Novel: സമുദ്രമുഖം ഭാഗം- 14

ബാൽക്കണിയിൽ നിന്നു കൊണ്ട് ആഹാരത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണതു ശ്രദ്ധയിൽ പെട്ടത്. പോർച്ചുഗീസ് ഡച്ച് വിഭവങ്ങൾ ലഭിക്കുന്ന റസ്റ്റോറന്‍റിനടുത്ത് പുതുതായി ഒരു പഞ്ചാബി ധാബ തുറന്നിരിക്കുന്നു. എന്‍റെ അറിവിൽ ഈ പ്രദേശത്ത് നോർത്തിന്ത്യൻ ആഹാരസാധനങ്ങൾ ലഭിക്കുന്ന ഭക്ഷണശാലകൾ കണ്ടിട്ടില്ല. ഇത്തരം ധാബകളിലെ മൃദുലമായ ചപ്പാത്തി അതീവ രുചികരമാണെന്നു കേട്ടിട്ടുണ്ട്. ഉച്ചതിരിഞ്ഞ നേരത്ത് അതൊന്ന് സന്ദർശിക്കാമെന്ന് തീരുമാനിച്ചു.

തൊഴിൽപരമായ പലതരം വിഷയങ്ങളെക്കാളുപരി ട്രീസയെക്കുറിച്ചുള്ള ചിന്തകളാണ് ഏറെ ആകുലപ്പെടുത്തുന്നത്. ഭൂഖണ്ഡങ്ങളുടെ അത്യന്തം വിദൂരമായ അകൽച്ച. ദിവസവും ഫോണിലൂടെ സംസാരമുണ്ടെങ്കിലും അകന്നിരിക്കുന്നത് മാനസികമായ ഇഴയടുപ്പത്തെ ഒരുപാട് ബാധിക്കുന്ന ഒന്നാണ്. എന്നന്നേക്കുമായ നഷ്ടപ്പെടലിനു തന്നെ അതു കാരണമായേക്കാം.

വീടും നാടുമുപേക്ഷിച്ചു രണ്ടും കല്പിച്ച് വിദേശത്തു പോകുന്നതും ചിന്തിക്കാൻ വയ്യ. അവളുടെ അമ്മ അങ്ങനെ വെറുതെ ഇരിക്കില്ല . നിശ്ചയമായും മകൾക്കായി വിവാഹാലോചനകൾ കൊണ്ടുവരും. മകൾക്കും മകനും ഇന്നാട്ടിലിരുന്നു വിദൂര രാജ്യത്തുള്ള കമ്പനിയിൽ ജോലി ഏർപ്പാടാക്കിയ അവർക്കാണോ മകൾക്കായി ഒരു വിവാഹബന്ധം തരപ്പെടുത്താൻ കഴിയാത്തത്! ഇപ്പോൾ തന്നെ ഈയൊരു വിഷയത്തിൽ അവൾക്കു മേൽ സമ്മർദ്ദമുണ്ടെന്നു തോന്നുന്നു. ആ മാധുര്യമുള്ള പതിഞ്ഞ ശബ്ദത്തിന്‍റെ താള ഭേദം, പതർച്ച അതെല്ലാം സംസാരത്തിനിടക്ക് ഞാൻ ഉൾക്കൊണ്ടതാണ്. ഞാൻ അറിഞ്ഞതാണ്.

വിദൂരതയിലിരുന്നു തന്നെ പ്രയാസപ്പെടുത്തേണ്ടെന്നു കരുതി അവൾ എല്ലാ കാര്യങ്ങളും തുറന്നു പറയാത്തതാവാം. അത്തരം എന്തെങ്കിലും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ നോക്കിയാൽ അവൾ കടുത്ത രീതിയിൽ തന്നെ എതിർക്കും. അതിനൊരു സംശയവുമില്ല. എത്രനാൾ എതിർക്കും? എന്നിൽ നിന്നും അനുകൂലമായ ഒരു നീക്കമുണ്ടാകാത്ത പക്ഷം എതിർപ്പിന് ശക്തി സ്വാഭാവികമായും കുറയും. പിന്നീട് ഉണ്ടാകാൻ ഇടയുള്ള കാര്യങ്ങൾ എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.

ഇല്ല. അവളെ ഞാൻ മനസ്സിലാക്കിയിടത്തോളം മറ്റാരാണ് മനസ്സിലാക്കിയിട്ടുള്ളത്? എത്ര സമ്മർദ്ദമേറിയാലും അവൾ അവസാന ശ്വാസം വരെ പിടിച്ചു നിൽക്കും. അതെനിക്കുറപ്പുണ്ട്. അതിനു മുൻപ് ഒരു തീരുമാനവും അതനുസരിച്ചുള്ള പ്രവർത്തനവും എന്‍റെ ഭാഗത്തു നിന്ന്‌ ഉണ്ടാകേണ്ടിയിരിക്കുന്നു.

ഉള്ളുലക്കുന്ന ചിന്തകളുമായി സമയം ഉച്ചയാകാറായി. വെയിലേറ്റ് മഞ്ഞച്ച ഇലകൾ ചുടുകാറ്റിൽ വഴിത്താരയിലേക്ക് പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. മനസ്സിലും പുറത്തെ പടർന്നു പിടിക്കുന്ന ചുടുകാറ്റിന്‍റെ പ്രതിഫലനം. റോഡ് മുറിച്ച് കടന്ന് പുതുതായി തുടങ്ങിയ പഞ്ചാബി ധാബയിൽ കയറി ഒരു ലസ്സി ഓർഡർ ചെയ്തു. ഇളംതണുപ്പുള്ള ലസ്സി ഏറെ സമയമെടുക്കാതെ കൊണ്ടുവന്നു തന്നു, അല്പാൽപ്പം നുണഞ്ഞിറക്കുന്നതിനിടെ മെനു കാർഡ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തോമാച്ചന്‍റെ ഫോൺ വന്നത്.

തോമാച്ചൻ ഇവിടെ അടുത്തെവിടെയോ ഉണ്ട്. എന്നെ കാണേണ്ട ഒരു അത്യാവശ്യ കാര്യമുണ്ട്. നേരിൽ കണ്ട് ഉടനെത്തന്നെ സംസാരിക്കണമെന്നാണ് ആവശ്യം. ഞാനുടനെ ധാബയുടെ ലൊക്കേഷൻ തോമാച്ചന് അയച്ചു കൊടുത്തു. പത്തു മിനിറ്റിനകം വിയർത്തു കുളിച്ച് തോമാച്ചനെത്തി. വന്നപാടെ മേശപ്പുറത്തിരുന്ന ലസ്സി ഒറ്റയടിക്കു കുടിച്ചു തീർത്തു കസേരയിൽ തളർന്നിരുന്നു തോമാച്ചന്‍റെ പരവേശം തെല്ലൊന്നടങ്ങിയപ്പോൾ ഞാൻ ധാബക്കാരനെ വിളിച്ച് രണ്ടു ലസ്സിക്കു കൂടെ ഓർഡർ പറഞ്ഞു.

ആ സമയം മെനു കാർഡ് പരിശോധിക്കുകയായിരുന്ന തോമാച്ചൻ, രണ്ട് നാനിനും ഒരു പ്ലേറ്റ് പനീർ ബട്ടർ മസാലക്കും ഓർഡർ കൊടുത്തു കഴിഞ്ഞിരുന്നു. തെല്ലിട കഴിഞ്ഞ് വിയർപ്പാറി ശാന്തത കൈവരിച്ച തോമാച്ചൻ വന്ന കാര്യം പറയാൻ ആരംഭിച്ചു.

പ്രശസ്തനായ ഒരു സംവിധായകന് എന്നെ അടിയന്തിരമായി കാണണം. മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന അദ്ദേഹത്തിന്‍റെ പേര് ഞാൻ കേട്ടിട്ടുണ്ടായിരുന്നു. ഇത്തരത്തിൽ സിനിമയിൽ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന ആളുകളുമായി തോമാച്ചൻ ഇത്രവേഗം സൗഹൃദത്തിലായതിൽ എനിക്കു സന്തോഷം തോന്നി. എന്തായാലും കലാപരമായ യാതൊരു കഴിവും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത എന്നെ ആ പ്രശസ്തനായ സംവിധായകൻ കാണാനാഗ്രഹിക്കുന്നത് അലേർട്ട് ഡിറ്റക്ടീവ് ഏജൻസിയിൽ നിന്നും എന്തെങ്കിലും സേവനം കാംക്ഷിച്ചായിരിക്കും എന്നു മനസ്സു പറഞ്ഞു.

എന്നെക്കുറിച്ചും അലേർട്ട് ഡിറ്റക്ടീവ് ഏജൻസിയെക്കുറിച്ചും സേവനകളെക്കുറിച്ചും മറ്റു പല കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ സൂചിപ്പിച്ചുണ്ടെന്നും എന്നാൽ ഇപ്പോൾ എന്നെ അടിയന്തിരമായി കാണാൻ ആഗ്രഹിക്കുന്നതെന്തിനെന്ന് അറിവില്ല എന്നായിരുന്നു തോമാച്ചന്‍റെ എങ്ങും തൊടാതെയുള്ള മറുപടി.

സംവിധായകന്‍റെ പുതിയ പടത്തിന്‍റെ ഷൂട്ട് അടുത്തൊരിടത്ത് നടക്കുന്നുണ്ട്. ഞായറാഴ്ചകളിൽ സാധാരണ ഷൂട്ട് ഉണ്ടാകാറില്ല. അത്തരം ഒഴിവുള്ള ദിവസങ്ങളിൽ തോമാച്ചനെ അറിയിച്ചാൽ സംവിധായകൻ താമസിക്കുന്ന ഹോട്ടൽ മുറിയിൽ വന്ന് കാണാനുള്ള സൗകര്യം ഏർപ്പാടാക്കിത്തരും എന്ന നിർദേശമാണ് തോമാച്ചനു സംവിധായകനിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഏതായാലും നിലവിൽ യാതൊരു ജോലിയുമില്ല. എന്നാലും അല്പം തിരക്കു കാണിക്കുന്നതാണ് ഈയൊരു ഘട്ടത്തിൽ നല്ലതെന്നു തോന്നി.

മാർദ്ദവമേറിയ നാനും സുഖകരമായ ഗന്ധം പ്രസരിക്കുന്ന പനീർ ബട്ടർ മസാലയും ടേബിളിലെത്തിയപ്പോൾ തോമാച്ചൻ സംസാരിച്ചുകൊണ്ടിരുന്ന വിഷയം വിട്ടു. നാൻ അല്പം കീറിയെടുത്ത് ചാറിൽ ഒന്നു മുക്കി സമചതുരാകൃതിയിലുള്ള പനീർ പീസ് ഉള്ളിൽ വച്ച് മടക്കി കഴിച്ചപ്പോൾ എന്‍റെയും മനസ്സൊന്നു കൈവിട്ടു.

നാവിൽ രുചിയുടെ മുകുളങ്ങൾ തൊടിയിടയിൽ ഉണർന്നു പ്രവർത്തനക്ഷമമായി. നാക്കിനെ മയക്കുന്ന അപാരമായ രുചിമേളം ചില തരം വെജ് വിഭവങ്ങളുണ്ട്. ഇത് അതിൽ പെട്ടതാണ്.

സാവകാശം ആസ്വദിച്ച് നാൻ കഴിച്ചു തീർത്ത് അതിനു മുകളിൽ ഒരു ലസ്സി കൂടി കുടിച്ച് സംതൃപ്തനായി തോമ്മാച്ചൻ എഴുന്നേറ്റു. ഡിജിറ്റൽ മാർഗ്ഗം പണം കൊടുത്ത് ധാബ വിട്ട് പുറത്തു കടന്നപ്പോൾ വെയിലിന്‍റെ ഉഷ്ണ തീവ്രത കുറഞ്ഞിരുന്നു.

വെയിൽ ശമിച്ച തെരുവിലൂടെ നടന്നു പോകുന്ന ആളുകളുടെ എണ്ണവും വർദ്ധിച്ചു തുടങ്ങി. വാച്ചിലേക്കും തുടർന്ന് ആകാംക്ഷയോടെ എന്‍റെ മുഖത്തേക്കും മാറി മാറി നോക്കുന്ന തോമാച്ചനെ ഇനിയും പരീക്ഷിക്കേണ്ടെന്നു കരുതി നാളെ രാവിലെത്തന്നെ സംവിധായകന്‍റെ വിഷയത്തിലുള്ള എന്‍റെ തീരുമാനം അറിയിക്കാമെന്നു പറഞ്ഞു. അതു കേട്ടതും തിരക്കുപിടിച്ച് ഒരു ഓട്ടോക്കു കൈ കാണിച്ച് അതിൽ കയറി തോമാച്ചൻ സ്ഥലം വിട്ടു. ഞാൻ ഓഫീസിലേക്കും.

ഓഫീസിലേക്കുള്ള ചുറ്റു ഗോവണി കയറി മരം പാകിയ വരാന്തയിലൂടെ നടക്കവേയാണ് നാസാരന്ദ്രങ്ങളെ ഉണർത്തിയ ഗന്ധം തിരതള്ളിയെത്തിയത് ! ആ ഗന്ധം തന്നെ! പതുപതുത്ത കേക്കിന്‍റെ ഗന്ധം!

പിറ്റേന്ന് കുളിരു തിരതല്ലുന്ന പുലർകാലം ആസ്വദിച്ചുകൊണ്ട് ഓഫീസിലേക്ക് പോകുമ്പോൾ ജിജ്ഞാസ മനസ്സിനെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു അപ്പോൾത്തന്നെ തോമാച്ചനെ വിളിച്ച് സംവിധായകനെ കാണാനുള്ള എന്‍റെ സമ്മതമറിയിച്ചു. ഏതായാലും പ്രശസ്തനായ ആ സംവിധായകനുമൊത്തുള്ള കൂടിക്കാഴ്ചക്ക് മനസ്സ് വെമ്പിത്തുടങ്ങി. അദ്ദേഹത്തിന് എന്തായിരിക്കും എന്നോട് അറിയിക്കാനുള്ളത്? ഏതു പ്രശ്നമാണ് അദ്ദേഹത്തെ അലട്ടി കൊണ്ടിരിക്കുന്നത്?

ഉന്മേഷത്തോടെ വഴിയോരത്തെ പച്ചപ്പുൽനാമ്പിൽ പറ്റിക്കിടന്ന മഞ്ഞുതുള്ളികൾ തട്ടിത്തെറിപ്പിച്ചു കൊണ്ട് നടക്കുമ്പോഴാണ് ഓഫീസിനരികിലെ ചെറിയ ചായക്കടയിൽ നീട്ടി ചായയടിക്കുന്നതു കണ്ടത്. ചായ കുടിച്ച് കൗതുകത്തിന് അവിടെ തുങ്ങിക്കിടന്ന ഒരു സിനിമാ മാഗസീനും വാങ്ങി ഓഫീസിലെത്തി. ഒരു മസാലച്ചായ വരുത്തി അല്പാൽപ്പം കുടിച്ചു കൊണ്ട് സിനിമാ മാഗസിന്‍റെ താളുകൾ മറിച്ചു നോക്കി.

കേരളത്തിലുടനീളം നടക്കുന്ന സിനിമാഷൂട്ടിംഗ് വിവരങ്ങൾ ലൊക്കേഷനുകൾ സഹിതം അതിൽ കൊടുത്തിട്ടുണ്ട് സിനിമാ പ്രവർത്തകരൊടൊപ്പമുള്ള നീണ്ട അഭിമുഖങ്ങൾ. അങ്ങിനെ താളുകൾ ഒന്നോടിച്ചു വായിച്ചു മറിക്കുമ്പോൾ യാദൃശ്ചികമായാണ് അടുത്തൊരിടത്ത് നടക്കുന്ന ഷൂട്ടിംഗ് വിശേഷങ്ങൾ ശ്രദ്ധയിൽ പെട്ടത്. വായിച്ചു നോക്കിയപ്പോൾ അത് തോമ്മാച്ചൻ പറഞ്ഞ സംഭവം തന്നെ.

സംവിധായകനുമൊപ്പം ദീർഘമായ ഒരു അഭിമുഖവും. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

ഈ സംവിധായകനെക്കുറിച്ച് ഞാനൊരു ലേഖനം വായിച്ചതോർക്കുന്നു. വിദൂരമായ ഒരു കുഗ്രാമത്തിൽ നിന്നും സിനിമയുടെ സ്വപ്നഭൂമികയിൽ എത്തി, ഒരു ഗോഡ്ഫാദറിന്‍റേയും പിൻബലമില്ലാതെ കഠിനാധ്വാനം കൊണ്ടും ജന്മസിദ്ധമായി ആർജിച്ച കഴിവുകൊണ്ടും മലയാള സിനിമാമേഖലയിൽ മുൻനിരയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന സംവിധായകൻ.

സിനിമ ആത്യന്തികമായി സംവിധായകനെ അടയാളപ്പെടുത്തുന്ന കലാരൂപമാണെന്ന് വിശ്വസിക്കുന്നയാൾ. ഒരു ചലച്ചിത്രം അന്തിമമായി അടയാളപ്പെടുത്തേണ്ടത് സംവിധായകന്‍റെ കയ്യൊപ്പിനാലെന്ന് തീർച്ചപ്പെടുത്തിയ ഒരാൾ. സിനിമയിലെ പല വിധ മേഖലയിൽ തന്നാലാവും വിധം പുതിയ ആളുകൾക്ക് അവസരം നല്കുന്ന സംവിധായകൻ. ഇതു വരെ ചെയ്ത സിനിമകളത്രയും കലാപരമായും സാമ്പത്തികമായും മികച്ച വിജയം നേടിയവ.

തന്നെ വിശ്വസിച്ച് സിനിമക്കായി പണം മുടക്കുന്നവർക്ക് മുടക്കു മുതലെങ്കിലും തിരിച്ചുകൊടുക്കലാണ് തന്നിലെ സംവിധായകന്‍റെ പ്രഥമ കർത്തവ്യം എന്ന് സംശയലേശമെന്യേ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നു. അതിനു തടസ്സമാകുന്നതൊന്നും താൻ ചെയ്യുന്ന സിനിമകളിൽ ഉണ്ടാകില്ലെന്നു ഉറപ്പു പറഞ്ഞിരിക്കുന്നു. അതെല്ലാം നല്ല കാര്യങ്ങൾ തന്നെ. മാസിക മടക്കി ചായ കുടിച്ചു കഴിഞ്ഞ് ബാൽക്കണിയിൽ പോയി നിന്നു.

ദൂരെ വിശാലമായ ചില്ലകൾ പടർത്തി ഏവർക്കും തണലു നല്കി ദീർഘകായനായ മുത്തച്ഛനെപ്പോലെ എഴുന്നു നിൽക്കുന്ന പൂമരത്തിൽ ശ്രദ്ധിക്കുമ്പോഴാണ് തോമാച്ചൻ വിളിക്കുന്നത്.

പെട്ടെന്നു തന്നെ മറുപടി പറഞ്ഞു.

“നാളെ ഞായറല്ലേ? ഞാൻ തയ്യാറാണ്. സംവിധായകനോട് ചോദിച്ച് വിവരം പറയൂ.”

തോമ്മാച്ചൻ സമ്മതിച്ചു കൊണ്ട് ഫോൺ കട്ടു ചെയ്തു. തിരിച്ച് ഓഫീസിലേക്ക് കയറുമ്പോഴാണ് കറുത്തു തടിച്ച് ദീർഘകായനായ ഒരാൾ സോഫയിൽ ഇരിക്കുന്നത് കണ്ടത്. എന്‍റെ കണ്ണിൽ പെടാതെ ഇയാളെങ്ങിനെ ഇവിടെ കയറിപ്പറ്റി എന്നാലോചിച്ച് കസേരയിൽ പോയിരുന്നു. അപ്പോഴാണ് അവിടെ കടൽകാറ്റിന്‍റെയും മത്സ്യത്തിന്‍റെയും ഗന്ധം അനുഭവപ്പെട്ടത്. അയാൾ എഴുന്നേറ്റു വന്ന് എനിക്കഭിമുഖമായി ഇരുന്നു. സിൽക്കു ജുബ, കൈവിരലുകളിൽ കനത്ത സ്വർണ്ണ മോതിരങ്ങൾ. കഴുത്തിൽ പിരിയൻ സ്വർണ്ണമാല. ഘനഗംഭീര സ്വരത്തിൽ പരിചയപ്പെടുത്തി.

“ഞാൻ ചന്ദ്രൻ. ഫിഷ് മർച്ചന്‍റാണ്. ഞാൻ ഒരിക്കൽ വിളിച്ചിരുന്നു. എന്‍റെ പ്രശ്നം ഞാൻ പറഞ്ഞിരുന്നു.”

പൊടുന്നനെ അയാളെയും അയാളുടെ വിഷയവും എനിക്ക് ഓർമ്മ വന്നു. മനസ്സിന്‍റെ ഇടർച്ചയും വ്യസനവും അയാളുടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു. അടുത്ത കാലത്തായി ഭാര്യയുടെ പ്രകൃതത്തിൽ വന്ന മാറ്റമാണ് ചന്ദ്രനിൽ സംശയം ജനിപ്പിച്ചത്. ആ മാറ്റങ്ങളെക്കുറിച്ചൊന്നും ഞാൻ ചോദിച്ചില്ല. അതേകദേശം എനിക്കുഹിക്കാം, അയാളുടെ വിലാസവും ഭാര്യ മാനേജരായി ജോലി ചെയ്യുന്ന തുണിക്കടയുടെ വിലാസവും വാങ്ങി ഡയറിയിൽ കുറിച്ചെടുത്തു.

ഏതു നിമിഷവും പുറത്തേക്ക് ബഹിർഗമിക്കാവുന്ന ലാവ ഉള്ളിലൊതുക്കിയ അഗ്നിപർവ്വതമാണ് അയാളെന്നു തോന്നി. അതുകൊണ്ടുതന്നെ അധികമൊന്നും വിവരങ്ങൾ തേടിയില്ല. അയാൾ പറയുന്നത് കേട്ടിരുന്നു.

ആകെയുള്ള മകൾ ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞ് വിദേശ രാജ്യത്ത് ചേക്കേറിയിരിക്കുന്നു. നാട്ടിൽ വന്ന് പോയിട്ട് ഏഴെട്ടു കൊല്ലമായി. വലിയ വീട്ടിൽ ഭാര്യ ഒറ്റക്കിരിക്കുന്നതിന്‍റെ ദു:ഖം അകറ്റാൻ ഇയാൾ തന്നെയാണ് നിർബന്ധിച്ച് തുണിക്കടയിലെ മാനേജർ ജോലി തരപ്പെടുത്തി കൊടുത്തത്. അതിപ്പോൾ ഇയാൾക്കു തന്നെ കോടാലിയായിട്ടാണ് വന്നിരിക്കുന്നത്.

ഭാര്യയിൽ വന്ന മാറ്റം കണ്ട് ജോലിക്കു പോകുന്നത് ഒഴിവാക്കാൻ ഇയാൾ ഒരു പാട് നിർബന്ധിച്ചെങ്കിലും ഒന്നും തന്നെ ഫലവത്തായില്ല. ജോലി ചെയ്യുവാനുള്ള ആഗ്രഹമല്ല അതിനു പിന്നിലെന്ന് ആർക്കും പകൽ പോലെ സുവ്യക്തമാണ് അതേക്കുറിച്ചു അയാൾക്കറിയാവുന്നതിൽ കൂടുതൽ വസ്തുതകളും വിവരങ്ങളും തുണിക്കടയിലെ സ്റ്റാഫുകൾക്ക് അറിയുമായിരിക്കും. ഒരാഴ്ചക്കകം വിവരങ്ങൾ കൈമാറാമെന്ന് ഉറപ്പു നല്കിയ ശേഷം അയാളെ യാത്രയാക്കി.

പുറമേക്ക് പരുക്കനായി തോന്നിച്ച ആ നിർഭാഗ്യവാനായ മനുഷ്യനോട് അനുകമ്പ തോന്നുകയാണ്. കാര്യങ്ങൾ അറിഞ്ഞിടത്തോളം സംഭവം അത്യന്തം ഗുരുതരമാണ്. ഒരു കുടുംബത്തിന്‍റെ തകർച്ചയിലേക്കുതന്നെ നയിക്കാവുന്ന കാര്യങ്ങൾ ഇതിലുണ്ട് ഏതായാലും സംവിധായകന്‍റെ വിഷയം മനസ്സിലാക്കിയ ശേഷം ഇയാളുടെ ഭാര്യയെക്കുറിച്ച് അന്വോഷിക്കണം. അയാൾ തന്ന അഡ്രസ്സിലെ തുണിക്കട അത്ര പ്രസിദ്ധമല്ല. മെയിൻ റോഡിനോടു ചേർന്നുള്ള ചെറിയ ഒരു കടയാണ്. ഏതായാലും അവിടെങ്ങും എനിക്ക് പരിചയക്കാരില്ലാത്ത സ്ഥിതിക്ക് വീട്ടമ്മയെ പിൻതുടരേണ്ടി വരും. ഒപ്പം തുണിക്കടയിലും ഒന്നു പോകേണ്ടിവരും.

ഞായറാഴ്ച വൈകീട്ട് സംവിധായകനുമൊത്തുള്ള കൂടിക്കാഴ്ച തോമാച്ചൻ ഏർപ്പാടാക്കിത്തന്നു. ടൗണിലെ മുന്തിയ ഒരു ഹോട്ടൽ. ഹോട്ടൽ ആരാധന. ആർക്കും ആരാധന തോന്നിക്കുന്ന നക്ഷത്ര ഹോട്ടൽ. സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും സ്ഥിരം തട്ടകം. സമയമുണ്ട്. അതു കൊണ്ട് തുണിക്കടയിൽ പോയി എന്തെങ്കിലും വാങ്ങാം എന്നു നിശ്ചയിച്ചു. ഞായറാഴ്ചയും തുറക്കുന്ന കടയാണ്. നല്ല കച്ചവടം ഞായറാഴ്ചയാകും ലഭിക്കുന്നത്. അമ്മ നിർബന്ധിച്ചു തന്ന ഒരു ഗ്ലാസ്സ് കടും കാപ്പിയും കുടിച്ച് രാവിലെത്തന്നെ നേരത്തെ പുറത്തിറങ്ങി.

ഇളം തണുപ്പുള്ള അന്തരീക്ഷം. പുൽക്കൊടിത്തുമ്പിൽ കുഞ്ഞു സൂര്യന്മാർ മിന്നിത്തിളങ്ങുന്നു. ഈറനുടുത്തു നിൽക്കുന്ന മരങ്ങൾ. അവയത്രയും ഉൾക്കൊണ്ടു കിടക്കുന്ന നേരിയ ചുകന്ന വെയിൽ. നാരായണേട്ടന്‍റെ കടയായിരുന്നു ആദ്യ ലക്ഷ്യം. എത്ര കഴിച്ചാലും മതിയാകാത്ത നേർത്തുമൊരിഞ്ഞ ദോശയും പൂ പോലെ മൃദുലമായ ഇഡലിയുമാണ് അവിടുത്തെ സ്പെഷൽ . കൂട്ടിന് ഉള്ളിച്ചമ്മന്തിയും സാമ്പാറും. പിന്നെ വേണമെങ്കിൽ പച്ച വെളിച്ചെണ്ണ കുഴച്ച ചട്നി പൊടിയും.

ദോശയെല്ലാം ഒറ്റയടിക്കുണ്ടാക്കി കണ്ണാടിക്കൂട്ടിൽ അട്ടിവക്കുന്ന രീതി അവിടില്ല. ചിലയിടങ്ങളിൽ അങ്ങിനെക്കിട്ടുന്ന തണുത്തു ഉണങ്ങിയ ദോശയും എനിക്ക് ഇഷ്ടമല്ല. ഇവിടെ ആവശ്യക്കാരുടെ ഓർഡറനുസരിച്ച് അപ്പപ്പോൾ ചൂട് ദോശ തയ്യാറാക്കലാണ് പതിവ്.

ചെറിയ ചായക്കടയിൽ രണ്ടോ മൂന്നോ ആളുകളേ ഉള്ളൂ. നേർത്തുമൊരിഞ്ഞ നെയ് ദോശ , വെളിച്ചെണ്ണയൊഴിച്ചു പതം വരുത്തിയ മുളകു ചമ്മന്തി ചേർത്ത് കഴിക്കുമ്പോൾ പുറത്തെ ഇളം തണുപ്പ് നേരിയ മഴയ്ക്ക് വഴിമാറി. ആ അവാച്യമായ സുഖം ആസ്വദിച്ച് നീട്ടിയാറ്റി പാലൊഴിച്ചു കൊഴുപ്പിച്ച ചായ അൽപാൽപം കുടിക്കുമ്പോൾ ഫിഷ് ബിസിനസ്സുകാരൻ ചന്ദ്രേട്ടനെക്കുറിച്ച് ആലോചിച്ചു.

കുടുംബജീവിതത്തിൽ അല്പസ്വല്പം ദാമ്പത്യ പ്രശ്നങ്ങൾ സാധാരണമാണ്. അവ പരമാവധി ഭാര്യയിലും ഭർത്താവിലുമായി ഒതുങ്ങി നിൽക്കാറാണ് പതിവ്. അത്യന്തം ഗുരുതരമാകുമ്പോഴെ പുറത്തു നിന്നുള്ള ഇടപെടലുകൾ അവരാവശ്യപ്പെടാറുള്ളൂ. അങ്ങനെയെങ്കിൽ ചന്ദ്രേട്ടന്‍റെ വിഷയം ഗുരുതരം തന്നെ.

സാമ്പത്തികമായി നല്ല ശേഷിയുള്ള കുടുംബമാണ്. ഭാര്യക്കു പോയി പണം സമ്പാദിക്കേണ്ട ആവശ്യമില്ല. എങ്കിൽ ഭർത്താവിന്‍റെ എതിർപ്പിനെ വകവക്കാതെ ധിക്കരിച്ചു കൊണ്ട് അവർ ജോലിക്കു പോകാൻ ഒരുമ്പെടുന്നതിനു പിന്നിൽ ജോലിയോടുള്ള താത്പര്യമല്ലെന്നു വ്യക്തം. അവരെ ജോലിക്കു പോകാൻ പ്രേരിപ്പിക്കുന്ന പ്രചോദനശക്തികൾ അവരുടെ ജോലിസ്ഥലത്തു ഉണ്ടായിരിക്കാം.

അതെന്തെന്നു കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുമ്പ് കണ്ടുപിടിച്ചാൽ എന്‍റെ പ്രശ്നത്തിന് സമീകരണമായി അതോടപ്പം ആ കണ്ടെത്തൽ ചന്ദ്രേട്ടന്‍റെ പ്രശ്നങ്ങളുടെ ആരംഭവുമാകും.

നാരായണേട്ടൻ ഒരു തവ ദോശമാവെടുത്തു ദോശ കൂട്ടാനുള്ള തയാറെടുപ്പിനിടയിൽ എന്‍റെ അനുവാദത്തിനായി എന്നെ ഒന്ന് നോക്കി പിന്നെയും ദോശ കഴിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീവത് സംബന്ധിയായ വിഷയത്തിന്‍റെ ഹേതുവറിയാനുള്ള ജിജ്ഞാസ മൂലം എഴുന്നേറ്റു കൈ കഴുകി നാരായണേട്ടന് പണം കൊടുത്ത് പുറത്തിറങ്ങുമ്പോൾ പൊടിഞ്ഞു പെയ്തു കൊണ്ടിരുന്ന മഴ പൂർണ്ണമായും തോർന്നിരുന്നു.

Novel: സമുദ്രമുഖം ഭാഗം- 13

ഒരു മാസം, ആ കാലയളവ് എങ്ങിനെ പൊയ്പോയി എന്നത് ആ മാസാവസാനം എനിക്ക് മനസ്സിലായതേ ഇല്ല. ജീവിതത്തിൽ യാതൊരു പുരോഗതിക്കു വേണ്ടിയും ഒരുമ്പെടാത്ത, യാതൊരു പുരോഗതിക്കും ദൃശ്യമാകാതെ പൊയ്പോയ ഒരു മാസക്കാലം.

എന്‍റെ തൊഴിലുമായി ബന്ധപ്പെടുന്ന ഫോറൻസിക് സയൻസുമായി ബന്ധപ്പെട്ട ഒരു പുസ്തകം വായിച്ചതാണ് ആകെയുള്ള ഒരു നേട്ടമായി തോന്നിയത്. അതിന്‍റെ എഴുതാപ്പുറങ്ങളിലേക്ക്, കാണാക്കയങ്ങളിലേക്ക് ഊളിയിട്ട് പൊയ്പോയ മനസ്സ്. മാഗി മാഡവുമായി ബന്ധപ്പെട്ട് പിന്നീട് ഒന്നും തന്നെ അറിയാൻ കഴിഞ്ഞില്ല. അറിയാൻ ശ്രമിച്ചുമില്ല. ഒരു തവണയോ മറ്റോ കുഞ്ഞച്ചൻ ആ കറുത്ത അംബാസിഡർ കാർ ഓടിച്ചു പോകുന്നതായി കണ്ടിരുന്നു.

ബീച്ച് റോഡിലേക്കുള്ള വഴിത്താരയിൽ പൂമരങ്ങൾ പൂത്തുതളിർത്തു നിന്ന പരിസരങ്ങളിൽ ആയിരുന്നു അയാളെ കണ്ടത്. പൂമരച്ചോട്ടിനരികെ പാർക്കു ചെയ്ത കാറിനരികിലേക്ക് ഹൃദയം തകർന്ന് നടന്നു പോകുന്ന മാഗി മാഡം. ആ കാഴ്ച ഏറെ നാൾ മനസിനെ ശക്തിയായി പിടിച്ചുലച്ചിരുന്നു. പിന്നെ അതെക്കുറിച്ച് ഓർക്കാതായി.

പരീക്ഷാക്കാലത്ത് എഴുതിയും വായിച്ചും പഠിച്ചിരുന്ന വസ്തുതകൾ തക്ക സമയത്ത് ഓർമ്മ കിട്ടാത്തതോർത്ത് പരീക്ഷാ ഹാളിലിരുന്ന് മനസ്സുനൊന്തു വ്യസനിച്ചിരുന്നു. മറവി മനുഷ്യനു ദൈവം നല്കിയ വലിയ അനുഗ്രഹങ്ങളിലൊന്നാണെന്ന് ഇന്നറിയുന്നു. മനുഷ്യനെ മുന്നോട്ടു ചലിപ്പിക്കുന്ന ചാലകശക്തി മറവി തന്നെയെന്ന് ചിലപ്പോൾ തോന്നിപ്പോകുന്നു. അനവരതം നീറ്റലുള്ള ഓർമ്മകൾ വന്നു നിറയുമ്പോൾ മനസ്സ് മുന്നോട്ടു ചലിക്കുന്നതെങ്ങനെ? അത് മുറിവേറ്റ മനസ്സിന്‍റെ ഓർമ്മകളെങ്കിലോ? തുടർ ജീവിതം അസാദ്ധ്യം തന്നെ!

ഒരേ പോലെ ആവർത്തിക്കുന്ന ദിനരാത്രങ്ങൾ. ചിലപ്പോൾ ഓഫീസിനു പുറത്തെ ബാൽക്കണിയിൽ നിന്നു നോക്കുമ്പോൾ സമയവും സ്ഥലവും നിശ്ചലമായി തളം കെട്ടി നിൽക്കുന്നതായി തോന്നും. പിന്നെയാ തോന്നൽ ഈടില്ലാത്തതെന്ന് വ്യക്തമാകും. സ്ഥലകാലങ്ങളെ മറികടന്ന് ഒരാൾ നടത്തിയ യാത്രയെക്കുറിച്ചുള്ള ഒരു ലേഖനം പണ്ട് വായിച്ചതോർക്കുന്നു.

കുറെക്കാലം മുമ്പ് റുഡോൾഫ് ഫെന്‍റസ് എന്നൊരു വ്യക്തി തിരക്കേറിയ ഒരു തെരുവിൽ പ്രത്യക്ഷപ്പെട്ടു. ഉടനെത്തന്നെ കാറ് ഇടിച്ച് മരിക്കുകയും ചെയ്തു. അയാൾ കഴിഞ്ഞ നൂറ്റാണ്ടിലെ വസ്ത്രങ്ങൾ ആണ് ധരിച്ചിരുന്നത്. അയാളുടെ പോക്കറ്റുകളിൽ നിന്ന് ലഭിച്ച വസ്തുക്കൾ എല്ലാം കഴിഞ്ഞ നൂറ്റാണ്ടിലേത്. അന്വേഷണത്തിൽ നിന്നും വെളിവായത് അയാൾപോയ നൂറ്റാണ്ടിൽ ഒരു നാൾ അപ്രത്യക്ഷനായ വ്യക്തി എന്നായിരുന്നു. ആ പ്രഹേളികക്ക് ഇന്നും ഉത്തരമില്ല. സമയത്തെ മറികടന്നു കൊണ്ട് ഒരു യാത്ര. ശാസ്ത്ര നിയമങ്ങളെ മറികടന്നുള്ള സംഭവപരമ്പരകൾ. അതിന് സമീകരണവുമില്ല.

ഇവിടെ നിന്നു നോക്കുമ്പോൾ എനിക്കു മുന്നിൽ പുതിയ കെട്ടിടങ്ങൾ ഉയരാനൊരുങ്ങുന്നുണ്ട്. ഉള്ള കെട്ടിടങ്ങൾ പുതിയ നിറമണിയുന്നുണ്ട്. ആളുകളും ആളുകളെ നിറച്ച വാഹനങ്ങളും ജീവബിന്ദുക്കളും എല്ലാം അനവരതം ലക്ഷ്യസ്ഥാനത്തെത്താൻ നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാമായിരിക്കും കാലപ്രയാണത്തിന്‍റെ സൂചനകൾ.

ഓഫീസിലും ഒരു മാറ്റം ഞാൻ കൊണ്ടുവന്നിരിക്കുന്നു. ചിലപ്പോൾ ഇവിടെ കാലം നിശ്ചലമാണെന്നു തോന്നിയാലോ? ബിനാലെയോടുബന്ധിച്ചുള്ള ഒരു ചിത്രപ്രദർശനം കാണാൻ അവസരം ലഭിച്ചപ്പോൾ മനസ്സിലുടക്കിയ ഒരു ചിത്രം, ഘാലിയുടെ ഉരുകുന്ന വാച്ചുകൾ, അതു കണ്ടപ്പോൾതന്നെ ഇഷ്ടപ്പെട്ടു. പറഞ്ഞ വില കൊടുത്ത് വാങ്ങി. അതിന്ന് ഓഫീസ് ചുമരിന് ഗാംഭീര്യം നൽകുന്ന പ്രസക്തമായ ഒരാഭരണമായി തൂക്കിയിട്ടിരിക്കുന്നു. മനുഷ്യർ വാച്ചുകൾക്കൊണ്ട് സമയത്തെ അളക്കാൻ തുനിയുന്നതിന്‍റെ വ്യർത്ഥത അടയാളപ്പെടുത്തുന്ന ഘാലിയുടെ ഉരുകുന്ന വാച്ചുകൾ.

എങ്കിലും സമയം മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം അനാദൃശ്യമാകുന്നു. മനുഷ്യനെ നിരന്തരം കർമ്മബന്ധത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്ന സമയമെന്ന മായാജാലക്കാരൻ.

ഈ കാർന്നു തിന്നുന്ന വിരസതയിലും ട്രീസയുടെ പതിഞ്ഞ ശബ്ദത്തിലുള്ള മാധുര്യമാർന്ന കിളികൊഞ്ചലുകൾ ആശ്വാസം നൽകുന്നു. അവൾക്കു അവളുടെ അമ്മയുടെ സ്വാധീനം വഴി സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണ കമ്പനിയിൽ ജോലി തരപ്പെട്ടത്ര. എങ്ങും സുഗന്ധം മാത്രം പരന്നൊഴുകുന്ന പെർഫ്യൂം കമ്പനിയുടെ സ്റ്റോറിലാണ് ജോലി.

ഏതായാലുംഅവളുടെ അമ്മക്ക് ആ പ്രസിദ്ധമായ പെർഫ്യൂം കമ്പനിയുടെ നടത്തിപ്പുകാരിൽ കാര്യമായ സ്വാധീനമുണ്ട് എന്ന് വ്യക്തം. ആ സ്വാധീനം എനിക്കൊരു ദ്രോഹമായി വരുമോ എന്ന ഒരു സംശയം ഇല്ലാതില്ല. ഒരിക്കൽ വിളിച്ചപ്പോൾ അവൾ അപ്രതീക്ഷിതമായി പെട്ടെന്നൊരു ചോദ്യം. പാസ്പോർട്ട് എടുത്തിട്ടുണ്ടോ എന്ന്! താത്പര്യമെങ്കിൽ അവിടെ ഒരു ജോലി ശരിപ്പെടുത്തിത്തരാമെന്ന്. പറയാമെന്നു പറഞ്ഞ്‌ ഫോൺ കട്ടു ചെയ്തു.

ഇവിടുത്തെ കാറ്റും മഴയും വേനലുമറിയാതെ, ഉൾക്കൊള്ളാതെ, ഭൂഖണ്ഡങ്ങൾ താണ്ടാനോ? അമ്മ? എവിടെക്കുമില്ല. ജനിച്ചു വളർന്നിടത്തെ സാന്ദ്രമായ ജൈവസ്ഥലരാശികൾ ഉപേക്ഷിച്ച് എങ്ങോട്ടും ഇല്ല. ഏതായാലും അവൾക്കായി ഇവിടെ ഒരു ജോലി അന്വേഷിക്കേണ്ടിയിരിക്കുന്നു.

തുടർന്ന് അവൾ അമ്മയെക്കുറിച്ച് പറഞ്ഞു. അവളുടെ അമ്മ ഏറെ സമാധാനത്തിൽ കഴിയുന്നു. പഴയ പോലെ തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടലില്ല. സ്വന്തം നാടു പറ്റിയതിന്‍റെ ആശ്വാസത്തിന്‍റെ പ്രതിഫലനമാകാം ആ സന്തോഷം!

തോമാച്ചനെ പറ്റി വിവരമില്ല. ശേഷം സ്ക്രീനിൽ എന്നെഴുതിയ ഒരു സന്ദേശം കണ്ടു. കാര്യം അന്നേരം മനസ്സിലായില്ല. പിന്നീടാണ് അറിഞ്ഞത് തോമാച്ചൻ പുതിയ ലാവണം കണ്ടെത്തിയിരിക്കുന്നു.

അയാളുടെ പുതിയ കൂടുമാറ്റം രസകരമായിത്തോന്നി. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നല്കുന്ന കോർഡിനേറ്റർ. ഒരു പാട് സൗഹൃദങ്ങളും ഒരു പാട് അഭിനയമോഹികളും ഉള്ള ഇന്നാട്ടിൽ തോമാച്ചൻ തിളങ്ങും എന്ന് എനിക്കു തോന്നി. എന്നാൽ കോർഡിനേറ്റർ മാത്രമായി ചുരുങ്ങാൻ തയ്യാറല്ല എന്ന് തോമാച്ചൻ വിശദീകരിച്ചു.

വർക്കുകൾ ഏറ്റെടുത്ത് കഴിവു തെളിയിച്ച് സംവിധായകരുടേയും നിർമ്മാതാക്കളുടേയും പ്രീതിയും നല്ല അഭിപ്രായവും പിടിച്ചുപറ്റി യോജിച്ച നല്ലൊരു അഭിനയാവസരം ഒത്തുവന്നാൽ സിനിമയിൽ അഭിനയിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ആത്യന്തിക ലക്ഷ്യം.

തോമാച്ചന്‍റെ ചിലയവസരങ്ങളിലെ ശരീരഭാഷ കാണുമ്പോൾ മികച്ച അഭിനയം എന്നെനിക്ക് തോന്നാറുണ്ടെങ്കിലും അഭിനയമോഹം ഉള്ളിലുറങ്ങിക്കിടക്കുന്ന മികച്ച ഒരു കലാകാരനാണെന്നു എനിക്കറിയില്ലായിരുന്നു. തിരിച്ചറിയാതെപ്പോയ ഒരു പ്രതിഭ. ആ പ്രതിഭയെ തൊട്ടുണർത്തുന്ന സാഹചര്യമാണ് ഈ ജോലിയിലൂടെ ഒത്തു വന്നിരിക്കുന്നത്.

പണ്ടേതോ നാടകത്തിലൊക്കെ അഭിനയിച്ചിരുന്നെന്നു പറഞ്ഞപ്പോൾ ഞാൻ കാര്യമായി ഗൗനിച്ചിരുന്നില്ല. തുടർന്ന് ഈ മേഖലയിലെ സാമ്പത്തിക ശാസ്ത്രം വിവരിച്ചു കേട്ടപ്പോൾ സംഗതി കൊള്ളാമെന്നു തോന്നി. ഒരാളെ ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനിൽ എത്തിച്ചു നല്കിയാൽ എണ്ണൂറു രൂപ തോമാച്ചനു കിട്ടും. ചായ, ഭക്ഷണം, ലഘുഭക്ഷണം മുതലായവ ഇഷ്ടം പോലെ.

ആ എണ്ണൂറു രൂപയിൽ അഞ്ഞൂറു രൂപ ആർട്ടിസ്റ്റിനു പോകും. ബാക്കിമുന്നൂറു രൂപ കമ്പനിക്ക്. ഇതു പോലെ പലയിടങ്ങളിൽ ഷൂട്ടിംഗ് കാണും. വമ്പൻ പടമെങ്കിൽ കൂടുതൽ ദിവസവും കൂടുതൽ ആളുകളും വേണ്ടിവരും. അത്തരം അവസരങ്ങൾ ഒത്തുവന്നാൽ തോമാച്ചൻ കളം വാഴും. ഇതിനായി അഞ്ഞൂറു പേരടങ്ങുന്ന ഒരു വാട്ട്സപ്പ് കൂട്ടായ്മയും രൂപീകരിച്ചു. ആളെ ആവശ്യമെന്ന അറിയിപ്പു കിട്ടിയാൽ ആ വിവരവും ലൊക്കേഷനും സമയവും പ്രായവും മറ്റു വിവരങ്ങളും ഗ്രൂപ്പിൽ ഇടും. താത്പര്യം കാണിക്കുന്നവരുടെ ലിസ്റ്റ് ബന്ധപ്പെട്ട സിനിമാക്കാർക്കു നല്കും. പിന്നെ തോമാച്ചൻ നേരെ ലൊക്കേഷനിലേക്ക് .

പലയിടങ്ങളിൽ നിന്നായി അവിടെ എത്തിച്ചേരുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ പട്ടിക തയ്യാറാക്കും. ജൂനിയർ ആർട്ടിസ്റ്റുകളെ കയ്യോടെ ഷൂട്ടിംഗിനേൽപ്പിച്ച് ലഘുഭക്ഷണം കഴിച്ചും സൗഹൃദങ്ങളുണ്ടാക്കിയും തോമാച്ചൻ ലെക്കേഷനിൽ കറങ്ങി നടക്കും. അന്നത്തെ ഷൂട്ടിംഗിനു ശേഷം പടത്തിൽ സഹകരിച്ചവരുടെ പട്ടിക പ്രൊഡക്ഷനിൽ ഏൽപ്പിച്ച് അന്നത്തെ പണം കൃത്യമായി കൈപ്പറ്റും.

ഇങ്ങിനെ തിരക്കുപിടിച്ച അവസ്ഥയിലാണെങ്കിലും എനിക്കൊരാവശ്യം വന്നാൽ അതിനായിരിക്കും പ്രഥമ പരിഗണനയെന്ന് തോമാച്ചൻ വാക്കു തന്നു. അതു കേട്ടപ്പോൾ അയാൾ കൈവിട്ടു പോയല്ലോ എന്ന് വിഷമിച്ച എനിക്ക് ആശ്വാസമായി.

സിനിമാ ലോകം! ഈ ചെറിയ ടൗൺസിനിമാക്കാരുടെ പ്രധാന കേന്ദ്രമാണ്. പലപ്പോഴുള്ള യാത്രകളിൽ എത്രയോ സിനിമാക്കാഴ്ചകൾ കണ്ടിരിക്കുന്നു. അന്നൊന്നും കാര്യമായി ശ്രദ്ധിച്ചിട്ടില്ല. കൊളോണിയൻ ഭരണത്തിന്‍റെ ബാക്കിപത്രമായ, കാര്യമായ കേടുപാടുകൾ സംഭവിക്കാത്ത മനോഹരമായ ശേഷിപ്പുകൾ ഇവിടെ ഒരുപാടുണ്ട്.

വെട്ടുകല്ല് പാകിയ മനോഹരമായ വഴിത്താരകൾ. വഴിത്താരക്കിരുവശവും പച്ച തഴച്ച നിരയൊത്ത മരങ്ങൾ. അവ കാണുമ്പോൾ വിദേശ രാജ്യത്തെ ഏതോ മനോഹരമായ സ്ഥലമെന്ന് തോന്നിപ്പോകും. ഇവിടുന്ന് നടക്കാവുന്ന ദൂരമേുള്ളൂ ബീച്ചിലേക്ക്. വെളുത്ത കമ്പിളി വിരിച്ച പോലെ നീണ്ടു കിടക്കുന്ന വെള്ളമണൽപ്പരപ്പ് അതിർത്തി നിശ്ചയിച്ച അപാരമായ നീലകടൽ. പിന്നെ ദൈവത്തിന്‍റെ സ്വന്തം നാടിനെ അടുത്തറിയാൻ മഹാസമുദ്രങ്ങളും വൻകരകളും താണ്ടി എത്തുന്ന വിദേശീയർ. ചെറിയ കാര്യങ്ങൾ അത്ഭുതം കലർന്നമിഴിയോടെ കാണുന്നവർ.

പിന്നെ സിനിമയിലെ ആരാധനാപാത്രമാകാൻ ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുന്ന അഭിനയമോഹികൾ. അവർക്കു തന്നെയറിയാം ലക്ഷങ്ങൾ ഈയൊരു ലക്ഷ്യമിട്ട് അലയുന്നുണ്ടെന്ന്! അതിൽ നിന്നും സിനിമയിൽ മുൻനിരയിൽ എത്തിപ്പെടുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം. മിക്കവാറും അഭിനയമോഹികൾ വേണ്ടപ്പെട്ടവരിൽ നിന്നുള്ള നിരന്തരമായ പഴി കേട്ട് മടുത്ത് ബന്ധുജനങ്ങളുടെ പരിഹാസം ഉൾക്കൊണ്ട് പതുക്കെ പിൻവലിയും. പിന്നെ അവർ ജീവിതം മുന്നോട്ടു പോകാനുള്ള തൊഴിലിലോ ബിസിനസ്സിലോ കയറിപ്പറ്റാനാണ് ശ്രമിക്കുക.

ഒന്നും വകവക്കാതെ അസ്ഥിക്കു പിടിച്ച സിനിമാ പ്രേമം മൂലം കുറെക്കൂടി മുന്നോട്ടു പോകുന്നവരുണ്ട്. ഇടക്ക് എപ്പോഴെങ്കിലും വെള്ളിത്തിരയിൽ മുഖം കാണിച്ച് അങ്ങനെ കുറെക്കാലം കഴിയുമ്പോൾ അവരും പച്ച കാണാതെ പിൻവാങ്ങും. അതു കൊണ്ടു തന്നെ സിനിമാക്കാരെയും രാഷ്ട്രീയക്കാരെയും കാണുമ്പോൾ നമിക്കണം. സാധാരണക്കാർക്ക് ഏറെ ദുഷ്ക്കരമാണ് ഇത്തരം മേഖലകളിൽ മുൻനിരയിൽ എത്തിപ്പെടാൻ.

ചെറുപ്പകാലത്ത് സിനിമാ ഷൂട്ടിംഗ് കാണുമ്പോൾ പോയി നോക്കി നിൽക്കാറുണ്ട്. പിന്നെ പിന്നെ ആ പുതുമ പോയി. സിനിമ കാണുന്ന രസം ഷൂട്ടിംഗ് കാണുമ്പോഴില്ല എന്നു തീർത്തും ബോധ്യപ്പെട്ടു. ഏതായാലും തോമാച്ചന്‍റെ പുതിയ മേച്ചിൻ പുറം ഒന്നാന്തരമായി. ഇനി വിളിക്കുമ്പോൾ സിനിമാ സെറ്റിലെ ആഹാരത്തെക്കുറിച്ച് വിശദമായി ചോദിക്കണം. സിനിമാ സെറ്റിലെ ആഹാരത്തിന്‍റെ രുചി പിടിച്ചവൻ പിന്നെ അതു വിട്ട് പോകില്ലെന്ന് ഞാൻ കേട്ടിട്ടുണ്ടായിരുന്നു.

Novel: സമുദ്രമുഖം ഭാഗം- 12

തോമാച്ചനെ വീട്ടിലെത്തിച്ച് സ്വന്തം വീടെത്തിയപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. അമ്മയപ്പോഴും ഉറങ്ങിയിരുന്നില്ല. അമ്മയോട് പല തവണ പറഞ്ഞിട്ടുള്ളതാണ് ഉറക്കമിളക്കരുതെന്ന്. എന്നിട്ടും അതുകൂട്ടാക്കാറില്ല. നിർബന്ധപൂർവ്വം അമ്മയെ ഉറങ്ങാൻ വിടുമ്പോൾ ഒരു പയ്യൻ എന്നെ അന്വേഷിച്ചു വന്നതായി പറഞ്ഞു. അമ്മ അവന് ഫോൺ നമ്പർ നൽകിയെങ്കിലും ഇന്നങ്ങനെ അപരിചിതരാരും എന്നെ വിളിച്ചിരുന്നില്ലെന്ന് മനസ്സിലോർത്തു. അവന്‍റെ നമ്പറൊട്ട് തന്നതുമില്ല. ആരെങ്കിലുമാവട്ടെ നല്ല ക്ഷീണം.

ശരീര കലകൾക്ക് പുതുജീവൻ പകർന്ന് കിണറുവെള്ളത്തിന്‍റെ തണുത്ത തഴുകൽ. അലച്ചിലിനിടയിൽ എവിടെയോ പൊയ്‌പ്പോയ ഉണർവും ഉൻമേഷം പതിൻമടങ്ങായി തിരിച്ചെത്തിയ പ്രതീതി. കിണറ്റിനരികിൽ കുലവന്നു പച്ചച്ചു നിൽക്കുന്ന വാഴകളുടെ നിഴലുകൾ. ഇളങ്കാറ്റിൽ അവ പ്രേതരൂപങ്ങളെ പോലെ ഇളകിയാടുന്നു. അവയ്ക്കിടയിൽ തെല്ലിട നേരം മിന്നിത്തെളിഞ്ഞു എങ്ങോ പാറിപൊയ്‌പോകുന്ന മിന്നാമിന്നികൾ.

കുളിച്ചു കയറി വാതിലുപൂട്ടി ഉണ്ണാനിരുന്നു. അടച്ചു വച്ച പച്ചരിച്ചോറിൽ വെളിച്ചെണ്ണ പടർന്ന മീൻ കറിയൊഴിച്ചു. പിന്നെ മത്തി വറുത്തത് എടുത്തു പ്ലേറ്റിലേക്കിട്ടു. ഇന്ന് എന്നെ അന്വേഷിച്ചു വന്നവനാരാണ്? ഒന്നുകിൽ ഞാൻ കേസിൽ കുടുക്കിയ ക്വട്ടേഷൻ താരം. അതല്ലെങ്കിൽ മാഗി മാഡം വിഷയത്തിലെ അറ്റത്തെക്കണ്ണി. ഇവരിൽ ആരാണെങ്കിലും ആഗമനോദ്ദേശം വ്യക്തമാണ്. അഭ്യർത്ഥന അല്ലെങ്കിൽ അപേക്ഷ.

ഏതായാലും ഒന്നു തീരുമാനിച്ചു. നാളത്തെ ഒരു ദിവസം. അതോടു കൂടി ഈ വിഷയം അവസാനിപ്പിക്കണം. ഇനിയും ഇത് മനസ്സിലിട്ട് നടക്കാൻ കഴിയില്ല. നാളെ രാവിലെത്തന്നെ മാഡത്തെ വിളിച്ച് വിശദമായി സംസാരിക്കാനുള്ള സമയം കണ്ടെത്തണം. അതിനു മുൻപ് എന്‍റെ വാദങ്ങൾ അരക്കിട്ടുറപ്പിക്കാൻ തക്ക തെളിവുകൾ അടുക്കണം. സംസാരിക്കേണ്ടത് ഞാൻ മാത്രമല്ല തെളിവുകൾ കൂടിയാണ്.

ഊണു കഴിച്ച് കൈ കഴുകാനായി പോയപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്. അസമയത്തുള്ള ആ ശബ്ദം കേട്ട് വേഗം കൈ കഴുകി വന്നു. വാതിൽ പഴുതിലൂടെ നോക്കിയപ്പോൾ ഒരു പയ്യൻ. അവന്‍റെ മുഖത്ത് വല്ലാത്തൊരു പരവേശവും പരിഭ്രമവും വരാന്തയിലെ അരണ്ട വെളിച്ചത്തിൽ കൂടി വ്യക്തമായിക്കണ്ടു. കണ്ടിട്ട് യാതൊരു പരിചയവും തോന്നിയില്ല. ആ ക്വട്ടേഷൻ പയ്യനല്ല.

ജനൽപ്പാളി തുറന്നതും അവൻ ഏങ്ങലടിച്ചു കരഞ്ഞു തുടങ്ങി. അതു കണ്ടതും പരിഭ്രമമായി. കരയാതിരിക്കു എന്ന് പറഞ്ഞ് അവനെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു. അമ്മയിതൊക്കെ കേട്ട് ഉണരുമോ എന്നതായിരുന്നു എന്‍റെ വേവലാതി. അവനെക്കൂട്ടി സോഫയിലിരുത്തി കുടിക്കാനായി വെള്ളം കെടുത്തു. പറ്റാവുന്ന പോലെ ആശ്വസിച്ചു. ഒടുവിൽ പയ്യനൽപ്പം നോർമലായി. അര മണിക്കൂറോളം ഇരുന്ന് അവന് പറയാനുള്ളതെല്ലാം ശ്രദ്ധിച്ചു കേട്ടു.

പലപ്പോഴും മനുഷ്യൻ തെറ്റു ചെയ്യുന്നത് അവനവനു വേണ്ടിയല്ല ആത്മബന്ധമോ മറ്റൊരാളോടുള്ള കടപ്പാടോ ഉള്ളിൽ അലിഞ്ഞ വൈകാരികതയോ ചെയ്ത തെറ്റുകൾക്ക് സമീകരണമാകാം. ഒടുവിൽ ഒരിക്കലും വെളിച്ചം കാണില്ലെന്ന് കരുതിയ അപരാധം ഉടനെ വെളിച്ചം കാണുമെന്ന് ബോധ്യമായാൽ പശ്ചാത്താപമായി, വ്യർത്ഥമായ കുറ്റബോധമായി. പയ്യൻ ചെയ്തത് ചെറിയ കുറ്റമല്ല. ഇളം പ്രായമാണ്. ഭാവി തന്നെ കൂമ്പടിയാൻ ഇതു മതി. ഏതായാലും അവന്‍റെ ഭാവി നിശ്ചയിക്കുന്നത് ഞാനല്ല. അതു തീരുമാനിക്കേണ്ടത് മാഗി മാഡമാണ്.

ഞാൻ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൻ മാഗി മാഡം നടത്താനിടയുള്ള തുടർപ്രവൃത്തികളെ ആശ്രയിച്ചിരിക്കുമത്. പയ്യനെ ആശ്വസിപ്പിച്ചു. ഭയക്കേണ്ടതില്ല. പഠിപ്പിൽ ശ്രദ്ധിക്കാൻ പറഞ്ഞു. അവന്‍റെ ഭയം കലർന്ന മുഖഭാവം മാറി. ഒരാശ്വാസം ആ മുഖത്ത് ദൃശ്യമായി. ഈ നട്ടപ്പാതിരക്ക് എങ്ങനെ വീട്ടിൽ പോകും എന്ന ചോദ്യത്തിന് ബൈക്കുണ്ടെന്നായിരുന്നു മറുപടി. അവനെ യാത്രയാക്കി വാതിലടച്ച് വന്നു കിടന്നു.

രാത്രി ഏറെ വൈകിയിരുന്നു. പടരാൻ തുടങ്ങിയ ഉഷ്‌ണതരംഗങ്ങൾ കിടപ്പുമുറിയിൽ സചേതങ്ങളായി. ഇടക്കെപ്പോഴോ അർദ്ധബോധാവസ്ഥയിൽ ജനലുകൾ തുറന്നിട്ടു. രാത്രി വിടരുന്ന പൂക്കളുടെ നേർത്ത ഗന്ധം ഉൾക്കൊണ്ട തണുത്ത കാറ്റ് ജനലഴിയിലൂടെ കടലേറ്റം പോലെ തിരയടിച്ചു. അതേറ്റ് അതിവേഗം രാവു പുലരാൻ കൊതിച്ച് കണ്ണടച്ചു. കൈപ്പടം കൊണ്ട് കണ്ണുകൾ അടച്ചു. അങ്ങിനെ കിടക്കുമ്പോഴാണ്  നിദ്ര പ്രാണപ്രേയസിപോലെ ഒളിച്ചു വന്ന് തഴുകിത്തലോടിയത്.

പിറ്റേന്ന് പുലർകാലെ എഴുന്നേറ്റ് ഓഫീസിലെത്തി. മാഗി മാഡത്തെ വിളിച്ചു. വിശദമായി സംസാരിക്കാൻ സമയം തേടി. ഇന്ന് രാവിലെ മകളുടെ ഒരു സംഗീത പ്രോഗ്രാം ഉണ്ടെന്നും അതു കഴിഞ്ഞ് ഉച്ചതിരിഞ്ഞ് ആദ്യം കണ്ടുമുട്ടിയ റസ്‌റ്റോറന്‍റിൽ വച്ച് കണ്ടു മുട്ടാമെന്നും അവർ അറിയിച്ചു. എങ്കിൽ അങ്ങനെയാകട്ടെ എന്നു പറഞ്ഞ് ഫോൺ വച്ചു. ഫോണിലൂടെ അവരുടെ ഹൃദയമിടുപ്പിന്‍റെ താളവും ഉത്കണ്ഠയുടെ ആവേഗവും ഞാൻ അനുഭവിച്ചറിഞ്ഞു

ഈ മെയിലുകളുടേയും ലാബ് റിപ്പോർട്ടിന്‍റേയും മറ്റു സന്ദേശങ്ങളുടേയും പ്രിന്‍റ് എടുത്ത് ഫയൽ ചെയ്ത ശേഷം ഫയലുമെടുത്ത് റസ്റ്റോറന്‍റിലേക്ക് പുറപ്പെട്ടു. അവിടെ ആൾത്തിരക്കില്ല. അവിടുത്തെ ശീതളമായ അന്തരീക്ഷം ഉഷ്ണരാശി പടർന്ന് തപിച്ച മനസ്സിന് ആശ്വാസദായകമായി. ഇനി എന്‍റെ മനസിൽ നിന്നുള്ള ഉഷ്ണായനo മാഗി മാഡത്തിന്‍റെ മനസിലേക്കാണ് പടരാൻ പോകുന്നത്.

റസ്റ്റോറന്‍റിനു പുറത്തും ഭൂമിയുടെ നെടുവീർപ്പെന്ന പോലെ ചൂടുണ്ട്. എവിടെ നിന്നോ തണവേറ്റി വന്ന ഇളകാറ്റിൽ പിന്നീടെപ്പോഴോ ഉഷ്ണം തെല്ലു ശമിച്ചു. ഒരു മീറ്റ് ബർഗറും മസാലച്ചായയുമായി ഒരൊഴിഞ്ഞ കോണിൽ ഇരിപ്പുറപ്പിച്ചു. തെല്ലിട കഴിഞ്ഞ് കേക്കിന് പറഞ്ഞു. അതു കഴിച്ചു കഴിഞ്ഞപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. മാഗി മാഡം ഉടനെ വരുന്നെന്ന്. എന്താണിത്ര പെട്ടെന്ന് എന്നു ചോദിച്ചപ്പോൾ വന്നിട്ട് പറയാമെന്നായിരുന്നു മറുപടി.

ഫോൺ കട്ടു ചെയ്തതും പിന്നെയും കിളിനാദം. ആ കിളിനാദത്തിന്‍റെ ഉടമ ഞാനിത്രയും കാലം കാത്തിരുന്ന ഒരാളായിരുന്നു. എന്നാൽ അവർ വിളിച്ച സമയം ഒരുപാടുനേരം സംസാരിക്കുന്നതിനായി തീർത്തും അനുയോജ്യമല്ലാതായിപ്പോയി. അല്പനേരം സംസാരിച്ചു.

മനസ്സിലെ പരിഭവത്തിന്‍റെ ഇരുളാർന്ന കാർമേഘങ്ങൾ നീങ്ങിപ്പോയി. അവൾ വിളിക്കാതിരുന്നതിന്‍റെ കാരണം ബോധ്യപ്പെട്ടു. മനസ്സിൽ കുളിർമഴ പെയ്ത അനുഭവം. ഒരു മണിക്കൂറോളം ആ മഴ നിന്നു ചെയ്തു. മാഗി മാഡം വാതിൽ തുറന്ന് വരുന്നതു വരെ. മാഗി മാഡം വന്നു മുന്നിലിരുന്നു. മുഖം വാടിയിരിക്കുന്നു. വന്നപാടെ മേശപ്പുറത്തിരുന്ന ഗ്ലാസ്സിലെ വെള്ളം കുടിച്ചു തീർത്തു. എന്നിട്ട് പറഞ്ഞു

“പള്ളിയിൽ മോൾടെ പ്രോഗ്രാമുണ്ടായിരുന്നു പറഞ്ഞില്ലെ. കുട്ടിക്കു നേരെ പാടാൻ പറ്റിയില്ല. മുൻപും പ്രോഗ്രാം ചെയ്തിട്ടുള്ളതാണ്. ഇതാദ്യായിട്ടാണ് ഇങ്ങനെ സ്റ്റേജീക്കയറിയതും മുഖത്താകെ പരിഭ്രമം. നേരെ പാടാനൊന്നും പറ്റീല്ല. ഞാൻ വേഗം കൂട്ടിക്കൊണ്ടു പോന്നു.”

ഇതു പറയുമ്പോൾ അവരുടെ മുഖമാകെ വിളറി വെളുത്തിരുന്നു. ഞാൻ അവർക്കായി തണുപ്പിച്ച മുന്തിരി ജ്യൂസ് ഓർഡർ ചെയ്തു. പൊടുന്നനെ അവരുടെ മുഖത്ത് ആകാംക്ഷ വന്നു നിറഞ്ഞു. പെട്ടന്നവർ ചോദിച്ചു.

“അന്വേഷണം കഴിഞ്ഞോ? ഇച്ചായന് എന്താ പറ്റിയേ?”

തെല്ലിട നേരം ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി. മൗനം അഴിയാനായി ഞാൻ വാക്കുകൾക്കു പരതി. അങ്ങനെ അല്പനേരം കഴിഞ്ഞ് ഞാൻ പറഞ്ഞു തുടങ്ങി. അപ്പോൾ ഉദ്യോഗഭരിതമായ മിഴികളോടെ എന്നെ ഉറ്റുനോക്കുകയായിരുന്നു മാഡം.

“മാഡം ഇതേ റസ്റ്റോറന്‍റിൽ വച്ചാണ് നമ്മൾ ആദ്യം കണ്ടുമുട്ടിയത്. അന്ന് നിങ്ങൾ ഉന്നയിച്ച സംശയത്തിന് ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. ആ ഉത്തരം നിങ്ങളോടു പറയാൻ എനിക്കു വലിയ പ്രയാസമുണ്ട്. എങ്കിലും എന്‍റെ തൊഴിൽ പരമായ സത്യസന്ധതയും ധാർമ്മികതയും മൂലം ഞാൻ ഇക്കാര്യം പറയാൻ നിർബന്ധിതനായിരിക്കുന്നു. ഞാൻ നിങ്ങളുടെ ജീവിതത്തിലെ ചില സംഭവങ്ങൾ വിവരിക്കാം. യോജിച്ചു പോകാൻ കഴിയാത്ത വസ്തുത ഞാൻ പറഞ്ഞെങ്കിൽ അതു തിരുത്തണം.” ഞാനൊന്നു നിർത്തി.

അവർ തലയാട്ടിക്കൊണ്ടതു അംഗീകരിച്ചു. ഞാൻ തുടർന്നു.

“നിങ്ങളുടെ വിവാഹം കഴിഞ്ഞ് മൂന്നു വർഷക്കാലം നിങ്ങളുടെ കുടുംബം താമസിച്ചിരുന്നത് ഡൽഹിയിലായിരുന്നു. അവിടെയുള്ള ആർമിയുടെ ഹെഡ്ക്വാർട്ടേഴ്സിലാണ് നിങ്ങളുടെ ഹസ്ബന്‍റ് ജോലി ചെയ്തിരുന്നത്. തീർത്തും സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങൾ നയിച്ചിരുന്നത്. ആഴ്ച്ചാവസാനം ട്രിപ്പുകൾ ഒക്കെ നടത്തിയിരുന്നു. സെബാസ്റ്റ്യൻ എന്ന കുക്ക് അക്കാലം മുതൽക്കേ നിങ്ങളുടെ കുടുംബത്തിലെ അംഗത്തെ പോലെ അവിടുണ്ടായിരുന്നു. എന്നാൽ സന്തോഷകരമായ ജീവിതത്തിന്‍റെ മറുവശം ദുഃഖത്തിന്‍റേതായിരുന്നു.

ഒരു കുഞ്ഞുണ്ടാകണമെന്നുള്ള ആഗ്രഹം മൂന്നു വർഷമായിട്ടും സഫലമായില്ല. ഒടുവിൽ നിങ്ങളും ഹസ്ബന്‍റും പരിശോധനകൾക്കായി ഡോക്ടറെ സമീപിച്ചു. അവരുടെ കണ്ടെത്തലുകൾ നിങ്ങളുടെ ഭർത്താവിന്‍റെ ചില പ്രശ്നങ്ങളാണ് കുഞ്ഞുങ്ങളുണ്ടാകാത്തതിന് കാരണം എന്നതായിരുന്നു. അദ്ദേഹത്തിൽ നിന്ന് കുഞ്ഞുങ്ങളുണ്ടാകാൻ നേരിയ സാധ്യത പോലും ഇല്ലെന്ന അറിവ് ഇരുവരെയും തളർത്തിക്കളഞ്ഞു.

സന്തോഷകരമായ ജീവിതത്തിൽ കരിനിഴൽ വീണു തുടങ്ങി. പരസ്പരം കുറ്റപെടുത്തികൊണ്ടുള്ള വഴക്കുകൾ പതിവായി. അങ്ങിനെയിരിക്കെ പൂനെയിലേക്ക് ജോൺ സാറിന് ട്രാൻസ്ഫർ ലഭിച്ചു. അവിടെ വച്ചാണ് ഒരു കുഞ്ഞിനെ വളർത്തണമെന്ന നിങ്ങളുടെ ആഗ്രഹം ശക്തമായത്. നിങ്ങളുടെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ ജോൺ സാറിന്‍റെ പരിചയമുള്ള ഒരനാഥ മന്ദിരത്തിൽ നിന്നും ഒരു പെൺകുട്ടിയെ ദത്തെടുത്തു. അന്നു മുതൽ ഇന്നുവരെ ആ കുട്ടി നിങ്ങളുടെ സ്വന്തം മകളായാണ് നിങ്ങൾ സ്നേഹിച്ചതും പരിപാലിച്ചതും. ആദ്യകാലയളവുകളിൽ നിങ്ങളുടെ ഭർത്താവുമതെ.

ഡോക്ടറുടെ ഏകപക്ഷീയമായ വിധിയെഴുത്ത് ജോൺ സാറിന്‍റെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു. അതെത്തുടർന്നുള്ള സങ്കീർണ്ണമായ മനസ്സിന്‍റെ വ്യാപാരങ്ങൾ അറിഞ്ഞോ അറിയാതെയോ ഒരിക്കലും ചെയ്തു കൂടാത്ത പ്രവൃത്തികളിലേക്ക് അയാളെ നിരന്തരം കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു. ഒരിക്കലും ചെയ്യരുതാത്ത ആ തെറ്റുകൾ നിരന്തരം ആവർത്തിച്ചു കൊണ്ടിരുന്നു. നിങ്ങളുടെ സാമീപ്യത്തിൽ അത്തരം തെറ്റുകൾ വാത്സല്യത്തിന്‍റേയും കരുതലിന്‍റെയും നിഷ്കളങ്കതയുടേയും മുഖപടമണിഞ്ഞു. അതോ നിങ്ങളിക്കാര്യം അറിഞ്ഞിരുന്നോ എന്ന് എനിക്കറിയില്ല.

വേർതിരിച്ചറിയാനാവാത്ത വികാരങ്ങളുടെ വേലിയേറ്റങ്ങൾ തിരതല്ലുന്ന മാഡത്തിന്‍റെ മുഖത്ത് ഒന്നു പാളി നോക്കി കണ്ണുകൾ പിൻവലിച്ചുകൊണ്ട് പറഞ്ഞു.

“വളർന്നു വരുന്ന ആ കുട്ടിയുടെ മനസ്സ് വല്ലാതെ മുറിവേറ്റു. കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രായമായപ്പോഴേക്കും ഉമിത്തീ പോലെ അവൾ നീറാൻ തുടങ്ങി. തീർത്താൽ തീരാത്ത പകയുടെ ലാവ ഒളിപ്പിച്ച ഒരഗ്നിപർവ്വതമായി ആ കുട്ടി മാറി. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ച് സർവ്വത്തിനേയും തകർക്കാൻ ശേഷിയുള്ള അഗ്നിപർവ്വതം.

കടന്നൽ കൂടിളകുന്ന പോലുള്ള നശീകരണ ചിന്തക്കൊടുവിൽ ആ കുട്ടി ഒന്നു നിശ്ചയിച്ചു. കൊന്നുകളയുക. തന്നെ നിരന്തരം ദ്രോഹിക്കുന്നവനെ നിശ്ശേഷം ഇല്ലാതാക്കുക. അതിനായുള്ള മാർഗ്ഗങ്ങൾ അവൾ നിരന്തരം തേടിക്കൊണ്ടിരുന്നു. അങ്ങനെ പലതും അവൾ പ്ലാൻ ചെയ്തു കൊണ്ടിരുന്നു. എന്നാൽ ഭീതി മൂലം ഒന്നും നടപ്പിലായില്ല. വളരെ സേഫ് ആയ ഒരു മാർഗ്ഗത്തിനായി അവൾ നിരന്തരം പലവഴിക്ക് അന്വേഷിച്ചുകൊണ്ടിരുന്നു. അങ്ങനെ എവിടെ നിന്ന് ആ മാർഗം കണ്ടെത്തി എന്നറിയില്ല.

ഒരു സുരക്ഷിതമായ മെത്തേഡ് മനസിലാക്കി അത് പഴുതടച്ചു നടപ്പാക്കണമെന്നവൾ നിശ്ചയിച്ചു. അതിന്‍റെ നാനാവശങ്ങൾ പഠിച്ചു മനസ്സിലാക്കി. അതിനിടക്കാണ് ജോൺ സാർ റിട്ടയറായി നാട്ടിൽ സെറ്റിൽ ചെയ്യാൻ നിശ്ചയിച്ചത്. താരതമ്യേന അധികം ബഹളവും തിരക്കുമില്ലാത്ത ആ അന്തരീക്ഷം താൻ കാലങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹസാഫല്യത്തിന് തീർത്തും അനുയോജ്യമെന്ന് അവൾ കരുതി. തുടർന്ന് അതിനു വേണ്ടത് സ്വരുക്കൂട്ടാൻ തുടങ്ങി. അതിനായി അവൾ തേടിയത് മാരക വിഷവും പെട്ടന്നു തന്നെ മരണപ്പെടാൻ കാരണമാകുന്ന പൊട്ടാസ്യം സയനൈഡായിരുന്നു. അതു ലഭിക്കുവാനായി തന്‍റേതായ രീതിയിൽ ആ പെൺകുട്ടി അന്വേഷണം തുടങ്ങി.

യാദൃശ്ചികമായി തന്‍റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ അച്ഛന് ഇലക്ട്രോപ്ലേറ്റിംഗുമായി ബന്ധപ്പെട്ട ബിസിനസ്സാണെന്നു മനസ്സിലാക്കി. ആ മാരക വിഷം ലഭിക്കുന്നതിനായി അവനുമായി സൗഹൃദം സ്ഥാപിച്ചു. ആ സൗഹൃദം മുതലെടുത്ത് അവൾ പൊട്ടാസ്യം സയനൈഡ് ആവശ്യപ്പെട്ടു.

ആ പയ്യൻ കഠിനമായി എതിർത്തെങ്കിലും എങ്ങനെയോ അതവൾ കരസ്ഥമാക്കി. ആ പയ്യൻ ഇന്നലെ എന്‍റെ വീട്ടിൽ വന്നിരുന്നു. അവന്‍റെ ക്ലാസ്സ് ടീച്ചർ എന്‍റെ അടുത്ത ബന്ധുവാണ്.

അന്തർമുഖിയായി ആരോടും വലിയ സൗഹൃദത്തിനു പോകാത്ത എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞുള്ള പ്രാകൃതമായ അലീന പെട്ടന്നൊരുനാൾ ഇലക്ട്രോപ്ലേറ്റിംഗ് ജോലിക്കാരന്‍റെ മകനുമായി സൗഹൃദത്തിൽ ആയതു ആ ടീച്ചറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈയൊരു കേസ് ഞാനാണ് അന്വോഷിക്കുന്നതെന്ന വിവരം അവനെങ്ങനെ അറിഞ്ഞെന്ന് വ്യക്തമല്ല.

ആ ടീച്ചർ അവനോടെന്തെങ്കിലും ചോദിച്ചതിൽ അവനു സംശയം തോന്നിക്കാണും. പെൺകുട്ടി പറഞ്ഞറിയാനും മതി. അങ്ങനെ മാരക വിഷം കരസ്ഥമാക്കിയ ശേഷം അതെങ്ങനെ പ്രയോഗിക്കണമെന്നവൾ ഒരു പാട് ചിന്തിച്ചു. ഭക്ഷണത്തിലൂടെ നല്കിയാൽ ആ ഭക്ഷണവും അവശിഷ്ടവും വ്യക്തമായ ഒരു തെളിവായി നിലനിൽക്കുമെന്നവൾ ഭയന്നു. മാത്രമല്ല മറ്റാരെങ്കിലും വിഷം കലർന്ന ഭക്ഷണം ഉപയോഗിച്ചാലുള്ള ഭവിഷ്യത്ത് ഭയാനകമായിരിക്കുമെന്ന് അവൾ പേടിച്ചു. അങ്ങനെ ഏറെ ആലോചിച്ച ശേഷം വിഷം കലർത്താൻ കണ്ടെത്തിയ ഒരു മാധ്യമമായിരുന്നു ടൂത്ത് പേസ്റ്റ്. ടൂത്ത് പേസ്റ്റിൽ കലർത്തിയാൽ അതാരുടേയും ശ്രദ്ധയിൽ പെടുകയില്ലെന്നവൾ കണക്കുകൂട്ടി. മാത്രമല്ല തന്‍റെ സ്വകാര്യവസ്തുക്കൾ മറ്റാരും പങ്കുവെക്കുന്നത് ജോൺ സാറിന് ഇഷ്ടമല്ല എന്നും രാത്രി വെറും ബ്രഷുകൊണ്ടാണ് പല്ലു തേക്കുക എന്നും രാവിലെ വലിയ അളവിൽ പേസ്റ്റ് എടുത്ത് അല്പം കൂടുതൽ നേരം പല്ലു തേക്കുന്നതാണ് ജോൺ സാറിന്‍റെ ശീലം എന്നും അവൾക്ക് അറിയുമായിരുന്നു. ഒരു ഒരു കാര്യത്തിൽ മാത്രമേ അവൾക്ക് സംശയമുണ്ടായിരുന്നു.

മാരക വിഷം കലർന്ന പേസ്റ്റ് ഉപയോഗിച്ച്‌ പല്ലു തേക്കുന്നത് മരണകാരണമാകുമോ എന്നുള്ളത്. അതെക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ ഒരുത്തരം ലഭിച്ചില്ല. എങ്കിലും ഒരു പരീക്ഷണമെന്ന നിലക്കാണ് അവൾ മുന്നോട്ടു പോയത്. ഞാൻ നിങ്ങളുടെ വീട്ടിലെ ബാത്ത് റൂമിൽ നിന്നും താഴെ ചിതറിക്കിടക്കുന്ന രീതിയിൽ കണ്ടെടുത്ത ടൂത്ത് പേസ്റ്റിൽ മാരക വിഷം അടങ്ങിയിട്ടുണ്ടെന്ന ലാബ് റിപ്പോർട്ടാണ് ആ ഫയലിലിരിക്കുന്നത്. താങ്കൾക്കു അതു പരിശോധിക്കാം.

വികാര വിക്ഷോഭങ്ങൾ കടലേറ്റം പോലെ തിരതല്ലുന്ന പ്രതിഫലനം മുഖത്തു നിന്നും വിദഗ്ധമായി മറക്കാൻ ശ്രമിച്ച് മാഗി മാഡം ആ ഫയലുകളെടുത്തു മറിച്ചു നോക്കി. അവരുടെ കണ്ണുതുളുമ്പി. അടക്കാൻ ശ്രമിച്ചിട്ടും കഴിയാത്ത വിങ്ങൽ അടക്കികൊണ്ടു അവർ പറഞ്ഞു.

“ഇല്ല. വിഷബാധയേറ്റ മരണമായിരിക്കാം. എന്‍റെ ഇച്ചായന്‍റേത്. പക്ഷേ എന്‍റെ മകൾ അതു ചെയ്യില്ല. ഇച്ചായനെ ജീവനാണവൾക്ക് തിരിച്ചുമതേ. ഞാനിത് ഒരിക്കലും വിശ്വസിക്കില്ല. തീർച്ച പിന്നെ ഈ സംഭവവികാസങ്ങൾ നടക്കുമ്പോഴെല്ലാം അവൾ ടൂറിൽ ആയിരുന്നല്ലോ? പിന്നെങ്ങനെ?”

ഇത്രയേറെ ജീവിതാനുഭവങ്ങൾ ഉള്ള അവർ ഇത്ര ബാലിശമായ യുക്തിപ്രകടിപ്പിക്കുമെന്ന് ഞീൻ പ്രതീക്ഷിച്ചില്ല.

“മാഡം.” ഞാൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു

“മാഡം വല്ലാത്തൊരു വിഷമസന്ധിയിലാണെന്ന് എനിക്കറിയാം. ഞാൻ ഇങ്ങനെ പറയുന്നത് ക്രൂരതയാണെന്നതും എനിക്കറിയാം. അലീനയുടെ അമ്മ എന്ന് തന്നെയാണ് ഞാൻ താങ്കളെ വിളിക്കാൻ ആഗ്രഹിക്കുന്നത്. ഒരമ്മക്കും ഈയൊരവസ്ഥ വരരുതെന്നാണെന്‍റെ പ്രാർത്ഥന. പക്ഷേ എനിക്കു സത്യം പറഞ്ഞേ തീരു. നിങ്ങൾക്കറിയാമോ ഒരുപാടാളുകൾ എന്‍റെ സംശയദൃഷ്ടിയിൽ ഉണ്ടായിരുന്നു. ആദ്യമേ ഒന്നു മനസ്സിലാക്കുക. നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ ജോൺ സാറുമായി ഇടപെട്ട ആർക്കും അദ്ദേഹത്തോട് ദേഷ്യമില്ല. പകയില്ല. നീണ്ട വർഷങ്ങൾ അദ്ദേഹത്തോടൊപ്പം ജീവിച്ച നിങ്ങൾക്കും ഇതറിയാം. പരിചയപ്പെട്ടവരാരും അദ്ദേഹത്തെ മറക്കുകയില്ല. മാന്യതയും മര്യാദയും ഉള്ള പെരുമാറ്റവും ഉദാരമായ സഹായമനസ്ഥിതിക്കുടമയായിരുന്നു ജോൺ സാറെന്നത് ഞാൻ പറഞ്ഞിട്ട് നിങ്ങൾക്കറിയേണ്ട പുതിയ കാര്യമല്ല.

ഒന്നും തന്നെ അർഹതയുള്ള ഒരാളെ സഹായിക്കാതിരിക്കാനുള്ള ഘടകമാവരുത് എന്ന് നിർബന്ധമുള്ള അദ്ദേഹത്തോട് ഈ ലോകത്തിൽ ഒരാൾക്കൊഴിച്ച് ആർക്കും ദേഷ്യമില്ല അടങ്ങാത്ത പകയില്ല. അല്ലെങ്കിൽ ഈ ലോകത്ത് ഒരാൾക്കു മാത്രമേ അദ്ദേഹത്തോട് പകയുള്ളൂ. അതാകട്ടെ തീർത്താൽ തീരാത്ത പക. ജീവനെടുക്കുന്ന വിനാശകാരിയായ പക. ആ പക വച്ചു പുലർത്തുന്നത് നിങ്ങളുടെ മകളാണ്. അതൊരു ദിവസം കൊണ്ടുണ്ടായതല്ല. വർഷങ്ങളായി ചേർത്തുവച്ച് മഹാമേരുവോളം വളർത്തിയെടുത്ത ഒന്നാണ്. ഈയൊരു വസ്തുത ഞാൻ മനസ്സിലാക്കിയത് നിങ്ങളുടെ വീട്ടിൽ വച്ചു തന്നെയാണ്.

നിങ്ങൾ രണ്ടാമതു തന്ന ആൽബം. അതിലെ കുടുംബ ഫോട്ടോകൾ. ആ പുതിയ ഫോട്ടോസ് ഉള്ള ആൽബം സൂക്ഷിച്ചിരുന്നത്, യാതൊരു തർക്കവുമില്ല നിങ്ങളുടെ മകളായിരുന്നു. അതിലെ കുടുംബ ചിത്രങ്ങൾ. നിങ്ങൾ, ജോൺ സാർ, അലീന. ആ ചിത്രങ്ങളിൽ ജോൺ സാറിന്‍റെ ഫോട്ടോസ് ഉടനീളം കോമ്പസ്സു കൊണ്ടു കുത്തി വരഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്‍റെ തല മുഴുവൻ കോമ്പസ്സുകൊണ്ട് ദ്വാരമിട്ട് വികൃതമാക്കിയിരിക്കുന്നു. ഇതിനു പിന്നിലുള്ള മനശ്ശാസ്ത്രമെന്താണ്? വാത്സല്യമോ? നിങ്ങൾ പറയൂ.

ഒരാളുടെ മേൽ നശീകരണ സ്വഭാവം ഏറിയ മനോവ്യാപാരമുള്ള ഒരാളെ അത്തരം പ്രവൃത്തികൾ ചെയ്യൂ. പിന്നെ ടൂറിന്‍റെ കാര്യം. അതു നിങ്ങൾ പറഞ്ഞത് ശുദ്ധ വിവരക്കേടാണ്. ജോൺ സാറിന്‍റെ മരണ ദിവസത്തിനും തലേന്നും ഉണ്ടായ സംഭവങ്ങൾ ഞാൻ വിവരിക്കാം. സ്കൂളിൽ നിന്നും ആദ്യമായി ടൂർ പ്രോഗ്രാമിന്‍റെ ദിവസം നിശ്ചയിച്ചപ്പോൾ അലീന പേരു നല്കിയിരുന്നില്ല. ടൂറിനൊക്കെ പോയി അടിച്ചു പൊളിക്കാനുള്ള ഒരു മാനസികാവസ്ഥ ആ കുട്ടിക്കില്ല. ആ മനസ്സിലേറ്റ മുറിവിന്‍റെ ആഴം വലുതാണ്. ആ മുറിവിന്‍റെ വേദനക്ക് ശമനം കിട്ടണമെങ്കിൽ ആ വേദന വരുത്തിയവന്‍റെ മരണം കൊണ്ടു മാത്രമേ കഴിയൂ എന്ന് ഉപബോധമനസ്സിൽ അരക്കിട്ടുറപ്പിച്ച ഒരു വ്യക്തിയാണവൾ.

ആദ്യം ടൂറിനു പേരു കൊടുത്തില്ലെങ്കിലും പിന്നീടവൾ ഒന്നു ചിന്തിച്ചു. അങ്ങനെ തന്‍റെ ആഗ്രഹ പൂർത്തികരണത്തിന്‍റെ ഒരു മറയാക്കി ഈ ടൂർ പ്രോഗ്രാമിനെ മാറ്റുകയായിരുന്നു. ആദ്യം ടൂർ പ്രോഗ്രാമിന് ഇല്ലാതിരുന്ന അലീന അവസാന നിമിഷത്തിലാണ് പേരു നല്കിയതെന്ന് വിശ്വസനീയമായ കേന്ദ്രത്തിൽ നിന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഞാൻ ആ ദാരുണമായ മരണം നടന്ന രണ്ടു ദിവസങ്ങളിലായി നടന്ന സംഭവങ്ങൾ വിവരിക്കാം.

നിങ്ങൾ ജോൺ സാറുമായി ബാൽക്കണിയിലിരുന്ന് സംസാരിച്ച ദിവസം അതായത് അദ്ദേഹം മരിച്ചതിന്‍റെ തലേന്ന് രാവിലെ പുറത്തു പോയ അദ്ദേഹം വൈകീട്ടോടെയാണ് തിരിച്ചെത്തിയത്. അലീന ലെഗേജുമായി ടൂർ പ്രോഗ്രാമിൽ പങ്കെടുക്കാൻ കോളേജിലേക്കിറങ്ങിയത് ഉച്ചയ്ക്ക് ആഹാരം കഴിഞ്ഞ് അല്പം വിശ്രമിച്ച ശേഷവും.

രാവിലെ ജോൺ സാർ വീട്ടിൽ നിന്നിറങ്ങിയ ഉടനെ അലീന മുകൾ നിലയിലേക്കു വന്നു. ബാത്ത് റൂമിൽ കയറി ടൂത്ത് പേസ്റ്റ് എടുത്ത് തന്‍റെ മുറിയിലേക്കു പോയി. വളരെ ശ്രദ്ധാപൂർവ്വം വലിയൊരളവ് ടൂത്ത്പേസ്റ്റ് നീക്കം ചെയ്ത ശേഷം റൂമിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സയനൈഡ് എടുത്ത് ട്യൂബിൽ നിറച്ചു. നീക്കം ചെയ്ത ടൂത്ത് പേസ്റ്റിലും സയനൈഡ് ചേർത്ത് അതും കുറെയൊക്കെ ട്യൂബിലേക്ക് നിറച്ച് ബാത്ത് റൂമിൽ കൊണ്ടു വച്ചു. തുടർന്ന് അവൾ ടൂറിനു പോകുകയാണുണ്ടായത്.

ജോൺ സാർ വൈകുന്നേരം വന്നതിനു ശേഷമുള്ള കാര്യങ്ങൾ നിങ്ങൾക്കറിയാവുന്നതാണ്. വൈകുന്നേരം ഉറങ്ങാൻ പോകുമ്പോൾ വിയർക്കുകയും നെഞ്ചു തടവുകയും ചെയ്തതായി നിങ്ങൾ പറഞ്ഞിരുന്നല്ലേ. ഒരു മൈനർ അറ്റാക്കിലൂടെ അദ്ദേഹം കടന്നു പോകുകയായിരുന്നു. എന്നാൽ അതല്ല മരണകാരണം. മാരക വിഷമായ സയനൈഡ് വലിയ തോതിൽ അടങ്ങിയ പേസ്റ്റ് കൊണ്ട് പല്ലു തേച്ചതു തന്നെയാണ് മരണത്തിന്‍റെ യഥാർത്ഥ കാരണം. ഒപ്പം നേരിയ ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളും ശരീരം കാണിച്ചു.

സയനൈഡിന്‍റെ മാരകമായ പ്രഹരശേഷിയിൽ അദ്ദേഹം കുഴഞ്ഞു നിലത്തുവീണു, ആ വീഴ്ചയിൽ നെറ്റി എവിടെയോ തട്ടി. മുഴ കാണപ്പെട്ടു എന്ന് പറഞ്ഞിരുന്നില്ലേ അത് അങ്ങനെ സംഭവിച്ചതാണ്. അനുഭവങ്ങളുടെ മഹാസമുദ്രം താണ്ടിയ താങ്കളുടെ കുടുംബ ഡോക്ടർക്ക് ഇത് സയനൈഡ് പോയസനെന്ന് അറിയാഞ്ഞതല്ല. താങ്കളുടെ കുടുംബത്തോട് വലിയ കടപ്പാടുള്ള അയാൾ ഇതുമൂലം കുടുംബത്തിന് നേരിടേണ്ടി വരാവുന്ന പ്രയാസങ്ങളെ ഭയന്നു.

സയനൈഡിന്‍റെ മാരകമായ പ്രഹരശേഷിയെക്കുറിച്ച് പറയപ്പെടുന്ന ഒരു സംഭവ കഥയുണ്ട്. ഒരു ഡോക്ടർക്ക് അദമ്യമായ ആഗ്രഹം ഇതിന്‍റെ രുചി അറിയണമെന്ന്. ആരെങ്കിലും രുചിച്ചു നോക്കിയാലല്ലേ രുചി അറിയാൻ കഴിയു? ആരും തന്നെ അത്തരമൊരു കാര്യത്തിന് ഒരുമ്പെട്ടില്ല. സ്വന്തം ജീവൻ പണയം വച്ച് ശാസ്ത്രലോകത്തിന് ഒരറിവ് നല്കേണ്ട കാര്യം അവർക്കില്ലയിരുന്നു.

എന്നാൽ ആ ഡോക്ടർ മരിച്ചാലും സാരമില്ല ശാസത്ര ലോകത്തിന് തന്‍റെ ജീവത്യാഗം കൊണ്ട് ഒരു പുതിയ അറിവ് നല്കാനാകുമല്ലോ എന്ന് ചിന്തിച്ച് മരണപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും, റേഡിയം പരീക്ഷണത്തിലേർപ്പെട്ട മാഡം ക്യൂറിയെപ്പോലെ ഒരൽപ്പം സയനൈഡ് രുചിച്ചു. അദ്ദേഹത്തിന് ആ രുചിയുടെ വാക്കിന്‍റെ ആദ്യത്തെ അക്ഷരം മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ. ശേഷം പറയേണ്ടതില്ലലോ?

ലാബ് റിപ്പോർട്ട് എടുത്തു നോക്കു. ചെറിയ അളവല്ല. വലിയ തോതിലാണ് പോയസൻ ടൂത്തപേസ്റ്റിൽ ഉണ്ടായിരുന്നത്. അതും നല്ല ഒരളവ്‌ പേസ്റ്റ് പുറത്തെടുത്തശേഷവും. അതുകൊണ്ടുതന്നെ മറ്റൊരു മരണ സാധ്യതയെപ്പറ്റി ചിന്തിക്കുക പോലും വേണ്ട.

ടേബിളിൽ രണ്ടു കൈക്കുള്ളിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു മാഡം. നേർത്ത നീർച്ചാലുകൾ ആ കൈകളിലൂടെ ഒലിച്ചിറങ്ങുന്നത് ഞാൻ വേപഥുവോടെ കണ്ടു. എന്തു പറഞ്ഞാണ് എങ്ങനെയാണിവരെ സമാധാനിപ്പിക്കേണ്ടത്? ആശ്വസിപ്പിക്കേണ്ടത്? അറിയില്ല. ജ്യൂസ് കൊണ്ടു വച്ചിട്ട് എറെ നേരമാകുന്നു. ഒടുവിൽ രണ്ടും കല്പിച്ച് അവരെ വിളിച്ചു. അവർ തലയുയർത്തി. കരഞ്ഞു കലങ്ങിയ കണ്ണുകൾ. എനിക്കവരോട് അനുകമ്പ തോന്നി. ഈയൊരു പരീക്ഷണം ശത്രുക്കൾക്കു പോലും വരുത്തരുത്. പുറത്തെ പൊടിഞ്ഞ മഴയിലും അവരുടെ നെറ്റിത്തടത്തിൽ നിന്നും വിയർപ്പിന്‍റെ ചാലുകൾ ഒഴുകി. അവർ പരവേശത്തോടെ ജൂസെടുത്തു കഴിച്ചു.

ഞാൻ പറഞ്ഞു.

മാഡം മനുഷ്യന്‍റെ ജീവിതം എന്നും പരീക്ഷണങ്ങളിലൂടെ മാത്രം മുന്നോട്ടു പോകുന്നതാണ്. തനിക്കു ചുറ്റുമുള്ള സാഹചര്യത്തെയും ഇടപെടുന്ന മനുഷ്യർക്കുമനുസരിച്ചു ഓരോരുത്തർക്കും വെവ്വേറെ പരീക്ഷണങ്ങൾ ആകാം എന്നേയുള്ളു ജീവിതാന്ത്യം വരെ നിരന്തരം അവ നമ്മെ പിൻതുടരുന്നു. അത്തരം പരീക്ഷണളെ മനസ്സിന്‍റെ ശക്തിയാൽ പ്രതിരോധിക്കുക.

ഒരു പാട് പരിചിതമല്ലാത്ത സ്ഥലങ്ങളിൽ ജീവിച്ച് ഒരു പാട് ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവരാണ് നിങ്ങൾ. സംഭവിക്കാൻ പാടില്ലാത്ത കുറെ കാര്യങ്ങൾ സംഭവിച്ചു. ശരിയും തെറ്റുമെല്ലാം അവനവൻ നിശ്ചയിക്കുന്ന അളവുകോലായി, മാനദണ്ഡങ്ങളായി മാറുന്ന കാഴ്ചയാണ് കാണുന്നത്. സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ ഫലപ്രദമായി പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തുണ്ട്. അതൊടൊപ്പം നിസ്സാരമായ പ്രശ്നങ്ങളിൽ കാലിടറി വീഴുകയുംചെയ്യും. അതുകൊണ്ടു ഈ അവസ്ഥയെ അതിജീവിക്കുക, കുടുംബത്തിന്‍റെ നല്ലഭാവിയിലേക്ക് നല്ല തീരുമാനമെടുക്കുക. ഉചിതമായത് ചിന്തിക്കുക… പ്രവർത്തിക്കുക….

ഞാൻ പറഞ്ഞത് ഉൾകൊണ്ട മുഖഭാവത്തോടെ അവർ എഴുന്നേറ്റു. യാത്ര ചോദിച്ചു. പോകുന്നെന്നു പറഞ്ഞ് പൊടിമഴ കൂട്ടാക്കാതെ പുറത്തിറങ്ങി. ദൂരെ ചുകന്ന പൂക്കൾ പൊഴിഞ്ഞു വീണുകൊണ്ടിരുന്ന പൂമരച്ചോട്ടിൽ കാത്തു കിടന്നിരുന്ന കാറു ലക്ഷ്യമാക്കി നടന്നുപോകുന്നത് വേദനയോടെ ഞാൻ നോക്കിനിന്നു.

Novel: സമുദ്രമുഖം ഭാഗം- 11

പിറ്റേന്ന് നേരത്തെ ഓഫീസിൽ എത്തിച്ചേർന്നു. ഒരു ദിവസം വിട്ടു നിന്നതേ ഉള്ളൂ. എല്ലായിടത്തും പൊടിപിടിച്ചിരിക്കുന്നു. താഴെയുള്ള ബൈക്ക് റിപ്പയർ ഷോപ്പിൽ പണിക്കു നിൽക്കുന്ന ബംഗാളിപ്പയ്യൻ രജ്ഞൻ അധികാരിയെ വിളിച്ച് എല്ലാമൊന്ന് തൂത്തുവാരി വൃത്തിയാക്കിപ്പിച്ചു. ബംഗാളി പയ്യന് പണവും കൊടുത്ത് പറഞ്ഞു വിട്ട് അല്പനേരം വിശ്രമിക്കുമ്പോഴാണ് സ്വാദിഷ്ഠമായ കേക്കിന്‍റെ ഗന്ധം പ്രസരിച്ചത്. അതെ പണ്ടിവിടെ വരുമ്പോൾ ഗന്ധമാപിനികളെ മയക്കി മത്തുപിടിപ്പിച്ചിരുന്ന അതേ ഗന്ധം. ഇതു എന്‍റെ തോന്നലാണോ? ഈ ഗന്ധം ഈ സ്ഥലവുമായി ബന്ധപ്പെട്ട എന്‍റെ പൊയ്പോയ പഴയകാല ഓർമ്മകളുടെ അടരുകളിൽ അലിഞ്ഞു ചേർന്നതാണ്. ഏതായാലും ഇതിന്‍റെ രഹസ്യം ഒന്നു കൂടെ അന്വേഷിക്കേണ്ടതുണ്ട്.

സമയം ഒച്ചിനെപ്പോലെ അരിച്ചരിച്ച് പതിനൊന്നു മണിയോടുക്കുന്നു. അപ്പോഴാണ് എലവുത്തിങ്കൽ ചാർളി വിളിക്കുന്നത്. ബീച്ച് റോഡിൽ അയാളുടെ ഒരു റിസോർട്ടുണ്ട് അങ്ങോട്ടു വരണമെന്ന്. നീരസം പുറത്തു കാട്ടാതെ സൗമ്യമായിത്തന്നെ റിസോട്ടിലേക്ക് വരുവാനുള്ള എന്‍റെ അസൗകര്യം അറിയിച്ചു. എങ്കിൽ അര മണിക്കൂറിനുള്ളിൽ ഓഫീസിലേക്ക് വരാമെന്നായി ചാർളി. സമ്മതം അറിയിച്ചു പത്തു മിനിറ്റിനകം ഒച്ച വക്കുന്ന ഇരുമ്പു പിരിയൻ ഗോവണി ചാർളിയുടെ വരവറിയിച്ചു.

വാതിൽ തുറന്നു വന്ന ചാർളി എന്‍റെ ഊഹങ്ങളെയും മുൻധാരണകളെയും കാറ്റിൽ പറത്തുന്ന തരത്തിലുള്ള ഒരാളായിരുന്നു. മുറിക്കയ്യൻ വരയൻ വെള്ള ഷർട്ട്, വെള്ള മുണ്ട്, വെളുത്തു മെലിഞ്ഞ് നീണ്ടൊരു രൂപം. ഷർട്ടിന്‍റെ പോക്കറ്റിൽ നീല റെയ്നോർഡ്സ് പേന. നാട്ടിൻ പുറങ്ങളിലെ നിഷ്കളങ്കനായ ഒരു കർഷകന്‍റെ ശരീരഭാഷ. ഇത്തരത്തിലുള്ള സമ്പന്നരെ ഞാൻ സാകൂതം നിരീക്ഷിച്ചിട്ടുണ്ട്. ലളിത വസ്ത്രധാരണവും ലളിത ജീവിതവുമായിരിക്കും അവരുടേത്. എന്നാൽ ബിസിനസ് ജീവിതത്തിലും വ്യക്തിപരമായും കോടികൾ അമ്മാനമാടുന്നവരായിരിക്കും. അയാൾ ഇരുന്നു. ഘനഗംഭീരമായ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.

“എന്നെ പരിചയപ്പെടുത്തേണ്ടല്ലോ? ഞാൻ റിട്ട. മേജർ ജോൺ എലവുത്തിങ്കലിന്‍റെ തൊട്ടു താഴെയുള്ള ബ്രദർ ചാർളി എലവുത്തിങ്കൽ.”

“നിങ്ങളെപ്പറ്റി എനിക്കറിയാം.”

അതും പറഞ്ഞയാൾ സൗഹാർദ്ദപരമായി ചിരിച്ചു കൊണ്ട് കൈ നീട്ടി. തെല്ലിട ആ നീട്ടിപ്പിടിച്ച കൈയ്യിലേക്ക് കണ്ണു പാഞ്ഞു. ഏതായാലും ചാർളി എലവുത്തിങ്കലിനു ആറു വിരലൊന്നുമില്ല. ഹസ്തദാനം സ്വീകരിച്ചു കൊണ്ട് പറഞ്ഞു.

“ശരി. എനിക്കു താങ്കളെക്കുറിച്ച് കേട്ടറിവു മാത്രമേ ഉള്ളൂ. കണ്ടതിലും പരിചയപ്പെട്ടതിലും ഏറെ സന്തോഷം. അല്പം ചായയാകാമല്ലോ?”

“ഇല്ല. നന്ദി. ഞാൻ ചായയും കാപ്പിയുമൊന്നും കഴിക്കുക പതിവില്ല.”

അതു കേട്ടപ്പോൾ എഴുന്നേറ്റ് വീട്ടിൽ നിന്നും വലിയ ഫ്ലാസ്കിൽ കൊണ്ടുവരാറുള്ള ചൂടുള്ള ചുക്കുവെള്ളം ഗ്ലാസ്സിൽ പകർന്ന് അയാൾക്കു നല്കി. ചൂടുവെള്ളം ഒരിറക്കു കുടിച്ച് അയാൾ അച്ചടി ഭാഷയിൽ പറയാനാരംഭിച്ചു.

“നിങ്ങൾ കുറച്ച് ദിവസങ്ങളായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നത്. എനിക്കറിയാം ഇതു രഹസ്യാത്മകമായ ഒരു അന്വേഷണമാണെന്ന്. നിങ്ങളെ ഇതേൽപ്പിച്ചയാളും പിന്നെ ഞങ്ങളുടെ കുടുംബ ഡോക്ടറും ഒഴികെ നാലാമതൊരാൾക്ക് ഇതെക്കുറിച്ച് അറിയാൻ വഴിയില്ല. താങ്കൾ എന്നെക്കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കിക്കാണുമല്ലോ? ഞാനൊരു ബിസിനസ്സ് മാനാണ്. പലതരം ബിസിനസ്സുകൾ എനിക്കുണ്ട്. അതിന്‍റേതായ തിരക്കുകളും എനിക്കുണ്ട്.

ജ്യേഷ്ഠനാണെങ്കിൽ ജോലി സംബന്ധമായി പലയിടങ്ങളിലും. എങ്കിലും വല്ലപ്പോഴും ഞങ്ങൾ എല്ലാവരും ഒത്തുകൂടാറുണ്ട്. എത്ര തിരക്കാണെങ്കിലും ഞങ്ങളുടെ ഒത്തുകൂടലിനിടക്കുള്ള കാലയളവ് ആറുമാസത്തിനപ്പുറം പോകാറില്ല. ഞങ്ങൾ എല്ലാവരും നല്ല ബന്ധത്തിലുമാണ്. അദ്ദേഹവും കുടുംബവും നാട്ടിൽ താമസമാക്കിയ അന്ന് ഞാൻ പോയി കണ്ടിരുന്നു. വളരെ സന്തോഷത്തോടെയാണ് പിരിഞ്ഞത്. ഞങ്ങളുടെ ആകെയുള്ള പെങ്ങൾ നാട്ടിൽ സ്ഥിര താമസമാക്കാൻ തീരുമാനിച്ചത് അറിഞ്ഞതിനാലും ഞങ്ങൾ ഏറെ സന്തുഷ്ടരായിരുന്നു. എന്നാൽ ആ സന്തോഷം ഏറെ നാൾ നിലനിന്നില്ല. നിർഭാഗ്യവശാൽ ജോൺ ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണപ്പെട്ടു.

ഹൃദയസ്തംഭനമാണെന്നാണ് ഡോക്ടർ സ്ഥിരീകരിച്ചത്. പിന്നെ ജീനുകൾ ഞങ്ങൾക്കുള്ളിൽ പാരമ്പര്യമായിത്തന്നെ ഉണ്ടെന്നു തന്നെ കൂട്ടിക്കോ.” അയാളൊന്നു നിർത്തി അല്പം വെള്ളം കുടിച്ചു. പിന്നെ തുടർന്നു.

“പിന്നെ ഞാനിവിടെ വരാനും താങ്കളെ കാണാനുമുള്ള കാരണം അവരാണ്. മാഗി. അവർക്കാണല്ലോ സ്വാഭാവിക മരണത്തെ ആത്മഹത്യയും കൊലപാതകവും ഒക്കെയാക്കേണ്ടത്. ”

മുഖത്തേക്ക് ഇരച്ചു കയറിയ നീരസം വിദഗ്ധമായി ഒളിപ്പിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“ഡോക്ടർ നൂറു ശതമാനം ഉറപ്പിച്ചു പറഞ്ഞ ഒരു വിഷയത്തിൽ സംശയം പ്രകടിപ്പിക്കുകയും ഇരുചെവി അറിയാതെ, അതായത് ഞങ്ങളോട് ഒന്നു കൂടിയാലോചിക്കുക പോലും ചെയ്യാതെ അവർ നിങ്ങളെ സമീപിക്കുകയാണ് ചെയ്തത്. അതിൽ എനിക്കൽപ്പം സുഖക്കുറവുണ്ടെന്നു തന്നെ നിങ്ങൾ കരുതിക്കോളൂ. മാത്രമല്ല നിങ്ങളുടെ അന്വേഷണത്തിന്‍റെ ഫലം നിങ്ങളുടെ അന്വേഷണത്തിന്‍റെ പിടിപ്പുകേടോ മറ്റെന്തെങ്കിലും കാരണത്താലോ ഞങ്ങളുടെ കുടുംബത്തിന് പ്രതികൂലമെങ്കിൽ അത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇപ്പോൾ ഞങ്ങളുടെ കേൾവികേട്ട പുഴ ശാന്തമായി ഒഴുകുകയാണ്. അതിൽ കല്ലു വലിച്ചെറിയുന്ന തരത്തിലുള്ള പോലാവരുത് നിങ്ങളുടെ പ്രവൃത്തികൾ.

ഒറ്റവാക്കിൽ പറയാം. നിങ്ങളീ അന്വേഷണത്തിൽ നിന്ന് പിൻമാറണം. അല്ലെങ്കിൽ ഞങ്ങളുടെ കുടുംബത്തിന് ദോഷം വരുത്താത്ത അന്വേഷണ ഫലം അതായത് ജ്യേഷ്ഠന്‍റെ മരണം സ്വാഭാവികമെന്ന റിസൽട്ട് മാഗിക്കു നല്കണം. എനിക്കവരോട് ഇതെക്കുറിച്ച് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് മാത്രമല്ല താത്പര്യവുമില്ല. മറ്റൊന്നുകൂടി എന്‍റെ ഈയൊരാവശ്യം അംഗീകരിക്കുവാനായി താങ്കൾക്ക് എന്തെങ്കിലും വ്യവസ്ഥ പറയാനുണ്ടെങ്കിൽ അതാവാം. ” അയാൾ പറഞ്ഞു നിർത്തി.

ഞാൻ അല്പനേരം അയാളെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അപ്പോൾ എന്‍റെ ഊഹം തെറ്റിയില്ല. എന്‍റെ അന്വേഷണ ഫലത്തെക്കുറിച്ച് ഡോക്ടർ സാമുവലും ഇദ്ദേഹവും ഭയപ്പെടുന്നു. അതു കൊണ്ട് ഇവർക്ക് ഈ മരണത്തിൽ പങ്കുണ്ട് എന്ന് അർത്ഥമില്ല. തറവാട്ടു മഹിമക്ക് കളങ്കം വരരുതെന്ന് ഇവർ ആഗ്രഹിക്കുന്നു.

സാമുവൽ ഡോക്ടറുടെ ഈ കുടുംബത്തോടുള്ള കടപ്പാട് മനസ്സിലാക്കാം. ഒരുപാടു ബിസിനസും ബന്ധങ്ങളുമൊക്കെയുള്ള ഇദ്ദേഹത്തിനും പ്രശ്നം തന്നെ. ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഇയാളെ പറഞ്ഞു മനസ്സിലാക്കുകയാണ് എനിക്ക് ചെയ്യാവുന്ന കാര്യം. ഇപ്പോൾ തോമ്മാച്ചൻ ലാബ്‌ റിപ്പോർട്ടുമായി വരും. അതിനു മുൻപ് ഇയാളെ പറഞ്ഞു വിടണം. അതു കൊണ്ട് മെല്ലെ പറഞ്ഞു തുടങ്ങി. അച്ചടി ഭാഷക്കാരനോട് അച്ചടി ഭാഷയിൽത്തന്നെ.

“സുഹൃത്തെ, താങ്കൾ പറഞ്ഞതെല്ലാം എനിക്കു മനസ്സിലായി. അതിനോട് പൂർണ്ണമായും യോജിക്കുന്നു. ശാന്തമായി ഒഴുകുന്ന പുഴ പ്രക്ഷുബ്ധമാക്കാൻ എനിക്കു ലവലേശം ആഗ്രഹമില്ല. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും, ഇവിടുത്തെ ജനങ്ങൾക്കുള്ള ആദരവും ഞാൻ ഉൾക്കൊണ്ടിട്ടുണ്ട്. ഞാൻ ഇവിടെ ഈ ഓഫീസ് തുടങ്ങി ഏതാനും ആഴ്ചയേ ആയുളളൂ. ഞാൻ അന്വേഷിക്കുന്ന അല്പം ദുരൂഹത മുറ്റിയ ഒരു വിഷയമാണിത്. മാഗി മാഡം ഈ വിഷയം അവതരിപ്പിച്ചപ്പോൾ തന്നെ തൊണ്ണൂറ്റൊമ്പത് ശതമാനം ആത്മഹത്യയോ കൊലപാതകമോ അല്ല എന്നാണ് സാഹചര്യത്തെളിവുകൾ കൊണ്ട് മനസ്സിലാക്കിയിട്ടുള്ളത്. സത്യം പറയാമല്ലോ ഇപ്പോഴും ആ ഊഹം തന്നെയാണ് നിലനിൽക്കുന്നത്.”

അതു പറഞ്ഞപ്പോൾ ചാർളിയുടെ മുഖത്ത് ഒരാശ്വാസത്തിന്‍റെ അനുരണനം പ്രസരിക്കുന്നതു കണ്ടു.

“പിന്നെ സാർ ഞാനിതൊരു ജോലിയായിട്ടാണ് കാണുന്നത്. എന്‍റെ കണ്ടെത്തൽ അതു സ്വാഭാവിക മരണമെന്നുള്ള കാര്യം ബന്ധപ്പെട്ട സാഹചര്യങ്ങളുടേയും വസ്തുതകളുടേയും അടിസ്ഥാനത്തിൽ അവരോട് സ്പഷ്ടമാക്കേണ്ടതുണ്ട്. അവരുടെ സംശയങ്ങൾക്ക് വിശ്വസനീയമായ സമീകരണം നല്കേണ്ടതുണ്ട്. ഇനിയിപ്പൊ മരണം അസ്വാഭാവികമെങ്കിലും! അതോടു കൂടി ഈ വിഷയത്തിലുള്ള എന്‍റെ പ്രവർത്തനം അവസാനിക്കും. പിന്നെ അതിൽപ്പിടിച്ച് തുടർന്നുള്ള നടപടിക്കൊരുമ്പെടുക എന്‍റെ ജോലിയുടെ ഭാഗമല്ല. ഞാൻ നല്കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എന്നെ ജോലിയേൽപ്പിച്ചവർ പിന്നീടെന്തു ചെയ്യുന്നു എന്ന് ഞാൻ അന്വോഷിക്കാറില്ല . തുടർന്നുള്ള അവരുടെ പ്രവർത്തനത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. പിന്നെ ഞാനീ അന്വേഷണം ഒഴിയണം എന്നു പറയുന്നതിൽ യാതൊരു അർത്ഥമില്ല. നിങ്ങളുടെ വ്യവസ്ഥകൾ സ്വീകരിച്ച് ഞാനീ ഉത്തരം തേടലിൽ നിന്നൊഴിഞ്ഞാൽ അവർ ഞാനല്ലെങ്കിൽ മറ്റൊരാളെ കണ്ടെത്തും. അതിൽ യാതൊരു സംശയമില്ല. ഞാൻ അത് വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്.

മാഗി മാഡം ഇതിനൊരു നൂറുശതമാനം വിശ്വസനീയമായ ഉത്തരം കിട്ടാതെ പിന്മാറുകയില്ല എന്നതുറപ്പാണ്. അപ്പോൾ നിങ്ങൾക്കെന്തു ഗുണം? ഏതായാലും ഞാനായി ശാന്തമായ പുഴയിൽ കല്ലെറിയില്ല. നൂറു ശതമാനം ഉറപ്പ്.”

അയാൾ നെറ്റിയിൽ ഉരുണ്ടുകൂടിയ വിയർപ്പു ചാലുകൾ ഒരു ടവ്വലെടുത്ത് തുടച്ചു. തന്നെ ഒന്നു ചുഴിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു.

“ശരി. നിങ്ങളെ വിശ്വസിക്കുന്നു. പന്ത് മാഗിയുടെ കോർട്ടിലെത്തുന്നേരം ഞാൻ നിങ്ങളുമായി വിശദമായി സംസാരിക്കുന്നുണ്ട്. നമ്മുടെ കുടുംബ പ്രശ്നമായിപ്പോയില്ലേ. ശരി. ഞാൻ ഇറങ്ങുന്നു. നന്ദി.”

അയാൾ എഴുന്നേറ്റ് ശരവേഗത്തിൽ ഇറങ്ങിപ്പോയി. പൂമരച്ചോട്ടിൽ നിറുത്തിയിട്ടിരിക്കുന്ന സ്വിഫ്റ്റ് കാറിൽ അയാൾ കയറിപ്പോകുന്നത് ജനലഴിയിലൂടെ കണ്ടു. എന്‍റെ മറുപടിയിൽ അയാളത്ര തൃപ്തനല്ല എന്നു വേണം കരുതാൻ. ഈയൊരു വരവോടെ പ്രശ്നങ്ങൾ തീർക്കാം എന്നായിരിക്കും അയാൾ കരുതിയത്. എല്ലാം വിലക്കു വാങ്ങിയായിരിക്കും ശീലം. ഏതായാലും അയാളോട് പറഞ്ഞതിൽ ചെറിയൊരു പിഴവ് പറ്റി. ശതമാനം പറഞ്ഞതിൽ തിരിച്ചായിരുന്നു സത്യം. ആ സത്യം തുറന്നു പറഞ്ഞിരുന്നെങ്കിൽ അയാളിവിടെ നിന്ന് ഇത്ര വേഗം പോകുകയില്ലായിരുന്നു.

പതിനൊന്നു മണി കഴിഞ്ഞിരുന്നു. ബാൽക്കണിയിൽ വെറുതെ നടക്കുന്നതിനിടയിൽ തോമാച്ചനെ കാണുന്നില്ലെന്ന് വിചാരിച്ചുകൊണ്ടു വഴിത്താരയിലേക്കു കണ്ണ്പായിച്ചപ്പോൾ താഴെ തോമാച്ചൻ റോഡ് ക്രോസ്സ് ചെയ്യുന്നു. ഒരൊറ്റ നിമിഷം എവിടെ നിന്നോ ചീറി വന്ന ബൈക്ക് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ തോമാച്ചനരികിലൂടെ കടന്നു പോയി. ആ അപ്രതീക്ഷിതമായ ചടുല വേഗത്തിന്‍റെ അലയൊലിക്കൊടുവിൽ കണ്ടത് തോമാച്ചൻ റോഡിൽ കിടക്കുന്നതാണ്. ഗോവണി ഇറങ്ങി താഴെ റോഡു മുറിച്ച് ചെന്നപ്പോഴേക്കും വഴിയാത്രക്കാരായ രണ്ടാളുകൾ തോമാച്ചനെ പൊക്കിയെഴുന്നേൽപ്പിച്ചിരുന്നു. തോമാച്ചന്‍റെ ഷർട്ടിൽ പുരണ്ട മണ്ണൊക്കെ തട്ടിക്കളഞ്ഞ് ഒരാൾ ആശ്വാസത്തോടെ പറഞ്ഞു.

“ഹൊ ഭാഗ്യം ഒന്നും പറ്റിയില്ല. ആ വണ്ടീടെ പോക്ക് കണ്ടപ്പോ ആളു തീർന്നൂന്നാ കരുതിയേ.”

അതെ ഭാഗ്യം കാര്യമായി ഒന്നും പറ്റിയിട്ടില്ല. ചീറിപ്പാഞ്ഞു ബൈക്കു വന്നപ്പോൾ പൊടുന്നനെ പുറകോട്ടു മാറി. ബാലൻസ് കിട്ടാതെ ഒന്നിരുന്നു പോയി. കൈ കുഴയുടെ ഭാഗത്ത് തൊലിയൽപ്പം അടർന്നിട്ടുണ്ട്. മറ്റ് പരിക്കുകൾ ഒന്നും കാണുന്നില്ല. നടക്കാനൊന്നും പ്രയാസമില്ല. ഒരു കൈ തോളിലിട്ടു കൊണ്ട് തോമാച്ചനേയും കൂട്ടി റോഡ് മുറിച്ചു കടന്നു. ബൈക്കിന്‍റെ നമ്പർ എന്തെങ്കിലും കാണാൻ പറ്റിയോ എന്നു ചോദിച്ചപ്പോൾ ഏതു ബ്രാൻഡ് ബൈക്കാണെന്നു പോലും മനസ്സിലാക്കാൻ പറ്റിയില്ലെന്നായിരുന്നു മറുപടി.

അതെ ഞാനുമൊരു മിന്നായം പോലെയെ കണ്ടുള്ളൂ. ഒരു കറുത്ത പൾസർ ബൈക്ക് ആണെന്നു തോന്നുന്നു. ബൈക്കോടിച്ചിരുന്നയാൾ കറുത്ത മഴക്കോട്ട് ധരിച്ചിരുന്നു. അതിനോടു ചേർന്ന ഹെൽമറ്റും. പിരിയൻ ഗോവണി കയറുമ്പോൾ തോമാച്ചനിൽ വലിയ പ്രയാസമൊന്നും കണ്ടില്ല. ഡോക്ടറെ ഒന്നു കണ്ടു കളയാമെന്ന് പറഞ്ഞപ്പോൾ അല്പനേരം വിശ്രമിച്ച ശേഷം പരവേശം തോന്നുന്നുണ്ടെങ്കിൽ ആലോചിക്കാമെന്നായി തോമ്മാച്ചൻ.

തോമാച്ചനെ സോഫായിലിരുത്തി ഡെറ്റോൾ മുക്കിയ പഞ്ഞി കൊണ്ട് മണ്ണുപുരണ്ടിരുന്ന മുറിഭാഗം വൃത്തിയാക്കി. ഒരോയിൽമെന്‍റ് പുരട്ടി. ആശ്വാസം തോന്നിയ തോമ്മാച്ചൻ ചാഞ്ഞു വിശ്രമിച്ചു. പരിക്കിനേക്കാളുപരി ഭയമാണ് തോമാച്ചനെ കീഴ്‌പ്പെടുത്തിക്കളഞ്ഞതെന്ന് എനിക്കു തോന്നി. തെല്ലിട കഴിഞ്ഞ് ഒരു മസാലച്ചായയും റസ്റ്റോറന്‍റിൽ നിന്നും വരുത്തിയ ചീസ് ബർഗറും കൂടികഴിച്ചതോടെ അയാൾ ഉഷാറായി. പ്രസന്നചിത്തനായി കഥകൾ പറയാനാരംഭിച്ചു.

പൊടിപ്പും തൊങ്ങലും വച്ച സാഹസികകഥകൾ അനവരതം തുടരുന്നതിനിടെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു വച്ച ലാബ്‌ റിപ്പോട്ട് എടുത്ത് അയാൾ അഭിമാനത്തോടെ മേശക്കു മുകളിൽ വച്ചു. തോമാച്ചന്‍റെ അടുത്ത ഒരു സുഹൃത്തായതിനാൽ മാത്രമാണ് ഞാൻ ഏൽപ്പിച്ച സാധനങ്ങൾ അവർ പരിശോധിക്കാൻ തയ്യാറായതെന്ന് തോമാച്ചൻ എടുത്തു പറഞ്ഞു. ആ അവകാശവാദം നൂറു ശതമാനം അംഗീകരിച്ച് തോമാച്ചനെ പുകഴ്ത്തിക്കൊണ്ട് നന്ദിയറിയിച്ചു.

തോമാച്ചനെ തെല്ലുനേരം വിശ്രമിക്കാൻ വിട്ട് ലാബ് റിസൽട്ട് അടങ്ങിയ കവറുമെടുത്ത് കംപ്യൂട്ടറിനു മുന്നിലെ കസേരയിലിരുന്നു. കവർ തുറന്ന് റിപ്പോർട്ട് വായിക്കാനാരംഭിച്ചു. സംശയം തോന്നിയ ചില സാങ്കേതിക പദങ്ങളുടെ അർത്ഥം കയ്യോടെ കംപ്യൂട്ടറിൽ അന്വേഷിച്ച് മനസ്സിലാക്കി. റിപ്പോർട്ടിലെ വിശദാംശങ്ങൾ മെല്ലെ മനസ്സിലാക്കുമ്പോൾ നെറ്റിയിൽ നിന്ന് വിയർപ്പു ചാലുകൾ അനസ്യൂതം കവിളിലേക്ക് കിനിഞ്ഞിറങ്ങാൻ തുടങ്ങി. തറവാടിയായ മിസ്റ്റർ ചാർളി! ഞാൻ താങ്കളോടു പറഞ്ഞ തൊണ്ണൂറ്റൊമ്പതു ശതമാനം ഒറ്റനിമിഷം കൊണ്ട് പൂജ്യം ശതമാനത്തിലെത്തിയല്ലോ അല്ലെങ്കിൽ മി. സാം ഡിക്രൂസ് താങ്കളുടെ ഒരു ശതമാനം പൂജ്യത്തിലേക്ക് താണുപോയിരിക്കുന്നു. അതിനാൽ അന്വേഷണത്തിന്‍റെ അന്തിമഘട്ടവും പൂർത്തിയായി എന്നു തന്നെ പറയാം.

ഇനിയീ വിഷയത്തിൽ ഒരു കാര്യം മാത്രമേ അറിയാനുള്ളൂ. ഈ പ്രവൃത്തി ചെയ്യാൻ കുറ്റവാളിക്ക് എവിടെ നിന്നാണ് സഹായം ലഭിച്ചത് എന്നുള്ളത്. അതു കണ്ടെത്താൻ വലിയ വിഷമമില്ല. എന്‍റെ അടുത്ത ഒരു സ്ത്രീ സുഹൃത്തിന് ഇക്കാര്യത്തിൽ തീർച്ചയായും സഹായം നല്കാൻ കഴിയും. എനിക്കുള്ള സംശയത്തിന്‍റെ മിഴിമുന കുറ്റം ചെയ്ത വ്യക്തിയിലേക്ക് നീണ്ടപ്പോൾ തന്നെ ഞാൻ അവരെ വിളിച്ച് വിവരങ്ങൾ ഒന്ന് അറിയണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്‍റെ മറ്റു കണക്കുകൂട്ടലുകൾ ശരിയെങ്കിൽ മാത്രമേ ഞാൻ വിളിക്കുകയുള്ളൂ എന്നും അപ്പോൾ മാത്രമേ എനിക്ക് വിവരങ്ങൾ തരേണ്ടതുള്ളൂ എന്നും ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ ദുരൂഹമായി കൊട്ടിയടക്കപ്പെട്ട ഒരു പറ്റം വഴികൾ ഒരുമിച്ചു തുറന്നിരിക്കുന്നു. ആ വഴികളെല്ലാം തന്നെ എത്തിക്കുന്നത് ആ ഒരു സത്യത്തിലേക്കാണ്. ഒരേ ഒരു സത്യത്തിലേക്ക്. തുറന്നു നോക്കാതിരുന്ന ഗബ്രിയുടെ ഇമെയിലുകൾ പരിശോധിച്ചു. സത്യത്തിൽ അവ പരിശോധിക്കേണ്ട ആവശ്യമില്ല. എങ്കിലും അവയിൽ വിശദീകരിച്ച ലക്ഷണങ്ങൾ എല്ലാം തന്നെ എന്‍റെ നിരീക്ഷണത്തോട് നൂറു ശതമാനവും ചേർന്നു പോകുന്നവ തന്നെയാണ്.

തോമാച്ചനെ ഒന്നിടങ്കണ്ണിട്ടു നോക്കിയപ്പോൾ അയാൾ കാലു സോഫയിൽ വച്ച് ചെറു മയക്കത്തിലാണ്. ഉറങ്ങട്ടെ. ആ ഭയവും ക്ഷീണവും മാറിക്കൊള്ളട്ടെ. തെല്ലിട കഴിഞ്ഞ് ബാൽക്കണിയിൽ അല്പനേരം പോയി നിന്നു.

അല്പം ദൂരെ പേരിനു മാത്രം ഇലപ്പടർപ്പുള്ള പൂമരത്തിന്‍റെ ഇലയടരുകളിൽ നിന്നും ചുകന്ന പൂക്കൾ പൊഴിഞ്ഞു വീഴുന്നതു കാണാം. ആ പൂമരത്തിന്‍റെ വിസ്തൃതമായ തണുത്ത തണലിൽ ചുകന്ന പൂക്കളുടെ ഒരു വിരിപ്പു വിരിച്ചതെന്ന് തോന്നും. പൊഴിഞ്ഞു വീഴുന്ന പൂവിനെ നോക്കിച്ചിരിക്കുന്ന ഇലപ്പടർപ്പിനിടയിലെ പൂക്കളുടെ ആയുസ്സ് അടുത്ത ശക്തിയേറിയ കാറ്റടിക്കുന്നതിനിടക്കുള്ള ക്ഷണനേരമെ ഉള്ളൂ.

മനസ്സിൽ തൊഴിൽപരമായ സത്യസന്ധതയുടെയും ധാർമ്മികതയുടേയും ദ്വന്ദയുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. ചിലപ്പോൾ ധാർമ്മികത സത്യസന്ധതയെ കീഴ്പ്പെടുത്തും. ക്ഷണനേരം കൊണ്ട് മത്സരത്തിൽ സത്യസന്ധത മുൻതൂക്കം നേടും. അന്തിമ വിജയം ഇപ്പോഴും നിശ്ചയിക്കാറായില്ല. ഏതായാലും ഒന്നു രണ്ടു ദിവസം കഴിഞ്ഞേ അന്തിമ വിവരങ്ങൾ മാഡത്തോട് വെളിപ്പെടുത്താനാവൂ. വിശാലമായി ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

ഒരു ഞരക്കം കേട്ട് തിരിഞ്ഞു നോക്കി. തോമാച്ചൻ സോഫയിൽ നിന്ന് എണീറ്റിരിക്കുന്നു. നോക്കിയപ്പോൾ ദേഹം മുഴുവൻ തടവുകയാണ്. ഇടതു കയ്യിന്‍റെ കുഴ ഊതി നിറച്ച ബലൂൺ പോലെ നീരുവന്നു വീർത്തിരിക്കുന്നു. പരിക്കുകളില്ലെന്നാണ് കരുതിയത്. ഇതേതായാലും വച്ചു കൊണ്ടിരിക്കാൻ പറ്റില്ല. ഡോക്ടറെ കാണിക്കണം.

തോമാച്ചൻ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും അതൊന്നും ഗൗനിക്കാതെ നിർബന്ധപൂർവ്വം കേക്കു വണ്ടിയിൽ പിടിച്ചിരുത്തി. നെൽസൻ തന്നു വിട്ട സാധനങ്ങൾ എടുത്ത് വണ്ടിയിൽവച്ചു. പതുക്കെ ഡ്രൈവ് ചെയ്യലാണ് അഭികാമ്യം. തോമാച്ചന്‍റെ ദേഹം വല്ലാതെ കുലുങ്ങിക്കൂടാ. ഇവിടുത്തെ റോഡൊക്കെ ഒരു പരുവമാണ്. തോമാച്ചന് ബുദ്ധിമുട്ടാകാതെ പതുക്കെ വണ്ടി ഓടിച്ചു.

ഡോക്ടറെ കാണിക്കണമെന്ന് നിശ്ചയിച്ചപ്പോൾ ആദ്യം മനസ്സിൽ വന്ന പേര് സാമുവൽ ഡോക്ടറുടെ ആയിരുന്നു. ഉടനെത്തന്നെ ഡോക്ടറെ വിളിച്ച് ടോക്കൺ ബുക്കു ചെയ്തു. അര മണിക്കൂറിനകം ക്ലിനിക്കിലെത്തി. വണ്ടി പാർക്കു ചെയ്ത് തോമാച്ചനെയും താങ്ങി ബോഗൻ വില്ല ഗേറ്റ് തുറന്ന് ക്ലിനിക്കിലേക്ക് പ്രവേശിക്കുമ്പോഴാണ് ക്ലിനിക്കിന് വലതു വശത്ത് പാർക്കു ചെയ്തിരിക്കുന്ന കാർ ശ്രദ്ധയിൽ പെട്ടത്. കറുത്ത അമ്പാസിഡർ കാർ. നല്ല പരിചയം തോന്നി. ഇത്തരം കാറുകൾ പൊതുവെ അപൂർവ്വമായതിനാലാണ് പെട്ടെന്ന് ശ്രദ്ധയിൽ വന്നത്.

എലവുത്തിങ്കൽ തറവാട്ടിലെ കാറാണതെന്ന് നിമിഷ വേഗത്തിൽ മനസ്സു പറഞ്ഞു. അതെ! യാതൊരു സംശയവുമില്ല. ആ സംശയത്തിന് സാധൂകരണമായി ആ വീട്ടിലെ സെക്യൂരിറ്റി ഗാർഡ് അവിടെ ചുറ്റിപ്പറ്റി നടക്കുന്നതു കണ്ടു. ക്ലിനിക്കു മുന്നിലെ വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ തോമാച്ചനെ ഇരുത്തി ടോക്കൺ എത്രയായെന്ന് നോക്കുവാൻ എഴുന്നേറ്റപ്പോഴാണ് ക്ലിനിക്കിന്‍റെ വാതിൽ തുറന്നു വരുന്നവരെ കണ്ടത്. മാഗി മാഡവും മകളും!

എന്നെ കണ്ടതും അവർ മന്ദഹസിച്ചു കൊണ്ട് അടുത്തുവന്നു. മകളാകട്ടെ മുഖം ഉയർത്താതെ താഴേക്കു നോക്കിക്കൊണ്ടു നിൽക്കുകയാണ് ചെയ്തത്. എന്താണിവിടെ? എന്നവർ ആരാഞ്ഞപ്പോൾ തോമാച്ചനു സംഭവിച്ച അപകടം ഞാൻ വിവരിച്ചു. താഴേക്കു നോക്കിക്കൊണ്ടു നിന്ന അലീനയുടെ കൈവിരലുകളിലെ ബാൻഡേജ് അപ്പോഴാണ് എന്‍റെ ശ്രദ്ധയിൽ പെട്ടത്. ചോദിക്കുന്നതിനു മുൻപു തന്നെ മാഗി മാഡം പറഞ്ഞു തുടങ്ങി.

“മോളു ഇന്നലെ ബാത്റൂമിലൊന്നു വഴുതി. വീഴാൻ പോയപ്പോ എവിടെയോ പിടിച്ചു. അതെല്ലാം കൂടി കൈ കുത്തി വീണു. കുഴപ്പമൊന്നുമായില്ലെന്നാണ് കരുതിയത്. ഇന്നു രാവിലെ വേദന കൂടി. വിരലിൽ ചെറിയ ഫ്രാക്ചർ ഉണ്ട്. എക്സ് റേ എടുത്തപ്പോൾ വിരലിലെ ബോണിൽ ചെറിയ വര. ഒരാഴ്ച കൈയധികം അനക്കേണ്ടെന്നു ഡോക്ടറു പറഞ്ഞു. ഓരോ കഷ്ടകാലം ഇങ്ങനെ തീർന്നു പോകുന്നു. അല്ലാതെന്തു പറയാൻ.”

പൊതുവെ സമയം മോശമാണെന്നു ഞാൻ തോമാച്ചനെ ചൂണ്ടി പറഞ്ഞപ്പോൾ അവർ തലകുലുക്കി സമ്മതിച്ചു.

തുടർന്ന് യാത്ര പറഞ്ഞ് അവർ വേഗം പോകാനൊരുങ്ങി. അലീനയപ്പോഴും മുഖമുയർത്തുക പോലും ചെയ്യാതെ താഴേക്കു നോക്കി നോക്കി നടന്നു കാറിൽ കയറി ഇരുന്നു. ഈ പ്രായത്തിലുള്ള കുട്ടികൾ ഇങ്ങിനെയാണ്‌. മറ്റുള്ളവരെ അഭിമുഖീകരിക്കുവാൻ വല്ലായ്മ കാണിക്കും.

അവർ പോയതും തോമാച്ചന്‍റെ നമ്പർ വിളിച്ചു. തോമാച്ചനൊടൊപ്പം റൂമിൽ കയറി ഡോക്ടറെ കണ്ടു. തെല്ലൽഭുതം കൂറിയ മിഴിയോടെ ഡോക്ടർ തോമാച്ചനെ പരിശോധിച്ചു തുടങ്ങി. റോഡിൽ തെന്നി വീണതെന്നു പറഞ്ഞു. പരിശോധന കഴിഞ്ഞു കൈമുട്ടിലെ മുറിവു ഡ്രസ്സു ചെയ്യാൻ നേഴ്സിനെ ഏൽപ്പിച്ചു. തുടർന്ന് ചില മരുന്നുകൾ കുറിച്ചു തന്നു. കൈ മുട്ടിൽ എന്തെങ്കിലും ഫ്രാക്ചറിനു സാധ്യതയുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ല അങ്ങനെയുണ്ടെങ്കിൽ നീരുവന്നു കയറും എന്നു പറഞ്ഞു. പിന്നെ പെട്ടെന്നൊരു ചോദ്യവും.

“മി. സാം അന്വേഷണമൊക്കെ എന്തായി? തീർന്നോ?”

അനവസരത്തിലുള്ള അദ്ദേഹത്തിന്‍റെ ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ല വിമ്മിഷ്ടം പുറത്തു കാട്ടാതെ നടക്കുന്നു എന്നു പറഞ്ഞൊഴിഞ്ഞ് ഡോക്ടറുടെ ഫീസു കൊടുത്തു. അപ്പോഴേക്കും തോമ്മാച്ചൻ കൈമുട്ടിലൊരു ബാൻഡേജുമായി പുറത്തു വന്നിരുന്നു. ഡോക്ടറോടു നന്ദി പറഞ്ഞ് പുറത്തിറങ്ങി. സമയം സന്ധ്യയോടടുക്കുന്നു.

തോമാച്ചന് വേണ്ട മരുന്നു വാങ്ങി വീട്ടിൽ കൊണ്ടുവിടണം. എന്നിട്ടേ എനിക്ക് എന്‍റെ കൂടണയാൻ പറ്റൂ. ഉപ്പുരസം കലർന്ന കടൽക്കാറ്റിനെ കീറി മുറിച്ച് കേക്കു വണ്ടി മുന്നോട്ടു നീങ്ങി. സർപ്പത്തിനെപോലെ സീല്കാരശബ്ദത്തെ ഉയർത്തിക്കൊണ്ടു കടൽ കാറ്റ് ചീറിയടിച്ചു. പൊടുന്നനെയാണ് അന്തരീക്ഷം ആകെ ഇരുണ്ട് കറുത്ത് മഴ പെയ്തു തുടങ്ങിയത്. വഴിത്താരക്കിരുവശവും ചുറ്റിത്തിരിഞ്ഞിരുന്ന ആളുകൾ ചിതറി നാലുപാടും പായാൻ തുടങ്ങി.

ആ തിരക്കിനിടയിലും വഴിത്താരക്കു വലതുവശത്ത് ആ വഴിയിലൂടെ പോകുന്ന ഓട്ടോകൾക്കെല്ലാം കൈകാണിച്ചുകൊണ്ട് പരവശനായി നിൽക്കുന്ന ഒരു പയ്യനെ ശ്രദ്ധയിൽപെട്ടു. അവൻ കൈകാണിക്കുന്ന ഓട്ടോകളൊന്നും നിർത്തുന്നില്ല. അവനെക്കണ്ടതും തോമാച്ചൻ പിറുപിറുത്തു.

“ദാ ഇതാണാ പാൽക്കാരൻ സണ്ണി.”

അവനു പിന്നിൽ പരുങ്ങി നിന്ന പെൺകുട്ടിയെ നല്ല പരിചയം. ആളെ വേഗം തന്നെ മനസ്സിലായി. അതല്ലേ മാഗി മാഡത്തിന്‍റെ വീട്ടിൽ നിക്കണ പെണ്ണ്. ജാൻസി അതെ അതവൾ തന്നെ! എംഎസ്‌ ഓഫീസ് പഠനം ഇപ്പോൾ ബീച്ചിലാണ് നടക്കുന്നത്….

Novel: സമുദ്രമുഖം ഭാഗം- 10

റെയിൽവേ സ്റ്റേഷനിൽ വച്ച് എന്നെ യാത്രയാക്കുമ്പോൾ നെൽസൽ ഒന്നു കൂടെ ചോദിച്ചു. വന്ന കാര്യം നടന്നോ എന്ന്. ഞാൻ കൈ പിടിച്ച കുലുക്കി വന്ന കാര്യം നൂറു ശതമാനവും നടന്നെന്ന് അറിയിച്ചു. അത്ഭുതം നിറഞ്ഞ മിഴിയോടെ അയാൾ ഒരു പാക്കറ്റ് ഏൽപ്പിച്ച് തോമാച്ചന് നല്കണമെന്ന് അറിയിച്ചു. അതെന്താണെന്നു ചോദിച്ചപ്പോൾ കാന്‍റീൻ ഐറ്റംസ് ആണെന്നു പറഞ്ഞ് അതിന്‍റെ ബില്ലും തന്നു. ട്രെയിനിൽ ആ പാക്കറ്റ് യഥാസ്ഥാനത്തു വച്ചു തന്ന് നെൽസൻ പോയി.

ട്രെയിനിൽ ഇരിക്കുമ്പോൾ അന്വേഷണത്തിന്‍റെ ഒരു ഘട്ടം കഴിഞ്ഞ പോലെ ആശ്വാസം തോന്നി. ട്രെയിൻ കോലാഹലമുണ്ടാക്കിക്കൊണ്ട് നീങ്ങിത്തുടങ്ങി. ഇനി അന്വേഷണത്തിന്‍റെ രണ്ടാം ഘട്ടം നെൽസനെപ്പോലെ സഹായമനസ്ഥിതിയുള്ള നല്ല സുഹൃത്തുക്കൾ ഉള്ള തോമാച്ചന്‍റെ റിപ്പോർട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. തോമാച്ചനെപ്പറ്റി ഓർത്തതേ ഉള്ളൂ. അവന്‍റെ ഫോൺ കോൾ. ലാബ് റിപ്പോർട്ട് നാളെ രാവിലെ പത്തുമണിക്ക് മുന്നേ കിട്ടുമെന്ന്. അതും കൊണ്ട് രാവിലെത്തന്നെ ഓഫീസിലെത്താമെന്ന് അവൻ അറിയിച്ചു. വരുമ്പോൾ നെൽസൻ തന്നയിച്ചിട്ടുള്ള കാന്‍റീൻ സമ്മാനങ്ങൾ കൈമാറാമെന്നും അറിയിച്ചു. അവൻ ഫോൺ വച്ചതും മറ്റൊരു കാൾ ട്രൂ കാളറിൽ നിന്നും മനസ്സിലായത്ചാർളി എലവുത്തിങ്കൽ!

അല്പനേരം ചിന്തയിലാണ്ടു,  ഫോൺ എടുത്തില്ല. പിന്നെയും മി. ചാർളി. തെല്ലിട കഴിഞ്ഞ് ഉത്കണ്ഠയോടെ ഫോണെടുത്തു. മറുതലക്കൽ നിന്ന് ഘനഗംഭീരമായ ശബ്ദം.

“മി. സാം അല്ലേ?”

“അതെ നിങ്ങളാരാണ്?”

“ഞാൻ ചാർലി. ബിസിനസ്സുകാരനാണ്. എന്നെ അറിയാതിരിക്കാൻ വഴിയില്ല. എനിക്ക് താങ്കളുമായി നേരിട്ട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. വ്യക്തിപരമായ വിഷയങ്ങളാണ്. അതിനായി നിങ്ങളെ അന്വേഷിച്ച് വന്നിരുന്നു. നിങ്ങൾ സ്ഥലത്തില്ലെന്നാണ് നിങ്ങളുടെ ഓഫീസിനടുത്തുള്ള റസ്റ്റോറന്‍റ് മാനേജർ പറഞ്ഞത്. നിങ്ങളെപ്പോഴാണ് ഓഫീസിലെത്തുക?”

“അല്ല ഫോണിലൂടെ സംസാരിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?” അയാളെ നേരിൽ കാണുന്നത് ഒഴിവാക്കാനായി ഞാൻ പറഞ്ഞു.

അയാൾ പൊടുന്നനെ പ്രതികരിച്ചു. “നേരിട്ടു കണ്ടു സംസാരിക്കേണ്ട വിഷയമാണ്. എപ്പോഴാണ് ഓഫീസിൽ കാണുക?“

“ഞാൻ നാളെ പതിനൊന്നു മണിക്ക് ഓഫീസിലുണ്ടാകും.” മറുപടി പറഞ്ഞ് ഫോൺ കട്ടു ചെയ്തു.

ചാർലി എലവുത്തിങ്കൽ. പതുക്കെയേ സംസാരിച്ചുവെങ്കിലും ആ സംസാരത്തിൽ നിന്നു തന്നെ അയാളുടെ ആജ്ഞാശക്തിയും താൻപോരിമയും വ്യക്തം. എലുവത്തിങ്കൽ കുടുംബത്തിലെ ഏറ്റവും ധനാഢ്യനും സ്വാധീനശക്തിയുമുള്ള ബിസിനസ്സ് മാഗ്നറ്റിന് എന്നെ നേരിട്ടു കാണേണ്ടുന്ന ആവശ്യമെന്ത്? എന്‍റെ ഫോൺ നമ്പർ അയാൾ സംഘടിപ്പിച്ചതെവിടുന്ന്? എന്‍റെ അന്വേഷണത്തെക്കുറിച്ച് അയാൾ അറിഞ്ഞിട്ടുണ്ട്. ആരാണ് തീർത്തും രഹസ്യാത്മകമായ ആ വിവരം അയാളിലെത്തിച്ചത്? മേഗി മാഡം ആയിരിക്കില്ല. പിന്നെ?

ചാർളിക്ക് ഈ സംഭവവുമായി ബന്ധമുണ്ടെങ്കിൽ ഇതുവരെയുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കെട്ടിപൊക്കിയവ ചീട്ടുകൊട്ടാരം പോലെ തകരും. ഇതു വരെ ചാർലി സംശയത്തിന്‍റെ നിഴലിൽ വന്നിട്ടില്ല. സഹോദരനെന്നു അറിഞ്ഞതിൽ കവിഞ്ഞ് ജോൺ സാറുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടതായി പറഞ്ഞു കേട്ടുമില്ല.

റിയൽ എസ്‌റ്റേറ്റും മറ്റു കനപ്പെട്ട ബിസിനസ്സ് നടത്തുന്ന ചാർലി അതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പണമിടപാട് മൂത്തസഹോദരനുമായി ഉണ്ടായിരിക്കുമോ? അങ്ങനെ എന്തെങ്കിലും ഇടപാടുണ്ടെങ്കിൽ മാഗി മാഡം അറിയും. അതെക്കുറിച്ചൊന്നും എന്നോട് സൂചിപ്പിച്ചില്ല. തന്നെയുമല്ല സഹോദരനെങ്കിലും യാതൊരു അടുപ്പവുമില്ലാത്ത പോലെയാണ് ചാർളിയെക്കുറിച്ച് എന്നോട് പറഞ്ഞത്. ഏതായാലും മാഗി മാഡത്തോട് ചാർളിയെക്കുറിച്ച് ഒന്നു സംസാരിക്കണം.

ഞാൻ അന്വേഷണത്തിലാണെന്നും എന്‍റെ നമ്പർ മനസ്സിലാക്കിയതും എങ്ങനെയെന്നതിന് സമീകരണം ഡോക്ടർ സാമുവൽ ആണ് എന്നാണ് എനിക്ക് തോന്നുന്നത് . എലവുത്തിങ്കൽ കുടുംബത്തോട് കടുത്ത കൂറുള്ള ഡോക്ടർ സാമുവൽ. കുടുംബത്തിന് ഏതെങ്കിലും തരത്തിലുള്ള അഭിമാനക്ഷതം നേരിട്ടാൽ അതു കണ്ടു നിൽക്കാൻ കഴിയാത്ത ഡോക്ടർ സാമുവൽ.

മാഗി മാഡത്തിൽ നിന്നും എന്തെങ്കിലും വിവരങ്ങൾ കൈമാറാനുണ്ടെന്ന് പറഞ്ഞ് എന്‍റെ നമ്പർ വാങ്ങിയിരിക്കണം. എലവുത്തിങ്കൽ കുടുംബത്തിലെ എല്ലാവരുമായും അടുപ്പമുള്ള അയാൾ ചാർളിക്കത് കൈമാറിയിരിക്കണം. ഞാനെന്തെങ്കിലും അപ്രിയ സത്യം പുറത്തു കൊണ്ടുവരുമെന്ന് അയാൾ ഭയപ്പെടുന്നു. അങ്ങനെയെന്തെങ്കിലും അപ്രിയ സത്യങ്ങൾ കണ്ടെത്തിയെങ്കിൽ മാഗി മാഡത്തോടു വിവരം പറഞ്ഞ് ഞാൻ ഒഴിവായി പോകുകയേ ഉള്ളൂ. അതിനപ്പുറം ഞാനെന്തെങ്കിലും പ്രവർത്തിക്കുമോ എന്നയാൾ ഭയപ്പെടുന്നുണ്ടാകാം. അപ്പോൾ കാര്യമിതു തന്നെയാണ് .

ഞാൻ അന്വേഷണം ഇനി തുടരാതെ അവസാനിപ്പിക്കുവാനും നിലവിൽ ജോൺ സാറിന്‍റെ മരണത്തെക്കുറിച്ച് എന്താണോ തീരുമാനിക്കപ്പെട്ടിരിക്കുന്നത് അതുപോലെത്തന്നെ ഇരിക്കുവാൻ യുക്തമായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടാനുമായിരിക്കും ചാർളി എന്നെ കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതായാലും മാഗി മാഡം ഒഴിച്ച് , ചാർളിയെന്നല്ല ആരു പറഞ്ഞാലും ഞാനീ അന്വേഷണത്തിൽ നിന്നും പിൻമാറുന്ന പ്രശ്നമില്ല. മാത്രമല്ല ഈ ചാർളിയും ഇനി മുതൽ എന്‍റെ അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നതായിരിക്കും.

തലേന്ന് നല്ലപോലെ ഉറങ്ങിയെങ്കിലും എന്തുകൊണ്ടോ ഉറക്കക്ഷീണം വിട്ടുമാറിയിരുന്നില്ല. ഇടക്ക് ഒന്നു രണ്ടു ചായ കുടിച്ചെങ്കിലും രുചികരമായോ ഉൻമേഷ ദായകമായോ തോന്നിയില്ല. വിരസമായ യാത്രയിൽ ബാഗിൽ കരുതിയ ഒരു പുസ്തകമെടുത്ത് തുറന്ന് ഒന്നു രണ്ടു പേജ് വായിക്കാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ ചിതറുന്നു. പുസ്തകം അടച്ചു വച്ച് നെൽസൻ തന്ന കാൻറീൻ ബോക്സും എന്‍റെ ബാഗും ചേർത്ത് തലയിണയാക്കി മുകളിലെ ബർത്തിൽ കയറിക്കിടന്നു.

മുഖത്തിനു നേരെ ഒച്ചയുണ്ടാക്കിക്കൊണ്ട് കറങ്ങുന്ന ചെറിയ ഫാൻ അതിന്‍റെ അലോസരപ്പെടുത്തുന്ന മൂളിക്കറക്കം. അതാരെങ്കിലും ഓഫ് ചെയ്തിരുന്നെങ്കിൽ! ഒരു വലിയ വണ്ടിന്‍റെ ചുറ്റിത്തിരിയുമ്പോഴുള്ള ഇരമ്പൽ പോലെ അതെന്നെ അലോസരപ്പെടുത്തികൊണ്ടിരുന്നു. ആ മൂളിപെരുക്കം നിർത്താനുള്ള സ്വിച്ച് എവിടെയാണാവോ? താഴെ ഡിജിറ്റൽ വായനയിൽ മുഴുകി ഇരിക്കുന്ന ഒരു വൃദ്ധനെ വിളിച്ചെങ്കിലും അയാൾ കേട്ട മട്ടില്ല. ഒടുവിൽ ശ്രമം ഉപേക്ഷിച്ച് തിരിഞ്ഞു കിടന്നു.

ഓഫീസിലെ മധ്യഭാഗം ഉരുണ്ടു വീർത്ത ഫാനിന് എന്തു പഴക്കം കാണും? ചുരുങ്ങിയത് നാല്പത് വർഷം. ചെറുപ്പത്തിൽ ആ ഷോപ്പിൽ പോകുമ്പോഴൊക്കെ ഞാനതു ശ്രദ്ധിക്കാറുണ്ട്. ഇന്നും ഫാനിൽ നിന്ന് യാതൊരു ശബ്ദവും ഇല്ല. പഴയ നിർമ്മിതികളുടെ ഈടും ഗുണവും. അതിന്‍റെ ചിറകുകൾ വെള്ളനിറം മങ്ങി മഞ്ഞച്ചു പോയിട്ടുണ്ട്. അതൊന്ന് പെയിന്‍റ് ചെയ്ത് വെൺമ വീണ്ടെടുക്കണം.

ട്രെയിനിന്‍റെ ശബ്ദം നേർത്തുനേർത്ത് ശമിക്കുന്നതായി തോന്നി. വിചിത്രമായ ശബ്ദത്തിൽ ചായയെന്ന് വിളിച്ച് പറഞ്ഞിരുന്നയാളുടെ ശബ്ദവും അകന്നകന്ന് ഇല്ലാതായി.

പറഞ്ഞതു പോലെത്തന്നെ പതിനൊന്നു മണിക്ക് ചാർളി ഹാജരുണ്ട്. ഊഹിച്ച പോലെത്തന്നെ കറുത്തു തടിച്ചു ഭീമാകായനായ ഒരാൾ. വെളുത്ത ജുമ്പയും മുണ്ടും വേഷം. അയാൾ വന്ന ഭീമാകാരമായ കറുത്ത കാർ പൂമരത്തിന്‍റെ ചോട്ടിൽ പാർക്കു ചെയ്തിരിക്കുന്നത് ജനലഴിയിലൂടെ കണ്ടു. അയാളങ്ങനെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. പൊടുന്നനെ മുന്നോട്ടാഞ്ഞ് അയാൾ കൈ തന്ന് മുഴക്കമുള്ള ശബ്ദത്തിൽ പറഞ്ഞു. ഞാൻ ചാർളി. ഇയാളുടെ വിചിത്രമായ പെരുമാറ്റത്തിന്‍റെ നാനാർത്ഥങ്ങൾ തേടുകയായിരുന്നു എന്‍റെ മനസ്സ്. അയാൾ കൈ പിൻവലിച്ചപ്പോഴാണതു ശ്രദ്ധിച്ചത് ആ കൈയ്യിൽ ആറു വിരലുകൾ! പൊടുന്നനെ മനസ്സിലേക്ക് ഒരു ഭയം ഇരച്ചു കയറി. അയാൾ പറയാനാരംഭിച്ചു

”നിനക്കറിയാമല്ലോ എന്‍റെ ജേഷ്ഠൻ ജോണിനെ? അയാളെ ഞാൻ കൊന്നതാണ്. നീയന്വേഷിച്ചു നടക്കുകയല്ലേ? എങ്കിൽ നീയറിഞ്ഞോ ദുഷ്ടനായ അയാളെ ഞാൻ കഴുത്തുഞെരിച്ചു കൊന്നു. ഇനി നീ പറ നിനക്കെന്തു ചെയ്യാൻ പറ്റും? ഒരുപാടു പേരെ കൊന്നു തള്ളിയിട്ടുള്ളവനാ ഈ ചാർളി. വേണ്ടിവന്നാൽ നിന്നെയും കൊല്ലും. നിന്‍റെ കാമുകി ഉണ്ടല്ലോ അവളെയും കൊല്ലും.” ഇതു പറഞ്ഞയാൾ പൊട്ടിച്ചിരിച്ചു.

കാലിന്‍റെ പെരുവിരലിൽ നിന്നാരംഭിച്ച വിറയൽ ശരീരം മുഴുവൻ പടർന്നു കയറിയ പോലെ. അവിടെ നിന്നെഴുന്നേറ്റ് ഇറങ്ങി ഓടിയാലോ എന്നാലോചിച്ചു. എന്നാൽ ഇരിപ്പിടത്തിൽ നിന്നും അനങ്ങാൻ പോലുമാകുന്നില്ല. അങ്ങനെയിരിക്കെയാണ് വാതിൽ തുറന്ന് ഒരാൾ കടന്നു വന്നത്. അയാളുടെ മുഖത്ത് നോക്കിയപ്പോൾ അമ്പരന്ന് പോയി. കുക്ക് സെബാസ്റ്റ്യൻ ഇയാളെങ്ങനെ ഇവിടെ വന്നു. ആലോചിച്ച് തല പെരുക്കുന്ന പോലെ തോന്നി. കുക്കിനെക്കണ്ടതും ചാർളി എഴുന്നേറ്റ് അലറി.

“ഇവനെ ജീവനോടെ വിടരുത് അതപകടമാണ്‌.”

യാതൊരു ഭാവഭേദവും കൂടാതെ കുക്ക് വന്ന് എന്‍റെ കഴുത്തിൽ പിടുത്തമിട്ടു. ബലിഷ്ഠമായ കൈകൊണ്ടയാൾ എന്‍റെ കഴുത്തിനെ വരിഞ്ഞു മുറുക്കുകയാണ്. ആ ബഹളത്തിനിടയിൽ കുക്കിന്‍റെ മങ്കിത്തൊപ്പി നിലത്തു വീണു. അപ്പോഴാണ് ചാർളിയുടെ ആറു വിരലുള്ള കൈ ജുബയുടെ പോക്കറ്റിലേക്കു ഇറങ്ങുന്നതായി കണ്ടത്. ആ കൈതിരിച്ചുവന്നത് ഒരു റിവോൾവറുമായി. അതയാൾ പൊടുന്നനെ എന്‍റെ തലക്കു നേരെ നീട്ടിപ്പിടിച്ചു. ശ്വാസം നിലച്ചുപോയ നിമിഷങ്ങൾ.

റിവോൾവറിന്‍റെ കുഴലുകളുടെ അഗ്രം നെറ്റിയിൽ സ്പർശിച്ചു. ലോഹത്തിന്‍റെ തണുപ്പ് നെറ്റിയിൽ നിന്നും താഴേക്കു അരിച്ചിറങ്ങുന്നു. മരണത്തിന്‍റെ തണുപ്പ്. കനത്ത പ്രതിധ്വനി കേൾപ്പിച്ചു കൊണ്ട് റിവോൾവർ രണ്ടാവർത്തി ശബ്ദിച്ചു. നെറ്റിയിൽ നിന്ന് കിനിഞ്ഞിറങ്ങി ശരീരമാസകലം പടരുന്ന ചോര. നിമിഷ നേരം കൊണ്ട് ശരീരമാസകലം ചോരയിൽ കുളിച്ചിരിക്കുന്നു.

പൊടുന്നനെയാണ് ചാർളി റിവോൾവൾ ജൂബക്കുള്ളിലേക്ക് തുരുകി ചാടിയെഴുന്നേറ്റത്. എഴുന്നേറ്റതും വലതു വശത്തേക്കു തിരിഞ്ഞ് ഞാൻ ഇരുന്നിരുന്ന കസേരയടക്കം ഒറ്റത്തള്ളൽ. കസേരയടക്കം ഞാൻ പുറകോട്ടു മറിഞ്ഞു വീണു. കുക്കും ചാർളിയും അടച്ചിട്ട വാതിൽ ചവിട്ടിത്തുറന്ന് പുറത്തേക്കു പോകുന്നതു കണ്ടു. ഞാനാകട്ടെ നിലയില്ലാത്ത കയത്തിലേക്കാണ് വീണതെന്നു തോന്നി. ആ കടലാഴത്തിലേക്ക് ഞാൻ ഊളിയിട്ടി‌റങ്ങുകയാണ്. ശ്വാസം മുട്ടുന്നു. ശ്വാസം കിട്ടാതെ അര നിമിഷം പോലും പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. കഴിഞ്ഞു. എല്ലാം അവസാനിച്ചു.

ചായ വില്പനക്കാരന്‍റെ വിചിത്രമായ തുളച്ചു കയറുന്ന ഒച്ച അടുത്തേക്കു വരുന്നു. അവ ചെറുമുഴക്കങ്ങളായി ചെവിയിൽ കമ്പനം തീർക്കുകയാണ്. ഞെട്ടി കണ്ണു തുറന്നു. പരിസരത്തെ ഉൾകൊള്ളാൻ ബോധമനസ്സു അല്പം സമയമെടുത്തു ദേഹമാസകലം വിയർപ്പിൽ കുളിച്ചിട്ടുണ്ട്. തീർത്തും യാഥാർഥ്യമാണോ എന്ന് തോന്നിപ്പോകുന്ന ഒരു സ്വപ്നം.

ആ ചായക്കച്ചവടക്കാരൻ ഒച്ച വച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അടുത്ത രംഗം. ആഴങ്ങളിൽ നിന്നും ആഴങ്ങളിലേക്കുള്ള യാത്രയാവാം. ചിലപ്പോൾ സ്വപ്നങ്ങളിൽ പരസ്പര ബന്ധമില്ലാത്ത സംഭവത്തിന്‍റേയും വ്യക്തികളുടെയും കെട്ടുപിണച്ചിലുണ്ടായി കാണാറുണ്ട്. യാതൊരു ബന്ധമില്ലാത്ത കുക്കും ചാർളിയും സ്വപ്നത്തിൽ ഒരുമിച്ചു. അല്ല ബന്ധമില്ല എന്ന് എങ്ങനെ പറയാൻ കഴിയും? ചാർളി എപ്പോഴെങ്കിലും ജേഷ്ഠന്‍റെ ക്വാർട്ടേഴ്സിൽ പോയിരിക്കാം. സെബാസ്റ്റ്യൻ കുക്കിനെ പരിചയപ്പെട്ടിരിക്കാം.

കുക്കിന്‍റെ പ്രകൃതമനുസരിച്ച് ഉന്നതങ്ങളിൽ ബന്ധം സ്ഥാപിച്ചെടുക്കാനുള്ള കരവിരുത് അയാൾക്കുണ്ട്. അത് പൊരിച്ചമീനിലൂടെയോ അതോ മത്തികറിയിലൂടെയോ എന്ന് അറിയാൻ വയ്യ. ഏതായലും ചാർളിയുടെ സഞ്ചാരങ്ങൾ എനിക്ക് ദുരൂഹമായിത്തന്നെ തുടരുന്നു. ഇക്കാര്യത്തിൽ ചാർളിക്കുള്ള താത്പര്യങ്ങൾ നാളെ അറിയാം. ഏതായാലും ചാർളിയെ അഭിമുഖീകരിക്കുന്നത് കരുതലോടെ വേണം. റിവോൾവർ കയ്യിലുണ്ടെങ്കിലോ?

സ്ലീപ്പർ ബർത്തിൽ നിന്ന് വേഗം താഴെയിറങ്ങി ചായക്കാരനോട് ചായ പറഞ്ഞു. ഫോണിൽ മാപ്പ് നോക്കിക്കൊണ്ട് ചായ കുടിക്കുമ്പോൾ ഒന്നു ഞെട്ടി. പത്തു മിനിറ്റേ ഇറങ്ങേണ്ട സ്റ്റേഷനിലോട്ടുള്ളൂ. ഏതായാലും ചായക്കാരൻ സഹായിച്ചു. സ്വപ്നവും ഉറക്കവും കുറെക്കൂടി നീണ്ടു പോയെങ്കിൽ എന്തായേനെ സ്ഥിതി.

തോമാച്ചൻ വിളിക്കുന്നു. മാഗി മാഡത്തിന്‍റെ വീട്ടിൽ പാലെത്തിച്ചു നല്കുന്ന സണ്ണിയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തോമാച്ചന് സന്ദേശമയച്ചിരുന്നു. അയാളെക്കുറിച്ച് എനിക്കറിയാവുന്ന വിവരങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. തോമാച്ചൻ കഥ പറയാനാരംഭിച്ചു.

അയാൾ രാവിലെത്തന്നെ ബൈക്കോടിച്ച് കവലയിലെത്തി വഴിയോരത്തെ ഒരു ചായക്കടയിൽ കയറി. ഒരു ചായ കുടിച്ചു കൊണ്ട് ചായക്കടക്കാരനോട് സണ്ണിയെപ്പറ്റി അന്വേഷിച്ചു. കടക്കാരന് സണ്ണിയെ നന്നായറിയാം. ആ ചായക്കടയിലും പാലു കൊടുക്കുന്നതു സണ്ണിയാണ്. കോപ്പറേറ്റീവ് കോളേജിൽ പഠിക്കുന്ന സണ്ണിയല്ലേ എന്നു ചോദിച്ചപ്പോൾ അവൻ കോളേജിലൊന്നും പോകുന്നില്ല കംപ്യൂട്ടറെന്തോ പഠിക്കാൻ പോകുന്നുണ്ട് എന്ന അറിവേ ചായക്കടക്കാരനുള്ളൂ. ഏതായാലും സണ്ണിയുടെ വീട്ടിലേക്കുള്ള വഴി കൃത്യമായി ചായക്കടക്കാരൻ പറഞ്ഞു തന്നു.

വീടെത്തുന്നതിനു മുൻപെ സണ്ണിയെ പരിചയപ്പെട്ടു. അയാളുടെ വീട്ടിലേക്കുള്ള വഴിയിൽ ഒരു സംശയം തോന്നിയത് ചോദിച്ചത് സണ്ണിയോട് തന്നെ ആയിരുന്നു. അങ്ങനെ സംസാരിച്ച് തുടങ്ങി പരിചയമായി. ജോൺ സാറിന്‍റെ വീട്ടിലെ സംഭവം പറഞ്ഞു തുടങ്ങിയപ്പോൾ ആദ്യം അവൻ ദേഷ്യപ്പെട്ട് പോകാനൊരുങ്ങി. പിന്നെയതിന്‍റെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ പയ്യൻ വിറക്കാൻ തുടങ്ങി. ആ സംഭവത്തിനു ശേഷം താൻ പാലു കൊടുക്കാൻ പോകാറില്ല. അമ്മയാണ് പോകാറ് എന്നു പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട് ഒന്നു പേടിപ്പിച്ചപ്പോൾ അന്നുണ്ടായ സംഭവം അവൻ വിവരിച്ചു തന്നു. അതിപ്രകാരമായിരുന്നു.

ജോൺ സാറിന്‍റെ വീട്ടിൽ സഹായിക്കാൻ നിൽക്കുന്ന കുട്ടിയുമായി അടുപ്പമുണ്ട്. കംപ്യൂട്ടർ ക്ലാസ്സിൽ ചേർന്നത് കംപ്യൂട്ടർ പഠനത്തോടൊപ്പം മറ്റു ചില ലക്ഷ്യങ്ങളും മുന്നിൽ കണ്ടായിരുന്നു. ജോൺ സാറിന്‍റെ വീട്ടിൽ ദിവസവും അമ്മയായിരുന്നു പാൽ കൊടുത്തു കൊണ്ടിരുന്നത്. പിന്നെ അമ്മക്കൊരു സഹായമാകുമെന്ന് കരുതി ആ ജോലി ഏറ്റെടുത്തു.

ജോൺ സാറിന്‍റെ മരണം നടന്ന ദിവസം അതിരാവിലെ പാലും കൊണ്ട് വീടിനു പുറകിലുള്ള ഗേറ്റിലൂടെ അടുക്കളയിലെത്തി. ആ വഴിയിലൂടെയാണ് സ്ഥിരം പോകാറ്. അടുക്കളയിൽ ജാൻസി തലേന്നത്തെ പാത്രം കഴുകി വക്കുകയായിരുന്നു. എനിക്കത് ഇഷ്ടപ്പെട്ടില്ല. എനിക്കു വല്ലാതെ ദേഷ്യം വന്നു. ഇപ്പണിയൊക്കെ നീയെന്തിനാ ചെയ്യുന്നതെന്ന് ചോദിച്ച് പെട്ടെന്ന് അവളുടെ കൈയ്യിൽ പിടിച്ചു. അവളാകെ പേടിച്ചു. അപ്പോൾ കഴുകി വച്ചിരുന്ന പാത്രമെല്ലാം തട്ടി മറിഞ്ഞു വീണു വലിയ ഒച്ചയായി. പിന്നെ അങ്ങോട്ട് ആരെങ്കിലും വരുമെന്ന് വിചാരിച്ച് അവിടെ നിന്നില്ല. പാൽപ്പാത്രം ഒരു മൂലക്ക് വച്ച് ഓടിപൊയ്ക്കളഞ്ഞു. ഇതേ ഉണ്ടായുള്ളൂ. പിന്നെയാണ് ജോൺ സാർ മരണപ്പെട്ട കാര്യമൊക്കെ അറിഞ്ഞത്.

ഇതും പറഞ്ഞു പരിഭ്രമിച്ചു നിന്ന സണ്ണിയെ നല്ല വാക്കു പറഞ്ഞ് ആശ്വസിപ്പിച്ചു. പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് പൊയ്ക്കൊള്ളാൻ പറഞ്ഞു.

തോമാച്ചൻ കഥ പറഞ്ഞ് നിറുത്തിയതും ട്രെയിൻ തനിക്കിറങ്ങേണ്ട സ്റ്റേഷനിൽ എത്തിയതും ഒരുമിച്ചായിരുന്നു. നാളെ ലാബ് റിസൽട്ട് കൊണ്ടുവരുന്ന കാര്യം ഒരിക്കൽ കൂടെ ഓർമ്മിപ്പിച്ച് നന്ദി പറഞ്ഞ് ഫോൺ കട്ടു ചെയ്തു. ബാഗുകളെല്ലാമെടുത്ത് ട്രെയിനിൽ നിന്നും ധൃതിയിൽ പുറത്തിറങ്ങി. പുറത്തിറങ്ങിയതും തണുപ്പ് പടർത്തി തിരത്തള്ളിയ കാറ്റു ആസ്വാദിച്ചു അൽപനേരം നിന്നു. തുടർന്നു ഒരു ടാക്സി വിളിച്ചു ലഗേജുകൾ ഓഫീസിലെത്തിച്ച് വീട്ടിലേക്ക് തിരിച്ചു.

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

കടപ്പുറം. സന്ധ്യ… ഹേമന്ത് തനിച്ചാണോയെന്ന ചോദ്യം കേട്ട് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ ടീച്ചർ…

കാലത്തിന്‍റേതായ യാതൊരു പരുക്കുകളുമില്ലാത്ത ദേഹത്തിൽ പഴയ പ്രസന്നതയിൽ…

ടീച്ചർ തനിച്ചാണോയെന്ന് ചോദിച്ചില്ല. ഭർത്താവിന്‍റെ മരണശേഷം ടീച്ചറെ എവിടേയും തനിച്ചേ കണ്ടിട്ടുള്ളൂ… എന്‍റെ സിഗരറ്റ് വലിച്ച് കറുത്ത ചുണ്ടിലേക്ക് നോക്കി ഹേമന്ത് നീയങ്ങ് വളർന്നു പോയല്ലോയെന്ന് ടീച്ചർ പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ച് നിന്നതേയുള്ളൂ.

താഴ്ന്ന ക്ലാസ്സിൽ പഠിച്ചിരുന്നപ്പോഴും മുന്തിയ ക്ലാസ്സിൽ പഠിച്ചിരുന്നപ്പോഴും ടീച്ചറുടെ വീട്ടിലെ ട്യൂഷൻ കൂടെ കഴിഞ്ഞേ എനിക്ക് സ്കൂൾ വിട്ടാലും വീട്ടിലെത്താനാവൂ…

വീട്ടിലെത്തിയാലും അമ്മ കാപ്പിയും പലഹാരങ്ങളുമൊക്കെ തന്ന് പാഠപുസ്തകങ്ങൾക്ക് മുന്നെ പിടിച്ചിരുത്തും. ഉറക്കം വന്ന് തൂങ്ങുമ്പോഴാകും അമ്മ അവിടെ നിന്ന് എന്നെ എഴുന്നേൽപ്പിക്കുക. ചിലപ്പോ രാത്രി ഭക്ഷണമൊന്നും കഴിക്കാതെയാവും ഉറങ്ങുക.

താൻ നല്ലൊരു പഠിപ്പിസ്റ്റാവണമെന്ന് അച്ഛനെക്കാൾ ആഗ്രഹം അമ്മയ്ക്കായിരുന്നു. ഇങ്ങനെ പഴയ കാലങ്ങളെ ഒരിക്കൽ കൂടെ ഓർത്തെടുക്കുമ്പോൾ ടീച്ചർ ചോദിച്ചു.

“ഹേമന്ത് ആ രാമൻ നായരെ അറിയോ?” ഞാൻ അറിയാമെന്ന ഭാവത്തിൽ തല കുലുക്കി.

നഗര ഹൃദയത്തിൽ തന്നെ അയാൾക്കൊരു സ്റ്റേഷനറി ഹോൾസെയിൽ കടയുണ്ട്.

കച്ചവടത്തിനായി നേർച്ചയർപ്പിക്കപ്പെട്ട ജീവിതമാണ് അയാളുടെതെന്നൊരു കുഴപ്പമേയുള്ളൂ.

ഒരു ദുശ്ശീലത്തിനും കീഴ്പ്പെടാത്ത ആൾ. സുമുഖൻ, സുന്ദരൻ. ടീച്ചറുമായി നല്ല ചേർച്ചയാകും അയാൾക്ക്… ഒരു മകൻ മാത്രമാണ് അയാൾക്കുള്ളത്.

പിന്നെ ആർക്ക് വേണ്ടിയാ അയാളിങ്ങനെ സമ്പാദിച്ച് കൂട്ടണതെന്നാ അയാളെ അറിയുന്നവരൊക്കെ ചോദിക്കുന്നത്. അയാളുടെ ഭാര്യ കടുത്ത ഹൃദരോഗിയാണെന്ന് ഹേമന്തിന് അറിയാമല്ലോ? അവർ അടുത്ത് തന്നെ മരിക്കും. അവർ മരിച്ചാൽ പിന്നെ എന്നെ വിവാഹം കഴിക്കണമെന്നാ അയാളുടെ ആഗ്രഹം.

ഈ ആവശ്യാർത്ഥം അയാളെത്ര കുറിയായി എന്‍റെ വീട്ടിൽ വരുന്നു. ഇങ്ങനെയൊരു ആവശ്യവുമായി വരരുതെന്ന് പറഞ്ഞിട്ടും അയാൾ വരുന്നുണ്ട്. ചിലപ്പോ സുഖമില്ലാത്ത ഭാര്യയേയും കൂട്ടി. അവരും താണുകേണ് പറയാറുണ്ട്. ഈ ബന്ധത്തിന് സമ്മതിക്കണമെന്ന്. ആൺതുണയില്ലാത്ത വീടാണ് തന്‍റേതെന്നും കണ്മുന്നിൽ രണ്ട് പെൺകുട്ടികളാണ് ഉള്ളതെന്ന് പറഞ്ഞിട്ടും ഈ ആവശ്യത്തിന്‍റെ ലഹരിയിൽ അയാളിതൊക്കെ മറന്ന് വീണ്ടും വരും.

ഹേമന്തിനറിയില്ലേ ഞാനുമെന്‍റെ ഭർത്താവുമായുണ്ടായിരുന്ന ജീവിതം… ഗൾഫിൽ നിന്ന് ലീവിന് വന്നിട്ട് ഒരു രാത്രി ഉറങ്ങാൻ കിടന്നതാണ്. പിന്നെ ഉണർന്നില്ല…

ഇപ്പോഴും അദ്ദേഹം മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല.

അങ്ങനെയെങ്കിൽ എനിക്കിങ്ങനെ ജീവിച്ചിരിക്കാനാവില്ല. സാധാരണ ഭാര്യ ഭർത്താക്കന്മാരെ പോലൊരു പിണക്കമോ കലഹമോ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. അങ്ങനെയൊന്നിന്നും ഇടം തരാത്ത വിധം ഭാര്യ മക്കൾ അവരോടുള്ള സ്നേഹം അതിനായാണ് അദ്ദേഹം ജീവിച്ചത്.

അദ്ദേഹം മരിക്കുമ്പോൾ മക്കൾ മുതിർന്നിരുന്നില്ല.

എന്നിട്ടും ഞാനവരെ വളർത്തി. അച്‌ഛനില്ലാത്ത കുട്ടികളെന്ന ഫീൽ അനുഭവിപ്പിക്കാതെ… അവർക്കൊന്നിനുമൊരു കുറവും വരുത്തിയിട്ടില്ല. വസ്ത്രത്തിനും ആഹാരത്തിനും ആഹ്ദളാത്തിനും…

ചിലരൊക്കെ പറയാറുണ്ട്. ടീച്ചറേയും മക്കളേയും കണ്ടാൽ ചേച്ചിയും അനിയത്തിമാരുമാണെന്നേ തോന്നുവെന്ന്. മൂത്തവൾ നിയമത്തിനും ഇളയവൾ മെഡിസിനും പഠിക്കുന്നു.

ഞാനിപ്പോഴും ഓർക്കുന്നുണ്ട്.

ടീച്ചറുടെ ഭർത്താവ് ഗൾഫിൽ നിന്ന് വന്നാൽ പിന്നെ പിറ്റേ ദിവസം ടീച്ചർ ക്ലാസിലെത്തുക ഫോറിൻ പെന്നും പെൻസിലും വാസനയുള്ള റബറുമായൊക്കെയാണ്.

എന്നിട്ട് മറ്റാരും കാണാതെ തനിക്കത് കൈമാറാൻ ശ്രമിക്കുമ്പോൾ താനത് കൈപ്പറ്റാൻ മടിക്കുമ്പോൾ ടീച്ചർ പറയും.

പ്ലീസ് ഹേമന്ത് ഇത് വാങ്ങൂ. നിന്നോടിഷ്ടമുള്ളത് കൊണ്ടല്ലേ ഞാനിതൊക്കെ നിനക്ക് കൊണ്ട് വന്ന് തരുന്നതെന്ന്.

സത്യത്തിൽ, സെയിൽ ടാക്സ് ഓഫീസർ മൂർത്തിയുടെ മകന് ഇതിന്‍റെയൊക്കെ ആവശ്യമുണ്ടായിരുന്നോ? അനാവശ്യമായിരുന്നു അത്.

സ്റ്റേറ്റ്സിൽ നിന്ന് അമ്മാവന്മാരും ഗൾഫിൽ നിന്ന് ഇളയച്ഛന്മാരും അയക്കുന്നതിന് പുറമേയായിരുന്നു അത്.

ഞാൻ സ്കൂൾ ഫൈനൽ പാസായ ശേഷമാണ് അച്‌ഛൻ ദൂരെയുള്ള ഒരു പട്ടണത്തിലേക്ക് ട്രാൻസ്ഫറായത്. പിന്നെ അവിടെയായി തുടർ വിദ്യാഭ്യാസം… ഈ വിവരം ധരിപ്പിക്കുവാനായി ടീച്ചറുടെ വീട്ടിൽ ചെന്നപ്പോഴും ടീച്ചറൊന്നേ പറഞ്ഞുള്ളൂ. നല്ലോണം പഠിക്കണം…

അവിടെയെത്തിയ ശേഷം കുറച്ച് നാൾ ടീച്ചർ ഫോണിൽ വിളിച്ച് വിശേഷങ്ങളൊക്കെ തിരക്കുമായിരുന്നു. പ്രത്യേകിച്ചും പഠന കാര്യങ്ങൾ. പിന്നെ എപ്പോഴോ അതും നിലച്ചു…

ടീച്ചറോട് ഞാൻ മക്കളെ തിരക്കി.

അവർ സുഖമായിരിക്കുന്നുവെന്നും ഇടക്ക് അവർ നിന്നെ തിരക്കാറുണ്ടെന്നും ടീച്ചർ പറഞ്ഞു. ടീച്ചറെ പോലൊരു അമ്മയെ കിട്ടിയതാണാ കുട്ടികളുടെ ജന്മസുകൃതം… അടുത്ത് തന്നെ രാമൻ നായരുടെ ഭാര്യ മരിക്കും….

അപ്പോളയാളുടെ ജീവിത സഖിയാകാനുള്ള ക്ഷണവുമായി അയാൾ വരും.

അന്നേരം ഞാനെന്ത് മറുപടിയാ ഹേമന്ത് അയാളോട് പറയുക…

ടീച്ചറുടെ ഈ ചോദ്യത്തിന് ഞാനെന്ത് ഉത്തരമാണ് പറയുക?

രാമൻ നായരെ ടീച്ചർ വിവാഹം കഴിക്കണമെന്നോ. അങ്ങനെ ഞാൻ പറഞ്ഞാലുമത് നടക്കണമെന്നില്ലല്ലോ. പിന്നെ എന്തിലും ഏതിലും അവരവരുടെ തീരുമാനമല്ലേ മറ്റൊരാൾ പറയുന്നതിനെക്കാളും മുന്നിട്ട് നിൽക്കുക?

ഇങ്ങനെയൊരുപാടു വേവലാതികളാൽ വിയർത്തും ഒരു ഉത്തരത്തിന്‍റെയും സാന്ത്വനത്തിലേക്ക് എത്താനാവാത്തതിന്‍റെ മൗനത്തെ ആചരിച്ചും കൊണ്ട് ഞാൻ ടീച്ചർക്ക് മുന്നെ നിന്നു…

Novel: സമുദ്രമുഖം ഭാഗം- 9

തിരുവനന്തപുരത്തേക്ക് ഒരു ട്രെയിൻ ടിക്കറ്റ് ബുക്കു ചെയ്യുമ്പോഴാണ് മാഗി മാഡം വിളിച്ചത്. ശബ്ദം കേട്ടപ്പോൾ വല്ലാതെ പരിക്ഷീണയെന്നുതോന്നി. അന്വേഷണത്തിലുള്ള പുരോഗതിയെക്കുറിച്ചാണ് അവർക്കറിയേണ്ടത്. ഒപ്പം ബാലിശമായ ഒരു കാര്യവും അവർ പങ്കുവച്ചു. അവരുടെ ഭർത്താവ് സ്വപ്നത്തിൽ ഇടക്കിടെ സന്ദർശിക്കാൻ വരുന്നുണ്ടെന്ന്! ഇന്നലെ രാത്രി സ്വപ്നത്തിൽ വന്ന് ഒരു പാട് സംസാരിച്ചത്രെ. തറവാടിനോട് ചേർന്ന് ഒരു സ്വമ്മിംഗ് പൂൾ നിർമ്മിക്കാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞു പോലും.

ഒരുപാട് ആഗ്രഹങ്ങൾ കൊണ്ടു നടന്ന് പൂർത്തീകരിക്കാതെ പോയൊരാൾ. എനിക്ക് വ്യസനം തോന്നി. ഞാൻ മാഡത്തെ ആശ്വസിപ്പിച്ചു. ഒരാഴ്ചക്കകം ജോൺ സാറിന്‍റെ മരണത്തിന്‍റെ കാരണത്തെക്കുറിച്ചുള്ള വ്യക്തമായ ഒരുത്തരം നല്കാമെന്ന് ഉറപ്പുകൊടുത്തു. അത് കേട്ടപ്പോൾ അവർ തെല്ലു ശാന്തയെന്നു തോന്നി. ഞാനത് അവരെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം പറഞ്ഞതായിരുന്നില്ല. എൺപതു ശതമാനം ഞാനാ ഉത്തരത്തെ സമീപിച്ചിരിക്കുന്നു. ബാക്കിയുള്ള ഇരുപതു ശതമാനത്തിൽ പതിനഞ്ച് ശതമാനം തോമസ്സിന്‍റെ കൈകളിലാണ്. പിന്നീടുള്ള അഞ്ചു ശതമാനം എന്‍റെ തിരുവനന്തപുരം യാത്രയിലൂടെ വെളിവാകുമെന്നാണ് പ്രതീക്ഷ.
യാത്ര തിളച്ചുരുകി തിരതല്ലുന്ന വെയിൽ ബോഗിയിലെ ജനലഴികളെ ചുട്ടുപഴുപ്പിച്ചിരുന്നു. അതിനെ തഴുകി തലോടി ബോഗിക്കുള്ളിലേക്ക് അലയടിച്ചെത്തുന്ന ചൂടുപിടിച്ച കാറ്റിനു ചുട്ടുപഴുത്ത ഇരുമ്പിന്‍റെ ഗന്ധം. ട്രെയിനകത്തെ അസുഖകരമായ ഗന്ധം. ആ കാറ്റിനോട് ഇഴചേർന്നു ഉഷ്ണവും ആ ഗന്ധവും ഇടചേർന്നു പടർന്നു പിടിക്കുമ്പോൾ വേഗം ലക്ഷ്യമെത്തണമെന്ന് അതിയായി ആഗ്രഹിച്ചു പോകുന്നു.

മരണപ്പെട്ടവന്‍റെ സ്വപ്നദർശനം. താൻ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് സ്വപ്നത്തിലൂടെ വേണ്ടപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിൽ എപ്പോഴെ കേസുമടക്കാമായിരുന്നു. സ്വമ്മിംഗ് പൂളിന്‍റെ കാര്യമാണ് സ്വപ്ന ദർശനത്തിലൂടെ കാണപ്പെട്ട വ്യക്തി പറഞ്ഞത്. മരിക്കുന്നതിന്‍റെ തലേന്ന് അതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സിന്‍റെ സഞ്ചാരം.

പത്തുനൂറു കൊല്ലം മുൻപ് താൻ കൊല്ലപ്പെട്ടതെങ്ങനെ എന്നും ആരാണ് അപായപ്പെടുത്തിയതെന്നും സ്വപ്നത്തിലൂടെ സ്വന്തം അമ്മക്ക് മകൾ വിവരിച്ചു കൊടുത്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. കോടതിയും ആ വാദം എന്തുകൊണ്ടോ അംഗീകരിച്ചു. പോസ്റ്റുമോർട്ടം ചെയ്യാതെ അടക്കിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ഉത്തരവിടുകയായിരുന്നു. അതെത്തുടർന്ന് മൃതദേഹം പുറത്തെടുക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. ആ റിസൽട്ടിൽ നിന്നും വ്യക്തമായത് മകൾ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുകയായിരുന്നു എന്നാണ്. തുടർന്ന് ആ അമ്മ തനിക്ക് നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന സ്വപ്നദർശനത്തിൽ മകൾ ചൂണ്ടിക്കാട്ടിയ കൊലയാളിയായ ആ വ്യക്തിയെക്കുറിച്ച് പോലീസിനെ ധരിപ്പിക്കുകയായിരുന്നു.

നിർഭാഗ്യവശാൽ ആ വ്യക്തി അവളുടെ ഭർത്താവ് തന്നെയായിരുന്നു. അയാൾ തന്നെയാണ് തുടക്കത്തിൽ പോസ്റ്റ്മോർട്ടത്തിന് വൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നത്. തുടർന്ന് പോലീസ് ഭർത്താവിനെ ചോദ്യം ചെയ്യുകയും അയാൾ കുറ്റം ഏൽക്കുകയും ചെയ്തു അതേത്തുടർന്ന് കോടതി തക്കതായ ശിക്ഷ അയാൾക്കായി നൽകുകയും ചെയ്തു. അങ്ങനെ ഈ സംഭവം ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു.

ഇവിടെ മാഗി മാഡത്തിന്‍റെ കാര്യമെടുത്താൽ അവർക്ക് അനുഭവവേദ്യമായ സ്വപ്ന ദർശനത്തിൽ ഭർത്താവ് സിമ്മിംഗ് പൂളിന്‍റേയും മറ്റു പലകാര്യങ്ങളുമാണ് സംസാരിക്കുന്നത്. അതല്ലാതെ തന്‍റെ മരണത്തെക്കുറിച്ചുള്ള യാതൊരു സൂചനകളും പുള്ളി നൽകുന്നില്ല എന്നുള്ളത് ഒരു തമാശക്കായി ആലോചിച്ചു. കേസന്വേഷണത്തിന് ഗുണകരമായ എന്തെങ്കിലും സൂചനകൾ നല്കിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായിത്തന്നെ ഞാൻ ആഗ്രഹിച്ചു പോകുകയാണ്.

പൊതുവെ യാത്രകൾ ഇഷ്ടമല്ല. ദൂരയാത്രകളാണെങ്കിൽ പറയുകയും വേണ്ട. തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിലെ യാത്രക്കൊരുമ്പെടാറുള്ളൂ. അധികം ദൂരമില്ലെങ്കിലും യാത്രകൾ എല്ലായ്‌പോഴും മനസ്സിനെ മഥിച്ചു കൊണ്ടേ ഇരിക്കും. യാത്രയിലുടനീളം അപരിചിതത്വത്തിന്‍റെ ഗന്ധവും ദൃശ്യവും തിരതല്ലുന്ന സ്ഥലരാശികൾ. അപരിചിതരായ ആളുകൾ. അവരുടെ ദുർഗ്രഹമായ ശരീരഭാഷകൾ. ഇപ്പോൾ തന്നെ നോക്കു. നേരെ എതിർവശത്തിരിക്കുന്ന കറുത്തുതടിച്ച ഒരാൾ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നതെന്തിനാണ്? അയാളിൽ നിന്നും ദൃഷ്ടി പിൻവലിച്ചു ജനലഴിയിലൂടെ പുറംകാഴ്ചകൾ ശ്രദ്ധിക്കുന്നതായി ഭാവിച്ചപ്പോൾ ഇടിമുഴക്കം പോലെ അയാളിൽ നിന്നൊരു ചോദ്യം,

“മൊബൈൽ ചാർജർ ഒന്ന് തരാമോ?”

അപ്പോൾ തന്നെ ചാർജർ എടുത്തു കൊടുത്തു. സമാധാനം! ചാർജർ ഇനി തിരിച്ചു തന്നിലെങ്കിലും കുഴപ്പമില്ല. ഇങ്ങനെ തുറിച്ചു നോക്കി പേടിപ്പിക്കരുത്. ഏതായാലും ആ മാന്യൻ ഇറങ്ങേണ്ട ഇടമെത്തിയപ്പോൾ ചാർജർ തിരിച്ചു തന്ന് നന്ദി പ്രകാശിപ്പിച്ചു. സന്തോഷം!

അങ്ങനെ അല്പം ഉറങ്ങിയും പുസ്തകം വായിച്ചു തീർത്തും ഒടുവിൽ മിനിറ്റുകൾ എണ്ണിത്തീർത്ത മടുപ്പിക്കുന്ന യാത്രക്കു ശേഷം ഇറങ്ങേണ്ട ഇടമെത്തി. തോമാച്ചൻ എന്നെ ഏല്പിച്ചിരുന്ന ഫോൺ നമ്പറിൽ സൈനികനെ വിളിച്ചു. നെൽസൺ. അയാൾ റെയിൽവേ സ്റ്റേഷനു പുറത്ത് എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. പരിചയപ്പെട്ടു. ഇന്ത്യാ മഹാരാജ്യം മുഴുവൻ ജോലി ചെയ്ത ഒരു ജവാൻ. മിലിട്ടറി ജീപ്പിൽ അയാളൊടൊപ്പം അയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് പുറപ്പെടുമ്പോൾ അയാൾ പല കാര്യങ്ങൾ സംസാരിച്ചുകൊണ്ടേ ഇരുന്നു. റോഡിന്‍റെ നിമ്നോന്നതങ്ങളിൽ തെല്ലു പോലും പതറാതെ മുന്നോട്ടു കുതിക്കുന്ന കരുത്തുറ്റ മിലിട്ടറി ജീപ്പ്.

തോമാച്ചന്‍റെ നാട്ടുകാരനായ ഈ സൈനികൻ വളരെ സൗഹൃദ സഹകരണ മനോഭാവത്തോടെയാണ് പെരുമാറുന്നത്. ഇവിടുത്തെ യൂണിറ്റിൽ നിന്നും റിട്ടയർ ആയ ജോൺ സാറിനെയും ഇയാൾക്ക് പരിചയമുണ്ട്. വലിയ തോതിലുള്ള സൗഹൃദമില്ല. കണ്ടിട്ടുണ്ട് അത്രമാത്രം.

എന്‍റെ ഈ യാത്രയുടെ പ്രധാന ലക്ഷ്യം ദീർഘകാലം ജോൺ സാറിന്‍റെ കുക്കായിരുന്ന സെബാസ്റ്റ്യൻ ചേട്ടനെ കണ്ടെത്തുവാൻ വേണ്ടിയാണ്. ജോൺ സാറിന്‍റെ ഫാമിലിയൊടൊപ്പം സെബാസ്റ്റ്യൻ ചേട്ടനെന്ന ഒരാളുണ്ടായിരുന്ന വിവരം ഈ സൈനികൻ വഴി തോമാച്ചൻ എന്നെ അറിയിച്ചിരുന്നു. മാഗി മാഡം ഇത്തരമൊരാളെപ്പറ്റി യാതൊരു സൂചനയും നല്കിയില്ലെന്നതിനു പിന്നിൽ എന്തെങ്കിലും കാരണം കാണും.

ദീർഘകാലം ഒപ്പമുണ്ടായിരുന്ന വ്യക്തിക്ക് ഈ കുടുംബത്തെക്കുറിച്ചുള്ള ഒരുപാട് വിവരങ്ങൾ അറിയുമായിരുന്നിരിക്കണം. ആ അറിവുകളിൽ ചിലത് നല്ലതാകാം അല്ലെങ്കിൽ ചീത്ത വിവരങ്ങളാവാം.

ജോൺ സാർ റിട്ടയർ ആയ ശേഷം പിന്നെ ആ കുക്ക് ഇവിടുത്തെത്തന്നെ മറ്റൊരു ഉയർന്ന ഉദ്യോഗസ്ഥന്‍റെ കൂടെയാണെന്നും ആ ഓഫീസറെ പരിചയമുണ്ടെന്നും നെൽസൺ അറിയിച്ചു. ജോൺ സാറിനൊപ്പമോ അയാൾക്കു മേലേയോ പദവിയുള്ള നാലഞ്ച് ഓഫീസർമാരേ ഈ യൂണിറ്റിലുള്ളൂ. അതു കൊണ്ട് കുക്ക് സെബാസ്റ്റ്യനെ കണ്ടെത്താൻ വലിയ പ്രയാസമുണ്ടായില്ലെന്ന് സൈനികൻ വെളിപ്പെടുത്തി. ആ ഒരു മാനദണ്ഡമനുസരിച്ചുള്ള അന്വേഷണം എളുപ്പമായിരുന്നെന്നും പെട്ടെന്നു തന്നെ അയാളെ കണ്ടെത്തി പരിചയപ്പെട്ടെന്നും നെൽസൺ പറഞ്ഞു. പിന്നീട് കണ്ടപ്പോൾ വിശദമായി സംസാരിച്ചതായും വീട്ടിലേക്ക് ക്ഷണിച്ചതായും പറഞ്ഞു. ഇന്നു രാത്രി എട്ടരക്ക് നെൽസൻ താമസിക്കുന്നിടത്ത് സെബാസ്റ്റ്യൻ വരാമെന്ന് ഏറ്റിട്ടുണ്ട്. അയാൾക്കും തനിക്കുമായി ഒരു ചെറിയ മദ്യ സൽക്കാരപ്പാർട്ടി തയ്യാറാക്കിയെന്ന് നെൽസൻ അറിയിച്ചു.

ഏറെ വൈകാതെ നെൽസന്‍റെ ഒരു ബന്ധു എന്ന മേൽവിലാസത്തിൽ സെക്യൂരിറ്റി ഗേറ്റിൽ നിന്ന് ഒരു വിസിറ്റർ പാസ്സ് സംഘടിപ്പിച്ച് അയാളൊടൊപ്പം താമസസ്ഥലത്തെത്തി. കുളിച്ച് വസ്ത്രം മാറ്റി അയാളുടെ കൂടെ കാന്‍റീനിലേക്ക് പോയി. അവിടെ നിന്ന് റൊട്ടിയും ദാലും പച്ചക്കറിയും അല്പം തൈരും മിലിട്ടറി ചട്ടത്തോടെത്തന്നെ ആസ്വദിച്ചു കഴിച്ചു.
തിരിച്ച് ക്വാർട്ടേഴ്സിലെത്തി ടി. വി കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ കുക്ക് സെബാസ്റ്റ്യൻ വാരാതിരിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചു. ചെറിയ പാർട്ടിക്കു വേണ്ടത് സെറ്റു ചെയ്യുകയായിരുന്നു അപ്പോൾ നെൽസൻ.

ഷോകേസിൽ നിന്നും ഉരുണ്ട ഒരു മദ്യക്കുപ്പിയെടുത്ത് എന്നെക്കാണിച്ച് പറഞ്ഞു. ദാ ഈയൊരു ഐറ്റമുണ്ടെങ്കിൽ സെബാസ്റ്റ്യൻ പറന്നു വരും എന്നു പറഞ്ഞു. സെബാസ്റ്റ്യൻ വന്നാൽ ഒരര മണിക്കൂർ നേരം വ്യക്തിപരമായി ചില കാര്യങ്ങൾ സംസാരിക്കാൻ അവസരം തരണമെന്ന് നെൽസനോട് ആവശ്യപ്പെട്ടു. രണ്ടു പെഗ് ഉള്ളിൽ ചെന്നാൽ അറിയാവുന്ന ഏതു കാര്യവും തത്ത പറയുന്ന പോലെ സെബാസ്റ്റ്യൻ പറഞ്ഞു തരുമെന്ന് നെൽസൻ ഉറപ്പിച്ചു പറഞ്ഞു.

അപ്പോഴാണ് കോളിംഗ് ബെൽ ശബ്ദിച്ചത്. വാതിൽ തുറന്നപ്പോൾ മധ്യവയസ്സിനോട് പ്രായം ചെന്ന ഉയരം കുറഞ്ഞ് ടീഷർട്ടും ട്രൗസറും ഒരു കറുത്ത ക്യാപ്പൊക്കെ ധരിച്ച ഒരാൾ. ഞാൻ പ്രതീക്ഷിച്ച ആളുതന്നെ ആയിരിക്കാനാണ് സാധ്യത. കുക്ക് സെബാസ്റ്റ്യൻ.

ചിരിച്ച് കളിച്ച് വർത്തമാനം പറയുന്ന കുക്ക് സെബാസ്റ്റ്യൻ പെട്ടന്ന് തന്നെ കളം നിറഞ്ഞു. സാലഡിനായി കുക്കുമ്പർ കനം കുറച്ചു അരിഞ്ഞും മേശ വൃത്തിയാക്കിയും അടുക്കളയിൽ പോയി താൻ കൊണ്ടുവന്ന എന്തെല്ലാമോ പൊരിച്ചും ഗ്ലാസ്സുകളും പ്ലേറ്റുകളും കഴുകി വൃത്തിയാക്കിയും സെബാസ്റ്റ്യൻ ഉത്സാഹിയായി ഓടി നടന്നു.

ഈ പ്രവൃത്തികൾ ചെയ്യുന്നതിനിടത്തും അയാൾ എന്തെല്ലാമോ സംസാരിച്ചുകൊണ്ടിരുന്നു. ഒടുവിൽ എല്ലാം തയ്യാറാക്കി അയാൾ ക്ഷീണം നടിച്ച് കസേരയിൽ വന്നിരുന്നു. അത്രനേരം കുക്കിനെ നിരീക്ഷിക്കുകയായിരുന്ന ഞാൻ അയാൾക്ക് അഭിമുഖമായി ഇട്ടിരുന്ന കസേരയിൽ പോയി ഇരുന്നു. ഇതിനിടയിൽ നെൽസനും പോയൊന്നു കുളിച്ച് വന്നു. സ്ഫടിക ഗ്ലാസ്സുകളിൽ മേൽത്തരം മദ്യം പൊട്ടിച്ചിതറിവീണു. കുക്ക് സെബാസ്റ്റ്യൻ മദ്യം അല്പാൽപ്പമായി മൊത്തിക്കുടിക്കുന്നത് സാകൂതം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ.

മദ്യപാനം എനിക്ക് താല്പര്യമുള്ള വിഷയമല്ല. ഒരു കമ്പനിക്കു കൂടിയെന്നെയുള്ളൂ. മനസ്സിന്നഗാധതയിൽ അലിഞ്ഞു ചേർന്ന വിവരങ്ങൾ പുറത്തേക്കു തള്ളുന്ന മദ്യപാന സദസ്സുകളോട് ഒരുകാലത്തും കമ്പം തോന്നിയിട്ടില്ല. മദ്യത്തിന്‍റെ ലഹരിയിൽ കനത്ത രഹസ്യങ്ങൾ വിളിച്ചുപറയുന്ന ഒരു പാടാളുകളെ കണ്ടിട്ടുണ്ട്. അവനവന് തന്നെ കുഴിവെട്ടുന്ന രഹസ്യങ്ങൾ. ഏതു തരം പ്രലോഭനവും തട്ടി വിളിച്ചാലും രഹസ്യങ്ങൾ രഹസ്യങ്ങളായിത്തന്നെ ഇരിക്കണം.

മുപ്പതോളം വർഷം നേവിയിൽ സിവിലിയൻ സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന വർക്കിചേട്ടനെ ഓർമ്മ വരുന്നു. ചെറുപ്പം തൊട്ടേ അറിയുന്ന ആളാണ്. ജോലിക്കൊപ്പം കലാപ്രവർത്തനവും അത്യാവശ്യം വേണ്ടപ്പെട്ടവർക്കായി കാറ്ററിംഗ് സേവനങ്ങളും വർക്കിചേട്ടൻ നല്കിയിരുന്നു. ചെറുപ്പത്തിൽ വല്ലപ്പോഴും ഞായറാഴ്ചകളിൽ അയാളുടെ കൂടെ കാറ്ററിംഗിന് പോകുക പതിവായിരുന്നു. ഒരു പ്രത്യക മസാലക്കൂട്ടിട്ട്  പച്ച വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ചിക്കൻ ഫ്രൈയാണ് അയാളുടെ പ്രശസ്തമായ വിഭവം. കെഎഫ്സി രുചികൂട്ടുപോലെ അതീവരുചികരമായ ആ വിഭവത്തിന്‍റെ നിർമാണരഹസ്യം ഇന്നും വർക്കിച്ചേട്ടനിൽ രഹസ്യമായി നിലനിൽക്കുന്നു പണ്ടെന്നോ കഴിച്ച അതിന്‍റെ രുചി ഇന്നും നാവിൽ തങ്ങി നിൽക്കുന്നു.

കലാപ്രവർത്തനമെന്നു പറഞ്ഞാൽ പള്ളിപ്പെരുന്നാളിനൊക്കെ അവതരിപ്പിക്കാനുള്ള നാടകങ്ങളിലെ ഒരു പ്രധാന കഥാപാത്രം വർക്കിച്ചേട്ടനായിരിക്കും. അതിന്‍റെയൊക്കെ ആഘോഷാവസരങ്ങളിൽ കൊഴുപ്പു കൂട്ടാൻ മദ്യസൽക്കാരവും പതിവായിരുന്നു. അത്തരമൊരു വേളയിൽ അഭിശപ്തമായ സമയത്താണ് വർഷങ്ങളായി ഓർമ്മയുടെ അറകളിൽ കാത്തു സൂക്ഷിച്ച ഒരു രഹസ്യം വർക്കിചേട്ടനിൽ നിന്നും മറ നീക്കി പുറത്തുവന്നത്. അതിന്‍റെ പരിണാമം വർക്കിയുടെ അടിത്തറ തന്നെ ഇളക്കുന്നതായിരുന്നു.

പള്ളിയിലെ നാടകാവതരണം കഴിഞ്ഞ് അതിന്‍റെ വിജയമാഘോഷിക്കാൻ ഒന്നു കൂടിയതായിരുന്നു വർക്കിയും കൂട്ടരും. നാടകത്തിനു ലഭിച്ച നിറഞ്ഞ കയ്യടിയും പള്ളി മേലധികാരിയുടെ അഭിനന്ദനവും പിന്നെ മദ്യവും കൂട്ടുകാരും ഒത്തുചേർന്നപ്പോൾ വർക്കി ഉന്മാദാവസ്ഥയിലായി. അതിന്‍റെ ഓളത്തിൽ വർക്കി ഒന്നു തെളിഞ്ഞു. തന്‍റെ മേലധികാരികളായഒന്നു രണ്ടു നേവി ഓഫീസർമാരെ പുലഭ്യം പറഞ്ഞു കൊണ്ടയാൾ ആരംഭിച്ചു.

മുപ്പതു മുപ്പത്തഞ്ചുവർഷമായി ഞാൻ ഇവരെയൊക്കെ പൊട്ടൻമാരാക്കി രസിക്കുകയാണെന്നും പറഞ്ഞു വച്ചു. അതെങ്ങനെ എന്ന ചോദ്യത്തിന് താൻ ജോലിക്കു കയറിയപ്പോൾ കൊടുത്ത പത്താം ക്ലാസ്സ് ഐ. ടി. ഐ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് പറഞ്ഞ് വർക്കി പൊട്ടിച്ചിരിച്ചു. ഒപ്പം താൻ അഞ്ചാം ക്ലാസ്സുവരെയേ സ്കൂളിൽത്തന്നെ പോയിട്ടുള്ളൂ എന്നുകൂടി അയാൾ കൂട്ടിച്ചേർത്തു. കൂട്ടുകാർ അയാളുടെ വെളിപ്പെടുത്തലുകളെ കയ്യടിച്ചു വരവേറ്റു. വർക്കിച്ചൻ ഒരു സംഭവമാണെന്ന് അവർ വിലയിരുത്തി. ചില്ലറകാര്യമാണോ ചെയ്തിരിക്കുന്നത്? അതേറ്റുപിടിച്ചു വർക്കിച്ചേട്ടൻ പൂരപ്പറമ്പിലെ കതിന പോലെ കത്തിക്കയറി.

പൂര വെടിക്കെട്ടു കഴിഞ്ഞുള്ള മൈതാനം പോലെ മദ്യപാന സദസ്സ് പിരിഞ്ഞു. ഒരാഴ്ചത്തെ അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാൻ പോയപോയ
വർക്കിയെ കാത്തിരുന്നത് സസ്പെൻഷൻ ഓർഡറായിരുന്നു. സ്വാശ്രയ എൻജിനീയറിംഗ് പഠിച്ച് തൊഴിലില്ലാതെ അലഞ്ഞു നടക്കുന്ന രണ്ടു മക്കളുള്ള ഔതക്കുട്ടിയാണോ, മകളെ പഠിപ്പിച്ച് പഠിപ്പിച്ച് കിടപ്പാടം നഷ്ടപ്പെട്ട ജോണിയാണോ ഈ കൊലച്ചതിക്കു പിന്നിലെന്ന് വർക്കിക്കറിയില്ല. ഏതായാലും വർക്കിയിപ്പോൾ നാടകത്തിന് പോകാറില്ല. വലിയ മീനുകൾക്കിടയിൽ ചെറുമീനുകൾക്ക് നിന്നു പിഴക്കാൻ പ്രയാസമെന്ന് കണ്ട് നാട്ടുകാർക്കു കാറ്ററിംഗ് സേവനങ്ങൾ നല്കാൻ അയാൾ താത്പര്യപെട്ടില്ല. ചിലപ്പോൾ പെയിന്‍റു പണി, അല്ലെങ്കിൽ കൂലിപ്പണി അങ്ങനെ വർക്കിയെ നാട്ടിൽ കാണാം.

വർക്കിയുടെ സസ്പെൻഷൻ, മാസങ്ങൾ നീണ്ട നടപടി ക്രമങ്ങൾക്കു ശേഷം പുറത്താക്കലിലേക്കെത്തി. എഴുപത്തിനായിരത്തോളം രൂപ ശമ്പളം വാങ്ങിയിരുന്ന വർക്കിക്ക് ലഭിച്ചിരുന്ന സസ്പെൻഷൻ കാലയളവിലെ അലവൻസും നിലച്ചു ജയിലിൽ പോകേണ്ടി വരുമോ എന്ന ഭീതിയും വർക്കിയെ പിടികൂടി. പെൻഷൻ കൊണ്ട് ജീവിത സായാഹ്നം മധുരതരമാക്കാമെന്നുള്ള വിശ്വാസം തകർന്നു. ഏതായാലും തന്‍റെ സുരക്ഷിത ഭാവി അലങ്കോലമാക്കിയ ആ മദ്യ സൽക്കാരത്തെ ശപിക്കാത്ത ഒരു ദിനം പോലും വർക്കിയുടെ തുടർന്നുള്ള ജീവിതത്തിലില്ല.

അല്പനേരം കഥകൾ പറഞ്ഞ് പങ്കുവച്ചു കഴിഞ്ഞപ്പോൾ സെബാസ്റ്റ്യൻ സുഹൃത്തായി. ഞങ്ങൾക്കിടയിൽ പെട്ടന്നു തന്നെ ദൃശ്യമായ മാനസിക ഐക്യം കണ്ട് നെൽസൻ അര മണിക്കൂറിനകം വരാമെന്ന് പറഞ്ഞ് സ്ഥലം വിട്ടു. അങ്ങനെ ആ ക്വാർട്ടേഴ്സിൽ ഞാനും കുക്കും മാത്രമായി. ആ അവസരം നോക്കി ഞാൽ സ്നേഹപൂർവ്വം ആരാഞ്ഞു.

“സെബാസ്റ്റ്യൻചേട്ടൻ മുന്നേ എവിടാരുന്നു?”

‘ഇവടെത്തന്നെ.”

“അല്ല ഇവിടെ ആരൊടൊപ്പമായിരുന്നു സർവ്വീസ്?”

“അതോ മേജർ ജോൺ എലവുത്തിങ്കൽ.” കുഴഞ്ഞ നാക്കു കൊണ്ട് അതും പറഞ്ഞയാൾ ചിറി തുടച്ചു.

“പുള്ളി ഈയിടെ മരിച്ചു. ശവമടക്കിന് പോകാനൊത്തില്ല. പത്തു പതിനഞ്ച് വർഷമായി മേജറോടൊപ്പമായിരുന്നു. നല്ലൊരു മനുഷ്യൻ. എന്നെ വലിയ കാര്യമായിരുന്നു. ചെറിയ മീൻ പൊരിച്ചതാണയാളുടെ ഇഷ്ടവിഭവം. അതുണ്ടെങ്കിൽ വേറൊന്നും വേണ്ട. അതും എന്‍റെ സ്പെഷ്യൽ മസാല ഇട്ടു പൊരിച്ചത്. എത്ര വറുത്തു കൊടുത്താലും കഴിക്കും. വലിയ ആരോഗ്യവും ചിട്ടയുമൊക്കെ നോക്കുന്നയാളാ. എന്‍റെ പൊരിച്ച മീൻ കണ്ടാൽ പുള്ളിയുടെ ചിട്ട തെറ്റും. പിന്നെയുമൊന്നുണ്ട് നാക്കിനെ മയക്കുന്ന കല്ലുമ്മക്കായ പൊരിച്ചത്. പക്ഷേ സീസണലായേ സാധനം കിട്ടൂ.”

ഒരു തുടം ഉമിനീരിറക്കി അയാളൊന്നു നിർത്തി. ഒരു കാര്യം ബോധ്യമായി. കുക്കിനു മുന്നിൽ എന്തെങ്കിലും ഒരു വിഷയം കൊളുത്തിയിട്ടാൽ മതി. പിന്നെ കഥയും ഉപകഥയുമായി വിസ്തരിച്ചു പറഞ്ഞോളൂം. പറയുന്നത് മുഴുവൻ ശ്രദ്ധിക്കുന്നതായി അയാൾക്കു തോന്നണമെന്നു മാത്രം.

“അപ്പോ മേജറിന്‍റെ ഭാര്യയൊന്നും കിച്ചനിൽ കയറില്ലേ?” ഞാൻ കുക്കിനെ പ്രോത്സാഹിപ്പിച്ചു

“അവര് ഒരു മേൽനോട്ടമെ ഉള്ളൂ. പിന്നൊരു ഫൈനൽ ടച്ചും. അയമ്മ ഒരു തങ്കപ്പെട്ട സ്ത്രീയാണ്. തൃശ്ശൂരെ വലിയ തറവാട്ടുകാരാ അവര്. ജോൺ സാറും മോശമൊന്നുമല്ല. എന്‍റെ മകളുടെ പഠിപ്പിനും കല്യാണത്തിനുമെല്ലാം അയമ്മ സഹായിച്ചിട്ടുണ്ട്. അതൊന്നും ജന്മത്തു മറക്കാൻ പറ്റില്ല. അതും പറഞ്ഞയാൾ വിതുമ്പാൻ തുടങ്ങി.

അയാളുടെ ഗ്ലാസ്സിൽ സ്വല്പം കൂടെ മദ്യം പകർന്ന് നല്കി അയാളെ ആശ്വസിപ്പിച്ചു. അയാൾ. വിതുമ്പൽ നിർത്തി മദ്യം ഒരിറക്കു കുടിച്ചു, അതിനു മുകളിൽ വറുത്ത മീനെടുത്തു കഴിച്ചു .

“അപ്പോൾ ജോൺ സാർ സഹായമൊന്നും ചെയ്തിട്ടില്ലെന്ന്?”

“ഏയ് അങ്ങനെയല്ല. ജോൺ സാറിന്‍റെ അറിവോടു കൂടെത്തന്നെയാണ് അമ്മച്ചി എനിക്ക് സഹായമൊക്കെ ചെയ്തോണ്ടിരുന്നത്. എന്നാലും അയാളൊരു മൊരടനാ. ചെല നേരത്തൊക്കെ അയാളടെ വർത്തമാനം കേട്ടാ ചൊറിഞ്ഞു വരും. പിന്നെ ആ കുട്ടീടടുത്തൊക്കെ.”

അയാളൊന്നു നിർത്തി. അബദ്ധം പറ്റിയ മട്ടിൽ ഒന്നു പരുങ്ങാൻ തുടങ്ങി. പിന്നെ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ തുടർന്നു.

“ഓ മരിച്ച പോയവരെപ്പറ്റി കുറ്റമൊന്നും പറയാൻ പാടില്ല സാറേ സോറി” അയാൾ മുഖം താഴ്ത്തി.

അതെ ഒരു മുൾമുനയാണ് അയാൾ പറത്തിവിട്ടത്. ചില പ്രത്യേകതരം മുള്ളുകളുണ്ട്‌. പാദത്തിൽ തറഞ്ഞു കയറിയാൽ പെട്ടന്നൊന്നും കണ്ടെത്താൻ കഴിയില്ല. കാൽ നിലത്തുവക്കുമ്പോൾ മാംസത്തിൽ തറഞ്ഞു കയറി നീറികൊണ്ടിരിക്കും. ഏറെ നേരം പരതി ആ മുള്ളിന്‍റെ തലപ്പുകണ്ടെത്തി വല്ലവിധം എടുത്തുകളഞ്ഞാലോ? അതിന്‍റെ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല. അത്തരമൊരുമുള്ളിന്‍റെ തലപ്പാണ് കുക്ക് എടുത്തു തന്നിരിക്കുന്നത്. ഇതിത്രവേഗം അയാൾ ചെയ്തുതരുമെന്നു കരുതിയില്ല. ഇനി മുള്ളെടുക്കൽ അത്ര ആയാസമല്ല. ആകാംക്ഷയോടെ കാത്തു കാത്തിരുന്ന ഉത്തരമാണയാൾ അർദ്ധോക്തിയിൽ പറഞ്ഞു നിറുത്തിയത്‌.

ഇനി എന്തു ചോദിച്ചാലാണ് അയാളത് തുടരുക? പലതരം ചോദ്യങ്ങൾ മനസ്സിൽ കിടന്ന് ഞാൻ മുന്നേ എന്ന മട്ടിൽ മുറവിളി കൂട്ടിത്തുടങ്ങി. ഇയാൾക്ക് എന്തെങ്കിലും സംശയം തോന്നുന്ന ചോദ്യമെങ്കിൽ ഇയാളിനി വാ തുറക്കില്ല. തുടർന്നയാൾ വിഷയം മാറ്റാനെന്ന വണ്ണം വിശിഷ്ട സേവാമെഡൽ നേടിയ ഒരു ഓഫീസറെ കരിമീൻ വാഴയിലയിൽ പൊള്ളിച്ചതും നാളികേര പാലു ചേർത്ത കൊഴുവ മീൻ കറിയും കുത്തരി ചോറും നൽകി പാട്ടിലാക്കിയ കഥ പറയാനാരംഭിച്ചു.

അയാളൊടൊപ്പമിരുന്ന് മദ്യപിച്ചിട്ടുണ്ട് പോലും. സുഹൃത്തെ കരിമീൻ പൊള്ളിച്ചതൊക്കെ ഇഷ്ടവിഷയമാണ്. എന്നാൽ ഇപ്പോൾ തത്ക്കാലം താത്പര്യമില്ല. മേജർ ജോണിന്‍റെ കഥകളിലാണ് താത്പര്യം എന്ന് മനസ്സിൽ പറഞ്ഞ ശേഷം രണ്ടും കല്പിച്ച് ഒരു ചോദ്യം എയ്തു വിട്ടു.

“ഏത് കുട്ടീടെ കാര്യാ പറഞ്ഞെ? ജോൺ സാറിന് അതിന് മക്കളൊന്നും ഇല്ലല്ലോ?“

ആ ചോദ്യം കേട്ടതും അയാളൊന്ന് പതറി. പ്ലേറ്റിൽ നിന്നും കടല എടുത്തു ചവച്ചു കൊണ്ട് എന്നാലിനി വിസ്തരിച്ചു പറയാം എന്ന മട്ടിൽ അയാൾ തുടർന്നു.

“ശരിയാണ് അതെ, അയാൾക്ക് മക്കളില്ല. സ്വന്തം മക്കളുണ്ടെന്ന് ഞാൻ പറഞ്ഞോ? അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ? ആ കുടുംബം ദത്തെടുത്ത് വളർത്തുന്ന കുട്ടിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. മദ്യമെത്ര കഴിച്ചാലും സത്യം സത്യമായിത്തന്നെ പറയുന്നയാളാ ഞാൻ. കള്ളുകുടിച്ച് വായിൽ തോന്നിയത് വിളിച്ചു പറയുന്ന കൂട്ടത്തിൽ ഞാൻ പെടില്ല. പിന്നെയ് നല്ല തങ്കപ്പെട്ട കുടുംബമാ അവരുടേത് മക്കളില്ലാത്ത മനോവിഷമത്താൽ ഒരു പാട് ചികിത്സകൾ അവർ ചെയ്തു. ഒടുവിൽ മനം മടുത്ത് നോർത്തിലെ ഏതോ അനാഥാലയത്തിൽ നിന്ന് അവരാ കുട്ടിയെ ദത്തെടുത്തു. മക്കളില്ലാത്തവർക്ക് മക്കളില്ലാഞ്ഞുള്ള സങ്കടം. മക്കളുള്ളവർക്കോ മക്കളെക്കൊണ്ടുള്ള സങ്കടം.”

ഒരു ലോകതത്വം പറഞ്ഞെന്ന മട്ടിൽ എന്‍റെ അഭിപ്രായത്തിനായി അയാൾ തെല്ലിടനേരം കാത്തു. അയാളുടെ വാക്കുകൾ ചെറു മുഴക്കങ്ങളായാണ് ചെവിയിൽ പ്രതിധ്വനിക്കുന്നതെന്ന് എനിക്ക് തോന്നി. അതിനിടെ അലയൊലികൾ ശമിക്കാതെ, തരംഗങ്ങളായി ചെവിയിൽ അനുരണനം തീർത്തുകൊണ്ടിരുന്നു… ഗ്ലാസ്സിൽ അവശേഷിച്ച മദ്യം ഒറ്റവലിക്ക് കുടിച്ച് എഴുന്നേറ്റു. ഞാനങ്ങനെ മദ്യം കഴിക്കുക അപൂർവ്വമാണ്. എന്തോ അപ്പോൾ അങ്ങനെ തോന്നിപ്പോയി.

ചാരിയ പുറംവാതിൽ തുറന്ന് ബാൽക്കണിയിലേക്കിറങ്ങി. പത്തു പതിനാറ് നിലകളിൽ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ അവിടവിടെ എഴുന്നു നിൽക്കുന്നു. കെട്ടിടത്തിലെ എല്ലാ നിലകളിൽ നിന്നും പ്രകാശം പ്രസരിക്കുന്നുണ്ട്. ഒരു ഫ്ലോറിൽ രണ്ട് വശങ്ങളിലുമായി എട്ടോളം ക്വാർട്ടേഴ്സാണുള്ളത്. രണ്ടായിരത്തോളം കുടുംബങ്ങൾ ഈയൊരു വിസ്തൃതിയിൽ താമസമുണ്ട്. ഇതു രണ്ടാമത്തെ ഫ്ലോറാണ്. ഇവിടെ നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങുന്ന ആകാശം അകലെ താഴേക്ക് ഇറങ്ങി വന്ന പ്രതീതി.

അല്പനേരംകഴിഞ്ഞ് താഴേക്കു നോക്കിയപ്പോൾ വഴിത്താരക്കുവലതു വശത്തെ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തിൽ നെൽസൻ ധൃതി പിടിച്ച് നടന്നു വരുന്നതു കണ്ടു. വാതിൽ തുറന്ന് താഴേക്കിറങ്ങി നെൽസനേയും കൂട്ടി വരുമ്പോഴേക്ക് സെബാസ്റ്റ്യൻ ചേട്ടൻ കളം കാലിയാക്കിക്കഴിഞ്ഞിരുന്നു. നെൽസൻ കൊണ്ടുവന്ന പാക്കറ്റിലെ ചപ്പാത്തി, ഉള്ളിയും ഗ്രേവിയും ചേർത്ത് അകത്താക്കിയ ശേഷം കുക്ക് എഴുന്നേറ്റു. എല്ലാവർക്കും ശുഭരാത്രി നേർന്ന് അല്പം ആടിയാടി പുറത്തേക്കു പോയി.

വാതിൽ കൊളുത്തിട്ട ശേഷം അയാളെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്ന് നെൽസനാരാഞ്ഞു. തല കുലുക്കിക്കൊണ്ട് ഞാൻ നെൽസന് നന്ദി പറഞ്ഞു. തുടർന്ന് ഞങ്ങളിരുവരും ചപ്പാത്തി കഴിച്ചു. യാത്രാ ക്ഷീണവും പിന്നെ മേൽത്തരം മദ്യവും. തലതിരിയുന്നു. നെൽസനോട് ഗുഡ് നൈറ്റ് പറഞ്ഞ് പോയിക്കിടന്നതേ ഓർമ്മയുള്ളു. സർവ്വതിനേയും മൂടികൊണ്ടു വന്ന ഇരുട്ട് വലിയൊരു കരിമ്പടമായി എന്നെയും മൂടിക്കഴിഞ്ഞിരുന്നു.

Novel: സമുദ്രമുഖം ഭാഗം- 8

വീടെത്തിക്കഴിഞ്ഞിരിക്കുന്നു. കേക്കു വണ്ടി പാർക്കു ചെയ്ത് ഇടവഴിയിലൂടെ വീട്ടിലേക്ക് കയറുമ്പോൾ രാത്രി വിടരുന്ന പൂക്കളുടെ വശീകരണ ഗന്ധം അലയടിച്ചു. നടത്തം നിർത്തി ഒന്നു പുറകിലേക്ക് തിരിഞ്ഞു നോക്കി. രണ്ടു കഴുകൻ കണ്ണുകൾ തന്നെ പിൻതുടരുന്നതുപോലെ ഒരു തോന്നൽ. തിരിച്ച് നടന്ന് മെയിൻ റോഡിലെത്തി പരിസരമാകെ ഒന്നരിച്ചു പെറുക്കിയെങ്കിലും എല്ലാം ചിന്തകളുടെ ആധിക്യം കൊണ്ട് ചൂടുപിടിച്ച മനസിന്‍റെ വിഭ്രമമെന്നു കരുതി വീട്ടിലേക്ക് തിരിച്ചുനടന്നു.

ഓഫീസിലെത്തി ലാപ്ടോപ്പ് ഓൺ ചെയ്ത് ആൽബത്തിൽ നിന്നും സ്കാൻ ചെയ്തെടുത്ത ചിത്രങ്ങൾ പരിശോധിക്കുകയായിരുന്നു. ആ ചിത്രങ്ങൾ കാണുമ്പോൾ ഒരു മുൾമുന മനസ്സിലേറ്റിയ പോലെ. ദുരൂഹമായ അതിലെ അടയാളങ്ങൾ. അതിനു പിന്നിൽ അഗ്നിപർവതം പോലെ എരിയുന്ന ഒരു മനസ്സില്ലേ? ആ ചിത്രങ്ങളിൽ ജോൺ, മാഗി മാഡം, മകൾ ഇവരാണ് ഉള്ളത്. പ്രകൃതി രമണീയമായ ഏതോ ഇടത്ത് വച്ചാണ് ഫോട്ടോകൾ എടുത്തിട്ടുള്ളത്. ആഹ്ളാദഭരിതമായ ഒരു ഉല്ലാസയാത്രക്കിടയിലെ ചില മനോഹര ദൃശ്യങ്ങൾ എന്ന് ഒറ്റനോട്ടത്തിൽ തോന്നാം എന്നാൽ മനസ്സു കൊളുത്തിപ്പിടിച്ചത് ആ ഫോട്ടോകളിൽ ചില പ്രത്യേക ഭാഗത്ത് കണ്ട അടയാളങ്ങളിലാണ്.

ഫോൺ ശബ്ദിച്ചു. തോമാച്ചനാണ്. താഴെ നിൽപ്പുണ്ട്. കയറി വരാൻ പറഞ്ഞു. വിയർത്തു കുളിച്ചാണ് തോമാച്ചൻ കയറി വന്നത്. വന്ന പാടെ ഒരു ചൂടു ചായ ഗ്ലാസ്സിലാക്കി കൊടുത്തു. ഉഷ്ണം ഉഷ്ണേന ശാന്തി എന്നാണല്ലോ! ചായ അല്പാൽപ്പമായി കഴിക്കുന്നതിനിടയിൽ എനിക്ക് ചെയ്തു തരേണ്ട കാര്യങ്ങളെപ്പറ്റി വിശദീകരിച്ചു കൊടുത്തു.

ലാബിൽ പരിശോധനക്കായി ഏല്പിക്കുക. അതിന്‍റെ വിശദമായ ഫലം അധികം സമയമെടുക്കാതെ ലഭ്യമാക്കുക. അതല്ലാതെ ഇതാരുടേതാണ്? എന്താണ്? തുടങ്ങി ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും എന്നോടു ചോദിക്കുകയുമരുത്. ഒന്നും തന്നെ ആരോടും വെളിപ്പെടുത്തുകയുമരുത്.

തോമാച്ചൻ എല്ലാം തല കുലുക്കി സമ്മതിച്ചു. ഭദ്രമായി കവറിൽ സീൽ ചെയ്തു വച്ച വസ്തുക്കൾ തോമ്മാച്ചനെ ഏൽപ്പിച്ചു.

ഏതായാലും തോമാച്ചൻ വിളിപ്പുറത്തുണ്ട്. തോമാച്ചനെയും കൂട്ടി ഡച്ച് കഫേയിലേക്ക് ഇറങ്ങി. ഇന്നത്തെ സ്പെഷൽ ബിഫാന. എന്തെങ്കിലുമാകട്ടെ രണ്ടു പ്ലേറ്റും കാപ്പിയും പറഞ്ഞു. ഒരു കാലത്ത് വലിയ ആഗ്രഹമായിരുന്നു ലോകം മുഴുവൻ ചുറ്റിക്കറങ്ങി വിവിധ പ്രദേശങ്ങളിലെ ആഹാരം രുചിക്കണമെന്ന്‌. ആഗ്രഹം ആഗ്രഹമായിത്തന്നെ അവശേഷിക്കുന്നു. പിന്നെ ചെറിയ തോതിലുള്ള ആഗ്രഹ പൂർത്തീകരണം സംഭവിക്കുന്നത് ഇവിടെ വച്ചാണ്. പിന്നെ നാവിൽ രുചിയുടെ മേളപ്പെരുക്കം തീർക്കുന്ന ചെറിയ തട്ടുകടകളിലും പലതരം ഡച്ച് പോർച്ചുഗീസ് പിന്നെ കൊളോണിയൽ വിഭവങ്ങൾ വല്ലപ്പോഴും ഇവിടെ ലഭ്യമാകാറുണ്ട് . സവിശേഷമായ രുചിയും അവക്കുണ്ട്.

പത്തു മിനിട്ടിനുള്ളിൽ ഐറ്റം എത്തി. ഒപ്പം ചുകന്ന സോസും. തോമാച്ചൻ ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു. ചന്ദ്രന്‍റെ കേസ് തോമ്മാച്ചനെ ഏൽപ്പിച്ചാലെന്തെന്ന് ചിന്തിച്ചു. ഒടുവിൽ പിന്നീട് ഏൽപ്പിക്കാമെന്ന് നിശ്ചയിച്ചു. ഉടനെയേൽപ്പിച്ചാൽ ഈ കേസ് പിന്നോക്കം പോകും.

സോസിൽ മുങ്ങി നിവർന്ന ബിഫാന തോമാച്ചന് വല്ലാതെയങ്ങു ഇഷ്ടപ്പെട്ടു. വിവാഹത്തിന്‍റേതായ അവസരങ്ങളിൽ ഉണ്ടാക്കുന്ന ഒരു തരം നാടൻ പലഹാരത്തിന്‍റെ രുചിയാണ് ബിഫാനക്കുള്ളതെന്നു ഒരു പ്ലേറ്റ് കൂടെ ഓർഡർ ചെയ്ത ശേഷം തോമാച്ചൻ ഓർത്തെടുത്തു പറഞ്ഞു. അങ്ങിനെ അയാളെ സന്തുഷ്ടനാക്കി യാത്രയാക്കി ഓഫീസിലെത്തി.

ഗബ്രിയോട് ചില സംശയ നിവാരണം നടത്താനുണ്ട്. ഇന്നലെ രാത്രിയാണ് ആ വഴിക്കൊരു ചിന്ത മനസ്സിൽ കുടിയേറിയത്. ഇമെയിൽ ആയി ചോദിക്കുന്നതാണ് നല്ലത്. മറുപടി ഇൻബോക്സിൽ വന്ന് സ്ഥിരമായി കിടക്കുമല്ലോ. ഒരു പേപ്പറെടുത്ത് സംശയങ്ങളും തനിക്കറിയേണ്ട വിവരങ്ങളും നമ്പറിട്ട് എഴുതി. അതു ടൈപ്പ് ചെയ്ത് ഇമെയിൽ അയക്കാനൊരുങ്ങുമ്പൊഴാണ് തോമാച്ചന്‍റെ ഫോൺ വന്നത്. ഫോണെടുത്തപ്പോൾ വല്ലാതെ പരിഭ്രമിച്ച സ്വരം. അവൻ പറയുന്നതു കേട്ടപ്പോൾ തളർന്നിരുന്നു പോയി.

ഞാനേൽപ്പിച്ച കവർ അവനിൽ നിന്ന് നഷ്ടപ്പെട്ടു പോയിരിക്കുന്നു! എന്നോട് ഇവിടെത്തന്നെ ഉണ്ടോ എന്ന് പരിശോധിക്കാൻ! കഷ്ടം ആ കവർ നഷ്ടപ്പെട്ടു പോയെങ്കിൽ ഇവിടെവച്ച് കേസ് മടക്കാം. മാഗി മാഡത്തോട് വിളിച്ചു പറഞ്ഞു ഈ കുടുക്കിൽ നിന്നും ഒഴിയാം. ഇത്ര ഉത്തരവാദിത്വം ഇല്ലാത്തവനെയാണല്ലോ ഇതൊക്കെ ഏൽപ്പിച്ചതെന്നോർത്ത് വല്ലാത്ത ആത്മനിന്ദ തോന്നി.

ഇനി ആരെങ്കിലും അത് അപഹരിച്ചു കാണുമോ? എങ്കിൽ ഇത്ര ജാഗ്രതയോടെ എന്നെ നിരീക്ഷിക്കുന്നവൻ ആരാണ്? അങ്ങനെ നിരീക്ഷിക്കുന്നെങ്കിൽ ഞാൻ അറിയാതെ പോകില്ല. അതല്ല കാര്യം. തോമാച്ചനെ ഏൽപ്പിച്ച കവർ അവൻ ഇവിടെ എവിടെങ്കിലും മറന്നു വച്ചു കാണണം. എല്ലായിടത്തും അരിച്ചു പെറുക്കി നോക്കി. നഷ്ടപ്പെട്ടു എന്നു കരുതിയ നൂറ്റാണ്ടു പഴക്കമുള്ള ലോഹത്തിന്‍റെ ഒരു ബൈനാക്കുലർ കിട്ടി എന്ന തൊഴിച്ചാൽ യാതൊരു സൂചനയും ലഭിച്ചില്ല.

ആധിയോടെ തോമാച്ചനെ ഒന്നുകൂടെ വിളിച്ചു. നീരസത്തോടെ കവർ ഇവിടെ ഇല്ലെന്ന് പറഞ്ഞു. അവൻ പോകുന്ന പോക്കിൽ ഒരു കടയിൽ കയറി ഉപ്പു സോഡ കുടിച്ചെന്നും ഇപ്പോൾ അവിടെയാണെന്നും അറിയിച്ചു. വഴിയിലുടനീളം നോക്കി തിരിച്ചു വരാൻ പറഞ്ഞ് ഫോൺ വച്ചു. കഷ്ടമായിപ്പോയി.

ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ തോമാച്ചൻ വിയർത്തു കുളിച്ച് മുഖം കുനിച്ച് കയറി വന്നു സോഫയിൽ ഇരുന്നു. ഒരക്ഷരം മിണ്ടുന്നില്ല. രക്ഷയില്ല. കവർ എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. തോമാച്ചനോട് ഒന്നും പറയാനില്ല. നിരാശ മാത്രം.

അങ്ങനെ തളർന്നിരുന്ന് ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ചുറ്റുഗോവണിയിൽ ശബ്‍ദം കേട്ടു. ആരോ വരുന്നുണ്ട്. വാതിൽ തുറന്ന് വന്നത് ഡച്ച് കഫേയിലെ മണിപ്പൂരി സപ്ലയർ. യാതൊരു വികാരവും മുഖത്ത് പ്രതിഫലിക്കാത്ത, ദൃശ്യമാകാത്ത മണിപ്പൂരി പയ്യൻ. അവന്‍റെ കയ്യിൽ അതാ ആ കവർ!

ഒന്നു പരുങ്ങി ക്ഷമ ചോദിച്ച ശേഷം ആ കവർ വാങ്ങി തോളിൽ കിടന്ന ബാഗിലിട്ട് തോമാച്ചൻ പോകാനൊരുങ്ങി. ഒന്നും സംഭവിക്കാത്ത മട്ടിൽ മണിപ്പൂരി തിരിഞ്ഞു നടന്നു. ഞാൻ തെല്ലിട കഴിഞ്ഞു വിശ്വാസം വരാതെ വരാന്തയിലേക്കിറങ്ങി. കവർ മാറോടു ചേർത്തുപിടിച്ചു ചുറ്റു ഗോവണിയിറങ്ങി റോഡു മുറിച്ചു കടന്ന് തോമാച്ചൻ നടന്നകലുന്നത് ആശ്വാസത്തോടെ നോക്കി നിന്നു.

സായുധ സേനയിൽ ലാസ്റ്റ് ലഗ് പോസ്റ്റിംഗ് മിക്കവാറും ഹോം ടൗണിൽ ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ മേജർ ജോണിന് ട്രിവാൻഡ്രമാണ് ലഭിച്ചത്. അദ്ദേഹം റിട്ടയർ ആയതും അവിടെ നിന്നാണ്. അദ്ദേഹത്തെക്കുറിച്ച് വ്യക്തിപരമായി വളരെ പ്രധാനപ്പെട്ട ഒരു വിവരം അറിയാനുണ്ട്. ആദ്യമായി അദ്ദേഹത്തിന്‍റെ കുടുംബ ഫോട്ടോ കണ്ടപ്പോൾ തന്നെ തോന്നിയ കാര്യമാണ്.

ഈ വിവരം മാഗി മാഡത്തിന്‍റെ ബന്ധുക്കളടക്കം അടുപ്പമുള്ളവരോട് നേരിട്ടു ചോദിക്കാൻ ബുദ്ധിമുട്ടുണ്ട്. എനിക്കു തോന്നിയ സംശയത്തിൽ കഴമ്പില്ല എങ്കിൽ അത് വല്ലാത്തൊരു അന്തരീക്ഷം സൃഷ്ടിക്കും. മാത്രമല്ല ഞാനിക്കാര്യത്തിൽ സംശയം ഉന്നയിച്ചത് ആരെങ്കിലും പറഞ്ഞ് മാഗി മാഡം അറിയുകയാണെങ്കിൽ അതു വിഷമകരമാണ്.

അതു കൊണ്ട് ജോൺ പണ്ട് ജോലി ചെയ്തിരുന്ന ഏതെങ്കിലും ഇടത്തെ ജോണിനെ വ്യക്തിപരമായി അറിയാവുന്ന ആരെയെങ്കിലും കണ്ടെത്തണം. അതിന് ഒരു എളുപ്പ വഴിയേ എന്‍റെ മുന്നിലുള്ളൂ. ഫേസ്ബുക്കിൽ വ്യാപകമായി ഒന്നു പരിശോധിക്കുക. ഭാഗ്യമുണ്ടെങ്കിൽ നമുക്കറിയാവുന്ന ആരെങ്കിലും കാണും.

ഡോക്ടർ സാമുവലിൽ നിന്നാണ് ജോണിലേക്കുള്ള ലിങ്ക് കിട്ടിയത്. ജോൺഫേസ് ബുക്കിൽ കാര്യമായി സജീവമല്ല. മൂന്നു നാല് ഫോട്ടോസ് ഉണ്ട്. വിരലിലെണ്ണാവുന്ന സുഹൃത്തുക്കളും. സുഹൃത്തുക്കളിൽ ഡോക്ടർ സാമുവേൽ ഒഴിച്ച് ആരും തന്നെ പരിചിതരല്ല. ആൽബത്തിൽ കണ്ട ബന്ധുക്കളിൽ ആരും തന്നെയില്ല.
ഏറെ നേരത്തെ ശ്രമത്തിനു ശേഷം നിരാശയോടെ ലാപ്ടോപ്പ് ഓഫ് ചെയ്യുമ്പോൾ ഗബ്രിയുടെ ഇമെയിൽ നോട്ടിഫിക്കേഷൻ വന്നതായി കണ്ടു. ഇപ്പോൾ ആ മെയിലിൽ അടങ്ങിയിരിക്കുന്ന വിശദാംശങ്ങൾ എനിക്ക് ആവശ്യമില്ല. തോമാച്ചന്‍റെ കൈയ്യിൽ കൊടുത്തു വിട്ട വസ്തുക്കളുടെ പരിശോധന ഫലം അറിഞ്ഞിട്ടേ മെയിലിലെ വിവരങ്ങൾ അറിഞ്ഞതുകൊണ്ട് പ്രയോജനമുള്ളൂ.

പെട്ടന്നാണൊരു പേര് മനസ്സിൽ വന്നെത്തിയത്. പാൽക്കാരൻ സണ്ണി. അവൻ ഭയപ്പാടിലായിരിക്കും. ഭയം പിടിപെട്ടവനിൽ നിന്ന് വിവരങ്ങളറിയുക എളുപ്പമുണ്ട്. തോമ്മാച്ചനെയും കൂട്ടി പയ്യനെ ഒന്നു വിരട്ടിയാൽ ചിലപ്പോൾ വിവരം കിട്ടിയെന്നിരിക്കും. ആ പരിസരത്ത് ഒന്നന്വോഷിച്ചാൽ അവനെപ്പറ്റി അറിയാൻ കഴിയും. അല്ലെങ്കിൽ തോമാച്ചനെ ഒന്നു വിട്ടാലും മതി.

എലവുത്തിങ്കൽ തറവാട്ടിലെ നിക്കണ പെണ്ണിന്‍റെ കയ്യിൽ പിടിച്ച കേസ് ഒന്നു സൂചിപ്പിച്ചാൽ മതി. അവനറിയാവുന്നതെല്ലാം പുറത്തുവരും. അതൊന്ന് തന്ത്രപൂർവ്വം കൈകാര്യം ചെയ്യണം എന്ന് മാത്രം .

തോമാച്ചനെ വിളിച്ച് വിവരം പറഞ്ഞു. ഒരൊറ്റ കാര്യമേ തനിക്ക് സണ്ണിയിൽ നിന്നും അറിയേണ്ടതുള്ളൂ. അതു തോമാച്ചനോട് വിശദീകരിച്ചു. ഒപ്പം മറ്റു ചില കാര്യങ്ങളും പത്തു മിനിറ്റോളം സംസാരിച്ചു.

ജോണിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും മനസിലാക്കിയ ചില കാര്യങ്ങളിൽ വ്യക്തത വരുത്തി. ഇനി തുടർന്നുള്ള പുരോഗതി തോമാച്ചൻ തരുന്ന വിവരങ്ങളെ മുൻനിർത്തിയിരിക്കും. ഏതായാലും പൂർണ്ണമായ വിവരങ്ങൾ ലഭിക്കാൻ ഒരു രണ്ടു ദിവസമെങ്കിലും എടുക്കും. അതു വരെ കാത്തിരുന്നേ പറ്റൂ.

Novel: സമുദ്രമുഖം ഭാഗം- 7

ഫോണിൽ കിളിനാദം. ഒരു ചന്ദ്രനാണ്. തുണിക്കടയിൽ മാനേജരായി ജോലിക്കു പോകുന്ന ഭാര്യയെ സംശയം. കാമുകനുണ്ടെന്ന്. അക്കാര്യത്തിൽ അയാൾക്ക് വിശ്വസനീയമായ സ്ഥിരീകരണം വേണം. അതിനു ശേഷം അയാൾക്കു ചില കാര്യങ്ങൾ നടപ്പിലാക്കാനുണ്ടെത്ര! തത്ക്കാലം ഇപ്പോൾ എന്‍റെ ഉറക്കം കെടുത്തുന്ന പ്രശ്നത്തിനൊരു പോംവഴി ലഭിക്കട്ടെ. എന്നിട്ടേ മറ്റു കേസുകൾ ഏറ്റെടുക്കുന്നുള്ളൂ. അതുകൊണ്ട് ചന്ദ്രന്‍റെ കേസ് പിന്നീട്. അതിനിടക്ക് അയാൾക്ക് തീരുമാനങ്ങൾ നടപ്പിലാക്കാതിരിക്കാൻ സർവ്വേശ്വരൻ ക്ഷമ നല്കട്ടെ.

മാഡത്തെ വിളിച്ച് ഡോക്ടറെ ഒന്നു കണ്ട് സംസാരിക്കാൻ കഴിയുമോ എന്നാരാഞ്ഞു. അഞ്ചു മിനിറ്റിനകം വിവരം പറയാമെന്ന് അവർ അറിയിച്ചു. തുടർന്ന് ഇന്ന് ഏഴര മണിക്ക് ഡോക്ടറെ കണ്ടു സംസാരിക്കാനായി അനുവാദം നല്കി. അദ്ദേഹത്തിന്‍റെ ക്ലിനിക്കിന്‍റെ ലൊക്കേഷനും പെട്ടന്നു തന്നെ സന്ദേശമായിക്കിട്ടി. എട്ടു കിലോ മീറ്റർ ദൂരമുണ്ട്. വെറുതെ ബീച്ച് റോഡിൽ നിന്നും എത്ര കിലോമീറ്റർ ദൂരമുണ്ടെന്ന് പരിശോധിച്ചു. അവിടുന്ന് അഞ്ചര കിലോമീറ്റർ ദൂരമുണ്ട്. കേക്കു വണ്ടി തയ്യാറാണ്.

ഡോക്ടറെ കാണാൻ ഇനിയും സമയം ഉണ്ട്. ആ സമയം എന്തെങ്കിലും കഴിക്കാനായി വിനിയോഗിക്കാമെന്നു തീരുമാനിച്ചു. ഡച്ച് വിഭവങ്ങൾ ലഭിക്കുന്ന കഫേയിൽ ഇന്നത്തെ സ്പെഷ്യൽ വിഭവം എന്തായിരിക്കുമെന്ന് നിനച്ചു റോഡ് മുറിച്ചു കടക്കവേ എന്നെ കാത്തുനിന്നെന്നവണ്ണം ഒരു കറുത്ത ബൈക്ക് മുന്നോട്ടു വന്നു. ആറാമിന്ദ്രിയം പ്രവർത്തിച്ചു എന്ന് പറയുന്നതാവും ശരി. ഒരു നിമിഷം പിറകിലേക്ക് വെട്ടിതിരിഞ്ഞു. അമ്പെയ്തു വിട്ട മട്ടിൽ ആ വലിയ വണ്ടി പാഞ്ഞു പോയി. ആ തിരിച്ചിലിൽ കാലൊന്ന് ഇടറി. റോഡിൽ ഒന്നിരുന്നു പോയി. എങ്കിലും പെട്ടെന്നു തന്നെ എഴുന്നേറ്റു നിൽക്കാനായി. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. ബൈക്കിന്‍റെ നമ്പർ നോട്ടു ചെയ്യാൻ കൂടി കഴിഞ്ഞില്ല. ഏതായാലും ഇതപകടമാണ്.

ഈ കേസ് ഏറ്റെടുത്തതിൽ പിന്നെ രണ്ടാമത്തെ അനുഭവമാണ്. ഈ കേസുമായി ബന്ധമുണ്ടോ എന്നത് നിശ്ചയിക്കാനായില്ല. ഏറെ സാധ്യത കാമുകിയുമായി ബന്ധപ്പെട്ട വിഷയമായിരിക്കും. ആ പ്രണയിനിയെ ഞാൻ രക്ഷിച്ചെടുത്തത് ഒരു ക്വട്ടേഷൻ തൊഴിലുകാരനിൽ നിന്നാണ്. അവന്‍റെ തൊഴിലിതാണെന്ന് ഞാൻ അവൾക്ക് കൃത്യമായി ബോധ്യപ്പെടുത്തിക്കൊടുത്തു.

അപകടം മനസ്സിലാക്കിയ അവൾ പതുക്കെ അവനെ ഒഴിവാക്കാൻ തുടങ്ങിക്കാണണം. ഒഴിവാക്കാൻ കഴിയാത്ത ഒരവസ്ഥയിൽ അവൾ വഴിയോ അല്ലെങ്കിൽ എങ്ങിനെയോ ഞാനാണ് ഈ വിവരം തന്നതെന്ന് അവൻ അറിഞ്ഞിരിക്കാം. അവന് തന്നോടുള്ള പകയാണ് ഈ കാണുന്നത്. സ്ത്രീകളെ പഴി പറഞ്ഞിട്ട് പ്രയോജനമില്ല. ഇത്തരം പരിപാടികളുടെ കൂമ്പൊടിക്കാൻ പോലീസിനെത്തന്നെ സമീപിക്കേണ്ടി വരും.

സമയം കളയാതെ ഓഫീസിൽ ചെന്ന് വിശദമായ ഒരു പരാതി എഴുതിത്തയ്യാറാക്കി. രണ്ടു കോപ്പിയെടുത്ത് കേക്കു വണ്ടിയിൽ യാത്ര ചെയ്ത് പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ക്വട്ടേഷൻ പയ്യനെ ഒന്നു ചെറുതായി കൈകാര്യം ചെയ്താൽ പിന്നെയവൻ ഒതുങ്ങിക്കോളും.

പ്രതീക്ഷിച്ചതിലും വളരെ പ്രായമുള്ള ഡോക്ടർ സാമുവേൽ. മേഘം പോലെ വെളുത്ത സമൃദ്ധമായ തലമുടി. തികഞ്ഞ സാത്വിക മുഖം. ജീവിതാനുഭവങ്ങൾ ഏറെ ഉള്ള ഒരാളെന്ന് തോന്നും. ക്ലിനിക്കിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. എങ്കിലും ഞാൻ വന്ന വിവരം അദ്ദേഹത്തെ അറിയിച്ചപ്പോൾ അപ്പോൾ നോക്കിക്കൊണ്ടിരുന്ന രോഗിക്കു ശേഷം വന്നു കൊള്ളാൻ അറിയിച്ചു. ഇദ്ദേഹത്തെപ്പറ്റി പണ്ടെങ്ങോ കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ പരിശോധനക്കായി വന്നിട്ടില്ല. സാധാരണ പ്രായമായ ആളുകളാണ് ഇദ്ദേഹത്തെ തേടി വരാറുള്ളത്.

അടുത്തിരുന്ന ആളോട് ഡോക്ടറെക്കുറിച്ചുള്ള അഭിപ്രായവും ഡോക്ടർ ഫീ എങ്ങനെയെന്നും ചോദിച്ചു. വളരെ കുറഞ്ഞ ഫീസിൽ മികച്ച സേവനം നല്കുന്ന വ്യക്തിയെന്നാണ് അയാൾ പറഞ്ഞത്. തെല്ലിട കഴിഞ്ഞ് ഡോക്ടർ വിളിക്കുന്നതായി ഒരു സ്ത്രീ വന്നറിയിച്ചു. നേരത്തെ വാതിൽപ്പാളിയിലൂടെ അദ്ദേഹത്തെ ഒരു നോക്ക് കണ്ടിരുന്നു. അദ്ദേഹത്തെ അഭിവാദ്യം ചെയ്തു കൊണ്ട് വിസിറ്റർ ചെയറിൽ ഇരുന്നു. സ്വയം പരിചയപ്പെടുത്തി. ഒപ്പം മാഡത്തെക്കുറിച്ചും സൂചിപ്പിച്ചു. അവരോടുള്ള ആദരവും സ്നേഹവും അയാളുടെ മുഖത്ത് പ്രകടമായിരുന്നു. ഞാൻ അദ്ദേഹത്തിന്‍റെ വിലപ്പെട്ട സമയം കളയാൻ നിന്നില്ല. നേരെ വിഷയത്തിലേക്ക് കടന്നു.

“ഡോക്ടർ ഞാൻ താങ്കളെ ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം. താങ്കളുടെ ഏറെ സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ നേരെ വിഷയത്തിലേക്ക് കടക്കുകയാണ്. എലവത്തിങ്കൽ തറവാട്ടിലെ റിട്ട. മേജർ ജോൺ എലവുത്തിങ്കലിന്‍റെ മരണത്തെക്കുറിച്ച് അല്പം വിശദമായി അറിയാൻ ആഗ്രഹമുണ്ട്. മരണം സ്ഥിരീകരിച്ചത് താങ്കളാണെന്ന് മാഡം പറഞ്ഞിരുന്നു.”

ഞാൻ ഒന്നു നിർത്തി ഡോക്ടറുടെ പ്രതികരണത്തിനായി തെല്ലിട കാത്തു.

ഡോക്ടർ എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ അഗാധമായ കണ്ണുകൾ എന്‍റെ മുഖം വായിക്കുകയാണെന്നു എനിക്ക് മനസിലായി. തുടർന്ന് ഡോക്ടർ അല്പനേരം ചിന്തയിലാണ്ടു. എന്നിട്ട് പറഞ്ഞു തുടങ്ങി.

“മി. സാം. എന്‍റെ സമയനഷ്ടത്തെക്കുറിച്ച് വേവലാതി വേണ്ട. മാഗി എന്നെ വിളിച്ചിരുന്നു. അവരുടെ സംശയങ്ങൾ ദുരീകരിക്കാനുള്ള താങ്കളുടെ ശ്രമങ്ങൾക്ക് എന്‍റെ പൂർണ്ണമായ പിന്തുണയും സഹകരണവും ഉണ്ടായിരിക്കും. അതു കൊണ്ടു തന്നെ എനിക്കറിയാവുന്ന വസ്തുതകൾ ഞാൻ വിശദമായിത്തന്നെ പറയാം.”

“എലവുത്തിങ്കൽ ഫാമിലിയുമായി എനിക്ക് ചെറുപ്രായം തൊട്ടേ അടുപ്പമുണ്ട്. ജോണിന്‍റെ അപ്പൻ എലവുത്തിങ്കൽ ലൂയിസ് കോശിയും ഞാനും ഒരുമിച്ച് പഠിച്ചവരായിരുന്നു. പഠനശേഷം ലൂയീസ് പാരമ്പര്യമായി ചെയ്തു കൊണ്ടിരുന്ന ബിസിനസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നാട്ടുകാർക്ക് വളരെ വേണ്ടപ്പെട്ട ആളായിരുന്നു. ബിസിനസ്സുകാരനായ അദ്ദേഹം പള്ളിക്കും, അനാഥാലയങ്ങൾക്കും, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൈയയച്ച് സഹായം ചെയ്തിരുന്നു.

എനിക്കും ഒരിക്കലും മറക്കാനാവാത്ത കടപ്പാടുകൾ അദ്ദേഹത്തോടുണ്ട്. ഞങ്ങളുടെ കുടുംബം വലിയ സാമ്പത്തിക ശേഷി ഉള്ളവരായിരുന്നില്ല. അപ്പോൾത്തന്നെ താങ്കൾക്ക് ഊഹിക്കാമല്ലോ കടപ്പാടുകൾ എന്തുകൊണ്ടാണെന്ന്? ഞാൻ വന്നവഴി മറക്കുന്നവനല്ല. ഞാൻ ഒരു ഡോക്ടറായി ഇവിടെ ഇരിക്കുന്നതിന്‍റെ കാരണവും കാരുണ്യവാനായ അദ്ദേഹത്തിന്‍റെ സഹായം ഒന്നുകൊണ്ടു മാത്രമാണെന്ന് ഞാൻ അഭിമാനത്തോടെത്തന്നെയാണ് പറയുന്നത്. ലൂയീസിന്‍റെ അമ്മ! ഇത്രയേറെ ദയാലുവായ സ്ത്രീയെ ഞാനിന്നുവരെ കണ്ടിട്ടില്ല. ലൂയീസിനൊപ്പം ഒരു മകനായിത്തന്നെയായിരുന്നു എന്നെയും അവർ കണ്ടിരുന്നത്. ആ വീട്ടിൽത്തന്നെയായിരുന്നു ഞാൻ എപ്പോഴും.”

ഡോക്ടറുടെ മുഖം കണ്ടപ്പോൾ ആ പഴയകാല ഓർമ്മകൾ അനുഭവിക്കുന്നതു പോലെ തോന്നി. തെല്ലിട കഴിഞ്ഞു അദ്ദേഹം തുടർന്നു.

“പണ്ട് ചെറിയ കുട്ടികളായിരുന്നപ്പോൾ ലൂയിസിന്‍റെ നാലു പിള്ളേർക്കും എന്തസുഖം വന്നാലും എന്‍റടുത്താ വന്ന് പരിശോധിക്കാറ്. ലൂയീസിന്‍റെ മൂത്തമകൻ ജോൺ പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. നാട്ടിൽ വന്ന് താമസിക്കാൻ പോകുന്നെന്ന് അറിഞ്ഞു. അവിചാരിതമായി വന്ന തിരക്കുകൾ കാരണം അദ്ദേഹത്തെ കാണാൻ തരപ്പെട്ടില്ല. ഇനിയാ സംഭവം ഞാൻ പറയാം.

ഈ ക്ലിനിക്ക് വൈകുന്നേരമേ പ്രവർത്തിക്കാറുള്ളൂ. രാവിലെ ഞാൻ ഫ്രീയാണ്. പരിശോധനയ്ക്ക് ഇരിക്കാറില്ല. ഇക്കഴിഞ്ഞ പത്താം തീയതി രാവിലെ മിസിസ് ജോൺ എന്നെ ഫോൺ വിളിച്ച് കരഞ്ഞുകൊണ്ട് ജോണിനെന്തോ പറ്റിയതായി പറഞ്ഞു. ഞാനുടനെ കാറുമെടുത്ത് ഇറങ്ങി. അവിടെ ചെല്ലുമ്പോൾ വീടിനു മുകൾ നിലയിൽ ജോൺ കട്ടിലിൽ കിടക്കുന്നു. ആ കിടപ്പു തന്നെ ഒരു പന്തികേട് പിടിച്ചതായിരുന്നു.

ഞാനുടനെ പരിശോധിച്ചപ്പോൾ മരണം നടന്നിട്ട് ഒന്നര മണിക്കൂറിലധികം ആയതായി അറിയാൻ കഴിഞ്ഞു. ഹാർട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങളാണ് മുഖത്തും പേശികളിലുമെല്ലാം കണ്ടത്. ആ വിവരം മിസിസ് ജോണിനെ ധരിപ്പിച്ചു. തലേന്ന് ജോൺ കലശലായി നെഞ്ചു തടവുന്നതായി കണ്ടെന്ന് അവരും പറഞ്ഞു. ആ വിവരം അപ്പോൾത്തന്നെ തന്നെ അറിയാക്കാഞ്ഞതെന്തെന്ന് ചോദിച്ച് ഞാൻ ഞാൻ അവരോടു കയർത്തു സംസാരിച്ചു. അവരാകെ കരച്ചിലും ബഹളവുമായി. തുടർന്ന് ഞാൻ ഈ വിവരം കുടുംബത്തിലെ മറ്റു അംഗങ്ങളെ അറിയിക്കാനായി പോകുകയായിരുന്നു.” ഡോക്ടർ പറഞ്ഞു നിർത്തി.

“ശരി. നന്ദി. പിന്നെ ലൂയീസിന്‍റെ മരണം എങ്ങനെയാണ് സംഭവിച്ചത്?” ഞാൻ ചോദിച്ചു.

ഡോക്ടർ അല്പനേരം മൗനിയായി. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ ഡോക്ടറിൽ തിരതല്ലുന്ന പോലെ തോന്നി. കണ്ഠമിടറിക്കൊണ്ട് അയാൾ പറഞ്ഞു.

“പത്തു നാല്പതു കൊല്ലം മുൻപത്തെ കാര്യങ്ങളാണ്. കൂപ്പ് ലേലത്തിനു പോകുന്ന പതിവുണ്ട് ലൂയീസിന്. പല ബിസിനസ്സുകളിൽ ഒന്നായിരുന്നു അതും. ഒരിക്കൽ ലേലത്തിനു പങ്കെടുക്കുമ്പോൾ കുഴഞ്ഞു വീഴുക ആയിരുന്നു. ഒരു ദിവസം കഴിഞ്ഞാ ബോഡി നാട്ടിലെത്തിയത്. ലേലവുമായി ബന്ധപ്പെട്ട് ചില ശത്രുതാ മനോഭാവമുള്ള കൂട്ടരുണ്ടായിരുന്നു. അവരിൽ ചിലർ അപായപ്പെടുത്തിയതാണെന്ന് ചില കോണുകളിൽ നിന്നു സംശയം ഉയർന്നിരുന്നു. നിജസ്ഥിതിക്കായി പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടതും അതിനു വേണ്ട സഹായങ്ങൾ ചെയ്തതും ഞാനായിരുന്നു. അതിൽ നിന്നും തെളിഞ്ഞത് ഹാർട്ട് അറ്റാക്ക് ആണെന്നാണ്.”

ലൂയീസിന്‍റെ മരണവുമായി ബന്ധപ്പെട്ട വേദനാനിർഭരമായ ആ സംഭവങ്ങൾ ഡോക്ടർ ഉൾക്കണ്ണാൽ കാണുന്ന പോലെ തോന്നി. വല്ലാത്തൊരു മുഖഭാവത്തോടെ അയാൾ കണ്ണുകൾ തെല്ലിട ഇറുക്കിയടച്ചു. മിഴി തുറന്നപ്പോൾ രണ്ടിറ്റ് കണ്ണീരടർന്നു വീണു. മുറിയിലെ ചുവരിൽ പഴയ ഫോട്ടോകൾ പതിച്ചു വച്ചിരുന്നു . കറുപ്പും വെളുപ്പും ഇടകലർന്ന ഫോട്ടോകൾ. അവയിലൊരെണ്ണം ലൂയിസിന്‍റെതായിരിക്കുമെന്നു എനിക്ക് ഉറപ്പായിരുന്നു.

പല ചോദ്യങ്ങളും മനസ്സിൽ തികട്ടിവന്നെങ്കിലും വൈകാരികമായി തീർത്തും പരിക്ഷീണിതനായ അദ്ദേഹത്തോട് ഒന്നും തന്നെ ചോദിക്കാൻ തോന്നിയില്ല. അദ്ദേഹത്തോട് സോറി പറഞ്ഞു. സാരമില്ല എന്ന ആശ്വാസവാക്കിൽ മനസ്സു തണുത്ത് ഡോക്ടറോട് നന്ദി പറഞ്ഞു കൊണ്ട് ക്ലിനിക്കിന് പുറത്തിറങ്ങി. അപ്പോൾ അവിടെ രോഗികളെ കാത്തിരിക്കുന്നതായി കണ്ടില്ല. നേരത്തെ കണ്ട സ്ത്രീ അവിടെയിരുന്ന് രജിസ്റ്റർ പരിശോധിക്കുന്നതു കണ്ടു.

ബോഗൻ വില്ല പടർത്തിയ ഗേറ്റുചാരി റോഡിലേക്കിറങ്ങുമ്പോൾ നിറം മാറിത്തുടങ്ങിയ സന്ധ്യ ഇരുണ്ടു കറുക്കാൻ തുടങ്ങിയിരുന്നു. നീളൻ കഴുത്തുള്ള ഒരു കൂട്ടം പക്ഷികൾ ധനുസ്സിൽ നിന്നും എയ്തുവിട്ട അസ്ത്രം പോലെ തിരക്കുപിടിച്ച് പറന്നു പോകുന്നതു കണ്ടു. ഡച്ച് കഫേയിലെ ഇന്നത്തെ സ്പെഷ്യൽ എല്ലാം തീർന്നു കാണണം. ഇനി എത്രയും വേഗം വീടു പറ്റുക തന്നെ.

ലൂയീസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കാൻ കാണിച്ച ശുഷ്കാന്തി ജോണിന്‍റെ കാര്യത്തിൽ എന്തുകൊണ്ടുണ്ടായില്ല? ഈയൊരു ചോദ്യം ചോദിക്കാനായി തികട്ടി വന്നതായിരുന്നു. കുടുംബ ഡോക്ടറായ സാമുവൽ ഡോക്ടർ പരിശോധിച്ചു ഉറപ്പുപറഞ്ഞ സ്ഥിതിക്ക് ആരും തന്നെ പോസ്റ്റുമോർട്ടത്തിന്‍റെ ആവശ്യകത പ്രകടിപ്പിച്ചു കാണില്ല. അല്ലാതെ മറ്റൊരു കാരണവും പറയാനില്ല.

ഇനി എന്തെങ്കിലും തരത്തിലുള്ള പ്രോഗ്രസ്സ് തോമാച്ചനിലൂടെയേ സാധ്യമാകൂ. അതിനായി നാളെ തോമാച്ചനെ ഓഫീസിലോട്ട് വിളിപ്പിക്കാം. എലവുത്തിങ്കൽ തറവാട്ടിൽ നിന്നും ചൂണ്ടിയ കുറച്ചു വസ്തുക്കൾ തോമാച്ചനെ ഏൽപ്പിക്കണം. അത് ലാബിൽ പരിശോധിക്കേണ്ടതാണ്. അതിലെ ഫലം നെഗറ്റീവ് എങ്കിൽ മറ്റൊന്നും ആലോചിക്കണ്ട അപ്പോൾത്തന്നെ കേസുമടക്കി ഗുഡ് ബൈ പറയാം. പോസിറ്റീവ് എങ്കിൽ, അതിന് അഞ്ചു ശതമാനം മാത്രം സാധ്യതയേ ഉള്ളൂ എങ്കിൽ കഥ മാറും. അതൊരു ആസൂത്രിത കൊലപാതകത്തിലേക്ക് വഴിമാറും.

Novel: സമുദ്രമുഖം ഭാഗം- 6

പൊടിമഴ അപ്പോഴും ശമിച്ചിരുന്നില്ല. അതിന്‍റെ ശക്തി ഏറിയും കുറഞ്ഞുമിരുന്നു. യാത്രക്കിടയിൽ എപ്പോഴോ എയ്തു വിട്ട അസ്ത്രം കണക്ക് വലിയ തുള്ളികൾ ഉൾക്കൊണ്ട മഴ ദേഹത്താഞ്ഞു പതിച്ചു. അങ്ങനെ വളർന്നു വലുതായ മഴ വകവക്കാതെ ആളുകൾ റോഡിലൂടെ ധൃതി പിടിച്ച് പൊയ്ക്കൊണ്ടിരുന്നു. കടലിനോരം ചേർന്ന നടപ്പാതക്കരികിലെ പരന്ന പാറക്കെട്ടുകളിൽ ഇരുന്ന് ചിലർ നേർത്ത റോപ്പ് ഉപയോഗിച്ച് മീൻ പിടിക്കുന്നതു വരുമ്പോൾ കണ്ടിരുന്നു. ഈ നേരം വരെ ചൂണ്ടയിട്ടിട്ടും രണ്ടോ മൂന്നോ മീനുകളെ അവർക്കു ലഭിച്ചിട്ടുള്ളൂ.

മഴയൊന്നും തങ്ങളെ തെല്ലും അലട്ടുന്നില്ലെന്ന മട്ടിൽ യുവമിഥുനങ്ങൾ അവിടവിടെ കടലിന്‍റെ തിരതല്ലൽ നോക്കി നിൽപ്പുണ്ട്. വരുമ്പോൾ കണ്ട കപ്പലണ്ടിക്കാരനെ കാണാനുമില്ല. അയാളെ കണ്ടിരുന്നെങ്കിൽ ചൂടു കപ്പലണ്ടി വാങ്ങി കഴിക്കാമായിരുന്നു. അയാൾ എങ്ങു പോയ്മറഞ്ഞു ആവോ? കനത്തുപിടിച്ചു ആക്കം കൂടാനൊരുങ്ങുന്ന മഴയ്ക്കു മുൻപ് ഓഫീസെത്തണം.

ചിന്തിച്ചു നോക്കിയാൽ മനുഷ്യ മനസ്സ് വല്ലാത്തൊരു പ്രഹേളികയാണ്. ഒരു ദിവസം മനുഷ്യമനസ്സിൽ എഴുപതിനായിരത്തോളം ചിന്തകളാണ് വന്നു നിറയുന്നത്. അവയിൽ ഒരാൾ ഇടപെടുന്ന ആളെക്കുറിച്ച് അനുകൂലമായും പ്രതികൂലമായും ചിന്തകളുടെ വേലിയേറ്റം തന്നെ ഉണ്ടാകാം. പ്രതികൂലമായ ചിന്തകൾക്കു പിന്നിൽ ശക്തമായ ചോദനയെങ്കിൽ ആ ചിന്തകൾ നടപ്പാക്കപ്പെടുക തന്നെ ചെയ്യും. അതിൽ ഒരു സംശയവുമില്ല.

നമ്മളോട് ചിരിച്ച് രസിച്ച് സംസാരിക്കുന്ന ആൾ നമ്മളെക്കുറിച്ചുള്ള എന്തെല്ലാം വസ്തുതകൾ ചിന്തിച്ചു കൂട്ടിക്കാണും. ഏതെങ്കിലും വിഷയത്തിലുള്ള കടുത്ത അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിൽ ഇവനെ അങ്ങ് തട്ടിക്കളഞ്ഞാലോ എന്ന് ഒരു വേള ചിന്തിച്ചിരിക്കില്ലെന്ന് ആരു കണ്ടു?

ആ ഒരു ചിന്തക്കു പിറകിലെ ചോദന അതിശക്തമെങ്കിൽ ‘തട്ടിക്കളയുക’ എന്ന സംഭവം നടക്കുക തന്നെ ചെയ്യും. അതിനായിമനസ്സ് മാധ്യമങ്ങളിലൂടെയും മറ്റു വിവരസമാഹരണ കേന്ദ്രങ്ങൾ വഴിയും സ്വയത്തമാക്കിയ, പിന്നെയും സ്വയത്തമാക്കേണ്ടുന്ന അറിവുകളെ തേടും. അതിന്‍റെ അടിസ്ഥാനത്തിൽ തന്‍റെ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി വിവിധ വഴികൾ വിശകലനം ചെയ്യും. അങ്ങിനെ സുരക്ഷിതമായ വഴി നിശ്ചയിച്ച് ലക്ഷ്യം നടപ്പാക്കും. ഫ്രോയ്സിന്‍റെ തിയറിയനസരിച്ചുള്ള ഈഡ്, ഈഗോ, സൂപ്പർ ഈഗോ നിയന്ത്രണങ്ങളെ അതിലംഘിക്കാൻ മാത്രം കരുത്താർജിക്കുമെങ്കിൽ ആ ക്രിമിനൽ ഇവന്‍റ് നടന്നിരിക്കും.

എല്ലാ മനുഷ്യരിലും ഈഡിന്‍റെ അടിസ്ഥാന സവിശേഷതയായ മൃഗതൃഷ്ണ അന്തർലീനമാണ്. സുരക്ഷിത സാഹചര്യമെന്ന ബോധത്തിൽ അല്ലെങ്കിൽ വിശ്വാസത്തിൽ ഈഗോ, സൂപ്പർ ഈഗോ വേലിക്കെട്ടുകളെ തകർത്ത് മൃഗം പുറത്തുചാടും. ലോകം കീഴടക്കുന്നവനല്ല മനസ്സിനെ മെരുക്കുന്നവനാണ് യഥാർത്ഥ പോരാളി എന്നല്ലേ ബുദ്ധൻ പറഞ്ഞത്?

ഓഫീസിലെ ഒച്ചയുണ്ടാകുന്ന പിരിയൻ ഇരുമ്പു ഗോവണി പിടിച്ചു കയറുമ്പോൾ മഴയേറ്റിട്ടു പോലും ദേഹം വിയർത്തു കുളിച്ചിരുന്നു. മറ്റു ദേഹാധ്വാനമൊന്നും ഇല്ലാത്തതിനാൽ നടന്നു പോകാവുന്ന ഇടങ്ങളിൽ നടന്നു പോകാറാണ് പതിവ്. ഒരു വ്യയാമവുമാകും. പഴഞ്ചൻ താക്കോലെടുത്ത് ഓഫീസിന്‍റെ വാതിലു തുറന്ന് പവർ ഓൺ ചെയ്തു.

മധ്യഭാഗം വീർത്ത കുറിയ പങ്ക തലക്കു മുകളിൽ തിരിയാൻ ആരംഭിച്ചു. ഇളങ്കാറ്റിൽ വിയർപ്പാറിത്തണുത്തു. ലാപ്ടോപ്പ് ഓൺ ചെയ്ത് മൊബൈലുമായി ബന്ധിപ്പിച്ച് മൊബെലിൽ അല്പം മുന്നെ എടുത്ത ചിത്രങ്ങൾ ഒരു ഫോൾഡർ ഉണ്ടാക്കി ട്രാൻസ്ഫർ ചെയ്തു. വലിയ സ്ക്രീനിൽ മിഴിനട്ട് ഫോട്ടോകളിലെ ചില ഭാഗങ്ങൾ വലുതാക്കി പരിശോധിക്കുമ്പോഴാണ് ഫോണിൽ നിന്നും കിളിനാദം കേട്ടത്.

ലാപ്ടോപ്പിൽ നിന്നും ഫോൺ ഡിസ്കണക്ട് ചെയ്ത് കോൾ അറ്റൻഡ് ചെയ്യാനൊരുങ്ങുമ്പോഴേക്കും കോൾ കട്ടായി. ഒരു ചന്ദ്രൻ . ഈ കേസുമായി ബന്ധമുള്ള ആളല്ല. പിന്നെ വിളിച്ച് വിവരങ്ങൾ ആരായാം. അതാ വീണ്ടും. കിളി നാദം. അതു തോമാച്ചൻ. കോൾ അറ്റൻഡു ചെയ്തതും തോമാച്ചനിൽ നിന്നും വിവരങ്ങൾ പ്രവഹിച്ചു തുടങ്ങി. തോമാച്ചനെ നിരാശപ്പെടുത്തേണ്ട എന്നു കരുതി മുഴുവനും കേട്ടിരുന്നു.

സണ്ണിയുടെ ഭാര്യ മേരി. രണ്ടു മക്കൾ. മകൻ ചൈനയിൽ മെഡിക്കൽ സയൻസിനു പഠിക്കുന്നു. രണ്ടു വർഷം മുൻപ് മകളുടെ വിവാഹം കഴിഞ്ഞു. വിവാഹം കഴിച്ചത് യു.കെ ബേസ്ഡ് ആയ ഒരു ഡോക്ടറെ. അവരിപ്പോൾ സ്വന്തം ക്ലിനിക്കുമൊക്കെയായി വെൽസെറ്റിൽഡ്.

അതിഗംഭീരമായാണ് ആ വിവാഹം നടത്തിയത്. നാടൊട്ടുക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ സർവത്ര സന്തോഷം പതഞ്ഞൊഴുകിയ ആ വിവാഹത്തിനിടയിൽ വേദനാനിർഭരമായ ഒരു സംഭവം അരങ്ങേറി. സണ്ണിയുടെ ജേഷ്ഠൻ പൊടുന്നനെ മരണപ്പെട്ടു. കല്യാണ വിരുന്നിനിടയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ആഹ്ളാദനിർഭരമായ വേദി ശ്മശാന മൂകമായി. സണ്ണിയുടെ മനസ്സിനെ ആ സംഭവം വല്ലാതെ മുറിവേൽപ്പിച്ചു.

സണ്ണിയും കുടുംബവും ഏറെക്കാലം ബീച്ച് റോഡിലെ തറവാട്ടിലായിരുന്നു താമസം. ഈയടുത്താണ് ടൗണിൽ ഒരു ലക്ഷ്വറി ഫ്ലാറ്റ് വാങ്ങി താമസം മാറിയത്. സ്വന്തമായി ലക്ഷങ്ങളുടെ ദൈനംദിന ബിസിനസ്സ് നടക്കുന്ന സൂപ്പർ മാർക്കറ്റുണ്ട്. കൂടാതെ പ്രശസ്തമായ കറി പൗഡർ കമ്പനിയുടെ മധ്യകേരളത്തിലെ ഡീലറാണ് സണ്ണി. പിന്നെ പള്ളിയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം സജീവം അതുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെല്ലാം കൈയയച്ച് സംഭാവന നല്കുന്ന വ്യക്തിയുമാണ് സണ്ണി.

മെഡിക്കൽ ബിരുദം നേടി വരുന്ന മകന് നോക്കി നടത്തുന്നതിനായി ഒരു ആശുപത്രി തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ഓടി നടക്കുകയാണ് ഇപ്പോൾ സണ്ണി. അതിനുള്ള സ്ഥലമെല്ലാം കണ്ടെത്തിക്കഴിഞ്ഞു.

തോമാച്ചൻ പിന്നെയും അയാളെക്കുറിച്ച് ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ക്ഷമയോടെ അതെല്ലാം കേട്ട് തോമാച്ചന് നന്ദി പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പൊടുന്നനെ തോമാച്ചന്‍റെ സന്ദേശം, നന്ദി മാത്രം പോരെന്ന്. ഏറ്റെടുത്ത പണി തീർത്തിട്ട് നോക്കാമെന്ന് മറുപടി അയച്ചു.

സണ്ണിയെക്കുറിച്ചുള്ള മുൻധാരണകളെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. സണ്ണിയും കുടുംബവും ഇനി അടഞ്ഞ അധ്യായമായി മാറുകയാണ്. ഒരു ചെറിയ പൊരുത്തക്കേട് ഏച്ചുകെട്ടിയ പോലെ മുഴച്ചുനിൽപ്പുണ്ട്. കല്യാണ വിരുന്നിനിടെ കുഴഞ്ഞു വീണു മരിച്ച ഡേവിസിനെ പരിശോധിച്ച് മരണം സ്ഥിതീകരിച്ച യു.കെ ബേസ്ഡ് ഡോക്ടർ സണ്ണിയുടെ മകളുടെ ഭർത്താവായിരുന്നു. ഈയൊരു ബന്ധം മാഗി മാഡം പരാമർശിച്ചില്ല. അകന്ന ബന്ധത്തിലുള്ള ഒരു ബന്ധു എന്നാണ് ഹസ്ബന്‍റിന്‍റെ ബ്രദറിന്‍റെ മരുമകനെ വിശേഷിപ്പിച്ചത്. ഒരു പടലപ്പിണക്കം ഇതിൽ കാണണം. പിന്നെ സ്ത്രീകൾ ഇത്തരത്തിലൊക്കെ സംസാരിക്കും. അതു കൊണ്ട് ഇതങ്ങു വിട്ടു കളയുന്നതാണ് ഉചിതം.

ഇപ്പോഴും ചിതറിയ ചില ഊഹങ്ങൾ മാത്രമാണ് കേസിന്‍റെ പുരോഗതി. ഇതു വരെ കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്നു പോലും സ്ഥിരീകരിക്കാനായിട്ടില്ല. അറിഞ്ഞ വസ്തുതകൾ വിരൽ ചൂണ്ടുന്നത് തൊണ്ണൂറ്റഞ്ച് ശതമാനവും ഹൃദയാഘാതത്തിലാണ്. ബാക്കിയുള്ള അഞ്ചു ശതമാനത്തിനു സമീകരണമായി കാണുന്നത് അവസാന നിമിഷം മാഗി മാഡം വച്ചു നീട്ടിയ ആൽബത്തിലെ ചില ഫോട്ടോകളിൽ കണ്ട അസ്വാഭാവികമായ ചില അടയാളങ്ങളാണ്. തെളിവുകളായി അവ കണക്കിലെടുക്കാൻ കഴിയുകയില്ല എന്നത് ഒരു വസ്തുതയാണെങ്കിലും. മാഗി മാഡം പറയുന്ന പോലെ നല്ല ആരോഗ്യം ഹൃദയാഘാതം വരാതിരിക്കാനുള്ള കാരണമായി പരിഗണിക്കാനാവില്ല.

മുപ്പതും നാല്പതും വയസ്സു പ്രായമുള്ള എത്രയോ ആരോഗ്യവാൻമാർ ഈയൊരു രോഗം മൂലം മരണപ്പെട്ട വിവരം എനിക്ക് നേരിട്ട് തന്നെ അറിയാം. എപ്പോഴോ ജിംനേഷ്യത്തിൽ ചേരാനായി ഒരാഗ്രഹം തോന്നി. അവിടെ വച്ച് പരിചയപ്പെട്ട ഒരു ട്രെയിനർ. ഇരുപതു വയസ്സുകാരൻ. ഇത്രക്ക് ആരോഗ്യ പൂർണ്ണമായ ഒരു ജീവിതം നയിക്കുന്ന ഒരാളെ അതിനു മുൻപ് കണ്ടിട്ടില്ല. സമയത്തിന് സമീകൃതമായ ആഹാരം, മിതമായ വ്യായാമം. യാതൊരു ദുഃശ്ശീലങ്ങളും ഇല്ല. അയാളുടെ കീഴിൽ പരിശീലനം ആരംഭിച്ചു. വ്യായാമമുറകൾ ഒന്നാന്തരമായിപറഞ്ഞു തരുന്ന ഒരു മികച്ച ട്രെയിനർ.

അലസതയുടേതായ ചില ദിനങ്ങളിൽ ജിംനേഷ്യത്തിലേക്കുള്ള യാത്ര മുടക്കുമ്പോൾ വ്യായാമം നിരന്തരമായി ചെയ്തു പോരേണ്ടതിന്‍റെ ആവശ്യകത അയാൾ നിരന്തരം ഓർമിപ്പിച്ചിരുന്നു. ഒരുനാൾ ജിമ്മിലെത്തിയപ്പോൾ കണ്ടത് മറ്റൊരു ട്രെയിനറെ. പഴയ ട്രെയിനറെ അന്വേഷിച്ചപ്പോളാണ് അറിയുന്നത്. തലേന്ന് ഉറങ്ങാൻ കിടന്ന അയാൾ പിന്നീടൊരിക്കലും ഉണർന്നില്ലെന്ന്.

അന്ധമായ, കറുത്ത രാത്രിയുടെ ഏതൊയാമങ്ങളിൽ എപ്പോഴൊ അതു സംഭവിച്ചു. അറിയുന്നവരുടെ മരണങ്ങൾ മനസ്സിലേൽപ്പിക്കുന്നത് കണങ്കാലിൽ കമ്പേറ്റിയ പോലുള്ള നീറ്റലാണ്. കാലമേറെക്കഴിഞ്ഞാലും ഇടക്കിടക്ക് ഓർമ്മപ്പെടുത്തുന്ന ശമനം തരാത്ത നീറലുകൾ.

മാഡത്തിന് ഒരു പാട് വർഷങ്ങൾ ഒപ്പമുണ്ടായിരുന്ന ഭർത്താവ് പെട്ടെന്നൊരു നാൾ വിട്ടുപിരിഞ്ഞതിന്‍റെ ഒരു വിഭ്രാന്തിയുണ്ട്. സ്ത്രീകളെ വൈകാരികമായി ഏറെ ബാധിക്കുന്ന ഒന്നാണ്. ഈയൊരു കാരണം കൊണ്ട് ചിത്തഭ്രമത്തോളം എത്തിയ സ്ത്രീകളെപ്പറ്റി നേരിട്ടറിയാം. എന്‍റെ അടുത്തബന്ധത്തിൽ തന്നെയുണ്ട് അത്തരമൊരാൾ. എന്‍റെ അമ്മയുടെ നേർ താഴെയുള്ള സഹോദരി. വിവാഹം കഴിഞ്ഞ് നാലു വർഷത്തിനു ശേഷം അവരുടെ ഭർത്താവ് ബൈക്കപകടത്തിൽ മരിക്കുകയായിരുന്നു. അതിന്‍റെ ആഘാതത്തിൽ നിന്നും ഇന്നുമവർ മുക്തയല്ല. ഇപ്പോൾ കടുത്ത വിഷാദ രോഗത്തിന് ചികിത്സയിലാണ്.

ജീവിതത്തിൽ പെട്ടെന്ന് ഒറ്റപ്പെട്ടതിന്‍റെ നിരാശ . അതേൽപ്പിച്ച മാനസികമായ മുറിവ്. മാഡത്തിന് ആ മരണമിപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. അതിനെക്കുറിച്ച് ആധി പൂണ്ടു എല്ലായ്പ്പോഴും എന്തെങ്കിലുമൊക്കെ ചിന്തിച്ചുണ്ടാക്കിയ ചില ബാലിശമായ സംശയങ്ങൾ ചോദ്യങ്ങൾ. അതായിക്കൂടായ്കയില്ല. പിന്നെ കൊലപ്പെടുത്താനായി രാത്രി മുഴുവൻ ബാത്ത് റൂമിൽ പതുങ്ങി ഇരിക്കുക എന്നുള്ളതെല്ലാം അപ്രായോഗികവും അവിശ്വസിനീയവുമാണ്. കാരണം ബാത്ത്റൂം പതുങ്ങി ഇരിക്കാൻ മാത്രം സുരക്ഷിതമായ ഇടമല്ല.

പിന്നെയുള്ള ആ അഞ്ചു ശതമാനം. അത് പത്താം തീയതി രാവിലെ ആറിനും ഏഴരക്കുമിടയിലുള്ള ഒന്നര മണിക്കൂറുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ഒന്നര മണിക്കൂറിൽ ജോൺ ബാത്റൂമിൽ ഒറ്റക്കായിരുന്നു. ആ സമയം അയാളെ അപായപ്പെടുത്താൻ കടുത്ത ഒരു രോഗാവസ്ഥക്കു മാത്രമേ കഴിയൂ. അതല്ലെങ്കിൽ ജീവനെ ഹനിക്കാൻ മാത്രം ശേഷിയുള്ള മാരക വസ്തുക്കളുമായി ഇടപഴകേണ്ടതുണ്ട്. ഇക്കാര്യം തെളിയിക്കാനാവശ്യമായ ചില വസ്തുക്കൾ താൻ തന്ത്രപൂർവ്വം ശേഖരിച്ചിട്ടുണ്ട്.

അവ തോമാച്ചൻ വഴി ഏതെങ്കിലും ലാബിൽ ഏല്പിച്ചു ഘടകങ്ങളെല്ലാം ഇഴപിരിച്ചു രഹസ്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഏതായാലും സംശയമേതുമില്ലാതെ ഹൃദയാഘാതമെന്ന് സ്ഥിരീകരിച്ച എലവുത്തിങ്കൽ തറവാട്ടിലെ കുടുംബ ഡോക്ടറെ ഒന്നു കണ്ടു സംസാരിക്കണം. ഇക്കാര്യത്തിൽ മാഗി മാഡത്തിന്‍റെ പിന്തുണ എനിക്ക് തേടേണ്ടി വരും.

ഗവൺമെന്‍റ് സംവിധാനത്തിന്‍റെ പിന്തുണയില്ലാത്ത ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന് ഇത്തരം കാര്യങ്ങൾ അറിയണമെങ്കിൽ ക്ലൈന്‍റിന്‍റെ സഹകരണവും നിസ്സീമമായ പിന്തുണയും കൂടിയേ തീരൂ.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें