രാവിലെ ഉണർന്ന് എഴുന്നേറ്റാലുടൻ തുടങ്ങുന്നതാണ് ലതയുടെ ജോലി തിരക്കുകൾ. രാവിലെ 4 മണിക്ക് ആരംഭിക്കുന്ന ജോലി രാത്രി 10 വരെ നീളും. എന്നാലും ചിലപ്പോൾ ജോലി അവസാനിച്ചെന്നും വരില്ല. കഠിനാധ്വാനം ചെയ്യുന്നതിനനുസരിച്ച് അതിനുള്ള ഔട്ട്പുട്ട് ഉണ്ടാകുന്നുമില്ല. ഇത്രയധികം അധ്വാനിച്ചിട്ടും പൂർണ്ണ സംതൃപ്തി ലഭിക്കാത്തത് എന്തുകൊണ്ടാണ്. ലതയ്ക്ക് എത്രയാലോചിച്ചിട്ടും മനസിലാകുന്നില്ലായിരുന്നു.
മറുവശത്താകട്ടെ, മഞ്ജു അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലികൾ എല്ലാം തീർക്കും. തുടർന്ന് ഓഫീസിൽ പോയി 8 മണിക്കൂർ നീളുന്ന ജോലിയിൽ മുഴുകും. പക്ഷെ മഞ്ജു ഒരിക്കലും തളർന്നിരുന്നില്ല. മഞ്ജുവാകട്ടെ ലതയെക്കാളിലും കൂടുതൽ ജോലികളും ചെയ്തിരുന്നു. എന്നിട്ടും അവൾ കൂൾ ആയിരുന്നു. ഇത്ര തിരക്ക് പിടിച്ച ജോലി ചെയ്തിട്ടും മഞ്ജുവിന് എങ്ങനെ കൂൾ ആയിരിക്കാൻ കഴിയുന്നുവെന്ന കാര്യം ഒരു പക്ഷെ വിചിത്രമായി തോന്നാം. എന്നാൽ അത് തികച്ചും സത്യമാണ്. 24 മണിക്കൂർ നേരം ജോലി ചെയ്തും ആർക്കും ഈസി ആൻഡ് കൂൾ ആയിരിക്കാൻ കഴിയും.
റിട്ടയർമെന്‍റിനു ശേഷവും എല്ലായ്പ്പോഴും തിരക്കിൽ കഴിയുന്ന നിരവധി ആളുകളെ ഒരുപക്ഷെ ചുറ്റുവട്ടത്ത് കണ്ടേക്കാം. 6 വയസ്സുള്ള അല്ലെങ്കിൽ 60 വയസ്സുള്ള ആളായാലും ശരി ശാരീരികമെന്നതിലും ഉപരിയായി മാനസികമായി തിരക്കിലകപ്പെടാം. ഈ മാനസിക തളർച്ച നമ്മെ ഒരു ജോലിയും ചെയ്യാനാവാതെ ശാരീരികമായി തളർത്തിയേക്കാം. ചിലർക്ക് ചെറിയ ജോലി പോലും വലിയ ഭാരമായി തോന്നും, മാത്രവുമല്ല ജോലി ഉണ്ടെന്ന് അവർ പലതവണ ആവർത്തിക്കുകയും ചെയ്യും. 30 മിനിറ്റിനുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന പ്രാതൽ ചിലപ്പോൾ അത്തരക്കാർ 60 മിനിറ്റ് എടുത്താവും തയ്യാറാക്കുക. ഓരോ ജോലിയും മനസ്സിൽ വലിയ ഭാരമായി അവർ എടുക്കുന്നതിനാലാണ് ഇത്രയും സമയദൈർഘ്യം ഉണ്ടാകുന്നത്.
നാം നമ്മുടെ ജീവിതത്തിൽ തിരക്കിലാകുന്നതോ അതല്ലെങ്കിൽ ഓരോ ജോലിയും അനായാസകരമായി ചെയ്തു തീർക്കുന്നതോ നമ്മുടെ മനോഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. നമ്മുടെ പ്രായം, സാഹചര്യം എന്നിവയെക്കാൾ അധികമായും നമ്മുടെ ചിന്തയാണ് മാനസികാവസ്‌ഥയെ നിയന്ത്രിക്കുന്നത്. ഈ മാനസികാവസ്‌ഥയിൽ സ്വാധീനിക്കപ്പെടുന്നതിനാൽ ദിവസം മുഴുവനും നമ്മൾ തിരക്കിലകപ്പെടാം അല്ലെങ്കിൽ ഈസിയായി ടാസ്കുകൾ ചെയ്യാം. നാം എല്ലായ്പ്പോഴും തിരക്കിലായിരിക്കുന്നതിന്‍റെ കാരണങ്ങളെ അറിയാം.
ശരിയായ പ്ലാനിംഗ് ഇല്ലാത്തത്
ഇതൊരു പ്രധാന കാരണമാണ്. ഇക്കാരണം കൊണ്ടാണ് ഭൂരിഭാഗം പേരും തിരക്കുകളിൽ അകപ്പെടുന്നത്. രാവിലെ എഴുന്നേറ്റ് ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്നതിന് പകം അലമാര തുറന്ന് വസ്ത്രങ്ങൾ അടുക്കിവയ്ക്കുന്നതിൽ മുഴുകിയാൽ കാര്യങ്ങൾ കുഴഞ്ഞുമറിയുമെന്നത് ഉറപ്പാണ്. മുൻഗണന അനുസരിച്ച് ജോലികൾ ചിട്ടപ്പെടുത്തി ചെയ്യുക. അതോടെ എല്ലാ കാര്യവും സമയബന്ധിതമായി മികച്ച രീതിയിൽ ചെയ്തു തീർക്കാൻ കഴിയും. ആദ്യം ഏറ്റവും അത്യാവശ്യമുള്ള ജോലികൾ പൂർത്തീകരിക്കുന്നതിന് മുൻഗണന നൽകാം. തുടർന്ന് മറ്റ് ജോലികൾ പടിപടിയായി ചെയ്ത് തീർക്കാം. സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ വാങ്ങേണ്ട സാധനങ്ങൾക്ക് പകരം മറ്റ് കാര്യങ്ങൾ അന്വേഷിക്കുന്ന ശീലം പലർക്കുമുണ്ട്. ഈ സാഹചര്യത്തിൽ തിടുക്കത്തിൽ ഷോപ്പിംഗ് നടത്തുമ്പോൾ സ്വമേധയാ തിരക്കും സമ്മർദവും ഉണ്ടാകും. വാങ്ങാനുദ്ദേശിക്കുന്ന വസ്തു വാങ്ങുകയും ഇല്ല.