നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 12

ഏറ്റവും ഒടുവിൽ സുമേഷും പുറത്തുകടന്നുകൊണ്ട് വാതിൽ പഴയപോലെ അടച്ചു പൂട്ടി. നന്ദൻമാഷ് ഭയന്നുവിറച്ച് അതിനകത്തിരുന്നു. മുറിക്കു പുറത്തു കടന്ന ശേഷം താര പറഞ്ഞു.

“സുമേഷേട്ടൻ ചെയ്തത് വളരെ നന്നായി. ഇപ്പോഴേ ഇങ്ങനെ ഭയപ്പെടുത്തിയില്ലെങ്കിൽ അങ്ങേർക്ക് ഇനിയും കുറുമ്പു കൂടും. നാളെ നമ്മളെ പലവിധത്തിൽ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും.”

അതു കേട്ട് ശാന്തി പറഞ്ഞു, “തന്തയെ തല്ലുന്നത് പാപാ സാറെ. ഞാനങ്ങനെയാ കേട്ടിട്ടുള്ളത്. എത്രയൊക്കെയായാലും സാറിനെ വളർത്തിയ തന്ത തന്നെയല്ലെ അത്.”

“പാപവും പുണ്യവുമൊന്നും നീ എന്നെ പഠിപ്പിക്കാൻ വരണ്ട. ഭ്രാന്തു മൂത്താൽ അടി തന്നെയാണ് മറുമരുന്ന്. ഞാനിപ്പോ പിള്ളേരെ തല്ലുന്ന വടിയല്ലെ ഉപയോഗിച്ചുള്ളു. കുറച്ചു കഴിഞ്ഞാ ചങ്ങലയ്ക്കിടണമോ എന്നും ആലോചിക്കേണ്ടിവരും. ഏതായാലും നീയിപ്പോ ഇതൊന്നും കണ്ട് പറയാൻ നിക്കണ്ട. പോയി ആഹാരം വിളമ്പ്. അച്ഛനുള്ള ആഹാരം മുറിക്കകത്ത് കൊണ്ടു കൊടുത്താൽ മതി.”

അല്പം കഴിഞ്ഞ് നന്ദൻമാഷിനുള്ള ആഹാരവുമായി ശാന്തി മുറിക്കകത്തെത്തി. അപ്പോൾ മാഷ് തളർന്ന പോലെ കിടക്കുന്നതു കണ്ടു. അവൾക്ക് സഹതാപം തോന്നി. അവൾ നന്ദൻമാഷിനെ മെല്ലെ തട്ടി വിളിച്ച് പറഞ്ഞു. “സാറെ ഈ ആഹാരം മുഴുവൻ കഴിച്ചു കഴിഞ്ഞ് മിണ്ടാതെ കിടന്നോ. അല്ലേൽ സുമേഷ്സാർ ഇനിയും വടിയും കൊണ്ടുവരും. അടിയും തരും. സുമേഷ് സാർ ആളു ഭയങ്കരനാ. ഇപ്പോ കണ്ടാ സുമേഷ് സാറാണെന്നു തോന്നും സാറിന്‍റെ തന്ത. സാറു അങ്ങേരുടെ മകനും.”

നന്ദൻമാഷ് ശാന്തി പറയുന്നതു കേട്ട് ആഹാരം കഴിക്കാനായി എഴുന്നേറ്റിരുന്നു… സത്യത്തിൽ ഇപ്പോൾ അദ്ദേഹത്തിന് മകനെ വല്ലാതെ പേടിയായി തുടങ്ങി. നന്ദൻമാഷ് കഴിക്കാൻ തുടങ്ങുന്നതു കണ്ട് ശാന്തി സന്തോഷത്തോടെ പറഞ്ഞു. “ങാ… മുഴുവൻ കഴിച്ചോണേ. ഞാൻ പോകുവാ.”

ആഹാരം കഴിക്കാൻ തുനിഞ്ഞ നന്ദൻമാഷ് പെട്ടെന്ന് ശാന്തിയോട് ചോദിച്ചു. “കഴിക്കാൻ അറിഞ്ഞൂടാ… വാരിത്തരോ?”

കൊച്ചു പിള്ളേരുടേതുപോലെയുള്ള നന്ദൻമാഷിന്‍റെ ചോദ്യം കേട്ട് ശാന്തി അലിവോടെ പറഞ്ഞു, “എനിക്ക് അടുക്കളേൽ ഒത്തിരി പണിയുണ്ട്. പിന്നെ കൊച്ചിനേം നോക്കണം. അല്ലേൽ ഞാൻ വാരിത്തന്നേനേം.”

പെട്ടെന്ന് നന്ദൻമാഷ് ചോദിച്ചു, “മിന്നു… മിന്നു മോൾ… എവിടെ?”

“മിന്നുമോളല്ല സാറെ… ചിന്നു മോൾ… ആ കൊച്ചിരുന്നു പഠിക്കുവാ സാറെ. പാവം അതിനെക്കൂടി തല്ലുകൊള്ളിക്കല്ലെ.”

നന്ദൻമാഷ് പിന്നെ ഒന്നും മിണ്ടിയില്ല. സത്യത്തിൽ ആഹാരം കഴിക്കേണ്ട വിധം അദ്ദേഹം മറന്നു തുടങ്ങിയിരുന്നു. നന്ദൻമാഷ് ആഹാരം കഴിക്കാതെ മിണ്ടാതിരിക്കുന്നതു കണ്ട് ശാന്തി മൂന്നുനാലുരുള വാരിക്കൊടുത്തു. അപ്പോഴെക്കും താര അവളെ അടുക്കളയിൽ നിന്ന് വിളിച്ചു.

“ഇനി സാർ തനിയെ കഴിക്കാൻ നോക്ക്. ഞാൻ പോട്ടെ. അല്ലേൽ താരേച്ചി ഇപ്പോ വഴക്കുപറയാൻ തുടങ്ങും.” പഴയ പോലെ മുറി അടച്ചു പുറത്തേക്കിറങ്ങിയ ശാന്തി അടുക്കളയിൽ കലിപൂണ്ടു നില്കുന്ന താരയെ കണ്ടു.

“എല്ലാർക്കും ചോറു വിളമ്പി വയ്ക്കാൻ പറഞ്ഞിട്ട് നീ എവിടെ പോയി കിടക്കുവാടീ…” താരയുടെ ശുണ്ഠി കണ്ട് ഭയന്ന ശാന്തി പറഞ്ഞു.

“ആ സാറ്… പാവം. ആഹാരം കഴിക്കാൻ പറ്റാതെ വിഷമിക്കുന്നതുകണ്ട് ഞാൻ വാരിക്കൊടുക്കുവായിരുന്നു.”

“നീ ആരാടി അങ്ങേർക്ക് വാരിക്കൊടുക്കാൻ. അങ്ങേര് വേണോങ്കി കഴിച്ചോളും. നീ നിന്‍റെ പണിനോക്ക്…”

“ശരി ചേച്ചി…” അങ്ങനെ പറഞ്ഞ് ശാന്തി വേഗം എല്ലാവർക്കും ചോറു വിളമ്പി മേശപ്പുറത്തു വച്ചു. അവർ ഓരോരുത്തരായി മേശപ്പുറത്ത് വന്നിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങി. ഒടുവിൽ ചോറു വാരിക്കൊടുക്കാനായി കിച്ചുവിനെ എടുത്തുകൊണ്ട് ശാന്തി മുറ്റത്തേക്കു നടന്നു.

അപ്പോൾ താര സുമേഷിനോടു പറഞ്ഞു, “നിങ്ങടഛനിങ്ങനെ ആയാ നമ്മളെന്തോ ചെയ്യും? ഓരോ ദിവസം കഴിയുന്തോറും അങ്ങേര് മുഴുഭ്രാന്തിന്‍റെ ലക്ഷണങ്ങളാ കാണിക്കുന്നേ. മാത്രമല്ല അങ്ങേരെ നോക്കാൻ തന്നെ ഒരാളു വേണ്ടി വരുന്ന ലക്ഷണം. ശാന്തിക്കാണേൽ ഇവിടെ പിടിപ്പതു ജോലിയുണ്ട്. പോരെങ്കിൽ കിച്ചു മോനേം നോക്കണം. നമുക്ക് ഒരു ഹോം നഴ്സിനെ അന്വേഷിച്ചാലോന്നാ ഞാൻ ആലോചിക്കുന്നെ.”

“നീ പറയുന്നതു ശരിയാ. ഞാനും അതു തന്നെയാ ആലോചിക്കുന്നെ. നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് അച്ഛന് വല്ലതും വന്നാ നമ്മളു നോക്കാഞ്ഞിട്ടാണെന്നേ എല്ലാരും പറയൂ. പ്രത്യേകിച്ച് സുരേഷേട്ടനും ഭാര്യയും അതുകൊണ്ട് നമുക്ക് ഒരു ഹോം നഴ്സിനെ ഏർപ്പെടുത്താം… അച്ഛന്‍റെ കാര്യങ്ങൾ നോക്കാൻ മാത്രമായി. നോക്കട്ടെ, ഞാൻ നാളെ ഏതെങ്കിലും ഏജൻസിയിൽ വിളിച്ച് ഒന്നന്വേഷിച്ചു നോക്കട്ടെ. നല്ല പണച്ചിലവുള്ള കാര്യമാണ്.”

“നമുക്ക് സുരേഷേട്ടനോടും കൂടി പറയാം. ഹോം നേഴ്സിനെ നിർത്താനുള്ള പണം തരാൻ. ഇല്ലേൽ അങ്ങേരു കൊണ്ടുപോയി നോക്കട്ടെ അച്ഛനെ” താര പറഞ്ഞു.

“ങ… അതെല്ലാം അടുത്തയാഴ്ച സുരേഷേട്ടൻ വന്നിട്ട് ആലോചിക്കാം. നമുക്കിപ്പോൾ ഒരു ഹോം നഴ്സിനെ കിട്ടുമോന്ന് നോക്കാം.” അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്ക് നന്ദൻമാഷിന്‍റെ മുറിയ്ക്കകത്തെന്തോ തട്ടിമറിച്ചിട്ട ഒച്ച കേട്ടു. സുമേഷും താരയും ശബ്ദം കേട്ട് ഓടിയെത്തി.

മുറി തുറന്ന് നോക്കിയ സുമേഷ് കണ്ടത്. നന്ദൻമാഷിനു വേണ്ടി വിളമ്പി വച്ചിരുന്ന ആഹാരം മുഴുവൻ താഴെക്കിടക്കുന്നതാണ്. സുമേഷിന്‍റെ തുറിച്ചു നോട്ടത്തിനു മുന്നിൽ നന്ദൻമാഷ് അയാളെ ഭയത്തോടെ നോക്കി.

“അച്ഛൻ ചോറു മുഴുവൻ തട്ടിക്കളഞ്ഞുവല്ലേ. വേണ്ടെങ്കിൽ പറയാമായിരുന്നില്ലേ? ഇങ്ങനെ തട്ടിക്കളയേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? ഇനി ഇതാവർത്തിച്ചാൽ നേരത്തേ കിട്ടിയതിലും നല്ല അടി എനിക്കു തരേണ്ടിവരും. പറഞ്ഞില്ലെന്നു വേണ്ട.” സുമേഷ് ക്രൂദ്ധനായി പറഞ്ഞു.

സുമേഷിന്‍റെ ദേഷ്യഭാവം കണ്ട് നന്ദൻമാഷ് പേടിച്ച് നാലുപാടും നോക്കി. പേടിച്ച ഒരു കുട്ടിയെ പോലെ എവിടെയെങ്കിലും ഒളിക്കാൻ ഒരിടം കിട്ടിയെങ്കിൽ എന്നാണ് ആ നോട്ടത്തിന് അർത്ഥമെന്ന് അവിടെ നിന്ന എല്ലാവർക്കും തോന്നി. പെട്ടെന്ന് എന്തുകൊണ്ടോ സുമേഷ് ശാന്തനായി. അയാൾ തിരിഞ്ഞ് ശാന്തിയോടു പറഞ്ഞു, “നീ വേഗം ഇതെല്ലാം വൃത്തിയാക്കാൻ നോക്ക്.എന്നിട്ട് പഴയ പോലെ മുറിപൂട്ടി പോര്.”

നന്ദൻമാഷ് ചോറു വാരി ഉണ്ണാൻ മറന്നു പോയിരുന്നു എന്ന് അറിയാമായിരുന്നത് അപ്പോൾ അവിടെ ശാന്തിക്കു മാത്രമായിരുന്നു.

അന്നൊരു ഞായറാഴ്ചയായിരുന്നു. നല്ല മഞ്ഞുണ്ടായിരുന്നതുകൊണ്ട് സ്നേഹ സദനത്തിൽ പലരും ആലസ്യം പൂണ്ട് കിടന്നുറങ്ങുകയായിരുന്നു. കൂട്ടത്തിൽ ആന്‍റണിയും, ഫിലിപ്പും മാത്രം അല്പം നേരത്തേ എണീറ്റ് അടുത്തുള്ള പള്ളിയിലേക്ക് നടന്നു.

ഹേമാംബികയും നേരത്തെ എഴുന്നേറ്റ് കുളി കഴിഞ്ഞ് അമ്പലത്തിൽ പോയി മടങ്ങിവന്നു. പിന്നീട് അടുക്കളയിൽ കടന്ന് പാചകത്തിന് മേൽനോട്ടം വഹിക്കുകയും കൂടെ സഹകരിക്കുകയും ചെയ്തു. അല്പം കഴിഞ്ഞ് നയനയും എഴുന്നേറ്റു വന്നു. അവൾ നോക്കുമ്പോൾ അടുക്കള മുറ്റത്തിരുന്ന് ഒരു കാക്ക വിരുന്നു വിളിക്കുന്നതുകേട്ടു. അവൾ സന്തോഷത്തോടെ ഹേമയോട് വിളിച്ചു പറഞ്ഞു.

“ഹേമാമ്മേ… ഇതു കണ്ടോ… ഇന്ന്… ആരോ ഇവിടെ വിരുന്നിനെത്തുന്നുണ്ട്. ആരുടെ മക്കളാണാവോ അത്… ഏതായാലും ഇവിടെയുള്ള ആർക്കോ ഇന്ന് അവരുടെ സ്വന്തക്കാരെ കാണാനുള്ള ഭാഗ്യമുണ്ട്.”

“അപ്പോ ഇന്ന് എന്തെങ്കിലും സ്പെഷ്യലും കൂടി വേണം അല്ലേ നയനേ. നമുക്ക് ഒരു ശർക്കരപ്പായസം ഉണ്ടാക്കിയാലോ…”

“ഹായ്… അതു നല്ല ആലോചനയാ ഹേമാമ്മേ… പാവം… ദേവകിയമ്മ മരിച്ചതിപ്പിന്നെ നമ്മള് പായസം ഉണ്ടാക്കിയിട്ടില്ലല്ലോ. ഇപ്പോ എത്ര നാളായി. ഇന്ന് പായസം ഉണ്ടാക്കാൻ ഞാനും കൂടാം ഹേമാമ്മേ…” അങ്ങനെ പറഞ്ഞ് അവൾ ശർക്കര ഉരുക്കാനും പായസത്തിനുള്ള അട പാകപ്പെടുത്താനും തുടങ്ങി.

ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ പായസം റെഡിയായപ്പോൾ അവൾ അത് ഒരു വലിയ പാത്രത്തിലാക്കി അടച്ച് ഊണുമേശപ്പുറത്തു വച്ചു. ഉച്ചത്തേക്കുള്ള ചോറും കറികളും അപ്പോഴേക്കും തയ്യാറായിക്കഴിഞ്ഞിരുന്നു.

അല്പം കഴിഞ്ഞ് അവൾ ഹേമാംബികയോടൊപ്പം തോട്ടത്തിൽ പണിയെടുക്കാൻ തുടങ്ങി. പുതിയ ചില പൂച്ചെടികൾ ഒരു നഴ്സറിയിൽ നിന്ന് വാങ്ങിയത് അവർ ഇരുവരും ചേർന്ന് പൂച്ചട്ടികളിൽ നട്ടുപിടിപ്പിച്ചു. അപ്പോൾ നയന പറഞ്ഞു, “ഈ പൂച്ചെടികൾ പൂവിട്ടു തുടങ്ങുമ്പോൾ എന്തു രസമായിരിക്കും അല്ലേ ഹേമാമ്മേ. ഇവിടെ മുഴുവൻ ഒരു വസന്തം വിടർന്നു നില്ക്കും…”

“ശരിയാ നയനേ. അതിനു വേണ്ടിയാണല്ലോ നാമിതു നട്ടുപിടിപ്പിക്കുന്നത്.”

“മനോഹരമായ ഒരു പൂവിന്‍റെ ജന്മം നൈമിഷികമെങ്കിലും എത്ര സാർത്ഥകമാണ് അല്ലേ ഹേമാമ്മേ. വിടർന്നു നില്ക്കുന്ന ഒരു പൂ മറ്റുള്ളവർക്ക് കൺനിറയെ ആനന്ദം പകരുന്നുണ്ട്. ചിലപ്പോൾ ഭഗവാന് തിരുവടികളിൽ അത് പൂജാ പുഷ്പമായി മാറുന്നു. അല്ലെങ്കിൽ സുന്ദരികളുടെ മുടിക്കെട്ടിൽ പരിമളം പൊഴിച്ചു കൊണ്ട്. അങ്ങനെ ഏതു രീതിയിൽ നോക്കിയാലും അവ തന്‍റെ ജന്മം പുണ്യം നിറഞ്ഞതാക്കുന്നു.”

“അതെ നയന, ഒരു പൂവിന്‍റെ ജന്മം പോലെയാകണം നാം ഓരോരുത്തരുടെ ജന്മവും. എത്ര കുറച്ചു ജീവിച്ചാലും മറ്റുള്ളവരിൽ പരിമളം പരത്താനും, ആനന്ദിപ്പിക്കാനും, നമുക്കു കഴിയണം.”

“പക്ഷെ അമ്മേ ജനിക്കുമ്പോഴേ പുഴുക്കുത്തേറ്റ പൂക്കളുടെ കാര്യമോ?”

“അവർക്കും എന്തെങ്കിലും ജന്മനിയോഗം ഉണ്ടാകും കുഞ്ഞെ. ഭഗവാന്‍റെ കണ്ണിൽ അദ്ദേഹത്തിന്‍റെ ഒരു സൃഷ്ടിയും പാഴ്ജന്മമല്ല.”

നയന ചിന്താഭരിതയായി ഏറെ നേരം നിന്നു. തന്‍റെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ ചുടുകണ്ണീർ അവൾ കൈ കൊണ്ട് തുടച്ചു നീക്കി മെല്ലെ പുഞ്ചിരിച്ചു.

പെട്ടന്ന് മുറ്റത്ത് ഒരു കാർ വന്നു നില്ക്കുന്ന ശബ്ദം കേട്ട് അവർ രണ്ടു പേരും തലയുയർത്തി നോക്കി.

സ്നേഹ സദനത്തിന്‍റെ മുറ്റത്ത് ഒരു കാർ ഒഴുകി വന്നു നില്ക്കുന്നത് അവർ കണ്ടു ഒരു ചുവന്ന ഫോർഡ് എൻഡോവർ കാർ. അതിൽ നിന്നും കൂളിംഗ് ഗ്ലാസ് വച്ച പ്രൗഢയായ ഒരു സ്ത്രീ ഇറങ്ങി വന്നു. അവർ തോട്ടത്തിൽ നില്ക്കുന്ന ഹേമാംബികയുടെ നേർക്ക് നോക്കി പുഞ്ചിരിച്ചു

“നീലാംബരി…” ഹേമാംബികയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. അവൾ വേഗം നീലാംബരിയുടെ അടുത്തേക്ക് നടന്നു. ഒപ്പം നയനയും. നടക്കുന്നതിനിടയിൽ നയന പറഞ്ഞു, “കണ്ടോ… ഞാൻ രാവിലെ പറഞ്ഞതല്ലെ അമ്മേ വിരുന്നുകാരുണ്ടാവുമെന്ന്…”

തന്‍റെ പ്രവചനം ഫലിച്ചതിൽ വലിയ പൊങ്ങച്ചമട്ടിൽ അവൾ ഹേമാംബികയെ നോക്കി. പിന്നെ അല്പം ശബ്ദം താഴ്ത്തി പറഞ്ഞു, “ആരോ വലിയ കാശുകാരാണെന്ന് തോന്നുന്നല്ലോ അമ്മേ… വല്ല സംഭാവനയും നൽകാൻ വന്നതായിരിക്കുമോ?” നയന ഹേമാംബികയുടെ മുഖത്ത് നോക്കി കണ്ണിറുക്കി.

“അത്… അത് എന്‍റെ അനുജത്തിയാണ് മോളെ… നീലാംബരി.” നയന പെട്ടെന്ന് മുഖം വെട്ടിത്തിരിച്ചു ഹേമയെ അതിശയത്തോടെ നോക്കി.

“എന്‍റെ രണ്ടനുജത്തിമാരിൽ മൂത്ത ആൾ. വർഷങ്ങളായി അവർ ഗൾഫിലാണ്. ഗൾഫിലെ ഒരു ഇൻഡ്യൻ സ്ക്കൂളിന്‍റെ പിൻസിപ്പലായിട്ടാ അവൾ റിട്ടയർ ചെയ്തത്… അവളുടെ ഭർത്താവ് അവിടെ വലിയ ബിസിനസ്സുകാരനാ ഇപ്പോൾ.”

“ഓഹോ… അപ്പോൾ ഹേമാമ്മ ഇന്നാളൊരിക്കൽ ടെറസ്സിൽ നിന്ന് സംസാരിച്ചത് ഈ ആന്‍റിയോടാണല്ലേ.”

“അതെ മോളെ.” അപ്പോഴേക്കും നീലാംബരിയുടെ അടുത്ത് അവർ എത്തിക്കഴിഞ്ഞിരുന്നു.

“നിന്നെക്കണ്ടിട്ട് എത്ര നാളായി നീലു.” അങ്ങനെ പറഞ്ഞ് ഹേമാംബിക നീലാംബരിയെ കെട്ടിപിടിച്ചു. അവളുടെ കണ്ണു നിറഞ്ഞാഴുകുന്നുണ്ടായിരുന്നു.

“ശരിയാണ് ചേച്ചി… നമ്മൾ തമ്മിൽ കണ്ടിട്ട് വർഷങ്ങളായിരിക്കുന്നു. ഇതിനു മുമ്പ് കേരളത്തിൽവരുമ്പോഴെല്ലാം ചേച്ചിയെ വന്നു കാണണമെന്ന് ആഗ്രഹിച്ചപ്പോഴൊന്നും നടന്നില്ല. പലവിധ തിരക്കുകളായിരുന്നു അപ്പോഴെല്ലാം.”

“ശരിയാണ്. അപ്പോഴെല്ലാം ഫോൺ വിളികളിൽ ഒതുങ്ങി നമ്മുടെ സമാഗമങ്ങൾ. ഏതായാലും ഇന്നിപ്പോൾ നീ വന്നല്ലോ മോളേ. എനിക്ക് സന്തോഷമായി.”

“സത്യത്തിൽ അപ്പോഴെല്ലാം ചേച്ചി ഒരു അനാഥയെ പോലെ ഇവിടെ വന്നു താമസിക്കുന്നതിലുള്ള വിരോധവും എന്‍റെ ഉള്ളിലുണ്ടായിരുന്നു. ഒരിക്കലും ചേച്ചിയെ ആ വിധത്തിൽ കാണുവാൻ ഞാൻ ആഗ്രഹിച്ചില്ല.”

അതു കേട്ട് ഹേമാംബിക പുഞ്ചിരിയോടെ പറഞ്ഞു, “ഇപ്പോൾ നീ അകത്തേക്ക് വന്നു നോക്കു നീലു. അപ്പോൾ കാണാം ഞാൻ ഇവിടെ അനാഥയാണോ അതോ സനാഥയാണോ എന്ന്. അതു പോകട്ടെ നിന്‍റെ കൂടെ സതീഷ് വന്നില്ലേ?”

“ഇല്ല ചേച്ചീ. ഇവിടെ ഞങ്ങൾ ഒരു ഫ്ലാറ്റ് വാങ്ങിയിട്ടിട്ടുണ്ട്, വല്ലപ്പോഴും വരുമ്പോൾ താമസിക്കാൻ. അവിടെ അദ്ദേഹമുണ്ട്. മൂപ്പർക്ക് ഇവിടെ എന്തോ ബിസിനസ് ഇടപാടുകൾ ഉണ്ട്… പിന്നെ കല്യാണത്തിന്‍റെ തിരക്കുകളും കാര്യങ്ങളും.” അവയൊന്നുമല്ല അയാൾ വരാത്തതിന് കാരണമെന്ന് ആ കണ്ണുകൾ വിളിച്ചു പറഞ്ഞിരുന്നു. ഇത്തരം ഒരു സ്ഥലത്തേക്ക് വരുന്നതിന് അയാളുടെ സ്റ്റാറ്റസ് അനുവദിക്കുന്നില്ലായിരിക്കും. ഹേമാംബിക അങ്ങനെ മനസ്സിൽ വിചാരിച്ചു കൊണ്ട് അനുജത്തിയെ നോക്കി.

അപ്പോൾ നീലാംബരി അടുത്തു നിന്ന നയനയെ ചൂണ്ടി ചോദിച്ചു. “ഇതാരാ ചേച്ചീ കൂടെയുള്ള ഈ പെൺകുട്ടി?”

“ഇത് നയന. എനിക്ക് പിറക്കാതെ പോയ എന്‍റെ മകൾ… എന്‍റെ മാനസപുത്രി…” ഹേമാംബിക പറഞ്ഞതു കേട്ട് നയന ഹേമാംബികയെ കെട്ടിപിടിച്ച് ആഹ്ളാദത്തോടെ പറഞ്ഞു.

“അതെ എന്നെ പ്രസവിക്കാത്ത എന്‍റെ അമ്മ തന്നെയാണ് ഇത്… അമ്മേ… എന്‍റെ അമ്മേ…” അങ്ങനെ പറഞ്ഞ് അവൾ ഹേമാംബികയുടെ കവിളിൽ തുരുതുരെ ഉമ്മ വച്ചു. അതു കണ്ട് നീലാംബരി പുഞ്ചിരി പൊഴിച്ചു കൊണ്ടു നിന്നു.

സ്നേഹത്തോടെ നയനയുടെ കവിളിൽത്തട്ടി, അവളുടെ ആലിംഗനത്തിൽ നിന്ന് മുക്തയായിക്കൊണ്ട് ഹേമാംബിക പറഞ്ഞു, “വരൂ നീലു. നമുക്ക് ഇവിടെ ബാക്കിയുള്ളവരെ കാണാം.”

അപ്പോൾ നീലാംബരി തന്‍റെ അടുത്തു നിന്ന ഡ്രൈവർ രാമകൃഷ്ണനെ പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞു.

“ഇത് രാമകൃഷ്ണൻ ചേട്ടൻ. ഞങ്ങൾ നാട്ടിൽ വരുമ്പോഴെല്ലാം ഇദ്ദേഹമാണ് ഞങ്ങളുടെ വണ്ടി ഓടിക്കുന്നത്.” രാമകൃഷ്ണൻ ഹേമാംബികയെ നോക്കി കൈകൂപ്പി. ഹേമാംബിക തിരിച്ചും.

“എങ്കിൽ രാമകൃഷ്ണൻ ചേട്ടൻ ഇവിടെ തനിച്ചിരിക്കണ്ട. ഞങ്ങളോടൊപ്പം അകത്തേക്ക് പോന്നോളു. അകത്ത് സ്വീകരണ മുറിയിൽ ഇരിക്കാം. അവിടെ ആരെങ്കിലുമൊക്കെ സംസാരിക്കാനുണ്ടാകും.” നീലാംബരിയേയും കൂട്ടിക്കൊണ്ട് ഹേമാംബിക അകത്തേക്കു നടന്നു. പിറകേ നയനയും. രാമകൃഷ്ണനും.

അവർ ഹാളിലെത്തിയപ്പോൾ പലരും അമ്പരപ്പോടെ നീലാംബരിയെ നോക്കി. ഇതാരാണപ്പാ ഒരു പുതിയ ആളെന്ന മട്ടിൽ. നീലാംബരിയുടെ പ്രൗഢമായ വേഷവിധാനങ്ങൾ കണ്ട് വല്ല സിനിമാ താരമോ മറ്റോ ആണോ എന്നും ചിലർ സംശയിച്ചു. ഹേമാംബിക എല്ലാവർക്കുമായി നീലാംബരിയെ പരിചയപ്പെടുത്തി.

“ഇതെന്‍റെ അനുജത്തി നീലാംബരി. എന്നെ കാണാൻ ഗൾഫിൽ നിന്നും വന്നെത്തിയതാണ്. ഇവളുടെ മകളുടെ വിവാഹം അടുത്തുതന്നെയുണ്ടാകും അതിന് ക്ഷണിക്കാൻ കൂടി വന്നതാണ്.”

എല്ലാവരും അതു കേട്ട് പുഞ്ചിരിക്കുകയും കൈകൊട്ടി നീലാംബരിയെ സ്വാഗതം ചെയ്യുകയും ചെയ്തു.

“ഹേമാംബിക ടീച്ചറിന്‍റെ അനുജത്തി ഞങ്ങളുടെയും അനുജത്തിയാ.” സാവിത്രിയാണ് അതു പറഞ്ഞത്. അതു കേട്ട് നീലാംബരി പുഞ്ചിരിച്ചു

“എത്ര മക്കളാ?” ആരോ ചോദിച്ചതു കേട്ട് നീലാംബരി പറഞ്ഞു.

“എനിക്ക് രണ്ടു പെൺകുട്ടികളാണ് ഉള്ളത്. മൂത്തയാളുടെ വിവാഹം കഴിഞ്ഞു. ഒരു കുട്ടിയുമുണ്ട്. ഇളയ ആളുടെ വിവാഹമാണ് അടുത്ത മാസം പത്താം തീയതി ഗുരുവായൂരിൽ വച്ച് നടക്കുന്നത്. അതു കഴിഞ്ഞ് ഇവിടെ ഒരു വലിയ ഹോട്ടലിൽ റിസപ്ഷനുമുണ്ട്. നിങ്ങൾ എല്ലാവരേയും ഞാൻ കല്യാണത്തിന് ക്ഷണിക്കുകയാണ്.”

“ഓ… ഞങ്ങൾക്ക് എല്ലാവർക്കും വരാൻ കഴിയത്തില്ല ടീച്ചറെ… ഞങ്ങളിൽ പലർക്കും തനിയെ നടക്കാൻ പറ്റത്തില്ല.” വർഗ്ഗീസ് എന്ന വൃദ്ധനാണ് അത് പറഞ്ഞത്.

“വരാൻ പറ്റുന്നവർ എല്ലാവരും വരണം. ഞങ്ങൾക്കതൊരു സന്തോഷമായിരിക്കും.” നീലാംബരി കൈകൂപ്പിക്കൊണ്ടു പറഞ്ഞു.

“ഞങ്ങൾ ഹേമാംബിക ടീച്ചറിന്‍റെ കൂടെ വരാം… ഹേമാംബിക ടീച്ചർ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾക്കതൊരു ആത്മവിശ്വാസമാണ്. ടീച്ചർ ഞങ്ങളെയെല്ലാം സംരക്ഷിക്കുമെന്ന് ഉറപ്പുണ്ട്.” അങ്ങനെ പറഞ്ഞ് അവർ ആഹ്ളാദം പങ്കിട്ടു. അപ്പോഴേക്കും ഹേമാംബിക നീലാംബരിയെ തന്‍റെ മുറിയിലേക്ക് ക്ഷണിച്ചു

“വരൂ.നീലു എത്ര കാലമായി നമ്മൾ സ്വയം മറന്നിരുന്നൊന്ന് വർത്തമാനം പറഞ്ഞിട്ട്.”

അപ്പോൾ പുറകിൽ എല്ലാം വീക്ഷിച്ചു നിന്ന നയന മുൻപോട്ടു കയറി നിന്നുപറഞ്ഞു. “നിങ്ങൾ അമ്മയുടെ മുറിയിൽ പോയി സംസാരിച്ചു കൊണ്ടിരുന്നോളു. ഞാൻ പോയി പായസമെടുത്തു കൊണ്ടുവരാം.” അതു കേട്ട് ഹേമാംബിക പുഞ്ചിരിയോടെ പറഞ്ഞു.

“ഇവൾ ഒരു പ്രവചനക്കാരി കൂടിയാണ് കേട്ടോ നീലു. ഇന്നിവൾ ആരെങ്കിലും അതിഥികൾ എത്തുമെന്ന് രാവിലെ തന്നെ മുൻകൂട്ടി കണ്ടിരുന്നു. അതനുസരിച്ച് സ്പെഷ്യൽ ശർക്കരപ്പായസവും മറ്റും ഉണ്ടാക്കിയിട്ടുണ്ട്.”

“അയ്യോ പായസമൊക്കെ ഊണിനു മതിയായിരുന്നു. ഇപ്പോൾ മോൾ അതെടുക്കാനൊന്നും പോകണ്ട.”

നീലാംബരി പറഞ്ഞതു കേട്ട് നയന പറഞ്ഞു, “അതുപറഞ്ഞാൽ പറ്റില്ല ആന്‍റി. ഇന്ന് ആന്‍റി വന്നതു പ്രമാണിച്ച് ഞങ്ങൾക്കൊരു സ്പെഷ്യൽ ഡേയാണ്. ആന്‍റി ഞങ്ങളുടെ സ്പെഷ്യൽ അതിഥിയും. ആന്‍റിയെ ഞങ്ങൾ മധുരം തന്ന് സ്വീകരിക്കുകയാണ്.”

അവളുടെ മണിചിതറിയതുപോലെയുള്ള സംസാരം കേട്ട് നീലാംബരി പുഞ്ചിരിയൊടെ പറഞ്ഞു, “എങ്കിൽ ശരി മോളെ. ഒരു ഗ്ലാസ്സ് പായസം എടുത്തോളു. അത് നമുക്ക് പങ്കിട്ടു കുടിക്കാം. മധുരം പരസ്പരം പങ്കിടുമ്പോഴാണല്ലോ ആഹ്ളാദകരമാവുന്നത്.”

“ശരി. ആന്‍റി. ഞാൻ പായസം എടുത്തു കൊണ്ടു വരാം.” എന്നു പറഞ്ഞ് അവൾ അടുക്കള ഭാഗത്തേക്കു നടന്നു. അപ്പോൾ ഹേമാംബിക നീലാംബരിയേയും കൂട്ടി തന്‍റെ മുറിയിലേക്കു നടന്നു.

അവർ ഹേമാംബികയുടെ മുറിയിലെത്തിയപ്പോൾ ഇരുവരുടേയും ഹൃദയങ്ങൾ വികാര സാന്ദ്രമായിരുന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 11

അന്നൊരു തിങ്കളാഴ്ചയായിരുന്നു. വൃദ്ധമന്ദിരത്തിലെ ദേവകിയമ്മയുടെ എൺപതാം പിറന്നാൾ ദിനം. അതിനോടനുബന്ധിച്ച് സ്നേഹസദനം വർണ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു… അതിരാവിലെ ദേവകിയമ്മയെ ഹേമാംബിക വിളിച്ചുണർത്തി.

“ദേവകിചേച്ചീ കുളിക്കുന്നില്ലേ? രാവിലെ നമുക്ക് അടുത്തുളള അമ്പലത്തിൽ പോയി തൊഴുതിട്ടു വരാം.”

“ഓ… രാവിലെ അമ്പലത്തിൽ പോകാനോ. അവിടം വരെ നടക്കേണ്ടേ ഹേമേ. ഞാനില്ല.”

“അങ്ങനെ പറഞ്ഞാൽ പറ്റില്ല. ഈ പ്രായത്തിൽ അല്പം നടക്കുന്നത് നല്ലതാണ് ചേച്ചീ… വരൂ… ഞാനില്ലെ കൂടെ…” അങ്ങനെ പറഞ്ഞ് ഹേമാംബിക അവരെ പിടിച്ച് എഴുന്നേൽപ്പിച്ച് മെല്ലെ നടത്തി. നല്ല തടിയുണ്ടായിരുന്നതുകൊണ്ട് അവർക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. കുളിമുറിയിൽ വാഷ്ബേസിനടുത്തെത്തിച്ച്‌ പല്ലു തേയ്ക്കാൻ പേസ്റ്റും ബ്രഷും എടുത്തു കൊടുത്തു. ദേവകിയമ്മ പല്ലുതേച്ചു കഴിഞ്ഞപ്പോൾ ഹേമാംബിക തന്നെ അവരെ സ്റ്റൂളിലിരുത്തി കുളിപ്പിക്കാൻ തുടങ്ങി. കുളികഴിഞ്ഞപ്പോൾ ഒരു നല്ല മുണ്ടും ബ്ലൗസുമിടീച്ചു നേര്യതും ധരിപ്പിച്ചു. കുളി കഴിഞ്ഞെത്തിയ ദേവകിയമ്മയെക്കാത്ത് ഏതാനും പേർ പുറത്തു നിന്നിരുന്നു. അവർ ദേവകിയമ്മക്ക് ഓരോ റോസാപൂവ് നല്കിക്കൊണ്ട് ജന്മദിനാശംസകൾ നേർന്നു. ഇനിയും ദീർഘനാൾ ജീവിച്ചിരിക്കട്ടെ എന്ന് അവരെല്ലാം ആശംസിച്ചു. ദേവകിയമ്മയുടെ മുഖം അപ്പോൾ സന്തോഷം കൊണ്ട് വിടർന്നു.

“എന്‍റെ സ്വന്തം വീട്ടിൽ ഞാൻ ഇതുവരെ എന്‍റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ഇതുപോലെ ആശംസകൾ നേരുവാൻ മക്കളും ഉണ്ടായിരുന്നില്ല. അവർക്കെല്ലാം എന്‍റെ പണം മാത്രം മതിയായിരുന്നു.” ഒരു നിമിഷത്തേക്ക് ദേവകിയമ്മയുടെ മനസ്സ് വിങ്ങിപ്പൊട്ടി.

“അമ്മ വിഷമിക്കാതെ… എന്നെങ്കിലും അമ്മയുടെ മക്കൾ അവരുടെ തെറ്റുകൾ തിരിച്ചറിയും. അന്ന് അവർ അമ്മയെക്കാണാൻ വരും.”

“ഞാനും അങ്ങനെ വിശ്വസിക്കുന്നു ഹേമേ. ചെറുപ്പത്തിൽ ഞാൻ അവർക്കു നൽകിയ സ്നേഹം മറക്കാൻ അവർക്കാവുകയില്ലല്ലോ. അത്രത്തോളം കഷ്ടപ്പെട്ടാണ് ഞാനവരെ വളർത്തിയത്. ചെറുപ്പത്തിലെ ഭർത്താവുമരിച്ച ഒരു സ്തീയുടെ മാനസിക സ്ഥിതി എന്തായിരിക്കുമെന്ന് എല്ലാവർക്കും അറിയാമല്ലോ. ഞാനും അത്തരം വിഷമങ്ങളിലൂടെ കടന്നു പോന്നവളാണ്. പിന്നെ ഭർത്താവിന് സ്വത്തുക്കൾ ഉണ്ടായിരുന്നതുകൊണ്ട് പണത്തിന്‍റെ ബുദ്ധിമുട്ടുകൾ അറിഞ്ഞില്ലെന്നു മാത്രം ഞാനാകട്ടെ ഒന്നുമില്ലാത്ത ഒരു വീട്ടിൽ നിന്നും വന്നവളാണ്. പക്ഷെ എന്‍റെ സൗന്ദര്യം കണ്ട് ഇഷ്ടപ്പെട്ടാണ് അദ്ദേഹം എന്നെ വിവാഹം ചെയ്തത്.”

“അതു ശരിയാ… ദേവകി ചേച്ചിയെ ഇപ്പോ കാണാനും നല്ല ഐശ്വര്യമാ.” സാവിത്രി എന്നു പേരുളള സ്ത്രീ വീൽച്ചെയറിൽ ഇരുന്നാണ് അത് പറഞ്ഞത്. അവരുടെ രണ്ടുകാലുകളും പ്രമേഹബാധയെത്തുടർന്ന് മുറിച്ചു കളയേണ്ടി വന്നതാണ്. ദേവകിയമ്മ അതു കേട്ട് പുഞ്ചിരിയോടെ തുടർന്നു

“മക്കൾ മുതിർന്നപ്പോൾ അദ്ദേഹത്തിന്‍റെ സ്വത്തുക്കൾക്ക് അവർ അവകാശം ഉന്നയിച്ചു. അങ്ങനെ ഞാൻ ഒരവകാശവും ഉന്നയിക്കാതെ അവർക്കെല്ലാം വിട്ടു കൊടുത്തു. അപ്പോഴും മക്കൾ ആരെങ്കിലും എന്നെ നോക്കുമെന്ന് ഞാൻ വിചാരിച്ചു. എത്രയൊക്കെയായാലും അവരുടെ പെറ്റമ്മയല്ലെ ഞാൻ. എന്നാൽ മക്കൾ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. എന്നല്ല പലപ്പോഴും ആഹാരം പോലും നൽകാതെ പട്ടിണിക്കിട്ടു. ഒരിക്കൽ ആഹാരം ചോദിച്ചു ചെന്നതിന് മൂത്തമകൻ എന്നെ തല്ലി. ഭാര്യ എന്തോ ഓതി കൊടുത്തതാണ്… ഓരോരുത്തരും മറ്റുള്ളവരെ ഭാരമേല്പിച്ചെന്ന പോലെ പിൻമടങ്ങി. ഒടുവിൽ ഈ സ്നേഹസദനത്തിലെത്തുന്നതുവരെ ഞാൻ അനുഭവിച്ച ക്ലേശങ്ങൾക്ക് കണക്കില്ല.” ദേവകിയമ്മ അതു പറഞ്ഞ് കണ്ണീരു തൂകിയപ്പോൾ ഹേമാംബിക ആശ്വസിപ്പിച്ചു.

“എന്നെങ്കിലും ദൈവം അവരുടെ കണ്ണു തുറപ്പിക്കാതിരിക്കല്ല അമ്മേ. അതുവരെ നമുക്ക് കാത്തിരിക്കാം.”

“മരിക്കുന്നതിനു മുമ്പ് ഒരു നോക്ക് എനിക്കവരെയെല്ലാം കാണണമെന്നുണ്ട് അത് നടക്കുമോന്നറിയില്ല. പക്ഷെ എന്തൊക്കെയായാലും ഞാൻ പൊന്നുപോലെ വളർത്തിയ മക്കളാ അവര്. അവർക്കെന്നെ വേണ്ടെങ്കിലും എനിക്കവരെ വേണം. അവർക്ക് ഒരാപത്തും വരുത്താതെ ദൈവം കാക്കട്ടെ.” നന്മ നിറഞ്ഞ ആ അമ്മ മനസ്സിന്‍റെ തേങ്ങലുകൾ അവിടെ പലരേയും കരയിക്കാറുണ്ട്.

താനനുഭവിച്ച ദുരനുഭവങ്ങൾ അവർ പലപ്പോഴായി എല്ലാരോടും ഇങ്ങനെ പറഞ്ഞിരുന്നു. ആരുമില്ലാത്ത അനാഥയെപ്പോലെ അവരെ വിറകുപുരയിൽ തള്ളി. ദിവസങ്ങളോളം ആഹാരമില്ലാതെ പട്ടിണി കിടന്ന് അബോധാവസ്ഥയിലായ അവരെ ചില സാമൂഹിക സംഘടനാ പ്രവർത്തകർ കണ്ടെത്തുകയും ഇവിടെ എത്തിക്കുകയുമായിരുന്നു. ഇന്നിപ്പോൾ അവർ ഇവിടെ എത്തിയിട്ട് രണ്ടു കൊല്ലത്തോളമാകുന്നു.

ഈ രണ്ടു കൊല്ലവും മക്കളാരും അവരെ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. അതോർക്കുമ്പോൾ ആ കണ്ണുകൾ നിറയും. എങ്കിലും മക്കൾക്കു വേണ്ടി പ്രാർത്ഥിക്കും.

“എന്‍റെ മക്കളെ കാത്തുകൊള്ളണമേ ഭഗവാനേ എന്ന്.” കഴിഞ്ഞ കൊല്ലവും ദേവകിയമ്മ പിറന്നാൾ അന്തേവാസികളോടൊപ്പം ആഘോഷിക്കുകയായിരുന്നു.

“ദേവകി ചേച്ചിയോടൊപ്പം അമ്പലത്തിൽപ്പോകാൻ ഞങ്ങളും വരുന്നുണ്ട്.” അങ്ങനെ പറഞ്ഞ് ഏതാനും പേർ കുളി കഴിഞ്ഞ് അമ്പലത്തിൽ പോകാനുള്ള വേഷവും ധരിച്ച് എത്തി.

“എന്നാൽ നമുക്കെല്ലാം ഇന്നത്തെ നടപ്പ് അമ്പലത്തിലേക്കാക്കാം.” ഹേമാംബിക അവരോടായി പറഞ്ഞു. എന്നും അതിരാവിലെ ഏതാനും അന്തേവാസികളേയും കൂട്ടി ഹേമാംബിക നടക്കാൻ പോകാറുണ്ട്. നടക്കാൻ വിഷമമുള്ള രോഗബാധിതരായ പലരും അതിലുണ്ടാകും. അവർ മടി പറഞ്ഞാലും ഒരു വിധം നടക്കാവുന്നവരെയെല്ലാം ഹേമ കൂട്ടത്തിൽ കൂട്ടും. കൂട്ടത്തിലെ ആരോഗ്യമുള്ളവരും, നയനയും, നടക്കാൻ വിഷമമുള്ളവരോടൊപ്പം കൈപിടിച്ച് നടക്കും. അതിരാവിലെ ജാഥ പോലെ നടന്നു പോകുന്ന അവരെ കണ്ട് ചില ആളുകൾ വഴിയിൽ നോക്കിനില്ക്കാറുണ്ട്. പലരോഗങ്ങൾക്കും നടപ്പ് ഒരു നല്ല ഔഷധമാണെന്ന് ഹേമാംബികയ്ക്കയറിയാമായിരുന്നു. ഇന്നും പതിവു നടത്തക്കാരിൽ പലരും ഹേമയോടൊപ്പം അമ്പലത്തിലേക്കു നടന്നു. അതൊരു ദേവീ ക്ഷേത്രമായിരുന്നു.

“ദേവകിയമ്മ. തിരുവാതിര നക്ഷത്രം.” അമ്പലത്തിലെ കൗണ്ടറിൽ അർച്ചനയ്ക്കുള്ള രസീത് എഴുതിക്കുമ്പോൾ ഹേമാംബിക പറഞ്ഞു കൊടുത്തു. ദേവകിയമ്മ ദേവിയുടെ നടയ്ക്കൽ കൈകൂപ്പി തൊഴുതു നിന്നു. തന്‍റെ മനോദുഃഖങ്ങളെല്ലാം അവർ ആ തിരുസന്നിധിയിൽ അർപ്പിച്ചു. “എന്നോടു ചെയ്ത തെറ്റിന് എന്‍റെ മക്കളെ ശിക്ഷിക്കരുതേ ദേവീ” എന്നും ആ അമ്മ ഹൃദയമുരുകി പ്രാർത്ഥിച്ചു.

അങ്ങനെ ആ തിരുനടയിൽ നിന്നു പ്രാർത്ഥിച്ച ഓരോരുത്തരും തങ്ങളുടെ സങ്കടങ്ങളും പ്രതീക്ഷകളും ആ തിരുസന്നിധിയിൽ ഇറക്കി വച്ചു. മനസ്സിൽ ഉറങ്ങിക്കിടന്ന ക്ളേശഭരിതമായ ഭൂതകാലം അവരുടെയെല്ലാം മനസ്സിൽ തിരയിട്ടുണർന്നു. തിരികെ പോരുമ്പോൾ ആരും ഒന്നും സംസാരിച്ചില്ല. അല്പം മുമ്പ്പലവിധ വികാരങ്ങൾ അലയടിച്ചുണർന്ന ആ മനസ്സുകളിപ്പോൾ ദൈവാനുഗ്രഹത്താലെന്നപോലെ ശാന്തമാണ്. ആ ശാന്തത കൈമോശം വരാതിരിക്കാനെന്നോണം അവർ മൗനം പൂണ്ടു നടന്നു.

ഏതാണ്ട് ഇരുപതു മിനിട്ടിനു ശേഷം അവർ സ്നേഹ സദനത്തിലെത്തി.

“ഇനി എല്ലാവരും കാപ്പി കുടിക്കാൻ വന്നോളു. ദേവകിയമ്മയുടെ പിറന്നാൾ പ്രമാണിച്ച് ഇന്ന് ചില പ്രത്യേക വിഭവങ്ങളുണ്ടാകും കാപ്പിക്ക്.”

“ഹായ് ഇന്ന് പായസവും ഉണ്ടാകും അല്ലെ ഹേമാമ്മേ…” ചെറിയ മാനസിക തകരാറുള്ള ചിദംബരം ആണ് അതു ചോദിച്ചത്.

“അതെ… പായസം ഉച്ചക്ക്, രാവിലെ മറ്റു ചില മധുര പലഹാരങ്ങളാണുണ്ടാവുക.” അങ്ങനെ പറഞ്ഞ് ഹേമാംബിക എല്ലാവരേയും ഭക്ഷണ ഹാളിലേക്ക് നയിച്ചു.

അവിടെ മേശപ്പുറത്ത് ഇഡ്ഡലിയും സാമ്പാറും കൂടാതെ, അട, കേസരി, ലഡു തുടങ്ങിയ മധുരപലഹാരങ്ങളും വിശിഷ്ട വിഭവങ്ങളായി ഉണ്ടായിരുന്നു.

ഭക്ഷണത്തിനിടയിലും പലരും ദേവകിയമ്മക്ക് ആശംസകളുമായെത്തി. ഭക്ഷണം കഴിഞ്ഞ് സ്ത്രീകളെല്ലാം ഉച്ചനേരത്തേക്കുള്ള പാചകത്തിൽ സഹായിക്കാൻ അടുക്കളയിലേക്കും, ആണുങ്ങൾ തോട്ടത്തിലേക്കുമിറങ്ങി. നിരവധി പൂച്ചെടികളും ഫല സസ്യങ്ങളും നിറഞ്ഞ ആ തോട്ടം ഹേമാംബികയുടെ മേൽനോട്ടത്തിൽ ഉണ്ടായതാണ്. ആ സ്ഥാപനത്തിന്‍റെ ഡയറക്ടർമാരിൽ ഒരാൾ എന്ന നിലയിലും, ഒരെളിയ സേവിക എന്ന നിലയിലും ഹേമാംബിക പ്രവർത്തിച്ചു പോന്നു.

പട്ടാളത്തിൽ ഏറെക്കാലം ജോലി ചെയ്ത ശേഷം റിട്ടയറായി വന്ന് സ്ഥാപനത്തിന്‍റെ മാനേജർ ആയി പ്രവർത്തിക്കുന്ന രാജീവും അവർക്ക് എല്ലാവിധ സഹായവും ചെയ്തു പോന്നു.

വിശാലമായ അടുക്കളയിലെത്തിയ സ്തീകളാവട്ടെ തങ്ങളാലാവുംവിധം കറിക്കുനുറുക്കിയും, പാചകത്തിലേർപ്പെട്ടും ഊണിനുള്ള വിഭവങ്ങൾ തയ്യാറാക്കി. എല്ലാവരോടുമൊപ്പം ഉച്ചയ്ക്ക് ഇലയിട്ട് ഊണു കഴിക്കാനിരിക്കുമ്പോൾ ദേവകിയമ്മയുടെ മനസ്സ് സംതൃപ്തമായിരുന്നു.

“ദേവകി ചേച്ചിക്ക് ആയുരാരോഗ്യങ്ങൾ ഉണ്ടാകട്ടെ…” അങ്ങനെ പറഞ്ഞ് അംഗങ്ങൾ ഓരോരുത്തരായി വന്ന് ഓരോ ചെറിയ സമ്മാനങ്ങൾ നൽകി. അക്കൂട്ടത്തിൽ ചിലർ സെറ്റുസാരികളും മറ്റുംഅവർക്ക് സമ്മാനമായി നൽകി.

“എനിക്ക് തൃപ്തിയായി. ഇത്രയും നല്ല ജന്മദിനം ഞാൻ എന്‍റെ ജീവിതത്തിൽ ആഘോഷിച്ചിട്ടില്ല.” തനിക്കായി ഇലയിൽ വിളമ്പിയ പാൽപ്പായസം ആസ്വദിക്കുന്നതിനിടയിൽ ദേവകിയമ്മ പറഞ്ഞു. അവരുടെ കണ്ണുകളിൽ അപ്പോൾ ആനന്ദക്കണ്ണീർ നിറഞ്ഞിരുന്നു.

വൈകുന്നേരം ഹാളിൽ എല്ലാവരും പാട്ടും മേളവുമായി ഒത്തുകൂടി. “ഞാൻ ഒരു മിമിക്രി അവതരിപ്പിക്കാം.” ബാലൻ പിള്ള എന്നയാൾ പറഞ്ഞു. അയാൾ നാടോടിക്കാറ്റിലെ മോഹൻലാലിന്‍റെ സംഭാഷണം അനുകരിച്ചു കാണിച്ചു.

“ഞാൻ ഡാൻസു ചെയ്യാം.” വളരെക്കാലം ഒരു ഡാൻസ്ടീച്ചറായിരുന്ന മീനാക്ഷിയാണ് അതു പറഞ്ഞത്. ജോലി ചെയ്യാൻ വയ്യാതായപ്പോൾ, അവിവാഹിതയായ അവർ വയസ്സുകാലത്ത് ആരും നോക്കാനില്ലാത്തതിനാൽ സ്നേഹസദനത്തിൽ എത്തിയതാണ്. ക്ലാസ്സിക്കൽ നൃത്തത്തിലെ ചില സ്റ്റെപ്പുകൾ ചെറിയ അംഗ ചലനങ്ങളോടെ അവതരിപ്പിച്ചുകൊണ്ട് മീനാക്ഷിയമ്മ തന്‍റെ നൃത്ത പാടവം തെളിയിച്ചു. എല്ലാവരും കൈയ്യടിച്ചു കൊണ്ട് അവരെ പ്രോത്സാഹിപ്പിച്ചു.

ദേവകിയമ്മക്ക് ഇഷ്‌ടപ്പെട്ട ഗാനങ്ങൾ ആലപിച്ചുകൊണ്ട് നയനയും ആ അമ്മയെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. ഏറെ നേരം കഴിഞ്ഞില്ല, ദേവകിയമ്മ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നതായി ഹേമാംബികയോട് പറഞ്ഞു. അവർ വല്ലാതെ വിയർക്കുകയും ശ്വാസം എടുക്കാൻ വിഷമിക്കുകയും ചെയ്യുന്നതായി തോന്നി. സ്ഥാപനത്തിന് സ്വന്തമായുള്ള ആംബുലൻസിൽ ഹേമാംബിക അവരെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ അതിനു മുമ്പുതന്നെ ഈ ലോകത്തോട് അവർ വിട പറഞ്ഞു കഴിഞ്ഞിരുന്നു. ആ മരണം സ്നേഹ സദനത്തിലെ ഏവരേയും ദു:ഖിപ്പിച്ചു.

“എത്രനല്ല മനസ്സായിരുന്നു ദേവകിയുടേത്.”

“കാണാനും പ്രവൃത്തിയിലും സിനിമയിലെ കവിയൂർ പൊന്നമ്മയെപ്പോലെയായിരുന്നു.” സമപ്രായക്കാരായ പലരും ഏങ്ങലടിച്ചു കരഞ്ഞു.

“അതെ… ആ അമ്മക്ക് തന്നെ തിരിഞ്ഞു നോക്കാത്ത മക്കളോട് ഒരു വിരോധവും ഉണ്ടായിരുന്നില്ല.” നയന കരഞ്ഞുകൊണ്ട് പറഞ്ഞു. വൈകുന്നേരം പൊതുശ്മശാനത്തിൽ അവരുടെ ശരീരം ദഹിപ്പിച്ചു.

ഹേമാംബിക ദേവകിയമ്മയുടെ മക്കളെ വിവരമറിയിച്ചെങ്കിലും ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ആരും വന്നില്ല. രാജീവ് ഒരു മകന്‍റെ സ്ഥാനത്തു നിന്ന് മരണാനന്തര കർമ്മങ്ങൾ ചെയ്യുകയായിരുന്നു.

അങ്ങനെ മക്കളെ അവസാനമായി ഒരു നോക്കു കാണുവാൻ ആഗ്രഹിച്ച ആ അമ്മയുടെ ആഗ്രഹം നടക്കാതെ പോയി. സ്വന്തബന്ധങ്ങളുടെ നിരർത്ഥകത ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു കൊണ്ട് അവർ വിടവാങ്ങി.

കിച്ചുമോൻ ഓഫീസിൽ നിന്നും തിരിച്ചെത്തിയ അമ്മയുടെ പുറകേ ഓടിയെത്തി. താര ശാന്തിയോട് ഒച്ചയെടുക്കുന്നതും ബഹളം കൂട്ടുന്നതും അവൻ അല്പം അമ്പരപ്പോടെ വീക്ഷിച്ചു. താരയുടെ ഷാളിൽ തൂങ്ങി നടന്നിരുന്ന അവൻ

“ഞാൻ ഒന്നു ഡ്രസ്സുമാറി വരട്ടേടാ”യെന്നു താര ദേഷ്യത്തിൽ പറഞ്ഞതോടെ ഷാളിൽ നിന്നുള്ള പിടി വിട്ടു. മുറ്റത്ത് സൈക്കിളോടിച്ചു വളരെ നേരം കളിച്ചതിനാൽ അവന് നല്ലവണ്ണം ദാഹിക്കുന്നുണ്ടായിരുന്നു… മേശപ്പുറത്ത് ശാന്തി താരയ്ക്കു വേണ്ടി ഒരു കപ്പ് ചായ കൊണ്ടുവന്നു വയ്ക്കുന്നത് കണ്ട് അവൻ അതെടുത്ത് കുടിക്കാൻ ഭാവിച്ചു. അവന്‍റെ കൈ തട്ടി ചായ കപ്പ് താഴെ വീണതും ശാന്തി ഓടി വന്നു.

“അയ്യോ… ചായ മുഴുവൻ പോയല്ലോ. താരേച്ചി ഇപ്പോൾ ഇതു വന്നു കണ്ടാൽ എനിക്കും നിനക്കും നല്ല വഴക്കു കിട്ടും. അല്ലെങ്കിലും നല്ല മൂഡിലല്ല ഇന്ന് വന്നിട്ടുള്ളത്.”

ശാന്തി പറഞ്ഞ് നാവെടുത്തില്ല. അതിനു മുമ്പ് “എന്താ ശാന്തി താഴ വീണത്?” എന്നു ചോദിച്ചു കൊണ്ട് താരയെത്തി.

“അത് കിച്ചുമോൻ ചായ തട്ടിമറിച്ചിട്ടു ചേച്ചീ…” ശാന്തി ഭയത്തോടെ പറഞ്ഞു.

താഴെ വീണുകിടക്കുന്ന ചായയും പൊട്ടിച്ചിതറിയ ചായക്കപ്പും കണ്ട് താരയുടെ ദേഷ്യം ഇരട്ടിച്ചു. അവൾ കിച്ചുവിന്‍റെ കുഞ്ഞിത്തുടയിൽ ഒരടി വച്ചു കൊടുത്തു.

“എന്താടാ വികൃതി. നിനക്ക് എല്ലാം പൊട്ടിച്ചാലെ സമാധാനമാവുകയുള്ളോ?” പകലത്തെ നാണക്കേടും ടെൻഷനും മുഴുവൻ അവൾ ആ ദേഷ്യത്തിൽ അലിയിച്ചിറക്കി. അമ്മയുടെ അടി കൊണ്ട കിച്ചുവാകട്ടെ ഉറക്കെകരഞ്ഞു തുടങ്ങി. അപ്പോഴേക്കും അമ്മയുടെ വഴക്കിനെത്തുടർന്ന് പഠന മുറിയിലായിരുന്ന ചിന്നുമോൾ ഓടി വന്നു.

“എന്തിനാ അമ്മേ കിച്ചുവിനെ തല്ലിയത്?” എന്ന് ചോദിച്ച് അവൾ അനിയനെ കെട്ടിപ്പിടിച്ചു. കിച്ചുവാകട്ടെ തന്‍റെ കരച്ചിൽ തുടർന്നു. ഈ ബഹളങ്ങളെല്ലാം കേട്ട് പൂമുഖത്തിരുന്ന നന്ദൻമാഷ് ആകെ ഭയന്ന് മൂലയിൽ പതുങ്ങി നിന്നു. ആരോ തന്നെ ആക്രമിക്കാൻ വരുന്നുണ്ടെന്ന തോന്നലായിരുന്നു നന്ദൻമാഷിനപ്പോൾ. മകൻ തന്നെ മുറിയിൽ പൂട്ടിയിട്ടതറിഞ്ഞതോടെ നന്ദൻമാഷിന്‍റെ മനസ്സിൽ സുമേഷിനെക്കുറിച്ച് അവിശ്വാസം ഏറിക്കഴിഞ്ഞിരുന്നു. സുമേഷിനെയും താരയെയും ഒരു ശത്രുവിന്‍റെ സ്ഥാനത്ത് നന്ദൻമാഷ് അതോടെ കാണാൻ തുടങ്ങി.

ഈ സമയത്താണ് സുമേഷ് കാറിൽ വന്നിറങ്ങിയത്. അകത്തെ ബഹളം കേട്ട് സുമേഷ് ധൃതിയിൽ അകത്തേക്ക് നടന്നുകൊണ്ടു ചോദിച്ചു. “എന്താണിവിടെ ഒരു ബഹളം?” അപ്പോൾ ചിന്നു മോൾ ഊണുമുറിയിൽ നിന്ന് ഓടി വന്നു കൊണ്ടു പറഞ്ഞു.

“അമ്മ കിച്ചുവിനെ ചായക്കപ്പ് പൊട്ടിച്ചതിന് തുടയിൽ അടിച്ചു. അതു കാരണം അവൻ കരഞ്ഞു ബഹളമുണ്ടാക്കുകയാണ്.”

സുമേഷ് പെട്ടെന്ന് ഊണുമുറിയിലേക്ക് ചെന്നു കൊണ്ടു ചോദിച്ചു, “നിനക്കെന്താ താരേ ഭ്രാന്തുപിടിച്ചോ? അവൻ കൊച്ചു കുഞ്ഞല്ലേ?. അവനെ അടിച്ചതെന്തിനാ?”

“ങാ… ഭ്രാന്തുപിടിച്ചു. ഈ വീട്ടിൽ ഭ്രാന്തുപിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. എല്ലാരും കൂടി മനുഷ്യനെ അതും പിടിപ്പിക്കും.” താര കൂടുതൽ അമർഷത്തോടെ തുടർന്നു.

“അച്ഛന്‍റെ കാര്യമറിഞ്ഞ് ഇന്ന് ഓഫീസിൽ ഞാൻ ആരുടെയൊക്കെ ചോദ്യത്തിന് ഉത്തരം പറയേണ്ടി വന്നെന്നോ? ആകെ നാണക്കേടായി എന്നു പറഞ്ഞാൽ മതിയല്ലോ.”

“അതിന് അവരൊക്കെ എങ്ങനെ അറിഞ്ഞു അച്ഛന്‍റെ കാര്യം?”

“ശാന്തിയോട് ഞാൻ ഫോണിൽ സംസാരിക്കുന്നത് അവർ കേട്ടിരുന്നു. അപ്പോൾ തന്നെ അവരെല്ലാം ആകാംക്ഷയോടെ ചെവിയോർത്ത് ഇരിക്കുന്നത് എനിക്കു കാണാമായിരുന്നു. ഉച്ചക്ക് ഞാൻ ഊണു കഴിക്കാൻ ചെന്നപ്പോൾ ആ സൂപ്രണ്ട് സാർ പരിഹാസത്തോടെ ഒരു ചോദ്യം. ഇന്നെന്താ താരെ ലഞ്ച് കൊണ്ടുവന്നില്ലെ എന്ന്? ഞാൻ എല്ലാദിവസവും കാന്‍റീനിൽ പൈസ ചിലവാക്കാതെ ലഞ്ചുംകൊണ്ട് ചെല്ലാറുണ്ടല്ലോ. അതിന്‍റെ പേരിൽ പിശുക്കി എന്ന് അസൂയക്കാർ ചിലർ കളിയാക്കി വിളിക്കാറുണ്ട്. അതിന്നു മുടങ്ങിയതിന്‍റെ കാരണം അവർ ഏതാണ്ടൊക്കെ ഊഹിച്ചിരുന്നു. എന്നിട്ടാണ്‌ കളിയാക്കിയൊരു ചോദ്യം. ഇക്കണക്കിനു പോയാൽ എവിടെയൊക്കെ നമ്മൾ പരിഹാസ പാത്രമാകേണ്ടിവരുമെന്ന് അറിയില്ല.”

അച്ഛൻ മൂലം ഉണ്ടായ രാവിലത്തെ സംഭവങ്ങളാണ് അവളുടെ സമനില തെറ്റിച്ചതെന്ന് സുമേഷിന് മനസ്സിലായി. അതിന് എങ്ങനെയാണ് പരിഹാരം കാണേണ്ടതെന്ന് ഒരു രൂപവുമില്ലാതെ അയാൾ കുഴങ്ങി.

താരയോട് മറുത്തൊന്നും പറയാൻ കഴിയാതെ സുമേഷ് ഊണുമുറിയിൽ നിന്ന് മടങ്ങിപ്പോന്നു. അപ്പോൾ പൂമുഖത്ത് ഒരു മൂലയിൽ നന്ദൻമാഷ് പതുങ്ങിനില്ക്കുന്നത് സുമേഷ് കണ്ടു, “അച്ഛനെന്താ എന്തോ കണ്ടു പേടിച്ച മാതിരി ഇവിടെ പതുങ്ങിനില്ക്കുന്നത്?”

സുമേഷ് തന്‍റെ അടുത്തേക്ക് വരുന്നതു കണ്ടപ്പോൾ നന്ദൻമാഷിന് ഒന്നു കൂടി ഭയമായി. “വേണ്ട… എന്‍റെ അടുത്തേക്ക് ആരും വരണ്ട.” ഒരു ഭ്രാന്തന്‍റെ പോലുള്ള നന്ദൻമാഷിന്‍റെ ഭാവഹാവാദികൾ കണ്ട് സുമേഷ് അമ്പരന്നു.

“അച്ഛനിതെന്തെല്ലാമാണ് പറയുന്നത്? ഇത് ഞാനാണ്… സുമേഷ്:…”

“അതെ സു… മേ… ഷ്… പേടിയാ… എനിക്ക്… പേടി… യാ”

നന്ദൻമാഷ് അവ്യക്തമായും പ്രയാസപ്പെട്ടും വാക്കുകളുച്ചരിക്കുന്നതു കേട്ടപ്പോൾ സുമേഷിന് എന്തു കൊണ്ടോ ഭയം തോന്നി. അച്ഛന്‍റെ രോഗം മൂർഛിക്കുന്നതായി അയാൾ സംശയിച്ചു. അതു തന്നെ അകത്തു നിന്നും കടന്നു വന്ന താരയും പറഞ്ഞു.

“അങ്ങേർക്കു ഭ്രാന്താ… മുഴു ഭ്രാന്ത്… ഒറ്റക്കു കുത്തിയിരുന്ന് ഭ്രാന്തായിത്തീർന്നതാ… ഇനി നമ്മളെക്കൂടി അങ്ങേര് ഭ്രാന്തു പിടിപ്പിക്കും. അതിനു മുമ്പ് നിങ്ങൾ അങ്ങേരെ ഏതെങ്കിലും സൈക്ക്യാട്രിസ്റ്റിനെ കൊണ്ടുപോയി കാണിക്ക്. ഇന്ന് ഓഫീസിൽ എല്ലാരും പറഞ്ഞത് അതു തന്നെയാ.”

അതു കേട്ട് സുമേഷ് ഒന്നും മിണ്ടിയില്ല. അച്ഛന്‍റെ നില ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മാത്രം അയാൾ അറിഞ്ഞു. ഒടുവിൽ മുഴുഭ്രാന്തനായി അച്ഛനെ ചങ്ങലയ്ക്കിടേണ്ടി വരുമെന്ന് അയാൾ സംശയിച്ചു. അങ്ങനെയെങ്കിൽ അച്ഛൻ മുഴു ഭ്രാന്തിലേക്ക് നീങ്ങുന്നതിനു മുൻപ് സ്വത്തുക്കൾ മുഴുവൻ എഴുതി വാങ്ങുന്നതാണ് ബുദ്ധി എന്ന് അയാൾക്ക് തോന്നി. ആ സമയത്ത് അകത്ത് ഫോൺ ബെൽ റിങ്ങു ചെയ്തു. സുമേഷ് ചെന്ന് ഫോൺ എടുത്തു. അത് സുരേഷ് ഗൾഫിൽ നിന്ന് വിളിക്കുന്നതാണെന്ന് നമ്പർ കണ്ടപ്പോൾ സുമേഷിന് മനസ്സിലായി.

സുരേഷിന്‍റെ ആ സമയത്തുള്ള ഫോൺവിളി ഒട്ടും ഇഷ്ടമായില്ലെങ്കിലും സുമേഷ് സന്തോഷം നടിച്ചു കൊണ്ട് ചോദിച്ചു. “ഹലോ സുരേഷേട്ടാ… എന്തൊക്കെയുണ്ട് വിശേഷം?”

“ഹലോ സുമേഷ്… ഇത് ഞാനാണെടാ… അവിടെ എന്തൊക്കെയുണ്ട് വിശേഷം? അച്ഛൻ സുഖമായിരിക്കുന്നോടാ?”

സുമേഷിനേക്കാൾ സുരേഷിനാണ് അച്ഛനോട് കൂടുതലിഷ്ടം. അയാൾ അമ്മയെ ആണ് കൂടെ കൊണ്ടുപോയതെങ്കിലും മനസ്സുകൊണ്ട് അയാൾക്ക് കൂടുതലടുപ്പം അച്ഛനോടാണ്. അമ്മ മരിച്ചു കഴിഞ്ഞപ്പോൾ അയാൾ അച്ഛനെ കൂടെ കൊണ്ടുപോകാൻ തയ്യാറായതാണ്. എന്നാൽ സുമേഷ് വിട്ടില്ല. അച്ഛനെ നോക്കിയതിന്‍റെ പേരിൽ, അച്ഛന്‍റെ സ്വത്തിൽ ഭൂരിഭാഗവും ചേട്ടൻ അടിച്ചെടുത്താലോ എന്ന ഭയമായിരുന്നു അയാൾക്ക്. സുരേഷിന്‍റെ ചോദ്യത്തിനുത്തരമായി അയാൾ പറഞ്ഞു.

“പിന്നെ… അച്ഛൻ നല്ല സുഖമായിട്ടിരിക്കുന്നു സുരേഷേട്ടാ…”

“എങ്കിൽ നീ അച്ഛനെ ഒന്നു വിളിച്ചേ. എത്ര നാളായി ഞാൻ അച്ഛനോട് സംസാരിച്ചിട്ട്.”

“അത്… അച്ഛൻ നേരത്തേ കിടന്നുറങ്ങി എന്നു തോന്നുന്നു സുരേഷേട്ടാ… ഞാൻ നാളെ ഏട്ടൻ വിളിച്ചിരുന്ന കാര്യം അച്ഛനോടു പറഞ്ഞോളാം.”

“ശരി… ശരി… ഞാൻ മറ്റൊരു കാര്യം പറയാനാണ് നിന്നെ വിളിച്ചത്. ഞങ്ങൾ അടുത്തു തന്നെ കേരളത്തിലേക്ക് വരുന്നുണ്ട്. കുട്ടികളുടെ പരീക്ഷയെല്ലാം കഴിഞ്ഞുവല്ലോ. അവരോടൊപ്പം ഒരു പ്ലഷർ ട്രിപ്പ്. ജോലിതിരക്കുകൾ മൂലം ഒന്നു രണ്ടു കൊല്ലമായല്ലോ ഞങ്ങൾ അങ്ങോട്ടു വന്നിട്ട്.”

അതുകേട്ടതും സുമേഷ് വല്ലാത്തൊരവസ്ഥയിലായി. അച്ഛനെ ഈ അവസ്ഥയിൽ ഏട്ടനെ കാണിക്കുന്നതെങ്ങിനെ? അല്ലെങ്കിൽ ഏട്ടൻ അച്ഛനെ നേരിട്ടു കണ്ടു കഴിയുമ്പോൾ എല്ലാം ഊഹിക്കുകയില്ലേ? അതുകൊണ്ട് ചെറിയ ഒരു സൂചന നൽകിയേക്കാം എന്ന് സുമേഷ് വിചാരിച്ചു

“അതിനെന്താ സുരേഷേട്ടാ… ഈ വെക്കേഷൻ നമുക്ക് അടിച്ചു പൊളിക്കാം. ഇവിടെ ചിന്നു മോൾക്ക് ചേച്ചിമാരെന്ന് വച്ചാൽ ജീവനാ… പിന്നെ ചിന്തു മോനും വലുതായല്ലോ. അവർ അടിച്ചു പൊളിച്ച് കളിക്കട്ടെ എന്നേ.പിന്നെ ഞാൻ ചേട്ടനോട് ഒരു കാര്യം പറയാൻ വിട്ടു പോയി. ഈയിടെയായി അച്ഛന് ചെറിയ ഒരു ഓർമ്മക്കുറവുണ്ട്. എന്താണെന്നറിയില്ല. പരസ്പര ബന്ധമില്ലാതെ പലതും പറയുന്നു.”

“ഓഹോ… എന്നിട്ട് നീ ഡോക്ടറെയൊന്നും ഇതുവരെ കാണിച്ചില്ലേ?”

“ഇല്ല ഏട്ടാ. ഏട്ടനോടു കൂടി പറഞ്ഞിട്ട് ഏത് ഡോക്റെയാണ് കാണിക്കേണ്ടതെന്ന് തീരുമാനിക്കാമെന്ന് കരുതി.”

“ങ… ഞാൻ അടുത്ത ആഴ്ച തന്നെ കേരളത്തിൽ എത്തും. ഫ്ലൈറ്റ് ബുക്കു ചെയ്തു കഴിഞ്ഞു. ഞാൻ അവിടെ വന്നിട്ട് അച്ഛനെ ഏതു ഡോക്ടറെയാണ് കാണിക്കേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം.”

“ശരി ഏട്ടാ… അപ്പോൾ അങ്ങനെയാവട്ടെ. ഇനി ഇവിടെ വരുമ്പോൾ നമുക്ക് കൂടുതൽ സംസാരിക്കാം. ഞാൻ ഫോൺ വക്കുകയാണ്.”

സുരേഷ് ഫോൺ വച്ചു കഴിഞ്ഞപ്പോൾ സുമേഷ് സന്തോഷിച്ചു. ഇനി അച്ഛനെ ഡോക്ടറെ കാണിക്കുന്നതും മറ്റും ചേട്ടൻ ചെയ്തു കൊള്ളും. തനിക്ക് പൈസച്ചെലവൊന്നും ഉണ്ടാവില്ല.

അയാൾ നോക്കിയപ്പോൾ നന്ദൻമാഷ് മുറ്റത്തേക്കിറങ്ങി നടക്കുന്നതാണ് കണ്ടത്. സുമേഷ് വരുന്നതിനു മുമ്പ് ഗേറ്റുതുറന്ന് പുറത്തേക്കു പോകാൻ ഭാവിച്ച നന്ദൻമാഷിനെ ബലമായി പിടിച്ച് അകത്തേക്കു കൊണ്ടുപോകാൻ അയാൾ തുനിഞ്ഞു.

നന്ദൻമാഷ് പ്രതിഷേധിച്ച് മുറ്റത്തു കിടന്ന കല്ലെടുത്ത് സുമേഷിനെ എറിയാൻ തുനിഞ്ഞു. സുമേഷ് ഒഴിഞ്ഞുമാറിയതുകൊണ്ട് ഏറു കൊണ്ടില്ല. വീണ്ടും നന്ദൻമാഷ് അവിടെ കിടന്നിരുന്ന ഓരോ സാധനങ്ങളെടുത്ത് സുമേഷിനെ എറിഞ്ഞു കൊണ്ടിരുന്നു. നന്ദൻമാഷിന്‍റെ പ്രതിഷേധം കൂടിയപ്പോൾ അയാൾ അകത്തേക്കു നോക്കിവിളിച്ചു പറഞ്ഞു.

“താരെ… നീയാ പിള്ളേരെ പേടിപ്പിക്കാൻ വച്ചിരിക്കുന്ന ചെറിയ വടി ഇങ്ങെടുത്തോണ്ടുവന്നേ. ഞാൻ ഇങ്ങേരെ ഒന്നനുസരിപ്പിക്കാൻ പറ്റുമോന്ന് നോക്കട്ടെ.” താര, അകത്ത് പോയി ചെറിയ ചൂരൽ വടി എടുത്തു കൊണ്ടുവന്നു.

“ഇതു കണ്ടോ, ഇതു കൊണ്ട് ഒന്നു തന്നാൽ അച്ഛന്‍റെ ഈ പ്രാന്തെല്ലാം പമ്പ കടക്കും. വേണോ ഇതു കൊണ്ടുള്ള അടി.” വടി കണ്ട് നന്ദൻമാഷ് കൊച്ചു കുട്ടി കളെപ്പോലെ ഭയന്നു മിണ്ടാതെ നിന്നു… അപ്പോൾ സുമേഷ് നന്ദൻമാഷിനെ പിടിച്ചു വലിച്ച് മാഷിന്‍റെ കിടക്ക മുറിയിലിരുത്തി. നന്ദൻമാഷ് വീണ്ടും പ്രതിഷേധിക്കാൻ തുടങ്ങിയപ്പോൾ സുമേഷ് വടി ഓങ്ങിക്കൊണ്ടു പറഞ്ഞു.

“പറയുന്നതു കേട്ടില്ലെങ്കിൽ ഇനി അച്ഛൻ എന്‍റെ കൈയ്യിൽ നിന്നു വാങ്ങിക്കും. അല്ലെങ്കിൽ അനങ്ങാതെ ഇവിടെത്തന്നെ ഇരുന്നോണം. മുൻവശത്ത് വരുന്ന ആരെങ്കിലും അച്ഛനെ ഈ നിലയിൽ വന്നു കണ്ടാൽ ഞങ്ങക്കാ നാണക്കേട്. അച്ഛൻ പറയുന്നതും പെരുമാറുന്നതുമൊന്നും ഇപ്പോൾ സ്വബോധത്തോടെയല്ലല്ലോ… തീരെ കൊച്ചുപിള്ളേരെപ്പോലെയല്ലെ. അപ്പോ പറഞ്ഞാ കേട്ടില്ലെങ്കി പിള്ളേരെ തല്ലും പോലെ ഞാൻ അച്ഛനേയും തല്ലും.”

ഇതിനിടയിൽ പേടിച്ചരണ്ട നന്ദൻമാഷ് സുമേഷിനെ തള്ളി നീക്കി ഓടാൻ തുനിഞ്ഞു. പെട്ടെന്ന് വടി കൊണ്ട് ഒരടി കൊണ്ട നന്ദൻമാഷ് ഉറക്ക നിലവിളിച്ചു, “അയ്യോ… അയ്യോ… എന്നെ തല്ലുന്നേ.” എന്ന്.

അതു കേട്ട് സുമേഷ് നന്ദൻമാഷിന്‍റെ വായ് അമർത്തിപ്പിടിച്ചു. “അച്ഛൻ മിണ്ടരുത്. മിണ്ടിയാൽ ഞാൻ ഇനിയും തല്ലും.”

അതിനെത്തുടർന്ന് നന്ദൻമാഷ് അനങ്ങാൻ വയ്യാതെ ഇരുന്നു. ശബ്ദം കേട്ട് വീട്ടിലുള്ള എല്ലാവരും ഓടി വന്നു. അച്ഛന്‍റെ കയ്യിൽ തങ്ങളെ പേടിപ്പിക്കാറുള്ള ചെറിയ വടി ഇരിക്കുന്നതു കണ്ട് ചിന്നു മോൾ ഭയത്തോടെ നോക്കി.

“അയ്യോ അപ്പൂപ്പനെ തല്ലല്ലെ അച്ഛാ… പാവം അപ്പൂപ്പൻ.” അവൾ നിലവിളിച്ചു കൊണ്ടുപറഞ്ഞു.

“നീ മിണ്ടാതിരുന്നോണം. ഇല്ലെങ്കിൽ നിനക്കും കിട്ടും അടി. അപ്പൂപ്പനെ പറഞ്ഞാൽ അനുസരിപ്പിക്കാമോ എന്ന് ഞാനൊന്നു നോക്കട്ടെ.” സുമേഷിന്‍റെ ദേഷ്യഭാവവും വടിയും കണ്ട് നന്ദൻമാഷ് ഭയചകിതനായി മിണ്ടാതിരുന്നു.

അല്പം കഴിഞ്ഞപ്പോൾ സുമേഷ് കൈ വലിച്ചെടുത്തു കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു. “ഇനി ഇവിടെ മിണ്ടാതെ കിടന്നോണം. അല്ലെങ്കിൽ എന്‍റെ കൈയിൽ നിന്നും ഇനിയും മേടിക്കും. അച്ഛനല്ലെ, വേണ്ടാ… വേണ്ടാ എന്ന് വിചാരിക്കും തോറും മനുഷ്യനെ നാണം കെടുത്താനും ബുദ്ധിമുട്ടിക്കാനും ഇറങ്ങിയിരിക്കുകാ. ഇനി മുതൽ ഞാൻ പറയുന്നതെല്ലാം മിണ്ടാതെ അനുസരിച്ചോണം. അല്ലെങ്കിൽ…”

അങ്ങനെ പറഞ്ഞുകൊണ്ട് അയാൾ എല്ലാ പേരോടും മുറിക്കുപുറത്തു കടക്കാൻ ആവശ്യപ്പെട്ടു. ശാന്തിയോടും താരയോടുമൊപ്പം പുറത്തേക്കു നടന്ന ചിന്നുവാകട്ടെ അപ്പൂപ്പനെ സഹതാപത്തോടെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 10

ഹേമാംബിക അയയിൽ തുണിവിരിച്ചു കൊണ്ടു ടെറസ്സിൽ നില്ക്കുകയായിരുന്നു. പടിഞ്ഞാറു നിന്ന് ഒഴുകിവരുന്ന കാറ്റ് പകലത്തേ ചൂടിനെ ശമിപ്പിക്കുമാറ് ആഞ്ഞു വീശി. നരച്ചുതുടങ്ങിയ നീണ്ടമുടിയിഴകൾ കാറ്റിന് സ്വാഗതമോതിക്കൊണ്ട് ഇളകിപ്പറന്നു. ഒപ്പം ഹേമാംബികയുടെ മനോഹരവദനത്തെ അത് ഇടയ്ക്കിടെ തഴുകിക്കൊണ്ടിരുന്നു. വായുവിൽ തങ്ങി നില്ക്കുന്ന മുല്ലപ്പൂക്കളുടെ സുഗന്ധത്തോടൊപ്പം ഏതോ ഓർമ്മകളും ഭൂതകാലത്തിൽ നിന്ന് ഒഴുകിയെത്തി അവരെ തരളിതയാക്കി. നന്ദൻമാഷിനോട് ബന്ധപ്പെട്ട ചില ഓർമ്മകളായിരുന്നു അവ. നന്ദൻമാഷിനെ വീണ്ടും കണ്ടുമുട്ടിയതോടെ ഭൂതകാലം ചേതോഹരമായ ഒരു മയിലിനെപ്പോലെ പീലി നിവർത്തി ആടുവാൻ തുടങ്ങിയിരുന്നു.

“ഹേമാമ്മേ… ഹേമാമ്മയ്ക്ക് ഫോൺ…” നയന എന്ന യുവതി അപ്പോൾ ടെറസ്സിൽ എത്തി നിന്നിരുന്നു. ഹേമാംബിക തന്‍റെ മുറിയിലെ മേശപ്പുറത്ത് വച്ചിരുന്ന ഫോൺ കൈയ്യിലെടുത്തു കൊണ്ടാണ് അവളുടെ വരവ്. അവളുടെ പുഞ്ചിരി തൂകുന്ന വദനത്തിൽ സ്നേഹനിഷ്ക്കളങ്കതകൾ നിറഞ്ഞു നിന്നു. കിലുക്കാംപെട്ടി എന്നാണ് ഹേമാംബികയുൾപ്പെടെ എല്ലാവരും അവളെ വിളിച്ചിരുന്നത്. നന്ദനം എന്നു പേരുള്ള വാടക വീട്ടിൽ പ്രവർത്തിക്കുന്ന “സ്നേഹ സദനത്തിൽ” ഒരു സഹായിയായി വർത്തിക്കുന്ന അവൾ എല്ലാവർക്കും ഒരത്ഭുതമായിരുന്നു. കാലം അതിന്‍റെ ബലിഷ്ഠമായ കരങ്ങളാൽ ബ്രസ്റ്റ് കാൻസറിന്‍റെ രൂപത്തിൽ പ്രഹരങ്ങളേൽപ്പിച്ചിട്ടും തളരാതെ പിടിച്ചു നില്ക്കുവാൻ അവൾക്ക് കഴിയുന്നുണ്ട്.

“എന്താ നയനേ… ആരുടെ ഫോണാണ്?” ഹേമാബിക അങ്ങനെ ചോദിച്ചു കൊണ്ട് അവളുടെ അടുത്തെത്തി ഫോൺ വാങ്ങി.

“അറിയില്ല അമ്മേ, വിദേശത്തു നിന്നുള്ള കോൾ ആണെന്നു തോന്നുന്നു.” അതാരുടെ ഫോണാണെന്ന് ഹേമാംബിക്ക് പെട്ടെന്നു പിടി കിട്ടി. നീലാംബരി ഗൾഫിൽ നിന്നും വിളിക്കുന്നതാണ്. ആഴ്ചകളായി അവളുടെ ഫോൺ വന്നിട്ട്. മറ്റേത് മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും അവൾ വിളിക്കും. അതുകൊണ്ട് താൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അവൾ ഇങ്ങോട്ട് വിളിച്ചിരിക്കുന്നത്. ഹേമാംബിക ഫോൺ ഓൺ ചെയ്തു.

ഉടനെ നീലാംബരി വീഡിയോ കോളിൽ ചിരിച്ച മുഖത്തോടെ പ്രത്യക്ഷപ്പെട്ടു. അവളുടെ മുഖം പ്രസന്നമെങ്കിലും കാലം അവളിൽ വരുത്തിയ മാറ്റങ്ങൾ കൂടുതൽ പ്രകടമായിരുന്നു. തല കൂടുതൽ നരച്ചിരിക്കുന്നു. മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

“ഹലോ നീലാംബരി, നിനക്ക് സുഖമല്ലേ?” ഹേമാംബികയുടെ ചോദ്യത്തിന് മറുപടിയായി അവൾ പറഞ്ഞു.

“സുഖമാണ് ചേച്ചി. ഞാൻ പിന്നെ അല്പം തിരക്കിലായിരുന്നു. അതുകൊണ്ടാണ് വിളിക്കാൻ താമസിച്ചത്.”

“എന്ത് തിരക്ക്? നീയിപ്പോൾ റിട്ടയറായി സുഖമായി വീട്ടിലിരിപ്പല്ലേ? പിന്നെ എന്താ?”

“അതെ ചേച്ചി. ഞാൻ പറഞ്ഞത് മറ്റു ചില തിരക്കുകളെക്കുറിച്ചാണ്. കല്ലുമോളുടെ വിവാഹം നിശ്ചയിച്ചു. ഗൾഫിൽത്തനെയുള്ള ഒരു എംബിഎക്കാരനാണ് വരൻ. അച്ഛനുമമ്മയും കോഴിക്കോട്ടുകാരാണ്. വിവാഹം അടുത്തു തന്നെ ഗുരുവായൂരിൽ വച്ചുണ്ടാകും. ഞാൻ നാട്ടിലെത്തിയാലുടനെ ചേച്ചിയെക്കാണാൻ വരും.”

“കല്ലുമോൾക്ക് ഇത്ര പെട്ടെന്ന് വിവാഹ പ്രായമെത്തിയെന്നോ?” ഹേമാംബികക്ക് അനുജത്തിയുടെ വാക്കുകൾ വിശ്വസിക്കാനായില്ല. പത്തുവർഷത്തെ വ്യത്യാസമുണ്ട് മൂത്തവളും ഇളയവളും തമ്മിൽ. ജാനു എന്നു വിളിക്കുന്ന ജാനകിയും, കല്ലു എന്നു വിളിക്കുന്ന കല്യാണിയുമാണ് അവളുടെ മക്കൾ. നാട്ടിലെ ഒരു ഡോക്ടറുമായി ജാനുവിന്‍റെ വിവാഹം കഴിഞ്ഞിട്ട് എട്ടൊമ്പതു വർഷമായിക്കാണും. അവൾക്കിപ്പോൾ രണ്ടു കുഞ്ഞുങ്ങളുമുണ്ട്. പക്ഷെ കല്ലുവിനെ ചെറിയ കുട്ടിയായാണ് എല്ലാവരും പരിഗണിച്ചിരുന്നത്. ഇന്നിപ്പോൾ അവൾക്ക് പത്തിരുപത്തിരണ്ടു വയസ്സായിക്കാണും.

“അതെ ചേച്ചീ… അവൾ ഇളയവളായതു കൊണ്ട് അല്പം താമസിച്ചു മതിയെന്നാണ് വിചാരിച്ചിരുന്നത്. അപ്പോഴാണ് അവൾക്ക് ഒരു പയ്യനുമായി പ്രണയമുണ്ടെന്ന് അറിയുന്നത്. അവൾ ജേർണലിസത്തിലാണ് ബിരുദമെടുത്തതെന്ന് ചേച്ചിക്കറിയാമല്ലോ. കോഴ്സ് കഴിഞ്ഞ ശേഷം മാദ്ധ്യമ പ്രവർത്തകയായി അവൾ ജോലിചെയ്യുന്ന സ്ഥാപനത്തിലാണ് എംബിഎക്കാരനായ ഈ പയ്യനും ജോലി ചെയ്യുന്നത്. അന്വേഷിച്ചപ്പോൾ നല്ല കുടുംബക്കാരാണെന്നറിഞ്ഞു. ഉടനെ തന്നെ വിവാഹം നടത്തുവാൻ മുൻകൈ എടുക്കുകയായിരുന്നു.”

“ഏതായാലും നല്ല കാര്യം നീലൂ. നീ കല്ലുവിനെ എന്‍റെ ആശംസകൾ അറിയിക്കൂ…”

“അതു പോരാ… ചേച്ചി വിവാഹത്തിനു വരണം. ഞാൻ അവിടെ വന്ന് ക്ഷണിക്കുന്നുണ്ട്.” ആ വാക്കുകൾ അവിശ്വസനീയമായിരുന്നു. ഭർത്താവിന്‍റേയും മകന്‍റേയും മരണശേഷം മണിക്കുട്ടന്‍റെ വീട്ടിലായിരുന്നു തന്‍റെ താമസം. അതിനിടക്ക് അച്ഛൻ ആക്സിഡന്‍റിൽപ്പെട്ടും അമ്മ രോഗം മൂർഛിച്ചും മരിക്കുകയായിരുന്നു. മണിക്കുട്ടന്‍റെ ഭാര്യയുടെ നീരസം മൂലം ആ കുടുംബത്തിൽ നിന്നും താൻ ഈ വൃദ്ധമന്ദിരത്തിലേക്ക് താമസം മാറ്റുകയായിരുന്നു. അങ്ങനെ മാറുന്നതിൽ ഏറ്റവും കൂടുതൽ പ്രതിഷേധിച്ചത് നീലാംബരിയാണ്. ചേച്ചി ഒരാനാഥയല്ലെന്നും, ഞങ്ങളെല്ലാം ചേച്ചിക്കുണ്ടെന്നും അവൾ ആവർത്തിച്ച് ഓർമ്മിപ്പിച്ചു. പക്ഷെ റിട്ടയർമെന്‍റിനു ശേഷം സ്വന്തമായി ഒരിടം തേടാനായിരുന്നു തന്‍റെ തീരുമാനം. അപ്പോഴാണ് ഈ സ്നേഹ സദനത്തെക്കുറിച്ചറിഞ്ഞത്. പിന്നീട് ഇങ്ങോട്ടു പോരാൻ തീരുമാനിക്കുകയായിരുന്നു.

ഇവിടെ വന്ന് ഈ അന്തരീക്ഷത്തോട് ഇണങ്ങിച്ചേർന്നു കഴിഞ്ഞപ്പോൾ എന്തുകൊണ്ട് തനിക്കിത് നേരത്തേ തോന്നിയില്ല എന്നാണ് തോന്നിയത്.

“ചേച്ചീ… എന്താണൊന്നും മിണ്ടാത്തത്… ഞാൻ വന്നു വിളിച്ചാൽ ചേച്ചീ വരികയില്ലേ?”

“പിന്നെ തീർച്ചയായും നീലു… ഇപ്പോഴും നീയും കിങ്ങിണി മോളുമൊക്കെത്തന്നെയാണ് എന്‍റെ മനസ്സിൽ. നിങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലും എന്‍റെ ജീവിതത്തിലില്ല. പിന്നെ മണിക്കുട്ടൻ. അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവന് ചേർന്ന ഒരു ഭാര്യയെയല്ല അവന് ലഭിച്ചത്. ഞാൻ അവിടെ ഉള്ളപ്പോൾ എന്നെയും അവനെയും കുറ്റപ്പെടുത്തുകയായിരുന്നു അവളുടെ പ്രധാന ജോലി. ഞാൻ മുഖാന്തിരം അവർക്ക് ഒരു വിഷമം ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ മാറിയത്. അതുകൊണ്ടിങ്ങോട്ടു വരാൻ കഴിഞ്ഞു. ഇവിടെ സമാനമസ്ക്കരായ ഏതാനും പേരോടൊത്ത് കഴിയുമ്പോൾ ഞാനനുഭവിക്കുന്ന സുഖം നിനക്കറിയില്ല നീലാംബരി.”

“ശരി… ശരി… ചേച്ചിയുടെ ഇഷ്ടം പോലെ ആകട്ടെ. ഞാനിനി ഫോൺ വക്കുകയാണ് നമുക്ക് അവിടെ വരുമ്പോൾ കാണാം.” ഫോൺ ഓഫ് ചെയ്ത് ഹേമാംബിക തിരിഞ്ഞു നോക്കുമ്പോൾ തങ്ങളുടെ സംസാരം ശ്രദ്ധിച്ച് തന്നെത്തന്നെ ഉറ്റുനോക്കി നില്ക്കുന്ന നയനയെ ആണ് കണ്ടത്.

“നീ… ഇതുവരെ പോയില്ലേ?” ഹേമാoബികയുടെ ചോദ്യം കേട്ട് സന്തോഷം ഇടകലർന്ന ദുഃഖ സ്വരത്തിൽ നയന പറഞ്ഞു.

“ഹേമാമ്മയുടെ മനസ്സ് എത്ര നല്ലതാണെന്ന് ഓർക്കുകയായിരുന്നു ഞാൻ. എനിക്കിതു പോലെ ഒരമ്മയുണ്ടായില്ലല്ലോ എന്നും.”

“അതെന്താ മോളെ. നിന്നെ ഞാനെന്നും എന്‍റെ മകളായി മാത്രമല്ലേ കണ്ടിട്ടുള്ളു. അല്ല എന്ന് നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?”

“അതല്ല ഹേമാമ്മേ… ജീവിതം വഴിമുട്ടി നിന്ന ഒരവസരത്തിലാണ് ഞാൻ ഈ അഗതിമന്ദിരത്തിൽ എത്തിച്ചേർന്നത്. ഇവിടെ എന്‍റെ സമപ്രായക്കാരല്ലാത്തവരുമായി ഇടപെട്ടു ജീവിക്കുമ്പോൾ ഞാൻ നിങ്ങളിലോരോരുത്തരിലൂടെ എനിക്ക് നഷ്ടമായ രക്തബന്ധത്തെ വീണ്ടെടുക്കുകയായിരുന്നു. അങ്ങനെ ഹേമാമ്മ എനിക്കമ്മയായി. ഇപ്പോൾ ഹേമാമ്മ എത്ര ഭാഗ്യവതിയാണെന്ന് ഞാൻ ചിന്തിച്ചു പോകുന്നു. ഇപ്പോഴും ഹേമാമ്മെ ഉപേക്ഷിക്കാത്ത കൂടപ്പിറപ്പുകൾ ഹേമാമ്മയ്ക്കുണ്ടല്ലോ.”

“അതെ മോളെ. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. ഞാൻ അവരിൽ നിന്നൊക്കെ അകലുവാൻ ശ്രമിച്ചിട്ടും അവർ എന്നെ അകറ്റാതെ ചേർത്തുപിടിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് എന്‍റെ രണ്ടനുജത്തിമാർ. ഞാൻ എവിടെയാണെങ്കിലും മാസത്തിലൊരിക്കലെങ്കിലും എന്നെ വിളിച്ചവർ സംസാരിക്കാറുണ്ട്.”

“അതെ. അതാണ് ഞാൻ പറഞ്ഞത് ഹേമാമ്മ ഭാഗ്യവതിയാണെന്ന്. രക്തബന്ധത്തിൽപ്പെട്ടവർ എല്ലാം ഉപേക്ഷിച്ച എന്നെപോലെയല്ലല്ലോ ഹേമാമ്മ.”

“പക്ഷെ ഇന്നു നീ ഞങ്ങൾക്കെല്ലാം മകളാണ്. നിന്നെപ്പോലെ ഒരു മകളെ ലഭിച്ച ഞാൻ ഭാഗ്യവതിയാണ്. പ്രസവിച്ചില്ലെങ്കിലും നീ എനിക്ക് മകൾ തന്നെയാണ്. ഇനി നിന്‍റെ വിവാഹം നടന്നു കാണണമെന്നു തന്നെയാണ് ഞാൻ ആ ഗ്രഹിക്കുന്നത്. ഞാൻ മാത്രമല്ല ഈ അഗതിമന്ദിരത്തിലെ ഭൂരിപക്ഷം പേരും.”

“അതു നടക്കുമെന്ന് തോന്നുന്നില്ല ഹേമാമ്മേ. ഈ ജീവിതത്തിൽ ഒരു വിവാഹജീവിതം സ്വപ്നം കാണാൻ എനിക്കർഹതയുണ്ടെന്നു തോന്നുന്നില്ല. ഞാൻ ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു മരിച്ചോളാം ഹേമാമ്മേ.” അതു പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു വന്നു.

“അതിന് നിനക്ക് പത്തുമുപ്പതു വയസ്സേ ആയിട്ടുള്ളു നയനേ. നീ ഇപ്പോഴും ചെറുപ്പമാണ്. നിനക്കിനിയും മുന്നോട്ട് ജീവിതമുണ്ട്.”

“പക്ഷെ… പക്ഷെ… കാൻസർ കാർന്നു തിന്ന അപൂർണ്ണമായ ഈ ശരീരവുമായി എന്നെ ഇനി ആരുവിവാഹം കഴിക്കാനാണ് അമ്മേ… ഞാൻ… ഞാൻ… ഇന്ന് ഒരു സ്ത്രീയല്ല… സ്ത്രീയുടെ ബാഹ്യരൂപം മാത്രമുള്ളവൾ… ആർക്കും വേണ്ടാത്ത ഒരു ശാപജന്മമാണ് എന്‍റേത്… ചെറുപ്പത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ടു… പിന്നീട് കാൻസർ രോഗം പിടിപെട്ടപ്പോൾ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവളായി. സഹോദരഭാര്യമാർക്ക് ദുശ്ശകുനമായി…” അവൾ ഹേമാംബികയുടെ തോളിൽ തല ചായ്ച്ച് പൊട്ടിക്കരഞ്ഞു തുടങ്ങി.

എന്നും കളി ചിരികളുമായി മാത്രം കണ്ടിട്ടുള്ള നയന. അതുവരെ കാണാത്ത അവളുടെ അപ്പോഴത്തെ ഭാവമാറ്റം കണ്ട് ഹേമാംബിക വല്ലാതെ പതറി. അവളെ എങ്ങനെ സമാശ്വസിപ്പിക്കേണ്ടു എന്നറിയാതെ കുഴങ്ങി. പിന്നീട് വിചാരിച്ചു അവൾ മനസ്സിൽ അണകെട്ടിനിർത്തിയിരുന്നതെല്ലാം പൊട്ടി ഒഴുകുകയാണെന്ന്. ഒരു കല്ലോലിനി പ്രവാഹം പോലെ അത് തടയിണകളെ തല്ലിത്തകർത്ത് ഒഴുകട്ടെ എന്ന്. ഹേമാംബിക ഒരമ്മയെ പോലെ അവളുടെ പുറംതലോടിക്കൊണ്ടിരുന്നു. ഏറെ നേരം കരഞ്ഞ ശേഷം അവൾ സ്വയം സമാശ്വസിച്ചു കൊണ്ടു പറഞ്ഞു.

“ഇപ്പോൾ എനിക്കാശ്വാസമായി അമ്മേ. എല്ലാ വേദനകളും ഉള്ളിലൊതുക്കി ഞാൻ ഇത്രനാളും നിങ്ങളുടെ മുന്നിൽ പൊട്ടിച്ചിരിച്ചു നടന്നു. ഇന്നിപ്പോൾ ഉള്ളിൽ കെട്ടിനിന്നതെല്ലാം കണ്ണുനീരായി പുറത്തേക്കൊഴുകിപ്പോയി. ഇതിനു കാരണം എന്‍റെ പെറ്റമ്മയെപ്പോലുള്ള ഹേമാമ്മയുടെ സ്നേഹസ്പർശനങ്ങളാണ്. ഈ തലോടലാണ്. എനിക്ക് തൃപ്തിയായി അമ്മേ. ഇനി ഞാൻ ഒരിക്കലും കരയുകയില്ല.”

അവൾ കണ്ണുനീർ തുടച്ച് പുഞ്ചിരിയോടെ എഴുന്നേറ്റിരുന്നു. എന്നിട്ടു ഹേമാംബികയുടെ കൈവിരലിൽ കൈ കോർത്തുപിടിച്ചു കൊണ്ട്പറഞ്ഞു. “വരൂ… ഹേമാമ്മേ… നേരം സന്ധ്യയായി. നമുക്ക് താഴെപ്പോയി വിളക്കു കൊളുത്തി എല്ലാവരുമായി ചേർന്ന് പ്രാർത്ഥിക്കാം.”

ഹേമ യാന്ത്രികമായി അവളെ അനുഗമിച്ചു. ഒരു പക്ഷെ അവളുടെ കൈവിരൽത്തുമ്പിന്‍റെ മാന്ത്രികസ്പർശം ഹേമാംബികയെ മുന്നോട്ടു നടത്തുകയായിരുന്നു. അവർക്ക് പിന്നിൽ അപ്പോൾ ഇരുട്ട് കട്ടി കൂടിക്കൊണ്ടിരുന്നു.

ചിന്നു മോൾ മുറ്റത്ത് കൊച്ചു സൈക്കിളോടിച്ച് കളിച്ചു കൊണ്ടിരുന്നു. അപ്പോൾ ശാന്തി അവളുടെ അനുജനെ മുച്ചക്ര സൈക്കിളിലിരുത്തി കളിപ്പിച്ചു. ശാന്തിയോടും കിച്ചു മോനോടുമൊപ്പം ചിന്നു മോൾ പുറത്തേക്കിറങ്ങി പോയപ്പോൾ നന്ദൻമാഷ്, ആഹാരം കഴിച്ചുഴിഞ്ഞ ശേഷം മുറികൾ തോറും ദിക്കറിയാതെ ന്നോണം പരതിക്കൊണ്ടിരുന്നു…

കൈ കഴുകാനുള്ള വാഷ്ബേസിൻ അനേഷിച്ചാണ് അദ്ദേഹം നടന്നത്. കണ്ണുകൾ കൊണ്ട് കാണാമായിരുന്നിട്ടും അദ്ദേഹം ഒന്നും കാണുന്നുണ്ടായിരുന്നില്ല… താൻ കൈകഴുകാനാണ് മുറിക്കു പുറത്തിറങ്ങിയതെന്ന് പോലും അല്പം കഴിഞ്ഞപ്പോൾ അദ്ദേഹo മറന്നു തുടങ്ങി. പുറത്തപ്പോൾ നല്ല മഴ പെയ്യാൻ തുടങ്ങിയിരുന്നു. ശാന്തി കുട്ടികളേയും കൊണ്ട് അകത്തു കയറി.

നന്ദൻമാഷിനെ മുറിയിൽക്കാണാഞ്ഞ് അവൾ വന്നു നോക്കുമ്പോൾ അദ്ദേഹം ജനലഴികളിൽ പിടിച്ച് പുറത്തേക്കു നോക്കി നില്ക്കുന്നു. ആർത്തലച്ചു പെയ്യുന്ന മഴയിലേക്കു നോക്കി നന്ദൻമാഷ് എന്തോ ഓർത്തു നിന്നു. അദ്ദേഹം മനസ്സിലപ്പോൾ സ്വയം മഴയിലൂടെ കളിവള്ളം ഓടിച്ചു നടക്കുന്ന ചെറിയകുട്ടിയായി മാറുകയായിരുന്നു.

“എന്താ നന്ദാ ഇത്… മഴ കൊണ്ടാൽ നിനക്ക് പനി വരികയില്ലേ?” അമ്മ ശാസിച്ചു കൊണ്ട് തന്നെ ചേർത്തുപിടിച്ച് തല തുവർത്തുന്നതു അദ്ദേഹം മനസ്സിൽ കണ്ടു.

“അല്ല സാറെന്താ കൈയ്യൊന്നും കഴുകാതെ പുറത്തേക്ക് നോക്കിനില്ക്കുന്നത്. കൈയ്യിലെ എച്ചിലുമുഴുവൻ ആ ജനലഴികളിൽ ആയല്ലോ?” എന്നു പറഞ്ഞ് ശാന്തിയപ്പോൾ അടുത്തെത്തി. നന്ദൻമാഷ് സ്വന്തം കൈകളിലേക്കു നോക്കി ഒന്നും മനസ്സിലാകാതെ നിന്നു.

“അയ്യോ ഈ സാർ കൊച്ചു കുട്ടികളെപ്പോലെയാണല്ലോ. ഇപ്പോൾ ചോറുണ്ടാൽ കൈ കഴുകണമെന്ന് സാറിനറിയില്ലേ? വന്നാട്ടെ ഞാൻ കൈ കഴുകുന്ന സ്ഥലം കാണിച്ചു തരാം…” അങ്ങനെ പറഞ്ഞ് അവൾ നന്ദൻമാഷിനെ പിടിച്ചു കൊണ്ട് വാഷ്ബേസിനടുത്തെത്തിച്ചു. എന്നിട്ട് പൈപ്പ് തുറന്നു കൊടുത്തുകൊണ്ട് പറഞ്ഞു.

“കൈ കഴുക് സാറെ… കൈയ്യിലുമുഴുവൻ എച്ചിലാണല്ലോ…” പെട്ടെന്ന് നന്ദൻമാഷ് എന്തോ ഓർത്തെന്നപോലെ കൈകഴുകി. ശാന്തി ടൗവ്വലെടുത്ത് കൊടുത്തപ്പോൾ അദ്ദേഹം കൈ തുടച്ചുവെങ്കിലും സ്വന്തം മുറിയിലേക്കു പോകാനറിയാതെ അവിടെ പരുങ്ങി നിന്നു. അപ്പോൾ ചിന്നു മോൾ ഓടി വന്നു നന്ദൻമാഷിന്‍റെ കൈപിടിച്ചു. ഡാൻസ് ചെയ്യാനായി അവൾ കാലിൽ അണിഞ്ഞിരുന്ന ചിലങ്ക വല്ലാതെ കിലുങ്ങി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു, “അപ്പൂപ്പനെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്. ഞാൻ ഇന്നു സ്ക്കൂളിൽ പഠിച്ച ഡാൻസ് അപ്പൂപ്പനു കാണണോ? വാ നമുക്ക് മുൻവശത്തെ മുറിയിൽ പോയിരിക്കാം.” എന്നാൽ നന്ദൻമാഷ് അവൾ പറയുന്നതു കേട്ടിട്ടും അനങ്ങാതെ നിന്നതേയുള്ളു.

അവൾ നന്ദൻമാഷിന്‍റെ അനക്കമറ്റ നില്പ് കണ്ട് അദ്ദേഹത്തെ കൈപിടിച്ചു മുന്നോട്ടു നടത്തി. പൂമുഖത്തെത്തിയപ്പോൾ അദ്ദേഹത്തെ അവിടെക്കിടന്ന സെറ്റിയിൽ പിടിച്ചിരുത്തി. എന്നിട്ടവൾ ഡാൻസ് ചെയ്യാൻ തുടങ്ങി.

“ഗോകുലപാലകനേ കണ്ണാ… ഗോപാല പാലകനേ… ഗുരുവായൂരമ്പല ശ്രീലകം വാഴുന്ന ഗോപാല പാലകനേ…” അവൾ പിഞ്ചു കാലുകൾ കൊണ്ട് ചുവടുകൾ വച്ചു തുടങ്ങിയപ്പോൾ നന്ദൻമാഷ് അത് ആനന്ദത്തോടെ നോക്കിയിരുന്നു. അപ്പൂപ്പനോട് ചേർന്നു നിന്നിരുന്ന കിച്ചു മോൻ കുഞ്ഞിക്കൈകൾ കൊട്ടി ചേച്ചിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

അവൻ ഇടക്കിടക്ക് “ഹായ്” എന്നു പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴേക്കും പുറത്ത് ഒരു സ്ക്കൂട്ടർവന്നു നില്ക്കുന്ന ശബ്ദം കേട്ടു. അതിൽ നിന്നും താര ഇറങ്ങി വന്നു. സിറ്റൗട്ടിലേക്ക് കയറിയ അവൾ താനണിഞ്ഞിരുന്ന മഴക്കോട്ട് ഊരി കൈയ്യിൽപ്പിടിച്ചു. അതിൽ നിന്ന് ഇറ്റിറ്റ് വെള്ളം വീണു കൊണ്ടിരുന്നതിനാൽ അവൾ അത് അരമതിലിന്‍റെ ഭിത്തിയിൽ വച്ചു. എന്നിട്ട് അകത്തേക്ക് കയറി വന്നു.

അവൾ നോക്കുമ്പോൾ നന്ദൻമാഷിന്‍റെ മടിയിൽ കിച്ചുമോൻ ഇരിക്കുന്നതും ചിന്നു മോൾ ഡാൻസ് ചെയ്യുന്നതും കണ്ടു. നന്ദൻമാഷിന്‍റെ രാവിലത്തെ കാര്യങ്ങൾ ഓർത്തപ്പോൾ അവൾക്കെന്തു കൊണ്ടോ വല്ലാത്ത കലിയാണ് വന്നത്. അവൾ ചിന്നുവിനെ ശാസിച്ചു കൊണ്ടു ചോദിച്ചു

“ചിന്നൂ, നീ ഇന്നു സ്ക്കൂളിൽ നിന്നുവന്നിട്ട് ഡാൻസും കൂത്തുമായി നടക്കുകയാണോ?. പരീക്ഷ അടുക്കാറായല്ലോ? നിനക്ക് പഠിക്കാനൊന്നുമില്ലേ?”

“പഠിക്കാൻ പോകുകാ അമ്മേ… അപ്പൂപ്പന് ഞാൻ ഇന്നു സ്ക്കൂളിൽ പഠിച്ച ഡാൻസ് കാണിച്ചുകൊടുക്കുകയായിരുന്നു.”

“ശരി… ശരി… ഇനി എല്ലാം മതിയാക്കി പോയിരുന്നു പഠിക്കാൻ നോക്ക്.” അതു കേട്ട്ചിന്നു മോൾ പേടിച്ച് പഠിക്കാനായി അകത്തേക്കോടി. താരയുടെ ദേഷ്യവും ഭാവവും കണ്ട് നന്ദൻമാഷ് അമ്പരപ്പോടെ നോക്കി. അതു കണ്ടപ്പോൾ താരയുടെ കലി കൂടി വന്നു.

“നോക്കുന്നതു കണ്ടില്ലെ? മനുഷ്യനെ മിനക്കെടുത്താനായിട്ട് ഇറങ്ങിപ്പോക്കും, പിന്നെ തട്ടും മുട്ടും ബഹളവും. അയൽപക്കത്തൊക്കെ മനുഷ്യരുള്ളതാ എല്ലാവരും എന്തു വിചാരിക്കുമോ ആവോ?” താരയുടെ വാക്കുകളുടെ അർത്ഥം മനസ്സിലാകാതെ നന്ദൻമാഷ് മിഴിച്ചുനോക്കി ഇരുന്നു. അദ്ദേഹം രാവിലെ നടന്ന കാര്യങ്ങൾ എല്ലാം അപ്പോഴേക്കും മറന്നു പോയിരുന്നു.

താരയാകട്ടെ ചവിട്ടിക്കുതിച്ച് അകത്തേക്ക് പോയി. അവൾ അകത്തു ചെന്ന് ശാന്തിയോട് ദേഷ്യഭാവത്തിൽ “നീയെന്തിന്നാ ഇന്ന് എന്നെ ഫോണിൽ വിളിച്ച് അച്ഛന്‍റെ കാര്യമൊക്കെ പറഞ്ഞത്? അച്ഛന്‍റെ കാര്യങ്ങൾ വല്ലതും പറയണമെങ്കിൽ നിനക്ക് സുമേഷേട്ടനെ വിളിച്ചാൽ പോരായിരുന്നോ? അങ്ങേർക്കാണെങ്കിൽ ബാങ്കിൽ മാനേജരായതു കൊണ്ട് പ്രത്യേകം കാബിനുണ്ട്. എനിക്കാണെങ്കിൽ അതൊന്നുമില്ല. ഫോണിലൂടെ എന്തെങ്കിലും മറുപടി പറയുമ്പോൾ അത് കേൾക്കാൻ കുറെപ്പേർ കാതും കൂർപ്പിച്ചിരിക്കും. എന്നിട്ട് വല്ലതുമൊക്കെ പറഞ്ഞു പരത്തും. മാത്രമല്ല ഓഫീസ് സമയത്ത് ഫോൺ ഉപയോഗിച്ചെന്ന് പറഞ്ഞ് സെക്ഷൻ ഓഫീസർക്ക് കംപ്ലെയിന്‍റും കൊടുക്കും.”

“എനിക്കിതൊന്നും അറിയാമ്മേലായിരുന്നു ചേച്ചീ… ഇനി മേലാൽ ഞാൻ ചേച്ചിയെ വിളിക്കാതെ സാറിനോട് എല്ലാം പറഞ്ഞോളാം.”

“ങ… അതുമതി അങ്ങേർക്കാവുമ്പോ പെട്ടെന്ന് ഓടിയെത്താനും പറ്റും. എനിക്ക് അതും പറ്റില്ല, ഇടയ്ക്കെങ്ങാനും ഇറങ്ങിപ്പോയാൽ പിന്നെ അതുമതി കംപ്ലെയിന്‍റ് പോകാനും ജോലി പോകാനും പുതിയ ഓഫീസർ വന്നതിൽപ്പിന്നെ കാര്യങ്ങളെല്ലാം വളരെ സ്ട്രിക്ടാണ്. എന്‍റീശ്വരാ… ഇനി ഈ കിഴവൻ കാരണം എന്തെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരുമോ ആവോ?” അങ്ങനെ തലയിൽ കൈ വച്ച് അവൾ തന്‍റെ കിടപ്പുമുറിയിലേക്കു നടന്നു. ഇടയ്ക്കുവച്ച് തിരിഞ്ഞു നിന്ന് ശാന്തിയോടായിപ്പറഞ്ഞു.

“ങാ… നീ എനിക്ക് ചായയും പലഹാരവും എടുത്തുവക്ക്. ഡ്രസ്സ് മാറിയിട്ട് ഞാനിതാ വന്നു കഴിഞ്ഞു.” പെട്ടെന്ന് എന്തോ പൊട്ടിത്തകരുന്ന ശബ്ദം കേട്ട് നന്ദൻമാഷ് വല്ലാതെ പേടിച്ചു വിറച്ചു. അദ്ദേഹം ഭയത്തോടെ മുറിയുടെ മൂലയിൽ പതുങ്ങി.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 9

“സൗദാമിനി… സൗദാമിനി നീ വാതിൽ തുറക്ക്… എന്നിട്ട് വേഗം വാ നമുക്ക് ഒന്നിച്ചിരുന്ന് കാപ്പി കുടിക്കാം” എന്നെല്ലാം വിളിച്ചു പറയാൻ തുടങ്ങി.

ഇതെല്ലാം ശാന്തി ഒട്ടൊരു അത്ഭുതത്തോടെ നോക്കി നിന്നു. ഈ മനുഷ്യന് ഭ്രാന്തു തന്നെ എന്ന് അവൾ തീർച്ചയാക്കി. ഭയം തോന്നിയ അവൾ തനിക്കു സ്വന്തമായി ഉണ്ടായിരുന്ന മൊബൈലെടുത്ത് ഏജീസ് ഓഫീസിൽ ക്ലാർക്കായി ജോലി ചെയ്യുന്ന താരയെ വിളിച്ചു. എന്നിട്ട് നന്ദൻ മാഷിന്‍റെ അസ്വാഭാവിക രീതികളെപ്പറ്റി പറഞ്ഞു. താര അല്പനേരം ആശയക്കുഴപ്പത്തിലായതു പോലെ ഇരുന്നു

എന്നിട്ടു പറഞ്ഞു, “സാരമില്ല… നീ പേടിക്കേണ്ട. കൂടുതൽ ബഹളമുണ്ടാക്കുകയാണെങ്കിൽ നീ സുമേഷിനെ വിളിച്ചു പറ അല്ലെങ്കിൽ ഞാൻ വരാൻ നോക്കാം. ഇപ്പോൾ നീ ഫോൺ ഓഫ് ചെയ്ത് വച്ച് അങ്ങേര് എന്തു ചെയ്യുകാന്ന് നോക്ക്. ഒച്ചേം ബഹളോം കൂടുകയാണെങ്കിൽ മാത്രം എന്നെ വിളിക്ക്…”

“ശരി ചേച്ചീ… പേടിച്ചിട്ട് എന്‍റെ കൈയ്യും കാലം കിടന്ന് വിറക്കുകാ.”

“കിച്ചു മോൻ ഉറങ്ങുകയാണെങ്കിൽ അവൻ ഉണർന്ന് പേടിച്ചു കരയാൻ തുടങ്ങും. നീ അതിനു മുമ്പ് അവന്‍റെ അടുത്ത് ചെന്നിരുന്ന് അവനെ തട്ടി ഉറക്കാൻ നോക്ക്…”

“ശരി ചേച്ചി.” എന്നു പറഞ്ഞ് ശാന്തി അവൻ കിടന്നുറങ്ങുന്ന മുറിയിലേക്ക് തിരിയാൻ തുടങ്ങുന്നതിന് മുമ്പു തന്നെ കിച്ചുമോൻ ഉണർന്ന് കരയാൻ തുടങ്ങി.

അവൻ നന്ദൻ മാഷിന്‍റെ വാതിലിലെ തട്ടലും മുട്ടലും കേട്ട് വല്ലാതെ പേടിച്ചിട്ടുണ്ടായിരുന്നു. ഉറക്കെ കരയാൻ തുടങ്ങിയ കിച്ചുമോനെ അവൾ സാന്ത്വനിപ്പിക്കുന്നതു പോലെ തുടയിൽ തട്ടിക്കൊടുത്തു. അവൻ വീണ്ടും ഉറങ്ങിയപ്പോൾ അവൾ വാതിൽ ചാരി പുറത്തിറങ്ങി. ഈ സമയത്ത് നന്ദൻ മാഷ് തന്‍റെ ബെഡ്റൂമിലെ ബാത്റൂമിന്‍റെ വാതിലിൽ തട്ടി ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.

“സൗദാമിനി… വാതിൽ തുറക്ക്… നീ അവിടെ എന്തു ചെയ്യുകയാ… എന്താ നീ. ഒന്നും മിണ്ടാത്തത്… നിനക്ക് എന്തെങ്കിലും ഒന്നു പറഞ്ഞു കൂടെ?” എന്നൊക്കെ ഉച്ചത്തിൽ വിലപിച്ചു കൊണ്ടിരുന്നു.

ശാന്തി എന്തു വേണമെന്നറിയാതെ നിശ്ചേതനയായി നിന്നു. അല്പം കഴിഞ്ഞ് സുമേഷിന്‍റെ കാർ മുറ്റത്തു വന്നു നില്ക്കുന്ന ശബ്ദം അവൾ കേട്ടു. ആശ്വാസപൂർവ്വം വാതിൽ തുറന്ന അവൾ സുമേഷിനോട് നടന്ന കാര്യങ്ങൾ പറഞ്ഞു.

“എത്ര നേരമായെന്നോ സാറെ, അങ്ങേര് സൗദാമിനി, സൗദാമിനി എന്ന് വിളിച്ചു കൂവിക്കൊണ്ട് വാതിലിലിടിക്കുന്നു. കിച്ചുമോനാണെങ്കി ഈ ശബ്ദം കേട്ട് ഉണർന്ന് കരയാൻ തുടങ്ങി. ഞാൻ ഇപ്പോൾ തുടയിൽ തട്ടി ഉറക്കിയതേ ഉള്ളൂ.”

“ശരി… ശരി… നീ അപ്പുറത്തേക്ക് പൊയ്ക്കോ. കിച്ചു മോൻ ഉണരും മുമ്പ് എന്തെങ്കിലും പണി ഉണ്ടെങ്കിൽ തീർക്ക് ഞാൻ അച്ഛനെ സമാധാനിപ്പിച്ചോളാം.” അങ്ങനെ പറഞ്ഞ് സുമേഷ് അച്ഛന്‍റെ കിടപ്പുമുറിയിലേക്ക് ചെന്നു. അവിടെ ബാത്റൂമിന്‍റെ വാതിലിൽ തട്ടി ബഹളമുണ്ടാക്കിക്കൊണ്ടു നിന്ന നന്ദൻമാഷിനെക്കണ്ടു സുമേഷ് ദേഷ്യത്തോടെ ചോദിച്ചു, “എന്താ അച്ഛാ ഇക്കാണിക്കുന്നത് അമ്മ ബാത്റൂമിലാണെന്ന് അച്ഛനോട് ആരാ പറഞ്ഞെ?”

മകന്‍റെ ദേഷ്യഭാവം കണ്ട് നന്ദൻ മാഷ് പകച്ചു നോക്കി നിന്നു. എന്നിട്ട് വിക്കി വിക്കി പറഞ്ഞു. “അവള് ബാത്റൂമിലുണ്ടെന്ന് ആരോ എന്നോടു പറഞ്ഞു. ആരാ പറഞ്ഞതെന്ന് ഇപ്പോൾ ഓർക്കുന്നില്ല…”

“അഥവാ അമ്മ ബാത്റൂമിലുണ്ടെങ്കിൽ അച്ഛൻ ഇങ്ങനെയാണോ പെരുമാറേണ്ടത്. അമ്മ ഇറങ്ങി വരുന്നതു വരെ കാത്തിരിക്കാതെ കെട ന്ന്ബഹളം വക്കുകയാണോ വേണ്ടത്.”

സുമേഷിന് ദേഷ്യം വർദ്ധിച്ചു കൊണ്ടിരുന്നു. അയാൾ ബാത്റൂമിന്‍റെ അടുത്തു നിന്ന് നന്ദൻമാഷിനെ ബലമായി പിടിച്ചു മാറ്റി. എന്നിട്ടു പറഞ്ഞു, “അല്ലെങ്കിലും അമ്മ ബാത്റൂമിലൊന്നുമില്ല. സുരേഷേട്ടൻ അമ്പലത്തിൽ നിന്നും മടങ്ങി വരുന്ന വഴി അമ്മയെ കൂട്ടിക്കൊണ്ടു പോയി.”

“ങേ… സുരേഷോ… അതെപ്പോ… എന്നിട്ട് അവൾ വീണ്ടും അവന്‍റെ കൂടെപ്പോയോ?” നന്ദൻ മാഷിന് ആ അറിവ് ഒരു ഷോക്കായിരുന്നു. അയാൾ പൊട്ടിപ്പൊട്ടി കരയാൻ തുടങ്ങി.

നന്ദൻമാഷിന്‍റെ കരച്ചിൽ നിർത്തേണ്ടത് എങ്ങിനെയെന്നറിയാതെ സുമേഷ് വിഷമിച്ചു. അയാൾ ദേഷ്യത്തോടെ അലറിക്കൊണ്ട് ചോദിച്ചു, “അച്ഛനൊന്ന് നിർത്തുന്നുണ്ടോ ഈ അഭ്യാസം. എനിക്കാണെങ്കി ബാങ്കില് നൂറുകൂട്ടം കാര്യങ്ങളാ… താരവിളിച്ചു പറഞ്ഞതു കാരണം. ബാങ്കിപ്പോകാതെ മടങ്ങിവന്നതാ ഞാൻ… ഹെഡ്ഓഫീസീന്നു വിളി വന്നാ ഓരോ കാര്യങ്ങൾക്ക് മാനേജരായ ഞാനാ മറുപടി പറയേണ്ടത്.”

സുമേഷിന്‍റെ അനിയന്ത്രിതമായ ദേഷ്യം കണ്ട് നന്ദൻമാഷ് പെട്ടെന്നു നിശ്ശബ്ദനായി. അതു കണ്ട് സുമേഷ് പറഞ്ഞു, “എനിക്കിപ്പോ തോന്നുന്നത് അച്ഛനെല്ലാം അഭിനയമാണെന്നാ… അമ്മയേയും അമ്മയെപ്പറ്റിയുള്ള കാര്യങ്ങളും എല്ലാം അച്ഛനോർമ്മയുണ്ട്… പക്ഷെ ഈ വീടും ഇവിടെ ഇപ്പോൾ നടക്കുന്ന കാര്യങ്ങളും ഒന്നും ഓർമ്മയില്ല. ഇക്കണക്കിന് കുറെക്കഴിയുമ്പോൾ അച്ഛൻ എന്നെയും മറന്നു പോകുമല്ലോ. ങാ… അതു പോട്ടെ രാവിലെ കാപ്പി കുടിക്കാൻ വിളിച്ചപ്പഴാ അച്ഛനീ കോലാഹലമൊക്കെ ഉണ്ടാക്കിയതെന്ന് ശാന്തി പറഞ്ഞല്ലോ… അച്ഛൻ എഴുന്നേറ്റു വന്ന് വല്ലതും കഴിക്കുന്നുണ്ടോ എന്നിട്ടു വേണം എനിക്ക് മടങ്ങിപ്പോകാൻ… വാ… വന്നേ…”

സുമേഷ് നന്ദൻമാഷിനെ ബലമായി പിടിച്ചു വലിച്ച് ഊണുമേശയ്ക്കടുത്തുള്ള കസേരയിലിരുത്തി. എന്നിട്ട് പ്ലേറ്റിലെ ഇഡ്ഡലി എടുത്ത് കഴിക്കാൻ ആവശ്യപ്പെട്ടു.

നന്ദൻമാഷ് യാന്ത്രികമായി ഇഡ്ഡലി എടുത്തു കഴിക്കാൻ തുടങ്ങി. എന്നാൽ പെട്ടെന്നു തന്നെ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.

“സൗദാമിനി… എന്‍റെ സൗദാമിനി… അവൾ അടുത്തില്ലാതെ ഞാൻ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല…” അയാൾ വിങ്ങിപ്പൊട്ടി.

അതു കേട്ട് സുമേഷ് വർദ്ധിച്ച കോപത്തോടെ ചോദിച്ചു, “ആരു പറഞ്ഞു… അമ്മയില്ലാതെയാണല്ലോ അച്ഛൻ കഴിഞ്ഞ ഒരു കൊല്ലം മുഴുവൻ ഞങ്ങളുടെ കൂടെ കഴിഞ്ഞത്. അമ്മ അപ്പോഴെല്ലാം സുരേഷേട്ടന്‍റെ കൂടെയായിരുന്നു. പിന്നെന്തിനാണ് അമ്മ അടുത്തുണ്ടായിരുന്നു എന്ന് അച്ഛൻ പറയുന്നത്? ഇതെല്ലാം വെറും അഭിനയമല്ലെ അച്ഛാ? അച്ഛനിപ്പോ എന്‍റെ കൂടെ താമസിക്കാൻ ഇഷ്ടമില്ല. അതല്ലെ കാരണം?” സുമേഷിന്‍റെ വാക്കുകൾ നന്ദൻമാഷിനെ വല്ലാതെ അമ്പരപ്പിച്ചു.

സൗദാമിനി തന്‍റെ കൂടെ ഇല്ലായിരുന്നു എന്ന് ഇവനോട് ആരാ പറഞ്ഞത്? അവൾ എപ്പോഴും എന്‍റെ കൂടെത്തന്നെ ഉണ്ടായിരുന്നല്ലോ… പിന്നെ ഇടയ്ക്കെല്ലാം അവൾ അപ്രത്യക്ഷയാകാറുണ്ടെന്നത് ശരി. അത് സുരേഷ് അവളെ കൂട്ടിപ്പോകുമ്പോഴാണ്. എങ്കിലും താൻ കാണണമെന്ന് അതിയായി ആഗ്രഹിക്കുമ്പോഴെല്ലാം അവൾ തന്‍റെ അടുത്ത് ഓടി വരാറുണ്ടല്ലോ.

നന്ദൻമാഷ് അവിശ്വസനീയതയോടെ മകന്‍റെ വാക്കുകൾ കേട്ടിരുന്നു. അച്ഛൻ ആഹാരം കഴിക്കാതെ തന്‍റെ മുഖത്തു തന്നെ കണ്ണുനട്ടിരിക്കുന്നതു കണ്ട് സുമേഷ് പറഞ്ഞു, “ഹും… കണ്ടില്ലെ ഒന്നും കഴിക്കാതെ ഇരിക്കുന്നത്. മനുഷ്യന്‍റെ സമയം മിനക്കെടുത്താൻ. ഇനി അച്ഛൻ വേണമെങ്കിൽ കഴിക്ക്… ഇല്ലെങ്കിൽ ഞാൻ പോണു. എനിക്ക് ബാങ്കിലെത്താൻ ഇപ്പോൾത്തന്നെ സമയം വൈകി.”

സുമേഷ് വല്ലാത്ത ഈർഷ്യയോടെ അങ്ങനെ പറഞ്ഞ് അടുക്കളഭാഗത്തേക്ക് നടന്നു ചെന്നു, വേലക്കാരിയെ ഉറക്കെ വിളിച്ചു “ശാന്തി… എടീ ശാന്തി…”

“എന്താ സാറെ… ഞാനിതാ വന്നു. കൈ ഒന്ന് കഴുകിക്കോട്ടെ. അപ്പിടി അഴുക്കാ.” അങ്ങനെ പറഞ്ഞ് അവൾ കൈകഴുകിത്തുടച്ച് സുമേഷിന്‍റെ അടുത്തേക്ക് ചെന്നു.

“നീ ആ ചായയും പലഹാരങളും എടുത്ത് അടച്ചു വെയ്ക്ക്… അച്ഛൻ ഒന്നും കഴിക്കുന്നില്ല. എന്നിട്ട് അപ്പുറത്തേക്ക് വന്ന് വാതിലടക്ക്. ഞാൻ തിരികെപ്പോവുകയാ…”

“അതിന്… സാറെ… ആ സാറ് ഇനിയും ബഹളമുണ്ടാക്കിയാ ഞാൻ എന്തോ ചെയ്യും?”

“അങ്ങനൊന്നും ഉണ്ടാവുകയില്ല. ഞാൻ അച്ഛനെ അച്ഛന്‍റെ കിടപ്പു മുറിക്കകത്ത് അടച്ചിടാൻ പോവുകയാണ്. നീ ഉച്ചക്ക് ഊണു കാലാകുമ്പോൾ മുറിക്കകത്ത് കൊണ്ടു കൊടുത്താൽ മതി.”

“ശരി സാറെ… അതാ നല്ലത്… അല്ലെങ്കി ഇനീം സൗദാമിനി എന്നു പറഞ്ഞ് ബഹളമുണ്ടാക്കിയാ ഞാൻ വിഷമിച്ചു പോകും. മാത്രമല്ല കിച്ചുമോനും പേടിച്ചു പോകും.”

“ശരിയാ… പക്ഷെ വൈകുന്നേരം ചിന്നു മോളു വരുമ്പോ നീ വാതിലു തുറന്നു കൊടുത്തോ അവളെ അച്ഛനു വലിയ ഇഷ്ടമാ. അപ്പോൾ ബഹളമൊന്നും ഉണ്ടാക്കുകയില്ല.”

“ശരി സാറെ. സാറിപ്പോ പൂട്ടിയിട്ടിട്ടു പൊയ്ക്കോ ബാക്കി കാര്യങ്ങളു ഞാൻ നോക്കിക്കോളാം.”

സുമേഷ് മടങ്ങിവരുമ്പോൾ നിശ്ചലനായി എങ്ങോ നോക്കിയിരിക്കുന്ന നന്ദൻമാഷിനെ ആണ് കണ്ടത്. സുമേഷ് അച്ഛന്‍റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. “അച്ഛൻ വരണം. നമുക്ക് അച്ഛന്‍റെ മുറിയിൽപ്പോയി അല്പനേരം കിടക്കാം.”

നന്ദൻമാഷ് അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ മകന്‍റെ കൂടെ നടന്നു. സുമേഷാകട്ടെ അദ്ദേഹത്തെ കട്ടിലിൽ കൊണ്ടുപോയിരുത്തിയിട്ട് പറഞ്ഞു, “ഞങ്ങൾ വൈകുന്നേരം വരുന്നതു വരെ അച്ഛൻ മിണ്ടാതെ ഇവിടെ കിടന്നോണം. ഇനിം ബഹളമുണ്ടാക്കിയാ ഞാൻ പുറത്തേക്ക് ഇറക്കിവിടും.”

മകന്‍റെ വാക്കുകൾ നന്ദൻ മാഷിനെ വല്ലാതെ വേദനിപ്പിച്ചു. ഒന്നും മിണ്ടാതെ അയാൾ കട്ടിലിൽ കിടന്നു. ആകണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. തനിക്കെന്തോ സംഭവിക്കുന്നുണ്ടെന്നു മാത്രം നന്ദൻ മാഷിനു മനസ്സിലായി. അതു വരെയില്ലാത്ത എന്തോ ചില മാറ്റങ്ങൾ. പക്ഷെ അതെന്താണെന്ന് നന്ദൻ മാഷിന് മനസ്സിലായില്ല

സുമേഷാകട്ടെ അച്ഛന്‍റെ മുറിയിൽ നിന്നിറങ്ങി വാതിൽ പൂട്ടി പുറത്തേക്കിറങ്ങി. അല്പം കഴിഞ്ഞ് മുറ്റത്തുകിടന്ന കാറിൽ കയറി അയാൾ ഓടിച്ചു പോയി.

ഓഫീസിൽ ലഞ്ച് ബ്രേക്കായിരുന്നു. താര, സുഹൃത്ത് ആരതിയോടൊന്നിച്ച് ഊണു കഴിക്കാൻ കാന്‍റീനിലെത്തി. കൗണ്ടറിൽ ചെന്ന് രണ്ട് വെജിറ്റേറിയൻ ഊണിന് ഓർഡർ കൊടുത്തശേഷം അവർ ഒഴിഞ്ഞു കിടന്ന ടേബിളിലിരുന്നു. അവിടെ അപ്പോൾ ഏതാനും പേർ വേറെയും ഊണു കഴിക്കുന്നുണ്ടായിരുന്നു. സൂപ്രണ്ട് ജോൺസൺ താരയെക്കണ്ടയുടനെ പുഞ്ചിരിയോടെ ചോദിച്ചു, “ഓ… ഇന്നും താരമാഡം ലഞ്ച് കൊണ്ടുവന്നിട്ടില്ലെന്നു തോന്നുന്നു.”

“ഒന്നും പറയണ്ട ജോൺസണെ, എങ്ങനെ കൊണ്ടുവരാനാ. വീട്ടിൽ ഇന്ന് നേരം വെളുത്തപ്പോൾ മുതൽ ആകെ കോലാഹലമായിരുന്നില്ലെ?”

“കോലാഹലമോ, എന്തു പറ്റി? സുമേഷ് സർ വഴക്കടിച്ചോ?”

“ഏയ്, അങ്ങേര്‌ വഴക്കടിച്ചൊന്നുമില്ല. പക്ഷെ ഇന്നൊരു സംഭവമുണ്ടായി. നേരം വെളുത്തപ്പോ പുള്ളീടെ അച്ഛനെ കാണാനില്ല.”

“ആരാ… ആ വാദ്ധ്യാരേയോ? എന്നിട്ട്?”

“ഒന്നും പറയണ്ട. ഞങ്ങള് വീടു മുഴുവൻ തിരഞ്ഞു. എങ്ങും കാണാനില്ല. സുമേഷേട്ടന് ആകെ വട്ടു പിടിക്കുമെന്ന അവസ്ഥയിലായി.”

“അങ്ങേര് ഇതിനു മുമ്പ് ഇങ്ങനെ ഇറങ്ങിപ്പോയിട്ടുണ്ടോ?” ആ ചോദ്യം സീനിയർ എക്കൗണ്ടന്‍റ് ശോശാമ്മയുടേതായിരുന്നു. അവർ ഊണു കഴിക്കുന്നതിനിടയിൽ തലയുയർത്തിയാണ് അതു ചോദിച്ചത്.

“ഏയ്… ഇതാദ്യമായിട്ടാ… അതല്ലേ ഞങ്ങളെല്ലാം ആകെ വിഷമിച്ചത്… എന്നിട്ട് പിന്നെ വീടിന്‍റെ മുക്കിലും മുലയിലും ഒക്കെതിരഞ്ഞ് നിരാശരായിരിക്കുമ്പോഴാണ് പാൽക്കാരൻ പയ്യന്‍റെ വരവ്. അവൻ വന്നയുടനെ രാവിലെ പാലും കൊണ്ട് വരുന്ന വഴി അങ്ങേരെ വഴിയിൽ വച്ചു കണ്ടുവെന്നും അങ്ങേര് ആവശ്യപ്പെട്ട പ്രകാരം വൃദ്ധമന്ദിരത്തിൽ കൊണ്ടുപോയാക്കിയെന്നും പറഞ്ഞു.”

ഠവൃദ്ധമന്ദിരത്തിലോ? അതെന്തിനാ നിങ്ങള് സംരക്ഷിച്ചോണ്ടിരിക്കുന്ന ഒരാളെ അവൻ വൃദ്ധമന്ദിരത്തിൽ കൊണ്ടാക്കുന്നത്.” ഗീതയെന്ന ക്ലാർക്ക് ആണ് അതു ചോദിച്ചത്.

ഠഅതൊരു കഥയാ. ഏതാനും വർഷം മുമ്പ് അങ്ങേരു ഭാര്യയും മക്കളോടുമൊത്ത് അവിടെ താമസിച്ചിരുന്നെന്ന്. ആ ഓർമ്മയിലാ അങ്ങേര് അങ്ങോട്ടു പുറപ്പെട്ടത്. അങ്ങേരുടെ ഭാര്യ അവിടെ കാത്തിരിക്കും എന്നു പറഞ്ഞോണ്ട്. ഏതായാലും അതു കേട്ടതോടെ ഞങ്ങളുടെ നല്ല ജീവൻ വീണു. പിന്നെ സുമേഷേട്ടൻ കാറിൽ പോയി അങ്ങേരേ കൂട്ടിക്കൊണ്ടുവന്നു.”

“കൊള്ളാമല്ലോ താരേ. നിങ്ങൾക്കു നല്ല സുഖമായി അല്ലേ? ഇത്തരത്തിലുള്ള ഒരാളെ വച്ചോണ്ട് നിങ്ങളെങ്ങനാ ജീവിക്കുന്നേ?” ശോശാമ്മ അമ്പരപ്പോടെ ചോദിച്ചു.

താരയുടെയും ആരതിയുടേയും മുന്നിൽ അപ്പോഴേക്കും കാന്‍റീൻ ജീവനക്കാരൻ ചോറും കറികളും നിരത്തിയിരുന്നു. ശോശാമ്മയുടെ ചോദ്യത്തിനുത്തരമായി താര ഒരുരുള ചോറ് കൈയ്യിലെടുത്തുകൊണ്ടു പറഞ്ഞു, “നല്ല സുഖമായി. ഇന്നു രാവിലെ വീട്ടിലെത്തിയശേഷം അങ്ങേര്, ഭാര്യ ബാത്റൂമിലിരിപ്പുണ്ടെന്നും പറഞ്ഞ് വലിയ ഒച്ചയും ബഹളവും ആയിരുന്നെന്ന് സർവന്‍റ് ശാന്തി ഫോണിൽ വിളിച്ചു എന്നോടു പറഞ്ഞു. അന്നേരം ബാങ്കിലേക്കു പോയ സുമേഷേട്ടനോട് ഞാനാണ് പറഞ്ഞത് ചെന്ന് കാര്യമെന്തെന്നറിയാൻ. സുമേഷേട്ടൻ തിരികെ ചെന്ന് അങ്ങേരെ സമാധാനിപ്പിച്ചു കിടപ്പുമുറിയിൽ കൊണ്ടിരുത്തി.” സുമേഷ് മുറി അടച്ചുപൂട്ടിയ കാര്യം മനപൂർവ്വം താര മറച്ചുവച്ചു.

“ഏതായാലും നിങ്ങൾ ഏതെങ്കിലും നല്ല ഒരു സൈക്ക്യാട്രിസ്റ്റിനെക്കൊണ്ട് അങ്ങേരേ ചികിത്സിപ്പിക്കാൻ നോക്ക്. അല്ലെങ്കിൽ നിങ്ങൾക്ക്‌ ജീവിക്കാനൊക്കുകയില്ല ജീവിതകാലം മുഴുവൻ അങ്ങേരെ ശുശ്രൂഷിച്ചോണ്ടിരിക്കേണ്ടി വരും.” ഗീത പറഞ്ഞു.

“ഉം. അതേ, ഇനി എന്തു വേണമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അങ്ങേർക്ക് ഒരു തരം മറവിരോഗമാണെന്നാ തോന്നുന്നേ. അതിന്‍റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി.” സ്ത്രീകൾ പലരുടേയും മുഖത്ത് അപ്പോൾ താരയോടുള്ള സഹതാപം നിറഞ്ഞു വന്നു. അപ്പോൾ ജോൺസൺ പറഞ്ഞു, “ഏതായാലും ഇത്തരം രോഗികൾ സമൂഹത്തിൽ ഇപ്പോൾ കൂടിവരുന്നുണ്ട്. ഏതു പ്രായത്തിലും ഇത്തരം രോഗങ്ങൾ പിടികൂടുമെന്നാണ് പറഞ്ഞുകേൾക്കുന്നത്. എന്നാൽ പ്രായമായവരിൽ പ്രത്യേകിച്ച് അറുപത്തഞ്ചുവയസ്സു കഴിഞ്ഞവരിൽ ഒരു നിശ്ചിത ശതമാനത്തിന് ഈ മാവിരോഗമുണ്ട്. ലൈഫ്സ്റ്റൈൽ രോഗങ്ങളും, തൈറോയിഡും, തലച്ചോറിന്‍റെ ക്ഷതവും, ട്യൂമറും മറ്റും ഇതിന് കാരണമാകുന്നുണ്ടത്രെ. നിങ്ങൾ എത്രയും വേഗം അങ്ങേരെ ഒരു നല്ല ഡോക്ടറെ കാണിച്ച് ചികിത്സിപ്പിക്കണം.”

“അതെ. നല്ല പണച്ചെലവുള്ള കാര്യമാണ്. എന്നാലും ചികിത്സിക്കണം.” അങ്ങനെ പറഞ്ഞ് താര ഊണു കഴിക്കാൻ തുടങ്ങി. ഊണുകഴിക്കുന്നതിനിടയിൽ ഇക്കാരണം പറഞ്ഞ് അച്ഛന്‍റെ പേരിലുള്ള അക്കൗണ്ടൊക്കെ സുമേഷേട്ടന്‍റെ പേരിലാക്കണമെന്ന് ആലോചിക്കുകയായിരുന്നു അവൾ. അതിന് സുരേഷിന്‍റേയും കൂടി സമ്മതം വാങ്ങണം. അച്ഛനെ സംരക്ഷിക്കുന്നത് തങ്ങളായതുകൊണ്ട് സുരേഷേട്ടൻ സമ്മതിക്കാതിരിക്കുകയില്ല. എന്ന് ചിന്തിച്ചു കൊണ്ട് അവൾ കൈകഴുകനായി വാഷ്റൂമിലേക്കു നടന്നു.

തന്‍റെ കിടപ്പുമുറിയിലെ കിടക്കയിൽ ഏറെ നേരം നന്ദൻമാഷ് കണ്ണടച്ചു കിടന്നു. അപ്പോൾ ബാല്യത്തിലെ ചില ഓർമ്മകൾ അയാൾക്ക് കൂട്ടിനെത്തി… അമ്മ ഭവാനി, അമ്മയുടെ കൈപിടിച്ച് അമ്പലത്തിൽപ്പോയിരുന്നത് കുളിർമ്മയുള്ള ഒരു ഓർമ്മയായി. പാടവരമ്പിലൂടെ അമ്പലത്തിലേക്ക് നടക്കുമ്പോൾ അമ്മ ഓർമ്മിപ്പിച്ചിരുന്നു.

“എടാ നന്ദാ സൂക്ഷിച്ച് നടക്കണം. വരമ്പില് വഴുക്കലുണ്ടാകും.” അമ്മയുടെ വാക്കുകൾ അനുസരിക്കാതെ പാടവരമ്പത്തു കൂടി ഓടി തോട്ടിൽ വീണത് ഓർമ്മ വന്നു.

പിന്നെ ബാല്യത്തിലെ കൂട്ടുകാരോടൊപ്പം മാഞ്ചോട്ടിൽ മാങ്ങ പെറുക്കി കളിച്ചിരുന്നത്. ഒരിക്കൽ മാഞ്ചോട്ടിൽ നിന്ന് ഏന്തി വലിഞ്ഞ് കണ്ണിമാങ്ങ പറിക്കുന്നതിനിടയിൽ കൂട്ടുകാരെറിഞ്ഞ ഒരു കല്ലു വന്നുകൊണ്ട് തലപൊട്ടിയത്. തന്‍റെ തലയിൽ നിന്ന് ചോര ഒഴുകുന്നതു കണ്ട അമ്മ അപ്പോൾ തന്നെ തന്നെയുമെടുത്ത് ഹോസ്പിറ്റലിലേക്ക് ഓടിയത്, എല്ലാമെല്ലാം ഏതോ മയക്കത്തിലെന്നപോലെ നന്ദൻമാഷിന്‍റെ മനസ്സിലേക്ക് കടന്നു വന്നു. പിന്നെ അമ്പലത്തിലെ പ്രസാദം നെറ്റിയിൽ തൊടുവിച്ച് അമ്മ പ്രാർത്ഥിക്കാറുള്ളത് ഓർത്തു

“എന്‍റെ ദേവി… എന്‍റെ കുഞ്ഞിനെ ആപത്തൊന്നും വരുത്താതെ കാത്തു കൊള്ളണേ… എനിക്കിവൻ മാത്രയേയുള്ളു…” ഇടറുന്ന ആ സ്വരത്തിനോടൊപ്പം കുളിർമ്മയുള്ള ആ കൈത്തലങ്ങൾ തന്‍റെ നെറ്റിത്തടത്തിൽ ചന്ദന സ്പർശമായി അലിഞ്ഞുചേർന്നിരുന്നത്. അമ്മയുടെ മടിയിൽ തലവച്ചു കിടക്കുമ്പോൾ തന്‍റെ മുടിച്ചുരുളുകളിൽ തലോടുന്ന ആ കൈകൾ ഒരു സാന്ത്വനമെന്നതുപോലെ ഹൃദയഭിത്തികളെ തഴുകിയുറക്കുന്നതും അയാൾ അറിഞ്ഞു. ആ കിടപ്പിൽ നന്ദൻമാഷ് സുഖസുഷുപ്തിയിലാണ്ടുപോയി.

ഉച്ചയ്ക്ക് ശാന്തി കിടപ്പുമുറിയുടെ വാതിൽ തുറന്ന് കാസ്സറോളിൽ ചോറും കറികളുമായി വന്നതും, വാതിൽ അടച്ചുപൂട്ടി വീണ്ടും പോയതുമൊന്നും അയാൾ അറിഞ്ഞില്ല.

വൈകുന്നേരം ചിന്നു മോൾ വന്ന് വാതിലിൽ തട്ടി ബഹമുണ്ടാക്കിയപ്പോഴാണ് നന്ദൻമാഷ് കണ്ണുതുറന്നത്.

“അപ്പൂപ്പനെ പൂട്ടിയിട്ടിരിക്കുന്നതെന്തിനാ… വാതിൽ തുറക്ക്…” അവൾ ഉറക്കെ ബഹളം കൂട്ടി. ശബ്ദം കേട്ട് നന്ദൻമാഷ് സുഖസുഷുപ്തിയിൽ നിന്നും ഉണർന്ന് ചുറ്റും നോക്കി. അപ്പോഴാണ് അദ്ദേഹം അറിഞ്ഞത് താൻ ഇതുവരെ തന്‍റെ മുറിയിൽ പൂട്ടിയിടപ്പെട്ടിരിക്കുകയായിരുന്നു എന്ന്. അദ്ദേഹം എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും ശരീരത്തിന് നല്ല ക്ഷീണം തോന്നി വീണ്ടും കിടന്നു. രാവിലെ ഒന്നും കഴിക്കാതിരുന്നതും അദ്ദേഹത്തിന്‍റെ ക്ഷീണത്തിന് കാരണമായിരുന്നു. അപ്പോൾ ചിന്നു എന്നു വിളിക്കുന്ന നന്ദനമോൾ ശാന്തിയെക്കൊണ്ട് വാതിൽ തുറപ്പിച്ച് അകത്തേക്കു കടന്നു വന്നു. അവൾ സഹതാപത്തോടെ അപ്പൂപ്പനെ അല്പനേരം നോക്കിനിന്നു. അതു കണ്ട് നന്ദൻമാഷ് അവളെ നോക്കി പുഞ്ചിരിയോടെ വിളിച്ചു.

“അപ്പൂപ്പന്‍റെ ചിന്നു മോൾ ഇങ്ങടുത്തുവാ. അപ്പൂപ്പന് എഴുന്നേൽക്കാൻ പറ്റുന്നില്ല.നല്ല ക്ഷീണം തോന്നുന്നു.”

ആ സുന്ദരമായ പിഞ്ചു മുഖത്ത് അപ്പോൾ സന്തോഷം കളിയാടി. രണ്ടാം ക്ലാസ്സിലെ ആയിട്ടുള്ളുവെങ്കിലും നല്ല ബുദ്ധിയുള്ള കുട്ടിയായിരുന്നു നന്ദന. അവൾ അപ്പൂപ്പന്‍റെ അടുത്തേക്കു ചെന്നു. ആ മുഖത്തേക്ക് നോക്കി പുഞ്ചിയോടെ ചോദിച്ചു, “അപ്പൂപ്പാ… അപ്പൂപ്പനെ എന്തിനാ പൂട്ടിയിട്ടത്. ആരാ ഇതു ചെയ്തത്?”

“അറിയില്ല മോളെ. അപ്പൂപ്പന് ഒന്നും ഓർക്കാൻ കഴിയുന്നില്ല.”

“അപ്പൂപ്പൻ ബഹളം വച്ചപ്പോ അച്ഛനാ പൂട്ടിയിട്ടതെന്ന് ശാന്തിച്ചേച്ചി പറഞ്ഞല്ലോ. ശരിയാണോ അപ്പൂപ്പാ…”

അതു കേട്ട് നന്ദൻമാഷ് ഒന്നു ഞെട്ടിയെങ്കിലും ഒന്നും മിണ്ടാതെ ഇരുന്നു. ഇപോൾ അപൂർവ്വമായി മാത്രമാണ് നന്ദൻമാഷ് അപ്പപ്പോഴത്തേ കാര്യങ്ങൾ ഓർക്കുന്നത്… അന്ന് രാവിലെ താനുണ്ടാക്കിയ ബഹളമെല്ലാം അദ്ദേഹം മറന്നു കഴിഞ്ഞിരുന്നു. പെട്ടെന്ന് നന്ദനമോളുടെ കണ്ണുകൾ അവിടെ അടച്ചു വച്ചിരുന്ന കാസറോളിൽ ചെന്നു പതിഞ്ഞു. അവൾ തുറന്നു നോക്കിയപ്പോൾ അതിൽ ചോറും കറികളും കണ്ടു.

“ഇതിനകത്ത് ചോറും കറികളുമാണല്ലോ. അപ്പൂപ്പൻ ഇതുവരെ ഊണു കഴിച്ചില്ലേ?” നന്ദന ചോദിച്ചു

നന്ദൻമാഷ് ഒന്നും മിണ്ടാതെ കിടന്നു. അപ്പോൾ അദ്ദേഹം അത് ഓർക്കുന്നുണ്ടായിരുന്നില്ല. പക്ഷെ “ഊണുകഴിച്ചല്ലോ മോളെ” എന്നു നന്ദൻമാഷ് പറഞ്ഞു.

“അയ്യോ ഈ അപ്പൂപ്പന് ഒന്നും ഓർമ്മയില്ല. ഇതു നോക്കിയേ, അപ്പുപ്പന്‍റെ ചോറും കറികളുമാ ഈ ഇരിക്കുന്നെ.”

പെട്ടെന്ന് നന്ദൻമാഷ് അതു കണ്ടു. അദ്ദേഹം ഒരു വിഷാദച്ചിരിയോടെ പറഞ്ഞു, “ശരിയാ… ഞാനത് മറന്നു പോയി ചിന്നുമോളെ. കഴിച്ചു എന്നാ വിചാരിച്ചത്.” എന്നു പറഞ്ഞ് നന്ദൻമാഷ് കിടക്കയിൽ നിന്നും വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതു കണ്ട് നന്ദന പറഞ്ഞു.

“കണ്ടോ… അപ്പൂപ്പൻ ഒന്നും കഴിക്കാതിരുന്നിട്ടാ ഇത്ര ക്ഷീണം. അപ്പൂപ്പനെ ഞാനിപ്പം പിടിച്ച് എഴുന്നേൽപ്പിക്കാം.”

എന്നു പറഞ്ഞ് അവൾ തന്‍റെ കൊച്ചു കൈകൾ കൊണ്ട് നന്ദൻമാഷിന്‍റെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി. പക്ഷെ ഒരു തരി പോലും നന്ദൻമാഷിനെ പൊക്കാൻ അവൾക്കായില്ല.

“അയ്യോ എന്നെക്കൊണ്ട് പറ്റുന്നില്ലല്ലോ. അപ്പൂപ്പാ ഞാൻ പോയി ശാന്തിചേച്ചിയെ വിളിച്ചു കൊണ്ടു വരാം.” അങ്ങനെ പറഞ്ഞ് അവൾ അവിടെ നിന്നും ഓടിപ്പോയി.

മുറ്റത്ത് കിച്ചുമോനെ മുച്ചക്ര സൈക്കിളിലിരുത്തി കളിപ്പിച്ചു കൊണ്ടു നിന്ന ശാന്തിയോട് ചെന്ന് പറഞ്ഞു.

“ശാന്തിച്ചേച്ചി… ഒന്നു വന്നേ അപ്പൂപ്പന് എഴുന്നേൽക്കാൻ പറ്റുന്നില്ല. ശാന്തിച്ചേച്ചി കൂടിവന്ന് ഒന്നു അപ്പൂപ്പനെ പിടിച്ച് എഴുന്നേൽപ്പിച്ചേ.”

ചിന്നു മോൾ പറഞ്ഞതു കേട്ട് ശാന്തിപറഞ്ഞു. “അതെന്താ അപ്പൂപ്പന് തനിയെ എഴുന്നേൽക്കാൻ പറ്റില്ലേ?”

“ഇല്ല അപ്പൂപ്പന് നല്ല ക്ഷീണം. തനിയെ എഴുന്നേൽക്കാൻ പറ്റുന്നില്ല…”

“ഞാൻ വരുന്നു. കിച്ചു മോനേ ഈ സൈക്കിളീന്ന് ഒന്ന് എണീപ്പിക്കട്ടെ.” അവൾ കിച്ചു മോനെ സൈക്കിളിൽ നിന്ന് എഴുന്നേൽപ്പിക്കാൻ നോക്കിയപ്പോൾ അവൻ ഉറക്കെ കരഞ്ഞ് പ്രതിഷേധിച്ചു. അപ്പോൾ ചിന്നു മോൾ അടുത്തു ചെന്ന് അവനോടു പറഞ്ഞു, “ദേ ചേച്ചിയല്ലെ വിളിക്കുന്നത്, അപ്പൂപ്പനെ പിടിച്ച് എഴുന്നേൽപ്പിച്ചിട്ട് ചേച്ചി കിച്ചുമോനെ സൈക്കിളിലിരുത്തി ഓടിക്കാമല്ലോ?”

അതവൻ സമ്മതിച്ചു കൊണ്ട് ശാന്തിയെ നോക്കി… ശാന്തി അപ്പോൾ അവനെ സൈക്കിളിൽ നിന്നും എഴുന്നേൽപ്പിച്ച് താഴെ നിർത്തി. എന്നിട്ട് പതുക്കെ കെയ്യിൽ പിടിച്ച് നടത്തിക്കൊണ്ട് അകത്തേക്കു പോയി. നന്ദൻമാഷിന്‍റെ മുറിയിൽ ചെന്ന അവൾ താൻ ഉച്ചയ്ക്ക് കാസറോളിലാക്കി വച്ചിരുന്ന ആഹാരം അങ്ങനെ തന്നെ ഇരിക്കുന്നതു കണ്ടു പറഞ്ഞു.

“വെറുതെയല്ല സാറിന് തല പൊക്കാൻ കഴിയാത്തത്. രാവിലെയും ഉച്ചക്കും പട്ടിണിയല്ലേ?. പിന്നെങ്ങനെ തലപൊങ്ങും?” ശാന്തിയും ചിന്നുമോളും കൂടി നന്ദൻ മാഷിനെ മെല്ലെ എണീപ്പിച്ചിരുത്തി. ചിന്നു മോൾ അപ്പൂപ്പന് ഒരു തലയിണ ചാരി ഇരിക്കാൻ വച്ചു കൊടുത്തുകൊണ്ട് പറഞ്ഞു.

“അപ്പൂപ്പന് ഞാൻ ചോറു വാരിത്തരാം… അപ്പൂപ്പൻ കഴിച്ചാട്ടെ.” കൈ കഴുകി വന്ന് അവൾ തന്‍റെ കുഞ്ഞിക്കൈകൾ കൊണ്ട് അപ്പൂപ്പന് ചോറു വാരിക്കൊടുത്തു തുടങ്ങി. അപ്പോൾ നന്ദൻമാഷിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അദ്ദേഹം കണ്ണീരിനിടയിലൂടെ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. “നീ എന്‍റെ സൗദാമിനിയെപ്പോലെയാ മോളെ. അതേമുഖവും, കണ്ണും മൂക്കും സ്വഭാവവുമാ നിനക്കുള്ളത്.”

“ശരിയാ അപ്പൂപ്പാ ഞാൻ മിനി അമ്മൂമ്മയെപ്പോലെയാ ഇരിക്കുന്നതെന്ന്. ഇന്നാള് ചേന്ദമംഗലത്തെ അമ്മൂമ്മ വന്നപ്പഴും പറഞ്ഞു.” ചേന്ദമംഗലത്തെ അമ്മൂമ്മ അവളുടെ അമ്മയുടെ അമ്മയാണ്. ഇടയ്ക്കെല്ലാം അവർ മകളുടെ വീട് സന്ദർശിക്കാൻ എത്താറുണ്ട്.

കുറെ വാരിക്കൊടുത്തു കഴിഞ്ഞപ്പോൾ നന്ദൻമാഷ് ഇനി താൻ തനിയെ കഴിച്ചു കൊള്ളാം എന്നു പറഞ്ഞു. അപ്പോഴേക്കും കിച്ചു മോൻ കരഞ്ഞു തുടങ്ങിയതിനാൽ നന്ദനമോൾ അവനേയും കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി… ശാന്തിയാകട്ടെ അടുക്കളയിലേക്കും. നന്ദൻമാഷ് ആഹാരം മുഴുവൻ കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റു. പക്ഷെ പെട്ടെന്ന് അദ്ദേഹം താൻ കൈ കഴുകേണ്ടത് എവിടെയാണെന്ന് മറന്നു പോയിരുന്നു. അദ്ദേഹം മുറിക്കുള്ളിൽ ദിക്കറിയാതെന്നോണം പരതിക്കൊണ്ടിരുന്നു.

Novel: സമുദ്രമുഖം അവസാന ഭാഗം

ബെഡ് ലാംബിന്‍റെ നേർത്ത അരണ്ട വെളിച്ചം. അപ്പുറത്ത് ട്രീസ ഉറങ്ങുന്നു. അവൾ ആവശ്യപ്പെട്ട കാര്യം. അവൾ പറഞ്ഞ പെൺകുട്ടിക്ക് പ്രണയബന്ധങ്ങൾ ഒന്നും തന്നെയില്ല. ആ കുട്ടിയുടെ പ്രകൃതത്തിൽ വന്ന മാറ്റം. പ്രായം ഏറുന്നതിനു അനുസരിച്ചു പ്രകൃതത്തിൽ മാറ്റം വരും. അത് പ്രകൃതിയുടെ സ്വാഭാവികനിയമമാണ്. അതിനാൽ വേവലാതി വേണ്ട. മാറ്റം ഉൾക്കൊള്ളുക.

ഇനി രണ്ടാമത്തെ വിഷയം

ഞാൻ എഴുത്തു മേശക്കരികിലെ കസേരയിൽ ഇരുന്നു. ട്യൂബ് ലൈറ്റ് ഓഫ് ചെയ്ത് സ്റ്റഡി ലാംബ് ഓൺ ചെയ്ത് പേപ്പറെടുത്തു. എഴുതാനിരുന്നു.

ടു എസ്. ഐ,

ഞാൻ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളാണ്. ഞാൻ ഈ കത്ത് എഴുതുന്നതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. ഇത്തരമൊരു എഴുത്ത് എഴുതേണ്ടി വന്നതിന്‍റെ കാരണങ്ങളെക്കുറിച്ച് ഞാൻ വിശദമായി വിവരിക്കാം.

ആദ്യമേ തന്നെ എഴുതട്ടെ കഴിഞ്ഞ മാസം 30-ാം തീയതി, കായൽ പരിസരത്ത് ചാക്കുകെട്ടിൽ കണ്ടെത്തിയ മനുഷ്യ ശരീരവുമായി ബന്ധപ്പെട്ട ചില വസ്തുതകൾ വിശദീകരിക്കുവാനാണ് ഈ കത്ത്. ആ സംഭവവുമായി ബന്ധപ്പെട്ട് നിങ്ങൾ അന്വേഷണത്തിലാണെന്നും ഏറെക്കുറെ ആ സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വെളിച്ചത്തു കൊണ്ടുവരുമെന്നും എനിക്കുറപ്പുണ്ട്. അങ്ങനെയായിരിക്കെ ഈ കത്തിന്‍റെ പ്രസക്തി എന്താണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതിതാണ്. നിങ്ങളുടെ അന്വേഷണത്തിൽ നിന്നും എന്‍റെ അന്വേഷണങ്ങളെ വേർതിരിച്ചു നിർത്തുന്ന കണ്ണി. അതെ ഞാൻ ഒരു ദൃക്സാക്ഷിയാണ്. മനുഷ്യ ശരീരം ഉൾക്കൊണ്ട ചാക്കുകെട്ട് കൊണ്ടുവന്ന വ്യക്തികളെ ഞാൻ കണ്ടതാണ്! അതെ… എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മുഖം

ആ ദാരുണ കൃത്യത്തിലേക്ക് നയിച്ച സംഭവപരമ്പരകൾ വിശദമാക്കണമെങ്കിൽ ഏതാനും വർഷങ്ങൾക്കു മുൻപുള്ള കാലഘട്ടത്തിലേക്ക് പോകേണ്ടി വരും. ഞാനവ താഴെ ചേർക്കുന്നു.

അരി മില്ലു നടത്തിപ്പുകാരനായ സുരേന്ദ്രന് നാലു മക്കൾ. രണ്ടു പെണ്ണും രണ്ടാണും. അതിൽ രണ്ടു പേർ ഇരട്ടസഹോദരികൾ. ജയയും ഭാരതിയും

മൊബെൽ ഫോണുകൾ പ്രചുരപ്രചാരം നേടിയിരുന്ന ആദ്യ കാലം. ഇരട്ട സഹോദരിമാരും ഫോൺ കരസ്ഥമാക്കി. ഒരിക്കൽ സഹോദരിമാരിലൊരാൾ അവരെ ഭാരതി എന്നു വിളിക്കാം. ഫോൺ സർവ്വീസിനു വേണ്ടി ടൗണിലെ ഒരു മൊബെൽ ഫോൺ ഷോപ്പിലെക്കു പോയി.

അവരുടെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസമായിരുന്നു അന്ന്.  മൊബെൽ സർവ്വീസ് സെന്‍റെറിന്‍റെ ഉടമ ഒരു തികഞ്ഞ സ്ത്രീജിതനായിരുന്നു. അത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് നിൽക്കക്കള്ളിയില്ലാതെ തമിഴ്നാട്ടിൽ നിന്നും വന്നതായിരുന്നു അയാൾ. പേര് രാജേന്ദ്രൻ.

മൊബെൽ സർവ്വീസ് സെന്‍റർ തുടങ്ങിയതിനു പിന്നിലെ ചേതോവികാരവും സ്ത്രീവിഷയ താത്പര്യം മാത്രമായിരുന്നു. ഭാരതിക്ക് അയാൾ മൊബെൽ സർവ്വീസ് ചെയ്തു കൊടുത്തു. ഒപ്പം അവരുടെ ഫോൺ നമ്പർ തന്ത്രപൂർവ്വം അയാൾ കരസ്ഥമാക്കി. പതിവുപോലെ സ്ഥിരം ഫോൺ വിളിയായി പ്രണയാഭ്യർത്ഥനയായി ഒടുവിൽ വിവാഹ വാഗ്ദാനമായി. അയാളുടെ എണ്ണമില്ലാത്ത ഇരകളിലൊരാളാണ് താനെന്ന് ഭാരതി അറിഞ്ഞില്ല.

രാജേന്ദ്രനെ പൂർണ്ണമായും വിശ്വസിച്ച അവർ പൂർണ്ണമായും അയാൾക്ക് വഴിപ്പെടുകയായിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ രാജേന്ദ്രൻ ഭാരതിയെ ഒഴിവാക്കാനുള്ള ശ്രമമായി. മറ്റൊരു ഇരയെ അപ്പോഴേക്കും അയാൾക്ക് ലഭിച്ചിരുന്നു. ഈയൊരു പ്രതിസന്ധിയെ ഭാരതിഎങ്ങനെ തരണം ചെയ്തുവെന്ന് നിശ്ചയമില്ല. പിന്നീട് അവരെ കാണുന്നത് വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്ന ഒരു കുടുംബിനിയായിട്ടാണ്‌. ബേക്കറി ബിസിനസ്സുകാരനായ വേലുച്ചാമിയെ അവർ വിവാഹം കഴിച്ചിരുന്നു.

രാജേന്ദ്രനാകട്ടെ ഓരോ പ്രശ്നങ്ങളിൽ പെട്ട് അവിടം വിട്ടു പോയിരുന്നു. സ്നേഹസമ്പന്നനായ വേലുച്ചാമിയുടെ തണലിൽ സമാധാനപൂർണ്ണമായ ആറേഴ് വർഷങ്ങൾക്കു ശേഷം വീണ്ടും ശപിക്കപ്പെട്ട ഒരു ദിവസം ഭാരതിക്കു മുന്നിൽ വന്നെത്തി. ബേക്കറി പലഹാരങ്ങൾക്കു വേണ്ട സാധനങ്ങൾ വാങ്ങാൻ വേലുച്ചാമിക്കു പോകേണ്ടതിനാൽ ബേക്കറിയിലെ ക്യാഷ് കൗണ്ടറിൽ ഭാരതിക്കു ഇരിക്കേണ്ടതായി വന്നു. ആ ശപിക്കപ്പെട്ട ദിവസത്തെ ബേക്കറിയിലെ ഒരു ഉപഭോക്താവ് രാജേന്ദ്രനായിരുന്നു.

ഭാരതിയെ കണ്ടതും വിഷയലമ്പടനായ അയാളിൽ വീണ്ടും ത്വര തിരതല്ലി. കാമാവേശം മൂത്ത അയാൾ ഭാരതിയെ അയാൾ താമസിക്കുന്ന ലോഡ്ജിലേക്ക് ക്ഷണിച്ചു. കഴിഞ്ഞതെല്ലാം മറക്കണമെന്നും സമാധാനപരമായ കുടുംബജീവിതം നയിക്കുകയാണെന്നും ഒരിക്കൽ നശിപ്പിച്ച ജീവിതം ഇനിയും നശിപ്പിക്കല്ലെന്ന അവളുടെ യാചന അയാൾ ചെവികൊണ്ടില്ല. അയാളുടെ ആഗ്രഹത്തിനു തടസ്സം നിന്നാൽ വേലുച്ചാമിയോട് പഴയ ബന്ധവും മറ്റുമെല്ലാം പറയുമെന്നായിരുന്നു അയാളുടെ ഭീഷണി.

തെളിവായി ഭാരതിയൊടൊന്നിച്ചുള്ള ഫോട്ടോയും വീഡിയോയും അയാൾ മൊബെലിൽ ഭാരതിക്കു കാണിച്ചു കൊടുത്തു. നിസ്സഹായയായ അവൾ ഒരു വിധം അയാളെ തിരിച്ചയച്ചു. പിറ്റേന്നും അയാൾ വന്ന് ശല്യപ്പെടുത്താനാരംഭിച്ചു. സഹികെട്ട് അയാളുടെ താത്പര്യങ്ങൾക്ക് വഴങ്ങാമെന്ന് അവൾ രാജേന്ദ്രന് വാക്കു നല്കി.

ആ രാത്രി ഏറെ നേരം അവർ ചിന്തിച്ചു. ജീവിതകാലം മുഴുവൻ തന്‍റെ ജീവിതത്തിൽ രാജേന്ദ്രൻ ഉപദ്രവം തുടരുമെന്ന് അവൾക്കു തോന്നി. ജീവിതത്തിലെ ആത്മഹത്യയോടടുത്ത പ്രതിസന്ധി നല്കി ഒരു വിധം അതിൽ നിന്നും കരകയറ്റി കുടുംബ ജീവിതം നയിക്കുന്ന തന്നെ വീണ്ടും ഉപദ്രവിക്കാനൊരുങ്ങുന്ന രാജേന്ദ്രനോടവൾക്ക് കടുത്ത പക തോന്നി.

ആ രാത്രി മയങ്ങുന്ന വേളയിൽ അവളൊരു ഉറച്ച തീരുമാനം കൈകൊണ്ടിരുന്നു. ഏതുവിധേനെയെങ്കിലും രാജേന്ദ്രനെ ഇല്ലാതാക്കുക. അതോടു കൂടി തന്നെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം തീരും. ഭർത്താവിനെ കൂടി ഉൾക്കൊള്ളിച്ച് ഒരു പദ്ധതി അവൾ ആസൂത്രണം ചെയ്തെങ്കിലും നിഷ്കളങ്കനും പരമസാധുവുമായ വേലുച്ചാമിക്ക് ഇത്തരം കൃത്യം ചെയ്യുവാനുള്ള മനക്കരുത്ത് ഇല്ലെന്ന് അവൾക്ക് വ്യക്തമായിരുന്നു. മാത്രമല്ല ഒരാളെ വധിക്കേണ്ടതായ കാരണം എങ്ങനെ ഭർത്താവിനെ പറഞ്ഞു ധരിപ്പിക്കും എന്നതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു.

അങ്ങനെ തന്‍റെ പദ്ധതി നടപ്പാക്കാനുള്ള പല വിധ ചിന്തയിൽ മുഴുകി ഇരിക്കുമ്പോഴാണ് ബേക്കറിയിലെ പ്രധാന ജോലിക്കാരനായ സുരൻ ഒരാവശ്യവുമായി ഭാരതിയെ സമീപിച്ചത്. അയാളുടെ ഭാര്യയുടെ ചികിത്സക്കായി ഒരു വലിയ തുക ആവശ്യമെന്നും മുതലാളി വേലുച്ചാമിയോട് പറഞ്ഞപ്പോൾ ചെറിയ ഒരു തുക മാത്രമാണ് നല്കിയതെന്നുമായിരുന്നു സുരന്‍റെ പരിവേദനം. ആ ചെറിയ തുകക്ക് ചികിത്സ നടക്കില്ലെന്നും ബാക്കി തുക വല്ലവിധവും തന്നു സഹായിക്കണം എന്നുമായിരുന്നു സുരന്‍റെ അഭ്യർത്ഥന. ഈയൊരു അവസരം തന്‍റെ ആഗ്രഹ പൂർത്തീകരണത്തിനുള്ള നല്ലൊരു അവസരമായി ഭാരതി കണ്ടു. സുരനെ സഹായിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ച അവർ ഒരു പദ്ധതി ആസൂത്രണം ചെയ്തു.
രാജേന്ദ്രനെ ഏതു വിധേനയും കൊലപ്പെടുത്തുക എന്ന പദ്ധതി. സുരന്‍റെ സാമ്പത്തിക അരക്ഷിതാവസ്ഥ ചൂഷണം ചെയ്ത് അയാളെക്കൊണ്ട് കൃത്യം നടത്തിക്കാനായിരുന്നു അവർ ആസൂത്രണം ചെയ്തത്. ആ പദ്ധതി മനസ്സിലാക്കിയ സുരൻ പരമാവധി എതിർപ്പു പ്രകടിപ്പിച്ചെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങൾ മനസ്സമാധാനം കെടുത്തിയതിനാൽ അയാൾ സമ്മതം മൂളി. സുരനു മുന്നിൽ താൻ നടപ്പാക്കാൻ പോകുന്ന പദ്ധതിയുടെ രൂപരേഖ ഭാരതി അവതരിപ്പിച്ചു. അതിപ്രകാരമായിരുന്നു.

രാജേന്ദ്രൻ താമസിക്കുന്നിടത്ത് വരാനുള്ള പ്രയാസം അയാളെ അറിയിച്ച് രാത്രിയിൽ ബേക്കറിയിലേക്ക് വരുത്തുക. തുടർന്ന് ബേക്കറിക്കടുത്തുള്ള ഗോഡൗണിലേക്ക് സമാഗമനത്തിന് ഇടം കൊടുക്കുക. അവിടെ വച്ച് മദ്യം നല്കി മയക്കത്തിലാക്കി സുരന്‍റെ സഹായത്തോടെ കൊലപ്പെടുത്തുക. ഭയാശങ്കകളോടെ ഭാരതിയുടെ നിർദ്ദേശങ്ങൾ സുരൻ സമ്മതിച്ചു. തുടന്ന് ബേക്കറി സാമഗ്രികൾ വാങ്ങാൻ വേലുച്ചാമി കർണാടകയിൽ പോകുന്ന ദിവസങ്ങൾക്കായി ഭാരതി കാത്തിരുന്നു. ഒടുവിൽ ആ ദിനം വന്നെത്തി.

സ്ഥലകാലബോധം നഷ്ടപ്പെട്ട് കാമാതുരനായി മാറിയ രാജേന്ദ്രനെ ഭാരതി സ്നേഹപൂർവ്വം ഗോഡൗണിലേക്ക് നയിച്ചു. മധുചഷകം നല്കി ഉന്മത്തനാക്കി. പകയുടേയും പ്രതികാരത്തിന്‍റേയും തിരിച്ചുഴിയിൽ ആഴ്ന്ന ഭാരതി കൊലപാതകം നടത്തുന്നതിനായുള്ള പറ്റിയ സമയത്തിനായി ക്ഷമാപൂർവ്വം കാത്തിരുന്നു.

ഗോഡൗണിൽ തൽസമയം പതുങ്ങിയിരുന്നിരുന്ന സുരൻ, ഭാരതി ഉടൻ തന്നെ രാജേന്ദ്രനെ കൊല ചെയ്യാൻ നിർബന്ധിച്ചപ്പോൾ അയാൾ പകച്ചു പോയി. ഒടുവിൽ എന്നെക്കൊണ്ടാവില്ലെന്ന് പറഞ്ഞ് അയാൾ പരിക്ഷീണനായി നിലത്തിരുന്നു. പതുക്കെ സ്വബോധം വീണ്ടെടുക്കാനാരംഭിച്ച രാജേന്ദ്രനെ ഭാരതി രണ്ടും കല്പിച്ച് തലക്കടിച്ചു. വർഷങ്ങളോളം മനസ്സിൽ സൂക്ഷിച്ച പകയും പ്രതികാരവും നിസ്സഹായതയും അയാളുടെ മുഖത്ത് ചോരച്ചാലുകൾ തീർത്തു. ഒടുവിൽ അയാൾ മരിച്ചെന്ന് ഉറപ്പാക്കി സുരന്‍റെ സഹായത്തോടെ തീർത്തും വികൃതമാക്കിയ രാജേന്ദ്രന്‍റെ ശിരസ് മുറിച്ചെടുത്ത് വികൃതപ്പെടുത്തി അവിടെ കണ്ട പഞ്ചസാര ചാക്കിൽ പൊതിഞ്ഞു കെട്ടി. ശേഷിച്ച ഭാഗങ്ങളും അറുത്തുമുറിച്ച് മറ്റൊരു ചാക്കിൽ നിറച്ച് തറ വൃത്തിയാക്കി.

ശരീരഭാഗങ്ങൾ അടങ്ങുന്ന സഞ്ചി പതിവായി ബേക്കറി ഓർഡറുകൾ നല്കാൻ ഉപയോഗിക്കാറുള്ള ഒമ്നി വാനിൽ കയറ്റി. അതു സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് പല സ്ഥലങ്ങൾ അന്വേഷിച്ചു. ഒടുവിൽ ജനവാസ കേന്ദ്രത്തിൽ നിന്നുമകന്ന്‌ കുറ്റിക്കാടിനപ്പുറമുള്ള കായലിൽ കെട്ടിത്താഴ്ത്താൻ നിശ്ചയിച്ചു. വല്ലപ്പോഴും ചൂണ്ട മീൻ പിടിക്കാൻ ആളുകൾ വരുന്ന ഇടം. അങ്ങനെ പെട്ടന്ന് ആരുടേയും ശ്രദ്ധയിൽ പെടാത്ത സ്ഥലം. ആ ഒരു ജോലി സുരനും ഭാരതിയും ചേർന്ന് കൃത്യമായി നടപ്പാക്കി.

തുടർന്ന് രാജേന്ദ്രന്‍റെ മറ്റു ശിരസ് മറ്റൊരു പഞ്ചസാരച്ചാക്കിൽ നിറച്ച് അതു വല്ലവിധവും ഒഴിവാക്കാൻ സുരനോട് നിർദേശിച്ച് തീർത്തും പരിക്ഷീണയായ ഭാരതി കളമൊഴിഞ്ഞു. സുരൻ ആ ചാക്കുകെട്ട് നല്ല പോലെ മടക്കി മറ്റൊരു വലിയ ബാഗിലാക്കി ഒമ്നിയിൽ കയറ്റി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. കിഴക്കൻ മേഖലയിലേക്ക് പോകുന്ന വിദൂര ട്രെയിനിലൊന്നിൽ കയറി ബാഗ് മുകളിലെ സീറ്റിലൊന്നിൽ വച്ച് പുറത്തിറങ്ങി വേഗത്തിൽ വീടു പറ്റി. ആ ബാഗിലുള്ള മനുഷ്യ ശിരസ്സും കായലിൽ കണ്ട ശരീരാവശിഷ്ടങ്ങളും ഒരു വ്യക്തിയുടേതാണെന്ന് അനായാസം നിങ്ങൾക്ക് തെളിയിക്കാനാകും.

ഇനി എന്‍റെ അന്വേഷണ വഴികളിലൂടെ… ഈ വിഷയത്തിൽ എനിക്കുള്ള മുൻതൂക്കം ഞാൻ കൊലപാതകം നടത്തിയ സ്ത്രീയെ കണ്ടു എന്നുള്ളതാണ്. കായലിൽ നിന്ന് മനുഷ്യ ഭാഗങ്ങൾ ഉള്ള ചാക്കുകെട്ട് കണ്ടെത്തിയതായുള്ള വാർത്തയിൽ നിന്നാണ് എന്‍റെ അന്വേഷണ തുടക്കം. ആ വാർത്തയിൽ പഞ്ചസാര ചാക്കിലാണ് മനുഷ്യ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് എഴുതിയിരുന്നു. ആ ലേഖനത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് യാത്ര തിരിച്ച എനിക്ക് ലേഖന കർത്താവിൽ നിന്നും വിശ്വസനീയമായി ആ ചാക്കുകെട്ട് പഞ്ചസാര നിറക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന് തെളിഞ്ഞു. പിന്നീട് അതിന്‍റെ ഉത്ഭവസ്ഥലം തേടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല.

തുടർന്ന് കുറ്റകൃത്യത്തിനുപയോഗിച്ച ഒമ്നി വാൻ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ കൃത്യമായില്ല. ബേക്കറി ബിസിനസ് നടത്തുന്ന കുടുംബങ്ങളിൽ ഒന്നിലേറെ പേർക്ക് ഒമ്നി വാഹനം ഉണ്ടെന്നതായിരുന്നു കാരണം. അടുത്ത കാലത്ത് കാണാതായ ആളുകളുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും ആ ദിശയിലേക്കുള്ള അന്വേഷണം ഒട്ടേറെ സമയം അപഹരിക്കുന്നതായിരുന്നു.

കേരളത്തിൽ നിന്നും പുറപ്പെട്ട് ആസ്സാം മേഖലയിലേക്ക് പോയിരുന്ന ട്രെയിനിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത് സംശയാസ്പദമായിരുന്നു. അതിന്‍റെ വിദശാംശങ്ങൾ മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. അത് വികൃതമാക്കപ്പെട്ട ഒരു മനുഷ്യശിരസ്സിന്‍റെ അവശിഷ്ടമാണെന്നു വ്യക്തമായി എഴുതിയിരുന്നു ഒട്ടേറെ വിവരങ്ങൾക്കിടയിൽ ശരീരാവശിഷ്ടങ്ങളുടെ പഴക്കം സൂചിപ്പിച്ചിരുന്നു.

ഒരു ദൃക്സാക്ഷിയായി കായൽ പരിസരത്തെ സംഭവപരമ്പരകൾ കണ്ട ദിവസവും ആ ശരീരാവശിഷ്ടങ്ങളുടെ പഴക്കവും ചേർന്നു നിന്നിരുന്നു. എന്നിരുന്നാലും ഇതൊന്നും കൊലപാതകിയിലേക്കെത്തുന്നതിനുള്ള സൂചകമായില്ല. ആധുനികമായ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുവാനുള്ള പരിമിതികൾ എനിക്ക് ഏറെയുണ്ട്.

എന്നാൽ ചെറിയൊരു ഭാഗ്യത്തിന്‍റെ പിന്തുണ എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടായിരിക്കാം യാദൃശ്ചികമായി ഭാരതിയുടെ ഇരട്ട സഹോദരി ജയയെ ഒരു നാൾ സൂപ്പർ മാർക്കറ്റിന്‍റെ പരിസരത്ത് വച്ച് കണ്ടത്. ഒരിക്കലും മറക്കാനാകാത്ത ആ മുഖം ഞാൻ കുറ്റവാളിയുടേത് തന്നെയെന്ന് ഉറപ്പിച്ചു. എന്നാൽ അവരുടെ കുടുംബ പശ്ചാത്തലം വിശദമായ അന്വേഷണത്തിന് വിധേയമാക്കിയപ്പോൾ ജയയുടെ ഇരട്ട സഹോദരി ഭാരതിയെക്കുറിച്ചും വേലുച്ചാമിയെന്ന ബേക്കറി മുതലാളി അവരെ വിവാഹം കഴിച്ചതായും അറിഞ്ഞത്. ഒപ്പം അവരുടെ വിവാഹപൂർവ്വ പ്രേമവുമെല്ലാം മനസ്സിലാക്കി. അതെല്ലാം നാട്ടുകാർക്ക് നല്ല നിശ്ചയമാണ്. അവരിത്തരം കാര്യങ്ങളൊന്നും അത്ര വേഗം മറക്കുകയില്ലല്ലോ?

തുടർന്ന് ഏതാനും വർഷങ്ങൾക്കു മുൻപ് മൊബെൽ ഷോപ്പ് നടത്തിയിരുന്ന ആളെക്കുറിച്ച് അന്വേഷണമായി. അക്കാലത്ത് മൊബെൽ സർവ്വീസ് കേന്ദ്രങ്ങൾ ഏറെ ഇല്ലാതിരുന്നതിനാൽ രാജേന്ദ്രന്‍റെ മൊബെൽ സർവ്വീസ് കേന്ദ്രം എവിടെന്ന് കണ്ടെത്താൻ ഏറെ പ്രയാസമുണ്ടായില്ല. എന്നാൽ ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടതിനാൽ അത് മറ്റൊരാൾക്ക് ലീസിന് കൈമാറി രാജേന്ദ്രൻ സ്ഥലം വിട്ടതായാണ് അറിഞ്ഞത്.

മാസം ഒരു തുക രാജേന്ദ്രന്‍റെ അക്കൗണ്ടിൽ ഇടും അതല്ലാതെ അയാളുമായി യാതൊരു കോൺടാക്ടും ഇല്ലെന്ന് ലീസിന് എടുത്തയാൾ ഉറപ്പിച്ചു പറഞ്ഞു. ബാങ്ക് അക്കൗണ്ട് ഉള്ള തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെത്തി അന്വേഷിച്ചപ്പോൾ അവിടെ രാജേന്ദ്രന് ഭാര്യയും മകനുമുള്ളതായി അറിഞ്ഞു. മാസങ്ങളായി ഭർത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തെങ്കിലും അവർ യാതൊരു അന്വേഷണവും നടത്തുന്നില്ലെന്നും അവർ കരഞ്ഞു പറഞ്ഞു. ആ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ചോദിച്ച ഒരു ചോദ്യമാണ് ആ ചോദ്യമാണ് ഞാൻ ഈയൊരു എഴുത്ത് താങ്കൾക്ക് എഴുതാനുള്ള കാരണം. അല്ലെങ്കിൽ ഞാനീ എഴുത്ത് എഴുതില്ലായിരുന്നു.

കാരണം ഈ അന്വേഷണം എന്‍റെ വ്യക്തിപരമായ ഇഷ്ടമാണ്. എന്‍റെ ജിജ്ഞാസയെ ശമിപ്പിക്കലാണ്. നിരന്തരം തന്നെ ശല്യം ചെയ്തിരുന്ന തന്നെ നശിപ്പിച്ച പിന്നീട് എല്ലാം മറന്ന് അല്ലെങ്കിൽ മറന്നെന്ന് നടിച്ച് കുടുംബ ജീവിതം നയിക്കുമ്പോഴും നശീകരണ മനോഭാവവുമായി വന്ന ഒരാളെ ഒരു സ്ത്രീ തീർത്തും ഇല്ലാതാക്കി. ഈ വിഷയത്തിൽ അവർ നിയമത്തിന്‍റെ പരിരക്ഷ തേടണമായിരുന്നു. അതിനു മുതരാതിരുന്നത് കുടുംബ ജീവിതത്തിന്‍റെ കെട്ടുറപ്പിന് ഭീഷണി എന്ന നിലയിലാകാം.

കുറ്റകൃത്യം എപ്പോഴും കുറ്റകൃത്യം തന്നെയാണ്. സമാന്യജനങ്ങൾക്ക് ധാർമ്മികതയുടെയും പ്രതിരോധത്തിന്‍റെയും നിലനില്പിന്‍റേതുമായ ചിന്തകൾ ഈയൊരു വിഷയത്തിൽ ഉയർന്നു വരാമെങ്കിലും നടപ്പു നീതിന്യായ വ്യവസ്ഥയുടെയും നിയമത്തിന്‍റെയും കാഴ്ചപ്പാടിൽ കുറ്റകൃത്യത്തിന്‍റേതായ ശിക്ഷക്ക് കാര്യമായ ആനുകൂല്യമൊന്നും ലഭിച്ചു കാണാറില്ല. നിയമ പരിരക്ഷയും ഇല്ല.

ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് ഞാൻ ആ സ്ത്രീയോട് ചോദിച്ച ചോദ്യം രാജേന്ദ്രൻ പറഞ്ഞ കാര്യങ്ങളും പിന്നീട് അയാൾ എപ്പോഴെങ്കിലും വരികയുണ്ടായോ എന്നുമാണ്. അതിനവർ നല്കിയ മറുപടി അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു.

മുക്കിനും മൂലക്കും മൊബൈൽ സർവ്വീസ് ഷോപ്പുകളാണെന്നും അതുകൊണ്ട് ആ ഫീൽഡ് വലിയ ഗുണമില്ല എന്നും ഒരു ബേക്കറിയിൽ ജോലി കിട്ടിയെന്നും രാജേന്ദ്രൻ ഭാര്യയോട് പറഞ്ഞു. ഒരു മാസം കഴിഞ്ഞ് വീണ്ടും രാജേന്ദ്രൻ ഭാര്യയേയും കുട്ടിയേയും കാണാനെത്തി. ഒരു പാട് മധുര പലഹാരങ്ങൾ കൊണ്ടുവന്നിരുന്നു. അയാൾ വന്ന ദിവസം ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു.  ആ ഒരു മറുപടിയാണ് താങ്കൾക്ക് ഈയൊരു എഴുത്ത് എഴുതുന്നതിന് പിന്നിലെ ചേതോവികാരം.

സ്ത്രീ മനസ്സ് സങ്കീർണ്ണതയും അപ്രവചനീയതയുടേയും സങ്കലനമാണ്. ലോകം മുഴുവൻ കുറ്റപ്പെടുത്തിയാലും അവർക്ക് അവരുടേതായ ശരികളുണ്ട്. ആ ശരികൾ മുറുകെപ്പിടിക്കുകയും ചെയ്യും. ആ ശരി മുറുകെപ്പിടിക്കുന്നതുമൂലമുള്ള വരും വരായ്കകൾ, അല്ലെങ്കിൽ അനന്തരഫലം എത്ര ഭീതിജനകമെങ്കിലും അവരുടേതായ ശരികൾ നടപ്പിലാക്കിയിരിക്കും.

ഒരു ദൃക്സാക്ഷി എന്ന നിലക്കുള്ള എന്‍റെ അപ്രമാദിത്വം ഉപയോഗിച്ച് ഞാൻ നടത്തിയ അന്വേഷണത്തിനും ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളായിരുന്നു മുകളിൽ. എന്നാൽ തുടരന്വേഷണത്തിൽ ചില തിരുത്തലുകൾ ആവശ്യമെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനുള്ള പ്രധാന കാരണം രാജേന്ദ്രന്‍റെ ഭാര്യ പറഞ്ഞ ദിവസം തന്നെ.

അതായത് ബേക്കറിയിൽ ജോലി കിട്ടി രാജേന്ദ്രൻ പോയ ദിവസം ആഗസ്റ്റ് 12. മധുരപലഹാരങ്ങളുമായി വീട്ടിലേക്ക് തിരിച്ചു പോയ ദിവസം സെപ്റ്റംബർ 10 കായലിൽ ജഢാവശിഷ്ടങ്ങൾ കണ്ട ദിവസം സെപ്റ്റംബർ 8! അർത്ഥശങ്കക്കിടയില്ലാതെ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും രാജേന്ദ്രൻ മരിച്ചിട്ടില്ല. കൊല്ലപ്പെട്ടത് ഹതഭാഗ്യനായ വേലുച്ചാമിയാണെന്ന്.

നിങ്ങളുടെ അടുക്കൽ ഒരു ആളെ കാണാതായെന്ന പരാതി ചിലപ്പോൾ ലഭിച്ചിരിക്കാം. അത് ചിലപ്പോൾ വേലുച്ചാമിയുടേതാകാം. അയാളുടെ ബന്ധുക്കൾ നല്കിയതാകാം ആ പരാതി. ചിലപ്പോൾ അങ്ങനെ ഒരു പരാതി ലഭിക്കാതെയുമിരിക്കാം. അങ്ങനെ പരാതി ലഭിച്ചില്ലെങ്കിൽ അതിനു കാരണം വേലുച്ചാമിയുടെ ഭാര്യ ഭാരതിയാണ്. ഞാൻ മുന്നെഴുതിയതിൽ സുരന്‍റെ ജോലി ഏറ്റെടുത്ത് ചെയ്തത് രാജേന്ദ്രനാണ്.

ഭാരതി എന്ന സ്ത്രീ പൂർവ്വ കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് എന്‍റെ അന്വേഷണങ്ങളിൽ നിന്നും വ്യക്തമാണ്. താങ്കൾക്ക് മറ്റു ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാവുന്നതാണ്. ഈയൊരു നീചമായ സംഭവത്തിന്‍റെ ദൃക്സാക്ഷി എന്ന നിലയിൽ രഹസ്യമൊഴി നല്കാൻ ഞാൻ തയ്യാറുമാണ്.

സായാഹ്ന പത്രത്തിൽ വന്ന വാർത്തയടക്കമുള ചില തെളിവുകൾ ഞാനിതൊടൊപ്പം അയക്കുന്നു.

എന്ന് . . . .

ഞാൻ പേന താഴെ വച്ചു. രാത്രി ഏറെ വൈകിയിരുന്നു. മുറിക്കകത്ത് ബെഡ് ലാംബിന്‍റെ നേർത്ത അരണ്ട വെളിച്ചം. വെളുത്ത ചുമരുകളിൽ മുറിക്കകത്തെ എന്തിന്‍റെയോ നിഴലുകൾ വികലമായ രൂപം തീർത്തു. ഞാനെഴുന്നേറ്റു വാതായനങ്ങൾക്കരികെ ചെന്ന് ജനാലകൾ തുറന്നിട്ടു. കായലിനെ തലോടി വന്ന കാറ്റിന് നേരിയ തണുപ്പ്. ദൂരക്കാഴ്ചകളിൽ വഴികൾ വഴിയോരങ്ങൾ വഴിയോരങ്ങളിലെ മഞ്ഞച്ച സ്ട്രീറ്റ് ലൈറ്റുകൾ. അവയിൽ നിന്നും ഒരിക്കുന്ന മഞ്ഞരാശി. ഇതുപോലൊരു ദൂരക്കാഴ്ചയിലാണ് ഭാരതി രാജേന്ദ്രനൊടൊപ്പം സ്വഭർത്താവിന്‍റെ വികലമാക്കിയ ശരീരഭാഗങ്ങൾ പൊതിഞ്ഞ ചാക്കുകെട്ടുമായി എത്തിയത്. ഇരുവരും ചേർന്ന് ആ ചാക്കുകെട്ട് കായലിൽ തള്ളിയത്. മാസങ്ങളായി എന്‍റെ മനസ്സിന്‍റെ സമാധാനം കെടുത്തിയത്.

പോലീസിന് കർണ്ണാടകയിൽ ബേക്കറി സാധനങ്ങൾ എടുക്കാൻ പോയ ശേഷം തിരിച്ചു വന്നില്ലെന്ന് കാണിച്ച് ചിലപ്പോൾ പരാതി കൊടുത്തിരിക്കാനും സാധ്യത ഉണ്ട്.

നഗരം ഉറങ്ങുന്നു. ചിന്തകളുടേയും പദ്ധതികളുടേയും ഭാരത്താൽ ഉറക്കാതിരിക്കുന്നവരും കാണും. ഞാൻ തിരിഞ്ഞു. ബെഡ് ലാമ്പിലെ അരണ്ട വെളിച്ചം. ഇതു വരെ എഴുതിത്തീർത്ത പേപ്പറിരിക്കുന്നു. ഒന്നുകൂടി വായിച്ച് തെറ്റുതിരുത്തി നാളത്തെ തപാലിൽ അയക്കണം. ക്ഷീണമുണ്ട് കണ്ണുകളടക്കുന്നു. ഇരുളുന്നു.

വാതിലിൽ ആരോ മുട്ടുന്നു. കനത്ത ശബ്ദം. വാതിലാകമാനം പൊളിഞ്ഞു വീഴുന്ന മട്ടിൽ ശക്തിയേറിയ മുട്ടൽ. ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. വാതിൽ തുറന്നു. പുറം തിരിഞ്ഞു നിലക്കുന്ന വെളുത്ത മുണ്ടും ജുബയും ധരിച്ച ഒരു ശുഷ്കിച്ച രുപം. ആരാ… എന്‍റെ ശബ്ദം വിറങ്ങലിച്ചു തൊണ്ടയിൽ കുടുങ്ങി. പൊടുന്നനെ ആ രൂപം എന്‍റെ നേർക്കു തിരിഞ്ഞു. ഞാൻ മരവിച്ചു പോയി. ലോനപ്പേട്ടൻ ! എന്‍റെ സപ്ത നാഡികളും തളർന്നു. കുഴഞ്ഞു വീഴാതിരിക്കാൻ ഞാൻ ആവും വിധം ശ്രമിച്ചുകൊണ്ടിരുന്നു. ഘനഗംഭീരമായ ശബ്ദം ഗുഹക്കുള്ളിൽ നിന്നെന്നവണ്ണം മുഴങ്ങിക്കേട്ടു.

“പോലീസു മേധാവിക്കുള്ള എഴുത്തിൽ നീയെന്‍റെ പേര് എന്തുകൊണ്ട് എഴുതിയില്ല? പറയ്. നിന്‍റെ അന്വേഷണമെല്ലാം എന്നിൽ നിന്നല്ലേ തുടക്കം? പറ…”

അതും പറഞ്ഞ് ലോനപ്പേട്ടൻ എന്‍റെ നേരെ പാഞ്ഞടുത്തു. എന്‍റെ നിലവിളി തൊണ്ടക്കുഴിയിലെ പ്രതിബന്ധങ്ങളെ ഭേദിച്ച് പുറത്തേക്ക് പ്രവഹിച്ചു. ഇരുളിമ മാറി കൺമുന്നിൽ വെളിച്ചം പടർന്നു. ശരീരമാകെ വിയർപ്പിൽ കുളിച്ചിരുന്നു. ഭയപ്പാടോടെ വെള്ളമൊഴിച്ച ഗ്ലാസ്സ് ട്രീസ എന്‍റെ നേരെ നീട്ടി. ഞാനതു കുടിച്ച് പിന്നേയും ആവശ്യപ്പെട്ടു.

ട്രീസ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. അതൊന്നും ഞാൻ കേട്ടില്ല. വെള്ളം വാങ്ങിക്കുടിച്ച് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് കിടന്നു.

ന്യൂ ജെൻ വേഴ്സസ് ഓൾഡ് ജെൻ

തലേ ദിവസം കണ്ട സ്വപ്നത്തിന്‍റെ ചീളുകൾ വിടർത്തി പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു അയാൾ. സ്വപ്നം ഇടയ്ക്കിടെ കാണാറുണ്ടെങ്കിലും അതിലെ സാരാംശത്തെക്കുറിച്ച് ഒരു വിചിന്തനവും അയാൾ നടത്താറില്ല. ഉണരുന്നതോടെ ഒരു പാഴ്വസ്തു കണ്ട ലാഘവത്തോടെ മറന്നു കളയുകയാണ് പതിവ്. എന്നാൽ ഇന്നലെ കണ്ട സ്വപ്നം അയാളുടെ മനസ്സിൽ ചില നെരിപ്പോടുകൾ വീഴ്ത്തിയിരുന്നു.

സ്വപ്നത്തിന്‍റെ ശകലങ്ങളിൽ മനസ്സ് ഉടക്കി കിടക്കുമ്പോഴാണ് ശബ്ദത്തോടെ ഗേയിറ്റ് തള്ളിത്തുറന്ന് അഞ്ജനയും കൂട്ടുകാരിയും കടന്നു വന്നത്. അവർ കോളേജിൽ നിന്നും വരുന്ന വഴിയാണെന്ന് കാഴ്ചയിൽ തന്നെ അയാൾക്ക് മനസ്സിലായി. വേഷവിധാനത്തിലും പുറത്ത് ശരീരത്തിൽ ഒട്ടി കിടന്നിരുന്ന ബാഗും അയാളുടെ കാഴ്ചപ്പാടിനെ ബലപ്പെടുത്തുന്നതായിരുന്നു.

അനുജന്‍റെ മകളാണ് അഞ്ജന. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനി. കൂടെയുള്ളത് അവളുടെ അടുത്ത കൂട്ടുകാരി. ഗേയിറ്റ് ഒന്നു പതുക്കെ തുറന്നു കൂടെ നിനക്ക്… അവർ വരാന്തക്കു സമീപം എത്തിയപ്പോൾ അയാൾ അഞ്ജനയുടെ മുഖത്ത് നോക്കി കൊണ്ടു ചോദിച്ചു. ആ വാക്കുകളിൽ അല്പസ്വല്പം ഗൗരവം നിഴലിച്ചിരുന്നു. അയാൾ അറിയാതെ തന്നെ.

വല്യച്ഛന് വല്ലപ്പോഴും ഗേയിറ്റിന് സ്വല്പം ഓയിൽ കൊടുത്തു കൂടെ. അങ്ങനെ ചെയ്‌തിരുന്നുവെങ്കിൽ അതിങ്ങനെ കരയില്ലായിരുന്നു.

അഞ്ജനയുടെ മറുപടി പെട്ടെന്നായിരുന്നു. വല്യച്ഛനോടുള്ള മറുപടി കേട്ട് കൂട്ടുകാരി വിളറി വെളുത്തു. കൂട്ടുകാരി ഹരിപ്രിയയ്ക്ക് അറിയാം അഞ്ജന കോളേജിൽ പുലിയാണെന്ന്. എന്നാൽ വീട്ടിലും അവളുടെ ജാഡയ്ക്ക് കുറവില്ലെന്ന് അവൾ മനസ്സിൽ കുറിച്ചു.

അഞ്ജന കൂട്ടുകാരിയെയും കൂടി അകത്ത് കടന്നു. വല്യമ്മയെ വിളിച്ചു കൊണ്ടാണ് മുറിക്കുള്ളിൽ പ്രവേശിച്ചത്. വല്യമ്മയോടൊപ്പം ബഡ്റൂമിൽ കടന്ന് അവർ വാതിൽ ചാരി. വാതിൽ ചാരുന്നതിനായി അഞ്ജനയാണ് അവസാനമായി റൂമിൽ കടന്നത്.

അയാൾ അപ്പോൾ ഭാര്യയെക്കുറിച്ചോർത്തു. മകൾ വിവാഹം കഴിഞ്ഞു ഭർത്താവിനോടൊപ്പം അയൽ സംസ്ഥാനത്തും മകനും ഭാര്യയും മക്കളും വിദേശത്തും ആയതിനാൽ വീട്ടിൽ അയാൾക്ക് ഭാര്യയും അവൾക്ക് അയാളും മാത്രമുള്ള ലോകം.

ആ ഒറ്റപെടലിന്‍റെ മോചനമായിരുന്നു അഞ്ജനയോടൊത്തുള്ള കൂടി ചേരൽ. കോളേജ് കഴിഞ്ഞുള്ള സമയങ്ങളും അവധി ദിനങ്ങളും ശ്യാമയുടെ വിരസതയെ അഞ്ജന ആഘോഷഭരിതമാക്കാറുണ്ട്.

ക്ലാസ്സ് റൂമിലെ കോമഡികളും കാമ്പസ്സിലെ സമര സന്നാഹങ്ങളും കൂട്ടുകാരുടെ പ്രണയവും പ്രണയ നൈരാശ്യവും നിറപകിട്ടോടെ വല്യയമ്മയുടെ കാതിൽ ഒഴിച്ചു കൊടുക്കാറുണ്ട്. കോളേജ് കാണാത്ത ശ്യാമയുടെ മനസ്സിനെ ഇളക്കുന്നതായിരുന്നു ഇത്തരം വാർത്തകൾ. ന്യൂ എയ്ജിന്‍റെ പ്രവർത്തനങ്ങൾ ശ്യാമയുടെ മനസ്സിൽ വിഹ്വലത പടർത്തി കൊണ്ടിരുന്നു. എന്നും എപ്പോഴും.

തന്‍റെ ഭയാശങ്കകൾ പലപ്പോഴും ഭാര്യ അയാളുമായി പങ്കുവയ്ക്കാറുണ്ട്. നമ്മുടെ മക്കളുടെ പഠനം നേരത്തെ കഴിഞ്ഞത് നന്നായി. എന്താണിപ്പോൾ ഓരോ കോളേജുകളിലും നടക്കുന്നത്. അഴിഞ്ഞാട്ടമല്ലേ? അവൾ ഭയാശങ്കയോടെ പറയും.

അപ്പോഴെല്ലാം അയാൾ അതു നിസ്സാരവൽക്കരിക്കുകയാണ് പതിവ്. കാര്യമാക്കേണ്ട… കുട്ടികളല്ലേ, പക്വത വരുമ്പോൾ തെറ്റുകൾ മനസ്സിലാക്കി കൊള്ളും. ശരിയായ പാതയിലേക്ക് നടന്നു കയറും.

ഭർത്താവിന്‍റെ അനുനയ സ്വരത്തെ മുഴുവനും ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോൾ ശ്യാമ വികാരാവേശത്തോടെ മൊഴിയും.

ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ പ്രമാണം. അയാൾക്കും ന്യൂ ജെനറേഷന്‍റെ ചെയ്തികളെ മുഴുവൻ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നിട്ടും ഭാര്യയുടെ മനസ്സിലെ നെരിപ്പോടുകൾ ആളി പടരാതിരിക്കാൻ തണുപ്പിക്കുന്നതാണ്.

അടഞ്ഞു കിടന്നിരുന്ന ബെഡ്റൂമിന്‍റെ വാതിൽ പഴുതിലൂടെ വ്യക്തമല്ലാത്ത സംഭാഷണ ശകലങ്ങളും ഇരുത്തം വന്ന മൂളലുകളും അയാളെ തേടി പുറത്തേക്ക് ഒഴുകി വന്നിരുന്നു. വാക്കുകളെ കോർത്തിണക്കാൻ അയാൾ ശ്രമിച്ചു നോക്കിയെങ്കിലും വ്യക്തതയില്ലായിരുന്നു.

മൂളലുകൾ തന്‍റെ ഭാര്യ ശ്യാമയുടെതാണെന്ന് അയാൾ ഉറപ്പിച്ചു. കഴിഞ്ഞ മുപ്പുത്തിയഞ്ചുവർഷം തന്നോടൊപ്പം ഊണിലും ഉറക്കത്തിലും ഒരു മെയ്യായി കഴിഞ്ഞ ശ്യാമയുടെ ബോഡി ലാഗ്വേജ് തനിക്ക് മാത്രമല്ലേ അറിയാൻ കഴിയൂ.

ഏതാനും മണിക്കൂറികൾക്കു ശേഷം മൂവരും പുറത്തു വന്നപ്പോൾ അയാൾ ഭാര്യയെ വിളിച്ചു. “ശ്യാമേ… ചായക്കുള്ള സമയമായില്ലേ?”

അയാളുടെ ചോദ്യത്തിനു മറുപടി തന്നത് അഞ്ജനയായിരുന്നു. നേരം വെളുത്തു സന്ധ്യയാകുന്നവരെ കസേരയിലിങ്ങനെ ഇരുന്നാൽ കാലിലൂടെ ചിതലരിച്ചു കേറും. വല്ലപ്പോഴും ഒരു ചായയുണ്ടാക്കി വല്ല്യമ്മയ്ക്ക് കൊടുത്താൽ അഭിമാനമൊന്നും പോകില്ലാ…ട്ടോ!

തന്‍റെ നേർക്കുള്ള ഒരേറാണെന്ന് അയാൾക്കും ഭാര്യക്കും മനസ്സിലായി. ശ്യാമ എല്ലാം ഒരു ചിരി ഉള്ളിലൊതുക്കി അടുക്കളയിലേക്ക് നടന്നു.

അഞ്ജനയ്ക്കുള്ള അയാളുടെ മറുപടി മൗനത്തിലുള്ള ചിരിയായിരുന്നു. ഹരിപ്രിയയും ചിരി ഉള്ളിലൊതുക്കി.

മുറ്റവും തൊടിയും വേർതിരിക്കുന്ന അര മതിലിൽ അലങ്കരിച്ചു വച്ചിരുന്ന പൂച്ചട്ടിയിലെ ഇരുനിറത്തിലുള്ള ചൈനീസ് ബോൾസനിൽ നിന്നും പൂ പറിക്കാനായി ഹരിപ്രിയയുടെ കൈകൾ നീണ്ടപ്പോൾ ഹുങ്കാരത്തോടെ അയാൾ അമർത്തി മൂളി.

“ഉം… പൂക്കൾ കണ്ട് ആസ്വദിക്കാനുള്ളതാണ്. പിച്ചി ചിന്താനുള്ളതല്ല.” അയാളുടെ വാക്കുകളിലെ അമർഷം ഹരിപ്രിയയിൽ ഭീതി പടർത്തി. പൊടുന്നനേ കൈകൾ പിൻവലിച്ചു.

“ഈ നാക്കാണ് വലിയച്ഛന്‍റെ ബലം” കൂട്ടുകാരിയുടെ വാടിയ മുഖം കണ്ട് അഞ്ജന പ്രതികരിച്ചു.

ശ്യാമ സ്വന്തം മക്കളെ പോലെയാണ് ചെടികളെ പരിപാലിക്കുന്നത്. എവിടെ പോയാലും അവിടെ നിന്നും വരുന്ന വഴി നഴ്സറിയിൽ നിന്നും ചെടികൾ വാങ്ങിയേ വീട്ടിൽ എത്താറുള്ളൂ. സ്വന്തം പേരക്കുട്ടികളെ പോലും പൂപറിക്കാൻ അനുവദിക്കാറില്ല. അത്തപൂക്കളത്തിൽ തമിഴ്നാട്ടിലെ പൂക്കളെ ഉപയോഗപ്പെടുത്താറുള്ളൂ. ഹോം മേയ്ഡ് പൂക്കൾക്ക് ലാളന മാത്രം.

വീട്ടിനകത്തെ ജോലിയേക്കാൾ അധിക നേരം ചെടികളെ പരിപാലിക്കുന്നവളാണ് ശ്യാമ. രാവിലെ വാതിൽ തുറന്നാൽ പൂക്കളെ കണ്ട് മിഴി തുറക്കണം എന്നതാണ് ശ്യാമയുടെ വേദ വാക്യം. അതിനുമാത്രം അവൾ പൂക്കളെ സ്നേഹിക്കുന്നു. അവയ്ക്കുള്ള ആഹാരം യഥാസമയം തയ്യാറാക്കുന്നു.

അടുത്ത ദിവസവും ഹരിപ്രിയ വീട്ടിൽ വന്നു. ഇത്തവണ അവൾ തനിച്ചാണ് എത്തിയത്. ഗേയ്റ്റിനു മുന്നിൽ സ്കൂട്ടർ സൈഡ് സ്റ്റാൻഡിൽ നിർത്തി വാതിൽ പതുക്കെ തള്ളി തുറന്നാണ് അകത്ത് കടന്നത്. ഒരു ക്യാരി ബാഗും കൈയ്യിൽ തൂക്കിയിരുന്നു.

പതിവുപോലെ അന്നും അയാൾ ഉമ്മറത്ത് ചാരുകസേരയിൽ ഉപവിഷ്ടനായിരുന്നു. അവിടെ ഇരുന്ന് ഹരിപ്രിയയുടെ വരവിനെ വീക്ഷിച്ചിരുന്നു.

വീട്ടിൽ വരുന്നവരെ അതിഥികളായി കണ്ട് സംസാരിച്ചു തുടങ്ങണ്ടേ എന്നു കരുതി അലസമായി അയാൾ ചോദിച്ചു. “മോൾക്ക് ഇന്ന് ക്ലാസ്സില്ലേ?

സ്പോർട്സ് മീറ്റിംഗിന് പോകാനുള്ളതു കൊണ്ട് ഇന്ന് കോളേജിൽ പോയില്ല. അതുകഴിഞ്ഞ് പ്രാക്ടീസും ഉണ്ട്.

ഇവളൊരു സ്പോർട്സ് താരമാണെന്ന് പറഞ്ഞാണ് അഞ്ജന കൂട്ടുകാരിയെ പരിചയപ്പെടുത്തി തന്നിട്ടുള്ളതെന്ന കാര്യം അയാൾ അപ്പോൾ ഓർത്തു. ആ ലേബലിലാണ് കോളേജിൽ പിൻവാതിലിലൂടെ കടന്നു കൂടിയത്. അല്ലാതെ പഠിച്ചട്ടില്ല. മറ്റുള്ളവരുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണ് ഇവരുടെ ഹോബി.

കൂട്ടുകാരിയെ ചൂടു പിടിപ്പിക്കാനാണ് അഞ്ജന തൊടുത്തു വിടുന്നത്. ഇരുവരും ആത്മമിത്രങ്ങളാണെന്ന് ഏവർക്കും അറിയാം. കൂട്ടുകാരിക്ക് അപ്പപ്പോൾ തന്നെ ഹരിപ്രിയ ചുട്ട മറുപടിയും കൊടുക്കാറുണ്ട്.

നമ്മുടെ കോളേജിന്‍റെ പേര് ഉയർത്തി കാട്ടുന്നതിൽ ഞങ്ങൾക്കുള്ള പങ്ക് ഇവരിൽ അസൂയ ഉണ്ടാക്കുകയാണ്.

മുറ്റത്തു നിന്നു തന്നെ കോളിംഗ് ബെല്ലിൽ വിരലമർത്തുന്നതോടൊപ്പം തന്നെ തുറന്നു കിടന്നിരുന്ന വാതിലൂടെ നീട്ടിയുള്ള വിളിയും എറിഞ്ഞു. “വല്യമ്മേ…”

ഇലട്രിക്ക് മൊഴിയും വായ്മൊഴിയും ഒരുമിച്ചു കേട്ടതോടെ അടുക്കളയിലെ തിരക്കിൽ നിന്നും സാരിത്തുമ്പിൽ കൈകൾ തുടച്ചു കൊണ്ട് ശ്യാമ പുറത്തേക്ക് കുതിച്ചു.

ഉമ്മറപ്പടിയിൽ കയറി നിൽക്കുന്ന ഹരിപ്രിയയെ കണ്ട് മനസ്സിലെ ആധി വാക്കുകളായി പുറത്തു ചാടി. “മോളെന്താ ഈ നേരത്ത്? ഇന്ന് കോളേജിൽ പോയില്ലേ?

“ഇന്ന് പ്രാക്ടീസ് ഉണ്ട്. ഞാൻ അതിന് പോവുകയാണ്. പോകുന്ന വഴി ഇവിടെയില്ലാത്ത ചെടികൾ തരാമെന്ന് കരുതി ഇറങ്ങിയതാണ്.”

കൈയ്യിൽ തൂക്കിയിരുന്ന ക്യാരി ബാഗിൽ നിന്നും പ്ലാസ്റ്റിക്ക് കവറിൽ പിടിപ്പിച്ച് രണ്ട് ഡാലിയ തൈകൾ എടുത്ത് ശ്യാമയുടെ കൈയ്യിൽ വച്ചു കൊടുത്തു. ശാപ മോക്ഷത്തിനു വേണ്ടിയായിരിക്കും ഈ തിരുമുൽ കാഴ്ചയെന്ന് അയാൾ സ്വയം മനസ്സിൽ കരുതി.

“ഈ കവർ പൊളിച്ചു കളഞ്ഞ് നല്ലൊരു കുഴിയെടുത്ത് അല്പം ചാണകം ചേർത്തു ഇപ്പോൾ തന്നെ കുഴിച്ചിട്ടോളൂ.”

“ഈ വെയിലത്തോ?” തിളക്കാൻ കൊതിച്ചു നിൽക്കുന്ന വെയിലിനെ നോക്കിയാണ് ശ്യാമ പറഞ്ഞത്.

“ഈ വെയിൽ ദിവസേന അല്പം കൊണ്ടാൽ വിറ്റാമിൻ ഡി വെറുതെ ശരീരത്തിന് ലഭിക്കും. പൈസ കൊടുക്കാതെ. മരുന്നു കഴിക്കാതെ.”

അവളുടെ മെയിൻ ബയോളജിയാണെന്ന് ശ്യാമയ്ക്ക് അറിയാം. അധിക സമയം അവിടെ തങ്ങാതെ സ്കൂട്ടർ എടുത്ത് കൂട്ടുകാരി വേഗത്തിൽ ഓടിച്ചു പോയി.

തുടർ ദിനങ്ങളിലും അവൾ മുറതെറ്റാതെ വല്ല്യമ്മയുടെ സൗഹൃദം പങ്കിടാനായി എത്തുമായിരുന്നു. അതിനൊന്നും സ്‌ഥലകാല പരിമിതി ഉണ്ടായിരുന്നില്ല. എവിടെ വച്ചാണോ കണ്ടുമുട്ടുന്നത് അവിടെ വച്ച് പൂന്തോട്ടത്തിലും മുറ്റത്തും അടുക്കളയിലുമായി അവരുടെ മനസ്സുകൾ കൈമാറി. ശ്യാമയുടെ മനസ്സിനെ തന്നിലേക്ക് അടുപ്പിക്കുന്നതിനായി ഉപ്പും മുളകും മറ്റ് ഇൻഗ്രീഡിയൻസും ചേർത്തുള്ള വാർത്തകളും അവൾ സ്വയം നെയ്തെടുത്തിരുന്നു.

ഏതാനും ആഴ്ചകൾക്കു ശേഷമാണ് പിന്നീട് ഹരിപ്രിയ വന്നത്. ആ വരവും വെറും കൈയ്യോടെയായിരുന്നില്ല. ശ്യാമയും ഭർത്താവും ചെടികളുടെ സംരക്ഷണതയിലായിരുന്നു. ചെടികൾ കാറ്റിലും മഴയിലും ഒടിയാതിരിക്കാൻ കുറ്റിയടിച്ച് കെട്ടി ബലവത്താക്കുകയായിരുന്നു.

അവരുടെ മുന്നിലേക്ക് മധുരപലഹാരങ്ങളുടെ ബോക്സ് തുറന്നു പിടിച്ചു കൊണ്ടാണ് ഹരിപ്രിയ എത്തിയത്.

“എന്താ മോളെ ഇത്… ഇന്ന് നിന്‍റെ ബർത്ത് ഡേ ആണോ… അഞ്ജന ഒന്നും പറഞ്ഞില്ലല്ലോ?” ശ്യാമയാണ് തുടങ്ങിയത്.

“പിറന്നാൾ മധുരമല്ല. യൂണിവേഴ്സിറ്റി തലത്തിൽ നടത്തിയ സ്പോർട്സ് മത്സരത്തിൽ ഹൈ ജംപിലും ലോങ് ജംപിലും ഞാനാണ് ഫസ്റ്റ്. നാളെ പത്രത്തിൽ വാർത്തയും ഫോട്ടോയും ഉണ്ടാകും.

ആ വാക്കുകളിൽ സന്തോഷത്തിന്‍റെ ആധിക്യം ഇരമ്പി നിന്നു. ശ്യാമ അവളെ കെട്ടിപിടിച്ച് ഇരുകവിളിലും ചുംബിച്ച് കൺഗ്രാജുലേഷൻ പറഞ്ഞു. ഒപ്പം അയാളും അഭിനന്ദനം അറിയിച്ചു. അവൾ കൊണ്ടു വന്ന ബോക്സിൽ നിന്നും ലഡു എടുത്തു കൂട്ടുകാരിയുടെ വായിൽ അഭിനന്ദനത്തോടൊപ്പം വച്ചു കൊടുത്തു. ഹരിപ്രിയ തിരിച്ചും വല്യമ്മയേയും വല്യച്ഛനേയും മധുരം നുണയിപ്പിച്ചു. അവൾ കൊടുത്ത മധുരത്തെക്കാൾ മധുരമായിരുന്നു നിന്‍റെ വാക്കുകൾ എന്ന് ശ്യാമ ഓർമ്മപ്പെടുത്തി.

അഭിനന്ദനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയാണ് കൂട്ടുകാരി തിരിച്ചു പോയത്.

അഞ്ജനയും ഹരിപ്രിയയും പിന്നീട് ഒരുമിച്ച് വന്നത് മാർച്ച് എട്ടിനാണ്. വനിതാ ദിനത്തിൽ ക്ലാസ്സ് എടുക്കാൻ മഹിളാ സംഘങ്ങളിൽ പോകുന്നുണ്ടെന്ന് അഞ്ജന ശ്യാമയോട് പറഞ്ഞിരുന്നു. പുതിയ നൂറ്റാണ്ടുകളിലൂടെ വനിതകൾ എങ്ങനെ സഞ്ചരിക്കണം, അടുപ്പും കലവും കിടപ്പുമുറിയും മാത്രമാകരുത് സ്ത്രീയുടെ ലോകം. നമുക്കു മുന്നിൽ അടഞ്ഞു കിടക്കുന്ന വാതിലുകൾ ചവിട്ടി തുറക്കണം.

പുരുഷമേധാവിത്വത്തിനെതിരെയുള്ള പടയൊരുക്കമാണ് ക്ലാസ്സിലെ മുഖ്യവിഷയമെന്ന് ശ്യാമ അറിഞ്ഞിരുന്നു. അന്നേ ദിവസം ഉച്ചത്തിരിഞ്ഞാണ് അവർ വന്നത്. ഇരുവരും വരുമ്പോൾ അയാൾ വീട്ടിലില്ലായിരുന്നു. പുറത്ത് നിന്ന് അയാൾ വരുമ്പോൾ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു. വീട്ടിൽ ശ്യാമ തനിച്ചാകുമ്പോൾ മുൻവാതിലും പിൻവാതിലും അടച്ചിടുകയാണ് പതിവ്. താൻ വീട്ടിലുണ്ടെങ്കിൽ മാത്രമേ വാതിലുകൾ തുറന്നിടാറുള്ളൂ.

പടി കടന്നു വന്ന അയാൾ ശ്രവിച്ചത് ഭാര്യയുടെ കനത്ത ശബ്ദമായിരുന്നു. ഇത്രയും ഉച്ചത്തിലും ദൃഢതയിലും ഉള്ള വാക്കുകൾ ഭാര്യയിൽ നിന്നും അയാൾ ഒരിക്കലും കേട്ടിട്ടില്ല. എല്ലാം പോസിറ്റീവ് ആയി കാണുന്ന ശ്യാമയുടെ സ്വരം അകത്തളങ്ങളിൽ മാത്രമേ ജീവിക്കാറുള്ളൂ. ഭാര്യയുടെ ഹൈപിച്ചിലുള്ള സ്വരം അയാളെ അസ്വസ്ഥനാക്കാതിരുന്നില്ല.

മുറ്റത്ത് കിടന്ന ചെരുപ്പുകളിലൂടെ അയാൾ തെളിവെടുപ്പ് നടത്തി. അകത്ത് അഞ്ജനയും ഹരിപ്രിയയുമാണെന്ന് ഉറപ്പിക്കാൻ മറ്റൊരു തെളിവുകളും വേണ്ടി വന്നില്ല. ഭാര്യയുടെ നിശ്ചയദാർഢ്യസ്വരത്തിൽ ശ്രദ്ധയൂന്നി അയാൾ വീടിന്‍റെ ഓരത്തേക്ക് മുരടനക്കാതെ മാറി നിന്നു. അപ്പോഴും ശ്യാമയുടെ ശബ്ദം അലകളായി പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു.

“നിങ്ങൾക്ക് ആരിൽ നിന്നാണ് സ്വാതന്ത്യ്രം വേണ്ടത്. അച്ഛനിൽ നിന്നോ അതോ സഹോദരങ്ങളിൽ നിന്നോ അതോ നാളെകളിൽ ജീവിതപങ്കാളിയിൽ നിന്നോ? അവരുടെ ബലമുള്ള കൈത്തണ്ടകൾ നമുക്കു ചുറ്റും വിരിയുന്നത് അസ്വാതന്ത്യ്രത്തിന്‍റെതല്ല. സ്വാതന്ത്യ്രത്തിന്‍റെതാണ്. സംരക്ഷണയുടെതാണ്. നമ്മൾ നനയാതെ നടക്കാനുള്ള ഒരു കുട മാത്രമാണ് അത്. അതിന് ബന്ധനമെന്ന് മുദ്ര കുത്തണോ?

സ്വാതന്ത്യ്രം എന്ന് നിങ്ങൾ ഉദ്ദേശിക്കുന്നത് പക്ഷികളെയും മൃഗങ്ങളെയും പോലെ മനസ്സിനൊപ്പമുള്ള സഞ്ചാരമാണോ, നമ്മുടെ ശരീര ശാസ്ത്രം നമ്മൾ ഓരോരുത്തരും മനസ്സിലാക്കിയിരിക്കുന്നത് നന്ന്. ബലിഷ്ഠമായ കരങ്ങൾ നമുക്കു ചുറ്റും ഉണ്ടെന്ന് കാണുമ്പോൾ മനസ്സിന് കുളിർമ്മയല്ലേ വേണ്ടത്?”

ശ്യാമയുടെ വാക്കുകൾക്ക് കോപത്തിന്‍റെ ചൂടുണ്ടായിരുന്നു. കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ പരുന്തുകൾ ചേക്കേറുമ്പോൾ പൂവൻ കോഴിയുടെ ശീൽക്കാരശബ്ദവും തള്ള കോഴിയുടെ ചിറകുകളും രക്ഷാകവചങ്ങളാകുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആചാരങ്ങളും മൂല്യങ്ങളും സംരക്ഷിക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്.

ആത്മഗതം പോലെ ഒന്ന് നിർത്തി. മനസ്സിനെ സ്വയം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ശ്യാമ. യോഗയിലൂടെ മനസ്സിനെ പരുവപ്പെടുത്താൻ ശ്യാമ അഭ്യസിച്ചിരുന്നു. അതിന്‍റെ ഭാഗമായി ഏതാനും നിമിഷം കണ്ണടച്ചു നിശബ്ദമായി.

അഞ്ജനയും ഹരിപ്രിയയും ചൂണ്ടുവിരൽ മൂക്കിൽ അമർത്തി മുഖത്തോട് മുഖം നോക്കിയിരുന്നു.

ശ്യാമയുടെ ചുണ്ടുകൾ വീണ്ടും ചലിച്ചു. അയാളുടെ മനസ്സിൽ അടുത്ത വേലിയേറ്റ തിരകളിലായിരുന്നു പ്രതീക്ഷ.

മക്കളെ, നിങ്ങൾക്കറിയാമോ യൂറോപ്യൻ രാജ്യങ്ങളിൽ സ്ത്രീകൾക്കാണ് മുൻഗണന. പ്രായപൂർത്തിയായ മക്കളെ രക്ഷിതാക്കൾ സംരക്ഷിക്കാറില്ല. അവർ അവരുടെ ഇണയോടൊപ്പം കഴിയണം. അതിനു മുമ്പായി അവർ ഇണയെ കണ്ടിപിടിച്ചിരിക്കും.

ഇണയെ ജീവിതകാലം മുഴുവൻ സഹിക്കേണ്ടതില്ല. ഏതാനും ദിവസമോ, മാസമോ, വർഷത്തേക്കോ ആയിരിക്കും. അതിനിടെ പുതുമ നഷ്ടപ്പെട്ടു എന്ന് തോന്നിയാൽ പുതിയ പങ്കാളിയെ കണ്ടുപിടിക്കാം. അതിനാൽ അവരുടെ കുടുംബജീവിതത്തിന് ഭദ്രതയില്ല.

നമ്മുടെ സംസ്കാരം അതല്ല. സിന്ധു നദി തടസംസ്കാരം. ഏഷ്യൻ സംസ്കാരം. അച്‌ഛൻ, അമ്മ, മക്കൾ കൈകോർത്ത് ചങ്ങല കണ്ണികൾ പോലെ പോകുന്നു. അതാണ് കുടുംബം, മാനവികത.

യൂറോപ്യൻ സംസ്കാരത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ വല്യച്ഛൻ പറഞ്ഞു തരും. അവരോടൊപ്പം കുറെക്കാലം കഴിഞ്ഞ ആളാണ്.

ശ്യാമ കൂടുതൽ ശുദ്ധവായു കോരി കുടിച്ചു. മനസ്സിനും നിശ്വാസങ്ങൾക്കും കുളിരേകി.

ആചാരങ്ങളും മൂല്യങ്ങളും എക്കാലവും കാത്തുസൂക്ഷിക്കണമെന്ന് ഞാൻ പറയുന്നില്ല. ഒറ്റ ദിവസം കൊണ്ട് തൂത്തെറിയണോ? ഇന്നലത്തെ പത്രത്തിലെ വാർത്ത ഞാൻ വായിച്ചു. ചെറുകഥകളുടെ കുലപതി ടി. പദ്മനാഭന്‍റേതായിരുന്നു ആ കുറിപ്പ്.

ജീവിതം അടിച്ചു പൊളിക്കലാണെന്ന് വിശ്വസിക്കുന്നില്ല. വിശ്വാസങ്ങളും മൂല്യങ്ങളും കാലത്തിനൊത്ത് മാറിയിട്ടില്ലെന്നും ഇനിയും അവയെ മുറുകെപിടിക്കണമെന്നുമാണ് പറയുന്നത്. സ്ത്രീകളെ എന്നെ പോലെ ആരും ബഹുമാനിച്ചിട്ടില്ലെന്നും, സത്യം, ധർമ്മം, ദയ എന്നിവയിലാണ് ഞാൻ വിശ്വാസിക്കുന്നതെന്നും അദ്ദേഹം പറയുന്നു. യുവതലമുറയെ ഉദ്ദേശിച്ചാണ് ഇത്രയും പറഞ്ഞത്.

മനസ്സിലെ കാർമേഘങ്ങൾ പെയ്തു തീർന്നപ്പോൾ, പൊള്ളയായ മനസ്സുമായി ശ്യാമ അടുക്കളയിലേക്ക് എഴുന്നേറ്റ് നടന്നു. അല്പ സമയത്തിനുള്ളിൽ മൂന്നു ഗ്ലാസ്സ് ലൈം ജൂസുമായാണ് കടന്നു വന്നത്.

ശീതികരിച്ച മധുരപാനീയത്തിൽ നിന്നും കിട്ടിയ ഓജസ്സും കുളിർമയിലും തിരിച്ചു പോകാനായി എഴുന്നേറ്റ ഇരുവരെയും ചേർത്തു പിടിച്ച് ഇഷ്ടസിനിമ കണ്ടിറങ്ങുന്ന ലാഘനത്തോടെ ശ്യാമ പുറത്തേക്കാനയിച്ചു.

അഞ്ജനയുടെയും ഹരിപ്രിയയുടെയും മനസ്സിൽ മറ്റൊരു ചോദ്യ ചിഹ്നം തിളങ്ങുന്നുണ്ടായിരുന്നു. വല്ല്യമ്മയ്ക്ക് ക്ലാസ്സ് എടുക്കാൻ വന്നതാണോ അതോ വല്ല്യമ്മയുടെ ക്ലാസ്സ് അറ്റന്‍റ് ചെയ്യാൻ ആയിരുന്നുവോ?

വീടിന്‍റെ ഒരു വശത്ത് മറഞ്ഞു നിന്നിരുന്ന അയാൾ മറുവശത്തുകൂടി അവരുടെ മുന്നിലേയ്‌ക്ക് കടന്നുവന്നതും ഇരുവർക്കും ഗുഡ് ഈവനിംഗ് പറഞ്ഞതും ഒരുമിച്ചായിരുന്നു.

ഇരുവരും തിരിച്ചും വിഷിംഗ് ചെയ്യുന്നതോടൊപ്പം മുഖത്ത് സന്തോഷത്തിന്‍റെ ചിരി തേച്ചു പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

അയാളുടെ മനസ്സിൽ അപ്പോൾ തെളിഞ്ഞു വന്നത് പണ്ട് താൻ കണ്ടു മറന്ന സ്വപ്നമായിരുന്നു. പിടക്കോഴികൾ കൂകുന്ന നാളെകളെ…

തിരിച്ചുള്ള യാത്രയിൽ അടുത്ത വനിതാദിനത്തിൽ പ്രസംഗത്തിനുള്ള വരികൾ തേടുകയായിരുന്നു അഞ്ജനയും ഹരിപ്രിയയും.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 8

ഇതിനിടയിൽ നന്ദൻമാഷിനേയും കൊണ്ട് സുമേഷ് സിന്ദൂരത്തിലെത്തി. ശാന്തി ഒക്കത്ത് കൊച്ചുമോനെയും വച്ച് ഓടിവന്നു. അവൾ ഒരു കൈ കൊണ്ട് ഗേറ്റിന്‍റെ ഓടാമ്പലെടുത്ത് തുറന്നു കൊടുത്തു.

“താര ഓഫീസിൽ പോയോ?” കാറിൽ നിന്നിറങ്ങുമ്പോൾ സുമേഷ് ചോദിച്ചു.

“ഓ… ചേച്ചീ ഓഫീസിലേക്ക് ഇപ്പം സ്കൂട്ടറോടിച്ച് പോയതേ ഉള്ളൂ. ഞാൻ കിച്ചുമോന് പലഹാരം വായില് വച്ച് കൊടുക്കുകയായിരുന്നു.” സുമേഷ് ശാന്തിയുടെ ഒക്കത്തിരിക്കുന്ന മോന്‍റെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു

“എന്താ കുട്ടാ… നീ ഇപ്പോൾ എഴുന്നേറ്റതേ ഉള്ളോ? എഴുന്നേറ്റിട്ട് നീ ചീച്ചീ ഒഴിച്ചോ? പല്ലുതേച്ചോ?”

“എല്ലാം ചെയ്യിച്ചു സാർ. അവൻ കാലത്തെ കക്കുസിലും പോയ ശേഷമാണ് ഞാൻ കുളിപ്പിച്ചത്.”

“ഓ… അപ്പോൾ നീ മിടുക്കനായിപ്പോയല്ലോടാ കുട്ടാ… എന്നാ ശാന്തി ചെല്ല് അവന് ബ്രേക്ക്ഫാസ്റ്റ് മുഴുവൻ കൊടുക്ക്.”

“ശരി സാർ…” ശാന്തി അവനേയും കൊണ്ട് തിരിഞ്ഞു നടന്നു. അപ്പോഴാണ് സുമേഷ് അച്ഛന്‍റെ കാര്യം ഓർത്തത്. ഈ അച്ഛനെന്താ വീടെത്തിയിട്ടും കാറിൽ നിന്നും ഇറങ്ങാത്തത്? അച്ഛൻ അതും മറന്നു പോയോ? സുമേഷ് ആകാംക്ഷയോടെ കാറിനടുത്തെത്തി. ഡോർ തുറന്നു കൊടുത്തു കൊണ്ട് പറഞ്ഞു “അച്ഛനെന്താ… വീടെത്തിയ കാര്യം അറിഞ്ഞില്ലെ?”

“ഓ… വീടെത്തിയല്ലെ?… ഞാനത് ശ്രദ്ധിച്ചില്ല. എന്തോ ഓർത്തിരുന്നു പോയി.”

“ഈയിടെയായി അച്ഛന് സർവ്വത്ര മറവിയാണല്ലോ. അമ്മയെ മാത്രം ഓർമ്മയുണ്ട്.”

“ഇപ്പോഴാണ് ഞാനോർത്തത്. നീ സൗദാമിനി ഇവിടുണ്ടെന്നു പറഞ്ഞിട്ട് എവിടെ? ഞാൻ കാണുന്നില്ലല്ലോ?”

“അമ്മ അകത്തുണ്ടാവും അച്ഛാ… അച്ഛനിറങ്ങിയാട്ടെ…” നന്ദൻമാഷ് പതുക്കെ സുമേഷ് തുറന്നു പിടിച്ചിരുന്ന ഡോറിലൂടെ കാറിനു വെളിയിലിറങ്ങി. അയാൾ നടക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. വീഴാതിരിക്കാൻ അവിടവിടെ പിടിച്ചാണ് അയാൾ നടന്നത്. സുമേഷപ്പോൾ അച്ഛനോട് അമ്മയെക്കാണാത്തതിനെപ്പറ്റി എന്ത് കള്ളം പറയുമെന്ന് ആലോചിച്ചു കൊണ്ടിരുന്നു. സിറ്റൗട്ടിന്‍റെ സ്റ്റെപ്പുകൾ കയറാൻ തുടങ്ങിയ നന്ദൻമാഷ് അതിന്‍റെ കൈവരികളിൽ പ്പിടിച്ച് മെല്ലെ ക്കയറുന്നതിനിടയിൽ വീഴാൻ പോയി. അതു കണ്ട് സുമേഷ് അടുത്തു ചെന്നു പിടിച്ചിട്ടു പറഞ്ഞു.

“അച്ഛൻ ഇങ്ങനെ അനങ്ങാതെ വീട്ടിലിരിക്കുന്നതുകൊണ്ടാണ് നടക്കാനൊന്നും വയ്യാതാകുന്നത്. ഇടയ്ക്കെല്ലാം പണ്ടത്തെപ്പോലെ മുറ്റത്തിറങ്ങി നടക്കണം. അല്ലെങ്കിൽ ഈ പ്രായത്തിൽ കൈകാലുകളുടെ പ്രവർത്തനത്തെഅതു ബാധിക്കും. നടക്കാൻ വയ്യാതെ വീണ് എല്ലൊടിയാനും അതുമതി.”

സുമേഷ് അച്ഛന്‍റെ മുന്നിൽ തന്‍റെ വിജ്ഞാനം വിളമ്പി. അതു കേട്ട് നന്ദൻമാഷ് വിഷാദമഗ്നമായി പുഞ്ചിരിച്ചു… സത്യത്തിൽ ശാരീരികമായി തനിക്കനുഭവപ്പെടുന്ന ക്ഷീണവും മറ്റു പരിമിതികളും എങ്ങനെ മറികടക്കണമെന്ന് നന്ദൻമാഷിനും അറിയില്ലായിരുന്നു. ഇതിനിടയിൽ സുമേഷ് തന്‍റെ മുറിയിൽച്ചെന്ന് വേഷം മാറി വന്നിട്ട് ശാന്തിയെ വിളിച്ചു.

“ശാന്തി… എനിക്ക് പോകാൻ സമയമായി. നീ വേഗം എനിക്കുള്ള കാപ്പിയും പലഹാരങ്ങളും എടുത്തു വയ്ക്ക്.”

“ശരി സാറെ. കൊച്ച് എന്‍റെ കൈയ്യിലിരിക്കുന്നതുകൊണ്ടാ… അല്ലെങ്കിൽ നേരത്തേ എടുത്തുവച്ചേനെ.” അവൾ കിച്ചുമോനെ ഒക്കത്തു നിന്ന് താഴെ ഇറക്കിക്കൊണ്ടു പറഞ്ഞു.

നന്ദൻമാഷ് മുറിക്കകത്തു കടന്നു കസേരയിലിരുന്ന ഉടനെ സുമേഷിന്‍റെ രണ്ടു വയസ്സുള്ള മകൻ കിച്ചു പിച്ചവച്ചു നടന്നു വന്നു. നന്ദൻമാഷിന്‍റെ കൈയ്യിൽ പിടിച്ചു കൊണ്ട് അവൻ “അപൂപ്പാ” എന്നു വിളിച്ചു. അവന്‍റെ കൊഞ്ചൽനാദം നന്ദൻമാഷിന്‍റെ വിഷാദങ്ങളെ അകറ്റി. അദ്ദേഹം കിച്ചുവിനെ തന്നോടു ചേർത്തുപിടിച്ച് അവന് ഉമ്മ നൽകിക്കൊണ്ടു ചോദിച്ചു, “അപ്പൂപ്പന്‍റെ കൊച്ചുമോൻ എന്തു ചെയ്യുകയായിരുന്നു. മോൻ പാപ്പം കഴിച്ചോ? പാലു കുടിച്ചോ?”

“പാപ്പം കച്ചു. പാലു കുച്ചു…” അവൻ അപ്പൂപ്പനോട് ചേർന്നു നിന്ന് പാൽപ്പുഞ്ചിരി പൊഴിച്ചു. എന്നിട്ട് “എന്നെ എത്തോ… എത്തോ…” എന്നു പറഞ്ഞ് കൈകൾ പൊക്കി. അപ്പോൾ നന്ദൻമാഷ് അവനെ മടിയിലെടുത്തിരുത്തുവാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വിഷണ്ണനായി പറഞ്ഞു.

“അപ്പൂപ്പന് നിന്നെ എടുക്കാൻ വയ്യല്ലോടാ മോനെ. മോൻ പോയി കളിച്ചോ.അപ്പൂപ്പൻ ഇത്തിരിനേരം കിടക്കട്ടെ.” അവൻ അതു കേട്ട് പിച്ചവച്ച് അവിടെ നിന്നും നടന്നു പോയി. അവൻ ശാന്തിയുടെ അടുത്ത് ചെന്ന് പറഞ്ഞു. “അപ്പൂപ്പാ… വന്നു… ഒങ്ങാൻ പോയി…”

“ഓ… ഒങ്ങാൻ പോയോ… കിഴവന് എപ്പോഴും കിടന്നാൽ മതിയല്ലോ. ചുമ്മാ തീറ്റേം കിടപ്പും. ഇത്തിരി നേരം ഈ കൊച്ചിനെ നോക്കിയിരുന്നെങ്കി ഞാനെന്തെങ്കിലും പണി ചെയ്തേനെ.” സുമേഷിനുള്ള കാപ്പിയും ഇഡ്ഡലിയും മേശപ്പുറത്ത് എടുത്തു വയ്ക്കുന്നതിനിടയിൽ അവൾ പല്ലിറുമ്മിക്കൊണ്ടു പറഞ്ഞു.

സുമേഷ് ശുഭ്ര വസ്ത്രധാരിയായി മേശപ്പുറത്ത് വന്നിരുന്നു കൊണ്ടു പറഞ്ഞു.

“അച്ഛന് നീ ചായയും പലഹാരവും എടുത്ത് മേശപ്പുറത്ത് അടച്ചു വച്ചാൽ മതി അച്ഛൻ വിശക്കുമ്പോൾ വന്ന് എടുത്തു കഴിച്ചോളും.”

“ശരി സാറെ. അങ്ങേർക്ക് ചിലപ്പോ ആഹാരം കഴിക്കുന്ന കാര്യമൊന്നും ഓർമ്മയില്ല. ചിലപ്പോ ഞാൻ ചെന്ന് വിളിച്ചാ അങ്ങേര് എണീറ്റു വന്നു വല്ലതും കഴിക്കും. അല്ലെങ്കിൽ ചിലപ്പോ ചോദിക്കും, ഞാൻ അല്പം മുമ്പ് കാപ്പി കുടിച്ചില്ലേ? നീയല്ലേ എനിക്ക് എടുത്തു തന്നത് എന്ന്. അങ്ങേർക്ക് പലപ്പോഴും പലതും ഓർമ്മയില്ല സാറെ. ചിലപ്പോ എന്നെയും മോനെയുമൊന്നും ആലുവാമണപ്പുറത്തു വച്ചു കണ്ട പരിചയം പോലും ഇല്ലാതെയാ ഇരിക്കുന്നെ.അപ്പോ കണ്ടാ മറ്റേതോ ലോകത്താണെന്ന് തോന്നും. ഞാൻ എന്തു ചെയ്യാനാ സാറേ…”

“ശരി… ശരി… നീ ആഹാരം എടുത്തുവച്ചിട്ട് ഒരു പ്രാവശ്യം ചെന്നു പറഞ്ഞാ മതി. വേണോങ്കി വന്ന് എടുത്തു കഴിച്ചോളും.”

“ശരി സാറെ… അല്ലെങ്കിത്തന്നെ ഒരോരുത്തരുടെ പിറകേ നടക്കാൻ എനിക്കെവിടാ നേരം. എനിക്കാണെങ്കി ഇവിടെ കൊച്ചിനെ നോക്കുന്നതുൾപ്പെടെ പിടിപ്പതു പണിയൊണ്ട്. ഇത്രേം പണിയില്ലാത്തിടത്ത് വേറെ ചിലര് എന്നെ വിളിച്ചതാ. ശമ്പളവും കൂട്ടിത്തരാമെന്ന് പറഞ്ഞിരുന്നു…”

“ശരി… ശരി… നിനക്കാവുന്ന കാര്യങ്ങൾ ചെയ്താൽ മതി. ബാക്കി താര വന്നിട്ട് ചെയ്തോളും. പിന്നെ ശമ്പളം കൂടുതൽ വേണമെങ്കിൽ തരാം. എന്നാലും നീ ഇവിടെ നിന്ന് പോകരുത്. നീ പോയാൽ വേറെ ഒരാളെ കിട്ടുവാൻ വലിയ ബുദ്ധിമുട്ടാ…”

“അതു ശരിയാ സാറെ. ഓരോരുത്തര് വേലക്കാരെ അന്വേഷിച്ചു നടക്കുവാ എത്ര വേണമെങ്കിലും ശമ്പളം തരാമെന്ന് പറഞ്ഞ്…”

ഇതിനിടയിൽ കിച്ചു കൈയ്യെത്തിച്ച് അച്ഛന്‍റെ പ്ലേറ്റിൽ നിന്നും ഇഡ്ഡലി എടുക്കുവാൻ നോക്കുന്നുണ്ടായിരുന്നു. അവന്‍റെ കൈതട്ടി ചായ മറിഞ്ഞ് സുമേഷിന്‍റെ ഷർട്ടിൽ വീണു.

“അയ്യോ സാറെ. സാറിന്‍റെ ഷർട്ട് ചീത്തയായല്ലോ.”

“നീ അതും പറഞ്ഞ് നോക്കി നില്ക്കുകയാണോ? നീ വേഗം വന്ന് കൊച്ചിനെ എടുത്തേ. ഞാൻ ഷർട്ട് മാറ്റിയിട്ടു വരാം.”

“അയ്യയ്യോ… കിച്ചുക്കുട്ടാ… ചായ തട്ടിമറിച്ച് അച്ഛന്‍റെ ഷർട്ടിൽ വീഴ്ത്തിയല്ലേ? കൊച്ചുതെമ്മാടി…” എന്നു പറഞ്ഞവൾ കിച്ചുവിനെ കൊഞ്ചിച്ചു കൊണ്ട് എടുത്തു മാറ്റി. അപ്പോൾ സുമേഷ് കൈ കഴുകിയിട്ട് എഴുന്നേറ്റ് ബെഡ്റൂമിലേക്ക് പോയി. അയാൾ അലമാരിയിൽ നിന്നും മറ്റൊരു ഷർട്ട് ധരിച്ച് പുറത്തു വന്നു.

“ങാ… ശരി… ശാന്തി, ഞാൻ ബാങ്കിലേക്ക് പോവുകാ… നീ കിച്ചുവിനെ നന്നായി നോക്കണേ…”

“നോക്കാം സാറേ” അവൾ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. സുമേഷ് പതുക്കെ ചെന്ന് അച്ഛൻ മുറിയിൽ എന്തു ചെയ്യുകയാണെന്ന് നോക്കി. നന്ദൻമാഷ് മുറിയ്ക്കകത്ത് ഒന്നു കിടക്കുവാൻ വട്ടം കൂട്ടുകയായിരുന്നു.

എന്നാൽ തന്‍റെ മുറിക്കകത്തെത്തിയ ഉടനെ നന്ദൻമാഷിന് താൻ അത്രയും നേരം മറന്നിരുന്ന ഭാര്യയെ ഓർമ്മവന്നു. പെട്ടെന്ന് മുറിയിൽ നിന്നിറങ്ങി എല്ലാടത്തും തിരഞ്ഞു. എന്നാൽ എങ്ങും കാണാഞ്ഞ് ദുഃഖത്തോടും അല്പം ദേഷ്യത്തോടും കൂടി മകനോട് ആരാഞ്ഞു.

“എവിടെ സൗദാമിനി… അവളെ ഇവിടെങ്ങും കാണുന്നില്ലല്ലോടാ… അവൾ എവിടെപ്പോയി?”

“അച്ഛാ, അമ്മ അമ്പലത്തിൽ പോയിരിക്കുകയാണെന്ന് ശാന്തി ഇപ്പോൾ പറഞ്ഞു”

“ഓ… അതു ശരി… എങ്കിൽ അവൾ പോയിട്ടു വരട്ടെ. കേട്ടോ സുമേഷേ… ഒരു ദിവസം പോലും അമ്പലത്തി തൊഴാതെ അവൾക്ക് ഒറക്കം വരികയില്ല.” അച്ഛൻ സമാധാനപൂർവ്വം ബെഡ്റൂമിലേക്ക് നടക്കുന്നതു കണ്ടപ്പോൾ സുമേഷിന് ആശ്വാസമായി. തനിക്ക് അപ്പോൾ അങ്ങനെ പറയാൻ തോന്നിയത് നന്നായി എന്ന് അയാൾ ആലോചിച്ചു. എന്നിട്ട് പൂമുഖത്തെത്തി ശാന്തിയോട് വിളിച്ചു പറഞ്ഞു.

“ശാന്തി… ഈ വാതിലടച്ചോളൂ. ഞാൻ പോവുകയാ…” സുമേഷ് കാറെടുക്കാനായി കാർഷെഡ്ഡിലേക്കു നടക്കുമ്പോൾ ശാന്തി വന്ന് പൂമുഖ വാതിലടച്ച് അകത്തേക്കു പോയി. അല്പം കഴിഞ്ഞ് അവൾ കിച്ചുമോനെ തോളിലിട്ട് ഉറക്കാൻ തുടങ്ങി.

അവൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ അവൾ ബെഡ്റൂമിൽ കൊണ്ടുപോയി കിടത്തി. എന്നിട്ട് നന്ദൻമാഷിനുള്ള ചായയും ഇഡ്ഡലിയും എടുത്ത് മേശപ്പുറത്തു വച്ചു.

നന്ദൻമാഷിനെ വിളിക്കാനായി ചെന്നപ്പോൾ അദ്ദേഹം കണ്ണു തുറന്ന് കിടക്കുന്നതു കണ്ടു. അദ്ദേഹം ഏതോ കാഴ്ചകൾ കാണുന്നതു പോലെ ഇടയ്ക്കിടയ്ക്ക് പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

“ഈ മനുഷ്യന് പ്രാന്താണെന്നു തോന്നുന്നു. തനിയെ കിടന്നു ചിരിക്കുന്നതുകണ്ടില്ലേ? ഏതായാലും കാപ്പി കുടിക്കാൻ വിളിച്ചു നോക്കാം. വിശക്കുന്നെങ്കിൽ എഴുന്നേറ്റു വരട്ടെ.” അങ്ങനെ വിചാരിച്ച് ശാന്തി, നന്ദൻമാഷിനെ അല്പം ഉറക്കെ വിളിച്ചു.

“സാറെ… മേശപ്പുറത്ത് കാപ്പി എടുത്ത് വച്ചിട്ടുണ്ട്. സാർ എഴുന്നേറ്റു വന്നാട്ടെ.”

നന്ദൻമാഷ് ശബ്ദം കേട്ടിടത്തേക്ക് നോക്കി. ശാന്തി നില്ക്കുന്നതു കണ്ട് പറഞ്ഞു.

“ങാ… നീയായിരുന്നോ… ഞാൻ നേരത്തേ കാപ്പി കുടിച്ചതല്ലെ?”

“എപ്പോ സാറെ? സാർ ഇപ്പോൾ സുമേഷ് സാറിന്‍റെ കൂടെ പുറത്തു നിന്നും വന്നതല്ലെ ഉള്ളൂ. സുമേഷ്സാർ ചായ കുടിച്ചിട്ട് ബാങ്കിൽ പോയി. സാറും വന്നാട്ടെ.’“

“ഓ… ശരിയാണല്ലോ… ഞാനതു മറന്നു പോയി. നീ അവിടെ സൗദാമിനിയുണ്ടെങ്കി അവളോടും കാപ്പി കുടിക്കാൻ വരാൻ പറ. ഞങ്ങൾ ഒന്നിച്ചിരുന്നു കഴിച്ചോളാം. സുമേഷിന്‍റെ വീട്ടിൽ വരുമ്പോഴൊക്കെ ഞങ്ങടെ പതിവതാ.”

“സൗദാമിനിയോ… അതാരാ… സാറിന്‍റെ ഭാര്യയാണോ?”

“അതെ… നിനക്കറിയില്ല. അവൾ അമ്പലത്തീ പോയിരിക്കുകയാണെന്ന് സുമേഷ് പറഞ്ഞല്ലോ. ങാ… അവളിപ്പം വന്നു കാണും. നീ ചെന്നു വിളിക്ക്. അവള് മുറിയ്ക്കകത്ത് കാണും.”

“മുറിയ്ക്കകത്തോ. അവിടെങ്ങും ആരുമില്ല സാറേ.”

“പിന്നെവിടെ പോയി? സൗദാമിനി… സൗദാമിനി… നീയെവിടെപ്പോയി കിടക്കുവാ?”

നന്ദൻമാഷിന്‍റെ സ്വരം ഉച്ചത്തിലാവുന്നതും അതിൽ ദേഷ്യം കലരുന്നതും ശാന്തി ഭയത്തോടെ നോക്കിനിന്നു. പെട്ടെന്ന് അദ്ദേഹം മുറിയിൽ നിന്നും ഇറങ്ങി നടന്നു തുടങ്ങി. ഊണുമുറിയിലെത്തിയ നന്ദൻമാഷിന്‍റെ മുഖം കോപത്താൽ കത്തിജ്വലിക്കുന്നത്കണ്ട് അല്പം ഭയത്തോടെ ശാന്തി പറഞ്ഞു.

“അമ്മച്ചി ബാത്‌റൂമിലാണെന്നു തോന്നുന്നു സാറെ. സാറിവിടിരുന്ന് കഴിച്ചാട്ടെ. അമ്മച്ചി വരും.” അങ്ങനെ പറഞ്ഞ് അവൾ ഊണുമുറിയിലെ കസേര നീക്കിയിട്ട് നന്ദൻമാഷിനു കൊടുത്തു.

എന്നാൽ നന്ദൻമാഷ് “സൗദാമിനി ബാത്റൂമിലോ… എങ്കിൽ ഞാൻ നോക്കട്ടെ” എന്നു പറഞ്ഞ് ഓരോ മുറിയായി കയറി ഇറങ്ങുവാൻ തുടങ്ങി. പക്ഷെ അദ്ദേഹത്തിന് ബാത്റൂം എവിടെയാണെന്ന് കണ്ടുപിടിക്കാർ കഴിഞ്ഞില്ല. ബാത്റൂമാണെന്ന് കരുതി അടഞ്ഞു കിടന്ന ചില മുറികളുടെ വാതിലിൽ തട്ടി ഉറക്കെ വിളിച്ചു.

Novel: സമുദ്രമുഖം ഭാഗം- 37

ചൂടു പറക്കുന്ന മസാലച്ചായ ഊതിക്കുടിച്ച് തോമാച്ചന്‍റെ സിനിമാ അനുഭവങ്ങൾ കേൾക്കുകയായിരുന്നു ഞാൻ. ഒപ്പം എനിക്കു വേണ്ടി അയാൾ നടത്തിയ അന്വേഷണത്തിന്‍റെ വിവരങ്ങളും. തോമാച്ചനൊടൊപ്പം ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ അഭിനയിച്ചിരുന്ന ഒരു യുവനടനായിരുന്നു തോമാച്ചന്‍റെ അന്നത്തെ ഇര. ഇന്ന് ഒരു കോടിയിലേറെ പ്രതിഫലം മേടിക്കുന്ന ആ യുവ നടൻ ഒരിക്കൽ സിനിമാ ഷൂട്ടു കഴിഞ്ഞ് തിരികെ വീട്ടിൽ പോകാൻ പൈസയില്ലാതെ അഞ്ഞൂറ് രൂപക്കു വേണ്ടി കെഞ്ചിയത്രേ.

പ്രൊഡക്ഷനിൽ ഉള്ളവർ യഥാസമയം നല്കാത്തതിനാൽ ആ തുക സ്വന്തം പോക്കറ്റിൽ നിന്നാണ് തോമാച്ചൻ നല്കിയത്. പണം കിട്ടിയ സന്തോഷത്താലുള്ള യുവനടന്‍റെ വികാരപ്രകടനങ്ങൾ കണ്ടപ്പോൾ തോമാച്ചൻ ഒരു വേള ചിന്തിച്ചു പോയത്ര ഇയാൾ ഒരു നല്ല നടനാകുമെന്ന്.  ഇന്നയാൾ മലയാള സിനിമയിലെ മിന്നിത്തിളങ്ങുന്ന താരമായിരിക്കുന്നു. എന്നാൽ ആ നടനുമായി ബന്ധപ്പെട്ട ഒരു വിഷമവും തോമാച്ചന് പങ്കുവക്കാനുണ്ട്.

യുവനടൻ നായകനായ ഒരു ചിത്രത്തിൽ ഒരു വേഷം ചെയ്യാൻ പോയ തോമാച്ചനെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ തീർത്തും അവഗണിച്ചു കളഞ്ഞു. ഇതൊക്കെയാണ് മനുഷ്യരുടെ അവസ്ഥാന്തരങ്ങൾ എന്നാണ് തോമാച്ചൻ പറഞ്ഞു വക്കുന്നത്. ഒരു പുതിയ പദ്ധതിയും തോമാച്ചനുണ്ട്. സിനിമയിലെ അയാളുടെ അനുഭവങ്ങൾ കോർത്തിണക്കി ഒരു പുസ്തകം എഴുതണം. കുറെശെ എഴുതിത്തുടങ്ങി. എന്‍റെ സിനിമാനുഭങ്ങൾ എന്നാണ് പുസ്തകത്തിന്‍റെ പേര്.

യുവനടനുമായി ബന്ധപ്പെട്ട അനുഭവം തോമാച്ചന്‍റെ “എന്‍റെ സിനിമാനുഭങ്ങളിൽ” തീർച്ചയായും ഉണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. തോമാച്ചൻ പോകാനൊരുങ്ങി. അയാൾ എഴുതാൻ പോകുന്ന പുസ്തകത്തിന് എല്ലാ വിജയാശംസകളും നേർന്ന് പുറത്തിറങ്ങുമ്പോൾ സോഡ വിൽക്കുന്ന കടക്കു മുന്നിൽ അന്നത്തെ സായാഹ്നപ്പത്രം തൂങ്ങിക്കിടക്കുന്നതു കണ്ടു. അതു വാങ്ങി വെറുതെ മറിച്ചു നോക്കുമ്പോഴാണ് ആ വാർത്ത കണ്ണിൽപെട്ടത്.

കായലിൽ കണ്ട മൃതാവശിഷ്ടത്തിനു പിന്നിലെ ദുരൂഹതക്ക്‌ ചുരുളഴിയുന്നു. കൊലപാതകത്തിനു പിന്നിലുള്ള കറുത്ത കരങ്ങൾ അതിഥിത്തൊഴിലാളിയുടേതാണ് എന്നു സംശയിക്കുന്നു. ജോലി സ്ഥലത്തു വച്ചുള്ള വാക്തർക്കങ്ങൾക്കൊടുവിലുള്ള ക്രൂരകൃത്യമെന്ന്‌ സംശയം. തമ്മിലടിക്കുന്നത് കണ്ട സാക്ഷികളുണ്ട്. പ്രതി ഉടൻ പിടിയിലാവുമെന്ന് എഴുതിയിരിക്കുന്നു.

കൃത്യമായി പ്രതിയെ കണ്ടെത്തിയിട്ടില്ലെങ്കിലും ചിലപ്പോൾ ഇത്തരം വാർത്തകൾ വരാറുണ്ട്. പോലീസിന്‍റെ അറിവോടെ മാധ്യമങ്ങൾക്കു ലഭിക്കുന്ന വാർത്തകൾക്കു പിന്നിൽ ചില ശാസ്ത്രീയത ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അത്തരം വാർത്തകൾ പൂർണ്ണമായും സത്യമാകണമെന്നില്ല. എന്നിരുന്നാലും എനിക്ക് വലിയ നിരാശ തോന്നി. നിരാശ തിരതല്ലിയ മനസ്സോടെ ഞാൻ വീട്ടിലേക്കു നടന്നു. കാരണം ആ കൊലപാതകത്തിനു പിന്നിലെ സംഭവ പരമ്പരകളിലേക്ക് വെളിച്ചം വീശുന്ന വസ്തുതകൾ മിക്കവാറും ഞാൻ കണ്ടെത്തിയിരുന്നു.

പുലർച്ചെ യാത്ര തിരിച്ചതാണ്. ഈയൊരു യാത്രക്കായി രണ്ടു ദിവസമായി തയ്യാറെടുപ്പിലായിരുന്നു. ചങ്ങലയിലെ ചില കണ്ണികൾ ദുർബലമാണ് അതു ശക്തിപ്പെടുത്തണം അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കണം. യാത്ര…

കായലിനെയും പാറക്കൂട്ടങ്ങളെയും തെങ്ങിൻ തലപ്പുകളെയും പിറകോട്ടു തള്ളിയ ട്രെയിൻ യാത്ര. തുടർന്ന് വയസ്സായ തമിഴന്മാർ വലിക്കുന്ന റിക്ഷവണ്ടിയിൽ. പിന്നെ കാൽനടയായി ചെളിമണ്ണു നിറഞ്ഞ മുൾച്ചെടിത്തലപ്പു ള്ള പാതയോരങ്ങളിലൂടെ യാത്ര… ഒടുവിൽ ലക്ഷ്യം കണ്ടു. മറ്റൊരു ഭൂമികയിലേക്ക്‌, യാത്രകൾ അവസാനിക്കുന്നില്ല. കൂടണയും വരെ യാത്ര. കൂടണഞ്ഞശേഷം യാത്രയുണ്ടോ? യാത്രകളിൽ പ്രകൃതി മാറുന്നു മനുഷ്യമുഖങ്ങൾ മാറുന്നു. എല്ലാവിടെയും അനാദിയായ കാലം മാത്രം താളം കെട്ടി നില്കുന്നു.

തിരിച്ചു വീടെത്തുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു. നേരിയ ചൂടുവെള്ളം ശരീരത്തെ ബാധിച്ച യാത്രാ ക്ഷീണത്തെ തീർത്തും അവശേഷിപ്പിക്കാതെ കഴുകിതുടച്ചെടുത്തു. ഇളം ചൂടുള്ള ചപ്പാത്തിക്കും എരിവുള്ള ചിക്കൻ കറിയും കഴിച്ച് ബാൽക്കണിയിൽ നിൽക്കുമ്പോൾ കഥന സ്വഭാവമുള്ള സംഭവപരമ്പരകൾ മനസ്സിൽ അടുക്കടുക്കായി രൂപം കൊള്ളുകയായിരുന്നു.

ആ സംഭവ പരമ്പരകളുടെ എന്നിലൂടെയുള്ള തുടക്കം ഈ ബാൽക്കണിയിൽ നിന്നുള്ള ദൂരക്കാഴ്ചയിലൂടെയാണല്ലോ? കായലിനെ തഴുകിത്തലോടിയ ഇളങ്കാറ്റ്. കാറ്റിനെ തണുപ്പിച്ച് അയക്കുന്ന കായൽ. അവിടെയാണ് മനുഷ്യ ശരീരം കണ്ടത്.

പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും കായലിൽ ചുഴികൾ രൂപപ്പെട്ടു കാണാറുണ്ട്. സൂചന കണ്ടാൽ അവയിൽ നിന്നും മാറി സഞ്ചരിക്കുന്നതാണ് ഉചിതം. കായലാഴങ്ങളിലേക്ക് വലിച്ചെടുക്കുന്ന അത്തരം ചുഴികൾ പ്രകൃതിദത്തമാണ്. മുൻവഴിയിൽ ചുഴിയാണെന്നറിഞ്ഞിട്ടും നിസ്സഹായരായി അവയിൽ ചെന്നുപെടുന്നവരുണ്ട്. പെട്ടാൽ ഒരു തിരിച്ചുവരവ് അസാധ്യമാക്കുന്ന തിരിച്ചുഴികൾ. മനുഷ്യൻ സൃഷ്ടിക്കുന്ന ചുഴികളുണ്ട്. മറ്റുള്ളവരെ കുടുക്കാനായി ഒരുക്കുന്ന ചുഴികളുണ്ട്. മറ്റുള്ളവർക്കായി ചുഴിയൊരുക്കി സ്വയം ചുഴിയിൽ പെട്ട് അപ്രത്യക്ഷമാകുന്നവരുണ്ട്.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 7

പിറ്റേന്ന് നന്ദൻമാഷ് അമ്മാവനോടൊപ്പം പെണ്ണുകാണാനിറങ്ങുമ്പോൾ ഭാരതീയമ്മ കൈകൂപ്പി പ്രാർത്ഥിച്ചു. “എന്‍റെ മുല്ലക്കൽഭഗവതീ… ഇത്തവണയെങ്കിലും ഇവനാ പെണ്ണിനെ പിടിക്കണേ… ഈ കല്യാണം നടന്നാൽ ഞാൻ അമ്പലത്തിൽ ചുറ്റുവിളക്കും, നിറമാലയും, പായസവും കഴിച്ചോളാമേ…”

“എന്താണമ്മേ ഇത്… ഭഗവതിയാണോ ഞാനാണോ പെണ്ണിനെ ഇഷ്ടപ്പെടേണ്ടത്.” നന്ദൻമാഷ് കളിയാക്കി

“നീ തന്നെ. പക്ഷെ അതിന് ഭഗവതി തുണയ്ക്കണമല്ലോ.”

“ങാ… വേഗമാകട്ടെ. പന്ത്രണ്ടു മണിക്ക് രാഹുകാലം തുടങ്ങുന്നതിനു മുൻപ് അവിടെ എത്താമെന്നാണ് പറഞ്ഞിരുന്നത്.” മുകുന്ദൻ മേനോൻ ധൃതികൂട്ടി. നന്ദൻമാഷ് അമ്മയെ നോക്കി ചിരിച്ചു കൊണ്ട് കാറിൽ ചെന്നു കയറി.

കാറിലിരിക്കുമ്പോൾ നന്ദൻമാഷിന്‍റെ മനസ്സു ശൂന്യമായിരുന്നു. പക്ഷെ മനസ്സിന്‍റെ ഏതോ കോണിൽ നനുത്ത ഒരാഹ്ലാദം തുടികൊട്ടിയിരുന്നു. ഈ കാണാൻ പോകുന്ന പെണ്ണ് തന്‍റെ ജീവിത സഖിയാകുമെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നതു പോലെ.

കാർ കൈതാരത്തു തറവാടിന്‍റെ പടി കടക്കുമ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. മുറ്റത്ത് മാധവമേനോൻ ഭാര്യയോടൊത്ത് നിന്നിരുന്നു.

“അല്ലാ… നിങ്ങൾ വിചാരിച്ചതിലും നേരത്തേ എത്തിയല്ലോ…” മാധവമേനോൻ അവരെ സ്വാഗതം ചെയ്തു.

“ശുഭസ്യ ശീഘ്രം എന്നല്ലേ?” മുകുന്ദൻ മേനോൻ പുഞ്ചിരിയോടെ ചോദിച്ചു.

“വരൂ… വരൂ നമുക്ക് അകത്തേക്കിരിക്കാം.” മാധവമേനോൻ അവരെ സ്വാഗതം ചെയ്തു. പൂമുഖത്ത് നിരത്തിയിട്ടിരുന്ന സെറ്റിയിൽ അവർ ഇരുന്നു. കുശലപ്രശ്നങ്ങൾക്കു ശേഷം മുകുന്ദൻമേനോൻ പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. നന്ദൻമാഷിന്‍റെ ഹൃദയവും അപ്പോൾ എന്തിനെന്നറിയാതെ തുടിക്കുകയായിരുന്നു…

അല്പം കഴിഞ്ഞ് നമ്രമുഖിയായി അവൾ എത്തി കർട്ടനു പിറകിൽ മറഞ്ഞു നിന്ന അവളോട് മുകുന്ദൻ മേനോൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “അവിടെ നിന്നാലെങ്ങനെയാ ഞങ്ങൾക്ക് പെൺകുട്ടിയെ കാണണ്ടേ…”

അതുകേട്ട് മാധവമേനോൻ പറഞ്ഞു, “മോൾ ഇങ്ങോട്ട് നീങ്ങിനിന്നോളു. എല്ലാവരും കാണട്ടെ.” അല്പം ലജ്ജയോടെ അവൾ കർട്ടനുപിറകിൽ നിന്നും മുന്നിലേക്കു നീങ്ങിനിന്നു. നീണ്ടു മെലിഞ്ഞ് മഞ്ഞൾക്കൊടി പോലെയുള്ള അവൾ ചായക്കപ്പുകൾ നിറഞ്ഞ കൈയ്യിലെ ട്രേ ഓരോരുത്തരുടെ മുന്നിലേക്ക് നീട്ടി. നന്ദൻമാഷിന്‍റെ മുന്നിലെത്തിയപ്പോൾ ആ കണ്ണുകൾ തമ്മിൽ ഒരു നിമിഷം ഇടഞ്ഞു. ഏതോ വിദ്യുത്പ്രവാഹം ശരീരത്തിലൂടെ പാഞ്ഞു പോകുന്നതായി നന്ദൻമാഷിനു തോന്നി.

“മോൾ ഇവരെയൊന്നും അറിയില്ലായിരിക്കും. ഇത് തേവയ്ക്കലെ മുകുന്ദൻമേനോൻ. ഇത് അദ്ദേഹത്തിന്‍റെ അനന്തരവൻ നന്ദൻമാഷ്.” മാധവമേനോൻ മകളെ പരിചയപ്പെടുത്തി.

ആ കണ്ണുകൾ നന്ദൻമാഷിന്‍റെ മുഖത്തു തന്നെ തറഞ്ഞു നിന്നു. ശാലീനത തുടിക്കുന്ന ആ മുഖത്തെ നീണ്ടിടം പെട്ട കണ്ണുകളുടെ സൗന്ദര്യവും സൗമ്യതയും നന്ദൻമാഷിന്‍റെ ഹൃദയത്തിലുടക്കി. മുകുന്ദൻ മേനോൻ പേരു ചോദിച്ചപ്പോൾ അവൾ പറഞ്ഞു, “സൗദാമിനി.”

“മിനി എന്ന് ഞങ്ങൾ വിളിക്കും” മാധവ മേനോൻ പറഞ്ഞു. മണികിലുങ്ങുന്നതു പോലെയുള്ള ആ സ്വരം ഒരു തേൻ തുള്ളിയായി നന്ദൻമാഷിന്‍റെ ഹൃദയത്തിൽ വീണു. നീണ്ടിട്ടതൂർന്ന കേശഭാരം അവളുടെ സൗന്ദര്യം ഇരട്ടിപ്പിച്ചു.

അന്ന് അവിടെ നിന്നു തിരിച്ചു പോരുമ്പോൾ “ഇത് തന്നെ എന്‍റെ പെണ്ണ്.” ആ ഹൃദയം മന്ത്രിച്ചു. പോരുമ്പോൾ അവർ പെണ്ണിന്‍റെ ജാതകവും കൂടി കൈയ്യിൽ കരുതിയിരുന്നു. വീട്ടിലെത്തിയയുടനെ അമ്മയുടെ അന്വേഷണത്തിന് നന്ദൻമാഷ് പറഞ്ഞു.

“എനിക്ക് പെണ്ണിനെ വളരെ ഇഷ്ടപ്പെട്ടു. എനിക്കിനി വേറെ പെണ്ണ് അന്വേഷിക്കണ്ട അമ്മേ.”

പിന്നീട് ഭാരതിയമ്മ കിട്ടുക്കണിയാരെക്കൊണ്ട് ജാതകം നോക്കിച്ചപ്പോൾ അതിൽ ദോഷങ്ങൾ കണ്ടു. ഈ വിവാഹം വേണോ എന്ന അമ്മയുടെ ആശങ്കയ്ക്കുമുന്നിൽ നന്ദൻമാഷ് തനിക്കീ പെണ്ണിനെത്തന്നെ മതി എന്ന് ഉറച്ചു നിന്നു. “എന്‍റെ പെണ്ണ് ഇതു തന്നെ അമ്മേ. ഈ ജീവിതത്തിൽ ഒരു വിവാഹമുണ്ടെങ്കിൽ അതിവളെ മാത്രം.” ജാതകത്തിൽ ദോഷങ്ങളുണ്ടായിട്ടും നന്ദൻമാഷിന്‍റെ പിടിവാശി മൂലം ആ വിവാഹം തീരുമാനിക്കപ്പെട്ടു.

പിറ്റേന്ന് സ്ക്കൂളിലെത്തിയ നന്ദൻമാഷ് ആ വാർത്ത കേട്ടു ഞെട്ടി.

ഹേമാംബിക ടീച്ചർ കുഴഞ്ഞു വീണു എന്ന വാർത്തയാണ് നന്ദൻമാഷ് സ്ക്കൂളിലെത്തിയ ഉടനെ കേട്ടത്. അതിന്‍റെ കാരണമറിയാതെ നന്ദൻമാഷുൾപ്പെടെ ഹേമാംബികയുടെ സുഹൃത്തുക്കൾ എല്ലാം വിഷമിച്ചു. അദ്ധ്യാപകർക്കിടയിൽ ആ വാർത്ത പെട്ടെന്നു പരന്നു. അതോടെ കഥകൾ പലതും കാട്ടുതീ പോലെ പരന്നു. അവയിൽ പലതും കെട്ടുകഥകളായിരുന്നു. ഹേമാംബിക ടീച്ചറിന് എന്തോ കഠിനരോഗമുണ്ടെന്നാണ് അവരിൽ ചിലർ പറഞ്ഞു പരത്തിയത്.

എന്നാൽ അന്ന് രാവിലെ ഏറെ സന്തോഷവതിയായാണ് ഹേമാംബിക സ്ക്കൂളിലെത്തിയത്. ഇന്നെങ്കിലും എല്ലാം നന്ദൻമാഷിനോട് പറയണമെന്ന് അവൾ തീരുമാനിച്ചുറച്ചിരുന്നു. അതനുസരിച്ച് അന്ന് ഉച്ചയ്ക്ക് ഇന്‍റർവെൽസമയത്ത് അവൾ രാജേശ്വരി ടീച്ചറിനെ സ്റ്റാഫ് റൂമിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു.

“ടീച്ചർ, എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“എന്താണ് ടീച്ചർ… എന്താണെങ്കിലും നമുക്ക് പുറത്തുനിന്നു സംസാരിക്കാം.” അവർ ഇരുവരും കൂടി പുറത്തേക്കിറങ്ങി. പുറത്തെ മാവിൻ ചുവട് കുട്ടികളുടെ കലപില ശബ്ദത്താൽ മുഖരിതമായിരുന്നു. ഒഴിഞ്ഞ ഒരിടം തേടി അവർ നടന്നു. ഒടുവിൽ സ്ക്കൂൾ മൈതാനത്തിന്‍റെ ഒഴിഞ്ഞ കോണിലെ ബാഡ്മിന്‍റൺ കോർട്ടിൽ അവർ ചെന്നിരുന്നു. മൈതാനത്തിനു പുറത്ത് കാട്ടുകൊന്നയും വാകയും പൂത്തു നിന്നിരുന്നു. അതിൽ നിന്നും പൂക്കൾ കൊഴിഞ്ഞ് കോർട്ടിൽ വീണു കിടന്നു. അതിൽ നിന്നും ഒരു പൂവെടുത്ത് മണപ്പിച്ചു കൊണ്ട് ഹേമാംബിക പറഞ്ഞു തുടങ്ങി.

“നിനക്കറിയുമോ രാജി, ഇന്നലെ എന്‍റെ വിവാഹക്കാര്യത്തെപ്പറ്റി അമ്മ നിർബ്ബന്ധിച്ചപ്പോൾ അമ്മയോട് ഞാൻ നന്ദൻമാഷിനെപ്പറ്റി സംസാരിച്ചു. മാഷിന്‍റെ കുടുംബപ്പേരും അമ്മയുടെ പേരും പറഞ്ഞപ്പോൾ അമ്മയ്ക്ക് അറിയാമെന്നു പറഞ്ഞു. അവർ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബക്കാരാണെന്നും നമ്മളെക്കാൾ ഉയർന്ന ജാതിക്കാരാണെന്നും അമ്മ തടസ്സം പറഞ്ഞു.” ഹേമാംബിക അത്രയും പറഞ്ഞപ്പോൾ രാജി ടീച്ചർ പറഞ്ഞു.

“നാട്ടിലെ പേരു കേട്ട കുടുംബമാണ് നന്ദൻമാഷിന്‍റേതെന്ന് എല്ലാവർക്കും അറിവുള്ളതല്ലേ. നല്ല സാമ്പത്തികശേഷിയുള്ള നായർ കുടുംബത്തിലെ ഏക സന്തതിയാണെന്നും. നീയെന്താ ഹേമേ ഇതെല്ലാം പുതിയ കാര്യം പോലെ പറഞ്ഞു തുടങ്ങുന്നത്?”

“അതല്ല… ഞാൻ പറയുന്നത് മുഴുവൻ നീ കേൾക്ക്. ഞാൻ ഇതെല്ലാം എന്‍റെ അമ്മയ്ക്കും അറിയാവുന്ന കാര്യങ്ങളാണെന്നാ പറഞ്ഞത്. നന്ദൻമാഷിനെ എനിക്കിഷ്ടമാണെന്നു പറഞ്ഞപ്പോൾ അമ്മ ഇക്കാരണങ്ങൾ കൊണ്ട് ആദ്യമെതിർത്തു. പിന്നെ എനിക്ക് ഒരു ഭർത്താവുണ്ടാകുന്നെങ്കിൽ അത് നന്ദൻമാഷ് മാത്രമായിരിക്കുമെന്ന് പറഞ്ഞതോടെ അമ്മ വഴങ്ങി… മരിക്കും മുമ്പ് എന്‍റെ വിവാഹം നടന്നു കാണണമെന്നതാണ് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹം നടന്നു കാണാൻ വേണ്ടി അമ്മ എന്‍റെ ആഗ്രഹത്തിന് കൂട്ടുനില്ക്കാമെന്ന് പറഞ്ഞു. അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കാമെന്നും സമ്മതിച്ചു. പിന്നെ ഇന്നു തന്നെ ഞാൻ എല്ലാം നന്ദൻമാഷിനോട് തുറന്നു പറഞ്ഞ് ആ മനസ്സറിയണമെന്നും അമ്മ പറഞ്ഞു. ആ സന്തോഷത്തിലാണ് ഞാൻ ഇന്ന് സ്ക്കൂളിലേക്കു വന്നിരിക്കുന്നത്.”

“ഞാൻ ഇന്നുതന്നെ നന്ദൻമാഷിനോട് എല്ലാംതുറന്നു പറയുവാൻ പോവുകയാണ് രാജി. ഇനിയും കാത്തിരുന്നാൽ എനിക്കദ്ദേഹത്തെ നഷ്ടമാകുമെന്ന് തോന്നുന്നു.”

പെട്ടെന്ന് രാജലക്ഷ്മിയുടെ മുഖo വിവർണ്ണമായി. അവൾ വിക്കി വിക്കിപ്പറഞ്ഞു. “ഹേമേ… നിന്നോടിതെങ്ങനെ പറയുമെന്നോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ. ഞാൻ ഇന്നു രാവിലെയാണ് ആ വാർത്തകേട്ടത്.”

“വാർത്തയോ… എന്തു വാർത്ത?”

“അത്… അത്… നന്ദൻമാഷ്… മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത… നീ വിഷമിക്കരുത്… നിനക്കദ്ദേഹത്തെ വിധിച്ചിട്ടില്ലെന്നോർത്ത് സമാധാനിക്ക്…” അവൾ അത്രയും പറഞ്ഞത് ഹേമയുടെ മുഖത്തു നോക്കാതെയാണ്.

രാജലക്ഷ്മി തിരിഞ്ഞു നോക്കുമ്പോൾ ഹേമ ബോധശൂന്യയായി പുറകോട്ടു മറിയുന്നതാണ് കണ്ടത്. അവൾക്ക് എന്തു ചെയ്യണമെന്ന് അറിയാതെയായി. അവൾ ഓടിച്ചെന്ന് അല്പം അകലെ ഫുട്ബോൾ കോർട്ടിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരുന്ന കുട്ടികളോടു പറഞ്ഞു. അവരിൽ ചിലർ വെള്ളവുമായി ഓടി വന്നു. മുഖത്തു വെള്ളം തളിച്ചപ്പോൾ ഹേമാംബിക കണ്ണുതുറന്നു.

“ടീച്ചർ… ടീച്ചർ… എന്തുപറ്റി? ഹോസ്പിറ്റലിൽ പോണോ?” കുട്ടികൾ പരിഭ്രാന്തരായി ചോദിച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് പരിസരബോധം വന്ന ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ നിസ്സഹായതയോടെ രാജലക്ഷ്മിയെ നോക്കി. അതു കണ്ട് കുട്ടികൾ പലരും അമ്പരപ്പോടെ നിന്നു.

“സാരമില്ല… ഹേമാംബിക ടീച്ചറിനൊന്നുമില്ല… നിങ്ങൾ ക്ലാസ്സിൽ പൊക്കോളൂ…” രാജലക്ഷ്മി കുട്ടികളെ തിരിച്ചയയ്ക്കുവാൻ ശ്രമിച്ചു. എന്നാൽ ഹേമാംബികയോട് ഇഷ്ടമുണ്ടായിരുന്ന വിദ്യാർത്ഥികളിൽ പലരും മടങ്ങിപ്പോകാതെ നിന്നു. “ടീച്ചറിനെ ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ട് പോകാം വരൂ… ടീച്ചർ…” എന്നു പറഞ്ഞ് നിർബ്ബന്ധപൂർവ്വം എത്തി. അപ്പോഴേക്കും കുറെപ്പേർ സ്ക്കൂളിന് പുറത്തുപോയി ഒരു ടാക്സിയുമായി മടങ്ങിവന്നു.

“വേണ്ട എനിക്കൊന്നുമില്ല… നിങ്ങൾ ക്ലാസ്സിൽ പൊക്കോളു.” എന്ന് ഹേമാംബിക ജാള്യതയോടെ പറഞ്ഞിട്ടും കുട്ടികൾ മടങ്ങിപ്പോയില്ല. അവരുടെ പിടിവാശിക്കു മുന്നിൽ പിന്നെ മറ്റു പോം വഴിയില്ലാതെ ഹേമാംബികയെയും കൊണ്ട് രാജലക്ഷ്മി കാറിൽ കയറി.

ഹോസ്പിറ്റലിൽ ഡോക്ടർ പരിശോധിച്ച് ഹേമാംബികക്ക് ചില വൈറ്റമിൻ ഗുളികകൾ എഴുതിക്കൊടുത്തു. അദ്ധ്വാനഭാരം കൂടിയിട്ടാകാം ഹേമാംബികക്ക് തലക്കറക്കം വന്നത് എന്നാണ് ഡോക്ടർ ആദ്യരോഗ നിർണ്ണയം നടത്തിയത്. കൂടുതൽ പരിശോധനയ്ക്കായി അദ്ദേഹം എഴുതിക്കൊടുക്കുകയും ചെയ്തു.

അന്ന് മുഴുവൻ നിരീക്ഷണത്തിനായി ഹോസ്പിറ്റലിൽ കിടത്തി. എന്നാൽ തനിക്ക് രോഗമൊന്നുമില്ലെന്ന് അറിയാവുന്ന ഹേമാംബിക അന്ന് വൈകുന്നേരംതന്നെ ഡിസ്ചാർജ് വാങ്ങിപ്പോന്നു. രാജലക്ഷ്മി അവളെ വൈകുന്നേരം വീട്ടിൽ കൊണ്ടുപോയാക്കി.

വീട്ടിൽ മറ്റാരേയും ഇതറിയിക്കേണ്ടന്ന് രാജലക്ഷ്മിയെ ഹേമാംബിക ചട്ടം കെട്ടി. ഹോസ്പിറ്റലിൽ വച്ചും പിന്നീട്ട് വീട്ടിലെത്തിയിട്ടും ഹേമാംബിക കരഞ്ഞു കൊണ്ടിരുന്നു. രാജലക്ഷ്മി ടീച്ചറിന്‍റെ സാന്ത്വനവചനങ്ങൾ ഒന്നും ഹേമാംബികയുടെ ദുഃഖം ശമിപ്പിച്ചില്ല.

പിറ്റേന്ന് ലീവെടുത്ത് അവൾ വീട്ടിൽ കുത്തിയിരുന്നു. കാരണമന്വേഷിച്ച വീട്ടുകാരോട് നല്ല സുഖമില്ല എന്നു മാത്രം പറഞ്ഞു. നീലാംബിക ഹേമയെ തൊട്ടു നോക്കിയിട്ട് “ചേച്ചിക്ക് നല്ല പനി” ഉണ്ടെന്നു പറഞ്ഞു. സത്യത്തിൽ അവൾക്ക് നല്ല പനി ഉണ്ടായിരുന്നു. പക്ഷെ ആ പനി അഗാധമായഹൃദയ വേദനയുടെ തീച്ചൂടിൽ നിന്നുണ്ടായതാണെന്ന് രാജലക്ഷ്മിയല്ലാതെ മറ്റാരും അറിഞ്ഞില്ല.

പിന്നീട് മൂന്നുമാസത്തോളം അവൾ ചിക്കൻ പോക്സ് വന്ന് കിടപ്പിലായി. മറ്റാരും നോക്കാനില്ലാത്തതിനാൽ രാജലക്ഷ്മി സ്ക്കൂളിൽ നിന്നും ലീവെടുത്ത് പകലെല്ലാം അവളെ ശുശ്രൂഷിച്ചു. വൈകുന്നേരം നീലാംബരിയും കിങ്ങിണി മോളും ആ കൃത്യം ഏറ്റെടുത്തു. ഹേമാംബികക്കു വേണ്ടി നന്ദൻമാഷിനോട് സംസാരിക്കാമെന്ന് രാജലക്ഷ്മി പറഞ്ഞിട്ടും ഹേമാംബിക സമ്മതിച്ചില്ല. “നന്ദൻമാഷിനെ തനിക്കു വിധിച്ചിട്ടില്ല” എന്നു മാത്രം പറഞ്ഞു അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പിന്നീട് അവൾ സ്ക്കൂളിലെത്തിയപ്പോഴെക്കും നന്ദൻമാഷിന്‍റെ വിവാഹം കഴിഞ്ഞിരുന്നു.

നന്ദൻമാഷിനെക്കാണുമ്പോഴെല്ലാം ഹൃദയ വേദനയാൽ കുനിഞ്ഞ ശിരസ്സോടെ അവൾ ഒഴിഞ്ഞുമാറി. ഇതിനിടയിൽ കാലങ്ങൾ അവർക്കിടയിലൂടെ അതിവേഗതയിൽ കുതിച്ചുപാഞ്ഞു കൊണ്ടിരുന്നു… നന്ദൻമാഷ് രണ്ടു കുട്ടികളുടെ അച്ഛനായി.

ഹേമാംബികയ്ക്കാവട്ടെ സഹോദരങ്ങളിൽ നീലാംബരിയും കിങ്ങിണി മോളും പഠിച്ച് മിടുക്കരായി. നീലാംബരി കോളേജിൽ ലക്ചററാവുകയും, കാദംബരി എന്നു പേരുള്ള കിങ്ങിണി മോൾ എൻജീയറിങ് പാസ്സാകുകയും ചെയ്തു. മണിക്കുട്ടൻ ഹേമാംബിയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധത്താൽ കഞ്ചാവടിയെല്ലാം ഉപേക്ഷിച്ച് പോളിടെക്നിക് പാസ്സാകുകയും ഗവൺമെന്‍റ് സർവ്വീസിൽ ഒരു ജോലി നേടുകയും ചെയ്തു.

സഹോദരങ്ങളെല്ലാം ഒരു നിലയിൽ എത്തുകയും നീലാംബരിയുടേയും കിങ്ങിണി മോളുടേയും വിവാഹം കഴിയുകയും ചെയ്തതോടെ ഹേമാംബികയും വിവാഹത്തിന് നിർബ്ബന്ധിക്കപ്പെട്ടു. സർക്കാർ ജോലിയുള്ള ബാലഗംഗാധരന്‍റെ ആലോചന വന്നപ്പോൾ അമ്മ അവളെ നിർബ്ബന്ധിച്ചു, “നീ ഇനി ഇങ്ങനെയിരുന്നാൽ ശരിയാവുകയില്ല ഹേമേ, നിന്‍റെയും കൂടി വിവാഹം കണ്ടിട്ടു വേണം എനിക്കു മരിക്കാൻ.”

അമ്മയുടെ നിർബ്ബന്ധം സഹിക്കവയ്യാതെ ആയപ്പോൾ ഹേമാംബിക വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ അവൾ ഏജീസ് ഓഫീസിൽ സീനിയർ എക്കൗണ്ടന്‍റായ ബാലഗംഗാധരന്‍റെ ഭാര്യയായി. കഴിഞ്ഞ കാലങ്ങൾ ഒരു തിരശ്ശീല മറയ്ക്കുള്ളിൽ നിന്നെന്ന പോലെ നൊടിയിടയിൽ ഹേമാംബികയുടെ മനസ്സിലൂടെ കടന്നുപോയി.

മനസ്സിന്‍റെ ജാലകത്തിനരികിൽ ഒരു കാഴ്ചക്കാരിയെപ്പോലെ ആ കാലങ്ങൾ കണ്ടു നില്ക്കുമ്പോൾ ഹേമാംബികയുടെ മനസ്സു മന്ത്രിച്ചു “അതെ അന്ന് താൻ അഗാധമായി നന്ദൻമാഷിനെ പ്രണയിച്ചിരുന്നു. എന്നാൽ ഒരിക്കൽ പോലും അതദ്ദേഹത്തിനോട് തുറന്നു പറയാൻ തനിക്കായില്ല. ഒടുവിൽ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങി മറ്റൊരാളുടെ മുന്നിൽ വരണമാല്യത്തിനായി തല കുനിച്ചു കൊടുക്കുമ്പോൾ മന:പൂർവ്വമെങ്കിലും, നന്ദൻമാഷിനെ മറക്കാതിരിക്കാൻ തനിക്കായില്ല.

തങ്ങൾക്കുണ്ടായ ഏക മകനും, ഭർത്താവും ഒരു സ്കൂട്ടർ ആക്സിഡന്‍റിൽപ്പെട്ട് മരണമടഞ്ഞതോടെ ഏകയായ തന്‍റെ മുന്നിലേക്കാണ് അദ്ദേഹം വീണ്ടും എത്തിയത്. അദ്ദേഹത്തെ കണ്ടതോടെ  യൗവ്വനത്തിലെന്നതു പോലെ മനസ്സിലൊരു മയിൽപീലി വിടർത്തിയാടുന്നുണ്ടായിരുന്നു. എന്നാലിപ്പോൾ വീണ്ടും ശൂന്യത പടർന്നിരിക്കുന്നു. അവർ നനഞ്ഞ കണ്ണുകൾ തുടച്ച് അകത്തേക്ക് നടന്നു.

Novel: സമുദ്രമുഖം ഭാഗം- 36

വഴിത്താരയിൽ സങ്കേതമണയാൻ തിരക്കുപിടിച്ച് പോകുന്ന ജനക്കൂട്ടത്തിലൊരാളായി ഞാനും. മറക്കാൻ ശ്രമിക്കുന്തോറും ലോനപ്പേട്ടൻ അനവരതം മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു. ഒപ്പം മനസ്സിൽ അകാരണമായ ഒരു ഭീതി വന്നു നിറഞ്ഞു. പേമാരി പെയ്ത ആ രാത്രിയിലെ അയാളുടെ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹത? ബാറിൽ വച്ച് ഒരു പാട് കഥകൾ അയാൾ പങ്കുവച്ചിരുന്നു. ഹൃദയസ്തംഭനം എന്ന് പറയുന്നതൊക്കെ സത്യമാണോ? തീർത്തും കഷ്ടമായിപ്പോയി.

ചോദ്യങ്ങൾ മാത്രം മുഴച്ചു നിൽക്കുന്ന എന്‍റെ അന്വേഷണങ്ങളിൽ ഒരു ഉത്തരം ലഭിക്കാനുള്ള ആശ്രയമായിരുന്നു അയാൾ. അപ്രവചനീയത കൊടികുത്തി വാഴുന്ന മനുഷ്യൻ എന്ന പദം. ആർക്കും ആരേയും ശ്രദ്ധിക്കാൻ സമയമില്ല. തിരക്കുപിടിച്ചു പായുന്ന മനുഷ്യർ.

റോഡു മുറിച്ചു കടക്കുന്നതിനിടയിലാണ് ചെറിയ സൂപ്പർ മാർക്കറ്റിലേക്ക് കയറി പോകുന്ന സ്ത്രീ എന്‍റെ ശ്രദ്ധയിൽ പെട്ടത്. ഒപ്പം ഒരു നാലഞ്ചു വയസ്സു തോന്നിക്കുന്ന പെൺകുട്ടിയും എന്‍റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി,അതവരല്ലേ? സ്ട്രീറ്റ് ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തിൽ കണ്ട മുഖം. ഒരിക്കലും മറക്കാൻ കഴിയാത്ത ആ മുഖം. അതെ! അതവർ തന്നെ.

മറ്റൊന്നും ചിന്തിക്കാതെ അവർക്കു പിറകിലൂടെ ഞാനും സൂപ്പർമാർക്കറ്റിലേക്ക് കയറി. ശാഠ്യം പിടിച്ചു കൊണ്ടു നിന്ന കുട്ടിക്ക് എന്തോ വാങ്ങിക്കൊടുത്ത് അവർ പെട്ടന്നു തന്നെ പുറത്തിറങ്ങി ഒരോട്ടോക്ക് കാത്തു നില്ക്കുന്നതു കണ്ടു. അവർ ഓട്ടോയിൽ കയറിയ ഉടനെ മറ്റൊരോട്ടയിൽ ഞാനും അവരെ പിൻതുടർന്നു. എങ്ങനെയെങ്കിലും വീട് കണ്ടു പിടിക്കണം. ബാക്കി അന്വേഷണമെല്ലാം പിന്നീടാകാം.

തെല്ലിട കഴിഞ്ഞു ഏറെ തിരക്കില്ലാത്ത നാട്ടിൻ പുറത്തെ കവലയിൽ അവർ ഇറങ്ങി. അല്പദൂരം വെട്ടുവഴിയിലൂടെ നടന്ന് ഒരു ഓടിട്ട വീട്ടിൽ കയറി. മതി വീടു മനസ്സിലായി. തിരിച്ചു വരുമ്പോൾ ആ വീടിന്‍റെ മുൻവശത്തേക്ക് ഒന്നു തിരിഞ്ഞു നോക്കി. ഇല്ല ഒമ്നി അവിടെങ്ങുമില്ല.
പഞ്ചാര പോലുള്ള ബീച്ചിലെ മണ്ണ്. അതു തട്ടിത്തെറിപ്പിച്ചു കൊണ്ട് ഒപ്പം പച്ചക്കപ്പലണ്ടി പുഴുങ്ങിയത് കഴിച്ചു കൊണ്ട് ട്രീസയുടെ ഒപ്പം നടക്കുമ്പോൾ എന്‍റെ അന്വേഷണ വിവരങ്ങൾ അവളുമായി ഇതു വരെ പങ്കുവച്ചില്ലെന്ന് ഞാൻ ഖേദത്തോടെ ഓർത്തു. വെളുത്തു പതഞ്ഞു തിരതല്ലുന്ന തിരകൾ അനവരതം തിരതല്ലിക്കൊണ്ടിരിക്കുന്നു.

ഒഴിവു ദിവസത്തെ സായംസന്ധ്യ ആഹ്ളാദഭരിതമാക്കാൻ കുട്ടികളൊടൊന്നിച്ചെത്തിയ കുടുംബങ്ങൾ. പുറകോട്ടു വലിയുന്ന തിരക്കൊപ്പം പോയി ആർത്തു വരുന്ന തിരയിൽ മുങ്ങിപ്പൊങ്ങുന്നവർ. തിരയടിച്ചു വരുന്നത് കണ്ട് കണ്ട് പേടിച്ച് ഭയം കലർന്ന മുഖത്തോടെ കുട്ടികൾ. മറ്റൊരിടത്ത് വീശിയടിക്കുന്ന കാറ്റിൽ പ്രയാസപ്പെട്ട് പക്ഷിയുടെ രൂപത്തിലുള്ള പട്ടങ്ങൾ പറപ്പിക്കുന്നവർ

എങ്ങും തണലു പടർത്തി നില്ക്കുന്ന മരച്ചോട്ടിലെ നീളത്തിലുള്ള ഇരുമ്പു കസേരയിൽ ഞങ്ങളിരുന്നു. ഞങ്ങൾക്കരികെ വെള്ളരിപ്രാവുകൾ ചുറ്റിത്തിരഞ്ഞു. അവക്കായി ഒരു പൊതി തൊലി കളഞ്ഞ കപ്പലണ്ടി ട്രീസ കരുതിയിരുന്നു.

അല്പം സമയമെടുത്ത് ഞാൻ സംഭവങ്ങളും അന്വേഷണ പുരോഗതിയുമെല്ലാം പറഞ്ഞു കേൾപിച്ചു. എല്ലാം കേട്ട് അവൾ ചോദിച്ചു.

“ആ സ്ത്രീയെക്കുറിച്ച് പിന്നീടന്വേഷിച്ചില്ലേ?”

“അന്വേഷിച്ചു. സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന ഒരു കുടുംബിനി. ഭർത്താവ് ധാന്യങ്ങളും മറ്റും പൊടിച്ചു കൊടുക്കുന്ന മില്ല് നടത്തുന്നു. അയൽപക്കക്കാർക്കെല്ലാം അവരെക്കുറിച്ചും ആ കുടുംബത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായം. ആ നാട്ടിലൊക്കെ പേരു കേട്ട കുടുംബക്കാരും.”

“ആ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തിൽ കണ്ടത് ഈ സ്ത്രീ തന്നെയെന്ന് ഉറപ്പാണോ? അല്ല ഇത്ര ദൂരക്കാഴ്ചയിൽ മുഖം അത്ര കണ്ട് വ്യക്തമാകുമോ?”

എന്‍റെ മുഖം മ്ലാനമാകുന്നതു കണ്ട് അവൾ പറഞ്ഞു. “അല്ല ഞാനൊരു സംശയം ചോദിച്ചെന്നേ ഉള്ളൂ.” ഞാൻ ഒന്നു ചുഴിഞ്ഞു ചിന്തിച്ചു.

ഇല്ല ഒരു സംശയവും ഇല്ല എവിടെ വച്ചു വേണമെങ്കിലും തിരിച്ചറിയാനാകുന്ന സ്ത്രീ മുഖം. അതവർ തന്നെ. സ്വല്പം വണ്ണം കൂടുതലുണ്ടോ? ഇല്ല. മനുഷ്യമനസ്സുപോലെത്തന്നെ മനുഷ്യ ശരീരത്തിനും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ കാലം വരുത്തി വക്കാറുണ്ട്. അതും ചുരുങ്ങിയ സമയ സീമക്കുള്ളിൽത്തന്നെ. അതിവർ തന്നെ യാതൊരു സംശയമില്ല.

“അവരുടെ സഹോദരീ സഹോദരൻമാരെക്കുറിച്ചാക്കെ ഒന്നു വിശദമായി…”

ട്രീസ പറഞ്ഞു മുഴുവനാക്കും മുൻപ് തന്നെ പൊടുന്നനെ ബീച്ചിന്‍റെ ഇടതു കോണിൽ നിന്നും ഒച്ചയും ബഹളവും കേട്ടു.  സ്ത്രീകളുടെ കരച്ചിലും ആളുകൾ പരിഭ്രാന്തിയോടെ പരക്കം പായുന്നതും കാണുവാൻ തുടങ്ങി. എന്താണ് സംഭവിച്ചതെന്നറിയാൻ ഞാനും ട്രീസയും ആകുലതയോടെ എഴുന്നേറ്റു. ലൈഫ് ജാക്കറ്റുമായി രണ്ടു പേർ മൂന്നു നാലു പേർ ഓടി വരുന്നതു കണ്ടതോടെ കാര്യം മനസ്സിലായി. ആരോ കടൽത്തിരക്കുള്ളിൽ പെട്ടിരിക്കുന്നു.

ഉത്കണ്ഠാജനകമായ സമയരാശികൾക്കു ശേഷം രാക്ഷസത്തിരയിൽ പെട്ട് കടലിലോട്ട് പോകാൻ തുടങ്ങിയ കൗമാരക്കാരനെ ഒരു വിധം കരക്കെത്തിച്ചു. ആ പരിശ്രമങ്ങൾ ഫലപ്രാപ്തിലെത്തിയില്ല. ജീവിതത്തിനും മരണത്തിനുമിടക്കുള്ള അതിർവരമ്പുകൾ എത്ര നേർത്തതാണ്! കടൽ വെള്ളം കുടിച്ച് വയറുന്തിയ ആ പയ്യന്‍റെ മുഖം ഒന്നേ നോക്കിയുള്ളൂ. ഇരുണ്ടു തുടങ്ങിയ ആ അന്തരീക്ഷത്തിൽ പിന്നീട് ഏറെ നേരം അവിടെ നിൽക്കാൻ തോന്നിയില്ല. ഒരിക്കലും ശമിക്കാതെ തിരകൾ അപ്പോഴും തിരതല്ലിക്കൊണ്ടിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें