കുഞ്ഞിനു ജന്മം നൽകിയ ശേഷം മിക്ക സ്ത്രീകളിലും വ്യസന ചിന്ത, ആശങ്ക, വിഷാദം, മാനസിക പിരിമുറുക്കം, അസ്വസ്ഥത എന്നിവ കണ്ട് വരാറുണ്ട്. ഈ അവസ്‌ഥയെ പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ എന്നാണ് പറയുന്നത്. പക്ഷേ സാമൂഹ്യ ശാസ്ത്രജ്ഞരും മനശാസ്ത്രജ്ഞരും കൗൺസിലർമാരുമൊക്കെ പറയുന്നത് അച്ഛനായി കഴിയുന്നതോടെ മിക്ക പുരുഷന്മാരും പാനിക് അറ്റാകിനും വിഷാദത്തിനും അടിമപ്പെടാറുണ്ട് എന്നാണ്.
പിഡിയാട്രിക് ജേണൽ പുറത്തുവിട്ട ഒരു പഠനപ്രകാരം 25 വയസ്സിനുള്ളിൽ അച്‌ഛനാവുന്ന പുരുഷന്മാരിൽ 68 ശതമാനത്തിനും വിഷാദരോഗം പിടികൂടാറുണ്ടത്രേ. സ്ത്രീകളെപ്പോലെ തന്നെ കുഞ്ഞു ജനിച്ച ശേഷം പുരുഷന്മാർക്കും മാനസ്സികമായ പിന്തുണ ആവശ്യമാണ്. പക്ഷേ ഈ കാര്യം ആരും തന്നെ ഓർക്കാറില്ല. ഈ വിഷയത്തിൽ കൂടുതൽ പഠനം നടത്തിയ ഡോക്‌ടർ ക്രേഗ് ഗാർഫീൽഡ് പറയുന്നു.
ഉത്സാഹക്കുറവ്
2 കുട്ടികളുടെ അച്ഛനായ റിക്കി ഷെട്ടിക്ക് കുഞ്ഞുങ്ങൾ ഉണ്ടായ ശേഷം തന്‍റെ ജീവിതത്തിലുണ്ടായ മാറ്റത്തെ പറ്റിയോർത്ത് വലിയ ആധിയാണ്. അദ്ദേഹത്തിന് തനിക്ക് അപരിചിതമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. ഈ അനുഭവങ്ങൾ അദ്ദേഹം പിന്നീട് പുസ്‌തകത്തിലാക്കി പ്രസിദ്ധീകരിച്ചു. വിസ്ഡം ഫ്രം ഡാഡീസ് എന്നാണ് പുസ്‌തകത്തിന്‍റെ പേര്. “ഒട്ടുമിക്ക പുരുഷന്മാരും അച്‌ഛനായ ശേഷം ഡിപ്രഷനിലും ആങ്‌സൈറ്റിയിലും കുടുങ്ങി പോകാറുണ്ട്. അവരെ അനേകം തരം ചിന്തകൾ ഭരിക്കാൻ തുടങ്ങും. വർദ്ധിച്ചു വരുന്ന ഉത്തരവാദിത്വം അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാൻ തുടങ്ങുന്നു. ദാമ്പത്യരതി ലഭിക്കാതിരിക്കുക, അല്ലെങ്കിൽ അതിന് അവസരം ലഭിക്കാതിരിക്കുക, രാത്രികാലങ്ങളിൽ കുഞ്ഞിന്‍റെ കരച്ചിൽ കാരണം ഉറക്കം നഷ്ടപ്പെടുന്നത് ഇങ്ങനെ ഒരുപാട് കാര്യങ്ങൾ അലട്ടുന്നു.” റിക്കി ഷെട്ടി പറയുന്നു.
‘ജേണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് ഏറ്റവും അധികം ഡിപ്രഷന്‍ ഉണ്ടാവുന്നത് 3 മുതൽ 6 മാസം പ്രായമുള്ള കുട്ടികളുടെ പിതാവിനായിരിക്കും എന്നാണ്. കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് വരുന്നതോടെ തങ്ങളുടെ പ്രാധാന്യം കുറയുമെന്നവർ വിശ്വസിക്കുന്നു. കാരണം സ്വഭാവികമായി ഭാര്യയുടെ ശ്രദ്ധ കൂടുതലും കുഞ്ഞിലായിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ രാത്രി ഉറക്കം ലഭിക്കാതെ വരികയും, സമ്മർദ്ദത്തിന് അടിമപ്പെടുകയും ചെയ്യാം. ഉദാസീനനായി എപ്പോഴും കാണപ്പെടുകയും ചെയ്യുന്നു.
ലൈഫ്സ്റ്റൈൽ മാറ്റം
“ഇത് ന്യൂക്ലിയർ ഫാമിലികളുടെ കാലമാണ്. അതിനാൽ തന്നെ കുട്ടികളെ പരിചരിക്കാൻ മുത്തശിയോ നാത്തൂനോ അമ്മായിയമ്മയോ പെങ്ങളോ ഒന്നും കാണുകയുമില്ല. എന്തെങ്കിലും അത്യാവശ്യം വരികയാണെങ്കിൽ ഡോക്‌ടറുടെ അടുത്ത് പോകാനായി വീട്ടിൽ മറ്റ് പുരുഷന്മാരും ഉണ്ടാവില്ല. ഈ സാഹചര്യത്തിൽ മുഴുവൻ ഉത്തരവാദിത്തങ്ങളും ഭാര്യയ്ക്കും ഭർത്താവിനും ഏറ്റെടുക്കേണ്ടി വരും. ഇത് അവരുടെ സ്വാതന്ത്യവും ആഹ്ലാദവും ഇല്ലാതാക്കുന്ന കാര്യങ്ങളാണ്. യുവദമ്പതികൾ പെട്ടെന്ന് ഇത്തരം ജീവിത സമ്മർദ്ദങ്ങളിൽ പെട്ട് പതറിപോവാറാണ് പതിവ്. ജീവിതാനുഭവങ്ങളുടെ കുറവ് കാരണം ക്രിയാത്മകമായി ജീവിതത്തെ നേരിടാനും ഇവർക്ക് കഴിയാറില്ല.” ഫോര്‍ട്ടിസ് ആശുപത്രിയിലെ മനശാസ്ത്രജ്ഞനായ സഞ്ജയ് ഗർഗ് പറയുന്നു.