സുമിതയ്ക്ക്, വീട്ടിലേയ്ക്ക് ആരെയെങ്കിലും ക്ഷണിക്കാൻ വലിയ മടിയാണ്. വീട് ചെറിയതായതിന്‍റെയോ, അതിഥികൾ വരുന്നത് ഇഷ്ടപ്പെടാത്തതു കൊണ്ടോ അല്ല ഇത് വീട്ടിൽ ആഢംബരങ്ങൾ എല്ലാമുണ്ടെങ്കിലും സ്വീകരണമുറി അലങ്കോലമായി കിടക്കുന്നതാണ് വീട്ടിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാൻ സുമിതയ്ക്ക് തോന്നാത്തതിന്‍റെ കാരണം. സുമിതയുടെ ഈ പ്രശ്നം തന്നെയാണോ നിങ്ങളെയും അലട്ടുന്നത്? എങ്കിൽ നമുക്ക് സ്വീകരണമുറി എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ഒരുക്കിക്കളയാം, എന്താ...
വീടും പരിസരവും ഇന്ന് ലൈഫ് സ്റ്റൈലിന്‍റെ ഭാഗം കൂടിയാണ്. സുന്ദരമായി ജീവിക്കുക, അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് നമ്മൾ വീട്ടിൽ ഏറെ സമയം ചെലവിടുന്ന സ്വീകരണമുറിയിൽ നിന്നു തന്നെ സൗന്ദര്യവത്കരണം തുടങ്ങാം.
ഡ്രോയിംഗ് റൂം
വീട്ടിലെ സുപ്രധാനമായ ഇടമാണ് സ്വീകരണമുറി. വിലപിടിപ്പുള്ള ആന്‍റിക്കുകളും ആഡംബരവസ്‌തുക്കളും വാങ്ങി വെച്ചാൽ വീട് മനോഹരമാകുമെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. വീട് മോടിപിടിപ്പിക്കുന്നതിനായി ഹൈടെക് ബ്രാന്‍റഡ് ഉത്‌പന്നങ്ങൾ വാങ്ങിക്കൂട്ടുന്നവരും വിരളമല്ല. ഫർണിച്ചർ ഷോറൂമിന്‍റെ പ്രതീതിയുളവാക്കുന്ന വിധത്തിലല്ല സ്വീകരണമുറി സജ്‌ജീകരിക്കേണ്ടത്.
കുടുംബാംഗങ്ങൾ ഏറ്റവുമധികം ചെലവഴിക്കുന്ന ഇടമാണല്ലോ സ്വീകരണമുറി. രാവിലത്തെ തിരക്കുകളിൽ ഒരു പക്ഷേ ഏറ്റവും അലങ്കോലമാകുന്ന മുറിയും ഡ്രോയിംഗ് റൂമായിരിക്കും. എന്നാൽ ഒരു സ്വീകരണമുറി കണ്ടാലറിയാം വീട്ടമ്മയുടെ മിടുക്ക്.
ഗൃഹോപകരണങ്ങൾ ശരിയായ രീതിയിൽ അടുക്കും ചിട്ടയോടെയും അതാതിടത്ത് വയ്ക്കേണ്ടതായുണ്ട്. അതിഥിമുറിക്ക് തീരെ ചേരാത്ത ഇന്‍റീരിയർ ഡെക്കറേഷനുകൾ ഒഴിവാക്കണം. ഫർണിച്ചറുകൾ ഉപയോഗപ്രദമായവ മാത്രം വാങ്ങാം. വീട്ടിലെ മുറികൾക്ക് അനുയോജ്യമായ വ്യത്യസ്‌ത തരം ഫർണിച്ചറുകൾ നിങ്ങളുടെ കലാഭിരുചിക്ക് ഇണങ്ങുന്ന വിധത്തിൽ നിർമ്മിക്കാം. അതുപോലെ തന്നെ പ്രധാനമാണ് സ്വീകരണമുറിയിലെ പെയിന്‍റും വെളിച്ചവിധാനവും. മുറി ഒരുക്കും മുന്നേ ഒരു ഇന്‍റീരിയർ ഡക്കറേറ്ററുടെ സഹായം ഇക്കാര്യത്തിൽ തേടാവുന്നതാണ്.
ഡ്രീം ഹോം
സ്വന്തം വീടാകുമ്പോൾ ഒരു നൂറുകൂട്ടം കാര്യങ്ങൾ നോക്കി നടത്തേണ്ടി വരും. ആയതിനാൽ ചിലർ വാടകവീടാവും പ്രിഫർ ചെയ്യുക. തൊഴിൽ മാറ്റം, ഉദ്യോഗക്കയറ്റം, ട്രാൻസ്‌ഫർ എന്നിവ കാരണം പലപ്പോഴും വീട് മാറേണ്ട അവസ്‌ഥയുണ്ടാകാറുണ്ട്. സ്വന്തം വീടായാലും വാടകവീടായാലും വീട് ഭംഗിയായി സൂക്ഷിക്കുക തന്നെ വേണം. എന്നാൽ വാടകവീട്ടിൽ അമിതമായി പണം മുടക്കി ഇന്‍റീരിയർ ഡിസൈനിംഗ് ചെയ്യാതിരിക്കുകയാണ് ബുദ്ധി. സ്വന്തം വീടായാലും സ്ഥിരമായി നിൽക്കാനുദ്ദേശിക്കുന്നില്ലെങ്കിൽ ലളിതമായ സജ്‌ജീകരണങ്ങളാണ് നല്ലത്.
ആവശ്യമുള്ളവ മാത്രം
ലക്ഷ്വറി ഐറ്റംസ് വാങ്ങി വീട് നിറയ്ക്കുന്നതിനു പകരം ഉപയോഗപ്രദമായവ തെരഞ്ഞെടുക്കണം. ലേറ്റസ്‌റ്റ്. ഹൈടെക്, സ്റ്റൈലിഷ് എന്നിവയ്ക്ക് പിന്നാലെ പായാതെ ആവശ്യമെങ്കിൽ മാത്രമേ ഫർണിച്ചറുകളും മറ്റും വാങ്ങേണ്ടതുള്ളു. പേഴ്സണൽ ലോണെടുത്ത് ഗൃഹോപകരണം വാങ്ങുന്നതിനിടയിലാവും ലേറ്റസ്‌റ്റ് എന്ന ലേബലോടെ മറ്റൊരു കമ്പനിയുടെ പുതിയൊരുല്പന്നം വിപണിയിൽ വരുന്നത്.
ഡബിൾഡോർ ഫ്രിഡ്‌ജ്, പ്ലാസ്‌മ ടി.വി, മൈക്രോവേവ് ഓവൻ, വാഷിംഗ് മെഷീൻ, എ.സി എന്നിവ കൊണ്ട് എന്തെങ്കിലും ഉപയോഗമുണ്ടോ എന്നു പോലും ചിന്തിക്കാതെ, വീടിന് പോഷ് ലൂക്ക് നൽകാനാണ് അധികം പേരും ഇവയൊക്കെ വാങ്ങുന്നത്. പല പ്രമുഖ ബ്രാൻഡുകളുടെയും ചേയ്‌ഞ്ച് ബാക്ക് ഓഫറുകൾ ഉപഭോക്താവിനു ഗുണം ചെയ്യാറുണ്ട്.