രേണുകയുടെ ഭർത്താവിന് ഡൽഹിയിലേക്കാണ് സ്‌ഥലമാറ്റം കിട്ടിയത്. വൻ നഗരത്തിലേയ്‌ക്ക് ജീവിതം പറിച്ചു നടുന്നതിനെ പറ്റിയായിരുന്നു ആ ദിവസങ്ങളിൽ രേണുകയുടെ ചിന്ത മുഴുവനും. പുതിയ അയൽക്കാർ, പുതിയ വീട്, പുതിയ ജീവിത സാഹചര്യങ്ങൾ. നല്ല സ്‌ഥലത്തായിരുന്നു അവർക്ക് ലഭിച്ച അപാർട്ട്‌മെന്‍റ് അതിൽ കമ്പനി നൽകിയ ഫളാറ്റിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു.
അപാർട്ട്മെന്‍റിന്‍റെ താഴെ വിശാലമായ പാർക്ക് ഉണ്ടായിരുന്നു. വൈകുന്നേരമാകുമ്പോൾ അവിടെ ധാരാളം സ്ത്രീകൾ തങ്ങളുടെ കുട്ടികളുമായി വരുമായിരുന്നു. കുട്ടികൾ ഓടി കളിച്ചു രസിക്കും. അമ്മമാർ കാറ്റ് കൊണ്ടിരിക്കുകയോ ഉലാത്തുകയോ പരസ്‌പരം സംസാരിക്കുകയോ ചെയ്യുന്നത് കാണാം. പച്ചപ്പിൽ വിവിധ വർണ്ണങ്ങളിലുള്ള കുപ്പായങ്ങളണിഞ്ഞ കുട്ടികൾ ഓടി കളിക്കുന്നത് കാണാൻ എന്ത് ചന്തമാണെന്നോ. പ്രത്യേകിച്ചു ഫളാറ്റിലെ ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ...
രേണുകയും പുതിയ സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെട്ടു. വൈകുന്നേരം സമയം കിട്ടുമ്പോഴെല്ലാം തന്‍റെ രണ്ടര വയസ്സുള്ള മകളെയും കൊണ്ട് പാർക്കിൽ പോകാൻ തുടങ്ങി. ഒരു ദിവസം രേണുക മോളെയും കൂട്ടി പാർക്കിലെത്തിയപ്പോൾ ഒരു വൃദ്ധൻ പാർക്കിലേയ്‌ക്ക് വരുന്നതു കണ്ടു. ഉടനെ തന്നെ അവിടെയുണ്ടായിരുന്ന കുട്ടികൾ അയാളുടെ ചുറ്റിലും ഓടി കൂടി.
ചോക്ലേറ്റ് മുത്തശ്ശാ.... ചോക്ലേറ്റ് മുത്തശ്ശാ... എന്ന് വിളിച്ചു കൊണ്ടാണ് കുട്ടികൾ അയാളെ വരവേറ്റത്. വൃദ്ധൻ എല്ലാ കുട്ടികൾക്കും ചോക്ലേറ്റ് നൽകിയ ശേഷം രേണുകയുടെ അരികിലേക്കും വന്നു. എന്നിട്ട് വർത്തമാനം പറയാൻ തുടങ്ങി. അതിനിടയിൽ ഓരോ മിഠായി രേണുകയ്‌ക്കും മോൾക്കും നൽകാനും മറന്നില്ല.
ആദ്യം രേണുക ചോക്ലേറ്റ് വാങ്ങാൻ വിമുഖത കാട്ടിയപ്പോൾ വൃദ്ധൻ പറഞ്ഞു. “കുട്ടികളുടെ മുഖത്ത് സന്തോഷം കാണുമ്പോൾ എനിക്കും വലിയ ആഹ്ലാദമാണ്.” ഇതു കേട്ടപ്പോൾ രേണുകയും മോളും ചോക്ലേറ്റ് വാങ്ങി. മുടി നന്നായി ഒതുക്കി വച്ച അയാൾ മാന്യമായി വേഷം ധരിച്ചിരുന്നു. പുഞ്ചിരിക്കുന്ന പ്രസാദാത്മകമായ മുഖമായിരുന്നു ചോക്ലേറ്റ് മുത്തശ്ശന്...
അപ്പാർട്ട്മെന്‍റിലെ ആൾക്കാർ മുഴുവനും അയാളെ ചോക്ലേറ്റ് മുത്തശ്ശാ എന്നാണ് വിളിക്കുന്നത്. അതിനാൽ രേണുകയുടെ മോളും അയാളെ ചോക്ലേറ്റ് മുത്തശ്ശൻ എന്നാണ് വിളിക്കുന്നത്. മാത്രമല്ല ചോക്ലേറ്റ് മുത്തശ്ശന്‍റെ കൈയ്യിൽ നിന്ന് കാണുമ്പോഴെല്ലാം ചോക്ലേറ്റ് വാങ്ങി തിന്നുകയും ചെയ്യും. മറ്റു കുട്ടികളെപ്പോലെ അവളും അദ്ദേഹത്തെ കാണുമ്പോൾ ഓടി ചെല്ലും.
ഇങ്ങനെ 6 മാസങ്ങൾ കടന്നു പോയി. രേണുകയ്‌ക്ക് അപാർട്ട്‌മെന്‍റിൽ സൗഹൃദങ്ങളും വർദ്ധിച്ചു. ഒരു ദിവസം, 10 വയസ്സുള്ള മകളുള്ള രേണുകയുടെ ഒരു കൂട്ടുകാരി അവളോട് പറഞ്ഞു. “നീ ചോക്ലേറ്റ് മുത്തശ്ശനെ അറിയുമോ?”
“അറിയാം നല്ല മനുഷ്യനാണ്. കുട്ടികളെ അയാൾക്ക് വലിയ കാര്യമാണ്” രേണുക പറഞ്ഞു.
“എന്നാൽ ഞാൻ കേട്ടത് ആൾ അത്ര ശരിയല്ലെന്നാണ്. ചോക്ലേറ്റിനു പകരം കുട്ടികളോട് അയാൾ ഉമ്മ ആവശ്യപ്പെടാറുണ്ട്. അതു കെട്ടിപിടിച്ചുള്ള മുത്തം!”
“പക്ഷേ അങ്ങനെയൊന്നും എന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല” രേണുക പറഞ്ഞു.
“ഇനി പാർക്കിൽ പോകുമ്പോൾ അയാളെ നന്നായൊന്നു ശ്രദ്ധിച്ചോളൂ. സത്യം അറിയാമല്ലോ?” സ്നേഹിത പറഞ്ഞു.