ഒരു അവിവാഹിതനും കുറെ യാമിനിമാരും- അവസാനഭാഗം

അയക്കുന്ന ആള്‍ – യാമിനി നിഖിലേഷ് അറ്റ് ജീമെയില്‍ ഡോട്കോം 20-2-2022

സ്വീകരിക്കുന്ന ആള്‍ -രാജീവ് രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

സന്ദേശം- ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീയെനിക്ക് റോംഗ് നമ്പര്‍ തന്നു. എന്ന സംഭവത്തെക്കുറിച്ച്

സുഹൃത്തേ,

നിങ്ങള്‍ 25-1-22 ല്‍ അയച്ച ഈമെയിലുകളില്‍ സന്ദര്‍ഭവശാല്‍ എന്‍റെ ഈ മേയില്‍ ഐ ഡിയും ഉള്‍പെട്ടിരുന്നു. നിങ്ങളുടെ പ്രേമാതുരമായ സന്ദേശം വായിച്ചപ്പോള്‍ നിങ്ങളോടെനിക്ക് സഹതാപം തോന്നി. നിങ്ങളിലെ ഈ വികാരവിക്ഷോഭം ഒരു യുവാവിന് പ്രഥമദര്‍ശനത്തില്‍തന്നെ ഒരു പെണ്‍കുട്ടിയോട് തോന്നിയേക്കാവുന്ന അതിഗാഢവും അഗാധവുമായ പ്രണയാനുഭൂതിയുടെ പ്രതിസ്പന്ദനമാകാം. അത് താല്‍ക്കാലികമായ ഒരഭിനിവേശം മാത്രമാകാനിടയില്ല. അല്ലെങ്കില്‍ റോംഗ് നമ്പര്‍ തന്ന പെണ്‍കുട്ടിയെ തേടി കണ്ടുപിടിക്കാന്‍ നിങ്ങള്‍ മെനക്കെടുകയില്ലായിരുന്നല്ലോ.

നിങ്ങളെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സേലത്താണ് എന്‍റെ താമസം. നിങ്ങളുടെ മനം കവര്‍ന്ന പെണ്‍കുട്ടി തിരുവനന്തപുരത്തുകാരിയും. അവളെ കണ്ടുപിടിക്കാന്‍ ഞാനൊരു ഉപായം കണ്ടെത്തി .

ഞാനെന്‍റെ ഫേസ്‌ബുക്കില്‍ യാമിനി എന്ന് പേരുള്ളവരെ ക്ഷണിച്ചുകൊണ്ട് “നമ്മള്‍ കണ്ടുമുട്ടി. നീയെനിക്ക് റോംഗ് നമ്പര്‍ തന്നു” എന്നൊരു പേജ് ഉണ്ടാക്കി. നിങ്ങളയച്ച ഈമെയിലുകളില്‍ ഉള്‍പ്പെട്ട ആറുപേരെ കൂടാതെ മറ്റുചിലരും ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ അത് പതിനൊന്നുപേരുടെ ഒരു സൗഹൃദഗ്രൂപ്പായി വളര്‍ന്നിരിക്കയാണ്. ഒരംഗം വഴി നിങ്ങളുടെ രണ്ടാമത്തെ മേയിലും എനിക്ക് കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ ഇനിയും പുതിയ അംഗങ്ങളെ പ്രതീക്ഷിക്കുന്നുമുണ്ട്‌. അന്യോന്യം പരിചയപ്പെടാനും ചാറ്റ് ചെയ്യാനും അവസരമുണ്ടാക്കിത്തന്ന നിങ്ങളോട് യാമിനിമാരുടെ ഈ സുഹൃദ്സംഘത്തിന്‍റെ നന്ദി അറിയിക്കട്ടെ. നിങ്ങളുടെ “ഹൃദയവുമായി” കടന്നു കളഞ്ഞ പെണ്‍കുട്ടിയെ എങ്ങനെയെങ്കിലും കണ്ടെത്താതെ പിന്മാറുകയില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ് ഞങ്ങള്‍. ആ പെണ്‍കുട്ടിയെക്കുറിച്ച് വിവരം കിട്ടിയാല്‍ നിങ്ങളുടെ രണ്ട് ഈമെയില്‍ സന്ദേശവും ഞങ്ങളവള്‍ക്ക് അയച്ചുകൊടുക്കും. അവളുടെ തീരുമാനം നിങ്ങളെ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യും.

ഈ അന്വേഷണം ശുഭപര്യവസായിയോ അല്ലയോ എന്നറിയാനുള്ള അത്യാകാംക്ഷയിലാണ് ഞാനും എന്‍റെ സുഹൃത്തുക്കളും. വിജയമാശംസിച്ചുകൊണ്ട്,

യാമിനി നിഖിലേഷ്

അയക്കുന്ന ആള്‍- യാമിമഹേന്ദ്രന്‍അറ്റ്ജീമെയില്‍ഡോട്കോം 10-3-2022

സ്വീകരിക്കുന്ന ആള്‍- രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

സന്ദേശം- ഒരു ക്ഷമാപണക്കത്ത്

മിസ്റ്റര്‍ രാജീവ്‌,

ഇതിനുമുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരു മാനസികാവസ്ഥയിലാണ് ഞാന്‍. എങ്ങിനെ തുടങ്ങണം? എന്തെഴുതണം? യാതൊരു പ്രകോപനവുമില്ലാതെ ഒരാളോട് അപമര്യാദയായി പെരുമാറിയതിന്‍റെ കുറ്റബോധം വാക്കുകളുടെ വഴിമുടക്കുന്നു. യാമിനി നിഖിലേഷിന്‍റെ കത്തും രാജീവിന്‍റെ രണ്ട് ഈ മെയിലുകളും എന്‍റെ ഒരു സ്നേഹിത വഴി എനിക്ക് കിട്ടി. അതെല്ലാം വായിച്ചപ്പോഴാണ് ഞാൻ ചെയ്ത തെറ്റിന്‍റെ ഗൗരവം മനസ്സിലായത്. രാജീവിന്‍റെ സുതാര്യമായ നല്ല മനസ്സ് ആ മെയിലുകളിലൂടെ എനിക്ക് കാണാനായി.

ഫാസ്റ്റ്ഫുഡ്‌ കടയിൽ വെച്ച് ഞാന്‍ റോംഗ് നമ്പര്‍ തന്ന നിമിഷം മുതല്‍ ആ സംഭവം ഓര്‍ക്കുമ്പോഴെല്ലാം വല്ലാത്തൊരു അപരാധബോധം എന്നെ പിടികൂടിയിരുന്നു. സംസ്ക്കാരശൂന്യമായ എന്‍റെ പ്രവൃത്തിയെ ഞാന്‍ സ്വയം ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. ഒരു അപരിചിതനോടുള്ള പെരുമാറ്റത്തില്‍ എടുക്കേണ്ട മുന്‍കരുതല്‍ മാത്രമായിരുന്നു അതെന്ന് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും അല്പംകൂടി മര്യാദ കാണിക്കാമായിരുന്നു എന്ന് മനസ്സ് കുറ്റപ്പെടുത്തി. ഇപ്പോഴെനിക്ക് തെറ്റ് തിരുത്താനുള്ള അവസരം ലഭിച്ചിരിക്കയാണ്.

എന്‍റെ വീടിനടുത്തുള്ള ഒരു പ്രൈവറ്റ് കോളേജില്‍ ടീച്ചറാണ് ഞാന്‍. അമ്മ. അശ്വതി. അച്ഛന്‍ മഹേന്ദ്രന്‍. എന്‍റെ മൊബൈല്‍ നമ്പര്‍ 984—— (റോംഗ് നമ്പര്‍ അല്ല. യഥാര്‍ത്ഥനമ്പര്‍) എനിക്ക് രാജീവിനെ നേരില്‍ കണ്ട് ക്ഷമ ചോദിക്കണമെന്നുണ്ട്. കൂടുതല്‍ പരിചയപ്പെടണമെന്നുണ്ട്.

എന്‍റെ നമ്പറില്‍ വിളിക്കുമല്ലോ.

യാമിനി നിഖിലേഷിന്‍റെ കത്തില്‍ യാമിനി എന്ന് പേരുള്ള വനിതകളുടെ ഒരു ഫേസ്ബുക്ക്‌ പേജ് ഉണ്ടാക്കിയെന്നും അങ്ങനെ കുറെ നല്ല സുഹൃത്തുക്കളെ ലഭിച്ചെന്നും അതിന് കാരണക്കാരായ നമ്മളോട് നന്ദിപറയുന്നെന്നും എഴുതിയിരുന്നു. ഞാനതിന് മറുപടി അയക്കാന്‍ പോകുകയാണ്, എനിക്കും അവരോട് നന്ദി പറയണം. രാജീവിനെപ്പോലെ ഒരു നല്ല സുഹൃത്തിനെ പരിചയപ്പെടുത്തിതന്നതിന്…

സ്നേഹപൂര്‍വം

യാമിനി മഹേന്ദ്രന്‍

സുഗന്ധി

മകളുടെ കല്യാണം കഴിഞ്ഞപ്പോഴേക്കും സുഗന്ധി ആകെ തളർന്നിരുന്നു. കല്യാണം കഴിഞ്ഞ് ആറേഴു ദിവസം വീടെല്ലാം പൂർവ്വസ്ഥിതിയിലാക്കാനുള്ള പെടാപാടിലായിരുന്നു സുഗന്ധിക്ക്. മകൾ പോയപ്പോഴാണ് ശരിക്കും വീട്ടിലെ ശൂന്യത സുഗന്ധി അറിഞ്ഞത്. അവളുള്ളപ്പോൾ വീട്ടിലാകെ ഒച്ചയും ബഹളവുമാണ്. ഒരു കിലുക്കാംപെട്ടിയായിരുന്നു അവൾ. അതിഥികളും വേണ്ടപ്പെട്ടവരും ഒഴിഞ്ഞുപോയപ്പോൾ ഉണ്ടായ ഒറ്റപ്പെടൽ മകനും കൂടി ഹോസ്റ്റലിലേയ്ക്ക് മടങ്ങിയതോടെ പൂർണ്ണമായി പേടിപ്പെടുത്തുന്ന ഏകാന്തത. പിന്നെ ഭർത്താവ് മനീഷുള്ളതാണ് കുറച്ചെങ്കിലും ആശ്വാസം. പക്ഷേ ബിസിനസ്സ് തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് ഫോൺ ഒഴിഞ്ഞ നേരമില്ല. മകളുടെ കല്യാണത്തിന് അഞ്ചു ദിവസം ലീവെടുത്തതിന്‍റെ അധികതിരക്കും ഉണ്ട്. മാത്രമല്ല, മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ മനീഷ് വിദേശത്തു പോകാൻ ഇരിക്കുകയാണ് ബിസിനസ്സ് ആവശ്യത്തിന്. പുള്ളിക്കാരനും കൂടി പോയാൽപ്പിന്നെ താനെന്തു ചെയ്യും ഈ വലിയ വീട്ടിൽ… ആലോചിച്ചപ്പോൾ സുഗന്ധിക്ക് പേടി തോന്നി.

ബ്രേക്ക്ഫാസ്റ്റിനിരുന്നപ്പോൾ വിദേശയാത്രയുടെ ഒരുക്കങ്ങളെക്കുറിച്ച് മനീഷ് പറഞ്ഞതുകേട്ട് സുഗന്ധിക്ക് നിയന്ത്രണം വിട്ടുപോയി. ഒറ്റക്കരച്ചിലിലാണ് അവൾ ആ പ്രഭാതം തുടങ്ങിയത്.

മനീഷ് ഇതാദ്യമൊന്നുമല്ല വിദേശത്തു പോകുന്നത്. 10- 20 ദിവസം കഴിഞ്ഞാണ് എപ്പോഴും മനീഷ് മടങ്ങാറ്. സുഗന്ധിക്ക് മനീഷിനെ വിട്ട് നിൽക്കുന്നത് പുതിയ അനുഭവമൊന്നുമല്ല. പിന്നെ ഇപ്പോൾ ഇനെന്താണിങ്ങനെ? ആദ്യമായി ഭർത്താവ് യാത്ര പോകുന്നതു പോലെ. മകളും കൂടി പോയതോടെ വീട്ടിൽ കൂട്ട് നഷ്ടപ്പെട്ടതിന്‍റെ വേദനയാണ് സുഗന്ധിക്ക്. സുഗന്ധി നിർത്താതെ കരഞ്ഞപ്പോൾ മനീഷ് പേടിച്ചുപോയി.

അയാൾ പറഞ്ഞു, “എന്താണിത് സുഗന്ധീ… നീ ഇങ്ങനെ നെർവ്വസ് ആകാതെ. എല്ലാ രണ്ട് മാസം കൂടുമ്പോഴും എനിക്ക് ഇങ്ങനെ ഒരു ടൂർ ഉള്ളതല്ലേ. പിന്നെ എന്താ ഇത്ര വിഷമിക്കാൻ?” അയാൾ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.

മനീഷ് ആശ്വസിപ്പിച്ചപ്പോൾ അവളുടെ കരച്ചിൽ ഉച്ചത്തിലായി. “ഇത്രയും ദിവസം മോളും മോനും എന്‍റെ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് നിങ്ങൾ ദൂരെ പോകുമ്പോൾ എനിക്ക് ഇത്ര വിഷമം തോന്നിയിരുന്നില്ല. ഈ ഒറ്റപ്പെടൽ എനിക്ക് താങ്ങാനാവില്ല, മനീഷേട്ടാ.”

സുഗന്ധി മനീഷിന്‍റെ തോളിലേയ്ക്ക് പറഞ്ഞുകൊണ്ട് തേങ്ങി. “നമുക്കിപ്പോൾ എന്തിന്‍റെ കുറവാണുള്ളത്? എന്നിട്ടും നിങ്ങൾ ബിസിനസ്സ് വിപുലീകരിച്ചിരിക്കുന്നതിനെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നത്. മാത്രമല്ല ആറ് മാസം കൂടി കഴിഞ്ഞാൽ മോൻ എംബിഎ കഴിയും. അപ്പോൾ ബിസിനസ്സിന്‍റെ കാര്യങ്ങൾ അവനെ ഏൽപിക്കാമല്ലോ.”

സുഗന്ധി പറഞ്ഞത് കേട്ട് മനീഷ് ഉറക്കെ ചിരിച്ചു. “നീ പറയുന്നതെല്ലാം ശരിയാണ്. പക്ഷേ കഷ്ടപ്പെട്ട് പടുത്തുയർത്തിയ സംരഭങ്ങൾ ഒറ്റയടിക്ക് വൈന്‍റ്അപ്പ് ചെയ്യാനാവില്ലല്ലോ. നിങ്ങളെ കൂടാതെ എനിക്കും വിദേശത്ത് സന്തോഷം ഉണ്ടാകുമെന്നാണോ നീ വിചാരിക്കുന്നത്. നിവൃത്തികേടു കൊണ്ടാണ് എനിക്കവിടെ പോകേണ്ടി വരുന്നത്.”

സുഗന്ധിക്ക് കാര്യം മനസ്സിലാവും. ഒരു നല്ല ബിസിനസ്സുകാരന്‍റെ ബുദ്ധിയുള്ള ഭാര്യയാണ് അവൾ. പക്ഷേ ഇന്ന് വല്ലാതെ സെന്‍റിമെന്‍റലായി. മനീഷ് അവളുടെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. “എനിക്ക് നിന്‍റെയീ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണാൻ തീരെ ഇഷ്ടമല്ല. വാ എഴുന്നേൽക്ക് നല്ല കുട്ടിയാവാം… വാ… നൗ ചിയർ അപ്പ് ഡിയർ.”

“സമയം 9.30 കഴിഞ്ഞു. എനിക്ക് ഇന്ന് ഓഫീസിൽ ധാരാളം പണിയുണ്ട്. കമോൺ… യാത്രയ്ക്കുള്ള ഒരുക്കങ്ങളും ചെയ്യണം. ഞാനിന്ന് ഉച്ചയ്ക്ക് കഴിക്കാൻ വരില്ല, നല്ല തിരക്കുണ്ട്.”

എല്ലാവരും വീട്ടിൽ പോയിക്കഴിഞ്ഞാൽ അവൾ അടുക്കള ജോലിക്കാരി നാണിയമ്മയുമായി കുറേ നേരം സംസാരിച്ചിരുന്നു. പണി തീർത്ത് അവരും പോയപ്പോൾ സുഗന്ധിക്ക് ആകെ ബോറടിയായി. പിന്നെ അവൾ മകൾ ശ്വേതയുടെ വിവാഹ ആൽബം മറിച്ചു നോക്കാൻ തുടങ്ങി. ഇന്ന് രാവിലെയാണ് ഫോട്ടോഗ്രാഫർ അത് കൊണ്ടുവന്നത്. മകൾ ഫോട്ടോയിൽ കൂടുതൽ സുന്ദരിയായിരിക്കുന്നുവല്ലോ എന്ന് സുഗന്ധി ആഹ്ലാദിച്ചു. ആൽബത്തിന്‍റെ താളുകൾ മറിച്ചതിനൊപ്പം അവളുടെ ഓർമ്മകൾ കുറേ വർഷം പിറകോട്ട് പോയി.

25 വർഷം മുമ്പാണ് സുഗന്ധിയുടേയും മനീഷിന്‍റെയും കല്യാണം കഴിഞ്ഞത്. അന്ന് രണ്ടുപേരെയും എത്ര നല്ല ചേർച്ചയുള്ളവർ എന്ന് പറഞ്ഞ് എല്ലാവരും അനുഗ്രഹിച്ചത് ഇന്ന് ഓർക്കുമ്പോൾ പോലും സുഗന്ധിക്ക് രോമാഞ്ചമുണ്ടാക്കുന്ന സംഭവമാണ്. ഇന്നും ആളുകൾ പരിചയപ്പെടുമ്പോൾ പറയുന്നത് മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ്. അതൊരു സൗഭാഗ്യമാണ്. ആത്മാവും ശരീരവും ഒന്നാവുന്ന അവസ്ഥ. ജീവിതത്തിൽ പിന്നെ എന്തെല്ലാം മാറ്റങ്ങൾ വന്നു. പക്ഷേ മനീഷിനോടുള്ള സുഗന്ധിയുടെ സ്നേഹത്തിനു മാത്രം മാറ്റമുണ്ടായിട്ടില്ല. മനീഷിനോടുള്ള ബഹുമാനം കൂടിയിട്ടേയുള്ളൂ. അയാളും അങ്ങനെയാണ്. സ്നേഹിച്ച് വീർപ്പു മുട്ടിച്ചുകളയും. മകൾക്കും അങ്ങനെയുള്ള ഒരു ഹൃദയത്തിന്‍റെ ഉടമയെത്തന്നെ കിട്ടിയതിൽ സുഗന്ധിയാണ് ഏറ്റവും സന്തോഷിച്ചത്. അവൾ ആൽബത്തിന്‍റെ താളിൽ കണ്ണും നട്ടിരുന്നു.

മനീഷിന്‍റെ അമ്മയായിരുന്നു തന്‍റെ ജീവിതത്തിലെ മറ്റൊരു ഭാഗ്യം. സുഗന്ധി ഓർത്തു. ഒരു മകളെപ്പോലെയാണ് അവർ തന്നെ നോക്കിയത്. നല്ല വീട്ടുകാരിയാക്കിയതും നല്ല ഭാര്യയാക്കിയതും നല്ല അമ്മയാക്കിയതും അവരാണ് പക്ഷേ മോളുടെ കല്യാണം കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. അവരുടെ മരണമാണ് തന്നെ ഉലച്ചുകളഞ്ഞത്. മൂന്ന് വർഷം മുമ്പ് എന്നും രാവിലെ ഏഴരവെളുപ്പിന് എഴുന്നേൽക്കാറുള്ള ആൾ അന്ന് ഉണർന്നില്ല. ഒരു കണക്കിനു നോക്കുമ്പോൾ പുണ്യം ചെയ്ത ജന്മമാണ് അമ്മായിയമ്മയുടേത്. ആരെയും അധികം വേദനിപ്പിക്കാതെ പോയി.

ഇടയ്ക്ക് ഒരു ഫോൺ റിംഗ് ചെയ്തപ്പോഴാണ് സുഗന്ധി ആൽബം പൂട്ടിവച്ച് ഓർമ്മകളിൽ നിന്ന് പുറത്ത്കടന്നത്.

“ഹലോ… ആരാണ്?” ഫോൺ കട്ടായി.

സുഗന്ധി കട്ടിലിൽ പോയി കിടന്നു. ഇനി സമയം പോകാൻ എന്താണ് വഴി. മനീഷ് എല്ലാ വിദേശയാത്ര കഴിഞ്ഞ് വരുമ്പോഴും തനിക്ക് കൊണ്ടുവരാറുള്ള സുഗന്ധതൈലത്തിന്‍റെ കുപ്പികൾ ഒരു അലമാരയിൽ അവൾ നിരത്തി വച്ചിട്ടുണ്ട്. പലതും പകുതിയെ ഉപയോഗിച്ചിട്ടുള്ളു.

“ഇത് എന്‍റെ സുഗന്ധമുള്ള സുഗന്ധിക്ക് വാങ്ങിയതാണ്?”

കല്യാണം കഴിഞ്ഞ ശേഷം ആദ്യമായി വിദേശത്ത് പോയി വരുമ്പോൾ മനീഷ് കൊണ്ടുവന്ന പെർഫ്യൂമിന്‍റെ ബോട്ടിൽ സുഗന്ധി ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ആരേയും മത്ത് പിടിപ്പിക്കുന്ന സുഗന്ധമാണിതിന്. അവൾ അതിൽ ബാക്കിയുണ്ടായിരുന്നത് എടുത്തു പൂശി. സ്നേഹത്തിന്‍റെ സുഗന്ധം ആ മുറിയാകെ നിറഞ്ഞു.

വെയിലിന് ചൂടു പിടിച്ചു തുടങ്ങിയതേയുള്ളൂ. ക്ലോക്കിൽ 12 അടിച്ചപ്പോഴാണ് താൻ ഇത്രയും നേരം മുറിയിൽ തന്നെ ചടഞ്ഞ് കൂടിയിരിക്കുകയായിരുന്നുവല്ലോ എന്ന് സുഗന്ധി ഓർത്തത്. അവൾ ജനൽ തുറന്ന് പുറത്ത് നോക്കി. പറമ്പിൽ പൂമ്പാറ്റകൾ അനേകം ഉണ്ട്. അവൾ മുറ്റത്തേക്കിറങ്ങി. എല്ലാ ദിവസവും കോളേജ് വിട്ട് മോള് ഈ സമയമാകുമ്പോഴേക്കും വരാറുണ്ടായിരുന്നു. ആ ശൂന്യത ശരിക്കും അറിയാനുണ്ട് ഇനി. താൻ തനിച്ചിരുന്ന് ഭക്ഷണം കഴിക്കണം. എല്ലാമുണ്ടായിട്ടും ഒന്നും ഇല്ലാത്ത, ജീവിതം ആസ്വദിക്കാൻ കഴിയാത്ത ഒരാളുടെ വിരസത എങ്ങനെയാണ് മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കുക. സങ്കടവും വിഷാദവും സുഗന്ധിയെ ഒരുപോലെ പിടികൂടിത്തുടങ്ങിയിരുന്നു.

ജോലിക്കാരി പോകുമ്പോൾ തുറന്നിട്ട ഗേറ്റ് അടച്ചതിനുശേഷം അവൾ അകത്തു കയറി. പിന്നെ മനസില്ലാമനസ്സോടെ ഊണ് കഴിക്കാനിരുന്നു. മനീഷിനെ ഓഫീസിൽ വിളിച്ച് കുശലം ചോദിക്കാൻ ശ്രമിച്ചെങ്കിലും രണ്ടുമൂന്ന് വട്ടം ട്രൈ ചെയ്തിട്ടും ഭർത്താവിനെ ലൈനിൽ കിട്ടിയില്ല. നാളെ വിദേശയാത്രയുള്ളതാണ്. അതിന്‍റെ തിരക്കുകൾ കാണും മാത്രമല്ല മോളുടെ കല്യാണത്തിനു വേണ്ടി ലീവെടുത്തശേഷം ഇന്നാദ്യമായാണ് ഓഫീസിൽ പോയത്. അതിന്‍റെ പ്രശ്നങ്ങളും കാണും.

സുഗന്ധി പിന്നെ മനീഷിനെ ട്രൈ ചെയ്തില്ല. പെട്ടെന്നാണ് മകളെ ഒന്നു വിളിച്ചുകളയാം എന്ന് സുഗന്ധി വിചാരിച്ചത്. പക്ഷേ അവളുടെ മൊബൈൽ സ്വിച്ച് ഓഫായിരുന്നു.

ഇനി… മരുമകന്‍റെ നമ്പറിൽ വിളിച്ചു നോക്കാമെന്ന് കരുതിയപ്പോഴാണ് ആ നമ്പർ തന്‍റെ കയ്യിൽ ഇല്ലല്ലോയെന്ന് സുഗന്ധി ഓർത്തത്. അവൾ മനീഷിന്‍റെ ഡയറി എടുക്കാനായി ഡ്രോ തുറന്നു. ഡയറിയുടെ അടുത്ത് ഒരു കെട്ട് കത്തുകൾ ഉണ്ടായിരുന്നു. എല്ലാം എയർമെയിലുകൾ. ആദ്യം അതെന്താണെന്നറിയാനുള്ള കൗതുകം തോന്നിയെങ്കിലും വിട്ടു കളഞ്ഞു. പിന്നെ മനസ്സ് നിർബന്ധിച്ചപ്പോഴാണ് അവൾ അതെല്ലാം എടുത്ത് വായിച്ചു നോക്കിയത്. ആദ്യം വായനയിൽ തന്നെ സുഗന്ധിക്ക് തല കറങ്ങുന്നതുപോലെ തോന്നി…

പ്രണയലേഖനം പോലെ… ഒരു സ്ത്രീ എഴുതിയ ഹൃദയഭാഷ…

കത്തുവായിച്ചു തീർന്നപ്പോൾ എല്ലാം നഷ്ടപ്പെട്ടതുപോലെ സുഗന്ധിക്ക് തോന്നി.

പ്രിയ മനീഷ്…

നിങ്ങൾ മകളുടെ കല്യാണത്തിരക്കിലായിരിക്കും. എന്നാലും ഞാൻ നിന്നെ ഇവിടെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഈയിടെയായി ശരീരത്തിന് തീരെ സുഖമില്ല. ഇന്നലെ ഡോക്ടറെ കാണിച്ചിരുന്നു. ഒരിക്കൽകൂടി സോണോഗ്രാഫി ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയാണ്. സമയം അടുത്ത് വരുന്നതായി മനസ്സ് പറയുന്നു. എനിക്ക് വല്ലാതെ പേടിയായി തുടങ്ങിയിരിക്കുന്നു. മനീഷ്… വല്ലാത്ത ഒറ്റപ്പെടലുമുണ്ട്. നിങ്ങൾ അടുത്തുണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

കല്യാണത്തിനു നിങ്ങൾക്കായി ഒരു കുപ്പി സുഗന്ധതൈലം ഇതോടൊപ്പം അയക്കുന്നു. അതിന്‍റെ സുഗന്ധം അനുഭവിക്കുമ്പോഴെല്ലാം ചുരുങ്ങിയപക്ഷം നിങ്ങൾ എന്നെ ഓർക്കുമല്ലോ… വീട്ടിലെ എല്ലാവർക്കും സ്നേഹം നേരുന്നു.

സ്വന്തം സോണിയ, ചിക്കാഗോ

സുഗന്ധിയുടെ കണ്ണു നിറഞ്ഞു. അവൾ പിന്നെ അവിടെയോക്കെ പരതിയപ്പോൾ ഒരു കത്തുകൂടി കിട്ടി. മനീഷ് സോണിയയ്ക്ക് എഴുതിയത്. കല്യാണത്തിരക്കിനിടയിൽ പോസ്റ്റ് ചെയ്യാൻ മറന്നതാവാം. നിറകണ്ണുകളോടെ സുഗന്ധി അതു വായിച്ചു നോക്കി.

പ്രിയ സോണിയ…

മുത്തേ, നിന്‍റെ കത്ത് കിട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പക്ഷേ നിന്‍റെ ആരോഗ്യസ്ഥിതി അറിഞ്ഞിട്ട് എനിക്ക് യാതൊരു സമാധാനവുമില്ല. നീ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമെന്ന് പ്രാർത്ഥിക്കുന്നു. പേടിക്കരുത്. നിനക്ക് ഒന്നും സംഭവിക്കുകയില്ല. കല്യാണത്തിരക്ക് കഴിഞ്ഞയുടൻ ഞാനിവിടെ പറന്നെത്താം. ചെക്കപ്പ് മുടക്കരുത്. നിന്‍റെ സോണോഗ്രാഫി ടെസ്റ്റും മറ്റും നോർമ്മലായിരിക്കും എന്ന് വിശ്വസിക്കുന്നു. ഈ അവസ്ഥയിൽ കൂടുതൽ ടെൻഷനടിക്കരുത്. അത് നന്നല്ല. ഭക്ഷണക്കാര്യങ്ങളെല്ലാം നന്നായി ശ്രദ്ധിക്കണം. ജ്യൂസും മരുന്നും ഒരിക്കലും മുടക്കരുത്. നീ അയച്ച പെർഫ്യൂം കിട്ടി. അതിന്‍റെ വാസന എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് സോണിയ… ഉടനെ കാണാം.

നിന്‍റെ സ്വന്തം മനീഷ്

ഇത്രയും വായിച്ചതോടെ സുഗന്ധി തല കറങ്ങി വീണു. അവളെ ആസ്വസിപ്പിക്കാൻ അവിടെ മക്കൾ പോലുമില്ല. എത്ര പെട്ടെന്നാണ് എല്ലാവരും അകന്നു പോയത്. അവൾ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പ്രിയതമൻ വിശ്വാസവഞ്ചന കാണിച്ചത് അവൾക്ക് പൊറുക്കാനും സഹിക്കാനുമായില്ല.

ഇങ്ങനെയുള്ള ഒരാളെയാണോ ഞാൻ ഇത്രയും കാലം സ്നേഹിച്ചത്… ബഹുമാനിച്ചത്… ഇരുപത്തഞ്ച് വർഷങ്ങൾ… സുഗന്ധി വാവിട്ടു കരഞ്ഞു. അവൾ ഹൃദയം പൊട്ടി കരയുന്നത് കേട്ടിട്ടാവണം പൂമ്പാറ്റകളെല്ലാം പറമ്പിൽ നിന്ന് മറ്റെങ്ങൊട്ടേയ്ക്കോ പറന്നു പോയി.

ജീവിതം ഒരു വലിയ നുണയാണെന്ന് സുഗന്ധിക്ക് തോന്നി. മനീഷിന്‍റെ ഡ്രോ തുറക്കേണ്ടിയിരുന്നില്ല. ഒരു ശപിക്കപ്പെട്ട നിമിഷത്തിലാണ് എനിക്കത് ചെയ്യാൻ തോന്നിയത്. സുഗന്ധി വീണ്ടും അസ്വസ്ഥയായി.

അന്ന് പതിവിലും നേരത്തേ മനീഷ് വീട്ടിലെത്തി. അയാൾ വന്ന ഉടനെ സുഗന്ധി അയാളുടെ ദേഹത്തേക്ക് പെർഫ്യും അടിച്ചു. പിന്നെ വളരെ ശാന്തഭാവത്തിൽ ചോദിച്ചു, “നിങ്ങളുടെ ആരാണ് സോണിയ?”

ഇതുകേട്ട് മനീഷ് ഒന്നു പതറിയില്ലെങ്കിലും ഭാവപ്പകർച്ചയില്ലാതെ, ഒരു സാധാരണ കാര്യം കേട്ടതുപോലെ ചിരിച്ചു.

“നിങ്ങൾ പൊട്ടൻ കളിക്കുകയൊന്നും വേണ്ട. എല്ലാം ഞാനറിഞ്ഞു.” സുഗന്ധി ഒച്ചവെച്ചു.

“പതുക്കെ… പ്ലീസ്…. ആരെങ്കിലും കേൾക്കും.”

“എല്ലാവരും കേൾക്കട്ടെ. അറിയട്ടെ നിങ്ങളുടെ സ്വഭാവശുദ്ധി.” അവൾ പെർഫ്യും ബോട്ടിൽ തറയിലേക്ക് വലിച്ചെറിഞ്ഞു.

“സുഗന്ധി പ്ലീസ്… നീ വിചാരിക്കുന്നതു പോലുള്ള യാതൊന്നും സംഭവിച്ചിട്ടില്ല. സോണിയ എന്‍റെ നല്ല സുഹൃത്ത് മാത്രമാണ്. എന്‍റെ പാർട്ട്ണർ സുരേഷിന്‍റെ ചിക്കാഗോ ഓഫീസിൽ ജോലി ചെയ്യുന്ന സ്ത്രീ. അവിടെ ബിസിനസ്സ് ആവശ്യത്തിന് പോകുമ്പോൾ കൂട്ടായതാണ്. പിന്നെ നല്ല ചങ്ങാത്തത്തിലായി. ബുദ്ധിമതിയായ മാന്യയുവതിയാണ്… പലപ്പോഴും ഡീലുകൾ, ബിസിനസ്സ് മീറ്റുകൾ എല്ലാം അവരാണ് നമ്മുടെ കമ്പനിക്ക് ചെയ്തു തരാറുള്ളത്. ഒരു പ്രൊഫഷണൽ ബന്ധമായിരുന്നു ആദ്യമൊക്കെ. പിന്നെ സുഹൃത്തായി… അതും അവരുടെ രോഗവിവരം അറിഞ്ഞപ്പോൾ. അവർക്ക് കാൻസറാണ്.”

“സോണിയയ്ക്ക് ഇനി അധികകാലമില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അവസാനമായി എന്നെ കാണണമെന്ന് ആഗ്രഹിക്കുന്നു. അതാണ് കത്ത് എഴുതിയത്. അല്ലാതെ മറ്റ് ഒളിച്ചുകളിയൊന്നുമില്ല. എന്‍റെ മനസ്സിൽ നീ മാത്രമേയുള്ളൂ. അന്നും ഇന്നും…”

“എന്നിട്ട് നിങ്ങൾ ഇതെല്ലാം എന്നോട് മറച്ചു വച്ചതെന്തിനാണ് മനീഷ്” സുഗന്ധിയുടെ ശബ്ദം ഇടറി.

“ഞാൻ നിന്നെ എപ്പോഴും വിദേശത്തു പോകുമ്പോൾ വിളിക്കാറുള്ളതാണ്. നീ ഒരിക്കൽ പോലും കൂടെ വരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പിന്നെപ്പിന്നെ ഞാനും നിർബന്ധിക്കാതായി. നീ എന്നെങ്കിലും എന്‍റെ കൂടെ വന്നിരുന്നെങ്കിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവില്ലായിരുന്നു.”

ശരിയാണ്, മനീഷ് വിളിപ്പോഴൊന്നും താൻ പോയിട്ടില്ല. അമ്മായിമ്മയെ വിട്ട് നിൽക്കാൻ വയ്യാത്ത സ്ഥിതി… കുട്ടികളായപ്പോൾ അവരുടെ കാര്യം നോക്കണമെന്ന വിചാരം… വീട് വിട്ട് പോകാൻ താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. തെറ്റ് എനിക്കും പറ്റിയിട്ടുണ്ട്. ഭർത്താവിന്‍റെ ഇഷ്ടങ്ങൾക്ക് പലപ്പെഴും നിന്നുകൊടുത്തിട്ടില്ല.

“ഇപ്രാവശ്യം നിങ്ങൾ ചിക്കാഗോയിൽ ഒറ്റയ്ക്ക് പോകുന്നില്ല.” സുഗന്ധി പറഞ്ഞു. “ഞാനും വരുന്നു. എനിക്കും അവരെ കാണണം.” മനീഷ് ഇതുകേട്ട് ചിരിച്ചു.

“ഹണിമൂണിനു പോലും വിദേശയാത്രയ്ക്ക് വരാത്ത ആളാണ്. ഇപ്പോൾ എന്‍റെ ഒപ്പം യാത്ര പോകണമെന്ന് പറയുന്നത്…”

“എന്നെ കളിയാക്കണ്ട, നിങ്ങളെ ഇഷ്ടപ്പെട്ട ഒരാളെ കാണാൻ എനിക്കും ആഗ്രഹം തോന്നുന്നു.”

“എന്നെ ഇഷ്ടപ്പെടുന്ന ഒരാളേയുള്ളൂ.” അയാൾ സുഗന്ധിയെ മാറോടണച്ചു.

“അതാരാണ്?” സുഗന്ധി ഭർത്താവിനോടുള്ള സ്നേഹം ഉള്ളിലൊതുക്കാതെ ചോദിച്ചു.

“നീ തന്നെ. എന്‍റെ പ്രിയപ്പെട്ട സുഗന്ധി…”

ഒരു അവിവാഹിതനും കുറെ യാമിനിമാരും- 1

അയക്കുന്ന ആള്‍ – രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്ട് കോം

25-1-2022

സ്വീകരിക്കുന്നവര്‍: യാമിനിഅറ്റ്ജിമെയില്‍ഡോട്ട്കോം, യാമിനിദേവിഅറ്റ്ജിമെയില്‍ഡോട്ട്കോം, യാമിനി നിഖിലേഷ് അറ്റ്‌ജിമെയില്‍ഡോട്ട്കോം, യാമിനി ജോസ് അറ്റ് ജിമെയില്‍ ഡോട്ട്കോം…

എന്നിങ്ങനെ 35 ഈമെയില്‍ ഐഡികള്‍…

സന്ദേശം – ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീ എനിക്ക് റോംഗ് നമ്പര്‍ തന്നു. എന്ന സംഭവത്തെകുറിച്ച് (ഈ മുപ്പത്തഞ്ചോളം മെയില്‍ ഐഡികളില്‍ ഉള്‍പെട്ടേക്കാവുന്ന വ്യക്തികളില്‍ ഞാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയല്ലാത്ത എല്ലാവരോടും മാപ്പു ചോദിച്ചുകൊണ്ട്…)

ഇന്നലെ രാത്രി ഏതാണ്ട് ഏഴര മണി. കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലെ എന്‍റെ ഓഫീസിൽ നിന്ന് ലോഡ്ജിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍. വഴിയരികിലെ മൈതാനത്തിൽ പതിവില്ലാത്തവിധം കണ്ണഞ്ചിക്കുന്ന വെളിച്ചം. നല്ല ആൾത്തിരക്കുമുണ്ട്. പുതുതായി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ നിന്നും കലാപരിപാടികളുടെ ശബ്ദഘോഷങ്ങള്‍ മുഴങ്ങുന്നു. ലോഡ്ജിലേക്ക് പോകാതെ ഞാന്‍ അങ്ങോട്ട്‌ കയറി. അവിടെ യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ നൃത്തമത്സരങ്ങള്‍ നടക്കുകയാണെന്ന് മനസ്സിലായി. പന്തലില്‍ നല്ല തിരക്ക്. ഒഴിഞ്ഞ ഒരു കസേരക്കായി തിരയുമ്പോഴാണ് അങ്ങനെയൊന്ന് ഞാന്‍ കണ്ടെത്തുന്നത്.

നമ്മുടെ ജീവിതത്തില്‍ യാദൃശ്ചികമായി എന്തെല്ലാം സംഭവിക്കുന്നു.. അല്ലെങ്കില്‍ നിന്നെ ഞാന്‍ ഒരിക്കലും കണ്ടുമുട്ടുകയില്ലായിരുന്നല്ലോ. ഇങ്ങനെയൊരു അന്വേഷണത്തിന്‍റെ ആവശ്യവും ഉണ്ടാകുമായിരുന്നില്ല.

ഞാന്‍ കണ്ടെത്തിയ ഒഴിഞ്ഞ കസേരയുടെ തൊട്ടടുത്തുള്ള ഇരിപ്പിടത്തിലാണ് നീയിരുന്നിരുന്നത് എന്നതുകൊണ്ടുമാത്രം സംഭവിച്ച ഒരു മുഖാമുഖം. നിന്നെ കണ്ടപ്പോള്‍ ഏറെനാളായി ഞാന്‍ തേടി നടന്നിരുന്ന ഒരു വ്യക്തിയെ കണ്ടെത്തിയതുപോലെയാണ് എനിക്ക് തോന്നിയത്. ആ നിമിഷം മുതല്‍ നിന്നെ കൂടുതല്‍ പരിചയപ്പെടാനും അടുക്കാനും എന്‍റെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു

അവതാരകയുടെ ഓരോചലനങ്ങളും ശ്രദ്ധിച്ചുകൊണ്ട് നീ സ്റ്റേജിലേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു. പക്ഷെ പരിപാടി കാണുന്നതിനിടക്ക് ഞാനറിയാതെ എന്‍റെ കണ്ണുകള്‍ നിന്‍റെ നേരെ പാറിവീണുകൊണ്ടിരുന്നു. സ്റ്റേജില്‍ തുടര്‍ച്ചയായി അവതരിക്കപ്പെട്ട ഓരോ നൃത്തവും നീ ആസ്വദിക്കുന്നതും മത്സരാര്‍ത്ഥികള്‍ക്ക് കയ്യടി നൽകി അനുമോദിക്കുന്നതും ഞാന്‍ കൌതുകത്തോടെ ശ്രദ്ധിച്ചു.

അതിനിടക്ക് വീണ്ടും ആകസ്മികതയുടെ മായാജാലം! മനോഹരമായ ഒരു നൃത്താവതരണത്തിനു ശേഷം കാണികള്‍ക്കൊപ്പം ആവേശത്തോടെ കൈയ്യടിക്കുന്നതിനിടയില്‍ നിന്‍റെ കൈപത്തി ചെറിയൊരു നഖക്ഷതമേല്പ്പിച്ചുകൊണ്ട്‌ എന്‍റെ കൈത്തണ്ടയില്‍ വന്നുമുട്ടി. നീയുടനെ മുഖം തിരിച്ച് നനുത്ത പുഞ്ചിരിയോടെ ക്ഷമായാചനം ചെയ്തു. “സോറി”.

“യു ആര്‍ മോസ്റ്റ്‌ വെല്‍കം “എന്നായിരുന്നു ആ സന്ദര്‍ഭത്തിന് തീരെ യോജിക്കാത്ത എന്‍റെ മറുപടി. പുഞ്ചിരിക്കുന്ന നിന്‍റെ മുഖം എന്‍റെ കണ്ണുകള്‍ക്ക്‌ അത്രമാത്രം.

ആകര്‍ഷണീയമായി തോന്നിയതുകൊണ്ട് മാത്രമാണോ എന്നില്‍നിന്ന് അങ്ങനെ ഒരു മറുപടി ഉണ്ടായത്? അതോ ആ നിമിഷത്തില്‍ എന്‍റെ ഹൃദയമാണോ നിന്നോട് സംസാരിച്ചത്?.

സത്യമതായിരുന്നു. എന്‍റെ ഹൃദയം ഞാൻ പോലുമറിയാതെ നിന്നെ എന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

നിന്നെ പരിചയപ്പെടാനുള്ള ആ അവസരം ഞാന്‍ പാഴാക്കിയില്ല. “ഡാന്‍സ് വളരെ ഇഷ്ടമാണല്ലേ?”

“ഉം” നീയൊന്ന് മൂളുക മാത്രം ചെയ്തു.

“പഠിച്ചിട്ടുണ്ടോ?”

“ഉവ്വ്”

തുടര്‍ന്ന് സംസാരിക്കാന്‍ ഒരു വിഷയം തുറന്നുകിട്ടിയ ഉത്സാഹത്തിലായി ഞാന്‍ ”സ്റ്റേജില്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌ ഭാരതനാട്യമല്ലേ?”

“അല്ല. കുച്ചിപ്പുടി”

“രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെല്ലാമാണ്?”

“പലതും”

ഇനിയൊന്നും പറയാനില്ലാത്തതുപോലെ നീ കസേരയുടെ എതിര്‍വശത്തേക്ക് ചാഞ്ഞിരുന്നുകൊണ്ട് സ്റ്റേജിലേക്ക്തന്നെ ശ്രദ്ധയൂന്നി.

കൂടുതല്‍ പരിചയപ്പെടാനുള്ള എന്‍റെ ശ്രമം പരാജയപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ വാച്ചില്‍ നോക്കി. മണി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ലോഡ്ജിലേക്ക് മടങ്ങിയാലോ ഞാന്‍ ആലോചിച്ചു.

പക്ഷെ എന്തോ ഒരു മടി… കാരണമെന്തായിരിക്കാം എന്നാലോചിച്ചപ്പോഴാണ് ആ സത്യം എനിക്ക് മനസ്സിലായത്‌. നിന്നെ വേര്‍പിരിയാന്‍ എന്‍റെ മനസ്സ് തയ്യാറല്ലെന്ന സത്യം.

കുറച്ച് കഴിഞ്ഞപ്പോള്‍ നീ എഴുന്നേറ്റ് പന്തലിന് പുറത്തേക്ക് നടന്നു. പിറകേ ഞാനും എഴുന്നേറ്റു. മൈതാനത്തിന്‍റെ ഒരറ്റത്ത് ഷാമിയാന മേഞ്ഞ മേല്‍ക്കൂരയ്ക്ക് കീഴെയുള്ള ഫാസ്റ്റ്ഫുഡ് കടയിലേക്കാണ് നീ പോയത്. എനിക്കും നല്ല വിശപ്പുണ്ടായിരുന്നു. നിന്നെ ഉടനെ പിന്തുടര്‍ന്നാല്‍ നിനക്കെന്നെക്കുറിച്ച് ആശങ്ക തോന്നിയാലോ? അതുകൊണ്ട് അല്പസമയം കഴിഞ്ഞാണ് ഞാന്‍ കടയിലേക്ക് കയറിയത്.

അപ്പോഴതാ വീണ്ടും യാദൃശ്ചികതയുടെ ആശിര്‍വാദം!.

നിന്‍റെ മുന്നിലെ മേശയുടെ എതിര്‍വശത്തുള്ള കസേരയൊഴിച്ച് മറ്റെല്ലാം ഫുള്‍. അതുകൊണ്ട് യാതൊരു സംശയവും തോന്നിക്കാതെ എനിക്ക് നിന്‍റെ എതിര്‍വശത്തിരിക്കാന്‍ കഴിഞ്ഞു. നീയപ്പോള്‍ ഭക്ഷണം കഴിച്ചുതുടങ്ങിയിരുന്നു

“ഭക്ഷണം കൊള്ളാമോ?” നിന്നെ കൂടുതല്‍ പരിചയപ്പെടാനുള്ള എന്‍റെ രണ്ടാമത്തെ ശ്രമമായിരുന്നു അത്.

“നോട്ട് ബാഡ്” എന്ന മറുപടി കിട്ടി.

നിന്‍റെ ചുണ്ടുകളില്‍ വിരിഞ്ഞ മൃദുമന്ദഹാസത്തിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ ചോദിച്ചു. “ബന്ധുക്കളാരോ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടല്ലേ?”

“ബന്ധുവല്ല. സ്നേഹിതയുടെ മകള്‍”

“വളരെ വൈകിയല്ലോ. എത്രാമത്തെ ഐറ്റമാണ്?”

“പത്തൊന്‍പതാമത്തെ.”

“അപ്പോള്‍ ഇനിയും രണ്ടെണ്ണംകൂടി കഴിയണമല്ലേ?”

“അതെ”

“എന്‍റെ പേര് രാജീവ്‌. അവിവാഹിതന്‍. വീട് പാലക്കാട്ടാണ്. കഴകൂട്ടത്തെ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. ഇവിടെയടുത്ത് ഒരു ലോഡ്ജിലാണ് താമസം. വാട്ടീസ് യുവര്‍ ഗുഡ് നെയിം” നീ ചോദിക്കാതെതന്നെ ഞാന്‍ എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ നിന്നെ അറിയിച്ചു. പിന്നെ നിന്നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു

“യാമിനി” നീ മറുപടി നല്‍കി

തുടക്കം മുതല്‍ എന്നെ അലട്ടിക്കൊണ്ടിരുന്ന ആ ചോദ്യം ഞാനറിയാതെ എന്‍റെ നാവില്‍നിന്നും പൊഴിഞ്ഞുവീണു “ആര്‍ യു മാരീഡ്?”

“നോ” (അല്ല)

ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പയച്ചു. അങ്ങനെ നീ ആഹാരം കഴിച്ച് കഴിയുന്നതുവരെ നമ്മള്‍ ഏതാനും വാക്കുകള്‍ കൈമാറി. പുതുതായി പരിചയപ്പെട്ട രണ്ട് അപരിചിതരെപ്പോലെ.

ബില്ലിന്‍റെ തുക മേശപ്പുറത്തുവെച്ച് നീ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോല്‍ ഞാന്‍ നിന്‍റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങി. ഒരു നിധിപോലെ അതെന്‍റെ മൊബൈലില്‍ സേവ് ചെയ്തു.

അപ്പോഴേക്കും ഞാന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെത്തി. ധൃതിയില്‍ ഭക്ഷണം കഴിച്ച് ഞാന്‍ തിരികെ എത്തിയപ്പോഴേക്കും ഞാനിരുന്ന കസേര ആരോ കയ്യേറിയിരുന്നു… നിരാശയോടെയാണെങ്കിലും നിന്‍റെ മൊബൈല്‍ നമ്പര്‍ എന്‍റെ കയ്യിലുണ്ടല്ലോ എന്ന ആശ്വാസത്തോടെ ഞാന്‍ ലോഡ്ജിലേക്ക് മടങ്ങി…

ഇന്നലെ രാത്രി എനിക്ക് ഉറങ്ങാനായില്ല. മനസ്സു മുഴുവന്‍ നീയായിരുന്നു.

ഇന്ന് ഓഫീസിലേക്കിറങ്ങുന്നതിനു മുന്‍പ് ഞാന്‍ നിന്‍റെ നമ്പറില്‍ വിളിച്ചു. “ഹലോ” മറുതലയ്ക്കല്‍നിന്ന് ഉറക്കച്ചടവോടെയുള്ള ഒരു പുരുഷസ്വരം.

“യാമിനിയില്ലേ” എന്ന എന്‍റെ ചോദ്യത്തിന് “ഏത് യാമിനിയാടോ, നൈറ്റ് ഡ്യുട്ടി കഴിഞ്ഞ് വന്നൊന്ന് ഉറങ്ങാന്‍ കിടന്നതാ. അപ്പോഴാ തന്‍റെയൊരു യാമിനി!” എന്ന ശകാരം പിറകേ.

നീ തന്നത് റോംഗ് നമ്പര്‍ ആണെന്ന് എനിക്ക് മനസ്സിലായി. കൂടുതല്‍ അടുക്കാനുള്ള എന്‍റെ അത്യാകാംക്ഷയെ നീ സംശയിച്ചിരിക്കാം. ഞാനൊരു പൂവാലനാണെന്ന് കരുതിയാകാം നീയെന്നെ ഒഴിവാക്കാന്‍ ശ്രമിച്ചത്. പക്ഷെ, എനിക്ക് നിന്നെ ഒഴിവാക്കാനാകില്ലല്ലോ. നീ എന്നോടൊപ്പമില്ലെങ്കില്‍ എന്‍റെ ജീവിതം പൂര്‍ണ്ണമാവില്ലെന്നുപോലും എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.

35 മെയില്‍ ഐഡികളില്‍ നീ ഉള്‍പ്പെട്ടിട്ടുണ്ടാകാം ഇല്ലെന്നും വരാം. ഒരിക്കല്‍ക്കൂടി തമ്മില്‍ കാണാന്‍ എനിക്കാഗ്രഹമുണ്ട്. നീയെന്‍റെ ക്ഷണം സ്വീകരിക്കുമോ?

എന്‍റെ ഈ പ്രണയ സന്ദേശം നിന്നിലേക്ക് എത്തിയെങ്കില്‍… നിങ്ങള്‍ യാമിനിമാര്‍ ആരെങ്കിലും എന്നെ സഹായിച്ചെങ്കില്‍ എന്നെല്ലാം പ്രതീക്ഷിച്ചുകൊണ്ട് നിന്‍റെ മറുപടിക്കായി കാത്തുകൊണ്ട്…

ക്ഷമാപണപൂര്‍വം

രാജീവ്

അയക്കുന്ന ആള്‍ രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

12-2-2022

സ്വീകരിക്കുന്നവര്‍ – യാമിനി ജോര്‍ജ്ജ് അറ്റ് ജീമെയില്‍ ഡോട്കോം, യാമിനി രഞ്ജിത്ത് അറ്റ് ജീമെയില്‍ ഡോട്കോം തുടങ്ങി 25 ഇമെയില്‍ ഐഡികള്‍

സന്ദേശം “ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീ എനിക്ക് റോംഗ് നമ്പര്‍ തന്നു.” എന്ന സംഭവത്തെക്കുറിച്ച് (ഈ 25 ഈമെയില്‍ ഐഡികളില്‍ ഉള്‍പെട്ടേക്കാവുന്ന വ്യക്തികളില്‍ ഞാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയല്ലാത്ത എല്ലാവരോടും മാപ്പുചോദിച്ചുകൊണ്ട് )

നിന്നെ ഓര്‍മ്മപ്പെടുത്തുവാന്‍ ആ സംഭവത്തെക്കുറിച്ച് ഞാനൊരു സൂചന നല്‍കാം വെറും എട്ടു ദിവസങ്ങള്‍ക്ക് മുന്‍പുള്ള സംഭവമായതുകൊണ്ട് നീയത് മറക്കാനിടയില്ലെങ്കിലും യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വേദിയില്‍വെച്ചാണ് നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയത്. സത്യത്തില്‍ നിന്നെ കണ്ടപ്പോള്‍ വളരെകാലമായി ഞാന്‍ തേടിനടന്ന ഒരു വ്യക്തിയെ കണ്ടെത്തിയപോലെയാണ് എനിക്ക് തോന്നിയത്. നിന്നെ പരിചയപ്പെടാനും അടുക്കാനുമുള്ള എന്‍റെ ശ്രമം അൽപം കടന്നു പോയെന്ന് എനിക്ക് മനസ്സിലായി. പക്ഷെ എനിക്കെന്നെ നിയന്ത്രിക്കാനായില്ല. അല്പം അപമര്യാദയാകും എന്നറിഞ്ഞുകൊണ്ട് തന്നെയാണെങ്കിലും ഫാസ്റ്റ്ഫുഡ് കടയിൽവെച്ച് എന്നെ സ്വയം പരിചയപ്പെടുത്താനും നിന്നെക്കുറിച്ചറിയാനും ഞാൻ വീണ്ടും ഒരു ശ്രമംകൂടി നടത്തി.

പേര് രാജീവ്‌, കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലാണ് ജോലി. അവിവാഹിതന്‍. വീട് പാലക്കാട്ടായതുകൊണ്ട് ഇവിടെ അടുത്ത് ഒരു ലോഡ്ജില്‍ താമസിക്കുന്നു എന്നെല്ലാം നീ ചോദിക്കാതെതന്നെ ഞാന്‍ നിന്നോട് പറഞ്ഞു. നിന്‍റെ പേര് യാമിനി എന്നാണെന്നും വിവാഹിതയല്ലെന്നും ഞാൻ ചോദിച്ചറിയുകയും ചെയ്തു. ഫാസ്റ്റ് ഫുഡ് കടയില്‍വെച്ച് ഞാന്‍ നിന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങിയിരുന്നതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചോദിച്ചറിയാമല്ലോ എന്നുകരുതിയാണ് ഞാന്‍ സമാധാനത്തോടെ ലോഡ്ജിലേക്ക് മടങ്ങിയത്.

പിറ്റേന്ന് നീ തന്ന നമ്പറില്‍ വിളിക്കുന്നതുവരെ ആകാംക്ഷയുടെ പിരിമുറുക്കത്തിലായിരുന്നു ഞാന്‍. പക്ഷേ, ആ നമ്പറില്‍നിന്ന് ഒരു പുരുഷന്‍റെ സ്വരമാണ് കേട്ടത്. “യാമിനിയോ? ഏതു യാമിനിയാടോ?” എന്ന് പരിഹാസസ്വരത്തിലുള്ള ആ ചോദ്യം കേട്ടപ്പോള്‍ എനിക്കുണ്ടായ നൈരാശ്യത്തെക്കുറിച്ച് നിനക്കൂഹിക്കാനാകുമോ? നീ തന്നത് റോംഗ് നമ്പറാണെന്ന് എനിക്ക് മനസ്സിലായി തികച്ചും അപ്രതീക്ഷിതമായി എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതുപോലെ നീ പെട്ടെന്ന് മറയുകയാണോ? എന്‍റെ മനസ്സ് ആകുലപ്പെട്ടുകൊണ്ടിരുന്നു. എങ്കില്‍ ഞാനെങ്ങിനെ നിന്നെ കണ്ടെത്തും? എന്‍റെ പ്രണയം നിന്നെ എങ്ങനെ അറിയിക്കും?

ഒരേ ഒരു പോംവഴി ഈമെയില്‍ ആണെന്നെനിക്ക് തോന്നി. നിനക്ക് ഒരു ഈമെയില്‍ ഐഡി ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അന്ന് രാത്രിതന്നെ ഞാന്‍ യാമിനി എന്നാരംഭിക്കുന്ന 35 ഈമെയില്‍ ഐഡികളുണ്ടാക്കി എന്‍റെ സന്ദേശം അതിലെഴുതി അയച്ചു. അതില്‍ കുറെ മെയിലുകള്‍ ബൗണ്സ് (അഡ്രസ്‌ ശരിയല്ലെന്ന സന്ദേശം ലഭിക്കുക) ചെയ്യുകയും ചെയ്തു. പിറ്റേന്ന് തന്നെ അതില്‍ ഒരു യാമിനിയുടെ മറുപടി വന്നു.

റോംഗ് നമ്പര്‍ തന്നതിൽ നിന്ന് നിനക്കെന്നോടുള്ള താല്പര്യക്കുറവ് വ്യക്തമായ സ്ഥിതിക്ക് വെറുതെ സമയം പാഴാക്കുന്നതെന്തിനെന്നാണ് ആ മാന്യവനിതയുടെ ചോദ്യം. അത് ശരിയാണെങ്കിലും പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു. അപ്പോഴെല്ലാം ഞാന്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ഞാനാദ്യം അയച്ച മെയില്‍ ഐഡിയില്‍ നീയും ഉള്‍പ്പെട്ടുകാണുമോ? എന്നിട്ടും നീ മൗനം പാലിക്കുകയാണോ? ആ മെയില്‍ നീ കണ്ടിട്ടുണ്ടാവില്ലെന്ന് വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരിക്കാനായിരുന്നു മനസ്സ് ഉപദേശിച്ചത്. ഞാന്‍ പ്രത്യാശ കൈവിടാതെ കാത്തിരുന്നു. ആശങ്കയുടെ നിഴല്‍വീണ അവസാനമില്ലാതെ നീളുന്ന പകലുകളെയും രാത്രികളേയും ശപിച്ചുകൊണ്ട് ദുസ്സഹമായൊരു കാത്തിരിപ്പ്‌.

ഇപ്പോള്‍ ഈ സന്ദേശത്തിലൂടെ ഞാന്‍ നിന്നെ കണ്ടെത്താന്‍ ഒരിക്കല്‍കൂടി ശ്രമിക്കുകയാണ്. അവസാനത്തെ ശ്രമം. ഈ 25 പേരില്‍ നീ ഉള്‍പ്പെട്ടിട്ടുണ്ടാകുമോ എന്നറിയില്ലെങ്കിലും എന്‍റെ സന്ദേശം മറ്റ് യാമിനിമാര്‍ ആരെങ്കിലും വഴി നിനക്ക് കിട്ടിയാല്‍ നീ നിന്‍റെ തീരുമാനം അതെന്തുതന്നെ ആയാലും എന്നെ അറിയിക്കുമോ? ഒരിക്കല്‍ക്കൂടി തമ്മില്‍ കാണുവാന്‍ നീയെനിക്ക് അനുവാദം തരുമോ?

എന്‍റെ മെയിലില്‍ ഉള്‍പെട്ടിട്ടുള്ള എല്ലാ യാമിനിമാരോടും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ക്ഷമാപണപൂര്‍വ്വം…

രാജീവ്‌

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 7

“അൺബിലീവബിൾ…” ഉർവ്വശി അദ്ഭുതം കൂറിയമിഴികളോടെ ഗൗതമനേയും രേണുവിനേയും മാറി മാറി നോക്കി. “നിങ്ങൾ നേരത്തേ പരിചയക്കാരായിരുന്നുവല്ലേ. എന്നിട്ടെന്തേ ഒളിച്ചുവച്ചു?”

അവൾക്ക് എന്തു മറുപടി നൽകണമെന്നറിയാതെ രേണു ഗൗതമനെ നോക്കി.

“മോളേ.. ഞങ്ങൾ ചിലത് ഒളിച്ചുവച്ചു. അത് ശരിയാണ്. എല്ലാം വിശദമായി പിന്നീട് പറയാം. പക്ഷേ ഇക്കാര്യങ്ങളൊന്നും നീ ഉമയോടും ഉമേഷിനോടും ചൽക്കാലം പറയരുത്.” ഗൗതമൻ പറഞ്ഞു.

“പപ്പാ… എനിക്കൊന്നും മനസ്സിലാവുന്നില്ല…”

“ഞങ്ങൾ കോളേജ്മേറ്റ്സായിരുന്നു. വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ജീവിതസാഹചര്യങ്ങൾ അതിനുള്ള ഭാഗ്യം നൽകിയില്ല.” ഗൗതമൻ ഇടർച്ചയോടെ പറഞ്ഞു.

കൂടുതൽ സംസാരിക്കാൻ നിൽക്കാതെ രേണുവിനെ ഉർവവ്ശി കൂട്ടിക്കൊണ്ടു പോയി. മുറിയിൽ ചെന്നപ്പോൾ അവൾ വാതിലടച്ചു കുറ്റിയിട്ടു.

“മമ്മീ.. എന്താ ഉണ്ടായത് മമ്മീ നിങ്ങളുടെ ജീവിതത്തിൽ…”

“സാധാരണ പ്രണയങ്ങൾക്കു സംഭവിക്കുന്നതൊക്കെ തന്ന. എല്ലാറ്റിനും കാരണം ഞാനായിരുന്നു മോളേ… അദ്ദേഹം ഒരു തെറ്റും ചെയ്തിരുന്നില്ല.” രേണു കൂടുതലൊന്നും പറയാൻ തയ്യാറായില്ല.

“പക്ഷേ, ഉമ ഒരിക്കലും ഇക്കാര്യം അറിയരുത്. മറ്റൊന്നുമല്ല. ആ സാധുവിനത് താങ്ങാനാവുമോ എന്നാണെന്‍റെ പേടി…” രേണു ഉർവ്വശിയെ വീണ്ടും ഓർമ്മിപ്പിച്ചു.

“പ്രോമിസ്…” രേണുവിന്‍റെ ഇരുതോളിലും പിടിച്ച് ഉർവ്വശി അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

അമ്മയുടെ ജീവിതത്തിൽ നടക്കാതെ പോയ കാര്യമാണ് അപ്രതീക്ഷിതമായി തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്. ഉർവ്വശിക്ക് അദ്ഭുതം തോന്നി. അവൾ ഉമേഷിനെ ആദ്യമായി കണ്ടുമുട്ടിയ ദിനത്തെക്കുറിച്ച് ആലോചിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗാണ് ഉമേഷിന്‍റെ ഇഷ്ട വിഷയം. ഉർവ്വശിയുടേത് ബയോടെക്നോളജിയും കോളേജിലെ ഒരു സെമിനാറിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ആദ്യമായി ഉമേഷിനെ ഉർവ്വശി പരിചയപ്പെടുന്നത്. ഇന്ത്യാക്കാരയതുകൊണ്ടുള്ള ഒരു കൺസിഡറേഷൻ ആയിരുന്നു ആദ്യം രണ്ടുപേർക്കും. പിന്നീടത് പ്രണയമായി മാറിയതാണ്.

ഉർവ്വശി ആലോചിച്ചിരിക്കുന്നതു കണ്ടപ്പോൾ രേണു അവളെ വിളിച്ചു, “മോളേ, ഒരുങ്ങ് ഫ്ളൈറ്റിനുള്ള സമയമാകുന്നു.” അവർ വേഗം ഒരുങ്ങി താഴേക്കു വന്നപ്പോഴേക്കും ഉമ ലഞ്ച് തയ്യാറാക്കി കഴിഞ്ഞിരുന്നു. പിന്നെ കുറേ പായ്ക്കറ്റുകൾ റെഡിയാക്കി അവൾ രേണുവിനെ ഏൽപിച്ചു. അച്ചാർ മുതൽ രസഗുള വരെയുള്ള സാധനങ്ങൾ…

ഉമയുടെ നിർബന്ധത്തിനു വഴങ്ങി 11 മണിക്കു തന്നെ ലഞ്ച് കഴിച്ച ശേഷം രേണുവും ഉർവ്വശിയും നേരെ എയർപോർട്ടിലേക്ക് പോയി. ഉമേഷാണ് അവരെ കൊണ്ടുവിട്ടത്. കാലിഫോർണിയയ്ക്കുള്ള ഡയറക്ട് ഫ്ളൈറ്റാണ്. വിമാനത്താവളത്തിലിറങ്ങി ഒരു മണിക്കൂർ ബസിൽ പോകണം. സൈൻഹോജയിലെത്താൻ.

മാസങ്ങൾ കടന്നു പോയത് എത്ര വേഗമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രണ്ടുവട്ടം കൂടി ഉർവ്വശിയുടെ വീട്ടിൽ ഗൗതമനുമ കുടുംബവും പോയി. മെയ്മാസത്തിൽ വിവാഹം നടത്താനാണ് തീരുമാനം. അതിനു മുമ്പായി സൈൻഹോജയിലെ വീടും  കാലിഫോർണിയയിലെ ഷോപ്പും വിൽക്കാനുള്ള നടപടികൾ രേണു ആരംഭിച്ചിരുന്നു. ഗൗതമൻ മുന്നോട്ടുവച്ച ഒരു നിബന്ധന അതായിരുന്നുവല്ലോ. വിവാഹശേഷം രേണുവും വിജയും വാഷിംഗ്ടണിലേക്കു താമസം മാറ്റുകയാണെന്നറിഞ്ഞപ്പോൾ ഉമയ്ക്ക് വളരെ സന്തോഷമായി.

യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിൽ വിജയിന് അഡ്മിഷൻ ശരിയായി. താമസിയാതെ രേണു വടക്കൻ വിർജീനിയയിൽ ഒരു സ്റ്റോർ വാങ്ങുകയും ചെയ്തു. തന്‍റെ ബിസിനസ് തുടരനായിരുന്നു രേണുവിന്‍റെ തീരുമാനം. ഉമേഷിന്‍റെയും ഉർവ്വശിയുടേയും പരീക്ഷ കഴിഞ്ഞിട്ടാണ് വിവാഹം നടത്തിയത്. വാഷിംഗ്ടണിൽ ഏറ്റവും മികച്ച ഹാൾ തന്നെയാണ് ഗൗതമൻ വിവാഹത്തിന് തെരഞ്ഞെടുത്തത്.

ഗൗതമൻ വലിയ സന്തോഷത്തിലായിരുന്നു. സ്വന്തം ജീവിതത്തിൽ ആഗ്രഹിച്ച ബന്ധം മക്കളായിട്ട് സഫലമാക്കിയിരിക്കുന്നു. ഇനി മനസ്സിന് റിലാക്സ് ചെയ്യാം. കുത്തിനോവിക്കുന്ന ഭൂതകാല ചിനതകളില്ലാതെ. ചെറുപ്പത്തിന്‍റെ അവിവേക ചിന്തകളിൽ പെട്ട് പാകപ്പെടാതെ പോയ ഒരു ബന്ധം െന്നു കരുതി എല്ലാം തള്ളിക്കളയാൻ ഗൗതമന് ആവുമായിരുന്നില്ല. മനസ്സിന്‍റെ അഗാധ തലങ്ങളിലെവിടെയോ താഴിട്ടുപൂട്ടിയ ഒരു അറയ്ക്കുള്ളിലായിരുന്നു ഭൂതകാലം. മഞ്ഞിൽ തല കുമ്പിട്ട് നിൽക്കുന്ന തത്വചിന്തകരെപ്പോലെ തോന്നിക്കുന്ന സൈപ്രസ് മരങ്ങളെ നോക്കിയിരിക്കുമ്പോൾ ഭൂതകാലത്തിന്‍റെ വാതായനങ്ങൾ മാന്ത്രികസ്പർശത്താലെന്ന പോലെ തുറക്കപ്പെടും.

തകർന്ന പ്രണയവും അനാഥത്വവും സമ്മാനിച്ച തീവ്രദുഃഖത്തിൽ നിന്ന് തനിക്ക് മോചനം നൽകിയത് ഈ മരങ്ങളാണോ? ഗൗതമൻ ആലോചിച്ചു. സെമിത്തേരികളിൽ കൂടുതലായി കാണപ്പെടുന്ന ഈ മനോഹരമായ വൃക്ഷങ്ങളെക്കുറിച്ചുള്ള കഥകൾ പറഞ്ഞുതന്നത് യു.എസ്കാരനായ ആൻഡ്രു റെഫിയാണ്.

ഗ്രീക്ക് ദേവതയായ അപ്പോളോയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മനുഷ്യനായ സൈഫാരിസ്. തന്‍റെ സ്നേഹസൂചകമായി ഒരു ആൺമാനിനെ അപ്പോളോ സൈഫാരിസിന് സമ്മാനിച്ചു. പക്ഷേ സൈഫാരിസിന്‍റെ കയ്യബദ്ധത്താൽ ആ മാൻ കൊല്ലപ്പെട്ടു. ദുഃഖിതനായ സൈഫാരിസ് ജീവിതത്തിൽ നിന്ന് മോചനം ആവശ്യപ്പെട്ടപ്പോൾ അപ്പോളോ അവനെ സൈപ്രസ് മരമാക്കി വേർപാടിന്‍റെ ദുഃഖപ്രതീകമാക്കുകയായിരുന്നുവത്രേ. ഈ കഥ കൂടി കേട്ടതോടെ സൈപ്രസ് മരങ്ങളെ നോക്കിയിരുന്നും തലോടിയും ദിവസങ്ങൾ തള്ളിനീക്കുമായിരുന്നു. വിവാഹശേഷമാണ് ആ പതിവിൽ മാറ്റം ഉണ്ടായത്. എങ്കിലും തണുത്തുറഞ്ഞ പ്രഭാതത്തിൽ ഉമ കനത്ത ഉറക്കത്തിലാഴ്ന്നു കിടക്കുമ്പോൾ താനെത്രയോ വട്ടം ജനൽക്കാഴ്ചകളിലൂടെ മനസ്സിനെ തുറന്നു വിട്ടിരിക്കുന്നു.

രേണുവിനെ വീണ്ടും കണ്ടുമുട്ടുമെന്ന് ഒരിക്കലും കരുതിയില്ല. അവൾക്കെന്തു സംഭവിച്ചുവെന്ന് അറിയണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അമ്മയുടെ മരണത്തിന് തന്‍റെ പ്രണയം കാരണമായല്ലോ എന്ന കുറ്റബോധം ആഗ്രഹങ്ങളെ വേരോടെ നുള്ളിക്കളഞ്ഞു. രേണുവിന്‍റെ അച്ഛന്‍റെ കടുംപിടുത്തം അമ്മയെ ഏറെ വേദനിപ്പിച്ചിരുന്നല്ലോ… കല്യാണത്തിന് അവളുടെ അച്ഛൻ വന്നില്ല. ഇന്ത്യയിലാണ് അദ്ദേഹം. സുഖമില്ലാത്തതിനാലാണ് വരാതിരുന്നതെന്നാണ് ഉർവ്വശി പറഞ്ഞത്.

പഠനം കഴിഞ്ഞ് ഒരു ജോലിക്കുള്ള ശ്രമത്തിലാണ് ഉമേഷ്. അയാൾ അവിടെയും ഇവിടെയുമൊക്കെ ജോലി തേടി നടന്നുവെങ്കിലും ഒന്നും ശരിയായില്ല. കുടുംബത്തിന് സ്വന്തമായൊരു ബിസിനസ്സ് ഉണ്ട്. അത് നോക്കി നടത്താൻ അച്ഛനെ സഹായിച്ചാൽ പോരേ. പിന്നെന്തിനാണ് മറ്റൊരു ജോലി എന്ന് ഗൗതമന്‍റെ ചില സുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി. “ അവന് താൽപര്യമുണ്ടെങ്കിൽ ഇങ്ങോട്ടു പറയട്ടെ.” ഗൗതമന്‍റെ മറുപടി അങ്ങനെയായിരുന്നു. ഉദ്ദേശിക്കുന്നത്ര നല്ല ജോലി കിട്ടുകയില്ലെന്ന് തോന്നിയിട്ടോയെന്തോ ഉമേഷ് ഒരു ദിവസം അവിചാരിതമായി ഗൗതമനോട് പറഞ്ഞു.

“പപ്പാ, നമ്മുടെ കമ്പനിയിൽ തന്നെ ഞാനും ജോയിൻ ചെയ്യട്ടെ.”

“ഓകെ, നിനക്ക് താൽപര്യമുണ്ടെങ്കിൽ അങ്ങനെയാവട്ടെ….”

ഉർവ്വശി അതു കേട്ടുകൊണ്ട് സമീപം തന്നെയിരിക്കുന്നുണ്ടായിരുന്നു.

“പപ്പാ, തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാനും ഒന്ന് ചോദിച്ചോട്ടെ?” ഉർവ്വശി സങ്കോചത്തോടെ പറഞ്ഞു.

ഗൗതമൻ അവളെ ചോദ്യഭാവത്തിൽ നോക്കി.

“എനിക്കും നമ്മുടെ കമ്പനിയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ട്.”

ഗൗതമൻ പുഞ്ചിരിയോടെ പറഞ്ഞു. “ഓകെ… കം ആന്‍റ് വർക്ക്. നിങ്ങൾ കമ്പനിയുടെ കാര്യങ്ങൾ ഭംഗിയായി നടത്തിയാൽ എനിക്ക് അൽപം വിശ്രമമെടുക്കാമല്ലോ…”

പിറ്റേന്ന് മുതൽ ഇരുവരും ഓഫീസിൽ പതിവായി വന്നു തുടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമായ ധാരണയുണ്ടാക്കിയെടുത്തു. ഉമേഷ് നയപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ ഉർവ്വശിക്ക് ഉമേഷിനേക്കാൾ മികവുണ്ടെന്ന് ഗൗതമന് മനസ്സിലായി.

മാസങ്ങൾ കടന്നുപോയി. ഇപ്പോൾ ഗൗതമന് ഉമയോടൊപ്പം ചെലവഴിക്കാൻ ധാരാളം സമയം ലഭിക്കുന്നുണ്ട്. കാണാൻ കിട്ടുന്നില്ലെന്ന അവളുടെ പരിഭവവും പരാതിയും കുറഞ്ഞു. ഒരുമിച്ചുള്ള യാത്രകളാണ് പല്പ്പോഴും ഇരുവരും പ്ലാൻ ചെയ്യുന്നത്. ചിലപ്പോൾ ഉമേഷും ഉർവ്വശിയും ഒപ്പം കൂടും. സന്തോഷകരമായ ദിവസങ്ങൾ മുന്നോട്ടു പോകുമ്പോഴാണ് മറ്റൊരു സന്തോഷവാർത്തയുമായി ഒരു ദിനം ഉമ ഫോൺ ചെയ്തത്. ഗൗതമൻ ആ സമയം ഔദ്യോഗിക ടൂറിലായിരുന്നു. ഉർവ്വശി അമ്മയാകാൻ പോകുന്നുവെന്ന വിവരം. അക്കാര്യം അറിയിക്കുമ്പോൾ ഉമ വളരെ ആവേശത്തിലാണെന്നു തോന്നി. നാളെ ടൂർ കഴിഞ്ഞെത്തിയിട്ട് കൂടുതൽ സംസാരിക്കാമെന്ന് പറഞ്ഞ് ഗൗതമൻ ഫോൺ വെച്ചു. പിറ്റേന്ന് വീട്ടിലെത്തുമ്പോൾ ഉർവ്വശിയുടെ നാണത്തിൽ വിടർന്ന മുഖം കണ്ട് ഗൗതമൻ പുഞ്ചിരിച്ചു.

“ഉർവ്വശി, എന്‍റെ ആഗ്രഹം പറയട്ടെ…”

“പറയൂ പപ്പാ…”

“കഴിഞ്ഞ ഏഴ് തലമുറകളായി ഞങ്ങളുടെ കുടുംബത്തിൽ പെൺകുട്ടികളില്ല. ഇപ്രാവശ്യം ഞങ്ങൾക്ക് ഒരു പെൺകുട്ടി മതി.”

അവൾ മറുപടി പറയാതെ വിടർന്ന ചിരിയോടെ ഗൗതമന്‍റെ സമീപം വന്നിരുന്നു.

അടുക്കളയിൽ ഉമ എന്തൊക്കെയോ വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഉമ ഗൗതമനെ ഓർമ്മിപ്പിച്ചു. “ചേച്ചിയുടെ മകന്‍റെ വിവാഹമാണ് അടുത്ത മാസം അവിടെ അൽപം നേരത്തേ പോകണമെന്ന് ആഗ്രഹമുണ്ട്. മോളേ, നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ നാട്ടിൽ പോയി വരാം….”

ശരിയാണ്. ഗൗതമൻ ആലോചിച്ചു. ഉമ ഇന്ത്യയിൽ പോയിട്ട് വർഷങ്ങളായി. അവൾക്ക് ഒരു ചെയ്ഞ്ചാകട്ടെ.

“ഉർവ്വശിക്ക് ഒരു പ്രയാസവുമില്ലാതെ ഞാൻ നോക്കികൊള്ളാം. ഇനി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അവളുടെ അമ്മ ഇന്നാട്ടിൽ തന്നെയുണ്ടല്ലോ… താൻ ധൈര്യമായി പോയിട്ടുവാ… വിവാഹദിവസം ഞാനുമെത്താം.” ഗൗതമൻ പ്രോത്സാഹിപ്പിച്ചു.

ഉമ രണ്ടു ദിവസത്തിനകം യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഇന്ത്യയിലേക്ക് പുറപ്പെട്ടു.

(തുടരും)

നിഴൽച്ചിത്രം പോലെ

ജീവിതം കൽപിച്ചു കൂട്ടിയ വഴിയുലൂടെയായിരുന്നു അനിതയുടെ യാത്ര. സ്വപ്നങ്ങളേയും മോഹങ്ങളേയും അവൾ ഭയന്നു. എന്നാലും എന്തുകൊണ്ടോ മനസ്സെപ്പോഴും സ്വപ്നങ്ങൾക്ക് പിറകേ പാഞ്ഞുകൊണ്ടിരുന്നു. സ്വപ്നങ്ങളാണല്ലോ ജീവിതത്തിന്‍റെ ഘടികാരം.

കുട്ടിക്കാലത്ത് സ്നേഹത്തിന്‍റെ ഉറവിനു വേണ്ടി അവളുടെ മനസ്സ് കൊതിച്ചിരുന്നു. ഓരോ ചുവടുവയ്പിലും അവളുടെ മനസ്സ് ആ തണലിനു വേണ്ടി മോഹിച്ചിരുന്നു… എന്നിട്ടും അപൂർണ്ണമാക്കപ്പെട്ട സ്വപ്നം പോലെ… അനിത.

കടന്നു വരുന്ന ഓരോ ഉത്സവനാളിലും വീട്ടിൽ നിറയെ ആഹ്ലാദത്തിമിർപ്പുകളുണ്ടാവണമെന്ന് കുട്ടിക്കാലത്ത് ഒരിക്കലും അവൾ മോഹിച്ചിരുന്നില്ല. എന്നാലും ഓരോ പ്രായത്തിലും നിറപ്പകിട്ടാർന്ന വസ്ത്രങ്ങളോടും പലതരം ഭക്ഷണങ്ങളോടുമുള്ള അവളുടെ ആഗ്രഹം തീവ്രമായിരുന്നു. ഒരിക്കലും നടക്കാത്ത മോഹങ്ങളായി അത് അവളെ പല്ലിളിച്ചുകാട്ടി. രസിച്ചു പഴയ നിറം മങ്ങിയ വസ്ത്രങ്ങളിലും വീട്ടിൽ കഷ്ടിച്ചുണ്ടാക്കുന്ന ചോറിലും അവൾ തൃപ്തിപ്പെടാൻ ശീലിച്ചു കഴിഞ്ഞിരുന്നു. ചില ദിവസങ്ങളിൽ അതും ഉണ്ടായിരുന്നില്ല.

മൃദുലലഹരിയിൽ വീട്ടിൽ ആടിക്കുഴഞ്ഞെത്തുന്ന അനിതയുടെ അച്ഛൻ മാധവൻ വീട്ടിലെ കൊച്ചുമുറികളിൽ നിറയേണ്ടിയിരുന്ന സന്തോഷത്തിന്‍റെ അലകളെ ഞെരിച്ചുകൊണ്ടിരുന്നു. അമ്മയ്ക്കു നേരെയുള്ള അച്ഛന്‍റെ ദേഹോപദ്രവങ്ങളും ചീത്തവിളിയും അടിയും ഇടിയുമൊക്കെ പതിവുപോലെ വാശിയോടെ വീട്ടിൽ നിറഞ്ഞു നിന്നു.

അനിതയുടെ അമ്മയോട് ആകെ സ്നേഹത്തോടെ ഇടപഴകിയിരുന്നത് മാധവന്‍റെ അകന്ന ബന്ധത്തിൽപെട്ട ഒരു പെങ്ങൾ സാവിത്രി മാത്രമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളപ്പോൾ സാവിത്രിയമ്മ രഹസ്യമായി അനിതയുടെ അമ്മ ലീലയെ സഹായിക്കുമായിരുന്നു. സാവിത്രിയമ്മ കാട്ടിയ അലിവിലാണ്. പല ദിവസങ്ങളിലും അടുപ്പിലെ തീ പുകഞ്ഞിരുന്നതു തന്നെ.

എന്നാൽ മാധവന്‍റെ സ്വന്തം പെങ്ങളായ കമലയ്ക്ക് എരിതീയിൽ എണ്ണ പകരാനുള്ള അവസരമായിരുന്നു. അതൊക്കെയും അവർ ഇക്കാര്യം മാധവനെ അറിയിച്ച് വീട്ടിൽ വഴക്ക് ഉണ്ടാക്കിച്ചു.  കുഞ്ഞുനാൾ തൊട്ടേ കണ്ടുതുടങ്ങിയ വീട്ടിലെ പ്രതികൂല സാഹചര്യം അനിതയെ തീർത്തും അന്തർമുഖിയാക്കി മാറ്റിയിരുന്നു. മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാൻ അവൾ മനഃപൂർവ്വം ശ്രമിച്ചുകൊണ്ടിരുന്നു.

ഉത്സവങ്ങളും ആഘോഷങ്ങളും അവളെ സംബന്ധിച്ച് ഏതോ വിദൂരമായ സ്വപ്നങ്ങൾ മത്രമായിരുന്നു. കാവിലെ പൂരവും ഓണവും വിഷുവുമൊക്കെ…. അവളുടെ ചെറിയ ജീവിതത്തിന് അപ്പുറത്തെ വലിയ നിറമുള്ള ലോകങ്ങളായി. ഇത്തരമവസരങ്ങളിൽ പുറത്തെ നിറക്കാഴ്ചകൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ച് മുറിയിലെ ഇരുളിൽ ഒളിച്ചിരിക്കാൻ അവൾ കൊതിച്ചു. അച്ഛൻ കാണാതെ വീടിന്‍റെ പടിക്കൽ ഓണവിഭവങ്ങളുമായി എത്തുന്ന കൂട്ടുകാർക്ക് മുന്നിൽ നിസ്സംഗതയോടെ അവൾ ചിരിച്ചു… ചിലപ്പോൾ ഭൂമി പിളർന്ന് താഴോട്ട് പോകാൻ പോലും അവൾ കൊതിച്ചു.

കൂട്ടുകാരികളുടെ പട്ടുകുപ്പായങ്ങളുടെ പളപളപ്പും ഉലച്ചിൽ ശബ്ദവുമൊന്നും ശ്രദ്ധിക്കാതിരിക്കാൻ അവൾ മനഃപൂർവ്വം പാടുപെട്ടുകൊണ്ടിരുന്നു. ഉള്ളിൽ തേങ്ങലടക്കി വെറുതെ സ്വപ്നങ്ങളുടെ താഴ്വരയിലേക്ക് അലസമായി ഒഴുകി നടക്കാൻ അവൾ സദാ കൊതിച്ചു. ജീവിതത്തിൽ യാദൃശ്ചികമായി എത്തുന്ന ആഹ്ലാദങ്ങളിൽ പോലും കണ്ണീരിന്‍റെ ഉപ്പുരസം പടർന്നിരുന്നു.

ഋതുഭേദങ്ങൾ മാറി മാറി വന്നു. ജീവിതവും ഏറെ മാറി. അവളും… അന്ന്… ബി.എ ഫൈനൽ പരീക്ഷാഫലം വന്ന ദിവസമായിരുന്നു. ഫസ്റ്റ്ക്ലാസ്സിൽ പാസ്സായ സന്തോഷവിവരം അമ്മയെ അറിയിക്കാനുള്ള വ്യഗ്രതയിൽ അനിത വീട്ടിലേക്ക് ഓടി. ഓടിയിട്ടും ഓടിയിട്ടും തീരാത്ത ദൂരം അന്നവളെ ആദ്യമായി അരിശം കൊള്ളിച്ചു. കൈ എത്താത്ത ദൂരത്ത് നിൽക്കുന്ന ആഹ്ലാദം…. ദൂരമത്രയും ഓടിക്കിതച്ചെത്തിയ അവൾ വീട്ടുമുറ്റത്തെ ആൾക്കൂട്ടത്തെ കണ്ട് ഭയന്നു. നെഞ്ചിടിപ്പ് ക്രമാതീതമായി ഉയർന്നു. ആൾക്കൂട്ടത്തിനടയിലൂടെ അറച്ചുറച്ച് അവൾ വീട്ടിലേയ്ക്ക് പതിയെ നടന്നുകയറി.

നെഞ്ചിടിപ്പോടെ അവൾ ഇറയത്തു നിന്നും അകത്തേക്ക് പഖച്ചു നോക്കി. പായയിൽ രക്തം ഛർദ്ദിച്ച് ഒരു നിർജ്ജീവശരീരമായി അച്ഛൻ കിടക്കുന്നു. തൊട്ടടുത്തായി നിസ്സംഗയായി വിദൂരതയിൽ കണ്ണു നട്ടിരിക്കുന്ന അമ്മയുടെ മെല്ലിച്ച രൂപം. ചുറ്റും കൂടി നിന്നവരുടെ നോട്ടം അവളിൽ അസ്വസ്ഥത നിറച്ചു. സഹാനുഭൂതിയോ സ്നേഹമോ ഒന്നും തിരിച്ചറിയാനാവാത്ത ഭാവങ്ങൾ പേറി നിൽക്കുന്ന മനുഷ്യരൂപങ്ങൾ…. ഇരുകാലുള്ള വിചിത്രരൂപികൾ കണക്കെ ചുറ്റും നൃത്തം ചെയ്യുന്നതു പോലെ അവൾക്കു തോന്നി. ചിലർ കാതുകളിൽ അടക്കം പറഞ്ഞു. ചിലർ മാധവനെ പുകഴ്ത്തിപ്പറഞ്ഞു. അയാളുടെ സ്നേഹവായ്പ് അനുഭവിക്കാനുള്ള അവസരമുണ്ടായിട്ടുണ്ടത്രേ… മരണം െല്ലാ തെറ്റുകളേയും തിരത്തുകയാണല്ലോ.. എന്നാൽ അമ്മയ്ക്കെന്നും താങ്ങായി എത്തിയിരുന്ന സാവിത്രിയമ്മ അവളുടെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു. ഉള്ളിൽ തികട്ടി വന്ന തേങ്ങൽ വലിയൊരു കണ്ണീർ മഴയായി അവളുടെ കവിളുകളിലൂടെ ഒഴുകി പരന്നു. മാധവന്‍റെ ഒരേയൊരു പെങ്ങളായ കമലയെ മാധവൻ മരിച്ച വിവരമറിയിച്ചിരുന്നു. എന്നാൽ അവസരം മുതലെടുത്ത് ഈ സമയം അവർ ലീലയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അയാൾ മരിച്ചത് ലീല കാരണമാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ.

ജീവിതത്തിന്‍റെ പുതിയൊരു അധ്യായം തുറക്കപ്പെട്ടു. അവിടെയും അവൾ കടുത്ത പരീക്ഷണത്തെയാണ് നേരിട്ടത്. അനിതയുടെ അമ്മയ്ക്ക് ക്ഷയരോഗമുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. കുടുംബത്തിലെ പട്ടിണിയകറ്റാൻ പാടുപെട്ടുകൊണ്ടിരുന്ന ലീലയ്ക്ക് വിശ്രമം അനിവാര്യമായിരുന്നു. കുടുംബഭാരം മുഴുവനും അനിതയുടെ ചുമലിലായി. പലഹാരമുണ്ടാക്കി വിൽക്കലും ചെറിയ തയ്യൽപ്പണിയും അതോടെ അമ്മ ഉപേക്ഷിച്ചു. ഇടയ്ക്ക് രോഗം കലശലാവുന്നതിനാൽ അമ്മയെ വീട്ടിൽ തനിച്ചാക്കി പുറത്ത് എന്തെങ്കിലും അത്യാവശ്യത്തിന് പോകാനും കഴിയാതെ അനിത വിഷമിച്ചു.

എങ്ങനെയോ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന ജീവിതം പെട്ടെന്ന് നിശ്ചലമാക്കപ്പെട്ടതുപോലെ… ജീവിതത്തെ മുന്നോട്ട് നീക്കണമെന്നുണ്ടെങ്കിൽ എന്തെങ്കിലുമൊക്കെ ഉപേക്ഷിച്ചേ പറ്റൂ. അതിന് ഒരു വഴി മാത്രമേയുള്ളു. അനിതയുടെ വിദ്യാഭ്യാസം. ഡിഗ്രി കഴിഞ്ഞ് ബി.എഡ് ചെയ്ത് അധ്യാപികയാവണെന്നത് അവളുടെ സ്വപ്നമായിരുന്നു. അച്ഛൻ വരുത്തിവച്ച കടം വീട്ടാനും അമ്മയുടെ ചികിത്സാ ചെലവ് വഹിക്കുന്നതിനും മറ്റും പണം വേണം. ഇതിനിടിയിൽ പഠനം അസാധ്യം തന്നെ.

എന്നാൽ സാവിത്രിയമ്മയും ഭർത്താവും എന്നും സഹായിക്കാൻ മുന്നിൽ തന്നെ നിന്നു. അത് മാത്രമായിരുന്നു പുറത്തു നിന്നും കിട്ടിയ ഏക സഹായവും. സാവിത്രിയുടെ ഭർത്താവ് കേശവൻ സർക്കാർ ഓഫീസുകളിൽ കയറിയറങ്ങി ലീലയ്ക്ക് അർഹതപ്പെട്ട വിധവാ പെൻഷൻ ശരിയാക്കിയതുകൊണ്ട് അത്യാവശ്യം മരുന്നിനുള്ള വകയായി. മാത്രമല്ല സാവിത്രിയമ്മ തന്‍റെ മക്കൾക്ക് ട്യൂഷനെടുക്കുന്നതിനുള്ള ചുമതല അനിതയെ എൽപിച്ചു. സാവിത്രിയമ്മയുടേയും ഭർത്താവിന്‍റെയും കനിവുകൊണ്ട് വീണ്ടും അവരുടെ ജീവിതം പച്ചപിടിച്ചു തുടങ്ങി. വീണ്ടും പഠിക്കണമെന്ന് പറഞ്ഞ് അമ്മ അനിതയെ നിർബന്ധിച്ചു, എന്നാൽ അച്ഛൻ ഉണ്ടാക്കിവച്ച കടം തീർന്നിട്ടില്ലാത്തതിനാൽ പഠനത്തെക്കുറിച്ച് ആലോചിക്കാനുള്ള മാനസികാവസ്ഥലായിരുന്നില്ല അനിത. അതുകൊണ്ട് അമ്മ അവളെ പിന്നീട് നിർബന്ധിച്ചതുമില്ല.

“സാവിത്രിയമ്മയുണ്ടോ?” അനിത തെല്ല1രു സങ്കോചത്തോടെ യുവാവിനെ നോക്കി.

“ഇല്ലല്ലോ, ചിറ്റ അമ്മുവിനെയും അപ്പുവിനെയും കൂട്ടി പുറത്തു പോയിരിക്കുകയാ. ഉടനെയെത്തും, വരൂ… അകത്ത് കയറിയിരിക്കാം.” യുവാവ് യാതൊരു കൂസലുമില്ലാതെ അവളെ അകത്തേക്ക് ക്ഷണിച്ചു.

സാവിത്രിയമ്മയുടെ അടുത്ത ബന്ധത്തിൽപ്പെട്ടയാളാണ് യുവാവെന്ന് സംസാരത്തിൽ നിന്നും അവൾ ഊഹിച്ചു.

“വേണ്ട, ഞാൻ വെറുതെ വന്നതാ. ഇന്നലെ അമ്മു ട്യൂഷന് വന്നില്ല, അതുകൊണ്ട് അവളെ അന്വേഷിച്ച് വന്നതാ. ഞാൻ പോകട്ടെ.” അനിത പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു.

“ങ്ഹാ അവരെത്തിയല്ലോ.” യുവാവ് ഗെയ്റ്റ് കടന്നു വരുന്ന സാവിത്രിയേയും മക്കളേയും ചൂണ്ടി പറഞ്ഞു.

“അനിതയോ… അകത്തുവാ മോളേ… അവനെന്‍റെ ചേച്ചിയുടെ മോനാ.” സാവിത്രിയമ്മ അനിതയുടെ കൈപിടിച്ച് നിർബന്ധിച്ച് അകത്തേക്ക കൂട്ടിക്കൊണ്ടുപോയി.

“അനിതാ, ഇതാണ് ചേച്ചി. അതി ചേച്ചിയുടെ മോൻ സുജിത്.” സാവിത്രിയമ്മ അകത്ത് പത്രം വായിച്ചുകൊണ്ടിരുന്ന ഓമനയമ്മയെ അനിതയ്ക്ക് പരിചയപ്പെടുത്തി.

“ആന്‍റീ നമസ്കാരം.” അനിത വിനയപുരസരം കൈകൂപ്പി.

ഓമനയമ്മ അവളെ നോക്കി വാത്സല്യപൂർവ്വം പുഞ്ചിരിച്ചശേഷം സാവിത്രിക്കൊപ്പം അടുക്കളയിലേക്ക് പോയി. അമ്മുവും അപ്പുവും വല്യമ്മ കൊണ്ടുവന്ന കളിപ്പാട്ടങ്ങളും മറ്റും അനിതയ്ക്ക് കാണിച്ചുകൊടുക്കാനായി മത്സരിച്ചു.

“അനിത ഇരിക്കൂ.” സുജിത് പറഞ്ഞു. ഈ സമയമത്രയും അവളുടെ സുന്ദരമായ മുഖത്തു നിന്നും കണ്ണെടുക്കാതെ സുജിത് അവളത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അനിത അടുത്തു കിടന്ന കസേരയിൽ തെല്ലൊരു സങ്കോചത്തോടെയിരുന്നു.

“അനിതയാണോ ഇവരുടെ ട്യൂഷൻ ടീച്ചർ. ചിറ്റ പറഞ്ഞിരുന്നു. എങ്ങനെയുണ്ട് ഇവരുടെ പഠിത്തം?” സുജിത്തിന്‍റെ തുറന്ന ഇടപെടൽ അനിതയുടെ പരിഭ്രമം കുറച്ചു.

“കുഴപ്പമില്ല.” അനിത കുട്ടികളെ നോക്കി പുഞ്ചിരിച്ചു.

“അനിതക്ക് കുടിക്കാൻ എന്താണ് വേണ്ടത്… ചായയോ കാപ്പിയോ?” സുജിതിന്‍റെ ചോദ്യം കേട്ട് അനിത ഞെട്ടി.

“അയ്യോ.. ഒന്നും വേണ്ട. വീട്ടിൽ അമ്മ തനിച്ചാണ്. ഞാൻ പോകട്ടെ.” സുജിത് തുടർന്ന് എന്തെങ്കിലും പറയുംമുമ്പേ അനിത തിടുക്കപ്പെട്ട് പുറത്തിറങ്ങി.

പിന്നീട് പല ദിവസവും സുജിത് ഓരോരോ ഒഴിവുകഴിവുകൾ കണ്ടെത്തി അനിതയുടെ വീട്ടിൽ വരുന്നത് പതിവാക്കി. മിക്കപ്പോഴും കുട്ടികളെ ട്യൂഷന് കൊണ്ടുവിടാനും കൂട്ടിക്കൊണ്ടു പോകാനുമാണ് അയാൾ വന്നിരുന്നത്. അപ്പോഴൊക്കെ അനിതയോട് കൂടുതൽ അടുത്തിടപഴകാൻ അയാൾ ശ്രമിച്ചു. ഒരു ദിവസം അവസരം നോക്കി അയാൾ അവൾക്കൊരു കുറിപ്പ് നൽകി.

അനിത ആരും കാണാതെ കുറിപ്പ് വായിച്ചു. അയാൾ ജോലി സ്ഥലത്തേക്ക് മടങ്ങുകയാണെന്നും അതിനു മുമ്പായി ഒരുവട്ടം സൗകര്യപൂർവ്വം കാണണമെന്നുമായിരുന്നു കുറിപ്പിൽ. അതുകൊണ്ട് എങ്ഹനെയെങ്കിലും സമയമുണ്ടാക്കി ചിൽഡ്രൻസ് പാർക്കിൽ വരണമെന്നായിരുന്നു ആവശ്യം. സുജിത് എന്താണ് തന്നോട് പറയാൻ ആഗ്രഹിക്കുന്ന കാര്യം അനിതക്ക് നല്ലവണ്ണെ അറിയാമായിരുന്നു. അവളും അയാളോട് എന്തോ പറായനാഗ്രഹിച്ചിരുന്നു. അതുകൊണ്ട് വൈകുന്നേരം കൃത്യസമയത്ത് തന്നെ അവൾ പാർക്കിലെത്തി. പാർക്കിൽ സുജിത് നേരത്തെ തന്നെ എത്തിയിരുന്നു. മാത്രമല്ല പാർക്കിൽ ഒഴിഞ്ഞ സ്ഥാനത്തുള്ള ഒരു ബെഞ്ചിൽ അവളേയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവളെ കണ്ടമാത്രയിൽ അയാൾ എഴുന്നേറ്റു നിന്ന് അവളെ കൈ കാട്ടി വിളിച്ചു.

“അനിത, ഇവിടെ ഇരിക്കാം.”

അനിത പതിഞ്ഞ കാൽവയ്പുകളോടെ അയാളുടെ അടുത്തേക്ക് നടന്നു. തെല്ല1രു പരിഭ്രമത്തോടെ അയാളിൽ അൽപം അകന്നുമാറിയിരുന്നു.

“അനിത, എനിക്ക് വളച്ചുകെട്ടി പറുന്ന ശീലമില്ല.” അയാളുടെ മുഖം ഗൗരവം പൂണ്ടു. “അനിതെ ആദ്യകാഴ്ചയിൽതന്നെ എനിക്കിഷ്ടപ്പെട്ടു. എന്‍റെ ആരോ ആണ് നീയെന്ന തോന്നൽ… ഇത് വെറുമൊരു ആകർഷണമല്ല. നിനക്ക എന്നോട് ഇഷ്ടമുണ്ടോയെന്നെനിക്കറിയണം. ഇഷ്ടമാണെങ്കിൽ നമുക്ക് വിവാഹിതരാകാം.” സുജിത് പ്രതീക്ഷാനിർഭരമായ മിഴികളോടെ അവളെ നോക്കി.

അവളൊരു നിമിഷം കോരിത്തരിച്ചിരുന്നുപോയി. ‘നീ’ എന്ന സംബോധന അവളുടെയുള്ളിൽ അയാളോടുള്ള ഇഷ്ടം നിറച്ചു. ജീവിത്തിലാദ്യമായിട്ടാണ് ഇങ്ങനെയൊരാൾ തന്നോട് സംസാരിക്കുന്നത്. ഏത് പെണ്ണും മോഹിച്ചു പോകുന്ന നിമിഷം. ഈ സമയം ഇവിടെത്തന്നെ നിശ്ചലമായി നിന്നിരുന്നെങ്കിൽ എന്നവൾ മനസ്സുകൊണ്ടാഗ്രഹിച്ചു. തന്‍റെ ഇല്ലായ്മകളൊക്കെയും അറിഞ്ഞാണ് സുജിത് തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. സുജിത്തിനെ എങ്ങനെയാണ് നിരസിക്കുകയെന്ന അനിത ചിന്തിച്ചു. നിനച്ചിരിക്കാതെ സ്വപനലോകത്തേക്ക് വഴുതി വീണപോലെ. ഞൊടിയിട കൊണ്ട്ജീവിതം മാറിമറിഞ്ഞതുപോലെ വിശ്വസിക്കാനാവാതെ അവൾ പകച്ചു നിന്നു.

സുജിത് തന്‍റെ പ്രണയരഹസ്യം സാവിത്രിചിറ്റയെ അറിയിച്ചു. സുജിതിന്‍രെ അമ്മയേയും അനിതയുടെ അമ്മേയും ഇക്കാര്യം ധരിപ്പിക്കുന്ന കാര്യം സാവിത്രിയമ്മ സ്വയമേറ്റെടുത്തു. സാവിത്രിയമ്യെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. അനിതയെ അവർ സ്വന്തം മകളായാണ് കണ്ടിരുന്നത്. സാവിത്രിയമ്മയുടെ മിടുക്കു കാരണം കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിൽ തീരുമാനമായി. ഇതുവരെ കാണാത്ത ഒരു സ്വപനസുഖത്തിൽ അനിത ലയിച്ചിരുന്നു. അമ്മയുടെ അസുഖം മൂലം വിവാഹത്തെക്കുറിച്ചൊന്നും അവൾ ആലോചിച്ചിരുന്നില്ല. അല്ലെങ്കിലും ഇതൊന്നും തനിക്ക് വിധിച്ചിട്ടില്ലന്ന ചിന്തയിലായിരുന്നു അവൾ ഇതുവരെ.

സാവിത്രിയിൽ നിന്നും സുജിതിനെക്കുറിച്ചറിഞ്ഞ അമ്മയുടെ സന്തോഷം കാണേണ്ടതായിരുന്നു. അമ്മയുടെ മുഖത്ത് നിലവുപോലെ പരന്ന സന്തോഷം. തന്‍റെ കണ്ണടഞ്ഞാലും മകളുടെ ജീവിതം സുരക്ഷിതമായിരിക്കുമല്ലോയെന്ന ആശ്വാസമായിരുന്നു അവർക്ക്.

വിവാഹശേഷം സുജിത് ഹണിമൂൺ പ്ലാൻ ചെയ്തു. കുറച്ചുദിവസം വീട്ടിൽ നിന്നും മാറി നിൽക്കണമായിരുന്നതിനാൽ അനിതയുടെ അമ്മയെ പരിചരിക്കാനായി ഒരു ഹോംനേഴ്സിനെ ഏർപ്പെടുത്തി. അനിതുയുടെ അമ്യുടെ കാര്യത്തിൽ അയാൾ കാണിക്കുന്ന കരുതലും ശ്രദ്ധയും കണ്ട് അനിത മനസ്സാ സന്തോഷിച്ചു. ഇനി തനിക്കും അമ്മയ്ക്കും ഈ ലോകത്തിൽ ആരൊക്കെയോ ഉണ്ടെന്ന തോന്നൽ അവളെ ആഹ്ലാദത്തിലാക്കി. കൂടാതെ അമ്മയുടെ കാര്യങ്ങൾ നോക്കാൻ സാവിത്രിയമ്മയും ഓപ്പമുണ്ട്.

ഹണിമൂൺ നാളുകളിലെ സുന്ദരമായ ഓർമ്മകളുമായി മടങ്ങിയ അനിതക്ക് പക്ഷേ വേദനിക്കാനായിരുന്നു വിധനിയോഗം. അനിതയുടെ അമ്മ എന്നന്നേക്കുമായി ഈ ലോകം വെടിഞ്ഞു. നിനച്ചിരിക്കാതെ പടികടന്നെത്തിയ സങ്കടം അവൾക്ക് കനത്ത ആഘാതമാണേൽപ്പിച്ചത്. പക്ഷേ എല്ലാറ്റിനും താങ്ങായി സുജിത് ഒപ്പമുണ്ടല്ലോയെന്ന ആശ്വാസം പുതിയ ജീവിതത്തിലേക്ക് തിരിച്ചു നടത്തി.

സുജിതിന്‍റെ അവധി കഴിയാറായി, ജോലി സ്ഥലത്തേക്ക് എത്രയുംവേഗം മാടങ്ങിയേ പറ്റൂ. അതിനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. സുജിതുമായുള്ള വിവാഹവും തുടർന്നുള്ള അമ്മയുടെ മരണവും അനിതക്ക് സ്വന്തം നാടുമായുള്ള ബന്ധത്തെ നാമമാത്രമാക്കി. സ്വന്തം വീടും സ്ഥലവും വിൽക്കാൻ സുജിത് ആവുന്നതും അവളെ നിർബന്ധിച്ചു. എന്നാൽ അതിൽ അനിതക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. തന്‍റെ കുട്ടിക്കാലവും ഓർമ്മകളും ആ വീടുമായി ലയിച്ചിരിക്കുകയല്ലേ… അതുകൊണ്ട് ആ വീട് വിൽക്കുന്നതിനോട് അവൾ യോജിച്ചില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം അവൾ വീടിന്‍റെ താക്കോൽ സാവിത്രിയമ്മയെ ഏൽപ്പിച്ചു.

സുജുതിനൊപ്പം തിരുവനന്തപുരത്തേക്കുള്ള യാത്രയിലുടനീളം അവളുടെ മനസ്സു നിറയെ അമ്മയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു. ജീവിതത്തിൽ സന്തോഷമെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത അമ്മയുടെ വേർപാട് അവളെ മാനസികമായി തളർത്തി. ഗൗതം ജനിച്ച ശേഷമാണ് ആ വേദനയ്ക്ക് തെല്ലാശ്വാസമായത്. അവന്‍റെ കളിയും ചിരിയും നിറയുന്ന ആ കൊച്ചുവീട് അവൾക്ക് സ്വർഗ്ഗമായി തോന്നിച്ചു. വർഷങ്ങൾ കടന്നു പോയി.. ഇന്ന ഗൗതമിന് 5 വയസ്സായി, എന്നാൽ എന്തോ ഒരു കുറവ് അവളെ അലട്ടിക്കൊണ്ടിരുന്നു.

സുജിതിന് ഈയിടയായി ഒരകൽച്ച അവളുടെ സാന്നിദ്ധ്യം ഒഴിവാക്കാൻ മനപൂർവ്വം അയാൾ ശ്രമിച്ചിരുന്നു. പഴയതുപോലെ സംസാരമില്ല. ചോദ്യങ്ങൾക്കൊക്കെ അളന്നുമുറിച്ച് കൃത്യം മറുപടി പറഞ്ഞു. വീട്ടിലാകെ മൗനം. മുമ്പ് വീടുണരണമെങ്കിൽ സുജിത് ഓഫീസിൽ നിന്നെത്തണമായിരുന്നു. ഇപ്പോഴാണെങ്കിലോ നിശ്ശബ്ദത കൂട് കൂട്ടിയപോലെ…

ഒരു ദിവസം സുജിത് പതിവിലും നേരത്തേ വീട്ടിലെത്തി. ഈ സമയം ഗൗതം പുറത്ത് കളിക്കുകയായിരുന്നു. വന്നയുടനെ അയാൾ അനിതയെ വിളിച്ച് കഴിഞ്ഞ കുറേ നാളുകളായി താനൊരു സഹപ്രവർത്തകയുമായി പ്രണയത്തിലാണെന്ന കാര്യം അറിയിച്ചു. ഒട്ടും സങ്കോചവും വളച്ചുകെട്ടുമില്ലാത്ത അയാളുടെ വെളിപ്പെടുത്തൽ അവളെ ശരിക്കും അദ്ഭുതപ്പെടുത്തി. സൌഹൃദം പതിയെപ്പതിയെ പ്രണയത്തിലെത്തുകയായിരുന്നത്രേ. ഒരുപക്ഷേ ലോകത്ത് ഇതാദ്യമായിട്ടായിരിക്കും ഒരു ഭർത്താവ് ഭാര്യയോട് തന്‍റെ പ്രണയരഹസ്യത്തെക്കുറിച്ച് യാതൊരു കൂസലുമില്ലാതെ പറഞ്ഞിരിക്കുക. എന്തുകൊണ്ടോ ആ വാർത്ത അനിതയെ ഒട്ടും ഞെട്ടിച്ചില്ല. ജീവിതത്തിലെപ്പോഴെങ്കിലും ഒരു പ്രതിസന്ധിയുണ്ടാകുമെന്ന് അവൾ പ്രതീക്ഷിച്ചിരിക്കണം. ഒരുപക്ഷേ സമയമാകും മുമ്പേ മനസ്സ് അത്തരമൊരവസ്ഥ നേരിടാൻ പ്രാപ്തി കൈവരിച്ചിരിക്കണം. അവൾ നിസ്സംഗതയോടെ ജനാലയിലൂടെ പുറത്തെ കാഴ്ചകളെ നോക്കി.

ബനഅധം വളരെ വളർന്നിരിക്കുന്നു. അറുത്തു മാറ്റാനാവാത്തവിധം. ഇനി അവിടെ തനിക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് യാഥാർത്ഥ്യം തെല്ലും അദ്ഭുതപ്പെടുത്തിയില്ല. ഏത് പ്രതിസന്ധിയിലും തളർന്നു പോകാത്തവിധം മനസ്സ് സ്വയം തയ്യാറെടുത്തിരുന്നു. സ്നേഹം, കരുതൽ, അടുപ്പം തുടങ്ങിയ വികാരങ്ങൾ കേവലം നൈമിഷികമാണെന്ന് മനസ്സ് എപ്പോഴോ ഊഹിച്ചെടുത്തതുപോലെ… ഗൗതമിനെക്കുറിച്ചോർത്തപ്പോൾ മാത്രമാണ് മനസ്സുരുകിയത്. അച്ഛനും അമ്മയും ചേർന്ന കുടുബജീവിത്തിന്‍റെ സുരക്ഷിതത്യത്തിൽ മറന്നുലസിക്കുന്ന അവൻ…. ഒന്നുമറിയാത്ത കുഞ്ഞിനെ എന്തെല്ലാം പറഞ്ഞ് ആശ്വസിപ്പിക്കേണ്ടി വരുമെന്നോർത്ത് അനിതയുടെ കണ്ണു നിറഞ്ഞു. ഇനി വയ്യാ… ഈ അവഗണനയ്ക്ക് മുന്നിൽ അർത്ഥശൂന്യമായ ശരീരമായി നിലകൊള്ളാനാവില്ല. അനിത ചില തീരുമാനങ്ങളെടുത്തു.

നേരം നന്നെ വെളുത്തിരുന്നു. ഇളംവെയിൽ ബസ്സിന്‍റെ ചില്ലിനേയും ഭേദിച്ചുകൊണ്ട് അവളുടെ മുഖത്ത് പതിഞ്ഞു. അവൾ ഞെട്ടിയുണർന്ന് ചുറ്റുപാടും നോക്കി. നേരം കുറെയായിരിക്കുന്നു. ഗൗതം ശാന്തനായി ഉറങ്ങുന്നു, നിഷ്കളങ്കമായ ആ മുഖത്തേക്ക് അവൾ നോക്കിയിരുന്നു.

ഉണർന്നെണീറ്റ സുജിത് കിടക്കയിൽ അനിതയേയും കുഞ്ഞിനേയും കാണാതെ പരിഭ്രാന്തനായി അടുക്കളയിലും സ്വീകരണമുറിയിലും ചെന്നു നോക്കി. അപ്പോഴാണ് ഡൈനിംഗ് ടേബിളിൽ ഒരു വെള്ള കവറിരിക്കുന്നത് കണ്ടത്. അയാൾ നെഞ്ചിടിപ്പോടെ തിടുക്കപ്പെട്ട് കവർ തുറന്ന് കത്തെടുത്തു. കൈകൾ വല്ലാതെ വിറയ്ക്കുന്നു.

സുജിത്,

ഇന്നലെ എന്നോട് പറഞ്ഞ കാര്യം ഒരു ദുഃസ്വപ്നമായിരുന്നുവെന്ന് കരുതാൻ ഞാനാഗ്രഹിച്ചിരുന്നു. പക്ഷേ അത് ഈ പകൽവെളിച്ചം പോലെ സത്യമായ ഒന്നാല്ലേ. നിലക്കണ്ണാടിയിൽ വീണ പോറൽ മായാതെ കരടായി അവശേഷിക്കുന്നതുപോലെ എനിക്കും നിങ്ങൾക്കുമിടയിൽ ഒരകൽച്ച സംഭവിച്ചിരിക്കുന്നു. ഇനി നാം ഒരുമിച്ചുള്ള ജീവിതം അസാധ്യമാണ്. ഈ അകൽച്ച നമ്മുടെ ജീവിതത്തെ കൂടുതൽ വികൃതമാക്കുകയേയുള്ളു. എനിക്കൊപ്പം ഗൗതം ഉണ്ട്. ഇന്ന് ഞാൻ ജീവിത്തെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതെന്‍റെ സ്വാതന്ത്ര്യം കൂടിയാണ്. മുറിപ്പെട്ട മനസ്സുമയല്ല ഞാൻ മടങ്ങുന്നത്. ഒരിക്കൽ ഞാൻ തനിച്ചായിപ്പോയ എന്‍റെ സ്വന്തം നാട്ടിലേക്ക് ഞാൻ മടങ്ങുകയാണ്. എന്‍റെ വീട്ടിലേക്ക്… എന്‍റെ പൊന്നുമോനോടൊപ്പം… ഈ കുടുംബചിത്രം ഞാൻ സ്വയം തിരുത്തുകയാണ്.

ആശംസകളോടെ…

അനിത

എഴുത്തു വായിച്ച് തളർന്നിരുന്ന സുജിത് ചുവരിൽ തൂക്കിയിട്ടിരുന്ന ചില്ലുഫ്രെയിമിട്ട ഫോട്ടോയിലേക്ക് ഏറെനേരം നോക്കിയിരുന്നു. കുഞ്ഞിനെ എടുത്തുകൊണ്ട് നിൽക്കുന്ന അനിത… അനിതയുടെ ചുമലിൽ പിടിച്ച് ചേർന്ന് സംതൃപ്തഭാവത്തിൽ നിൽക്കുന്ന സുജിത്… സുജിതിന്‍റെ കണ്ണ് നിറഞ്ഞു. ഫ്രെയിമിന്‍റെയുള്ളിലെ ചതുരത്തിൽ മുഖങ്ങൾ വളഞ്ഞും പുളഞ്ഞും വികൃതമാക്കപ്പെട്ടതുപോലെ… രൂപം പൂർണ്ണമായും മാറിയിരിക്കുന്നു… നിറമിളകി ഒഴുകിയൊലിച്ച് കൃത്യമായ രൂപമില്ലാതെ…

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 6

ക്രിസ്തുമസ് തലേന്നാണ് വാഷിംഗ്ടണിൽ ആഘോഷരാവുകളുടെ ദിനങ്ങളായി. എല്ലാ വർഷവും ഡിസംബർ 24ന് ഗൗതമന്‍റെ സുഹൃത്ത് ജോൺ ജോസഫിന്‍റെ വീട്ടിൽ പാർട്ടിയുണ്ട്. ഗൗതമൻ വാഷിംഗ്ടണിലുണ്ടെങ്കിൽ ആ പാർട്ടി മുടക്കില്ല. യുഎസിൽ ജോലി കിട്ടിയ സമയം മുതൽ തുടങ്ങിയ ബന്ധമാണ്.

രാവിലെ എഴുന്നേറ്റപ്പോൾ അയാൾ അക്കാര്യം ഓർമ്മിച്ചു. ഇന്നാണല്ലോ ജോണിന്‍റെ പാർട്ടി. വൈകിട്ട് 6 മണിക്ക് തന്നെ ചെല്ലണമെന്ന് ജോണിന്‍റെ പ്രത്യേക അഭ്യർത്ഥനയുണ്ട്. പക്ഷേ ഇപ്രാവശ്യം എങ്ങനെ പോകും? രേണുവിനേയും ഉർവ്വശിയേയും തനിച്ചാക്കി പോയാൽ അവർക്കെന്തുതോന്നും? രേണു ആദ്യമായിട്ടാണ് ഈ വീട്ടിൽ വരുന്നത്. അയാൾ അതേക്കുറിച്ച് ആലോചിച്ചിരിക്കുമ്പോൾ ഉമ രേണുവിനോട് സംസാരിക്കുന്നതു കേട്ടു. പ്രഭാതഭക്ഷണം തയ്യാറാക്കുകയാണ് ഇരുവരും.

“രേണു, ഇന്ന് വൈകിട്ട് ഞങ്ങൾക്കൊരു സ്ഥലം വരെ പോകണം. ക്രിസ്തുമസ് പാർട്ടിയാണ്. ഇവിടെ നിന്ന് അരമണിക്കൂർ യാത്രയ്ക്കുള്ള ദൂരമേയുള്ളൂ. പ്രയാസമില്ലെങ്കിൽ ഞങ്ങളുടെ കൂടെ വരാം. ഞങ്ങൾക്ക് പോവാതിരിക്കാൻ നിർവ്വാഹമില്ല.”

“വേണ്ട ആന്‍റീ, നിങ്ങൾ പോയി വരൂ. ഞങ്ങൾ ഇവിടെയുണ്ടാകും.” രേണു മറുപടി പറയും മുമ്പു തന്നെ ഉമയുടെ സംസാരം കേട്ടു നിന്ന ഉർവ്വശി പറഞ്ഞു. അപ്പോൾ ഉമേഷും അതിനെ സപ്പോർട്ട് ചെയ്തു.

“ശരിയാ മമ്മീ അവർ ഇവിടെ നിൽക്കട്ടെ. ഞാനും പാർട്ടിക്കു വരുന്നില്ല.”

ഉർവ്വശിയെ തനിച്ചാക്കി പോകാനുള്ള വിഷമം കൊണ്ടാണെങ്കിലും ഉമേഷ് ചെയ്തത് നന്നായി എന്ന് ഗൗതമന് തോന്നി.

അങ്ങനെ ആ പ്രശ്നം പരിഹരിച്ചു. ഗൗതമന് ആശ്വാസമായി. രേണു കൺമുന്നിൽ തന്നെയുണ്ടെങ്കിലും അയാൾ അവളോട് കൂടുതലൊന്നും സംസാരിച്ചില്ല. രേണുവും. തങ്ങൾ നേരത്തേ പരിചയക്കാരാണെന്ന് ഇനി അറിയുന്നത് സംശയങ്ങൾക്കിട നൽകും. രേണുവിനെ കണ്ട ദിവസം തന്നെ പരിചയം പുതുക്കിയിരുന്നുവെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. അന്ന് പക്ഷേ, അതിനുള്ള ധൈര്യമോ മനസ്സാന്നിദ്ധ്യമോ തോന്നിയില്ല. അയാളോർത്തു.

ഗൗതമനും ഉമയും വൈകിട്ട് പാർട്ടിക്കു പോയി മടങ്ങി വന്നപ്പോൾ 11 മണിയായി. ആ സമയം മൂന്നുപേരും ഡ്രോയിംഗ് റൂമിലിരുന്ന് സിനിമ കാണുന്നുണ്ടായിരുന്നു. പുതിയ ഹിന്ദി സിനിമയുടെ സിഡി ഇന്നലെ ഉമേഷിന് കൂട്ടുകാർ എത്തിച്ചുകൊടുത്തിരുന്നു.

“ആന്‍റീ… എങ്ങനെയുണ്ടായിരുന്നു പാർട്ടി?”

ഉർവ്വശി എഴുന്നേറ്റു വന്ന് വാതിൽ തുറന്നു കൊണ്ട് ചോദിച്ചു.

“ഹാ… പാർട്ടിയൊക്കെ കൊള്ളാം. പക്ഷേ മദ്യപാനം ലേശം കൂടിയോ എന്നൊരു സംശയം.”

ഗൗതമൻ അതു കേട്ടതായി ഭാവിക്കാതെ മുകളിലത്തെ നിലയിലേക്കു പോയി. അയാൾ ഉറക്കത്തിന്‍റെ മൂഡിലായിരുന്നു.

പിറ്റേന്ന് ഗൗതമനൊഴികെ എല്ലാവരും എഴുന്നേറ്റത് രാവിലെ 10 മണിക്ക്. പുറത്തേക്കിറങ്ങാൻ വയ്യാത്തത്ര തണുപ്പാണ്. അതുകൊണ്ട് വാഷിംഗ്ടൺ നഗരം ഉണരുന്നത് വളരെ വൈകിയാണ്. അയാൾ പതിവുപോലെ ആറ് മണിക്ക് ഉണർന്ന് ചായ സ്വയം തയ്യാറാക്കി കുടിച്ച് പത്ര വായനയിലേയ്ക്ക് കടന്നു. ഈ സമയം ഉമേഷ് അടുക്കളയിലേക്ക് തിരക്കിട്ട് കയറിവന്നു കൊണ്ട് പറയുന്നതു കേട്ടു.

“മമ്മീ, ഉടൻ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കൂ. ദെൻ ഇറ്റ് ഈസ് ദി ടൈം ഫോർ ഗിഫ്റ്റ് എക്സ്ചേഞ്ചിംഗ്…”

ഉമേഷ് ആവേശത്തോടെ പറഞ്ഞു. ഇപ്രാവശ്യം ഉർവ്വശി കൂടെയുള്ളതു കൊണ്ടാകാം അവന് ഇരട്ടി ആവേശമുണ്ട്.

അമേരിക്കയിൽ താമസിക്കുന്നതിനാൽ കുട്ടികൾ ശരിക്കും അമേരിക്കക്കാരെ പോലെയായി. ക്രസ്തുമസിന് ഗിഫ്റ്റ് കൈമാറ്റം നടത്തുന്നത് ഇവിടുത്തെ പ്രധാന ചടങ്ങുകളിലൊന്നാണ്. ഇപ്പോൾ എല്ലാ വർഷവും അതു നടന്നില്ലെങ്കിൽ ഉമേഷിന് മനഃസമാധാനമില്ലാതായിട്ടുണ്ട്. അവന് ഓർമ്മ വച്ച നാൾ മുതൽ തുടങ്ങിയ ചടങ്ങാണ്. സ്കൂളിലും കോളേജിലുമൊക്കെ ഇത് വളരെ പ്രധാനമാണ്. ഗൗതമൻ ചിരിയോടെ ഓർമ്മിച്ചു.

ഭക്ഷണം കഴിഞ്ഞപ്പോൾ ഗിഫ്റ്റ് പായ്ക്കറ്റ് കൈമാറാനുള്ള ഒരുക്കമായി. ഉമ എല്ലാവർക്കും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ടായിരുന്നു. കൂടെ ഉമേഷും ഉർവ്വശിയും കൈയിൽ ചില പൊതികളുമായി എത്തി.

ഉർവ്വശിക്കായി ഉമ കുറയേറെ സമ്മാനങ്ങൾ വാങ്ങി വച്ചിട്ടുണ്ടായിരുന്നു. അവ ഓരോന്നായി കൈയിൽ കിട്ടിയപ്പോൾ ഉർവ്വശി അതിശയിച്ചു.

“ആന്‍റീ, ഇപ്രാവശ്യം ക്രിസ്തുമസ് ഗിഫ്റ്റ് എനിക്കു മാത്രമാണോ വാങ്ങിയത്… ഇത്രയേറെ ഗിഫ്റ്റ്സ്…”

“നോ, മൈ ഡിയർ, രേണുവിനും വിജയിനുമുണ്ട്.” ഉമ മൂന്നു നാല് പാക്കറ്റുകൾ കൂടി തുറന്ന് രേണുവിനും വിജയിനും സമ്മാനിച്ചു. രേണുവിന് ഇളം നീല നിറത്തിൽ ചെറിയ കസവുകരയുള്ള സിൽക്ക് സാരിയാണ് ഉമ സമ്മാനമായി തെരഞ്ഞെടുത്തിരുന്നത്. രേണുവും കൊണ്ടുവന്നിട്ടുണ്ടായിരുന്നു സമ്മാനങ്ങൾ. അവൾ അത് എല്ലാം ഉമയെ ഏൽപിച്ചു.

ഈ സമയത്ത് ഉമേഷും ഉർവ്വശിയും പ്രതീക്ഷയോടെ ഗൗതമനെ നോക്കി. പപ്പ തങ്ങൾക്കെന്തെങ്കിലും കരുതിയിട്ടുണ്ടാവുമെന്ന് അവർ പ്രതീക്ഷിക്കുന്നുവെന്ന് ഗൗതമന് മനസ്സിലായി. അയാൾ ഗൂഢമായ ഒരു സന്തോഷം മനസ്സിലൊളിപ്പിച്ച് നിർവ്വികാരനായി ഇരുന്നു.

ഉമ പെട്ടെന്ന് ചോദിച്ചു, “ഗൗതമേട്ടാ… എനിക്കെന്താ ഒന്നും തരുന്നില്ലേ?”

“എനിക്ക് ആ പതിവ് ഇല്ലെന്ന് നിനക്കറിയാമല്ലോ… പിന്നെന്താ ഇങ്ങനെ ഒരു ചോദ്യം…”

“അതുശരി, ഒഴിയാനാണോ ഭാവം. ഇന്ന് എനിക്ക് ഗിഫ്റ്റ് തരാതെ നിവൃത്തിയില്ല.” ഉമ വാശിയോടെ പറഞ്ഞു.

“ചോദിച്ച് ഗിഫ്റ്റ് മേടിക്കുന്നത് ശരിയാണോ ഉമേ?”

“എങ്ങനെയായാലും വേണ്ടില്ല.”

അവളുടെ ചുവന്ന മുഖത്തേക്കു നോക്കി കുസൃതിച്ചിരി ചിരിച്ച് ഗൗതമൻ മുകളിലേക്ക് പോയി. അതു കണ്ടപ്പോൾ ഉമയ്ക്ക് ദേഷ്യവും സങ്കടവും വന്നു. ഉർവ്വശിയും ഉമേഷും വിളറിയ മുഖത്തോടെയിരുന്നു.

രേണുവിന്‍റെ മുഖത്തു മാത്രം ഒരു ഭാവവ്യത്യാസവുമില്ല. തിരയടങ്ങിയ സാഗരം പോലെ ശാന്തമായ ഭാവം.

അഞ്ചു മിനിറ്റിനകം ഗൗതമൻ താഴേക്ക് രണ്ട് പായ്ക്കറ്റുകളുമായി എത്തി. ഒരു പായ്ക്കറ്റ് ഉമയ്ക്കു കൊടുത്തു. ഒരു ജുവലറി ബോക്സ്. അവൾ ആകാംഷയോടെ തുറന്നു നോക്കി. ഭംഗിയുള്ള ജിമുക്കി.

“നൈസ്…. ഇത് ഗോൾഡാണോ?”

“എന്തോ… എനിക്കറിയില്ല…” ഗൗതമൻ കൃത്രിമ ഗൗരവത്തോടെ പ്രതികരിച്ചു.

“ആ പായ്ക്കറ്റിലെന്താ?” ഉമ വീണ്ടും ചോദിച്ചു.

“ഇത് നിനക്കുള്ളതല്ല. ഉർവ്വശിക്കാണ്. മോളേ ഇങ്ങടുത്തു വരൂ.” ഗൗതമൻ വിളിച്ചു.

ഉർവ്വശി എഴുന്നേറ്റ് ഗൗതമന്‍റെ അടുത്തേക്ക് വന്നു.

“ഉമേഷ് നീയും വരൂ… ഈ മോതിരം നിന്‍റെ ഭാവിവധുവിനെ അണിയിക്കൂ…”

ബോക്സ് ഉമേഷിനു നേരെ നീട്ടി. ഉമേഷ് അമ്പരപ്പോടെ നോക്കി. വിലയേറിയ വജ്രമോതിരം..

രേണുവും ഉമയും അവിശ്വസനീയമായതു കേട്ടതുപോലെ പരസ്പരം നോക്കി. ഉമേഷ് ഗൗതമന്‍റെ കൈയിൽ നിന്ന് മോതിരം വാങ്ങി ഉർവ്വശിയെ അണിയിച്ചു. ഉർവ്വശി ഗൗതമന്‍റെ പാദങ്ങൾ തൊട്ടു വണങ്ങി.

“പപ്പാ, എന്നെ അങ്ങയുടെ മകളായി സ്വീകരിച്ചു അല്ലേ…?”

“അതേ മോളേ… നീ ഇവിടെ ആദ്യമായി വന്ന ദിവസം തന്നെ ഞാൻ അതു തീരുമാനിച്ചതാണ്….”

ഉർവ്വശിയും ഉമേഷും കൗതുകത്തോടെ ആദരവോടെ ഗൗതമനെ നോക്കിയിരുന്നു. പപ്പ വിവാഹത്തിന് സമ്മതം മൂളിയില്ലെന്ന പരിഭവത്തിലായിരുന്നല്ലോ ഉമേഷ്… തന്‍റേത് വെറും തെറ്റിധാരണയായിരുന്നു എന്നറിഞ്ഞപ്പോഴുള്ള ജാള്യതയും അവന്‍റെ മുഖത്തുണ്ടായിരുന്നു. ഉമ അത്യധികം സന്തോഷവതിയായി.

“ഇത്രയും നാൾ ഞങ്ങളെ തീ തീറ്റിച്ചതെന്തിനായിരുന്നു?” ഉമേഷ് ചോദിച്ചു.

“എല്ലാത്തിനും സമയമുണ്ട്. അതിന് കാത്തിരിക്കുകയായിരുന്നു.” ഇങ്ങനെ പറഞ്ഞിട്ട് ഗൗതമൻ രേണുവിനെ നോക്കി.

അവളുടെ മുഖത്ത് നിലാവുദിച്ച പോലെ സന്തോഷം നിറയുന്നുണ്ട്.

“ഉർവ്വശിയുടെ അമ്മയോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങളുടെ മകളെ ഞങ്ങൾക്ക് നൽകിക്കൂടേ.”

ഗൗതമന്‍റെ ചോദ്യത്തിന് കണ്ണീർ വാർത്തുകൊണ്ടാണ് രേണു മറുപടി പറഞ്ഞത്.

“ഇത്രയും നല്ലൊരു കുടുംബത്തിലേക്ക് എന്‍റെ മകളെ അയയ്ക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.”

“നോ രേണു, ഡോണ്ട് ക്രൈ… നൗ ഇറ്റ്സ് ടൈം ഫോർ ഹാപ്പി…” ഉമ പറഞ്ഞു.

“ശുഭ കാര്യങ്ങൾ മധുരം കൊണ്ട് സമ്പന്നമാക്കണമെന്നാണല്ല. കാറിന്‍റെ ഡിക്കിയിൽ ഒരു സ്വീറ്റ്സ് ബോക്സ് വച്ചിട്ടുണ്ട്. ഉമേഷ് നീ പോയി എടുത്തു കൊണ്ടുവാ.”

“ജനുവരി രണ്ടു വരെ ഞാൻ ലീവിലാണ്. അതിനകം നമുക്ക് ഒരു മെഗാ പാർട്ടി അറേഞ്ച് ചെയ്യണം. നീ ഒരു ദിവസം തീരുമാനിക്ക്… ഈ ഹാപ്പി ന്യൂസ് നമ്മുടെ ഫ്രണ്ട്സുമായും പങ്കു വയ്ക്കണമല്ലോ.” ഉമയോട് ഗൗതമൻ പറഞ്ഞു.

“എങ്കിൽ രേണു തിരിച്ചു പോകും മുമ്പ് തന്നെ ഒരു ദിവസമാകട്ടെ.” ഉമ പറഞ്ഞു.

“യെസ്, അതാ നല്ലത്.” രേണുവും അതിനോട് യോജിച്ചു.

“ചടങ്ങ് തിരക്കിട്ട് നടത്തുന്നതു കൊണ്ട് ബുദ്ധിമുട്ടില്ലെങ്കിൽ….” അവർ പറഞ്ഞു.

സംസാരവും ഗിഫ്റ്റ് കൈമാറ്റവും എല്ലാം കഴിഞ്ഞപ്പോൾ സമയം ഒരു മണി..

“ഇന്നെന്താ ഉച്ചഭക്ഷണം ഒന്നുമില്ലേ…”

“ഇന്ന് നമുക്ക് പുറത്തുനിന്ന് കഴിക്കാം…”

“ക്രിസ്തുമസ് ദിനത്തിൽ ഒരു ഹോട്ടലും തുറക്കില്ലല്ലോ…” ഗൗതമൻ പറഞ്ഞു.

“ഇന്ത്യൻ റസ്റ്റോറന്‍റ് തുറക്കും. നമുക്കവിടെ പോകാം.” ഉമേഷ് ഗൗതമനെ ആശ്വസിപ്പിച്ചു.

“പപ്പയ്ക്ക് വണ്ടി ഓടിക്കാൻ മടിയാണെങ്കിൽ ഞാൻ ഡ്രൈവ് ചെയ്യാം.”

രേണുവും ഉർവ്വശിയും സൈൻഹോജയിലേക്ക് തിരിച്ചു പോകുന്നതിന് ഒരു ദിവസം മുമ്പ് പാർട്ടി നടത്താനായിരുന്നു ഉമയുടെ തീരുമാനം. അതുകൊണ്ട് മൂ്നു ദിവസത്തിനകം എല്ലാം റെഡിയാക്കി. വിളിക്കാനുള്ളവരെയെല്ലാം ഫോണിൽ വിളിച്ചു പറഞ്ഞു.

എൻഗേജ്മെന്‍റ് പാർട്ടിയായി നടത്താൻ വേണ്ടത്ര സമയം ഇല്ലാത്തതിനാൽ ഒരു ഗെറ്റ് ടുഗതർ സംഘടിപ്പിച്ച് അവിടെ വിവാഹക്കാര്യം അനൗൺസ് ചെയ്യുകയായിരുന്നു. കല്യാണം വിപുലമായി വാഷിംഗ്ടണിൽ വച്ച് നടത്താനാണ് ഗൗതമന്‍റെ തീരുമാനം. ഡേറ്റും കാര്യങ്ങളുമൊന്നും ഫൈനലൈസ് ചെയ്തില്ല. അതിന് രേണുവിന്‍റെ വീട്ടുകാരെ കൂടി അറിയിക്കണം.

പാർട്ടി കഴിഞ്ഞപ്പോൾ ഉമ ഗൗതമനോട് രഹസ്യമായി പറഞ്ഞു “രേണു എന്നോട് ഒരു കാര്യം സൂചിപ്പിച്ചു. നാളെ അവർ കാലിഫോർണിയയ്ക്കു മടങ്ങും. പാർട്ടിക്കു ചെലവായ തുക അവർ നൽകാമെന്നാണ് പറയുന്നത്.”

ഗൗതമൻ ആലോചനയിലാണ്ടു. “ഞാൻ നാളെ പറയാം. എന്തു ചെയ്യണമെന്ന്.”

പിറ്റേന്ന് ഉമ ബാത്ത്റൂമിൽ ആയിരുന്ന സമയത്ത്, രേണു അടുക്കളയിലേക്ക് വരുന്നത് ഗൗതമൻ കാത്തിരുന്നു. അവർ മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈകിട്ട് മൂന്നു മണിക്കാണ് ഫ്ളൈറ്റ്. കൂടെ ഉമേഷും മടങ്ങുന്നുണ്ട്.

“രേണൂ….”

അവൾ അതിശയത്തോടെ ഗൗതമനെ നോക്കി. വീട്ടിൽ വന്നിട്ട് ഒരാഴ്ചയായി. ഗൗതമൻ ഇതേവരെ തനിച്ച് സംസാരിച്ചിട്ടില്ല.

“രേണൂ, നീ ചെറിയ കാര്യങ്ങൾക്കു മേൽ ഇത്ര ബലം പിടിക്കല്ലേ…”

“എന്തുപറ്റി ഗൗതം…?”

“പാർട്ടിയുടെ ചെലവ് നീ എന്തിനാണ് നൽകുന്നത്?”

“പക്ഷേ ഗൗതം, ആ ചെലവ് ഞാൻ തന്നെ വഹിക്കുന്നതല്ലേ ശരി. അതൊരു ചടങ്ങാണ്. അത് നമ്മുടെ മുൻ പരിചയത്തിന്‍റെ പേരിൽ മാറ്റണോ?”

“രീതിയും ചടങ്ങും… നീ ഇങ്ങനെ തുടങ്ങിയാൽ ഇനി നമ്മൾ തമ്മിൽ മിണ്ടില്ല.” ഗൗതമൻ ഗൗരവത്തോടെ പറഞ്ഞു. അവൾ നിശ്ശബ്ദയായി നിൽക്കുന്നതു കണ്ട് ഗൗതമൻ തുടർന്നു.

“മെയ്മാസത്തിനുള്ളിൽ വിവാഹം നടത്തണം. നേരത്തേ പറഞ്ഞത് ഓർമ്മയുണ്ടല്ലോ, വിവാഹം വാഷിംഗ്ടണിലായിരിക്കും.” രേണു മറുപടി പറയും മുമ്പ് ഉർവ്വശി മുകളിൽ നിന്ന് തിരക്കിട്ട് ഇറങ്ങി വന്നു.

“മമ്മീ…”

അവൾ രണ്ടുപേരെയും അതിശയത്തോടെ നോക്കി. ഗൗതമനും രേണുവും അറിയാതെ ഞെട്ടിപ്പോയി.

(തുടരും)

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 5

ഗൗതമിന്‍റെ കാർ ഗേറ്റ് കടന്നു വരുന്നത് നോക്കി ആകാംഷയോടെ നോക്കി നിൽക്കുകയായിരുന്നു ഉമ. അയാൾ വീട്ടിലേക്ക് കാലുകുത്തുമ്പോൾ കൃത്യം ആറടിച്ചു. സാധാരണ ഈ സമയമത്തൊക്കെ തന്നെയാണ് ഗൗതമൻ വീട്ടിൽ വരിക. എങ്കിലും ഉമയുടെ മുഖത്ത് പതിവില്ലാത്ത ചോദ്യഭാവം. അയാൾ ജാള്യതയോടെ അവളെ നോക്കി.

“ഞാൻ ഓഫീസിലേക്ക് എത്രവട്ടം വിളിച്ചു. മൊബൈലാണെങ്കിൽ ഓഫ്. സാർ ബിസിയാണെന്നാ സെക്രട്ടറി പറഞ്ഞത്. ഇന്നെന്താ പതിവില്ലാത്ത തിരക്ക്?”

ഉമയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഗൗതമനു കഴിഞ്ഞില്ല. രേണുവുമായി സംസാരിക്കുകയായിരുന്നു എന്ന് ഉമ അറിയാൻ പാടില്ല. ആ ബന്ധം ഇത്രയും കാലം അവൾക്ക് അജ്ഞാതമായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കട്ടെ. ഗൗതമൻ സോഫയിലിരുന്ന് ഷൂവിന്‍റെ ലേസ് അഴിക്കാൻ തുടങ്ങി.

“എന്തിനാ നീ വിളിച്ചത്? പ്രത്യേകിച്ചെന്തെങ്കിലും?”

അവൾ ഒരുനിമിഷം ശങ്കിച്ചു നിന്നു. “ഏയ്… പ്രത്യേകിച്ചൊന്നുമില്ല. ഞാൻ വെറുതെ….?”

വറുതെയല്ല എന്ന് ഗൗതമനറിയാം. പക്ഷേ അയാൾ നിശ്ശബ്ദത പാലിച്ചുയ

ഉമ അടുക്കളയിലേക്കു നടന്നു. അയാൾ വസ്ത്രം മാറി ഫാമിലി റൂമിലേക്കു വരുമ്പോൾ ആവി പറക്കുന്ന കോഫിയും പലഹാരങ്ങളുമായി ഉമ എത്തി. “ദേഷ്യപ്പെടില്ലെങ്കിൽ ഞാനൊരു കാര്യം ചോദിച്ചോട്ടെ?”

ഉമയുടെ ചോദ്യം കേട്ടപ്പോൾ അയാൾ ഉള്ളാലേ ഞെട്ടിയെങ്കിലും ഒന്നും പുറത്തു കാട്ടാത ചോദ്യഭാവത്തിൽ നോക്കി.

“ഉർവ്വശിയുടെ അമ്മ ഒരു മറുപടി ചോദിച്ചിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ. എന്താ ഞാൻ പറയേണ്ടത്?”

അയാൾക്ക് വിഷമം തോന്നി. പാവം ഉമ, സത്യത്തിൽ ഞാൻ അവളെ വഞ്ചിക്കുകയാണ്. വിവാഹത്തിന് തനിക്ക് സമ്മതമല്ലെന്ന് കരുതി അവൾ വിഷമിക്കുന്നുണ്ടാവും.

“എന്തു മറുപടി?”

ഗൗതമൻ ഒന്നുമറിയാത്തതു പോലെ ഭാവിച്ചു. ഉമയ്ക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടെന്ന് ആ മുഖഭാവം വിളിച്ചു പറുന്നുണ്ടായിരുന്നു. “ഉമേഷിന്‍റെ കല്യാണക്കാര്യം തന്നെ. ഒന്നുമറിയാത്ത ഭാവം വേണ്ട ഗൗതമേട്ടാ…”

“ഉമ, ഇക്കാര്യത്തിൽ ഉടനെ ഒരു തീരുമാനം എടുക്കാൻ കഴിയില്ല.” ഗൗതമൻ കാപ്പി കുടിച്ച ശേഷം കപ്പുമായി ്ടുക്കളയിലേക്ക് നടന്നു.

“നോക്കൂ, നിങ്ങൾ എന്തെങ്കിലും ഒളിക്കാൻ ശ്രമിക്കുന്നുണ്ടോ?” ഉമയുടെ ചോദ്യം അയാളെ അസ്വസ്ഥനാക്കി.

“എന്താ ഉമാ ഇങ്ങനെ… എനിക്കെന്താണ് നിന്നോട് ഒളിക്കാനുള്ളത്?”

“ഉണ്ട്, എന്തോ ഉണ്ട്. അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ പെരുമാറില്ല. ഉർവ്വശിക്കെന്താ ഒരു കുറവ്…”

“ഛെ, അവൾക്കൊരു കുറവുമില്ല. ഇപ്പോൾ അവർക്കു പരീക്ഷയല്ലേ…. അതു കഴിയട്ടെ… ഡിസംബർ 17-ാം തീയതി അവൻ പരീക്ഷ കഴിഞ്ഞ് ഇവിടെയെത്തുമല്ലോ? അപ്പോൾ നമുക്ക് തീരുമാനമെടുക്കാം.”

ഇനിയും ഉമയെ കുരങ്ങു കളിപ്പിക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് അയാൾക്ക് തോന്നി. ഉമയുടെ മുഖം തെളിഞ്ഞു.

“എങ്കിൽ ഉർവ്വശിയോടും ഇങ്ങോട്ട് വരാൻ പറയാം. ക്രിസ്തുമസല്ലേ…”

“ഉർവ്വശിയെ മാത്രം വിളിക്കുന്നത് ശരിയല്ല. അവളുടെ അമ്മയേയും സഹോദരനേയും കൂടി ക്ഷണിക്കണം.”

“ശരി, നാളെ ഞാൻ രേണുവിനെ വിളിക്കാം.” ഉമ സന്തോഷത്തോടെ പറഞ്ഞു.

രാത്രി 10 മണിയായപ്പോൾ ഉമേഷിന്‍റെ ഫോൺ വന്നു. പരീക്ഷക്കാര്യം സംസാരിച്ച ശേഷം അവൻ അമ്മയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു. ഉമേഷ് അങ്ങനെയാണ്. പേഴ്സണൽ കാര്യങ്ങൾ അമ്മയോടാണ് ചർച്ച ചെയ്യുക. ക്രിസ്തുമസിന് വീട്ടിലെ പ്രോഗ്രാം എന്തൊക്കെയാണെന്ന് ധാരണയാക്കുകയാണ് അമ്മയും മകനും തമ്മിൽ സംഭാഷണം കഴിഞ്ഞുവെന്ന് മനസ്സിലായപ്പോൾ ഗൗതമൻ ചോദിച്ചു.

“അവനെന്തു പറഞ്ഞു?”

“സെവന്‍റീൻതിന് രണ്ടുപേരും വരുമെന്ന്?”

ഗൗതമൻ കൂടുതലൊന്നും സംസാരിച്ചില്ല. അയാൾ റിമോട്ടെടുത്ത് ടിവി ചാനലുകൾ മാറി മാറി നോക്കാൻ തുടങ്ങി.

പിറ്റേന്ന് രാവിലെ 7.30 ന് ഗൗതമന് ഓഫീസിൽ എത്തണമായിരുന്നു. ധാരാളം ജോലിയുണ്ട്. ക്രിസ്തുമസിന് ഇവിടെ നാലു ദിവസത്തെ അവധി ഓഫീസുകൾക്ക് പതിവാണ്. സാറ്റാഫ് ലീവെടുത്തു പോകുന്നതിനു മുമ്പ് കുറേ അത്യാവശ്യ ജോലികളുണ്ട്.

ഉമ എഴുന്നേറ്റിട്ടില്ല. കനത്ത മഞ്ഞു വീഴ്ചയുടെ സമയം കൂടിയാണ്. അതിരാവിലെ എഴുന്നേൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അയാൾ ഭാര്യയെ ഉണർത്താതെ കാപ്പിയുണ്ടാക്കി കുടിച്ചു. പുലർച്ചെ കാറോടിക്കുന്നത് ഇഷ്ടമുള്ള കാര്യമാണ് ഗൗതമന്. പക്ഷേ ഇപ്പോഴത്തെ കാലാവസ്ഥയിൽ അൽപം റിസ്കുണ്ട്. നൂൽമഴ പോലെ പെയ്യുന്ന മഞ്ഞ് കാഴ്ചയെ ഇടയ്ക്കിടെ മറയ്ക്കും. അതുകൊണ്ട് സീസണിൽ ഡ്രൈവർ തന്നെയാണ് ഓഫീസിലേക്കും വീട്ടിലേക്കും ഡ്രോപ് ചെയ്യുന്നത്.

വൈകിട്ട് വീട്ടിലെത്തുമ്പോൾ ഉമ പതിവു പോലെ ചായയുമായെത്തി. കൂടെ ധാരാളം വിഭവങ്ങൾ. ഇത്രയേറെ വിഭവങ്ങൾ ഒരുമിച്ചുണ്ടാക്കാൻ എന്താവും കാര്യം? ഗൗതമൻ ചെറുചിരിയോടെ ഉമയെ നോക്കി.

“നാളെ കുട്ടികൾ വരും…. അതുകൊണ്ട് ഞാൻ…” അവൾ പാതിയിൽ നിർത്തി.

“ഓ… അതു നന്നായി.”

“ഞാൻ രേണുവിനെ വിളിച്ചിരുന്നു. ഉർവ്വശിയെ കൂട്ടിക്കൊണ്ടു വരുന്നതിൽ അവർക്ക് എതിർപ്പില്ല.”

ഗൗതമൻ അപ്പറഞ്ഞതിന് മറുപടിയൊന്നും നൽകിയില്ല. അയാൾ നിശ്ശബ്ദനായിരിക്കുന്നത് കണ്ടപ്പോൾ ഉമ വീണ്ടും ചോദിച്ചു. “ഞാൻ പറഞ്ഞത് കേട്ടുവോ?”

“ഉവ്വല്ലോ.”

“പിന്നെന്താ മറുപടിയില്ലാത്തത്….”

“ഇതിനൊക്കെ ഞാൻ എന്തു മറുപടിയാണ് നൽകേണ്ടത്…”

ഉമ വിചാരിച്ച രീതിയിലല്ല ഗൗതമന്‍റെ പ്രതികരണമെങ്കിൽ, അവളുടെ മട്ടു മാറും. ഇപ്രാവശ്യവും അതു തെറ്റിയില്ല. അവൾ ദേഷ്യത്തിൽ ചാടിയെഴുന്നേറ്റ് അടുത്ത മുറിയിലേക്ക് പോയി. ഗൗതമൻ അതുകണ്ട് ഉള്ളിൽ ചിരിച്ചു.

“സില്ലി ഗേൾ.” എത്ര കാലമായി, ഇവളുടെ ഈ സ്വഭാവത്തിനു മാത്രം ഒരു മാറ്റവുമില്ല.

മൂക്കിൻ തുമ്പത്താണ് ദേഷ്യം. പെട്ടെന്ന് തന്നെ തണുക്കുകയും ചെയ്യും. അവളുടെ ദേഷ്യമകറ്റാൻ എന്താണൊരു വഴിയെന്നാലോചിക്കുമ്പോഴാണ് നാളത്തെ ക്രിസ്തുമസ് പാർട്ടിയെക്കുറിച്ച് ഓർത്തത്. എല്ലാ വർഷവും ഓഫീസിൽ പതിവുള്ളതാണ്.

“എടോ, നാളെ ഓഫീസിൽ ക്രിസ്തുമസ് പാർട്ടിയുണ്ട്, 7 മണിക്ക്.”

“നാളെ എങ്ങനെ വരും, കുട്ടികൾ ഉണ്ടാവില്ലേ ഇവിടെ?”

“നീ അവരേയും കൂട്ടിക്കോ…”

ഉമ വിശ്വസനീയതയോടെ അയാളെ നോക്കി. അവളുടെ മുഖത്ത് സന്തോഷം ഇരച്ചെത്തുന്നത് അയാൾ കണ്ടു.

ഡിന്നർ കഴിച്ച ശേഷം ബഡ്റൂമിലേക്കു പോകാൻ തുടങ്ങുകയായിരുന്നു ഗൗതമൻ. അപ്പോഴാണ് കോളിംഗ് ബെൽ അടിച്ചത്. ഉമ താഴെ ചെന്ന് വാതിൽ തുറന്ന ശേഷം ഒരു മിനിട്ടിനകം ഓടി മുകളിലെത്തി.

“500 ഡോളറിന് വീട്ടിലാകെ ക്രിസ്തുമസ് ലൈറ്റ്സ് ഇടാമെന്ന്… യെസ് പറയട്ടെ…”

“ഇതു ചോദിക്കാനാണോ നീ ഓടിക്കിതച്ചു വന്നത്. നിന്‍റെ ഇഷ്ടം പോലെ ചെയ്തോളൂ.”

“അയൽപക്കത്തെല്ലാം ഓർഡർ ചെയ്തു. അവിടെയൊക്കെ ലൈറ്റ് ഇട്ടു കഴിഞ്ഞു. നമ്മുടെ വീടു മാത്രം ഇതിനിടയിൽ ഒറ്റപ്പെട്ടതു പോലെ തോന്നും.” ഉമ പറഞ്ഞു.

“ദീപാവലിക്കു പോലും ലൈറ്റ് ഇടാത്ത ആളാണ്. ഇപ്രാവശ്യം എന്താ ഇത്ര ഉത്സാഹം…” ഗൗതമൻ അവളെ കളിയാക്കി.

“അടുത്ത വർഷമാകട്ടെ ദീപാവലിക്കും, നമുക്ക് ദീപാലങ്കാരമിടാം.”

“ഉമ, സത്യം പറയൂ, നാളെ കുട്ടികൾ വരുമെന്ന് പറഞ്ഞിട്ടല്ലേ…. ഈ പതിവില്ലാത്ത സന്തോഷം.”

ഗൗതമൻ പൊട്ടിച്ചിരിച്ചു. അതു കണ്ട് അവൾ ചമ്മലോടെ പറഞ്ഞു. “ദേ, നാളെ ഉർവ്വശിയുടെ മുന്നിൽ വച്ച് എന്നെ വഴക്കു പറയരുത്.”

“നിന്നോട് പറയാനുള്ളത് നേരെചൊവ്വേ പറഞ്ഞാൽ നീ കേൾക്കാഞ്ഞിട്ടല്ലേ…”

“വഴക്കു പറഞ്ഞാലും ശബ്ദം താഴ്ത്തിയേ പറയാവൂ…”

“അതെന്താ?” ഉള്ളിൽ വന്ന ചിരി പുറത്തു കാട്ടാതെ ഗൗതമൻ ചോദിച്ചു.

“ആ കുട്ടി എന്തു വിചാരിക്കും?”

“ഓകെ. നീ സമാധാനമായി ഉറങ്ങ്. എല്ലാം നമുക്ക് പരിഹരിക്കാം.”

“എന്നാൽ ഞാനുറങ്ങിയിട്ട് നിങ്ങൾ ഉറങ്ങിയാൽ മതി.”

അവൾ അയാളോടു ചേർന്നു കിടന്നുകൊണ്ട് പറഞ്ഞു. പതിവില്ലാത്ത ആ റൊമാൻസ് കണ്ടപ്പോൾ ഗൗതമന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ശരിക്കും… നിനക്കിതെന്തു പറ്റി ഉമേ…”

“നിങ്ങൾക്കെന്നോട് പഴയതുപോലുള്ള സ്നേഹം ഇല്ലേ എന്നൊരു തോന്നൽ”

“നിന്നെയല്ലാതെ മറ്റാരെ സ്നേഹിക്കാനാണ് ഉമേ…” അയാൾ അവളെ മുറികെ ചേർത്തു പിടിച്ചു.

ഇന്നാണ് ഗൗതമന്‍റെ ഓഫീസിലെ പാർട്ടി. ഉർവ്വശിയും ഉമേഷും ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോഴാണ് ഇക്കാര്യം ഉമ പറഞ്ഞത്. പപ്പ തങ്ങളേയും പാർട്ടിക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ഉർവ്വശിക്കു പകുതി ആശ്വാസം തോന്നി. വിവാഹത്തിൽ എന്തോ അതൃപ്തി ഗൗതമന് ഉണ്ട് എന്ന തോന്നൽ അവളെ അസ്വസ്ഥയാക്കിയിരുന്നു.

അവർ മൂവരും വൈകിട്ട് ഓഫീസിലെത്തുമ്പോൾ 7 മണിയായി. പാർട്ടി തുടങ്ങിയിരുന്നു. ഗൗതമന്‍റെ ഉർവ്വശിയെ തന്‍റെ സ്റ്റാഫിന് പരിചയപ്പെടുത്തി. മകന്‍റെ സുഹൃത്ത് എന്നു മാത്രമേ പറഞ്ഞുള്ളൂ. ഇവിടെ ഇത്തരം ആൺ പെൺ സൗഹൃദങ്ങൾ സാധാരണമായതിനാൽ ആരും ആ വരവിൽ അസ്വാഭാവികത കണ്ടതുമില്ല.

പാർട്ടി അവസാനിച്ചപ്പോൾ രാത്രി 12 മണിയോടടത്തു. പിറ്റേന്ന് ശനിയാഴ്ചയായതിനാൽ ആർക്കും തിരക്കുണ്ടായിരുന്നില്ല. ക്രിസ്തുമസ് അവധി തുടങ്ങുന്ന ദിനമാണ് ശനിയാഴ്ച.

ആ രാത്രിയിൽ തിരക്കു കുറഞ്ഞ റോഡിലൂടെയുള്ള കാർ യാത്ര രസകരമായി തോന്നി ഉർവ്വശിക്ക്. ക്രിസ്തുമസ് ലൈറ്റുകളിൽ തിളങ്ങി നിൽക്കുന്ന വീടുകൾ. മഞ്ഞുവീണു നനഞ്ഞ വൃക്ഷത്തലപ്പുകളിലും പലതരം നിറത്തിലുള്ള ദീപങ്ങൾ പ്രഭ ചൊരിയുന്നു.

വീട്ടിലെത്തിയപ്പോഴാണ് അതിലും ത്രില്ലടിച്ചത്. ഷോപ്പുകളിൽ കാണുന്നപോലെ ലൈറ്റ് ബ്ലൂ സ്ട്രിംഗ് ലൈറ്റുകളിൽ അടിമുടി വെളിച്ചം പരത്തി നിൽക്കുകയാണ് വീടും പരിസരവും. പതിവില്ലാത്ത ഒരുക്കങ്ങൾ കണ്ടപ്പോൾ ഉമേഷിനും ഉർവ്വശിക്കും സംശയം.

“പപ്പ ഇതെന്താ…. പതിവില്ലാതെ ക്രിസ്തുമസ് ലൈറ്റ്സ്…. വണ്ടർഫുൾ…”

ഗൗതമൻ അതുകേട്ട് ഉമയെ നോക്കി. എന്നിട്ട് പറഞ്ഞു, “മമ്മിയോട് ചോദിച്ചോളൂ. അവളാണിതിന്‍റെ പിന്നിൽ…”

ഉമ തെല്ലു ചമ്മലോടെ തല വെട്ടിച്ചു. “ഓ, അപ്പോൾ ഓഫീസിൽ പാർട്ടി നടത്താൻ പറഞ്ഞത് ഞാനാണോ? വീട്ടിൽ ലൈറ്റ്സ് ഇട്ടതിനാണ് കുഴപ്പം…” ഉമയുടെ പരിഭവം കണ്ടപ്പോൾ അയാൾക്ക് ചിരിപൊട്ടി.

“അതു ബിസിനസല്ലേ, അവിടെ സൊസൈറ്റിക്കല്ലേ റോൾ.”

“ഓ… പപ്പാ മതി, മമ്മിക്കിനി ഇന്നത്തേക്ക് ഇതുമതി.” ഉമേഷ് ഇടയിൽ കയറി.

രാവിലെ ഗൗതമൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.

മറുവശത്ത് രേണു… ഗൗതമൻ ഫോൺ ഉമയ്ക്ക് കൈമാറി.

“ഉർവ്വശി ഇവിടെയുണ്ട് രേണൂ… ഇന്നലെ ഓഫീസിൽ ക്രിസ്തുമസ് പാർട്ടിയായിരുന്നു. ക്രിസ്തുമസ് ഹോളിഡേയ്ക്ക് രേണുവും ഇങ്ങോട്ടു വരണം.”

ഗൗതമൻ അവരുടെ സംഭാഷണം ശ്രദ്ധിക്കാത്ത മട്ടിലിരുന്നു. ഫോൺ ഉർവ്വശിക്ക് കൊടുത്തപ്പോൾ ഗൗതമൻ പറഞ്ഞു.

“അടുത്ത റൂമിലെ എക്സ്റ്റൻഷൻ എടുത്ത് സംസാരിച്ചോളൂ.” അമ്മയ്ക്കും മകൾക്കും സ്വകാര്യമായി സംസാരിക്കാനുള്ള അവസരം കൊടുത്തതായിരുന്നു ഗൗതമൻ.

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നെങ്കിലും ടെക്സാസിൽ ഔദ്യോഗികാവശ്യത്തിന് പോകാനുണ്ടായിരുന്നു ഗൗതമന്. ഒരു ദിവസത്തെ യാത്രയുണ്ട്. അവിടെ ഒരു കമ്പനിയുമായി പ്രൊജക്ടിന്‍റെ എഗ്രിമെന്‍റ് ഒപ്പു വയ്ക്കാനുണ്ട്. തിങ്കളാഴ്ച വൈകിട്ട് ടെക്സാസിൽ നിന്ന് മടങ്ങിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മാത്രമേ വീട്ടിലെത്താൻ കഴിഞ്ഞുള്ളൂ.

യാത്രാക്ഷീണവും തണുപ്പും നിമിത്തമാകാം, വീട്ടിലെത്തിയപ്പോൾ ലേശം ടെമ്പറേച്ചർ തോന്നി. അതുകൊണ്ട് അന്ന് ഓഫീസിൽ പോകേണ്ടെന്ന് വച്ചു. പിറ്റേന്ന് ഓഫീസിൽ പോകാൻ തുടങ്ങുമ്പോൾ ഉമ ഓർമ്മിപ്പിച്ചു.

“ഇന്ന് രേണുവും വിജയും എത്തും. വൈകിട്ട് എയർപോർട്ടിൽ നിന്ന് അവരെ കൊണ്ടുവരേണ്ടേ?”

“എനിക്ക് നല്ല സുഖം തോന്നുന്നില്ല, നീ ഉമേഷിനെ അയച്ചാൽ മതി.”

ഗൗതമൻ പറഞ്ഞു. വൈകിട്ട് അൽപം നേരത്തേ വീട്ടിലെത്തുമ്പോൾ അതിഥികളെത്തിയിട്ടുണ്ടായിരുന്നു. വീട്ടിൽ ആകെ ബഹളമയം. ഉമ ഗൗതമന്‍റെ വരവ് കാത്തിരിക്കുകയായിരുന്നു. ഷോപ്പിംഗ് രേണുവിനേയും കൂട്ടി പുറത്തേക്കു പോകാനാണ്. ക്രിസ്തുമസിന് ഒരാഴ്ച മുമ്പേ തുടങ്ങുന്ന ആഘോഷങ്ങൾ തലേദിവസങ്ങളിൽ അതിന്‍റെ പാരമ്യത്തിലെത്തും. പണിയെടുക്കാൻ മടിയില്ലാത്തവരിൽ പോലും ക്രിസ്തുമസ് അവധിദിനങ്ങൾ അടുക്കുമ്പോൾ ഒരു ലേസിമൂഡ് പ്രകടമാണ്.

ഓഫീസ് രണ്ടു ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടും. എല്ലാം ഭദ്രമല്ലേ എന്ന് ഒരുവട്ടം കൂടി ഉറപ്പു വരുത്തിയ ശേഷമാണ് ഗൗതമൻ ഓഫീസടച്ചു നേരത്തേ വീട്ടിലേക്കു പോന്നത്. രേണുവും ഉമയും ഷോപ്പിംഗ് കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ സമയം രാത്രി 9 മണി. ഭക്ഷണവും അവർ പുറത്തു നിന്നും വാങ്ങി.

ആ രാത്രി കടുത്ത തണുപ്പായിരുന്നു. മഞ്ഞിനോടൊപ്പം നേർത്ത കാറ്റും കൂടി വീശുന്നതിനാൽ ജനൽപാളികളിൽ സാമാന്യം കനത്തിൽ മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ചിരുന്നു.

ഫാമിലി റൂമിൽ ടി വി കാണാനിരിക്കുമ്പോൾ, ഉമേഷ് ഫയർ പ്ലേസ് കത്തിച്ചുവച്ചു.

ക്രിസ്തുമസ് ദിനങ്ങളിലെ രാവിന് പ്രത്യേക ഭംഗിയുണ്ട്. നിലാവും മഞ്ഞും തണുപ്പും ആഘോഷവും നിറഞ്ഞ രാവുകൾ. ഗൗതമൻ ജനാല തുറന്ന് പുറത്തേക്ക് നോക്കി. അങ്ങകലെ നിരനിരയായി തലകുനിച്ചു നിൽക്കുന്ന സൈപ്രസ് മരങ്ങൾ. മഞ്ഞു കണങ്ങൾ പൊതിഞ്ഞ ഇലകളിൽ നിലാവ് ചിന്നിച്ചിതറി വീഴുന്നു. എത്ര കണ്ടാലും മതിയാവാത്ത ആ കാഴ്ചയിലേക്ക് അയാൾ ദീർഘനിശ്വാസത്തോടെ കണ്ണയച്ചു.

(തുടരും)

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 4

തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോൾ ഉമേഷിന്‍റെ ഫോൺ വന്നു. ഓഫീസ് നമ്പറിലാണ്. ഗൗതമൻ റിസീവർ എടുത്തു ചെവിയോടു ചേർത്തു. ഹലോ പറഞ്ഞപ്പോൾ തിടുക്കത്തിൽ, അൽപം അനിഷ്ടത്തോടെ ഉമേഷ് ചോദിച്ചു.

“പപ്പാ, എന്താണ് തീരുമാനം..?”

“രണ്ടാഴ്ച കഴിഞ്ഞ് നിന്‍റെ പരീക്ഷയല്ലേ. അതു കഴിഞ്ഞ് ക്രിസ്തുമസിന് അവധിക്കു വരുമ്പോൾ നമുക്ക് തീരുമാനിക്കാം. ഇപ്പോൾ നീ നന്നായി പഠിക്ക്, കേട്ടോ…”

ഓഫീസിൽ നല്ല തിരക്കുണ്ടായിരുന്നു. ഗൗതമൻ കൂടുതൽ സംസാരിക്കാനൊരുങ്ങാതെ ഫോൺ കട്ട് ചെയ്തു.

വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ഭാര്യ ദേഷ്യത്തിലാണെന്ന് ഗൗതമന് മനസ്സിലായി. ചായ എടുത്തു വച്ച ശേഷം കനപ്പിച്ച മുഖത്തോടെ ഉമ ടേബിളിനരികിൽ നിന്നു.

“ഉമേഷ് എന്നെ വിളിച്ചിരുന്നു. അൽപം മുമ്പ് ഉർവ്വശിയും ഞാൻ എന്താ അവരോട് പറയേണ്ടത്?”

“അവര് വിളിച്ചോട്ടെ… അതിനു നീ എന്തിനാ വിഷമിക്കുന്നേ…?”

“നിങ്ങൾക്ക് വിവാഹത്തിൽ താൽപര്യമില്ലെന്ന് ഉർവ്വശിയുടെ ചിന്ത.” ഉമ പറഞ്ഞു.

“അവളങ്ങനെ പറഞ്ഞോ? നീ എന്തെങ്കിലും ചോദിച്ചു കാണും?”

“ഹാ… ചോദിച്ചു.” ഉം ദേഷ്യത്തോടെ മുഖം വെട്ടിച്ചു.

“അവളുടെ അമ്മയുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് നമുക്കൊപ്പമല്ലാത്തതു കൊണ്ടാണോ എന്നാണവളുടെ സംശയം.”

“കൊള്ളാം. അവൾക്ക് ബുദ്ധിയുണ്ട്.”ഗൗതമൻ നിസ്സാരമട്ടിൽ ചിരിച്ചു. അതു കണ്ടപ്പോൾ ഉമയ്ക്ക് ദേഷ്യം ഇരട്ടിച്ചു.

“എനിക്ക് ആ കുട്ടിയെ ഇഷ്ടമായി എന്ന് ഞാൻ നേരത്തേ പറഞ്ഞതല്ലേ. പിന്നെന്താ ഗൗതമേട്ടൻ ഇങ്ങനെ…?”

“നിനക്ക് ഇഷ്ടമാണെങ്കിൽ പിന്നെന്തിനാണ് എന്‍റെ സമ്മതം ചോദിക്കുന്നത്?”

“അതുശരി, നിങ്ങൾ സമ്മതിക്കാതെ തീരുമാനിക്കണോ? വേണ്ട.”

“എനിക്ക് ഇപ്പോൾ നല്ല തിരക്കുള്ള സമയമാ. ആലോചിക്കാൻ അൽപം സമയം വേണം.” ഗൗതമൻ ആ വിഷയം വിടാൻ വേണ്ടി ഒഴിയാൻ ശ്രമിച്ചു.

“ഇതിൽ ആലോചിക്കാനെന്തിരിക്കുന്നു? ഉമേഷിനും ഉർവ്വശിക്കും പരസ്പരം ഇഷ്ടമാണ്. നമുക്കതല്ലേ വേണ്ടൂ…?” ഉമ ചോദിച്ചു.

“ഉമേ, അവൻ എന്‍റെ അനുമതി ചോദിച്ചില്ലെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ അവൻ അതു ചോദിച്ച സ്ഥിതിക്ക് എനിക്ക് എല്ലാ വശവും ആലോചിച്ച ശേഷമേ തീരുമാനമെടുക്കാൻ കഴിയൂ. പ്ലീസ് വെയ്റ്റ്!”

ഉമ സംസാരം നിർത്തി. അവൾ ഭക്ഷണം കഴിച്ച ശേഷം ബെഡ്റൂമിലേയ്ക്ക് പോയി ടിവി ഓൺ ചെയ്തു.

രണ്ടാഴ്ച കടന്നു പോയി. ഗൗതമൻ ലഞ്ച് കഴിഞ്ഞ് ഓഫീസ് റൂമിൽ എത്തിയപ്പോഴാണ് ഒരു ഫോൺ വന്നത്.

തിരക്കുള്ള സമയം. വേഗം ജോലി തുടങ്ങാൻ ശ്രമിക്കുകയായിരുന്നു. അതിനു തടസ്സം വന്നപ്പോൾ തോന്നിയ തെല്ലു നീരസത്തോടെയാണ് അയാൾ ഫോൺ എടുത്തത്.

“ഹലോ”

മറുവശത്ത് ഒരു സ്ത്രീ ശബ്ദം.

“ഹലോ, ഗൗതം… രേണു ഹിയർ.”

ഒരു നിമിഷം സ്തബ്ധനായി ഗൗതമൻ ഉർവ്വശിയുടെ അമ്മ… തന്‍റെ…

“ഹലോ രേണു… ഹൗ ആർ യൂ…?”

ശബ്ദം ഇടറാതിരിക്കാൻ പരമാവധി പ്രസന്നതയോടെ അയാൾ ചോദിച്ചു.

“ഫൈൻ! ആന്‍റെ യു…?”

“ഓകെ രേണു, എന്താ ഇപ്പോ വിളിക്കാൻ?”

അയാൾ നേരെ കാര്യത്തിലേക്കു കടന്നു.

“കുട്ടികളുടെ കാര്യം തന്നെ ഗൗതം. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ നിഷേധിച്ചോളൂ… പക്ഷേ ഇത് ഒരു പകരം വീട്ടലാണെന്ന് അവരൊരിക്കലും അറിയരുത്. എന്‍റെ റിക്വസ്റ്റാണ് പ്ലീസ്…”

“പകരം വീട്ടൽ… വാട്ട് യു മീൻ രേണു…?” അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.

“നോക്കൂ, ഗൗതം… നിങ്ങൾക്ക് പഴയതൊന്നും മറക്കാനാവില്ല എന്നെനിക്കറിയാം. എന്‍റെ പപ്പ, നിങ്ങളെ അന്ന് അപമാനിച്ചു. എന്‍റെ ആഗ്രഹപ്രകാരം വിവാഹാലോചനയുമായി നിങ്ങൾ എന്‍റെ പപ്പയോട് സംസാരിക്കാനെത്തിയത്. നിങ്ങൾ പാവപ്പെട്ട ഒരു വിധവയുടെ മകനായിപ്പോയി എന്നതു കൊണ്ടു മാത്രമാണ് അന്ന് പപ്പ നമ്മുടെ ബന്ധം നിഷേധിച്ചത്. പക്ഷേ ഞാൻ നിരപരാധിയായിരുന്നു ഗൗതം…” രേണു അടക്കിപ്പിടച്ച് കരയുകയാണെന്ന് ഗൗതമിന് മനസ്സിലായി.

“രേണു, ദയവായി കരയാതിരിക്കൂ… ഇങ്ങനെയാണെങ്കിൽ ഇപ്പോൾ സംസാരിക്കേണ്ട. നമുക്ക് പിന്നീട് കാണാം.” രേണു നിശ്ശബ്ദയായി.

“കുട്ടികളുടെ കല്യാണം തടസ്സപ്പെട്ടു എന്ന് രേണു പറയാൻ എന്താ കാര്യം…?”

“തടസ്സപ്പെട്ടതല്ലെങ്കിൽ പിന്നെ എന്താണിതൊക്കെ? നിങ്ങൾ വീട്ടിൽ വന്ന ശേഷം ഞാനൊരു മറുപടി പ്രതീക്ഷിച്ചു. കുട്ടികൾ പലവട്ടം ഫോൺ ചെയ്തു. അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. എന്‍റെ പപ്പ നിങ്ങളെ അപമാനിച്ചതിന് നിങ്ങൾ എന്നെ ശിക്ഷിക്കുകയാണോ എന്ന് സംശയിച്ചുപോയി. അത്തമൊരു ശിക്ഷ ഏറ്റുവാങ്ങാൻ എന്‍റെ മകൾ എന്തു തെറ്റു ചെയ്തു, ഞാൻ അതോർത്തുപോയി.”

രേണുവിന്‍റെ വാക്കുകൾ

നേർത്ത കരച്ചിലിലേയ്ക്ക് ലയിക്കുന്നത് ഗൗതമൻ വിമ്മിഷ്ടത്തോടെ മനസ്സിലാക്കി. ഉമേഷിനും ഉർവ്വശിക്കും പോസിറ്റീവായ മറുപടി ലഭിക്കാത്തതുകൊണ്ട് താൻ പ്രതികാരം ചെയ്യുകയാണെന്ന് രേണു തെറ്റിദ്ധരിച്ചിരിക്കുന്നു… അവളെ താൻ എന്നും സ്നേഹിച്ചിട്ടേയുള്ളൂവെന്ന് എങ്ങനെ ബോധ്യപ്പെടുത്തും?

“തന്നെ വീണ്ടും കണ്ടുമുട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതും ഇതു പോലൊരു സിറ്റ്വേഷനിൽ ഒരിക്കലും….”

“പണ്ടത്തെ പ്രണയിനിയെ എന്നെങ്കിലും കണ്ടുമുട്ടിയാൽ ഒരു ചോദ്യം മാത്രം ചോദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആ ചോദ്യം ഇതാണ് രേണൂ, എന്തിനാണ് എന്നെ നിന്‍റെ അച്ഛൻ അപമാനിച്ചത്?”

ഈ ചോദ്യം കേട്ടപ്പോൾ അവൾ തീർച്ചയായും കൂടുതൽ ്സ്വസ്ഥയാവും എന്ന് ഗൗതമനറിയാം. എങ്കിലും മനസ്സിനെ ഇത്രയും കാലം കുത്തി നോവിച്ച ആ ചോദ്യം ഇനിയും അടക്കി വയ്ക്കാൻ വയ്യ. നേരിട്ടായിരുന്നു ചോദ്യമെങ്കിൽ രേണു എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നും ഗൗതമൻ ആലോചിച്ചു. ഇതിപ്പോൾ ഫോണിലൂടെയായതിനാൽ അവളുടെ മുഖഭാവമെന്തെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. എങ്കിലും ദുഖവും ആശങ്കയും ആ സ്വരത്തിൽ നിഴലിച്ചു നിൽക്കുന്നത് ഗൗതമറിഞ്ഞു.

“അന്ന് പപ്പ അങ്ങനെ പെരുമാറുമെന്ന് ചെറിയൊരു സൂചന കിട്ടിയിരുന്നെങ്കിൽ ഞാൻ ഗൗതമിനോട് പപ്പയെ കാണാൻ പറയില്ലായിരുന്നു… എന്‍റെ ആഗ്രഹങ്ങൾക്ക് എതിരു പറയാത്ത പപ്പയെ മാത്രമേ അതുവരെ ഞാൻ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ആ ധൈര്യത്തിലാണ് ഞാൻ പപ്പയോട് സംസാരിക്കാൻ ആവശ്യപ്പെട്ടത് പക്ഷേ…”

“എനിവേ… രേണു, തുടർന്നുണ്ടായതെന്താണെന്ന്? എനിക്കതറിയണം. എന്‍റെ മനസ്സിന്‍റെ റിലാക്സിനു വേണ്ടി.”

“ദുരിതങ്ങളുടെ കഥ കേട്ടിട്ട് എന്തിനാണ് ഗൗതം? ഇനിയൊരു കാര്യം….?”

“അല്ല രേണു, നമുക്കത് ആശ്വാസമാകും. മുന്നോട്ടുള്ള ജീവിതത്തിന്….” ഗൗതമൻ നിർബന്ധിച്ചപ്പോൾ അവൾ അൽപനേരം നിശ്ശബ്ദമായി. പിന്നെ പറയാൻ തുടങ്ങി.

“ഗൗതം വിട്ടു പോയ ശേഷം എന്‍റം അവസ്ഥ ഊങിക്കാവുന്നതാണല്ലോ? ഞാൻ നിങ്ങളുടെ കൂടെ ഒളിച്ചു പോകുമെന്ന് ഭയന്നിട്ട് പപ്പ എന്‍റെ പഠിത്തം പോലും സ്റ്റോപ്പ് ചെയ്തു. പപ്പയെ മീറ്റ് ചെയ്തപ്പോൾ ഗൗതം അപമാനിക്കപ്പെട്ട കാര്യം ഞാനന്ന് അറിഞ്ഞിരുന്നുമില്ല. ഗൗതം നാടുവിട്ടു പോയിട്ടുണ്ടാവുമെന്ന് ഉറപ്പായ ശേഷം പിറ്റേ വർഷം വീണ്ടും കോളേജിൽ ചേർത്തു. ആ സമയത്തും എന്‍റെ മാനസികാവസ്ഥ വീക്കായിരുന്നു. അതുകൊണ്ട് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ എന്‍റെ എതിർപ്പ് അവഗണിച്ച് എന്‍റെ വിവാഹം നടത്തി. യു.പിയിൽ എഞ്ചിനീയറായിരുന്നു വികാസ്.

അദ്ദേഹം നല്ല വ്യക്തിയായിരുന്നു. പക്ഷേ അവരുടെ അച്ഛൻ അത്യാഗ്രഹിയായ ഒരു മനുഷ്യൻ. ലക്ഷങ്ങൾ സ്ത്രീധനം നൽകിയാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ അവർ കൂടുതൽ കൂടുതൽ ആവശ്യപ്പെടാൻ തുടങ്ങി. പക്ഷേ വികാസിന് അവരെ എതിർക്കാനുള്ള ധൈര്യമില്ലായിരുന്നു.”

രേണു ഇടറിയ സ്വരത്തിൽ തുടർന്നു.

“ഇതെല്ലാം അറിഞ്ഞപ്പോൾ എന്‍റെ പപ്പയ്ക്ക് വിഷമമായി. അദ്ദേഹം ഒരിക്കൽ വികാസിനോട് ഇക്കാര്യം സൂചിപ്പിച്ചു. അപ്പോൾ വികാസ് പപ്പയെ സമാധാനിപ്പിച്ചു.”

“പപ്പ വിഷമിക്കേണ്ട. ഞാൻ യുഎസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഒരു മാസത്തിനകം എല്ലാം റെഡിയാക്കാം. ഞാൻ രേണുവിനെ കൂടെ കൊണ്ടു പൊയ്ക്കൊള്ളാം. അതോടെ എല്ലാ പ്രശ്നവും തീരും.”

“പപ്പയ്ക്ക് അതുകേട്ടപ്പോൾ സന്തോഷമായി. ഒരു മാസത്തിനകം വികാസിന് കാലിഫോർണിയയ്ക്കു പോകാൻ കഴിഞ്ഞു. പക്ഷേ എനിക്ക് സമയത്ത് വിസ റെഡിയാകാത്തതുകൊണ്ട് കൂടെ പോകാനായില്ല. വീണ്ടും ഒരു വർഷം കൂടി ഞാൻ ഭർതൃഗൃഹത്തിൽ നരകയാതന അനുഭവിച്ചു. കടുത്ത ദുരിതകാലം… വികാസിനൊപ്പം കാലിഫോർണിയയിൽ തമസം ആരംഭിച്ചതിനു ശേഷമാണ് ഞാൻ ജീവിക്കാൻ തുടങ്ങിയത്. വികാസിന് സാൻഫ്രാൻസിസ്കോയിൽ ഒരു കമ്പനിയിൽ നല്ല ജോലി കിട്ടി. ഒരു വർഷത്തിനകം, ഉർവ്വശി ഞങ്ങൾക്കു പിറന്നു. അവൾ പിറന്ന ദിവസം തന്നെ വികാസിന് നല്ല ഒരു കമ്പനിയിലേക്ക് ഓഫർ ലങിച്ചു. ഗൗതമിന്‍റെ സുഹൃത്ത് രവിയെ അവിടെവച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്.”

“ഉർവ്വശിക്ക് നാലു വയസ്സുള്ളപ്പോൾ വികാസ് സഹോദരിയുടെ വിവാഹത്തിന് നാട്ടിലേക്ക് പോയതായിരുന്നു. ഞാൻ വിജയിനെ എട്ട് മാസം പ്രഗ്നന്‍റ് ആയ സമയം. വിവഹശേഷം വികാസ് നാട്ടിൽ ചില ബന്ധുവീടുകൾ സന്ദർശിച്ചു മടങ്ങുമ്പോഴാണ് ആ ദുരന്തം കാർ ആക്സിഡന്‍റിന്‍റെ രൂപത്തിലെത്തിയത്. ആ സമയം യു.എസിലായിരുന്ന ഞാൻ വികാസിന്‍റെ വേർപാട് അറിഞ്ഞത് മൂന്നു ദിവസത്തിനു ശേഷം… അദ്ദേഹത്തെ അവസാനമായി കാണാൻ പോലും കഴിഞ്ഞില്ല.കാരണം ആ സമയം ഞാൻ ലേബർ റൂമിലായിരുന്നു.”

“റിയലി ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി. ഞാൻ ആദ്യം പകച്ചു. പക്ഷേ എന്‍റെ കുഞ്ഞുങ്ങൾക്കു വേണ്ടി ഞാൻ ജീവിക്കണമായിരുന്നു. സാൻഫ്രാൻസിസ്കോയിലെ വീട് വിറ്റ് സൈൻഹോജയിൽ ഞാൻ ഒരു ചെറിയ ഫ്ളാറ്റ് വാങ്ങി. പിന്നെ തരക്കേടില്ലാത്ത ഒരു ഷോപ്പും തുടങ്ങി. ഉർവ്വശി എന്‍റെ ദുഖങ്ങളും പ്രയാസങ്ങളും കണ്ടു വളർന്നവളാണ്. മകൻ വിജയ് അടുത്ത വർഷം കോളേജിലാവും. മകളുടെ വിവാഹം കൂടി കഴിഞ്ഞാൽ ഞാൻ സ്വസ്ഥയാകും.”

“പണ്ട്, ഗൗതം എന്നെ ചോദിച്ച് പപ്പയുടെ അടുത്തെത്തിയതും ആട്ടിയിറക്കിയതും എന്നോട് പിന്നീട് പറഞ്ഞിരുന്നു. അന്ന് ചെയ്ത തെറ്റിന്‍റെ ഫലമാണ് അനുഭവിക്കുന്നതെന്ന കുറ്റബോധം പപ്പയ്ക്ക് ഇപ്പോഴുമുണ്ട്.”

“അങ്ങനെയിരിക്കെയാണ് ഉർവ്വശി എന്നോട് ഉമേഷിനക്കുറിച്ച് പറയുന്നത്. വിർജീനിയയിൽ വച്ച് ഒരിക്കൽ ഞാനവനെ കാണുകയും ചെയ്തു. ഉമേഷിനെ എനിക്കിഷ്ടമായി. അവന്‍റെ അച്ഛനെയും അമ്മയേയും കാണണമെന്നും തോന്നി. അതിനാണ് ഉർവ്വശിയെ അയച്ച് നിങ്ങളെ ക്ഷണിച്ചത്. അന്ന് ഗൗതം എന്‍റെ വീട്ടിലേക്ക് വരുന്ന സമയം വരെ, എനിക്കറിയില്ലായിരുന്നു ഉമേഷ് നിങ്ങളുടെ മകനാണെന്ന്.”

രേണു വീണ്ടും നിശ്ശബ്ദയായി. അവർ എന്തോ ആലോചിക്കുംപോലെ തോന്നി. അപ്പോഴാണ് സെക്രട്ടറി ചില ഫയലുകളുമായി മുറിയിലേക്കു വന്നത്. ഗൗതമൻ രേണുവിനോട് ഫോൺ ഹോൾഡ് ചെയ്യാൻ പറഞ്ഞു.

“ഉച്ചയ്ക്കു ശേഷമുള്ള എല്ലാ അപ്പോയിന്‍ര്മെന്‍റുകളും കാൻസൽ ചെയ്തേക്കു.” അയാൾ ഫയലുകൾ ഒപ്പിട്ടു കൊടുത്തിട്ട് പറഞ്ഞു. എന്നിട്ട് ഡോർ അടച്ചു.

“സോറി രേണു, ചില കാര്യങ്ങൾ ഒതുക്കാനുണ്ടായിരുന്നു. ഇനി പറയൂ…”

“ഇനിയെന്തു പറയാൻ. ഇത്രയൊക്കെയേ ഉള്ളൂ വിശേഷങ്ങൾ പറയൂ…”

“1968 മാർച്ചിലെ ആ പുലരി ഇന്നും എനിക്കോർമ്മയുണ്ട്. നമ്മൾ രമ്ടുപേരും മ്യൂസിയം കാണാൻ പോയ ദിനം. ആദ്യത്തെ ഔട്ടിംഗ്.”

“പഠനം കഴിഞ്ഞ് ഞാൻ വീട്ടിലേയ്ക്കാണ് പോയത്. നിന്‍റെ പപ്പയെ കാണുന്ന കാര്യം എന്‍റെ അമ്മയോട് പറയാൻ. അവിടെ ചെല്ലുമ്പോൾ റെയിവേയിൽ നിന്നു വന്ന അപ്പോയിന്‍റ്മെന്‍റ് ഓർഡർ അമ്മ എടുത്തു തന്നു. ഒരു മാസത്തിനകം ജോലിയിൽ പ്രവേശിക്കണം. തിരുവനന്തപുരത്ത് ഹോസ്റ്റൽ വെക്കേറ്റ് ചെയ്യാൻ ഞാൻ വീണ്ടുമെത്തിയപ്പോഴാണ് നിന്‍റെ പപ്പയുടെ ഓഫീസിൽ പോയത്. ആദ്യം അകത്തേക്കു കയറാൻ പോലും കഴിഞ്ഞില്ല. പിന്നെ സെക്രട്ടറിയോട് രേണു പറഞ്ഞിട്ടാണ് വരുന്നതെന്ന് പറയാൻ പറഞ്ഞു. അങ്ങനെയാണ് അനുമതി കിട്ടിയത്. വല്ല ജോലിക്കും ആകും എന്നു കരുതിയാണ് അകത്തേക്ക് കയറ്റിവിട്ടത്. പപ്പയെ കണ്ട് കാര്യം അവതരിപ്പിച്ചപ്പോൾ “വീട്ടിൽ ആരൊക്കെയുണ്ട്” എന്നായിരുന്നു ആദ്യത്തെ ചോദ്യം.”

“ഞാനും എന്‍റെ അമ്മയും.” ഞാൻ മറുപടി പറഞ്ഞു.

“പപ്പ…?”

“അദ്ദേഹം ട്രെയിൻ ആക്സിഡന്‍റിൽ മരിച്ചു.”

“എന്തായിരുന്നു ജോലി?”

“റെയിൽവേ ഗാർഡ് ആയിരുന്നു.”

“പഠനശേഷം എന്താ പരിപാടി?”

“എനിക്ക് അച്ഛന്‍റെ ജോലി കിട്ടി. അടുത്ത മാസം ജോയിൻ ചെയ്യും.”

“എത്രയാ ശബളം…”

“1500…”

“1968 ൽ 1500 നല്ല ശബളമായിരു്നു. പക്ഷേ പപ്പ പറഞ്ഞ മറുപടി കേൾക്കണോ?”

“എന്‍റെ മകൾ രേണു ജന്മദിനത്തിന് 1500 രൂപ ചെലവാക്കും. അവൾക്ക് വസ്ത്രങ്ങളെടുക്കാൻ ആയിരങ്ങൾ വേണം. പിന്നെ നീയെങ്ങനെ ചെലവുകാശ് കണ്ടെത്തും?”

“ഞാനും രേണുവും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. രേണു പറഞ്ഞിട്ടുകൂടിയാണ് ഞാൻ അങ്ങയെ കാണാൻ വന്നത്.”

അപ്പോൾ അദ്ദേഹം ഉച്ചത്തിൽ ദേഷ്യത്തോടെ പറഞ്ഞു, “രേണുവിനൊന്നുമറിയില്ല. അവൾ പറയുന്നതും കേട്ട് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. കടക്ക് പുറത്ത്… ഐ സേ യൂ ഗെറ്റ് ഔട്ട്…” പപ്പ അലറി.

“രേണു, ഞാൻ പിന്നെയെന്തു ചെയ്യും? ഞാനെന്‍റെ അമ്മയെ നിന്‍റെ പപ്പയുടെ അടുത്തേക്ക് വിടാതിരുന്നത് എത്രയോ നന്നായെന്ന് അപ്പോൾ ഞാനോർത്തു. അതുകേട്ട് ഹൃദയവ്യഥയോടെ ഞാൻ പുറത്തു കടന്നു. രേണൂ, പിന്നെ ഞാനെന്തു ചെയ്യണം…?”

“പപ്പയോട് സംസാരിക്കാൻ എന്‍റെ അമ്മയെ അയക്കാമെന്നാണ് ആദ്യം കരുതിയത്. അങ്ങനെ ചെയ്യാതിരുന്നത് എത്ര നന്നായി.”

“ആ സംഭവത്തിനു ശേഷം ഞാൻ ചെന്നെയ്ക്കു പോയി റെയിൽവേ ജോലിയിൽ പ്രവേശിച്ചു. കുറച്ചുനാളുകൾ അങ്ങനെ കഴിഞ്ഞു. എന്‍റെ അങ്കിൾ ആ സമയം യുഎസിലായിരുന്നു. അദ്ദേഹത്തിന് മക്കളില്ല. അങ്കിൾ വിളിച്ചതനുസരിച്ച് ഞാൻ ജോലി ഉപേക്ഷിച്ച് അങ്ങോട്ട് പോയി. അവിടെ ഒരു ചെറിയ കൺസൾട്ടിംഗ് സ്ഥാപനം തുടങ്ങി. തുടക്കത്തിൽ അഞ്ചു ജോലിക്കാർ മാത്രമുള്ള ഒരു ചെറിയ കമ്പനി. ഇപ്പോൾ 300 പേരുണ്ട് എന്‍റെ സ്ഥാപനത്തിൽ. ഇതിനിടെ ഉമയുമാി എന്‍റെ വിവാഹം നടന്നിരുന്നു. വിവാഹം നടന്ന് 8 വർഷം കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് ഉമേഷ് പിറന്നത്.”

“ഉർവ്വശിയെ ആദ്യമായി കണ്ട നിമിഷം തന്നെ ഉമയ്ക്ക് വളരെ ഇഷ്ടമായി.”

“ഹാ… എനിക്കതറിയാം.”

“എങ്ങനെ?”

“ഉമ വിളിച്ചിരുന്നു.”

“അപ്പോൾ നിങ്ങൾ എല്ലാം സംസാരിച്ചു കഴിഞ്ഞു. ഓകെ രേണൂ, ഇനി എനിക്കൊരു ചോദ്യമുണ്ട്. പേഴ്സണൽ. നീ എന്നെ ഇടയ്ക്കെങ്കിലും ഓർമ്മിക്കാറുണ്ടായിരുന്നോ?”

ആ സമയം അവളുടെ മുഖം കാണാൻ അയാൾ കൊതിച്ചു.

“ഗൗതം, നിങ്ങളെന്‍റെ ഫസ്റ്റ് ലവ് അല്ലേ. പിന്നെങ്ങനെ മറക്കും. ഒരിക്കലെങ്കിലും നിങ്ങളെ കാണണമെന്ന് ഞാൻ ആശിച്ചു. മാപ്പു ചോദിക്കാൻ, എല്ലാറ്റിനും.”

“മാപ്പ്? എന്തിന്, നീയൊരു തെറ്റും ചെയ്തിട്ടില്ലല്ലോ. നീയെന്നെ സ്നേഹിച്ചിരുന്നെങ്കിൽ ഞാനൊരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ?”

രേണുവിന്‍റെ മറുപടി വരാൻ അൽപം വൈകി.

“എന്താണ്?”

“നിനക്ക് എന്‍റെ മകന്‍റെ അമ്മായിയമ്മ ആയിക്കൂടെ…?” അയാൾ ഇങ്ങനെ ചോദിച്ച് പൊട്ടിച്ചിരിച്ചു.

രേണു അമ്പരന്നു പോയി. “വാട്ട് യൂ സേ ഗൗതം… എന്നെ കളിയാക്കുകയാണോ?”

“നോ രേണൂ, ആം സീരിയസ്. എനിക്കൊരു മോളെ വേണം. അതു ചോദിക്കുന്നതിനൊപ്പം ചില നിബന്ധനകൾ കൂടിയുണ്ട്, പറയട്ടെ….”

“സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലാത്ത ഒരു അമ്മയാണ് ഞാൻ.”

“ശരി, നീ ആദ്യം നിബന്ധന കേൾക്കൂ. ഒന്ന്, വിവാഹം വാഷിംഗ്ടണിലായിരിക്കും. കാരണം എന്‍റെ ഫ്രണ്ട്സ് സർക്കിൾ മുഴുവനും അവിടെയാണ്. കാലിഫോർണിയയിൽ നടത്തിയാൽ അവർക്ക് പങ്കെടുക്കാൻ കഴിഞ്ഞെന്നു വരില്ല. രണ്ടാമത്തെ നിബന്ധന ഇതാണ്. വിവാഹശേഷം നീയും വിജയും വാഷിംഗ്ടണിൽ സെറ്റിൽ ചെയ്യണം. ബിസിനസ് ഇവിടെയും ചെയ്യാമല്ലോ. ഈ രണ്ടു നിബന്ധനകളും സ്വീകാര്യമാണെങ്കിൽ നമുക്ക് കുട്ടികളുടെ വിവാഹം നടത്താം.”

എല്ലാം അവിശ്വസനീയതയോടെ കേട്ടിരുന്നു രേണു, എത്രമാത്രം ടെൻഷനടിച്ചു. എന്നിട്ടിപ്പോൾ എത്ര ലാഘവത്തോടെ യെസ് പറയുന്നു.

“ഗൗതം… നിങ്ങൾക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. എന്നെ ആകെ ടെൻഷനടിപ്പിച്ചു കളഞ്ഞല്ലോ…”

“രേണൂ, തീരുമാനം പറഞ്ഞില്ല.”

“എനിക്കിതിൽ കവിഞ്ഞ സന്തോഷമെന്തുണ്ട്? ഈ ഹാപ്പി ന്യൂസ് ഉടനെ ഉമയേയും ഉർവ്വശിയേയും അറിയിക്കാം.”

“നോ രേണൂ, ഇപ്പോൾ വേണ്ട. കുട്ടികളുടെ എക്സാം കഴിയട്ടെ… ഡിസംബർ 22 ന് വാഷിംഗ്ടണിൽ നിങ്ങൾ വരൂ. അവിടെ വച്ച് നമുക്ക് പറയാം.”

“ഉമയോട് പറയണ്ടേ?”

“വേണ്ട, അതിനും സമയമായില്ല. നമ്മുടെ ഈ സംസാരവും പഴയ ബന്ധത്തെക്കുറിച്ചൊന്നും ഇപ്പോൾ അവരറിയണ്ട.” ഗൗതം പറഞ്ഞു.

(തുടരും)

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 3

ഇന്ന് താങ്ക്സ് ഗിവിംഗ് ഡേ ആണ്. ഗൗതമൻ പതിവുപോലെ പുലർച്ചെ 7 മണിക്ക് എഴുന്നേറ്റു. പക്ഷേ രവിയും കുടുംബവും ഇനിയും ഉറകക്മുണർന്നിട്ടില്ല. വാഷിംഗ്ടണും കാലിഫോർണിയയും തമ്മിൽ മൂന്നു മണിക്കൂർ സമയാന്തരമുണ്ട്. അതുകൊണ്ടാണ് ഇത്ര താമസം. ഇപ്പോൾ വാഷിംഗ്ടണിൽ രാവിലെ 10 മണിയായിക്കാണും. പക്ഷേ, ഇവിടെ 7 മണി ആയതേയുള്ളൂ.

ഗൗതമന് ഉറക്കമുണർന്നാലുടൻ കാപ്പി കുടിക്കണം. അതും നല്ല സ്ട്രോംഗ് കാപ്പി. അക്കാര്യത്തിൽ ഒരു കോംപ്രമൈസും പറ്റില്ല. വീട്ടിലുള്ളവർ ഉണരും വരെ കാത്തിരിക്കാൻ വയ്യ. അയാൾ അടുക്കളയിലേക്കു നടന്നു. കാപ്പിപ്പൊടിയും പഞ്ചസാരയും കണ്ടെത്താൻ ഒരു പ്രയാസവുമുണ്ടായില്ല. കാപ്പി തിളപ്പിച്ച് കുടിക്കാൻ തുടങ്ങുമ്പോഴാണ് രവിയുടെ ഭാര്യ എഴുന്നേറ്റു വരുന്നത്.

“സോറി ഗൗതം… നിങ്ങൾ മൂന്നു മണിക്കൂർ മുന്നേ എഴുന്നേൽക്കുമെന്ന കാര്യം ഞാൻ മറന്നു. ബ്രേക്ക്ഫാസ്റ്റ് ഉടൻ ഉണ്ടാക്കാം.”

“ഡോണ്ട് വറി, കാപ്പി കുടിച്ചാൽ എനിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിച്ച പോലെയാ…”

അതു കേട്ടുകൊണ്ടാണ് രവിയുടെ വരവ്.

“അതേ…. അതു ശരിയാ… ഹണിക്കു കേൾക്കണോ പഴയ ഒരു കഥ. വാഷിംഗ്ടണിൽ ഒരു ക്രിസ്തുമസ് പുലർച്ചയ്ക്ക് എഴുന്നേൽക്കുമ്പോൾ വീട്ടിൽ കാപ്പിപ്പൊടിയില്ല. അന്ന് കടകളൊന്നും തുറക്കുകയുമില്ല. ഇവൻ കാറുമെടുത്ത് ഒരു മണിക്കൂർ കറങ്ങി ഒരു ഷോപ്പ് കണ്ടുപിടിച്ച് കാപ്പി വാങ്ങി. ഇവന്‍റെ കാപ്പികുടി കാര്യം ഞാനോർത്തില്ല. ഇല്ലെങ്കിൽ ഇന്നലെത്തന്നെ തിളപ്പിച്ച് ഫ്ളാസ്കിൽ എടുത്തു വയ്ക്കാമായിരുന്നു.”

രവി പറഞ്ഞപ്പോൾ ഗൗതമൻ പൊട്ടിച്ചിരിച്ചുപോയി. 25 വർഷം മുമ്പുള്ള കാര്യം. രവി അതുപോലും ഓർമ്മിച്ചു വച്ചിരിക്കുന്നു. “റിയലി അൺബിലീവബിൾ… നീ അതൊന്നും മറന്നിട്ടില്ലേ…” രവിയുടെ തോളത്ത് ഗൗതമൻ കുസൃതിയോടെ അടിച്ചു.

11 മണിയായപ്പോഴാണ് ബ്രേക്ക്ഫാസ്റ്റ് റെഡിയായത്. അതൽപം ഹെവിയായി കഴിച്ചു. പിന്നെ ലഞ്ച് കഴിക്കേണ്ടതില്ലല്ലോ. ഇതിനിടയിൽ ഉർവ്വശിയെ ഫോൺ ചെയ്ത് ഉമേഷ് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

“പപ്പ ഉർവ്വശിയാണ് ലൈനിൽ.” ഉമേഷ് റിസീവർ അടച്ചുപിടിച്ച് വിളിച്ചു.

ഡിന്നറിന് രവിയെയും കുടുംബത്തെയും കൂടി ക്ഷണിക്കാനാണ് ഉർവ്വശി വിളിച്ചത്. രവിയോട് ചോദിച്ചപ്പോൾ അയാൾക്ക് പൂർണ്ണ സമ്മതം.

“ഓകെ. വി വിൽ ബി ദേർ അറ്റ് സെവൻ.”

ഒരു മണിക്കൂർ യാത്രയുണ്ട് സൈൻഹോജയിലേക്ക്. രവിയുടെ കാറിലായിരുന്നു യാത്ര. വൃത്തിയുള്ള വിശാലമായ റോഡ്. നഗരത്തിരക്ക് കഴിഞ്ഞപ്പോൾ ഇരുപുറവും വിശാലമായ ആപ്പിൾ തോട്ടങ്ങൾ. വിളവെടുപ്പിന് പാകമാകാത്ത പച്ച ആപ്പിളുകൾ നിറയെ കായ്ച്ചു കിടക്കുന്നു. ഇവിടത്തെ പ്രധാന കൃഷിയാണ് ആപ്പിൾ. പുറംനാടുകളിലാണ് കാലിഫോർണിയൻ ആപ്പിളുകളുടെ വിപണി.

കാറിന്‍റെ പിൻസീറ്റിലാണ് ഗൗതമനും ഉമയും. “ഗൗതം താൻ വേണമെങ്കിൽ ഉറങ്ങിക്കോ… ഒരു മണിക്കൂർ സമയമുണ്ട്.” രവി പറഞ്ഞു. അൽപനേരം കണ്ണ് തുറന്നിരുന്നെങ്കിലും കാഴ്ചകളിൽ മനസ്സ് ഉറയ്ക്കാതെയായപ്പോൾ അറിയാതെ കണ്ണുകടഞ്ഞു. കാർ നിർത്തി ഡോർ തുറക്കുന്ന ഗൗതമൻ പിന്നെ കണ്ണു തുറന്നത്.

ഒരു ടൗൺ ഹൗസിനു മുന്നിലാണ് വണ്ടി. അവർ കാറിൽ നിന്നിറങ്ങി. ഉമേഷ് കോളിംഗ് ബെല്ലിൽ വിരലമർത്തി. ഒട്ടും വൈകാതെ ഉർവ്വശി വാതിൽ തുറന്നു. പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നു തോന്നി. അവൾ പറഞ്ഞു, “വരൂ, എന്‍റെ വീട്ടിലേക്ക് സ്വാഗതം.”

മധ്യവയസ്കനായ ഒരു സ്ത്രീ അകത്തു നിന്ന് ഡ്രോയിംഗ് റൂമിലേക്കു വന്നു കൈകൂപ്പി.

“പപ്പാ.. മീറ്റ് മൈ മമ്മി രേണു.” ഉർവ്വശി പരിചയപ്പെടുത്തി.

ഗൗതമൻ അവരുടെ നേരെ നോക്കി കൈകൂപ്പി. വിഷ് ചെയ്യാൻ ഒരുങ്ങിയപ്പോൾ ഞെട്ടിത്തരിച്ചു. തലച്ചോറിനുള്ളിൽ ഒരു സേഫോടനം പോലെ… ഈ മുഖം…

ഉർവ്വശി സന്തോഷത്തോടെ ഉമയെയും രവിയെയും എല്ലാം പരിചയപ്പെടുത്തുന്നുണ്ട്. ഗൗതമൻ പെട്ടെന്ന് സമനിലയിലെത്തി. അയാൾ തന്നെ രവിയേയും ഭാര്യയേയും രേണുവിന് പരിചയപ്പെടുത്തി. അല്ലെങ്കിൽ രവിക്കെന്തു തോന്നും?

ഈ സമയം, ഉമ വീടു ശ്രദ്ധിക്കുകയായിരുനനു. വർത്തിയുള്ള തെറിയയ വീട്. അത്ര പോഷ് അല്ല. എങ്കിലും എല്ലാം ഉണ്ട്. ട്രേയിൽ ജ്യൂസുമായി ഒരു ആൺകുട്ടി മുറിയിലേക്കു വന്നു.

“ഉർവ്വശീ, ഇതാണോ നിന്‍റെ അനുജൻ?” ഗൗതമൻ ചോദിച്ചു.

“അതേ പപ്പ, സോറി, ഞാനിവനെ പരിചയപ്പെടുത്താൻ മറന്നു. പേര് വിജയ്.”

“ങാഹാ.. വിജയ് എത്രാം ക്ലാസിലാ പഠിക്കുന്നേ?”

“ടെൻത് കഴിഞ്ഞു. പ്ലസ് വൺ ക്ലാസ്സ് തുടങ്ങുന്നതേയുള്ളൂ.”

ചുരുങ്ങിയ സമയത്തിനുള്ളിൽ ഉമയും ഉർവ്വശിയുടെ മമ്മിയും സുഹൃത്തുക്കളെപ്പോലെയായി. ഡ്രോയിംഗ് റൂമിലെ കുടുംബഫോട്ടോ കണ്ടപ്പോൾ രവിക്ക് രേണുവിന്‍റെ ഭർത്താവിനെ പരിചയമുണ്ടെന്നു തോന്നി. അയാൾ ചോദിച്ചു.

“നിങ്ങൾ വികാസ് നാഥിന്‍റെ ഭാര്യയാണോ…?”

“അതെ, അദ്ദേഹത്തെ അറിയുമോ?”

“പിന്നെ, ഞങ്ങൾ എത്രയോ വർഷം ഒരുമിച്ച് ജോലി ചെയ്തവരാണെന്നോ…?”

“വികാസിന്‍റെ സഹോദരിയുടെ മാര്യേജിന് ഞാനും അവനൊപ്പം ഇന്ത്യയിൽ വന്നിരുന്നു. ഐ തിങ്ക്, ബിഫോർ 15 ഇയേർസ്.”

“യെസ്, കൃത്യമായി പറഞ്ഞാൽ 18 വർഷം മുമ്പ്.” രേണു ഓർമ്മിച്ചെടുത്തു.

അടുക്കളയിൽ നിന്ന് ഉർവ്വശിയുടെ വിളി വന്നത് അപ്പോഴാണ്. “മമ്മീ, ഇങ്ങോട്ടൊന്നു വര്വോ…”

അവർ അടുക്കളിലേക്കു നടന്നപ്പോൾ ഉമ ഗൗതമനെ കൈകൊണ്ട് തട്ടി.

“നിങ്ങളെന്താ രേണുവിനോട് മിണ്ടാതിരിക്കുന്നത്…?”

“ഹൊ… നീ സംസാരിക്കുന്നില്ലേ… പിന്നെ അതിനിടയിൽ ഞാൻ….” ഗൗതമൻ മടിയോടെ പറഞ്ഞു.

ഡിന്നർ തയ്യാറായെന്ന് പറയാനാണ് ഉർവ്വശി മമ്മിയെ വിളിച്ചത്. രേണുവിനോടൊപ്പം ഡൈനിംഗ് ടേബിളിനു സമീപത്തേക്കു നടക്കുമ്പോൾ ഗൗതമൻ ചെറിയ ടെൻഷനിലായിരുന്നു.

വിഭവങ്ങളുടെ വൈവിധ്യം കണ്ടപ്പോൾ ഉമ അതിശയം മറച്ചുവച്ചില്ല.

“ഇത്രയും വെറൈറ്റി? നിങ്ങൾ തന്നെയാണോ ഇതെല്ലാം ഉണ്ടാക്കിയത്.”

ഉർവ്വശിയുടെ മമ്മി മന്ദഹസിച്ചുകൊണ്ട് പ്ലേറ്റുകളിലേക്ക് ഭക്ഷണം പകർന്നു. ഡൈനിംഗ് ടേബിൾ വളരെ ചെറുതാണ്. കഷ്ടിച്ച് നാലുപേർക്ക് ഇരിക്കാം. ഇത്രയും പേർക്ക് ഒരുമിച്ചിരിക്കാൻ കഴിയാത്തതുകൊണ്ട് ഗൗതമനും രവിയും ഡ്രോയിംഗ് റൂമിലെ സോഫയിൽ വന്നിരുന്നു. കൂടെ ഉമേഷും.

“പ്പാ, കെയു കാമ്പസിലല്ലേ പഠിച്ചത്?”

“അതേ..”

“എന്‍റെ മമ്മിയും അവിടെയാണ് പഠിച്ചത്. പപ്പ ഏതു വർഷം ഗ്രാജ്വേറ്റ് ആയി?”

“1968- ൽ”

“മമ്മിയോ?”

രേണു തെല്ല് അസ്വസ്ഥതയോടെ മറുപടി പറഞ്ഞു, “1969-ൽ”

“അപ്പോൾ നിങ്ങൾ കണ്ടിട്ടേയില്ല…”

ഗൗതമനും രേണുവും പരസ്പരം നോക്കി ചിരിച്ചെന്നു വരുത്തി. അപ്പോഴാണ് ഉമേഷ് സ്വീറ്റ്സുമായി വന്നത്. അവളുടെ ശ്രദ്ധ അങ്ങോട്ടായി. തൽക്കാലം ചോദ്യത്തിൽ നിന്ന് രക്ഷപ്പെട്ടു. ഗൗതമൻ ദീർഘമായി ശ്വസിച്ചു.

“രവി നമുക്ക് ഇറങ്ങിയാലോ, എനിക്ക് ഉറക്കം വരുന്നു.”

ഉമയ്ക്ക് വിഷമം തോന്നി. ഗൗതമൻ ഇത്രയും സൈലന്‍റ് ആയി കണ്ടിട്ടില്ല. ചിലപ്പോഴൊക്കെ അങ്ങനെയാണ് പക്ഷേ….

ഉമ ഉർവ്വശിയുടെ അമ്മയോട് തുറന്നു പറഞ്ഞു, “രേണു, നിങ്ങളുടെ മകളെ എനിക്കിഷ്ടമായി. ഗൗതമേട്ടന്‍റെ അഭിപ്രായം കൂടി അറിഞ്ഞാലേ മറ്റു കാര്യങ്ങളിലേക്ക് കടക്കാൻ കഴിയൂ. ഗൗതമേട്ടൻ അങ്ങനെയാ, വളരെ കുറച്ചേ സംസാരിക്കൂ. ഡോണ്ട് ഫീൽ ഹർട്ട് രേണു…”

ഉമ ക്ഷമാപണത്തോടെ പറഞ്ഞു.

രേണു ചിരിച്ചു, “ഓകെ ഉമാ… ഹോപ് വി വിൽ മീറ്റ് എഗെയ്ൻ…”

സൈൻഹോജയിൽ നിന്ന് കാലിഫോർണിയയിലെ രവിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഉമ ഗൗതമനോട് പറഞ്ഞു, “ഉർവ്വശിയുടെ വീട്ടിൽ ചെന്നിട്ട് എന്താ ഒന്നും മിണ്ടാതിരുന്നത്?”

“നീ സംസാരിച്ചല്ലോ, ധാരാളം. അതുപോരേ…”

“നിങ്ങൾക്കെന്തു പറ്റി?”

“ഒന്നുമില്ല.”

ഉമേഷ് ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. “മമ്മീ, പപ്പയ്ക്ക് ഉറക്കം വരുന്നുണ്ടാകും. പിന്നീട് സംസാരിക്കാം.”

വെള്ളിയാഴ്ച. അതും താങ്കിസ് ഗിവിംഗ് ഡേയ്ക്ക് ശേഷമുള്ള വെള്ളിയാഴ്ചയ്ക്ക് അമേരിക്കയിൽ വളരെ പ്രാധാന്യമുണ്ട്. അന്ന് ഷോപ്പിംഗ് മാളുകളിലേക്ക് ജനപ്രവാഹമാണ്. ഉമയും രവിയുടെ ഭാര്യ ഹണിയും കൂടി രാവിലെ തന്നെ കാലിഫോർണിയയുടെ നഗരത്തിരക്കിലേക്കിറങ്ങി. മിക്ക കടകളിലും രാവിലെ 6 മുതൽ തിരക്ക് അനുഭവപ്പെട്ടു.

ഗൗതമനും രവിയും അന്ന് വീട്ടിൽ തന്നെയിരുന്ന് പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ഉമയും ഹണിയും ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തി. ഉച്ചഭക്ഷണം പാഴ്സൽ വാങ്ങിയാണ് വരവ്. പിറ്റേ ദിവസത്തേക്കുള്ള ടൂർ പ്രോഗ്രാം ഉമ തലേന്നു തന്നെ പ്ലാൻ ചെയ്തു. സാൻഫ്രാൻസിസ്കോയിൽ പോകണം. ഗോൾഡൻ ബ്രിഡ്ജ് കാണാനാണ്. രാവിലെ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഉമേഷ് ഗൗതമനോട് ചോദിച്ചു.

“പപ്പാ, വാട്ട് ഡുയു തിങ്ക്…?”

“വാട്ട്?”

“ഉർവ്വശി….”

“ഞാനെന്തു പറയാൻ….”

“പപ്പാ, എന്താ ഇങ്ങനെ സംസാരിക്കുന്നത്…” അവൻ നീരസം മറച്ചുവച്ചില്ല.

“ഉമേഷ്, അക്കാര്യം നമ്മുക്ക് വീട്ടിൽ ചെന്നിട്ട് സംസാരിക്കാം.” അയാൾ തലയാട്ടുക മാത്രം ചെയ്തു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റുപോയി. മുകളിലെ നിലയിലെ ബാത്ത്റൂമിലേക്കു പോകുമ്പോൾ ഉമേഷ് ആരോടോ ഫോണിൽ സംസാരിക്കുന്നത് ഗൗതമൻ ശ്രദ്ധിച്ചു.

“പപ്പ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം സ്വീകരിക്കാതെ എനിക്കൊന്നും പറയാനാവില്ല.”

സംസാരം കേട്ടപ്പോൾ അങ്ങേത്തലയ്ക്കൽ ഉർവ്വശിയാണെന്നു വ്യക്തമായി.

10 മണിക്ക് തന്നെ സാൻഫ്രാൻസിസ്കോയിലെത്തണമെന്ന് ഉമയ്ക്കായിരുന്നു നിർബന്ധം. എല്ലാവരും വേഗം ബ്രേക്ക്ഫാസ്റ്റ് കഴിച്ച് റെഡിയായി. ഉമേഷ് കാപ്പി കുടിച്ചുകൊണ്ട് സോഫയിൽ ഇരിക്കുമ്പോൾ ഹണി പറഞ്ഞു. “മോനേ, ഇനി നിനക്ക് ഇവിടെ ഇടയ്ക്കിടെ വരാം. വൈഫ് ഹൗസിൽ വരുമ്പോൾ എളുപ്പമല്ലേ…”

“വൈഫ് ഹൗസ്? അതിനി എപ്പോൾ ആവാനാണ്….”

“ങാഹാ… അത്രയും തിരക്കായോ വിവാഹത്തിന്? കാത്തിരുന്നു പാകമാകുന്ന പഴത്തിന് മധുരം കൂടും.” ഹണി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.

ഉമേഷ് ചിരിച്ചെങ്കിലും ആ ചിരിക്ക് വേണ്ടത്ര തെളിച്ചമുണ്ടായിരുന്നില്ല. മാറ്റം ഗൗതമൻ ശ്രദ്ധിച്ചുവെങ്കിലും അറിഞ്ഞതായി ഭാവിച്ചില്ല. സാൻഫ്രാൻസിസ്കോയിൽ രാവിലെ മുതൽ വൈകിട്ടുവരെ അവർ കറങ്ങി നടന്നു. ഇതിനിടയിൽ ഇടയ്ക്കിടെ ഉമേഷിന്‍റെ ഫോൺ റിംഗ് ചെയ്യുന്നതും അവൻ ശബ്ദമുയർത്തി സംസാരിക്കുന്നതും അയാൾ കണ്ടു.

രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഉമേഷ് ചോദിച്ചു, “പപ്പാ, എനിക്ക് ഉർവ്വശിയെ മീറ്റ് ചെയ്യണമെന്നുണ്ട്. ഞാൻ പോയി വരട്ടെ.”

“നാളെ യൂണിവേഴ്സ്റ്റിയിലേക്കു മടങ്ങുകയല്ലേ. അവിടെ വച്ച് കാണാമല്ലോ. ഏതായാലും ഈ രാത്രിയിൽ വേണ്ട.”

തന്‍റെ മറുപടി കിട്ടാത്തതുകൊണ്ട് ഇരുവരും ടെൻഷനിലാണ്. ഗൗതമന് അതു മനസ്സിലായി.

(തുടരും)

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 2

രാവിലെ 7.30 ന് ഓഫീസിൽ എത്തണം. തിങ്കളാഴ്ചയാണ്. ഗൗതമൻ ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ 6 മണി. അടുക്കളയിൽ ആ സമയം ഉമ ഉണ്ടാകാറുണ്ട്. പക്ഷേ ഇന്ന് കണ്ണു തുറക്കുമ്പോൾ അവൾ മൂടിപ്പുതച്ച് കിടപ്പാണ്. നെറ്റിയിൽ കൈ വച്ചു നോക്കിയപ്പോൾ പനിയുള്ളതായി തോന്നി. ഉമയെ ഉണർത്താതെ ഗൗതമൻ അടുക്കളയിലെത്തി. ചായയുണ്ടാക്കി കുടിച്ചു. ഉമയ്ക്കുള്ളത് ഫ്ളാസ്കിലാക്കി റൂമിലെടുത്തു വച്ചശേഷം അയാൾ ഓഫീസിലേക്ക് പോയി.

12 കിലോമീറ്റർ അകലെയാണ് ഗൗതമന്‍റെ ഓഫീസ്. തിങ്കളാഴ്ചകളിൽ കടുത്ത തിരക്കാണ്. വൈകിട്ട് ഏഴ് മണിയായത് ഗൗതമൻ അറിഞ്ഞത് സെക്രട്ടറി പോകാൻ അനുവാദം ചോദിച്ചപ്പോഴാണ്.

ഈ നേരമൊന്നും ഉമയെ വിളിക്കാൻ പറ്റിയില്ലല്ലോ എന്ന ഖേദത്തോടെയാണ് ഗൗതമൻ ഡ്രൈവ് ചെയ്തത്. വീട്ടിലെത്തുമ്പോൾ ഉമ അടുക്കളയിൽ ജോലിയിൽ മുഴുകിയിരിക്കുന്നു.

“പനിയുണ്ടെങ്കിൽ കിടന്നാൽ പോരായിരുന്നോ? എന്തിനാ ഭക്ഷണമുണ്ടാക്കിയത്…” ഗൗതമൻ അവളുടെ തലയിൽ അനുകമ്പയോടെ തഴുകി.

“രാവിലെ അൽപം ക്ഷീണം തോന്നി. പക്ഷേ, ഇപ്പോൾ കുഴപ്പമൊന്നുമില്ല.”

രാത്രി ഉമേഷ് വിളിച്ചു. ഞായറാഴ്ച അവൻ യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചു പോയ ശേഷം വിളിക്കുന്നതിപ്പോഴാണ്. വെള്ളിയാഴ്ച വരുമ്പോൾ ഉർവ്വശിയേയും കൊണ്ടുവരുമെന്ന് അവൻ സൂചിപ്പിച്ചു. ഒരാഴ്ച കടന്നു പോയത് എത്ര വേഗമാണ്. വെള്ളിയാഴ്ച വൈകിട്ട് ഗൗതമൻ വീട്ടിലെത്തുമ്പോൾ ഫാമിലി റൂമിൽ ഉമേഷിനും ഉമയ്ക്കുമൊപ്പം ഒരു പെൺകുട്ടി… അൽപം അമ്പരന്നുവെങ്കിലും അയാൾക്ക് അവളെ മനസ്സിലായി. ഉർവ്വശി… മകന്‍റെ കൂട്ടുകാരി…

“നമസ്തേ പപ്പാ..” ഉമേഷ് പറഞ്ഞു. “ പപ്പാ ഇതാണ് ഉർവ്വശി.”

ഉർവ്വശി മുന്നോട്ട് വന്ന് ഗൗതമന്‍റെ കാലിൽ തൊട്ടു വണങ്ങാൻ ശ്രമിച്ചു. അയാൾ അവളെ വിലക്കി.

“വേണ്ട മോളേ, നീ ഇവിടെ വാ.” അയാൾ ഉർവ്വശിയെ അടുത്തി പിടിച്ചിരുത്തി.

“ഉമാ, നമ്മുടെ അതിഥിക്ക് ഭക്ഷണമൊന്നും കൊടുത്തില്ലേ?”

“ഞാൻ പലവട്ടം പറഞ്ഞു. പക്ഷേ കേൾക്കണ്ടേ… പപ്പ വന്നിട്ടു മതി എന്ന് വാശി.”

“ശരി… അതു നന്നായി. നമുക്ക് ഒരുമിച്ച് കഴിക്കാം. ഉമേഷ് ഫ്രിഡ്ജിൽ നിന്ന് കുറച്ച് സ്വീറ്റ്സ് എടുത്തി കൊണ്ടുവാ. ആദ്യം മധുരം തന്നെയാവട്ടെ.?”

ഉമ ചായയെടുക്കാൻ അടുക്കളയിലേക്കു നടന്നപ്പോൾ ഉർവ്വശിയും പിന്നാലെ ചെന്നു. പക്ഷേ ഗൗതമൻ ്വളെ മടക്കി വിളിച്ചു.

“മോളേ, നീ ഇവിടെ വരൂ. എനിക്കൽപം സംസാരിക്കാനുണ്ട്.”

മകൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി. അവളെക്കുറിച്ച് കൂടുതലറിയാൻ നേരിട്ടു സംസാരിക്കുന്നതാണ് നല്ലത്. അയാൾ അവളുടെ വീട്ടുകാരെക്കുറിച്ച് ചോദിച്ചു.

“എനിക്ക് അനിയനുണ്ട് പപ്പാ, ഹൈസ്കൂളിൽ പഠിക്കുന്നു. മമ്മിക്ക് ഒരു ഷോപ്പുണ്ട്. ആദ്യം ഞങ്ങൾ കുടുംബസമേതം സാൻഫ്രാൻസിസ്കോയിലായിരുന്നു. പപ്പ മരിച്ച ശേഷമാണ് വീടു വിറ്റ് സൈൻ ഹോജയിൽ ഒരു ചെറിയ ഫ്ളാറ്റ് വാങ്ങിയത്.”

ഗൗതമനും ഉർവ്വശിയും പല കാര്യങ്ങളും സംസാരിച്ചിരുന്ന് രാത്രി 9 മണിയായി. അപ്പോഴേക്കും ഉമേഷും ഉമയും ചേർന്ന് ഡിന്നർ റെഡിയാക്കിയിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി ഉമേഷ് മുകളിലേക്കു പോയി.

“ഉമാ, നീയും ഉർവ്വശിയും കൂടി ഗസ്റ്റ് റൂമിൽ കിടക്ക്.” ഗൗതമൻ ഇങ്ങനെ പറഞ്ഞിട്ട് ബെഡ്റൂമിലേക്ക് നടന്നു.

ഉർവ്വശിയെ ഗസ്റ്റ് റൂമിലാക്കിയ ശേഷം ഉമ പുതപ്പും കമ്പിളിയുമെടുക്കാനായി ഗൗതമന്‍റെ മുറിയിലേക്ക് ചെന്നു.

“ലുക്ക്, ഉർവ്വശി നല്ല കുട്ടിയാണ്. എനിക്ക് അവളെ ഇഷ്ടമായി. വാട്ട് എബൗട്ട് യു?”

ഉമയുടെ ചോദ്യം കേട്ട് ഗൗതമൻ പൊട്ടിച്ചിരിച്ചു.

“ഇത്രയും വലിയ കാര്യം പറയുമ്പോൾ നിങ്ങൾക്ക് തമാശ…”

“അതേ, ഉർവ്വശിക്ക് ഒരു ബുദ്ധിമുട്ടും തോന്നാതെ നോക്കേണ്ടത് നിന്‍റെ ഡ്യൂട്ടിയാ, മകളോടെന്ന പോലെ തുറന്ന് സംസാരിച്ച് അവളെ അടുത്തറിയാൻ ശ്രമിക്ക്.”

ഗൗതമൻ ഇങ്ങനെ പറഞ്ഞപ്പോൾ മുഖം കടുപ്പിച്ച് ഒരു നോട്ടം നോക്കി ഉമ പുറത്തേക്ക് കടന്ന് വാതിലടച്ചു.

രാവിലെ ഗൗതമൻ 8 മണിക്ക് ഉറക്കമുണർന്ന് ഫാമിലി റൂമിലേക്ക് ചെല്ലുമ്പോൾ ആരും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. രാവിലെ നല്ല തണുപ്പാണ്. ഇവിടെ നേർത്ത മഞ്ഞ് നൂലുപോലെ പെയ്തിറങ്ങുന്ന കാഴ്ച അതീവഹൃദ്യമാണ്. ജനാല തുറന്നപ്പോൾ തണുപ്പ് അരിച്ചു കയറി. ആത്മീയതയുടെ പ്രതീകമായി കരുതുന്ന സൈപ്രസ് മരങ്ങൾ മഞ്ഞിൽ പുതച്ച് ഇലകൾ കുമ്പിട്ട് വിനയത്തോടെ നിൽക്കുന്നു.

തണുപ്പ് കൂടിവന്നപ്പോൾ അയാൾ ജനൽ അടച്ചു. പാതി ഗ്ലാസ് വിൻഡോ ആയതിനാൽ പുറത്തെ കാഴ്ച അൽപം മങ്ങലോടെ കാണാം. ചൂടുകാപ്പി കുടിക്കണമെന്നു തോന്നിയപ്പോൾ ഗൗതമൻ അടുക്കളയിൽ പോയി സ്റ്റൗ കത്തിച്ച് കടുപ്പത്തിലൊരു കാപ്പി തയ്യാറാക്കി. അയാൾ പത്രം വായന പകുതിയാക്കിയപ്പോഴാണ് ഉമേഷിന്‍റെ വരവ്. പിന്നാലെ ഉമയും ഉർവ്വശിയും.

അരമണിക്കൂറിനകം പ്രഭാതഭക്ഷണം തയ്യാറാക്കി ഉമ വിളിച്ചു. ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് ഓഫീസിൽ നിന്ന് സെക്രട്ടറിയുടെ വിളി. ഗൗതമൻ ഓപ്പിട്ടയയ്ക്കേണ്ട പേപ്പറുകളുണ്ട്. ഇന്നു തന്നെ അയയ്ക്കുകും വേണം.

“സ്റ്റെഫീ, താൻ ആ പേപ്പറുകൾ ഇങ്ങോട്ടു കൊണ്ടുവാ. എനിക്കിന്ന് ഓഫീസിലെത്താൻ പറ്റില്ല.”

ശനിയാഴ്ച അവധിയാണെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കുറച്ചുപേർ എത്തുക പതിവാണ്. പതിനഞ്ചു മിനിറ്റിനകം സ്റ്റെഫി പേപ്പറുകളുമായി എത്തി. ഉമ അവൾക്ക് ചായയും ഇടിയപ്പവും കൊടുത്തു. ബ്രസീലുകാരി പെൺകുട്ടിയാണ് സ്റ്റെഫി. അവൾക്ക് ഇന്ത്യൻ ഫുഡ് വലിയ ഇഷ്ടമാണ്. ബോസിന്‍റെ വീട്ടിൽ നിന്ന് ഭക്ഷണം കിട്ടിയപ്പോൾ അവൾ വളരെ സന്തുഷ്ടയായ പോലെ തോന്നി. ഒപ്പിട്ട പേപ്പറുകളുമായി അവൾ മടങ്ങിപ്പോയപ്പോൾ ഗൗതമൻ ഉമയോട് തിരക്കി.

“ഇന്നെന്താ പരിപാടി?”

“പ്രത്യേകിച്ചൊന്നുമില്ല. ഉർവ്വശിയുണ്ടല്ലോ. നമുക്ക് പുറത്തു പോകാം.”

“ശരി, എന്നാൽ റെഡിയായിക്കോ.”

ഉർവ്വശിയാണ് ആദ്യം തയ്യാറായി വന്നത്. അവൾ ഫാമിലി റൂമിൽ വന്നിരുന്നപ്പോൾ ഗൗതമൻ ചോദിച്ചു.

“മോളേ… ഇങ്ങോട്ടു പോരുന്ന കാര്യം മമ്മിയോടു പറഞ്ഞില്ലേ…”

“ഞാൻ ഇങ്ങോട്ടു പോരുമെന്ന് മമ്മിക്കറിയാം.”

“എങ്കിലും ഇവിടെ വന്ന ശേഷം ആ വിവരം മമ്മിയോട് വിളിച്ചു പറയേണ്ടേ. ചെല്ലൂ, ആ മുറിയിൽ ഫോണുണ്ട്.”

ഉർവ്വശി ഫോൺ ചെയ്യാൻ പോയി. അപ്പോഴേക്കും ഉമയും ഉമേഷും ഔട്ടിംഗിന് തയ്യാറായി വന്നു. വാഷിംഗ്ടണിൽ ഷോപ്പിംഗിന് പറ്റിയ പുതിയ രണ്ടു മാളുകൾ തുറന്നിട്ടുണ്ട്. അവിടെ പോകാൻ കഴിഞ്ഞില്ലെന്ന് ഉമയുടെ പരിഭവം കഴിഞ്ഞയാഴ്ച കേട്ടതേയുള്ളൂ. ഷോപ്പിംഗും കറക്കവുമൊക്കെ കഴിഞ്ഞ് വിശന്നു വലഞ്ഞപ്പോൾ ഒരു നോർത്ത് ഇന്ത്യൻ റസ്റ്റോറന്‍റിൽ കയറി. ഗൗതമനും ഭാര്യയും വാഷിംഗ്ടണിൽ സെറ്റിൽ ചെയ്തിട്ട് 30 വർഷമായി. ഇരുവരും വെജിറ്റേറിയനാണ്. ഉമേഷും അതു പിന്തുടർന്നു. ഉർവ്വശിയുടെ കാര്യത്തിൽ ചെറിയ ആശങ്കയുണ്ടായിരുന്നു. പക്ഷേ അവളും വെജിറ്റേറിയൻ തന്നെയാണെന്ന് മനസ്സിലായപ്പോൾ ഉമയ്ക്കു വലിയ സന്തോഷം.

രാത്രി വീട്ടിലെത്തിയപ്പോൾ ഗൗതമൻ ഉർവ്വശിയോട് ചോദിച്ചു, “മമ്മിയോട് ഉമേഷിനെക്കുറിച്ച് നീ സംസാരിച്ചിട്ടുണ്ടോ മോളേ…”

“ഉവ്വ് പപ്പാ…

“ഉർവ്വശിയുടെ മമ്മി, പപ്പയെ കാണണമെന്ന് പറഞ്ഞിട്ടുണ്ട്.” ഉമേഷ് ഇടയിൽ കയറി.

“ഉമേഷ്, ഞാൻ നിന്നോടല്ല ചോദിച്ചത്.”

അവൻ അതുകേട്ട് ചമ്മലോടെ മുറിയിലേക്കു പോയി.

“ഉർവ്വശി തന്നെ പറയട്ടെ കാര്യങ്ങൾ. എനിക്ക് അതാണ് കേൾക്കേണ്ടത്.”

“ഉമേഷ് പറഞ്ഞത് ശരിയാ പപ്പാ. അതെങ്ങനെ അവതരിപ്പിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.”

“ഓകെ, എന്നാൽ നീ മമ്മിയോട് പറഞ്ഞേക്കൂ, രണ്ടാഴ്ച കഴിഞ്ഞ് താങ്ക്സ് ഗിവിംഗ് ഹോളിഡേയിൽ ഞാൻ എത്തുമെന്ന്.”

(അമേരിക്കയിൽ എല്ലാ വർഷവും നവംബർ 4ന് ആഘോഷിക്കുന്ന ചടങ്ങാണ് താങ്ക്സ് ഗിവിംഗ്. ഈ സമയത്ത് നാല് ദിവസത്തെ ഔദ്യോഗിക അവധിയുണ്ട്.)

ഞായറാഴ്ചത്തെ വാഷിംഗ്ടൺ പോസ്റ്റിന് വലിയ കനമാണ്. ധാരാളം പേജുകൾ. വായിക്കാൻ ഇഷ്ടംപോലെ. കുറഞ്ഞത് രണ്ടു ദിവസം വേണം മുഴുവനും വായിച്ചു തീർക്കാൻ. അതുകൊണ്ട് വീട്ടിലിരുന്നാലും ഞായറാഴ്ച ബോറടി തോന്നുകയില്ല. ഇടയ്ക്കിടെ ചൂടു കാപ്പി കുടിച്ചുകൊണ്ടുള്ള വായനയ്ക്കിടയിൽ അയാൾ ഫാമിലി റൂമിലേക്കും നോക്കുന്നുണ്ടായിരുന്നു. 9.30 ആയി. ഇതുവരെ ആരും എഴുന്നേറ്റിട്ടില്ല. ഇന്നലെ കനത്ത മഞ്ഞുണ്ടായിരുന്നു. തണുപ്പ് കൂടുതലായാൽ ഇന്നാട്ടിൽ ഭൂരിഭാഗവും രാവിലെ എഴുന്നേൽക്കില്ല. 9 മണിയായാലേ വെയിൽ ശക്തമാവൂ. വൈകി എഴുന്നേറ്റതിനാൽ ഉമയും ഉർവ്വശിയും ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ അടുക്കളയിലേക്ക് പോയി.

പ്രഭാതഭക്ഷണം റെഡിയായപ്പോൾ പത്തു മണി കഴിഞ്ഞു. ഗൗതമൻ അൽപം ലേസി മൂഡിലിരിക്കുമ്പോഴാണ് ഓഫീസിൽ നിന്ന് പ്രോജക്ട് മാനേജരുടെ ഫോൺ വന്നത്. അടിയന്തിര കാര്യമായതിനാൽ അയാൾക്ക് അവിടേക്കു പോകാതെ നിവൃത്തിയില്ലായിരുന്നു. ഓഫീസിലേക്കു പോകാൻ നേരം ഗൗതമൻ ഉർവ്വശിയേയും ഉമേഷിനേയും വിളിച്ചു.

“ഞാൻ വരാൻ ലേറ്റായേക്കും. നിങ്ങൾ സമയമാകുമ്പോ മടങ്ങിക്കോളൂ.”

ഗൗതമൻ തിരിച്ചെത്തിയപ്പോഴേക്കും അവർ യൂണിവേഴ്സിറ്റിയിലേക്കു മടങ്ങിയിരുന്നു.

“കുട്ടികൾ പോയോ?”

“അവർ മൂന്നുമണിക്ക് തന്നെ ഇറങ്ങി. പപ്പ ഇത്രയും വൈകുമെന്ന് പ്രതീക്ഷിച്ചില്ല.”

“ഒരു പ്രോജക്ടിന്‍റെ പ്രൊപ്പോസൽ സംബന്ധിച്ച് കുറേ തിരക്കുണ്ടായിരുന്നു. കഴിഞ്ഞ പത്തു ദിവസമായി ഇതിനു പിന്നാലേയാണ്.”

“കുട്ടികൾ പോയതു കൊണ്ട് ഒരു രസവും തോന്നുന്നില്ല.”

“നീ പറഞ്ഞത് ശരിയാ ഉമേ.”

“എനിക്ക് ഉർവ്വശിയെ ഇഷ്ടമായി.” ഉമ ആലോചനയോടെ പറഞ്ഞു

“നീ നേരത്തേ പറഞ്ഞതാണല്ലോ…”

“നിങ്ങൾക്ക് ഉർവ്വശിയുടെ അമ്മയെ വിളിച്ചു സംസാരിക്കാമായിരുന്നില്ലേ…”

“തിരക്കു കൂട്ടാതെ ഉമാ…. എല്ലാത്തിനും ഒരു സമയമുണ്ട്. നീ പോയി അൽപം തക്കാളി സൂപ്പ് ചൂടോടെ കൊണ്ടുവാ. മറ്റൊന്നും വേണ്ട, ഇന്ന്.”

ഇരുവരും ചൂടുള്ള സൂപ്പ് കുടിച്ച് ടി.വി കണ്ടുകൊണ്ടിരുന്നു. പത്ത് മണിയായപ്പോൾ ടെലിഫോൺ ബെല്ലടിച്ചപ്പോൾ ഉമ പോയി എടുത്തു. അഞ്ചു മിനിട്ടോളം അവർ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.

“ആരായിരുന്നു ഫോണിൽ?”

“തരുൺ മലിക്കിന്‍റെ വൈഫ് നീതിയാണ്. അടുത്ത ശനിയാഴ്ച അവരുടെ വീട്ടിൽ പാർട്ടിയുണ്ട്. അതിനു വിളിച്ചതാ…”

പിറ്റേന്ന് ഗൗതമന് ഓഫീസിൽ മൂന്ന് മീറ്റിംഗുകളുണ്ടായിരുന്നു. ഇതിനിടയിൽ ഉമേഷിന്‍റെ ഫോൺ സന്ദേശം വന്നു. തിരിച്ചു വിളിച്ചപ്പോൾ അടുത്തയാഴ്ച കാലിഫോർണിയയ്ക്കു എയർലൈൻസ് സീറ്റ് റിസർവ്വു ചെയ്തോ എന്നറിയാനാണ്. സത്യം പറഞ്ഞാൽ ഗൗതമൻ അക്കാര്യം മറന്നിരിക്കുകയായിരുന്നു.

“ഹൊ… ഞാനതു മറന്നു. നീ വിഷമിക്കേണ്ട. അടുത്താഴ്ച ഞാനവിടെ ഉണ്ടാകും.”

അയാൾ ഓകെ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഗൗതമൻ ഉടനെ സെക്രട്ടറിയെ വിളിച്ച് അടുത്ത ബുധനാഴ്ചയിലേക്ക് കാലിഫോർണിയയ്ക്ക് മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറഞ്ഞു. വെള്ളിയാഴ്ച ഉമേഷ് വിളിച്ചപ്പോൾ യാത്ര കൺഫേം ചെയ്തു.

“നമ്മൾ ബുധനാഴ്ച പോകും. പിറ്റേന്ന് ഉർവ്വശിയുടെ മമ്മിയെ കാണും. ഞായറാഴ്ച മടങ്ങും.” ഗൗതമൻ പറഞ്ഞു.

“പപ്പ, എവിടെ തങ്ങും?”

“എന്‍റെ ഒരു സുഹൃത്തുണ്ട്. അവിടെ താമസിക്കാം.”

“ഉർവ്വശി പറയുന്നു, അവളുടെ വീട്ടിൽ താമസിച്ചാൽ മതിയെന്ന്.”

“വേണ്ട. അതു ശരിയാവില്ല. നമുക്ക് എന്‍റെ ഫ്രണ്ടിന്‍റെ കൂടെ തങ്ങാം. ഞാനവനോട് വിളിച്ചു പറഞ്ഞു.”

“ശരി പപ്പാ, ഉർവ്വശി ചൊവ്വാഴ്ച വീട്ടിൽ പോകും.”

“എങ്കിൽ, താങ്ക്സ് ഗിവിംഗ് ഡിന്നർ അവൾക്കൊപ്പമായിരിക്കുമെന്ന് അറിയിച്ചേക്കൂ.”

ബുധനാഴ്ച ഗൗതമനും ഉമയും ഉമേഷും വാഷിംഗ്ടണിൽ നിന്ന് സൈൻഹോജയിലേക്കു പറന്നു. ഗൗതമന്‍റെ സുഹൃത്ത് രവി എയർപോർട്ടിൽ കാത്തു നിൽപുണ്ടായിരുന്നു.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें