ചെമ്പ്ര

രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിന്‍റെ ആലസ്യത്തിൽ നിന്നും രാജ്യം ഉണർന്ന 2013 ഫെബ്രുവരി 22 ന്‍റെ പ്രഭാതം. പതിനാറു പേർ തൽക്ഷണം കൊല്ലപ്പെട്ട ഹൈദരാബാദിലെ ഇരട്ട സ്ഫോടന വാർത്തയുമായി പുറത്തിറങ്ങിയ ദിനപ്പത്രം കയ്യിലെടുത്ത് സിറ്റൗട്ടിലിരുന്ന ഭുവന് അതിലെ തലക്കെട്ടുകൾ പോലും വായിച്ചു പൂർത്തീകരിക്കാനായില്ല. കേരളത്തിലെ മാവോയിസ്റ്റ് വേട്ടയുടെ ഫോളോ അപ് വാർത്തകൾ ഉൾപേജുകളിൽ പരതുന്നതിനിടെ ഗേറ്റിനു മുന്നിൽ വന്നു നിന്ന പോലീസ് ജീപ്പിൽ അവന് ചോദ്യം ചെയ്യലിനു വിധേയനാവാൻ വേണ്ടി ജില്ലാ പോലീസ് സൂപ്രണ്ടിന്‍റെ ഓഫീസിലേക്ക് പോവേണ്ടി വന്നു. ചാർവി അപ്പോഴും ഉണർന്നിരുന്നില്ല.

ഒരു കുറ്റവാളിയേപ്പോലെ ഭുവൻ ആ പോലീസ് വാഹനത്തിൽ മുഖം കുനിച്ചിരുന്നു. ജീവിതകാലം മുഴുവനും തടവറയിൽ കഴിയേണ്ടി വന്നാൽ, അതിനും അവൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു. സത്യമല്ലാതെ ഒന്നും പറയേണ്ടതില്ലെന്ന് ഭുവൻ തീരുമാനിച്ചു.

ഭുവൻ എന്തൊക്കെയാണോ ഒരു പങ്കാളിയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് , അതിന് നേർ വിപരീതമായിരുന്നു ചാർവിയുടെ സ്വഭാവം. മൂന്നു വർഷത്തെ ദാമ്പത്യ ജീവിതം അവന് വല്ലാതെ മടുത്തു കഴിഞ്ഞിരുന്നു. അവരുടേത് ഒരു പ്രണയവിവാഹമായിരുന്നു എന്നതാണ് അത്ഭുതം! രണ്ടു മാസത്തെ പരിചയം മാത്രമുള്ള ചാർവി ഭുവനോട് വിവാഹാഭ്യർത്ഥന നടത്തുകയും അവൻ സമ്മതം മൂളുകയും ചെയ്തു എന്നതാണ് സത്യത്തിൽ സംഭവിച്ചത്.

ഒരു ക്രിസ്ത്യാനിയായാണ് ജനിച്ചതെങ്കിലും ജാതിയും മതവുമൊന്നും ഭുവന്‍റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ കുർബാനയും മതബോധന ക്ലാസ്സും ഒഴിവാക്കി ഞായറാഴ്ചകളിൽ മൂവീ ഹൗസിൽ മോർണിങ്ങ് ഷോ കാണാൻ പോവുന്നത് അവന്‍റെ പതിവായിരുന്നു. ചാർവിയാകട്ടെ സമ്പന്നരും പുരോഗമന ചിന്താഗതിക്കാരുമായ മുസ്ലീം ദമ്പതികളുടെ ഏക മകളായിരുന്നു. പാരമ്പര്യമായി അവൾക്കു ലഭിക്കാനിടയുള്ള സമ്പത്തു മാത്രമല്ല അവനെ പ്രലോഭിപ്പിച്ചത്, ഏതു പുരുഷന്‍റെയും മനമിളക്കുന്ന അവളുടെ സൗന്ദര്യവും മോഡേൺ വസ്ത്രധാരണ രീതികളും കൂടിയായിരുന്നു.

വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ കൊടുത്ത അന്നു രാത്രി തന്നെ ഭുവന്‍റെ വീട്ടിൽ അവരൊരുമിച്ച് താമസം തുടങ്ങി. ആദ്യ രാത്രിയിൽ അവൻ കിടപ്പു മുറിയിലേക്കെത്തുമ്പോൾ ചാർവി കിടക്കയിൽ തല ചൊറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ സൗന്ദര്യത്തിന്‍റെ ഏറ്റവും വലിയ ആകർഷണമായി അവൻ കരുതിയിരുന്ന തലമുടിയോട് ആ നിമിഷം തന്നെ അവന് വെറുപ്പു തോന്നി. നൂറുകണക്കിന് പേനുകളാണ് മുടികൾക്കിടയിൽ വസിച്ചിരുന്നത്!

ദിവസങ്ങൾ കഴിയുന്തോറും ഭുവന് അവളുമായുള്ള അകൽച്ച കൂടിക്കൂടി വന്നു. അവന് ഏറ്റവും പ്രീയപ്പെട്ട കറികളായ പോർക്കിന്‍റെയും ബീഫിന്‍റെയും മണമടിക്കുന്നതു തന്നെ ചാർവിക്ക് അസഹ്യമായിരുന്നു. എന്നാൽ ഭുവന്‍റെ മാതാപിതാക്കൾക്ക് അവൾ സ്നേഹഭാജനമായിരുന്നു. രണ്ട് ആൺമക്കൾ മാത്രമുള്ള അവർ തങ്ങളുടെ ഇളയ മകളെപ്പോലെ അവളെ ലാളിച്ചു. ആ സ്നേഹക്കടലിനു നടുവിൽ ഭുവന്‍റെ മനസ്സിലെ ഇഷ്ടക്കേട് അവൾ അറിഞ്ഞതേയില്ല.

ചാർവിയുടെ ജോലി ചെയ്യുന്ന വില്ലേജ് ഓഫീസിലേക്ക് പതിനഞ്ചു മിനിറ്റ് സ്കൂട്ടറിൽ പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. ഭുവനാകട്ടെ മുപ്പത്തിയഞ്ചു കിലോമീറ്റർ ദൂരെ അവൻ ജോലി ചെയ്യുന്ന ബാങ്കിലേക്കു പോവാൻ ബൈക്കും കാറും മാറിമാറി ഉപയോഗിച്ചു.

അടവു മുടക്കിയ വായ്പകളുടെ തിരിച്ചടവ് വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന വിഭാഗത്തിലായിരുന്നു അപ്പോൾ അവന്‍റെ ജോലി. അവൻ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനും വീട്ടിൽ പരമാവധി വൈകി മടങ്ങിയെത്താനും തുടങ്ങി.

ഒരു ഞായറാഴ്ച.

അഞ്ചു മണിക്ക് എണീക്കുന്ന ശീലം ഭുവൻ അന്നും തെറ്റിച്ചില്ല. എന്നാൽ ചാർവി അപ്പോഴും സുഖസുഷുപ്തിയിലായിരുന്നു. ഏഴുമണി കഴിയാതെ അവൾ കിടക്കയിൽ നിന്നെണീക്കുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. അവധി ദിവസമായതിനാൽ ഇന്ന് അത് ഒൻപതു മണിയാവാനും മതി.

വീട്ടിലെ ഓഫീസ് മുറിയിൽ ചെന്ന് ലാപ്ടോപ്പ് തുറന്ന്, നെറ്റ് കണക്ടു ചെയ്ത് മെയിൽ പരിശോധിച്ചു. നഴ്സിനെ വിവാഹം കഴിച്ച് ലണ്ടനിൽ സ്ഥിര താമസമാക്കിയ അരുണേട്ടൻ അയച്ച കുറെ ഫാമിലി ഫോട്ടോകളൊഴികെ ബാക്കിയെല്ലാം ബിസിനസ് കാര്യങ്ങളാണ്.

എഫ്ബി യിൽ പുതിയൊരു സൗഹൃദാഭ്യർത്ഥനയുണ്ട്; ‘വീനസ്’!

‘ദൈവമേ, അവൾ തന്നെയായിരിക്കുമോയിത്?’ ഭുവന്‍റെ മനസ്സിൽ ഒരു നഷ്ടപ്രണയത്തിന്‍റെ അലകളിളകി.

‘അതെ, അവൾ തന്നെ.’ പ്രൊഫൈൽ പരിശോധിച്ചപ്പോൾ ഭുവന് മനസ്സിലായി.

‘വീനസ് ടെസ്സ ജോർജ്’, അതാണ് അവളുടെ മുഴുവൻ പേര്. ഹോസ്റ്റലിൽ താമസിക്കുന്നതിന്‍റെ സ്വാതന്ത്ര്യമനുഭവിച്ച് മാംഗ്ലൂരിൽ’ പി ജിക്കു പഠിക്കുന്ന നാളുകൾ… ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ രണ്ടു വർഷങ്ങൾ… അന്ന് ടാഗോർ പാർക്കിലും തണ്ണീർബാവി ബീച്ചിലും പിലിക്കുളയിലെ അരയന്നങ്ങൾ നീന്തി തുടിക്കുന്ന തടാകക്കരയിലുമൊക്കെ ഭുവന്‍റെ നിഴൽ പോലെ കൂടെയുണ്ടായിരുന്നു അവൾ! അല്ലെങ്കിൽ അവളുടെ നിഴലായി അവനുണ്ടായിരുന്നു, എപ്പോഴും.

പഠനം പൂർത്തിയാക്കി മടങ്ങിയ ശേഷം പക്ഷേ, ഭുവൻ അവളെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. കാരണം ഒന്നേയുള്ളൂ, അവളുടെ മാതാപിതാക്കൾ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കു കുടിയേറിയ ദരിദ്ര കർഷകരായിരുന്നു.

‘അവൾ ഇപ്പോൾ എവിടെയാണ്? അവെയ്‍ലബിൾ ആണെങ്കിൽ രണ്ടു വാക്ക് ചാറ്റാമായിരുന്നു.’ പക്ഷേ അത് വീനസിന്‍റെ സമയമായിരുന്നില്ല.

ഭുവനെ അമ്പരപ്പിച്ചു കൊണ്ട് ചാർവിയാണ് ചായയുമായി എത്തിയത്. ‘എന്തേ നീയിത്ര നേരത്തേ എഴുന്നേൽക്കാൻ?’ എന്നു ചോദിച്ചു കൊണ്ട് അവൻ ലാപ് അടച്ച് ചായ വാങ്ങി. അവളുടെ മുഖത്ത് നേരിയ നീരസം.

ഭുവൻ വെറുക്കുന്ന ചാർവിയുടെ മറ്റൊരു സ്വഭാവം ഇതായിരുന്നു, ലാപ്ടോപ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ പിന്നിൽ വന്ന് നോക്കിക്കൊണ്ടു നിൽക്കും. ഒരു മനുഷ്യന്‍റെ സ്വകാര്യതയിലേക്കുള്ള അന്യായമായ കടന്നുകയറ്റം!

”ഇന്ന് ആരവിന്‍റെ വീട്ടിലെ കോക്ക്ടെയിൽ പാർട്ടി മറന്നോ?”, ചാർവി ചോദിച്ചു.

ചായ ചുണ്ടോടു ചേർക്കുകയല്ലാതെ ഭുവൻ അതിനു മറുപടി പറഞ്ഞില്ല. അവൾ നേരത്തേ എഴുന്നേറ്റതിന്‍റെ കാരണം പിടികിട്ടി.

ഒന്നര മണിക്കൂർ കാറോടിക്കണം ആരവിന്‍റെ വീട്ടിലെത്താൻ. ആരവ് ഭുവന്‍റെ സുഹൃത്താണെങ്കിലും ഇപ്പോൾ അവനും ഭാര്യ ശീതളിനും ചാർവിയുമായാണ് കൂടുതൽ അടുപ്പം. വിവാഹത്തിനു ശേഷം ചാർവി അവന്‍റെ ചങ്ങാതിമാരെപ്പോലും ഒന്നാകെ തട്ടിയെടുത്തു.

പതിനൊന്നരയ്ക്ക് അവർ ആരവിന്‍റെ വീട്ടിലെത്തി. പ്രശാന്ത്, അശോകൻ, റിയാസ്, വീണ, ശില്പ, തസ്‍ലി എല്ലാവരും അവർക്കു മുന്നേ എത്തിയിരുന്നു.

അഞ്ചു ദമ്പതികളുടെ സൗഹൃദക്കൂട്ടം. കൂട്ടുകാരുടെ ഇടയിൽ വിശേഷങ്ങളും തമാശകളും പങ്കുവെക്കുമ്പോൾ ഭുവന് ഒരു പുതുജീവൻ കിട്ടി. പഴയ കോളേജ് ദിനങ്ങൾ തിരിച്ചു വന്നതു പോലെ.

ചാർവിയാകട്ടെ ആതിഥേയയായ ശീതളിനെ സഹായിച്ചുകൊണ്ടും ഇടയ്ക്ക് കൂട്ടുകാരുടെയിടയിൽ പൊട്ടിച്ചിരിച്ചും ഒരു ചിത്രശലഭത്തെപ്പോലെ എല്ലായിടത്തും പറന്നു നടന്നു. ആരവും ശീതളും ചേർന്ന് തയ്യാറാക്കിയ ‘ബ്ലഡിമേരി’ അകത്തു ചെന്നപ്പോൾ പെണ്ണുങ്ങളുടെ ഒച്ച ഉയരാൻ തുടങ്ങി.

ആ സൗഹൃദ കൂട്ടായ്മയിൽ വെച്ചാണ് വയനാടിന്‍റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാൻ ‘ചെമ്പ്ര’ യിലേക്ക് ട്രക്കിങ്ങിനു പോവാനുള്ള തീരുമാനമുണ്ടായത്. ആവശ്യമില്ലാതെ രണ്ട് അവധി ദിനങ്ങൾ വരുന്നുണ്ടായിരുന്നു. നാൽപ്പത്തിയെട്ടു മണിക്കൂർ ദേശീയ പണിമുടക്ക്!

പ്രശാന്തിന്‍റെ ഭാര്യ വീണയുടെ വീട് വയനാട്ടിലെ മേപ്പാടിയിലായിരുന്നു.

വയനാട്ടിലെ തണുപ്പിന്‍റെയും മഞ്ഞിന്‍റെയും കാഠിന്യത്തെപ്പറ്റിയും വസ്ത്രങ്ങൾ പോലും മുറിച്ചു കളയുവാൻ തക്ക മൂർച്ചയുള്ള തെരുവപ്പുല്ലുകൾക്കിടയിലൂടെ മല കയറുന്നതിന്‍റെ സാഹസത്തേപ്പറ്റിയും വീണ വിശദമായി വിവരിച്ചെങ്കിലും ആരും പിൻതിരിയാൻ തയ്യാറായിരുന്നില്ല.

ചെമ്പ്രയുടെ മുകളിൽ ഒരു രാത്രി കഴിഞ്ഞുകൂടുവാൻ പോലും റിയാസും തസ്‍ലിയും ഒരുക്കമായിരുന്നു. യാത്രയുടെ നാൾ കുറിച്ചാണ് എല്ലാവരും പിരിഞ്ഞത്. ഫെബ്രുവരി 19ന് വൈകിട്ട് വീണയുടെ വീട്ടിൽ എല്ലാവരും ഒത്തു ചേരുക. 20ന് രാവിലെ ചെമ്പ്രയുടെ മുകളിലേക്ക്!

പാർട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ അന്നു രാത്രി തന്നെ, പുതുവർഷാഘോഷത്തിനു ശേഷം ഒരു മാസത്തെ ഇടവേളയിൽ അകത്തു ചെന്ന അൽപ്പം മദ്യത്തിന്‍റെ ലഹരിയിൽ, ഭുവൻ വീനസുമായി മെസ്സഞ്ചറിലൂടെ ആശയ വിനിമയം നടത്തി.

മലകയറ്റത്തിന് ഏറെ ഉത്സാഹം കാണിച്ച അശോകനും ശില്പയും അവസാന നിമിഷം പിന്മാറി. ശില്പയുടെ കസിന്‍റെ വിവാഹ നിശ്ചയം ഉണ്ടത്രേ! എന്നാൽ പകരം വീണയുടെ ഏട്ടന്‍റെ പത്തും പതിമൂന്നും വയസ്സുള്ള രണ്ട് പെൺകുട്ടികളെക്കിട്ടി.

ഇപ്പോൾ ആ പത്തംഗ സംഘം തേയിലത്തോട്ടത്തിനു നടുവിലുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഉത്സാഹത്തോടെ മല കയറുകയാണ്. മഞ്ഞുകാലം കഴിഞ്ഞുവെങ്കിലും വയനാട്ടിലെ മലനിരകൾ മഞ്ഞു മൂടി കിടക്കുകയാണ്! കുന്നിനു മുകളിലെ രഹസ്യം മഞ്ഞ് ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നു തോന്നും.

തേയിലത്തോട്ടം പിന്നിട്ടപ്പോൾ വലിയ മരങ്ങളുള്ള കാട്ടിലൂടെ കുത്തനെ കയറ്റമാണ്. ദേഹത്തു തട്ടി ഇക്കിളിപ്പെടുത്തുന്ന പോതപ്പുല്ലുകൾ. ദൂരെ ഒരു ‘വാച്ച് ടവർ’ ചെറുതായി കാണാം. ഇളം വെയിലിൽ മോഹിപ്പിക്കുന്ന വയനാടിന്‍റെ പ്രകൃതി സൗന്ദര്യം. ഉരുളൻ കല്ലുകൾക്കിടയിലൂടെ നടന്ന് വള്ളി പൊട്ടിയ ചെരിപ്പ് വലിച്ചെറിഞ്ഞ് നഗ്നപാദയായാണ് ചാർവി ഇപ്പോൾ നടക്കുന്നത്. എങ്കിലും ഉത്സാഹത്തിന് കുറവൊന്നുമില്ല. ‘മലയുടെ മുകളിൽ വേഗം ചെന്ന് മേഘങ്ങളെ തൊടണം’, എന്നു പറഞ്ഞാണ് കുട്ടികളായ ആര്യയുടെയും സൂര്യയുടെയും നടത്തം!

”ഇക്കാണുന്ന മലയുടെ മുകളിലെത്തിയാൽ യാത്ര തീരുന്നില്ല. പിന്നെയും അഞ്ചു മലകൾ കയറിയാലേ ചെമ്പ്രയുടെ മുകളിലെത്തൂ.” പ്രശാന്ത് ഓർമിപ്പിച്ചു.

കുന്നിനു മുകളിൽ അൽപ്പം വിശ്രമിച്ച്, വീണ്ടും തെരുവപ്പുല്ലുകൾക്കിടയിലൂടെയുള്ള യാത്ര. കാട്ടു മൃഗങ്ങൾ വെള്ളം കുടിക്കാനെത്താറുള്ള ഒരു കലങ്ങിയ തടാകം. വീശുന്ന കാറ്റിന് വന്യമൃഗങ്ങളുടെ വിസർജ്യങ്ങളുടെ ഗന്ധം. തടാകത്തിനരികിൽ വെള്ളം വറ്റിയ ഭാഗത്തെ ചെളിയിൽ പതിഞ്ഞു കിടക്കുന്ന മൃഗങ്ങളുടെ കാലടിപ്പാടുകൾ. അതിൽ ചിലത് പുലിയുടെ കാൽപ്പാടുകളാണെന്ന് മറ്റൊരു സംഘത്തിലെ ചെറുപ്പക്കാർ പരസ്പരം പറയുന്നതു കേട്ടപ്പോൾ ചാർവി ഭീതിയോടെ ഭുവനെ നോക്കി.

രണ്ടു കുന്നുകൾ കൂടി കയറിയിറങ്ങിയപ്പോൾ വയനാട്ടിലെ ഏറ്റവും സുന്ദരമായ തടാകം ‘ഹൃദയസരസ്സ്’ കാണാൻ കഴിഞ്ഞു. രണ്ടു മലകളുടെ ഹൃദയ ഭാഗത്ത്, ഹൃദയത്തിന്‍റെ ആകൃതിയിൽ! ചുറ്റും പുൽമേട്, ഒറ്റപ്പെട്ട് നിൽക്കുന്ന മരങ്ങൾ.

ഹൃദയസരസ്സിന്‍റെ കരയിൽ വർഷങ്ങൾക്കു ശേഷം ഭുവൻ വീനസ്സിനെ കണ്ടു. ജീൻസും ടോപ്പും ഓവർകോട്ടും ധരിച്ച് ഒരു ഏകാകിയേപ്പോലെ അവൾ നീലപ്പൂങ്കുലകളാൽ നിറഞ്ഞ ഒരു മണിമരുതു മരത്തിൽ ചാരി നിൽക്കുന്നു. തടാകക്കരയിലിരുന്ന് കയ്യിൽ കരുതിയിരുന്ന ഭക്ഷണം കഴിക്കുമ്പോൾ, ‘ഒരു ഇഡ്ഡലിയുടെ കഷ്ണം പോലും വീനസ്സിനു നൽകാനാവുന്നില്ലല്ലോ’, എന്നതായിരുന്നു ഭുവനെ വേദനിപ്പിച്ചത്.

അടുത്ത മലയുടെ നടുവിൽ നിന്ന് പിൻതിരിഞ്ഞു നോക്കിയപ്പോഴാണ് ഹൃദയസരസ്സിന്‍റെ ഹൃദയാകാരവും സൗന്ദര്യവും ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞത്.

കുട്ടികൾക്കു തൊട്ടു പിന്നിലായിരുന്നു ഭുവൻ. ചാർവിയാകട്ടെ ഏറ്റവും പിറകിലായിരുന്നു. പിന്നിൽ നിന്നു വന്ന് വീനസ് ശരവേഗത്തിൽ അവരുടെ സംഘത്തെ കടന്നു പോയി. അൽപ്പം കഴിഞ്ഞ് ചാർവിയുടെ ഭീതി കലർന്ന വിളി കേട്ടു.

”ഭുവീ, അവിടെയൊന്നു നിൽക്കെടാ, ഒരു കാര്യം പറയാനുണ്ട്.”

മുന്നോട്ടു വെച്ച കാൽ പിന്നോട്ടെടുത്ത് ഭുവൻ അവിടെത്തന്നേ നിൽപ്പായി. പ്രശാന്തും റിയാസും അനിലും വീണയും തസ്‍ലിയും ശീതളും കയറി വന്ന് അവനോടൊപ്പം ചേർന്നു. ചാർവി അപ്പോഴും പതിനഞ്ചടി താഴെയായിരുന്നു. കിതച്ചുകൊണ്ട് കയറി വന്ന അവളെ കൈ പിടിച്ചു കയറ്റിക്കൊണ്ട് ഭുവൻ ചോദിച്ചു;

”എന്താ, എന്തു പറ്റി?”

”ഇപ്പോൾ നമ്മളെ കടന്നു പോയ കറുത്ത കോട്ടിട്ട ആ പെണ്ണില്ലേ, അവൾ ഏതോ തീവ്രവാദ സംഘടനയുടെ ആളാണെന്നാണ് എനിക്കു തോന്നുന്നത്.”

പ്രശാന്തും റിയാസും ഉച്ചത്തിൽ ചിരിച്ചു. ഭുവൻ ചോദിച്ചു;

”എന്തേ, അങ്ങനെ തോന്നാൻ?”

”അവളുടെ കൈയിൽ തോക്കുണ്ട്. എന്‍റെ പിന്നിൽ കുഴലമർത്തി അവൾ ചോദിച്ചു, ‘എന്താടീ നിന്‍റെ പേര്?’ എന്ന്. പേടികൊണ്ട് എന്‍റെ ശ്വാസം നിലച്ചു പോയി. മറുപടി പറയാൻ കഴിഞ്ഞില്ല. മറ്റൊരു മതത്തിൽ പെട്ട നിന്നെ വിവാഹം കഴിച്ചതുകൊണ്ട് എന്നെ കൊല്ലുകയാണ് അവളുടെ പരിപാടി എന്നു തോന്നുന്നു. അതോ നിന്നെ കൊല്ലാനാണോ? ചിലപ്പോൾ നമ്മൾ രണ്ടു പേരേയും…”

ചാർവി ഭുവനെ കെട്ടിപ്പിടിച്ചു. കാര്യത്തിന്‍റെ ഗൗരവം എല്ലാവരെയും നിശ്ശബ്ദരാക്കി.

”എന്തായാലും ഇനി മുകളിലേക്കു പോവേണ്ട.” തസ്‍ലി പറഞ്ഞു.

”ഞാൻ നൂറിൽ വിളിച്ച് പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്. പോലീസുകാർ വന്നിട്ടു മതി ഇനി മേലോട്ടോ താഴോട്ടോ.” ചാർവി ഉറപ്പിച്ചു പറഞ്ഞു.

”കൽപ്പറ്റയിൽ നിന്ന് പോലീസുകാർ ഇവിടേക്ക് എപ്പോൾ എത്താനാണ്? അതുവരെ കാത്തിരിക്കുകയെന്നു വെച്ചാൽ… മണ്ടത്തരമാണ്.” എന്നായിരുന്നു പ്രശാന്തിന്‍റെ അഭിപ്രായം.

”അതിന് ഇവൾ പറഞ്ഞത് പോലീസുകാർ മുഖവിലയ്‌ക്കെടുത്തിട്ടുണ്ടാവുമോ?” എന്നായി വീണ.

”അതൊരു പരിഷ്ക്കാരി പെണ്ണാണെന്നാണ് തോന്നുന്നത്. അവളുടെ കൈയിൽ കണ്ടത് തോക്കിന്‍റെ ആകൃതിയിലുള്ള വല്ല സിഗരറ്റ് ലൈറ്ററും ആയിരിക്കും.” റിയാസ് എല്ലാവരുടെയും പേടി തമാശ പറഞ്ഞ് മാറ്റാൻ ശ്രമിച്ചു.

ഏകദേശം അറുപതടി മുകളിൽ കുട്ടികളും അവരെ കാത്തു കുത്തിയിരിക്കുകയാണ്. ആന്‍റിയും കൂട്ടുകാരും കൂടി എന്താണാലോചിച്ചു തല പുകയ്ക്കുന്നതെന്ന് അവർക്ക് പിടി കിട്ടിയില്ല.

”എന്തായാലും ഞങ്ങൾ നാലാണുങ്ങൾ ഒരു പീറപ്പെണ്ണിനെ പേടിച്ച് പിൻതിരിയാൻ പോവുന്നില്ല. എന്തു വന്നാലും ചെമ്പ്രയുടെ മുകളിലെത്തിയിട്ടേ ഇനി മടക്കമുള്ളൂ.” ആരവ് അവസാന തീരുമാനം പ്രഖ്യാപിച്ചു.

”ചാർവീ, നീ ഒന്നുകൊണ്ടും പേടിക്കേണ്ട. ഇനി എന്‍റെ കൈ പിടിച്ചുകൊണ്ട് നടന്നാൽ മതി. മരിക്കുന്നെങ്കിൽ നമുക്ക് ഒരുമിച്ചു മരിക്കാം.” അവളുടെ ഇടം കയ്യിൽ തന്‍റെ വലതു കൈ കോർത്തു പിടിച്ച് മുകളിലേക്കു നടക്കാൻ തുടങ്ങിക്കൊണ്ടു ഭുവൻ പറഞ്ഞു.

വയനാട്ടിലെ കൊടും തണുപ്പിനൊപ്പം മനസ്സിൽ ഭയം കൂടി നിറഞ്ഞാൽ… ! ഭുവനും ചാർവിയും മാത്രമല്ല ആ സംഘത്തിലെ എല്ലാവരും അങ്ങനെയൊരു അവസ്ഥ അനുഭവിക്കുകയായിരുന്നു. വെയിലിനു പോലും വല്ലാത്ത തണുപ്പാണ്! തലയ്ക്കു മുകളിലൂടെ കൈ നീട്ടിയാൽ പിടിക്കാമെന്നു തോന്നും വിധം വെള്ളി മേഘങ്ങൾ ഒഴുകുന്നു! ദൂരെ ഒരു കുഞ്ഞു മലയെ ചൂണ്ടി വീണ പറഞ്ഞു;

”അതാണ് അമ്പുകുത്തി മല. ചരിത്രം ഉറങ്ങുന്ന എടയ്ക്കൽ ഗുഹ അവിടെയാണ്.”

മൂത്രമൊഴിക്കാനെന്ന് ആഗ്യം കാണിച്ച് ഭുവൻ ഒരു കാട്ടു മരത്തിന്‍റെ പിന്നിലേക്കു പോയി. വീനസിന് മൊബൈലിലൂടെ മുന്നറിയിപ്പു കൊടുക്കുകയായിരുന്നു ഉദ്ദേശ്യം. പെട്ടെന്ന് കോടമഞ്ഞിനെ കീറി മുറിച്ചുകൊണ്ടു വന്ന ഒരു ഹെലികോപ്ടറിന്‍റെ കാതടപ്പിക്കുന്ന ശബ്ദം. അവൻ ഫോൺ കട്ടാക്കി.

ഒടുവിൽ ആ പത്തംഗ സംഘം ചെമ്പ്രയുടെ മുകളിലെത്തി. എവറസ്റ്റ് കീഴടക്കിയ സന്തോഷമായിരുന്നു ആര്യയ്ക്കും സൂര്യയ്ക്കും! മഞ്ഞു കാരണം പരസ്പരം നന്നായി കാണാൻ പോലും വയ്യ. കൈകളിലും മുഖത്തും തലയിലുമെല്ലാം മഞ്ഞിന്‍റെ നനവ്. ഇവിടുത്തെ കാറ്റിനു പോലും ഉന്മേഷം നൽകുന്ന ഒരു രുചിയുണ്ടെന്ന് ഭുവന് തോന്നി. ദൂരേക്കു നോക്കിയാൽ വയനാടിന്‍റെയും നീലഗിരിയുടെയും മാസ്മര സൗന്ദര്യം! ചുറ്റിലും മനം മയക്കുന്ന പ്രകൃതിയുടെ മനോഹാരിത.

”ഭൂമിയിലെ സ്വർഗം!” ശീതൾ വിളിച്ചു പറഞ്ഞു.

പെട്ടെന്ന് ബൂട്ടിട്ട കാലടികളുടെ കൂട്ടത്തോടെയുള്ള ശബ്ദം, പുരുഷന്മാരുടെ ഉച്ചത്തിലുള്ള തെറിവിളികൾ, മൂന്നു വെടിയൊച്ചകൾ, ഒരു പെണ്ണിന്‍റെ കരച്ചിൽ…! എന്താണു സംഭവിക്കുന്നത്? മഞ്ഞു കാരണം ഒന്നും വ്യക്തമായി കാണാൻ വയ്യ. ചാർവി ഭുവനോടു ചേർന്നു തന്നെ ഉണ്ടായിരുന്നു.

കയറ്റത്തേക്കാൾ പ്രയാസമായിരുന്നു തിരിച്ചുള്ള ഇറക്കം. വെള്ളം കുടിച്ച് ഒരു കാട്ടുചോലയ്ക്കരികിൽ വിശ്രമിക്കുമ്പോൾ ഭുവന് അശോകന്‍റെ കോൾ വന്നു.

”ചെമ്പ്രയുടെ മുകളിൽ വെച്ച് ഒരു മാവോയിസ്റ്റ് വനിതയെ പോലീസ് വെടിവെച്ചു കൊന്നുവെന്ന് ടി വി യിൽ ഫ്ലാഷ് ന്യൂസ് എഴുതി കാണിക്കുന്നു. നിങ്ങളിപ്പോൾ എവിടെയാണ്? എന്തെങ്കിലും കാണാൻ കഴിഞ്ഞോ?”

”ഞങ്ങൾ മടങ്ങുകയാണ്. വെടിയൊച്ച ഞങ്ങളും കേട്ടു. കോടമഞ്ഞു കാരണം ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല.” ഭുവൻ ഫോൺ കട്ടു ചെയ്തു. പിന്നെ എല്ലാവരോടുമായി പറഞ്ഞു;

”ചെമ്പ്രയുടെ മുകളിൽ വെച്ച് പോലീസുകാർ ഒരു വനിതാ മാവോയിസ്റ്റിനെ തട്ടിയെന്ന്.”

”അതവൾ തന്നെയായിരിക്കും.” രണ്ടോ മൂന്നോ പേർ ഒന്നിച്ചാണതു പറഞ്ഞത്. ഭുവന്‍റെ ഹൃദയത്തിലെ മുറിവ് ആരും കണ്ടില്ല!

ചോദ്യം ചെയ്യലിനു ശേഷം, കഷണ്ടിയിൽ അവിടവിടെയുള്ള മുടികൾ നരച്ചിട്ടുണ്ടെങ്കിലും ചെറുപ്പം വിട്ടുമാറാത്ത പോലീസ് മേധാവി ഭുവനോട് പറഞ്ഞു;

”താങ്കൾ പറഞ്ഞതൊന്നും അവിശ്വസിക്കണമെന്ന് എനിക്കു തോന്നുന്നില്ല. പക്ഷെ നിന്‍റെ മൊഴി രേഖപ്പെടുത്തിയാൽ സ്വന്തം ഭാര്യയെ കൊല്ലാൻ ഗൂഡാലോചന നടത്തിയതിന് നിന്നെ അറസ്റ്റു ചെയ്യേണ്ടി വരും.”

ഭുവൻ നിശ്ശബ്ദത പാലിച്ചു. എന്തു വന്നാലും നേരിടാനുറച്ച് അവൻ ഇരുന്നു.

ഭുവന്‍റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിക്കാത്തപ്പോൾ ജില്ലാ പോലീസ് മേധാവി പറഞ്ഞു;

”എന്തായാലും ഞങ്ങൾ ഒരു മാവോയിസ്റ്റിനെ വെടിവെച്ചു കൊന്നിരിക്കുകയാണ്. അത് അങ്ങിനെ തന്നെ ഇരിക്കട്ടെ. തനിക്കും കുഴപ്പത്തിൽ ചാടാതെ രക്ഷപ്പെടാം. ഇനിയെങ്കിലും സ്വന്തം ഭാര്യയെ സ്നേഹിച്ചു തുടങ്ങ്. ഒരച്ഛനായിക്കഴിഞ്ഞാൽ എല്ലാം ശരിയായിക്കൊള്ളും. പോയി അതിനുള്ള പണിയെടുക്ക്. സാറിനു പോവാം.”

‘മല പോലെ വന്നത് എലി പോലെ പോയി.’ എങ്കിലും ആശ്വാസത്തോടെയല്ല ഭുവൻ ജില്ലാ പോലീസ് കാര്യാലയത്തിന്‍റെ പടികളിറങ്ങിയത്. ചാർവിയെ അഭിമുഖീകരിക്കുക എന്ന വലിയൊരു കടമ്പ മുന്നിൽ കിടക്കുന്നു.

‘കുങ്കുമപ്പൂവ്’ സീരിയൽ കഴിഞ്ഞ് കിടപ്പുമുറിയിലെത്തുന്നതു വരെ, അന്ന് ഭുവനും ചാർവിയും പരസ്പരം ഒന്നും സംസാരിച്ചില്ല. ഒടുവിൽ കിടക്കയിൽ വിഷണ്ണനായിരിക്കുന്ന ഭുവനോട് മൗനം ഭഞ്ജിച്ചുകൊണ്ട് ചാർവി പറഞ്ഞു;

”ഞാനെന്തെങ്കിലും ചോദിക്കുമെന്നോർത്ത് മനസ്സിൽ കള്ളങ്ങളൊന്നും നീ ആലോചിച്ചു കൂട്ടേണ്ട. വീനസ്സിന്‍റെ ശവപ്പെട്ടിയും ചുമന്നു കൊണ്ടാണ് നീയിപ്പോൾ നടക്കുന്നതെന്ന് എനിക്കറിയാം. അതെവിടെയെങ്കിലും കുഴിച്ചു മൂട്. അല്ലെങ്കിൽ നമ്മുടെ കിടപ്പു മുറിയും ഒരു ശവപ്പറമ്പാകും!”

ചാർവിയുടെ തലയിൽ പേനുകൾ മാത്രമല്ല ഉള്ളതെന്ന് ഭുവൻ അത്ഭുതത്തോടെ മനസ്സിലാക്കി!

സാഗരസംഗമം ഭാഗം- 13

ഫ്ളൈറ്റ് സമയത്തിനു തന്നെ എത്തിയതു കൊണ്ട് ഏറെ നേരത്തെ കാത്തിരിപ്പ് വേണ്ടി വന്നില്ല. എല്ലാവരും ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞ ഉടനെ ഞാൻ മൊബൈൽ ഓണാക്കി. വീട്ടിലെ നമ്പർ ഡയൽ ചെയ്യുമ്പോൾ ഒരിക്കൽ കൂടി അമ്മയുടെ ശബ്ദം കേൾക്കുവാനുള്ള മോഹമായിരുന്നു. പക്ഷേ ഫോണെടുത്തത് മായയാണ്. അല്ലെങ്കിൽത്തന്നെ അമ്മയ്ക്ക് സ്വയം ഫോണെടുക്കുവാൻ ആവുകയില്ലല്ലോ എന്ന് ഞാനോർത്തത് അപ്പോഴാണ്.

“ഹലോ ചേച്ചീ… നിങ്ങൾ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞോ… അവിടെയെത്തിയാലുടനെ വിളിക്കണെ ചേച്ചീ…”

“മായ മോളെ… അമ്മയ്ക്കെങ്ങിനെയുണ്ട് ഇപ്പോൾ. അമ്മയുടെ കൈയ്യിൽ ഒന്നു ഫോൺ കൊടുക്കുമോ?”

“അമ്മ ആകെ അപ്സെറ്റാണ് ചേച്ചീ. ചേച്ചീ പോയിക്കഴിഞ്ഞ് അമ്മ കരച്ചിൽ തന്നെയായിരുന്നു.”

“സാരമില്ല മോളെ. ഞാൻ സംസാരിക്കാം അമ്മയോട്. അമ്മയുടെ കൈയ്യിൽ ഫോൺ കൊടുത്തോളൂ…” മായ ഫോൺ അമ്മയുടെ ചെവിയിൽ ചേർത്തു വച്ചു കൊണ്ട് പറഞ്ഞു. അമ്മേ ഫോണിൽ ചേച്ചിയാണ്. അമ്മയോട് സംസാരിക്കണം എന്ന്.

“എവിടെ മോളെ… എന്‍റെ മീര മോളോട് എനിക്കും സംസാരിക്കണം. അവർ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞോ.”

“കേറിക്കഴിഞ്ഞു അമ്മേ. വേഗം സംസാരിച്ചോളൂ. അല്ലെങ്കിൽ ഇപ്പോൾ ഫോൺ ഓഫാക്കാനുള്ള അനൗൺസ്മെന്‍റ് വരും.”

അതുകേട്ടപ്പോൾ അമ്മ വേഗം സംസാരം തന്നോടായി.

“ഹലോ മീര മോളെ. നിങ്ങൾ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞു അല്ലേ. നീ പോയിക്കഴിഞ്ഞ് എനിക്ക് വല്ലാത്ത ഒരു വിഷമം. ഇനി നിങ്ങളൊയൊക്കെ എനിക്കു കാണാൻ കഴിയുമോ എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം വന്നു.”

“അമ്മേ… അമ്മ വിഷമിക്കരുത്. അമ്മയ്ക്ക് എത്രയും വേഗം മായയോടൊപ്പം ബാംഗ്ലൂർക്ക് തിരിച്ചു പോകാൻ കഴിയും. അവൾ അമ്മയെ നല്ലവണ്ണം നോക്കിക്കോളും. ഒന്നുമില്ലെങ്കിലും അവൾ ഒരു ഡോക്ടർ അല്ലേ അമ്മേ.”

“ശരിയാണു കുഞ്ഞെ. പക്ഷേ ആരൊക്കെ നോക്കിയാലും ഒരിക്കലും എല്ലാം വിഫലമായിത്തീരും. മുകളിൽ നിന്ന് സമയമായി എന്ന അറിയിപ്പു വരുമ്പോൾ നമുക്കു കൂടെപ്പോയല്ലെ പറ്റൂ.”

“അമ്മേ… അമ്മ ഇങ്ങനെയൊക്കെയാണ് സംസാരിക്കുന്നതെങ്കിൽ ഞാൻ ഫോൺ വയ്ക്കുകയാണ്. അമ്മ ഒന്നും ഓർത്ത് വിഷമിക്കരുത്. മനസ്സു സന്തോഷമായിരുന്നാൽ ഒന്നും വരികയില്ല. ഇപ്പോൾ ഫോൺ ഓഫ് ചെയ്യാനുള്ള അനൗൺസ്മെന്‍റ് വന്നു കഴിഞ്ഞു. ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം.”

മൊബൈൽ ഓഫാക്കി ഹാൻഡ് ബാഗിലിടുമ്പോൾ അമ്മയെക്കുറിച്ചോർത്തു. പാവം അമ്മ… മക്കളെ ഇത്രയധികം സ്നേഹിച്ച ഒരമ്മയും കാണില്ല. പ്രത്യേകിച്ച് പെണ്മക്കളായതു കൊണ്ട് അമ്മയുടെ കരുതലും സ്നേഹവും കൂടുതലായിരുന്നു. ഏതു പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കാൻ കുറെയൊക്കെ കഴിഞ്ഞത് അമ്മയുടെ ഉപദേശങ്ങൾ കൊണ്ടാണ്. ഇന്നിപ്പോൾ ആ അമ്മ തന്നെ കരുത്തെല്ലാം ചോർന്നവളായി തീർന്നിരിക്കുന്നു. മരണത്തിന്‍റെ സാന്നിദ്ധ്യം അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയതു കൊണ്ടാവാം അത്. പ്രിയപ്പെട്ട എല്ലാറ്റിനേയും ഉപേക്ഷിച്ച് ഈ ഭൂമിയിൽ നിന്നും മടങ്ങിപ്പോകേണ്ടി വരുന്നതോർക്കുമ്പോൾ ആരാണ് ദുർബലരായിത്തീരുതിരിക്കുക? പെട്ടെന്ന് വേവലാതിയോടെ ഓർത്തു.

അപ്പോൾ മരണത്തിന്‍റെ സാന്നിദ്ധ്യം അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയെന്നോ. അധികം താമസിയാതെ അമ്മ ഞങ്ങളെ വിട്ട് മറ്റൊരു ലോകത്തേയ്ക്ക് യാത്ര തിരിക്കുമെന്നോ. ഒന്നും ഓർക്കാതിരിക്കാൻ ശ്രമിച്ചു. എന്നിട്ടും കണ്ണുകൾ ഈറനണിഞ്ഞു. കൺകോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ട് നരേട്ടൻ ആരാഞ്ഞു.

“നീ എന്തിനാണ് കരയുന്നത്? അമ്മയെക്കുറിച്ച് ഓർത്തിട്ടാണോ?”

“അതെ നരേട്ടാ… അമ്മ ഞങ്ങളെ വിട്ടു പോകുമോ എന്ന് ഒരു പേടി. അമ്മയ്ക്കും അതുണ്ടായിത്തുടങ്ങിയിരിക്കുന്നു.”

“അങ്ങിനെ ഒന്നിനേയും ഭയപ്പെട്ടിട്ടു കാര്യമില്ല മീരാ. സംഭവിക്കാനുള്ളതു സംഭവിക്കും. ഈ ലോകത്തിൽ പലതും സംഭവിക്കുന്നത് അജ്ഞാതമായ ഏതോ ശക്തിയുടെ നിയന്ത്രണത്തിലാണ്. മനുഷ്യശക്‌തിക്ക് അതീതമായ എന്തോ ഒന്ന് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുണ്ട്. മനുഷ്യന്‍റെ ജനനവും, മരണവുമെല്ലാം ആ ശക്തിയുടെ കൈകളിലാണ്. ഒരാൾ ജനിക്കുമ്പോൾത്തന്നെ അയാളുടെ മരണ സമയവും ആ ശക്തി കുറിച്ചു വച്ചിട്ടുണ്ടാകും. അതിനെ തടുക്കുവാൻ സാധാരണക്കാരായ നമുക്ക് കഴിയുകയില്ലല്ലോ…”

“അതു ശരിയാണ് നരേട്ടാ. എങ്കിലും അമ്മ ഞങ്ങളെ വിട്ടു പോകുന്നതോർക്കുമ്പോൾ.” ആ തോളിൽ താലചായ്ച്ച് തേങ്ങിക്കരഞ്ഞ എന്നെ സമാശ്വസിപ്പിച്ച് കൊണ്ട് നരേട്ടൻ പറഞ്ഞു.

“ഒരു പക്ഷെ നാളെ ഞാനും കടന്നു പോയെന്നു വരാം. അപ്പോൾ നീയിതു പോലെ ദുർബലയാകരുത്. അന്ന് നിന്നെ ആശ്വസിപ്പിക്കുവാൻ ആരുമുണ്ടായി എന്ന് വരികയില്ല. മരണത്തെ ഒരു സ്വാഭാവിക പ്രതിഭാസമായി കാണാൻ നിനക്കു കഴിയണം. ജനിച്ചാൽ ഒരിക്കൽ നാം മരിക്കും.” നരേട്ടനെ മുഴിമിക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.

“അരുത്… നരേട്ടൻ ഇനിയും ഇത്തരം വർത്തമാനം തുടർന്നാൽ ഞാൻ ഇവിടെ നിന്നും എഴുന്നേറ്റു പോകും. എന്നിട്ട് ദേവാനന്ദിനോട് ഇവിടെ വന്നിരിക്കാൻ പറയും.”

“ഓ… സോറി മീര….. ഇനി ഞാൻ ഒന്നും പറയുകയില്ല. ഇതെന്നല്ല നിന്നെ വേദനിപ്പിക്കുന്ന ഒന്നും. നിനക്കിപ്പോൾ ഒന്നും സഹിക്കുവാനുള്ള ത്രാണി ഇല്ലാതായിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു.”

നരേട്ടൻ ക്ഷമ യാചിച്ചു കൊണ്ട് എന്നെ ചേർത്തു പിടിച്ചു. ആ മാറിൽ തലചായ്ച്ച് കണ്ണടച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. യാത്രാക്ഷീണം മൂലം അറിയാതെ മയക്കത്തിലാണ്ട ഞാൻ ആരോ വസ്ത്രത്തിൽ പിടിച്ചു വലിക്കുന്നതറിഞ്ഞാണ് ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ ടുട്ടുമോൻ നരേട്ടന്‍റെ കൈകളിലിരുന്ന് എന്നെ പിടിച്ചു വലിക്കുകയാണ്. നരേട്ടൻ അവന്‍റെ കുഞ്ഞികൈകളെ എന്‍റെ ബ്ലൗസിന്‍റെ മേൽ തുമ്പിൽ നിന്നും വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

“വേണ്ട കുട്ടാ… അമ്മമ്മ ഉറങ്ങിക്കൊള്ളട്ടെ. ശല്യപ്പെടുത്തേണ്ട.” പെട്ടെന്ന് അവൻ ഉറക്കെക്കരയുവാൻ തുടങ്ങി. അതുകണ്ട് ഞാൻ സീറ്റിൽ നേരെയിരുന്ന് അവന്‍റെ നേരെ കൈനീട്ടി. പെട്ടെന്നവൻ സന്തോഷത്തോടെ എന്‍റെ നേർക്ക് ചാടി വീണു.

“കണ്ടില്ലേ… കള്ളക്കുട്ടൻ. അവന് നീ എടുക്കാൻ വേണ്ടിയുള്ള കള്ളത്തരമായിരുന്നു. അവനിപ്പോൾ അമ്മമ്മയെ മതി.”

അവനെ എടുത്ത് ഓമനിക്കുമ്പോൾ നരേട്ടൻ പറഞ്ഞു. “കണ്ടില്ലേ അവന് അവന്‍റെ സുന്ദരിയായ അമ്മമ്മയെ മതി. അമ്മമ്മയുടെ സൗന്ദര്യം കണ്ട് അവനും ഒരുപാട് ഇഷ്ടം തോന്നിക്കാണും. പണ്ട് ഞാൻ വീണു പോയതുപോലെ.”

നരേട്ടൻ അതു പറഞ്ഞ് ഉറക്കെ ചിരിച്ചപ്പോൾ ഞാൻ തടഞ്ഞു. “ശ്ശ്… നരേട്ടാ… പതുക്കെ ഇത് ഫ്ളൈറ്റാണ്. എല്ലാവരും തിരിഞ്ഞു നോക്കുന്നതു കണ്ടില്ലേ.”

പെട്ടെന്ന് നരേട്ടനും ഒന്നു വല്ലാതെയായതു പോലെ തോന്നി. പരിസരം മറന്ന് ചിരിക്കുന്ന സ്വഭാവം നരേട്ടന് പണ്ടേ ഉള്ളതാണ്. അതിനെ ഓർമ്മിപ്പിച്ചു കൊണ്ട് വീടിനു പുറത്തിറങ്ങുമ്പോൾ ഞാൻ പറയുന്നതു കേട്ട് നരേട്ടൻ പറയാറുള്ളതിങ്ങനെയാണ്.

“ചിരി ആരോഗ്യത്തിനു നല്ലതാണ്. പ്രത്യേകിച്ചും തുറന്ന ചിരി ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.”

“എന്നാലും നരേട്ടാ പുറത്തിറങ്ങുമ്പോൾ ഇങ്ങനെ ചിരിച്ചാൽ ആളുകൾ എന്തു വിചാരിക്കും. അതുകൊണ്ട് അൽപം നിയന്ത്രിച്ചോളൂ.”

ഞാൻ പറയും. ഇപ്പോൾ എന്‍റെ ഓർമ്മപ്പെടുത്തൽ കേട്ട് എന്തുകൊണ്ടോ നരേട്ടൻ മിണ്ടാതിരുന്നു. ഏതോ അജ്ഞാതമായ വേദന അദ്ദേഹത്തെ അലട്ടുന്നതായി തോന്നി. പുറമെ ചിരിച്ചു കളിച്ചാണിരിക്കുന്നതെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ അദ്ദേഹം ഏതോ ആകുലതയ്ക്കടിപ്പെട്ടിരിക്കുന്നതായി എനിക്കു തോന്നി.

ഒരുപക്ഷെ എല്ലാം എന്‍റെ തോന്നലാവുമോ? മടിയിലിരുന്ന് ടുട്ടുമോൻ കളിച്ചു കൊണ്ടിരുന്നു. അവനെ കൊഞ്ചിട്ടു കൊണ്ട് എല്ലാ വേദനകളും മറക്കാൻ ഞാനും ശ്രമിച്ചു. ഇടയ്ക്ക് ജനാലയിലൂടെ നോക്കിയപ്പോൾ വെൺമേഘങ്ങൾ ഞങ്ങളെ പിന്നിട്ട് മുന്നോട്ടു കുതിയ്ക്കുകയായിരുന്നു. അവ കൈയ്യെത്തിപ്പിടിക്കാവുന്നത്ര അകലത്തിലാണെന്നു തോന്നി. അൽപം കഴിഞ്ഞപ്പോൾ ഒരു കറുത്ത മേഘം വന്ന് ആ വെൺ മേഘക്കീറുകളെ പൊതിഞ്ഞു. നേരത്തെ പ്രകാശമാനമായിരുന്ന അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടതു പോലെ ഞങ്ങളുടെ ഫ്ളൈറ്റ് ആ മേഘക്കീറുകളെ വകഞ്ഞു മാറ്റി ഒരു വലിയ ഗരുഡൻ പക്ഷിയെപ്പോലെ മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.

ഞാൻ അറിയാതെ ഒരു മയക്കത്തിലേയ്ക്ക് വഴുതി വീണു കൊണ്ടിരുന്നു. മയക്കത്തിൽ ഞാൻ കണ്ടു. അലറുന്ന തിരമാലകളിൽ പൊങ്ങിക്കിടന്ന് കൈകാലിട്ടടിക്കുന്ന എന്‍റെ രാഹുൽ മോൻ. അമ്മേ എന്ന അവന്‍റെ അലറിക്കരച്ചിൽ കേട്ട് നിസ്സഹായയായി കരയിൽ കരഞ്ഞു കൊണ്ടു നിൽക്കുന്ന ഞാൻ.

“മോനെ നീന്തൂ. സകലശക്തിയുമെടുത്ത് നീന്തി കരയ്ക്കണയാൻ നോക്കൂ.” ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാൽ അവൻ സർവ്വശക്തിയുമെടുത്ത് തുഴയാൻ ശ്രമിക്കുന്തോറും തിരമാലകൾ അവനെ ആകമാനം വിഴുങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വലിയ തിമിംഗലം അവന്‍റെ നേർക്ക് വാ പിളർന്നടുക്കുന്നതു കണ്ട് ഞാൻ അലറി വിളിച്ചു. കണ്ണുകൾ ഇറുക്കി പൂട്ടി നിന്നു. അവനെ രക്ഷിക്കാൻ മുന്നോട്ടു കുതിക്കാൻ തുടങ്ങിയ എന്നെ ആരുടെയോ കൈകൾ ശക്തിയായി പിടിച്ചു നിർത്തി. തിരിഞ്ഞു നോക്കുമ്പോൾ അത് നരേട്ടനായിരുന്നു. ബലിഷ്ഠമായ ആ കരങ്ങളിലകപ്പെട്ട ഞാൻ മുന്നോട്ടു കുതിക്കുവാനാവാതെ നിന്നു. പിന്നെ തിരയടങ്ങി ശാന്തമായപ്പോൾ രാഹുൽമോൻ അപ്രത്യക്ഷനായിരുന്നു. അപ്പോൾ വിങ്ങിപ്പൊട്ടിക്കൊണ്ട് ഞാനാമാറിൽ കുഴഞ്ഞു വീണു. അൽപം കഴിഞ്ഞു കണ്ണുതുറന്നപ്പോൾ നരേട്ടന്‍റെ കൈകളിൽ ടുട്ടുമോനുണ്ട്. അവൻ രാഹുൽ മോനെപ്പോലെ ചിരിച്ചു കൊണ്ട് എന്നെ നോക്കി. അപ്പോൾ അങ്ങകലെ തിരമാലകൾക്കു മോലെ ഒരു തോണി മേൽ ചിരിച്ചു കൊണ്ട് രാഹുൽ മോൻ നിൽക്കുന്നു.

“അമ്മേ, ഞാനെപ്പോഴും അരികിൽത്തന്നെയുണ്ട്. ടുട്ടുമോന്‍റെ രൂപത്തിൽ. അമ്മ പിന്നെ വിഷമിക്കുന്നതെന്തിനാണ്.” അങ്ങനെ പറഞ്ഞവൻ വീണ്ടും അപ്രത്യക്ഷനായി.

“രാഹുൽമോനെ… പോകല്ലെടാ” അങ്ങനെ മയക്കത്തിൽ അൽപം ഉറക്കെ വിളിച്ചു കൊണ്ട് ഞാൻ കണ്ണു തുറന്നു. അപ്പോൾ യഥാർത്ഥത്തിൽ നരേട്ടൻ ടുട്ടുമോനെ കൈകളിലേന്തി എന്നെ അമ്പരപ്പോടെ തുറിച്ചു നോക്കി അരികിലുണ്ടായിരുന്നു.

“എന്തുപറ്റി തനിക്ക്. ഉറക്കത്തിൽ താനെന്താ വിളിച്ചു പറഞ്ഞത്?”

“അത്… അത്… ഞാനൊരു സ്വപ്നം കണ്ടു നരേട്ടാ. സ്വപ്നത്തിൽ ഞാൻ രാഹുൽമോനെ കണ്ടു. തിരച്ചുഴിയിലകപ്പെട്ട് അവൻ എന്നെ നോക്കി ഉറക്കെ അലറി വിളിക്കുന്നതായി. പക്ഷേ അൽപം കഴിഞ്ഞ് അവൻ അപ്രത്യക്ഷനായി. പിന്നീടവൻ പ്രത്യക്ഷനായപ്പോൾ എന്നോടു പറഞ്ഞു. “അമ്മ ഭയപ്പെടേണ്ട. ഞാനരികിൽത്തന്നെയുണ്ട്. ടുട്ടുമോന്‍റെ രൂപത്തിൽ” എന്നു പറഞ്ഞ് അപ്രത്യക്ഷനായി. സ്വപ്നത്തിൽ അവൻ എന്നോടു വന്നു പറഞ്ഞത് സത്യമായിരിക്കും അല്ലെ നരേട്ടാ. നമ്മുടെ ടുട്ടുമോൻ രാഹുൽമോന്‍റെ പുനർജന്മമാണെന്ന് നമുക്കു വിശ്വസിക്കാം.”

“അതെ മീരാ. അങ്ങിനെതന്നെ വിശ്വസിച്ചോളൂ. പൂർണ്ണമായും അതാണ് സത്യം. ഇവൻ നമ്മുടെ രാഹുൽമോൻ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവനെ കൈകളിലെടുത്ത് കൊഞ്ചിച്ചുലാളിക്കുമ്പോൾ ഞാനെല്ലാം മറക്കുകയാണ്. വേദനകൾ എന്നിൽ നിന്നും ഓടിയൊളിക്കുകയാണ്. ഇവനെപ്പിരിയുവാൻ എനിക്കിനി ആവുകയില്ല മീരാ. അഥവാ അങ്ങിനെ വേണ്ടി വന്നാൽ ഞാൻ മരിച്ചു പോകും.”

അതു പറയുമ്പോൾ ഞാനാ കൈയ്യിൽ മുറുകെപ്പിടിച്ചു. വിമാനത്തിൽ ചിലർ ഞങ്ങളെ ശ്രദ്ധിക്കുന്നെന്നു തോന്നിയപ്പോൾ ഞാൻ കൈപിൻവലിച്ചു. എന്നിട്ടു മെല്ലെപ്പറഞ്ഞു.

“ഇനിയും ദയവു ചെയ്ത് നരേട്ടനിതാവർത്തിക്കരുത്. നമ്മുടെ ടുട്ടുമോനെ ഓർത്തെങ്കിലും.” ഇതിപ്പോൾ എത്രാമത്തെ തവണയാണ് ഞാനിത് നരേട്ടനോട് പറയുന്നതെന്ന് ഓർത്തു പോയി. എത്ര പറഞ്ഞാലും മരണത്തെപ്പറ്റി വീണ്ടും വീണ്ടും പറയുന്ന നരേട്ടനെ ഞാൻ നിറഞ്ഞ പരിഭവത്തോടെ നോക്കി.

“ശരി… ശരി… ഞാനിനി ഇങ്ങനെ ഒന്നും പറയുകയില്ല. അല്ലെങ്കിൽ തന്നെ എന്‍റെ മോൻ എന്‍റടുത്തു തന്നെ ഉണ്ടല്ലോ. പിന്നെ ഞാനെന്തിന് ഇതാവർത്തിക്കണം.” നരേട്ടനിതു പറയുമ്പോൾ ഞാൻ പുറത്തേയ്ക്കു നോക്കിയിരുന്നു. വെൺമേഘക്കീറുകൾക്കപ്പുറത്ത് ആകാശം അപ്പോഴും ഇരുണ്ടിരുന്നു. ഒരു മഴയ്ക്കുള്ള തുടക്കം പോലെ.

എന്‍റെ മനസ്സിലും ആശങ്കയുടെ കാർമേഘക്കീറുകൾ വന്നു നിറഞ്ഞു.

നരേട്ടൻ മുറുകെപ്പിടിയ്ക്കുന്ന ഈ ആശ്വാസം എത്ര നാളത്തേക്ക് ഉണ്ടാകും എന്ന് ഞാനോർത്തു നോക്കി. ഒരു പക്ഷേ ഒരാഴ്ച അതു കഴിഞ്ഞാൽ കൃഷ്ണമോളും, ദേവാനന്ദും അവനെ ഞങ്ങളുടെ അടുത്തു നിന്ന് കൊണ്ടു പോകും. അപ്പോൾ നരേട്ടൻ അതെങ്ങിനെ സഹിക്കും. അല്ലെങ്കിൽ നരേട്ടനു വേണ്ടി കൃഷ്ണമോൾക്കു മുന്നിൽ ഞാൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. അതൊരിക്കലും എനിക്കും നരേട്ടനും അഭികാമ്യമായിരിക്കുകയില്ല. പിന്നെ എന്താണൊരു പോംവഴി?

ചിന്തകൾ കാടുകയറിയ മനസ്സുമായി ഞാൻ വിമാനത്തിൽ മൂകയായിരുന്നു. അൽപം കഴിഞ്ഞപ്പോൾ ടുട്ടുമോൻ കരയാൻ തുടങ്ങി. അവനു വിശന്നിട്ടോ, അതോ ഉറക്കം വന്നിട്ടോ ആയിരിക്കാം അത്. കൃഷ്ണമോൾ തിരിഞ്ഞു നോക്കിയതല്ലാതെ അവനെ എടുക്കുവാനായി ഞങ്ങളുടെ സമീപത്തേയ്ക്ക് വന്നില്ല. കാരണം അവന്‍റെ പാൽക്കുപ്പി എന്‍റെ ഹാൻഡ് ബാഗിലുണ്ടായിരുന്നു. അതെടുത്ത് അവന് പാലു കൊടുത്തു. പിന്നീടാ കുഞ്ഞിക്കണ്ണുകൾ മെല്ലെ അടഞ്ഞു വരുന്നതു കണ്ട് ഞാനവനെ എടുത്ത് തോളിൽക്കിടത്തി മെല്ലെ പുറം തലോടിക്കൊണ്ടിരുന്നു. അപ്പോൾ എന്നിലെ മാതൃഹൃദയവും എന്തിനെന്നറിയാതെ വിങ്ങിപ്പൊട്ടാൻ തുടങ്ങിയിരുന്നു. ഊറി വന്ന കണ്ണുനീർക്കണങ്ങൾ സാരിത്തുമ്പു കൊണ്ടൊപ്പി ഞാൻ വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ഇവനെ കൈവിടാൻ എനിക്കുമാവില്ലലോ എന്നോർത്തു കൊണ്ട്. ചൂഴുന്ന നിസ്സഹായതയിൽ മനസ്സു പിടഞ്ഞു കൊണ്ടിരുന്നു.

(തുടരും)

വിസ്സമ്മതം

ഉപ്പയ്ക്ക് ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. അതിനാൽ 3 സഹോദരി സഹോദരന്മാരുടെ പഠനം പ്രൈമറി ക്ലാസുകളിൽ അവസാനിച്ചു. പക്ഷേ ഞാൻ ബാല്യത്തിലെ തന്നെ ഉന്നത വിദ്യാഭ്യാസം നേടുമെന്ന് തീരുമാനിച്ചിരുന്നു. എന്‍റേത് ഉറച്ച തീരുമാനം ആയിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്യുന്ന പതിവില്ലാത്തതാണ്.

“രേഷ്മാ… നമ്മുടെ കൂട്ടർക്കിടയിൽ പഠിച്ച പയ്യന്മാരെ എവിടെ കിട്ടാനാ? നീ പഠിക്കാനുള്ള മോഹം ഉപേക്ഷിച്ച് വല്ല പാചകമോ തുന്നലോ പഠിച്ചോ” ഉപ്പ ഉപദേശിക്കും.

ഞാൻ നോക്കി വളർത്തിയ ഇളയ സഹോദരിയും ട്യൂഷൻ എടുത്താണ് സ്വന്തം പഠനത്തിനുള്ള കാശുണ്ടാക്കുന്നത്. 12-ാം ക്ലാസ്സിൽ എന്‍റെ ശ്രമത്തിനു ഫലമുണ്ടായി. എനിക്ക് സ്കോളർഷിപ്പ് കിട്ടി തുടങ്ങി. ഇതിനിടയിൽ മൂത്ത രണ്ട് സഹോദരികളെയും സാധാരണക്കാരായ പയ്യന്മാരെ കൊണ്ടു കെട്ടിച്ചിരുന്നു. ചേട്ടൻ ഒരു കടയിൽ ജോലിക്കും പോകാൻ തുടങ്ങിയിരുന്നു. ഞാൻ ഒരു സ്വകാര്യ കോളേജിൽ ലക്ചർ ആയി ജോലി നോക്കുന്നതിനിടയിൽ പിഎച്ച്ഡി ചെയ്യാനും തുടങ്ങിയിരുന്നു. അവസാനം ഞാൻ കഠിനശ്രമം കൊണ്ട് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി തീർന്നു. ഇളയ സഹോദരി ഡോക്ടറേറ്റ് നേടി ലക്ചറർ ആയി.

എന്‍റെ പുതിയ പോസ്റ്റിംഗ് വെറൊരു നഗരത്തിലായിരുന്നതു കൊണ്ട് ഞാൻ ഈദിനും ബക്രീദിനും മാത്രമേ വീട്ടിൽ പോകാറുണ്ടായിരുന്നുള്ളൂ. കിട്ടുന്ന തുക മിച്ചം വയ്ക്കുകയും അത്യാവശ്യ ചെലവുകൾ ചുരുക്കിയുമാണ് ഞാൻ ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. വലിയ അല്ലലില്ലാതെ ജീവിതം മുന്നോട്ടു പോകുന്നുണ്ടെങ്കിലും വീട്ടിൽ ചെല്ലുമ്പോൾ ഉപ്പയുടെയും ഉമ്മയുടെയും കാര്യങ്ങൾ കേൾക്കുമ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥയാവാറുണ്ട്.

“മോളെ രേഷ്മാ നീ ഇത്രയധികം ഡിഗ്രികൾ എടുത്തിട്ടെന്തിനാ… നിന്‍റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള പയ്യന്മാരെ തെരഞ്ഞ് തെരഞ്ഞ് ഞങ്ങൾ സഹികെട്ടു.”

“ഉപ്പാ… ഇപ്പോൾ ആളുകൾ വിദ്യാഭ്യാസത്തിന്‍റെ മഹത്വം മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. നോക്കിക്കോളൂ വിദ്യാഭ്യാസമുള്ള പെണ്ണിനെ തേടി ആളുകൾ വീട്ടിലേയ്ക്ക് വരും. പഠിച്ച പെൺമക്കളെ ഓർത്ത് നിങ്ങൾക്ക് അഭിമാനം തോന്നും” ഞാൻ പറഞ്ഞു.

“ആ സുന്ദര ദിവസം എപ്പോൾ വരുമെന്ന് ആർക്കറിയാം.” ഉമ്മ നെടുവീർപ്പിട്ടു.

“നിന്നെക്കാൾ ചെറുപ്പക്കാരികളായ കുടുംബത്തിലെ മറ്റ് പെൺകുട്ടികളുടെ നിക്കാഹ് കഴിഞ്ഞു. പലർക്കും കുഞ്ഞുങ്ങളുമായി. എല്ലാവരും ചോദിക്കുന്നു. നിന്നെ എന്താണ് കെട്ടിച്ചു അയക്കാത്തതെന്ന്? നസിമക്കും നിനക്കും നിക്കാഹ് വേണ്ടാത്തതെന്തെന്ന് എല്ലാവരും കളിയാക്കുന്നുമുണ്ട്. നിന്‍റെ നിക്കാഹ് നടക്കാത്തതിനാൽ ഞങ്ങൾക്ക് ഹജിനും പോകാനും സാധിക്കുന്നില്ല.” ഉമ്മ ഇത്രയും പറഞ്ഞപ്പോഴേക്കും എനിക്കവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി.

എനിക്കായി ചില ആലോചനകൾ വരാൻ തുടങ്ങിയിരുന്നെങ്കിലും തറവാടു മഹിമ പറഞ്ഞ് ഉപ്പയും ഉമ്മയും അതെല്ലാം വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

വിദ്യാഭ്യാസം എല്ലാ പൗരന്‍റെയും അവകാശമാണ്. പക്ഷേ സമുദായത്തിന്‍റെയും ജാതി സംസ്കാരത്തിന്‍റെയും പേരിൽ പെൺകുട്ടികളെ അധികം പഠിക്കാൻ സമ്മതിക്കാറില്ല. ദാരിദ്യ്രവും ഒരു കാരണമാകുമ്പോൾ ആർക്കെങ്കിലുമൊക്കെ പിടിച്ചു കൊടുക്കുകയും സ്ത്രീധനവും നൽകേണ്ടി വരുന്നതിനാൽ പഠനത്തിനുള്ള ആവേശം കുട്ടികൾക്ക് ഉണ്ടാവുമെങ്കിലും വീട്ടുകാർ അതിനായി അധികം കാശു ചെലവഴിക്കാൻ മെനക്കെടാറില്ല.

രേഷ്മയ്ക്ക് തന്‍റെ പ്രായത്തിലുള്ള മറ്റ് പെൺകുട്ടികളുടെ ജീവിതം ഓർത്തു സങ്കടം വന്നു. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും സാഹചര്യം കാരണം ചെറുപ്പത്തിലെ വിവാഹിതരായി അമ്മയാവേണ്ടി വന്നവർ എത്രയധികമാണ്. നല്ല വിദ്യാഭ്യാസവും നല്ല ജോലിയും ഉയർന്ന ജീവിത സാഹചര്യവും നിഷേധിക്കപ്പെടുന്നത് സ്ത്രീകളെ കൂടുതൽ നിരാശരാക്കുകയേ ഉള്ളൂ. ഇതവരെ പിന്നോട്ടു നയിക്കുകയും ചെയ്യുന്നു.

ഒരു ദിവസം ഉപ്പയുടെ ഫോൺ വന്നു. ശബ്ദത്തിൽ നല്ല ഉത്സാഹം ഉണ്ടായിരുന്നു. “നിന്‍റെ ഇളയപ്പ ഒരു ആലോചന കൊണ്ടു വന്നിട്ടുണ്ട്. പയ്യൻ പിജി കഴിഞ്ഞതാണ്. ഒരു പ്രൈവറ്റ് സ്ക്കൂളിലാണ് ജോലി. വാർഷിക വരുമാനം 8 ലക്ഷം രൂപയാണ്. വീട്ടിൽ നിറയെ ആൾക്കാരുണ്ട്. കൂട്ടുകുടുംബമാണ്. ഞാൻ ഫോട്ടോ അയക്കട്ടെ.”

“സ്ത്രീധനമൊന്നും അവർ ആവശ്യപ്പെട്ടിട്ടില്ല. സാധാരണ നിക്കാഹാണ് അവരാഗ്രഹിക്കുന്നത്.” സഹോദരനും എന്നോടു സംസാരിച്ചു.

ഈ ആലോചന വന്നതോടെ ഉപ്പയും സഹോദരനും ഉഷാറായ പോലെ…

ഞാൻ ഫോട്ടോ കണ്ടു. ഒരു സാധാരണ മുഖം. ബയോഡാറ്റ എന്‍റെ ഡിഗ്രികളുമായി യാതൊരു മാച്ചും ഇല്ല. പക്ഷേ എനിക്കെന്ത് ചെയ്യാൻ കഴിയും. ഉപ്പയുടെയും ഉമ്മയുടെയും താൽപര്യം. അനിയത്തിയുടെ കല്യാണ പ്രായം. എനിക്കും 34 കഴിഞ്ഞിരിക്കുന്നു. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സമ്മർദ്ദം കാരണം ഉപ്പ എന്‍റെ സമ്മതം ചോദിക്കാതെ വാക്കു കൊടുത്തു.

വിവാഹ നിശ്ചയത്തിനു ശേഷം ഞാൻ യൂണിവേഴ്സിറ്റിയിൽ തിരിച്ചെത്തി. പക്ഷേ മനസ്സ് അസ്വസ്ഥമായിരുന്നു. അദ്ദേഹവുമായുള്ള ജീവിതം എങ്ങനെയാവുമോ എന്തോ? വീട്ടിലെ കാര്യങ്ങൾ ഓർത്ത് എനിക്ക് ആശങ്കകൾ ഏറെയുണ്ട്. എന്‍റെ സന്തോഷങ്ങൾ, താൽപര്യങ്ങൾ, ഇഷ്ടങ്ങൾ എല്ലാം മാനിക്കുന്ന ആളാണോ?… എന്‍റെ നിക്കാഹ് എന്‍റെ തടവറയായി തീരുമോ, എനിക്ക് നന്നായി ഉറങ്ങാൻ തന്നെ സാധിച്ചില്ല.

നിശ്ചയം കഴിഞ്ഞ് മൂന്നാം നാൾ അദ്ദേഹത്തിന്‍റെ ഫോൺ വന്നു. ആദ്യത്തെ സംസാരം ഒരു പഴഞ്ചൻ ചിന്താഗതിക്കാരന്‍റെതായി തോന്നിയില്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് സംസാരിച്ചത്.

ഫോൺ വിളിക്കുന്നത് ഒരു പതിവായി. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് ഫോൺ വരിക. മണിക്കൂറുകൾ ആ സംഭാഷണങ്ങൾ നീണ്ടു പോകാറുണ്ട്. ആത്മസ്തുതി പറയും. ജീവിതത്തിൽ നേടിയെടുത്തതും ഇനി നേടാൻ ആഗ്രഹിക്കുന്നതും പങ്കു വച്ചതും അന്നാണ്. ഞാൻ ഒന്നും വെട്ടി തുറന്ന് പറഞ്ഞില്ല. അതേ… ആണോ, ഹാ…. കൊള്ളാം എന്നൊക്കെ ചുരുങ്ങിയ വാക്കിൽ മറുപടി ഒതുക്കി. ഇനി ഞാൻ എന്തെങ്കിലും പറയാമെന്ന് വച്ചാലോ അതിനുള്ള ഗ്യാപ് തരികയുമില്ല. വാതോരാതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും.

നാലു മാസത്തിനു ശേഷം പുള്ളിയുടെ തനി സ്വഭാവം എനിക്ക് പിടികിട്ടി. എത്ര ബാലിശമായ കാര്യങ്ങൾ ആണ് അദ്ദേഹം പറയുന്നത്. മുതിർന്ന ഒരു വ്യക്തിയാണെന്ന, ഒരു അദ്ധ്യാപകനാണെന്ന ബോധം ഇല്ലാത്ത ഒരാളെപ്പോലെ… ബന്ധങ്ങളുടെ അതിർവരമ്പുകളെ കുറിച്ചായിരുന്നു അന്ന് വർത്തമാനം. എനിക്ക് ഒരു കാര്യം മനസ്സിലായി. ഈ പുരോഗമന വാദം ഒക്കെ ഒരു ഷോയാണ്. അദ്ദേഹവും വീട്ടുകാരും പരമ്പരാഗതവാദികളെക്കാൾ പഴഞ്ചൻ ചിന്താഗതിക്കാരാണ്. എനിക്കാണെങ്കിൽ ഒരു റിബൽ മൂഡാണ് താനും. ഇതു രണ്ടും ഒത്തു പോകുമോ? എനിക്ക് ഇപ്പഴേ അപകടം മണക്കാൻ തുടങ്ങി. അന്ന് ഞാൻ വല്ലാതെ അപ്സെറ്റ് ആവുകയും ചെയ്‌തു.

പ്രായം ചെന്നുള്ള വിവാഹബന്ധം സ്ത്രീയും പുരുഷനും ഒരു കുടക്കീഴിൽ സമൂഹത്തിന്‍റെയും കുടുംബ പാരമ്പര്യത്തിന്‍റെയും ശീലങ്ങളെയും മര്യാദകളെയും തൃപ്തിപ്പെടുത്താനുള്ള ഒരു നീക്കു പോക്കാണ്. എന്നിട്ടും സ്ത്രീയ്ക്ക് പുരുഷനെ പ്രിയതോഴനായി കാണേണ്ടി വരുന്നു. ഒരു സുഹൃത്തിനെപ്പോലെ നല്ല മനുഷ്യനെപ്പോലെ അധികാര കൊതിയില്ലാതെ പെരുമാറാൻ പക്വത വന്ന പ്രായത്തിലും പുരുഷന് സാധിക്കുന്നില്ല. അതാണ് ഇത്തരം വിവാഹബന്ധത്തിലെ വലിയ കുടുക്ക്. ഒരു തരത്തിലും സംവേദിക്കാൻ പറ്റാത്ത ഒരാൾക്കൊപ്പം ഞാനെങ്ങനെ കഴിയും?

പിജിയുടെ ലാസ്റ്റ് സെമസ്റ്റർ എഴുതാനായി ലീവ് എടുക്കുകയാണെന്ന് ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു. പക്ഷേ എന്നോട് പറഞ്ഞിരുന്നത് പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു എന്നായിരുന്നവല്ലോ… ഞാനദ്ദേഹത്തിന്‍റെ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ അവസാന വർഷ സെമസ്റ്ററിന്‍റെ മാർക്ക് ലിസ്റ്റ് ഇല്ലായിരുന്നു. ഇതിനർത്ഥം എന്നോട് കള്ളം പറഞ്ഞു എന്നാണ്. എനിക്കന്നേ തോന്നിയിരുന്നു. ഇവരിൽ സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ലെന്ന്…

സ്വകാര്യ സ്‌ഥാപനത്തിലെ ജോലി വലിയ തലവേദനയാണെന്ന് ഒരിക്കൽ ഫോൺ സംഭാഷണത്തിനിടയ്ക്ക് സൂചിപ്പിച്ചിരുന്നു. വീട്ടിലിരുന്ന് ഫിലോസഫിയുടെ പുസ്തകം എഴുതണമെന്നാണ് ആഗ്രഹമെന്നും തട്ടിവിട്ടിരുന്നു.

“പുസ്തകമെഴുതാനായി ജോലി രാജി വച്ച് വീട്ടിലിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല. ഞാൻ രണ്ടു പുസ്തകങ്ങൾ എഴുതിയത് ജോലി ചെയ്‌തു കൊണ്ട് തന്നെയാണ്.”

എന്‍റെ മറുപടി കേട്ട് ഉടനെ ആ വിഷയത്തിലുള്ള സംസാരം അന്ന് അദ്ദേഹം അവസാനിപ്പിക്കുകയാണുണ്ടായത്. അനുഭവങ്ങളും അറിവും പരന്ന വായനയുമാണ് എന്നെ ഒരു എഴുത്തുകാരിയാക്കിയത്. എന്‍റെ ജീവിത വീക്ഷണം രൂപപ്പെട്ടതും അങ്ങനെയാണ്. അദ്ദേഹത്തിന്‍റെ തീരുമാനം ഒരു സർഗധനന്‍റേതല്ലെന്ന് എനിക്ക് തോന്നി. പക്വത കുറവുള്ള ഒരാളുടെ ജൽപ്പനങ്ങളായേ എനിക്കിതിനേ കാണാൻ കഴിഞ്ഞുള്ളൂ.

ഒരു ദിവസം എനിക്ക് ഓഫീസിൽ കുറച്ചധികം പണിയുണ്ടായിരുന്നു. എന്‍റെ ഡിപാർട്ട്മെന്‍റിൽ കുറച്ചു പേർ ലീവിലായതിനാൽ ആ പണികൂടി ചെയ്‌തു തീർക്കാനുണ്ട്. അന്നും പതിവു പോലെ അദ്ദേഹത്തിന്‍റെ ഫോൺ വന്നു. പ്രത്യേകിച്ചും കാരണമൊന്നുമില്ലാതെ. “നിന്നെ എനിക്ക് കിട്ടിയത് വലിയ ഭാഗ്യമാണ്. ഇനി എന്‍റെ ഉമ്മയ്ക്ക് എന്നെ പറ്റിയുള്ള ചിന്തയുണ്ടാവില്ല.”

“അതെന്താ?”

“കാരണം എന്‍റെ പ്രാഥമിക താൽപര്യം തൃപ്തിപ്പെടുത്താൻ കഴിഞ്ഞല്ലോ”

ഇത് കേട്ട് ഞാൻ ഞെട്ടിപ്പോയി. ഞാൻ സംയമനം വീണ്ടെടുത്തു കൊണ്ട് ചോദിച്ചു.

“പ്രാഥമിക ആവശ്യം എന്ന് ഉദ്ദേശിച്ചത് എന്താണ്?” പൊട്ടിച്ചിരിച്ചു കൊണ്ടാണ് അയാൾ മറുപടി പറഞ്ഞത്.

“ഭക്ഷണം, വസ്ത്രം, പാർപ്പിടം”

ഇത് കേട്ട് ഞാൻ ഷോക്കായിപ്പോയി. ഇന്ത്യൻ സമൂഹത്തിൽ പുരുഷന്മാർ തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ സ്ത്രീകളെ ആണ് ഉപയോഗപ്പെടുത്തുന്നത്. സ്ത്രീധനം വാങ്ങിച്ചു സ്വത്ത് കൈവശപ്പെടുത്തിയും ഭാര്യയുടെ ശമ്പളം മോഹിച്ചും… അങ്ങനെ… അങ്ങനെ സ്വപ്ന ജീവിതം എത്തിപ്പിടിക്കാൻ നോക്കുന്ന പുരുഷന്മാർ.

സ്ത്രീകളെ ആശ്രയിച്ചാണ് പുരുഷൻ വളരുന്നത്. ശരിക്കും ഉപയോഗിക്കുക തന്നെയാണ്. അതിനുള്ള പ്ലാനുകൾ ഉണ്ടാക്കുന്നു. ഇതിനു മുമ്പും എന്‍റെ ശമ്പളവും ബാങ്ക് ബാലൻസും അറിയാൻ ശ്രമിച്ചിരുന്നു. ഞാൻ ഉപ്പയെയും ഉമ്മയെയും വിളിച്ചു. വിവാഹ നിശ്ചയം നടന്നതു മറന്നേക്കാൻ പറഞ്ഞു. ഇനിയീ നിക്കാഹ് നടക്കില്ല. ഒരാളുടെ അടിമയാവാനും ഇനി ഞാനില്ല. അഭിമാനത്തോടെ ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. വിവാഹ നിശ്ചയ സമയത്ത് കൈമാറിയ മോതിരവും മറ്റ് സമ്മാനങ്ങളും ഞാൻ അന്ന് തന്നെ അയാളുടെ മേൽവിലാസത്തിൽ തിരിച്ചയച്ചു. എന്‍റെ കുടുംബം പൊട്ടിത്തെറിച്ചില്ലന്നേയുള്ളൂ. അല്ലെങ്കിലും ഒരു നല്ല കാര്യത്തിനു മുമ്പ് ഒരു പൊട്ടിത്തെറി നല്ലതാണെന്ന് ഞാനും കരുതി.

ഉള്ളിൽ അനിഷ്ടം വച്ചു കൊണ്ട് മുഖത്ത് സ്നേഹത്തിന്‍റെ ഭാവം വരുത്തി ജീവിക്കുന്നതിനേക്കാൾ നല്ലത് ജീവൻ വെടിയുന്നതാണ്. എനിക്കീ ബന്ധം താൽപര്യമില്ല. എന്‍റെ ഇഷ്ടം ജീവിക്കുന്നതാണ് എനിക്കിഷ്ടം. സമൂഹവും മറ്റ് വിലക്കുകളും അതിനൊരു തടസ്സമാകരുത്. നട്ടെല്ലില്ലാത്ത പുരുഷനൊപ്പം കഴിയുന്നതിനേക്കാൾ നല്ലതാണ് ഏകാകിയായി ജീവിതം നയിക്കുന്നത്. ഞാൻ ചിറകൊടിയാത്ത പക്ഷിയാണ്. എന്‍റെ ആകാശം വിശാലമാണ്. അതിന്‍റെ പരപ്പ് എന്‍റെ വീട്ടുകാർക്കും പിടി കിട്ടിത്തുടങ്ങും എന്നാണ് എന്‍റെ പ്രതീക്ഷ. പിന്നെ വീട്ടിലേയ്ക്ക് ഞാൻ വിളിച്ചത് ഈദ് മുബാറക് പറയാനാണ്. ഒരു പെണ്ണിനും അവളുടെ സ്വാതന്ത്യ്രം പുരുഷനെപ്പോലെ മഹത്തരമാണെന്ന് ഉമ്മയ്ക്കും അപ്പോഴേക്കും മനസ്സിലായിരുന്നു.

സാഗരസംഗമം ഭാഗം- 12

പെട്ടെന്ന് കൃഷ്ണമോൾ എന്തോ ഓർത്ത് അൽപം മയപ്പെട്ടതു പോലെ തോന്നി. വാക്കുകൾ മയപ്പെടുത്തി അവൾ പറഞ്ഞു.

“അല്ലെങ്കിലും അമ്മയുടെ തീരുമാനം തന്നെയാ ശരി. എനിക്കിവിടം മതിയായി. എത്രയും വേഗം നമുക്കിവിടെ നിന്ന് പോകാം.”

കൃഷ്ണമോളുടെ വാക്കുകൾക്കു മുന്നിൽ ഒന്നും മിണ്ടാനാവാതെ നിന്ന എന്‍റെ അടുത്തെത്തി നരേട്ടൻ  പറഞ്ഞു.

“തന്‍റെ ഇഷ്ടം അതാണെങ്കിൽ നമുക്കിവിടെ നിന്ന് എത്രയും വേഗം പോകാം. അമ്മയോട് യാത്ര പറഞ്ഞിട്ട് വന്നോളൂ…”

“എന്നോട് ക്ഷമിക്കൂ നരേട്ടാ. എനിക്കിവിടെ നിന്നാൽ ഭ്രാന്തെടുത്തു പോകും.”

ആ മാറിൽ വീണ് തേങ്ങിക്കരയുമ്പോൾ നരേട്ടൻ എന്നെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

“നിന്‍റെ മനോനില എനിക്കു മനസ്സിലാകുന്നുണ്ട് മീരാ… ഇക്കാര്യത്തിൽ നീ തെറ്റുകാരിയല്ല. നിന്‍റേതല്ലാത്ത തെറ്റുകൾക്കാണ് നീയി നാട്ടുകാരുടെ മുമ്പിൽ അപമാനിതയാകേണ്ടി വരുന്നതെന്നും എനിക്കു മനസ്സിലാകുന്നുണ്ട്.”

ഒരു ഭർത്താവെന്ന നിലയിൽ നരേട്ടന്‍റെ വിശാല മനഃസ്‌ഥിതി ഒരിക്കൽ കൂടി വെളിവായ നിമിഷം. മനസ്സിന്‍റെ ശ്രീകോവിലിൽ ഞാൻ പൂജിച്ചു നമസ്കരിക്കേണ്ട ഈശ്വരബിംബം, നരേട്ടൻ ഒരിക്കൽ കൂടി ദൈവത്തിന്‍റെ അവതാരമാണെന്നു തോന്നിപ്പോയ നിമിഷങ്ങൾ. ഇടറുന്ന കാൽ വെയ്പുകളോടെ അമ്മയുടെ മുറിയിലേക്ക് നടക്കുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു.

“ഇവിടേയ്ക്കു വരുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ഓർക്കാതിരുന്നതു കഷ്ടമായി പോയി. ഇനി ഇപ്പോൾ ദേവേട്ടനോട് ഞാൻ എന്തു പറയും? സത്യം അറിയുമ്പോൾ ദേവേട്ടൻ എന്തു പറയുമോ ആവോ? അമ്മയെപ്പറ്റിയുള്ള എല്ലാ അഭിപ്രായവും നഷ്ടമാകും.” അവൾ അൽപം മുഖം വീർപ്പിച്ചാണ് അതു പറഞ്ഞത്. അവൾ തുടർന്നു.

“ഏതായാലും മോനേയും ഒരുക്കി ഡ്രസ്സൊക്കെ പായ്ക്കു ചെയ്‌തു വയ്ക്കട്ടെ. ഒരാഴ്ച താമസിക്കുമെന്നു കരുതിയാണ് ഡ്രസ്സൊക്കെ ഇത്രയും എടുത്തത്. ഇനി ഇപ്പോൾ വലിച്ചു വാരിയിട്ടതൊക്കെ അടുക്കി ബാഗിലാക്കണം. ഒരു നല്ല ജോലി തന്നെയാണ് അത്.”

സ്വന്തം മുറിയിലേയ്ക്കു നടക്കുന്നതിനിടയിൽ കൃഷ്ണമോൾ പറഞ്ഞു.

നിറമിഴികളുമായി അമ്മയുടെ മുറിയിലെത്തുമ്പോൾ അമ്മ പാതിമയക്കത്തിലായിരുന്നു. ആ കാൽക്കൽ തൊട്ട നിമിഷം അമ്മ ഞെട്ടി ഉണർന്നു. കണ്ണുനീർ വഴിയുന്ന മുഖമമർത്തി ആ കാലിൽ കെട്ടിപ്പിടിച്ചു കരയുമ്പോൾ അമ്മ അത്ഭുതത്തോടെ ചോദിച്ചു.

“മീര… എന്തിനാണ് മോളെ നീ കരയുന്നത്? നിനക്കിത്ര മനക്കട്ടിയില്ലാതെയായോ? ഒരു കാലത്ത് എന്തും സഹിക്കുന്നവളായിരുന്നല്ലോ നീ. ഫഹദ് സാറിനോടൊപ്പം ഒളിച്ചോടാൻ തയ്യാറെടുത്ത നിന്‍റെ മനക്കട്ടി കണ്ട് ഞാനന്നൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്. അച്‌ഛനെ എതിർക്കുവാനും പട്ടിണി കിടക്കാനുമൊക്കെ നിനക്ക് എത്ര ധൈര്യമായിരുന്നു. ഇന്നിപ്പോൾ ആ ധൈര്യമൊക്കെ എവിടെപ്പോയി?

“ശരിയാണമ്മേ… ഫഹദ്സാറിനോടുള്ള ഉള്ളിലുറഞ്ഞ സ്നേഹത്തിന്‍റെ ശക്തിയായിരുന്നു അന്ന് എന്നെ അതിനെല്ലാം പ്രാപ്തയാക്കിയത്. എന്നാലിന്ന് ഞാൻ എന്തും നേരിടാൻ അശക്‌തയായിരിക്കുന്നു. കാലത്തിന്‍റെ വിധിയുടെ ക്രൂരമായ പ്രഹരങ്ങളേറ്റ് ഞാൻ തളർന്നിരിക്കുന്നു. എന്നെ താങ്ങുവാൻ നരേട്ടന്‍റെ കൈകളുണ്ട്. എന്നിട്ടും എനിക്ക് പിടിച്ചു നിൽക്കാനാവുന്നില്ല അമ്മേ…”

“നരനെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയ നീ ഭാഗ്യവതിയാണ് മോളെ. മറ്റുള്ളവരുടെ വാക്കുകൾക്ക് നീ വില കൊടുക്കേണ്ട. നീ വില കൊടുക്കേണ്ടത് നരന്‍റെ വാക്കുകൾക്കാണ്, സ്നേഹത്തിനാണ്.”

“അതെനിക്കറിയാമമ്മേ… അതുകൊണ്ടാണ് എനിക്കിവിടെ നിന്നും ഓടിപ്പോകുവാൻ തോന്നുന്നത്. ഇനിയും ഇവിടെ നിന്നാൽ ഞാൻ ഒരു ഭ്രാന്തിയായി പോകും അമ്മേ. മാത്രമല്ല ഒരു പക്ഷെ എനിക്കു വേണ്ടി ജീവിച്ച നരേട്ടനെ എനിക്കു വേദനിപ്പിക്കേണ്ടി വരും. ഒരാത്മഹത്യ അല്ലെങ്കിൽ എല്ലാറ്റിൽ നിന്നും ഒരു ഒളിച്ചോടൽ അതു മാത്രമേ എന്‍റെ മുമ്പിൽ ഇനി പോംവഴിയായുള്ളൂ. എന്‍റെ മകൾ പോലും എന്നെ വെറുത്തു കഴിഞ്ഞു. ഇനി ദേവാനന്ദും കൂടി എല്ലാം അറിഞ്ഞാൽ പിന്നെ ഈ ഭൂമി പിളർന്ന് മറയുകയേ എനിക്കു നിവൃത്തിയുള്ളൂ. ഇവിടെ ഇനിയും തുടർന്നാൽ ഒരുപക്ഷെ അതൊക്കെ സംഭവിക്കും.”

“ഇവിടുത്തെ താമസം അത്രത്തോളം നിന്നെ വേദനിപ്പിക്കുന്നുവെങ്കിൽ നീയിനി ഇവിടെ നിൽക്കണ്ട മീര. മടങ്ങിക്കോളൂ. നിന്നോടും കുടുംബത്തോടുമൊപ്പം അൽപ ദിവസങ്ങൾ കൂടി കഴിയണമെന്നെനിക്കുണ്ടായിരുന്നു. പക്ഷേ നിങ്ങളെയെല്ലാവരേയും കുറച്ചു ദിവസമെങ്കിലും എനിക്കു കാണാൻ കഴിഞ്ഞുവല്ലോ, സന്തോഷമായി. ഇനി മഞ്‌ജുവും കൂടി എത്തിയാൽ ഈ അമ്മയ്ക്കു സമാധാനമായി മരിക്കാം.”

“അമ്മയും നരേട്ടനെപ്പോലെ മരണത്തെപ്പറ്റി പറയുന്നു. അരുതമ്മേ… മറ്റുള്ളവരുടെ മരണത്തെപ്പറ്റി കേൾക്കാൻ ഞാൻ അശക്തയാണ്. പ്രത്യേകിച്ച് എനിക്ക് പ്രിയപ്പെട്ടവരുടെ.” ഞാൻ അമ്മയെ വിലക്കിക്കൊണ്ടു പറഞ്ഞു. വീണ്ടുമൊരിക്കൽ കൂടി ആ കാലിൽ വീണു പൊട്ടിക്കരയുമ്പോൾ ഞാൻ അപേക്ഷിച്ചു.

“എന്നോടു ക്ഷമിക്കൂ അമ്മേ… ഒരു മകളുടെ കടമകൾ പൂർണ്ണമായി നിർവ്വഹിക്കാൻ എനിക്കായില്ല.”

“സാരമില്ല മോളെ… ചിലരോടെങ്കിലും കാലം ഇത്തരത്തിൽ ക്രൂരനാവാറുണ്ട്. സ്വന്തം കടമകൾ പൂർണ്ണമായി നിർവ്വഹിക്കാനാവാതെയാണ് പലരും മണ്ണിനടിയിലേയ്ക്കു മടങ്ങിപ്പോകുന്നത്. പക്ഷെ അത്തരത്തിലൊരനുഭവം എന്‍റെ മക്കൾക്കൊന്നുമുണ്ടാകാതിരിക്കട്ടെ. നിങ്ങളെല്ലാവരും കുടുംബത്തോടൊപ്പം ദീർഘായുസ്സായി സന്തോഷത്തോടെ കഴിയുന്നതു കാണാനാണ് അമ്മയ്ക്കാഗ്രഹം. മരിച്ച് മുകളിൽ ചെല്ലുമ്പോഴും ഞാനതു തന്നെ കാണാൻ ആഗ്രഹിക്കുന്നു.”

“എന്താ മീര… ഇറങ്ങാറായില്ലെ. ഇന്ന് മൂന്നുമണിയ്ക്ക് ഒരു ഫ്ളൈറ്റ് ഉണ്ട്. അതിന് ഞാൻ ബുക്കു ചെയ്തു കഴിഞ്ഞു. ഇപ്പോൾ ഇറങ്ങിയാലെ എയർപോർട്ടിൽ രണ്ടുമണിക്കൂർ മുമ്പെങ്കിലും എത്തി ബോർഡിംഗ് പാസ്സ് എടുക്കാനാവുകയുള്ളൂ.”

തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ വാതിൽക്കലെത്തി ധൃതികൂട്ടുകയാണ്. അമ്മ പെട്ടെന്ന് എല്ലാവരേയും അടുത്തേയ്ക്കു വിളിച്ചു കൊണ്ടു പറഞ്ഞു.

“എല്ലാവരേയും ഞാൻ ഒരിക്കൽ കൂടി നല്ലോണം കണ്ടു കൊള്ളട്ടെ. ഇനി എനിക്ക് നിങ്ങളെയൊന്നും കാണുവാൻ ഭഗവാൻ ഇടതന്നില്ലെങ്കിലോ?”

നരേട്ടന്‍റെ പുറകിൽ നിന്നിരുന്ന കൃഷ്ണമോളും, ദേവാനന്ദും, ടുട്ടുമോനും കൂടി നരേട്ടനൊടൊപ്പം മുറിക്കകത്തേയ്ക്കു കടന്നു വന്നു. അവർ അമ്മയുടെ അടുത്തെത്തി. ആ മുഖത്തുറ്റു നോക്കി നിന്നു.

“ടുട്ടുമോനെ എന്‍റടുത്തേയ്ക്കു കൊണ്ടുവന്നേ കൃഷ്ണമോളെ… ഞാനവന് ഒരു ഉമ്മ കൊടുക്കട്ടെ.”

കൃഷ്ണമോൾ അൽപം മടിച്ചു മടിച്ചാണെങ്കിലും ടുട്ടുമോനെയും കൊണ്ട് അമ്മയുടെ അടുത്തെത്തി. സുഖമില്ലാത്ത അവസ്‌ഥയിൽ വലിയ വൃത്തിയൊന്നുമില്ലാതെ കിടക്കുന്ന അമ്മ അവനെ തൊടുന്നതിൽ അവൾക്ക് ഇഷ്ടക്കുറവുണ്ടെന്നു തോന്നി. അമ്മയിൽ നിന്നും രോഗാണുക്കൾ പകരുമോയെന്ന ഭയം.

“മുത്തശ്ശി അവനെ തൊടുകയൊന്നു വേണ്ട. അവൻ ചിലപ്പോൾ കരഞ്ഞെന്നു വരും. ഇപ്പോൾ അവൻ കരഞ്ഞാൽ യാത്രയെല്ലാം അലങ്കോലമാകും.” കൃഷ്ണമോൾ തന്‍റെ കൂർമ്മ ബുദ്ധി ഉപയോഗിച്ച് അത് തടഞ്ഞു കൊണ്ടു പറഞ്ഞു. അതുകേട്ടു നിന്ന എനിക്ക് സഹിച്ചില്ല. കൃഷ്ണമോളുടെ കൈയ്യിൽ നിന്നും ടുട്ടുമോനെ വാങ്ങി അമ്മയുടെ അടുത്തെത്തിച്ച് ആ കവിളിനോടു ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു. അമ്മ മുത്തം നൽകിക്കോളൂ അമ്മേ. അവൻ കരയുകയൊന്നുമില്ല.”

എന്‍റെ കൈകളിലിരുന്ന് ചിരിക്കുന്ന അവനെ അമ്മയുടെ ചുണ്ടോടു ചേർത്തമർത്തുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

ഗദ്ഗദത്തോടെ അമ്മ പറഞ്ഞു. “നിങ്ങൾ എല്ലാവരും നന്നായി വരും മക്കളെ. ഈ മുത്തശ്ശി നിങ്ങളുടെ നല്ല ജീവിതം സ്വർഗ്ഗത്തിലിരുന്നു കാണും.”

നരേട്ടൻ അമ്മയുടെ അടുത്തെത്തി ആ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ പോയി വരാം അമ്മേ. അമ്മയ്ക്ക് വേഗം സുഖംപ്രാപിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം.” ആ കൈകളിൽ അൽപ നിമിഷം മുറുകെപ്പിടിച്ച അമ്മ എന്നേയും അടുത്തു വിളിച്ചു. കൃഷ്ണമോളുടെ പക്കൽ കൊച്ചുമോനെ തിരികെ ഏല്പിച്ച് അടുത്തെത്തുമ്പോൾ അമ്മ എന്‍റെ കൈകൾ നരേട്ടന്‍റെ കൈകളോട് ചേർത്തു വച്ചു പറഞ്ഞു.

“നിങ്ങൾ എന്നും ഇതുപോലെ സന്തോഷമായിരിക്കണം. മക്കളും കൊച്ചു മക്കളുമൊക്കെയായിട്ട് ദീർഘനാൾ ജീവിയ്ക്കാനിടവരട്ടെ.”

അമ്മയുടെ ആശീർവ്വാദം ഏറ്റുവാങ്ങി ഞങ്ങൾ നിറഞ്ഞ മനസ്സോടെ നിന്നു. അപ്പോൾ ദീർഘനേരം അമ്മ ഞങ്ങളുടെ കൈയ്യിൽ മുറുകെപ്പിടിച്ചിരുന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ കൈയ്യടർത്തി മാറ്റി അമ്മ പറഞ്ഞു.

പോയി വരൂ മക്കളെ.

തള്ളപ്പശുവിന്‍റെ മുന്നിൽ നിന്നും നിർബന്ധപൂർവ്വം പിടിച്ചു മാറ്റപ്പെട്ട പൈക്കിടാവിനെ പോലെ അമ്മയെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി, നരേട്ടന്‍റെ കൈകളുടെ മുറുകപ്പിടിത്തത്തിലമർന്ന് ഞാൻ മുറിയ്ക്കു പുറത്തു കടന്നു. പൂമുഖത്തെത്തുന്നതു വരെ നരേട്ടൻ എന്‍റെ കൈകളുടെ പിടുത്തം വിട്ടിരുന്നില്ല. ഒരുപക്ഷെ ഞാൻ അമ്മയുടെ അടുത്തു നിന്നും മടങ്ങിപ്പോരാൻ വിസമ്മതിച്ചാലോ എന്ന് അദ്ദേഹം കരുതുന്നതു പോലെ തോന്നി. അദ്ദേഹം പറയുകയും ചെയ്തു. “അൽപം മുമ്പ് ഈ വീട്ടിൽ നിന്നും മടങ്ങിപ്പോകാൻ നിർബന്ധം പിടിച്ച തന്നെയല്ലല്ലോ അമ്മയുടെ മുറിയിലെത്തിയപ്പോൾ കണ്ടത്.”

“അത് പിന്നെ അമ്മയെ വിട്ടു പോരാൻ” ഞാൻ അർദ്ധോക്തിയിൽ നിർത്തി നിറമിഴികളേടെ പുഞ്ചിരിച്ചു.

“അമ്മയെ വിട്ടു പോരാൻ ഒരു വിഷമം അല്ലെ…” നരേട്ടൻ പൂരിപ്പിച്ചു കൊണ്ട് എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടാതെ വിഷാദമഗ്നമായി പുഞ്ചിരിച്ചു. അപ്പോൾ മായ ഞങ്ങളുടെ അടുത്തെത്തി.

“അല്ലാ, നിങ്ങൾ യാത്ര പുറപ്പെടാൻ തയ്യാറായോ? എങ്കിലും ചേച്ചി ഇത്ര പെട്ടെന്ന് ഒരു മടക്കം വേണ്ടായിരുന്നു. നിങ്ങൾക്ക് കുറച്ചു ദിവസം കൂടി അമ്മയെ ശുശ്രൂഷിച്ച് ഇവിടെ കഴിയാമായിരുന്നു.”

“ആഗ്രഹമുണ്ടെങ്കിലും അതു ശരിയാവുകയില്ല മോളെ… ഞാൻ നിന്നോടു പറഞ്ഞിരുന്നില്ലെ എല്ലാം.”

“അതു ശരിയാണ്. എങ്കിലും ധീരയായ എന്‍റെ പഴയ മീര ചേച്ചിയെ കാണുവാൻ ഞാൻ ആഗ്രഹിച്ചു പോയി. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കുവാൻ ചേച്ചിയ്ക്ക് ഒരു പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. ഞങ്ങളെല്ലാം അതിനെ അസൂയയോടെ നോക്കി കണ്ടിട്ടുണ്ട്.”

“ശരിയാണ് മോളെ… ഒരു കാലത്ത് ചേച്ചി അങ്ങനെയായിരുന്നു. പെണ്ണുങ്ങൾ അധികം കരയുന്നതു പോലും തെറ്റാണെന്ന വിശ്വാസക്കാരിയായിരുന്നു ഞാൻ. കരച്ചിൽ കൊണ്ട് ഒന്നും നേടാനാവുകയില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാലിന്ന് ആ ധൈര്യമെല്ലാം ചോർന്നു പോയിരിക്കുന്നു. ആണിനെക്കാൾ കഴിവും തന്‍റേടവുമുള്ളവളെന്ന് കോളേജിലെല്ലാവരും വാഴ്ത്തിയിരുന്നവൾ ഇന്ന് അധീരയായ ഒരു പെണ്ണാണ്. വിധിയുടെ നിരന്തരമായ പ്രഹരം എന്‍റെ ധൈര്യമെല്ലാം ചോർത്തിക്കളഞ്ഞിരിക്കുന്നു.

“ചേച്ചീ ഇനി എനിക്ക് ഒന്നും പറയാനില്ല. എല്ലാം ചേച്ചിയുടെ ഇഷ്ടം. ഒരു കാര്യം എനിക്കു പറയാനുണ്ട്. ചേച്ചിയെ ഇന്നലെ ഇവിടെ വച്ച് കുറ്റപ്പെടുത്തിയവർ ഒരുപക്ഷെ ചേച്ചി ഫഹദ് സാറിനൊപ്പം ജീവിച്ചാലും കുറ്റപ്പെടുത്തുമായിരുന്നു. ചേച്ചീ ഒരു മുസൽമാനെയാണ് വിവാഹം കഴിച്ചതെന്നു പറഞ്ഞ്. പരദൂഷണം പറഞ്ഞു രസിക്കുന്നവർക്ക് എന്തു കിട്ടിയാലും മതിയല്ലോ ചേച്ചീ. മറ്റുള്ളവരുടെ ജീവിതം തകരുന്നത് അവർക്ക് ഒരു പ്രശ്നമല്ല. അവരെയൊക്കെ പരിഗണിക്കാൻ പോയാൽ നമുക്ക് ഒരു ജീവിതമുണ്ടാവുകയില്ലചേച്ചീ.”

“മായമോളെ നീ പറയുന്നത് ശരിയായിരിക്കാം. പക്ഷേ ഇന്നിപ്പോൾ ഞാൻ പറഞ്ഞില്ലെ. എന്തും സഹിക്കാൻ മാത്രമുള്ള ത്രാണി ഇന്ന് എനിക്കില്ല. പോരെങ്കിൽ വയസ്സായിത്തുടങ്ങിയിരിക്കുന്നു. അതും ഒരു കാരണമായിരിക്കാം. ഞാൻ പോയി വരട്ടെ മോളെ…” മായയെ ആലിംഗനം ചെയ്‌ത് യാത്ര പറയുമ്പോൾ കൃഷ്ണമോൾ അടുത്തെത്തി.

“പോയി വരട്ടെ ഡോക്‌ടർ ആന്‍റി.” അവൾ മായയോട് യാത്ര ചോദിച്ചു. മായ അവളെ സ്നേഹപൂർവ്വം ആലിംഗനം ചെയ്‌തു. പിന്നെ ടുട്ടുമോനെ എടുത്ത് മുത്തം കൊടുത്തു.

“നിങ്ങൾ ബാംഗ്ലൂർക്ക് വരണം.” മായ കൃഷ്ണമോളെ ക്ഷണിച്ചു കൊണ്ടു പറഞ്ഞു.

“വരാം ആന്‍റീ…” അങ്ങനെ പറഞ്ഞ് ടുട്ടുമോനെയുമെടുത്ത് അവൾ മുന്നേ നടന്നു. അപ്പോൾ മായ അടുത്തു നിന്ന തന്നോടായി പറഞ്ഞു.

“ചേച്ചിയും, നരേട്ടനും ബാംഗ്ലൂർക്ക് വന്ന് അൽപ ദിവസം ഞങ്ങളോടൊപ്പം താമസിക്കണം. എന്‍റെ മക്കൾ അവരുടെ മീര വല്യമ്മയുടെ സൗന്ദര്യത്തെക്കുറിച്ചറിഞ്ഞ് ചേച്ചിയെക്കാണുവാൻ കാത്തിരിക്കുകയാണ്.”

അവൾ പറഞ്ഞതു കേട്ട് ഞാൻ നിശ്ചലം നിന്നു. സൗന്ദര്യം ചിലപ്പോൾ ചിലർക്കെങ്കിലും ഒരു ശാപമാണു കുഞ്ഞെ. അങ്ങിനെ പറയണമെന്ന് തോന്നി. പക്ഷെ പറഞ്ഞതിങ്ങനെയാണ്.

“ഞങ്ങൾ വരാം മോളെ…” ഇനിയും അവിടെ നിന്നാൽ വിങ്ങിപ്പൊട്ടിപ്പോകുമെന്നു തോന്നി. ജനിച്ച വീടിനോടുള്ള അവസാനത്തെ യാത്ര പറച്ചിൽ. ഇനിയും ഈ മണ്ണിലേയ്ക്ക് ഒരു വരവുണ്ടാവുകയില്ല. എനിക്ക് ശാപങ്ങൾ മാത്രം നൽകിയ ഈ മണ്ണ്. ഒരിക്കൽ ഈ വീടും പരിസരവും എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നോർത്തു. മായയും, മഞ്ജുവും ഞാനും സ്വപ്നങ്ങൾ പങ്കു വച്ച് കളിച്ചു ചിരിച്ച വീട്. ആ വീടിന് എനിക്കു നേരെ ഒരു ദുർഭൂതത്തെപ്പോലെ പല്ലിളിച്ചു ചിരിക്കുന്നു.

കൂടുതൽ അവിടെ നിൽക്കാനാവാതെ വേഗം പുറത്തു കടന്നു. നരേട്ടനും, കൃഷ്ണമോളും ടുട്ടുമോനും ദേവാനന്ദും അപ്പോൾ വിളിച്ചു വരുത്തിയ ടാക്സി കാറിനടുത്തു നിന്നിരുന്നു. അവരുടെ അടുത്തെത്താൻ ഞാനും വേഗത്തിൽ നടന്നു. പടിയ്ക്കു പുറഞ്ഞു കടന്ന ശേഷം ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. മായമോൾ നിറകണ്ണുകളുമായി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. വാതിലിനിടയിൽ കൂടി കാണുന്ന പൂമുഖ ഭിത്തിയിലെ അച്‌ഛന്‍റെ ഫോട്ടോയും അപ്പോൾ മാത്രമാണ് ഞാൻ കണ്ടത്.

“മകളെ മാപ്പു തരൂ… എന്ന് ആ കണ്ണുകൾ നിശബ്ദം എന്നോട് യാചിക്കുകയാണോ ചെയ്യുന്നത്. ആ കണ്ണുകളിലെ വിഷാദഭാവം അങ്ങനെ വിളിച്ചു പറയുന്നതായി തോന്നി. ഒരിക്കൽ ഗാംഭീര്യം മാത്രമ നിറഞ്ഞു നിന്നിരുന്ന മുല്ലശേരിൽ മാധവ മോനോൻ എന്ന എന്‍റെ അച്‌ഛന്‍റെ വദനത്തിലേയ്ക്ക് ഒരിക്കൽ കൂടി കണ്ണുകൾ പായിച്ച് നിശബ്ദം ഞാൻ കാറിൽ കയറി. കാർ ഞങ്ങളേയും കൊണ്ട് അതിവേഗം എയർപോർട്ടിലേയ്ക്ക് പാഞ്ഞു.

(തുടരും)

കാലത്തിനുമപ്പുറം

നല്ല തണുപ്പ്…

ആകെ മരവിച്ച അവസ്ഥ! രാവാണോ പകലാണോ…. കണ്ണ് തുറന്നു നോക്കി. നല്ല ഇരുട്ടാണ്. തണുപ്പിൽ പുതച്ചുമൂടി കിടക്കുന്നതൊരു ഹരമാണ്. എന്നിട്ടും പതിയെ എഴുന്നേറ്റിരുന്നു പുതപ്പു മാറ്റി.. എവിടെയൊക്കെയോ നിന്ന് സംസാര ശകലങ്ങൾ ഒഴുകിവരുന്നതു പോലെ. ഒന്നും കാണാൻ പറ്റുന്നില്ല. കഴുത്തിൽ വല്ലാത്ത മുറുക്കം. എന്താ എനിക്ക് ഞാനെവിടെയാ…

ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല. തേഞ്ഞുതീർന്ന ചിന്താശകലങ്ങൾ അവിടവിടെ ചിതറി കിടക്കുന്നു. പിഴച്ച ചുവടുകൾ നിലം പതിക്കുന്ന ചിന്തകളുടെ അലക്ഷ്യമായ സഞ്ചാരം പോലെ തപ്പിതടഞ്ഞു ഇരുട്ടിലൂടെ നടന്നു.

പെട്ടന്നാരോ വാതിൽ തുറന്നു… വെളിച്ചം കണ്ണിന്‍റെ തെളിച്ചത്തിലേക്ക് കത്തിക്കു കുത്തുന്നതുപോലെ .

വേഗം പുറത്തിറങ്ങി… ഓ ഇത് ആശുപത്രിയിലാണല്ലോ ഞാനനെന്തിനാ ഇവിടെ വന്നത്.

ആശുപത്രിക്കു പുറത്തേക്കു നോക്കിയപ്പോൾ തണൽ മരത്തിനടുത്ത് അടുത്ത വീടുകളിലെ ചേട്ടന്മാര് നിൽപ്പുണ്ട്… അവിടെയ്ക്കു ചെന്നു.

ഞാനടുത്തു ചെന്നിട്ടും അവരാരും ശ്രദ്ധിക്കുന്നില്ല.. എന്തോ സങ്കടഭാവത്തിലാണ് അവർ. എന്തുപറ്റിയെന്ന് ചോദിച്ചിട്ടും മിണ്ടുന്നില്ല.

ഒന്നും മനസ്സിലാവാതെ നോക്കുമ്പോൾ കുഞ്ഞുമോൻ ദൂരെ മാമന്‍റെ അടുത്ത് നിൽക്കുന്നു. അവനെ മാമൻ ചേർത്തുപിടിച്ചുണ്ട്. മാമനും അവനും തന്നെ നോക്കുന്നില്ല. അവരുടെ മുഖത്ത് മനസ്സും ചിന്തകളും നഷ്ടപ്പെട്ടു ഉഴലുന്ന ഭ്രാന്താന്മകമായ നിർവ്വികാരത.

അടുത്ത വീട്ടിലെ സന്തോഷ് ചേട്ടനും ശിവൻ ചേട്ടനും ദൂരെ കാറിനടുത്ത് നിൽപ്പുണ്ട്.

അവരുടെ അടുത്തേക്ക് നടന്നു. നടക്കുമ്പോൾ ശരിക്കും ഒഴുകി നടക്കുന്നതു പോലെ. ചിറകുകൾ ഇല്ലാതെ പാറിപ്പറക്കുന്ന പോലെ. പെട്ടന്നവർ ആശുപത്രിയുടെ അടുത്തേക്ക് നടക്കുന്നു. നേരെ മുമ്പിൽ കണ്ടിട്ടും അവരെന്താ മിണ്ടാതെ നോക്കാതെ പോവുന്നത്.

എവിടേയ്ക്കാ സന്തോഷേട്ടാ …

ഇവർക്കെന്താ പറ്റിയത് മിണ്ടുന്നുമില്ലല്ലോ…ഡോക്ടറുടെ റൂമിലേക്കാണ് പോകുന്നത്.. പുറകെ ചെന്നു.

“ബോഡിയിൽ നിന്ന് കോവിഡ് ടെസ്റ്റിനുള്ള സിറം എടുക്കണം. അതും കൊണ്ട് ജില്ലാ ആശുപത്രിയിൽ പോയി കൊടുത്ത് റിസൽറ്റ് കൊണ്ടുവന്ന് അതു കൊണ്ടുപോയി പോലീസ് സ്റ്റേഷനിൽ പോയി പറയണം അവർ വന്നു മഹസർ തയ്യാറക്കിയിട്ടു വേണം പോസ്റ്റുമാർട്ടം നടത്താൻ”

ഇവർ ആരുടെ കാര്യമാ പറയുന്നെ…

ഡോക്ടർ നഴ്സിനെയും അറ്റന്‍ററിനെയും വിളിച്ചു എന്തൊക്കെയോ പറഞ്ഞു.

ആ നഴ്സിന്‍റെയും അറ്റന്‍ററുടെയും പുറകെ പോയി ഒരു മുറിയുടെ മുന്നിൽ ചെന്നു. മോർച്ചറി പേര് വായിച്ചു. ഇവിടെ നിന്നല്ലെ ഞാനിപ്പോ പോയത്. അപ്പോ…..

അകത്ത് നിരത്തിയിരിക്കുന്ന മേശകളിലായി മൂന്നു പേരെ മൂടി കിടത്തിയിരിക്കുന്നു.

സിസ്റ്റർ അവർ കൊണ്ടു വന്ന മെഡിക്കൽ കിറ്റിൽ നിന്ന് ഓരോന്ന് എടുക്കുമ്പോൾ അറ്റന്‍റർ മുഖത്തെ മൂടിയിരുന്ന തുണി മാറ്റി. നിശ്ചലനായി കിടക്കുന്നത് താൻ തന്നെയല്ലെ ….

“പോകേണ്ടവർക്ക് ഒരു തോന്നലിൽ അങ്ങു പോകാം അവർക്കെന്താ അവര് രക്ഷപ്പെട്ടു അവർ കാരണം എത്ര പേരാണ് ബുദ്ധിമുട്ടുന്നത് എന്ന് അവര് ചിന്തിക്കുന്നുണ്ടോ ….

എന്തു മിടുക്കൻ പയ്യൻ ഇവനെന്തിനാ ഇങ്ങിനെ ചെയ്തത്” അറ്റന്‍റർ പറയുമ്പോൾ അതു തന്നെയാണ് താനും ഓർത്തു നിന്നത്

എന്തിനാ താനിങ്ങിനെ ചെയ്തത്….

വീട്ടുകാരും അയ്ൽക്കാരും ആശുപത്രിക്കാരും പോലീസുകാരും എത്ര പേരാണ് ഇതിനു വേണ്ടി ബുദ്ധിമുട്ടുന്നത് …

ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ച താനിപ്പോൾ അവർക്കൊക്കെ ഒരു ബാദ്ധ്യതയായി …

ഒരു നിമിഷത്തിന്‍റെ ചിന്തയിൽ തോന്നിയതാണ്..

അച്ഛൻ ചെറുപ്പത്തിലെ മരിച്ചു. അമ്മയാണ് എന്നെയും അനിയനെയും ഒരു കുറവുകളും അറിയിക്കാതെ വളർത്തിയത്.

അമ്മ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും പാവം തളർന്ന് ബോധം കെട്ട് കിടപ്പുണ്ടാവും….

വെറുതെ പുറത്തേക്ക് ഒഴുകി നടന്നു.

അടുത്ത വീട്ടിലെ ആ ചേട്ടന്മാർ ജില്ലാ ആശുപത്രിയിലേക്ക് കോവിഡ് ടെസ്റ്റിനു കൊണ്ടു കൊടുക്കാൻ പോയി…..

എങ്ങുമെത്താത്ത ചിന്തകളുമായി പാറി പറന്നപോലെ ഒഴുകി വീട്ടിലേക്ക്….

വഴിയിലെ കൊന്നമരങ്ങൾ എല്ലാം പൂത്തു നിൽക്കുന്നു. ഇലകൾ എല്ലാം പൊഴിഞ്ഞ് സ്വർണ്ണ വർണ്ണമാർന്ന മഞ്ഞപൂക്കൾ. റോഡിനരികിലുള്ള വീടുകളിലെ മതിലരികിൽ നിന്ന് എത്തി നോക്കുന്ന പലവർണ്ണത്തിലുള്ള പൂക്കളും ചെടികളും മരങ്ങളും. റോഡിലൂടെ പോകുന്ന പലവർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച ആളുകൾ വാഹനങ്ങൾ…

ഇന്നലെ വരെ താൻ കണ്ടതിൽ നിന്ന് എന്തോ വേറിട്ട് കാണുന്ന പോലെ… ഓരോന്നിനും വ്യത്യാസമായതും മനോഹരമായ രൂപഭംഗി തോന്നുന്നു… പുതിയൊരു നിറചാർത്ത് വന്നതുപോലെ .

ഒഴുകി ചേർന്നൊരു പുഴ പോലെ.

ഈ പൊൻ വെയിലു പോലും പതിയെ ഒഴുകിവരുന്ന ചേതോഹരമായ ഗാനം മൂളുന്നപോലെ..

വീടെത്തിയത് അറിഞ്ഞില്ല.

മുറ്റത്തെ മൂവാണ്ടൻ മാവിലിരുന്നു പതംപറഞ്ഞു കരയുന്ന കാക്ക.  ഇപ്പോഴും താനും അഭിയും കുഞ്ഞുമോനും ഇരുന്നാടിയ ഊഞ്ഞാലിന്‍റെ ഓർമ്മയായി മാവിൽ കൊമ്പിൽ മരത്തോട് ആഴ്ന്നിറങ്ങിയ കയറിന്‍റെ അവശേഷിപ്പു മുറുകി ആഴ്ന്നിറങ്ങി വളയിട്ട പോലെ താഴ്ന്നിരിക്കുന്നതു കാണാം.

കനമുള്ള മൗനത്താൽ നിറഞ്ഞിരിക്കുന്നു വീട്… ഉത്തരമില്ലാത്ത കടങ്കഥയായി താനും…

എനിക്ക് ഞാൻ ആകുവാനെ കഴിയു. വക്കുകൾ കൊണ്ട് അഭിനയിക്കാൻ അറിയില്ല.

ഓർമ്മയിലേക്ക് ജീവിതത്തിലെ കടന്നുപോയ സന്തോഷങ്ങളും സങ്കടങ്ങളും തെളിഞ്ഞു വന്നു.

കോളേജിൽ വച്ചാണ് അവളെ പരിചയപ്പെട്ടത്. പരിചയം ഇഷ്ടമായി ചില ഇഷ്ടങ്ങൾ അങ്ങിനെയാണ് അറിയാതെ അറിയാതെ ഇഷ്ടപ്പെട്ടു പോകും. ഒന്നു കാണാൻ സംസാരിക്കാൻ ഒരുമിച്ചു നടക്കാൻ വല്ലാതെ കൊതിക്കും. പിരിയാൻ പറ്റാത്തവിധം മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയം…

തന്‍റെ കൂടെ ജീവിക്കാനായി അമ്മു ഇറങ്ങിവന്നു. രാജ്യം വെട്ടിപിടിച്ച രാജാവിന്‍റെ അഹങ്കാരമായിരുന്നു.

എന്നും എന്‍റെതു മാത്രമാണെന്നു കരുതിയതും ഒടുവിൽ എല്ലാം വെറുതെയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും കണ്ണീരിന്‍റെ നനവോടെ ആ ഇഷ്ടത്തെ കൊതിച്ചിരുന്നു നീ എന്‍റെതു മാത്രമാണെന്ന്.

ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് തന്നെക്കാൾ അവൾ മയക്കുമരുന്നുകളെ സ്നേഹിച്ചിരുന്നത് അറിഞ്ഞത്. ഒറ്റമകളായി സമ്പത്തിന്‍റെ നടുവിൽ വളർന്നവളാണ്. അവളുടെ അച്ഛനുമ്മയും രണ്ടു ധ്രുവങ്ങളിലായിരുന്നു. അവളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും അതിന്‍റെ പ്രതിഫലനമുണ്ടായിരുന്നു. എല്ലാം ശരിയാവും എന്ന വിശ്വാസത്തിലായിരുന്നു എന്നിട്ടും.

പൊട്ടിത്തകർന്ന ഹൃദയവുമായി കണ്ട സ്വപ്നങ്ങൾക്കു മുന്നിൽ തോറ്റിരുന്നു പോയി. ശാന്തമായി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്തോറും നീ എന്നിൽ നിന്നും ഒരുപാട് അകലയായി ഏറ്റവും പ്രിയപ്പെട്ടവളായി അരികിലുണ്ടായിട്ടും.

ഇഷ്ടങ്ങൾ സ്വപ്നങ്ങൾ എല്ലാം അപശ്രുത്രി മീട്ടാൻ തുടങ്ങിയതും ഉടഞ്ഞുപോയ കൊഴിഞ്ഞ പ്രണയത്തിൻ പൊലിഞ്ഞ അഗ്നി വാക്കുകളിലൂടെ ആളിപ്പടർന്ന് പൊള്ളിച്ചു കൊണ്ടിരുന്നു. പൊള്ളിയടർന്ന് ഊതിയാറ്റുവാൻ പറ്റത്തവിധം മാരകമായി പ്രണയം മരിച്ചു വീണു.

അത്രമേൽ പ്രണയിച്ചിരുന്ന ജീവിതത്തിന് തിരശ്ശീല വീണു..

വീട്ടിൽ നിന്ന് അവൾ വഴക്കുകൂട്ടി ഇറങ്ങി പോയത് തന്‍റെ ജീവിതത്തിൽ നിന്നായിരുന്നോ എന്ന് അന്ന് മനസ്സിലായില്ല.

അവൾ അകലങ്ങളിലേക്ക് പെയ്ക്കൊണ്ടിരുന്നു.

പ്രാണനെക്കാൾ സ്നേഹിച്ച എന്‍റെ മാത്രം അവളെ മറക്കാൻ പറ്റിയില്ല. മോഹങ്ങൾ തന്ന് നീ പാതിവഴിയിൽ ഉപേക്ഷിച്ചു പോയെങ്കിലും നിന്‍റെ തിരിച്ചു വരവിനു കൊതിച്ച എന്‍റെ മനസ്സിന്‍റെ വിങ്ങലുകൾ നീ അറിഞ്ഞില്ല.

എന്നെ തനിച്ചാക്കി നടന്നകന്നു നീ. എന്നിലേക്കൊരു മടക്കം നിനക്കില്ലന്നറിഞ്ഞതും ഓടി ഒളിക്കുകയായിരുന്നു നിന്നിൽ നിന്നും നിന്‍റെ ഓർമ്മകളിൽ നിന്നും. പാതിവഴിയിൽ ഇരുട്ടിലകപ്പെട്ട് പോയപ്പോൾ തോന്നിയ തിരിച്ചു വരാത്ത ബുദ്ധി…

എന്നെ അറിയാതെ എന്നെ കാണാതെ പോയ എന്‍റെ പ്രണയമെ ഇന്നും തുടിക്കുന്നു നിനക്കായ് എന്‍റെ ഹൃദയം…

നാമിനി അന്യോന്യം ആരുമല്ല. നീയില്ലാത്ത ഈ ലോകത്തു നിന്ന് എനിക്ക് രക്ഷപ്പെടണം ഞാൻ യാത്ര ആരംഭിക്കുന്നു. കാണാതെ പോയ സ്വപ്നങ്ങൾ എന്നിൽ കണ്ണീർ വാർത്തു… കൽപ്പിത സ്വപ്നങ്ങളിൽ കഥാന്തരമൊരു കദനമായി കഥയറിയാതെ ഞാനുറങ്ങുന്നു. ബോധമനസിന്‍റെ അതിരുകൾ ലംഘിച്ച് ഉപബോധമനസ്സിന്‍റെ പ്രേരണയിൽ നിന്‍റെ ഓർമ്മകൾ ഹൃദയത്തിലെ നീറ്റലായി കൺപീലിയിൽ നനവായി.

ഇന്നലകളിൽ ഒരാത്മാവായിരുന്ന നമ്മൾ ചിതറിയകന്ന നാളിൽ നിന്ന് മരണപ്പെട്ട രണ്ടു പ്രണയങ്ങളായി നമ്മൾ മാറി…

കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങൾ വെറും പുകച്ചുരുളുകൾ മാത്രമാണ്.

ഒരിക്കലും നിന്നെ തനിച്ചാക്കില്ലന്ന് പറഞ്ഞതിന് നീ എന്നോട് പൊറുക്കുക. അതുപോലെ നീ എന്നോട് പറഞ്ഞതിനും ഞാനും ഇനി ആരും ആരോടും പറയാതിരിക്കട്ടെ.

അവസാനയാത്രയിൽ നമ്മളെല്ലാവരും തനിച്ചാണല്ലോ. ഞാൻ മുന്നേ പോകട്ടെ. നീയില്ലാതെ ജീവിക്കാൻ കഴിയില്ലന്ന തോന്നൽ… ശത്രുക്കളെ പോലെ കലഹിക്കുമ്പോഴും ഭ്രാന്തമായി സ്നേഹിച്ചിരുന്നു.

പിണങ്ങിയിറങ്ങി പോയതും തിരിച്ചു വരവില്ലന്നു പറഞ്ഞതും കേട്ടത് മറ്റേതോ ലോകത്തിൽ പെട്ടതുപോലെ. മുറ്റത്തെ പൂത്ത ചെമ്പകത്തിന്‍റെ മണം മത്തുപിടിപ്പിക്കുന്നു. പലതിലും തോറ്റുപോയ ഒരിക്കലും നടക്കില്ലന്നുറപ്പുള്ള ഭ്രാന്ത്.

അവസാന ശ്വാസംവരെ സൂക്ഷിച്ചു വെച്ച ഭ്രാന്തായിരുന്നു നീ.

നീയെന്‍റെ ആരുമല്ലന്ന് എഴുതി വച്ചിട്ട് നാം പിരിയും… പക്ഷെ അമ്മു നിന്നെ ഞാൻ സ്നേഹിച്ചിരുന്നു. പ്രണയം എന്‍റെ നെഞ്ചുകീറുകയാണ് ഏകാന്തമായൊരു വഴിയിലൂടെ സ്വന്തമായൊരു ലോകത്തേക്ക് പോകുന്നു…..

തളർന്നു കിടക്കുന്ന അമ്മയുടെ ഉച്ചത്തിലുള്ള തേങ്ങൽ കേട്ടാണ് ഓർമ്മയിൽ നിന്നും തിരിച്ചു വന്നത്. അടുത്ത ബന്ധുക്കളും അയൽക്കാരും അടുത്തിരിപ്പുണ്ട്.

പതിയെ പതിയെയുള്ള സംസാരം കടുത്ത മൗനത്തിന് വിള്ളൽ വീഴ്ത്തുന്നുണ്ട്. അമ്മയെ കണ്ടു നിൽക്കാൻ പറ്റുന്നില്ല. അമ്മ കിടക്കുന്ന കട്ടിലിനടുത്ത് പഴയ കളിക്കൂട്ടുകാരി അഭിയിരുപ്പുണ്ട്. അവളുടെ കണ്ണിലൂടെ ഒഴുകുന്ന കണ്ണുനീർ. അവളുടെ അടുത്ത് ചെന്നു നിന്നു.

അവൾ എന്തൊക്കെയോ പിറുപിറുക്കുന്നു. ഇവൾക്കിപ്പോഴും ഈ പിറു പിറക്കൽ ഉണ്ടോ… പണ്ട് തല്ലു കൂടുമ്പോൾ ദേഷ്യം വന്നു മുഖം വീർപ്പിച്ചവൾ എന്തൊക്കെയോ മുറുമുറുക്കും.

എന്നെ ഇപ്പോഴും തോൽപ്പിച്ചു കളഞ്ഞല്ലോ… എന്‍റെ സ്നേഹം കാണാതെ പോയില്ലെ…

എന്നെ മറന്നു കളഞ്ഞില്ലെ എന്തിനാ ഈ ചതി ചെയ്തത്… ആ കണ്ണിരിനു മുമ്പിൽ നിസ്സഹായനായി നിന്നു.

അഭി എന്നെ സ്നേഹിച്ചിരുന്നെന്നോ…….

മുറ്റത്തു കിടന്ന മാണിക്യം കണ്ടില്ല ഇതുവരെ… ശ്രദ്ധിച്ചിരുന്നില്ല അതല്ലെ ശരി. തെറ്റായി പോയെന്ന് ഇപ്പോൾ തോന്നുന്നു.

അമ്മുവിനെ കണ്ടതു മുതൽ എല്ലാം അമ്മുവായിരുന്നു പ്രണയവും ജീവിതവും.

നിരർത്ഥകമായ ജീവിതം ഒരു മുഴം കയറിൽ കുരുങ്ങി ശ്വാസം മുട്ടി പിടച്ചു.

നഷ്ടം തന്‍റെ കുടുംബത്തിനാണല്ലോ.

ഇനി കുറച്ചുനേരം കൂടിയെ ഈ ഭൂമിയിൽ നിൽക്കാൻ അവകാശമുണ്ടാവു. കാലങ്ങൾക്കപ്പുറത്തേക്ക് പോകുന്നതിനു മുമ്പ് കളിക്കൂട്ടുകാരിയുടെ കണ്ണുനീർ തുടച്ചു കൊടുക്കാനുള്ള തോന്നൽ എന്തിനോ ദാഹിക്കുന്ന പോലെ.

ജീവിതത്തിന് ഇത്ര ഭംഗിയുണ്ടന്ന അറിവ് ഒറ്റപ്പെടലിലും തോൽവിയിലും അറിഞ്ഞില്ല.

ഒരു നിമിഷത്തെ അവിവേകം എത്രയോ പേരെ വേദനിപ്പിക്കും. തിരിച്ചെടുക്കാനാവാത്ത തന്‍റെ ശ്വാസം തേടിപിടിക്കാൻ തോന്നുന്നു…

ഒരവസരം പോലുമില്ലാതെ സ്വയം ശിക്ഷിച്ച് ശരീരം നാശമാക്കി. പൂർത്തിയാവാത്ത ജീവിത സ്വപ്നങ്ങൾ ആത്മാവിനെ നോവിക്കുന്നുവെങ്കിലും ശാന്തമാകാൻ ശ്രമിച്ചു കൊണ്ടിരുന്നു.

കുറച്ചു സമയം കൂടിയുള്ളു. ബോഡി എത്താറായി ചടങ്ങുകൾ കഴിഞ്ഞ് വേഗം എടുക്കും. കോവിഡ് പ്രേട്ടോക്കേൾ പ്രകാരമാണ് ആരുടയോ സംസാരം.

ഈ നിമിഷം ജീവിതത്തിന്‍റെ ഭംഗി കണ്ട് ഭ്രമിക്കുന്നത് നിഷ്ഫലം. ഓർമ്മകൾ മാത്രം ബാക്കി .

ഒന്നും ബാക്കി വെക്കാതെ ഒരാൾക്കും എവിടെയ്ക്കും പോവാൻ പറ്റില്ല. കാലത്തിനപ്പുറത്തേക്കുള്ള യാത്രയിലും ആ വസന്തത്തിന്‍റെ വാസന നാസികകളെ മോഹിപ്പിക്കുന്നുണ്ടോ..

സ്നേഹമഴ

“മണിക്കുട്ടീ”

ഉറക്കം തൂങ്ങുന്ന മിഴികൾ താനേ അടയുന്നു.

“ഉറക്കം വരണുണ്ടെങ്കിൽ പോയി കിടന്നോളൂ. ഏട്ടന് കുറെ ഹോംവർക്ക് ചെയ്യാനുണ്ട്”

“അപ്പൊ കഥയോ?”

“അത് ഏട്ടൻ നാളെ പറഞ്ഞുതരാം.”

“അത് പറ്റില്ല്യ. ഏട്ടന്‍റെ കഥ കേട്ടിട്ടേ ഞാനുറങ്ങണുള്ളു”

കഥ പറയാൻ തുടങ്ങുമ്പോഴേക്കും ആളുറക്കമാകും. എങ്കിലും ഉറങ്ങുന്നതുവരെ അവൾക്ക് ഏട്ടൻ അടുത്തുണ്ടാവണം

എന്തെല്ലാം ഒളിമങ്ങാത്ത ഓർമ്മകൾ. മനസ്സിന്‍റെ കളിത്തട്ടിൽ എത്രയെത്ര നുറുങ്ങുസംഭവങ്ങൾ. സ്ക്കൂളിലെ ഇന്‍റർവെല്ലിന്‍റെ സമയത്ത് എന്നും ഏട്ടനെ തേടിയെത്താറുള്ള തന്‍റെ അനുജത്തി. കൊഞ്ചിക്കുഴഞ്ഞുകൊണ്ടുള്ള സംസാരം. സ്നേഹം വഴിയുന്ന വിടർന്ന കണ്ണുകളുടെ തിളക്കം. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.

“ഞാനിന്ന് ഏട്ടന് ഒരൂട്ടം കൊണ്ടു വന്നിട്ടുണ്ടല്ലോ”

“എന്താ?”

“ദേ, ഇത് കണ്ടോ” ഫ്രോക്കിന്‍റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നിലക്കടലയുടെ പൊതിയെടുത്ത് തുറന്ന് നീട്ടിക്കാണിച്ചുകൊണ്ടാണ് സംസാരം ”ഞാനിന്നേ അമ്മേടെ കയ്യീന്ന് പൈസ വാങ്ങീരുന്നു.”

പാതിമുക്കാലും തന്‍റെ കൈയ്യിലേക്ക് ചൊരിഞ്ഞിട്ടുതരുന്ന, താനത് രുചിയോടെ ചവക്കുന്നത് കണ്ട് സായൂജ്യമടയുന്ന മണിക്കുട്ടി. അവളെപ്പോഴും അങ്ങനെയായിരുന്നല്ലോ. ഏട്ടന്‍റെ സന്തോഷമായിരുന്നു അവൾക്കെല്ലാം.

പതുപതുത്ത കുഞ്ഞുവിരലുകളുടെ മൃദുസ്പർശത്തിന്‍റെ സ്നിഗ്ദ്ധത. അതിപ്പോഴും അനുഭവപ്പെടുന്നതു പോലെ….

ഓട്ടിൻപുറത്തു നിന്ന് ഇറ്റിറ്റ് വീഴുന്ന മഴവെള്ളം മുറ്റത്തുള്ള കൊച്ചുകുഴികളിൽ അപ്രത്യക്ഷമാകുന്നതിലേക്ക് അലസമായി നോക്കിക്കൊണ്ട് ഇറയത്തെ ചാരുകസേരയിലിരിക്കുമ്പോൾ ഒരു സ്വരം അയാളെ മനോരാജ്യത്തിൽ നിന്നുണർത്തി

കയ്യിലൊരു കുപ്പിയുമായി എട്ടൊൻപതുവയസ്സുള്ള ഒരു പെൺകുട്ടി. ”മണിയമ്മേ, ഒരു കുപ്പി മോരു തരാനുണ്ടാവോ”

“ദാ, ഇപ്പോ കൊണ്ടുവരാം” അകത്തുനിന്ന് മറുപടി കേട്ടു.

“ഒരു പാത്രത്തിൽ മോരുമായി ഉമ്മറത്ത് പ്രത്യക്ഷപ്പെട്ട വീട്ടമ്മയെ അയാൾ വേദനയോടെ ശ്രദ്ധിച്ചു.

മണിക്കുട്ടി എത്ര മാറിപ്പോയി. വാരിവലിച്ചുകെട്ടിയ തലമുടി. മുഷിഞ്ഞുലഞ്ഞ വേഷം. വിണ്ടുകീറിയ കാൽമടമ്പുകളിൽ അഴുക്ക് കട്ടപിടിച്ചിരിക്കുന്നു. കൈകളിലുമിപ്പോൾ കഠിനാദ്ധ്വാനത്തിന്‍റെ തയമ്പുകളുണ്ടാകും. അയാൾ അസ്വാസ്ഥ്യത്തോടെ ഓർത്തു.

പഴയ മണിക്കുട്ടിയുടെ ഓർമ്മക്കെന്നപോലെ നീണ്ട് ഇടതൂർന്ന തലമുടി മാത്രം.

അതിനെക്കുറിച്ച് അച്ഛൻ പറയാറുള്ളത് ഓർമ്മവന്നു അപ്പോൾ. ”മണ്ടിപ്പെണ്ണ്.തലേലു വെറും കളിമണ്ണാ. അതാ മുടിയ്ക്കിത്ര കരുത്ത്.”

പഠിക്കാനവൾ പിറകോട്ടായിരുന്നല്ലോ. പത്തിൽ രണ്ടുതവണ തോറ്റപ്പോൾ പഠിത്തവും അവസാനിച്ചു. ജീവിതത്തിലും അവൾ ബുദ്ധിശൂന്യത കാണിച്ചുവെന്ന് അച്ഛൻ പലപ്പോഴും പരാതി പറയാറുണ്ടായിരുന്നു. സ്വന്തം നിലനിൽപ്പിനെക്കുറിച്ച് ഓർക്കാതെ നിലവും പറമ്പും കിട്ടിയ വിലക്ക് വിറ്റത് ബുദ്ധിശൂന്യത എന്നല്ലേ ആരും പറയൂ.

അത്തവണ ലീവിൽ നാട്ടിലെത്തിയ ദിവസം മണിക്കുട്ടിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി. എത്ര മാറിപ്പോയിരിക്കുന്നു അവൾ.

മോരിന്‍റെ കാശും വാങ്ങി അകത്തേക്ക് നടക്കും മുൻപ് അവൾ ചോദിച്ചു ”ഏട്ടനെന്താ ഇവിടിങ്ങനെ ഒറ്റക്ക്? വിമലയെവിടെ?”.

“ആവോ ആർക്കറിയാം.” അയാൾ പറഞ്ഞു. വിമലക്ക് ഇവിടെ വന്നേപ്പിന്നെ വീട്ടിലിരിക്കാൻ സമയമുണ്ടായിട്ടില്ലല്ലൊ. അയല്പക്കത്തെല്ലാം പട്ടണപൊങ്ങച്ചോം പറഞ്ഞ് വിലസി നടക്കലല്ലേ പണി.

“ഏട്ടന് ചായ വേണോ?”

“വേണ്ട”

കാലുകൾ ഏന്തിവലിച്ച് നടന്നകലുന്ന അനുജത്തിയെ പിന്തുടരുന്ന അയാളുടെ കണ്ണുകൾ ഈറനായി.

“കാലിന് വേദനയുണ്ടോ? ഏട്ടൻ തടവിത്തരട്ടെ?” കുട്ടികളായിരുന്ന കാലത്തെപ്പോലെ ചോദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…” അയാൾ ആശിച്ചുപോയി.

പക്ഷെ അങ്ങനെ ചോദിച്ചാൽതന്നെ അവളെന്തെങ്കിലും തുറന്ന് പറയുമോ? ഇല്ലെന്ന് തോന്നി അയാൾക്ക്. എല്ലാ വേദനകളും ഹൃദയത്തിലൊതുക്കാനവൾ പഠിച്ചിരിക്കുന്നു.

കല്യാണം കഴിഞ്ഞകാലത്ത് വിമലക്ക് മണിക്കുട്ടിയോട് അസൂയയായിരുന്നു. തന്‍റെ മേൽവിലാസത്തിൽ കുനുകുനെ എഴുതി നിറച്ചിരിക്കുന്ന അവളുടെ കത്തുകണ്ടാൽ വിമലക്ക് അരിശം വരുമായിരുന്നു. കത്തിൽ പകുതിയും അവളുടെ ഭർത്താവ് വാസുവിനെക്കുറിച്ചുള്ള വിശേഷങ്ങളായിരിക്കും. പിന്നെ മക്കളായപ്പോൾ അവരെ പറ്റിയും. എല്ലാം അവൾ വിസ്തരിച്ചെഴുതും. പിന്നെ നാട്ടുവിശേഷങ്ങൾ, അവൾ കണ്ട സിനിമകളുടെ കഥകൾ തുടങ്ങി പൂച്ച പെറ്റതു വരെ.

“ഈ മണിയേടത്തീടെ ഒരു കാര്യം. വാസുവേട്ടനോ മക്കളോ ഒന്ന് തുമ്മിയാൽ മതി അതും കത്തിലെഴുതും.” വിമല പിറുപിറുക്കും

സാവധാനത്തിൽ കത്തുകളുടെ നീളം കുറഞ്ഞുവന്നു. എങ്കിലും കൃത്യമായി കത്തുകളെത്തും. സ്നേഹം തുളുമ്പുന്ന കത്തുകൾ. “ഏട്ടന് ക്ഷീണമാണെന്ന് അവിടന്നുവന്ന അപ്പേട്ടൻ പറഞ്ഞൂലോ. ശരീരം നല്ലോണം നോക്കണംട്ടോ” അവളൊരിക്കലെഴുതി.

ആ കത്ത് കണ്ടപ്പോൾ വിമല പൊട്ടിത്തെറിച്ചു.” ഇവിടെ ഞാനിട്ട് നരകിപ്പിക്ക്യാന്ന് തോന്നൂലോ. ഒരു മണിക്കുട്ടീം പുന്നാര ഏട്ടനും”

വർഷങ്ങൾ കടന്നുപോയി. അമ്മ മരിച്ചപ്പോഴും മറ്റുമായി മൂന്നാലു തവണ ലീവിൽ നാട്ടിൽ വന്നുപോകുകയും ചെയ്തു.

കഴിഞ്ഞ തവണ ലീവിൽ വന്നപ്പോൾ അച്ഛന്‍റെ പരാതി. ”വാസൂന്‍റെ കള്ളുകുടിക്ക് ഒരു ശമനോല്ല്യാന്നാ കേട്ടത് .കച്ചോടോക്കെ പൊളിഞ്ഞൂത്രെ. അവളുടെ പേരിലുള്ള വസ്തുക്കള് വിക്കണോന്നും പറഞ്ഞ് മണിക്കുട്ടി കുട്ട്യോളേം കൊണ്ട് രണ്ടീസം മുൻപ് ഇവിടെ വന്നിരുന്നു. ഞാനപ്പോൾ അവളോട് പറഞ്ഞു, ഇവിടെ വന്നു നിൽക്കാൻ. ഭാര്യേം മക്കളേം പോറ്റാൻ കഴിയാത്തോന്‍റെ കൂടെ പൊറുത്തിട്ടെന്താ ഫലം. പറഞ്ഞാൽ കേൾക്കണ്ടേ. അവളുടെ കുട്ട്യോൾക്ക് അച്ഛനില്ലാണ്ടാവില്ലേന്ന്. പിന്നെ വാസൂന് തീരെ സുഖല്ല്യാത്രെ. അങ്ങനേക്കെ ഓരോ തട്ടുമുട്ടും പറഞ്ഞ് വന്നതിനേക്കാൾ വേഗത്തില് മടങ്ങിപ്പോവൂം ചെയ്തു.”

അയാളതെല്ലാം കേട്ടുകൊണ്ട് തരിച്ചിരുന്നു പോയി. മണിക്കുട്ടിയോട് അല്പം നീരസവും തോന്നി. യാത്രാക്ഷീണം വകവെക്കാതെ അന്നുതന്നെ അയാൾ അവളെ കാണാൻ പുറപ്പെട്ടു.

“അല്ല, ഇതാരാ! ഏട്ടനോ. മക്കളേ, ദേ അമ്മാമ വന്നേക്ക്ണു.” എന്ന് പറഞ്ഞുകൊണ്ട് അവൾ അരികിലേക്ക് ഓടിയെത്തി.

അടുക്കളക്കരി പുരണ്ട മുണ്ടും വേഷ്ടിയും. കൂടുതൽ നേർത്തു പോയ കഴുത്തിൽ കറുത്ത ചരടിൽ കോർത്ത താലി മാത്രം. കണ്ണിനു ചുറ്റും ഉറക്കച്ചടവിന്‍റെ കാളിമ. പക്ഷെ നിഷ്കളങ്കമായ ആ മുഖത്തപ്പോഴും മങ്ങാത്ത പുഞ്ചിരിയുണ്ടായിരുന്നു. ഏട്ടനെ കുറേനാൾക്കു ശേഷം കണ്ടതിന്‍റെ സന്തോഷവും.

രോഗിയായ ഭർത്താവ്, അഞ്ചും ഏഴും വയസ്സുകാരായ കുട്ടികൾ. ഒപ്പം ഇല്ലായ്മയുടെ പങ്കപ്പാടുകളും. ആ കൊച്ചുലോകത്ത് സ്വർഗ്ഗം പണിയാൻ നെട്ടോട്ടമോടുന്ന വീട്ടമ്മ. അടുക്കളപ്പണി ചെയ്യണം. കുട്ടികൾ തമ്മിലുള്ള വഴക്ക് തീർക്കണം. എങ്കിലും ഇടക്കിടെ അവൾ വാസുവിന്‍റെ മുറിയിലേക്കെത്തും. കഷായം കൊണ്ടുവരട്ടേ, ഇത്തിരിനേരം തലോണയിൽ ചാരി ഇരുത്തട്ടേ എന്നെല്ലാം ചോദിച്ചുകൊണ്ട്.

അവളുടെ വിളർത്തു മെല്ലിച്ച കോലം കണ്ടപ്പോൾ വാസുവിനേക്കാൾ ശുശ്രൂഷ ആവശ്യമുള്ളത് അവൾക്കാണെന്നു തോന്നി അയാൾക്ക്.

ആ കറയില്ലാത്ത സ്നേഹത്തിനു മുൻപിൽ അയാളുടെ നീരസം ആവിയായി. പറയാൻ കരുതി വെച്ചിരുന്ന പരുഷവാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

അവരിരുവരും തനിച്ചായപ്പോൾ അയാൾ സൗമ്യമായി ചോദിച്ചു. ”നീ നിന്‍റെ വസ്തു വിക്കാൻ പോണൂന്ന് അച്ഛൻ പറഞ്ഞല്ലോ. ശരിയാണോ.”

“എനിക്കെന്തിനാ ഏട്ടാ, നെലോം പറമ്പുമൊക്കെ. ചികിത്സക്ക് പണം വേണം. വാസേട്ടന്‍റെ സൂക്കേടൊന്ന് മാറിക്കിട്ടിയാൽ മത്യായിരുന്നു.”

അയാൾക്കൊന്നും പറയാനായില്ല. ആരുടേയും വേദന കാണാനവൾക്കാവില്ല. പിന്നെയാണോ ഭർത്താവിന്‍റെ?

ലീവു കഴിഞ്ഞ് അയാൾ കുടുംബസമേതം ജോലി സ്ഥലത്തേക്ക് മടങ്ങി. വൈകാതെ അച്ഛന്‍റെ കത്തുവന്നു. മണിക്കുട്ടി വസ്തു വിറ്റു എന്ന വാർത്തയുമായി. രണ്ടുമാസം കഴിയും മുൻപ് വാസുവിന്‍റെ മരണവാർത്തയും.

അന്നു മുതൽ നാട്ടിലൊന്ന് വന്നു പോകാൻ ആഗ്രഹിച്ചതാണ്. പക്ഷെ വരാൻ കഴിഞ്ഞത് ഇപ്പോഴാണ്, അച്ഛൻ മരിച്ചുവെന്ന ഫോൺ എത്തിയപ്പോൾ.

ഒരു മാസത്തെ ലീവ് കഴിഞ്ഞതറിഞ്ഞില്ല. ഇന്ന് വൈകിട്ടത്തെ ട്രേനിൽ മടങ്ങുകയാണ്.

പെട്ടികൾ പാക്കു ചെയ്യണം. ബന്ധുക്കളോടും അയൽക്കാരോടും യാത്ര പറയണം. പക്ഷെ ഒന്നിനും തോന്നുന്നില്ല. ആരും സഹായത്തിനില്ലാത്ത മണിക്കുട്ടിയുടെ ഭാവി ഓർക്കുമ്പോൾ വല്ലാത്ത ആശങ്ക.

“അല്ല, എന്തിരുപ്പാത്. പെട്ടി ഒതുക്കണ്ടേ.” വിമല സാമാന്യം വലിയൊരു ബാഗുമായി ഓടിക്കിതച്ചു കൊണ്ടെത്തി.” ഞാൻ കുട്ട്യോളടെ ഉടുപ്പുകൾ തുന്നാൻ കൊടുത്തത് വാങ്ങാൻ പോയതാ. കുട്ടികളെവിടെ?

”അവരെല്ലാം കൂടി തൊടിയിൽ പന്ത് കളിക്കുന്നു”

പെട്ടി പാക്കു ചെയ്യുന്നതിനിടയിൽ മണിക്കുട്ടി രണ്ട് കുപ്പികളുമായി അങ്ങോട്ട് വന്നു.” ഇത് ഇവിടെ കാച്ചിയ കുറച്ച് നെയ്യാ, ഇതും ബാഗിലേക്ക് വെച്ചോളൂ. കുട്ട്യോൾക്ക് ഇഷ്ടാവും. അപ്പേട്ടൻ ഓണത്തിന് ലീവിൽ വരുമ്പോൾ ഞാൻ വറത്തുപ്പേരി കൊടുത്തു വിടാട്ടോ. അപ്പഴേക്കും കായക്കുല മൂപ്പാകും.”

മണിക്കുട്ടിക്ക് ഇത്രയെങ്കിലും ചെയ്യാനാകുന്നുണ്ടല്ലോ, പക്ഷെ തനിക്കോ. വിമലയുടെ ധാരാളിത്തം കൊണ്ട് തന്‍റെ പോക്കറ്റ് എപ്പോഴും കാലിയായിരിക്കും. അയാളുടെ മനസ്സ് കുറ്റബോധത്താൽ നീറി.

“ദേ, ഇത് മണിയേടത്തീടെ കുട്ടികൾക്ക്.” വിമല മൂന്നാലുടുപ്പുകൾ അവളുടെ നേരെ നീട്ടി. നിറം മങ്ങിയ പഴഞ്ചനുടുപ്പുകൾ ഒട്ടും പരിഭവമില്ലാതെ ഇരുകൈയ്യും നീട്ടി വാങ്ങുന്ന തന്‍റെ അനുജത്തി.

അവൾ നടന്നകന്നപ്പോൾ വിമലയുടെ പതിഞ്ഞ സ്വരത്തിലുള്ള ആത്മപ്രശംസ. ”ആ പിള്ളേര്ടെ ഉടുപ്പുകളൊക്കെ കീറി, അതാ ഞാൻ….”

അയാൾ അസഹ്യതയോടെ പെട്ടെന്നവിടെനിന്ന് എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി. മനസ്സും ശരീരവും ചുട്ടുനീറുമ്പോലെ…

ചാറി നിന്ന മഴയപ്പോൾ കൂടുതൽ ശക്തമായി. മഴത്തുള്ളികളോടൊപ്പം അയാളുടെ കണ്ണുകളും തുളുമ്പിയൊഴുകി.

“ഏട്ടാ, ദേ, കുട” തൊട്ടുപിറകിൽ ഒരു വിളി. മണിക്കുട്ടി കുടയുമായി എത്തിക്കഴിഞ്ഞു

നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവളിൽനിന്നും ഒളിക്കാനുള്ള ശ്രമത്തിലായിരുന്നു അയാൾ.

“ഏട്ടാ, എന്തായിത് കുട്ട്യോളെപ്പോലെ” അയാളുടെ മനസ്സു വായിക്കാൻ കഴിഞ്ഞതുപോലെയായിരുന്നു അപ്പോൾ ആ മുഖത്തെ ഭാവം.

അയാൾ ഒന്നും മറുപടി പറയാനാകാതെ വിഷണ്ണനായി നിന്നു.

നനവൂറുന്ന അവരുടെ കണ്ണുകൾ അന്യോന്യം എന്തെല്ലാമോ മന്ത്രിച്ചു. അവരുടെ ഹൃദയത്തുടിപ്പുകൾക്കപ്പോൾ ഒരേ താളമായിരുന്നു. മനസ്സുകളിൽ ഒരേ വികാരവും വിചാരവുമായിരുന്നു. അവരുടെ ഓർമ്മകളിൽ ബാല്യകാലം വീണ്ടും വിരുന്നിനെത്തിയിരുന്നു.

“വാ ഏട്ടാ, മഴതോർന്നിട്ട് പോയാൽ മതി” അവളയാളുടെ കയ്യിൽ പിടിച്ച് കുടക്കീഴിലേക്ക് ചേർത്തു നിർത്തി.

മഴവെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് ഒരേ കുടക്കീഴിൽ നടന്നു പോകാറുള്ള ആ പഴയ ഏട്ടനും അനുജത്തിയുമാണവരെന്നും തങ്ങൾക്ക് ഒരു മാറ്റവുമില്ലെന്നും അവർക്കു തോന്നി.

അവരുടെ ചുറ്റിനും മഴത്തുള്ളികളപ്പോൾ സ്നേഹമഴയായി പൊഴിഞ്ഞുകൊണ്ടിരുന്നു.

സാഗരസംഗമം ഭാഗം- 11

“ഇനി ഇല്ല…” എന്നു അദ്ദേഹം കുറ്റബോധത്തോടെ പറഞ്ഞു. എന്നിട്ട് എന്നെ കൂടുതൽ സ്നേഹത്തോടെ വരിഞ്ഞു മുറുക്കി.

“നീ എന്‍റേതു മാത്രമാണു മീര…” അദ്ദേഹത്തിന്‍റെ ആ വാക്കുകളിൽ പഴയ ആവേശം തുടിച്ചു നിന്നു. അന്ന് വൈകുന്നേരം അമ്മയുടെ മുറിയിലെത്തി. അമ്മയുടെ ശരീരം തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ ഒരു സ്റ്റൂളിൽ വച്ച പാത്രത്തിലെ ചൂടുവെള്ളത്തിൽ തുണിമുക്കി ഞാനാശരീരമാസകലം തുടച്ചു വൃത്തിയാക്കി. ഏറെ നാളത്തെ ബെഡ് റെസ്റ്റ് അമ്മയുടെ ശരീരത്തിൽ വ്രണങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിരുന്നു. അതുകണ്ട് എന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു.

അപ്പോഴാണ് അയൽപക്കത്തെ, അമ്മയുടെ ഏതാനും സുഹൃത്തുക്കൾ അങ്ങോട്ടേയ്ക്ക് കയറി വന്നത്. അവരെല്ലാം അമ്മയുടെ പഴയകാല സുഹൃത്തുക്കൾ ആയിരുന്നു. അവർ ചിരിച്ചു കൊണ്ട് എന്നോടും അമ്മയോടും കുശലന്വേഷണം നടത്തി.

“അല്ല ദേവകിയമ്മേ മക്കളെല്ലാം വന്നിട്ടുണ്ടെന്നു തോന്നുന്നു. അല്ലാ ഇതാരാ മീരമോളല്ലെ… ഞങ്ങളെയൊക്കെ മറന്നുവോ?…”

എൺപതിനോടടുത്ത പ്രായമുള്ള അവരിൽ പലരേയും എനിക്ക് പണ്ടേ പരിചയമുള്ളവരായിരുന്നു. എന്‍റെ സുഹൃത്തുക്കളുടെ  അമ്മമാരും കൂടിയായ അവർ അടുത്തെത്തി എന്നെ സൂക്ഷിച്ചു നോക്കിപ്പറഞ്ഞു.

“പ്രായം ഇത്രയുമായിട്ടും മീരയുടെ സൗന്ദര്യത്തിന് ഒരു കുറവുമില്ല. എന്‍റെ ഇന്ദുമോൾ എപ്പോഴും പറയും മീരയുടെ സൗന്ദര്യത്തെപ്പറ്റി. വെറുതെയല്ല, പണ്ട് കോളേജിൽ പഠിപ്പിച്ചിരുന്ന ആ സാറിന് തന്നെക്കണ്ട് അത്രയ്ക്ക് ഇഷ്‌ടമായത്.”

നാണിയമ്മ പറയുന്നതു കേട്ട് ഞാൻ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ. അപ്പോൾ അമ്മ ഉത്സാഹത്തോടെ പറയുന്നതു കേട്ടു.

“പണ്ടത്തെ ആ സൗന്ദര്യമൊക്കെ എന്‍റെ മീരമോൾക്ക് എപ്പോഴെ നഷ്ടപ്പെട്ടു. മുട്ടറ്റം എത്തിയിരുന്ന ആ മുടിയ്ക്ക് തന്നെ എന്തൊരു ഭംഗിയായിരുന്നു. ഇപ്പോഴതെല്ലാം കൊഴിഞ്ഞു പോയില്ലെ?…”

“അല്ല വല്ല നാട്ടിലും പോയിക്കിടന്നാൽ അങ്ങിനെയൊക്കെത്തന്നെയെ വരൂ… നമ്മുടെ നാട്ടിലേതു പോലെയൊന്നുമായിരിക്കില്ലല്ലോ അവിടെ. പിന്നെ മനഃപ്രയാസവും കുറച്ചൊന്നുമല്ലല്ലോ അനുഭവിച്ചിട്ടുള്ളത്… ” അമ്മ തുടർന്നു.

“അല്ല… എന്തിനായിരുന്നു ദേവകിയമ്മെ ആ കുട്ടിയെ ആ സാറ് കല്യാണം കഴിച്ചിട്ട് അവിടെ നിന്നും പിടിച്ചു കൊണ്ടു പോന്നത്. അത് കുറച്ചു കഷ്ടമായിപ്പോയിട്ടോ. എങ്കിലും ഒരാളിന്‍റെ കൂടെ അഞ്ചാറു ദിവസം കഴിഞ്ഞ ഒരു പെണ്ണിനെയല്ലേ, ഒരു വിഷമവും കൂടാതെ മറ്റൊരാൾക്കു പിടിച്ച കൊടുത്തത്. അതും പോലീസിന്‍റെ സഹായത്തോടെ പിടിച്ചിറക്കി കൊണ്ടു വന്നിട്ട്. ഇന്നാട്ടിലെങ്ങും കേട്ടു കേൾവി പോലും ഇല്ലാതിരുന്ന കാര്യായിപ്പോയി അത്.” മീനാക്ഷിയമ്മയുടെ വാക്കുകൾ കേട്ട് ഭൂമി തുരന്ന് താഴേയ്ക്കിറങ്ങിപ്പോവുന്നതായി തോന്നി. അമ്മയുടെ മുഖവും വിവർണ്ണമാവുന്നത് ഞാൻ കണ്ടു. പക്ഷേ അമ്മ പെട്ടെന്നു തന്നെ നിയന്ത്രണം വീണ്ടെടുത്ത് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അന്ന് മാധവേട്ടന് അങ്ങിനെയൊക്കെ തോന്നി. അക്കാര്യത്തിൽ അദ്ദേഹത്തിന് പിന്നീട് പശ്ചാത്താപവും ഉണ്ടായിരുന്നു.” അമ്മ സ്വയം നിയന്ത്രിച്ച് പറഞ്ഞു നിർത്തി.

“അതെയതെ… അക്കാര്യം ഓർക്കുമ്പോൾ ഞങ്ങൾക്കൊക്കെ ഇങ്ങോട്ടുവരാനൊരു നാണക്കേടാ കേട്ടോ. പിന്നെ ദേവകിയമ്മയുടെ മനസ്സു നല്ലതാണല്ലോ എന്നോർത്താ ഞങ്ങളൊക്കെ ഇങ്ങോട്ടു വരുന്നേ. എന്തായാലും ഇപ്പോ സുഖമാണോ കുഞ്ഞെ. എന്താ അയാളുടെ പേര്. വിഷ്ണു നാരായണനെന്നോ മറ്റോ അല്ലേ? ഒരു കോളേജ് പ്രൊഫസർ…”

“അതെ നരേട്ടൻ. അദ്ദേഹത്തിനൊടൊപ്പം എനിക്കു സുഖമാണ്.” മീനാക്ഷിയമ്മയുടെ ചോദ്യം കേട്ട് ഞാൻ വിക്കി വിക്കി പറഞ്ഞു.

“അതെയതെ… ഒരു ഉളിപ്പുമില്ലാതെ രണ്ടു കെട്ടിയേച്ച് പറയുന്നത് കേട്ടില്ലേ? കെട്ടിച്ച അച്‌ഛനും കൊള്ളാം കെട്ടിയ മോളും കൊള്ളാം…”

വീടിനു തൊട്ടപ്പുറത്തുള്ള നാക്കിനെല്ലില്ലാത്ത മേരിചേച്ചിയുടെ വകയായിരുന്നു അത്. എന്തായാലും എല്ലാം കേട്ടപ്പോൾ ചെവി പൊത്തി അവിടെ നിന്നും ഇറങ്ങി ഓടാൻ തോന്നി. നിമിഷങ്ങൾക്കകം അസഹത്യയോടെ മുറി വിട്ടു പോരുമ്പോൾ മേരി ചേച്ചി പറയുന്നതു കേട്ടു.

“എന്നാലും ഇപ്പഴത്തെ പെണ്ണുങ്ങളുടെ മനക്കട്ടി അപാരം തന്നെ. ഒരാളെ സ്നേഹിച്ച്, കല്യാണം കഴിച്ച് വഞ്ചിച്ചേച്ച് മറ്റൊരാളെ കെട്ടുക. പാവം ആ സാറ്… കുറെ നാൾ ഭ്രാന്തനായി നടന്നെന്നു കേട്ടു…”

എല്ലാം കേട്ട് ക്ഷമയോടെ പ്രതികരിക്കുന്ന അമ്മയുടെ ശബ്ദവും അവൾ കേട്ടു.

“അതിനെല്ലാ കുറ്റവും നിങ്ങൾ മീരമോളുടെ തലയിൽ കെട്ടിവയ്ക്കുന്നതെന്തിനാ… ഇവിടത്തെ മാധവേട്ടനാ എല്ലാറ്റിനും കാരണക്കാരൻ.”

“ആ.. അതു ശരിയായിരിക്കാം. പക്ഷേ ഉള്ളതു പറയാമല്ലോ ദേവകിയമ്മെ… ആ പ്രായത്തിൽ പെൺപിള്ളേർക്ക് കുറെ അടക്കോം, ഒതുക്കാം ഒക്കെ വേണം. അതില്ലാതെ പോയതിന്‍റെ കുറ്റമാ മീര അനുഭവിച്ചത്. ഞങ്ങടെ പെണ്മക്കളെയൊക്കെ ഞങ്ങൾ നല്ല നിയന്ത്രണത്തിലാ വളർത്തിയത്. അതുകൊണ്ട് അവരൊന്നും അങ്ങിനെ പോയില്ല.”

എന്തും വെട്ടിത്തുറന്നു പറയുന്ന മേരി എന്ന ആ സ്ത്രീയുടെ വാക്കുകളെ ഖണ്ഡിച്ചു കൊണ്ട് കല്യാണിയമ്മ പറയുന്നതു കേട്ടു.

“എല്ലാം പഴയ കാര്യങ്ങളല്ലെ മേരി. നമ്മളിനി അതൊക്കെ കുത്തിപ്പൊക്കി വയ്യാതെ കിടക്കുന്ന ദേവകിയെ വേദനിപ്പിക്കുന്നതെന്തിനാ. നമ്മൾ വന്നത് അവളുടെ അസുഖവിവരം അന്വേഷിക്കാനല്ലെ?”

തുടർന്ന് അവർ അമ്മയുടെ അസുഖ വിവരം അന്വേഷിക്കുന്നതു കേട്ടു. വല്ലാതെ അപമാനിതയാക്കപ്പെട്ടതായി തോന്നി. മുറിയിൽ വന്നിരുന്ന് പൊട്ടിക്കരയുമ്പോൾ എല്ലാം കേട്ടു നിന്ന മായ അടുത്ത് വന്ന് സമാശ്വസിപ്പിച്ചു.

“ഇതെല്ലാം നമ്മുടെ നാട്ടുകാരുടെ സ്വഭാവമാണ് ചേച്ചി. ആർക്കെങ്കിലും ഒരു വീഴ്ച പറ്റിയാൽ അവരെ കുത്തി നോവിക്കുക. ഉള്ളതും, ഇല്ലാത്തതും പറഞ്ഞു നടന്ന് രസിക്കുക. ഈ പറയുന്ന മേരി ചേച്ചിയുടെ ഒരു മകൻ മയക്കുമരുന്നിന് അടിമയാ. എന്നിട്ട് അവർ വലിയ നേരസ്‌ഥയായത്. അവനവന്‍റെ കണ്ണിലെ കോലു കണ്ടില്ലാന്ന് നടിച്ച് മറ്റുള്ളോരുടെ കണ്ണിലെ കരടെടുക്കാനാ എല്ലാവർക്കും താൽപര്യം.”

മായ എന്നെ സമാശ്വസിപ്പിക്കാനായി വീണ്ടും അതുമിതും പറഞ്ഞു കൊണ്ടിരുന്നു.എന്നാൽ എന്‍റെ മനസ്സിന്‍റെ എല്ലാ നിയന്ത്രണങ്ങളും പൊട്ടിപ്പോയിരുന്നു. അന്യനാട്ടിൽ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ കേൾക്കാനിടവരാതിരുന്നതു കൊണ്ട് ഇത്രത്തോളം അപമാനവും, കുറ്റബോധവും സഹിക്കേണ്ടി വന്നിരുന്നില്ല. എന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞു പോയിട്ടും ഞാൻ മറ്റൊരാളുടെ ഭാര്യയായി. രണ്ടുകുട്ടികളുടെ അമ്മയും, മുത്തശ്ശിയുമായി ക്കഴിഞ്ഞിട്ടും പഴയതൊക്കെ ഓർമ്മിക്കുന്ന നാട്ടുകാർ എന്നെ വെറുതെ വിടുവാൻ ഭാവമില്ല.

ഇവിടെ ഇപ്പോൾ അഗ്നിയിൽ ചവുട്ടി നിൽക്കുന്ന പ്രതീതിയാണ് എനിക്കുണ്ടാകുന്നത്. ഉള്ളിലെ പുണ്ണിൽ വീണ്ടും വീണ്ടും കുത്തി രസിക്കുന്നവർ. എന്നെ അഗ്നിയിലെന്ന പോലെ ചുട്ടു നീറ്റുകയും പൊറുക്കാനാവാത്ത പാപമായിരിക്കാം.

എത്ര ജന്മങ്ങൾ കഴിഞ്ഞാലും പരിഹാരമില്ലാത്ത പാപകർമ്മം. ഒരു മനുഷ്യനോടു ചെയ്യാവുന്ന ഏറ്റവും വലിയ അപരാധം. പക്ഷേ എന്‍റെ അച്‌ഛൻ മൂലം സ്വയമറിയാതെ ചെയ്ത തെറ്റിന് ഞാൻ ഇഞ്ചിഞ്ചായി നീറിയത് കുറച്ചൊന്നുമല്ലല്ലോ.

സ്വന്തം ജീവിതത്തേയും കുടുംബത്തേയും ബലി കഴിച്ച് കുറെനാൾ വിഭ്രാന്തിയിൽ ജീവിക്കുകയും ചെയ്‌തു. ഒടുവിൽ നരേട്ടന്‍റെ സ്നേഹം ഒന്നുമാത്രമാണ് ആ സ്ഥിതിയിൽ നിന്നും എന്നെ കരകയറ്റിയത്.

ഇന്നിപ്പോൾ ഈ നാട്ടിൽ വച്ച് വീണ്ടും ക്രൂശിക്കപ്പെടുമ്പോൾ ആ പഴയ സ്‌ഥിതിയിലേയ്ക്ക് വീണ്ടും വഴുതി വീഴുകയാണെന്ന തോന്നൽ വയ്യ. ഇവിടെ നിന്ന് എത്രയും വേഗം രക്ഷപ്പെടണം. ഈ വീട് ഈ അന്തരീക്ഷം ചുറ്റുപാടുകൾ എല്ലാം എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു.

ഒരിക്കൽ കൂടി കുടുംബത്തിന് എന്നെ നഷ്ടപ്പെടുവാൻ വയ്യാ. നരേട്ടനെ വേദനിപ്പിക്കുവാനും. അതെ ഇവിടെ ഞാൻ സ്വാർത്ഥയാവുകയാണ്. എല്ലാറ്റിൽ നിന്നും ഓടിയൊളിക്കുവാൻ പഴയതെല്ലാം മറക്കുവാനുള്ള വെമ്പൽ മനസ്സിനെ കീഴടക്കുന്നു. അന്നു രാത്രിയിൽ ധൃതി പിടിച്ച് പെട്ടിയും സാമാനങ്ങളും പായ്ക്കു ചെയ്യുമ്പോൾ മായ അടുത്തു വന്നു ചോദിച്ചു.

“ചേച്ചീ പോകാനുള്ള ഒരുക്കത്തിലാണോ… എന്തിനാ ചേച്ചീ… ഒരു ഭീരുവിനെപ്പോലെ ഈ ഒളിച്ചോടൽ. ചേച്ചി അതിന് തെറ്റൊന്നും ചെയ്‌തിട്ടില്ലല്ലോ.”

“ഇല്ല മോളെ… ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ചേച്ചിയുടെ മനഃസാക്ഷിയും ചേച്ചിയെ ചുട്ടു നീറ്റുന്നുണ്ട്. ചേച്ചിയുടെ കയ്യിൽ നിന്നും വന്നിട്ടുണ്ട് കുറെ തെറ്റുകൾ. അന്ന് മരിക്കേണ്ടി വന്നാൽ പോലും എനിക്ക് മറ്റൊരു വിവാഹത്തിന് വഴങ്ങാതെ ഉറച്ചു നിൽക്കാമായിരുന്നു. പക്ഷേ ഫഹദ്സാറിനെ, അച്‌ഛന്‍റെ സ്വാധീനം കൊണ്ട് ജയിലിലിട്ട് കൊല്ലുമെന്ന സ്‌ഥിതി വന്നപ്പോൾ എനിക്ക് അച്‌ഛന് വഴങ്ങിക്കൊടുക്കാതെ നിവൃത്തിയില്ലെന്നു വന്നു. സാറിനെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് ഞാൻ അന്ന്…”

തുടർന്ന് മുഴുമിയ്ക്കാനാകാതെ പൊട്ടിക്കരഞ്ഞ എന്നെ മായ തലോടിക്കൊണ്ടു പറഞ്ഞു.

“സാരമില്ല ചേച്ചീ… പഴയതൊന്നും ഇനി ഓർക്കണ്ട. ഇന്ന് ചേച്ചി ഭാര്യയും അമ്മയുമായവളാണ്. ചേച്ചിയുടെ കുടുംബത്തോടുള്ള നീതിയാണ് ചേച്ചിയ്ക്കിന്ന് വലുത്. പോരാത്തതിന് നരേട്ടൻ ചേച്ചിയെ അത്രമാത്രം സ്നേഹിക്കുകയും ചെയ്യുന്നു.”

“ശരിയാണ് മോളെ… ഇനിയും ഇവിടെ നിന്നാൽ എനിക്കു ഭ്രാന്തു പിടിക്കും. അതാണ് ഞാൻ മടങ്ങി പോകാൻ തീരുമാനിച്ചത്. നീ അമ്മയുടെ കാര്യങ്ങൾ ശരിയ്ക്കു നോക്കണം. നമ്മുടെ അമ്മ ഒരുപാട് പാവമാണ്. നമുക്കു വേണ്ടി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറായവളാണ്. അമ്മയ്ക്ക് ഒന്നും സംഭവിക്കാതെ നീ നോക്കണം. ചേച്ചി ഇനി ഇങ്ങോട്ട് വരികയില്ല.”

“ശരി ചേച്ചീ… ചേച്ചീ മടങ്ങിപ്പോയ്ക്കോളൂ. അമ്മയുടെ കാര്യങ്ങൾ ഞാൻ നല്ലോണം നോക്കിക്കോളാം. അമ്മയ്ക്കു വേണ്ടിയാണ് ഞാൻ എന്‍റെ ഭർത്താവിനേയും മക്കളെയും ഉപേക്ഷിച്ച് ഇവിടെ വന്നു നിൽക്കുന്നത്.

“അവരെയെല്ലാം ഞാൻ അന്വേഷിച്ചതായി പറയണം. പിന്നെ മഞ്ജുവിനേയും കുടുംബത്തേയും കണ്ടിട്ട് കുറെ നാളുകൾ ആയി. ങാ… ഇനി ഞാനും നരേട്ടനും കൂടി ഒരു യാത്ര പുറപ്പെടുന്നുണ്ട്. അപ്പോൾ നിങ്ങളെയൊക്കെ കാണാൻ അങ്ങോട്ടെയ്ക്ക് വരാം. അപ്പോഴേയ്ക്കും അമ്മയെ സുഖപ്പെടുത്തി നീ ബാംഗ്ലൂർക്ക് കൊണ്ടു പോകണം.”

മായ കുറെ നേരം എന്നെ കെട്ടിപിടിച്ച് കരഞ്ഞു. അവൾക്കും, മഞ്ജുവിനും എന്നോടുള്ള പഴയ സ്നേഹം ഇപ്പോഴും നിലനിൽക്കുന്നതറിഞ്ഞ് ഞാൻ സന്തോഷിച്ചു. പിറ്റേന്ന് കാലത്ത് പെട്ടിയും സാമാനങ്ങളുമൊരുക്കി ഞാൻ മുറിയിൽ ഏകയായിരിക്കുമ്പോൾ നരേട്ടനും കൃഷ്ണമോളും അങ്ങോട്ടേയ്ക്ക് കടന്നു വന്നു.

“അല്ല… അമ്മ തിരിച്ചു പോകാൻ ഒരുങ്ങുകയാണോ? ഇവിടുത്തെ താമസം മതിയായോ അമ്മയ്ക്ക്?” നരേട്ടന്‍റെ കണ്ണുകളിലെ പകപ്പും കൃഷ്ണമോളുടെ അതിശയോക്തി കലർന്ന ചോദ്യത്തിനും മുന്നിൽ ഞാൻ ഉത്തരമില്ലാതെ നിന്നു. മനസ്സു മൂകമായി മന്ത്രിച്ചു.

അതെ കൃഷ്ണമോളെ… ഒരിക്കൽ കൂടി എനിക്ക് ഇവിടെ നിന്ന് നിർബന്ധപൂർവ്വം പടിയിറങ്ങേണ്ടി വന്നിരിക്കുന്നു. ഒരിക്കൽ എന്‍റേതല്ലാത്ത തെറ്റിന് ഈ മണ്ണിൽ നിന്നും നിർബന്ധപൂർവ്വം പടിയിറക്കപ്പെട്ടവളാണ് ഞാൻ. കഴുകൻ കൊത്തി വലിക്കുന്ന ഹൃദയ വേദനയോടെയാണ് ഞാനന്നീ പടികളിറങ്ങിയത്.

ഫഹദ്സാറിനായി ഓരോ നിമിഷവും മിടിയ്ക്കുന്ന ഹൃദയവും പറിച്ചെടുത്തു കൊണ്ട് അന്നെനിക്കീ നാടുവിടേണ്ടി വന്നു. അന്നീ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ അനുഭവേദ്യമായ കോളിളക്കങ്ങൾ അതേ അളവിൽ ഇന്നും മനസ്സിനെ പിന്തുടരുന്നു. അടങ്ങാത്ത മനസ്സിന്‍റെ അശാന്തമായ തിരയിളക്കങ്ങൾ.

ഓർമ്മയുടെ ചുഴിയിൽ ഞാൻ ഇന്നും ഏകയായി നട്ടം തിരിയുന്നു. ആരുടെയൊക്കെയോ ശാപവചനങ്ങൾ എന്‍റെ ഹൃദയത്തെയും ജീവിതത്തെയും വിടാതെ പിന്തുടരുന്നു.

പിടയുന്ന മനസ്സിന്‍റെ ഉണങ്ങാത്ത മുറിവുകൾക്ക് ആരാണ് തൈലം പുരട്ടിത്തലോടാനെത്തുക? ഒരിറ്റു സ്നേഹ ജലത്തിനായി, ആശ്വാസത്തിന്‍റെ കുളിർനീരിനായി തനിക്കിന്നു ചുറ്റും പരതേണ്ടി വന്നിരിക്കുന്നു. അമ്മയൊഴിച്ച് ആരും എന്നെ തിരിച്ചറിയുന്നില്ല. ആരും…. ഒരു പക്ഷെ നരേട്ടൻ പോലും.

അറിയാതെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ആരും കാണാതെ തുടച്ചു നീക്കി പിന്തിരിഞ്ഞു നടക്കുമ്പോൾ കൃഷ്ണമോൾ പുറകിൽ നിന്നും പറയുന്നതു കേട്ടു.

“അമ്മയ്ക്കിവിടെ ശ്വാസം മുട്ടിത്തുടങ്ങിയെന്നു തോന്നുന്നു. കരയിൽ പിടിച്ചിട്ട പരൽ മീനിന്‍റെ അവസ്‌ഥയിലാണ് അമ്മയിപ്പോൾ എന്നെനിക്ക് മനസ്സിലാകുന്നുണ്ട്. ചെയ്തു പോയ തെറ്റുകൾ കൂർത്ത ശരങ്ങൾ പോലെ അമ്മയെ വിടാതെ പിന്തുടരുന്നുണ്ട് അല്ലേ അമ്മേ? നാട്ടുകാരുടെ വക കുത്തുവാക്കുകൾ വേറെയും. ഞാനെല്ലാം മാറി നിന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കുമ്പോൾ അമ്മ ഓർക്കേണ്ടതായിരുന്നു. ഇതെല്ലാം അനുഭവിക്കേണ്ടി വരുമെന്ന്. പ്രത്യേകിച്ച് ഞങ്ങളുടേയും അച്‌ഛന്‍റെയും മനസ്സിനെ…”

കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ കൃഷ്ണമോൾ എന്നെ കുത്തിമുറി വേൽപിക്കുകയാണെന്നു മാത്രം മനസ്സിലായി. അവൾ പറയുന്നതെന്താണെന്ന് അവൾക്കറിയില്ലല്ലോ എന്നും അപ്പോൾ മനസ്സിലോർത്തു. അവളുടെ മുന്നിൽ എന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ട അമ്മയായിരുന്നു ഞാൻ. അതിനി മാറുകയില്ലെന്നും മനസ്സിലോർത്തു.

(തുടരും)

പരിണാമം

“രേവു…”

“ഇന്ന് ഓഫീസിൽ വേഗമെത്തണം താനെന്നെയൊന്ന് സഹായിക്കാൻ വന്നാൽ നന്നായി.” പ്രാതൽ കഴിച്ചു കൈകഴുകുന്നതിനിടയിൽ നന്ദൻ വിളിച്ചു പറഞ്ഞു.

അല്ലെങ്കിലുമീ നന്ദേട്ടനിതൊരു പതിവാണ് രേവതിയുള്ളിൽ ചിരിച്ചു. എന്തൊക്കെ തയ്യാറാക്കി വച്ചാലും പോകുന്ന നേരത്ത് വല്ലാത്തൊരു തിരക്കാണ്.

ഉച്ചയൂണിനെത്തുമ്പോഴേക്കും മെഴുക്കുപുരട്ടിയുണ്ടാക്കാനായി കായ അരിഞ്ഞെടുക്കുകയായിരുന്നു രേവതി. ഇന്നലെ ജാനു, അടുക്കള ജോലികൾ തീർത്ത് പോകാനൊരുങ്ങുന്നതിനിടയിലാണ് തറവാടിന്‍റെ പാചകപ്പുരയോട് തൊട്ടുനില്ക്കുന്ന വാഴക്കൂട്ടത്തിൽ നിന്നൊരു കായക്കുല വെട്ടിക്കൊണ്ടു വന്നത്. ഇന്ന് മെഴുക്കുപുരട്ടി ഉണ്ടാക്കണമെന്നപ്പോഴേ തീരുമാനിച്ചതായിരുന്നു.

കായമെഴുക്കുപുരട്ടി കൂട്ടിയുള്ള ഊണിനോളം സംതൃപ്‌തി മറ്റൊന്നിനുമില്ല നന്ദേട്ടന്. ജാനു, കായക്കുലയോടൊപ്പം ഉണ്ണിപ്പിണ്ടി മുറിക്കാൻ മറന്നതാണാവോ!

ഇന്ന് ജാനൂനോടത് ഓർമ്മിപ്പിക്കണം.

“രേവൂ നീയെവിട്യാ…”

ദേ നന്ദേട്ടൻ പിന്നേം വിളിച്ചു. തിടുക്കത്തിലാണു ചെന്നത്

തേച്ചുവെച്ച ഷർട്ടിന്‍റെ ബട്ടൺ തിരക്കിട്ട് വിടൂവിക്കാൻ ശ്രമിച്ചിട്ട് ശരിയാവാത്തതിന്‍റെ ദേഷ്യം മുഴുവൻ മുഖത്തുണ്ട്. ചിരി വന്നു.

സഹായത്തിനുതാനെപ്പോഴും കൂടാറുള്ളതുമാണല്ലോ! എത്താനിത്തിരി വൈകിയതിന്‍റെ പരിഭവവുമുണ്ട്. ഷർട്ടു ധരിക്കാൻ പാകത്തിലാക്കി കയ്യിലേൽപ്പിച്ച് നിന്നപ്പോൾ, പതിവുപോലെ നന്ദേട്ടൻ അഭിമുഖമായി മുന്നിൽ നിന്നു.

തന്‍റെ ഡ്യൂട്ടിയാണല്ലോ അത്. മുകളിൽ നിന്നു താഴെവരെയുള്ള ബട്ടനുകളോരോന്നായി ഇട്ടുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ രാത്രി അദ്ദേഹമുറങ്ങിയ സമയത്ത് ശ്രീത വിളിച്ച കാര്യം പറഞ്ഞില്ലല്ലോ എന്നോർത്തത്

എഴുത്തുകാരനായ നന്ദേട്ടന്‍റെ ആരാധകരിലൊരാളാണ് ശ്രീത എല്ലാവരേയും കുറിച്ചുള്ള ചെറുവിവരണം നന്ദേട്ടൻ നല്കിയിട്ടുള്ളതിനാൽ ശ്രീത വിളിച്ചപ്പോൾ പെട്ടന്നു മനസ്സിലാക്കാൻ സാധിച്ചു.

പക്ഷേ…

ആ ഫോൺ തന്നെ അന്വേഷിച്ചുള്ളതായിരുന്നുവെന്നത് അതിശയമുണ്ടാക്കി, ഇനിയേതായാലും വന്നിട്ടു പറയാം..

നന്ദേട്ടന് കുടിക്കാനുള്ള വെള്ളംബോട്ടിലിൽ നിറച്ചു കവറിലിട്ട് തിടുക്കത്തിൽ ഗെയിറ്റ് തുറക്കുമ്പോഴേക്കും ആളരികിലെത്തി.

“രേവൂ, ഇന്നെന്‍റെ നഖമൊന്നു കട്ടു ചെയ്തു തരണം. വൈകീട്ടു മതി”

“ചെയ്യാലോ… വിളക്ക് കൊളുത്തുന്നതിന് മുമ്പെന്‍റെയരികിൽ വന്നേക്കണം. ഇല്ലെങ്കിലിന്നു നടക്കില്ല പറഞ്ഞേക്കാം..” ഗൗരവം നടിച്ചു.ആ മുഖത്തേക്ക് നോക്കി.

“ഈ നിയമം പതിവുള്ളതല്ലേ? വൈകാതിരിക്കാനടിയൻ ശ്രമിച്ചേക്കാമേ” നന്ദേട്ടന്‍റെ പുതിയ വിനയം കണ്ടു പൊട്ടിച്ചിരിച്ചു പോയി.

യാത്ര പറഞ്ഞുള്ള പോക്ക് മിഴിയനക്കാതെ നോക്കി നിന്നൊടുവിൽ ഗെയ്റ്റ് അടച്ച് അകത്തേയ്ക്കു കയറുമ്പോഴുള്ളിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ തലയുയർത്തി വന്നു. ജാനു വന്നുവെന്നു തോന്നുന്നു.

സിങ്കിലെ പാത്രങ്ങൾ തമ്മിൽതമ്മിൽ കലപിലക്കൂട്ടുന്നതിൽ മത്സരിക്കുന്ന ശബ്ദമുച്ചത്തിൽ കേൾക്കുന്നുണ്ട്.

നെല്ലിക്കക്കൊണ്ടൊരു ചമ്മന്തിയുണ്ടാക്കാൻ ജാനുനോട് പറയുമ്പോഴാണ് മൊബൈലൊച്ചയിട്ടത്.

നന്ദേട്ടന്‍റെ കോളാണല്ലോ! കാതോട് ചേർക്കുമ്പോൾ ആ ശബ്ദം

“രേവൂ… ഇന്നലെ ശ്രീത വിളിച്ചിരുന്നുവല്ലേ?”

അപ്പോഴേക്കും നന്ദേട്ടനറിഞ്ഞുവോ…! അല്ലെങ്കിലും ഓഫീസിലെത്തിയാലാണല്ലോ നന്ദേട്ടനൊന്നാശ്വസിക്കുക. തന്‍റെ ഇരിപ്പിടത്തിലമർന്നു കഴിഞ്ഞാൽ ജോലികൾക്കിടയിൽ ഗ്രൂപ്പൂകളില്‍ ഒക്കെയൊന്ന് കയറിയിറങ്ങുന്ന പണിയുമുണ്ടല്ലോ

“ശരിയാ നന്ദേട്ടാ.. രാവിലത്തെ തിരക്കിനിടയിൽ പറയാൻ വിട്ടു.”

“എന്തു തീരുമാനിച്ചു…?”

“നന്ദേട്ടൻ പറയൂ”

“ശരി രേവൂ… വന്നിട്ടു സംസാരിക്കാം”

“ഉം”  നന്ദേട്ടൻ തന്നോടെന്താണിനി പറയുക? എന്തായാലും അദ്ദേഹമെത്തട്ടെ.

ഓഫീസിൽ നിന്നു വന്നൂണും കഴിച്ച് തിരക്കിട്ടു തിരിച്ചു പോകുമ്പോഴും, ഇന്നത്തെയൂണിന്‍റെ മെഴുക്കുപുരട്ടിയും നെല്ലിക്കച്ചമ്മന്തിയും കേമായെന്ന്  പറയാൻ നന്ദേട്ടൻ മറന്നില്ല.

അപ്പോഴും ശ്രീതയുടെ കാര്യം വൈകിട്ട് സംസാരിക്കാമെന്ന് വീണ്ടും ഓർമ്മിപ്പിച്ചു.

നന്ദേട്ടന് ചൂടുള്ള പരിപ്പുവടയും ആവി പറക്കുന്ന കാപ്പിയുമായി ഡൈനിംഗ് റൂമിലേക്ക് നടക്കുമ്പോൾ എല്ലാം ദിവസവും ഓഫീസിൽ നിന്നെത്തിയാലുള്ള പതിവ് കുളിയും കഴിഞ്ഞദ്ദേഹം തന്നെ കാത്തിരിപ്പുണ്ടായിരുന്നു.

എന്നുമെല്ലാ വിശേഷങ്ങളും പങ്കുവെക്കുന്ന ഏറ്റവും നല്ല നിമിഷം. തിരക്കുകളില്ലാത ഇങ്ങനെയുള്ളയിരിപ്പെ-ന്തൊരു സുഖമാണെന്നോ!

പടിഞ്ഞാറേ തിണ്ണയിലെന്നും പോക്കുവെയിൽ വന്നീ കാഴ്ച്ചയൊളിഞ്ഞു നിന്നു നോക്കാറുണ്ട്.

ദേ, ഇന്നും പോകാൻ മടിച്ചു നില്ക്കുന്ന പോലെ… ഇന്നിന്‍റെ നികുഞ്ചത്തിൽ കയറി ആഴിയിലേക്കു മടങ്ങാൻ നേരവുമിങ്ങോട്ടെത്തി നോക്കയാണ്. ഇതൊരു സന്തുഷ്ട ദാമ്പത്യത്തിന്‍റെ മനോഹര തീരമാണെന്നവരെന്നേ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

ഡൈനിംഗ് റൂമിന്‍റെ ബാൽക്കണിയുടെ ഡോറിനരികിലുള്ള സെറ്റിയിൽ തന്നോടു ചേർന്നിരിക്കുന്ന നന്ദന്‍റെ ഇടതുകാൽ മടിയിലേക്കെടുത്തു വെച്ചു രേവതി, നഖങ്ങൾ പതിയെ കട്ട് ചെയ്യാനാരംഭിച്ചു.

“ഏയ് രേവൂ, പതുക്കെ…”

“എന്താ നന്ദേട്ടായിത്, ഇത്ര പേടിയോ? കുഞ്ഞുമക്കളെപോലെ.. അല്ലെങ്കിലും നന്ദേട്ടൻ വെണ്ണപ്പുല്ലല്ലേ? കട്ടറുകൊണ്ട് ചെയ്യുമ്പോളെങ്ന്യാ വേദനിക്കാ..”

“ശരിയാണ്. എന്നാലുമൊരു പേടില്ലാതില്ല. ആ.. രേവൂ, ശ്രീത പറഞ്ഞ കാര്യം ആലോചിക്കേണ്ടേ? പെട്ടന്നതു വിട്ടുപോയി ഞാൻ. എന്‍റെ പൂർണ്ണസമ്മതം അറിയിക്കുന്നു.”

രേവതിയോർത്തു അക്ഷരങ്ങളെ നെഞ്ചോട്ച്ചേർത്തൊരു കാലമുണ്ടായിരുന്നു. വീട്ടിൽ പഠനമുറിയിലെ അലമാരയിലടുക്കിയ പുസ്തകളിൽ പലതിലും തന്‍റെ രചനാശകലങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാവാവാമിപ്പോഴും..

സ്ഥായിയായ ജീവിതത്തിന് അടിത്തറയിട്ട കാലത്ത് താനറിയാതെ എല്ലാം അകന്നുപോയി. എന്നാലും നന്ദേട്ടനിലെ എഴുത്തിനെ താലോലിച്ചു പ്രോത്സാഹനമേകുമ്പോഴെല്ലാം തന്‍റെ സൃഷ്‌ടികള്‍ കാണാനുള്ള ആഗ്രഹം മനപൂര്‍വ്വം തല്ലിക്കെടുത്തിയതുമെന്തിനെന്ന് ചിലപ്പോഴൊക്കെ ചിന്തിക്കാതിരുന്നില്ല. ഇന്നിപ്പോൾ.. .

നന്ദേട്ടനിലൂടെ അക്ഷരലോകത്തേയ്ക്കൊരു കാൽവെയ്പ്പിന് സന്ദർഭം കൈവന്നിരിക്കുന്നു.

“അക്ഷരശ്രീ”  സാഹിത്യക്കൂട്ടായ്മയുടെ പടിപ്പുരയിൽ തന്നേയും പ്രതീക്ഷിച്ചു നിന്നിരുന്ന ശ്രീതയുടെ കൂപ്പുകരങ്ങൾ തനിക്കു നേരെയാണ്. അകത്തേക്ക് കയറുമ്പോൾ രേവതിയ്ക്കാകെ പകപ്പായിരുന്നു. പരിചിതമല്ലാത്ത പുതിയൊരു ലോകം ഇവിടെ തന്‍റെക്കൂടെ നന്ദേട്ടനില്ല.

ശ്രീതയുടെ പരിചയപ്പെടുത്തലിന്‍റെ കുറിമാനത്തിന് പ്രതികരണങ്ങൾ തനിയ്ക്കുള്ള സ്വാഗതമായി മുന്നിൽ നിരക്കുന്നു. ഇമോജികളുടെ പല രൂപങ്ങൾ.. അക്ഷരക്കളരിയുടെ മാസ്മരികക്കാഴ്‌ച്ച. ഉള്ളിലെ പച്ചത്തുരുത്തില്‍ ഒളിപ്പിച്ചുവെച്ച കുഞ്ഞുകൂടയിൽ താനന്ന് മാറ്റിവെച്ച അക്ഷരങ്ങളെയെല്ലാം പെറുക്കിക്കൂട്ടി യോജിപ്പിക്കാൻ മനം വല്ലാതെ തിടുക്കപ്പെടുന്നത് എന്തിനാണിപ്പോൾ…?

നിറഞ്ഞു കിടക്കുന്ന രചനകൾക്ക് അരികിലൂടെ കണ്ണോടിച്ചു നീങ്ങിയപ്പോഴൊരു കുഞ്ഞെഴുത്തിന്‍റെ ആശയം തന്നിൽവന്നു മൊട്ടിട്ടത് രേവതിയറിഞ്ഞു. നിനച്ചിരിക്കാതെ കിട്ടിയ നിമിഷങ്ങൾ.. നന്ദി പറയേണ്ടതാരോട്?

ഇന്നു മുതൽ താനുമിവിടത്തെ അംഗം. എന്നോ എടുത്തുവെച്ച തൂലിക മുന്നിൽ വന്നു നൃത്തമാടുന്നു. തനിയ്ക്കുമെഴുതണം.. .

കാലങ്ങൾക്കുശേഷം. ഉള്ളിലുറങ്ങിക്കിടന്ന സർഗ്ഗശക്തി സടകുടഞ്ഞെ് എഴുന്നേല്ക്കുന്നു. സൃഷ്ടികർമ്മം നടത്തിയേ പറ്റൂ.

എഴുതിതീർന്നപ്പോൾ… ഒരു കഥയുടെ വേഷവിതാനങ്ങൾ. നവാഗതയുടെ അക്ഷരക്കൂട്ടിന് പ്രതീക്ഷിച്ചതിനേക്കാൾ വരവേൽപ്പ്.

തുടക്കത്തിന്‍റെ തിളക്കം മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തിയപ്പോൾ ഇനിയുമെഴുതാൻ പ്രേരിപ്പിക്കുന്ന അഭിപ്രായങ്ങളിൽ താനങ്ങനെ കുടുങ്ങുകയായിരുന്നു. കൂട്ടായ്മയുടെ ഉന്നമനത്തിനായി ശ്രീതയേല്പ്പിക്കുന്ന കാര്യങ്ങൾ ഏറ്റെടുക്കേണ്ടി വന്നു.

പലപ്പോഴും. മറ്റു പലതും വിസ്‌മൃതിയിലാണ്ട് പോകുന്നു വെന്ന് കുറ്റബോധത്തോടെ തിരിച്ചറിഞ്ഞപ്പോഴാണ് ഒരിയ്ക്കൽ ശ്രീതയോടത് പങ്കുവെച്ചത്.

“നന്ദനതു മനസ്സിലാവും. ഞങ്ങളൊരുമിച്ചുള്ള കൂട്ടായ്മയിൽ പരിപൂർണ്ണ സഹകരണം മറ്റുള്ള അംഗങ്ങളിൽ നിന്നുമുണ്ടാവണമെന്ന് എപ്പോഴും നിർബന്ധം പിടിക്കുന്ന വ്യക്തിയാണ് നന്ദൻ.”

“രചനകളെല്ലാം മറ്റുള്ളവരാൽ വായിക്കപ്പെടണമെന്നും അതോടൊപ്പം ഓരോന്നിനും വായനക്കാരുടെ കൃത്യമായ അഭിപ്രായം കൂടി രേഖപ്പെടുത്തി പോകൂന്നിടത്താണ് ഒരു കൂട്ടായ്മയുടെ വിജയമെന്ന് കൂടെക്കൂടെ ഓർമ്മപ്പെടുത്തുന്ന ആളാണ് നന്ദൻ. അതിനാൽ രേവതി ഒന്നുമാലോചിച്ചു വിഷമിക്കേണ്ട.”

ശ്രീതയുടെ വാക്കുകളാശ്വാസം പകർന്നപ്പോൾ മറിച്ചുള്ള ചിന്തകൾക്കും സ്ഥാനമുണ്ടായിരുന്നില്ല.

നാളുകൾക്കുശേഷം…

ഒരിയ്ക്കൽ, രാവിലെ പതിവുള്ള ഉണർച്ചകള്‍ ഇല്ലാതെയുള്ള അടുക്കള കണ്ടിട്ടാണ് രേവതിയെ തിരഞ്ഞ് അവളുടെ എഴുത്തുമുറിയിൽ നന്ദനെത്തിയത് ഒന്നുമറിയാതെ രചനയിൽ വ്യാപൃതയായി രുന്ന രേവതിയെയുണർത്തിയത് നന്ദന്‍റെ ചോദ്യമായിരുന്നു.

“രേവൂ.. നേരം പുലർന്നതറിഞ്ഞില്ലേ? ഈയ്യിടെയായി പതിവുള്ള കാര്യങ്ങളൊക്കെ നീ മറക്കുന്നു കൂട്ടത്തിലെന്നെയും”

എഴുത്തു നിർത്തി ജനൽ കർട്ടൻ വകഞ്ഞു മാറ്റി പുറത്തേക്കു നോക്കി രേവതി. ശരിയാണ്. സൂര്യമുഖത്തിനിപ്പോൾ തെളിച്ചം കൂടിയിരിക്കുന്നു. മുറ്റത്തെത്താറുള്ള കുഞ്ഞൻ വെയിൽ നാളങ്ങൾക്ക് ശക്തിയാർജ്ജിച്ചിരിക്കുന്നു.

ഉണർന്നാലുടനെ നന്ദേട്ടന് ആവശ്യമുള്ള ബ്ലാക്ക് ടീ താനതു മറക്കുന്നുണ്ടിപ്പോൾ അതുപോലെ പല കാര്യങ്ങളും. എന്നാലും എഴുത്തിന്‍റെ തുടർച്ച നഷ്ടപ്പെടുത്തിയ നന്ദനോടവൾക്ക് ഈര്‍ഷ്യയായിരുന്നു.

“ഈ നേരം വരെ എന്നെ നോക്കിയിരിക്കായിരുന്നോ നന്ദേട്ടൻ? സ്വയമൊരു ചായ നന്ദേട്ടനുണ്ടാക്കി കുടിച്ചാലെന്താ ദോഷം..?”

“രേവൂ… നീ…”

“എന്തേ നന്ദേട്ടാ. ഞാൻ പറഞ്ഞതിൽ വല്ലതെറ്റുമുണ്ടോ? ശ്രീതയെന്നോട് പറഞ്ഞത് വേറെയാണല്ലോ. എല്ലാവരും പരസ്പരം പ്രോത്സാഹനമേകണമെന്ന് നിർബന്ധമുള്ള ആളാണ് നന്ദേട്ടനെന്ന് എന്നിട്ടിപ്പോളിവിടെ…”

ഒരുനിമിഷം അസ്തപ്രജ്ഞനായനന്ദൻ ഒരക്ഷരവും ഉരിയാടാനാവാതെ തിരിഞ്ഞു നടന്നു.

വൈദേഹി

വൈദേഹിയുടെ മനസ്സ് അശാന്തമായിരുന്നു. 10 വർഷങ്ങൾക്കു ശേഷം സൗരഭിന്‍റെ ഒരു ഇമെയിൽ സന്ദേശം വന്നിരിക്കുന്നു… മനസ്സ് സമ്മതിക്കുന്നില്ലെങ്കിലും അറിയാതെ അയാളെക്കുറിച്ച് ഓർത്തു പോകുന്നു. എല്ലാം ഇമെയിൽ കാരണമാണ്. ഒന്നും പറയാതെ പോയിക്കളഞ്ഞ ആളല്ലേ.

നിനക്ക് വേണ്ടി ഞാൻ നക്ഷത്രങ്ങൾ കൊണ്ടുവന്നില്ല. പക്ഷേ ജീവൻ തന്നെ നൽകും… ഇങ്ങനെയൊക്കെയായിരുന്നു ഡയലോഗുകൾ. ഇതൊക്കെ കേൾക്കുമ്പോൾ വൈദേഹി ചിരിച്ചു കൊണ്ടു പറയും “കള്ളനാണ് നീ… പേടിത്തൊണ്ടനായ കള്ളൻ”

ഇന്നും ഇതോർക്കുമ്പോൾ വൈദേഹിയുടെ മുഖത്ത് പുഞ്ചിരി വിടരും. എങ്കിലും ഉള്ളിൽ ദേഷ്യം തളംകെട്ടി നിന്നതിനാൽ മുഖം ചുവന്നു. എന്നിട്ട് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.

“അയാൾ എന്തിനാണ് എന്നെ ഉപേക്ഷിച്ചുപോയത്? ഇന്ന് എന്തിനാണ് എന്നെ ഓർത്ത് ഇമെയിൽ അയച്ചത്.”

വൈദേഹി ഇമെയിൽ തുറന്ന് വായിച്ചു. രണ്ട് വരിയെ ഉണ്ടായിരുന്നുള്ളൂ. “അയാം കമിംഗ് ടു സിംഗപ്പൂർ ടുമാറോ, പ്ലീസ് കം ആന്‍റ് സി മി… വിൽ അപ്ഡേറ്റ് യു ദ ടൈം..”

“ഫോൺ നമ്പർ തരൂ ഞാൻ വിളിക്കാം” എന്നും ഉണ്ടായിരുന്നു.

നമ്പർ കൊടുക്കണോ? മനസ്സ് പിടയാൻ തുടങ്ങി. ഇത്രയും വർഷങ്ങൾക്ക് ശേഷം കാണേണ്ട കാര്യമുണ്ടോ? 10 വർഷത്തിനിടയിൽ ഒരിക്കൽ പോലും വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലല്ലോ. എന്‍റെ സ്ഥിതി ഒരിക്കലും അന്വേഷിച്ചില്ലല്ലോ.. ഇപ്പോൾ ഇതെന്തിനാണ് തിരിച്ചു വരുന്നത്? വൈദേഹിയുടെ മനസ്സിൽ ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു.

കുറേ നേരം വെറുതെയിരുന്ന ശേഷം വൈദേഹി തന്‍റെ നമ്പർ ഇമെയിൽ ചെയ്തുകൊടുത്തു. എന്നിട്ട് ബാൽക്കണിയിൽ പോയിരുന്ന് ആദ്യമായി കണ്ടുമുട്ടിയ ദിവസത്തെപ്പറ്റി ഓർത്തു.

10 വർഷം മുമ്പാണത്. ഫോറം ഷോപ്പിംഗ് മാളിന്‍റെ സമീപം ഓർക്കിഡ് റോഡിൽ ഒരു അപകടം നടന്നിട്ടുണ്ടായിരുന്നു. വൈദേഹി അപകടത്തിൽ പെട്ട് റോഡിൽ വീണ് കിടപ്പായിരുന്നു. ഏതോ കാർ വന്ന് ഇടിച്ചതാണ്. അവിടെ പെട്ടെന്ന് തന്നെ ട്രാഫിക് ജാം ആയി. ആരും സഹായത്തിന് എത്തിയിരുന്നില്ല. ആളുകൾ കടന്നു പോയതല്ലാതെ ആരും തന്നെ ഒരു കൈ സഹായം തന്നില്ല. ഏതോ ഒരു സിംഗപ്പൂരിയൻ ഹെൽപ്പ് ലൈനിൽ വിളിച്ചതല്ലാതെ, ആംബുലൻസ് നീഡഡ്!

വൈദേഹിയുടെ കാലിൽ നിന്ന് ചോരവാർന്ന് കൊണ്ടിരുന്നു. ഹെൽപ്പ്… ഹെൽപ്പ് എന്ന് ഉറക്കെ കരയുന്നുണ്ടായിരുന്നു അവൾ. ആരും അടുത്ത് വരുന്നില്ല. ആ ട്രാഫിക് ജാമിൽ സൗരഭും കുടുങ്ങിയിരുന്നു. അയാൾ സഹായിക്കാനായി മുന്നോട്ട് വന്നു. വൈദേഹിയെ പൊക്കിയെടുത്ത് തന്‍റെ ബ്രാന്‍റ് ന്യൂ സ്പോർട്ട്സ് കാറിൽ ഹോസ്പിറ്റലിൽ എത്തിച്ചു.

വൈദേഹിയ്ക്ക് ബോധം പോകുന്നുണ്ടയിരുന്നു. സൗരഭ് അവളെ മടിയിൽ ഇരുത്തിയാണ് കാർ ഓടിച്ചത്. ഇത്രയേ വൈദേഹിയ്ക്ക് ഓർമ്മയുള്ളു. അതിനുശേഷം അവൾ അബോധാവസ്ഥയിലായി. എന്നാലും അന്നും അയാൾ അന്ന് അണിഞ്ഞ ലെമൺ യെലോ ടീഷർട്ട് വൈദേഹിയ്ക്ക് നല്ല ഓർമ്മയുണ്ട്.

വൈദേഹിയെ സഹായിച്ചതിനാൽ സൗരഭ് പോലീസ് നൂലാമാലകളിൽ പെട്ടിട്ടുണ്ടാവാം. അവിടെ വിദേശി റോഡപകടത്തിൽ പെട്ടാൽ ആരും സഹായിക്കാൻ മെനക്കെടാത്തത്തിന്‍റെ കാരണം ഇതാണ്.

താൻ ഒരു ഇന്ത്യാക്കാരിയാണെന്നതുകൊണ്ടാവാം സൗരഭ് ഇടപെട്ടത്. ചോരവർന്നു കിടക്കുന്ന ഒരാളെ രക്ഷിക്കുകയെന്നത് മനുഷ്യത്വമാണല്ലോ. അതുകൊണ്ട് തന്നെ അയാളോട് വല്ലാത്ത ബഹുമാനവും ആരാധനയുമായി. 4 മണിക്കൂറിനു ശേഷമാണ് വൈദേഹിയ്ക്ക് ബോധം തിരിച്ചു കിട്ടിയത്. അപ്പോഴും സൗരഭ് കട്ടിലിൽ വൈദേഹിയ്ക്ക് അടുത്ത് ഇരിക്കുകയായിരുന്നു.

അപകടത്തിൽ വൈദേഹിയുടെ ഒരു കാലിന് ഒടിവ് ഉണ്ടായിരുന്നു. മൊബൈലും പൊട്ടിപ്പോയിരുന്നു. വൈദേഹിയ്ക്ക് ബോധം വരാൻ കാത്തിരിക്കുകയായിരുന്നു സൗരഭ്. കാരണം അടുത്ത ബന്ധുക്കളെയോ മറ്റോ അറിയിക്കണമെങ്കിൽ നമ്പർ വേണമല്ലോ.

കണ്ണ് തുറന്നപ്പോൾ വൈദേഹി സൗരഭിനെ നന്നായി കണ്ടു. എന്താണ് അയാളിലേക്ക് താൻ ആകർഷിക്കപ്പെടുന്നത്. അവൾക്ക് അന്നും അതിനൊരു ഉത്തരം ലഭിച്ചിരുന്നില്ല.

എന്തെങ്കിലും ചോദിക്കാൻ പോകും മുമ്പേ സൗരഭ് പറഞ്ഞു “നിങ്ങൾ ഉണർന്നത് നന്നായി. ഇല്ലെങ്കിൽ ഇന്ന് രാത്രി മുഴുവനും ഞാൻ നിങ്ങൾക്കൊപ്പം ആശുപത്രിയിൽ കഴിയേണ്ടി വന്നേനേ… ഞാൻ സൗരഭ്. പേടിക്കണ്ട വലിയ കുഴപ്പമൊന്നുമില്ല.”

സൗരഭിന്‍റെ അടുപ്പം കണ്ടപ്പോൾ വൈദേഹി അയാളോട് താങ്ക്സ് പറഞ്ഞില്ല. കുടുംബത്തിലാരുടെയെങ്കിലും നമ്പർ തരാൻ സൗരഭ് പറഞ്ഞത് നല്ല ഓർമ്മയുണ്ട്. വൈദേഹി അമ്മയുടെ ഫോൺ നമ്പർ കൊടുത്തപ്പോൾ സൗരഭ് സ്വന്തം ഫോണിൽ നിന്ന് തന്നെയാണ് വിളിച്ചത്.

അതിനുശേഷം അയാൾ ആശുപത്രി വിടുകയും ചെയ്തു. ഒരു ബൈ പോലും പറയാതെയാണ് ഇറങ്ങിപ്പോയത്. വൈദേഹി അയാളെ അപരിചിതൻ എന്ന ഓമനപ്പേരിലാണ് മനസ്സിൽ വിളിച്ചിരുന്നത്.

അതിനുശേഷം അയാളെ കാണാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. വൈദേഹിയുടെ അച്ഛനും അമ്മയും ആശുപത്രിയിലെത്തിയിരുന്നു. വൈദേഹി എല്ലാ കഥകളും അവരെ ധരിപ്പിച്ചു.

ഇങ്ങനെയായിരുന്നു വൈദേഹിയുടെയും സൗരഭിന്‍റെയും ആദ്യ സമാഗമം. എത്ര വിചിത്രമായ കണ്ടുമുട്ടൽ! അതോർത്ത് വൈദേഹി ചിരിച്ചു.

ഒരു ഇമെയിൽ സന്ദേശം അവൾക്ക് സന്തോഷവും സങ്കടവും നൽകിയിരിക്കുന്നു.

അപകടത്തിനു ശേഷം 15 ദിവസം ബെഡ്റെസ്റ്റ് പറഞ്ഞിരുന്നു. പുതിയ ജോലിയിൽ പ്രവേശിച്ച സമയവുമായിരുന്നു. വീട്ടിലെത്തിയതും വൈദേഹി ഓഫീസിൽ അറിയിക്കാമെന്ന് വച്ചു. മൊബൈൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് അത് സൗരഭിന്‍റെ കയ്യിലകപ്പെട്ട കാര്യം ഓർമ്മ വന്നത്.

അന്നത്തെ തിരക്കിനിടയിൽ അയാൾ അതു തിരിച്ചു നൽകാൻ മറന്നുപോയിരുന്നു. ഹോ… എല്ലാ കോണ്ടാക്ട് നമ്പറും അതിലാണ്. ഇനി എന്തു ചെയ്യും അപ്പോഴാണ് അവൾ ഒരു കാര്യം ഓർത്തത്. സൗരഭ് അമ്മയെ വിളിച്ചത് സ്വന്തം നമ്പറിൽ നിന്നാണ്. അപ്പോൾ അമ്മയുടെ ഫോണിൽ സർച്ച് ചെയ്താൽ സൗരഭിന്‍റെ നമ്പർ കിട്ടും. അവൾ ആ നമ്പർ തപ്പിയെടുത്തു.

അവൾ അയാളെ വിളിച്ചു ചെറിയ കുശലാന്വേഷണത്തിനു ശേഷം തന്‍റെ മൊബൈൽ തിരിച്ചു കൊണ്ട് തരാമോ എന്ന് അഭ്യർത്ഥിച്ചു.

“ഫ്രീയായി തരില്ല..പകരം നല്ല ഭക്ഷണം തരേണ്ടി വരും. നാളെ വൈകിട്ട് വീട്ടിൽ വരാം. വിലാസം പറയൂ” സൗരഭ് സ്നേഹത്തോടെയാണ് സംസാരിച്ചത്.

ഇയാൾ ഒരു വിചിത്രജീവി തന്നെ. എന്തായാലും മൊബൈൽ ലഭിച്ചല്ലേ പറ്റൂ. അവൾ സമ്മതിച്ചു. അടുത്ത ദിവസം വൈകുന്നേരം കക്ഷി വീട്ടിലെത്തി. ഒറ്റ സായാഹ്നം കൊണ്ട് തന്നെ അയാൾ വീട്ടിലെല്ലാവരുമായി കൂട്ടായി.

ഏറെ കാലമായി അറിയുന്ന ആളെ പോലെയായി സൗരഭ്. അപരിചിതത്വം തോന്നിയതേയില്ല. അത് അയാളുടെ സ്വഭാവത്തിന്‍റെ സവിശേഷതയാവാം. സൗരഭ് പോയി കഴിഞ്ഞിട്ടും എല്ലാവരും അയാളുടെ പെരുമാറ്റത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു.

അയാൾ വീട് വിട്ടിറങ്ങിയപ്പോൾ വൈദേഹിയുടെ മനസ്സും അയാൾക്കൊപ്പം പോയോ?… അയാളിൽ അവൾ അത്രയ്ക്ക് ആകൃഷ്ടയായിരുന്നു.

സൗരഭ് സിംഗപ്പൂരിൽ ഒറ്റയ്ക്കായിരുന്നു താമസം. ഒരു കാർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ മനേജർ ആയിരുന്നു.

സൗരഭിന് പുതിയ കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കിട്ടുമായിരുന്നു. പലപ്പോഴും അയാൾ അത് ചോദിച്ചു വാങ്ങാറാണ് പതിവ്. വൈദേഹിയ്ക്ക് അപകടം പിണഞ്ഞ ദിവസവും സ്പോർട്ട്സ് കാറിന്‍റെ ടെസ്റ്റ് ഡ്രൈവിന് വന്നതായിരുന്നു. അയാളുടെ രക്ഷിതാക്കൾ ഇന്ത്യയിലായിരുന്നു.

അതിനാൽ ഒരേ ദേശക്കാരുമായി അടുക്കാൻ അയാൾക്ക് മറ്റ് പ്രവാസികളെപ്പോലെ തന്നെ ഇഷ്ടമായിരുന്നു. വൈദേഹിയുമായി ചങ്ങാത്തത്തിലാവാൻ ഒരു പ്രധാന കാരണവും ഉണ്ടായിരുന്നു. വൈദേഹിയുടെ മനസ്സിലും അയാൾക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നു.

അവർ ഇടയ്ക്കിടയ്ക്ക് കാണാൻ തുടങ്ങി. ചായ കുടിക്കാൻ തുടങ്ങി. പക്ഷേ ഇരുവരും ഒരിക്കൽ പോലും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞില്ല.

ബെഡ് റെസ്റ്റിനു ശേഷം വൈദേഹി ഓഫീസിൽ പോകാൻ തുടങ്ങി. രണ്ടാളുടെയും ഓഫീസ് ഓർക്കിഡ് റോഡിൽ തന്നെയായിരുന്നു.

പല ദിവസങ്ങളിലും സൗരഭ് വൈദേഹിയെ ഓഫീസിൽ നിന്ന് വീട്ടിൽ കൊണ്ട് വിട്ടിരുന്നു. കാലിന് ഫ്രാക്ചർ ഉള്ളതിനാൽ 6 മാസം വരെ ശ്രദ്ധിക്കേണ്ടിയിരുന്നു. സൗരഭ് തനിക്ക് ലിഫ്റ്റ് തരുന്നത് വൈദേഹി നന്നായി ആസ്വദിച്ചിരുന്നു.

തന്‍റെ 23-ാം പിറന്നാളിന്‍റെ അന്നാണ് സൗരഭ് വളരെ റൊമാന്‍റിക്കായി തന്നെ പ്രൊപ്പോസ് ചെയ്തത്. ആ കാര്യം ഇന്നലെക്കഴിഞ്ഞ പോലെ വൈദേഹിയ്ക്ക് ഓർമ്മയുണ്ട്.

സാധാരണ ആളുകൾ റിംഗ്, ചോക്ലേറ്റ് എന്നിവയൊക്കെ കൊടുത്താണല്ലോ പ്രൊപ്പോസ് ചെയ്യുന്നത്. സൗരഭ് പക്ഷേ വൈദേഹിയുടെ കയ്യിൽ ഒരു കാറിന്‍റെ ചെറിയ മോഡൽ നൽകിയാണ് തന്‍റെ സ്നേഹം അറിയിച്ചത്. വിൽ യൂ മാരി മീ…

താൻ എന്‍റെ കൂടെ ജീവിതകാലം മുഴുവൻ യാത്ര ചെയ്യാമോ? എന്ന് ചോദിക്കാതെ ചോദിച്ചു സൗരഭ്. വിചിത്രഭ്രാന്തുള്ള മനുഷ്യൻ!

വളരെ അടുത്ത് വന്ന് രണ്ട് കൈകൊണ്ടും തന്‍റെ മുഖം പിടിച്ചശേഷം ആണ് സൗരഭ് പ്രൊപ്പോസ് ചെയ്തത്. വൈദേഹിയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു.

വൈദേഹി ഏറെ നേരം അനങ്ങാതെ നിന്നു. പിന്നെ വിവശയായി പറഞ്ഞു. നാളെ ഗാർഡൻ ബായ് ദ വേയിൽ വച്ച് കാണാം. അപ്പോൾ ഞാൻ ഒരു മറുപടി പറയാം.”

അന്ന് രാത്രി വൈദേഹി ഒരു പോള കണ്ണടച്ചിരുന്നില്ല. എത്ര ശ്രമിച്ചിട്ടും ഉറക്കം കിട്ടുന്നില്ല. അവൾ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. 23 വയസ്സേയുള്ളു. ഇത്ര നേരത്തെ കല്യാണം വേണോ? സൗരഭിനും 25 വയസ്സല്ലേയുള്ളു. പക്ഷേ തനിക്ക് ഇയാളെ ഇഷ്ടമാണെന്ന് പറയാൻ തന്നെ വൈദേഹി തീരുമാനിച്ചു. ചുരുങ്ങിയത് ഒരു വർഷത്തിനു ശേഷം വിവാഹം മതി എന്നായിരുന്നു അവൾക്ക്. അപ്പോഴേക്കും പൂർണ്ണമായി മനസ്സിലാക്കാനും സമയം കിട്ടുമല്ലോ.

അടുത്ത ദിവസം കൃത്യം 5 മണിയ്ക്ക് ഗാർഡൻ ബായ് ദ വേയിൽ വൈദേഹിയെത്തി കാത്തു നിന്നു. ഒരു ബഞ്ചിൽ ഇരുന്ന അവൾ സൗരഭിന് ഫോൺ ചെയ്തു. പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അവൾ ഓരോന്ന് ഓർത്ത് അവിടെ ഏറെ നേരം ഇരുന്നു. വീണ്ടും ഫോൺ ചെയ്തു നോക്കി. അപ്പോഴും ഫോൺ സ്വിച്ച് ഓഫ് തന്നെ.

വിളിച്ചിട്ട് കിട്ടാതായപ്പോൾ വൈദേഹി ടെൻഷനാവാൻ തുടങ്ങി. ഓഫീസിൽ എന്തെങ്കിലും അത്യാവശ്യ ജോലിയിൽ പെട്ടു കാണുമെന്ന് ആശ്വസിക്കാൻ ശ്രമിച്ചു. വല്ല മീറ്റിംഗോ മറ്റോ ആണെങ്കിൽ ഫോൺ ഓഫാക്കി വച്ചതാവാം. അവൾ നേരമിരുട്ടും വരെ അവിടെ തന്നെ കാത്ത് നിന്നു. വരുമെന്ന പ്രതീക്ഷയിൽ. പക്ഷേ 8 മണിയായിട്ടും സൗരഭ് വന്നില്ല. ഫോൺ ഒരിക്കലും റിംഗ് ചെയ്തില്ല.

2 വർഷക്കാലം വൈദേഹി സൗരഭിനെ പ്രതീക്ഷിച്ചിരുന്നു. ഒരു ഫോൺ കോൾ, ഒരു ഇമെയിൽ ഒന്നും സംഭവിച്ചില്ല. അതിനുശേഷം വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി വിവാഹിതയായി. ആദിത്യൻ സിംഗപ്പൂരിൽ തന്നെ ബിസിനസ്സ് നടത്തുകയായിരുന്നു. വൈദേഹിയ്ക്ക് ചേർന്ന പങ്കാളിയായിരുന്നു അയാൾ.

വിവാഹം കഴിഞ്ഞും ഏറെ വർഷങ്ങൾ കഴിഞ്ഞാണ് സൗരഭിനെ മറക്കാൻ വൈദേഹിയ്ക്ക് കഴിഞ്ഞത്. ആദ്യമായി മനസ്സിൽ കയറിയ ആളെ അത്ര പെട്ടെന്ന് ഇറക്കിവിടാൻ കഴിയുമോ?

എന്തെങ്കിലുമൊക്കെ കാണുമ്പോഴും യാത്ര ചെയ്യുമ്പോഴും ഭക്ഷിക്കുമ്പോഴും അയാളെ ഓർമ്മ വരും. ഇന്ന് മെയിൽ വന്നിരിക്കുന്നു. കാണണമെന്ന് പറയുന്നു. എന്താവും കാര്യം?

അവിചാരിതമായി ശബ്ദിച്ച ഫോൺ. വൈദേഹിയുടെ ചിന്തകളെ മുറിച്ചു. അറിയാത്ത നമ്പർ ആണല്ലോ. ഹൃദയം ഇരട്ടി വേഗത്തിൽ മിടിക്കാൻ തുടങ്ങി. ഇത് സൗരഭിന്‍റെ ഫോൺ ആയിരിക്കുമോ?

കോൾ എടുത്തതും ചിരപരിചിതമായ ശബ്ദം. അപ്പുറത്ത് സൗരഭ് തന്നെയായിരുന്നു.

“ഹലോ ഈസ് ഇറ്റ് വൈദേഹി?” സ്വയം നിയ്രന്തിച്ചുകൊണ്ട് വൈദേഹി മറുപടി പറഞ്ഞു. “യസ് ദിസ് ഈസ് വൈദേഹി”

അധികം നാടകീയമായല്ലാതെ തന്നെ അവൾ തുടർന്നു.

“മെ ഐ നോ ഹൂ ഈസ് ടോക്കിംഗ്?” സൗരഭ് തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ മറുപടി പറഞ്ഞു.

“ചങ്ങാതി…ഇതു ഞാനാണ്… നീയെന്നെ മറന്നുപോയോ… സൗരഭാണ്.”

“ഓ” വൈദേഹി അമർത്തി മൂളി.

“നിനക്ക് നാളെ എന്നെ കാണാനായി മറീന വേ സാന്‍റഡ് ഹോട്ടലിലെ റൂഫ് ടോപ്പിലെ റസ്റ്റോറന്‍റിൽ വരാനൊക്കുമോ? വൈകിട്ട് 5 മണിയ്ക്ക്”

എന്തോ ഒരു നിമിഷം ആലോചിച്ച ശേഷം വൈദേഹി പതാറാതെ പറഞ്ഞു “ ശരി, വരാം… എന്തായാലും നിന്നെ കാണണം.”വൈദേഹി ഫോൺ കട്ട് ചെയ്തു.

കൂടുതൽ സംസാരിച്ചാൽ തന്‍റെ ദേഷ്യം മുഴുവൻ ഫോണിൽ തീർക്കേണ്ടിവരുമെന്ന് അവൾ വിചാരിച്ചു. അതുകൊണ്ടാണ് സംഭാഷണം നീട്ടാതിരുന്നത്. അവൾക്ക് അവനോട് പകയും സ്നേഹവും എല്ലാം ഉണ്ടായിരുന്നു.

ഉപേക്ഷിച്ചു പോയവരോട് പിന്നെ എന്ത് വികാരമാണ് വച്ചു പുലർത്തുക? മനസ്സ് താളം തെറ്റാതെ സൂക്ഷിക്കാനായി അവൾ ആവതും ശ്രമിച്ചു.

ജീവിതം വല്ലാത്തൊരു പരീക്ഷണമാണ് ചില നേരങ്ങളിൽ! അവൾ അടുക്കളയിലേക്ക് ചെന്ന് പതിവിനു വിപരീതമായി ഒരു ഗ്രീൻ ടീ ഉണ്ടാക്കി കുടിച്ചു.

അടുത്ത ദിവസം സൗരഭിനെ കാണാൻ പോകാനായി വൈദേഹി തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആദിത്യൻ മുറിയിൽ വന്നു.

“എവിടേക്കാണ് പോകുന്നത്?” ഭർത്താവ് ചോദിച്ചു.

“സൗരഭ് സിംഗപ്പൂരിൽ വന്നിട്ടുണ്ട്. എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു” അവൾ അളന്ന് മുറിച്ച് വാക്കുകളിൽ മറുപടി നൽകി. “ഞാൻ പോകണോ അതോ?”

“തീർച്ചയായും പോണം. കണ്ടിട്ടുവരൂ. ഡിന്നർ കഴിക്കാൻ ഞാൻ കാത്തിരിക്കാം” അയാൾ ചാർജ് ചെയ്യാൻ വച്ച ഫോൺ എടുത്ത് മുറിയ്ക്ക് പുറത്തേക്ക് പോയി.

ആദിത്യൻ ആ കഥകൾ ധാരാളം കേട്ടിട്ടുണ്ട്. സൗരഭ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച കഥകൾ. വൈദേഹി തന്നെ പറഞ്ഞതാണ്. വൈദേഹിയുടെ കുടുംബം സൗരഭിനെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു.

ആദിത്യൻ തുറന്ന മനസ്സുള്ള ആളായിരുന്നു. അതുകൊണ്ട് അയാൾക്ക് അതൊക്കെ മനസ്സിലാക്കാൻ പറ്റിയിരുന്നു. ഇളം വയലറ്റ് നിറമുള്ള സാരിയാണിഞ്ഞാണ് വൈദേഹി അയാളെ കാണാൻ പോയത്. ആ സാരിയിൽ അവൾ അതിമനോഹരിയായിരുന്നു. മുടി സ്ലോ ഡ്രൈ ചെയ്ത് നീട്ടിയിരുന്നു. സൗരഭിന് നീണ്ട മുടി വലിയ ഇഷ്ടമായിരുന്നുവല്ലോ.

വൈദേഹി സൗരഭിന്‍റെ ഇഷ്ടങ്ങൾ അറിഞ്ഞ് തയ്യാറെടുത്തത് എന്തിനാണെന്ന് അവൾക്ക് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. ആദ്യപ്രണയത്തിന്‍റെ കുളിർമ്മ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നതുകൊണ്ടാവാം. സ്നേഹം ഒരു മലവെള്ളപ്പാച്ചിൽ ആണ്. എപ്പോഴും അത് പിടിച്ചു നിർത്താൻ കഴിഞ്ഞെന്നു വരില്ല.

വൈദേഹി കൃത്യം 5 മണിയ്ക്ക് മറീനയിലെ റൂഫ് ടോപ്പ് റെസ്റ്റോറന്‍റിൽ എത്തി. സൗരഭ് അവിടെ നേരത്തെ തന്നെ വന്നിരിപ്പുണ്ടായിരുന്നു. വൈദേഹി വരുന്നത് കണ്ടപ്പോൾ അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ട് വന്ന് അവളെ കെട്ടിപ്പിടിച്ചു.

“നൈസ് ടൂ സീയൂ ആഫ്റ്റർ എ ഡെക്കേഡ്. യു ആർ ലുക്കിംഗ് ഗോർജിയസ്” വൈദേഹി അപ്പോഴും ഗഹനമായ ആലോചനയിലായിരുന്നു. കൃത്രിമമായ ഒരു ചിരി മുഖത്ത് വരുത്തിക്കൊണ്ട് അവൾ പറഞ്ഞു..

“കോംപ്ലിമെന്‍റിനു നന്ദി. അയാം സർപ്രൈസ് ടു സി യൂ ആക്ച്വലി.”

ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറയുന്ന വൈദേഹിയെ കണ്ട് സൗരഭ് ചോദിച്ചു. “എന്നോടുള്ള ദേഷ്യം മാറിയിട്ടില്ലല്ലേ മാപ്പ് തന്നിട്ടില്ലെന്ന് സാരം” എനിക്കറിയാം ഞാൻ വാക്ക് തന്നിട്ട് മുങ്ങിയ ആളല്ലെ. അന്ന് എനിക്ക് വരാൻ കഴിഞ്ഞില്ല. എനിക്ക് അന്ന് എന്താണ് പറ്റിയതെന്ന് നിനക്കറിയോ?”

“10 വർഷം എന്തെങ്കിലും ജോലിയിൽ കുടുങ്ങിപ്പോയി എന്ന് വിശ്വസിക്കണോ… ഞാൻ എന്തിനാണ് മാപ്പ് അർഹിക്കാത്തവർക്ക് അത് നൽകുന്നത്. എങ്കിലും നിനക്ക് അന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാൻ താൽപര്യമുണ്ട്. അതറിഞ്ഞിട്ട് ജീവിതം തിരുത്താൻ കഴിയില്ലെന്ന് അറിയാം. എങ്കിലും പറയൂ… ചുരുങ്ങിയ പക്ഷം മനസ്സമാധാനമെങ്കിലും കിട്ടുമല്ലോ..” വൈദേഹി വാചാലയായി.

“അന്ന് വല്ലാത്തൊരു ദിവസമായിരുന്നു. നിന്നെ കാണാമെന്ന് പറഞ്ഞ ദിവസം തന്നെയാണ് അത് സംഭവിച്ചത്. എന്‍റെ കമ്പനിയുടെ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്മഗ്ലിംഗ് ആയിരുന്നു ചാർത്തിയ കുറ്റം. ടോപ്പ് ലെവൽ മാനേജർമാരേയും റിമാൻഡ് ചെയ്തു. ഞങ്ങളുടെ ഫോൺ അക്കൗണ്ട് എല്ലാം സീസ് ചെയ്തു. 3 ദിവസം നിരന്തര ചോദ്യം ചെയ്യലിനും വിധേയരായി. മാസങ്ങളോളമാണ് എനിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. രണ്ട് വർഷത്തോളം കേസ് നടന്നു. നിരപരാധികൾക്കും ജയിൽ കഴിയേണ്ടി വരുന്നത് വിധിയാണ്. അവസാനം നീതി ലഭിച്ചപ്പോഴേക്കും ഞാൻ തകർന്ന് പോയിരുന്നു. ആ ദിവസങ്ങളിൽ ഞാൻ എത്ര മാത്രം തീ തിന്നു എന്ന് നിനക്ക് ഊഹിക്കാൻ കഴിയുമോ?”

”അതെല്ലാം ഓർക്കുമ്പോൾ ഇന്നും എന്‍റെ ചങ്ക് പിടയ്ക്കും. പിന്നെ എങ്ങനെ നിന്നെ കാണാൻ വരാൻ കഴിയും കേസ് കഴിഞ്ഞ് എന്നെ അധികൃതർ ഇന്ത്യയിലേക്ക് കയറ്റി വിടുകയും ചെയ്തു. എന്‍റെ കയ്യിൽ മൊബൈൽ പോലും ഉണ്ടായിരുന്നില്ല. ബാങ്ക് ബാലൻസും ഉണ്ടായിരുന്നില്ല.”

“നാട്ടിൽ ചെന്നപ്പോൾ അമ്മയ്ക്ക് സുഖമില്ലാത്ത വിവരമാണ് ലഭിച്ചത്. പിന്നെ അതിന്‍റെ പിന്നാലെയായി. മരുന്ന് ഹോസ്പിറ്റൽ. ഞാനാകെ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. കുഴഞ്ഞ് മറിഞ്ഞ ഒരു ജീവിതം. അമ്മ എന്‍റെ കല്യാണവും ഉറപ്പിച്ചിരുന്നു. പക്ഷേ ഞാൻ എന്‍റെ ജീവിതം സിംഗപ്പൂരിൽ ഉപേക്ഷിച്ചാണ് പോന്നതെന്ന് ആർക്കും അറിയില്ലായിരുന്നുവല്ലോ… അധികനാൾ കഴിയും മുമ്പേ അമ്മയും പോയി… നിന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ വല്ലാതെ അലട്ടിയിരുന്നു.”

“നീ എന്നെപ്പറ്റി എന്താവും കരുതിക്കാണുക എന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു. പറ്റിച്ചു കടന്നു കളഞ്ഞവനല്ലേ ഞാൻ… അതിനാൽ എല്ലാം നേരിൽ കണ്ട് തുറന്ന് പറയണമെന്ന് കരുതി. എന്‍റെ ഇമെയിലും പോലീസുകാർ ബ്ലോക്ക് ചെയ്തിരുന്നു. അതിനാൽ നാട്ടിലെത്തിയിട്ടും മെയിൽ അയക്കാൻ എനിക്ക് നിന്‍റെ ഐഡിയും അറിയില്ലായിരുന്നു. പിന്നെ ഒരു ഊഹം വച്ച് അയച്ചതാണ്. അവസാന ശ്രമത്തിൽ അത് ശരിയാവുകയും ചെയ്തു.”

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സൗരഭ് തന്നെ വഞ്ചിച്ചതല്ല എന്ന് വൈദേഹിയ്ക്ക് ബോദ്ധ്യമായി.

“കാണാമെന്ന് പറഞ്ഞ ദിവസം നീ എന്നോട് പറയാൻ ഇരുന്ന കാര്യം എന്തായിരുന്നു. അത് കേൾക്കാൻ എനിക്കാഗ്രഹമുണ്ട്” സൗരഭ് എന്തോ ഒർത്തിട്ടെന്നപോലെ ചോദിച്ചു.

“ഞാനന്ന് പറയാൻ ഉദ്ദേശിച്ച കാര്യം ഇന്ന് പറയുന്നതിൽ ഒട്ടും പ്രസക്‌തിയില്ല. നമ്മുടെയൊക്കെ ജീവിതം ഒത്തിരി മാറിയില്ലേ?” സങ്കടങ്ങൾ ഉള്ളിൽ അമർത്തിവച്ചുകൊണ്ട് വൈദേഹി ചിരിക്കാൻ ശ്രമിച്ചു.

രണ്ടാളും കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ പേഴ്സിൽ നിന്ന് തുവാലയെടുത്ത് മുഖം തുടച്ചശേഷം വൈദേഹി പറഞ്ഞു “ലറ്റ്സ് ഓഡർ സം കോഫി.”

സീതാപരിത്യാഗം

രാത്രിയിൽ നല്ല മഴയായിരുന്നു. നല്ല കാറ്റും. വേനലിലെ ആദ്യത്തെ മഴ. മഴയുടെ താളം ശ്രവിച്ച് സീത വെറുതെ ഓരോന്നോർത്തു കിടക്കുകയായിരുന്നു. ഒട്ടും ഉറക്കം വന്നതേയില്ല. രാവിലെ അവൾ നേരത്തെ എഴുന്നേറ്റു.

ഞായറാഴ്ചയാണ്. ഒരുപാടു ജോലികൾ ചെയ്‌തു തീർക്കാനുണ്ട്. അവധിയുടെ ആലസ്യമാണോ പുതുമഴ സമ്മാനിച്ച കുളിരാണോ എന്താണെന്നറിയില്ല രഘുനാഥൻ മൂടി പുതച്ചു കിടന്നു നല്ല ഉറക്കത്തിലാണ്.

ഇത് എങ്ങനെയൊക്കെയാണ് ഈ കിടക്കുന്നത്… കൊച്ചു കുട്ടികളെക്കാൾ കഷ്ടമായിട്ട് സ്‌ഥാനം തെറ്റിക്കിടന്നിരുന്ന അയാളുടെ വസ്ത്രം അവൾ ശരിക്ക് പിടിച്ചിട്ടു. കിടക്കയിൽ നിന്നും വഴുതി പോയ തലയിണ നേരെ വച്ചു കൊടുത്തു. മധുരതരമായ ഏതോ സ്വപ്നം കണ്ടിട്ടെന്നവണ്ണം ഒരു ചെറുപുഞ്ചിരി ഇടക്കിടയ്ക്ക് അയാളുടെ ചുണ്ടിൽ മിന്നിമറയുന്നുണ്ട്. അതും നോക്കി സീത കട്ടിലിന്‍റെ ഓരം ചേർന്ന് വേറുതെയങ്ങനെയിരുന്നു.

പണ്ട് രഘുനാഥനോടൊപ്പം ചെലവഴിച്ച ഞായറാഴ്ചകളിലെ പുലർച്ചകളെപ്പറ്റി അവൾ ഓർത്തു. രണ്ടുപേരും പരസ്പരം കെട്ടിപ്പിണഞ്ഞു ഓരോരോ കുസൃതിത്തരങ്ങളും കാട്ടി അങ്ങനെ കിടക്കും. ആരുടേയും ഒരു ശല്യമോ, ബഹളമോ ഒന്നുമില്ലാതെ. നഗരം നേർത്ത് നേർത്ത് വന്ന് അവസാനിക്കുന്നിടത്ത് ഗ്രാമത്തിന്‍റെ ശാലീന സൗന്ദര്യമുള്ള ഒരു കൊച്ചു വീട്ടിൽ അവർ രണ്ടേ രണ്ടുപേർ മാത്രം. ഉച്ചിയിൽ വെയിൽ വന്നു വീഴുമ്പോഴാകും എഴുന്നേൽക്കുക. അതുപോലെ ഒരിക്കൽ കൂടി കുറച്ച് നേരം മനസ്സും ശരീരവും ഒന്നായി അയാളെ ഇറുകെ പുണർന്ന് കിടക്കുവാൻ അവൾ അതിയായി മോഹിച്ചു. പക്ഷേ…?

മുടി വാരിക്കെട്ടി അവൾ ഒരു നെടുവീർപ്പോടെ പുറത്തേക്കിറങ്ങി. വിചാരിച്ചതു പോലെ മുറ്റം മുഴുവൻ കാറ്റും മഴയും ചേർന്ന് ഒരു യുദ്ധം നടത്തിയതു പോലുണ്ട്. മുറ്റത്തെ മൂവാണ്ടൻ മാവിന്‍റെ ഒരു കൊമ്പൊടിഞ്ഞു അതിൽ തന്നെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

മുറ്റമടിച്ചു വൃത്തിയാക്കിയപ്പോഴേക്കും ആകെ കുഴഞ്ഞു പോയി. അവൾ പിന്നെ അകത്തു ചെന്ന് പുരയ്ക്കകം മുഴുവൻ തൂത്ത് തുടച്ചു, കർട്ടൻ വിരികൾ നേരയാക്കി അവിടെയും ഇവിടെയും അലക്ഷ്യമായി കിടന്നിരുന്ന സാധനങ്ങളും, പഴയ പത്രമാസികകളുമെല്ലാം അടുക്കി വച്ച് എല്ലാത്തിനുമൊരു ചിട്ട വരുത്തി. പിന്നെ അടുക്കളയിൽ ചെന്ന് പ്രഭാത ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായി.

രഘുനാഥിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടിയപ്പവും, മുട്ടക്കറിയുമുണ്ടാക്കി ഹോട്ട് ഡിഷിലാക്കി അവൾ ഡൈനിംഗ് ടേബിളിൽ കൊണ്ട് വച്ചു അപ്പോഴേക്കും അടുപ്പത്തു വച്ചിരുന്ന വെള്ളം തിളച്ചു. അതിൽ അരി കഴുകി വാരിയിട്ടു, കറിക്കരിഞ്ഞു, ഫ്രിഡ്ജിൽ മുളക് തേച്ച് വച്ചിരുന്ന മീനെടുത്തു വറുത്ത് എല്ലാം കഴിഞ്ഞ് വന്നു നോക്കുമ്പോഴും രഘുനാഥൻ ഉണർന്നിട്ടില്ല. കട്ടിലിൽ കിടന്നു അയാൾ ഭ്രമണം ചെയ്യുകയാണെന്നു അവൾക്കു തോന്നി.

അവൾ അയാളെ വിളിക്കാനൊന്നും പോയില്ല. അവധിയല്ലേ… ഓഫീസിലൊന്നും പോകണ്ടല്ലോ. ഉണരുമ്പോൾ ഉണരട്ടെയെന്നു വിചാരിച്ചു.

പ്രതീക്ഷിച്ചതിലും നേരത്തെ ജോലികൾ എല്ലാം തീർന്നു. ഒന്നു രണ്ടു ഡ്രസ്സുകൾ കൂടി നനച്ചിടാമെന്നു വച്ചു അവൾ അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ നോക്കി ഹാംഗറിൽ നിന്നും എടുത്തുകൊണ്ടു പോയി. പോകുന്ന വഴിക്ക് ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നും എന്തോ ഒന്ന് താഴെ വീണു.

ഒരു വർണ്ണക്കടലാസ്. അവൾ അതിലൂടെ നിസംഗതയോടെ കണ്ണുകളോടിച്ചു. നഗരത്തിലെ പ്രശസ്തമായ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് ആർക്കോ ചുരീദാറോ മറ്റോ വാങ്ങിയതിന്‍റെ ബില്ലാണത്. അവൾ അതിനെപ്പറ്റി ആലോചിച്ച് തല പുണ്ണാക്കാനൊന്നും നിന്നില്ല. ആ പേപ്പർ മടക്കി പോക്കറ്റിലിട്ട് അവളത് അതേ പടി ഹാംഗറിൽ കൊണ്ടു പോയി തൂക്കി.

വെള്ളത്തിൽ മുക്കുന്നതിന് മുമ്പ് അത് കണ്ടത് നന്നായെന്ന് അവൾ വിചാരിച്ചു. അപ്പോൾ കൃത്യം പോലെ രഘുനാഥന്‍റെ ഫോൺ വിളറി പിടിച്ച് ഗൗളിയെപ്പോലെ ചിലച്ചു. എല്ലാ ദിവസവും ഇതേ സമയത്ത് ഒരു വിളിയുള്ളതാണ്. ഏതോ ഒരു രേണുകയോ മറ്റോ ആണ്. രഘുനാഥന് ഗുഡ്മോണിംഗ് പറയാൻ വേണ്ടി വിളിക്കുന്നതാണ്.

കൂട്ടത്തിൽ രാത്രിയിൽ നന്നായി ഉറങ്ങിയോ? രാവിലെ എന്താണ് കഴിച്ചത്? ഓഫീസിൽ വരുമ്പോൾ ഏത് ഷർട്ടാണിടുന്നത്? ഉച്ചയ്ക്ക് ചോറിന്‍റെ കൂടെ എന്തൊക്കെയുണ്ടാകും കൂട്ടാൻ? അങ്ങനെ നിർദോഷമായ ചില അന്വേഷണങ്ങളും ഉണ്ടാകും. അതെല്ലാം പരിഭ്രമം പിടിച്ച നോട്ടങ്ങളിൽ, അമർത്തിപ്പിടിച്ച മൂളലുകളിൽ ഒളിക്കാൻ നോക്കുന്ന സുഖദമായ ഞരങ്ങലുകളിൽ മണക്കാതെ മണത്തും, കേൾക്കാതെ കേട്ടും അവൾ പണ്ടേ രഘുനാഥന്‍റെ മുഖത്ത് നിന്ന് വായിച്ചെടുത്തിട്ടുള്ളതാണ്.

ഫോൺ നിറുത്താതെ റിംഗ് ചെയ്‌തു കൊണ്ടിരുന്നെങ്കിലും അവളത് എടുക്കാനൊന്നും പോയില്ല. ഉദ്ദേശിച്ച ആളല്ല എടുക്കുന്നതെങ്കിൽ അങ്ങേത്തലയ്ക്കൽ ഒരു മഹാ മൗനമായിരിക്കും മറുപടി. വെറുതെ മറ്റുള്ളവരെ കൂടി എന്തിന് അർദ്ധവിരാമത്തിന്‍റെ മുൾമുനയിൽ നിർത്തണം?

വസ്ത്രങ്ങൾ അലക്കി വിരിച്ചിട്ടു പിന്നെ കുളിച്ചു ഈറൻ മാറാത്ത മുടിയുമായി അകത്തെത്തിയപ്പോഴേക്കും രഘുനാഥൻ എഴുന്നേറ്റ് പ്രാതൽ കഴിക്കാൻ തുടങ്ങിയിരുന്നു. വാതിൽപ്പടി ചാരി ശിരസ്സ് കുനിച്ചു ഏതോ ചിന്തയിലാണ്ട് അവൾ കുറേ നേരം അയാൾക്കു മുന്നിൽ തന്നെ നിന്നു.

രഘുനാഥൻ പ്രാതൽ കഴിക്കുന്നതിനോടൊപ്പം കൈയിലിരുന്ന പത്രത്തിന്‍റെ നിർജീവങ്ങളായ കോളങ്ങളിലേക്ക് നോക്കിയതല്ലാതെ അവളെ ശ്രദ്ധിച്ചതേയില്ല. മുഖമുയർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

“ഞാൻ പോകുകയാണ്. ഇനി വരില്ല… ഒരിക്കലും…” അവൾ പറഞ്ഞു. അയാളത് കേട്ടതായി ഭാവിച്ചില്ല. പത്രത്തിലെ മാട്രിമോണിയൽ കോളത്തിലെ ഏതോ കോളത്തിൽ മിഴിനട്ടിരിക്കുകയായിരുന്നു അയാളപ്പോൾ. അയാളുടെ മറുപടി പ്രതീക്ഷിച്ചിട്ടാണെന്നു തോന്നുന്നു പിന്നെയും കുറേനേരം അവൾ അവിടെ തന്നെ നിന്നത്.

രാവിലത്തെ ഒരുക്കം കണ്ടപ്പോൾ അയാൾ വിചാരിച്ചത് അവളേതോ അമ്പലത്തിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നാണ്. അവളിങ്ങനെ ദിവസോം അമ്പലത്തിൽ പോകുന്നതു കൊണ്ട് എന്ത് ഗുണമാണുള്ളതെന്നു അയാൾ പുച്ഛത്തോടെ ചിന്തിക്കുകയും ചെയ്‌തു. പ്രാതൽ കഴിഞ്ഞു രഘുനാഥൻ എഴുന്നേറ്റു കൈ കഴുകി വന്നു വീണ്ടും പത്രതാളുകളിലേക്ക് മുഖം പൂഴ്ത്തി.

“ബസ്സ് എപ്പോഴോണ്ട്?” അതിനിടയ്ക്ക് അയാൾ ചോദിച്ചു.

“ബസ്സല്ല, ട്രെയിന് പോകുകയാണ്. അതാണ് സുഖം” അവൾ പറഞ്ഞു.

“പോകനെല്ലാം ഒരുക്കിയോ?”

“ഇല്ല ഒരുക്കാനൊന്നുമില്ല”

“എടുക്കാനുള്ളതെല്ലാം മറക്കാതെ എടുത്തോളണം” അയാളുടെ വാക്കുകളിൽ എന്തോ കാർക്കശ്യമുണ്ടായിരുന്നതു പോലെ.

അവൾ എങ്ങോട്ടാണ് പോകുന്നതെന്ന് അയാൾ മനഃപൂർവ്വം ചോദിച്ചില്ല. അവൾക്കു പോകാൻ അധികമിടമൊന്നും ഇല്ലെന്ന് അയാൾക്കും അറിവുള്ളതായിരുന്നുവല്ലോ.

അവളുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. അച്‌ഛൻ പട്ടാളത്തിൽ ഭേദപ്പെട്ട റാങ്കുള്ള ഒരുദ്യോഗസ്‌ഥനായിരുന്നു. അവളെ വിവാഹം കഴിച്ചയച്ചതിനു ശേഷം അയാൾ മകളുടെ പ്രായം മാത്രമുള്ള ഒരു പെണ്ണിനെ കെട്ടി ജോലി സ്‌ഥലത്തേക്ക് കൊണ്ടു പോയി. അതോടു കൂടി അയാളും അവളെക്കുറിച്ച് അന്വേഷിക്കാതെയായി. മകളെ ഒരു സർക്കാർ ഉദ്യോഗസ്‌ഥന് വിവാഹം കഴിച്ചു കൊടുത്തതോടെ അവളുടെ ജീവിതം സുരക്ഷിതമായെന്ന് അയാളും വിചാരിച്ചു കാണണം.

സീത പിന്നീടു അവിടെ നിന്നില്ല. അവൾ കണ്ണ് തുടച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് ചെന്നു. പെട്ടെന്ന് പോകാനെല്ലാം ഒരുക്കി. ഒരു സ്യൂട്ട് കേസിലും ഒരു ചെറിയ ബാഗിലും കൊള്ളാവുന്ന സാധനങ്ങൾ മാത്രമേ അവളുടേതായിട്ട് ഉണ്ടായിരുന്നുള്ളൂ. പെട്ടന്നവൾ എന്തോ ഓർത്തിട്ടെന്നവണ്ണം അലമാര തുറന്നു അവരുടെ വിവാഹ ആൽബം പുറത്തെടുത്തു.

“ഞാനിതിൽ നിന്നും ഒരു ഫോട്ടോ എടുക്കുകയാണ്” അവൾ പറഞ്ഞു. ഒരു ഫോട്ടോയല്ല ആ ആൽബം തന്നെ എടുത്തോളാൻ അയാൾ പറഞ്ഞു. അവളത് ഭദ്രമായി പൊതിഞ്ഞു ബാഗിനകത്തു വച്ചു. പിന്നെ നിലക്കണ്ണാടിക്കു മുന്നിൽ ചെന്ന് നിന്ന് വിവാഹത്തിന്‍റെ ആദ്യ വാർഷിക ദിനത്തിൽ രഘുനാഥൻ സമ്മാനിച്ച ചുവപ്പിൽ ഇളം പൂക്കളുള്ള പട്ടുസാരിയെടുത്ത് ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങാൻ തുടങ്ങി. പത്രം വായിക്കുന്നു എന്നാ ഭാവേനെ രഘുനാഥൻ അത് അസഹ്യതയോടെ നോക്കിയിരുന്നു. “ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത എന്താണന്നറിയുമോ നിങ്ങൾക്ക്?” അവൾ ചോദിച്ചു. ആലോചിച്ചു തുടങ്ങിയപ്പോൾ തന്നെ പിടികിട്ടി. എങ്കിലും അയാൾ അജ്‌ഞത നടിച്ചു.

“ഇന്ന് നമ്മുടെ വിവാഹ വാർഷികമാണ്. ഏഴു വർഷങ്ങൾക്കു മുമ്പ് ഇതേ പോലൊരു ദിവസമാണ് ഞാനാദ്യമായി നിങ്ങളോടൊപ്പം ഈ വീടിന്‍റെ പടി ചവിട്ടുന്നത്. അതെല്ലാം ഞാൻ ഇന്നലത്തെ പോലെ ഓർക്കുന്നു.”

രഘുനാഥൻ പരമ പുച്ഛത്തോടെ ചുണ്ട് കോട്ടിയൊന്നു ചിരിച്ചു.

“കുറെനാളായി അമ്മാതിരി കാര്യങ്ങളൊന്നും ഓർക്കാൻ ഞാനിഷ്ടപ്പെടുന്നതേയില്ല.”

“അതെനിക്കറിയാം. അതുകൊണ്ടാണല്ലോ ഉറക്കത്തിനിടയിൽ പോലും നിങ്ങൾ എന്നിൽ നിന്നും കൃത്യമായ അകലം പാലിക്കുന്നത്.”

രഘുനാഥന് ചെറുതായെങ്കിലും കുറ്റബോധം തോന്നിയിരിക്കണം. അയാൾ പത്രവായന അവസാനിപ്പിച്ച്, അവൾ അണിയിച്ച വിവാഹ മോതിരവും തെരുപ്പിടിപ്പിച്ചു അങ്ങനെയിരുന്നു.

“ചോറും കറികളും വിളമ്പി ഞാൻ അടുക്കളേൽ അടച്ചു വച്ചിട്ടുണ്ട്. നിങ്ങളത് സമയത്തിനെടുത്തു കഴിക്കണം.”

“ഓഹോ… നന്ദി.”

രഘുനാഥൻ ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിൽ പിടിപ്പിച്ചു കൊണ്ട് എന്തോ ആലോചിച്ചു കസേരയിലേക്ക് ചാഞ്ഞു കിടന്നു.

“നിങ്ങൾ ആരോഗ്യം നോക്കണം. സിഗരറ്റു വലി കുറക്കണം. അസുഖം വന്നാൽ സമയത്തിന് ഡോക്ടറെ പോയി കാണണം. മഴക്കാലം വരികയാണ്. തലയിൽ വെള്ളം താന്നാൽ പെട്ടെന്ന് പനി പിടിക്കുന്ന സ്വഭാവമാ നിങ്ങൾക്ക്. അതുകൊണ്ട് റെയിൻ കോട്ടോ, കുടയോ ഒന്നുമില്ലാതെ പുറത്തോട്ടൊന്നും പോകരുത്.”

“നീയെന്നെ ഇങ്ങനെ ഉപദേശിക്കാൻ ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല” അയാൾ അൽപം ദേഷ്യത്തോടെ പറഞ്ഞു.

അവൾ അതൊന്നും വക വയ്ക്കാതെ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

ഗ്യാസ് ഓൺ ചെയ്‌തിട്ട് എങ്ങും പോവരുതെന്നോ, അടുക്കളയിലെ സ്റ്റോറിൽ ചമ്മന്തിപ്പൊടിയോ, മാങ്ങാ അച്ചാറോ അങ്ങനെ ഏതാണ്ടൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടന്നോ, അതൊന്നും നനഞ്ഞ സ്പൂണിട്ടു എടുക്കരുതെന്നോ, രാവിലെ മുറ്റമടിക്കാൻ അയലത്തെ വീട്ടിൽ അടുക്കളയ്ക്ക് നിൽക്കുന്ന സ്ത്രീയെ ഏർപ്പെടുത്തിയിട്ടുണ്ടെന്നോ… അങ്ങനെ പലതും ഒടുവിൽ പതുക്കെ പതുക്കെ അവൾ തനിയെ നിശബ്ദയായി.

മുറിക്കകത്തുനിന്നും ബാഗും സ്യൂട്കേസുമെടുത്തു സിറ്റൗട്ടിൽ കൊണ്ടു വച്ച് അവൾ വിദൂരതയിലേക്ക് നോക്കി നിന്നു.

നല്ല മഴക്കോളുണ്ട്. മൂടൽ മഞ്ഞ് പോലെ പൊടിമഴ ചാറുന്നു.

“റോഡ് മുഴുവൻ വെള്ളമായിരിക്കും. നടന്നു പോയാൽ സാരി മുഴുവൻ ചെളി തെറിക്കും. അതുകൊണ്ട് നിങ്ങൾ…”

“സ്ക്കൂട്ടർ കണ്ടീഷനല്ല” പൊടുന്നനെ അയാൾ പറഞ്ഞു.

“മഴയത്ത് സ്ക്കൂട്ടെറെടുത്ത് നിങ്ങൾ ബുദ്ധിമുട്ടെണ്ടാ. ഒരു ഓട്ടോ പിടിച്ചു തന്നാൽ മതി. അതാണ് നല്ലത്” അവൾ പറഞ്ഞു.

രഘുനാഥൻ നീരസത്തോടെ എഴുന്നേറ്റു ചെന്ന് ഫോണെടുത്തു ഏതോ നമ്പർ ഡയൽ ചെയ്‌തു വന്നു.

“ഓട്ടോ ഇപ്പോഴിങ്ങെത്തും. ഒന്നും മറന്നിട്ടില്ലല്ലോ” രഘുനാഥൻ ഓർമ്മിപ്പിച്ചു.

അവളപ്പോൾ കൈവിരലിലെ നഖങ്ങൾ കൊണ്ട് ഭിത്തിയിലെന്തോ കോറുകയായിരുന്നു. ഭിത്തിയിൽ നിന്നപ്പോൾ നരച്ച മേഘത്തിന്‍റെ നിറമുള്ള വെള്ളയുടെ ഒരുപാളി അടർന്നു താഴെ വീണു ചിന്നി ചിതറി.

“നിങ്ങളുടെ ഒരു കുഞ്ഞിന്‍റെ അമ്മയാകാൻ കഴിഞ്ഞില്ല എന്ന തെറ്റു മാത്രമേ ഞാൻ ചെയ്‌തിട്ടുള്ളൂ. രമണിയേയോ, രേണുകയേയോ ആരെയാണെങ്കിലും നിങ്ങൾ ഉടനെ വിവാഹം ചെയ്യണം. ആഗ്രഹം പോലെ ഒരു കുഞ്ഞിന്‍റെ അച്‌ഛനാകണം. ഒന്നിനും ഞാനൊരു തടസ്സമാകുന്നില്ല. നിങ്ങളെന്നെ ഒഴിയുക മാത്രം ചെയ്യരുത്. അവകാശം ചോദിച്ചു ഞാനൊരിക്കലും വരില്ല.”

മുറ്റത്തു ഒരു ഓട്ടോ വന്നു ഞരങ്ങി നിന്നു. ചാറി ചാറി നിന്നിരുന്ന മഴ അപ്പോൾ ചന്നം പിന്നം പെയ്യാൻ തുടങ്ങി. നാലുവശത്തു നിന്നും തൂവാനും അകത്തേക്ക് അടിച്ചു കയറി. ഡ്രൈവർ ഓട്ടോ പോർച്ചിലേക്ക് നീക്കിയിട്ടു. സീത തണുത്ത കൈവിരലുകൾ കൊണ്ട് രഘുനാഥന്‍റെ നെഞ്ചിൽ പതിയെ സ്പർശിച്ചു. അവളുടെ കരസ്പർശം ഏറ്റു തന്‍റെ നെഞ്ചു പൊള്ളുന്നത് പോലെ അയാൾക്ക് തോന്നി.

“ജീവിതത്തിൽ ഞാനാദ്യമായും, അവസാനമായും സ്നേഹിച്ച പുരുഷൻ നിങ്ങളാണ്. എന്നെങ്കിലും കാണണമെന്ന് തോന്നുമ്പോൾ വരാൻ മടിക്കരുത്.”

അവൾ സ്യൂട്ട്കേസ്, ഓട്ടോയിൽ കൊണ്ട് വച്ച് അതിൽ കയറിയിരുന്നു. “മഴതോരട്ടെ… ഓട്ടോക്കാരന് ധൃതിയൊന്നുമില്ല” രഘുനാഥൻ പറഞ്ഞു. അവളൊന്നു ചിരിച്ചു. “ഈ മഴ ഇപ്പോഴെങ്ങും തോരില്ല. വെള്ളം അകത്തേക്ക് തെറിക്കാതിരിക്കാനെന്നവണ്ണം അവൾ സൈഡിലെ ടാർപാളിൻ ഷീറ്റുകൾ താഴ്ത്തിയിട്ടു. അതിനിടയിൽ അവൾ പറഞ്ഞു. “കുടിക്കാൻ വെള്ളം എടുത്തു വയ്ക്കുന്ന കാര്യം ഞാൻ മറന്നു പോയി. നിങ്ങൾ പച്ചവെള്ളം കുടിച്ചു ഇല്ലാത്ത രോഗം ഒന്നും വരുത്തി വയ്ക്കരുത്.”

ഓട്ടോ ഒരു ഇരമ്പലോടെ അകന്നു പോയി. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മഴ ഏതാണ്ട് തോർന്നിരുന്നു. യാത്രക്കാരായിട്ടു വളരെ കുറച്ചു ആൾക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ അവൾ രഘുനാഥനെക്കുറിച്ചോർത്തു, മടിയനാണ്. കുടിക്കാനുള്ള വെള്ളം ചൂടാക്കിയിരിക്കാൻ ഒരു വഴിയുമില്ല.

നാളെ ഓഫീസിലേക്കു പോകാൻ അയാൾക്ക് ആരായിരിക്കും എല്ലാം ഒരുക്കി കൊടുക്കുക. നല്ല കാര്യം, നാട്ടിൽ ഹോട്ടലുകൾക്കാണോ പഞ്ഞം?

“അടുത്ത ട്രെയിൻ എപ്പോഴാണ്?” കാഴ്ചയിൽ മാന്യനെന്നു തോന്നിക്കുന്ന ഒരു വൃദ്ധനോട് അവൾ ചോദിച്ചു.

അയാൾ മനോഹരമായി ചിരിച്ചു. “തെക്കോട്ടാണോ… വടക്കോട്ടാണോ…?”

“ആദ്യം ഏതാണ് വരുന്നത്…?”

വടക്കോട്ടാണെങ്കിൽ ഇപ്പോൾ ഒരു എക്സ്പ്രസ്സുണ്ട്. പക്ഷേ അതിനിവിടെ സ്റ്റോപ്പില്ല. പിന്നെ പാസഞ്ചറുണ്ട്. അതു വരാൻ ഉച്ച കഴിയും.”

അവൾ അവിടെ കണ്ട ഒരു സിമന്‍റ് ബഞ്ചിൽ പോയിരുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. പ്രാതൽ കഴിക്കുന്ന കാര്യം തിരക്കിനിടയിൽ മനഃപൂർവ്വം മറന്നു. അവൾ ബാഗു തുറന്നു വിവാഹ ആൽബമെടുത്ത് വെറുതെ മറിച്ചു നോക്കി കൊണ്ടിരുന്നു.

രഘുനാഥന്‍റെ നവവധുവായി ആ വീട്ടിൽ ചെന്ന് കയറിയ ദിനം. അയാളുടെ സ്നേഹ പ്രകടനങ്ങൾ, കുസൃതിത്തരങ്ങൾ, നേരമ്പോക്കുകൾ, ഉച്ചത്തിലുള്ള പൊട്ടിച്ചിരികൾ…

തെക്കു നിന്ന് ഒരു ട്രെയിന്‍റെ ഉച്ചത്തിലുള്ള മുഴക്കം കേട്ടു അവൾ ബാഗും സ്യൂട്ട്കേസും അവിടെത്തന്നെ വച്ചിട്ട് പതിയെ എഴുന്നേറ്റു നടന്നു. പ്ലാറ്റ്ഫോമും കഴിഞ്ഞ് ആളൊഴിഞ്ഞ ഒരു കോണിൽ പോയി നിന്നു.

അപ്പോൾ വലിയൊരു കാറ്റ് വീശി. ഓരത്തെ മരച്ചില്ലകളിൽ നിന്ന് സ്ഫടിക കഷ്ണങ്ങൾ പോലെ ജലകണങ്ങൾ പൊഴിഞ്ഞു. അതേൽക്കാതിരിക്കാനെന്നവണ്ണം അവളപ്പോൾ സാരിത്തലപ്പു പിടിച്ചു തലവഴിയേയിട്ടു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें