ഈ മഴക്കാലത്ത് പറയൂ ‘ആംചി മുംബൈ’

ജൂണിൽ തന്നെ മുംബൈയിൽ മൺസൂൺ ആരംഭിക്കുന്നുണ്ടെങ്കിലും അതിന്‍റെ പ്രഭാവം ഓഗസ്റ്റ്- സെപ്റ്റംബർ വരെ നീണ്ട് നിൽക്കും. ഈ സമയത്ത്, മുംബൈയിലെ കാലാവസ്ഥാ വ്യതിയാനം പുതുമ നിറയ്ക്കുന്നു. നമ്മുടെ മുംബൈ കാണാൻ ഇതിലും നല്ല സമയം ഇല്ല

  1. മറൈൻ ഡ്രൈവ്

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ മറൈൻ ഡ്രൈവിന്‍റെ ചരിത്രം വളരെ പഴക്കമുള്ളതാണ്. 1920 ലാണ് കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച ഈ റോഡ് നിർമ്മിച്ചത്. കടലിനോട് ചേർന്ന് മൂന്ന് കിലോമീറ്റർ വിസ്തൃതിയിൽ നിർമ്മിച്ച ഈ റോഡ് ദക്ഷിണ മുംബൈയുടെ സൗന്ദര്യത്തിന്‍റെ കേന്ദ്രമാണ്. മഴക്കാലത്ത് ഇവിടെയെത്തുക എന്നത് എല്ലാവർക്കും മറക്കാനാവാത്ത ഒരു സ്വപ്നം പോലെയാണ്. ഈ സീസണിൽ, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും മറൈൻ ഡ്രൈവിൽ ഉലാത്തുന്നത് കാണാം. ഏറെ ആകർഷിക്കുന്നവിധം കടലിലെ തിരമാലകൾ ഉയരുകയും താഴുകയും ചെയ്യുന്നതാണ് ഇവിടുത്തെ പ്രത്യേകത. നരിമാൻ പോയിന്‍റ് മുതൽ ചൗപ്പട്ടി വഴി മലബാർ ഹിൽ വരെയുള്ള ഭാഗത്താണ് മറൈൻ ഡ്രൈവ്. മുംബൈ ലോക്കൽ ട്രെയിൻ പിടിച്ച് നിങ്ങൾക്ക് ഈ സ്ഥലം ആസ്വദിക്കാം.

  1. ഗേറ്റ്‌വേ ഓഫ് ഇന്ത്യ

മുംബൈ ഏറ്റവും പ്രശസ്തമായ ചരിത്ര സ്മാരകം ഗേറ്റ്‌വേ ഓഫ് ഇന്ത്യയാണ്. ദക്ഷിണ മുംബൈയിലെ അപ്പോളോ ബണ്ടർ ഏരിയയിൽ അറബിക്കടലിന്‍റെ തുറമുഖത്താണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പണി കഴിപ്പിച്ച ഈ സ്മാരകം എന്നും വിനോദസഞ്ചാരികളുടെ കേന്ദ്രമായിരുന്നു. വർഷം മുഴുവനും തിരക്ക് അനുഭവപ്പെടും എങ്കിലും മഴക്കാലമായതിനാൽ ഇവിടെ ആളുകളുടെ സഞ്ചാരം ഏറെയാണ്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ എത്താൻ ചർച്ച് ഗേറ്റ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങണം.

  1. ഹാജി അലി ദർഗ

ഹാജി അലിയുടെ ദർഗയും മുംബൈയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്. 1431 ൽ സ്ഥാപിതമായ സയ്യിദ് പിർ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം ഈ ദർഗയിലാണ്. ഹാജി അലിയുടെ ദർഗ സ്ഥിതി ചെയ്യുന്നത് മുംബൈയിലെ വർലി തീരത്തിനടുത്തുള്ള ഒരു ചെറിയ ദ്വീപിലാണ്. അതിന്‍റെ ഭംഗി ദൂരെ നിന്ന് പോലും കാണാൻ കഴിയും. മഹാലക്ഷ്മി ടെമ്പിൾ റെയിൽവേ സ്റ്റേഷനിൽ മുംബൈ ലോക്കൽ ട്രെയിനിൽ ഇറങ്ങി വേണം ഇവിടെയെത്താൻ.

  1. വോർലി കടൽമുഖം

മൺസൂൺ അതിന്‍റെ മൂർദ്ധന്യത്തിൽ എത്തുമ്പോൾ, കാഴ്ചയിൽ വോർളി കടൽ മുഖത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. ഇവിടെയുള്ള ഉയർന്ന വേലിയേറ്റം സഞ്ചാരികളെ ആകർഷിക്കുന്നു. ട്രെയിനിലോ ബസിലോ നിങ്ങൾക്ക് എളുപ്പത്തിൽ ഇവിടെയെത്താം.

  1. ജുഹു ബീച്ച്

ബാന്ദ്രയിൽ നിന്ന് ഏകദേശം 30 മിനിറ്റ് അകലെ സ്ഥിതി ചെയ്യുന്ന ജുഹു ബീച്ച് മുംബൈ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ബീച്ചാണ്. മുംബൈയിൽ നിന്നും പുറത്തു നിന്നും വരുന്ന വിനോദസഞ്ചാരികളുടെ ആദ്യ ചോയ്സ് ഇതാണ്. പാവ് ഭാജിക്ക് ലോകമെമ്പാടും പ്രശസ്തമാണ് ഈ സ്ഥലം. മൺസൂൺ കാലത്ത് ഇവിടെ വലിയ ജനക്കൂട്ടം കാണും. മൺസൂൺ സമയത്ത്, ജുഹുവിലെ മുൻനിര ഹോട്ടലുകളും വിനോദസഞ്ചാരികൾക്ക് നിരവധി കിഴിവുകൾ നൽകുന്നു. മുംബൈയിലെ ലോക്കൽ ട്രെയിനിൽ ബാന്ദ്ര വെസ്റ്റ് റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ ഇവിടെ എത്തിച്ചേരാം.

Continue reading ഈ മഴക്കാലത്ത് പറയൂ ‘ആംചി മുംബൈ’

ഈ പഴങ്ങൾ കഴിച്ച് മഴക്കാലം ആസ്വദിക്കാം

മഴക്കാലം ഏറെ സന്തോഷം പകരുന്നതാണെങ്കിലും ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ട സമയം കൂടിയാണ്. ഏറെ അസുഖങ്ങൾ വരുന്ന ഒരു സീസൺ കൂടിയാണെന്നതാണ് അതിന് കാരണം.

അമിതമായ ഈർപ്പനിലയും വിയർപ്പും പലതരം വൈറസുകൾക്കും ബാക്ടീരിയകൾക്കും ഫംഗസിനും കാരണമാകാം. അതുപോലെ മലേറിയ, ഡെങ്കിപ്പനി എന്നിങ്ങനെ കൊതുക് പരത്തുന്ന അസുഖങ്ങളും ഈ സ്‌ഥിതി വിശേഷത്തെ ഒന്നുകൂടി ഗുരുതരമാക്കും. ഇത്തരം രോഗങ്ങളെയും അണുബാധകളെയും വളരെ അനായാസം ചെറുക്കാം. ചിട്ടയായതും പോഷകമൂല്യവുമുള്ള ഭക്ഷണരീതിയിലൂടെ മലിനമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ഭക്ഷണം ഒഴിവാക്കി നല്ല ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുക. മൺസൂൺ കാലത്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമായ ഒരു മാർഗ്ഗമാണ് സിട്രസ് പഴങ്ങൾ. അതായത് പുളിയുള്ള പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്.

സീസൺ അനുസരിച്ച് വ്യത്യസ്തങ്ങളായ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഫ്രഷായതും ഉയർന്ന പോഷക മൂല്യമുള്ളതുമായവ കഴിക്കുന്നത് പ്രതിരോധശേഷി ബൂസ്റ്റ് ചെയ്യുന്നതിനും ഫിറ്റായിരിക്കാനും സഹായിക്കും.

മഴക്കാലത്ത് പൊതുവെ ദഹനശേഷി വളരെ കുറഞ്ഞിരിക്കും. അതിനാൽ ഈ സമയത്ത് ദഹനയോഗ്യമായ ലൈറ്റ് ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നതാണ് ഉചിതം. വറുത്തുപൊരിച്ചവ പൂർണ്ണമായും ഒഴിവാക്കാം.

ഈ സമയത്ത് ഊർജ്ജസ്വലമായിരിക്കാൻ വിറ്റാമിൻ സി ധാരാളമായി അടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കാം. ഇവയ്ക്ക് അസിഡിക് സ്വഭാവമുണ്ടെങ്കിലും ശരീരത്തിൽ ആൽക്കലൈൻ (ക്ഷാരം) സാഹചര്യം സൃഷ്ടിക്കുകയും അതുവഴി അസിഡിക് സാഹചര്യത്തിൽ ഉണ്ടാകുന്ന രോഗകാരികളായ അണുക്കളെ നശിപ്പിക്കുകയും ചെയ്യും.

മഴയെ ആസ്വദിക്കുന്നതിനൊപ്പം ശരീരവും മനസ്സും ആരോഗ്യപൂർണ്ണമായിരിക്കാൻ അവശ്യം കഴിച്ചിരിക്കേണ്ട ചില പഴങ്ങൾ ഏതെന്നറിയാം.

ചെറി: ധാരാളം ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമാണ്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തി രക്തസമ്മർദ്ദത്തെ നിയന്ത്രിച്ചു നിർത്താനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ചെറി ഉത്തമമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചെറി ഡയറ്റിൽ ഉൾപ്പെടുത്താം.

പ്ലം: വിറ്റാമിൻ സി, കെ, പൊട്ടാസ്യം എന്നിവയുടെ കലവറയാണിത്. രോഗപ്രതിരോധശേഷി ബൂസ്റ്റ് ചെയ്യാനും ഫ്ളൂ, അണുബാധ എന്നിവയിൽ നിന്നും ശരീരത്തിന് സംരക്ഷണ കവചമൊരുക്കാനും പ്ലം ഡയറ്റിൽ ഉൾപ്പെടുത്താം.

ഞാവൽപ്പഴം: പ്രമേഹ രോഗികൾക്ക് ഒരു വരദാനമാണ് ഞാവൽപ്പഴം. ബ്ലഡ്ഷുഗർ ലെവൽ നിയന്ത്രിച്ച് നിർത്തുന്നതിന് ഇത് മികച്ചതാണ്. അയൺ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുടെ കലവറയാണീ ഈ ലൊ കലോറി പഴം.

ലിച്ചി: ശരീരഭാരം കുറയ്ക്കുന്നതിന് പുറമെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകുന്ന ഫലം കൂടിയാണിത്. വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവയുടെ മികച്ച സ്രോതസാണിത്.

മാതളം: രോഗപ്രതിരോധത്തിന് ഉത്തമം. രക്തവർദ്ധനവിന് മികച്ചതാണിത്. അതുപോലെ രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാനും മികച്ചത്.

കുക്കുംബർ: ഏറ്റവും ഊർജ്ജവും ഉണർവും പകരുന്ന ഒന്നാണിത്. ശരീരത്തിന് ജലാംശം നൽകുന്നതിനൊപ്പം ടോക്സിനുകളെ ഇത് പുറന്തള്ളും. അതുപോലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സലാഡായോ സ്നാക്കായോ കുക്കുംബർ കഴിക്കാം.

പിയർ പഴം: വിറ്റാമിൻ സിയുടെ കലവറ. അതുപോലെ ഉയർന്ന അളവിൽ മറ്റ് പോഷകങ്ങളും നാരുകളുമുള്ള ഒരു പഴമാണിത്. ഡയറ്റ് ശ്രദ്ധിക്കുന്നവർക്ക് സധൈര്യം ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്താം. ഇതിൽ കലോറി വളരെ കുറഞ്ഞ അളവിലെ ഉള്ളൂ.

മേൽപ്പറഞ്ഞ പഴങ്ങൾക്ക് പുറമെ മാമ്പഴം, തക്കാളി, പപ്പായ, വാഴപ്പഴം എന്നിവയെല്ലാം മഴ സീസണിൽ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഇവയെല്ലാം തന്നെ പ്രതിരോധശേഷി ബൂസ്റ്റ് ചെയ്യും. വിറ്റാമിൻ ഡി ധാരാളമായുള്ള പഴങ്ങൾ ധാരാളം കഴിക്കുക. ഒപ്പം ധാരാളം വെള്ളം കുടിക്കാം. മഴക്കാലമാണെങ്കിലും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതാവശ്യമാണ്.

വീട്ടിലെ ഈർപ്പം ഒഴിവാക്കാനുള്ള ടിപ്‌സ്

മഴക്കാലത്ത് വീടിന്‍റെ സംരക്ഷണം ഏറ്റവും പ്രധാനമാണ്, കാരണം രോഗങ്ങൾ ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്. മഴ പെയ്താൽ വീടിനുള്ളിൽ ഈർപ്പം അടിഞ്ഞുകൂടുന്നു. അങ്ങനെ ഫർണിച്ചറുകൾ, സോഫാ കവറുകൾ, ആഭരണങ്ങൾ, ഗാഡ്‌ജെറ്റുകൾ, ഇലക്‌ട്രോണിക് സാധനങ്ങൾ എന്നിവ കേടാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ചില മുൻകരുതലുകൾ എടുക്കുന്നതിലൂടെ നിങ്ങളുടെ വീട്ടുപകരണങ്ങൾ ഈർപ്പത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയും.

  1. വസ്ത്രങ്ങളും വാർഡ്രോബും

മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കുന്നത് വളരെ ശ്രമകരം ആണ്.മിക്ക വീട്ടുകാരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് ഇത്. വസ്ത്രങ്ങൾ ശരിയായി ഉണക്കിയില്ലെങ്കിൽ ഒരു വിചിത്രമായ മണം ഉണ്ടാകുന്നു. അത് അടുത്ത കഴുകൽ വരെ പോകില്ല. നിങ്ങളുടെ അലമാരയിലെ ഈർപ്പം ഒഴിവാക്കുന്നതിന് ഈർപ്പം ആഗിരണം ചെയ്യുന്ന കർപ്പൂര ഗുളികകൾ അതിൽ സൂക്ഷിക്കുക.

മഴക്കാലത്ത് അലമാര വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അതിൽ പൂപ്പൽ വളരും. വസ്ത്രങ്ങൾ നന്നായി ഉണങ്ങുമ്പോൾ മാത്രം അലമാരയിൽ സൂക്ഷിക്കുക.

  1. ചിതൽ ശല്യം

മഴയുള്ള ദിവസങ്ങളിൽ കീടങ്ങളും ചിതലും വലിയ പ്രശ്നമാണ്. കർപ്പൂര ഗുളികകൾ, ഗ്രാമ്പൂ, വേപ്പില എന്നിവ വഴി നിങ്ങൾക്ക് അവയെ അകറ്റി നിർത്താം. ഈ സീസണിൽ നിങ്ങൾ പുതിയ ഫർണിച്ചറുകൾ വാങ്ങാൻ തയ്യാറെടുക്കുകയാണെങ്കിൽ പൂപ്പൽ, ചിതൽ എന്നിവയെ പ്രതിരോധിക്കുന്ന ഫർണിച്ചറുകൾ മാത്രം ഉപയോഗിക്കുക.

നിങ്ങൾ കുറച്ച് ദിവസത്തേക്ക് വീടിന് പുറത്ത് പോകുകയാണെങ്കിൽ ഫർണിച്ചറുകൾക്ക് ഈർപ്പം പറ്റാതിരിക്കാൻ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുക. ഫർണിച്ചറുകൾ വൃത്തിയായി സൂക്ഷിക്കുന്നതും വളരെ പ്രധാനമാണ്. താപനിലയിലും ഈർപ്പത്തിലും ഉണ്ടാകുന്ന മാറ്റങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കാൻ നിങ്ങൾക്ക് ഗ്ലിസറിൻ, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാം. മരം വെള്ളം കൊണ്ട് വീർക്കുകയാണെങ്കിൽ, അസെറ്റോൺ ഉപയോഗിക്കുക. ഇത് വെള്ളം വേഗത്തിൽ ആഗിരണം ചെയ്യുന്നു. തടി വസ്തുക്കൾ തുടയ്ക്കാൻ ഉണങ്ങിയ തുണി ഉപയോഗിക്കുന്നത് ഉറപ്പാക്കുക.

  1. ഷൂ റാക്കിൽ ബൾബ് ഇടുക

കാലാകാലങ്ങളിൽ ഷൂ ക്ലോസറ്റ് വൃത്തിയാക്കണം ഷൂസും സ്ലിപ്പറുകളും വലിയ അളവിൽ ഈർപ്പം ആഗിരണം ചെയ്യും നനഞ്ഞാൽ കാലിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അലമാരയിൽ കുറഞ്ഞ പവർ ബൾബ് ഇടുക അതിലൂടെ പുറത്തുവരുന്ന ചൂട് ഷൂസ്, സ്ലിപ്പറുകൾ എന്നിവയിൽ നിന്ന് ഈർപ്പം ആഗിരണം ചെയ്യും.

  1. കർട്ടനുകളും കാർപെറ്റുകളും

മഴക്കാലത്ത് കാർപെറ്റ് ഉപയോഗിക്കരുത്. അവ മടക്കി അലമാരയിൽ വയ്ക്കുക. എന്നിരുന്നാലും പരവതാനികൾ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത നിങ്ങൾക്ക് ശരിക്കും തോന്നുന്നുവെങ്കിൽ അവ ഉണങ്ങിയാതായിരിക്കാൻ ശ്രമിക്കുക. പരവതാനിയിൽ നടക്കുന്നതിന് മുമ്പ് നിങ്ങളുടെ പാദങ്ങൾ നന്നായി കഴുകുക.

പരവതാനിയിൽ പൊടിയും അഴുക്കും ഉണ്ടെങ്കിൽ ബ്രഷ് ഉപയോഗിച്ച് നന്നായി ബ്രഷ് ചെയ്ത് കഴുകുക. കർട്ടൻ മടക്കി ഒരു ചരട് കൊണ്ട് കെട്ടുക. നനഞ്ഞാൽ അവയ്ക്ക് ദുർഗന്ധം ഉണ്ടാകും. ഇതോടൊപ്പം രോഗങ്ങളുടെ വിരുന്നാവും. കർട്ടനുകളിൽ പൊടിയും മണ്ണും അടിഞ്ഞുകൂടുന്നു, അതിനാൽ ഇടയ്ക്കിടെ കഴുകുക. വെയിൽ ഉള്ളപ്പോൾ കർട്ടനുകളും റഗ്ഗുകളും പുറത്ത് ഉണക്കാൻ ശ്രദ്ധിക്കുക

  1. നല്ല ലെതർ സോഫ കവർ

സോഫയിൽ നല്ല നിലവാരമുള്ള ലെതർ കവറുകൾ ഉപയോഗിക്കാം. 15 ദിവസത്തിലൊരിക്കൽ കവർ നന്നായി വൃത്തിയാക്കുക. ഉണങ്ങിയ-മൃദുവായ തുണി ഉപയോഗിച്ച് അവയെ തുടയ്ക്കുക. കവർ തിളങ്ങാൻ മോയ്സ്ചറൈസർ ഉപയോഗിക്കുക. ഒരു കഷണം കോട്ടൺ എടുത്ത് മോയിസ്ചറൈസറിൽ മുക്കി കവർ നന്നായി തുടയ്ക്കുക. പൂപ്പൽ വളർച്ച തടയാൻ ലെതർ കവറുകൾ വർഷത്തിൽ രണ്ടോ മൂന്നോ തവണ ഡെറ്റോളും വെള്ളവും ഉപയോഗിച്ച് കഴുകുക

  1. ആഭരണങ്ങൾ

പണവും സ്വർണ്ണവും വെള്ളിയും മറ്റ് ലോഹ വസ്തുക്കളും കോട്ടണിൽ പൊതിഞ്ഞ് വൃത്തിയുള്ള ഒരു ഫോയിലിൽ സൂക്ഷിക്കുക. മൺസൂൺ കാലത്ത് വെള്ളി ആഭരണങ്ങൾ കറുത്തതായി മാറുന്നു. അവയുടെ തിളക്കം നിലനിർത്താൻ ബട്ടർ പേപ്പർ ഉപയോഗിക്കുക. അതിനുശേഷം ഒരു സ്ക്രബ് ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വൃത്തിയാക്കാം.

  1. ഹോം ഗാഡ്‌ജെറ്റുകൾ

മൊബൈൽ ഫോണുകൾ, ക്യാമറകൾ, ഐപോഡുകൾ എന്നിവ മഴയിൽ നിന്ന് സംരക്ഷിക്കാൻ പ്ലാസ്റ്റിക് ഫോയിൽ അല്ലെങ്കിൽ കവർ ഉപയോഗിക്കുക. മ്യൂസിക് സിസ്റ്റങ്ങൾ, സ്പീക്കറുകൾ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ഉപയോഗത്തിന് ശേഷം പ്ലാസ്റ്റിക് കൊണ്ട് മൂടുക.

ഇതിനൊക്കെ പുറമെ അണുബാധ ഉണ്ടാകാതിരിക്കാൻ പതിവായി വീട് വൃത്തിയാക്കുക. പാത്രങ്ങൾ, ബക്കറ്റുകൾ, കൂളറുകൾ എന്നിവയുടെ വെള്ളം ഇടയ്ക്കിടെ മാറ്റുക.

Monsoon Tips: മഴക്കാലം പനിക്കാലം

വേനൽക്കാലം അവസാനിച്ചു, ഇനി മഴയുടെ കാലം ആണ്. ആദ്യത്തെ മൺസൂൺ മഴ ആരംഭിച്ചു കഴിഞ്ഞു.

ആളുകൾക്ക് മഴ ഇഷ്ടമാണ്. എന്നാൽ ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം ഈ സീസണിൽ ജലദോഷവും പനിയും വളരെ വേഗത്തിൽ പടരുന്നു. പനിയും മഴക്കാലവുമായുള്ള ബന്ധം പുതിയ കാര്യമല്ല. കോവിഡ് വരുത്തിയ ക്ഷീണം മാറിവരുന്നതേയുള്ളു. അതിനാൽ ഈ മഴക്കാലം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

പനി ആരോഗ്യമുള്ള മനുഷ്യനെപ്പോലും കിടക്കയിലേക്ക് തള്ളിയിടും. അതുകൊണ്ടാണ് ചില പ്രധാന മുൻകരുതലുകൾ എടുക്കേണ്ടത്. മഴക്കാലത്ത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പനിയിൽ നിന്ന് രക്ഷിക്കാൻ കഴിയുന്ന ചില എളുപ്പ വഴികൾ.

  1. കൈ കഴുകുക

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ നിർബന്ധമായും കഴുകണം.  സോപ്പ് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ, സാനിറ്റൈസർ ഉപയോഗിക്കുക.

  1. മാസ്ക് ഉപയോഗിക്കുക

വീട്ടിൽ രോഗമുണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കുക. പുറത്ത് പോകുമ്പോൾ പതിവായി മാസ്ക് വെയ്ക്കാം. അതല്ലെങ്കിൽ മുഖം ഒരു തൂവാലകൊണ്ടോ ഏതെങ്കിലും തുണികൊണ്ടോ മറയ്ക്കുക. ഇതുമൂലം രോഗം പകരുന്നത് കുറയ്ക്കാം.

  1. തണുത്ത ഭക്ഷണങ്ങൾ കഴിക്കരുത്

ഈ ദിവസങ്ങളിൽ ഐസ്ക്രീം, ബോളുകൾ, ശീതളപാനീയങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും തണുത്ത ഭക്ഷണം കഴിക്കരുത്. ഈ സീസണിൽ വൈറൽ അണുബാധ പെട്ടെന്ന് പടരുന്നു.

  1. ആരോഗ്യകരമായ ഭക്ഷണം

പച്ച പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, പുതിയ പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണം ഈ ദിവസങ്ങളിൽ കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാകും. അങ്ങനെ പനി, , മറ്റ് അണുബാധകൾ എന്നിവയോട് ധൈര്യത്തോടെ പോരാടാനാകും.

  1. ധാരാളം വെള്ളം കുടിക്കുക

ഇൻഫ്ലുവൻസയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ കഴിയുന്ന ഒരു ചെലവുകുറഞ്ഞ പ്രതിവിധിയാണ് വെള്ളം. പ്രതിദിനം 3 ഗ്ലാസ് വെള്ളം മാത്രം കുടിക്കുന്ന ആളുകൾക്ക് തൊണ്ടവേദന, മൂക്കടപ്പ് എന്നിവ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

  1. ചൂടുള്ള ചായ കുടിക്കുക

മഴക്കാലത്ത് ഒരു കപ്പ് ചായയെങ്കിലും കുടിക്കണം. ചായയിൽ ഇഞ്ചിയും ഏലക്കായും ചേർത്താൽ നന്നായിരിക്കും. പക്ഷേ ചായയ്ക്ക് അടിമയാകരുത്. ഇത് ഒരു സ്വാഭാവിക ആന്‍റിബയോട്ടിക്കായി പ്രവർത്തിക്കുന്നു.

  1. സമ്മർദ്ദത്തിൽ നിന്ന് അകന്നു നിൽക്കുക

സമ്മർദ്ദം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങൾക്ക് പനി കൂടുതൽ വേഗത്തിൽ പിടിപെടും. സ്ട്രെസ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും.

  1. പുകവലി ഉപേക്ഷിക്കുക

പുകവലി പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. എന്നാൽ പ്രത്യേകിച്ച് ഇക്കാരണത്താൽ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതലായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ദുർബലമാക്കുകയും ചെയ്യുന്നു.

Monsoon Tips: മഴക്കാലം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൺസൂൺ കാലത്ത്, മുതിർന്നവരായാലും കുട്ടികളായാലും വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് ചെയ്തില്ലെങ്കിൽ പല മാരക രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ടാണ് മഴക്കാലത്ത് വീട്ടിലെ ചില ശീലങ്ങൾ മാറ്റി നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നതിനുള്ള ചില ടിപ്പുകൾ.

  1. പച്ചക്കറി /പഴം ശുദ്ധജലത്തിൽ കഴുകേണ്ടത് അത്യാവശ്യമാണ്

മഴക്കാലത്ത് ഭൂമിക്കടിയിൽ വസിക്കുന്ന ഭൂരിഭാഗം പ്രാണികളും ഉപരിതലത്തിലേക്ക് വരുന്നു, ഇത് പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയെ മലിനമാക്കുന്നു. അതിനാൽ ഏതെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനു മുമ്പ് അവ ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകുക. ആവശ്യമെങ്കിൽ രോഗം ഒഴിവാക്കാൻ പൊട്ടാസ്യം പെർമാങ്കനെറ്റ് ഇട്ട വെള്ളവും ഉപയോഗിക്കാം.

  1. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക

മഴക്കാലത്ത് വെള്ളവും അണുബാധയുണ്ടാക്കുന്നു. കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുക അതിനൊപ്പം സ്വയവും കുടിക്കുക. വൃത്തിയിൽ പ്രത്യേകം ശ്രദ്ധിക്കുക. കൊതുകിനെ ഒഴിവാക്കാനും രോഗാണുക്കളെ അകറ്റുന്ന ദ്രാവകം ഉപയോഗിക്കാനും മറക്കണ്ട. വീടും പരിസരവും മലിനമാക്കരുത്.

  1. മഴയിൽ നനയാതെ കുട്ടികളെ സംരക്ഷിക്കുക

കുട്ടികളെ മഴയിൽ നനയാൻ അനുവദിക്കരുത്. സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ നനഞ്ഞാൽ ഉടൻ അവരെ ശുദ്ധജലത്തിൽ കുളിപ്പിച്ച ശേഷം തണുപ്പ് മാറ്റുക. കുട്ടികളുടെ ശരീരത്തിന്‍റെ വൃത്തിയും ശ്രദ്ധിക്കുക. അവരുടെ കളിസ്ഥലവും വൃത്തിയായി സൂക്ഷിക്കുക.

  1. ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക

മഴക്കാലത്തു കുട്ടികളുടെ പ്രതിരോധശേഷി ദുർബലമാവുകയും രോഗങ്ങൾ പെട്ടെന്ന് അവരെ ആക്രമിക്കുകയും ചെയ്യുന്നു. അതിനാൽ ഈ സീസണിൽ കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക. മഴക്കാലത്ത് രോഗങ്ങൾ വരാതിരിക്കാൻ കുട്ടികളെ അഴുക്കിൽ നിന്ന് അകറ്റി നിർത്തുക.

  1. കൂളർ, എസി പോലുള്ളവ വൃത്തിയായി സൂക്ഷിക്കുക

മഴക്കാലത്ത് കൂളർ, എസി, ചെടിച്ചട്ടി എന്നിവയിൽ പലപ്പോഴും അഴുക്കു വെള്ളം അടിഞ്ഞുകൂടും. അതുകൊണ്ടാണ് ദിവസേന അഴുക്കു വെള്ളം വൃത്തിയാക്കാൻ ശ്രമിക്കുക. അല്ലാത്തപക്ഷം മലേറിയ, വയറിളക്കം മുതലായ പല വലിയ രോഗങ്ങളും നേരിടേണ്ടി വരും.

കാലാവസ്ഥയും മാനസികാവസ്ഥയും തമ്മിൽ!

മഴക്കാലത്ത് കുട്ടികൾ വീടിന് പുറത്ത് മുറ്റത്തും മറ്റും ഓടി കളിക്കുന്നത് നിർത്തി വെയ്ക്കാറുണ്ട്. മഴ വരുമ്പോൾ അവർ പറയുന്നു മഴേ മഴേ പോകു പോകു എന്ന്! അതുപോലെ, കൊടും ചൂടിനെക്കുറിച്ചോ ശൈത്യകാലത്തെക്കുറിച്ചോ നമ്മളും വിഷമിക്കാറുണ്ട്, ഈ സീസൺ എപ്പോൾ പോകുമെന്ന് നമ്മൾ പലപ്പോഴും ആശങ്കപ്പെടാറുണ്ട്. കാലാവസ്ഥയ്ക്ക് അതിന്‍റേതായ സ്വാഭാവിക ചക്രമുണ്ട്. എന്നിരുന്നാലും, ഇക്കാലത്ത് കാലാവസ്ഥാ വ്യതിയാനം കാരണം പതിവില്ലാത്ത പല മാറ്റങ്ങളും ഭൂമിയിൽ സംഭവിക്കാറുണ്ട്.

അമിതമായ മഴയോ, അമിതമായ ചൂടോ, അതിശൈത്യമോ, ദീർഘനേരം നമ്മെ നിരന്തരം ബുദ്ധിമുട്ടിക്കുമ്പോൾ, മനസ്സിൽ നീരസമുണ്ടാകും. എന്നാൽ കാലാവസ്ഥ നമ്മുടെ മാനസികാവസ്ഥയെ ശരിക്കും ബാധിക്കുന്നുവെന്നത് മനസ്സിന്‍റെ ഒരു അനുമാനം മാത്രമാണോ? 70 കളുടെ അവസാനത്തിലും 80 കളുടെ തുടക്കത്തിലും ചില ശാസ്ത്രജ്ഞർ ഈ വിഷയം പഠിക്കാൻ തുടങ്ങിയപ്പോഴാണ് പലതും വ്യക്തമാവാൻ തുടങ്ങിയത്.

കാലാവസ്ഥയും മാനസികാവസ്ഥയും

ശാസ്ത്രം അനുസരിച്ച്, കാലാവസ്ഥയും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം വിവാദങ്ങൾ ഉയർത്തുന്നു. പല തരത്തിലുള്ള വാദങ്ങൾ ഉയർന്നതാണ് ഈ പഠനത്തിന് കാരണമായത്. 1984-ൽ ശാസ്ത്രജ്ഞർ മാനസികാവസ്ഥയിലെ മാറ്റത്തിന്‍റെ വിവിധ വശങ്ങൾ പഠിച്ചു. കോപം, സന്തോഷം, ഉത്കണ്ഠ, പ്രതീക്ഷ, നിരാശ അല്ലെങ്കിൽ ആക്രമണോത്സുകമായ പെരുമാറ്റം തുടങ്ങിയ മാനസികാവസ്ഥയിലെ മാറ്റങ്ങൾ സൂര്യപ്രകാശം, താപനില, കാറ്റ്, ഈർപ്പം, അന്തരീക്ഷമർദ്ദം, തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പഠനം നിരീക്ഷിക്കുകയുണ്ടായി.

സൂര്യപ്രകാശം, താപനില, ഈർപ്പം എന്നിവയാണ് മാനസികാവസ്ഥയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നവയെന്ന് പഠനത്തിൽ കണ്ടെത്തി. പ്രത്യേകിച്ച് ഈർപ്പം കൂടുമ്പോൾ ഏകാഗ്രത കുറയുകയും ഉറങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. 2005-ലെ ഒരു പഠനത്തിൽ വെളിയിൽ നല്ല കാലാവസ്ഥയിൽ സമയം ചെലവഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും മെമ്മറി മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നു.

നല്ലതും ചീത്തയും

നമ്മുടെ എല്ലാം മാനസികാവസ്ഥ വസന്തകാലത്ത് മികച്ചതും വേനൽക്കാലത്ത് മോശവുമാണ് എന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ ചില ശാസ്ത്രജ്ഞർ ഈ പഠനത്തോട് യോജിക്കാതെ 2008 ൽ ഒരു പ്രത്യേക പഠനം നടത്തി. ഈ പഠനത്തിൽ, സൂര്യപ്രകാശം, താപനില, ഈർപ്പം എന്നിവ മാനസികാവസ്ഥയിൽ കാര്യമായ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് സ്വാധീനം ചെലുത്തുന്നില്ലെന്ന് അവർ നിരീക്ഷിച്ചു. അങ്ങനെ ഉണ്ടായാൽ പോലും ആ മാറ്റം നിസ്സാരമാണത്രെ. 2005 ലെ പഠനത്തിൽ സൂചിപ്പിച്ചതു പോലെ, നല്ല കാലാവസ്ഥ മാനസികാവസ്ഥയിൽ വളരെ മിതമായ പോസിറ്റീവ് പ്രഭാവം ചെലുത്തുന്നുവെന്നും അവർ നിരീക്ഷിച്ചു.

കാലാവസ്ഥയെയും മാനസികാവസ്ഥയെയും കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്. എന്നാൽ മിക്കവാറും എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം, മനുഷ്യനിൽ കാലാവസ്ഥയുടെ സ്വാധീനം ഓരോ വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു, അത് എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നില്ല.

ഓരോ മനുഷ്യനും ഓരോ കാലാവസ്ഥ

കാലാവസ്ഥയോടുള്ള പ്രതികരണമോ സംവേദനക്ഷമതയോ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ഉദാഹരണത്തിന്, സീസൺ അനുസരിച്ച് മാനസികാവസ്ഥയിലെ മാറ്റമായ സീസണൽ അഫക്റ്റീവ് ഡിസോർഡർ ശ്രദ്ധിച്ചാൽ  ശൈത്യകാലത്ത് ചില ആളുകൾക്ക് വിഷാദ മാനസികാവസ്ഥ ഉണ്ടെന്ന് കണ്ടെത്തി, ഇതിനെ വിന്‍റർ ബ്ലൂ എന്നും വിളിക്കുന്നു.

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ലോകജനസംഖ്യയുടെ 6% ആളുകളിൽ വിന്‍റർ ബ്ലൂ സിൻഡ്രോം കാണപ്പെടുന്നു, അതിനാൽ ഇതിനെ അപൂർവമായ മൂഡ് റിലേറ്റഡ് ഡിസോർഡർ എന്ന് വിളിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ഓഫ് അമേരിക്കയുടെ അഭിപ്രായത്തിൽ, ഇതെല്ലാം വളരെ നേരിയ തോതിലുള്ള രോഗമാണ്.

സമ്മർ സാഡ്: ചിലർക്ക് വേനൽ വരുമ്പോൾ ദുഃഖം ഉണ്ടാവുകയും അത് മൂലം വിഷാദം അനുഭവപ്പെടുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ബൈപോളാർ ഡിസോർഡറുള്ളവർക്ക്. ചില ആളുകൾക്ക് ചൂട് കാരണം അപസ്മാരം ഉണ്ടാകാം, എന്നാൽ ചില ആളുകൾക്ക് വേനൽക്കാലത്ത് ഉത്കണ്ഠ, ദേഷ്യം ഇവ വർദ്ധിച്ചു കാണാറുണ്ട്.

ചില സന്ദർഭങ്ങളിൽ, മോശം മാനസികാവസ്ഥ ഉള്ള ഒരാൾക്ക് മോശം കാലാവസ്ഥ മൂലം കൂടുതൽ പ്രയാസം അനുഭവപ്പെട്ടേക്കാം (അമിതമായ ചൂടോ തണുപ്പോ മഴയോ ആകാം).

ഇതിനുശേഷം, 2011 ൽ വീണ്ടും നടന്ന ഒരു പഠനത്തിൽ കാലാവസ്ഥയുടെ പ്രഭാവം വളരെ കുറച്ച് ആളുകളിലെങ്കിലും മാനസികാവസ്ഥയെ തീർച്ചയായും ബാധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പഠനം നടത്തിയ 50% ആളുകളിൽ കാലാവസ്ഥയുടെ ഒരു സ്വാധീനവും കണ്ടില്ല. എന്നാൽ ബാക്കിയുള്ള 50% ൽ ഇത് പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ഫലമുണ്ടാക്കി. അതേസമയം കാലാവസ്ഥ ബാധിക്കാത്തവരുടെ അഭിപ്രായത്തിൽ, മാനസികാവസ്ഥയും കാലാവസ്ഥയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് തന്നെ ആണ്. എന്നാലും ഒരു പ്രത്യേക കാലാവസ്ഥയെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയുന്നവരുടെ പ്രതികരണങ്ങൾ താഴെ പറയുന്ന വിധം ആയിരുന്നു

വേനൽക്കാല പ്രേമികൾ: ചില ആളുകൾക്ക് വേനൽക്കാലത്തും സൂര്യപ്രകാശത്തിലും നല്ല മാനസികാവസ്ഥയുണ്ട്. അവർക്കത് സന്തോഷം നൽകുന്നു.

മഴയെ വെറുക്കുന്നവർ: ഇവർക്ക് മഴക്കാലം ഒട്ടും ഇഷ്ടമല്ല. ഈ ദിവസങ്ങളിൽ അവരുടെ മാനസികാവസ്ഥ നല്ലതല്ല. ഏകദേശം 9% ആളുകൾ ഈ വിഭാഗത്തിൽ പെടുന്നു. അമേരിക്കൻ സൈക്കോളജിസ്റ്റ് ഡോ. ടാക്സിയ ഇവാൻസിന്‍റെ അഭിപ്രായത്തിൽ, മഴയുള്ള രാത്രികളിൽ ഇവർക്ക് ഏകാന്തതയും ഭയവും അനുഭവപ്പെടുന്നു.

അന്തരീക്ഷത്തിൽ സൂര്യപ്രകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും, താപനിലയുടെ പ്രഭാവം വ്യക്തിയുടെ സ്വഭാവത്തെയും തലച്ചോറിനെയും ബാധിക്കുന്നു. പൊതുവേ ഉയർന്നതോ താഴ്ന്നതോ ആയ താപനില വരുമ്പോൾ വ്യക്തിക്ക് കൂടുതൽ അസ്വസ്ഥത അനുഭവപ്പെടുന്നു. താപനില 25 ൽ താഴെയോ മുകളിലോ ആയിരിക്കുമ്പോൾ മനുഷ്യന്‍റെ സ്നേഹ പ്രകടനവും സഹായിക്കാനുള്ള പ്രവണതയും കുറയുന്നതായി ഒരു പഠനത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

കാലാവസ്ഥയും ലൈംഗികതയും

കാലാവസ്ഥയെയും ലൈംഗികതയെയും കുറിച്ച് എല്ലാവർക്കും ബാധകമായ ഒരു പൊതു നിയമമില്ല. എന്നിരുന്നാലും കാലാവസ്ഥയുടെ സ്വാധീനം ലൈംഗികതയെ ഒരു പരിധിവരെ ബാധിക്കുന്നു.

വേനൽക്കാലത്തെ സെക്‌സ് ഡ്രൈവ് ശൈത്യകാലത്തേക്കാൾ മികച്ചതാണ്: വിരോധാഭാസമെന്നു പറയട്ടെ, തണുപ്പിനേക്കാൾ ചൂടുള്ള കാലാവസ്ഥയിലാണ് ലൈംഗികതയ്ക്കുള്ള ആഗ്രഹം വർദ്ധിക്കുന്നത് ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഹോർമോൺ ആണ് കാരണം. സ്ത്രീകളുടെ ലൈംഗിക ഹോർമോണുകൾ ചൂടിലും സൂര്യപ്രകാശത്തിലും കൂടുതൽ നിർമ്മിക്കപ്പെടുന്നു, ഇതുമൂലം അവരിൽ വേനൽക്കാലത്തു ലൈംഗികാഭിലാഷം വർദ്ധിക്കുന്നു. ഇതുകൂടാതെ, ഫീൽ ഗുഡ് ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ വസന്തകാലത്തും വേനൽക്കാലത്തും സ്ത്രീകളിലും പുരുഷന്മാരിലും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു, അതിനാൽ ആ സമയം മാനസികാവസ്ഥ മികച്ചതായി തുടരുന്നു.

ശൈത്യകാല സെക്‌സ് ഡ്രൈവ്

ഈ സീസണിൽ നല്ല ഹോർമോണുകൾ സെറോടോണിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നത് കുറവാണ്. കൂടാതെ സ്ത്രീകളിൽ ഈസ്ട്രജൻ ഉൽപ്പാദിപ്പിക്കുന്നതും കുറയുന്നു ഇതുമൂലം ലൈംഗികതയിൽ കുറവുണ്ടാകും. ഇതുകൂടാതെ, തണുപ്പിൽ എപ്പോഴും കൂടുതൽ വസ്ത്രങ്ങൾ ശരീരത്തിൽ ഉള്ളതിനാൽ, ചർമ്മത്തിന്‍റെ എക്സ്പോഷർ കുറയുന്നു, ഇത് പരസ്പര ആകർഷണത്തിന് കുറവു വരുത്തുന്നു.

ഹോട്ട് മൺസൂൺ!

അതേസമയം മൺസൂൺ സെക്‌സിന് ഏറ്റവും അനുയോജ്യമാണ്: സെക്‌സിന് ഏറ്റവും മികച്ച സീസണായി മൺസൂൺ കണക്കാക്കപ്പെടുന്നു. മിന്നലുകളും മേഘങ്ങളുടെ ഗർജ്ജനവും വ്യത്യസ്തമായ ആവേശം സൃഷ്ടിക്കുകയും ചെയ്യും. അങ്ങനെ ലൈംഗികതയുടെ ഉന്മാദത്തെ ഉണർത്തുകയും ചെയ്യുന്നു.

മഴയത്ത് ആലിംഗനം ചെയ്യുന്നത് പ്രണയ ഹോർമോണായ ഓക്‌സിടോസിൻ വർദ്ധിപ്പിക്കുന്നു, ഇത് രണ്ട് പങ്കാളികളിലും ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുന്നു.

ചില വ്യക്തികൾ കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന രീതിയിൽ ജീവിക്കുന്നു അതായത്, ഒരു തരത്തിൽ അവർ കാലാവസ്ഥാ പ്രതിരോധികളാണ്. അവർക്ക് ഒരു കാലാവസ്ഥയും കാര്യമായ സ്വാധീനം ഉണ്ടാക്കുന്നില്ല. മിക്ക പുരുഷന്മാർക്കും സ്വാഭാവികമായും കാലാവസ്ഥയ്ക്ക് അനുസരിച്ച് സ്വയം ക്രമീകരിക്കാൻ കഴിയും എന്നതും പ്രധാനമാണ്.

മറുവശത്ത്, ചില ആളുകൾ കാലാവസ്ഥയോട് സംവേദനക്ഷമതയുള്ളവരാണ്, കാലാവസ്ഥയോടുള്ള പ്രതികരണത്തിന്‍റെ തീവ്രത ആ വ്യക്തിയുടെ സ്വഭാവത്തെയും ശാരീരിക ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു.

ഫർണിച്ചറുകൾക്ക് ഈട് നൽകാം

തടി കൊണ്ടുള്ള ഫർണിച്ചറുകൾക്ക് നിങ്ങൾ മഴക്കാലത്ത് പ്രത്യേക പരിരക്ഷ കൊടുക്കാറുണ്ടോ? എങ്കിൽ ഈ മഴക്കാലത്തും ആ പരിരക്ഷയ്‌ക്കു സമയമായിരിക്കുന്നു. അന്തരീക്ഷത്തിലെ ഈർപ്പം കൂടുതൽ ഉള്ള കാലാവസ്‌ഥയിൽ തടി ഫർണിച്ചറുകൾക്ക് കേടുപാടുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

അലമാരികൾ തുറക്കുമ്പോഴും അടയ്‌ക്കുമ്പോഴും കിരു കിരാ ശബ്‌ദം, സോഫയിൽ ഈർപ്പം, പൂപ്പൽ, ദുർഗന്ധം ഇവയൊക്കെയാണ് പൊതുവേ മഴക്കാലത്ത് ഉണ്ടാകുന്ന തടി പ്രശ്നങ്ങൾ. വാതിലുകൾക്ക് വികാസം സംഭവിച്ച് അടയാതിരിക്കുന്നതും സാധാരണ കണ്ടു വരാറുണ്ട്.

മഴക്കാലത്ത് ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ചില മുൻകരുതലുകൾ എടുത്താൽ മതിയെന്ന് പിഡിലൈറ്റ് ഇൻഡസ്‌ട്രിയിലെ ഫെവിക്കോൾ ഡിവിഷൻ മേധാവി വിശാൽ മൽഹാൻ പറയുന്നു. തടി കേടാവാതിരിക്കാൻ ഉപായങ്ങൾ…

  • തടി ഫർണിച്ചറുകൾ വാതിലിനും ജനലിനും സമീപമാണ് ഇട്ടിരിക്കുന്നതെങ്കിൽ മഴവെള്ളത്തിന്‍റെ ഈർപ്പം തടി വേഗം വലിച്ചെടുക്കും. ഇതു തടയാൻ ജനാലകളിൽ കർട്ടൻ നിവർത്തിയിട്ട ശേഷം ജനൽ തുറക്കുക.
  • മഴക്കാലത്ത് ഫർണിച്ചറിന്‍റെ യോജിപ്പുകൾക്ക് അകലം സംഭവിക്കാം. ഇതൊഴിവാക്കാൻ അവിടെ വാട്ടർ പ്രൂഫ് അഡ്‌ഹസീവുകൾ ഉപയോഗിക്കാം.
  • സോഫ, കസേര ഇവ മഴക്കാലത്ത് നനഞ്ഞ തുണികൊണ്ട് തുടയ്‌ക്കരുത്. ഉണങ്ങിയ തുണി ഉപയോഗിക്കുക.
  • നനവ് പറ്റിയ ഫർണിച്ചർ വെയിലത്ത് ഉണക്കരുത്. അതിനു പകരം ഉണങ്ങിയ തുണി കൊണ്ട് തുടയ്‌ക്കാം.
  • അലമാരിയും കട്ടിലും കസേരയുമൊക്കെ ചുവരിൽ നിന്ന് അൽപം നീക്കിയിട്ടാൽ ഫർണിച്ചറിൽ ഈർപ്പം പിടിക്കാതിരിക്കും.
  • മഴക്കാലത്ത് മര വാതിലുകൾ അടയ്‌ക്കാനും തുറക്കാനും പ്രയാസം നേരിടാതിരിക്കാൻ പിച്ചളപ്പിടികൾ പിടിപ്പിക്കണം.
  • തടിയ്‌ക്ക് തിളക്കം ലഭിക്കാൻ യഥാസമയം പോളിഷ് ചെയ്യണം.
  • മഴ കുറഞ്ഞ് അന്തരീക്ഷത്തിൽ ചൂട് ഉണ്ടാകുന്ന സമയത്ത് ജനലും വാതിലുകളും അലമാരികളും തുറന്നിട്ട് പുതിയ വായു പ്രവേശിക്കാന്‍ അനുവദിക്കുക.
  • ഗാഡ്‌ജറ്റുകൾക്കു സമീപം സിലിക്കോൺ പാക്കറ്റുകൾ വച്ചാൽ അത് ഈർപ്പം വലിച്ചെടുക്കും.
  • മഴക്കാലത്ത് കാർപെറ്റുകൾ മാറ്റി വയ്‌ക്കുക. ചുരുട്ടിയെടുത്തിട്ട് അതിനുള്ളിൽ മണൽ കിഴി വയ്‌ക്കുക.
  • പൂപ്പൽ ബാധ മഴക്കാലത്ത് സാധാരണമാണ്. ഇത് അലർജിക്കു കാരണമാകും. ആസ്‌ത്മ, തുമ്മൽ, ശ്വാസ സംബന്ധമായ രോഗങ്ങൾ ഇവ പിടിപെടാം. വെള്ളവും സോപ്പും ഉപയോഗിച്ച് പൂപ്പൽ കഴുകി കളയുക.
  • തണുപ്പും ഈർപ്പവും നിമിത്തം ഫർണിച്ചറിൽ ചിതൽ ബാധ ഉണ്ടാകും. ആന്‍റി ഡാർമൈറ്റ് സൊലൂഷൻ ഉപയോഗിച്ച് ഇതിന് പരിഹാരം കാണാവുന്നതാണ്.
  • തടി ഫർണിച്ചറുകൾ ഇനി വാങ്ങുന്നുണ്ടെങ്കിൽ വാട്ടർ പ്രൂഫ് പ്ലൈവുഡ് കൊണ്ടുണ്ടാക്കിയതു തെരഞ്ഞെടുക്കാവുന്നതാണ്.

ഇരിപ്പുവിലേക്കൊരു മഴയാത്ര

തലേന്നു രാത്രി നിർത്താതെ പെയ്ത മഴയുടെ മുഴുവൻ തണുപ്പും ഏറ്റെടുത്ത രണ്ടാം ശനിയാഴ്ചയിലെ കുളിരാർന്ന പ്രഭാതത്തിൽ, കമ്പളി പുതപ്പിന്‍റെ ചൂടിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു ഞാൻ.

“പുറത്തു നല്ല മഴ… നമുക്കൊരു മഴ യാത്ര പോയാലോ” സ്വപ്നത്തിലെ അശരീരിയെന്നപോലെ…. ആ വാക്കുകൾ .

“സ്വപ്നങ്ങളിൽ പല തവണ പാസ്പോർട്ടും വിസയുമില്ലാതെ ലോക രാജ്യങ്ങൾ കറങ്ങിയിട്ടുള്ള എന്നോടാണോ ബാലാ”….

മഴ യാത്രയെങ്കിൽ മഴ യാത്ര… സ്വപ്നത്തിലെ മഴയാത്രയ്ക്കുള്ള ഒരുക്കം തുടങ്ങുമ്പോഴാണ് ശക്തിയായി ആരോ കുലുക്കി വിളിക്കുന്നത്…

“നിന്നോടാ പറഞ്ഞേ…!! നമുക്കൊരു മഴ യാത്ര പോയാലോ ? ഇരിപ്പുവിലേക്ക്” അവധി ദിനങ്ങളിൽ മൂടി പുറച്ചുറങ്ങുന്ന എന്നെ ഉണർത്താനുള്ള അദ്ദേഹത്തിന്‍റെ തന്ത്രമായേ എനിക്കാദ്യം തോന്നിയുള്ളൂ….. ഉണർന്ന് ക്ലോക്ക് നോക്കിയപ്പോൾ സമയം 8.15 .അപ്പോഴും പുറത്ത് മഴ തിമർത്തു പെയ്തു കൊണ്ടേയിരുന്നു .

പിന്നെ ഫ്രഷ് ആയി ഭക്ഷണമൊരുക്കി കുഞ്ഞുങ്ങളെ വിളിച്ചുണർത്തി പുറപ്പെടാൻ ഒരുങ്ങുമ്പോൾ പുറത്ത് മഴയും നമുക്കൊപ്പം വരാൻ കാത്തിരിപ്പുണ്ടായിരുന്നു.

സമയം 9.45…

മഴ നനഞ്ഞലിഞ്ഞ വീഥികളിലൂടെ കല്പറ്റയും പിന്നിട്ടു ചുവന്നുതുടുത്തു നിറഞ്ഞൊഴുക്കുന്ന പനമരം, മാനന്തവാടി പുഴകളെ സാക്ഷിയാക്കി കാട്ടിക്കുളത്തെത്തി.

മഴക്കാലം തുടങ്ങിയതിന്‍റെ ആനന്ദ തിമിർപ്പിലായിരുന്നു കാളിന്ദി പുഴയും. അങ്ങനെ തെറ്റ് റോഡിലെത്തി പലരും പലവുരി എഴുതിയും പറഞ്ഞും പ്രശസ്തമായ കുട്ടേട്ടന്‍റെ നെയ്യപ്പ കടയിൽ കയറി ചൂടു നെയ്യപ്പവും വാങ്ങി. ഇനിയങ്ങേട്ട് തൊല്പെട്ടി വന്യ ജീവി സങ്കേതത്തിലൂടെയാണ് യാത്ര..

മഴ ചുംബിച്ചുണർത്തിയ കാടുകൾ പച്ച പുതഞ്ഞു കിടക്കുന്നു. ഇടയിൽ മാൻ കൂട്ടങ്ങൾ കണ്ണിനു വിരുന്നേകി.

വിടാതെ പിറകെ കൂടിയ മഴയെ നോക്കി കൊഞ്ഞനം കുത്തി ചൂടു നെയ്യയപ്പം കഴിച്ചു തുടർന്ന യാത്ര കുടകിലെ കാപ്പിത്തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ള വിജനമായ വീഥിയിലൂടെ ഇരിപ്പു ലക്ഷ്യമാക്കി നീങ്ങി. ദൂരെ കാണുന്ന മലനിരകളിൽ നിന്നും തെന്നി നീങ്ങുന്ന കോടമഞ്ഞ് യാത്രയിൽ ഹരം പകർന്നു. പാടികളിൽ പലതും അടഞ്ഞു കിടക്കുന്നു. റോഡിൽ നിറയെ പഴുത്ത നാട്ടു മാങ്ങകൾ വീണു കിടക്കുന്നു.

സമയം11.45 ഓടെ ഇരിപ്പുവിലെത്തി.

ശ്രീരാമേശ്വര ക്ഷേത്രത്തിനു മുന്നിലെ പാർക്കിംഗ് ഗ്രൗണ്ടിൽ കാർ പാർക്കു ചെയ്ത് പുറത്തിറങ്ങുമ്പോൾ വിടാതെ പിറകെ കൂടിയ മഴ പൊടുന്നനെ ഒരു കുസൃതിക്കാരിയായി മാറി. കാറ്റിനൊപ്പം ചേർന്ന് ചാഞ്ഞും ചരിഞ്ഞും പെയ്ത് ദേഹമാസകലം നനുത്ത മഴത്തുള്ളികൾ തെറിപ്പിച്ചവൾ പൊട്ടിച്ചിരിച്ചു ദൂരേക്ക് മറയുന്നു.

ആരോ ചട്ടം കെട്ടിയപ്പോലെ കാറ്റ് ഇടയ്ക്കിടെ കുട തട്ടിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ മഴ ചാഞ്ഞു പെയ്ത് നനച്ചു കൊണ്ടേയിരുന്നു, കൂടാതെ അസഹ്യമായ തണുപ്പും. ദൂരേയുള്ള മലമുകളിലെ പാറക്കൂട്ടങ്ങളിൽ നിന്നും താഴേക്ക് പതിക്കുന്ന നേർത്ത ജലധാര നയന മനോഹരമായിരുന്നു.

മഞ്ഞ നിറത്തിലുള്ള കുഞ്ഞു പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പാതയിലൂടെ ഇനിയങ്ങോട്ടുള്ള യാത്ര കാടിന്‍റെ സംഗീതം അറിഞ്ഞു കൊണ്ടായിരുന്നു.

ഒരു വശത്ത് പാറക്കൂട്ടങ്ങളിൽ തട്ടി ചിതറി ഹർഷാരവത്തോടെ കുത്തിയൊലിച്ചൊഴുകുന്ന ലക്ഷ്മൺ തീർഥ. വലിയ മരങ്ങളും കുറ്റിച്ചെടികളും മുളങ്കാടുകളും മഴക്കാലത്തിന്‍റെ മാസ്മരിക ഭാവ പകർച്ച ഏറ്റുവാങ്ങി നിൽക്കുന്നു. കടന്നു പോകുന്ന വഴികളിലെല്ലാം കാടിന്‍റെ സംഗീതത്തിനായി കാതോർത്ത് പരമാവധി ശബ്ദം കുറച്ച് യാത്ര ചെയ്യാൻ ഓർമ്മിപ്പിക്കുന്ന ബോർഡുകൾ കാണാം. കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള ധാരാളം യാത്രികർ മഴയിൽ നനഞ്ഞു കുതിർന്ന് നടന്നു പോകുന്നു.

തൂക്കുപാലത്തിലൂടെ നടക്കുമ്പോൾ താഴെ ഉരുളൻ പറക്കൂട്ടങ്ങളെ തട്ടി തെളിഞ്ഞൊഴുകുന് നദിയുടെ ദൃശ്യം. ഇരുകരകളിലും പന്തലിച്ചു നിൽക്കുന്ന കുറ്റികാടുകൾ ഓരത്തേക്ക് ചാഞ്ഞ് നിൽക്കുന്ന വലിയ വൃക്ഷങ്ങൾ .

 

iruppu

പിന്നെയും പടവുകൾ കയറി മുകളിലെത്തുമ്പോൾ കാഴ്ചയുടെ നവ്യാനുഭവം പകര്‍ന്നു തന്ന് ഇരുപ്പു വെള്ളച്ചാട്ടം അഥവാ ലക്ഷ്മൺ തീർഥ. വരണ്ട വേനലിനെ അതിജീവിച്ച് മഴക്കാലത്തിന്‍റെ സൗന്ദര്യം മുഴുവനുമാവാഹിച്ച് ആർത്തനാദം മുഴക്കി പാറക്കൂട്ടങ്ങൾക്കിടയിലൂടെ പളുങ്കു ചിതറിയപ്പോലെ താഴേക്ക് പതിക്കുന്നു. ആ ആട്ടഹാസത്തിന്‍റെ ധ്വനി അവിടെമാകെ മാറ്റൊലി കൊണ്ടു. സമീപത്തുള്ള വലിയ വൃക്ഷങ്ങൾ ഇലയനക്കം പോലുമില്ലാതെ സംഹാര ദുർഗ്ഗയെ പോലുള്ള ഒഴുക്കുകണ്ട് ഭയന്നു നിൽക്കുകയാണോ എന്ന് തോന്നി.

ഗ്രഹിണി പിടിച്ച കുട്ടികൾ ഭക്ഷണം കാണുന്ന അവസ്ഥയാണ് പലർക്കും. വെള്ളത്തിലേക്ക് ഇറങ്ങാൻ ആരെയും അനുവദിക്കുന്നില്ലെങ്കിലും പലരും സ്വന്തം മുഖത്തിന്‍റെ ബാക്ക് ഗ്രൗണ്ടിൽ ആ ദൃശ്യം ക്യാമറയിൽ ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു.

കാൽ വഴുതി വെള്ളക്കെട്ടിലേക്ക് വീണ് ഇവിടത്തെ മുൻ സുരക്ഷാ ജീവനക്കാരൻ മരണപ്പെട്ട വാർത്ത പത്രത്തിൽ വായിച്ചത് ഓർമയിൽ തെളിഞ്ഞു.

കേരളത്തിലും കർണാടകയിലുമായി നീണ്ടു കിടക്കുന്ന ജൈവവൈവിധ്യത്തിന്‍റെ കലവറയായ ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്നതാണ് ഇരുപ്പു വെള്ളച്ചാട്ടം.

കുടക് ജില്ലയിലെ മനോഹരമായ ഈ വെള്ളച്ചാട്ടത്തിന് പിന്നിലെ കഥ ഇതിഹാസമായ രാമായണവുമായി ഇഴചേർന്നു കിടക്കുന്നു. വനവാസകാലത്ത് സീതാദേവിയെ ലങ്കേശ്വരനായ രാവണൻ തട്ടികൊണ്ടുപോകുകയും സീതാന്വേഷണത്തിനിടെ രാമലക്ഷ്മണൻമാർ ഇവിടെയെത്തിയെന്നും പറയപ്പെടുന്നു. ദാഹത്താൽ വലഞ്ഞ ശ്രീരാമസ്വാമി ലക്ഷ്മണനോട് ദാഹശമനത്തിനായി ജലം ആവശ്യപ്പെട്ടെന്നും എവിടെ തിരഞ്ഞിട്ടും ജലം കിട്ടാതായ ലക്ഷ്മണൻ മലമുകളിലേക്ക് അമ്പെയ്യുകയും തുടർന്ന് അവിടെനിന്നൊരു ജലധാര താഴേക്കു പതിച്ചെന്നും വാമൊഴിയായി പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ഇതിന് ലക്ഷ്മൺതീർഥ എന്നും അപരനാമമുണ്ട്.

ഇരിപ്പുവിലെത്തുന്ന സഞ്ചാരികളുടെ ദൃഷ്ടി ആദ്യം പതിയുന്നതും ശ്രീരാമ പ്രതിഷ്ഠിതമായ കേരളീയ വാസ്തുവിദ്യയിൽ നിർമിച്ച ശ്രീരാമേശ്വരം ക്ഷേത്രത്തിലാണ്. ശിവരാത്രി ദിനത്തിൽ ഇരിപ്പുവിൽ സ്നാനം ചെയ്ത് ക്ഷേത്രം ദർശനം ചെയ്താൽ പാപങ്ങൾ അകലുമെന്നാണ് വിശ്വാസം.

വ്യൂ പോയിന്‍റിലെ ഇരുമ്പു കസേരയിൽ ഇരുന്ന് മഴ നനഞ്ഞ്, ഓർമ്മത്താളുകൾ ഓരോന്നായ് മറിക്കവേ പടവുകൾ കയറി കൂടെയുള്ളവർ വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തിയത് കണ്ടു. പൊടുന്നനെ ശരവേഗത്തിൽ ഞാനുമവിടെ എത്തി.

മഴ അപ്പോഴും നിർത്താതെ പെയ്തു കൊണ്ടിരിന്നു. മഴത്തുള്ളികളും പാറക്കൂട്ടങ്ങളിൽ തട്ടി ചിതറി തെറിക്കുന്ന ജലകണങ്ങളും പരസ്പരം ആലിംഗന ബന്ധരാകുന്നു. ഏതൊരു സഞ്ചാരിയുടെയും മനം കുളിർപ്പിക്കുന്ന ദൃശ്യം. എത്ര സമയം അവിടെ ചെലവഴിച്ചു എന്നു ചോദിച്ചാൽ ചെലവഴിച്ച ഓരോ നിമിഷവും സുന്ദരമായിരുന്നു എന്നേ പറയാൻ കഴിയൂ. പലവട്ടം ഇവിടെ വന്നിട്ടുള്ള എനിക്ക് ഈ മഴയാത്ര നൽകിയ അനുഭവം അത്രമേൽ ഹൃദ്യമായിരുന്നു…..

എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ കണ്ടുമടങ്ങുമ്പോൾ മഴ തെല്ലു മാറി നിന്നു…

അതോ…!

നമുക്കൊപ്പം വരാൻ മടിച്ച് വെള്ളച്ചാട്ടത്തിന്‍റെ മോഹവലയത്തിൽപ്പെട്ടു കാണുമോ…? എങ്കിലും മരച്ചില്ലകളിൽ നിന്നും ഇറ്റു വീഴുന്ന ജലകണങ്ങൾ മറ്റൊരു മഴയെ ഓർമപ്പെടുത്തി. വെള്ളച്ചാട്ടത്തിന്‍റെ ഹുങ്കാരം പിന്നെയും കാതുകളെ തേടിയെത്തി. ഉയർന്നു നിൽക്കുന്ന കുഞ്ഞു പാറക്കൂട്ടങ്ങൾക്കിടയിലൂടെ തെളിനീരുമായി ഒഴുകുന്ന ലക്ഷ്മൺതീർത്ഥയുടെ തീരത്തിറങ്ങി കുഞ്ഞുങ്ങൾ സല്ലപിച്ചു.

മഴ നനഞ്ഞ വഴികളിലൂടെ തിരികെ മടങ്ങുമ്പോൾ ഈ മഴയാത്ര ഒരു മഴക്കാലത്തിന്‍റെ മുഴുവൻ മാധുര്യവും എനിക്കു പകർന്നു തന്നിരുന്നു .

നാളെയുടെ നീക്കിയിരിപ്പുകളായ ഇത്തരം സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പ്രകൃതിയെ മലിനപ്പെടുത്താതെ യാത്ര ചെയ്യാൻ ശ്രമിക്കുക…

റൂട്ട് – വയനാട് വഴി പോകുന്നവർ മാനന്തവാടി – കുട്ട – ഇരിപ്പു.

കണ്ണൂർ വഴി ഇരിട്ടി – കൂട്ടുപുഴ – വീരാജ് പേട്ട – ഗോണികുപ്പ – ഇരിപ്പു.

മൺസൂണിൽ യാത്ര പോകാം

മഴക്കാലം ഇഷ്ടപ്പെടാത്തവർ ആരാനുള്ളത്!! മഴ യാത്ര ഹരമുള്ള ആളാണോ? എങ്കിൽ മൺസൂൺ കാലം വിനിയോഗിക്കു. ബാഗ് പാക്ക് ചെയ്ത് ഇറങ്ങു… മൺസൂൺ യാത്രയെ സവിശേഷമാക്കുന്ന ചില സ്ഥലങ്ങളെക്കുറിച്ചറിയാം.

  1. ദുത്‍സാഗർ

മഴക്കാലത്ത് ഗോവയെ ഓഫ് സീസൺ എന്നാണ് വിളിക്കുന്നത്. എന്നാൽ മഴക്കാലത്ത് മാത്രം ഗോവ ആസ്വദിക്കാൻ പോകണം. ആളുകൾ നിറഞ്ഞ കടൽത്തീരത്തിനു പകരം, തെക്കൻ ഗോവയിലെയും കർണാടക അതിർത്തിയിലെയും ദുത്‍സാഗർ വെള്ളച്ചാട്ടം മഴയും തണുത്ത കാറ്റും ഏറ്റ് ആസ്വദിക്കാം. ഇതേ വെള്ളച്ചാട്ടമാണ് ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ നമ്മൾ കണ്ടത്. വെള്ളച്ചാട്ടത്തിന് മുകളിലൂടെ കടന്നു പോകുന്ന റെയിൽവേ ട്രാക്കാണ് പ്രത്യേകത. ഈ ലൊക്കേഷൻ ആളുകൾ വളരെയധികം ഇഷ്ടപ്പെട്ടു. ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട ദുത്‍സാഗർ കാണാൻ ധാരാളം ആളുകൾ ജൂൺ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിൽ വരുന്നു. ഈ വെള്ളച്ചാട്ടം അകലെ നിന്ന് കാണുമ്പോൾ പർവ്വതങ്ങളിൽ നിന്ന് പാൽ സമുദ്രം ഒഴുകുന്നത് പോലെ തോന്നും .

  1. ലോണാവാല

ലോണാവാലയിലെ പർവ്വതങ്ങളുടെയും താഴ്‌വരകളുടെയും ഭംഗി കാണാൻ മൺസൂണിനേക്കാൾ മികച്ച സീസൺ ഇല്ല. ഇത് സ്വിറ്റ്സർലൻഡ് ഓഫ് ഇന്ത്യ എന്നും അറിയപ്പെടുന്നു. മഴക്കാലത്ത് പ്രകൃതിയെ ഇവിടെ വളരെ അടുത്തായി കാണാം. അതെ, നിങ്ങൾ ഇവിടെ പോകുന്നുണ്ടെങ്കിൽ, ലോണാവാലയിലെ ടൈഗർ പോയിന്‍റിലെ പച്ചക്കറികൾ കഴിക്കാൻ മറക്കരുത്. ആ അനുഭവം നിങ്ങളുടെ യാത്രയെ ആവേശകരമാക്കും.

  1. ഉദയ്‍പൂർ

നിങ്ങൾക്ക് മഴയുടെ സൗന്ദര്യം മല നിരകളിൽ ആസ്വദിക്കാൻ ആണ് ആഗ്രഹം എങ്കിൽ ഉദയ്‍പൂർ സന്ദർശിക്കുക. ഉദയ്പൂരിലെ വന സൗന്ദര്യം മഴക്കാലത്ത് വർണ്ണനാതീതം ആണ്. ഉദയ്പൂരില്‍ വർണ്ണാഭമായ രാജസ്ഥാനിലെ മനോഹരമായ മഴ കാഴ്ച കാണാം. രാജസ്ഥാനി സംസ്കാരവും ഇവിടത്തെ കൊട്ടാരങ്ങളും ഒപ്പം മുത്തു പോലുള്ള മഴത്തുള്ളികളും നിങ്ങളെ ആവേശം കൊള്ളിക്കും .

  1. ആഗ്ര

കാലവർഷത്തെ റൊമാന്‍റിക് സീസൺ എന്നും വിളിക്കാം. ഈ സീസണിൽ ആഗ്രയിലേക്ക് പോയി നോക്കു. സ്നേഹത്തിന്‍റെ അടയാളം. രാജ്യത്തെ ഏഴ് അത്ഭുതങ്ങളിലൊന്നായ താജ്മഹൽ മഴയിൽ കാണുന്നത് കൂടുതൽ രസം പകരും. താജ്മഹലിന് പുറമെ നിരവധി കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്.

  1. പുതുച്ചേരി

രാജ്യത്തെ മികച്ച ടൂറിസ്റ്റ് സ്ഥലങ്ങളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന സ്ഥലമാണ് പുതുച്ചേരി. മഴക്കാലത്ത് പുതുച്ചേരിയിലേക്കുള്ള യാത്ര അവിസ്മരണീയമായിരിക്കും. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഇവിടെ മൺസൂൺ കാലമാണ്. പൊതുവെ പറഞ്ഞാൽ ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെ ചൂട് അല്പം കുറഞ്ഞ ക്ലൈമറ്റ് ആയിരിക്കുന്നതിനാൽ സന്ദർശിക്കാൻ പറ്റിയ സമയം ഇതാണ്.

മൺസൂൺ കാലത്ത് ആരോഗ്യപരിപാലനം

മഴക്കാലം സുഖകരമാണെങ്കിലും ആരോഗ്യ കാര്യത്തിൽ ബദ്ധശ്രദ്ധ പുലർത്തേണ്ട സമയം കൂടിയാണ്. പ്രത്യേകിച്ചും ഈ കോവിഡ് കാലത്ത്. പുറത്തെ ഭക്ഷണം ഒഴിവാക്കി വീട്ടിൽ പാകം ചെയ്യുന്ന പോഷകസമ്പന്നമായ ഭക്ഷണം കഴിക്കാൻ പരമാവധി ശ്രദ്ധിക്കുകയാണ് ഈ മഹാമാരിക്കാലത്ത് വേണ്ടത്. പ്രത്യേകിച്ചും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തി ആരോഗ്യപ്രദമായ ഭക്ഷണരീതിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാം. ഈ കോവിഡ്ക്കാലത്ത് ഇത്തരത്തിലുള്ള ഭക്ഷണശീലം കുട്ടികളിലും അത്യാവശ്യമായും വളർത്തിയെടുക്കുക തന്നെ വേണം.

മഴ നനയാൻ രസമാണെങ്കിലും ഈ സമയത്ത് ജലജന്യ രോഗങ്ങൾ പിടിപ്പെടാനുള്ള റിസ്ക് ഏറെയുണ്ടെന്ന കാര്യം വിസ്മരിച്ചു കൂടാ. പനി, വൈറൽ പനി, ജലദോഷം, ഡെങ്കി, അലർജി രോഗങ്ങൾ, ചർമ്മ രോഗങ്ങൾ, മറ്റ് അണുബാധകൾ എന്നിവ സർവ്വ സാധാരണയായി മഴക്കാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇത്തരം അസുഖങ്ങൾ പിടിപ്പെടാതെ ശരീരവും മനസും ഫിറ്റായിരിക്കേണ്ടത് ഈ സമയത്ത് ഏറ്റവും പ്രസക്തമായ കാര്യമാണ്. മഴക്കാലത്ത് ആരോഗ്യ പരിപാലനത്തിനുള്ള ചില ടിപ്സുകളെപ്പറ്റി അറിയാം:

രോഗപ്രതിരോധം മെച്ചപ്പെടുത്താനുള്ള ഭക്ഷണം കഴിക്കുക

പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ഭക്ഷ്യവിഭവങ്ങളിൽ അൽപ്പം വൈവിധ്യം പുലർത്താം. കാരറ്റ്, ചീര, കാപ്സിക്കം, ബ്രോക്കോളി, മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, വെണ്ടയ്ക്ക, കറിവേപ്പില എന്നിങ്ങനെയുള്ളവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്താം. ആന്തരികമായി ഇവ നമുക്ക് ആരോഗ്യവും ഫിറ്റ്നസും പകരുന്നതിനൊപ്പം നമ്മുടെ ചർമ്മത്തിനും മുടിയ്ക്കും അത് ആരോഗ്യവും അഴകും നൽകും.

ആന്‍റി ഇൻഫ്ളമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് മഞ്ഞൾ. അതുപോലെ സാധാരണ പനി, ജലദോഷം എന്നിവ ശമിപ്പിക്കാൻ വെളുത്തുള്ളിയിലുള്ള അലിസിൻ എന്ന മൂലികയ്ക്ക് കഴിയും.

പ്രതിരോധശേഷി വർദ്ധിക്കാനായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണ വസ്തുക്കൾ പ്രത്യേകമായി ഡയറ്റിൽ ഉൾപ്പെടുത്തണം. നാരങ്ങാ, ഓറഞ്ച് എന്നിവയിൽ വിറ്റാമിൻ സി നിറഞ്ഞയളവിലുണ്ട്.

ശ്വാസ സംബന്ധമായ അസ്വസ്ഥതകൾക്കും രോഗപ്രതിരോധത്തിനും ഇഞ്ചി മികച്ചതാണ്. ഇഞ്ചിയിലുള്ള ജിൻജറോൾ, ഷൗഗോൾ എന്നീ മൂലികകൾ നീർക്കെട്ട് തടയാനും കാൻസർ പ്രതിരോധത്തിനും ഉചിതമാണ്.

  • ധാരാളം പഴങ്ങൾ കഴിക്കുക. ആപ്പിൾ, മാമ്പഴം, മാതളം, മുന്തിരി, ഓറഞ്ച്, പിയർ പഴം എന്നിങ്ങനെയുള്ള പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
  • ധാരാളം നീരുള്ള പഴങ്ങൾ ഉദാ: തണ്ണിമത്തൻ പോലുള്ളവ മഴ സീസണിൽ കഴിക്കുന്നത് ശരീരത്തിൽ നീർവീക്കത്തിന് കാരണമാകാം.
  • തവിടുള്ള അരി, ഓട്സ്, ബാർലി എന്നിവ മഴക്കാലത്ത് കഴിക്കുന്നത് ഉത്തമമാണ്.
  • പാലിന് പകരം തൈര്, ആൽമണ്ട് എന്നിവ കഴിക്കാം.
  • തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക. ഒരു ദിവസം 8-10 ഗ്ലാസ് വെള്ളം കുടിക്കുക. ശരീരം ഈർപ്പമുള്ളതാക്കി നിലനിർത്തുന്നതിന് വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്.
  • പാവയ്ക്ക, മഞ്ഞൾ, ഉലുവ എന്നിങ്ങനെ കയ്പുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് അണുബാധ തടയുന്നതിന് സഹായിക്കും.
  • മഴ സീസണിൽ ചർമ്മത്തിൽ അലർജിയുണ്ടാകുന്നവർ എരിവുള്ള ഭക്ഷണം ഒഴിവാക്കുക. എരിവുള്ള ഭക്ഷണം കഴിക്കുന്നത് ശരീരോഷ്മാവ് വർദ്ധിപ്പിക്കുന്നതിനൊപ്പം രക്തയോട്ടം ത്വരിതഗതിയിലായി ചർമ്മത്തിൽ അലർജിയുണ്ടാകാം. ചർമ്മത്തിൽ നിറ വ്യത്യാസം, തിണർപ്പ് എന്നിങ്ങനെ മറ്റ് പ്രശ്നങ്ങളും ഉണ്ടാകാം. അതുപോലെ പ്രധാനമാണ് പുളിയുടെ അമിതമായ ഉപയോഗം കുറയ്ക്കുകയെന്നതും.
  • ധാരാളമായി ഹെർബൽ ചായ കുടിക്കുന്നത് ശീലങ്ങളിൽ ഉൾപ്പെടുത്താം. പ്രത്യേകിച്ചും ആന്‍റിബാക്ടീരിയൽ പ്രോപ്പർട്ടികൾ ഉള്ള ഹെർബൽ ടീ, ഇഞ്ചി, കുരുമുളക്, തേൻ, മിന്‍റ്, തുളസിയില എന്നിങ്ങനെയുള്ളവ ചേരുവയായിട്ടുള്ള ഹെർബൽ ടീ കുടിക്കുക. അമിതമായി കാപ്പി, ചായ എന്നിവ കുടിക്കുന്നത് ശരീരം ഡീഹൈഡ്രേറ്റ് ചെയ്യും. പരമാവധി ഇവ രണ്ടും ഒഴിവാക്കുക.
  • വേവിക്കാത്ത പച്ചക്കറികൾക്ക് പകരമായി സ്റ്റീം ചെയ്‌ത സലാദുകൾ കഴിക്കാം. വേവിക്കാത്ത പച്ചക്കറികളിൽ വൈറൽ ബാധയ്ക്ക് ഇടവരുത്തുന്ന ബാക്ടീരിയകളും വൈറസുകളുമു ണ്ടാവാം.
  • വറുത്ത് പൊരിച്ച ഭക്ഷ്യവസ്തുക്കൾ പൂർണ്ണമായും ഡയറ്റിൽ നിന്നും ഒഴിവാക്കാം. അതുപോലെ കൃത്രിമ പാനീയങ്ങളും പാക്ക്ഡ് ജ്യൂസുകളും ഡയറ്റിൽ നിന്നും പാടേ ഒഴിവാക്കാം. അത്തരം ഭക്ഷ്യവസ്തുക്കളിലെ കൃത്രിമ നിറങ്ങളും സിറപ്പുകളും പ്രിസർവേറ്റീവുകളും ശരീരത്തിന് ദോഷകരമായി മാറാം.
  • പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി വൃത്തിയാക്കി ഉപയോഗിക്കുക. ഉപ്പും വിനാഗിരിയും ചേർത്ത വെള്ളത്തിൽ അൽപ്പസമയം പച്ചക്കറികളും മറ്റും ഇട്ടുവയ്ക്കുക. കുറച്ച് കഴിഞ്ഞ് നല്ല വെള്ളത്തിൽ കഴുകി വൃത്തിയാക്കിയെടുക്കാം.
अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें