ന്യൂ ഏയ്ജ് ജീവിതത്തിൽ തഴയപ്പെടാതെ പിടിച്ചു നിൽക്കണം എങ്കിൽ പേഴ്സണാലിറ്റിയുടെ കാര്യത്തിൽ അൽപം ശ്രദ്ധ നൽകിയേ തീരൂ. നിങ്ങളുടെ വസ്ത്രവും നടപ്പും സംസാരവും സ്വഭാവവും എല്ലാം തന്നെ അടിമുടി മാറ്റേണ്ടി വരും എങ്കിൽ പോലും മടിക്കരുത്.
ലൈം ലൈറ്റിൽ നിൽക്കുന്ന കോർപ്പറേറ്റ് ഉദ്യോഗസ്‌ഥകൾക്കും സിനിമാനടികൾക്കും മോഡലുകൾക്കും ഒരു പ്രത്യേകതയുണ്ട്. ഇവരുടെ വ്യക്‌തിത്വത്തെ അവഗണിക്കാൻ ആർക്കും കഴിയില്ല! അവരെ മറ്റുള്ളവരിൽ നിന്നും വേറിട്ടതാക്കുന്ന ആ മാന്ത്രിക രഹസ്യം എന്തായിരിക്കും? ഗ്രൂമിംഗ് അഥവാ പേഴ്സണാലിറ്റി ഡെവലപ്മെന്‍റ്! ഏത് ഒരാളുടേയും വ്യക്‌തിത്വത്തെ തേച്ചുമിനുക്കി തിളക്കമുള്ളതാക്കാൻ പേഴ്സണാലിറ്റി ഡെവലപ്മെന്‍റ് ക്ലാസ്സുകൾ സഹായിക്കുന്നു.
ഇംഗ്ലീഷിൽ ഒരു പഴയചൊല്ലുണ്ട്. “ഫസ്‌റ്റ് അപ്പിയറൻസ് ഈസ് ദി ലാസ്‌റ്റ് അപ്പിയറൻസ്” എന്ന്. അതായത് ഒരു വ്യക്‌തിയുടെ ആദ്യത്തെ വ്യക്‌തിപ്രഭാവം തന്നെ ആയിരിക്കും അവസാനത്തെ വ്യക്‌തിപ്രഭാവവും. നിങ്ങൾക്കും ചില വിട്ടുവീഴ്ചകൾ ചെയ്ത് ലോകം കീഴടക്കാൻ തയ്യാറാകാം.
പുതിയ തലമുറയുടെ ജീവിതരീതികളും ഔദ്യോഗിക രംഗത്തെ മത്സരങ്ങളും എല്ലാം വ്യക്തിത്വ വികസനത്തിൽ ഊന്നിയുള്ളതാണ്. കണക്കും സയൻസും ഭാഷയും എന്നത് പോലെ വ്യക്തിത്വ വികസനത്തിന്‍റെ പാഠങ്ങളും പല സ്കൂളിലും കോളേജിലും നിർബന്ധിത വിഷയമായി മാറി കഴിഞ്ഞിരിക്കുന്നു. പ്രമുഖ നഗരങ്ങളിൽ വ്യക്തിത്വ വികസന ക്ലാസ്സുകളിലൂടെ നിങ്ങളെ അടിമുടി മാറ്റി പുതിയ കാലത്തിന്‍റെ പ്രതിനിധി അക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന എത്രയോ സ്ഥാപനങ്ങളുണ്ട്.
15 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് വ്യക്തിത്വ വികസന ക്ലാസ്സുകളിൽ പ്രധാനമായും സജ്ജമാക്കിയിട്ടുള്ളത്. ആത്മവിശ്വാസ കുറവ് കാരണം നിങ്ങൾ ഒരു മേഖലയിലും പിന്തള്ളപ്പെടാൻ ഇടയാകരുത് എന്ന് തന്നെയാണ് ഈ ക്ലാസ്സുകളുടെ പ്രഥമ ലക്ഷ്യം.
- ഇരുപ്പ്, നടപ്പ്, സംസാര രീതി, മേക്കപ്പ്, ഡ്രസ് സെൻസ്, ശരീര ഭാഷ എന്നിവയിൽ നിങ്ങളുടെ അഭിരുചികളിൽ കാതലായ മാറ്റം വരുത്തുന്നു.
- ഓരോരുത്തരിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ തിരിച്ചറിയാനും അത് പ്രകടമാക്കാനും വികസിപ്പിക്കാനും അവസരവും അത്മവിശ്വാസവും നൽകുന്നു.
- പബ്ലിക്കിനെ അഭിമുഖീകരിക്കാനും സംസാരിക്കാനും പരിശീലനം നൽകുന്നു. മറ്റൊരു വ്യക്തിയോട് അല്ലെങ്കിൽ ഒരു സംഘം ആളുകളോട് ഇടപെടേണ്ടി വരുമ്പോൾ ചമ്മലും വിറയലും വെപ്രാളവുമൊന്നും ഇനി ഉണ്ടാകില്ല. വ്യക്തിത്വ വികസന ക്ലാസ്സുകൾ നിങ്ങളെ അടിമുടി മാറ്റി കഴിഞ്ഞിരിക്കും.
- ഡ്രസ് സെൻസിന്‍റെ കാര്യത്തിൽ നിങ്ങളൊട്ടും ഫോർവേഡ് അല്ലെങ്കിൽ മത്സര വേദികളിൽ നിന്ന് ഔട്ട്. പക്ഷേ, പേഴ്സണാലിറ്റി ഡവലപ്മെന്‍റ് ക്ലാസ്സുകൾ നിങ്ങളുടെ സഹായത്തിന് എത്തുമെങ്കിൽ പിന്നെന്തു പ്രശ്നം...
- ഡ്രസും നടപ്പും മാത്രം മാറിയാൽ പോരാ, നല്ല ചിന്താഗതിയും വേണം. പ്രതിസന്ധികളെ അതിജീവിക്കാൻ പോരുന്ന കരുത്തുറ്റ ഒരു മനസ്സ് ഏതൊരാൾക്കും സമ്മാനിക്കാൻ പേഴ്സണാലിറ്റി ക്ലാസ്സുകൾക്ക് സാധിക്കും.
ഏത് ജോലിയായാലും വ്യക്‌തിത്വത്തിന് വലിയ പ്രാധാന്യമുണ്ട്. നിറഞ്ഞ ആത്മവിശ്വാസവും പ്രധാനമാണ്. നിങ്ങളുടെ ഉള്ളിലെ തിളക്കമുള്ള സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുവാൻ ഈ ആത്മവിശ്വാസം മാത്രം മതി. മുഖത്തെ ഭാവഹവാദികളും മര്യാദയോടെയുള്ള ഇരിപ്പും നടക്കുമ്പോൾ മുഖത്തുണ്ടാവുന്ന ആത്മവിശ്വാസത്തിന്‍റെ പ്രതിഫലനവുമൊക്കെ ശരീര ഭാഷയിൽ ഉൾപ്പെടുന്നു. മുഖത്ത് നേരിയൊരു പുഞ്ചിരി എപ്പോഴുമുണ്ടായിരിക്കണം.