പത്തു വർഷം മുമ്പ് അങ്ങ് വടക്കേ ഇന്ത്യയിൽ മാത്രം ഗംഭീരമായി ആഘോഷിച്ചിരുന്ന ദീപാവലി ഇപ്പോൾ കേരളക്കരയും ഏറ്റെടുത്തിരിക്കുകയാണ്. ആഘോഷങ്ങൾ എന്തുമാകട്ടെ മലയാളിക്ക് അത് ഹരമാണ്. ദീപാവലിക്ക് ദീപം തെളിയിച്ച് വീട് സന്ധ്യയ്ക്ക് പ്രകാശമാനമാക്കുന്നതായിരുന്നു നമ്മുടെ പ്രധാന വിനോദവും ആഘോഷവും. എന്നാൽ ഇപ്പോൾ അതൊക്കെ മാറി. ധാരാളം അന്യ സംസ്ഥാനക്കാർ ജീവിക്കുന്ന കേരളം ഒരു മിനി ഇന്ത്യ തന്നെ എന്നു വേണമെങ്കിൽ പറയാവുന്നതാണ്. അതിനാൽ ആഘോഷരീതികൾക്കും വലിയ മാറ്റങ്ങൾ ഉണ്ടായിക്കഴിഞ്ഞു. അതിൽ പ്രധാനമായ മാറ്റമാണ് ഗൃഹാലങ്കാരം.
ദീപാവലിയൊക്കെ ഇങ്ങെത്തിക്കഴിഞ്ഞു. അതിഥികൾ വീട്ടിൽ വരുമ്പോൾ എല്ലാവർക്കും വിസ്മയം തോന്നുന്ന വിധത്തിൽ വീടും പരിസരവും ഒരുക്കാൻ ആഗ്രഹം തോന്നുന്നുണ്ടോ? പക്ഷേ അതിനായി ഏറ്റവും എളുപ്പത്തിൽ നാം ആശ്രയിക്കുന്നത് പ്ലാസ്റ്റിക് അലങ്കാരങ്ങളെയാണ്. ഓണത്തിന് വീടിനു മുന്നിൽ തൂക്കിയിടാൻ വാങ്ങിയ പ്ലാസ്റ്റിക് പൂമാല പൊടി തട്ടിയെടുത്ത് ഇടാനായിരിക്കും മിക്കവരുടെയും പ്ലാൻ. അതു മോശമായ കാര്യമാണെന്നല്ല. എന്നാൽ ആഘോഷവേളകളിൽ പ്രകൃതിദത്തമായ പൂക്കൾ ഉപയോഗിക്കുമ്പോൾ അത് മനസിനും പ്രകൃതിക്കും സന്തോഷം പകരും.
ഒറിജിനൽ പൂക്കൾക്ക് ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ എന്നതിനാൽ എടുത്ത് സൂക്ഷിച്ചു വയ്ക്കേണ്ടി വരികയുമില്ല. പ്ലാസ്‌റ്റിക് മാലിന്യങ്ങൾ കുറയ്ക്കുകയും ചെയ്യാം. ഓരോ വീട്ടിലും ഓരോ വർഷവും പ്ലാസ്റ്റിക് മാലിന്യം വർദ്ധിക്കുമ്പോൾ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാനുള്ള ഓപ്ഷൻ ഉണ്ടാകുന്നില്ലെങ്കിൽ കുമിഞ്ഞു കൂടി മാലിന്യം പരിസ്ഥിതിയ്ക്ക് നാശമുണ്ടാക്കുന്നു.
ആഘോഷാവസരത്തിൽ പ്ലാസ്റ്റിക് പൂക്കൾക്കു പകരം യഥാർത്ഥപൂക്കൾ ഉപയോഗിക്കുമ്പോൾ സുഗന്ധത്തിന് വേറെ മാർഗ്ഗം തേടേണ്ടി വരില്ല. വീട്ടിൽ സുഗന്ധവാഹികളായ ചെടികൾ നേരത്തെ തന്നെ നട്ടു പിടിപ്പിച്ചു കൊണ്ട് ഉത്സവകാലത്തെ നമുക്ക് കൂടുതൽ മനോഹരമാക്കാം. കുറഞ്ഞ സമയം കൊണ്ടൊക്കെ പൂക്കുന്ന ചെടികൾ നഴ്സറികളിൽ ചെന്ന് ചോദിച്ചു വാങ്ങുക. അല്പം തയ്യറെടുപ്പ് മുൻക്കൂട്ടി കണ്ട് ചെയ്‌താൽ ഓണമായാലും, ദീപാവലിയായാലും ക്രിസ്തുമസായാലും സീസണനുസരിച്ചുള്ള പൂക്കൾ വീട്ടിൽ ഉണ്ടാക്കാം. കാലതാമസമില്ലാതെ പൂവിടുന്ന ചില പൂച്ചെടികൾ ഇതാ ഇവയൊക്കെയാണ്.
ജമന്തി
ഉത്സവാഘോഷങ്ങളിൽ ഉപയോഗിക്കുന്ന പൂക്കളിൽ റാണിയാണ് ജമന്തി. ഏറ്റവും കൂടുതൽ നിറങ്ങളിലും വെറൈറ്റികളിലും ലഭ്യമായ ജമന്തി കൊണ്ടുള്ള അലങ്കാരങ്ങൾ മനോഹരവും സുഗന്ധ പൂരിതവുമാണ്. ഓണം, നവരാത്രി, ദീപാവലി തുടങ്ങി എല്ലാ ആഘോഷങ്ങൾക്കും ഈ പൂ ആവശ്യവുമാണ്. ഉത്സവവേളയിൽ ഇവ വാങ്ങാൻ പോയാൽ കീശ മുറിയും. എന്നാൽ ഏറ്റവും എളുപ്പം വീട്ടിൽ നട്ടുവളർത്താവുന്ന പൂച്ചെടിയാണ് ജമന്തി. മണ്ണിലും ചട്ടിയിലും ടെറസിലുമൊക്കെ വളർത്താം. ജമന്തിപ്പൂക്കൾ കൊണ്ട് വ്യത്യസ്ത തരം ഡിസൈനുകളിൽ അലങ്കാരങ്ങളും പൂക്കളങ്ങളും സൃഷ്ടിക്കാമെന്നതാണ് മറ്റൊരു സവിശേഷത. ഈ പൂവ് പെട്ടെന്ന് വാടുകയുമില്ല. കീടങ്ങളുടെ ആക്രമണം കുറവാണ്. നല്ല രീതിയിൽ വളരുകയും ചെയ്യും. മണ്ണിൽ നേരിട്ട് വളർത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വെയിൽ ഉള്ള സ്‌ഥലം തെരഞ്ഞെടുക്കുക.
വെർബന
പല നിറങ്ങളിൽ പൂക്കുന്ന പൂന്തോട്ടങ്ങളെ മഴവില്ലഴകാക്കി മാറ്റുന്ന സുഗന്ധപുഷ്പങ്ങൾ ഉള്ള ചെടികൾ ആണ് വെർബന. ഇവയ്ക്ക് കാര്യമായ പരിചരണം പോലും ആവശ്യമില്ല എന്നതാണ് യാഥാർത്ഥ്യം. അതേസമയം ഗാർഡന്‍റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇത്രത്തോളം അനുയോജ്യമായ മറ്റൊരു ചെടി ഇല്ല എന്നു പറയാം.