വില്‍ യു മാരി മീ… ഭാഗം 1

സുജാതയ്ക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൾ ഒട്ടും മറച്ചു വയ്ക്കാതെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. മീരയ്ക്കും ചിരി വരുന്നുണ്ടെങ്കിലും പരിസരബോധം വന്നതു കൊണ്ട് കടിച്ചുപിടിച്ചു. പ്രഭാത നടത്തത്തിനിറങ്ങിയവരെല്ലാം സുജാതയുടെ ചിരി കണ്ട് ഒരുതരം നോട്ടം നോക്കുന്നുണ്ട്. ചിലരുടെ മുഖത്ത് എന്തോ അദ്ഭുതം ദർശിച്ച ഭാവമാണ്. ഇതെല്ലാം ശ്രദ്ധിച്ചതു കൊണ്ടാണ് മീര ചിരി ഒതുക്കിയത്.

സുജാതയ്ക്ക് 50 വയസ്സ് ആയിട്ടുണ്ട്. പക്ഷേ സുജാതയുടെ സ്റ്റൈലും, ജീവിതത്തോടുള്ള കാഴ്ചപ്പാടും അവരുടെ സമപ്രായക്കാരേക്കാൾ വളരെ വ്യത്യസ്തമാണ്. അതുകൊണ്ടാവണം ഏത് ആൾക്കൂട്ടത്തിലും, എത്ര ചെറുപ്പക്കാർക്കിടയിലും ഈ പ്രായത്തിലും താരമാണ് സുജാത.

സത്യത്തിൽ ഈ കൊച്ചു വെളുപ്പാൻ കാലത്തും സംഭവിച്ചത് അതൊക്കെ തന്നെയാണ്. സുജാതയിൽ നിന്ന് ശ്രദ്ധ മാറ്റാൻ പെട്ടെന്നാർക്കും കഴിയില്ല.

യഥാർത്ഥത്തിൽ ഒരു കൊച്ചു മുംബൈ ആണ് രാജേന്ദ്രനഗർ എന്നു പറയാം. ഗോപുർ ഭാഗത്തു നിന്ന് രാജേന്ദ്രനഗറിലേക്ക് പോകുന്ന റിംഗ് റോഡിൽ പ്രഭാത സവാരി ചെയ്യാനെത്തുന്നവരുടെ തിരക്കാണ്. ആ പരിസരത്തുള്ള ഐഡിയൽ ഹൗസിംഗ് കോളനിയിൽ നിന്നുള്ള വരാണ് അവിടെ നടക്കാൻ വരുന്നവരിൽ ഭൂരിഭാഗവും. രാവിലെയും രാത്രിയും ആ ഭാഗത്തെ മനോഹരമായ വീതിയേറിയ റോഡുകളിൽ നടക്കാനും, സൊറ പറഞ്ഞിരിക്കാനും വരുന്നവരുടെ തിരക്കാണ്.

ആ കോളനിയിലാണ് സുജാതയുടെ താമസം. ഭർത്താവ് പട്ടാളത്തിൽ നിന്ന് വിരമിച്ച കേണൽ രാജ്കുമാർ. അദ്ദേഹം രണ്ട് വർഷം മുമ്പ് മരണമടഞ്ഞു. ഒരു റോഡപകടത്തിലാണ് അന്ത്യം സംഭവിച്ചത്. വളരെ ഊർജസ്വലനായ സാഹസികത ഇഷ്‌ടപ്പെടുന്ന വ്യക്‌തിയായിരുന്നു. അദ്ദേഹത്തോടൊപ്പം ജീവിതം ഒരു ആഘോഷമാക്കി തന്നെയാണ് സുജാത ജിവിച്ചിരുന്നത്.

അവിചാരിതമായി രാജ് വേർപിരിഞ്ഞുവെങ്കിലും യാഥാർത്ഥ്യം സ്വീകരിച്ച് തന്‍റെ ജീവിതം വഴി തിരിച്ചു വിടാനുള്ള ആർജവം സുജാതയ്ക്കുണ്ടായിരുന്നു. രാജിനെപ്പോലൊരു വ്യക്‌തിയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം, അതാണ്.

എപ്പോഴും ചിരിക്കാൻ ഇഷ്‌ടപ്പെടുന്ന ഒരു വ്യക്‌തിയുടെ ഓർമ്മയിൽ മറ്റൊരാൾ കരഞ്ഞു ജീവിക്കുന്നതു കൊണ്ടെന്തു കാര്യം. അവർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സ്മരണാജ്ഞലി സന്തോഷമായി ജീവിതം തുടരുകയാണ്. സുജാത അങ്ങനെയാണ് വിശ്വസിച്ചിരുന്നത്.

6 മാസം മുമ്പാണ് ഒരേയൊരു മകൾ ഗോപികയുടെ വിവാഹം വളരെ ആർഭാടത്തോടെ നടത്തിയത്. അവൾ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. കൂടെ ജോലി ചെയ്യുന്ന സമീർ ആണ് വിവാഹം ചെയ്തത്. അവർ പൂനെയിലാണ് താമസം.

ചിട്ടയായ ജീവിതരീതികളും, ഭക്ഷണശീലവും വ്യായാമവും സുജാതയ്ക്ക് 50ലും 30ന്‍റെ ഊർജസ്വലത നൽകി. 50 പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് അവളെ കണ്ടാൽ ആരും പറഞ്ഞു പോകും.

ആ ദിവസം മീരയ്ക്ക് പ്രഭാത സവാരിയ്ക്ക് എത്താൻ കഴിഞ്ഞില്ല. അന്ന് സുജാത പതിവുപോലെ വ്യായാമത്തിനായി രാവിലെ തന്നെ പുറത്തിറങ്ങി. പതിവു നടത്തം ഒരു കാരണവശാലും മുടക്കാൻ ഇഷ്‌ടമില്ല സുജാതയ്ക്ക്. തനിച്ചായതിനാൽ സാധാരണയിലും വേഗതയിൽ അവൾ നടക്കാൻ തുടങ്ങി. രണ്ടു കിലോമീറ്റർ ആണ് നടക്കാറുള്ളത്. ഇന്നും ഏകദേശം അത് പൂർത്തിയാക്കി. വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി.

അപ്രതീക്ഷിതമായാണ് അതു സംഭവിച്ചത്. സമീപത്തെ മതിൽ എടുത്തു ചാടി ഒരു നായ സുജാതയുടെ ദേഹത്തേക്ക് ശക്‌തിയായി വന്നിടിച്ചു. പെട്ടെന്നുള്ള വരവായതിനാൽ സുജാത റോഡിൽ തട്ടിത്തടഞ്ഞു വീണു പോയി. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല, പിന്നാലെ വന്ന സ്ത്രീ സുജാതയെ പിടിച്ചെഴുന്നേൽപിച്ചു. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലായില്ല സുജാതയ്ക്ക്. അപ്പോഴാണ് മധ്യവയസു തോന്നുന്ന ഒരു മനുഷ്യൻ ആ നായയെ ചങ്ങലയിൽ പിടിച്ച് അടുത്തേക്ക് വന്നത്.

“സോറി മാഡം” അയാൾ അങ്ങേയറ്റം വ്യസനത്തോടെ സുജാതയോടെ ക്ഷമ ചോദിച്ചു.

“ബെല്ല ഇങ്ങനെ ഒരു പണി തരുമെന്ന് ഞാൻ കരുതിയില്ല. സാധാരണ വളരെ ശാന്തയായിട്ടാണ് എന്‍റെ കൂടെ നടക്കാൻ ഇറങ്ങാറ്. ഒന്ന് ഞാൻ കൂട് തുറന്നപ്പോഴേ അവൾ എടുത്തുചാടി ഓടി… എന്തെങ്കിലും പറ്റിയോ മാഡം?”

“ഏയ്… സാരമില്ല. എനിക്ക് കുഴപ്പമൊന്നുമില്ല.” ഡ്രസ്സിൽ പറ്റിപ്പിടിച്ച ചെളി കൈ കൊണ്ടു തുടച്ച് സുജാത പുഞ്ചിരിയോടെ പ്രതികരിച്ചു.

“മാഡം… ഇതാ ഈ ടവൽ കൊണ്ട് തുടച്ചോളൂ.” അയാൾ തന്‍റെ പോക്കറ്റിൽനിന്ന് തൂവാല എടുത്ത് അവൾക്കു നേരെ നീട്ടി. അവൾ അത് വാങ്ങി ചെളിയും പൊടിയും തുടച്ചു.

നടക്കാനിറങ്ങുമ്പോഴൊക്കെ അയാളെ സുജാത കാണാറുണ്ട്. മിക്കവാറും വെള്ള ടീഷർട്ടും, കറുത്ത ട്രാക്ക് സ്യൂട്ടുമാണ് വേഷം. ദിവസവും കാണാറുണ്ടെങ്കിലും ഇന്നാണ് ആദ്യമായി സംസാരിക്കാനിടയായത്. സുജാത ടവൽ തിരികെ നൽകി കൊണ്ട് അയാൾക്കൊപ്പം മുന്നോട്ടു നടക്കാൻ തുടങ്ങി.

“എന്‍റെ പേര് ജയപാൽ! മാഡത്തിന്‍റെ?” അയാൾ ജിജ്ഞാസയോടെ അവളെ നോക്കി.

“ഞാൻ സുജാത.”

പിന്നീട് അയാൾ ആ നായ്ക്കുട്ടിയെ സ്നേഹശാസനയോടെ കൂടെ നടത്തി സുജാതയെ വീടു വരെ അനുഗമിച്ചു. വീടിനടുത്തെത്തിയപ്പോൾ സുജാത അയാൾക്ക് ബൈ പറഞ്ഞു കൊണ്ട് ഗേറ്റു തുറക്കാനായി താക്കോൽ എടുത്തു.

“ഓക്കെ ബൈ, വിൽ സി യു” ഗേറ്റ് തുറക്കവേ, പിന്നിൽ നിന്ന് ജയപാലിന്‍റെ എക്സ്ക്യൂസ് മീ കേട്ട് അവൾ പിന്തിരിഞ്ഞു നോക്കി.

“ഒരു ഗ്ലാസ് വെള്ളം കിട്ടുമോ?”

ആ ചോദ്യവും മട്ടും ഭാവവുമൊക്കെ കണ്ടപ്പോൾ സുജാതയ്ക്ക് ചിരി വന്നു. “പിന്നെന്താ… തീർച്ചയായും വരൂ.” അവൾ വാതിൽ തുറന്ന് അകത്തേക്ക് നടന്നു കൊണ്ട് ക്ഷണിച്ചു. ബെല്ലയെ ഗേറ്റിൽ കെട്ടിയിട്ട് ജയപാൽ അകത്തേക്ക് വന്നു. അപ്പോഴെക്കും സുജാത വെള്ളമെടുത്തെത്തി. അയാൾ വെള്ളം വാങ്ങിക്കുടിച്ചിട്ട് സ്വീകരണമുറിയിലെ കൗതുകമുള്ള അലങ്കാരങ്ങളിൽ ശ്രദ്ധിച്ചു.

“ഇരിക്കൂ” അവൾ വെള്ളം കൊണ്ടു വന്ന ട്രേ മേശപ്പുറത്തു വച്ച് ജയപാലിനോട് ആതിഥ്യ മര്യാദ കാണിച്ചു.

“താങ്ക്സ്… നടന്നിട്ടും, ബെല്ലയുടെ പിന്നാലെ ഓടിയിട്ടുമാവും, വല്ലാത്ത ദാഹം തോന്നി.” അയാൾ വെള്ളം ഒറ്റവലിക്കു കുടിച്ചു തീർത്തു.

“ശരി, ഞാനിറങ്ങട്ടെ, ഇവിടെ വേറെയാരുമില്ലേ, യുവർ ഹസ്, കിഡ്സ്?” അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് ഔപചാരികമായി ചോദിച്ചു.

“എന്‍റെ ഭർത്താവ് ജീവിച്ചിരിപ്പില്ല. ഒരു മകൾ ഉണ്ട്. വിവാഹിതയാണ്.”

“ഓഹ്… ഞാൻ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കൂ. അറിവില്ലാതെ ചോദിച്ചു പോയതാണ്.”

“ഇതിൽ മാപ്പ് ചോദിക്കാൻ എന്താണുള്ളത്. സംഭവിക്കേണ്ടത് സംഭവിച്ചല്ലോ. അതിൽ ഇനി ഫീൽ ചെയ്യേണ്ടതില്ലല്ലോ.” ഇത്രയും സംസാരിച്ചപ്പോൾ തിരിച്ചു ചോദിക്കാതിരിക്കാൻ സുജാതയ്ക്കും കഴിഞ്ഞില്ല. ജയപാൽ വിവാഹമോചിതനാണ്. ഭാര്യയായിരുന്ന സ്ത്രീ ഇപ്പോൾ താമസിക്കുന്നത് അന്നപൂർണ്ണ കോളനിയിലാണ്. ഒരു മകനുണ്ട്. അവൻ പഠിക്കുകയാണ്. വിദേശത്താണ്.

ജയപാൽ മടങ്ങിയതിനു ശേഷം സുജാത കുറച്ചുനേരം ആ സംഭവങ്ങളെക്കുറിച്ചും ജയപാലിനെ കുറിച്ചും ആലോചിച്ചിരുന്നു. വളരെ ശാന്തവും സൗമ്യവുമായ പ്രകൃതം. അയാളുടെ കണ്ണുകളിൽ വിഷാദം തളം കെട്ടി നിൽക്കുന്നുണ്ട്. എല്ലാവർക്കും ഉണ്ട് ഒളിച്ചു വച്ച സങ്കടങ്ങൾ. അത് പലർക്കും പല രീതിയിലാണല്ലോ അനുഭവപ്പെടുക. സുജാത താമസിയാതെ തന്‍റെ ദൈനംദിന കാര്യങ്ങളിലേക്ക് കടന്നു. മടി പിടിച്ചിരിക്കുന്ന ശീലം ഇല്ലാ ത്തതിനാൽ വീട്ടിലെ കാര്യങ്ങൾ വളരെ വേഗം അവൾ ചെയ്‌തു തീർത്തു.

സുഖമില്ലാത്തതിനാൽ മീര പിറ്റേന്നും ഉണ്ടായിരുന്നില്ല. നടക്കാനായി തനിച്ച് രാവിലെ റിംഗ് റോഡിലെത്തിയപ്പോൾ തലേ ദിവസത്തെ സംഭവം സുജാത ഓർമ്മിച്ചു. അവളുടെ കണ്ണുകൾ നടക്കാനിറങ്ങിയവർക്കിടയിൽ ആകാംക്ഷയോടെ പരതുന്നുണ്ടായിരുന്നു.

നീല ഷർട്ടും കറുത്ത ട്രാക്ക്സ്യൂട്ടും ധരിച്ച് ജയപാൽ അൽപം അകലെ നടക്കുന്നത് അവൾ കണ്ടുപിടുച്ചു. അവൾ വേഗത്തിൽ നടന്ന് അയാൾക്കൊപ്പമെത്തി. “ഗുഡ്മോണിംഗ് ജയപാൽ സർ”

“വെരി ഗുഡ്മോണിംഗ്”

“ഇന്ന് ബെല്ല ഇല്ലേ?” സുജാത കുസൃതി ചിരിയോടെ ചോദിച്ചു.

“ഹ…ഹ… അവളെ നേരത്തെ പുറത്തിറക്കി തിരിച്ചു കൊണ്ടു പോയി കൂട്ടിലാക്കി. ഇന്നലെ ചില്ലറ പണിയാണോ അവൾ തന്നത്?”

“അങ്ങനെയൊന്നും ചെയ്യേണ്ട. അവൾ എന്നെ ഇടിച്ചപ്പോൾ ഞാൻ ബാലൻസ് തെറ്റിപ്പോയതല്ലേ. അല്ലാതെ എനിക്ക് പേടിയൊന്നുമില്ല” സുജാത ചിരിച്ചു.

“കൂട്ടുകാരിയെ കണ്ടില്ലല്ലോ? എന്തുപറ്റി?” സുജാത ഒന്നു അമ്പരന്നു. അപ്പോൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നോ നേരത്തെ! “അവൾ വന്നില്ല. സുഖമില്ല. നാളെ മുതൽ വരുമായിരിക്കും.”

സുജാത ഒന്നു നിർത്തിയിട്ട് വീണ്ടും ചോദിച്ചു.

“ഞാൻ കൂട്ടുകാരിയുടെ കൂടെയാണ് വരുന്നതെന്ന് എങ്ങനെ മനസ്സിലായി?”

“നിങ്ങൾ രണ്ടാളും കൂടി നടക്കു ന്നത് ഞാൻ മുമ്പ് കണ്ടിട്ടുണ്ട്, സിമ്പിൾ!”

“പക്ഷേ ഞാൻ താങ്കളെ ആദ്യമായിട്ടാണ് ഇന്നലെ കണ്ടത്.” സുജാത?അയാളുടെ ഭംഗിയുള്ള തായ്‍ലെന്‍റ് മെയ്ഡ് ഷൂ ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും കൂടി നടക്കുമ്പോൾ ചുറ്റും ഉള്ളവരെ ശ്രദ്ധിക്കാറു പോലുമില്ല.”

“സോറി, ഞാൻ അങ്ങനെയാണ്. കിട്ടുന്ന സമയം അടിച്ചു പൊളിച്ചു ചിരിച്ചു ജീവിക്കാനാണ് ഇഷ്‌ടം. ഈ പ്രായത്തിൽ ഈ ആറ്റിറ്റ്യൂഡ് ചിലപ്പോൾ ഒരു കുറവായിട്ട് തോന്നാം. പക്ഷേ എനിക്ക് അങ്ങനെ പ്രായത്തിന്‍റെ മേൽ സീരിയസ്നസിന്‍റെ മൂടുപടം ഇട്ട് നടക്കാൻ അറിയില്ല.”

“അയ്യോ, ഞാൻ പറഞ്ഞത് മോശം സെൻസിലല്ല. ഞാൻ ശ്രദ്ധിച്ച കാര്യം പറഞ്ഞുവെന്നേയുള്ളൂ. എന്നോട് ക്ഷമിക്കൂ.” ജയപാൽ നേർത്ത ചമ്മലോടെ ചിരിച്ചു.

“ഹഹ… നമ്മളിങ്ങനെ പരസ്പരം സോറി പറഞ്ഞു കളിക്കുകയാണല്ലോ.” സുജാത ചിരി അമർത്താൻ ശ്രമിച്ചുവെങ്കിലും അതൊരു പൊട്ടിച്ചിരിയിൽ അവസാനിച്ചു.

തുടർന്നുള്ള മൂന്നു ദിവസങ്ങളിലും മീര നടക്കാൻ വന്നില്ല. ആ ദിവസങ്ങളിൽ ജയപാലിനൊപ്പമാണ് സുജാത നടന്നത്. രണ്ടുപേരും നല്ല ചങ്ങാതിമാരാവുകയും ചെയ്‌തു.

സുജാത ഒരു കിലുക്കാംപെട്ടിയാണെങ്കിൽ ജയപാൽ കാര്യമാത്രമായി സംസാരിക്കുന്ന ശാന്തപ്രകൃതനായിരുന്നു. എങ്കിലും രണ്ടുപേരുടെയും സൗഹൃദത്തിന് അതൊന്നും തടസമായതേയില്ല.

ഒരാഴ്ചയ്ക്കു ശേഷം മീര മടങ്ങി വന്നപ്പോൾ സുജാത, ജയപാലിനെ അവൾക്കു പരിചയപ്പെടുത്തി. മൂവരും കൂടി പ്രഭാത സവാരി നടത്തിയെങ്കിലും മൂന്നുപേർക്കും എന്തോ ഒരു അസ്വഭാവികത തോന്നുകയും ചെയ്തു. അന്ന് നടത്തം കഴിഞ്ഞ് മീര സുജാതയുടെ വീട്ടിലേക്ക് വന്നു. സുജാത ചായ ഉണ്ടാക്കാൻ തുടങ്ങവേ മീര കിച്ചൻ സ്ലാബിൽ ഇരുന്നു.

“സുജു, ആക്വച്ലി എന്താ ഇവിടെ സംഭവിച്ചത്?”

“എന്ത്? എന്തു സംഭവിച്ചു?” സുജാത അതിശയത്തോടെ മീരയെ നോക്കി.

“ഓഹോ! നീ ചുമ്മാ കളിക്കല്ലേ! കണ്ണടച്ച് പാൽ കട്ടു കുടിക്കുമ്പോൾ പൂച്ച യുടെ ചിന്ത ആരും കാണുന്നില്ല എന്നാ”

“അതുശരി, നീ ജയപാലിന്‍റെ കാര്യമാണോ പറഞ്ഞത്? ഹീ ഈസ് മൈ ഫ്രണ്ട്. അദ്ദേഹത്തെ കാണുന്നതും മിണ്ടുന്നതും എനിക്ക് ഇഷ്‌ടമാ… ഇപ്പോൾ നിനക്ക് സമാധാനമായില്ലേ?” സുജാത പൊട്ടിച്ചിരിയോടെ ചോദിച്ചു.

“ഇല്ല, എനിക്ക് സമാധാനമായില്ല. എന്‍റെ പ്രശ്നം ഇവിടന്ന് തുടങ്ങുന്നേയുള്ളൂ. ഇനി എന്തായിത്തീരും എന്ന് എനിക്ക് കൺഫ്യൂഷനുണ്ട്.” മീര തലയ്ക്ക് കൈ കൊടുത്ത് ചിരി അമർത്തി.

“ഹും… എനിക്കറിയില്ല. ആ കക്ഷിയെ എനിക്കെന്തോ ഇഷ്‌ടപ്പെട്ടു. സാധാരണ ആളുകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന എന്തോ ഒരിത് ആൾക്കുണ്ട്.”

“പിന്നെ മുന്നോട്ടുള്ള കാര്യം, അതൊക്കെ വരുന്നേടത്തു വച്ചു കാണാം. നീ അതൊന്നും ഓർത്തു വിഷമിക്കണ്ട. ജീവിതമല്ലേ, അതങ്ങ് ഒഴുകിക്കൊണ്ടിരിക്കും.”

സുജാത തന്‍റെ മനസ്സിലൊന്നും ഒളിക്കാതെ തുറന്നു പറഞ്ഞു.

“കാര്യമൊക്കെ ശരി, നിന്‍റെ ഫിലോസഫിയും കൊള്ളാം. സൂക്ഷിച്ചും കണ്ടും നിന്നാൽ നിനക്കു നല്ലത്.”

മീരയ്ക്ക് സുജാതയുടെ നിസ്സാര ഭാവം ഒട്ടും ഇഷ്‌ടമായില്ല. എന്തു പറഞ്ഞാലും അവളിങ്ങനെയാണ്. യാതൊരു കുലുക്കവുമില്ല.

“ഡോണ്ട് വറി ടീ, സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നു കേട്ടിട്ടില്ലേ, നാം കണ്ടുമുട്ടുന്ന ഓരോ വ്യക്‌തിയ്ക്കും എന്തെങ്കിലും നിയോഗം നമ്മുടെ ലൈഫിലുണ്ടാകും. അത്രേം കരുതിയാ മതി.”

മീര ചായ കുടിച്ചു പിരിഞ്ഞ ശേഷ മാണ് സുജാത ശരിക്കും ആലോചിക്കാൻ തുടങ്ങിയത്. മീര പറഞ്ഞതിൽ ഒരു സത്യമില്ലേ, തനിക്ക് അയാളോട് സത്യത്തിൽ എന്തോ ഒരു താൽപര്യം ഇല്ലേ? അതുവെറും കൗതുകമാണോ? സൗഹൃദത്തിനപ്പുറം ഒരു ആകർഷണം തോന്നിത്തുടങ്ങിയോ?

രാജ് വിട്ടുപിരിഞ്ഞതിനു ശേഷം ഇങ്ങനെ ഒരു ആളോട് ആദ്യമായിട്ടാണ് ഇഷ്‌ടം തോന്നുന്നത്. ബന്ധുമിത്രാദികളുടെയെല്ലാം ശരിയായ മുഖം മനസ്സിലാക്കാനുള്ള കാലയളവു കൂടിയായിരുന്നു ഈ രണ്ടു വർഷം. പണം തന്നെയാണ് ബന്ധത്തേക്കാൾ വലുതെന്ന അനുഭവങ്ങൾ പലരിൽ നിന്നും ഉണ്ടായി. മകൾ ഗോപികയും അവളുടെ ഭർത്താവും പിന്നെ മീരയും മാത്രമാണ് തനിക്ക് വിശ്വസിക്കാൻ തോന്നുന്ന ഉറ്റവർ. ബാക്കി എല്ലാവരും ആടിന്‍റെ തോലിട്ട ചെന്നായ്ക്കളെ പോലെയാണ്. ഗോപിക, വിവാഹിതയായി സ്വന്തം ജീവിതം തുടങ്ങിയ ശേഷം കടുത്ത ഏകാന്തത തനിക്ക് തോന്നിയിട്ടുണ്ട്. ഇതിനിടയിൽ മീരയാണ് അപ്പോഴും ഇപ്പോഴും ആശ്വാസം. സോഷ്യൽ ലൈഫിൽ ഒരുപാടു പേർ വന്നു പോകുന്നു. പക്ഷേ മനസ്സിലുള്ള കാര്യങ്ങൾ പങ്കുവയ്ക്കാൻ എന്തിനു ഒരു സിനിമ കാണാൻ പോകാൻ മനസ്സിനിണങ്ങിയ ഒരു കൂട്ട് ഇല്ല.

ജയപാലിന്‍റെ കണ്ണുകൾ ആ മനസ്സിന്‍റെ അകത്തു നിന്ന് നോക്കുന്ന പോലെ വ്യക്‌തമായി കാണാം. മനസ്സിന്‍റെ ജാലകമാണ് കണ്ണുകൾ എന്നുപറയുന്നത് വെറുതെയല്ല. ജയപാലിനെ കണ്ടുമുട്ടിയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഒരാഴ്ചയ്ക്കിടയിൽ ജയപാൽ സംസാരിച്ച കാര്യങ്ങൾ പോലും, അയാളെ പോലെ തന്നെ അവളുടെ മനസ്സിൽ പതിഞ്ഞു പോയി. അടുത്ത ദിവസങ്ങളിൽ മീരക്കൊപ്പം നടക്കാനിറങ്ങുമ്പോൾ, ചിരിയിലും ചെറിയൊരു കുശലാന്വേഷണത്തിലും ഒതുക്കി തന്‍റെ സൗഹൃദത്തെ ഒളിപ്പിക്കാൻ സുജാത ശ്രമിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കുടുംബത്തോടൊപ്പം ഗോവയ്ക്ക് പോകാൻ മീര തീരുമാനിച്ചു.

“നീ തനിച്ചാവുമല്ലോ സുജു, ഞങ്ങൾക്കൊപ്പം വരൂ.” അന്ന് നടക്കാനിറങ്ങിയപ്പോൾ മീര അവളെ ഓർമ്മിപ്പിച്ചു.

“ഞാനില്ല മീര, നിങ്ങളെല്ലാം ഭർത്താക്കന്മാരുടെയും മക്കളുടെയും കൂടെ നടക്കുമ്പോൾ ഞാൻ തനിച്ചായി പോകില്ലേ. അതിലും ഭേദം ഇവിടെ തന്നെ ഇരിക്കുന്നതാ.” സുജാതയ്ക്ക് താൽപര്യം തോന്നിയില്ല. അവൾക്ക് യാത്ര ഒഴിവാക്കാനായിരുന്നു ഇഷ്ടം.

“എന്നാൽ നീ ഒരു കാര്യം ചെയ്യൂ. നിന്‍റെ ഫ്രണ്ടിനോട് ചോദിക്ക്. കൂടെ പോരുന്നോ എന്ന്.” മീര പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.

“അതു കൊള്ളാമല്ലോ. നല്ല ഐഡിയ. ഞാനങ്ങനെ ഒരു കാര്യം ചിന്തിച്ചതേയില്ല.” സുജാത ചിരിച്ചു.

“ശരി നമുക്ക് നോക്കാം.”

രാജ് ഉള്ള സമയത്ത് വർഷത്തിൽ രണ്ടുപ്രാവശ്യം വിനോദയാത്ര പോകുന്നത് പതിവായിരുന്നു. പിന്നീട് യാത്രകളെ കുറിച്ചോ പിക്നിക്കിനോ കുറിച്ചോ കാര്യമായി ചിന്തിച്ചിട്ടില്ല. പോകേണ്ട എന്നു തീരുമാനമൊന്നുമില്ല. പക്ഷേ പോകാൻ പറ്റിയൊരു കൂട്ടോ, മനസ്സോ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഒരു ആഗ്രഹം തോന്നുന്നു. ഗോവയ്ക്ക് മീരയുടെ കൂടെ പോകുമ്പോൾ ജയപാലിനെയും വിളിച്ചാലോ… മറ്റൊന്നും ആലോചിക്കാൻ മെനക്കെടാതെ സുജാത, അയാളെ ഫോണിൽ വിളിച്ചു. കാര്യം പറഞ്ഞപ്പോൾ ജയപാലിന് മടി.

“അയ്യോ സുജ, ഞാൻ തന്‍റെ ഫ്രണ്ട്സിന്‍റെ കൂടെ വന്നാൽ ശരിയാവുമോ? അവരൊന്നും എന്നെ അറിയില്ല. പിന്നെ ഞാനും അറിയില്ല. മാത്രമോ, ഇവിടെ ബെല്ലയുടെ കാര്യം ആരു നോക്കും?” അയാൾ തന്‍റെ പ്രയാസം തുറന്നു പറഞ്ഞു.

“ഓഹോ… വരാതിരിക്കാൻ ഓരോ ഒഴിവു പറയുവാണോ? എന്‍റെ കൂട്ടുകാർക്കൊപ്പം കൂടാൻ ഒരു പ്രയാസവും ഉണ്ടാകില്ല. അതു ഞാൻ ഉറപ്പു തരാം. ബെല്ലയെ ഒരു ഹോസ്റ്റലിൽ ഏൽപിക്കൂ.” അത്രയും പറഞ്ഞിട്ട് അവൾ ഫോൺ വച്ചു. അന്നു വൈകിട്ട് ആളുകളോട് ചോദിച്ച് മനസ്സിലാക്കി, ജയപാലിന്‍റെ വീട്ടിൽ അവൾ എത്തി. കോളിംഗ് ബെൽ അടിച്ചു. ഡോർബെൽ കേട്ട് വാതിൽ തുറന്ന ജയപാൽ അക്ഷരാർത്ഥത്തിൽ ഞെട്ടി പ്പോയി.

“ആഹാ… സുജയോ… അതിശയമായിരിക്കുന്നല്ലോ.”

“എനിക്ക് അകത്തേക്ക് വരാമോ?” സൂജാത ജയപാലിനോട് അനുവാദം ചോദിച്ചു.

സുജാതയെ കണ്ട് അന്തംവിട്ടുപോയ ജയപാൽ വാതിക്കൽ തന്നെ നിൽക്കുകയായിരുന്നു.

(തുടരും)

സാഗരസംഗമം ഭാഗം – 3

എന്നാൽ ഹൃദയത്തിനേറ്റ മുറിവുകളാണ് ശരീരത്തിനേറ്റ മുറിവുകളേക്കാൾ വലുതെന്ന് അദ്ദേഹമെഴുതി. എന്‍റെ അഭാവം ആ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയെന്നും…

അച്‌ഛന്‍റെ പണത്തിന്‍റെ സ്വാധീനവും, ഉയർന്ന പോലീസ് ഉദ്യോഗസ്‌ഥനുമായുള്ള കൂട്ടുകെട്ടും നീണ്ടനാൾ അദ്ദേഹത്തെ കാരാഗൃഹത്തിലാക്കി

ഒരുനാൾ അച്‌ഛൻ അമ്മയോടു തർക്കിച്ച് പറയുന്നതു കേട്ടു. “ഈ ഫഹദ് സാർ എന്നു പറയുന്നവൻ പക്കാ വർഗ്ഗീയ വാദിയാണു കേട്ടോ. ഇവളെ അവൻ കെട്ടി മതം മാറ്റാനാണ് ഉദ്ദേശിച്ചിരുന്നത്. ഞാൻ ചെല്ലുമ്പോൾ ഇവൾ തനി മുസ്ലീം സ്ത്രീയായി വേഷവിധാനം ചെയ്‌തിരുന്നു. അവൾ ശരിയ്ക്കും ഹിന്ദുവാണെന്നറിഞ്ഞാൽ എല്ലാ ഹിന്ദുക്കളും അവനെതിരായി തിരിയുകയും ചെയ്യുമായിരുന്നു. അതാണ് ആ നാട്ടിൽ ഞാൻ ചെന്നപ്പോൾ ഉണ്ടായ സംഘർഷത്തിൽ നിന്നും മനസ്സിലായത്. ഏതായാലും ഭാഗ്യം കൊണ്ടാണ് അതൊരു വലിയ ലഹളയായി പരിണമിയ്ക്കാതിരുന്നത്. ഞാൻ പോലീസിനെയും കൊണ്ട് ചെന്നതാണ് ഏറ്റവും വലിയ ഭാഗ്യായത്. അല്ലെങ്കിൽ ഒരു വലിയ ലഹളയുണ്ടായി ഞങ്ങളും അതിൽ പെട്ടുപോയേനെ. നിന്‍റെ മോളെ ഇങ്ങനെ ജീവനോടെ കിട്ടിയത് എന്‍റെ മിടുക്കു കൊണ്ടാണെന്ന് കരുതിയ്ക്കോ. അല്ലെങ്കിൽ അവളുടെ കത്തിക്കരിഞ്ഞ ശവമേ നിനക്ക് കിട്ടുമായിരുന്നുള്ളൂ.”

എന്നെ വീട്ടുതടങ്കലിലിട്ടതിൽ മനംനൊന്ത് അച്‌ഛനോടു തർക്കിക്കാൻ ചെന്ന അമ്മയുടെ നാവടഞ്ഞുപോയി. അച്‌ഛൻ ചെയ്‌തതു തന്നെയാണ് ശരിയെന്ന് അമ്മയ്ക്കും ബോധ്യമായി. അമ്മയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം അച്‌ഛൻ എന്നോടു പറഞ്ഞു.

“നിന്നെ വിവാഹം കഴിയ്ക്കുവാൻ സുഭദ്രേച്ചിയുടെ മകൻ വിഷ്ണു നാരായണൻ ഒരുക്കമാണ്. നിന്നെ അത്രയ്ക്കിഷ്ടമാണ് അയാൾക്ക്. ഞാനീ വിവാഹം ഉടനെ നടത്താൻ പോവുകയാണ്. അതുവരെ നിന്‍റെയാ ഫഹദ്സാർ ജയിലിൽ കിടക്കുക തന്നെ ചെയ്യും. ചിലപ്പോൾ അവിടെക്കിടന്ന് പോലീസുകാരുടെ തല്ലു കൊണ്ട് അയാൾ മരിയ്ക്കും. കാരണം അയാൾ ചെയ്‌ത കുറ്റം അത്രയേറെ ഗൗരവമേറിയതാണ്. വർഗ്ഗീയ ലഹളയുണ്ടാക്കുക എന്നുവച്ചാൽ അതൊരു തരം തീവ്രവാദം തന്നെയാണ്. അയാളുടെ ശിക്ഷ ജീവപര്യന്തമാകാനും മതി.”

അച്‌ഛന്‍റെ കണ്ണുകളിൽ നിറഞ്ഞു നിന്ന നിഗൂഢഭാവം എന്നെ ഭയചകിതയാക്കി. അപകടം മണത്തറിഞ്ഞ ഞാൻ ആ കാലുപിടിച്ചപേക്ഷിച്ചു.

“അച്‌ഛാ… അച്‌ഛൻ എന്‍റെ വിവാഹം ആരുമായിട്ടു വേണമെങ്കിലും നടത്തിക്കോളൂ… പക്ഷേ എന്‍റെ ഫഹദ് സാറിനെ വെറുതെ വിടണം. അദ്ദേഹത്തിന്‍റെ പേരിലുള്ള കള്ളക്കേസുകൾ ഉടനെ പിൻവലിക്കണം അച്ഛാ…”

എന്നാൽ കാരിരുമ്പിന്‍റെ കരുത്തുള്ള ആ ഹൃദയം എന്‍റെ അപേക്ഷകൾക്ക് പുല്ലുവില പോലും കൽപിച്ചില്ല. എന്‍റെ ആത്മഹത്യാ ഭീഷണികളും വിലപ്പോയില്ല. ഒടുവിൽ ഒരു ചിങ്ങമാസപ്പുലരിയിൽ വിഷ്ണു നാരായണൻ എന്‍റെ കഴുത്തിൽ താലിചാർത്തി. വിവാഹ ശേഷം കാലിൽ തൊട്ടുവന്ദിച്ച് യാത്ര പുറപ്പെടാനൊരുങ്ങിയ എന്നോട് അച്‌ഛൻ പറഞ്ഞു.

“സോറി മോളെ… നിന്നെ എനിക്കൽപം വേദനിപ്പിക്കേണ്ടി വന്നു. നിന്‍റെ നല്ല ഭാവിയായിരുന്നു എനിക്ക് പ്രധാനം. അതിനുവേണ്ടി എനിക്കൽപം ക്രൂരനാകേണ്ടി വന്നു. പക്ഷേ ഇതോടെ നിന്‍റെ ഫഹദ് സാറിനോടുള്ള എന്‍റെ ശത്രുത തീർന്നു. പോലീസുകാർ അയാളെ ഉടനെ വിട്ടയയ്ക്കും. ഇതിനു വേണ്ടി നിന്നെ വേദനിപ്പിക്കേണ്ടി വന്നതിൽ ഞാൻ മാപ്പു ചോദിക്കുന്നു മോളെ…”

ഫഹദ്സാറിനെ വിട്ടയയ്ക്കും എന്ന വാർത്ത ആശ്വാസ പ്രദമായിരുന്നുവെങ്കിലും, അച്‌ഛന്‍റെ മാപ്പപേക്ഷ എന്‍റെ ഹൃദയത്തെ ചലിപ്പിച്ചില്ല. ഉള്ളിലുറഞ്ഞു കൂടിയ സ്നേഹപാശത്താൽ അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കിയപ്പോഴും ഞാനല്പം പോലും ഇളകിയില്ല. എല്ലാം വെറും അഭിനയമാണെന്ന് ഞാൻ കരുതി. അച്‌ഛനു വലുത് സ്വന്തം ദുരഭിമാനവും, കുടുംബ മഹിമയുമാണെന്ന് മനസ്സു പറഞ്ഞു. അല്ലെങ്കിൽ ഫഹദ് സാർ എന്ന മുസൽമാനിലെ പച്ചമനുഷ്യനെ കണ്ടെത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞേനെ.

പിന്നീട് എന്നെ യാത്രയാക്കുമ്പോൾ പൊട്ടിക്കരഞ്ഞ അമ്മയുടേയും അനുജത്തിമാരുടേയും മുന്നിൽ ഞാൻ സ്വയം നിയന്ത്രിച്ചു നിന്നു. ഒടുവിൽ മരവിച്ച മനസ്സുമായി നരേട്ടനോടൊപ്പം, അദ്ദേഹത്തിന്‍റെ സ്നേഹ വചസ്സുകൾക്ക് ചെവി കൊടുക്കാതെ, അങ്ങകലെയുള്ള ഏതോ ഗ്രാമത്തിലേയ്ക്ക് കാറിൽ ഒരു യാത്ര!…

ഇഴഞ്ഞു നീങ്ങിയ മണിക്കൂറുകൾക്കൊടുവിൽ ചെമ്മണ്ണു വിരിച്ച ഏതോ ഗ്രാമപാതയോരത്ത് ഞങ്ങളുടെ കാറെത്തി. ഇരുവശത്തും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾക്കിടയിലൂടെ പൊടിപറത്തിക്കൊണ്ട് പാഞ്ഞു പോയ ഞങ്ങളുടെ കാർ കണ്ട് ചിലർ നിന്നു. ഗ്രാമത്തിന്‍റെ ഹൃദയ നൈർമ്മല്യം കോർത്തു വച്ച് അവർ പറഞ്ഞു.

“അതാ പനയ്ക്കലെ വിഷ്ണു നാരായണനും ഭാര്യയുമല്ലേ. ഇന്നായിരുന്നു അവരുടെ താലികെട്ട്, പെണ്ണു കാണാൻ സുന്ദരി തന്നെ. അല്ലെങ്കിലും മുറപ്പെണ്ണു തന്നെയല്ലെ.” ഒടുവിൽ നരേട്ടന്‍റെ തറവാട്ടിൽ എത്തിച്ചേർന്ന ഞങ്ങളെ സ്വീകരിക്കാൻ അദ്ദേഹത്തിന്‍റെ ബന്ധുജനങ്ങളോടൊപ്പം അമ്മയും പെങ്ങന്മാരും കാത്തു നിന്നു.

കാറിൽ നിന്നിറങ്ങി, മൂത്ത പെങ്ങൾ നീട്ടിയ നിലവിളക്കുമായി പൂജാമുറിയിലേയ്ക്ക് നടക്കുമ്പോൾ അറിയാതെ കാലുകൾ വിറകൊണ്ടുവോ…? ഇടറിവീഴാതിരിയ്ക്കാൻ, പണിപ്പെട്ട് കാലുകൾ വലിച്ചു വച്ച് നടന്നടുക്കുമ്പോൾ ഹൃദയം മൂകമായി മന്ത്രിച്ചു.

“ഇവിടെ നീ കാലുറപ്പിച്ച് നടന്നടുക്കുന്നത് മരണത്തിലേയ്ക്കാണ്… ഇവിടെ മരണ ദൂതൻ നിനക്കായ് മണിയറയൊരുക്കി കാത്തിരിക്കുന്നു.”

ആരുമറിയാതെ ഹൃദയത്തിലൊളിപ്പിച്ച ദുരൂഹ രഹസ്യത്തെ മടിത്തട്ടിലൊതുക്കി ഞാൻ മണിയറയിൽ കടന്നു.

എന്നെ മണിയറയിലെത്തിച്ചത് അദ്ദേഹത്തിന്‍റെ ഇളയ സഹോദരി ഇന്ദുലേഖയായിരുന്നു. അച്‌ഛന്‍റെ വീട്ടിൽ എല്ലാവരും അവളെ ഇന്ദു എന്നാണ് വിളിച്ചിരുന്നത്. അവൾ കൈയ്യിലൊരു പാൽ ഗ്ലാസ്സ് തന്നു കൊണ്ട് കളിതമാശയായി പറഞ്ഞു.

“ഉം… ചെല്ല്…. ചെല്ല്… ഏട്ടൻ മീരേച്ചിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതുകൊണ്ട് ഇനി മീരേച്ചി അൽപനേരം ഏട്ടനെ കാത്തിരുന്നോളൂ…”

അന്ന് ഡിഗ്രിയ്ക്കു പഠിച്ചു കൊണ്ടിരുന്ന അവൾ എന്‍റെ മായയുടെ പ്രായമാണ്. അച്‌ഛന്‍റെ തറവാട്ടിലെത്തുമ്പോൾ കുട്ടിക്കാലത്ത് പലപ്പോഴും ഞങ്ങളൊന്നിച്ച് കളിക്കാറുണ്ടായിരുന്നു. പക്ഷേ അപ്പോഴെല്ലാം അവരെക്കാൾ മൂന്നു നാലു വയസ്സു മുതിർന്ന ഞാൻ അവരെ നിയന്ത്രിച്ചിരുന്നു. ഒരു മൂത്ത ജ്യേഷ്ഠത്തിയെപ്പോലെ… അതിനോടൊപ്പം സ്നേഹ വാത്സല്യങ്ങളും നൽകിയിരുന്നു. അവരെക്കാളൊക്കെ ഊർജ്ജസ്വലയായ പെൺകുട്ടിയായിരുന്നു ഞാൻ. എന്നാലിന്നിപ്പോൾ ചത്ത കോഴിയെപ്പോലുള്ള എന്‍റെ തൂങ്ങിപ്പിടിച്ച നില്പു കണ്ടിട്ടാകാം ഇന്ദു അൽപം തമാശ കലർത്തി പറഞ്ഞു.

“ഉം… മീരേച്ചി നരേട്ടനെ ആകെ ഭയന്നിട്ടാണെന്നു തോന്നുന്നു. ഒന്നും പേടിക്കേണ്ടാട്ടോ… എന്‍റെ നരേട്ടൻ ചെറുപ്പത്തിലേപ്പോലെ തന്നെ ഇപ്പോഴും ഒരു പാവമാണ്. ഒരു മിണ്ടാപ്പൂച്ച… ഒറ്റക്കുഴപ്പമേ ഉള്ളൂ… മീരേച്ചിയോട് കണ്ണും പൂട്ടിയുള്ള പ്രേമമാണ്… അല്ല… അത് ചെറുപ്പത്തിലെ തൊടങ്ങിയതാണല്ലോ… ഇപ്പഴാ അസുഖം അൽപം കൂടിയിട്ടുണ്ടെന്നു മാത്രം… ഉം… ചേച്ചി തന്നെ അതുമാറ്റിയെടുത്താൻ മതി…” അവൾ എന്‍റെ ചെവിയിൽ അൽപം ഉറക്കെ കളിതമാശകൾ പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു.

എന്നാലവയൊന്നും ഉൾക്കൊള്ളാനാവാത്ത സ്‌ഥിതിയിൽ ഒരു മരപ്പാവയെപ്പോലെയായിരുന്നു ഞാൻ. ചെറുപ്പം മുതൽ നരേട്ടന് എന്നോട് ഇഷ്ടക്കൂടുതലുണ്ടെന്നറിയാമായിരുന്നു. എന്നാൽ അതിത്രത്തോളം ഗാഢമാണെന്ന് ഞാനറിഞ്ഞിരുന്നില്ല. ഇന്നിപ്പോൾ മറ്റൊരു പുരുഷന്‍റെ ഭാര്യയായിക്കഴിഞ്ഞ എന്നെ എല്ലാം അറിഞ്ഞു കൊണ്ട് ആയിരിക്കുമോ നരേട്ടൻ സ്വീകരിക്കുന്നത്? അച്‌ഛൻ നരേട്ടനോട് എല്ലാം പറഞ്ഞു കാണുമോ? അതോ ഞാൻ കന്യകയാണെന്നു കരുതി അദ്ദേഹം എന്നെ സ്വീകരിക്കുന്നതായിരിക്കുമോ? മനസ്സിൽ ചോദ്യശരങ്ങൾ വന്ന് വിർപ്പുമുട്ടിച്ചു കൊണ്ടിരുന്നു. ഒപ്പം കുറ്റബോധവും നിരാശാ ബോധവും മനസ്സിനുള്ളിലേയ്ക്ക് ആർത്തലച്ച് കടന്നു വന്നു.

പൊട്ടിച്ചിരികളും കളിതമാശകളുമായി മണിയറയിലേയ്ക്ക് എന്നെ തള്ളിവിട്ട് അദ്ദേഹത്തിന്‍റെ ബന്ധുക്കൾ നടന്നകന്നു. അപ്പോൾ മണിയറയിൽ ഞാൻ തനിച്ചായിരുന്നു. വേപഥുവോടെ ഭർത്താവിന്‍റെ വരവിനായി കാത്തിരിയ്ക്കേണ്ട നിമിഷങ്ങളിൽ കുറ്റബോധവും നിരാശാബോധവും എന്നെ വിർപ്പുമുട്ടിച്ചു. ഒടുവിൽ എല്ലാം തുറന്നു പറഞ്ഞ് ഒരു യാത്രാമൊഴി… ഞാൻ തീരുമാനിച്ചുറച്ചു. കയ്യിൽ കരുതിയിരുന്ന പേനയും കടലാസ്സുമെടുത്ത് ധൃതിയിൽ വരികൾ കുറിച്ച് ഹാൻഡ് ബാഗിൽ കരുതിയിരുന്ന സ്ലീപ്പിംഗ് പിൽസ് എടുത്ത് വായിലേയ്ക്കിടുവാൻ ഭാവിക്കവേ, രണ്ടു കൈകൾ എന്നെ പിടിച്ചു നിർത്തി. ബലിഷ്ഠമായ ആ കരങ്ങളുടെ മുറുക്കത്തിൽ ഞാൻ ചലനരഹിതയായ്ത്തീർന്നു.

“അരുത്… മീര… താൻ അവിവേകമൊന്നും കാണിക്കരുത്. കഴിഞ്ഞതെല്ലാം താൻ മറക്കണം. ഞാൻ എല്ലാം അറിഞ്ഞു കൊണ്ടാണ് തന്നെ വിവാഹം ചെയ്‌തത്. ചെറുപ്പം മുതൽ എനിക്ക് തന്നെ അത്രയ്ക്കിഷ്ടമായിരുന്നു. എല്ലാം മറന്ന് നമുക്ക് ഒരു പുതുജീവിതം തുടങ്ങാം…”

ആ വാക്കുകൾ എന്‍റെ ഉള്ളിൽ കത്തിജ്വലിച്ച അഗ്നിയിൽ ശീതമഴ പെയ്യിച്ചു. എന്നാൽ ഉള്ളിലെ നെരിപ്പോട് അപ്പോഴും ഒരിയ്ക്കലും അണയാത്തവിധം എരിഞ്ഞു കൊണ്ടിരുന്നു. പിന്നീട് ഉത്തരേന്ത്യയിലെ ദില്ലിയിലേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ അദ്ദേഹം എന്നെ അനുനയിപ്പിക്കാൻ പല തവണ ശ്രമിച്ചു.

എന്നാൽ ഫഹദ് മുഹമ്മദ് എന്ന ചെറുപ്പക്കാരൻ മനസ്സിന്‍റെ അകത്തളങ്ങളിൽ ഒരു നനുത്ത ബിന്ദുവായി തെളിഞ്ഞു നിന്നപ്പോൾ മനസ്സ് നരേട്ടനിൽ നിന്ന് നിശ്ചിത അകലം പാലിച്ചത് ഞാനറിയാതെയാണ്. എവിടെയോ എപ്പോഴൊക്കെയോ ആ പിൻവിളി മുഴങ്ങുന്നത് ഞാൻ കാണുകയും കേൾക്കുകയും ചെയ്‌തു.

മീരാ… ഞാൻ വരുന്നു… നീയെന്‍റെ കൂടെ വരികയില്ലെ… അകലങ്ങളിലെ ആത്മാവിന്‍റെ തേങ്ങലുകൾ ഞാൻ കേട്ടു.

“ഞാൻ വരുന്നു ഫഹദ്സർ… നമുക്കൊരുമിച്ച് മുന്തിരിത്തോപ്പുകളിൽ രാപാർക്കാം… നമുക്കൊരുമിച്ച് അറിയാത്ത… കേൾക്കാത്ത ഗാനവീഥിയിലൂടെ അലയാം…” എങ്ങോ കേട്ടു മറന്ന കവിതയിലെ വരികൾ അറിയാതെ മനസ്സു മന്ത്രിച്ച നിമിഷങ്ങളിൽ ഹൃദയം എന്തിനോ വേണ്ടി കലമ്പൽ കൂട്ടി. ഇണയെ പിരിഞ്ഞ കിളിയുടെ ആത്മവേദന സ്വയമനുഭവിച്ചറിഞ്ഞ നാളുകളിൽ ഹൃദയം ആത്മപീഢയാൽ വെന്തുരുകി… ഒരു പറവയായ് ആകാശത്തിന്‍റെ അനന്ത നീലിമയിലേയ്ക്ക് പറന്നുയരാൻ തനിക്ക് കഴിഞ്ഞെങ്കിൽ! മനസ് അറിയാതെ കൊതിച്ചു പോയി.

(ഇന്നീ ആശുപത്രിക്കിടക്കയിൽ വച്ച് ചിന്തിക്കുമ്പോൾ എനിക്കു തോന്നുന്നു, അന്ന് അച്‌ഛനെ എതിർക്കുവാൻ വേണ്ടത്ര ചങ്കൂറ്റമുണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷേ എന്‍റെ ജീവിതം ഒരിയ്ക്കലും മറ്റൊരു രീതിയിൽ വഴി തിരിയുമായിരുന്നില്ല. മറ്റൊരാളുടെ മുന്നിൽ സ്വയം നിസ്സഹായയായ ഒരു പെണ്ണിനെ പോലെ താലിക്കെട്ടാൻ നിന്നു കൊടുക്കേണ്ടി വരുമായിരുന്നില്ല. ഒരാണിന്‍റെ തന്‍റേടമുണ്ടെന്ന് സ്വയം അഹങ്കരിച്ചു നടന്ന താൻ, കേവലമൊരു പെണ്ണാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ! അപകർഷതാ ബോധത്തിന്‍റെ ആണിക്കല്ലിൽ സ്വയം തളച്ചിട്ട ആ നാളകൾ എനിക്കൊരിക്കലും മറക്കാനാവുകയില്ല…)

“ചായ്…ചായ്…സാബ്ജീ….”

ട്രെയിൻ പാളങ്ങളിൽ ഉരഞ്ഞു നില്ക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തി നിൽക്കുന്നു. ചുറ്റിനും നിറമുള്ള വസ്ത്രങ്ങൾ ധരിച്ച യാത്രക്കാർ തങ്ങളുടെ കംപാർട്ടുമെന്‍റുകൾ തേടി അലയുന്നു. യാത്രയവസാനിപ്പിച്ച് കംപാർട്ടുമെന്‍റുകളിൽ നിന്നുമിറങ്ങാൻ തിരക്കു കൂട്ടുന്നവർ… അവർ ആളുകളെ തള്ളിമാറ്റി ഭാരമുള്ള ലഗേജ്‌ജുമായി പുറത്തിറങ്ങാൻ വെമ്പൽ കൂട്ടുന്നു.

വിൽപന സാധനങ്ങളുമായി ഓരോ കംപാർട്ടുമെന്‍റിനു മുന്നിലുമെത്തുന്നവർ, ആളുകളെക്കൊണ്ട് അതുവാങ്ങിപ്പിക്കുവാൻ വ്യഗ്രതയോടെ അലയുന്നവർ. ആകെ ബഹളമയമായ ആ അന്തരീക്ഷത്തിൽ നിന്നും അൽപം മാറി നിന്ന നരേട്ടൻ എന്‍റെ അരികിലെത്തി ആരാഞ്ഞു.

“മീരാ… താനിത്രനേരവും ഒന്നും കഴിച്ചില്ലല്ലോ… അതിരാവിലെ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ എന്തോ കഴിച്ചതല്ലെ?… ഇപ്പോൾ നേരം രാത്രിയായിരിക്കുന്നു. ഉച്ചയ്ക്കും താനൊന്നും കഴിച്ചില്ല. ഇങ്ങനെ പട്ടിണിയിരുന്നാൽ വല്ല അസുഖവും പിടിപെടും…”

നരേട്ടൻ തന്നെ ഓർമിപ്പിച്ചു. പക്ഷേ വിശപ്പും, ദാഹവും തന്നെ വിട്ടകന്നിട്ട് നാളുകളേറെയായിരിക്കുന്നു എന്ന് ഇദ്ദേഹത്തിനറിയില്ലല്ലോ എന്ന് മീര ഓർക്കുകയായിരുന്നു. ഫഹദ്സാറിനെ വിട്ടു പിരിഞ്ഞ നാളുകളിൽ തനിക്ക് വിശപ്പ് കെട്ടടങ്ങിയതാണ്. പിന്നെ അച്‌ഛന്‍റെ കടുത്ത ശിക്ഷാവിധിയ്ക്കനുസരിച്ച് അല്പാഹാരം കഴിച്ചു തുടങ്ങിയതോടെ വേണമെങ്കിൽ ആഹാരമില്ലാതെയും ജീവിയ്ക്കാമെന്നായി.

“എനിക്കൊന്നും വേണ്ടാ… വിശപ്പില്ലാ…” നരേട്ടൻ നീട്ടിപിടിച്ച താലീ മീൽസ് നിഷേധച്ചു കൊണ്ട് ഞാൻ പറഞ്ഞു. ആ മുഖം മങ്ങുന്നതും അവിടെ ദുഃഖം വന്നു നിറയുന്നതും ഞാൻ കണ്ടു. എന്‍റെ സ്നേഹത്തെ മനസ്സിലാക്കുവാൻ ഇവൾക്കാകുന്നില്ലല്ലോ എന്നായിരിക്കും അപ്പോളദ്ദേഹം ആലോചിച്ചത്. പിന്നീടല്പം കഴിഞ്ഞ് ഒരു ഗ്ലാസ് ചായയുമായദ്ദേഹം വന്നെത്തി.

“ഈ ചായയെങ്കിലും കുടിയ്ക്കു മീരാ… നമ്മൾ പോകുന്നത് ബന്ധുമിത്രാദികളൊന്നുമില്ലാത്ത വിദൂരമായ ഒരു സ്‌ഥലത്തേയ്ക്കാണ്. അവിടെ വച്ച് തനിയ്ക്കെന്തെങ്കിലും അസുഖം പിടിപെട്ടാൽ ശുശ്രൂഷിയ്ക്കാൻ ഞാനല്ലാതെ മറ്റാരും ഉണ്ടാവുകയില്ല. എനിക്കാണെങ്കിൽ കോളേജിൽ പോകേണ്ടതുള്ളതു കൊണ്ട് തന്നെ ശുശ്രൂഷിക്കാനും പറ്റുകയില്ല. അതുകൊണ്ട് താൻ തന്‍റെ ആരോഗ്യം ശ്രദ്ധിക്കണം. വേണ്ട പോലെ ആഹാരം കഴിയ്ക്കണം. തന്നെ ഒരു രോഗിയായിക്കാണുവാനല്ല ഞാൻ കൂട്ടിക്കൊണ്ടു വന്നത്…”

അദ്ദേഹം പകുതി കാര്യമായും, പകുതി കളിതമാശയായും പറഞ്ഞു നിർത്തി. തനിയ്ക്കു വേണ്ടി ത്യാഗങ്ങൾ സഹിക്കുന്ന ആ മനുഷ്യനെ വേദനിപ്പിക്കണ്ടല്ലോ, എന്നു കരുതി ഞാൻ ചായ വാങ്ങിക്കുടിച്ചു അതുകണ്ടപ്പോൾ ആശ്വാസത്തോടെ നരേട്ടൻ പറഞ്ഞു.

“മീര, ഞാൻ തന്നെ വിവാഹം ചെയ്‌തത് തന്‍റെ സന്തോഷം തുടിയ്ക്കുന്ന മുഖം കാണാനാണ്. അല്ലാതെ മൂടിക്കെട്ടിയ ഈ മുഖം കണ്ട് ജീവിതകാലം മുഴുവൻ കഴിയാനല്ല…”

പിന്നീട് എന്നെ സന്തോഷിപ്പിക്കുവാനുള്ള ശ്രമങ്ങളായിരുന്നു നരേട്ടന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്. ഏതു രീതിയിലും എന്നെ ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടുവരാൻ അദ്ദേഹം ആവുന്നത്ര ശ്രമിച്ചുക്കൊണ്ടിരുന്നു. സത്യത്തിൽ എനിക്കു വേണ്ടി ഒരു കോമാളി വേഷം കെട്ടുകയായിരുന്നുവല്ലോ, അദ്ദേഹം ജീവിതകാലം മുഴുവൻ എന്ന് ഞാനോർത്തു. ഉള്ളു തുറന്ന് ചിരിയ്ക്കാത്ത രാജകുമാരിയെ ചിരിപ്പിയ്ക്കാനായി വിദൂഷക വേഷം കെട്ടിയാടിയ കോമാളി…

മുറപ്പെണ്ണിനോടുള്ള അഭിനിവേശം മൂത്ത് എന്നെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു. എന്നോടൊത്തുള്ള ജീവിതത്തിൽ മഴവിൽ നിറങ്ങൾ സ്വപ്നം കണ്ട അദ്ദേഹത്തിന് പൂർണ്ണ മനസ്സോടെ അതു നൽകുവാൻ എനിക്കു കഴിഞ്ഞുവോ? ഇന്ന് ഈ ഹോസ്പിറ്റൽ ബെഡ്‌ഡിൽ വച്ച് എല്ലാം ഓർക്കുമ്പോൾ മനസ്സ് എന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നുവോ?

മീരാ നാരായണൻ അസ്വസ്ഥതയോടെ മിഴികൾ പൂട്ടി സ്വയം ഒരു ആത്മപരിശോധന നടത്തി…

പിന്നീട് ദില്ലിയിലെ ഫ്ളാറ്റിൽ ഒരു പുതിയ ജീവിതത്തിന് അടിത്തറയിടുമ്പോൾ നരേട്ടൻ ആഹ്ലാദവാനായിരുന്നു. എന്നെ ചേർത്തു പിടിച്ച് അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞതെല്ലാം നമുക്കു മറക്കാം മീരാ… ഒരു പുതിയ ജീവിതം നമുക്കിവിടെ ആരംഭിക്കാം. നീയെന്നോടൊപ്പമുണ്ടെങ്കിൽ ഏതു കല്ലും, മുള്ളും എനിക്കു പൂമെത്തയാകും. എല്ലാം മറന്ന് സംഗീത സാന്ദ്രമായ ഒരു പുതുജീവിതം. അതാണ് ഞാൻ സ്വപ്നം കാണുന്നത്.”

പുതിയ ജീവിതത്തിന്‍റെ സന്തോഷ ലഹരിയിൽ അദ്ദേഹം പുതിയ ഫർണീച്ചറുകളും, കരകൗശല വസ്തുക്കളും, ഇലക്ട്രോണിക് സാധാനങ്ങളും വാരിക്കൂട്ടി. പുത്തൻ കർട്ടനുകളാൽ വീടു മോടിപിടിപ്പിച്ചു. പെയിന്‍റിംഗുകളാൽ ഭിത്തി അലങ്കരിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു.

“എല്ലാം നിനക്കു വേണ്ടിയാണ് മീര. നീയൊന്നു ചിരിച്ചു കാണാൻ ഞാൻ അത്രയേറെ ആഗ്രഹിക്കുന്നു.” പക്ഷേ എന്‍റെ മുഖത്തു നിന്ന് കാർമേഘങ്ങൾ ഒഴിഞ്ഞു പോയില്ല. അതെപ്പോഴും മൂടിക്കെട്ടിയ ആകാശം പോലെ മേഘാവൃതമായിരുന്നു. വല്ലപ്പോഴും ഒറ്റയ്ക്കിരിയ്ക്കുമ്പോൾ പെയ്തൊഴിയാൻ മാത്രമായ കാർമേഘക്കീറുകൾ വീണ്ടും വീണ്ടും എന്‍റെ മിഴികളിൽ ഉറഞ്ഞു കൂടി. എന്തൊക്കെ ചെയ്‌തിട്ടും എന്‍റെ സ്‌ഥിതിയിൽ മാറ്റമില്ലെന്നു കണ്ട് ഒരിയ്ക്കൽ അദ്ദേഹം പറഞ്ഞു.

“മീരാ… നീയിങ്ങനെയായാൽ എനിക്ക് വേഗം ജീവിതം മടുത്തു പോകും. നീയൊരു കാര്യം ചെയ്യൂ. കഴിഞ്ഞതെല്ലാം മറക്കാൻ എന്തിലെങ്കിലും മുഴുകാൻ ശ്രമിയ്ക്കൂ. ഒരു പക്ഷേ നിനക്ക് പഠിക്കാനോ, ജോലിയ്ക്കു പോകാനോ ഇഷ്ടമാണെങ്കിൽ അങ്ങിനെയാവാം.”

ഒടുവിൽ നരേട്ടന്‍റെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങി ഞാൻ പിഎച്ച്ഡി കംപ്ലീറ്റാക്കാമെന്ന് തീരുമാനിച്ചു. അങ്ങിനെ ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രഗത്ഭനായ ഒരു അദ്ധ്യാപകന്‍റെ കീഴിൽ പിഎച്ച്ഡി ഗവേഷണം പുനരാരംഭിച്ച ഞാൻ അതിൽ മുഴുകി സ്വയം മറക്കാൻ ശ്രമിച്ചു. ഒപ്പം ഡൽഹി യൂണിവേഴ്സിറ്റിയിലെ ലക്ചറർ തസ്തികയ്ക്കും ഞാനപേക്ഷിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ പിഎച്ച്ഡി ലഭിച്ച എനിക്ക് ഡൽഹി യൂണിവേഴ്സിറ്റിയിൽ ലക്ചററായി നിയമനാനുമതിയും ലഭിച്ചു. അങ്ങിനെ വീണ്ടും ചിറകുമുളച്ച ദിനങ്ങൾ ആഹ്ലാദത്തോടെ പറന്നുയരാൻ തുടങ്ങി.

മനസ്സിനുള്ളിൽ ഒരു നേരിയ വിങ്ങൽ മാത്രമവശേഷിപ്പിച്ച് വേദനകൾ അകലേയ്ക്ക് പോയി മാഞ്ഞു തുടങ്ങി. നരേട്ടന്‍റെ സ്നേഹമസൃണമായ പെരുമാറ്റത്തിൽ ഞാൻ നല്ലൊരു ഭാര്യയാകുവാനുള്ള ശ്രമമാരംഭിച്ചു.

ഇതിനിടയിൽ വീട്ടിൽ നിന്നും കത്തുകൾ വന്നു കൊണ്ടിരുന്നു. ഞങ്ങളുടെ പുതു ജീവിതത്തിൽ സന്തോഷമറിയിച്ച് അച്‌ഛന്‍റേയും അമ്മയുടേയും അനുജത്തിമാരുടേയും കത്തുകൾ. ഒടുവിൽ ആ വിശേഷവും വന്നെത്തി. ഞങ്ങളുടെ ആദ്യത്തെ കണ്മണി രാഹുൽ മോന്‍റെ ജനനം. അവന്‍റെ ജനനം എന്‍റെ മനസ്സിൽ ഇടയ്ക്കിടെ വീശിയടിച്ചിരുന്ന ഈറൻ കാറ്റിനെ പോലും അകലേയ്ക്കുതുരുത്തി.

നരേട്ടനോടൊപ്പം ജീവിതം ആസ്വദിച്ചു തുടങ്ങിയ നിമിഷങ്ങൾ. അവന്‍റെ കളിചിരികളിൽ കുട്ടിക്കുറുമ്പുകളിൽ എല്ലാം മറന്നുല്ലസിച്ച നാളുകൾ! ഇതിനിടയിൽ ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കുകൾ. എന്നിലേയ്ക്കു തിരിഞ്ഞു നോക്കുവാൻ ഒരു നിമിഷം പോലും ലഭിക്കാതെയായപ്പോൾ വേദനകൾ ഒരു ശവപ്പറമ്പിലെന്ന പോലെ കുഴിച്ചു മൂടപ്പെട്ടു.

ഉള്ളിൽ പണിതുയർത്തിയ ശവക്കല്ലറയിൽ കഴിഞ്ഞ കാല യാഥാർത്ഥ്യങ്ങൾ ഒരു പൊട്ടു പോലും അവശേഷിക്കാതെ ജീർണ്ണിച്ചു കിടന്നു. പിന്നെ രണ്ടു വർഷങ്ങൾക്കു ശേഷം കൃഷ്ണമോൾ ജനിച്ചു. കാലം ഒരു മാന്ത്രികനെപ്പോലെ ഹൃദയത്തിൽ നിറങ്ങൾ ചാലിച്ചു ചേർത്തപ്പോൾ അച്‌ഛനോടുള്ള വിദ്വേഷവും ക്രമേണ വിട്ടകന്നു. പിന്നീട് വളരെക്കാലത്തിനു ശേഷം ഇടയ്ക്കിടയ്ക്കുള്ള നാട്ടിലേയ്ക്കുള്ള യാത്രകൾ.

പക്ഷേ ഫഹദ്സാറിനെപ്പറ്റി ഒരിയ്ക്കൽ പോലും ആരും ഒന്നും പറഞ്ഞു കേട്ടില്ല. പഴയ കൂട്ടുകാർ ആരേയും കണ്ടതുമില്ല. വീട്ടിലാണെങ്കിൽ എല്ലാവരും എന്നെ ഒന്നും അറിയിക്കാതിരിക്കാൻ പാടുപെടുകയായിരുന്നു. അമ്മയും എന്‍റെ സ്വന്തം അനുജത്തിമാർ പോലും എല്ലാം മറച്ചു വച്ചു. ഒടുവിൽ എപ്പോഴോ ഞാനറിഞ്ഞു എല്ലാം എന്നിൽ നിന്നും മറയ്ക്കപ്പെടുകയായിരുന്നുവെന്ന്. എല്ലാവർക്കും നേരെ അച്‌ഛന്‍റെ ഭീഷണികൾ നിലനിന്നു.

ഒരിയ്ക്കൽ കോളേജിൽ നിന്നും മടങ്ങിയെത്തുമ്പോഴാണ് ഡോറിനടുത്ത് ആ കത്തു കിടക്കുന്നത് ഞാൻ കണ്ടത്. അത് നിമിഷയുടേതായിരുന്നു. യാഥാർത്ഥ്യങ്ങളും, കുറ്റപ്പെടുത്തലുകളും പരിഭവങ്ങളും നിറഞ്ഞ ആ കത്ത് എന്‍റെ ഉള്ളുലയ്ക്കുന്നതായിരുന്നു. മനസ്സിനകത്ത് കുഴിച്ചു മൂടിയ കഴിഞ്ഞകാല യാഥാർത്ഥ്യങ്ങൾ ഒരു പ്രേതത്തെപ്പോലെ ഉയിർത്തെഴുന്നേറ്റ് വന്ന് എന്നെ ശ്വാസം മുട്ടിച്ചു. ചുറ്റിനും ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ഓർമ്മകൾ പൊടി പടലമുയർത്തി എന്നെ ചൂഴ്ന്നു നിന്നു.

“മീര… നീ ഞങ്ങളെയൊക്കെ മറന്നുവെന്ന് ഞാൻ കരുതുന്നു. ഇത്ര കാലമായിട്ടും ഒരു കത്തു പോലും അയയ്ക്കുവാൻ നിനക്ക് സമയമില്ലായിരുന്നുവെന്ന് ഞാനറിയുന്നു. ജീവിതത്തിന്‍റെ ആഘോഷത്തിരക്കുകളിൽ നീ ഞങ്ങളെയൊക്കെ മറക്കുകയായിരുന്നുവല്ലോ. ഞങ്ങളെ മറന്നതു പോകട്ടെ. നിനക്കുവേണ്ടി ജീവിതം ബലി കഴിച്ച ഫഹദ്സാറിനെ നീ മറക്കരുതായിരുന്നു. പക്ഷേ ഞങ്ങൾക്കദ്ദേഹത്തിനെ മറക്കാനാവുകയില്ല. കാരണം പ്രഗത്ഭനായ ഒരു അദ്ധ്യാപകനായിരുന്നുവല്ലോ അദ്ദേഹം. അദ്ദേഹത്തിന്‍റെ ശിഷ്യഗണത്തിൽപ്പെട്ട എനിക്ക് അദ്ദേഹത്തിന്‍റെ പതനം കണ്ടു നിൽക്കാനാവുമായിരുന്നില്ല.

ഞാനിപ്പോൾ നിന്‍റെ അഡ്രസ്സ് നിന്‍റെ അനുജത്തിമാരിൽ നിന്നും ശേഖരിച്ചാണ് ഈ കത്തെഴുതുന്നത്. നിനക്കറിയുമോ മീരാ… നിന്‍റെ വിവാഹശേഷം കുറച്ച് കോളേജ് അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ശ്രമഫലമായി ജയിലിൽ നിന്നും പുറത്തിറങ്ങിയ ഫഹദ്സാർ ഒരു ഭ്രാന്തനെപ്പോലെയായിത്തീർന്നു. ശരീരത്തിനും മനസ്സിനുമേറ്റ ആഘാതം അദ്ദേഹത്തിന് താങ്ങാനാവുമായിരുന്നില്ല.

അദ്ദേഹം മിക്ക ദിവസവും കോളേജിൽ എത്തിയിരുന്നില്ല. ഒരു മദ്യപാനിയെപ്പോലെ തെരുവിൽ അലഞ്ഞു നടന്നു. ഒടുവിൽ കോളേജിൽ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം താല്ക്കാലികമായി ജോലി നഷ്ടപ്പെട്ട് എങ്ങോട്ടോ പോയി. ഇന്നിപ്പോൾ അദ്ദേഹത്തെപ്പറ്റി ഒരു വിവരവുമില്ല.

അദ്ദേഹത്തിന്‍റെ ഉമ്മയാകട്ടെ മകന്‍റെ അവസ്‌ഥയിൽ മനം നൊന്ത് ജീവിതം തള്ളി നീക്കുന്നു. ഞങ്ങൾ ഇടയ്ക്ക് അവരെപ്പോയി കാണാറുണ്ട്. പണമായും മറ്റും ഞങ്ങൾക്കാവുന്ന സഹായങ്ങളും ചെയ്‌തു കൊടുക്കാറുണ്ട്.

നിനക്കു സുഖമാണല്ലോ. നിന്നെ വേദനിപ്പിക്കുവാൻ വേണ്ടിയല്ല ഞാനീ കത്തെഴുതിയത്. അദ്ദേഹത്തിന്‍റെ അവസ്‌ഥ നിന്നെ അറിയിക്കണമെന്നു തോന്നി. ഒരു പക്ഷേ നീയിപ്പോൾ അദ്ദേഹത്തെ മറന്നു കാണുമെന്നെനിക്കറിയാം. നിനക്കു വലുത് നിന്‍റെ ജീവിതമാണല്ലോ.

അല്പമെങ്കിലും മനഃസാക്ഷിയുണ്ടെങ്കിൽ മനസ്സു കൊണ്ടെങ്കിലും നീ അദ്ദേഹത്തോടു മാപ്പു ചോദിക്കുക.

എന്ന്

ഇന്നിപ്പോൾ നിന്നെ വെറുക്കുന്ന

നിന്‍റെ പഴയ കൂട്ടുകാരി

ആ കത്ത് എന്നിലുളവാക്കിയ കൊടുങ്കാറ്റ് ആഞ്ഞടിച്ച് പലതും കടപുഴകി വീണു. മറവിയുടെ കരിങ്കൽ ഭിത്തി കൊണ്ട് ഞാൻ കെട്ടിപ്പൊക്കിയ കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വീണു. അശാന്തിയുടെ തീരങ്ങളിൽ ഗതികിട്ടാതെ അലഞ്ഞു നടന്ന മനസ്സ് ആരോടൊക്കെയോ പക തീർക്കാനുള്ള വ്യഗ്രതയിൽ ഉഴറി നടന്നു. സ്വന്തം മക്കളോടു പോലും നീതികാണിക്കാനാവാതെ ഹൃദയം കലുഷിതമായി. ഏറെക്കാലത്തിനു ശേഷമുള്ള എന്‍റെ ഭാവമാറ്റം കണ്ട് നരേട്ടനും, മക്കളും അമ്പരന്നു നിന്നു.

“എന്താ മീര ഇത്… നീ വീണ്ടും പഴയതു പോലെയായോ? ഇത്രകാലത്തിനു ശേഷവും നിനക്കൊന്നും മറക്കാറായില്ലെ. നീയൊന്നോർക്കണം. നീയിന്നിപ്പോൾ പഴയ മീരയല്ല. നീയിന്നൊരു ഭാര്യയാണ് അതിലുപരി ഒരമ്മയും…” നരേട്ടൻ എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ അതിനുത്തരം ഒരു പൊട്ടിത്തെറിയായിരുന്നു.

“അതെ നരേട്ടാ… ആദ്യം ഫഹദ്സാറിന്‍റെ ഭാര്യയായിട്ടാണ് ഞാൻ നിങ്ങളുടെ ഭാര്യയായത്. പക്ഷേ നിങ്ങൾ അതറിഞ്ഞു കൊണ്ടു തന്നെ എന്നെ വിവാഹം കഴിക്കുകയായിരുന്നു. എന്‍റെ നിസ്സഹായതയെ മുതലെടുത്ത എന്‍റെ അച്‌ഛനും, ഒരു ത്യാഗിയെപ്പോലെ എന്നെ വിവാഹം ചെയ്‌ത നിങ്ങളുമെല്ലാം ഒരു തരത്തിൽ എന്നോടും, ഫഹദ്സാറിനോടും ചെയ്തത് അനീതി തന്നെയാണ്. അല്ലെന്ന് നിങ്ങൾക്ക് പറയാനാകുമോ?”

എന്‍റെ ചോദ്യത്തിനു മുന്നിൽ ഉത്തരങ്ങളില്ലാതെ നരേട്ടൻ കുഴങ്ങി നിന്നു. ഞാൻ വീണ്ടും പൊട്ടിത്തെറിച്ചു.

“അതെ… നിങ്ങളെ വിവാഹം ചെയ്‌തതിലൂടെ ഞാൻ ഫഹദ്സാറിനോട് ചെയ്‌തത് ഏറ്റവും വലിയ ക്രൂരതയാണ്. നിമിഷയും മറ്റും കുറ്റപ്പെടുത്തുന്നതു പോലെ എനിക്കു വലുത് എന്‍റെ ജീവിതമായിരുന്നു. ഞാൻ നിങ്ങളോടൊപ്പം എല്ലാം മറന്നു ജീവിച്ചു. എന്‍റെ ഫഹദ്സാറിനെ… ആദ്യ ഭർത്താവിനെ ഞാൻ മറന്നു. ആ മനുഷ്യന് ഞാൻ ക്രൂരമായി മാനസിക- ശാരീരിക പീഡനങ്ങൾ നൽകി ജീവിതത്തിൽ നിന്നുമകറ്റി. ഞാൻ… ഞാൻ… മനസ്സാക്ഷിയില്ലാത്തവളാണ് നരേട്ടാ… എനിക്കദ്ദേഹത്തോട് മാപ്പു ചോദിക്കണം.”

അനിയന്ത്രിതമായ വികാരവിക്ഷുബ്ധതയാൽ നിലതെറ്റിയവളെപ്പോലെ ഉറക്കെ പൊട്ടിക്കരഞ്ഞു തുടങ്ങിയ എന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതെ നരേട്ടൻ ചലനരഹിതനായി നിലകൊണ്ടു. മിഴികളിൽ നിറഞ്ഞ അമ്പരപ്പോടെ നാലുകുഞ്ഞിക്കണ്ണുകൾ അപ്പോഴും ഞങ്ങളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

ആർത്തലച്ചു പെയ്ത മഴയ്ക്കു ശേഷമെന്ന പോലെ അലയടങ്ങി മനസ്സൊന്നു ശാന്തമായപ്പോൾ ഒരിയ്ക്കൽ, കോണാട്ട് പ്ലേസിലെ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ഞാനും, നരേട്ടനും, മക്കളും. ഏതോ കൗതുകവസ്തുവിനായി വാശിപിടിച്ചു നിന്ന രാഹുൽ മോനേയും, കൃഷ്ണയേയും അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച് ഞാൻ നിന്നു. പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ ഞാനാരൂപം കണ്ടത്. താടി വളർത്തി ഒരു ഫക്കീറിനെ പോലെ അലയുന്ന ഒരു ഭ്രാന്തന്‍റെ രൂപം…

തീക്ഷ്ണമായ ആ കണ്ണുകൾ. അതിലെ പ്രകാശം ഭൂതകാലത്തിന്‍റെ ഇനിയും നിറം മങ്ങാത്ത ഓർമ്മകളിലേയ്ക്കു എന്നെ കൂട്ടിക്കൊണ്ടു പോയി. ഒരിക്കൽ എന്നെ കുളിരണിയിച്ചിരുന്ന ആ കണ്ണുകളിലെ തിളക്കം… അത് ഫഹദ്സാറിന്‍റേതാണെന്ന് തിരിച്ചറിയാൻ എനിക്ക് അധികം താമസമുണ്ടായില്ല. കുട്ടികളുടെ കൈവിട്ട് തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലൂടെ പായുമ്പോൾ എനിക്ക് സ്വബോധം നഷ്ടപ്പെട്ടിരുന്നു. പുറകിലൂടെ പാഞ്ഞെത്തിയ നരേട്ടന്‍റെ കൈകൾ എന്നെ പിടിച്ചു നിർത്തി.

“നീയെന്താ മീരാ ഇക്കാണിക്കുന്നത്? ഇതൊരു മാർക്കറ്റാണെന്ന് നിനക്കറിയില്ലെ?…. ആളുകൾ നിന്നെ ശ്രദ്ധിക്കുന്നുണ്ട്.”

സ്വബോധം നഷ്ടപ്പെട്ടവളെപ്പോലെ ഞാൻ പിറുപിറുത്തു.

അത്… അത് ഫഹദ്സാറാണ്. നരേട്ടാ… ഞാൻ… ഞാൻ അദ്ദേഹത്തെ കണ്ടു.“ ഞാൻ മൂലം ഒരു ഭ്രാന്തനായി അലഞ്ഞു തിരിയുകയാണ് അദ്ദേഹമിപ്പോൾ. എനിക്കദ്ദേഹത്തെ കണ്ടെത്തി രക്ഷിക്കണം നരേട്ടാ.”

ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ തേങ്ങിക്കരഞ്ഞു കൊണ്ട് നരേട്ടന്‍റെ തോളിൽ തലചായ്ച്ചു. എന്നാൽ എന്നെ ശാസിച്ചു കൊണ്ട് നരേട്ടൻ പറഞ്ഞു.

“എല്ലാം നിന്‍റെ തോന്നലാണ് മീരാ… നിന്‍റെ ഫഹദ്സാർ ഇവിടെ എങ്ങിനെ വരാനാണ്. നീ അദ്ദേഹത്തെത്തന്നെ ഓർത്തിരിക്കുന്നതു കൊണ്ട് തോന്നുന്നതാണെല്ലാം.”

അന്ന് ഷോപ്പിംഗ് മതിയാക്കി കാറിൽ മടങ്ങുമ്പോഴും ആൾക്കൂട്ടത്തിനിടയിൽ ഞാനാ ഭ്രാന്തനെ തിരഞ്ഞു. എന്നാൽ എങ്ങും കാണാതെ നിരാശയാകുമ്പോഴും മനസ്സു പറഞ്ഞു കൊണ്ടിരുന്നു. ഉണ്ട് അദ്ദേഹം എന്‍റെ സമീപത്തുതന്നെ എവിടെയോ ഉണ്ട്. ഒരിയ്ക്കൽ എന്നെങ്കിലുമൊരിയ്ക്കൽ എനിക്കദ്ദേഹത്തിനെ കണ്ടെത്താൻ കഴിഞ്ഞേക്കും.

എന്‍റെ ഊഹം ശരിയായിരുന്നുവെന്ന് വീണ്ടും ഒരിയ്ക്കൽക്കൂടി കണ്മുന്നിൽ തെളിഞ്ഞു.

അപ്പോഴേയ്ക്കും ഫ്ളാറ്റുപേക്ഷിച്ച് ഞങ്ങൾ നഗരമദ്ധ്യത്തിൽ സ്വന്തം വീടു പണിതു താമസമാക്കിയിരുന്നു. ഒരു ദിവസം വൈകുന്നേരം മാളിക മുകളിലെ വിശാലമായ ടെറസ്സിൽ നിന്ന് ഞാനാകാഴ്ച കണ്ടു. മീരാ കെ പ്രഭു എന്നു തുടങ്ങുന്ന ഹിന്ദി ഭക്‌തിഗാനം പാടി അലയുന്ന ആ ഫക്കീറിനെ. ആ കണ്ണുകൾ എന്‍റെ വീടിനു ചുറ്റും അലഞ്ഞു നടന്നു. നഷ്ടപ്പെട്ടതെന്തോ തിരയുന്ന ഒരു അന്വേഷകന്‍റെ ഭാവമായിരുന്നു ആ മുഖത്തപ്പോൾ. പ്രാകൃതമായ ആ രൂപം ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാതെ ഞാൻ നിന്നു. എന്നാൽ തൊട്ടടുത്ത നിമിഷം ആ പുരുഷ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. കേരളത്തിലെ പ്രസിദ്ധമായ കോളേജങ്കണത്തിൽ മൃദുവചനങ്ങളാൽ എന്നെ അഭിഷേകം ചെയ്ത ആ പുരുഷ ശബ്ദം തിരിച്ചറിയാൻ എനിക്കധികം സമയം വേണ്ടി വന്നില്ല. തിരിച്ചറിഞ്ഞ നിമിഷം ഞാനെല്ലാം മറന്ന് ഓടുകയായിരുന്നല്ലോ?…

പക്ഷേ പൂട്ടിയിട്ട ഇരുമ്പു ഗേറ്റിനപ്പുറം വരെയെത്തി നിൽക്കാനെ എനിക്കു കഴിഞ്ഞുള്ളൂ. അവിടെ കാവൽ നിന്ന സെക്യൂരിറ്റി അപ്പോൾ എവിടെയോ പോയി മറഞ്ഞിരുന്നു. നിശ്ചലമായ പാദം വലിച്ചു വച്ച് തിരിഞ്ഞു നടക്കുമ്പോൾ ആ ശബ്ദം അകന്നു പോകുന്നത് ഞാൻ കേട്ടു.

ഒരു വിരഹ ഗാനത്തിന്‍റെ മാറ്റൊലി അന്തരീക്ഷത്തിൽ അപ്പോഴും അലഞ്ഞു നടന്നു. ആത്മാവില്ലാത്ത പ്രേതം പോലെ. ഗാനത്തിന്‍റെ ആത്മാവാകട്ടെ എന്നെ അന്വേഷിച്ച് വിദൂരതയിലെങ്ങോ അലഞ്ഞു തിരിഞ്ഞു. വീണ്ടും ഒന്നു രണ്ടു പ്രാവശ്യം ഞാൻ അകലെ നിന്ന് അദ്ദേഹത്തെക്കണ്ടു.

ഒരിയ്ക്കൽ ഒരു വളച്ചെട്ടിയായും പിന്നൊരിയ്ക്കൽ ഐസ്ക്രീം കച്ചവടക്കാരനായും തെരുവിൽ അലയുന്ന ഫഹദ്സാറിനെ. ഞാൻ അരികിൽ ഓടി എത്തുമ്പോഴേയ്ക്കും അദ്ദേഹം ആൾക്കൂട്ടത്തിൽ മറഞ്ഞു കഴിയും. ഒരു പക്ഷേ അതു മനഃപൂർവ്വമായിരുന്നോ എന്ന് എനിക്കറിയില്ല. ഒരു പക്ഷേ സ്വബോധം നഷ്ടപ്പെട്ട് ഭ്രാന്തനെപ്പോലെയായി തീർന്ന അദ്ദേഹം എന്നെ തിരിച്ചറിയാതെ പോയതാവാം.

എന്നാലും ആഴമളക്കാനാവാത്ത ഒരു സ്നേഹ സമുദ്രം ഉള്ളിലൊളിപ്പിച്ച് അദ്ദേഹം സ്വയമറിയാതെ എന്നെ പിന്തുടരുന്നതായി തോന്നിയിരുന്നു. ഉറക്കം നഷ്ടപ്പെട്ട ദിനരാത്രങ്ങളിൽ ഞാനാ രൂപം തേടിയലഞ്ഞു. എന്നാൽ കാലത്തിന്‍റെ ഇരുൾ മറയ്ക്കുള്ളിൽ എങ്ങോ പോയ്മറഞ്ഞ ആ രൂപവും, ശബ്ദവും പിന്നീടൊരിക്കലും എനിക്ക് വീണ്ടെടുക്കാനായില്ല. എന്നാൽ ഞാൻ പ്രതീക്ഷ കൈവിട്ടില്ല.

(തുടരും)

സാഗരസംഗമം ഭാഗം – 2

വഴിയിൽ കാത്തു നിന്ന ഫഹദ് സാറിനൊപ്പം ബസ്സിൽ മലപ്പുറത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടിലേയ്ക്കു പുറപ്പെടുമ്പോൾ ഹൃദയം വല്ലാതെ തുടികൊട്ടിയിരുന്നു. സ്വന്തം വീട്ടിൽ പറയാത്തതിന്‍റെ കുറ്റബോധം ഒരു വശത്ത്. ഫഹദ് സാറിന്‍റെ ഉമ്മയ്ക്ക് എന്നെ ഇഷ്ടമാകുമോ എന്ന ചിന്ത മറുവശത്ത്. ഒരു പക്ഷേ ഫഹദിന്‍റെ ഉമ്മയ്ക്ക് എന്നെ ഇഷ്ടമായില്ലെങ്കിലോ? തുടർന്ന് ഒന്നും ചിന്തിക്കാൻ പോലുമാകാതെ ഞാനിരുന്നു.

ഇരുവീട്ടുകാരും വിവാഹത്തിന് അനുകൂലമല്ലെങ്കിൽ ഒളിച്ചോടി രജിസ്റ്റർ വിവാഹം കഴിക്കുകയെ ഞങ്ങൾക്കു നിവൃത്തിയുള്ളൂ. ഇങ്ങനെ മനസ്സിനെ മഥിക്കുന്ന ചിന്തകളിൽ മുഴുകി ഞാനിരിക്കുമ്പോൾ, അരികിൽ ഫഹദ്സാറും ഏതാണ്ടതേ നിലയിൽ ചിന്തകളിൽ മുഴുകി ബസ്സിനുള്ളിൽ നിശബ്ദനായിരുന്നു. ഒരു പക്ഷേ എന്നെ അലട്ടിയതു പോലെയുള്ള ചിന്തകളായിരിക്കും ഫഹദ് സാറിനേയും നിശബ്ദനാക്കിയത്.

ഒരു ഹിന്ദുവായ എന്‍റെ വീട്ടിൽ നിന്നുള്ള എതിർപ്പിനെക്കുറിച്ചാവും അദ്ദേഹവും ചിന്തിച്ചത്. എന്നാൽ എന്‍റെ ഭയം അസ്ഥാനത്തായിരുന്നുവെന്ന് ഫഹദ് സാറിന്‍റെ ഉമ്മ തെളിയിച്ചു. അന്ന് മൂന്നു നാലു മണിക്കുറോളം വടക്കോട്ടു യാത്ര ചെയ്‌ത്, ഫഹദ്സാറിന്‍റെ നാട്ടിൻ പുറത്തുള്ള വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിന്‍റെ ഉമ്മ എന്നെക്കാത്ത് പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ പടി കടന്നെത്തുമ്പോൾ അവർ ഓടിവന്ന് ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“നല്ല മൊഞ്ചുള്ള പൊങ്കോച്ചാണല്ലോടാ… അനക്കെബിടുന്നു കിട്ടി ഇത്ര നല്ല മൊഞ്ചത്തിയെ…”

“അതുമ്മാ… ചെറുപ്പത്തിൽ ഉമ്മ ചൊല്ലിത്തരാറുള്ള ആ രാജകുമാരേൻറയും രാജകുമാരിയുടേയും കഥയില്ലെ അതുപോലെ ഏഴാം കടലിനക്കരെയുള്ള ഒരു കൊട്ടാരത്തീന് ഞാൻ മോഷ്ടിച്ചു കൊണ്ടു വന്നതാ. ഉമ്മായ്ക്ക് പിടിച്ചെങ്കി ഇപ്പത്തന്നെ മരുമോളാക്കിയ്ക്കോ…”

“ഇതു തന്നെയാണെടാ, അനക്കു ഞാൻ ചൊല്ലിത്തരാറുള്ള കഥയിലെ മൊഞ്ചത്തി രാജകുമാരി. എനക്ക് പെരുത്തിഷ്ടായി. ഇതു തന്നെയാണു മോനെ ഇനി നിന്‍റെ ബീവിയും എന്‍റെ മരുമോളും…”

ഉമ്മായുടെ സ്നേഹ പ്രകടനങ്ങളിൽ മയങ്ങി നിൽക്കുമ്പോൾ ഞാനെത്ര ഭാഗ്യവതിയാണെന്ന് ഓർത്തു പോയി.

“ബാ മോളെ അകത്തേയ്ക്ക്. ഞാൻ നിങ്ങൾക്കു വേണ്ടി ഒത്തിരി പലഹാരങ്ങളൊണ്ടാക്കീട്ടുണ്ട്…”

ഉമ്മ സ്നേഹപൂർവ്വം അകത്തേയ്ക്കു ക്ഷണിച്ചു. ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്ത ശാലീനയായ ആ ഉമ്മയുടേയും, ഫഹദ്സാറിേൻറയും പുറകേ വീട്ടിനകത്തേയ്ക്കു നടക്കുമ്പോൾ ഞാനോർത്തു. എന്നെങ്കിലുമൊരിയ്ക്കൽ സാറിന്‍റെ കൈ പിടിച്ച് അദ്ദേഹത്തിന്‍റെ ഭാര്യയായി ഈ ഭവനത്തിലെത്താൻ എനിയ്ക്കാകുമോ?… ഈ ഉമ്മയുടെ നിറഞ്ഞ സ്നേഹം ജീവിതം മുഴുവൻ പങ്കിടാൻ എനിയ്ക്കാകുമോ?…

മനസ്സിനുള്ളിൽ വെറുതെ ഒരു ഭീതി തളംകെട്ടി. എന്‍റെ വീട്ടുകാർ ഒരിയ്ക്കലും ഈ ബന്ധത്തിന് കൂട്ടുനിൽക്കുകയില്ലെന്ന് മനസ്സു പറഞ്ഞു.

“അല്ലാ… മോളിബിടെ ഒറ്റയ്ക്ക് നിന്ന് കിനാവു കാണുകയാണോ?… ബാമോളെ അകത്തേയ്ക്ക്…” അൽപനേരമായിട്ടും എന്നെക്കാണാതെ പുറത്തേയ്ക്കു വന്ന ഉമ്മ സ്നേഹപൂർവ്വം ക്ഷണിച്ചു അപ്പോഴാണ് ഞാനറിഞ്ഞത്, ചിന്തകളിൽ മുഴുകി ആ വരാന്തയിൽ അത്രനേരവും ഞാൻ ഏകയായി നിൽക്കുകയായിരുന്നുവെന്ന്, ഉള്ളിൽ തുടികൊട്ടിയ ആശങ്കയും ഭീതിയും എന്നെ തളർത്തിയിരുന്നു. ജീവിതത്തിൽ ആദ്യമായി വിറപൂണ്ട കാലടികളോടെ ഞാൻ വീടിനകത്തേയ്ക്കു നടന്നു. ഒരു നവവധുവിനെ പോലെ തുടിയ്ക്കുന്ന ഹൃദയവുമായി…

വേപഥുവോടെ ഉള്ളിലേയ്ക്കു നടന്നെത്തുമ്പോൾ പൂമുഖത്തെ കസേരകൾ ചൂണ്ടിക്കാട്ടി ഉമ്മ പറഞ്ഞു.

“നിങ്ങളിബിടെ കുത്തി ഇരിയ്ക്കിൻ… ഞാൻ പോയി കുടിക്കാനെന്തെങ്കിലും എടുത്തിട്ടു ബരാം…”

പൂമുഖത്തെ കസേരയിൽ എന്നേയും ഫഹദ്സാറിനെയുമിരുത്തി ഉമ്മ അകത്തേയ്ക്കു നടന്നു. ഉമ്മയോടൊപ്പം ഫഹദ് സാറും അകത്തേയ്ക്കു നടന്നു ചെന്നു. ഏകയായി ഞാൻ വെറുതെ ചുറ്റിനും കണ്ണോടിച്ചിരുന്നു. അപ്പോൾ പൂമുഖ ജനാലയിലൂടെ, മുറ്റത്തു കൊത്തിപ്പെറുക്കുന്ന കോഴിയേയും, കുഞ്ഞുങ്ങളേയും കണ്ടു. പത്തിരുപതു സെന്‍റിൽ അധികം വിസ്തൃതിയില്ലാത്ത ആ കൊച്ചു പറമ്പിൽ പ്ലാവിൻ ചുവട്ടിൽ കെട്ടിയിട്ടിരിക്കുന്ന കുഞ്ഞാട്… കൂട്ടിൽ കിടക്കുന്ന അതിന്‍റെ അമ്മയുടെ സമീപമെത്താൻ വേണ്ടിയായിരിക്കും അത് ഇടയ്ക്കിടയ്ക്ക് കരഞ്ഞു കൊണ്ടിരുന്നത്. മുറ്റത്ത് വടക്കുദിക്കിലായി ഒരു കിണർ.

ചിത്രകാരന്‍റെ ഭാവനയിലെന്ന പോലെ ഗ്രാമീണാന്തരീക്ഷം തികഞ്ഞ ആ കൊച്ചു വീടും പരിസരവും എന്‍റെ മനസിനെ പിടിച്ചു നിർത്തി. അപ്പോഴാണ് മുറ്റത്തെ ചാമ്പമരവും, അതിൽ നിന്നും കൊഴിഞ്ഞു വീണ പിങ്ക് നിറമുള്ള പൂക്കൾ തീർത്ത പരവതാനിയും കണ്ടത്. അതോടെ അതുവരെ മനസ്സിൽ കനത്തു നിന്ന വേപഥുവെല്ലാം ഓടിയകന്നു. ഹൃദയം ആഹ്ലാദഭരിതമായി.

അകത്തേയ്ക്കു പോയ ഫഹദ് സാർ അൽപം കഴിഞ്ഞ് തിരിച്ചെത്തി. മുറ്റത്തെ ഭംഗിയാർന്ന കാഴ്ചകളിലേയ്ക്ക് കണ്ണുനട്ടിരുന്ന എന്നെക്കണ്ട് അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു.

“എന്താ തനിക്കീ ഗ്രാമീണാന്തരീക്ഷം നല്ലതു പോലെ പിടിച്ചമട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ ഇവിടെ സ്‌ഥിര താമസമാക്കിയാലോ എന്നു തോന്നുന്നുണ്ടോ?…”

ഫഹദ് സാർ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു ഞാൻ അൽപം നാണത്തോടെ ചിരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

“ഉമ്മ തനിക്കു വേണ്ടി നിറയെ പലഹാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാം താൻ കഴിച്ചില്ലെങ്കിൽ ഉമ്മയ്ക്കു വലിയ വിഷമമാകും.

ഈ ഉമ്മയുടെ നിഷ്ക്കളങ്ക സ്നേഹം എന്നെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. പട്ടണത്തിൽ ജനിച്ചു വളർന്ന എനിക്ക് ഗ്രാമീണ മനസ്സിന്‍റെ ഉള്ളൂ തുറന്ന സ്നേഹ പ്രകടനം ഒരു പുതുമയായിരുന്നു. അൽപം കഴിഞ്ഞ് ഉമ്മ വന്ന് ഞങ്ങളെ അകത്തെ ഊണുമുറിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോി. അവിടെ മേശപ്പുറത്ത് നിറയെ പലഹാരങ്ങൾ നിരത്തി വച്ചിരുന്നു. പത്തിരിയും കോഴി ബിരിയാണിയും, പിന്നെ ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത കല്ലുമ്മേക്കായ് വറുത്തതും ഉന്നക്കായും മുട്ടസുർക്കയും കായ്പോളയും എല്ലാമെല്ലാം…

ഊണു മുറിയിലെ കസേരയിൽ എന്നെ പിടിച്ചിരുത്തി ഉമ്മ പറഞ്ഞു.

“ഇനി കഴിയ്ക്ക് മോളേ… ഞാൻ അനക്കു വേണ്ടിയാണ് ഇതെല്ലാം ഉണ്ടാക്കിയത്…” അവർ എന്നെ എല്ലാം കഴിയ്‌ക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.

“എന്തിനാ ഉമ്മ ഇത്രയും പലഹാരങ്ങൾ?… ഉമ്മായുടെ സ്നേഹം തന്നെ എന്‍റെ വയറു നിറച്ചു കഴിഞ്ഞു…” ഞാൻ തികഞ്ഞ ആത്മാർത്ഥതയോടെ പറഞ്ഞു.

“അതൊന്നും പറഞ്ഞാൽ പറ്റില്ല… ഇതു മുഴുവൻ കഴിച്ചേ ഞാൻ മോളെ ബിടുകയുള്ളൂ…”

അന്നാ പലഹാരങ്ങൾ മുഴുവൻ കഴിപ്പിച്ച് തന്‍റെ വയറു നിറപ്പിച്ചേ ഉമ്മ വിട്ടുള്ളൂ. പോരാൻ നേരം നിറകണ്ണുകളോടെ ഉമ്മ പറഞ്ഞു.

“മോളെ, ഓന് ജീവനാണെന്നെനിയ്ക്കറിയാം ഞമ്മടെ കൊച്ചു ബീട്ടിലേയ്ക്ക് മോളെ പറഞ്ഞു വിടാൻ മോളുടെ ബീട്ടുകാർക്കിഷ്ടമല്ലെങ്കിലും ഉമ്മ വന്ന് കൂട്ടി കൊണ്ടു പോരും. മോളെ ഉമ്മായ്ക്കത്രക്കിഷ്ടമായി.”

ആ ഉമ്മയുടെ നിഷ്ക്കളങ്ക സ്നേഹം എന്‍റെ കണ്ണുനിറച്ചു. ഞങ്ങളെ പടിക്കലോളം വന്ന് യാത്രയാക്കി എന്‍റെ കൈപിടിച്ച് ഉമ്മ പറഞ്ഞു.

“ഞാൻ ഒരിയ്ക്കൽ കൂടി പറയുവാ… ഒന്നും ഓർത്ത് മോള് കരയരുത്. മോളുടെ ബാപ്പായും ഉമ്മായും ഈ ബന്ധത്തിന് എതിരു നിന്നാലും മോളെ സ്വീകരിക്കാൻ ഈ ഉമ്മയുണ്ടാകും. മോള് ധൈര്യമായിട്ട് പോയിട്ടു വാ….” എന്നിട്ട് ഫഹദ് സാറിനോടായി പറഞ്ഞു.

“ഈ മോളെ ബേഗം കൂട്ടിക്കൊണ്ടു ബരണേടാ… എനിക്ക് പെരുത്ത് ധൃതിയായി…”

നിറഞ്ഞ മനസ്സും കണ്ണുമായി തിരികെ നടക്കുമ്പോൾ ഫഹദ്സാറിനൊപ്പം എത്രയും പെട്ടെന്ന് ആ വീട്ടിൽ തിരികെയെത്താനുള്ള വെമ്പലായിരുന്നു എനിക്ക്. തിരികെ ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ ഫഹദ് സാർ പറഞ്ഞു.

“തനിക്കിപ്പോൾ എന്‍റെ വീടും, വീട്ടിലെ സ്‌ഥിതിയും മനസ്സിലായില്ലെ, ഞങ്ങൾ വളരെ പാവങ്ങളാണ്. ഉപ്പ മരിച്ച ശേഷം ഉമ്മ വളരെ കഷ്ടപ്പെട്ട് എന്നെ വളർത്തി. അന്യ വീടുകളിൽ പോയി പണിയെടുത്താണ് ഉമ്മ എന്നെ വളർത്തിയത്. പക്ഷേ പഠിക്കുവാനും ഉയരുവാനുമുള്ള മോഹം എന്നെ ഇവിടെക്കൊണ്ടെത്തിച്ചു. ഇന്നിപ്പോൾ എന്‍റെ വരുമാനം കൊണ്ട് എനിക്കും ഉമ്മായ്ക്കും സുഖമായി കഴിയാം. എങ്കിലും എന്‍റെ ഉമ്മ ആർഭാടങ്ങളൊന്നും ഇഷ്ടപ്പെടുന്നവളല്ല. ഒരു കാർ വാങ്ങിക്കുന്ന കാര്യം പറഞ്ഞിട്ട് ഉമ്മ സമ്മതിച്ചില്ല. അത്രയ്ക്ക് സിംപിളാണ് എന്‍റെ ഉമ്മ.

തനിക്കെന്‍റെ ഉമ്മായെ പിടിച്ചെങ്കിൽ ഞാൻ തന്നെ നിക്കാഹ് കഴിച്ച് വേഗം ഇങ്ങോട്ടു കൂട്ടി ക്കൊണ്ടു പോരാം… എന്തു പറയുന്നു?…”

വീട്ടുകാരുടെ സമ്മതത്തോടു കൂടി ഒരിയ്ക്കലും എനിക്ക് ഫഹദ്സാറിന്‍റെ ഭാര്യയാകുവാൻ കഴിയുകയില്ലെന്ന് അറിയാമായിരുന്നു. പിന്നെ ഒരു രജിസ്റ്റർ മാര്യേജ്, അതുമാത്രമേ പോംവഴിയായുണ്ടാവുകയുള്ളൂവെന്ന് മനസ്സു പറഞ്ഞു. എന്‍റെ മനസ്സു മനസിലാക്കിയിട്ടെന്ന പോലെ ഫഹദ്സാർ പറഞ്ഞു.

“തന്‍റെ വീട്ടുകാർ ഈ മാര്യേജിന് സമ്മതിക്കുകയില്ലെന്നെനിക്കറിയാം. പിന്നെ ഒരു രജിസ്റ്റർ മാര്യേജ് അതിനെക്കുറിച്ച് നമുക്കൽപം കൂടി കഴിഞ്ഞാലോചിക്കാം. ആദ്യം തന്‍റെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് കംപ്ലീറ്റ് ആവട്ടെ. അതുകഴിഞ്ഞ് മതി ഒരു വിവാഹം…”

അന്നു കോളേജ് വിടുന്ന സമയത്തു തന്നെ എന്നെ തിരികെ വീട്ടു പടിയ്ക്കലെത്തിച്ച് അദ്ദേഹം മടങ്ങി.

ഞാനെത്തുമ്പോൾ മുല്ലശേരി മാധവമോനോൻ എന്ന പ്രതാപശാലിയായ എന്‍റെ അച്‌ഛൻ അസ്വസ്ഥതയോടെ ഉമ്മറത്തു ഉലാത്തുന്നുണ്ടായിരുന്നു. അദ്ദേഹം ഗൗരവപൂർവ്വം എന്നെ നോക്കി ചോദിച്ചു.

“ഇന്നേതിന്‍റെ സ്പെഷ്യൽ ക്ലാസ്സായിരുന്നു ഉണ്ടായിരുന്നത്?”

“കെമിസ്ട്രിയുടെ” ഞാനൽപം വിറയലോടെ അറിയിച്ചു. “ഉം…” അച്‌ഛൻ ഇരുത്തി മൂളി. തെറ്റു ചെയ്ത കൊച്ചുകുട്ടിയുടെ പരുങ്ങലും, ഭയവും എന്നിൽ വളർന്നു. എങ്കിലും അതു മറയ്ക്കാനായി ഞാൻ വേഗം അകത്തേയ്ക്കു നടന്നു. ഏതാനും മാസങ്ങൾ കൂടിയെ ഉണ്ടായിരുന്നുള്ളൂ, എന്‍റെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് കംപ്ലീറ്റ് ആവാൻ. പ്രേമം തലയ്ക്കു പിടിച്ചെങ്കിലും ഞാൻ പഠനത്തിൽ പിന്നോക്കം പോയില്ല. ഫൈനൽ ഇയർ പരീക്ഷ അതിവേഗം കടന്നു പോയി.

ഇതിനിടയിൽ വീട്ടിൽ എനിക്കായി തകൃതിയായി വിവാഹാലോചനകൾ നടന്നു കൊണ്ടിരുന്നു. അപ്പോഴേയ്ക്കും മഞ്ജു എൻജിനീയറിംഗ് മൂന്നാം വർഷം ആയിക്കഴിഞ്ഞിരുന്നു. മായ മെഡിസിന് രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കുന്നു. എന്‍റെ താഴെയുള്ള പെൺകുട്ടികളും വിവാഹ പ്രായമെത്തി നിൽക്കുന്നതിനാൽ അച്‌ഛനും അമ്മയ്ക്കും എന്‍റെ വിവാഹം എത്രയും വേഗം നടത്തണമെന്നായിരുന്നു. അതിനാൽ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ് പിഎച്ച്ഡി ചെയ്യണമെന്ന എന്‍റെ മോഹത്തെ വീട്ടുകാർ എതിർത്തു.

ഒടുവിൽ ഒരു ദിവസം എന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ എത്തി. അച്‌ഛന്‍റെ ബന്ധുവും ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറുമായിരുന്ന വിഷ്ണു നാരായണൻ ആയിരുന്നു അത്. ഞങ്ങൾ തമ്മിൽ ചെറുപ്പത്തിൽ അച്‌ഛന്‍റെ തറവാട്ടു വീട്ടിൽ വച്ച് ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ കൂടിക്കാഴ്ച വളരെക്കാലത്തിനു ശേഷമായിരുന്നു. അദ്ദേഹം എന്നെക്കണ്ടയുടനെ വിവാഹത്തിന് സമ്മതമറിയിച്ചു. ജാതകപ്പൊരുത്തവും ഞങ്ങൾ തമ്മിൽ ഏറെയുണ്ടായിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ആ വിവാഹത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറി നിന്നപ്പോൾ അച്‌ഛനുമ്മയ്ക്കും അൽപം സംശയം തോന്നാതെയിരുന്നില്ല.“ഇവൾ എന്തെങ്കിലും കുഴപ്പത്തിൽ പെട്ടു കാണുമോ…? എന്ന് അമ്മ അച്ഛനോട് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാൽ പിഎച്ച്ഡിയും എടുത്തു കഴിഞ്ഞുമതി എനിക്ക് ഒരു വിവാഹം എന്ന എന്‍റെ നിലപാടിനോട് ഒടുവിലവർ അനുകൂലിക്കുക തന്നെ ചെയ്‌തു. എന്നാൽ ലൈബ്രറിയിലേയ്ക്കെന്ന വ്യാജേന വീട്ടിൽ നിന്നുമിറങ്ങുന്ന ഞാൻ സുഭാഷ് പാർക്കിലെ പൂമരച്ചോട്ടിൽ ഫഹദ് സാറിനെ കാത്തു നിൽക്കുകയായിരുന്നു പതിവ്. ഒരിക്കൽ ഞങ്ങളുടെ സംഗമം അച്‌ഛന്‍റെ കണ്ണിൽ പെട്ടു അതോടെ വീട്ടിൽ പൊട്ടിത്തെറിയായി. ഫഹദ്സാർ ഒരു മുസൽമാനാണെന്ന അറിവ് വീട്ടിലെ അന്തരീക്ഷത്തെ കാർമേഘാ വൃതമാക്കി. ഇടിയും മിന്നലും ആ അന്തരീക്ഷത്തിൽ ഇടയ്ക്കിടെ മുഴങ്ങി ക്കൊണ്ടിരുന്നു.

ഞാൻ പുറത്തിറങ്ങുമ്പോൾ നിരീക്ഷിക്കാൻ അനുജത്തിമാരെ അച്‌ഛൻ നിയോഗിച്ചു. പക്ഷേ അവർ എന്നോടൊപ്പം നിൽക്കുന്നവരാണെന്ന് അച്‌ഛനറിയില്ലല്ലോ…. ഒടുവിൽ അനുജത്തിമാരുടെ എസ് കോർട്ടും സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയ അച്‌ഛൻ ഞാൻ പുറത്തിറങ്ങാതിരിക്കാൻ കർശന നിർദ്ദേശം വച്ചു.

“നിനക്കാവശ്യമുള്ള പുസ്തകങ്ങൾ ഞാൻ ലൈബ്രറിയിൽ നിന്നും എടുത്തു തരാം…” ഒടുവിൽ ഗത്യന്തരമില്ലാതായ ഞാൻ അച്‌ഛന്‍റെ കാലുപിടിച്ച് കരഞ്ഞു.

“അച്‌ഛാ…. ഫഹദ് സാറിനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കാൻ എന്നെ നിർബന്ധിക്കരുത്.” എന്‍റെ കണ്ണുനീർ അച്‌ഛന്‍റെ കാൽച്ചുവട്ടിൽ വീണു ചിതറി.

“ഒരു മുസൽമാനെ വിവാഹം കഴിക്കാനോ ഒരിക്കലും ഞാനതിനനുവദിക്കുകയില്ല… നിന്‍റെ വിവാഹം ഞാൻ നമ്മുടെ ജാതിയിലുള്ള മറ്റൊരാളുമായി നടത്തും…”

മുല്ലശേരി മാധവമേനോൻ എന്ന എന്‍റെ അച്‌ഛന്‍റെ ഉഗ്രശാസനം ആ വീടിനുള്ളിൽ മുഴങ്ങി.

“വിവാഹം കഴിയുന്നതു വരെ അവളിനി ഈ വീടിനു പുറത്തിറങ്ങരുത്. അതുവരെ ഒരു നേരത്തെ അൽപാഹാരം മാത്രം നൽകിയാൽ മതി.”

അച്‌ഛൻ അമ്മയോടു പറഞ്ഞു. അച്‌ഛന്‍റെ കൽപന കല്ലിനെ പോലും പിളർക്കുന്നതായിരുന്നു. എന്‍റെ ബെഡ് റൂമിൽ തടങ്കലിലായ എന്നെത്തേടി ഫഹദിന്‍റെ ദൂതർ വന്നു. എന്‍റെ കൂട്ടുകാരായ അഭിലാഷും, നിമിഷയും, ആനന്ദും… അവർ ഏതെങ്കിലും രീതിയിൽ എന്നെ രക്ഷിക്കാനാകുമെന്നു കരുതി ഒളിച്ചും പാത്തും എന്‍റെ വീടിനരികിലെത്തി. എന്നാൽ അച്‌ഛന്‍റെ സുരക്ഷാ കവചങ്ങൾക്കുള്ളിൽ ബന്ധിതയായ എന്നെ ഒരു നോക്കു കാണുവാൻ പോലും അവർക്ക് കഴിഞ്ഞില്ല.

അൽപാഹാരം മാത്രം കഴിച്ച് ദിനംതോറും ഞാൻ ക്ഷീണിച്ചു വന്നു മാത്രമല്ല അസുഖബാധിതയുമായി. അതുകണ്ട് അമ്മയുടെ മനസ്സലിഞ്ഞു. അമ്മ അച്‌ഛൻ കാണാതെ എനിക്കാവശ്യമുള്ള ആഹാരം എത്തിച്ചു കൊണ്ടിരുന്നു. ഒടുവിൽ അച്‌ഛൻ അതുകണ്ടു പിടിച്ച് അമ്മയെ വഴക്കു പറഞ്ഞു.

“നിനക്കും ഞാൻ പറയുന്നത് അനുസരിക്കാൻ വയ്യെങ്കിൽ ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാം…” അച്‌ഛൻ താക്കീതു നൽകി. അമ്മ ഒരു കുറ്റവാളിയെ പോലെ അച്‌ഛന്‍റെ മുമ്പിൽ നിന്നു. എന്നാൽ ഒടുവിൽ ധൈര്യം സംഭരിച്ച് അമ്മ ചോദിക്കുന്നത് കേട്ടു.

“ഇങ്ങിനെ പീഢിപ്പിക്കുവാൻ മാത്രം എന്തു തെറ്റാണ് അവൾ ചെയ്‌തത്? ഒരാളെ സ്നേഹിച്ചു എന്നതാണോ അവൾ ചെയ്‌ത് കുറ്റം?”

“അതെ അതൊരു വലിയ കുറ്റം തന്നെയല്ലേ?” നമ്മുടെ അറിവോ സമ്മതമോ കൂടാതെ അവൾ ഒരാളെ കണ്ടെത്തിയത്. അതും ഒരു മുസൽമാനെ…”

“മുസൽമാനെന്താ മനുഷ്യനല്ലെ? നിങ്ങളിങ്ങനെ ഇടുങ്ങിയ മനസ്‌ഥിതിക്കാരനായി പ്പോയല്ലോ…”

അമ്മ ഒരു വക്കീലിന്‍റെ ഭാര്യയിക്കിണങ്ങും വിധം വാദഗതികൾ നിരത്തി. എന്നാൽ അച്ഛൻ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. “അവളെന്താ ഒരു ഹിന്ദു മുസ്ലീം ലഹളയ്ക്കൊരുങ്ങുകയാണോ?” ഇക്കാലത്ത് മലപ്പുറം പോലെ മുസ്ലീം ഭൂരിപക്ഷമുള്ള ഒരു സ്‌ഥലത്തു വച്ച് ഇങ്ങനെ ഒരു വിവാഹം നടത്താനോ? അതൊരിക്കലും നടക്കുകയില്ല. അല്ലെങ്കിൽ പ്പിന്നെ അവരുടെയിടയിൽ ചെന്ന് അവൾ മതം മാറേണ്ടി വരും. അതൊരിക്കലും ഞാനനുവദിക്കുകയില്ല. അൽപം കഴിഞ്ഞ് അച്‌ഛൻ കടുപ്പിച്ചു പറഞ്ഞു.

“ഈ വീട്ടിൽ എല്ലാവരും ഞാൻ പറയുന്നതനുസരിച്ചാൽ മതി…”

അമ്മ പിന്നെ ഒന്നും മിണ്ടിയില്ല. എങ്കിലും ഇടയ്ക്കിടയ്ക്ക് ഒരു കോടതിയിലെന്ന പോലെ അമ്മ എനിക്കു വേണ്ടി അച്‌ഛന്‍റെ മുന്നിൽ വാദഗതികൾ നിരത്തിക്കൊണ്ടിരുന്നു. ആരും കാണാതെ എനിക്കുള്ള ആഹാരം മുറിയിലെത്തിക്കുകയും ചെയ്‌തു. അച്‌ഛൻ അതു കണ്ടുപിടിച്ചു ശാസിക്കുമ്പോൾ അമ്മ പലപ്പോഴും അച്‌ഛനോട് തട്ടിക്കയറി.

“ഞാനെന്താ എന്‍റെ കുഞ്ഞിനെ പട്ടിണിയ്ക്കിട്ടു കൊല്ലണേ? അവളെ പ്രസവിച്ച എനിക്കതിനാവില്ല. അവൾക്കു വേണ്ടി ഈ വീടുവിട്ടിറങ്ങാനും ഞാൻ തയ്യാറാണ്.”

അമ്മയുടെ ധീരമായ മറുപടി കേട്ടിട്ടാവണം അച്‌ഛൻ പിന്നെ ഒന്നും പറഞ്ഞില്ല. എങ്കിലും യുദ്ധത്തിൽ തോറ്റു പിന്മാറാനിഷ്ടപ്പെടാത്ത രാജാവിനെ പോലെ അച്‌ഛൻ എനിക്കുള്ള കാവൽ ശക്തമാക്കി. ഗേറ്റിൽ സെക്യൂരിറ്റിയെ കാവൽ നിർത്തിയ അച്‌ഛൻ, കോടതിയിൽ പോകുമ്പോൾ വീട്ടിനുള്ളിലുള്ളവരുടെ നീക്കങ്ങൾ അറിയിക്കാൻ അയാളെ ശട്ടം കെട്ടി. ഒടുവിൽ ഒരു ദിവസം തലക്കറക്കമാണെന്നും ഹോസ്പിറ്റലിൽ പോകണമെന്നും പറഞ്ഞ്, അച്‌ഛനില്ലാത്ത നേരത്ത് അനുജത്തിമാരുടേയും അമ്മയുടേയും സഹായത്താൽ വീടിനു പുറത്തു കടന്നു.

സ്വാതന്ത്യ്രത്തിന്‍റെ ഉഛ്വാസ വായു ശ്വസിച്ച ഞാൻ ഒരു റിക്ഷ പിടിച്ച് കോളേജിലെത്തി. സമയം ഒട്ടും പാഴാക്കാതെ ഫഹദ് സാറിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തേയും കൂട്ടി ബസ് സ്റ്റാൻഡിലെത്തി. പിന്നെ ഞങ്ങൾ ഇരുവരും കൂടി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് യാത്ര തിരിച്ചു. അവിടെ സ്നേഹത്തിന്‍റെ ഒരു സാഗരം നെഞ്ചിലൊളിപ്പിച്ച് ഫഹദ് സാറിന്‍റെ ഉമ്മ ഇരുകൈകളും നീട്ടി ഞങ്ങളെ സ്വീകരിച്ചു.

“ഞാൻ കാത്തിരിയ്ക്കാരുന്നു, ഈ മൊഞ്ചത്തീനെ ഒന്നു കാണാൻ… ജ്‌ജ ഇപ്പളെങ്കിലും ഓളെ കൊണ്ടുവന്നൂലോ… മോള് ഒന്നുകൊണ്ടും ബിഷ്മിയ്ക്കേണ്ട… ഇബ്ടെ മോക്ക് ഒരു കുറവും വരുത്താതെ ഉമ്മ നോക്കിക്കൊളാം. ”

ഫഹദ് സാറിന്‍റെ ഉമ്മ സ്നേഹ സാഗരത്തിലാറാടിച്ച് എന്നെ വീർപ്പു മുട്ടിച്ചു.

പിന്നീട് കല്യാണത്തിനുള്ള ഒരുക്കങ്ങളായി. രജിസ്റ്റർ ഓഫീസിൽ വച്ച് കല്യാണം നടത്താനായിരുന്നു തീരുമാനം. കാരണം അച്‌ഛൻ പറഞ്ഞതു പോലെ മലപ്പുറം പോലെ മുസ്ലീം ഭൂരിപക്ഷമുള്ള ഒരു സ്‌ഥലത്തു വച്ച് അക്കാലത്ത് ഇത്തരത്തിൽ ഒരു മിശ്ര വിവാഹം നടത്തുകയെന്നാൽ അത് ഒരു ലഹളയ്ക്കു തന്നെ കാരണമായേക്കാം. അതുകൊണ്ട് ഒരു മുസ്ലീം സ്ത്രീയായിത്തന്നെ എന്നെ അവിടത്തെ ആൾക്കാരുടെ മുന്നിൽ അവതരിപ്പിക്കാനായിരുന്നു ഉമ്മയുടെ ശ്രമം. എതിർപ്പുണ്ടായിരുന്നുവെങ്കിലും ഞാൻ ഉമ്മയുടെ ആഗ്രഹത്തിനു വഴങ്ങി. എന്നെ ഒരു ഹൂറിയെപ്പോലെ അണിയിച്ചൊരുക്കുമ്പോൾ ഫഹദ് സാറിന്‍റെ ഉമ്മ പറഞ്ഞു.

“എന്‍റെ ഒരേയൊരു മകന്‍റെ നിക്കാഹ് ഈ വീട്ടിൽ വച്ച് നടത്താനായിരുന്നു അനക്ക് മോഹം, പക്ഷേങ്കില് അതിന് ഇബടത്തെ ചില ദേശവാസികൾ സമ്മതിക്കൂല്ല മോളെ… ഏതെങ്കിലും കാരണവശാൽ നീ ഹിന്ദുവാണെന്നറിഞ്ഞ് അവരും, ഹിന്ദുക്കളും കൂടിച്ചേർന്ന് വല്ല ലഹളയും അഴിച്ചു ബിട്ടാല് നമ്മള് അതിനെ നേരിടേണ്ടി വരും. അതുകൊണ്ട് ആരും അറിയാതെ നമുക്ക് ഈ നിക്കാഹ് നടത്താം…”

അതു പറയുമ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഉമ്മയുടെ കവിഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

“ഉമ്മ വിഷമിക്കരുത്… ഫഹദ് സാറിനു വേണമെങ്കിൽ ഒരു മുസ്ലീം ആകാനും ഞാൻ തയ്യാറാണ്. പക്ഷേ അദ്ദേഹം എന്നോടൊരിക്കലും അങ്ങിനെ പറയില്ലെന്ന് എനിക്കറിയാം. കാരണം അദ്ദേഹം തികഞ്ഞ ഒരു ആദർശവാദിയാണ്. ഇത്തരം മതം മാറ്റത്തെ ഒന്നും അനുകൂലിക്കുന്ന ആളല്ല അദ്ദേഹം. മാത്രമല്ല എന്‍റേയും, ഫഹദ് സാറിന്‍റേയും മനസ്സിൽ ഈ വിവാഹം എന്നേ നടന്നു കഴിഞ്ഞു. ഇനി ഉമ്മയ്ക്ക് കാണാൻ വേണ്ടി പേരിനൊരു ചടങ്ങു മാത്രം മതി.”

ഞാൻ ഊഹിച്ചതു പോലെ ഉമ്മ എന്നെ ഒരു മുസ്ലീം വധുവാക്കുന്നതിനെ അദ്ദേഹം എതിർത്തു. “ഉമ്മ എന്താണീ കാണിക്കുന്നത്? മീര ഒരു ഹിന്ദു പെൺകുട്ടിയാണ്. അവളെ ആ രീതിയിൽ ജീവിതം മുഴുവൻ കാണുവാനാണ് എനിക്കിഷ്ടം. അല്ലാതെ ഒരു മുസ്ലീമായി മതം മാറ്റി അവളെ വിവാഹം ചെയ്യുവാനല്ല ഞാനിവിടെ കൊണ്ടു വന്നത്.”

ഉമ്മയുടെ വാദഗതികൾ ഒന്നും അവിടെ വിലപ്പോയില്ല. ഒടുവിൽ ഉമ്മയും മകനോടും യോജിച്ചു. രജിസ്‌റ്റർ ഓഫീസിൽ വച്ച് വിവാഹം നടത്താൻ തീരുമാനമായി. ഉമ്മയുടെ കൈകളാൽ ഒരു ഹിന്ദു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ ഞാൻ ആ വേഷത്തിൽ അതിസുന്ദരിയായിരുന്നു.

“അന്‍റെ മോളെക്കാണാൻ ഇപ്പോൾ ഒരു ഹൂറിയെപ്പോലുണ്ട്, ഞങ്ങടെ അറബിക്കഥയിലെ രാജകുമാരിയെപ്പോലെ. ഇപ്പം ഈ വേഷത്തിൽ മോളെ ക്കണ്ടാൽ ആരും കൊതിച്ചു പോകും. എന്‍റെ ഫഹദ് ഒരു ഭാഗ്യവാനാണെ…” ഉമ്മ മതിമറന്ന് സന്തോഷിച്ചു കൊണ്ടു പറഞ്ഞു.

രജിസ്റ്റർ ഓഫീസിലെ കല്യാണച്ചടങ്ങുകൾക്ക് സാക്ഷികളാവാൻ എന്‍റെ സുഹൃത്തുക്കളെത്തി. ആനന്ദും, അഭിനവും, നിമിഷയും പക്ഷേ ഞങ്ങൾ രജിസ്റ്റർ ഓഫീസിലെത്തിയപ്പോൾ അന്ന് ഓഫീസിന് അവധി ദിനമാണ്. പിന്നെ എന്തു വേണ്ടു എന്നറിയാതെ വിഷമിച്ചു നിന്ന ഞങ്ങളോട് അവർ പറഞ്ഞു. “നമുക്കീ വിവാഹം ഈ രജിസ്റ്റർ ഓഫീസിന്‍റെ മുമ്പിൽ വച്ചു തന്നെ നടത്താം. പിന്നീടെപ്പോഴെങ്കിലും വന്ന് നിങ്ങൾ ഒപ്പിട്ടാൽ മതി. ഞങ്ങൾ സാക്ഷികളായെത്താം.”

തങ്ങൾ കയ്യിൽ കരുതിയിരുന്ന പൂമാലയും താലിയും ഞങ്ങൾക്കു നേരെ നീട്ടിക്കൊണ്ട് അവർ പറഞ്ഞു. മഴമേഘങ്ങൾ മൂടി നിന്ന ഹൃദയാകാശച്ചെരുവിൽ ഉരുണ്ടു കൂടിയ കണ്ണുനീർ മുത്തുകൾ. അവ വിവാഹശേഷം ആനന്ദകടലായ് പെയ്തു തീർന്നപ്പോൾ കൂട്ടുകാർ എന്നെ സമാശ്വസിപ്പിച്ചു.

“നീ ഭാഗ്യവതിയാണ് മീര… എല്ലാം നല്ലതിനാണെന്ന് വിചാരിച്ചാൽ മതി. നീ കൊതിച്ചതു തന്നെ നിനക്ക് വിധിച്ചല്ലോ. ഫഹദ് സാർ നിന്നെ പൊന്നു പോലെ നോക്കും…”

നിർമ്മല സൗഹൃദത്തിന്‍റെ നറും മാല്യങ്ങളണിയിച്ച് ഞങ്ങളെ കൂട്ടിയിണക്കുമ്പോൾ അവർ പറഞ്ഞു. പ്രപഞ്ചാകാശത്തിന്‍റെ അനന്ത വിശാലതയിൽ ഞങ്ങളെ രണ്ടിണക്കിളികളെപ്പോലെ പാറി നടക്കാൻ അനുഗ്രഹിച്ച് അവർ യാത്രയായി.

ഫഹദ് സാറിന്‍റെ വീട്ടിലെത്തിയ എന്നെ സ്നേഹിക്കാൻ അമ്മയും മകനും പരസ്പരം മത്സരിച്ചു. അവിടെ ഒരു കൊച്ചു സ്വർഗ്ഗം പണിതുയർത്തി ഞങ്ങൾ കഴിഞ്ഞു. അങ്ങിനെ ഏഴുനാളുകൾ ചിറകു വച്ച് പറന്നകന്നു. മനസ്സും, ശരീരവും ഒന്നായി സ്വർലോക ഗംഗയിൽ നീരാടിയ ഏഴുനാളുകൾ, എൻറ ജീവിത പുസ്തകത്തിന്‍റെ ഏടുകളിൽ പൊൻതൂവലാ ചേർത്തു വച്ചു.

ഇതിനിടയിൽ ഞങ്ങളുടെ വിവാഹത്തിന് നിയമസാധുത തേടുന്നതിനെക്കുറിച്ച് ഞങ്ങൾ മറന്നു. ഒടുവിൽ ഞങ്ങളുടെ മകളെ കാണാനില്ല എന്ന അച്‌ഛന്‍റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അന്വേഷണത്തിനൊടുവിൽ ഫഹദ്സാറിന്‍റെ വീട്ടിൽ എന്നെ കണ്ടെത്തി. അച്‌ഛന്‍റെ സുഹൃത്തായ ഡിസിപി മുഖാന്തിരം എന്നെ അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്ന് നിർബന്ധപൂർവ്വം പിടിച്ചിറക്കി.

“ഇങ്ങോട്ടിറങ്ങി വാടീ… അവൾ വന്നു താമസിക്കാൻ കണ്ടു പിടിച്ച ഇടം കൊള്ളാം. ഒരു മുസൽമാന്‍റെ വീട്ടിൽ…” അച്‌ഛൻ ശാസനയോടെ എന്നെ പിടിച്ച് വലിച്ച് കാറിനകത്തേയ്ക്കു തള്ളി. എന്നെ തട്ടിക്കൊണ്ടു വന്നതിന്‍റെ പേരിൽ കള്ളക്കേസ് ചമച്ച് ഫഹദ് സാറിനെ അറസ്റ്റു ചെയ്യാൻ തുനിഞ്ഞു. ഞങ്ങളുടെ വിവാഹത്തിന് നിയമസാധുതയില്ലാത്തത് അവരുടെ വാദത്തിന് ബലമേകി.

എന്നാൽ അപ്പോഴേയ്ക്കും എവിടെ നിന്നെന്നറിയാതെ കുറേപ്പേർ അവിടെ വന്നെത്തി. അവരിൽ മുസ്ലീങ്ങളും, ഹിന്ദുക്കളും ഉണ്ടായിരുന്നു.

“ഞമ്മടെ നാട്ടീവന്ന് പോലീസ് അതിക്രമം കാണിക്കുന്നോ? ഒരുത്തനെ ഇങ്ങനെ പിടിച്ചു കൊണ്ടു പോകാൻ ഇവൻ എന്തു കുറ്റാ ശെയ്തത്…” മുസ്ലീങ്ങൾ ആക്രോശിച്ചു.

ആ നാട്ടിലെ പ്രമാണിയായ ഒരു മുസ്ലീം അടുത്തെത്തി പോലീസിനോട് വിവരങ്ങൾ ആരാഞ്ഞു. അപ്പോഴാണ് ആ വീട്ടിൽ ഇത്ര ദിവസവും അനാഥയാണെന്ന ധാരണയിൽ കഴിഞ്ഞത് ഒരു ഹിന്ദു വധുവാണെന്ന് അവരറിഞ്ഞത്. ഞാൻ ഒരു മുസ്ലീമാണെന്ന ധാരണയിൽ അവർ മിണ്ടാതിരിക്കുകയായിരുന്നു. ഞാൻ അനാഥയാണെന്നും മാത്രമല്ല ഞങ്ങളടെ വിവാഹം ആ വീട്ടിൽ വച്ച് അടുത്തു തന്നെ ഉണ്ടാകും എന്നും ഉമ്മ കള്ളം പറഞ്ഞിരുന്നു. യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെ അവിടെ കൂടിയ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വാക്കേറ്റമായി.

ഒടുവിൽ അതിന് ഒരു ലഹളയുടെ സ്വഭാവം കൈവരുന്നത് ഞങ്ങൾ കണ്ടു. പലരും മാരകായുധങ്ങളുമായി വന്നെത്തി എതിരിടാൻ തുടങ്ങി. അവിടെയുണ്ടായിരുന്ന പോലീസ് ക്രമസമാധാനം പാലിക്കാൻ ആവുന്നത്ര ശ്രമിച്ചു. ജനങ്ങളിൽ കുറെപ്പേർ ഞങ്ങൾക്കനുകൂലമായിരുന്നു. അവർ ഫഹദ് സാറിനെ അറസ്റ്റ് ചെയ്‌തു കൊണ്ട് പോകുന്നതിനെയും എന്നെ പിടിച്ചു കൊണ്ടു പോകുന്നതിനെയും എതിർത്തു കാര്യം പന്തിയല്ലെന്നു കണ്ട് അച്‌ഛൻ വേഗം കാറിൽ കയറി.

ഡ്രൈവറോട് പറഞ്ഞ് എന്നെയും കൊണ്ട് അതിവേഗം കാറോടിച്ച് എറണാകുളത്തേയ്ക്ക് പോന്നു. ഞാൻ കരഞ്ഞു ബഹളം വച്ചു. കാറിൽ നിന്നും പുറത്തു ചാടാൻ നോക്കി, എന്നാൽ അച്‌ഛന്‍റെ കൈകൾ എന്നെ ബലമായി പിടിച്ചിരുന്നു. അങ്ങിനെ പണത്തിന്‍റെ ബലത്തിൽ പോലീസുകാരെ സ്വാധീനിച്ച് എന്നെ വീണ്ടെടുത്ത അചഛൻ, പുറം ലോകം കാണാനാവാത്തവിധം എന്നെ വീട്ടുതടങ്കലിലാക്കി.

“ഇനി ഈ വീടുവിട്ടിറങ്ങിയാൽ അന്നു നിന്‍റെ അവസാനമായിരിക്കും… ഞാൻ പറയുന്നതനുസരിക്കാൻ നിനക്ക് കഴിയുമോന്നറിയണമല്ലോ?” അന്ത്യശാസനം മുഴക്കി അച്‌ഛൻ നടന്നകന്നു. അങ്ങിനെ ദിനങ്ങൾ കണ്ണുനീർ പുഷ്പങ്ങളായി എന്‍റെ മുന്നിൽ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അച്‌ഛന്‍റെ ആജ്ഞയനുസരിച്ച് അമ്മ നൽകിയ ഒരു നേരത്തെ അൽപാഹാരം മാത്രമായി കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾ.

ആ ദിനങ്ങളിൽ, പഞ്ജരത്തിലെ കിളിയെപ്പോലെ ഞാൻ ശ്വാസം മുട്ടി പിടഞ്ഞു കൊണ്ടിരുന്നു.

മൊബൈൽ ഫോൺ പോയിട്ട്, ലാൻഡ് ഫോൺ പോലും വേണ്ടത്ര പ്രചാരത്തിലില്ലാത്ത ആ കാലത്ത് ഫഹദ് സാറിന്‍റെ വിവരങ്ങളറിയാതെ ഹൃദയം വീർപ്പുമുട്ടി. എനിക്ക് സ്നേഹത്തിന്‍റെ പാൽച്ചോറ് വിളമ്പിത്തന്ന് ഊട്ടിയുറക്കിയ ഫഹദ് സാറിന്‍റെ ഉമ്മയെ ഓർത്ത് മനസ്സ് വിലപിച്ചു. ഒടുവിൽ എന്‍റെ അനുജത്തിമാരുടെ കൈകളിൽ എന്‍റെ സുഹൃത്തുക്കൾ കൊടുത്തുവിട്ട കത്തുകളിലൂടെ ഞാനാ കദന കഥയറിഞ്ഞു. ഒരിക്കൽ ജയിൽ സന്ദർശന വേളയിൽ അദ്ദേഹത്തിൽ നിന്നും അവർ ആ കത്തുകൾ വാങ്ങി സൂക്ഷിക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ കൈപ്പടയിലെഴുതിയ കത്തുകൾ ഞാനാർത്തിയോടെ പൊട്ടിച്ചു വായിച്ചു.

അന്ന് ലഹളയുണ്ടാക്കിയ മറ്റു പലരോടൊപ്പം അറസ്റ്റിലായ ഫഹദ് സാറിനെ പോലീസുകാർ അടിച്ചവശനാക്കി മൃതപ്രായനാക്കി. ആ നാട്ടിൽ വർഗ്ഗീയ ലഹളയുണ്ടാക്കാൻ നേതൃത്വം നൽകി എന്ന കള്ളക്കേസു കൂടി അവർ അദ്ദേഹത്തിനെതിരെ ചമച്ചുണ്ടാക്കി. ഒടുവിൽ പോലീസ് മർദ്ദനത്തെത്തുടർന്ന് അവശനായ അദ്ദേഹമിപ്പോൾ ഹോസ്പിറ്റലിലാണെന്നും ഞാനാ കത്തിലൂടെ അറിഞ്ഞു.

(തുടരും)

സാഗര സംഗമം ഭാഗം-1

കറുത്ത ഭിത്തിയ്ക്കപ്പുറം നിഴൽ പോലെ മറഞ്ഞു നിന്ന മരണമുഖത്തു നിന്ന് എന്നെ അടർത്തിയെടുത്ത ആ മനുഷ്യസ്നേഹി ആരായിരിക്കും?… അത് പുരുഷ വീരസ്യം സടകുടഞ്ഞ ധീരനായ ഒരാണായിരിക്കുമോ?… അതോ സ്ത്രീത്വത്തിന്‍റെ മഹനീയത വിളിച്ചോതുന്ന ഒരു പെണ്ണോ?…

“മിസ്സിസ് മീരാ നാരായണൻ… ഹൗ ഡു യു ഫീൽ നൗ? ആർ യു ഓകെ?…” ഡോക്ടർ തട്ടിവിളിച്ചപ്പോൾ ഏതോ അന്യലോകത്തു നിന്നു ഭൂമിയിലേയ്ക്കെന്ന പോലെ ഞാൻ കണ്മിഴിച്ചു നോക്കി. ബോധ തലങ്ങളുടെ ഒരു നേരിയ മറ അപ്പോഴും എന്നെ ചൂഴ്ന്നു നിന്നു.

“എവിടെ? ആ ആളെവിടെ ഡോക്ടർ?… ആ ആളെ എനിക്കു കാണിച്ചു തരൂ ഡോക്ടർ!…” അബോധാവസ്‌ഥയുടെ ആഴങ്ങളിൽ നിന്നെന്നപോലെ ഞാൻ അസ്പഷ്ടമായി ഉച്ചരിച്ചു കൊണ്ടിരുന്നു.

“പ്രൊഫസർ, മീര നിങ്ങൾക്കു കിഡ്നി ദാനമായി നൽകിയ ആളെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?…. ആ ആളെ നിങ്ങൾക്ക് ഒരിക്കലും കാണാനാവുകയില്ല. കാരണം അയാളൊരിക്കലും നിങ്ങളുടെ മുന്നിൽ വരാൻ ആഗ്രഹിക്കുന്നില്ല…”

“അങ്ങനെ പറയരുതു ഡോക്ടർ… എനിക്കയാളെ കണ്ടേ തീരൂ… എനിക്കീ ജീവിതം ദാനമായി നൽകി മറഞ്ഞു നിൽക്കുന്ന ആ പുണ്യത്മാവ് ആരാണു ഡോക്ടർ?… ഒരു പ്രാവശ്യം… ഒരൊറ്റ പ്രാവശ്യം എനിക്കായാളെ കാണിച്ചു തരൂ ഡോക്ടർ…”

ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വാശി പിടിച്ചു കൊണ്ടിരുന്നു.

“സോറി മാഡം. ഞാനയാൾക്കു വാക്കു കൊടുത്തു കഴിഞ്ഞു. ഞാനൊരിക്കലും അയാളെ വെളിപ്പെടുത്തുകയില്ലെന്ന്…” അതും പറഞ്ഞ് ഡോക്ടർ ഹേമാംബിക നടന്നകന്നപ്പോൾ എനിക്ക് ഉറക്കെ കരയാനാണ് തോന്നിയത്. ഈ വലിയ ലോകത്ത് ഞാനിതാ വീണ്ടും ഒറ്റപ്പെട്ടിരിക്കുന്നു. കരുണയുടെ ഒരു പുൽനാമ്പു പോലും പൊട്ടിമുളയ്ക്കാത്ത ഈ വരണ്ട ഭൂമിയിൽ ഞാനേകയായി അലഞ്ഞു നടക്കാൻ തുടങ്ങിയിട്ട് നാളെത്രയായി.

കഴിഞ്ഞ എട്ടു വർഷങ്ങൾ…

നരേട്ടൻ എന്നോടു യാത്ര പറഞ്ഞു പോയിട്ട് എട്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

ഒഴിഞ്ഞ കിളിക്കൂടു പോലെയായിത്തീർന്ന ഈ ജീവിത വൃക്ഷത്തിന്‍റെ ശാഖയിൽ ഒറ്റയ്ക്കു ചിറകടിച്ച് ഇനിയും എത്രനാൾ?

അകലെക്കാണുന്ന വെള്ളമേഘക്കീറുകൾക്കപ്പുറത്തേയ്ക്ക് പറന്നുയരാൻ എന്‍റെ ആത്മാവ് വെമ്പൽ കൊള്ളുന്നു. അവിടെ എന്നെക്കാത്ത് നരേട്ടൻ നില്പുണ്ടാവുമോ? അതോ വഞ്ചനയുടെ മുഖം മൂടിയണിഞ്ഞവളെന്നു പറഞ്ഞ് എന്നെ അകലേയ്ക്കു തള്ളി നീക്കുമോ?…

മുപ്പതു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനിടയിൽ എപ്പോഴാണ് ഞാൻ വഞ്ചനയുടെ മുഖം മൂടി അഴിച്ചു നീക്കിയിട്ടുള്ളത്?

ഭൂതകാലത്തിന്‍റെ കറുത്ത ഏടുകളിൽ ഒളിഞ്ഞും തെളിഞ്ഞും നിന്ന ഏതോ രൂപം എപ്പോഴൊക്കെയോ എന്‍റെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നില്ലെ?… ജീവിതം വഴി മുട്ടിയെന്ന് തോന്നിയ സന്ദർഭങ്ങളിലെല്ലാം മനസ്സിനുള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

“ഇല്ല… നിനക്കു ഞാനുണ്ട്!” നിഴൽ പോലെ പിന്തുടർന്ന ആ ശബ്ദം!.

പുതുമഴയിൽ ഭൂമിയുടെ ഗർഭഗൃഹത്തിൽ മുളപൊട്ടിയ ആദ്യാനുരണനം പോലെ കേട്ടു മറന്ന ഏതോ ഗാനം പോലെ ആ ശബ്ദം.

ഭൂതകാലത്തിന്‍റെ പിൻവിളിയിൽ മലർക്കെതുറന്ന എന്‍റെ മനസ്സിന്‍റെ ജാലക വാതിലിനരികിലെത്തി അയാൾ നിന്നു. ഫഹദ് മുഹമ്മദ്.

കേരളത്തിലെ ആ പ്രസിദ്ധമായ കലാലയത്തിലെ കെമിസ്ട്രി ലക്ചറർ. എന്‍റെ ഭൂതകാല ജീവിതത്തിലെ ദുരന്ത നായകൻ.

ഒരിക്കൽ വിവാഹത്തിന്‍റെ പടിവാതിൽക്കലോളമെത്തി അകന്നു പോയ രണ്ടു ജന്മങ്ങൾ. അല്ലെങ്കിൽ നിയമ സാധുതയില്ലാത്ത കള്ളക്കല്യാണത്തിലൂടെ ചേർത്തു വയ്ക്കപ്പെട്ട രണ്ടുപേർ. മറ്റുള്ളവരാൽ പറിച്ചെറിയപ്പെട്ടപ്പോഴും ഒട്ടിച്ചേർന്ന ഇരു ഹൃദയങ്ങളുമായി അകന്നു പോകാൻ വിധിക്കപ്പെട്ടവർ. അലംഘനീയമായ വിധിയെ പിന്തുടരുമ്പോഴും ഞങ്ങൾ അഞ്ചു വർഷക്കാലം പ്രേമിച്ചു നടന്ന സുഭാഷ് പാർക്കിലെ പൂമരത്തണൽ എല്ലാറ്റിനും സാക്ഷിയായി നിശബ്ദം തേങ്ങി നിന്നു.

വിവാഹത്തോളമെത്തി രജിസ്റ്റർ ഓഫീസിന്‍റെ അവധി പ്രമാണിച്ച് മാറ്റിവയ്ക്കപ്പെട്ട ആ രജിസ്ട്രേഷൻ പിന്നീടൊരിയ്ക്കലും നടന്നില്ല. എങ്കിലും മാറി വന്ന ഋതു സംക്രമണത്തിനനുസരിച്ച് ജീവിതം ഗതിമാറ്റപ്പെട്ടപ്പോഴും മറ്റൊരാളുമായി ജീവിതം പങ്കുവയ്ക്കപ്പെട്ടപ്പോഴും എല്ലാം മറന്ന് ജീവിച്ച എന്‍റെ മനസ്സിന്‍റെ കോണിൽ ആ നാളുകളും അതിലെ ദുരന്തനായകനും നിത്യഹരിതാഭമായി പൂത്തുലഞ്ഞു നിന്നു. ഒരിക്കലും ഒളിമങ്ങാത്ത നാളം പോലെ ആ കെടാവിളക്ക് മനസ്സിന്‍റെ ഏതോ കോണിൽ കത്തി നിന്നു.

എന്നാണ് ഫഹദ് സാറിനെ ഞാൻ ആദ്യമായി കണ്ടുമുട്ടുന്നത്?… പൂത്തു നിൽക്കുന്ന ചുവന്ന വാകമരച്ചുവട്ടിൽ കളിചിരികൾ കോർത്തു വച്ച് ആർത്തുല്ലസിക്കുന്ന താനുൾപ്പെടെ ഏതാനും വിദ്യാർത്ഥികൾ ഹൃദ്മണ്ഡലത്തിൽ തെളിഞ്ഞു വന്നു. ലോകത്തിലെ എല്ലാ ആനന്ദവും ആ മരച്ചുവട്ടിൽ സന്നിവേശിച്ചിരിക്കുകയാണെന്നു തോന്നും ഞങ്ങളുടെ ആനന്ദം കണ്ടാൽ… നിരർത്ഥകമായ ഞങ്ങളുടെ കളിചിരികളിൽ നിഷ്ക്കളങ്കമായ കൗമാരത്തിന്‍റെ കുതൂഹലങ്ങൾ നിറഞ്ഞു നിന്നു. അല്ലെങ്കിൽ ജീവിതത്തിന്‍റെ ഏറ്റവും സുന്ദരമായ കാലഘട്ടം കൗമാരമാണല്ലോ കളങ്കമറ്റ സൗഹൃദത്തിന്‍റെ നിറചാർത്തുകൾ വാരിയണിഞ്ഞ് ആഹ്ലാദത്തിന്‍റെ മാലപ്പടക്കങ്ങൾ പൊട്ടിച്ചിതറുന്ന കൗമാരം.

മനുഷ്യ ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലഘട്ടം. അതുകൊണ്ടു തന്നെ ആ കാലഘട്ടം ആഘോഷപൂരിതമാക്കുന്ന ഒരു വിദ്യാർത്ഥി സമൂഹമാണ് ആ മരച്ചുവട്ടിൽ സമ്മേളിച്ചിരിക്കുന്നത്. പെട്ടെന്നാണ് മുന്നിലുള്ള വെളുത്ത കോൺക്രീറ്റ് ബിൽഡിംഗിന്‍റെ പടവുകളിറങ്ങി വരുന്ന സുമുഖനായ ആ ചെറുപ്പക്കാരനെ ഞങ്ങൾ കണ്ടത്.

“അല്ലാ നമ്മുടെ പ്രോംനസീറല്ലെ ആ വരുന്നത്…” ആവശ്യത്തിനും അനാവശ്യത്തിനും തമാശകൾ പൊട്ടിക്കുന്ന അരുൺ എന്ന വിദ്യാർത്ഥിയാണ് അതു പറഞ്ഞത്.

“പ്രേംനസീറോ… ശരിയാണല്ലോ… ഇദ്ദേഹം പ്രേംനസീറിനെക്കാൾ സുന്ദരനാണല്ലോ. പക്ഷേ പ്രേംനസീറിന്‍റെ അതേ ഭാവചലനങ്ങൾ…” ഏതോ സ്വപ്ന ലോകത്തിലെന്നപ്പോലെ അതിവിശയം വിടർന്ന കണ്ണുകളോടെ ഞാൻ മെല്ലെ പറഞ്ഞു.

“മീര മാധവ്” എന്ന നീളൻ മിഴിയും, നീണ്ടിടതൂർന്ന മുടിയിഴകളുമുള്ള അതിസുന്ദരിയായ പെൺകുട്ടിയായിരുന്നു ഞാൻ അന്ന്. എന്‍റെ സംസാരത്തിലും ചലനത്തിലുമെല്ലാം ഒരു വല്ലാത്ത വശ്യത തുടിച്ചു നിന്നു. ഞാൻ ആ കോളേജിൽ ഒന്നാം വർഷം ഡിഗ്രിയ്ക്കാണ് പഠിക്കുന്നത്. കോളേജിലെ ഏറ്റവും സ്മാർട്ടായ പെൺകുട്ടികളിലൊരുവൾ.

“ങാ… പക്ഷേ ഇത് സിനിമാ ആക്ടർ പ്രേംനസീറല്ല. സാക്ഷാൽ രസതന്ത്രം എന്ന വിഷംയ കൈകാര്യം ചെയ്യുന്ന ഫഹദ് മുഹമ്മദ് സർ. പുതിയ ലക്ചർ ആണ്. ങാ… മീര സുഖമില്ലാതെ രണ്ടു ദിവസം ലീവിലായിരുന്നല്ലോ. അതാണ് കാണാതിരുന്നത്.” ആനന്ദ് എന്ന വിദ്യാർത്ഥി തുടർന്നുള്ള വിവരണം നൽകി. പെൺകുട്ടികൾ അടക്കം എല്ലാവരുടേയും കണ്ണുകൾ ആ സുമുഖനായ ചെറുപ്പക്കാരനിലായിരുന്നു. പെട്ടെന്ന് അയാളുടെ തീക്ഷ്ണമായ നോട്ടം ആ മരച്ചുവട്ടിലേയ്ക്ക് പാഞ്ഞു ചെന്നു. വിദ്യാർത്ഥികൾ അറിയാതെ ഒരു ചൂളൽ അവരിൽ പടർന്നു കയറി.

എന്നാൽ തനിക്കു മാത്രം വലിയ കൂസലൊന്നും തോന്നിയില്ല. പകരം ദൂരക്കാഴ്ചയിൽ ത്തന്നെ ഒരു വല്ലാത്ത അടുപ്പം എനിക്കു ഫീൽ ചെയ്‌തു തുടങ്ങിയിരുന്നു. പ്രേംനസീറിനെപ്പോലെ അതിസുന്ദരനായ ഈ ചെറുപ്പക്കാരനിൽ പെണ്ണുങ്ങളെ ആകർഷിക്കുന്ന ഏതോ വ്യക്‌തിവൈശിഷ്ട്യം നിറഞ്ഞു നിൽക്കുന്നതായി എനിക്കു തോന്നി.

അയാൾ അടുത്തുവരാനായി ഞാൻ കാത്തു നിന്നു. എന്നാൽ കൂടെ നിന്ന മിക്കവരുടേയും മുഖം വിവർണ്ണമായിരുന്നു.

“സാർ കേട്ടുവെന്നു തോന്നുന്നു. ഇങ്ങോട്ടു ശ്രദ്ധിക്കുന്നുണ്ട്.” നിമിഷ എന്ന ബോബ് മുടിക്കാരിയാണ് അത് പറഞ്ഞത്. ഞങ്ങളെല്ലാം നിശബ്ദരായി ഒന്നുമറിയാത്തതുപോലെ നിന്നു. അദ്ദേഹം നടന്നു വന്ന് ഞങ്ങളുടെ അടുത്തെത്തി ചോദിച്ചു.

“എന്താ എല്ലാവരും ഇവിടെ നിൽക്കുന്നത്? ക്ലാസ്സിൽ കയറുന്നില്ലെ?”

“ക്ലാസ്സിൽ കയറാം സാർ… ഇപ്പോൾ ക്ലാസ്സിലിരുന്നാൽ നല്ല ചൂടാണ് സാർ. ക്ലാസ്സിൽ ഇരുന്നാൽ ഉറക്കം വരും. അതുകൊണ്ട് ഞങ്ങളെല്ലാവരും പുറത്തു നിന്ന് അൽപം കാറ്റുകൊള്ളാമെന്ന് കരുതി സർ…” ഞാൻ എന്‍റെ സ്മാർട്ട്നെസ്സ് വെളിവാക്കി കൊണ്ട് അൽപം പരിഭ്രമത്തിൽ പറഞ്ഞു നിർത്തി. അതുകേട്ട് മറ്റു കുട്ടികളിൽ ചിരി ഉണർന്നുവെങ്കിലും അവർ അത് കടിച്ചു പിടിച്ചു നിന്നു. അതുകേട്ട് കൃത്രിമമായി വരുത്തിയ ഗൗരവത്തിൽ എല്ലാവരേയും തറപ്പിച്ചൊന്നു നോക്കി ഫഹദ് മുഹമ്മദ് പറഞ്ഞു.

“ഉം… എല്ലാവരും ക്ലാസ്സിലേയ്ക്കു പൊയ്ക്കോളൂ. ഇവിടെ നിന്ന് വെറുതെ സമയം കളയണ്ട.” അദ്ദേഹത്തിന്‍റെ ആജ്ഞയനുസരിച്ച് ക്ലാസ്സിലേയ്ക്കു പോകുമ്പോൾ ഞങ്ങളെല്ലാം മനസ്സിലോർത്തത് ആ അറുബോറൻ ഫിസിക്സ് മാഷുടെ ക്ലാസ്സിനെക്കുറിച്ചാണ്.

ആ ക്ലാസ്സിൽ നിന്നും എങ്ങിനെയാണ് തല ഊരേണ്ടതെന്ന് തലപുകച്ചാണ് ഞങ്ങൾ ഓരോരുത്തരും വീട്ടിൽ നിന്നുമിറങ്ങുന്നതുതന്നെ. അതുപക്ഷെ ഫഹദ് മുഹമ്മദ് സാറിനോട് പറയുമ്പോൾ ആവുകയില്ലല്ലോ! ഒടുവിൽ നിവൃത്തിയില്ലാതെ ഫിസിക്സ് ക്ലാസ്സ് അറ്റൻഡു ചെയ്യുമ്പോൾ ഞങ്ങൾ ഫഹദ് മുഹമ്മദിനെ ശപിക്കുകയായിരുന്നു.

കോളേജ് വിട്ട് അന്ന് അൽപം നേരത്തേയിറങ്ങി ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുകയായിരുന്നു ഞാൻ. സാധാരണ കോളേജ് വിട്ടാൽ മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഞാൻ തമാശ പറഞ്ഞും, കളിച്ചു ചിരിച്ചും കുറേ സമയം കളയാറുണ്ട്. ചിലപ്പോൾ കോളേജ് കോർട്ടിൽ ബാഡ്മിന്‍റൻ കളിയ്ക്കാൻ മറ്റു കുട്ടികൾക്കൊപ്പം നിൽക്കും. എന്നാലിന്ന് അമ്മയോടൊപ്പം ഷോപ്പിംഗിന് പോകേണ്ടതു കൊണ്ട് ഞാൻ നേരത്തെയിറങ്ങിയാതാണ്. രാവിലെ കോളേജിലേയ്ക്കു പുറപ്പെടുമ്പോൾ അമ്മ ഓർമ്മിപ്പിച്ചിരുന്നതാണ്.

“മീരാ, നീ ഇന്ന് നേരത്തെ എത്തണം. നാളെ അച്‌ഛന്‍റെ ബർത്ത് ഡേയാണ്. ഒരു നല്ല ബർത്ത് ഡേ ഗിഫ്റ്റ് വാങ്ങണം. നീ കൂടി വന്നിട്ടു വേണം ടെക്സ്റ്റൈൽ ഷോപ്പിലൊന്നു പോകാൻ…”

അച്‌ഛന്‍റെ എല്ലാ ജന്മദിനങ്ങൾക്കും എന്തെങ്കിലുമൊരു സർപ്രൈസ് ഗിഫ്റ്റ് അമ്മയുടെ വകയുണ്ടാകും. അതു മിക്കവാറും അച്‌ഛനിഷ്ടപ്പെട്ട കളറിലുള്ള എന്തെങ്കിലുമാകും. ഇത്തവണ അമ്മ ഷർട്ടാണ് പ്ലാൻ ചെയ്‌തിരിക്കുന്നതെന്നു തോന്നുന്നു. ഏതായാലും നേരത്തെ എത്തിയില്ലെങ്കിൽ അമ്മയുടെ വക പരിഭവവും ശകാരവും മുഴുവൻ കേൾക്കേണ്ടി വരും. തന്‍റെ ഇളയവരായ മഞ്ജു പ്രീഡിഗ്രിയിക്കും, മായ പത്തിലുമാണ് പഠിക്കുന്നതെന്നതിനാൽ അമ്മയ്ക്കവരെ കൂട്ടി പുറത്തിറങ്ങാൻ ആവുമായിരുന്നില്ല. രണ്ടു പേർക്കും പഠിക്കുവാൻ ധാരാളമുണ്ടാകും. മഞ്ജു എൻജിനീയറിങ്ങിനും പോകണമെന്ന നിർബന്ധത്തിലാണ്. മായയാകട്ടെ മെഡിസിനും. എനിക്കു മാത്രം ഇത്തരം ലക്ഷ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. മാത്രമല്ല എൻജിനീയറിങ്ങും, മെഡിസിനും എന്നു കേൾക്കുന്നതു തന്നെ എനിക്കു വെറുപ്പായിരുന്നു. മറ്റേതെങ്കിലും ഫീൽഡിൽ കഴിവു തെളിയിക്കാനായിരുന്നു എനിക്കു താൽപര്യം. ഞാൻ അറിയാതെ വാച്ചിലേയ്ക്കു നോക്കി. സമയം ഇപ്പോൾ തന്നെ അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ഇനിയും ബസ് കിട്ടി വീട്ടിലെത്തുമ്പോൾ അരമണിക്കൂർ കഴിയും. അമ്മയുടെ വക ശകാരമോർത്തപ്പോൾ അവൾ കാലുകൾ വലിച്ചു വച്ചു നടന്നു.

“അല്ല… ഇന്നു നല്ല സ്പീഡിലാണല്ലോ മീര നടത്തം. അതും ഒറ്റയ്ക്ക്? എന്തുപറ്റി? സാധാരണ ഏതെങ്കിലും ഫ്രണ്ട്സിനൊപ്പം കളിച്ചു ചിരിച്ചാണല്ലോ താൻ വരാറ്? ഇന്നെന്താ നിമിഷയും ആനന്ദുമൊന്നും തന്‍റെ കൂടെ വരാത്തത്?

ബോട്ടണി തേർഡ് ഇയറിലെ നിരഞ്ജൻ ആയിരുന്നു അത്. അവന് എന്‍റെ മേൽ ഒരു നോട്ടമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അവന്‍റെ സ്നേഹം സ്ഥുരിക്കുന്ന നോട്ടങ്ങളെ ഞാൻ അവഗണിക്കുകയായിരുന്നു പതിവ്. ഒപ്പം പഠിക്കുന്നവരുമായിട്ടുള്ള ഒരു പ്രേമബന്ധം എനിക്ക് സങ്കല്പിക്കുവാൻ പോലുമാകുമായിരുന്നില്ല. ഭർത്താവെന്നാൽ അഞ്ചു വയസ്സെങ്കിലും മൂത്തതായിരിക്കണം. അതാണ് അന്ന് എന്‍റെ പക്ഷം. കോളേജിൽ ഒപ്പം പഠിക്കുന്ന വിദ്യാർത്ഥികളെ ഞാൻ സഹോദരങ്ങളെ പോലെയാണ് കണ്ടിരുന്നത്. അതുകൊണ്ടു തന്നെ നിരഞ്ജന്‍റെ ചോദ്യത്തിന് ഞാൻ ഉത്തരം പറയാതെ വെറുതെ പുച്ഛത്തിൽ ചിരിച്ചു കളഞ്ഞു. അതുകണ്ട് നിരഞ്ജൻ വല്ലായ്മയോടെ മുന്നോട്ടു നീങ്ങി. ഞാൻ അവനെ അവഗണിക്കുന്നതാണെന്ന് അവന് മനസ്സിലാകുന്നുണ്ടായിരുന്നു. ഞാൻ ബസ്സ് സ്റ്റോപ്പിലെത്തിയ ഉടനെ ബസ്സ് വന്നു നിന്നു. ഞാൻ അതിൽ കേറുവാൻ തുനിഞ്ഞ ഉടനെ ഒരു കൂട്ടം ആളുകൾ എന്നെ പൊതിഞ്ഞു കൊണ്ട് ബസ്സിൽക്കേറുവാനായി വന്നെത്തി. ആളുകൾക്കിടയിലൂടെ തിക്കിത്തിരക്കി ഞാൻ എങ്ങിനെയെങ്കിലും ബസ്സിനുള്ളിൽ കയറിപ്പറ്റി. അപ്പോൾ എന്‍റെ നീണ്ട മുടിയിഴകൾ ഒരു മദ്ധ്യവയസ്കയുടെ കൈയ്യിലുടക്കി. അവർ ആ മുടിയിഴകൾ കുടഞ്ഞു കളഞ്ഞു കൊണ്ട് ചോദിച്ചു.

“മുടി ഒന്നൊതുക്കി കെട്ടിയിട്ടു വേണ്ടേ മോളെ ബസ്സിൽ കയറാൻ. ഇത്ര നീളമുള്ള മുടിയായതു കൊണ്ട് പ്രത്യേകിച്ചും…”

അപ്പോൾ ബസ്സിലുള്ള പലരും എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ഇത്ര സൗന്ദര്യമുള്ള പെൺകുട്ടികൾ ഈ നാട്ടിലുണ്ടോ എന്ന അർത്ഥത്തിൽ. എനിക്കൽപം ജാള്യതയും, ഒപ്പം അഭിമാനവും തോന്നി, സ്വന്തം സൗന്ദര്യത്തെക്കുറിച്ചോർത്ത്. അപ്പോൾ അമ്മയുടെ വാക്കുകളോർത്തു.

“മീരാ, നിയീ മുടിയിങ്ങനെ വെറുതെ അഴിച്ചിട്ടാൽ മുഴുവൻ കൊഴിഞ്ഞു പോവുകയേ ഉള്ളൂ. നിനക്കത് നല്ലതു പോലെ കെട്ടിവച്ചു നടന്നു കൂടെ കുട്ടീ…”

അപ്പോൾ ഞാൻ ഓർക്കാറുണ്ടായിരുന്നത് കോളേജിലെ മറ്റു കുട്ടികളുടെ അസൂയ കലർന്ന നോട്ടത്തെ എനിക്കപ്പോൾ കാണാനാവുകയില്ലല്ലോ എന്നാണ്. “കോളേജ് ബ്യൂട്ടി” എന്നാണ് ഞാനിപ്പോൾ അറിയപ്പെടുന്നത്. ആ സൗന്ദര്യത്തിന് എന്തെങ്കിലും ഭംഗം വരുന്ന കാര്യങ്ങൾ ചെയ്യുവാൻ ഞാനന്ന് ഒരുക്കമായിരുന്നില്ല.

ഭൂതകാലത്തിലെ വർണ്ണക്കുടകൾ നീർത്തിയ പൂരപ്പറമ്പിലൂടെ നടന്നു നീങ്ങിയപ്പോൾ അറിയാതെ എന്‍റെ ചുണ്ടുകളിൽ ചിരി പടർന്നു. അന്നത്തെ ആ സൗന്ദര്യ റാണിയുടെ ഇന്നത്തെ അവസ്‌ഥയോർക്കുമ്പോൾ എങ്ങിനെ ചിരിക്കാതിരിക്കും. മുടി കൊഴിഞ്ഞ്, ജരാനരകൾ ബാധിച്ച് ദീനക്കിടക്കയിൽ കഴിയുന്ന ഞാനിന്ന് ആരുടേയും പരിഹാസ പാത്രമാകുവാൻ പോരും വിധം വിരൂപയായിത്തീർന്നിരിക്കുന്നു. അന്നത്തെ ഓജസ്സു തുടിച്ചു നിന്ന നീണ്ടു മിഴിയിണകൾ ഇന്ന് ചൈതന്യം വറ്റിവരണ്ടുണങ്ങിക്കഴിഞ്ഞു.

ഫഹദ് സാറിന്‍റെ നീണ്ട വിരലുകൾ തഴുകിയിരുന്ന മുഖമാകട്ടെ വിളറി വെളുത്ത് രക്‌തപ്രസാദം നഷ്ടപ്പെട്ടവനായി ത്തീർന്നിരിക്കുന്നു. എന്നിട്ടു ഒരിക്കൽ കൂടി ആ വർണ്ണ പ്രപഞ്ചത്തിലേയ്ക്ക് ഊളിയിട്ടിറങ്ങുവാൻ ഞാനറിയാതെ കൊതിച്ചു പോയി. ഭൂതകാലത്തിലെ വർണ്ണപ്പൊട്ടുകൾ മിന്നിത്തിളങ്ങിയ പഴയകാലം, മെല്ലെ മെല്ലെ മനസ്സിലേയ്ക്കരിച്ചെത്തി.

അന്ന് ഞാൻ ചെല്ലുമ്പോൾ അമ്മ എന്നെക്കാത്ത സിറ്റൗട്ടിൽ തന്നെ നിൽക്കുകയായിരുന്നു. അമ്മ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ് ധരിച്ചിട്ടുണ്ട്. അമ്മയ്ക്കിഷ്ടപ്പെട്ട ആ നീല കളർ സാരിയിൽ അമ്മയുടെ സൗന്ദര്യം ഇരട്ടിച്ചതായി എനിക്കു തോന്നി. എന്നെക്കണ്ട് ശുണ്ഠിയോടെ മുഖം തിരിച്ച അമ്മയെ അനുനയിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“അമ്മ ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു. ഈ നീല കളർ സാരിയിൽ അമ്മയെക്കണ്ടാൽ ഒരു ബ്യൂട്ടിക്യൂൻ പോലെയുണ്ട്.

എന്‍റെ വാക്കുകൾ അമ്മയിൽ ഉചിത ഫലം ഉളവാക്കിയെന്നു തോന്നി. അമ്മ അൽപം സ്നേഹത്തോടെ എന്‍റെ പുറത്തു തട്ടി പറഞ്ഞു.

“നീ പോയി കുളിച്ച് ഡ്രസ് മാറി വാ… ഞാൻ ഡ്രൈവറോട് വണ്ടിയെടുക്കാൻ പറയാം.”

അച്‌ഛൻ മാധവമോനോൻ പ്രശസ്ത ക്രിമിനൽ ലോയറായതു കൊണ്ടു തന്നെ വീട്ടിൽ അച്‌ഛന്‍റെ ആവശ്യത്തിന് ഒരു ബെൻസ് കാറുണ്ട്. പിന്നെ ഒരു അംബാസിഡറും അമ്മ ഡ്രൈവിംഗ് പഠിച്ചിരുന്നുവെങ്കിലും വല്ലപ്പോഴും മാത്രമേ വണ്ടിയെടുത്തിരുന്നുള്ളൂ. ഒരിക്കൽ ഒരു ആക്സിഡൻറ് ഉണ്ടായതാണ് അതിനു കാരണം പതിനെട്ടു വയസ്സു തികഞ്ഞതിനാൽ ഞാനും ഡ്രൈവിംഗ് ലൈസൻസ് എടുത്തിരുന്നു. പക്ഷേ അമ്മയാകട്ടെ എന്നെ വണ്ടിയെടുക്കാൻ അനുവദിച്ചിരുന്നില്ല.

“ഒന്നു രണ്ടു കൊല്ലം കൂടി കഴിഞ്ഞിട്ടു മതി നീ വണ്ടിയോടിക്കൽ” എന്നാണ് അമ്മ പറയാറുള്ളത്.

വേഗം കുളിച്ചൊരുങ്ങി ടെക്സ്റ്റൈൽ ഷോപ്പിലേയ്ക്കു പുറപ്പെടുവാൻ തയ്യാറായി നിന്നപ്പോൾ മായ ഓടി വന്നറിയിച്ചു. “എനിക്ക് ഒരു മഞ്ഞ പട്ടു പാവാട വേണമമ്മേ…” അവൾക്ക് ഓണത്തിന് ഉടുക്കുവാൻ വേണ്ടിയാണത്രെ.

“ഏതായാലും എല്ലാവർക്കും എടുത്തേയ്ക്കാം, ഓണം അടുത്തുവരുകയാണല്ലോ…” അമ്മ എന്നോടു പറഞ്ഞു. പിന്നീട് അംബാസിഡറിൽ കയറി പട്ടണത്തിലേയ്ക്കു പുറപ്പെടുമ്പോൾ അമ്മ ഡ്രൈവറോടു പറഞ്ഞു. “വേഗം വണ്ടി വിട്ടോളൂ… സമയം ആറുമണിയായെന്നു തോന്നുന്നു…”

“അതിനെന്താ മാഡം… നമുക്ക് നല്ല സ്പീഡിൽ പോകാം. ഒരു അരമണിക്കൂറിനുള്ളിൽ നമ്മളാ ടെക്സ്റ്റൈൽ ഷോപ്പിലെത്തും.” ആവശ്യത്തിൽ കൂടുതൽ സ്പീഡ് എടുത്ത് ശീലമുള്ള ഡ്രൈവർ വണ്ടി പൂർവ്വാധികം സ്പീഡിൽ വിട്ടു.

ഏകദേശം പത്തു മിനിട്ട് കഴിഞ്ഞില്ല. ഒരു ഓട്ടോറിക്ഷയിൽ ഉരസി വണ്ടി നിന്നു. ഞാനും അമ്മയും ഭയപ്പെട്ടതു പോലെ ഓട്ടോ ഡ്രൈവർ ഇറങ്ങി വന്നു ചീത്ത വിളിക്കാൻ തുടങ്ങി.

“എന്താടോ തനിയ്ക്കു കണ്ണില്ലേ… ഇങ്ങിനെയാണോ വണ്ടി ഓടിക്കുന്നത്. ഞാനിപ്പം വണ്ടിയിടിച്ച് ചാകുമായിരുന്നല്ലോ…” ഓട്ടോ ഡ്രൈവർ അലറി. ആളുകൾ ഓടിക്കൂടുന്നതു കണ്ട് സംഗതി ഗുലുമാലാണെന്ന് മനസ്സിലായി.

“വലിയ ആളുകൾക്ക് എന്തുമാകാമല്ലോ. ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് എന്തുപറ്റിയാലും നിങ്ങൾക്കൊന്നുമില്ലല്ലോ” അതും പറഞ്ഞ് ഓട്ടോ ഡ്രൈവർ ബഹളം വയ്ക്കാൻ തുടങ്ങി. കുറേ ആളുകൾ ഓട്ടോ ഡ്രൈവറുടെ പക്ഷം ചേർന്നു.

പെട്ടെന്ന് അതുവഴി കടന്നു പോയ ഫഹദ് മുഹമ്മദ് സാർ, കാർ നിർത്തി ഇറങ്ങി വന്നു. കാറിനുള്ളിൽ ഭയന്നിരുന്ന എന്നെക്കണ്ട് അദ്ദേഹത്തിന് മനസ്സിലായി.

“കുട്ടി ഞങ്ങളുടെ കോളേജിൽ ഫസ്റ്റ് ഇയർ ഡിഗ്രിയ്ക്കു പഠിക്കുന്ന കുട്ടിയല്ലേ? എന്താണ് പറ്റിത്?”

ഞാൻ സംഭവം വിവരിച്ചപ്പോൾ സാർ പറഞ്ഞു.

“ഇത്രേയുള്ളോ… ഇത് ഞാൻ ഒത്തു തീർപ്പാക്കാം.”

അദ്ദേഹം ഏതാനും നോട്ടുകൾ ഓട്ടോ ഡ്രൈവറുടെ കൈകളിലേയ്ക്ക് നൽകി എന്നിട്ട് പറഞ്ഞു.

“ഇനി നിങ്ങൾ പ്രശ്നം ഒന്നും ഉണ്ടാക്കരുത്. അല്ലെങ്കിലും സ്ത്രീകൾ മാത്രമാണ് ഈ വണ്ടിയിൽ ഉള്ളത്. നിങ്ങൾ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഒഴിഞ്ഞു പോകണം.”

പണം കൈയ്യിൽ കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർക്കു സന്തോഷമായി. അയാൾ വാക്കു തർക്കം നിർത്തിപ്പറഞ്ഞു.

“അല്ലെങ്കിലും എനിക്കും വണ്ടിക്കും ഒന്നും പറ്റാത്തതു കൊണ്ട് പരാതിയില്ല സാറെ…” അയാൾ വണ്ടിയിൽ കയറി ഓടിച്ചു പോയി. ആളുകൾ ഒഴിഞ്ഞു പോയപ്പോൾ സാർ എന്നോടായി പറഞ്ഞു.

“പകലത്തെ സ്മാർട്ട്നെസ്സ് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് താനൊരു പുലിയാണെന്നാണ്. പക്ഷേ ഇപ്പോഴല്ലെ മനസ്സിലായത് ആളൊരു ആട്ടിൻ കുട്ടിയാണെന്ന്.”

അതുപറഞ്ഞ് അദ്ദേഹം ഉറക്കെചിരിച്ചു. പിന്നീട് കാറിനുള്ളിലുണ്ടായിരുന്ന അമ്മയെ നോക്കി തൊഴുതു. എന്നിട്ട് സ്വയം പരിചയപ്പെടുത്തി.

“ഞാൻ ഫഹദ് മുഹമ്മദ് മോൾ ഡിഗ്രിയ്ക്കു പഠിക്കുന്ന കോളേജിലെ രസതന്ത്ര അധ്യാപകനാണ്” അമ്മയും അദ്ദേഹത്തെ തൊഴുതു കൊണ്ട് പറഞ്ഞു.

“സാർ ഇപ്പോൾ ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളാകെ കുഴപ്പത്തിൽപ്പെട്ടേനെ. നന്ദിയുണ്ട് സാർ…” അമ്മ കൃതജ്ഞതാപൂർവ്വം അറിയിച്ചു.

അതുവരെ ഒന്നും മിണ്ടാനാരാകെ  ആകെ ചമ്മിയിരുന്നു ഞാൻ. ഒടുവിൽ പോകാൻ നേരം സാർ ഗൗരവത്തിൽ പറഞ്ഞു.

“ശരി, നാളെ കാണാം. നാളെ ഞാൻ ക്ലാസ്സിൽ പറഞ്ഞോളാം തന്‍റെ വീരസ്യത്തെപ്പറ്റി.” അതുകേട്ട് ഞാനറിയാതെ ഒന്ന് ഞെട്ടി. കൂട്ടുകാർക്കിടയിൽ സ്മാർട്ട് ഗേൾ എന്നറിയപ്പെട്ടിരുന്ന തന്‍റെ അധഃപതനമാകുമോ നാളെ. ഒരു പക്ഷേ ഇനി കൂട്ടുകാർക്കിടയിൽ തലയുയർത്തി നടക്കാൻ എനിക്കാവുകയില്ലെന്നു തോന്നി. മാത്രമല്ല കോളേജ് മുഴുവൻ ഞാൻ മിടുക്കിയെന്നാണ് അറിയപ്പെട്ടിരുന്നത്.

മ്യൂസിക്കിനും, ഡാൻസിനും, പ്രസംഗമത്സരത്തിനും, നാടകത്തിനും എന്നു വേണ്ട കോളേജിലെ എല്ലാ പരിപാടികൾക്കും പ്രീഡിഗ്രി മുതൽ ആ കോളേജിൽ പഠിച്ചിരുന്ന ഞാൻ മുൻപന്തിയിൽ തന്നെ ഉണ്ടാകുമായിരുന്നു. ആ എന്നെ ഇദ്ദേഹം മറ്റു കുട്ടികളുടെ മുമ്പിൽ വച്ച് നാണം കെടുത്തുമോ? പെട്ടെന്ന് കാറിൽ നിന്നിറങ്ങിച്ചെന്ന് തൊഴുകൈകളോടെ ഞാൻ പറഞ്ഞു. “ക്ഷമിക്കണം സാർ, രാവിലെ ഒരു രസത്തിന് ഞാനങ്ങനെ പറഞ്ഞതാണ്. ഇനി ഒരിക്കലും ഞാനത് ആവർത്തിക്കുകയില്ല.”

“ശരി… ശരി… ഞാൻ തന്നെ ഒന്നു പരീക്ഷിച്ചതല്ലെ. ഞാൻ വെറുതെ പറഞ്ഞതാണെടോ. ഞാൻ ക്ലാസ്സിലൊന്നും പറയാൻ പോകുന്നില്ല. എങ്കിലും തന്നെ എനിക്കിഷ്ടമായി. പ്രത്യേകിച്ച് തന്‍റെ സ്മാർട്ട്നെസ്സ്…” അതും പറഞ്ഞ് അദ്ദേഹം എന്നെ നോക്കി കണ്ണിറുക്കി കാറിൽ യാത്രയായി. അപ്പോൾ മാത്രമാണ് എനിക്ക് ശ്വാസം നേരെ വീണത്.

ആ നിമിഷം മുതൽ ഞാൻ ആവശ്യത്തിൽ കവിഞ്ഞ പക്വതയുള്ള ഒരു പെൺകുട്ടിയായി മാറി എന്നു പറയാം. ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് ഡ്രസ്സുകൾ വാങ്ങി മടങ്ങുമ്പോൾ അന്ന് എന്‍റെ മനസ്സിൽ ഏതോ ആഹ്ലാദം തുടി കൊട്ടിയിരുന്നു. ഏതോ ആകാശതീരത്ത് ഒരു പട്ടം പോലെ ഒഴുകി നടക്കുന്ന പ്രതീതി… മനസ്സ് ആ യുവ കോമളന്‍റെ വാക്കും, നോക്കും കൊണ്ട് നിറഞ്ഞിരുന്നു. ഹൃദയം രോമാഞ്ച സാഗരത്തിൽ ആറാടുമ്പോൾ മനസ്സിലേയ്ക്ക് അദ്ദേഹത്തിന്‍റെ വാക്കുകൾ വീണ്ടും വീണ്ടും ഒഴുകിയെത്തി. എനിക്ക് തന്നെ ഇഷ്ടമായി, പ്രത്യേകിച്ച് തന്‍റെ സ്മാർട്ട്നെസ്സ്.

പ്രേമ സംഗീതം പൊഴിച്ചു കൊണ്ട് എവിടെ നിന്നോ ഒരു കിളി പാറി വന്നെത്തി മനസ്സിനുള്ളിൽ കൂടു വച്ചു. ആ കിളിയുടെ സാന്ദ്ര സംഗീതധാരയിൽ അലിഞ്ഞില്ലാതെയായി ഞാനന്നുറങ്ങി. ഉറക്കത്തിൽ ഞാനാസ്വപ്നം കണ്ടു. “ഞാനും ഫഹദ്സാറും രണ്ടിണക്കിളികളെപ്പോലെ കൈകോർത്തു പിടിച്ച് കോളേജങ്കണത്തിൽ പാറി നടക്കുന്നു. പിറ്റേന്ന് കോളേജിലേയ്ക്ക് നേരത്തെ പുറപ്പെട്ടു. ക്ലാസ്സെടുക്കുമ്പോൾ ഫഹദ് സാറിന്‍റെ കണ്ണുകൾ എന്‍റെ മുഖത്തുതന്നെ തറഞ്ഞു നിന്നു.?അന്ന് കെമിസ്ട്രി ലാബിലും സാറിന്‍റെ സഹായ ഹസ്തമുണ്ടായിരുന്നു. കൂട്ടുകാർ പലരും സാറിന് എന്നോടുള്ള പ്രത്യേകത മനസ്സിലാക്കിത്തുടങ്ങിയിരുന്നു. ക്ലാസ്സ് കഴിഞ്ഞപ്പോൾ അവർ ചുറ്റും കൂടി.

“താനെന്താ മീര വല്ല വശീകരണമന്ത്രവും പ്രയോഗിച്ചോ? ഫഹദ്സാറിന്‍റെ കണ്ണുകൾ തന്‍റെ മുഖത്തു തന്നെയായിരുന്നുവല്ലോ?”

ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ടു നിന്നപ്പോൾ അവർക്കത്ഭുതമായി.

“എന്താ മീര, താനെപ്പോൾ മുതലാണ് മിണ്ടാപ്പൂച്ചയായത്? ഫഹദ് സാർ വല്ല മാന്ത്രിക വിദ്യയും പ്രയോഗിച്ചോ?…”

അങ്ങിനെ നൂറുനൂറു ചോദ്യങ്ങൾ എനിക്കു ചുറ്റും ഒഴുകി നടന്നു. എന്നാൽ ഒന്നിനും മറുപടി നൽകാതെ ഞാൻ മിണ്ടാതിരുന്നു. പതുക്കെപതുക്കെ എന്നിലും എന്തോ മാറ്റങ്ങൾ ഉണ്ടാകുന്നതായി എനിക്കു തോന്നിത്തുടങ്ങിയിരുന്നു. ഊണിലും ഉറക്കത്തിലും ഫഹദ് സാർ മാത്രം. ഫഹദ് സാറിന്‍റെ വാക്കുകൾ ഫഹദ് സാറിന്‍റെ ചലനങ്ങൾ എല്ലാം എന്നെ സ്വാധീനിച്ചു കൊണ്ടിരുന്നു. അതേത്തുടർന്ന് ഏതോ സ്വപ്നലോകത്തിലെന്നതു പോലെയായിത്തീർന്നു എന്‍റെ ചലനങ്ങൾ. എന്നാൽ കൂട്ടുകാർ മാത്രം എന്നിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനാവാതെ നിന്നു. അവർക്ക് എന്നിലെ ചുണക്കുട്ടിയെയായിരുന്നു ഇഷ്ടം. എപ്പോഴും ഓടിച്ചാടി നടന്ന് കളിതമാശകൾ പറയുന്ന, കോളേജിലെ എല്ലാ ആഘോഷങ്ങൾക്കും മുൻപന്തിയിൽ നിന്നിരുന്ന മീരയെ… ഒരിക്കൽ അവർ കളിയാക്കുകയും ചെയ്‌തു.

“താനെന്താ സിനിമയിലെ ശാലീന സുന്ദരിയായ നായിക ശാരദയെപ്പോലെയാവുകയാണോ?” അടുത്ത സുഹൃത്ത് ആനന്ദ് കളിയാക്കി.

എന്നാൽ അൽപം കൂടി കഴിഞ്ഞപ്പോൾ അവർ ആ ഉപമ മാറ്റി മറ്റൊന്നാക്കി.

“ഫഹദ്സാർ നസീറും, താൻ അദ്ദേഹത്തിന്‍റെ കാമുകി ഷീലുമായി മാറിയെന്നു തോന്നുന്നു.” അന്നൊരിക്കൽ മറ്റൊരു സുഹൃത്ത് അഭിലാഷ് പറഞ്ഞു. അതുപക്ഷേ സിനിമയിലല്ല, ജീവിതത്തിലാണെന്നു മാത്രം…” എന്‍റെ ആത്മസുഹൃത്ത് നിമിഷയുടെ വകയായിരുന്നു ആ കളിയാക്കൽ.

അതെ! അവർ നിരന്തരം കളിതമാശകൾ തൊടുത്തു വിട്ടപ്പോൾ ജീവിതത്തിന്‍റെ വെള്ളിത്തിരയിൽ അന്നത്തെ പ്രമുഖ നടീനടന്മാരെ പോലെ ഞങ്ങൾ കാമുകീകാമുകന്മാരായി ജീവിച്ചു തുടങ്ങിയിരുന്നു. ദിവസങ്ങൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും വഴിമാറിക്കൊടുത്തപ്പോൾ ഞങ്ങളുടെ പ്രേമബന്ധവും തളിരണിഞ്ഞ് നിറയെ പൂത്തുലഞ്ഞു നിന്നു.

ഫഹദ് സാറിന്‍റെ ജീവിതത്തിൽ ഞാൻ ഒഴിച്ചു കൂടാനാവാത്ത ഒരു വ്യക്‌തിയായിത്തീർന്നു. സുഭാഷ് പാർക്ക് ഞങ്ങളുടെ സ്നേഹ സംഗമത്തിന്‍റെ നിരന്തര വേദിയായി. ഒരിക്കൽ സുഭാഷ് പാർക്കിലെ പൂമരത്തണലിലെ നർമ്മ സല്ലാപങ്ങൾക്കിടയിലായിരുന്നു അദ്ദേഹമത് പറഞ്ഞത്.

“ഉമ്മയ്ക്ക് മീരയെ ഒന്നു കാണണമെന്ന്.”

“ഫഹദ്സാറിന്‍റെ ഉമ്മ എന്നെ അംഗീകരിക്കുമോ? നമുക്കിടയിലുള്ള മതത്തിന്‍റെ വേലിക്കെട്ടുകൾ തന്നെ പ്രധാന കാരണം…” ഞാൻ ആശങ്കയോടെ ചോദിച്ചു.

“ഉമ്മയ്ക്ക് ജാതിയും മതവുമൊന്നുമില്ല. എന്‍റെ ഇഷ്ടമാണ് ഉമ്മയുടെയും ഇഷ്ടം.” ഫഹദ് സാർ അൽപം ആവേശപൂർവ്വം പറഞ്ഞു നിർത്തി. ആത്മവിശ്വാസത്തിന്‍റെ ഒരു നറുംതിരിവെട്ടം അപ്പോൾ ആമുഖത്തുണ്ടായിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രേമബന്ധം അപ്പോഴേയ്ക്കും കോളേജിൽ പാട്ടായിക്കഴിഞ്ഞിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിനപ്പുറം ഞങ്ങളുടെ ബന്ധം അതിരുകൾ ഭേദിച്ച് വളർന്നു കഴിഞ്ഞുവെന്ന് എല്ലാവർക്കും മനസ്സിലായി.

നിരവധി പ്രേമങ്ങൾക്കും പ്രേമ ഭംഗങ്ങൾക്കും കുട പിടിച്ച മഹാരാജാസ് കോളേജിലെ പൂമരത്തണൽ ഞങ്ങൾക്കും തണലേകി. ഒരു ഒഴിവുദിനം കോളേജിൽ സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് പറഞ്ഞ് ഞാൻ നേരത്തെ വീട്ടിൽ നിന്നുമിറങ്ങി. അത് എംഎസ്എസി ഫൈനൽ ഇയർ തീരാൻ ഏതാനും നാളുകളുള്ളപ്പോഴായിരുന്നു. അന്നായിരുന്നു ഫഹദ്സാറിന്‍റെ വീട്ടിലേയ്ക്കു പോകാൻ തീരുമാനിച്ചിരുന്നത്.

(തുടരും)

അജന്ത – അവസാന ഭാഗം

കടന്നുപോയ ഓരോ ദിനങ്ങളും അജന്തയ്‌ക്ക് സമ്മാനിച്ചുകൊണ്ടിരുന്നത് ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കാത്ത മാനസിക തലമായിരുന്നു. ശശാങ്കിന്‍റെ പക്വതയില്ലാത്ത പെരുമാറ്റവും സംസാരവും പരിധി വിട്ടുകൊണ്ടിരുന്നു. എന്നിട്ടും അത് അവസാനിപ്പിക്കണം എന്ന തോന്നൽ അജന്തയ്‌ക്കുണ്ടായില്ല.

ടിച്ചർ-സ്‌റ്റുഡന്‍റ് ബന്ധം ഒന്നും അവന് ഒരു തടസമായില്ല. തന്നേക്കാൾ നാലു വയസു മൂത്ത അജന്തയോടുള്ള അവന്‍റെ പ്രേമം തുടർന്നുകൊണ്ടിരുന്നു. അവളുടെ മനസും അവന്‍റെ പ്രണയത്തെ ഇഷ്‌ടപ്പെടുന്നുണ്ടായിരുന്നു. ശശാങ്കാണ് തന്നെ കൂടുതൽ സ്‌നേഹിക്കുന്നത്. ജീവിതത്തിൽ പ്രണയം എന്തെന്ന് മനസിലാക്കിത്തരുന്നത് ശശാങ്കാണ്. ഇങ്ങനെയൊക്കെ അവൾ ആലോചിക്കും. അടുത്ത നിമിഷം തന്നെ പ്രശാന്തിന്‍റെ ഓർമ്മ വരും.

തന്‍റെ ഇഷ്‌ടങ്ങളും നിയമങ്ങളുമൊക്കെ അജന്തയ്‌ക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പ്രശാന്ത്. എന്നാൽ അതൊന്നും അജന്തയ്‌ക്ക് ഇഷ്‌ടമല്ലെന്ന് കണ്ടാൽ, അത് അംഗീകരിച്ച്, അജന്തയെ സന്തുഷ്‌ടയാക്കാൻ ശ്രമിക്കാറുണ്ട്.

സത്യം പറഞ്ഞാൽ അജന്തയുടെ മനസും ജീവിതവും പ്രശാന്തിനും ശശാങ്കിനും ഇടയിൽപ്പെട്ട് കുരുങ്ങിക്കിടക്കുകയായിരുന്നു. ചില നേരങ്ങളിൽ അവൾക്ക് രണ്ടുപേരോടും ദേഷ്യവും വെറുപ്പും തോന്നും. രണ്ടുപേരെയും ധൈര്യപൂർവം സ്വന്തം ജീവിതത്തിൽ നിന്ന് വലിച്ച് പുറത്തെടുത്തുകളയണം എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അത്രയും കഠിനഹൃദയമുള്ള ആളല്ല താൻ. അതുകൊണ്ടാണ് ശശാങ്കിനോട് കടുപ്പിച്ച് പറയാൻ കഴിയാത്തത്. പ്രശാന്തിനോടും അവന്‍റെ വീട്ടുകാരോടും ഉള്ള പ്രതിബദ്ധത കൊണ്ട് അവിടെയും ഒന്നും പറയാൻ കഴിയുന്നില്ല. ഒരുപാട് ആലോചിച്ചിട്ടും, തീരുമാനത്തിലെത്താൻ കഴിയാതെ അവൾ ഉലഞ്ഞുപോയി.

അജന്തയ്‌ക്ക് വലിയൊരു ഭയം വേറെയുണ്ടായിരുന്നു. കോളേജ് പഠനകാലത്ത് തനിക്ക് രാജീവിനെ ഇഷ്‌ടമായിരുന്നു എന്ന് പ്രശാന്ത് വിവാഹശേഷം അറിയുമ്പോൾ എന്തായിരിക്കും പ്രതികരണം. സ്വന്തം ഭാര്യ മാനസികമായി പോലും കന്യകയായിരിക്കണം എന്നു നിർബന്ധമുള്ള ആളാണല്ലോ പ്രശാന്ത്!

അതിനപ്പുറം ചില ചിന്തകളിൽ പെടുമ്പോഴെല്ലാം അവൾ ശശാങ്കിൽ നിന്നും പ്രശാന്തിൽ നിന്നും ഒഴിഞ്ഞുമാറാൻ വളരെയധികം ആഗ്രഹിച്ചു.

പ്രശാന്തിനെ കാണാൻ പോകുന്ന സമയങ്ങളിൽ ശശാങ്കിന് ഇഷ്‌ടപ്പെട്ട വസ്‌ത്രം ധരിക്കാൻ അവൾ ശ്രമിച്ചു. ശശാങ്കിനെ കണ്ടുമുട്ടുന്ന വേളകളിൽ, പ്രശാന്തിനിഷ്‌ടപ്പെട്ട വസ്‌ത്രം ധരിച്ചാലോ എന്നും ആഗ്രഹിച്ചു. അജന്തയെ അത്തരം വസ്‌ത്രങ്ങളിൽ കാണുമ്പോൾ പ്രശാന്തിന്‍റെ മൂഡ് നഷ്‌ടപ്പെടും. ഷോർട്ട് സ്‌കർട്ടൊക്കെ ധരിച്ചു ചെല്ലുമ്പോൾ നീ ടീച്ചറല്ലെ, ഇതൊന്നും കൊള്ളില്ല എന്നൊക്കെ പറഞ്ഞ് പ്രശാന്ത് വഴക്കുണ്ടാക്കും. സൽവാർ കമ്മീസ് ധരിച്ച് ശശാങ്കിനെ കാണുമ്പോഴും ശശാങ്ക് ചിരിക്കും. “മാം ഇന്നു സുന്ദരിയായിരിക്കുന്നു. പക്ഷേ സ്‌കർട്ട് ധരിക്കുമ്പോഴാണ് കൂടുതൽ സുന്ദരി” എന്ന് പറയാനും അവൻ മറക്കാറില്ല.

തന്‍റെ ആഗ്രഹങ്ങൾക്ക് വില കൽപ്പിക്കുന്ന ആളാണ് ശശാങ്ക്. അതുകൊണ്ടാണ് തനിക്ക് ശശാങ്കിനോട് ഇഷ്‌ടം തോന്നിയത്. അതേസമയം പ്രശാന്ത് പ്രതിശ്രുത വരനാണ്. ഏതാനും മാസങ്ങൾക്കകം വിവാഹിതരാകാൻ തീരുമാനിച്ചവരാണ്.

കുടുംബങ്ങളാണ് തീരുമാനത്തിന് പിന്നിലെങ്കിലും വിവാഹം തകർന്നാൽ എന്തായിരിക്കും പരിണത ഫലം! വർഷങ്ങളായി നിലനിൽക്കുന്ന കുടുംബബന്ധങ്ങളും തകർന്നു പോവില്ലേ?

ശശാങ്കിനോട് തനിക്ക് തോന്നിത്തുടങ്ങിയ താൽപര്യവും, തിരിച്ച് ശശാങ്കിനുള്ള തീവ്രമായ സ്‌നേഹവും തടയാൻ വേണ്ടി ഒരു ദിവസം അജന്ത ശശാങ്കിനോട് പ്രശാന്തിനെ കുറിച്ച് സംസാരിച്ചു. ഉടനെ തന്നെ തങ്ങളുടെ വിവാഹം നടക്കും എന്നു പറഞ്ഞു കേട്ടതോടെ, അല്‌പനേരം ശശാങ്കിന്‍റെ മുഖത്ത് നിരാശ പടർന്നു. പിന്നെ വിടർന്ന ചിരിയോടെ അവൻ പ്രതികരിച്ചു.

“ഏതോ കവി പറഞ്ഞ വാക്യം ഓർമ്മ വരുന്നു. പരിശ്രമിക്കുക. ഫലം താനെ വന്നുചേരും.”

ശശാങ്കിന്‍റെ നിരാശ പൂണ്ട ഭാവം സന്തോഷമായി മാറുന്നതു കണ്ടപ്പോൾ അജന്തയ്‌ക്ക് ആശ്വാസമായി.

“എന്നുവച്ചാൽ എന്താണ്?”

“എന്‍റെ ഇഷ്‌ടത്തോട് നിങ്ങൾ കീഴടങ്ങുന്നതു വരെ ഞാൻ എന്‍റെ പരിശ്രമം തുടരും…”

“നോ ചാൻസ്” അജന്തയുടെ പ്രതികരണം കേട്ടപ്പോഴും ശശാങ്കിന് ഭാവഭേദമൊന്നുമില്ല.

അങ്ങനെ സംഭവിച്ചില്ലെങ്കിൽ സാരമില്ല. നിങ്ങൾ, നിങ്ങളുടെ സ്‌നേഹത്താൽ എന്നെ കീഴടക്കിയാലും മതി!”

ശശാങ്കിന്‍റെ വാക്കുകളിൽ തമാശയെങ്കിലും പക്ഷേ അതിലെ സ്‌നേഹത്തിന്‍റെ തീവ്രത അവളുടെ മനസിൽ ആഴത്തിൽ തൊട്ടു. അകലാൻ ശ്രമിച്ചപ്പോൾ, കൂടുതൽ അടുക്കുകയാണോ? അജന്തയ്‌ക്ക് സംശയമായി.

തൊട്ടടുത്ത ദിവസങ്ങളിലായി നടന്ന രണ്ടു സംഭവങ്ങൾ… അതാണ് അജന്തയുടെ ചിന്തകളെ മാറ്റിമറിച്ചത്.

ഫൈനൽ എക്‌സാം നടക്കുന്നതിനു മുമ്പ് പോളിടെക്‌നിക്കിൽ വാർഷിക കായികമേള നടക്കാറുണ്ട്. ആ ജില്ലയിലെ എല്ലാ പോളിടെക്‌നിക്കിൽ നിന്നുള്ള കുട്ടികളും ആ മേളയിൽ പങ്കെടുക്കാനെത്താറുണ്ട്‌. ഓരോ കോളജിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരയ്‌ക്കുന്നത്. ഇവർക്കു വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുക്കാനായി വോളണ്ടിയറിംഗ് ചെയ്യുന്നത് കോളജിലെ സീനിയർ സ്‌റ്റുഡന്‍റ്സ് ആണ്. ഇവർക്ക് എല്ലാം ഒരു പാസ് കൊടുത്തിട്ടുണ്ട്. ആ പാസുമായി എവിടെയും കടന്നുചെല്ലാം.

ജൂനിയർ ആൺകുട്ടികൾക്കായി പ്രത്യേകം പാസ് ഇഷ്യൂ ചെയ്‌തിട്ടുണ്ടായിരുന്നു. അജന്ത ഒരു സ്‌പോർട്‌സ് പേഴ്‌സൺ ആയതിനാൽ അവളും സജീവമായി പങ്കുചേർന്നു. ശശാങ്കും ഒരു വോളണ്ടിയർ ആണ്. ജാൻസിയിൽ നിന്നു വന്ന ഒരു പറ്റം വിദ്യാർത്ഥികളെ ഹാന്‍റിൽ ചെയ്യുന്നത് അവനാണ്. “മാം, പല നഗരങ്ങളിൽ നിന്നും നല്ല മിടുക്കികളായ പെൺകുട്ടികൾ കളിക്കാൻ വന്നിട്ടുണ്ട്. പക്ഷേ അവരാരും മാമിന്‍റെ അത്രേം വരില്ല!”

ശശാങ്കിന്‍റെ സ്‌നേഹവും കുസൃതിയും നിറഞ്ഞ സംഭാഷണം കേട്ടപ്പോൾ അവൾക്ക് മനസിൽ ഭയങ്കര നിരാശ തോന്നി. താനും ഒരു വിദ്യാർത്ഥി ആയാൽ മതിയായിരുന്നു! ശശാങ്കിന്‍റെ സ്‌നേഹത്തിന് പോസിറ്റീവ് മറുപടി നൽകാമായിരുന്നു!” ഇതൊക്കെയാണെങ്കിലും കാർഡ് ശശാങ്ക് വോളണ്ടിയർ എങ്ങനെ ഒപ്പിച്ചു എന്നായി അജന്തയുടെ സന്ദേഹം. അവൾ അതു തുറന്നു ചോദിച്ചു.

“അതിലെന്താണ് വലിയ കാര്യം. വാർഡന്‍റെ വീട്ടിൽ അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ട സാധനം കൊണ്ടുകൊടുത്തു. ഒരു പാസ് വാങ്ങി.”

സത്യം പറഞ്ഞാൽ ശശാങ്ക് ചെയ്‌തത് നിയമവിരുദ്ധമമായ കാര്യമായിരിക്കും, പക്ഷേ അവന്‍റെ ആ കുസൃതി നിറഞ്ഞ സംസാരവും പെരുമാറ്റവും അജന്ത സ്വന്തം ഹൃദയത്തോട് ചേർത്തുവച്ചു പോയി.

അതോടൊപ്പം, വാർഡന്‍റെ ഈ ദുഃസ്വഭാവം അറിഞ്ഞപ്പോൾ ദേഷ്യം തോന്നുകയും ചെയ്‌തു. ആദ്യം വിചാരിച്ചത്, പ്രിൻസിപ്പാളിനോട് പരാതി പറയാമെന്നാണ്. എന്നാൽ ശശാങ്കിന്‍റെ പാസ് തിരികെ വാങ്ങുമല്ലോ എന്ന ഭയം നിമിത്തം അജന്ത നിശബ്‌ദത പാലിച്ചു.

ശശാങ്കിനോട് അവൾക്കുള്ള സ്‌നേഹത്തിന്‍റെ തെളിവു തന്നെയായിരുന്നു ആ മൗനം.

കായികമേള അവസാനിച്ചു. വർണശബളമായ സമാപനച്ചടങ്ങിനു ശേഷം, അതിഥികളായെത്തിയ കുട്ടികളെല്ലാം അവരുടെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. കോളേജ് കാമ്പസിലെമ്പാടും ആഹ്ലാദ നിമിഷങ്ങൾ. എന്നാൽ അവിചാരിതമായി അതെല്ലാം തകിടം മറിഞ്ഞു. അല്ലെങ്കിലും അങ്ങനെയാണല്ലൊ, ഇത്തരം സംഭവങ്ങൾ അപ്രതീക്ഷിതമായാണല്ലോ രംഗപ്രവേശം ചെയ്യുക.

ജാൻസിയിൽ നിന്ന് വന്ന വിദ്യാർത്ഥിനി പൂജ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്‌ഥാനം നേടിയ മിടുക്കിക്കുട്ടി. രക്‌തം പൊടിഞ്ഞ ശരീരവുമായി കരഞ്ഞുകൊണ്ടു ഓടിവന്നു! അവൾ ഷോപ്പിംഗിനായി മാർക്കറ്റിൽ പോയിരിക്കുകയായിരുന്നു. തിരിച്ചുവരാൻ നേരം രാത്രിയായി. അവൾക്കൊപ്പം രണ്ട്‌ പെൺകുട്ടികളും ഉണ്ടായിരുന്നു.

കോളജിന്‍റെ പിന്നിലെ ഗേറ്റിൽ ഓട്ടോ ഇറങ്ങിയ ശേഷം പൂജ ഓട്ടോക്കാരന് പണംകൊടുക്കാൻ കാത്തുനിന്നു. ചില്ലറ കിട്ടാത്തതുകൊണ്ട് രണ്ടു മിനിറ്റ് എടുക്കുകയും ചെയ്‌തു. ഈ സമയം കൂടെ വന്ന കുട്ടികൾ കോളേജ് കാമ്പസിലേക്ക് കടക്കുകയും ചെയ്തു. കോളേജിന്‍റെ പിന്നാമ്പുറത്തെ റോഡിൽ പൊതുവെ വെളിച്ചം കുറവാണ്.

പൂജ പണം കൊടുത്ത് അകത്തേക്കു കയറാനൊരുങ്ങവേ ആരോ അവളെ തട്ടിയെടുത്തു നീങ്ങി. അവൾ ഒച്ചവച്ചു ബഹളം വയ്‌ക്കാൻ ശ്രമിച്ചെങ്കിലും വായ് പൊത്തിപ്പിടിച്ചതിനാൽ ശബ്‌ദം പുറത്തേക്ക് വന്നില്ല. അവർ രണ്ടുപേരുണ്ടായിരുന്നു. അവരുടെ കായികബലത്തിനു മുന്നിൽ പൂജയ്‌ക്ക് ഒന്നും ചെയ്യാനായില്ല. അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ അവളെ ജീവനോടെ വിട്ടു എന്നു മാത്രം.

പൂജയുടെ അവസ്‌ഥ ദയനീയമായിരുന്നു. അവൾക്ക് ഒന്നും സംസാരിക്കാൻ പോലും കഴിയുന്നില്ലായിരുന്നു. സംഭവമറിഞ്ഞ് അജന്തയും ഓടിപ്പാഞ്ഞെത്തി. ചിലരൊക്കെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. മറ്റു ചിലരാകട്ടെ, ഇതൊക്കെ പുറത്തു പറഞ്ഞാൽ കുട്ടിയുടെ ഭാവി തകരില്ലേ എന്ന് ആശങ്കപ്പെടുന്നു. ഇതിനിടയിൽ ഒരു ശബ്‌ദം ഉയർന്നു.

“നമുക്ക് പോലിസ് സ്‌റ്റേഷൻ പോകാം. കുറ്റവാളികൾക്ക് തക്ക ശിക്ഷ കൊടുക്കാൻ അതാവശ്യമാണ്!” ആ ശബ്‌ദം ശശാങ്കിന്‍റേതാണെന്ന് അജന്ത തിരിച്ചറിഞ്ഞു.

“ഈ പയ്യൻ എന്തു മണ്ടത്തരമാണ് കാണിക്കാൻ പോകുന്നത്.” ആ ശബ്‌ദവും അജന്തയ്‌ക്ക് പരിചിതമായ ആളുടെ ആയിരുന്നു.

“പ്രശാന്തിന്‍റെ!” പ്രശാന്ത് ഇവിടെ!

“അതെ, നിന്‍റെ ഫ്‌ളാറ്റിൽ പോയിരുന്നു. അവിടെ അടച്ചിട്ടിരിക്കുന്നു.”

അജന്തയുടെ ചോദ്യത്തിന് മറുപടിയായി പ്രശാന്ത് പറഞ്ഞു.

“നീ കോളേജിൽ ഇവന്‍റ് ആണെന്ന് പറഞ്ഞിരുന്നല്ലോ. അതാണ് ഇങ്ങോട്ട് വന്നത്. ഇവിടെ വന്നപ്പോൾ കണ്ടത് ബഹുകേമമായി. ആ പെങ്കൊച്ച് കുട്ടിപ്പാവാടയുമിട്ട് ഇറങ്ങിയിട്ടല്ലേ ഈ പ്രശ്നമൊക്കെ ഉണ്ടായത്.”

പ്രശാന്തിന്‍റെ സംസാരം അജന്തയിൽ തീകോരിയിടുന്ന അനുഭവമാണ് ഉണ്ടാക്കിയത്. അതങ്ങനെ പൊള്ളിച്ചുകൊണ്ടിരിക്കെ പ്രശാന്തിൽ നിന്ന് അടുത്ത തീ വാക്കുകളായി പുറത്തേക്ക് തെറിച്ചു.

“ഈ ചെറുക്കൻ എന്തൊക്കെയാ പറയുന്നത്. സംഭവിച്ചതു സംഭവിച്ചു. ഇനി ഈ പെങ്കൊച്ചിന്‍റെ ഭാവിയെ കരുതി മിണ്ടാതിരിക്കുകയാണ് ഭേദം.”

“അതെന്തിന്? അപരാധം ചെയ്‌തവർ സുഖമായി പൊയ്‌ക്കോട്ടെ എന്നാണോ?”

“അപ്പോൾ നീ ആണോ ഞാനാണോ നേതാവ്….” പ്രശാന്തിന്‍റെ മുഖത്ത് ഈർഷ്യ നിറഞ്ഞുനിന്നു.

“നിങ്ങൾ നേതാവായിരിക്കും. പക്ഷേ ഇപ്പോൾ ഈ പെൺകുട്ടിയ്ക്കൊപ്പം നിന്ന് അവളെ സഹായിക്കാൻ എന്താണ് പോംവഴി.” അജന്തയ്‌ക്ക് അദമ്യമായ ദേഷ്യം വന്നു.

“നോക്കൂ അജന്ത, ഞാൻ നിന്‍റെ കൂടെ വൈകുന്നേരം ചെലവഴിക്കാൻ വന്നതാണ്. അതുകൊണ്ടാണ് ഞാൻ ഇവിടെ വരെ വന്നത്. നമുക്ക് പോകാം.”

“പ്രശാന്ത് ഇത് മഹാ കഷ്‌ടമാണ്. പൂജയ്‌ക്ക് ഇപ്പോൾ നമ്മുടെ ആവശ്യമുണ്ട്. പോലീസ് സ്‌റ്റേഷനിൽ പോകേണ്ടിവരും.” അജന്തയ്‌ക്ക് മറുത്തു പറയാതെ നിവൃത്തിയില്ലാതായി. പക്ഷേ അതിന് പ്രശാന്ത് നൽകിയ ഉത്തരം അവളെ വീണ്ടും ദേഷ്യത്തിലാക്കിയതേയുള്ളൂ.

“നമ്മുടെ വീട്ടിലെ സ്‌ത്രീകൾ പോലിസ് സ്‌റ്റേഷൻ കയറിയിറങ്ങാറില്ല. നീ ആ പെൺകുട്ടിയുടെ കൂടെ സ്‌റ്റേഷനിൽ പോകാൻ ഞാൻ സമ്മതിക്കില്ല.”

“പക്ഷേ പ്രശാന്ത്! ഇത് കഷ്‌ടം തന്നെ.”

“പക്ഷേയും കുക്ഷേയും ഒന്നുമില്ല. ഇപ്പോ എന്‍റെ കൂടെ വരിക.”

അജന്തയും പ്രശാന്തും തമ്മിൽ തർക്കം നടക്കുന്നതിനിടെ ശശാങ്ക്, മറ്റൊരു അധ്യാപകന്‍റെ കാറിൽ പൂജയെ കയറ്റിയിരുത്തി. ഒപ്പം മൂന്നുപേരെ വിളിച്ചിരുത്തി കാർ നേരെ പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടു.

“ഹാ… അവർ പോയല്ലോ. ഇനി പ്രശ്നമൊക്കെ അവരെല്ലാം കൂടി നോക്കി പരിഹരിക്കും. ഇപ്പോൾ നമുക്ക് പോകാം.”

പ്രശാന്ത് ശാന്തസ്വരത്തിൽ പറഞ്ഞു. അജന്ത നിശബ്‌ദയായി ഇടറിയ പാദങ്ങളോടെ കാറിനടുത്തേക്ക് നടന്നു. മടിയോടെ കാറിന്‍റെ ഡോർ തുറന്ന് അവൾ അകത്തിരുന്നു.

കുറച്ചു നേരം ഇരുവരും നിശബ്‌ദരായിരുന്നു. പിന്നെ പ്രശാന്ത് സംസാരിച്ചു തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് രണ്ടു കുടുംബങ്ങളും ഒത്തുചേർന്ന് വിവാഹത്തിന്‍റെ തീയതി നിശ്ചയിക്കാൻ പോകുകയാണ്. അജന്ത അതെല്ലാം കേട്ട് യെസ് മൂളി ഇരുന്നതേയുള്ളൂ.

ഒരു വലിയ റസ്റ്ററന്‍റിന്‍റെ മുന്നിൽ പ്രശാന്ത് വണ്ടി നിർത്തി. അകത്തേക്കു പ്രവശേിച്ച ശേഷം അയാൾ ഭക്ഷണം ഓർഡർ ചെയ്‌തു. അജന്തയ്‌ക്ക് എന്താണ് ഇഷ്‌ടം എന്നുപോലും ചോദിക്കാതെയാണ് പ്രശാന്ത് ഭക്ഷണം ഓർഡർ ചെയ്‌തത്. എല്ലാം സ്വന്തം ഇഷ്‌ടമനുസരിച്ചുള്ള മെനു!

വെയിറ്റർ ഭക്ഷണം സെർവ് ചെയ്‌തു. ഭക്ഷണം കഴിക്കുമ്പോഴും അജന്തയുടെ മനസ് നിറയെ പൂജയായിരുന്നു. “പാവം പെൺകുട്ടി! എന്തൊരു ക്രൂരതയാണ് അവളോട് ചെയ്‌തത്!”

“എന്തു അപരാധമാണെന്നാണ്?”

“സത്യം പറഞ്ഞാൽ ആ പെണ്ണിനെ ഇതൊന്നും അറിയാതെ കെട്ടാൻ പോകുന്ന ചെറുക്കന്‍റെ കഷ്‌ടകാലമാണ് ഞാൻ ആലോചിച്ചത്!”

പ്രശാന്തിന്‍റെ ഈ ഡയലോഗ് കേട്ടപ്പോൾ അജന്തയ്‌ക്ക് ഉള്ളിൽ നിന്ന് ഒരു നിലവിളി ഉയർന്നു. അജന്തയ്‌ക്ക് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി അവളൊന്നു ചുമച്ചു.

മുന്നിൽ ഇരിക്കുന്ന ഭക്ഷണം വിഷംപോലെ അവൾ അറച്ചറച്ചിറക്കി.

അജന്തയുടെയും പ്രശാന്തിന്‍റെയെും വിവാഹത്തീയതി തീരുമാനിച്ചു. രണ്ടു കുടുംബങ്ങളും വിവാഹത്തിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. അതോടെ പ്രശാന്ത്, അജന്തയ്‌ക്കുമേൽ അവകാശം ശക്‌തമായി ഉറപ്പിക്കാൻ തുടങ്ങി. അജന്തയ്‌ക്കാകട്ടെ വിവാഹം നടക്കാൻ പോകുന്നതിന്‍റെ യാതൊരു ആഹ്ലാദവും മനസിൽ തെളിഞ്ഞതുമില്ല.

കല്യാണക്കുറി കോളേജിൽ എല്ലാ വർക്കും കൊടുത്തുവെങ്കിലും ശശാങ്കിന് കൊടുക്കാൻ തോന്നിയില്ല. അവൾ തന്‍റെ കല്യാണത്തീയതി ശശാങ്കിനോട് പറഞ്ഞു എന്നു മാത്രം. പക്ഷേ അതു കേട്ടിട്ടും അവനിൽ വലിയ ഭാവവ്യത്യാസങ്ങളൊന്നും കണ്ടില്ല.

അവൻ ചിരിക്കുക മാത്രം ചെയ്‌തു. അതു കണ്ടപ്പോൾ അജന്തയ്‌ക്ക് ശശാങ്കിന്‍റെ സ്‌നേഹത്തെക്കുറിച്ച് സംശയം തോന്നി. ഒരുപക്ഷേ, വെറും ആകർഷണം മാത്രമാവാം. ടൈംപാസ് ആയിട്ടേ ശശാങ്ക് ഇതിനെ കണ്ടിട്ടുണ്ടാവൂ.

പൂജയുടെ മേൽ അതിക്രമം കാട്ടിയവരെ കണ്ടെത്താനും, ആ പെൺകുട്ടിയ്‌ക്ക് നീതി ലഭ്യമാക്കാനും അജന്ത നടത്തിയ ശ്രമങ്ങൾക്ക് ശശാങ്കിന്‍റെ പൂർണ പിന്തുണ ലഭിച്ചു.

ഒരു ദിവസം കോളേജ് കാന്‍റീനിൽ വച്ച് ശശാങ്കിനെ കണ്ടപ്പോൾ അജന്തയ്‌ക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. “ശശാങ്ക് ഇപ്പോൾ നിനക്ക് എന്നെ വിവാഹം കഴിക്കണമെന്നു തോന്നുന്നില്ലേ? അതൊക്കെ മനസിൽ നിന്ന് മാറ്റിയോ?” അജന്ത വളരെ സീരിയസായിട്ടാണ് ചോദിച്ചത്. പക്ഷേ ശശാങ്ക് ഇതിനും പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

“മാം, നിങ്ങളുടെ വിവാഹം നടക്കുന്നതുവരെ എന്‍റെ മനസിൽ ആ ആഗ്രഹം ഉണ്ടായിരിക്കും.”

ശശാങ്ക് രണ്ട് ചായ ഓർഡർ ചെയ്‌തതിനുശേഷം അജന്തയുടെ നേരെ തിരിഞ്ഞു.

“ഓഹ്…. അപ്പോൾ നീ എന്നെ അത്രയും സ്‌നേഹിക്കുന്നു. അപ്പോൾ ഞാൻ പോയാൽ നീ എന്തു ചെയ്യും.”

“ജീവിച്ചല്ലേ പറ്റൂ… ” ശശാങ്ക് അപ്പോഴും നിയന്ത്രിതമായ സ്വരത്തിൽ പറഞ്ഞു.

“ആരും കൂടെ ഇല്ലാതെ?“

“ആരെങ്കിലും ഇല്ലാതെ പ്രയാസമാവും.“

“പക്ഷേ ആരുണ്ടാവും?”

“ഞാൻ പൂജയെ വിവാഹം കഴിക്കും.” ശശാങ്ക് ഗൗരവഭാവത്തിൽ പറഞ്ഞു. ആദ്യമായിട്ടാണ് ശശാങ്ക് ഇത്രയും ഗൗരവത്തിൽ സംസാരിക്കുന്നത്.

“അവൾക്ക് സംഭവിച്ചതൊക്കെ അറിഞ്ഞിട്ടും!” അജന്ത ശശാങ്കിന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

“അവൾ വെർജിൻ അല്ലാത്തതുകൊണ്ട് നിനക്ക് അവളെ അംഗീകരിക്കാൻ കഴിയുമോ?”

“അംഗീകരിക്കൽ? അഭിമാനമല്ലേ തോന്നേണ്ടത്. ഒരു കുറ്റകൃത്യത്തിനെതിരെ ശബ്‌ദമുയർത്താൻ ധൈര്യം കാണിച്ച പെൺകുട്ടിയല്ലേ അവൾ?”

ശശാങ്കിന്‍റെ ഈ മറുപടി അജന്ത ഒട്ടും പ്രതീക്ഷിച്ചതല്ല. അവളുടെ ശിരസ്സ് അവന്‍റെ വലിയ മനസിന് മുന്നിൽ നിശബ്‌ദം നമിച്ചുപോയി.

പ്രശാന്തുമായുള്ള വിവാഹ ദിനം അടുത്തു. അജന്തയ്‌ക്ക് അയാൾ ഒരു മൊബൈൽ ഫോൺ ഗിഫ്‌റ്റായി കൊടുത്തിരുന്നു. വിവാഹം ലക്‌നൗവിൽ വച്ചാണ് നടക്കാൻ പോകുന്നത്. അജന്തയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ലക്‌നൗവിൽ എത്തിക്കഴിഞ്ഞിരുന്നു.

വിവാഹ ദിനം തൊട്ടടുത്തു വന്നു കഴിഞ്ഞതോടെ അജന്തയുടെ ഹൃദയം അതികഠിനമായി ഉലഞ്ഞു തുടങ്ങി. ശശാങ്കിന് കല്യാണക്കുറി പോലും കൊടുത്തില്ലല്ലോ എന്ന ചിന്ത അവളെ അലട്ടി. താൻ അവനെ ക്ഷണിക്കാത്തത് തെറ്റായിപ്പോയി. അവൾ ഒരു കാർഡ് ബാഗിൽ വച്ച് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി ഒരു ടാക്‌സി വിളിച്ചു.

ഈ സമയം പ്രശാന്ത് അവളെ കാണാനായി റൂമിലേക്ക് ചെന്നു. അജന്തയെ അവിടെ കാണാതെ അയാൾ മറ്റു മുറികളിലും അന്വേഷിച്ചു. അജന്തയുടെ അച്‌ഛനും അമ്മയ്‌ക്കും പോലും അറിയില്ല. അജന്ത എവിടെപ്പോയെന്ന്! അയാൾ അവളെ ഫോണിൽ വിളിച്ചു.

“നീ എവിയെപ്പോയ്?” അയാൾ അധികാര സ്വരത്തിൽ ചോദിച്ചു.

“ഒരു സുഹൃത്തിന് കല്യാണക്കുറി നൽകാനാണ്.”

“ഓ… ഇനി അതിന്‍റെ ആവശ്യം എന്ത്? നീ മടങ്ങി വാ…”

“ഏയ്… ഞാൻ കൊടുത്തിട്ടു വരാം. അല്ലെങ്കിൽ അയാൾക്ക് വിഷമം ആവും.”

“വിഷമം ആയാൽ ആവട്ടെ! നീ മടങ്ങി വരാനാണ് ഞാൻ പറഞ്ഞത്.”

“കാർഡ് കൊടുത്തിട്ട് ഉടനെ വരാം.”

“നൊ! ഇപ്പോൾ എവിടെ എത്തിയോ അവിടെ നിന്ന് തന്നെ തിരിച്ചു പോന്നോളൂ.”

“ഞാൻ ഇപ്പോൾ അവിടെ എത്തും.” അജന്തയ്‌ക്ക് ദേഷ്യം വന്നുവെങ്കിലും അവൾ സംയമനത്തോടെ പറഞ്ഞു.

“എടീ, പിശാചേ, നിന്നോടല്ലേ മടങ്ങി വരാൻ പറഞ്ഞത്. കല്യാണം കഴിഞ്ഞാൽ പിന്നെ ഈ തന്നിഷ്‌ടം ഒന്നും നടക്കാൻ പോകുന്നില്ല.”

പ്രശാന്തിന്‍റെ ഈ ചീത്തവിളി കേട്ടതോടെ അവൾക്ക് കടുത്ത ദേഷ്യം തോന്നി. കാതിൽ ചൂടുള്ള എന്തോ പതിച്ച തോന്നൽ. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ അവളെ ഇങ്ങനെ ഭത്സിക്കുന്നത്. അതും നാളെ തന്‍റെ കഴുത്തിൽ താലിചാർത്താൻ പോകുന്നവൻ.

അജന്തയുടെ ഹൃദയം ദുഃഖഭാരത്താൽ ഞെരുങ്ങി. അവൾ കൂടുതലൊന്നും പറയാതെ ഫോൺ കട്ട് ചെയ്‌തു. പ്രശാന്ത് പിന്നെയും വിളിച്ചെങ്കിലും അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തുവച്ചു. ഇനി അയാളുമായി ഒരു വാക്ക് സംസാരിക്കുവാനോ കേൾക്കുവാനോ ഉള്ള മനസ്സ് അവൾക്കില്ലായിരുന്നു. പിടയ്‌ക്കുന്ന ഹൃദയത്തോടെയാണ് അവൾ ശശാങ്കിന്‍റെ മുറിയിലെത്തിയത്.

“ഹായ്….മാം, നാളെ മാഡത്തിന്‍റെ വിവാഹമല്ലേ!” അജന്തയെ അവിടെ കണ്ട് ശശാങ്ക് ശരിക്കും അമ്പരന്നു.

“നിങ്ങളില്ലാതെ എന്‍റെ കല്യാണം എങ്ങനെ നടക്കുമെന്നാണ്?” അജന്ത മുറിക്കുള്ളിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.

“ഇന്ന് മാഡം വലിയ മാറ്റത്തിലാണല്ലോ…” ശശാങ്ക് കുസൃതിച്ചിരിയോടെ പറഞ്ഞു.

“എന്തു മാറ്റമാണ്.”

“നീ എന്നതിനു പകരം നിങ്ങൾ!”

“എന്നേക്കാൾ പ്രായം കുറഞ്ഞ ആളാണെങ്കിലും, ഞാൻ ബഹുമാനിക്കണമല്ലോ. എനിക്ക് അങ്ങനെ തോന്നി.”

“പക്ഷേ അതുകൊണ്ട് കാര്യമില്ല. എന്‍റെ കൂടെ ഉണ്ടാവണം. എന്നാലെ ഞാനത് അംഗീകരിക്കൂ.”

ശശാങ്ക് തന്‍റെ പതിവു ശൈലിയിൽ പറയാൻ തുടങ്ങി. ശശാങ്കിന്‍റെ സംഭാഷണം കേട്ട് അജന്ത കുറച്ചു സമയം നിശബ്‌ദയായി. പിന്നെ അയാളുടെ അടുത്തേക്ക് ചേർന്നു അവൾ ചോദിച്ചു.

“എനിക്ക് എന്‍റെ ശശാങ്കിനൊപ്പം താമസിക്കാൻ കഴിയുമോ?” അജന്തയുടെ വാക്കുകൾ കേട്ട് അവിശ്വസനീയതയോടെ അയാൾ അവളെ നോക്കി.

“എന്താണ് മാം പറയുന്നത്!”

“അതേ, അതുതന്നെ. ഞാൻ എല്ലാം ഉപേക്ഷിച്ചു, നിന്‍റെ അടുത്ത് എത്തിയിരിക്കുന്നു. പരിശ്രമം വിജയം കണ്ടിരിക്കുന്നു. എന്‍റെ സ്‌നേഹത്തിൽ നിന്നെ കീഴ്‌പ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.”

“ഞാൻ എപ്പോഴെ കീഴടങ്ങിയതാണ്” ശശാങ്ക് അവളുടെ തോളിൽ കൈവച്ച് ശരീരത്തിലേക്ക് ചേർത്തു നിർത്തി.

“മാം അല്ല അജന്ത എന്നു വിളിക്കൂ.”

അവൾ ശശാങ്കിന്‍റെ ദേഹത്തോട് ചേർന്നുനിന്ന് മൃദുവായി പറഞ്ഞു.

“അജന്ത…” അയാൾ ദീർഘനിശ്വാസത്തോടെ അജന്തയെ ആലിംഗനം ചെയ്‌തു. മധുരമായ സ്വരത്തിൽ അവൾ അയാളുടെ കാതിൽ മന്ത്രിച്ചു.

ലവ് യു ശശാങ്ക്!

(അവസാനിച്ചു)

അജന്ത

ശശാങ്ക് തന്‍റെ ഫ്‌ളാറ്റിൽ വരുമെന്ന് അജന്ത ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഡോർബെൽ കേട്ടപ്പോൾ വാതിൽ തുറന്നതാണ്. മുന്നിൽ ശശാങ്ക്! എങ്ങനെ പ്രതികരിക്കണം എന്നറിയാതെ അജന്ത കുഴങ്ങിപ്പോയി. പക്ഷേ ശശാങ്കിന്‍റെ പ്രതികരണം തൽക്കാലം രക്ഷപ്പെടുത്തി.

“നമസ്‌തേ, മാം. ഈ ഭാഗത്ത് ഒരാവശ്യത്തിനു വന്നപ്പോഴാണ് മാം ഇവിടെയാണല്ലോ താമസിക്കുന്നത് എന്ന് ഓർമിച്ചത്. മാമിനൊപ്പം ഒരു ചായ കുടിക്കണമെന്ന് ഒരു തോന്നൽ.”

“ഓഹ്.. ഞാൻ നാളെ എടുക്കേണ്ട ക്ലാസിന്‍റെ തയ്യാറെടുപ്പുകള്‍ നടത്തുകയാണല്ലോ. ചായ കുടിക്കാൻ വരാൻ സമയമില്ല.”

ശശാങ്കിനെ പിന്തിരിപ്പിക്കാനുള്ള വ്യഗ്രതയോടെ അജന്ത ചാടിക്കയറിപ്പറഞ്ഞു.

“ഏയ്… ഇത്രയും വെയിലിൽ പുറത്തേയ്‌ക്കൊന്നും പോയി ചായ കുടിക്കേണ്ട. നമുക്ക് ഫ്‌ളാറ്റിൽ ഇരുന്നും ചായ കുടിക്കാമല്ലോ. ഞാൻ ചായ ഉണ്ടാക്കാം. മാം ലക്‌ചർ നോട്ട്‌സ് തയ്യാറാക്കൂ. പിന്നെ! എനിക്ക് വളരെ നന്നായി ചായ ഉണ്ടാക്കാനും അറിയാം.”

ശശാങ്ക് വാതിലിന്‍റെ വിടവിലൂടെ അകത്തേക്ക് പാളി നോക്കിക്കൊണ്ട് പറഞ്ഞു. അകത്ത് ആരെങ്കിലും ഉണ്ടോ എന്നറിയാനുള്ള ആകാംക്ഷയായിരുന്നു അവന്. അജന്ത ഏകാകിനിയാണോ എന്നറിയണമല്ലോ.

ശശാങ്കിന്‍റെ സംസാരം കേട്ടപ്പോൾ ഒന്നും പറയാനാകാതെ അജന്ത തരിച്ചുനിന്നു. ഒരു നിമിഷം നിശബ്‌ദയായി നിന്ന ശേഷം അജന്ത പതിഞ്ഞ കാലടികളോടെ ഫ്‌ളാറ്റിനകത്തേയ്‌ക്കു കടന്നു. ശശാങ്കും ഒന്നും മിണ്ടാതെ അവളെ പിന്തുടരാൻ തുടങ്ങി.

അവൻ അകത്തു പ്രവേശിച്ച ഉടൻ വാതിൽ ചേർത്തടച്ചു. അജന്ത അവനെ സൂക്ഷിച്ചു നോക്കിയപ്പോൾ ഭാവഭേദമില്ലാതെ ശശാങ്ക് ചുറ്റുപാടും നിരീക്ഷിച്ചു. “മാഡം, കിച്ചൻ എവിടെയാ.”

“ഇറ്റ്‌സ് ഒ.കെ.” അജന്ത അയാൾക്കു നേരെ വിരൽ ചൂണ്ടി സോഫയിൽ ഇരിക്കാൻ നിർദ്ദേശിച്ചു.

“നിങ്ങൾ അവിടെ ഇരിക്കൂ. ഞാൻ ചായ എടുക്കാം.”

“ആസ് യു വിഷ്!” ശശാങ്ക് പുഞ്ചിരിയോടെ സോഫയിൽ ചാരി ഇരുന്നു. അയാൾ അവിടത്തെ അതിഥിയൊന്നുമല്ല, ഈ ഫ്‌ളാറ്റിന്‍റെ ഉടമസ്‌ഥന്‍റെ മകനാണ്!

ശശാങ്ക് സോഫയിൽ ഇരുന്നതിനുശേഷം അജന്ത അടുക്കളയിലേക്ക് നടന്നു. ആ നടത്തം അയാൾ കൗതുകത്തോടെ നോക്കിനിന്നു. അജന്ത വീട്ടിലായിരിക്കുമ്പോൾ ഹാഫ് പൈജാമയും ഷോർട്ട് കുർത്തയുമാണ് ധരിക്കാറുള്ളത്. അവളുടെ കണങ്കാലിലേക്ക് അയാളുടെ നോട്ടം പാളുന്നത് അജന്ത ശ്രദ്ധിച്ചില്ല.

“മാഡം, ഒരു ഗ്ലാസ് തണുത്ത വെള്ളം വേണമല്ലോ!” അടുക്കളയിലേക്ക് പിന്നാലെ വന്ന് ശശാങ്ക് പറഞ്ഞു.

ചായ തിളപ്പിക്കാൻ വെള്ളം സ്‌റ്റൗവിൽ വയ്ക്കുകയായിരുന്നു. പെട്ടെന്ന് അജന്ത ഒന്നു ഞെട്ടി അവളുടെ കയ്യിൽ നിന്ന് ഗ്ലാസ് താഴെ വീണു. ശശാങ്കിന് അപ്പോൾ കാര്യം മനസിലായി. തന്‍റെ ശബ്‌ദം കേട്ടപ്പോൾ അവർ ഞെട്ടിയതതാണ്. അവന് ചിരി വന്നു.

“പുറത്ത് എന്താ ചൂട്! ഭയങ്കര ദാഹം!”

അവൾ ഫ്രിഡ്‌ജ് തുറന്ന് വെള്ളക്കുപ്പി എടുത്ത് ശശാങ്കിന് നേരെ നീട്ടി. അപ്പോൾ അയാളുടെ വിരൽ അവളുടെ വിരലുമായി സ്‌പർശിച്ചുവെങ്കിലും അതിൽ അസ്വാഭാവികമായി ഒന്നും അവൾക്ക് തോന്നിയതേയില്ല. ഗ്ലാസിലേക്ക് വെള്ളം നിറച്ച് കുടിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“അമ്മ പറയാറുണ്ട്, വെള്ളം ഗ്ലാസിൽ നിന്നു കുടിക്കണം. കുപ്പിയിൽ നിന്ന് നേരെ കുടിക്കരുത് എന്ന്.”

“എന്താടോ തന്‍റെ അമ്മ ഇതും പറഞ്ഞു തന്നിട്ടില്ലേ, ഒരു സ്‌ത്രീ തനിച്ചു താമസിക്കുന്ന വീട്ടിൽ അവൾക്ക് താൽപര്യമില്ലെങ്കിൽ ചെല്ലരുത് എന്ന്.” ഇങ്ങനെ ഒരു ചോദ്യം അജന്തയുടെ മനസിൽ തികട്ടി വന്നു. അത് അവൾ പുറത്തേക്കു കാണിക്കാതെ ഒതുക്കി. അപ്പോഴേക്കും ശശാങ്ക് ഡ്രോയിംഗ് റൂമിലേക്ക് പോയിരുന്നു.

ചായ കുടിക്കുന്ന വേളയിൽ ശശാങ്ക് അജന്തയോട് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അവൾ എല്ലാറ്റിനും ശരി, യെസ്, എന്നൊക്കെ ഓരോ വാക്കിൽ മറുപടി അവസാനിപ്പിച്ചു. അയാൾ ചായ കുടിച്ച് കഴിഞ്ഞ ഉടനെ അജന്ത തന്‍റെ വർക്ക് മെറ്റീരിയലുകൾ കയ്യിലെടുത്തു. അയാളെ എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് ഒഴിവാക്കിയേ പറ്റൂ.

അജന്ത തന്‍റെ വർക്ക് ചെയ്യാൻ പോകുകയാണെന്ന് മനസിലായതോടെ ശശാങ്ക് പുറത്തേക്ക് ഇറങ്ങി.

“അപ്പോൾ ശരി, മാഡം ഞാൻ ഇറങ്ങുന്നു.”

“ഒകെ. എനിക്ക് എക്‌സാം പ്രിപ്പറേഷൻ ഉണ്ട്” ഇങ്ങനെ പറഞ്ഞുവെങ്കിലും അവളുടെ മനസ്സിൽ പ്രശാന്ത് എപ്പോൾ വരും എന്ന ചിന്തയായിരുന്നു.

ഇന്ന് അവധി ദിനമാണ്. പ്രശാന്ത് എപ്പോൾ വേണമെങ്കിലും വരാം. ഇതിനിടെ ശശാങ്കിനെ കണ്ടാൽ ചോദ്യങ്ങൾ ഉയരാം. എങ്ങനെയെങ്കിലും ശശാങ്ക് ഒന്നു പോയാൽ മതി.

“മാഡം, നിങ്ങൾക്ക് എന്നെ പഠിപ്പിക്കുവാൻ കഴിയുമല്ലോ. അതുകൊണ്ട് എന്തെങ്കിലും സഹായിക്കും എന്നു കരുതി. എനിക്കും കുറേ പഠിക്കാനുണ്ട് എന്നേ സഹായിക്കുമോ?”

“ശരി ശരി. ഇന്ന് എന്തായാലും നിർവാഹമില്ല. ഇപ്പോൾ നിങ്ങൾ പൊയ്‌ക്കോളൂ. എനിക്ക് ലക്‌ച്ചർ നോട്ട്‌സ് അർജന്‍റ് ആയി തയ്യാറാക്കണം. പറഞ്ഞ് പറഞ്ഞ് മടുത്തല്ലോ ഇയാളോട്!” അവൾ ഒട്ടൊരു ദയനീയഭാവത്തിൽ അപേക്ഷയായി പറഞ്ഞു. അതു ശശാങ്കിന് ഇഷ്‌ടപ്പെട്ടു.

“ഒകെ മാഡം. എവിടെയെങ്കിലും പോകുമ്പോൾ എന്നെ വിളിക്കൂ… പിന്നെ വാക്ക് മാറ്റരുത്.”

“വാക്ക്?” അജന്ത അമ്പരന്നു.

“ഇപ്പോൾ പറഞ്ഞില്ലേ, പഠിക്കാൻ സഹായിക്കാം എന്ന്.” ശശാങ്ക് ചിരിച്ചുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.

അജന്ത വാതിൽ ചാരാൻ തുടങ്ങുമ്പോൾ ശശാങ്ക് അൽപം ഉച്ചത്തിൽ പറഞ്ഞു

“മാഡം, നിങ്ങളുടെ പാദങ്ങൾ വളരെ സുന്ദരമാണ്. നോക്കിയിരിക്കാൻ തോന്നും. ഒരു ദിവസം പുറത്തുപോകുമ്പോൾ എനിക്കുവേണ്ടി ഓപ്പൺ ലെഗ്‌സ് ഡ്രസ് ധരിക്കുമോ?”

ശശാങ്കിന്‍റെ ഈ വഷളൻ ചോദ്യം കേട്ടപ്പോൾ അവൾ കടുത്ത മൗനം പാലിച്ചു. പിന്നെ അയാളെ ഒന്നു തറപ്പിച്ചു നോക്കി.

അപ്പോഴും നാണമൊന്നും കൂടാതെ അജന്തയുടെ പാദങ്ങളിലേക്ക് നോക്കി ശശാങ്ക് പുഞ്ചിരിച്ചു. അയാൾ പോയപ്പോൾ അവൾ ആശ്വാസത്തോടെ വാതിൽ ചേർത്തടച്ചു.

അജന്തയ്‌ക്ക് 24 വയസാണ് പ്രായം. കാണാൻ സുന്ദരിയാണ്. അതിനാൽ ഏതു പ്രായത്തിലുള്ള പുരുഷന്മാരും അവളെ ഒന്നു നോക്കി നിന്നുപോകും. തോളറ്റം കഴിഞ്ഞ് കിടക്കുന്ന മുടിയുടെ അഴക് ഒന്നു വേറെ തന്നെയാണ്. കടഞ്ഞെടുത്ത സൗന്ദര്യത്തിന്‍റെ എല്ലാ അഴകുകളും ഒത്തു ചേർന്ന ശരീരം. സൗന്ദര്യം മാത്രമല്ല, ബുദ്ധിശക്‌തിയിലും അവൾ പിന്നിലായിരുന്നില്ല. ബാംഗ്ലൂരിലെ പ്രശസ്‌തമായ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിടെക് ഡിഗ്രി എടുത്ത ശേഷം ലക്‌നൗവിലെ പോളിടെക്‌നിക് കോളേജിലാണ് ജോലി ചെയ്യുന്നത്.

പ്രശാന്ത്, അജന്തയുടെ പപ്പയുടെ സുഹൃത്തിന്‍റെ മകനാണ്. പ്രശാന്തിന്‍റെ പപ്പ രാഷ്‌ട്രീയക്കാരനാണ്. പ്രശാന്തിനായിരിക്കും, പപ്പയുടെ രാഷ്‌ട്രീയ പിന്തുടർച്ച. അജന്തയുടെ പ്രശാന്തിന്‍റെയും എൻഗേജ്‌മെന്‍റ് കഴിഞ്ഞു. പ്രശാന്തിന്‍റെ സഹായത്തോടെയാണ് അജന്തയ്‌ക്ക് ഒരു നല്ല ഫ്‌ളാറ്റ് വാടകയ്‌ക്ക് കിട്ടിയത്.

അജന്തയും പ്രശാന്തും കുട്ടിക്കാലം മുതൽ പരസ്‌പരം അറിയും. ഇടക്കാലത്ത് രണ്ടുപേരുടേയും കുടുംബം നഗരം വിട്ട് താമസിക്കാനിടയായെങ്കിലും വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ഇരു കുടുംബവും ഒത്തുചേരുമായിരുന്നു.

അജന്തയുടെയും പ്രശാന്തിന്‍റെയും വിവാഹം അവരുടെ മാതാപിതാക്കളാണ് തീരുമാനിച്ചത്. ആ തീരുമാനത്തിനോട് അജന്തയും പ്രശാന്തും എതിരൊന്നും പറഞ്ഞതുമില്ല.

അജന്തയെപ്പോലെ അതിസുന്ദരിയും മിടുക്കിയുമായ ഒരു പെൺകുട്ടിയെ നിരാകരിക്കേണ്ട കാര്യം പ്രശാന്തിനില്ല. മറിച്ച് സന്തോഷിക്കാൻ മാത്രമേ കാരണം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പ്രശാന്തിനെ വിവാഹം ചെയ്യാൻ ഇഷ്‌ടമാണെന്ന് പറയാൻ അജന്ത ഒരു ദിവസം ചോദിച്ചു. അത് ലജ്‌ജ കൊണ്ടാണെന്നാണ് വീട്ടുകാർ കരുതിയത്. പക്ഷേ അജന്തയ്‌ക്ക് വിവാഹത്തെക്കുറച്ച് ചിന്തിക്കാൻ കുറച്ച് സമയം വേണമെന്ന് ശരിക്കും തോന്നിയിരുന്നു.

കുട്ടിക്കാലം മുതൽ പ്രശാന്തുമായി സൗഹൃദമുണ്ട്. പക്ഷേ അത് ഒരിക്കലും പ്രണയത്തിലേക്ക് വഴി മാറിയിരുന്നില്ല. പ്രശാന്താകട്ടെ ക്ലോസ് ഫ്രണ്ടും ആയിരുന്നില്ല. സ്വകാര്യമായ കാര്യങ്ങൾ പ്രശാന്തിനോട് പങ്കുവയ്‌ക്കാൻ ഒരിക്കലും കംഫർട്ട് ആയി തോന്നിയിട്ടുമില്ല.

വിവാഹനിശ്ചയത്തിനു ശേഷം പ്രശാന്ത് കുറച്ചൊക്കെ ഇന്‍റിമസിയോടെ സംസാരിക്കാൻ തുടങ്ങി. ആ സംസാരത്തിന് തിരിച്ച് മറുപടി കൊടുക്കാനും ശ്രമിക്കുന്നുണ്ട്‌ എന്നുമാത്രം. പക്ഷേ അതൊന്നും അത്ര ഈസി ഫീലോടെ ഉള്ള മറുപടി ആയിരുന്നില്ല താനും.

പ്രശാന്ത് ഒരു നേതാവിന്‍റെ മകൻ ആണെന്നു മാത്രമല്ല, അയാൾ ഒരു യുവനേതാവ് കൂടിയായിരുന്നു. അതിനാൽ വളരെ സുതാര്യമായ ജീവിതശൈലിയും പെരുമാറ്റവുമായിരുന്നു. പ്രശാന്ത് മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല. എല്ലാ രീതിയിലും നോക്കിയാൽ പക്കാ ജന്‍റിൽമാൻ! എന്നാലും, കുറേ പെൺസുഹൃത്തുക്കൾ പ്രശാന്തിനുണ്ടായിരുന്നു.

അതിനാൽ ഒന്നോ രണ്ടോ പേരുമായി എന്തൊക്കെയോ അഫയർ ഉണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു. അക്കാര്യത്തിൽ വലിയ ഗൗരവമൊന്നും അജന്ത കൊടുത്തിട്ടില്ല. ഇന്നത്തെ കാലത്ത് ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ചെറിയ ചെറിയ പ്രേമബന്ധം ഉണ്ടാകുന്നത് വലിയ സംഭവമൊന്നുമല്ലല്ലോ.

അജന്തയ്‌ക്ക് ഒരിക്കൽ ഒരു ആൺകുട്ടിയോട് ആകർഷണം തോന്നിയിട്ടുണ്ട്. ബാംഗ്ലൂരിൽ ബിടെക് ഫസ്‌റ്റ് ഇയർ പഠിക്കുന്ന സമയത്താണ്. ഫൈനൽ ഇയർ പഠിക്കുന്ന രാജീവ് എന്ന വിദ്യാർത്ഥി. അയാൾ കാണാൻ സുന്ദരനും തമാശക്കാരനും ആയിരുന്നു. അതുകൊണ്ടാവാം അവൾക്ക് അയാളോട് താൽപര്യം തോന്നിയത്. അങ്ങനെ രണ്ടുപേരും അടുക്കുകയും ക്ലോസ്‌ഫ്രണ്ട് ആവുകയും ചെയ്‌തു.

അജന്തയ്‌ക്ക് അന്ന് അത് മനസിലായില്ല. തനിക്ക് രാജീവിനോട് പ്രണയമാണ് എന്ന്. രാജീവ് ഫൈനൽ ഇയർ വിദ്യാർത്ഥിയായിരുന്നു. കോളേജ് കാമ്പസിൽ ഒരു കമ്പനി ഇന്‍റർവ്യൂവിൽ ജോലി ലഭിക്കുകയും ചെയ്‌തു. അതിനുശേഷം അവൻ ഡൽഹിയിലേക്ക് പോയി.

ഏതാനും ദിവസങ്ങളോളം രാജീവിനെ കുറിച്ചുള്ള ചിന്തകളിലായിരുന്നു അജന്ത. പക്ഷേ രാജീവിന്‍റെ ഫോണോ കോണ്ടാക്‌ടോ പിന്നീട് ഉണ്ടായില്ല. അതിനു ശേഷം അജന്തയുടെ ജീവിതത്തിൽ പിന്നീട് ഒരു ആൺകുട്ടിയും കടന്നു വന്നില്ല.

ആലോചിച്ചപ്പോൾ പ്രശാന്തിൽ ഒരു കുറവും ഇല്ല. അതുകൊണ്ട് വിവാഹത്തിന് അവൾ സമ്മതിച്ചു. ഇപ്പോൾ ജോലി കിട്ടിയശേഷം ലഖ്‌നൗവിൽ താമസിക്കുന്നതിനാൽ പ്രശാന്തുമായി ഇടയ്‌ക്കിടെ കാണാൻ സാധിക്കുന്നുണ്ട്. പലപ്പോഴും രണ്ടുപേരും തനിച്ച് ഉണ്ടായ സാഹചര്യങ്ങളിൽ ശാരീരികബന്ധത്തിന് പ്രശാന്ത് ആഗ്രഹിച്ചുവെങ്കിലും അജന്ത അത് നിരാകരിച്ചു.

എല്ലാം വിവാഹശേഷം മതി!

അജന്ത താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനാൽ പ്രശാന്ത് അതേക്കുറിച്ച് സംസാരിച്ചുമില്ല. പക്ഷേ രണ്ടുപേരും പരസ്‌പരം ലാളിക്കുകയും ചുംബിക്കുകയുമെല്ലാം ചെയ്‌തിട്ടുണ്ട്. പക്ഷേ അവന്‍റെ ലാളനങ്ങളോ ചുംബനങ്ങളോ അജന്തയെ മായികലോകത്തേക്ക് എത്തിച്ചതായി അവൾക്ക് അനുഭവപ്പെട്ടില്ല.

20 വയസുകാരനായ ശശാങ്ക് വലിയ ബുദ്ധിമാനൊന്നുമായിരുന്നില്ല. പ്ലസ്‌ടു പഠനത്തിനുശേഷം ബിടെക് അഡ്‌മിഷനായി കോച്ചിംഗ് പോയി. രണ്ടുവർഷത്തോളം അങ്ങനെ പരീക്ഷാ തയ്യാറെടുപ്പായിരുന്നു. പക്ഷേ ഒരു കോളേജിലും അഡ്‌മിഷൻ ലഭിച്ചില്ല. തൊട്ടടുത്ത വർഷം പോളിടെക്‌നിക്കിൽ എൻട്രൻസ് എഴുതി. ലഖ്‌നൗവിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സിനു ചേർന്നു പഠിക്കുന്ന വേളയിൽ മറ്റ് ആക്‌ടിവിറ്റികളിലായിരുന്നു ശശാങ്കിനു താല്‌പര്യം. അലസമായ ജീവിതം…

ശശാങ്കിന്‍റെ ശ്രദ്ധ അജന്തയിലേക്ക് നീണ്ടത് അവിചാരിതമായിട്ടാണ്. അജന്ത എലമെന്‍റ് ഓഫ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണ് പഠിപ്പിക്കുന്നത്. ആ വിഷയത്തെക്കുറിച്ചൊന്നും ചോദിക്കാറില്ലെങ്കിലും അജന്തയോട് മറ്റു കാര്യങ്ങൾ ചോദിക്കാൻ മടിയില്ല ശശാങ്കിന്.

പെൺകുട്ടികളോട് ചോദിക്കാൻ പാടില്ലാത്തത് എന്നു തോന്നുന്നത്ര ചോദ്യങ്ങൾ വരെ ചോദിക്കും. ശശാങ്കിന്‍റെ ഈ രീതിയൊന്നും അജന്തയ്‌ക്ക് ആദ്യം ഇഷ്‌ടപ്പെട്ടിരുന്നില്ലായിരുന്നു. ഒരിക്കൽ അജന്തയോട് അവളുടെ ഓരോ ശരീര ഭാഗങ്ങളെക്കുറിച്ച് പുകഴ്‌ത്തി സംസാരിക്കാൻ വരെ ശശാങ്ക് ധൈര്യം കാണിച്ചു.

മറ്റൊരു ദിവസം അജന്തയോട് പ്രണയാഭ്യർത്ഥന നടത്തി. അന്ന് രാത്രി അക്കാര്യം ഓർത്തു കിടന്നപ്പോൾ അജന്തയ്‌ക്ക് എന്തോ ചിരി വന്നു. പിന്നീട് എപ്പോഴോഎന്താണെന്നറിയില്ല, തന്നേക്കാൾ നാലു വയസ് ഇളപ്പമുള്ള തന്‍റെ വിദ്യാർത്ഥി കൂടിയായ ശശാങ്കിനോട്, അവന്‍റെ സംസാരരീതിയോട് എന്തോ ഒരു ആകർഷണം അജന്തയ്‌ക്കും തോന്നിത്തുടങ്ങി.

മറ്റുള്ളവർക്ക് കേട്ടാൽ, അശ്ലീലം എന്നുതോന്നുന്ന കാര്യങ്ങൾ. പക്ഷേ ശശാങ്ക് അതു പറയുമ്പോൾ അജന്തയ്‌ക്കത് അശ്ലീലമായി അനുഭവപ്പെട്ടില്ല. അവളുടെ ഓർമ്മകളിൽ ശശാങ്ക് ഇടയ്‌ക്കിടെ കയറി വന്നു. അവന്‍റെ പെരുമാറ്റത്തോട് പുറമേ ദേഷ്യം കാണിച്ചുവെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ ഒരു അനുഭൂതി അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.

ശശാങ്ക് വീട്ടിൽ വന്നു പോയശേഷവും അവൾ അക്കാര്യം ശ്രദ്ധിച്ചു. താൻ തനിച്ചാണെന്ന് അറിഞ്ഞിട്ടും അവൻ മോശമായി പെരുമാറാൻ ശ്രമിച്ചില്ല. പക്ഷേ അവൻ ചിലതൊക്കെ സംസാരിക്കാൻ ശ്രമിച്ചു എന്നു മാത്രം. ശശാങ്ക് പോയതിനുശേഷം അജന്ത വാതിൽ അടച്ച് ദീർഘനിശ്വാസമെടുത്തു. അല്‌പനേരം കഴിഞ്ഞപ്പോൾ ഡോർബെൽ മുഴങ്ങി.

അവൾ വിറയ്‌ക്കുന്ന പാദങ്ങളോടെ വാതിൽ തുറന്നു. പ്രശാന്താണ്. “വരൂ.” അവൾ ചിരിയോടെ സ്വാഗതം ചെയ്‌തു.

പക്ഷേ അജന്തയുടെ ഹൃദയത്തിലെവിടെയും പ്രണയത്തിന്‍റെ സുഗന്ധം നിറഞ്ഞു കവിഞ്ഞില്ല. ഭാവി ഭർത്താവ് എന്ന ചിന്തയോ പരിഗണനയോ മാത്രമാണ് മനസിലുള്ളത്. അകത്തേക്കു വന്നശേഷം പ്രശാന്ത് അതേ സോഫയിൽ ഇരുന്നു. അവിടെയാണ് ശശാങ്കും വന്നിരുന്നത്.

പ്രശാന്തിനു വേണ്ടി തണുത്ത വെള്ളം ഫ്രിഡ്‌ജിൽ നിന്ന് എടുത്തു കൊടുക്കുമ്പോൾ അവൾ ഞെട്ടലോടെ അക്കാര്യം ആലോചിച്ചു. ശശാങ്ക് ഇവിടെ ഇരിക്കുന്ന സമയത്താണ് പ്രശാന്ത് വന്നിരുന്നതെങ്കിലോ! ആരാണെന്ന് ചോദിച്ചാൽ എന്ത് പറയാൻ പറ്റും.

“പുറത്ത് ഭയങ്കര ചൂടാണല്ലേ”

അജന്ത വെള്ളം എടുത്തുകൊടുത്ത് കൊണ്ട് ചോദിച്ചു.

വെള്ളം കുടിച്ചുകൊണ്ടിരിക്കെ പ്രശാന്ത് അവളെ അടിമുടി നോക്കി. “ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഇത്തരം ഷോർട്ട്‌ഡ്രസ് ധരിക്കരുതെന്ന്!”

“ഇല്ലല്ലോ, വീട്ടിൽ ധരിക്കരുതെന്ന് പറഞ്ഞിട്ടില്ല.” അജന്ത ആ വിഷയം മാറ്റാനെന്നവണ്ണം ചോദിച്ചു.

“ചായ ഓർ കോഫി?”

“ചായ”

സോഫയിലേക്ക് ചാരിയിരുന്നുകൊണ്ട് അയാൾ പറഞ്ഞു. അജന്ത അടുക്കളയിലേക്ക് നടക്കവെ പ്രശാന്ത് വീണ്ടും അവളെ അടിമുടി നോക്കി. കാൽവണ്ണ കാണുന്ന പൈജാമ!

“അജന്ത, നീ ഇത്തരം ഡ്രസ് വീട്ടിലും ധരിക്കേണ്ട എന്നാണ് എന്‍റെ അഭിപ്രായം.”

“അയ്യേ! വീട്ടിൽ ഇതൊക്കെ ഇട്ടാലെന്താ?” ഇതൊക്കെ നോർമൽ ഡ്രസ് അല്ലേ! ഇന്ന് എല്ലാവരും ഇതൊക്കെ തന്നെയാണ് ധരിക്കാൻ ഇഷ്‌ടപ്പെടുന്നത്.” ചായ ഉണ്ടാക്കിക്കൊണ്ട് അവൾ പ്രശാന്തിനെ നോക്കിപ്പറഞ്ഞു.

“നോർമൽ ഡ്രസിംഗ് ആണ്, പെൺകുട്ടികൾക്ക് ഇഷ്‌ടമാണ്. ഇതൊക്കെ ശരി. എന്നു കരുതി നീ ഇതു ധരിക്കണോ?” പ്രശാന്തിന്‍റെ ശബ്‌ദത്തിൽ താൽപര്യമില്ലായ്‌മ നിറഞ്ഞു നിന്നു.

“ഡിയർ, ഇത്തരം ഡ്രസാണ് എനിക്കിഷ്‌ടം. ധരിക്കാൻ സുഖമാണ്.” അജന്ത തന്‍റെ മനസ് വെളിപ്പെടുത്താതിരുന്നില്ല.

“പക്ഷേ, എനിക്കിത് ഇഷ്‌ടമല്ല അജന്ത. നീ ചായ ഇട്ടു വാ.” ഉത്തരവിടുന്ന പോലെ ആയിരുന്നു പ്രശാന്തിന്‍റെ സ്വരമെന്ന് അജന്ത തിരിച്ചറിഞ്ഞു. “നിങ്ങളുടെ ഇഷ്‌ടം! അപ്പോ എനിക്ക് സ്വന്തമായി ഇഷ്‌ടം ഒന്നും ഇല്ലെന്നാണോ.” പ്രശാന്തിന്‍റെ സംസാരം കേട്ടപ്പോൾ അവൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

ദേഷ്യത്തോടെയുള്ള അജന്തയുടെ സംസാരം പ്രശാന്തിന് ഒട്ടും പിടിച്ചില്ല.

“ഞാൻ പറയാനുള്ളതു പറഞ്ഞു. പക്ഷേ നിനക്ക് യാതൊരു വിവേകവുമില്ല. ഭർത്താവ് ക്ഷീണിച്ച് വീട്ടിൽ കയറി വരുമ്പോൾ ഭാര്യ ഇങ്ങനെയാണോ പെരുമാറുക?”

അജന്ത ശരിക്കും നേരെ വാ നേരെ പോ എന്ന പ്രകൃതക്കാരിയാണ്. ഭാര്യാഭർതൃബന്ധമാവുമ്പോൾ പരസ്‌പരം ചില ആഗ്രഹങ്ങളൊക്കെ ബലി കൊടുത്ത് ജീവിക്കേണ്ടിവരുമെന്നു അവൾക്കറിയാഞ്ഞിട്ടില്ല. എന്നാൽ വളരെ മോശമായി തോന്നി. അജന്ത വിവരവും വിദ്യാഭ്യാസവുമുള്ള സെൽഫ് ഡിപ്പൻഡന്‍റ് ആയ പെൺകുട്ടി ആണ്.

“പ്രശാന്ത്, നിങ്ങളുടെ അനാവശ്യമായ ചിന്തകൾ ഞാൻ അംഗീകരിക്കണമെന്ന് ബലം പിടിക്കരുത്. എനിക്ക് ഈ ഡ്രസ്സിൽ എന്തെങ്കിലും കുഴപ്പം തോന്നിയിട്ടില്ല. പിന്നെ നിങ്ങൾ ഇപ്പോൾ എന്‍റെ ഭർത്താവല്ല, ഭർത്താവാകാൻ സാധ്യതയുള്ള വ്യക്‌തി മാത്രമാണ്.” അജന്തയുടെ ഈ വാചകങ്ങൾ കൂടി കേട്ടതോടെ പ്രശാന്തിന്‍റെ ദേഷ്യം ഇരട്ടിച്ചു.

“എടീ, എന്‍റെ വീട്ടിൽ വന്നശേഷം നിന്‍റെ തോന്ന്യാസമൊന്നും നടക്കില്ല. ഞാൻ പറയുന്ന പോലെ ജീവിച്ചോളണം… അല്ലെങ്കിൽ…” പ്രശാന്ത് ദേഷ്യത്തോടെ ചാടി എഴുന്നേറ്റ് അവൾക്കു നേരെ കയ്യോങ്ങി.

പ്രശാന്തിന്‍റെ ഈ പെരുമാറ്റം അജന്തയ്‌ക്ക് അമ്പരപ്പുണ്ടാക്കി. അവൾ ഒരു നിമിഷം അമ്പരന്ന് അയാളെ തുറിച്ചുനോക്കി. പിന്നെ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് ചോദിച്ചു.

“അങ്ങനെ ജീവിച്ചില്ലെങ്കിൽ എന്തു ചെയ്യും? അടിക്കുമെന്നാണോ?”

ആ ചോദ്യം കേട്ടപ്പോൾ തലയ്‌ക്കൊരു പ്രഹരമേറ്റപോലെ പ്രശാന്ത് അന്തം വിട്ടുപോയി. ഒപ്പം തന്നെ തന്‍റെ സംസാരം അതിരുവിട്ടുപോയെന്ന തിരിച്ചറിവും കടന്നുവന്നു. അയാൾ പെട്ടെന്ന് ശാന്തനായി.

“സോറി ഡിയർ, പുറത്ത് ഭയങ്കര ചൂടാണ്. ഞാൻ അതുകാരണം കുറച്ച് ക്ഷീണിതനായിരുന്നു. അതാണ് ദേഷ്യം വന്നത്. അതൊക്കെ മറന്നോളൂ. നീ പോയി നിന്‍റെ സുന്ദരമായ കരങ്ങൾകൊണ്ട് ഒരു ചായ ഇട്ടു വാ…”

“പുറത്ത് വെയിലാണെന്നുള്ളത് വീട്ടിലിരിക്കുന്ന ഭാര്യയെ തല്ലാനുള്ള ലൈസൻസ് ആണോ?”

പ്രശാന്ത് അല്‌പനേരം അജന്തയെ നോക്കി നിന്നു.

“ശരി, എന്‍റെ ഭാവി വധു എനിക്ക് ചായ ഉണ്ടാക്കിത്തന്നില്ലെങ്കിലും നോ പ്രോബ്‌ളം. ഞാൻ എന്‍റെ സുന്ദരിയ്‌ക്ക് ചായ ഉണ്ടാക്കിക്കൊടുക്കും.” പ്രശാന്ത് കള്ളച്ചിരിയോടെ അടുക്കളയിലേക്ക് പോയി.

എത്ര പഠിച്ചവളാണെങ്കിലും സ്‌ത്രീ ചില നേരങ്ങളിൽ സാധാരണ ഒരു സ്‌ത്രീ മാത്രമായി മാറും.

ഇപ്പോൾ അവൾക്കും തോന്നി, പ്രശാന്തിനോട് ദേഷ്യപ്പെടേണ്ടായിരുന്നു. അതുകൊണ്ടാണോ അയാൾ തനിക്ക് നേരെ കയ്യുയർത്തിയത്. പക്ഷേ കയ്യുയർത്താൻ പാടില്ലായിരുന്നു. ഇതൊക്കെ കഴിഞ്ഞപ്പോൾ തന്നെ പാട്ടിലാക്കാൻ സ്വയം ചായ ഉണ്ടാക്കി തരാൻ അടുക്കളയിലേക്ക് വന്നിരിക്കുന്നു. ഒരു ചായ കൊടുത്തിട്ട് മതിയായിരുന്നു വാക്ക്തർക്കങ്ങൾ! അവൾ ഇതൊക്കെ ചിന്തിച്ച് അടുക്കളയിലേക്ക് ചെല്ലുമ്പോൾ പ്രശാന്ത് ലൈറ്റർ എടുത്ത് സ്‌റ്റൗ കത്തിക്കാൻ തുടങ്ങി.

“നിങ്ങൾ പോയി വിശ്രമിക്കൂ. ഞാൻ ചായ ഇടാം.” അജന്ത പ്രശാന്തിൽ നിന്ന് ലൈറ്റർ പിടിച്ചു വാങ്ങാൻ ശ്രമിച്ചു.

“വേണ്ട ഞാനുണ്ടാക്കാം.” അയാൾ ലൈറ്റർ കൊടുക്കാതെ അവളെ ശരീരത്തോട് ചേർത്തുപിടിച്ചു.

“വിടൂ, ഞാൻ ചായ ഉണ്ടാക്കാം” അവൾ വീണ്ടും പറഞ്ഞു.

“ഇപ്പോൾ എനിക്ക് ചായയല്ല, നിന്‍റെ ചുണ്ടുകളാണ് കുടിക്കാൻ വേണ്ടത്.” പ്രശാന്ത് ആവേശത്തോടെ അവളുടെ ചുണ്ടുകളെ തന്‍റെ ചുണ്ടുകൾക്കുള്ളിലാക്കി. ഒരു ദീർഘചുംബനത്തിലൂടെ അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അയാൾ അവളെ എടുത്ത് കിടക്കയിൽ കിടത്തി. വീണ്ടും ചുംബിക്കാൻ തുടങ്ങി. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഭയന്ന അജന്ത അയാളെ തടഞ്ഞു.

“വേണ്ട പ്രശാന്ത്! ബാക്കി എല്ലാം വിവാഹശേഷം മതി.”

പ്രശാന്ത് സ്വയം നിയന്ത്രിച്ചുകൊണ്ട് അവളുടെ അഭിപ്രായം സ്വീകരിച്ചു.

“നീ പറയുന്നതുപോലെ ആകട്ടെ.” അജന്ത എഴുന്നേറ്റ് തന്‍റെ വസ്‌ത്രങ്ങൾ നേരെയാക്കി. അവൾ ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് നടന്നു.

“നിനക്കറിയാമോ നിന്നോട് എനിക്കുള്ള ക്രേസ് എന്താണെന്ന്!”

“എന്താണ്?”

“കല്യാണം കഴിഞ്ഞു മതി എന്ന് നീ പറയാറില്ലേ? അതു തന്നെ. ഐ ലവ് ഇറ്റ്.”

പ്രശാന്തിന്‍റെ സംസാരം കേട്ട് അജന്ത പുഞ്ചിരിച്ചു.

“എനിക്കും അതാ ഇഷ്‌ടം. നിന്‍റെ കന്യകാത്വം വിവാഹം വരെ നിലനിൽക്കണം.”

അയാൾ അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

അജന്ത അതിനു മറുപടിയൊന്നും പറഞ്ഞില്ല. തിളച്ചുമറിയുന്ന വെള്ളത്തിലേക്ക് അവൾ ഉറ്റുനോക്കി നിന്നു.

“ഏത് ആണിന്‍റെ ഉള്ളിലും ഇങ്ങനെയൊരു ആഗ്രഹം ഉണ്ടാകും.”

പ്രശാന്ത് അവളുടെ കഴുത്തിൽ വിരലോടിച്ചു.

“എന്ത് ആഗ്രഹം?”

“ഭാര്യയാകാൻ പോകുന്ന പെണ്ണ് വിർജിൻ ആകണമെന്ന്!”

പ്രശാന്തിന്‍റെ ഡയലോഗ് കേട്ടപ്പോൾ അജന്തയുടെ മനസിൽ പോറലേറ്റു.

“ഒരു പെൺകുട്ടിയുടെ കന്യകാത്വം വിവാഹത്തിനു മുമ്പ് നഷ്‌ടപ്പെട്ടാൽ, അവളെ സ്‌നേഹിക്കാൻ പുരുഷന് കഴിയില്ലെന്നോ?” ഉള്ളിൽ വീണ്ടും ദേഷ്യം തിളച്ചുപൊന്തുന്നത് അവൾ നിയന്ത്രിക്കാൻ ശ്രമിച്ചു.

“ഒരു പുരുഷന് അവളെ എങ്ങനെ സ്‌നേഹിക്കാൻ പറ്റുമെന്നാണ്? നീ ആലോചിച്ചു നോക്കൂ അജന്താ…”

പ്രശാന്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒരു സ്ത്രീയുടെ ആത്മാഭിമാനത്തിന് മേലുള്ള പുരുഷസ്വരമായി പ്രശാന്തിന്‍റെ വാക്കുകൾ അജന്തയ്ക്ക് തോന്നി. അവളുടെ ഉള്ളം അടുപ്പത്തിരിക്കുന്ന ചായപോലെ തിളച്ചുമറിഞ്ഞു.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें