വീട്ടിൽ വരുന്നവർ ശത്രുക്കളായാലും അന്തസായി പെരുമാറണമെന്നതാണ് നമ്മുടെ ആതിഥേയ മര്യാദ. പക്ഷേ പെരുമാറ്റത്തിലെ മര്യാദ ആതിഥേയർക്കു മാത്രമല്ല, അതിഥികൾക്കും വേണ്ട കാര്യമാണ്. വീട്ടിൽ വന്ന അതിഥി ഒന്നു പോയിത്തന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? ഇനി ഈ ശല്യം വീടിന്‍റെ പടി കയറരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചിട്ടുമുണ്ടാകും.
അതിഥിയായി ഒരു വീട്ടിൽ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ആതിഥേയർക്ക് ഒരിക്കലും ഭാരം ആയിക്കൂട എന്നതു തന്നെ. ഒരു നല്ല അതിഥിയാവുക എന്നത് ഒരു ഹിമാലയൻ ടാസ്‌ക് ഒന്നുമല്ല. ആതിഥേയരുടെ സൗകര്യങ്ങളെന്തൊക്കെയെന്ന് സ്വയം അറിഞ്ഞു പെരുമാറുക, അത്രമാത്രം. അതിഥിയായെത്തുമ്പോൾ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ നിങ്ങൾ ഇനിയും വരണേ എന്ന് ആതിഥേയർ ആത്മാർത്ഥമായി ആഗ്രഹിക്കട്ടേ...
സർപ്രൈസ് വിസിറ്റ് വേണ്ട
ഒരു വീട്ടിലേക്ക് ചെല്ലുന്നതിനു മുമ്പ് അവരെ അക്കാര്യം അറിയിക്കുന്നതാണ് ഉചിതം. സർപ്രൈസ് വിസിറ്റ് ഒക്കെ കിടിലൻ ഐഡിയ തന്നെ. പക്ഷേ സർപ്രൈസ് എന്നതിന്‍റെ അർത്ഥം ശല്യം എന്ന് ആതിഥേയർ കരുതാനിടവരുത്തരുത്. വീട്ടിൽ ഇരിക്കുന്നവർ വെറുതെ സമയം പോക്കുകയാണെന്ന ധാരണ വേണ്ട.
വീട്ടിൽ താമസിക്കാൻ പദ്ധതിയുണ്ടെങ്കിൽ അക്കാര്യം തീർച്ചയായും മുൻകൂട്ടി അറിയിക്കാവുന്നതാണ്. വീട്ടിൽ ചെന്നതിനുശേഷമുള്ള പരിപാടികളെന്തൊക്കെയെന്നും അറിയിക്കണം. ഉദാഹരണത്തിന് ഉച്ചസമയത്ത് നിങ്ങൾ ഒരു സുഹൃത്തിനൊപ്പം പുറത്തു നിന്ന് ലഞ്ച് കഴിക്കാൻ പ്ലാൻ ചെയ്‌തിട്ടുണ്ടെങ്കിൽ അത് പറയണം. അതിഥിക്കുവേണ്ടി പ്രത്യേകമായി സ്‌പെഷ്യൽ ലഞ്ച് ആതിഥേയർ തയ്യാറാക്കുമെന്നുറപ്പാണല്ലോ. വിഭവങ്ങളെല്ലാം ഒരുക്കിയ ശേഷമാണ് അവർ നിങ്ങളുടെ പദ്ധതി അറിയുന്നതെങ്കിലോ? ഭക്ഷണസമയത്ത് നിങ്ങൾ വീട്ടിൽ ഉണ്ടാവുകയില്ലെങ്കിൽ അക്കാര്യം മുൻകൂട്ടി ഗൃഹനാഥയെ അറിയിക്കുന്നതാണ് മര്യാദ.
മറക്കരുത് പങ്കുവയ്‌ക്കാൻ
വീട് ആതിഥേയരുടേതാണെന്ന സത്യം വിസ്‌മരിക്കാതെ ഇടപെടുക. ഇക്കാര്യം പാടേ മറന്ന് പല അതിഥികളും പെരുമാറുന്നതാണ് അസൗകര്യങ്ങൾക്ക് കാരണമാകുന്നത്. വീട്ടിലെ എല്ലാ സൗകര്യങ്ങളും പങ്കുവച്ചു ഉപയോഗിക്കണം. ഒരു ദിവസത്തേക്കാണ് ചെന്നതെങ്കിൽ പോലും ആധിപത്യം സ്‌ഥാപിച്ചുള്ള പെരുമാറ്റ രീതി പാടേ ഒഴിവാക്കുക. ബാത്റൂമിൽ കയറിയാൽ ഒരു മണിക്കൂറാണ് നിങ്ങളുടെ ശരാശരി സമയം. എന്നാൽ മറ്റൊരു വീട്ടിൽ ചെല്ലുമ്പോൾ ഈ സ്വഭാവം പാടില്ല. മറ്റുള്ളവരെ കരുതി ഇത്തരം സൗകര്യങ്ങൾ കുറഞ്ഞ സമയം മാത്രം ഉപയോഗിക്കുക. പത്രം, കാർ, ടെലിവിഷൻ, ബാത്റൂം ഇവയൊക്കെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ്. ആതിഥേയരുടെ വാഹനം ഉപയോഗിച്ചാൽ അതിൽ വേണ്ടത്ര ഇന്ധനം ഇനിയുമുണ്ടോ എന്ന് ഉറപ്പാക്കിയ ശേഷമേ ആ വീട്ടിൽ നിന്ന് മടങ്ങാവൂ.
ഗസ്‌റ്റ് റൂം മതി
രണ്ടോ മൂന്നോ കിടപ്പുമുറികളുള്ള വീടാണ് ഭൂരിഭാഗവും. അതിഥിയോടുള്ള പരിഗണന കണക്കിലെടുത്ത് വീട്ടുകാർ മാസ്‌റ്റർ ബെഡ്‌റൂം തന്നെ നിങ്ങൾക്ക് ഓഫർ ചെയ്‌തേക്കാം. പക്ഷേ ആ ഓഫർ വിനയപുരസ്സരം നിരാകരിക്കാം. കിടക്കാനുള്ള സൗകര്യം ഗസ്‌റ്റ് മുറിയിൽ തന്നെ ഒരുക്കിയാൽ മതിയെന്നു പറയാം. വീട്ടിലെ മുതിർന്ന അംഗം ഉപയോഗിക്കുന്ന കസേര, സോഫ എന്നിവയിലേക്ക് അതിക്രമിച്ചു കയറാതിരിക്കുക. നിങ്ങളുടെ സാന്നിദ്ധ്യം സ്വാഗതാർഹമായ ഒരു കാര്യമായാണ് ആതിഥേയർക്ക് തോന്നേണ്ടത്. മറിച്ച് ഒരു ശിക്ഷയായിട്ടല്ല.