ഒരുപാട് ചിന്തകൾക്കും അവലോകനങ്ങൾക്കും ഒടുവിലായിരുന്നില്ല മീരയുടെ ഈ തീരുമാനം. ഉദ്ദേശ്യം ഒന്ന് മാത്രമായിരുന്നു. ജയിക്കുക, ഒരിക്കലെങ്കിലും മീര വിനയചന്ദ്രനായി തന്നെ.
എനിക്ക് ശേഷം പ്രളയം എന്നൊന്നില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. ഉച്ചിയിൽ അഗ്നി പടർത്തുന്ന സൂര്യവെളിച്ചം ചിന്തകളിലേക്ക് കടന്ന് കയറാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ എല്ലാം അവസാനിപ്പിക്കണം. ഒരു പിൻവിളിക്കു പോലും ഇടം കൊടുക്കാതെ.
മസ്തിഷ്കത്തിൽ ആയിരം കടന്നലുകൾ ഇരമ്പിക്കയറാൻ തുടങ്ങവേ, ഇരുളിന്‍റെ വാതിലുകളെല്ലാം കൊട്ടിയടച്ച് സൂര്യവെളിച്ചത്തിനെതിരെ ശഠിച്ച് നിന്ന മനസ്സിലേക്ക് ആദ്യം കയറി വന്നത് അമ്മയായിരുന്നു. അമ്മയ്ക്ക് പിന്നാലെ പാൽ മണവും തുളുമ്പി വന്നു. തുടർന്ന് ആ വിരൽ തുമ്പിലേയ്ക്ക് ഏന്തിവലിയാനുള്ള ഉദ്യമം പാഴാവുകയും ഒപ്പം കാറ്റിന്‍റെ കൈകളിലേയ്ക്ക് ചാഞ്ചാടുകയും ചെയ്‌തു.
കടൽക്കരയിൽ കാറ്റിനെതിരെ ഏട്ടനെയും തന്നെയും മാറോട് ചേർത്ത് വിതുമ്പി നിന്ന അച്‌ഛന്‍റെ മുഖം ചരമ കോളത്തിലെ ഓർമ്മക്കുറിപ്പായി വീണ്ടും.
പന്ത്രണ്ടിൽ തന്നെ രക്തം പുരണ്ട കന്യകയുടെ യൗവ്വനം പൂഴി മണലിലൂടെ വഴികാട്ടിയായി നടന്ന് അമ്പരപ്പിച്ചതും ഒരേ ദിനം! അച്‌ഛന് ഒരു താക്കീത് പോലെ, ഓളങ്ങളുടെ മടിത്തട്ടിൽ അപ്പോഴേക്കും അമ്മയുടെ ഓർമ്മകൾ അലിയാൻ തുടങ്ങിയിരുന്നു. ഒരു പിടി ചാരമായി ചുവപ്പും മഞ്ഞയും ഇടകലർന്ന പൂക്കളിൽ ഓർമ്മകളെ നിറച്ചു കൊണ്ട് കടലിന്‍റെ നേർത്ത ഇരമ്പൽ.
അന്ന് മൂന്നു ജീവനുകളുടെ പുൻർജന്മം കൂടിയായിരുന്നുവെന്ന് ഏട്ടൻ പറഞ്ഞിട്ടുണ്ട്, അവൾ ഓർത്തു.
ഒരു നിമിഷം, ഒരു ഓർമ്മത്തെറ്റുപോലെ മനസ്സിലേക്ക് അയാൾ ഇറങ്ങി വന്നു. ചന്ദ്രൻ മാഷ്. ഇന്നാണല്ലോ ചന്ദ്രൻ മാഷ് കുടുംബസമേതം തന്‍റെ പ്രിയപ്പെട്ട എഴുത്തുകാരിയെ കാണാൻ വരുന്നത്.
“ആ വിരൽത്തുമ്പിലൂടെ ഊർന്നിറങ്ങിയ അക്ഷരങ്ങൾ. ആ അക്ഷരങ്ങൾ ആണ് ജീവവായുമായി എന്നിൽ നിറഞ്ഞതും നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ തന്നതും. ഒപ്പം കുടുംബവും.” നനവ് പുരണ്ട അവ്യക്‌തമായ അക്ഷരങ്ങൾ ആ മനസ്സിന്‍റെ വിഹ്വലതയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
ജീവിതത്തിൽ ആദ്യമായി കിട്ടിയ പ്രശംസ കത്തിലെ വരികൾ വായിച്ചപ്പോൾ കണ്ണുകളിലെ നനവ് മറച്ച് ചിരിക്കാൻ ശ്രമിച്ചു. ജീവിതത്തിലേയ്ക്ക് കൈപിടിച്ച് തിരികെ കയറ്റിയതിന് നന്ദി സൂചകമായ വരികൾ.
കണ്ണീരിന്‍റെ ഉപ്പ് പുരണ്ട ആ വരികളിൽ കണ്ണാടിച്ചില്ല് പോലെ ആ മുഖവും വ്യക്തമായിരുന്നു. ദിവസങ്ങളോളം സൂക്ഷിച്ച് വച്ചിരുന്ന ആ കത്ത് എവിടെ നഷ്ടപ്പെട്ടുവെന്ന് അറിയില്ല. ആ കത്ത് ആയിരുന്നല്ലോ തനിക്ക് നേരെയുള്ള വിനയന്‍റെ ആയുധങ്ങളിൽ അവസാനത്തേത്.
ചെറുപ്പം മുതലേ പുറംതോടിനുള്ളിലേക്ക് ഉൾവലിഞ്ഞ ജീവിതവും ചിന്തകളും. അമ്മയില്ലാത്ത കുട്ടിയല്ലേ എന്ന പരിഗണന എല്ലാവരിൽ നിന്നും ഏറെ കിട്ടിയിരുന്നു. വിരസതയാർന്ന പകലുകളെ മറികടന്നു വായനയിലൂടെ കോളേജ് ജീവിതം കഴിഞ്ഞപ്പോഴേക്കും പ്രിയപ്പെട്ട കഥാകാരന്മാരുടേയും ചിന്തകരുടേയും അനുഭവങ്ങളും ചിന്തകളും സ്വന്തമാക്കി കഴിഞ്ഞിരുന്നു.
എഴുത്ത് ഒരു ഹോബി മാത്രമായിരുന്നു. നോട്ട് ബുക്കിലെ താളുകളിൽ എഴുതി അവിടെ തന്നെ ഉപേക്ഷിക്കപ്പെടുകയായിരുന്നു പതിവ്. മയിൽപ്പീലി തുണ്ടിന്‍റെ ഓർമ്മ പോലെ അതും വിവാഹം വരെ.