ഒരു കാർ വാങ്ങുകയെന്നത് അനിലിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പണം സ്വരൂപിച്ച് വാങ്ങിയ വാഹനം യൂസ്‌ഡ് കാർ ഷോറൂമിൽ നിന്നാണ്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ വാഹനത്തിന് പലവിധ തകരാറുകളും ഉണ്ടായി. സർവീസിങ്ങിനായി നല്ലൊരു തുകയും ചെലവു വന്നു.
മതിയായ ഗ്യാരണ്ടി ഉറപ്പു നൽകുന്ന അംഗീകൃത ഷോറൂമിൽ നിന്നു വാഹനം തെരഞ്ഞെടുത്തിരുന്നുവെങ്കിൽ ഈ അവസ്‌ഥ ഒഴിവാക്കാമായിരുന്നു...
വാഹനം തെരഞ്ഞടുക്കാൻ ഒരുങ്ങുമ്പോൾ പലവിധ ചിന്തകളാവും മനസ്സിലേക്കോടിയെത്തുക. ബജറ്റ് എങ്ങനെ, പുതിയതോ സെക്കഹാന്‍റോ, രേഖകളെല്ലാം കൃത്യമായിരിക്കുമോ, ആക്‌സിഡന്‍റിൽ പെട്ടതായിരിക്കുമോ എന്നീ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായി വരും.
ഇപ്പോൾ മിക്ക വാഹന വിതരണ ഡീലർമാരും യൂസ്‌ഡ് കാർ ഷോറൂമുകൾ വ്യാപകമായി ആരംഭിച്ചതോടെ സാധാരണക്കാർക്കു പോലും കാർ എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണ്. നിരവധിയാളുകൾ ഇത്തരം ഷോറൂമുകളിൽ നിന്നും വാഹനം സ്വന്തമാക്കുന്നു. സെക്കന്‍റ് ഹാന്‍റ് വാഹനങ്ങൾക്കും ഫിനാൻസ് സൗകര്യം ലഭിക്കുമെന്നതിനാൽ ഇഷ്‌ട വാഹനം വാങ്ങാം.
കാർ വാങ്ങുവാൻ തീരുമാനിക്കുമ്പോൾ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും തങ്ങളുടെ ആവശ്യവുമെല്ലാം കണക്കിലെടുക്കേണ്ടതാണ്. ഇടത്തരം കുടുംബമാണെങ്കിൽ ചെറു വാഹനങ്ങൾ തന്നെയാണ് അനുയോജ്യം. ഡ്രൈവിംഗിൽ നല്ല പരിചയം വന്നതിനു ശേഷം പുതിയ വാഹനത്തിലേക്ക് മാറുന്നതാണ് ഉചിതം.
തെരഞ്ഞെടുക്കുമ്പോൾ
അഞ്ചുലക്ഷം വില വരുന്ന ഒരു കാർ രണ്ടര ലക്ഷത്തിനു ചിലപ്പോൾ ലഭിച്ചേക്കാം. പക്ഷേ ഇത്തരം വാഹനങ്ങളുടെ പാർട്‌സുകൾ ലഭിക്കുവാൻ പ്രയാസകരമാണ്. അഥവാ കിട്ടണമെങ്കിൽ നല്ലൊരു തുക മുടക്കേണ്ടിയും വരും. ഇവയുടെ മൈലേജും കുറവായിരിക്കും. ഇന്ധനച്ചെലവ്, മെയിന്‍റനൻസ് എന്നിവയൊക്കെ ബജറ്റ് താളം തെറ്റിക്കും.
അധികം ഉപയോഗമില്ലെങ്കിൽ പെട്രോൾ എഞ്ചിൻ തെരഞ്ഞെടുക്കുന്നതാവും നല്ലത്. പ്രതിമാസം രണ്ടായിരത്തിലധികം കിലോമീറ്റർ പോകുന്നവരാണെങ്കിൽ മാത്രമേ കൂടിയ വാഹനങ്ങൾ വേണ്ടൂ. പെട്രോൾ കാറിനേക്കാൾ ഡീസൽ കാറിനു വില കൂടുതലും ആയിരിക്കും.
സെക്കന്‍റ് ഹാന്‍റ് ഡീസൽ എഞ്ചിനാണെങ്കിൽ ശ്രദ്ധിക്കണം. ഇത് വളരെയധികം ഉപയോഗിച്ചതാകാൻ സാദ്ധ്യതയേറെയാണ്. ഇതിന്‍റെ പരിപാലന ചെലവും അധികമാണ്. നിങ്ങൾ തെരഞ്ഞെടുക്കുന്ന കാറിന് ഡീലർ നൽകുന്ന വിൽപനാനന്തര സേവനങ്ങളും വ്യവസ്‌ഥകളും പ്രത്യേകം മനസ്സിലാക്കുകയും വേണം.
യൂസ്‌ഡ് കാർ ഷോറൂമുകൾ
നല്ലൊരു സെക്കന്‍റ് ഹാന്‍റ് വാഹനം തെരഞ്ഞെടുക്കുവാൻ ഇപ്പോൾ നിരവധി മാർഗ്ഗങ്ങളുണ്ട്. മാരുതി, ഹുണ്ടായ്, മഹീന്ദ്ര എന്നിവയ്‌ക്കെല്ലാം തന്നെ ഷോറൂമുകളോടൊപ്പം സെക്കന്‍റ് ഹാന്‍റ് ഔട്ട്‌ലറ്റുകളുമുണ്ട്. ഇവിടെ നിന്നും ബജറ്റിനനുസരിച്ചുള്ള വാഹനം കണ്ടെത്താം.
പത്തു വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങളായിരിക്കും യൂസ്‌ഡ് കാർ ഷോറൂമുകളിൽ ഉണ്ടാവുക. ഇവ നിശ്ചിത വാറന്‍റിയോടുകൂടിയാണ് ആവശ്യക്കാർക്ക് നൽകുന്നത്. വിൽപനാനന്തര സേവനമായി സർവ്വീസുകളും വാഗ്‌ദാനം ചെയ്യാറുണ്ട്.
അറ്റകുറ്റപ്പണികൾ തീർത്ത വാഹനങ്ങളായിരിക്കും ഇത്തരം ഷോറൂമുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. അപകടത്തിൽപെട്ട വാഹനങ്ങൾ ഇവിടങ്ങളിൽ ഉണ്ടായിരിക്കുകയുമില്ല. വാങ്ങുമ്പോൾ ചെയ്യേണ്ടതായ രേഖകളും അവർ ശരിയാക്കി തരും. എന്നാൽ മാർക്കറ്റ് വിലയേക്കാൾ പത്തുശതമാനം അധിക വിലയായിരിക്കും ഈടാക്കുക.
പരസ്യങ്ങളും പരിചിതരും
പരിചയത്തിലുള്ള വ്യക്‌തികളിൽ നിന്നും വാഹനം വാങ്ങുവാൻ എളുപ്പമായിരിക്കും. വണ്ടിയെ സംബന്ധിച്ചുള്ള യഥാർത്ഥ വിവരങ്ങൾ നേരിട്ട് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യാം. വാഹനത്തിന്‍റെ സാമ്പത്തിക ബാദ്ധ്യത, ഇൻഷുറൻസ്, ടാക്‌സ് സംബന്ധമായ വിവരങ്ങളും മനസ്സിലാക്കണം. വാഹനം അധികം ഓടിയിട്ടുള്ളതാണോ, അപകടത്തിൽ പെട്ടിട്ടുള്ളതാണോ എന്നീ കാര്യങ്ങളും അറിയണം. കാറുടമയുടെ വിവരങ്ങളും അന്വേഷിച്ചു മനസ്സിലാക്കാവുന്നതാണ്. വാടകയ്‌ക്ക് കൊടുത്തിരുന്ന വാഹനമാണെങ്കിൽ കഴിയുന്നതും ഒഴിവാക്കുക.