാലോ? പെൺകുട്ടികളല്ലേ നിങ്ങൾ? എന്തെങ്കിലും അപകടം സംഭവിച്ചാൽ മാതാപിതാക്കളോട് ഞാനെന്താണ് ഉത്തരം പറയുക?” എന്ന് അദ്ധ്യാപികയുടെ ശാസനയും കൂടിയായപ്പോൾ സുനിതയ്‌ക്ക് ഉത്ക്കണ്ഠയും പരിഭ്രമവും കൂടുതലായി.

എല്ലാവരും കടൽത്തീരത്തു മടങ്ങിയെത്തിയപ്പോൾ അവിടെ മണലിൽ ഉറങ്ങിക്കിടക്കുന്ന രോഹിണിയെ കണ്ടെത്തി. അവളെ വിളിച്ചുണർത്തിയപ്പോൾ “ഡോണയെവിടെ? എന്‍റെ കൂട്ടുകാരി ഡോണ” എന്നു പറഞ്ഞു കൊണ്ട് ചുറ്റും നോക്കി.

“എന്തുപറ്റി നിനക്ക് രോഹിണി? നീ ഇവിടെയിങ്ങനെ ഒറ്റയ്ക്കായതെങ്ങനെയാ നിന്നെക്കാണാതെ ഞങ്ങളെല്ലാം എത്ര വിഷമിച്ചുവെന്നറിയുമോ?” മീനാക്ഷി പറഞ്ഞു.

“എന്നാലും രോഹിണീ, നീയെന്‍റെ പുറകിൽത്തന്നെയുണ്ടെന്നു കരുതി ഞാൻ നടന്നിട്ടിപ്പോൾ നീ… എനിക്കലോചിക്കാനേ വയ്യ! എന്തായാലും നിനക്കൊന്നും പറ്റിയില്ലല്ലോ.” സുനിത കണ്ണീരോടെ പറഞ്ഞു.

“ഡോണ കൂടെയുള്ളപ്പോൾ എനിക്ക് എന്തപകടം പറ്റാനാണ്?” രോഹിണി പറഞ്ഞു.

“സാരമില്ല കുട്ടികളേ, ഇത് ആ ടൂറിസ്‌റ്റു ഗൈഡു പറഞ്ഞ കഥ കേട്ടപ്പോൾ രോഹിണിക്കുണ്ടായ ഒരു മതിഭ്രമമായിരിക്കാം. ഡോണയുടെ ആത്മാവിനെ കണ്ടു, സംസാരിച്ചു എന്നെല്ലാം അവൾക്ക് വെറുതെ തോന്നുന്നതാണ്. ഒന്നുറങ്ങിയെഴുന്നേറ്റാൽ മാറാവുന്നതേയുള്ളൂ എല്ലാം എന്നു പറഞ്ഞു കൊണ്ട് അദ്ധ്യാപിക എല്ലാവരേയും കൂട്ടി നടന്നു. അതു വിശ്വസിച്ചു കൊണ്ട് സുനിതയുടെ കൈപിടിച്ചു നടന്നു നീങ്ങുമ്പോൾ ശ്രുതിമധുരമായ ഏതോ ഗാനത്തിന്‍റെ ഈരടികൾ കേട്ട് രോഹിണി തിരിഞ്ഞു നോക്കി.

ദൂരെ തിരമാലകൾക്കു മുകളിൽ ഒഴുകി നീങ്ങുന്ന ഡോണയുടെ ആത്മാവ് അവളെ നോക്കി പുഞ്ചിരിച്ചു. “കുട്ടീ, നീ വീട്ടിലേക്കു മടങ്ങി ചെല്ലൂ. നിന്‍റെ കൂട്ടുകാരി ഡോണയല്ലേ പറയുന്നത്. ഞാൻ നിന്നോടൊപ്പമുണ്ടാവും, എന്നും!” കാറ്റിലൊഴുകിവന്ന മൃദുവായ ശബ്ദം. രോഹിണി പുഞ്ചിരിച്ചുകൊണ്ടു നടന്നു.

അവൾക്കറിയാമായിരുന്നു ഡോണയുടെ ആത്മാവ് എന്നും അവളോടെപ്പമുണ്ടാവുമെന്ന്. ഒരു പ്രേമ ഗാനമായി… വിഷാദം കലർന്ന ഒരോർമ്മയായി… വീണ്ടും കേൾക്കാനിഷ്ടപ്പെടുന്ന ഒരു പ്രണയകഥയായി.

ഡോണ എന്നു തന്നോടൊപ്പം ഉണ്ടെന്നു രോഹിണി വിശ്വസിച്ചു. പൗർണ്ണമി രാത്രികളിൽ തിരമാലകളിലൂടെ ഒഴുകിയെത്തുന്ന ഡോണയുടെ രൂപം കാണാൻ കഴിഞ്ഞ മറ്റു കമിതാക്കളെപ്പോലെ അവളും ഡോണയുടെ ആത്മാവാണത് എന്നുറച്ചു വിശ്വസിച്ചു.

പ്രേമിക്കുന്ന യുവമിഥുനങ്ങളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഡോണാപൗലാ ബീച്ചിന് ഒരു അഭൗമ സൗന്ദര്യമുണ്ടായിരുന്നു ആ രാത്രിയിൽ…. ഡോണയുടെ ആത്മാവ് പാടുന്ന പ്രേമഗാനത്തിന്‍റെ വീചികൾ കാറ്റിലൊഴുകിയെത്തുന്ന ആ രാത്രി… പൂനിലാപ്പാലൊഴുകുന്ന സുന്ദരിയായ മറ്റൊരു പൗർണ്ണമി രാത്രി!

ശർമ്മാജിയുടെ പെറ്റ് ഷോപ്പ്

റിട്ടയർമെന്‍റ് കഴിഞ്ഞ് വീട്ടിലിരിപ്പ് തുടങ്ങി കുറച്ച് ദിവസമായതേയുള്ളൂ വീട്ടുകാരുടെ മുറുമുറുപ്പ് കേട്ടു തുടങ്ങി. ദിവസം ചെല്ലുന്തോറും മുറുമുറുപ്പ് കൂടി തുടങ്ങിയതോടെ മന:സ്വസ്ഥത കിട്ടാനും വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ അവസാനിപ്പിക്കാനുമായി ശർമ്മാജി പുതിയൊരാശയത്തെപ്പറ്റി ആലോചിച്ചു.

പെൻഷൻ പറ്റിയതോടെ വരുമാനം പകുതിയായി. ബാങ്കിൽ എത്ര നിക്ഷേപവും സ്വത്തുമുണ്ടെങ്കിലും വരുമാനം കുറയുന്നതോടെ അതൊന്നും ഒന്നും അല്ലാത്തതായേ വീട്ടുകാർക്കു തോന്നൂ. അതുവരെ രുചികരമായി ഭക്ഷണം കഴിച്ചിരുന്നയാൾ പെൻഷൻ പറ്റുന്നതോടെ കഴിക്കുന്ന ഭക്ഷണം പോലും സ്വാദിഷ്ഠമായി തോന്നുകയില്ല. മാത്രമല്ല വീട്ടിലെ ഒരു കാര്യത്തിലും പെൻഷൻ പറ്റിയയാൾക്ക് വിലയുണ്ടാവില്ല.

എപ്പോഴും പരാതിഭാവം അണിഞ്ഞ ഭാര്യ അരിശത്തോടെ നീട്ടുന്ന കോൾഡ് ചായയോ കോൾഡ് കോഫിയോ കുടിക്കാനാവും ഹതഭാഗ്യനായ ശർമ്മാജിയെപ്പോലെ റിട്ടയേഡ് ഓഫീസർമാരുടെ വിധി. എന്നാലും എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ അയാൾ നിരന്തരം ചിന്താമഗ്നനായി. ചുറ്റുപാടും നിരീക്ഷിച്ച് ഒരു ബിസിനസ് സർവ്വേ നടത്തി. അതിനെക്കുറിച്ച് ദിവസങ്ങളോളം ആഴത്തിലുള്ള പഠനവും നടത്തി. ഒടുക്കം ശർമ്മാജി ഏറ്റവും നിർണ്ണായകമായ ഒരു കാര്യം കണ്ടെത്തി.

കോളനിയിൽ മനുഷ്യരേക്കാളും നായകളുടെ എണ്ണം പെരുകിയിരിക്കുന്നു. പക്ഷേ അവർക്കായി ഒരു കടയില്ല. അവർക്ക് സ്വന്തമിഷ്‌ടമനുസരിച്ചുള്ള സാധനങ്ങൾ യജമാനനെ കൊണ്ട് വാങ്ങിപ്പിക്കാൻ പറ്റുന്ന ഒരു കട. ഈ സാഹചര്യത്തിൽ നായകൾക്കായി ഒരു ജനറൽ സ്റ്റോർ തുടങ്ങുകയാണെങ്കിൽ കോളനി നിവാസികൾക്ക് നായകൾക്കായുള്ള സാധന സാമഗ്രികൾ വാങ്ങാൻ ദൂരെയുള്ള മാർക്കറ്റിൽ അലഞ്ഞ് തിരിയേണ്ടി വരികയില്ല. അങ്ങനെയായാൽ വളരെയെളുപ്പത്തിൽ നായകളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുകയും ചെയ്യും. കാര്യം സിമ്പിൾ!

ശർമ്മാജി തന്‍റെ പ്രൊജക്‌റ്റ് വർക്ക് പൂർത്തിയാക്കും മുമ്പേ കോളനിയിലുള്ള നാല് നായകളുടെ ഇഷ്‌ടാനിഷ്ടങ്ങളെക്കുറിച്ചറിയാൻ അവരുടെ അഭിമുഖമെടുത്തു. വിശദാംശങ്ങളെക്കുറിച്ച് ഗഹനമായ പഠനം നടത്തിയപ്പോൾ ശർമ്മാജിയ്ക്ക് ഒരു കാര്യം ഉറപ്പായി. മനുഷ്യർക്കു വേണ്ടിയുള്ള കടയേക്കാളിലും നായകൾക്കു വേണ്ടിയുള്ള ഒരു ജനറൽ സ്റ്റോറാണ് കോളനിയിൽ ഏറ്റവും ആവശ്യം! അതോടെ ശർമ്മാജി ഒരു ഉറച്ച തീരുമാനമെടുത്തു. നായകൾക്കുള്ള ഒരു സ്റ്റോർ തുറന്നിട്ടേയുള്ളൂ ഇനി കാര്യം. മനുഷ്യരെന്ത് വിചാരിച്ചാലും ഒരു കുഴപ്പവുമില്ല.

സ്വന്തം പ്രൊജക്‌റ്റിന് ഫൈനൽ അപ്രൂവലിനായി ശർമ്മാജി ഇന്നലെ രാവിലെ എന്‍റെ വീട്ടിൽ വരികയും ചെയ്തു. ഞാനെന്‍റെ സ്വദേശി നായയുടെ രോമങ്ങൾ ചീകിയൊതുക്കി കൊണ്ടിരിക്കുമ്പോഴായിരുന്നു ശർമ്മാജിയുടെ വിസിറ്റ്. സ്വദേശി നായ പ്രസ്ഥാനത്തിന്‍റെ വക്താവല്ലെങ്കിലും എല്ലാ നായകളേയും ഞാൻ ഒരേ പോലെയാണ് കണ്ടിരുന്നത്. മനുഷ്യരെ നമുക്ക് വിദേശി – സ്വദേശിയെന്നൊക്കെ വേർതിരിക്കാമെങ്കിലും നായകളെ ഞാൻ ഒരുപോലെയാണ് കണ്ടിരുന്നത്. വിദേശിയാണെങ്കിലും സ്വദേശിയാണെങ്കിലും അവയ്ക്ക് എന്തായാലും ഒരു വാലുണ്ടായിരിക്കുമെന്ന് ഉറപ്പാണ്. വാലിലൂടെയാണ് കുറേ കാര്യങ്ങൾ അവ മനസ്സിലാക്കിയിരുന്നതു തന്നെ. മാത്രവുമല്ല മനുഷ്യർ കുരയ്ക്കാനും കടിക്കാനും തുടങ്ങിയതോടെ നായകൾ വളരെ മാന്യതയുള്ളവരായി തോന്നിത്തുടങ്ങി.

“ങ്ഹാ വരൂ ശർമ്മാജി, എന്തുണ്ട് വിശേഷം? റിട്ടയർമെന്‍റ് ലൈഫ് എങ്ങനെയുണ്ട്?” നായയുടെ രോമങ്ങൾ ചീകിയൊതുക്കിയ ശേഷം ചീർപ്പു കൊണ്ട് സ്വന്തം മുടിയൊതുക്കുന്നത് ശ്രദ്ധിച്ചു നിന്ന നായയുടെ മുഖഭാവം കാണേണ്ടതു തന്നെയായിരുന്നു അപ്പോൾ. ആ നോട്ടം കണ്ടാൽ അവനാണ് എന്‍റെ യജമാനൻ എന്നു തോന്നി പോകും.

നായകളോടുള്ള എന്‍റെ മന:ശാസ്‌ത്രപരമായ അടുപ്പവും സ്നേഹവും കണ്ടതോടെ ശർമ്മാജി പിന്നെയൊന്നും ആലോചിക്കാതെ നായയുടെ കാലിൽ സ്പർശിച്ചു കൊണ്ട് തന്‍റെ തീരുമാനമറിയിച്ചു. “ഇപ്പോൾ എനിക്ക് കൃത്യമായ ഉത്തരം കിട്ടിയിരിക്കുന്നു.”

യഥാർത്ഥത്തിൽ ആ സമയത്ത് എനിക്ക് എന്‍റെ നായകൾക്കൊപ്പം കറങ്ങാൻ പോകേണ്ടിയിരുന്നു. എന്താണെന്ന് അറിയില്ല. കഴിഞ്ഞ കുറേ മാസങ്ങളായി ഞാനെന്‍റെ സ്വന്തം ആരോഗ്യത്തേക്കാളും അവറ്റകളുടെ ഫിറ്റ്നസിനെക്കുറിച്ചാണ് അധികവും ചിന്തിച്ചിരുന്നത്. എനിക്കൊരു പനി വന്നാലോ അതുമല്ലെങ്കിൽ വയറിന് എന്തെങ്കിലും സൂക്കേട് ഉണ്ടായാലോ ഒന്നും എന്നെ അലട്ടിയിരുന്നില്ല. എന്‍റെ പ്രശ്നവും സ്വമേധയാ ശരിയായിക്കോളും. തന്‍റെ കാര്യത്തേക്കാൾ സ്വന്തം നായയുടെ പരിചരണ കാര്യങ്ങളിൽ പ്രാധാന്യം നൽകുന്നവനാണ് യഥാർത്ഥ യജമാനൻ.

“എന്ത് ഉത്തരമാ ശർമ്മാജി?” അമ്പരപ്പോടെയായിരുന്നു എന്‍റെ ചോദ്യം. ഇന്നലെ വരെ വളർത്തു നായകളെ നോക്കി ചീത്ത വിളിച്ചിരുന്ന മനുഷ്യനാ? ശർമ്മാജിയ്ക്ക് നായകളോട് ഇത്രയധികം സ്നേഹവും മമതയും തോന്നി തുടങ്ങാൻ എന്തുണ്ടായി? ഈ മന:മാറ്റത്തിന് കാരണമെന്താ?

“നിങ്ങളെപ്പോലെ 4 പട്ടി പ്രേമികളെ കൂടി കിട്ടിയാൽ മതി എന്‍റെ പെറ്റ് ഷോപ്പ് ഒരു കലക്ക് കലക്കും.” അതാ ഞാൻ ഉദ്ദേശിച്ചതെന്ന് പുഞ്ചിരിയോടെ പ്രതിവചിച്ച ശേഷം ഒരു നിമിഷം നിന്നിട്ട് അദ്ദേഹം അവിടെ നിന്നും വേഗത്തിൽ നടന്നു. കുറച്ച് ദിവസങ്ങൾക്കു ശേഷം ശർമ്മാജിയുടെ വീടിനോട് ചേർന്നുള്ള റോഡരികിലുള്ള മുറിയുടെ മുകളിൽ ഒരു സൈൻ ബോർഡ് തലപൊക്കി നില്ക്കുന്നത് ഞാൻ ദൂരെ നിന്നെ കണ്ടൂ.

“ശർമ്മ എക്സ്ക്ലുസീവ് ഷോപ്പ്” ഒരു നിമിഷം ആ ബോർഡ് കണ്ട് ഞാൻ പകച്ചു പോയി. എത്ര മനോഹരമായാണ് സൈൻ ബോർഡ് തയ്യാറാക്കിയിരിക്കുന്നത്. ദൂരെ നിന്നേ നയന സുഖം പകരുന്ന മനോഹരങ്ങളായ അക്ഷരങ്ങൾ ഒറ്റനോട്ടത്തിൽ ബോർഡ് ആരും വായിച്ചു പോകും.

മനുഷ്യർക്ക് ആവശ്യമുള്ളതെന്തും കിട്ടുന്ന കടകളുള്ള കോളനിയിൽ നായകൾക്ക് മാത്രമായുള്ള എക്സ്ക്ലുസീവ് ഷോപ്പോ? മനുഷ്യരേക്കാൾ നായകൾക്ക് സമൂഹത്തിൽ സ്‌ഥാനമാനമുണ്ടായത് എന്നു മുതലാണ്? അങ്ങനെയിരിക്കെ എന്‍റെ നായ എന്‍റെ മനസ്സിൽ നടക്കുന്ന സങ്കീർണ്ണ ചിന്തകളെക്കുറിച്ച് മണത്തറിഞ്ഞു. സംഗതി മനസ്സിലായെന്ന മട്ടിൽ അവൻ എന്നെ തുറിച്ച് നോക്കിയതോടെ ഞാനെന്‍റെ ചിന്തകൾക്ക് ബ്രേക്കിട്ടു.

ഇപ്പോൾ ആ സൈൻ ബോർഡ് നോക്കിക്കൊണ്ട് മനസ്സിൽ പുഞ്ചിരിച്ച് നിൽക്കെ വെൽ ഡ്രസ്സ്ഡായ ശർമ്മാജി എന്നെ കണ്ട് പുറത്തു വന്നു. ഇത്രയും നല്ല വസ്ത്രം അണിഞ്ഞ് നന്നായി മുടി ചീകിയ ശർമ്മാജി? അയാളുടെ വിവാഹ ദിനത്തിൽ പോലും ഇത്രയും ഒരുങ്ങി നിന്നിട്ടുണ്ടാവില്ല. എന്നെ കണ്ടയുടനെ ഒരു ബിസിനസ്സ്മാൻ എന്ന മട്ടിൽ ശർമ്മാജി കാര്യമായി തന്നെ സ്വീകരിച്ചു.

“വർമ്മാജി, എങ്ങനെയുണ്ട് എന്‍റെ ഇന്നോവേറ്റീവ് ഐഡിയ?”

“എന്നു വച്ചാൽ?”

“വളരെയധികം പഠിച്ച ശേഷമാണ് ഞാൻ ഇത്ര തീരുമാനത്തിലെത്തിയത്. ഈ കോളനിയിൽ എല്ലാമുണ്ട്. പക്ഷേ നായകൾക്കായി ഒരു എക്സ്ക്ലുസീവ് പെറ്റ് ഷോപ്പ് മാത്രമില്ല. മനുഷ്യർക്കുള്ള കടയിൽ നിന്നും നായകൾക്കായുള്ള വസ്‌തുക്കൾ വാങ്ങുമ്പോൾ നായകൾ ലജ്ജിച്ച് നിൽക്കുന്നത് ഞാൻ പലവട്ടം ശ്രദ്ധിച്ചിട്ടുണ്ട്. അത് മാത്രമല്ല മനുഷ്യർക്കുള്ള കടയിൽ അവയ്ക്ക് വരാൻ തന്നെ മടിയാണ്. അവയ്ക്ക് സ്വന്തമിഷ്ടമനുസരിച്ചുള്ള സാധനങ്ങൾ വാങ്ങാൻ പറ്റുമോ? അപ്പോഴാണ് എനിക്ക് ഈ ഐഡിയ തോന്നിയത്. അങ്ങനെ നായകൾക്കൊരു സേവനവുമാകും. എനിക്ക് നാല് കാശും കിട്ടും.”

“എന്നു വച്ചാൽ … മാമ്പഴത്തിനല്ല പകരം അതിന്‍റെ മാങ്ങയണ്ടിയുടെ വിലയെടുക്കുമെന്നല്ലേ? എന്‍റെ മനസ്സിൽ വന്ന ചോദ്യം പുറത്തുപാടി.

“അങ്ങനെയും വിചാരിക്കാം. എന്‍റെ ഷോപ്പിന്‍റെ ഉദ്ഘാടനം താങ്കളുടെ നായകളെ വച്ച് ചെയ്യിക്കണമെന്നാണ് ഞാൻ വിചാരിക്കുന്നത്.”

“ഉദ്ഘാടന വേളയിൽ ആരൊക്കെയാണ് വരുന്നത്? ഏറെ ജിജ്‌ഞാസയോടെ ഞാൻ ചോദിച്ചു.” നായകളെ വളർത്തുന്നവർ നാളെ സ്വന്തം നായകളുമായി ഇവിടെ സന്നിഹിതരാകും. സ്നാക്ക്സും ഉണ്ട്.”

“ആർക്കു വേണ്ടിയാ? നായകൾക്കോ അതോ…”

“അല്ല… രണ്ടുപേർക്കും.”

“പക്ഷേ ഈ കടയുടെ ഉദ്ഘാടനം ഏതെങ്കിലും വിദേശി നായയെ വളർത്തുന്നവരെ കൊണ്ട് ചെയ്യിക്കുന്നതായിരിക്കും നല്ലതെന്നാ എന്‍റെ അഭിപ്രായം… അവർ ഇക്കാര്യത്തിൽ കൂടുതൽ താൽപര്യം കാട്ടുന്നവരായിരിക്കുമല്ലോ. അതുകൊണ്ട്…”

“അവരെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നത് നല്ലതാണ്. അവർ ഇക്കാര്യത്തിൽ വളരെ താൽപര്യവും കാട്ടും. എനിക്ക് അവരുടെ വമ്പ് ഒന്നും കാണാൻ കഴിയില്ല. പക്ഷേ ഞാൻ ലോകാ സമസ്താ സുഖിനോ ഭവന്തു: എന്ന ആപ്ത വാക്യത്തിൽ വിശ്വസിക്കുന്നയാളാണ്. അതിനൊന്നും ഇക്കാലത്ത് പ്രസക്തിയില്ലെങ്കിലും ലോകത്തെ മുഴുവൻ ആളുകളും ഒരുപോലെ ആകാം അല്ലാതെയിരിക്കാം. ലോകത്തെ നായകളെല്ലാം ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. എല്ലാ നായകളും ഒരുപോലുള്ളവരാണ്. മാത്രവുമല്ല നമുക്ക് ചുറ്റും ഉള്ളത് അധികവും നാടൻ ജനുസ്സിൽപ്പെട്ട നായകളാണ്. അതു കൊണ്ടാ ഞാൻ…” ഒരു ബിസിനസ്സ് സ്‌ഥാപനം തുടങ്ങും മുമ്പേ തന്നെ ബിസിനസ്സിന്‍റെ ഉള്ളുക്കള്ളികളെപ്പറ്റി ശർമ്മാജി നന്നായി പഠിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന കാര്യം എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു. നായകൾക്കുള്ള ഉൽപന്നങ്ങൾ വിറ്റ് ആള് കേമനായ ഒരു കച്ചവടക്കാരനാകും.

“ശർമ്മാജി, പെറ്റ്ഷോപ്പിൽ എന്തെല്ലാം പ്രൊഡക്റ്റുകളാണ് വയ്‌ക്കുക?” ശർമ്മാജിയുടെ പുതിയ ബിസിനസ്സ് സംരഭത്തിൽ വലിയ സന്തോഷമുണ്ടെന്ന് കാണിക്കാൻ വേണ്ടി ഞാൻ വെറുതെയൊരു ചോദ്യം തൊടുത്തു.

“നായകൾക്ക് വേണ്ടിയുള്ള അത്യാവശ്യ സാധനങ്ങൾ ഉണ്ടാകും. നായകൾക്ക് വേണ്ടിയുള്ള മൊട്ടു സൂചി മുതൽ ബെഡ് വരെയുള്ള സർവ്വ സാധനങ്ങളും കിട്ടും. ക്വാളിറ്റി കാര്യത്തിൽ ഒരു വിട്ടു വീഴ്ചയുമുണ്ടാവില്ല. എന്‍റെ കടയിൽ മനുഷ്യരുടെ ഉൽപന്നങ്ങളെക്കാൾ മികച്ച ക്വാളിറ്റിയുള്ള പെറ്റ് ഉൽപന്നങ്ങൾ ഉണ്ടാകും. മിണ്ടാപ്രാണികളെ ആർക്കും പറ്റിക്കാനാവില്ല. പാവം മിണ്ടാപ്രാണികളെ എത്ര വേഗമാ പറ്റിക്കാനാവുക. നായകൾക്കുള്ള വസ്‌ത്രങ്ങൾ, സോപ്പ്, ഷാംപൂ തുടങ്ങി അവർക്കുള്ള ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ വരെയെന്തും വളരെ കുറഞ്ഞ ലാഭത്തിൽ വിൽക്കുന്ന ഒരു പെറ്റ് ഷോപ്പായിരിക്കും ഇത്. റിട്ടയർമെന്‍റിനു ശേഷം നായകളെ സേവിച്ച് സ്വർഗ്ഗ ലോകത്തിലെത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”

“എന്നു വച്ചാൽ?” ഉള്ളിൽ ഉണർന്ന ചെറിയ ദേഷ്യത്തെ കടിച്ചമർത്തി കൊണ്ട് ശാന്തമായി ഞാൻ ചോദിച്ചു.

“വളരെ കുറഞ്ഞ നിരക്കിൽ ഒറിജിനൽ പ്രൊഡക്റ്റ്. അപ്പോൾ താങ്കൾ നാളെ ചീഫ് ഗസ്റ്റായി എത്തുമെന്ന് പ്രതീക്ഷിക്കട്ടെ? ഇനി കുറേ ജോലി ചെയ്യാനുണ്ട്. നാളെ കൃത്യം 10 മണിക്ക് ഇവിടെ എത്തണം. ഭാര്യയ്ക്കൊപ്പം… ക്ഷമിക്കണം താങ്കൾ സ്വന്തം നായകൾക്കൊപ്പം വരണം! ഏറ്റവും പ്രിയപ്പെട്ടതിനൊപ്പം വരണം. ഇനി സ്നാക്ക്സിന്‍റെ കാര്യം നോക്കണം. ഫോട്ടോഗ്രാഫർ, മീഡിയ തുടങ്ങിയ ഒരുക്കങ്ങളും ചെയ്യാനുണ്ട്. പത്രങ്ങളിലും ടിവിയിലും വാർത്ത വന്നില്ലെങ്കിൽ പിന്നെയൊരു രസവുമുണ്ടാവില്ല.”

ഞാൻ എന്തെങ്കിലും മറുപടി പറയും മുമ്പേ ശർമ്മാജി പെറ്റ് ഷോപ്പിന്‍റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളിൽ ഉത്സാഹപൂർവ്വം മുഴുകി. ഞാൻ ഇളിഭ്യനായി വായും പൊളിച്ചു നിന്നു.

ഹിതയാണ് താരം

ഹരിത വിപ്ലവത്തിന്‍റെ ഭാഗമായ ജൈവ കൃഷിയുടെ വിളവെടുപ്പ് സമയത്താണ് ഹിത ഭർത്താവിനോടൊപ്പം വീട്ടിൽ വന്നത്. വിളവ് പ്രതീക്ഷയ്ക്കപ്പുറമായതിനാൽ ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പറിച്ചു കൂട്ടിയ മഞ്ഞളിന്‍റെയും ഇഞ്ചിയുടെയും ചേനയുടെയും കൂമ്പാരങ്ങൾ കണ്ടു ഹിതയും ഭർത്താവും ആശ്ചര്യത്തോടെ നോക്കി നിന്നു.

ഈ വിഭവ സമൃദ്ധിയിൽ ഞങ്ങളെക്കാൾ കൂടുതൽ സന്തോഷം ഹിതക്കായിരുന്നു. കൃഷിയിലേക്കുള്ള ഞങ്ങളുടെ ഉത്തേജനം അവൾ തന്നെയായിരുന്നു. കൃഷിയുടെ ആവശ്യകതയെക്കുറിച്ചും മനുഷ്യനിലെ ഊർജ്ജസ്വലയ്ക്ക് കൃഷി നല്ലൊരു വളമാണെന്നും അവൾ ഞങ്ങളെ ഇടക്കിടെ ഓർമ്മിപ്പിക്കാറുണ്ട്.

എന്‍റെ സഹോദരിയുടെ മകന്‍റെ ഭാര്യയാണ് ഹിത. ഒരു കർഷക കുടുംബത്തിലെ അംഗമായിരുന്നു അവൾ. വിവാഹം കഴിഞ്ഞ് ഭർത്താവിന്‍റെ വീട്ടിലെത്തിയതോടെ കൃഷിയിൽ നിന്നും അൽപം അകലം പാലിച്ചു നിൽക്കേണ്ടി വന്നു. ഭർത്താവ് ഗൾഫുകാരനായതിനാൽ അടുക്കളയും വീടും മാത്രമായി അവളുടെ ലോകം.

തുടർന്നുള്ള ജീവിത സംക്രമണത്തിൽ മക്കളുടെ പരിപാലനവും വിദ്യാഭ്യാസവും ഭാര്യയുടെ കടമയും മരുമകളുടെ കടപ്പാടും അവൾക്ക് ആത്മ നിർവൃതിയായി. മക്കളുടെയും അമ്മായിയമ്മയുടെയും കാര്യത്തിൽ അതീവ ജാഗ്രരൂകയായിരുന്നു അവൾ. അവരുടെ ഇഷ്‌ടാനിഷ്ടങ്ങൾ മനസ്സിലാക്കി അർപ്പണ മനോഭാവത്തോടെ നിറവേറ്റി കൊടുക്കാനുള്ള കഴിവ് അവൾക്ക് സ്വതസിദ്ധമായിരുന്നു.

ഇതിനിടയിൽ വീണു കിട്ടുന്ന അൽപ സ്വല്പ സമയങ്ങളിൽ പൂന്തോട്ടം മോടി പിടിപ്പിക്കാനും അടുക്കളത്തോളം പരിപാലിച്ചെടുക്കാനും സമയത്തെ സ്വയം ചിട്ടപ്പെടുത്തിയ അപൂർവ്വയിനം പൂക്കളാലും വിവിധയിനം പച്ചക്കറിയിനങ്ങളാലും ഗൃഹാന്തരീക്ഷം ശുദ്ധവായു മുഖരിതമാക്കാൻ ഹിത സമയത്തെ മെരുക്കി കൊണ്ടിരുന്നു.

ഈക്കാലത്താണ് പ്രവാസ ജീവിതം മതിയാക്കി ഞാൻ നാട്ടിലെത്തപ്പെടുന്നത്. പ്രവാസ ജീവിതവും സഹവാസിത്വവും എന്നിലെ ഉൾക്കാഴ്ചയ്ക്ക് വികാസമേകുന്നതായിരുന്നു. നാട്ടിൻ പുറവുമായി പെട്ടെന്നു പൊരുത്തപ്പെടുവാനുള്ള മാനസികാവസ്ഥയിലല്ലാതിരുന്നതിനാൽ വീടിന്‍റെ അകത്തളത്തിൽ ഉണ്ടും ഉറങ്ങിയും ഞാൻ കഴിച്ചു കൂട്ടി.

അപ്പോഴെല്ലാം ഹിത എന്‍റെ സഹോദരിയെയും കൂട്ടി വീട്ടിൽ വന്നു പൊയ്ക്കൊണ്ടിരുന്നു. വീട്ടിനുള്ളിൽ മുരടിച്ചു കൊണ്ടിരുന്ന എന്‍റെ ദിനങ്ങളെ തുറന്നു വിടാൻ ഒരു സൈക്കാട്രിസ്റ്റിന്‍റെ ഗമയിൽ പല ടിപ്പുകളും അവൾ ഓതുമായിരുന്നു. ഒന്നിലും താൽപര്യമില്ലാത്തെ അന്തർമുഖിയായി ഞാൻ ദിനങ്ങളെ മരവിപ്പിച്ചു കൊണ്ടേയിരുന്നു.

പ്രവാസകാലം നാട്ടിലെ സുഹൃത്തുക്കളിൽ നിന്നകന്നു പോയതിനാലും, പുതിയ ബന്ധങ്ങളെ സ്ഥാപിച്ചെടുത്തതിനാലും നാടുമായുള്ള എന്‍റെ ബന്ധത്തിന് വിള്ളലേറ്റിരുന്നു. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കാനല്ലാതെ അവരുടെ സംഘടനകളെ പോഷിപ്പിക്കാനോ ഉദാരവൽക്കരിച്ച് കൂട്ടു ചേരാനോ എന്നെ കൊണ്ടായില്ല. ഞങ്ങളിലെ ആശയങ്ങൾ തമ്മിൽ പൊരുത്തക്കേടുള്ളതിനാൽ ഒത്തു കൂടാനും മനസ്സ് സമ്മതിച്ചില്ല. സ്വന്തം ബലഹീനതയെ സ്വയം ഏറ്റെടുത്ത് വീട്ടു തടങ്കൽ രൂപേണ ജീവിത സായാഹ്നത്തെ ഒതുക്കി എടുക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞാനും.

മടിപിടിച്ച എന്‍റെ ദിനചര്യകളിൽ പ്രഷറും, ഷുഗറും, കൊളാസ്ട്രോളും എന്നെ മാറോടു ചേർത്ത് സുഹൃത്തുക്കളാക്കി. അവരിൽ നിന്ന് അകന്നു മാറാനായിട്ടാണ് ഞാൻ ഡോക്ടറെ സമീപിച്ചത്. കായിക ലോകത്തേയ്ക്ക് ഇറങ്ങി ചെല്ലാനായിരുന്നു മരുന്നുകൾക്കൊപ്പം ലഭിച്ച പ്രിസ്ക്രിസ്പഷൻ.

ഇതിനിടയിൽ ഹിത പലപ്പോഴും എന്‍റെ ഭാര്യയ്ക്ക് (അവളുടെ അമ്മായി) ചട്ടിയിൽ പിടിപ്പിച്ച ചെടികളും പച്ചക്കറി വിത്തുകളും സമ്മാനിച്ച് തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു കൊണ്ടെയിരുന്നു. സോപ്പിടാൻ അവൾ പണ്ടു മുതലെ കൗശലക്കാരിയാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. അതവൾ സംയോജിതമായി പ്രാവർത്തികമാക്കി.

എന്‍റെ ഭാര്യ ഇച്‌ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നായതിനാൽ അവളുടെ വാക്കുകളെ അപ്പാടെ നിഷേധിക്കാൻ എനിക്കായില്ല. വീട്ടു തടങ്കലിൽ നിന്നും പതുക്കെ പതുക്കെ ഞാൻ പുറത്തേക്ക് നോക്കി. ഇത് മണത്തറിഞ്ഞ ഹിത ഓടിയെത്തി കൃഷിയെക്കുറിച്ചുള്ള ലഘുരേഖകൾ ഞങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. അവൾ തുടങ്ങിയത് ഇങ്ങിനെയായിരുന്നു. മടിയന്മാർക്ക് ചെയ്യാൻ പറ്റുന്ന എളുപ്പമുള്ള കൃഷിയാണ് മഞ്ഞളും ഇഞ്ചിയും ചേനയും. വിത്തിട്ട് പോന്നാൽ മതി. പിന്നെ വിളവെടുപ്പിന് ചെന്നാൽ മതി.

മഞ്ഞളിന്‍റെ ഉപയോഗത്തെക്കുറിച്ചും വിപണന സാധ്യതയെക്കുറിച്ചും അവൾ ഞങ്ങൾക്ക് ക്ലാസെടുത്തു.

മഞ്ഞൾ എന്ന ഭക്ഷ്യവസ്തു ഇല്ലാത്ത അടുക്കള ഉണ്ടാവില്ല. നമ്മൾ ഒട്ടുമിക്ക കറികളിലും മഞ്ഞൾ ചേർക്കാറുണ്ട്. ഇതിനെ ഫ്ളുഫൈറ്റർ എന്നാണ് വിശേഷിപ്പിക്കുന്നത്. മഞ്ഞളിലുള്ള ക്യൂർകുമിൻ എന്ന പേരുള്ള മൂലിക ആന്‍റി വൈറൽ, ആന്‍റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി എന്ന നിലയിൽ വിശേഷിക്കപ്പെട്ടതാണ്. അതിനാൽ മഞ്ഞൾ പച്ചക്കറിയിൽ യഥേഷ്ടം ചേർത്തു കഴിക്കാം. അല്ലെങ്കിൽ പാൽ, ഹെൽത്ത് ഡ്രിങ്ക് എന്നിവയിലും ചേർത്തു ഉപയോഗിക്കാം. ഇതൊരു വിഷസംഹാരി കൂടിയാണ്.

മാർക്കറ്റിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിൽ ധാരാളം മായം കണ്ടെത്താറുണ്ട്. ചിലപ്പോൾ ലെഡ് വരെ ഉണ്ടാകും. അതിനാൽ അത് ശ്രദ്ധിച്ച് ഉപയോഗിക്കണം. വീട്ടിൽ തന്നെ കൃഷി ചെയ്‌ത് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ് സുരക്ഷിതത്വം.

മഞ്ഞളിലുള്ള നാച്ചുറൽ ഓയിലിൽ ആന്‍റി ഫംഗല്‍ പ്രോപ്പർട്ടീസ് ഉള്ളതിനാൽ ട്രാക്റ്റ് വയറസിനെ തടയാനാകും.

മഞ്ഞൾ ശരീരത്തിന് ചൂടു പകരുന്ന ജോലിയാണ് ചെയ്യുന്നത്. കോവിഡ് കാലത്ത് ഇതിന്‍റെ ഉപയോഗം എത്രമാത്രം ഇരട്ടിയായിരുന്നു എന്ന് പ്രവചനാതീതമാണ്. മനുഷ്യശരീരത്തിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് സാധ്യമാകണമെങ്കിൽ ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കൾ നമ്മുടെ ഡയറ്റ് ഉൾപ്പെടുത്തണം.

ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറ്റീഷ്യൻ ഡോക്ടർ വിഭയുടെ ഡയറിക്കുറിപ്പുകൾ സ്വന്തം കണ്ടുപിടുത്തമായാണ് അവൾ ഞങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്.

അവളുടെ വാക്കുകളിൽ അവിരമിച്ച്, ഭാര്യ ഹിതയ്ക്കൊപ്പം കൂടി. ഇരുമെയ്യാണെങ്കിലും ഒരു മെയ്യായി ഞാനും ഭാര്യയെ അനുഗമിച്ചു. ഞങ്ങൾക്ക് ഗൈഡായി ഹിത മുന്നിലൂടെ നടന്നു നീങ്ങി.

അകത്തളത്തിൽ നിന്നും തൊടിയിലേക്കുള്ള ചുവടുവെയ്പ്പ് മാനസികമായും ശാരീരികമായും എനിക്കു ഉൻമേഷമേകി. ഭിഷഗ്വരന്‍റെ പ്രിസ്ക്രിപ്ഷൻ പതുക്കെ പതുക്കെ സ്ലോമോഷനിലേക്ക് കൂപ്പുകൂത്താനും തുടങ്ങി. ഉറങ്ങി കിടന്ന ഗൃഹാന്തരീക്ഷം ഹരിതാഭയാൽ തിളങ്ങി നിന്നു.

ഏതാനും മാസങ്ങൾക്കുള്ളിൽ ഞങ്ങളുടെ വിയർപ്പുത്തുള്ളികൾക്ക് സ്വർണ്ണ തിളക്കമായി. വീട്ടുമുറ്റത്ത് കൂമ്പാരമായി. മണ്ണ് തൊട്ടറിഞ്ഞതിന്‍റെ സന്തോഷം. എല്ലാം തരുന്ന മണ്ണിനെ മനസ്സിലാക്കാൻ വൈകിയതിന്‍റെ ആകുലത മനസ്സിൽ കനലായി നീറി പുകഞ്ഞു.

മണ്ണും മനസ്സുമായി ഇഴുകി ചേർന്നുനിൽക്കുമ്പോഴാണ് മറ്റൊരു സന്തോഷ വാർത്ത എന്‍റെ കാതുകൾ ശ്രവിച്ചത്. ജില്ലയിലെ ഈ വർഷത്തെ കർഷകശ്രീ പുരസ്കാരത്തിന് താങ്കളെ തെരഞ്ഞെടുത്തിരിക്കുന്നു. വേദി പങ്കിടാൻ താങ്കൾ ടൗൺഹാളിൽ കൃത്യസമയത്ത് എത്തി ചേരാൻ താൽപര്യപ്പെടുന്നു.

സ്വരത്തിലെ അപരിചിതത്വം… കൃഷി വകുപ്പിലെ ഉദ്യോഗസ്‌ഥനാണ് തന്‍റെ കാതുകൾക്ക് ശ്രവ്യമധുരമേറ്റിയത്.

ഒരു നിമിഷം… സംശയം മുളപൊട്ടി. ഈ വാക്കുകൾ തന്‍റെ കാതിൽ തന്നെയാണോ കേൾക്കുന്നത്. ഞാന്‍റെ ശരീരത്തിലേക്കും നെഞ്ചിലൂടെ ഒഴുകുന്ന തെളിനീർകണങ്ങളിലേക്കും സൂക്ഷിച്ചു നോക്കി. അതെ, സ്വന്തം കാതുകളിൽ തന്നെ, മനം പറഞ്ഞു.

സ്വീകരണ ചടങ്ങിലേയ്ക്ക് ഞാനും സഹധർമ്മിണിയും കൂടി പുറപ്പെടുമ്പോൾ ഹിതയേയും ഭർത്താവിനേയും കൂട്ടാൻ മറന്നില്ല. ഉപകാരസ്മരണ ഒരിക്കലും മറക്കരുതല്ലേ?

ടൗൺഹാളിലെ നിറഞ്ഞു കവിഞ്ഞ സദസ്സിൽ നിന്നും അലങ്കരിച്ച ഇരിപ്പിടത്തിലേക്ക് ആനയിച്ചിരുത്തി, പൊന്നാടയും, പുരസ്ക്കാരവും എന്നിൽ സമർപ്പിച്ച് നാടിന്‍റെ വാഗ്ദാനമായി കലക്ടർ തന്നെക്കുറിച്ച് വാചാലതയോടെ പ്രശംസിക്കുമ്പോൾ നാളെകളുടെ പ്രതീക്ഷകളിലേയ്ക്ക് എന്‍റെ മനസ്സ് തെന്നി. പുരസ്കാരം സ്വീകരിച്ച് രണ്ടുവാക്ക് സംസാരിക്കാൻ സംഘാടകർ അവസരം ഒരുക്കിയപ്പോൾ ഞാൻ വാക്കുകൾക്കായി പരതി. മനസ്സിനെയും മസിലിനെയും ബലപ്പെടുത്തി ഞാൻ വാക്കുകളെ എത്തിപിടിച്ചു.

സംഘാടകർക്കും വിശിഷ്ട വ്യക്‌തികൾക്കും നന്ദി പറഞ്ഞു കൊണ്ട് തന്നെ തുടങ്ങി. ഈ പുരസ്കാരം എനിക്കു മാത്രം അവകാശപ്പെട്ടതല്ല. എന്‍റെ പ്രിയതമയാണ് ഈ അവാർഡ് സ്വീകരിക്കുന്നതിനുള്ള കരുത്ത് എന്‍റെ കൈകൾക്ക് തന്നത്. അതിൽ കൂടുതലായി പറയാൻ മറ്റൊരു വ്യക്‌തി കൂടിയുണ്ട്. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വന്ന് ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന എന്നെ ഇവിടെ വരെ എത്തിച്ച എന്‍റെ സഹോദരിയുടെ മരുമകൾ ഹിതയാണ് ഈ പുരസ്കാരത്തിന് അർഹത. അതിനാൽ ഞാൻ ഈ പുരസ്കാരം അവൾക്ക് സമ്മാനിക്കട്ടെ.

സദസ്സിന്‍റെ ഒരു മൂലയിലിരുന്ന ഹിതയെ കമ്മിറ്റിക്കാർ തിരഞ്ഞു പിടിച്ച് സ്റ്റേജിലെത്തിച്ചു. സന്തോഷാശ്രുകൾ ആ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. രണ്ട് വാക്ക് സംസാരിക്കാൻ നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് തുടങ്ങിയത്.

ആദ്യമായാണ് ഞാൻ ഒരു സ്റ്റേജിൽ കയറി നിൽക്കുന്നത്. അണിയറയിൽ നിൽക്കേണ്ട ഞാൻ തിരശീലയ്ക്കു മുന്നിൽ നിൽക്കുമ്പോൾ എന്‍റെ കാലുകൾ വിറക്കുന്നു. ശരീരം തളരുന്നു. കുഴഞ്ഞു വീഴുന്നതിനു മുമ്പായി രണ്ടു വാക്ക്.

എന്‍റെ മാമനോടും അമ്മായിയോടും ഞാൻ ഒരു പൂവേ ചോദിച്ചുള്ളൂ. അവർ എനിക്ക് ഒരു പൂങ്കാവനം തന്നെ തന്നു. സന്തോഷമുണ്ട്. സദസ്സിലുള്ള എല്ലാവരോടുമായിട്ടാണ് എനിക്ക് ഇനി പറയാനുള്ളത്. ഏവർക്കും ഇതൊരു പ്രചോദനമാകട്ടെ. മനസ്സിനും ശരീരത്തിനും ഉൻമേഷം നൽകാൻ ഇതിലും നല്ല പ്രവൃത്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അന്നത്തിനായി അയൽ സംസ്‌ഥാനങ്ങളിൽ നിന്നും വരുന്ന ട്രക്കുകളുടെ ഹോൺ മുഴക്കം കാതോർത്തിരിക്കൽ, നൂറുശതമാനം സാക്ഷരത അവകാശപ്പെടുന്ന നമുക്ക് ഭൂഷണമല്ലേ?… ദൈവത്തിന്‍റെ നാട് എന്ന പദത്തിന്‍റെ അർത്ഥം നമുക്കിവിടെ അന്വർത്തമാക്കി കൂടെ? ഒത്തു പിടിച്ചാൽ മലയും പോരും എന്നാണല്ലോ. പഴമക്കാർ നമ്മെ പഠിപ്പിച്ചിട്ടുള്ളത്.

എല്ലാം എല്ലാവർക്കും ഉണ്ടാക്കിയെടുക്കാൻ കഴിയില്ലെന്ന് അറിയാം. എന്നാൽ, പലർക്കും പലതും സൃഷ്ടിക്കാൻ കഴിയും. അങ്ങിനെ കൊണ്ടും കൊടുത്തും നമ്മളിൽ സുഭിക്ഷ കേരളം പണിതുയർത്താം. വിഷമില്ലാത്ത ഭക്ഷ്യവസ്‌തുക്കൾ നമുക്കു തന്നെ ഉൽപാദിപ്പിച്ചെടുക്കാം. എല്ലാം തരുന്നതാണ് ഈ മണ്ണ്. അത് തൊട്ട് തൊഴുതാൽ മനസ്സിനും ശരീരത്തിനും ആത്മസംതൃപ്തി കിട്ടുന്നതോടൊപ്പം മെഡിക്കൽ ഷോപ്പുകളിലേയ്ക്കുള്ള സന്ദർശനം ഒരു പരിധി വരെ കുറയ്ക്കാനും നമുക്കു കഴിയും. കഴിയണം.

വേൾഡ് ക്ലാസിക് രചനയായ അൽകെമിസ്റ്റ് എന്ന നോവലിലെ കഥാപാത്രം സാൻറിയാ ഗോ എന്ന ആട്ടിടയൻ പറയുന്നത് ഒന്ന് ശ്രദ്ധിക്കൂ. നാം ഏതൊരു കാര്യത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കുന്നുവോ, അപ്പോൾ ഈ ലോകം മുഴുവൻ നമ്മോടൊപ്പം നിൽക്കും.

നന്ദി…. നമസ്കാരം…

സാഗരസംഗമം – ഭാഗം 7

നരേട്ടനോടു പറഞ്ഞ അന്നു തന്നെ അവൾ ദേവാനന്ദിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഉടനെ തന്നെ ഡൽഹിയിലെത്തി ചേരുമെന്ന് ദേവാനന്ദ് തിരിച്ചുമറിയിച്ചു. എന്നാൽ അത്ര പെട്ടെന്ന് ദേവാനന്ദ് സമ്മതിക്കുമെന്ന് കൃഷ്ണമോളും ഞങ്ങളും വിചാരിച്ചിരുന്നില്ല. അയാൾക്ക് കുറേശേ മാനസാന്തരം വന്നു തുടങ്ങിയെന്നും, ഞങ്ങളോട് അടുക്കുവാൻ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയെന്നും കൃഷ്ണമോളുടെ വാക്കുകളിൽ നിന്നും ഞങ്ങൾക്ക് വ്യക്‌തമായി. എന്നാലിപ്പോഴും അക്കാര്യത്തിൽ അയാളുടെ വീട്ടുകാർ എതിരാണത്രെ! അവർക്ക് കൃഷ്ണമോൾക്ക് കിട്ടേണ്ടിയിരുന്ന സ്ത്രീധനമാണ് പ്രധാനം. അതു കിട്ടുന്നതു വരെ അവർ കൃഷ്ണമോളോട് അതേപ്പറ്റി പറഞ്ഞ് കലഹം നടത്താറുണ്ടത്രെ.

ദേവാനന്ദിന് രണ്ടു സഹോദരികളുണ്ട്. അവർക്കു നൽകേണ്ടുന്ന സ്ത്രീധനം കൃഷ്ണമോളുടെ പക്കൽ നിന്നും ഈടാക്കാനാണ് അവരുടെ ശ്രമം. എന്നാൽ അവർ പറയുന്നത്രയും തുക ഞങ്ങൾക്ക് നൽകാനാകുമോ എന്ന് സംശയമായിരുന്നു. കാരണം നരേട്ടന്‍റെ ഓപ്പറേഷന് നല്ലൊരു തുക വേണ്ടി വന്നു. അതിനു മുമ്പ് രാഹുൽമോനു വേണ്ടിയും നല്ലൊരു തുക ചിലവാക്കിയിരുന്നു.

നരേട്ടന്‍റെ ഓപ്പറേഷനു വേണ്ടുന്ന തുക നാട്ടിലുള്ള എന്‍റെ പ്രോപ്പർട്ടികൾ വിറ്റാണ് കണ്ടെത്തിയത്. ഭൂമിയ്ക്കൊന്നും അത്ര വില കിട്ടാത്ത കാലമായിരുന്നു അത്. പിന്നെ അച്‌ഛന്‍റെ ബാങ്ക് ബാലൻസ് അനിയത്തിമാരുടെ കല്യാണത്തോടെ ശോഷിച്ചിരുന്നു. ബാക്കി തുക അമ്മയ്ക്ക് ജീവിയ്ക്കാനുള്ളതു മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏതായാലും ഡൽഹിയിലുള്ള വീടിന് അന്നും നല്ല വിലയുണ്ടായിരുന്നു. എന്നാൽ അത് വിറ്റ് മകൾക്ക് സ്ത്രീധനക്കാശ് കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. എങ്കിലും കൃഷ്ണമോൾ ഇടയ്ക്കിടെ അക്കാര്യം ഞങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

ഒരു പുഞ്ചാബി കർഷക ഫാമിലിയിൽപ്പെട്ടവനാണ് ദേവാനന്ദ്. സ്ത്രീധനത്തിന്‍റെ പേരിൽ പെൺകുട്ടികളെ പീഡിപ്പിക്കാനും, കൊല്ലാനും മടിയില്ലാത്തവർ. കൃഷ്ണമോൾ അക്കാര്യം ഓർമ്മിപ്പിച്ചും ഞങ്ങളെ ഇടയ്ക്കിടയ്ക്ക് അലട്ടിയിരുന്നു. ഒരു ദിവസം ഞാനവളോട് അന്വേഷിച്ചു.

“എങ്കിൽ പിന്നെ അന്ന് വിവാഹത്തിന് മുമ്പ് അവർക്കത് ആവശ്യപ്പെട്ടു കൂടായിരുന്നോ?”

“അന്നവർക്ക് എങ്ങിനെയും വിവാഹം നടത്തി കിട്ടിയാൽ മതിയെന്നായിരുന്നു. കാരണം ദേവേട്ടന് എന്നെത്തന്നെ വേണമെന്ന പിടിവാശിയിലായിരുന്നു. പിന്നെ അന്ന് സ്ത്രീധനം ആവശ്യപ്പെടാൻ ദേവേട്ടൻ സമ്മതിച്ചുമില്ല. ഇന്നിപ്പോൾ  അക്കാര്യം പറഞ്ഞ് അവർ ദേവേട്ടനോട് ഇടയ്ക്കിടയ്ക്ക് കലഹിക്കാറുണ്ട്.

ദേവേട്ടന്‍റെ ഇളയ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. ഒരു സാധാരണ മിഡിൽ ക്ലാസ്സ് ഫാമിലിയിൽപ്പെട്ടവരാണ് ദേവേട്ടന്‍റെ വീട്ടുകാർ. അവർ വിചാരിച്ചാൽ അത്രത്തോളം സ്ത്രീധനമൊന്നും കൊടുക്കുവാൻ കഴിയുകയില്ല. മൂത്ത സഹോദരിയുടെ വിവാഹം നടത്തിയപ്പോൾ കൊടുക്കേണ്ടിയിരുന്ന തുക മുഴുവൻ അവർ നൽകിയിട്ടുമില്ല. അതിന്‍റെ പേരിൽ ആ സഹോദരിയുടെ വീട്ടുകാരുമായി ദേവേട്ടന്‍റെ വീട്ടുകാർ കലഹത്തിലുമാണ്. ഒരു പക്ഷേ ആ സഹോദരിയുടെ വിവാഹമോചനം വരെ നടന്നേയ്ക്കുമെന്നാണ് പറയുന്നത്.

കൃഷ്ണമോൾ പറഞ്ഞു നിർത്തി ഞങ്ങളെത്തന്നെ ആകാംക്ഷയോടെ നോക്കിയിരുന്നു. ഒരുപക്ഷേ ഏതെങ്കിലും രീതിയിൽ ഞങ്ങളെവളെ സഹായിക്കുമെന്ന് അവൾ കരുതിയതു പോലെ തോന്നി. അതിനുവേണ്ടി കൂടിയാണ് അവൾ ഇപ്രാവശ്യം ഞങ്ങളെക്കാണാൻ വന്നത്. നേരത്തെ ഞാൻ ഊഹിച്ചതു പോലെ തന്നെയാണ് കാര്യങ്ങൾ.

ഞങ്ങളിൽ നിന്നും അകലം സൂക്ഷിച്ചിരുന്ന ദേവാനന്ദിനെ നയരൂപത്തിൽ വിളിച്ചു വരുത്തി, ഞങ്ങളെ തൃപ്തിപ്പെടുത്താൻ അവൾ ശ്രമിക്കുന്നതും അതിനുവേണ്ടിയാണ്. അവൾ പെട്ടെന്ന് കരഞ്ഞു കൊണ്ട് ഇങ്ങിനെ പറയാൻ തുടങ്ങി.

“ഇത്തവണ ഞാൻ മടങ്ങിച്ചെല്ലുമ്പോൾ കുറച്ചെങ്കിലും പണവും കൊണ്ട് ചെന്നില്ലെങ്കിൽ ദേവേട്ടന്‍റെ അമ്മയും സഹോദരിമാരും എനിക്കൊരു സ്വൈര്യവും തരില്ല. ദേവേട്ടൻ മലയാളിയായ എന്നെ വിവാഹം കഴിച്ചതു കൊണ്ടാണ് അവർക്കീ ഗതി വന്നതെന്നാണവരിപ്പോൾ പറയുന്നത്. അല്ലെങ്കിൽ അവർ പഞ്ചാബികളുടെ ഇടയിൽ നിന്ന് നല്ല പെൺകുട്ടികളെത്തന്നെ, കമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന ദേവേട്ടന് കിട്ടുമായിരുന്നുവത്രെ…”

കൃഷ്ണമോളുടെ വാക്കുകൾ എന്‍റേയും, നരേട്ടന്‍റെയും ഉറക്കം കെടുത്തി. രാത്രിയിൽ ഞങ്ങളൊരുമിച്ച് ആലോചിച്ചു. ബാങ്കിൽ നരേട്ടന്‍റെ ഓപ്പറേഷനു ശേഷമുള്ള അൽപം പൈസ ബാക്കി കിടപ്പുണ്ട്. അതിപ്പോൾ നൽകി ഈ പ്രശ്നം തൽക്കാലത്തേയ്ക്ക് അവസാനിപ്പിക്കാമെന്ന് ഞങ്ങൾ കരുതി. ആ തുക ബാങ്കിൽ നിന്നുമെടുത്ത് കൃഷ്ണമോൾക്കു നൽകുമ്പോൾ അവൾ പറഞ്ഞു.

“ഇതുകൊണ്ട് ഒന്നുമാവില്ല മമ്മീ…”

“ബാക്കി പിന്നെ എപ്പോഴെങ്കിലും തരാം…” ഞങ്ങൾ പറഞ്ഞു. അങ്ങിനെ മൂന്നു ദിനങ്ങൾ കൂടി കടന്നു പോയി. മൂന്നാം ദിനം വൈകുന്നേരം ദേവാനന്ദ് ഞങ്ങളുടെ വീട്ടിലെത്തി. വിവാഹത്തിന് കണ്ടതു പോലെ ഒരു പഞ്ചാബിയുടെ എല്ലാ രൂപഗുണവും ഒത്തിണങ്ങിയ ഒരു ചെറുപ്പക്കാരൻ. സാധാരണ പഞ്ചാബികൾ ചെയ്യുന്നതു പോലെ ഒരു ടർബനും അയാൾ തലയിൽ കെട്ടിയിരുന്നു. ഒരു ടാക്സി പിടിച്ചാണ് അയാൾ റയിൽവേ സ്റ്റേഷനിൽ നിന്നും വന്നെത്തിയത്. ടാക്സിയിൽ നിന്നിറങ്ങി ഞങ്ങളെക്കണ്ടയുടനെ അയാൾ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു.

“നമസ്തേ….” ഒരു മലയാളിയുടെ എല്ലാ ഭാവഹാവാദികളും ഉൾക്കൊള്ളാൻ ശ്രമിച്ചു കൊണ്ടാണ് ദേവാനന്ദ് അതു പറഞ്ഞത്. വിവാഹ ശേഷം ആദ്യമായിട്ടാണവൻ ഞങ്ങളുടെ വീട്ടിലെത്തുന്നത്. ഞങ്ങളുടെ ഓരേയൊരു മരുമകൻ! ഞങ്ങൾ അവനെ സ്വീകരിക്കാൻ വേണ്ടുന്ന എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ടായിരുന്നു.

“ഹലോ ദേവേട്ടാ…” എന്ന് പറഞ്ഞ് കൃഷ്ണമോളും അപ്പോഴേയ്ക്കും അകത്തു നിന്നും ഓടിയെത്തി. അവളുടെ കൈയ്യിലുണ്ടായിരുന്ന ടുട്ടുമോനെ അവൾ ദേവാനന്ദിനു നൽകി. പിന്നെ അയാളോടു ചേർന്നു നിന്നു കൊണ്ട് ഹിന്ദിയിൽ എന്തോ കളിവാക്കുകൾ പറഞ്ഞു. ഞാനപ്പോൾ കൈയ്യിൽ കരുതിയിരുന്ന ആരതി ഉഴിഞ്ഞ് അവരെ അകത്തേയ്ക്ക് ആനയിച്ചു. നരേട്ടൻ തന്‍റെ ക്യാമറയിൽ ആ ചിത്രങ്ങൾ പകർത്തി.

“ഔവർ ഹേർട്ടി വെൽക്കം ടു ഹോം മൈ സൺ…”

നരേട്ടൻ മരുമകനെ സ്വാഗതം ചെയ്ത് ഷേക്ക് ഹാന്‍റ് നൽകിക്കൊണ്ടു പറഞ്ഞു.

“വി ആർ സീയീംഗ് യൂ ഫോർ ദി ഫസ്റ്റ് ടൈം ആഫ്റ്റർ യൂ മാരിഡ് മൈ ഡോട്ടർ… വൈൽക്കം ടു ദി ഫാമിലി… ഹാവ് എ ബ്ലെസ്സ്ഡ് ഈവനിംഗ്…”

നരേട്ടൻ ദേവാനന്ദിന്‍റെ കൈകളിൽ പിടിച്ചു കുലുക്കി പുഞ്ചിരി തൂകി കൊണ്ടു വീണ്ടും പറഞ്ഞു. അതുകേട്ട് ദേവാനന്ദ് വികാര വിക്ഷുബ്ധതയോടെ കൃഷ്ണമോളെ നോക്കി. അടുത്ത ക്ഷണം ഞങ്ങളുടെ കാലുകളിൽ വീണ് മാപ്പപേക്ഷിക്കും മട്ടിൽ പറഞ്ഞു.

“ആപ് നേമുഛേ മാഫ് കീജിയേ… മൈംനേ ഗലത്കിയാ… മൈം ആപ് ലോഗോം കൊ ഗലത് സമത്സാ… ആപ് സബ് ഫൂൽ കർകേ മുഛേ ആശീർവാദ് ദേ ദോ…” (അങ്ങ് എനിക്കു മാപ്പു തരണം.. ഞാൻ തെറ്റു ചെയ്‌തു… ഞാൻ നിങ്ങളെ തെറ്റിദ്ധരിച്ചു. നിങ്ങൾ എല്ലാം മറന്ന് എന്നെ അനുഗ്രഹിച്ചാലും…) നരേട്ടൻ കുനിഞ്ഞ് ദേവാനന്ദിനെ പിടിച്ചെഴുന്നേൽപ്പിച്ച് ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“തും കുഛ് ഭീ ഗലത് നഹിം കിയാ. ഹം തും സേ ബഹുത് പ്രേം കർതാ ഹൈം…”

അതുകേട്ട് ദേവാനന്ദിന്‍റെ മുഖം വിടർന്നു. പിന്നെ അൽപ ദിവസങ്ങൾ കൊണ്ട് ദേവാനന്ദ് ഞങ്ങളുടെ വീട്ടിലെ പ്രിയപ്പെട്ട മരുമകനായിത്തീർന്നു. മറ്റുള്ളവരെ കൈയ്യിലെടുക്കുവാൻ ദേവാനന്ദിനു പ്രത്യേക കഴിവുണ്ടായിരുന്നു. എന്നാൽ കൃഷ്ണമോളെപ്പോലെ സ്വാർത്ഥനല്ല ദേവാനന്ദെന്നു ഞങ്ങൾക്കു തോന്നി. ഞങ്ങൾക്കു നഷ്ടമായ മകന്‍റെ സ്‌ഥാനം ദേവാനന്ദ് വീണ്ടെടുത്തു കൊണ്ട് ഞങ്ങളോട് ഇഴുകിച്ചേർന്നു.

പഞ്ചാബികൾക്ക് പൊതുവെയുള്ള ധീരതയും ആത്മാർത്ഥതയും അവനും ഉള്ളതു പോലെ ഞങ്ങൾക്കു തോന്നി.

ഒരാഴ്ച കടന്നു പോയത് ഞങ്ങളറിഞ്ഞില്ല. ആഹ്ലാദവും പൊട്ടിച്ചിരികളും ഞങ്ങളുടെ ഭവനത്തിലും വിരുന്നിനെത്തി. ദേവാനന്ദിനോടും, കൃഷ്ണമോളോടും ടുട്ടുമോനോടുമൊപ്പം ഞങ്ങൾ ഡൽഹിയിലെ ഗുരുദ്വാരയിലും, മറ്റും കറങ്ങി.

ഗുരുദ്വാരയിൽ ഏവർക്കും പ്രവേശനമുണ്ടായിരുന്നു. ഗുരുനാനാക്ക് ഗീതികൾ നിറഞ്ഞ ആത്മീയമായ ആ അന്തരീക്ഷത്തിൽ അലയടിച്ചു നിന്ന പ്രശാന്തത ഞങ്ങളെ ഹഠാദാകർഷിച്ചു. ദേവാനന്ദിനോടൊപ്പം ഞങ്ങളും അവിടെ പ്രാർത്ഥനാ നിരതരായി നിന്നു. അപ്പോൾ അവിടെ ഞങ്ങളെ തലോടിയിരുന്ന മന്ദമാരുതൻ ഇങ്ങിനെ മന്ത്രിക്കുന്നതായി തോന്നി.

ശാന്തിയുടെ ഈ തീരത്ത് നിങ്ങൾ തേടുന്നതെന്തോ അത് നിങ്ങൾക്ക് ലഭിക്കും.

അതെ! മനഃശാന്തിയുടെ ഒരു അലകടൽ ഞങ്ങളെ വന്ന് പൊതിയുന്നതായി തോന്നി. ഭൗതികതയും തലം വിട്ട്, ആത്മീയതയുടെ തലങ്ങളിലേയ്ക്ക് ആ അന്തരീക്ഷം ഞങ്ങളോരോരുത്തരേയും ആവാഹിച്ചു കൊണ്ടു പോയി.

മനസ്സിന്‍റെ എല്ലാ ആകുലതകളും, വ്യഥകളും അകന്ന് പാപമുക്തമായ ഗംഗയിൽ മുങ്ങി നിവർന്നാലെന്ന പോലത്തെ അനുഭവം.

(ആപ് ലോഗ് കേരൾ സേ ആയേ ഹൈക്യാ?)… നിങ്ങൾ കേരളത്തിൽ നിന്നാണോ വരുന്നത്?… പ്രാർത്ഥനയിൽ മുഴുകി നിന്ന ഞങ്ങളോരുത്തരും ഞെട്ടി ഉണർന്ന് ശബ്ദം കേട്ടിടത്തേയ്ക്ക് നോക്കി. പ്രശാന്തമയമായ ആ അന്തരീക്ഷത്തിൽ ഘനഗംഭീരമായ ആ ശബ്ദം ഒരു ഇടിമുഴക്കം പോലെ തോന്നിച്ചു.

ഏതോ പ്രശാന്തമായ മലനിരകളിൽ തട്ടി പ്രതിധ്വനിക്കുന്ന അഭൗമമായ എന്തോ ഒന്നിന്‍റെ അനുരണനം പോലെ ആ ശബ്ദം ഞങ്ങളെ പിടിച്ചു നിർത്തി.

തലയിൽ ടർബൻ കെട്ടി, നരച്ചതായി തടവി ദിവ്യതേജസ്സോടെ അതാ ഒരു ഫക്കീർ മുന്നിൽ നിൽക്കുന്നു.

“ഗുരുജി ആപ് യഹാം…” ദേവാനന്ദ് അദ്ദേഹത്തെ തിരിച്ചറിഞ്ഞതു പോലെ കൈകൂപ്പിത്തൊഴുതു.

“ഹാം… മൈംഹും… ആപ് മേരേ സവാൽ കേ ജവാബ് ദോ… ” അദ്ദേഹം ചോദിച്ചു. ദേവാനന്ദ് ചിരിച്ചു കൊണ്ട് അദ്ദേഹത്തിന് മറുപടി നൽകി. “സിർഫ് മൈം ഹി സിക്ക് ഹും. ബാക്കി സബ് ലോഗ് കേരൾ സേ ഹൈം…

ഞങ്ങൾ സ്ത്രീകളുടെ വസ്ത്രധാരണം കണ്ടിട്ടാകാം അദ്ദേഹം അങ്ങിനെ ചോദിച്ചതെന്ന് ഞങ്ങൾക്കു തോന്നി. ഞാനും, കൃഷ്ണയും അപ്പോൾ മലയാളികൾ ധരിക്കുന്നതു പോലെ സാരിയാണ് ധരിച്ചിരുന്നത്.

തുടർന്നദ്ദേഹം ടൂറിസ്റ്റുകളായ ഞങ്ങൾക്ക് സ്വാഗതമോതി, ആ ഗുരുദ്വാരയുടെ പ്രാധാന്യത്തെക്കുറിച്ചും അവിടത്തെ പ്രത്യേക മതാനുഷ്ഠാനങ്ങളെക്കുറിച്ചും പറഞ്ഞു തന്നു. ദേവാനന്ദൊഴിച്ച് ഞങ്ങളെല്ലാവരും കൗതുകത്തോടെ അതുകേട്ടു നിന്നു. ദേവാനന്ദിന് ചിരപരിചിതമായിരുന്നു ആ ഗുരുദ്വാരയും, അവിടത്തെ പൂജാവിധികളും. ആ ഫക്കീറിനെയുമെല്ലാം. ഡൽഹിയിലായിരുന്നപ്പോൾ ദേവാനന്ദ് മിക്കവാറും അവിടെ പോകാറുണ്ടായിരുന്നുത്രെ.

“അദ്ദേഹം ദിവ്യനായ ഒരു ഫക്കീറാണ്. പലപ്പോഴും അദ്ദേഹം പ്രവചിച്ചിട്ടുള്ളതെല്ലാം ശരിയായി വന്നിട്ടുണ്ട്.” ദേവാനന്ദ് പറഞ്ഞു.

മടങ്ങിപ്പോരുമ്പോൾ ടുട്ടുമോനെക്കണ്ട് അദ്ദേഹം പറഞ്ഞു.“ ഈ പൈതൽ നിങ്ങളുടെ മരിച്ചു പോയ മകന്‍റെ പുനഃർജന്മമാണ്.”

നരേട്ടനും എനിക്കും ഇതിൽപ്പരം ആഹ്ലാദമുണ്ടാകാനില്ല. പിന്നീട് ഞങ്ങൾക്കദ്ദേഹം ചില മധുര പലഹാരങ്ങൾ പ്രസാദമായി നൽകി. വീണ്ടും വരുവാനാവശ്യപ്പെട്ട് യാത്രാമംഗളമോതി.

അവിടെ നിന്ന് തിരികെ പ്പോരുമ്പോൾ ഞങ്ങളെല്ലാവരും ആ ഗുരുദ്വാരയുടെ ആത്മീയമായ പരിവേഷത്താലാകർഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു. വീണ്ടും വീണ്ടും അങ്ങോട്ടു പോകുവാനുള്ള ഒരുപ്രേരണ ഞങ്ങളുടെ ഉള്ളിലുണ്ടായി.

മടക്കയാത്രയിൽ എല്ലാവരും ക്ഷീണിതരായിരുന്നുവെങ്കിലും ഉള്ളിൽ ഒരു പ്രത്യേക ഉന്മേഷം തുടിച്ചിരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ ദർശനം തികച്ചും അന്വർത്ഥമാണെന്ന് ആ യാത്രയിൽ ഞങ്ങൾക്കും ബോദ്ധ്യമായി. അതോടെ ദേവാനന്ദ് എന്ന പഞ്ചാബി മരുമകനോടു തോന്നിയിരുന്ന അകൽച്ചയുടെ അവസാനത്തെ തരിമ്പും അപ്രത്യക്ഷമായി. വീട്ടിൽ മടങ്ങിയെത്തുമ്പോൾ മനസ്സ് ശാന്തമായിരുന്നു. ഏതോ ഗിരിശൃംഗങ്ങളിൽ തപസ്സു ചെയ്തെത്തിയ മുനിയുടെ പ്രശാന്തത മനസ്സിനെ ആവരണം ചെയ്‌തിരുന്നു.

“എത്ര പ്രശാന്തമായ സ്‌ഥലം. അല്ലേ മീരാ… മനസ്സിനെ പിടിച്ചു നിർത്തുന്ന ആത്മീയ പരിവേഷം… ഏറെ നാളുകൾക്കു ശേഷം മനസ്സിൽ ശാന്തി വന്നു നിറയുന്നു. പ്രത്യേകിച്ച് ആ ഫക്കീറിനെ കാണുകയും അദ്ദേഹത്തിന്‍റെ വാക്കുകൾ കേൾക്കുകയും ചെയ്‌ത ശേഷം…” നരേട്ടൻ ഒരു നിമിഷനേരത്തേയ്ക്ക് വാചാലനായി.

“അതെ നരേട്ടാ… ഞാനും അതനുഭവിച്ചറിയുന്നു… രാഹുൽ മോന്‍റെ വേർപാടിനു ശേഷം ഏറെ നാളുകളായി അനുഭവിച്ചു കൊണ്ടിരുന്ന എല്ലാ ആകുലതകളിൽ നിന്നും മുക്തി നേടിയതു പോലെ.” ഞാൻ മെല്ലെ പ്രതിവചിച്ചു.

“ശരി…ശരി… രണ്ടു ദിവസം കഴിഞ്ഞ് ഇനി ഗുരുവായൂർക്ക് പോകാനുള്ളതാണ്. ആ തിരുസന്നിധിയിലെത്തുമ്പോൾ നമ്മുടെ ഹൃദയങ്ങളിൽ കുറെക്കൂടി ആശ്വാസം വന്നു നിറയും.”

“ശരിയാണ് നരേട്ടാ… ഇങ്ങനെ കുറെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കേണ്ടത് നമ്മുടെ ഒരാവശ്യമായി ഇപ്പോൾ തോന്നുന്നു. ഇനിയും മക്കൾ തിരികെ പോയാലും നമുക്കൊന്നിച്ച് അങ്ങനെയൊരു യാത്ര പുറപ്പെടാം. അനേകം തീർത്ഥ ഭൂമികൾ സന്ദർശിച്ച്…. തീർത്ഥസ്നാനം ചെയ്‌ത്. ഒരു പക്ഷേ ഈ ജന്മത്ത് നാമറിഞ്ഞോ അറിയാതെയോ ചെയ്‌ത എല്ലാ പാപകർമ്മങ്ങളും കഴുകിക്കളഞ്ഞ്… അങ്ങിനെ ഒരു യാത്ര കഴിയുമെങ്കിൽ ഗംഗയിൽ ഒരു പുണ്യസ്നാനം കൂടി ചെയ്‌തു കഴിയുമ്പോൾ ഈ ജന്മത്തിലെ എല്ലാ പാപ കർമ്മങ്ങൾക്കും ദോഷ പരിഹാരമാകുമെന്ന് എനിക്കു തോന്നുന്നു.”

മറ്റേതോ അലൗകികമായ ലോകത്തിൽ നിന്നെന്നപോലെ എന്‍റെ ശബ്ദമപ്പോൾ ശാന്തവും ദീപ്തവുമായിരുന്നു. സത്യത്തിൽ അങ്ങിനെയൊരു യാത്രയ്ക്കായി എന്‍റെ ഹൃദയം ഏറെ നാളായി തുടി കൊട്ടിയിരുന്നു. ആത്മാവിന്‍റെ ആഴങ്ങളെ വലയം ചെയ്‌തിരുന്ന അസ്വസ്ഥതയുടെ മുകുളങ്ങളെ പറിച്ചെറിയാനുള്ള ആവേശം എന്‍റെ വാക്കുകളിൽ നിറഞ്ഞു നിന്നു. പോരാത്തതിന് രാഹുൽ മോന്‍റെ ആത്മശാന്തിയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന മോഹം. അവനു വേണ്ടി ഗംഗയുടെ പുണ്യതീരങ്ങളിൽ ഒരു ബലിയിടൽ.

കാലത്തിന്‍റെ കൈവഴികളിലൂടെ ഒരു പൊങ്ങു തടി പോലെ ഒഴുകി പോകുമ്പോഴും ശാന്തിയുടെ തീരം പ്രാപിക്കാനാവാതെ ആ പൊങ്ങുതടി എവിടെയാണ് പൊട്ടിത്തകരുക എന്ന് പലപ്പോഴും ഞാനോർത്തിരുന്നു. പിന്നീടുള്ള ദിനരാത്രങ്ങൾ എന്‍റെ ആ നിഗമനത്തെ ശരിവയ്ക്കുന്നതായിരുന്നു.

ആത്മശാന്തിയ്ക്കായി ഞങ്ങൾ തുടരുവാൻ നിശ്ചയിച്ചിരുന്ന ആ യാത്രകൾ… അവ എന്നേയ്ക്കുമായി ഞങ്ങൾക്കുപേക്ഷിയ്ക്കേണ്ടി വരുമെന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല. ഗുരുദ്വാരയിലേയ്ക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അന്നും, പിറ്റേന്നും അതിന്‍റെ പിറ്റേന്നും ഞങ്ങൾ ടുട്ടുമോന്‍റെ കളിചിരികളിൽ മുഴുകി കഴിഞ്ഞു. അവന്‍റെ അവ്യക്‌തമായ വാമൊഴികളിൽ ഞങ്ങൾ സ്വർഗ്ഗം കണ്ടു. രാഹുൽ മോന്‍റെ മുഖസാദൃശ്യവും, ഫക്കീറിന്‍റെ വാക്കുകളും ആ കുരുന്നിനെ വേർപിരിയാനാവാത്ത വിധം ഞങ്ങളോടടുപ്പിച്ചു.

നരേട്ടൻ ജീവിതത്തിൽ അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദം അനുഭവിക്കുന്നത് ഞാൻ കണ്ടു. നരേട്ടന്‍റെ എല്ലാം മറന്നുള്ള പൊട്ടിച്ചിരികൾ ആ വീടിനുള്ളിൽ മുഴങ്ങി. ഒരുപക്ഷേ അണയാറായ ഒരു ദീപത്തിന്‍റെ ആളിക്കത്തലായിരുന്നു അതെന്ന് ഞാൻ വൈകിയാണറിഞ്ഞത്. ഒരുപക്ഷേ അന്നതറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഏറെ കരുതൽ നൽകുമായിരുന്നല്ലേ?… എങ്കിൽ ഒരുപക്ഷേ എന്‍റെ ജീവിതത്തിൽ നിന്നും നരേട്ടനെ പറിച്ചെടുക്കാൻ ഒരു ശക്തിക്കുമാകുമായിരുന്നില്ല. ഒരു മാടപ്രാവിന്‍റേതു പോലെ നിർമ്മലമായ ആ സ്നേഹത്തെ ഞാൻ കൈക്കുമ്പിളിലൊതുക്കി നിർത്തുമായിരുന്നു. ഒരു ശക്തിക്കും വിട്ടുകൊടുക്കാതെ… കൂടുതൽ ഇറുകെപ്പുണർന്ന് അപ്പോഴേയ്ക്കും കാലം എന്നെ അതിനു പ്രാപ്തയാക്കിയിരുന്നു.

മറ്റൊരാളെ വിവാഹം കഴിച്ച്, ചാരിത്യ്രഭംഗം വന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ ആത്മാർത്ഥ പ്രേമം എന്നത് കേവലം ശാരീരികമായ ഒരാകർഷണമല്ല, മറിച്ച് ആത്മാവിന്‍റെ ലയിച്ചു ചേരലാണെന്ന് അദ്ദേഹമറിഞ്ഞിരുന്നു. നരേട്ടന്‍റെ ഹൃദയവും എന്നോടുള്ള വികാരങ്ങളും എത്രമാത്രം നിർമ്മലമാണെന്ന് തിരിച്ചറിഞ്ഞ കാലം തൊട്ട് ഞാനദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിക്കാൻ പരിശ്രമിച്ചിരുന്നു. ആ പരിശ്രമം വിജയപഥത്തിലെത്തിയ നാളുകളിലൊന്നിൽ മരണം ഒരു കഴുകനെപ്പോലെ പറന്നെത്തി എന്‍റെ കൈക്കുമ്പിളിൽ നിന്ന് ആ ഹൃദയത്തെ കൊത്തിയെടുത്ത് പറന്നു കഴിഞ്ഞിരുന്നു. അതെ… നരേട്ടനും… ഫഹദ്സാറും… രണ്ടുപേരും എനിക്കു പകർന്നു നൽകിയത് ആത്മാർത്ഥ പ്രണയത്തിന്‍റെ ദീപ്തജ്വാലകളായിരുന്നു. ലോകത്തിൽ രണ്ടു പുരുഷന്മാരെ വിവാഹം കഴിക്കേണ്ടി വന്ന ചുരുക്കം ചില സ്ത്രീകൾക്കു മാത്രം ലഭിച്ചിട്ടുള്ള ആ സൗഭാഗ്യം. പക്ഷേ ആ ഭാഗ്യം ദൗർഭാഗ്യമാക്കി മാറ്റി ഈശ്വരൻ എന്നിൽ നിന്നും അടർത്തിയെടുത്ത്, അവരിരുവരേയും എനിക്കു നഷ്ടപ്പെടുത്തിയത് വളരെ പെട്ടെന്നാണ്.

അതെ! അന്ന് രണ്ടുനാളുകൾ കഴിഞ്ഞ് ഒരു പുലർ കാലത്ത്, കേരളത്തിലേയ്ക്കുള്ള ഫ്ളൈറ്റിൽ, ഞങ്ങൾ ഗുരുവായൂർക്ക് യാത്ര പുറപ്പെട്ടു. നരേട്ടന്‍റെ മടിയിൽ ടുട്ടുമോൻ ഉല്ലാസവാനായിരുന്നു. അവൻ തന്‍റെ പിഞ്ചിളം കാൽ നരേട്ടന്‍റെ നെഞ്ചത്തമർത്തി കുതിച്ചു കൊണ്ടിരുന്നു. പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയ്ക്കിടയിൽ അവൻ അവ്യക്തമായി അപ്പൂപ്പാ എന്ന് വിളിക്കുന്നുണ്ടായിരുന്നു. അതു കണ്ട് ദേവാനന്ദ് ചിരിച്ചു കൊണ്ട് ഇംഗ്ലീഷിൽ തിരുത്തി കൊടുത്തു ഗ്രാൻഡാ പാ എന്ന്.

യാത്രയ്ക്കിടയിൽ മുഴുവൻ സമയവും അവൻ നരേട്ടന്‍റെ കൈകളിൽ തന്നെയായിരുന്നു. ഇത്രയധികസമയം അവനെ കൈകളിലെടുത്തു ലാളിക്കുന്നത് നരേട്ടന്‍റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന സംശയം എനിയ്ക്കുണ്ടായിരുന്നു. എന്നാൽ ഒരിയ്ക്കലും വേർപിരിയാനാവാത്ത വിധം ആ ഹൃദയങ്ങൾ ഒട്ടിച്ചേർന്നു കഴിഞ്ഞുവെന്ന് ആർക്കും ഊഹിക്കാനാവുമായിരുന്നു.

“അവന് പപ്പായെത്തന്നെ മതിയല്ലോ… ഇനി ഞങ്ങളുടെ ഒപ്പം അവൻ വരികയില്ലെന്നു വരുമോ?…” കൃഷ്ണമോൾ സംശയം പ്രകടിപ്പിച്ചു.

“അതെ… അവനിനി എന്‍റെ കൂടെത്തന്നെയുണ്ടാകും. നിങ്ങൾ അവനെ എന്‍റടുത്ത് നിർത്തിയിട്ടു പൊയ്ക്കോളൂ… ഞങ്ങൾ അവനെ നോക്കി വളർത്തിക്കോളാം… നരേട്ടന്‍റെ വാക്കുകൾ കേട്ട് കൃഷ്ണമോൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“അത് നല്ല കാര്യമാണല്ലോ പപ്പാ… എനിക്കും ദേവേട്ടനും സുഖമായി ഓഫീസിൽ പോയി വരാം…”

“അതെ, അങ്ങനെ തന്നെ മതി എനിക്കിനി ഇവനില്ലാതെ ജീവിയ്ക്കാൻ പറ്റുകയില്ല…”

ആ വാക്കുകൾ യഥാർത്ഥത്തിലുള്ളതായിരുന്നു. നരേട്ടന് ഒരിയ്ക്കലും അവനെ വേർപിരിയാൻ കഴിയുമായിരുന്നില്ല. അവനെ കണ്ടതു മുതൽ രാഹുൽമോന്‍റെ നഷ്ടം ഞങ്ങൾ രണ്ടുപേരും മറന്നു തുടങ്ങിയിരുന്നു. ഇനിയുമൊരു വേർപാട്… അത് എന്നെക്കാളേറെ നരേട്ടന് അസഹ്യമാകുമെന്നു തോന്നി. കൃഷ്ണമോൾ പകുതി കാര്യമായും, പകുതി തമാശയായും ആ വാക്കുകളെ ചിരിച്ചു തള്ളി. എന്നാൽ അവളുടെ ഉള്ളിന്‍റെ ഉള്ളിൽ ഒരു നിമിഷത്തേയ്ക്കെങ്കിലും അത്തരമൊരു മോഹം ഉടലെടുത്തു കാണുമെന്ന് എനിക്കറിയാമായിരുന്നു.

ഓഫീസിലെ തിരക്കുള്ള ജോലിയ്ക്കിടയിൽ പലപ്പോഴും കുഞ്ഞിന്‍റെ കാര്യം അവർക്കൊരു ബാധ്യതയാകുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു വേലക്കാരിയെ കിട്ടാനില്ലാത്ത അവസരങ്ങളിൽ. പലപ്പോഴും ലീവെടുത്ത് അവർ മാറി മാറി നിന്ന് കുഞ്ഞിനെ നോക്കേണ്ടി വരാറുണ്ടായിരുന്നു. പെട്ടെന്ന് എന്തോ ആലോചിച്ച് കൃഷ്ണമോൾ പറഞ്ഞു.

“എങ്കിൽ പപ്പയും മമ്മിയും ഡൽഹിയിലെ വീട് വിറ്റ് ഞങ്ങളുടെ കൂടെ പോരൂ… പപ്പ റിട്ടയർ ചെയ്‌തല്ലോ. മമ്മിയും വോളന്‍ററി റിട്ടയർമെന്‍റ് എടുക്കൂ… നമുക്കെല്ലാവർക്കും കൂടി ബാംഗ്ലൂരിൽ ഒരു ഫ്ളാറ്റു വാങ്ങി സുഖമായി കഴിയാം.” അവൾ നേരത്തെ മറ്റെന്തൊക്കെയോ കണക്കു കൂട്ടുന്നുണ്ടെന്ന് എനിക്കു തോന്നിയിരുന്നു.

അവളുടെ ഭർത്താവിന്‍റെ കൂട്ടുകുടുംബത്തിൽ നിന്ന് രക്ഷനേടാനുള്ള മാർഗ്ഗം ചിലപ്പോൾ സ്വന്തമായി ഒരു ഫ്ളാറ്റു വാങ്ങി അങ്ങോട്ട് മാറുക എന്നുള്ളതായിരിക്കാം. അതിനുവേണ്ടി പണം സംഘടിപ്പിക്കുവാൻ വേണ്ടിയായിരിക്കണം അവൾ വീടു വിൽക്കുവാൻ ആവശ്യപ്പെടുന്നത്. കൃഷ്ണമോളുടെ വാക്കുകൾ കേട്ട് നരേട്ടൻ പറഞ്ഞു.

“അതെ… അതു ശരിയാണ്. അതിനെപ്പറ്റി ഗൗരവമായിട്ട് ആലോചിക്കേണ്ടിയിരിക്കുന്നു. തിരിച്ച് ഡൽഹിയിലെത്തട്ടെ… നമുക്ക് ഒരു തീരുമാനത്തിലെത്താം.”

ആ വാക്കുകൾ എന്നിലൊരു നടുക്കമുളവാക്കി. അപ്പോൾ എന്‍റെ ജോലി. ഡൽഹിയിലെ മറ്റു കാര്യങ്ങൾ എല്ലാമുപേക്ഷിക്കുകയോ… എന്താണ് നരേട്ടൻ ഉദ്ദേശിക്കുന്നത്.

വീടു വിറ്റു കിട്ടുന്ന പണത്തിൽ ഒരു ഭാഗം സ്ത്രീധനമായി ദേവാനന്ദിന്‍റെ വീട്ടുകാർക്കു കൊടുക്കുവാനും ബാക്കി പണം ഫ്ളാറ്റു വാങ്ങാനുപയോഗിക്കുവാനുമായിരിക്കും അവളുടെ പ്ലാൻ. അങ്ങിനെയെങ്കിൽ ഞങ്ങൾ തികച്ചും വഴിയാധാരമായതു തന്നെ. എന്‍റെ മനസ്സു പറഞ്ഞു. ഏതായാലും ഇപ്പോൾ അതേപ്പറ്റി ഒരു ചർച്ചവേണ്ടെന്നു നരേട്ടനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തണം. ഞാൻ തീരുമാനിച്ചു.

ഞങ്ങളുടെ ഫ്ളൈറ്റ് മെല്ലെ മെല്ലെ എയർപോർട്ടിലേയ്ക്ക് താണിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ജീവിതത്തിൽ അനിശ്ചിതമായ പലതും ഞങ്ങളെ പിന്നിട്ടു കൊണ്ടിരുന്ന വെൺമേഘങ്ങളിൽ ഉപേക്ഷിച്ച് സുനിശ്ചിതമായ മറ്റൊരു യാത്ര തുടരുവാൻ ഞങ്ങൾ പ്രേരിതരായി.

എങ്കിലും എന്‍റെ മനസ്സപ്പോൾ എന്തിനെന്നറിയാതെ തുടിച്ചു കൊണ്ടിരുന്നു. അജ്ഞാതമായ ഏതോ അസ്വാസ്‌ഥ്യങ്ങളിലേയ്ക്ക് ഹൃദയം വഴുതി വീഴുന്നതു പോലെ.

ഞങ്ങളുടെ ഫ്ളൈറ്റ് നെടുമ്പാശേരിയിൽ താണിറങ്ങുമ്പോൾ അസന്തുഷ്ടമായ ഒരു ഭൂതകാലം മുന്നിൽ ഇതൾ വിടരുന്നതായി എനിക്കനുഭവപ്പെട്ടു. ഓർമ്മകളിൽ മനസ്സ് കൈവിട്ട് പോകുന്നതു പോലെയും.

ഒരു നിമിഷം മനസ്സു പതറിയോ? ഇനിയങ്ങോട്ട് ഏതോ ദുരനുഭവങ്ങൾ എന്നെ കാത്തിരിക്കുന്നതായി മനസ്സു പറഞ്ഞു.

മരവിച്ച മനസ്സുമായി തളർന്നിരിയ്ക്കുമ്പോൾ ആ അനൗൺസ്മെന്‍റ് ഒഴുകിയെത്തി. ഞങ്ങളുടെ ഫ്ളൈറ്റ് കേരളമെന്ന മനോഹര ഭൂപ്രദേശത്തെ പുൽകുകയാണെന്ന അനൗൺസ്മെന്‍റ്…

നെടുമ്പാശേരിയിൽ ഞങ്ങളുടെ ഫ്ളൈറ്റ് മെല്ലെമെല്ലെ ഒരു കഴുകനെ പ്പോലെ താണിറങ്ങി എയ്റോഡ്രോമിലെ പുൽപ്പരപ്പിൽ തൊട്ടയുടനെ ഒരു ദീർഘശ്വാസം എന്നിൽ നിന്നും അടർന്നു വീണു. ഇതാ വീണ്ടും ഒരിയ്ക്കൽ കൂടി ഉപേക്ഷിക്കപ്പെട്ട പലതും എന്നിൽ ഉയർന്നെഴുന്നേൽക്കുവാൻ തുടങ്ങുന്നു.

ഇവിടെ ഈ മണ്ണിലുറങ്ങുന്ന എന്‍റെ സ്വപ്നങ്ങൾ. കൈവിടാനാകാതെ മുറുകെപ്പിടിക്കാൻ തുനിഞ്ഞ ബന്ധങ്ങൾ… ബന്ധനങ്ങൾ എല്ലാമെല്ലാം ഓർമ്മയുടെ ആവനാഴിയിൽ വീണ്ടും വീണ്ടും വന്നു നിറയാൻ തുടങ്ങുന്നു. വേണ്ട ഒന്നുമോർക്കേണ്ട… ആ ഓർമ്മകൾ ഒരു പക്ഷേ വീണ്ടുമൊരിക്കൽ കൂടി മനസ്സിനേയും ശരീരത്തേയും ചുട്ടുപൊള്ളിച്ചേക്കാം. താനിന്നൊരമ്മയാണ്… ഭാര്യയാണ്… അതിലുപരി ഒരു മുത്തശ്ശിയായി കഴിഞ്ഞവളാണ്. നരേട്ടനിലും എന്‍റെ കുടുംബത്തിലും മാത്രം ഒതുങ്ങേണ്ടവൾ. സ്നേഹത്തിന്‍റെ ആ സുവർണ്ണ ബലികുടീരം ഈ മണ്ണിലും എന്‍റെ മനസ്സിലും മാത്രം ഉറങ്ങിക്കിടക്കട്ടെ…

ഒരിയ്ക്കലും ഉണരാതെ…

“വാഹ്…. ബ്യൂട്ടിഫുൾ പ്ലേസ്…”

ദേവാനന്ദ് ചുറ്റിനും നോക്കി അത്ഭുതത്തോടെ പ്രതിവചിക്കുന്നത് കേട്ടാണ് ഞാൻ ഞെട്ടിത്തിരിഞ്ഞത്. കേരളത്തിന്‍റെ രൂപഭംഗിയിൽ മനം മയങ്ങിയെന്ന പോലെ ദേവാനന്ദ് അൽപനേരം നിന്നു. പിന്നെ ഫോട്ടോകൾ എടുക്കാൻ തുടങ്ങി. ഞങ്ങൾ ഓരോരുത്തരേയും, പിന്നെ എല്ലാവരെയും ഒന്നിച്ചു നിർത്തിയും, മോനോടൊപ്പം മാത്രമായിട്ടും, അങ്ങിനെ നിരവധി ഫോട്ടോകൾ നെടുമ്പാശേരി എയർപോർട്ടിന്‍റെ പശ്ചാത്തലത്തിൽ ദേവാനന്ദ് എടുത്തു. എല്ലാം കഴിഞ്ഞ് ടാക്സി കാറിലേയ്ക്കു കയറും മുമ്പ് നരേട്ടൻ പറഞ്ഞു.

“മോനോടൊപ്പം എടുത്ത ആ ഫോട്ടോകളിൽ ചിലത് ഞങ്ങൾക്ക് വേണം. ഞങ്ങളുടെ ആൽബത്തിൽ സൂക്ഷിക്കാൻ.”

ഭൂതകാലത്തിന്‍റെ നനുത്ത പ്രകാശം സ്ഫുരിക്കുന്ന ആ സ്മരണകളെ ഒരു കുഞ്ഞിനെയെന്ന പോലെ തൊട്ടുതലോടുമ്പോഴോർത്തു, ആൽബത്തിൽ സൂക്ഷിയ്ക്കുവാനായി നരേട്ടൻ ചോദിച്ചു വാങ്ങിയ ആ ഫോട്ടോകളുടെ അവകാശി ഇന്ന് ഞാൻ മാത്രമാണ്.

എന്നെന്നും ഒരു വിഷാദസ്മിതം വിരിയിച്ചു കൊണ്ട്, ഉണരുന്ന ഓർമ്മകളെ തഴുകാനായി മാത്രം ഞാനാഫോട്ടോകൾ ഇന്നും സൂക്ഷിക്കുന്നു. ഒരു നിധി പോലെ.

പ്രൊഫ. മീരാ നാരായണൻ തലയിണയ്ക്കിടയിൽ താൻ സൂക്ഷിച്ചിരുന്ന ആൽബം മെല്ലെ വലിച്ചെടുത്തു. ഹോസ്പിറ്റലിലേയ്ക്കു പോരുമ്പോൾ ഞാൻ ഒരു നിധി പോലെ കൈയ്യിലെടുത്ത ഏതാനും വസ്തുക്കളിലൊന്ന് ആ ആൽബമായിരുന്നു. ഉണരുന്ന ഓർമ്മകളെ ഹൃദയത്തോട് ചേർത്തു തഴുകാൻ. ഒരു കാലഘട്ടത്തിന്‍റെ മരിയ്ക്കാത്ത മധുര സ്മരണകളിലൂടെ ജീവിതത്തെ വീണ്ടും വീണ്ടും പുണരാൻ. എനിക്കതതാവശ്യമായിരുന്നു.

പക്ഷേ ഇന്നിപ്പോൾ ആ ഓർമ്മകൾ, ചിലപ്പോഴെങ്കിലും അണയാതെ കിടന്ന ഒരു കനൽ പോലെ എന്‍റെ മനസ്സിനെ ചുട്ടു പൊള്ളിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ഒറ്റപ്പെടലിന്‍റെ ഈ തുരുത്തിൽ ഒരു നനുത്ത പച്ചപ്പായി ആ ഓർമ്മകൾ പെയ്തിറങ്ങിയെങ്കിൽ എന്ന് ഞാനറിയാതെ ആഗ്രഹിച്ചു പോകുന്നു. അതിനുവേണ്ടിയാണ് ആ ഓർമ്മകളെ വീണ്ടും വീണ്ടും ഞാനിന്നു ഹൃദയത്തിലിട്ടു താലോലിക്കുന്നത്. വീണ്ടും ഓർമ്മകളുടെ താഴ്വരയിൽ ഒരു കുളിർമഴയായി പെയ്തിറങ്ങുമ്പോൾ.

“മാഡം, ഈ ഇഞ്ചകഷ്‌ൻ ഒന്നെടുത്തോട്ടെ… ആ വലതുകരം ഒന്നു നീട്ടിത്തരൂ…” ഹിന്ദിയിലുള്ള അഭ്യർത്ഥന കേട്ട് ഒരു നിമിഷം ഞെട്ടിത്തിരിഞ്ഞു നോക്കി. തൂവെള്ള ഡ്രസ്സണിഞ്ഞ് ഒരു വിശുദ്ധയെപ്പോലെ പുഞ്ചിരി തൂകി നിൽക്കുന്ന സിസ്റ്റർ.

ഒരു മായിക സ്വപ്നത്തിൽ നിന്നുണർന്നാലെന്നപോലെ വർത്തമാന കാലത്തിന്‍റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലേയ്ക്ക് വീണ്ടും. വലതുകരം സിസ്റ്ററിനു നേരെ നീട്ടിപ്പിടിക്കുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു. ആ ഒരു വേദന പോലും സഹിയ്ക്കാനുള്ള ത്രാണിയപ്പോൾ ഇല്ലെന്നു തോന്നി. അൽപ സമയത്തിനുള്ളിൽ ആ പാദപതനം അകന്നകന്നു പോയി. ഇറുകെപ്പൂട്ടിയ മിഴിയ്ക്കുള്ളിൽ ഓർമ്മകൾ വീണ്ടും തിരയിളകി.

പ്രകൃതി രമണീയത  നിറഞ്ഞ സ്‌ഥലങ്ങൾ പിന്നിട്ടു കൊണ്ട് ഞങ്ങളുടെ കാർ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. പച്ചത്തഴപ്പാർന്ന മലനിരകളും, പാടവരമ്പുകളും വരമ്പത്തു പറന്നിറങ്ങുന്ന വെള്ള കൊക്കുകളും, ഇടയിലൂടൊഴുകുന്ന കൊച്ചു പുഴകളും. അവയിൽ നിറഞ്ഞു നിൽക്കുന്ന ആമ്പലും കൂമ്പിയതും വിടർന്നതുമായ താമരപ്പൂക്കളം, എല്ലാ കൂടിച്ചേർന്ന് ഒരു സുന്ദര സുരഭില ഭൂപ്രദേശം ഞങ്ങളുടെ കണ്മുന്നിൽ വിരിഞ്ഞു വന്നു. പ്രകൃതിയുടെ കാൻവാസിൽ ആരോ വരച്ചിട്ട സുന്ദര ചിത്രം പോലെ… ദേവാനന്ദ് അവയെല്ലാം കണ്ടാസ്വദിച്ചിരുന്നു.

ഇടയ്ക്ക് പാടവരമ്പത്തു നിന്നും കൂട്ടത്തോടെ പറന്നുയരുന്ന കൊറ്റികളെ നോക്കി അയാൾ ആനന്ദതുന്ദിലനായി പറയുന്നതു കേൾക്കാമായിരുന്നു.

“വാഹ്… ദിസീസ് റിയലി ഗോഡ്സ് ഓൺ കൺട്രി… ഹൗ ബ്യൂട്ടി ഫുൾ ഈസ് ദിസ് വണ്ടർ ഫുൾ പ്ലോസ്…”

“വാഹ്… വാഹ്…” പലപ്പോഴും അത്തരം ചില അതിശയോക്തികളും ദേവാനന്ദ് തുടരെ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. അതെല്ലാം കേട്ട് തെല്ലഹങ്കാരത്തോടെ കൃഷ്ണമോൾ പറയുന്നുണ്ടായിരുന്നു “ഇപ്പോൾ മനസ്സിലായില്ലെ?…. ഗോതമ്പു പാടങ്ങൾ നിറഞ്ഞ നിങ്ങളുടെ നാടിനെക്കാൾ എത്ര മനോഹരമാണ് ഞങ്ങളുടെ നാടെന്ന്…”

(തുടരും)

യാത്രയ്ക്കൊടുവിൽ

റിസർവ്വ് ചെയ്ത സീറ്റിനരികിൽ അയാൾ വന്നിരുന്നപ്പോഴാണ് മയക്കത്തിലായിരുന്ന ജാനകി ഉണർന്നത്. ചെന്നൈയിൽ നിന്ന് ബസ്സ് പുറപ്പെട്ടിട്ട് ഇപ്പോൾ ഏതാണ്ട് രണ്ടു മണിക്കൂറിലധികം ആയി. ബാഗ് എടുത്തു ഒതുക്കി വയ്ക്കുന്നതിനിടയിൽ അടുത്തു വന്നിരുന്ന ആളുടെ മുഖം ജാനകി ശ്രദ്ധിച്ചു. നല്ല പരിചയമുള്ള രൂപം. എവിടെയോ കണ്ട് മറന്നതു പോലെ. മങ്ങിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും. ജാനകിക്ക് അയാളുടെ മുഖം വ്യക്‌തമായി കാണാമായിരുന്നു. കുറച്ചു സമയമെടുത്തെങ്കിലും അവളുടെ ഓർമ്മകളിൽ ആ മുഖം തെളിഞ്ഞു വന്നു…

മനു നാരായണൻ, വർഷങ്ങൾക്കു മുമ്പ് ജാനകിയുടെ വീട്ടുകാർ മാട്രിമോണിയൽ സൈറ്റിൽ നോക്കി മാച്ചിംഗ് കണ്ടുപിടിച്ചതിൽ അവസാനത്തെയാൾ. ഫോണിലും, ഇൻറന്‍റർനെറ്റിലും എത്രയോ തവണ സംസാരിച്ചിരിക്കുന്നു. ഒരിക്കൽ നേരിട്ട് കണ്ടിട്ടുമുണ്ട്. അതൊക്കെ കഴിഞ്ഞ് ഇപ്പോൾ പത്തുവർഷത്തിലേറെയായി. ജാനകി പക്ഷേ ഈ സന്ദർഭത്തെ എങ്ങനെ കൈാര്യം ചെയ്യുമെന്നാലോചിച്ച് വല്ലാതെ അസ്വസ്ഥയായി. അയാൾ തന്നെ തിരിച്ചറിയുമോ എന്ന് ജാനകി ചിന്തിച്ചു കൊണ്ടിരുന്നു.

മാട്രിമോണിയൽ സൈറ്റുകൾ പലതും തെരഞ്ഞതിനു ശേഷമാണ് ഒരുപാട് ആളുകൾക്കിടയിൽ നിന്ന് അന്ന് മനു നാരായണന്‍റെ പ്രൊഫൈൽ തെരഞ്ഞെടുത്തത്. അന്ന് പക്ഷേ ആ വിവാഹാലോചന മുന്നോട്ടു പോയില്ല. ഒരുപാട് കാര്യങ്ങളിൽ സാമ്യതകളുണ്ടായിരുന്നെങ്കിലും മനു നാരായണനുമായി സംസാരിച്ച് ആ ബന്ധം മുന്നോട്ടു കൊണ്ടു പോകാൻ എന്തു കൊണ്ടോ സാധിച്ചില്ല. ഇതിനു മുമ്പ് പല വ്യക്‌തികളുമായും ഇതേ പ്രശ്നം ജാനകി നേരിട്ടിരുന്നു.

മനു നാരായണനുമായി അതേ പ്രശ്നം വന്നപ്പോഴാണ് ഇത് ഏതെങ്കിലും ഒരാളുമായി വന്ന കുഴപ്പമല്ല എന്ന് മനസ്സിലായത്. അതിനു ശേഷമാണ് അറേഞ്ച് മ്യാരേജ് എന്ന കൺസെപ്റ്റ് തന്നെ ജാനകി മറന്നു തുടങ്ങിയത്.

“ഒരുപാട് പേർക്ക് അറേഞ്ച് മ്യാരേജ് എന്ന ഓപ്ഷൻ നടക്കുമായിരിക്കും. പക്ഷേ എനിക്കത് ചേരില്ല അമ്മ…”

ജാനകി അമ്മയോടത് പറഞ്ഞ് അവസാനിപ്പിച്ചു. പിന്നീട് ആ വീട്ടിൽ വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. വോൾവോ ബസ്സിലെ ടിക്കറ്റിൽ സ്നാക്സും ഉൾപ്പെടുത്തിയിരുന്നു. കണ്ടക്ടർ എല്ലാ സീറ്റിലും സ്നാക്സും മറ്റും വിതരണം ചെയ്യാൻ തുടങ്ങി. ജാനകി ഒട്ടും കംഫർട്ടില്ലാതെയാണ് സീറ്റിൽ ഇരുന്നത്. കണ്ടക്ടർക്ക് സ്നാക്സ് വിതരണം ചെയ്യുന്നതിനിടയിൽ ഇടയ്ക്ക് ബാലൻസ് തെറ്റുന്നുണ്ടായിരുന്നു. മനു അയാളെ സഹായിക്കുന്നതിനു വേണ്ടി ഒരു കൈത്താങ്ങ് കൊടുത്തു. ഒന്നു ചിരിച്ച് നന്ദി പറഞ്ഞ ശേഷം സ്നാക്സ് പ്ലേയ്റ്റ് തൊട്ടടുത്തിരിക്കുന്ന ആൾക്ക് കൊടുക്കുമോ എന്ന് കണ്ടക്ടർ മനുവിനോട് ചോദിച്ചു.

“അതിനെന്താ…”

മനു നാരായൺ മറുപടിയായി പറഞ്ഞു കഴിഞ്ഞ് തെർമോക്കോൾ പ്ലേയ്റ്റ് ജാനകിക്കായി കൈമാറി. മനു തന്നെ ശ്രദ്ധിക്കാതിരിക്കാൻ വേണ്ടി കണ്ണുകൾ താഴ്ത്തിയാണ് ജാനകി പ്ലേയ്റ്റ് വാങ്ങിയത്. തന്നെ മനു ശ്രദ്ധിക്കുന്നുണ്ടോ അതോ താൻ വെറുതെ ആലോചിച്ചു കൂട്ടുന്നതാണോ എന്ന് കൂടി ജാനകി ചിന്തിക്കാതിരുന്നില്ല. മനു തനിക്കു കിട്ടിയ സ്നാക്സ് കഴിക്കുകയാണ്. ജാനകിയും അത് തുടർന്നു.

ഇടയ്ക്കെപ്പോഴോ പതിഞ്ഞ ശബ്ദത്തിൽ “നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ, ഒരു പരിചയം പോലെ തോന്നുന്നു” സ്നാക്സ് കഴിച്ചു കൊണ്ടു തന്നെ മുഖം തിരിച്ച് മനു ചോദിച്ചു. ജാനകിക്ക് തന്‍റെ ഹൃദയം വേഗത്തിലിടിക്കുന്ന പോലെ തോന്നി. മനു തന്നെ ഓർത്തെടുക്കുന്നുണ്ടോ. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം.

“ഇയാളെവിടെയോ…” ഒന്നു നിർത്തിയതിനു ശേഷം ആലോചിച്ച്” ജാനകി രാമൻ അല്ലേ” മനു പെട്ടെന്നു തന്നെ പറഞ്ഞു.

ജാനകി തന്‍റെ കണ്ണുകൾ ഒന്നു വെട്ടിച്ച ശേഷം മനുവിനെ മനസ്സിലാകാത്ത പോലെ ഇരുന്നു.

“എന്നെ ഓർക്കുന്നില്ലേ, ഞാൻ മനു നാരായണൻ. 2005 ൽ ഒരു വിവാഹാലോചനയുമായി ബന്ധപ്പെട്ട് നമ്മൾ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.” ഇതു പറഞ്ഞ ശേഷം മനു ഒരു സർപ്രൈസ് വന്നതു പോലെ കുലുങ്ങി ചിരിച്ചു.

ജാനകി ഓർത്തെടുക്കുന്ന പോലെ…

“അതെ, ശരിയാണ് ഇപ്പോളോർക്കുന്നു. ഞാനൊരിക്കലും കരുതിയില്ല നമ്മളിങ്ങനെ വീണ്ടും കാണുമെന്ന്… ഇപ്പോൾ എവിടെ പോകുന്നു?”

മനു അയാളുടെ മകനെ ഊട്ടിയിലെ ബോർഡിംഗ് സ്കൂളിൽ നിന്നും വെക്കേഷന് കൊണ്ടുവരാൻ പോവുകയാണെന്ന് മറുപടിയായി പറഞ്ഞു.

“എന്‍റെ മകളും അവിടെ ബോർഡിംഗിലാണ് പഠിക്കുന്നത്. ഞാൻ അവളെ തിരിച്ച് കൊണ്ട് വരാൻ പോവുകയാണ്.” ജാനകി കുറച്ചു കൂടി കംഫർട്ടായി എന്ന പോലെ സംസാരിച്ചു.

“ഏത് സ്റ്റാൻഡേർഡിലാണ് മോള് പഠിക്കുന്നത്. ഏതാ സ്ക്കൂൾ?” മനു വിശദമായി അറിയാനെന്ന ഭാവത്തിൽ ചോദിച്ചു.

“അവളിപ്പോ ഏഴാം സ്റ്റാൻഡേർഡിലായി. ഗുഡ് ഷെപ്പേർഡിലാണ്. മകനെത്രയിലാ, ഏത് സ്ക്കൂളിലാ പഠിക്കുന്നത്?” “ലോറൻസില് ഏഴാം സ്റ്റാൻഡേർഡിൽ തന്നെ” അയാൾ വളരെ സ്വഭാവികമെന്നോണം മറുപടി പറഞ്ഞു.

“അതുശരി” ഇതു പറഞ്ഞു കൊണ്ട് ജാനകി മന്ദഹസിച്ചു. ഇനിയെന്താണ് പറയേണ്ടത് എന്നതിനെക്കുറിച്ച് അവൾക്കൊരു എത്തും പിടിയും കിട്ടിയിരുന്നില്ല. വളരെ ക്യാഷ്വലായി ചില കാര്യങ്ങൾ തുടർന്ന് പറഞ്ഞ് കൊണ്ട് നിലവിലെ മൂകതയിൽ നിന്നും മോചനം തേടി. ഊട്ടിയിലെ ബോർഡിംഗ് സ്കൂളുകളെക്കുറിച്ചും, അവിടത്തെ സൗകര്യങ്ങളെ പറ്റിയും കാലാവസ്ഥയെക്കുറിച്ചും സിലബസിന്‍റെ രീതികളെക്കുറിച്ചും അവർ സംസാരിച്ചു.

ബസ്സ് കുറച്ചു നീങ്ങിയതിനു ശേഷം കണ്ടക്ടർ ഒരു പതിനഞ്ച് മിനിറ്റ് വഴിയിൽ നിർത്തുന്നുണ്ടെന്ന അറിയിപ്പുമായി വന്നു. യാത്രക്കാരിൽ ചിലർ ടോയ്‍ലെറ്റിൽ പോകുവാനായി ഇറങ്ങി. ജാനകിയും മനുവും പുറത്തിറങ്ങി തൊട്ടടുത്ത പെട്ടിക്കടയിൽ നിന്നും ചൂടുള്ള ചായ പറഞ്ഞു.

“ഹസ്ബെന്‍റ് എന്തു ചെയ്യുന്നു.” മനുവിന്‍റെ ഈ ചോദ്യം ജാനകി പ്രതീക്ഷിച്ചതാണ്. അവൾ ചായയെടുത്ത് കുടിച്ച ശേഷം പറഞ്ഞു.

“ഞാൻ കല്യാണം കഴിച്ചിട്ടില്ല. എന്‍റെ മകൾ താരയെ ഒരു വയസ്സുള്ളപ്പോൾ ദത്തെടുത്തതാണ്.” മനു തീരെ പ്രതീക്ഷിക്കാത്ത ഒന്ന് കേട്ട പോലെയാണ് ജാനകി പറഞ്ഞത് ശ്രവിച്ചത്.

“അല്ല, അപ്പോൾ ജാനകി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. ഒരു കുട്ടിയെ ദത്തെടുത്ത് വളർത്തുന്നു. ജാനകിയോട് ഇപ്പോൾ ബഹുമാനവും ആദരവുമൊക്കെ തോന്നുന്നുണ്ട്.” മനുവിന് ഒരു നല്ല കാര്യം കേട്ടതു പോലെ ജാനകിയ്ക്ക് തോന്നി. മനോഹരമായ ചിരി അതിനു പകരമായി നൽകി.

“മിസിസ് നാരായണൻ എന്തു ചെയ്യുന്നു.”

“അമ്മ…?” ഒരിക്കൽ മനുവിന്‍റെ അമ്മയുമായി ഫോണിൽ സംസാരിച്ചതിന്‍റെ ഓർമ്മയിലാണോ ജാനകി ചോദിക്കുന്നതെന്ന ഭാവത്തിൽ അയാൾ സംശയത്തോടെ…

“അല്ല… ഞാനുദ്ദേശിച്ചത് ഭാര്യയെക്കുറിച്ചാണ്.” ജാനകി ഒന്നു കൂടി വ്യക്‌തമാക്കി.

“ഓഹോ” മനു ചെറിയൊരു മൗനത്തിനു ശേഷം ചായഗ്ലാസ് കുടിച്ചത് കടയിലെ തട്ടിലേക്ക് എടുത്തു വച്ചു.

“എന്‍റെ ഭാര്യ മരിച്ചിട്ട് ഇപ്പോൾ നാലുവർഷമായി” അവർക്കിടയിലെ ചെറിയൊരു മൗനത്തിനു ശേഷം ജാനകി ചോദിച്ചു.

“മനുവിന് ഓർമ്മയുണ്ടോ നമ്മൾ തമ്മിലുള്ള വിവാഹലോചന എന്തുകൊണ്ടാണ് മുന്നോട്ടു പോകാഞ്ഞതെന്ന്.”

“അന്ന് നമ്മുടെ വിവാഹം കുറച്ചു കൂടി നീട്ടിവയ്ക്കണമെന്ന് ജാനകി ആവശ്യപ്പെട്ടു എന്നാണ് എന്‍റെ ഓർമ്മ” വളരെ കൃത്യമെന്നോണം യാതൊരു സംശയവുമില്ലാതെയാണ് മനു അത് പറഞ്ഞത്.

“അങ്ങനെയല്ല. എനിക്ക് മനുവുമായി കൂടുതൽ സമയം ചെലവഴിക്കണം. പരസ്പരം മനസ്സിലാക്കണം. നമ്മുടെ താൽപര്യങ്ങൾ ഒരുമിച്ച് കൊണ്ടു പോകാൻ പറ്റുന്നതാണോ എന്ന് നോക്കണം. എനിക്കറിയാം മനു ഒരു നല്ല കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന്. ഒരു ബാച്ചിലർ വിവാഹം ആലോചിക്കാൻ തുടങ്ങുമ്പോൾ വേണ്ട എല്ലാ ക്വാളിറ്റിയും മനുവിന്‍റെ പ്രപ്പോസലിൽ ഉണ്ടായിരുന്നു. പക്ഷേ മനുവെന്ന വ്യക്‌തിയെ മനസ്സിലാക്കാൻ എനിക്ക് സമയം വേണമായിരുന്നു. എനിക്കൊരു ലോംഗ് ടേം കമിറ്റ്മെന്‍റിലേക്ക് ഇറങ്ങും മുമ്പ് ആളെക്കുറിച്ച് വ്യക്‌തമായൊരു ധാരണ വേണമെന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. പക്ഷേ മനുവിന് അത് സാധ്യമായിരുന്നില്ല. എത്രയും വേഗം വിവാഹ തീയതി നിശ്ചയിക്കണമെന്നായിരുന്നു.

കല്യാണം കഴിച്ചതിനു ശേഷം എന്‍റെ രീതികൾ മനുവിന് ഇഷ്‌ടപ്പെടാതിരിക്കുകയും അതുവരെ ഉണ്ടായിരുന്ന നല്ല നിമിഷങ്ങളെല്ലാം പെട്ടെന്നൊരു ദിവസം ഇല്ലാതാകുകയും ചെയ്താൽ അതൊക്കെ സ്വയം വരുത്തി വച്ചതാണെന്ന രീതിയിൽ സമാധാനിക്കാനും എനിക്കാവില്ല. ഒരാളെ മനസ്സിലാക്കാതെ കല്യാണം കഴിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. വിവാഹ ജീവിതത്തിൽ ഒന്നും സ്‌ഥിരമല്ല, അതിങ്ങനെ മാറിക്കൊണ്ടിരിക്കും.”

മനു ജാനകി പറയുന്നത് തന്നെ ശ്രദ്ധിച്ചിരുന്നു. ഇനിയും ജാനകിയെന്തൊക്കെയോ പറയാൻ തുടങ്ങുന്ന എന്നതിനാൽ അത് തടസ്സപ്പെടുത്താതെ കേട്ടിരുന്നു.

“ജീവിതം ഇനി എങ്ങനെയൊക്കെ മാറിയാലും ഞാൻ ഒരാളെ മനസ്സിലാക്കിയതിനു ശേഷമാണല്ലോ വിവാഹത്തിന് തയ്യാറായത് എന്നുള്ള ബോധ്യം എനിക്കുണ്ടാകണം. ഒരാളുടെ സാമ്പത്തിക ചുറ്റുപാട് നല്ലതാണെന്നു കരുതി അയാളെക്കുറിച്ച് അറിയാതെ തികച്ചും ഒരപരിചിതമായി ജീവിച്ചു തുടങ്ങുവാൻ ഞാൻ തയ്യാറല്ല. എന്തായാലും മനുവിന്‍റെ അന്നത്തെ വിവാഹാലോചന മുന്നോട്ടു പോകാഞ്ഞത് പെട്ടെന്നു തന്നെ വിവാഹ തീയതി നിശ്ചയിക്കണം എന്നു പറഞ്ഞതു കൊണ്ടാണ്.” ജാനകി വ്യക്‌തമാക്കുന്നതു പോലെ പറഞ്ഞു.

“ശരി, ഓക്കെ” മനു എല്ലാം സമ്മതിക്കുന്ന പോലെ.

“മനുവിന് അറിയാമോ ഞാൻ പിന്നീട് അന്വേഷിച്ചപ്പോ കണ്ടെത്താൻ കഴിഞ്ഞത് എന്താണെന്ന്! ഇന്ത്യയിലെ അറേഞ്ച്ഡ് മാര്യേജുകളിൽ ഒന്നിലും പരസ്പരം മനസ്സിലാക്കാനുള്ള കാലയളവ് ലഭിക്കുന്നില്ല. നിയമം അനുസരിച്ചുള്ള കരാറൊപ്പിട്ട് ഭൂരിഭാഗം പേരും ജീവിതം തുടങ്ങുന്നു. ഇത് കാലാകാലങ്ങളായി നടക്കുന്നതാണ്. ഒരാളും അതിനെ എതിർത്തിട്ടില്ല. എന്നെപ്പോലുള്ള എത്രയോ ആളുകൾ ഇതിന് ഇരയാകുന്നു. എന്തായാലും അന്ന് മനുവിന്‍റെ ആലോചന മുടങ്ങിപ്പോയതിൽ പിന്നെ ഞാൻ വീട്ടിൽ എനിക്കു വേണ്ടി കല്യാണമാലോചിക്കുന്നത് നിർത്തുവാൻ പറഞ്ഞു. എനിക്കൊരിക്കലും പെട്ടെന്നൊരാളെ കണ്ണടച്ച് വിശ്വസിച്ച് ഒരു ജീവിതം തുടങ്ങാൻ സാധിക്കില്ല. ഞാൻ അതുകൊണ്ട് ഒരാളെ മനസ്സിലാക്കാതെ കല്യാണത്തിലേക്ക് കടക്കുന്നില്ല എന്ന് തീരുമാനിച്ചു.”

എല്ലാം കേട്ട ശേഷം സീറ്റിൽ നേരെയിരുന്നു. മനു തന്‍റെ മുഖം ചെറുതായൊന്നുയർത്തി. “ഇപ്പോളെന്തു തോന്നുന്നു” മനുവിന്‍റെ ചോദ്യം പെട്ടെന്നായിരുന്നു.

“അന്ന് മനു തയ്യാറായിരുന്നില്ല, ഇപ്പോൾ മനുവിന് കല്യാണ തീയതി നിശ്ചയിക്കാതെ പരസ്പരം മനസ്സിലാകുന്നത് വരെ ഒരുമിച്ച് ഇടപഴകാൻ സാധിക്കുമോ?” എന്നാൽ ഞാൻ തയ്യാറാണ്.

മനു ജാനകി ഇതു പറഞ്ഞതും വിശ്വസിക്കാനാവാത്ത പോലെ നോക്കി.

“ജാനകി നമ്മുടെ കുട്ടികളെപ്പറ്റി ആലോചിക്കൂ. നമ്മളങ്ങനെ കാണുന്നതും ഇടപഴകുന്നതും കുട്ടികളറിഞ്ഞാൽ അവരെന്തു വിചാരിക്കും. വിവാഹം നമ്മുടെ സമൂഹത്തിന്‍റെ മുമ്പിൽ ഒരു സാധ്യതയാണ്. വിവാഹത്തിനു ശേഷം പരസ്പരം മനസ്സിലാക്കാൻ ധാരാളം സമയമുണ്ടല്ലോ” ജാനകി ഇതു കേട്ടതും ചെറുതായി ചിരിച്ചു.

“മനു” ഒന്നു നീട്ടി വിളിക്കുന്നതു പോലെ പറഞ്ഞ്.

“അവിടെയാണ് പോയിന്‍റ്, എനിക്ക് വിവാഹ ശേഷം മനസ്സിലാക്കാൻ എടുക്കുന്ന ആ സമയം വരെ. അങ്ങനെ കാത്തിരുന്ന് ചെയ്യേണ്ടതായി തോന്നുന്നില്ല. പിന്നീട് അത് വലിയ കുഴപ്പങ്ങളുണ്ടാക്കും.”

മനുവും ചെറുതായി ചിരിക്കുന്നു.

“അപ്പോൾ ഇപ്പോഴും എന്നെ മനസ്സിലാക്കാൻ ജാനകിക്ക് താൽപര്യമുണ്ടോ? മനു എടുത്തു ചോദിച്ചു.

“പക്ഷേ മനുവിനിപ്പോഴും അങ്ങനെയൊരു റിലേഷനിൽ സമയം ചെലവഴിക്കാൻ കഴിയുന്നില്ല. അതൊരു സത്യമാണല്ലോ.” ജാനകി തന്‍റെ ഭാഗം വെളിപ്പെടുത്തി. ഈ സമയം ബസ്സിനകത്തെ അറിയിപ്പ് ശബ്ദം മുഴങ്ങി.

“എല്ലാവരും ശ്രദ്ധിക്കുക, ഊട്ടിയിലെ അവസാനത്തെ സ്റ്റോപ്പ് എത്തിച്ചേരുകയാണ്. ഈ ബസ്സിനോടൊപ്പം യാത്ര തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദി.”

“നമുക്ക് ഇറങ്ങാൻ സമയമായി. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം” ജാനകി മനുവിനെ ഹസ്തദാനം ചെയ്തു.

“ടേക്ക് കെയർ” ഇരുവരും പരസ്പരം പറഞ്ഞ് ബാഗുകളെടുത്ത് ബസ്സിനു പുറത്തേക്കിറങ്ങാൻ തുടങ്ങി. ബസ്സിൽ നിന്നിറങ്ങി ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഒരു ദീർഘനിശ്വാസമെടുത്തതിനു ശേഷം ജാനകി ടാക്‌സി സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു നീങ്ങി. മനു നാരായണൻ ആകാശത്തെ നോക്കി തന്‍റെ തൊണ്ടയിലെ ഇടർച്ച ശരിയാക്കി മറ്റൊരു ദിക്കിലേക്ക്….

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें